Monday, June 7, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / പൂമ്പാറ്റയും സെൻ ബുദ്ധനും/merovartha June 3, 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


പൂമ്പാറ്റയും സെൻബുദ്ധനും



ചൈനീസ് ബുദ്ധമതത്തിലെ മഹായാന പ്രസ്ഥാനത്തിലെ മനനപ്രധാനമായ ഒരു തത്ത്വമാണ് സെൻ .ധ്യാനപ്രശാന്തതയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യനിൽ അളവറ്റ പ്രശാന്തതയുണ്ട്. ഒരു വാക്കിലല്ല അതിരിക്കുന്നത്; മനസിലാണ്. മനസ്സിനുള്ളിൽ അചുംബിതമായിരിക്കുന്ന ആ പരമ ശാന്തതയെ നമ്മൾ സാവധാനം സമീപിക്കണം; അതാർജിക്കണം. സെൻഗുരുക്കന്മാർ കഥകൾ, ഉപകഥകൾ എന്നിവയിലൂടെയാണ് ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. നൂറ്റാണ്ടുകളായി സെൻ കഥകൾ  വായിക്കപ്പെടുന്നു. പ്രാചീന ഗുരുക്കന്മാരുടെ ഒരു ബോധനമാർഗമാണത്.സെൻ സന്യാസിമാർ അചാരങ്ങളിലോ ,അന്ധവിശ്വാസങ്ങളിലോ ,വലിയ താത്ത്വിക പ്രബോധനങ്ങളിലോ അവർ ആകൃ ഷ്ടരാവില്ല.



മനസ്സ് ഒരു കൃത്രിമവസ്തു വാകുന്നതിനെ സെൻമതം എതിർക്കുന്നു. മനസ്സിനെ അമിതമായ ആസക്തി ,ഉത്ക്കണ്ഠ,ബുദ്ധിപരമായ വ്യഗ്രത എന്നീ പ്രക്രിയകളിലൂടെ കളങ്കിതമാക്കുകയാണത്രേ ചെയ്യുന്നത്. മനസ്സ് കുറേക്കൂടി ശുദ്ധമാണ്. അതിൽ നിഷ്കളങ്കവും സുതാര്യവുമായ തലങ്ങളുണ്ട്. കൃത്രിമ മനസ്സിനെ നശിപ്പിക്കുന്നതിലൂടെ ഒരു വ്യക്തി തനിക്ക് കൈമോശം വന്ന സ്വർഗ്ഗത്തെയാണ് വീണ്ടെടുക്കുന്നത്.ആ  ആരോഗ്യകരമായ വികാരങ്ങളുടെ  കാർമേഘങ്ങളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ചാൽ  സത്യത്തോട് വേറൊരു വീക്ഷണം തെളിഞ്ഞു കിട്ടും. 


വെള്ളം നിറച്ചുവച്ചിരിക്കുന്ന ഒരു കപ്പിലേക്ക് കുറച്ചുകൂടി വെള്ളം ഒഴിക്കാമോ എന്ന് ഒരു സെൻഗുരു ചോദിച്ചത് ശ്രദ്ധേയമാണ്. ശിഷ്യൻ വെള്ളം കപ്പിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.എന്നാൽ ഒരു തുള്ളിപോലും ആ കപ്പിൽ പുതുതായി  ചേർക്കാനായില്ല. നിറഞ്ഞ പാത്രം തിരസ്കരിക്കുകയേയുള്ളു. നാം ഒഴിഞ്ഞപാത്രമാകണം.


ലോകം പുതിയത്


നാം ആചാരവും ,വിശ്വാസവും, തത്ത്വവും മനസ്സിൽ നിറച്ചുവച്ചിരിക്കുകയാണ്. അവിടെ പുതിയ ശബ്ദങ്ങൾക്കു പ്രസക്തിയില്ല .പുതിയതൊന്നും അവിടെ ഏശുകയില്ല. അവിടെ ഒരു പാഠവും സ്വീകരിക്കപ്പെടുകയില്ല. കാരണം ആ മനസ്സിൽ മറ്റെല്ലാം  കുത്തിനിറച്ചിരിക്കുകയാണ്.  അതുകൊണ്ട് സെൻബുദ്ധിസ്റ്റുകൾ പറയുന്നത് ,മനസ്സ് അതിൻ്റെ  സ്വാഭാവികഗതികളിലേക്ക്, ശുദ്ധതകളിലേക്ക് മടങ്ങിപ്പോകട്ടെ എന്നാണ്.അപ്പോൾ അവിടെ  പ്രകൃതിയുടെ ഏതൊരു വസ്തുവിനും പ്രവേശിക്കാനാകും. ലോകം തന്നെ നവീനമായി അനുഭവപ്പെടും. മനസ്സ് സിദ്ധിയാലെന്നപോലെ അന്തർദർശനത്തിൻ്റെ അനുഭവത്തിലേക്ക് പ്രവേശിക്കും. അപ്പോൾ മനസ്സ് മറ്റൊന്നിനാലും ബന്ധിതമാകാത്ത വിധം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. 


എല്ലാ ഭാരങ്ങളിൽ നിന്നും മനസ്സ് വിമോചിതമാവുമ്പോൾ  തനതായ രസമുകുളങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയാണ്. മനസ്സ് അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. അങ്ങനെ ആന്തരികമായ പ്രശാന്തത അല്ലെങ്കിൽ പ്രാസാദസൗഖ്യം ഒരു പൂമ്പാറ്റ പറക്കുന്ന സൗമ്യതയോടെ  പ്രത്യക്ഷമാകുകയാണ്. മനസ്സ് ഒരു പൂമ്പാറ്റയാവുകയാണ്.


നിറചന്ദ്രൻ അവിടെയുണ്ട്


 ചില സെൻകഥകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഒരു രാത്രിയിൽ സെൻഗുരുവിൻ്റെ വീട്ടിൽ കയറിയ കള്ളൻ നിരാശനായി .കാരണം, അവിടെ മോഷ്ടിക്കാൻ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ലായിരുന്നു. കള്ളനെ പിടികൂടിയ ഗുരു തൻ്റെ  നിസ്സഹായവസ്ഥ അറിയിച്ചു.കള്ളൻ വെറുംകൈയോടെ പോകരുതെന്ന് ഗുരുവിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം തൻ്റെ വസ്ത്രങ്ങൾ ഊരി നൽകി കള്ളനെ സന്തോഷത്തോടെ മടക്കിയയച്ചു. തുടർന്ന് പുറത്തുവന്ന ഗുരു ആകാശത്തേക്ക് ശുന്യമായ മനസ്സോടെ നോക്കി. അവിടെ വെൺനിലാവ് പ്രസരിപ്പിച്ചു നിന്ന നിറചന്ദ്രനെ സമാശ്വാസത്തോടെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം  ഇങ്ങനെ ആത്മഗതം ചെയ്തു: 'ഈ നിറചന്ദ്രനെ ആർക്കും അപഹരിക്കാൻ ആവില്ലല്ലോ'. 


ഗുരുവിന് ആ നിറചന്ദ്രൻ നല്കിയത് ആന്തരമായ ശാന്തിയാണ്;താൻ നിസ്വനല്ല എന്ന ബോധം .ഒരു സെൻവിശ്വാസിക്ക് ,ജീവിതം അനുഭവിക്കാനുള്ളതാണ് ;തർക്കിച്ചു ജയിക്കാനുള്ളതല്ല.തർക്കിച്ചാലോ, ബുദ്ധിപരമായി വ്യാഖ്യാനിച്ചാലോ നിറവുണ്ടാവുകയില്ല. ജീവിതം അനുഭവിക്കുമ്പോഴാണ് മനസ്സിലാകുന്നത്‌.


സെൻഗുരുവിൻ്റെ അടുത്തുവന്ന് സ്വർഗ്ഗവും നരകവും ഏതാണെന്ന് പറഞ്ഞുകൊടുക്കാമോ എന്ന് ചോദിച്ച യോദ്ധാവിൻ്റെ കഥയിൽ സത്യത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണുള്ളത്. ഗുരു അയാളോട് ചോദിച്ചു, നിങ്ങളാരാണെന്ന്. അയാളുടെ മുഖഭാവം ഒരു യാചകനെ ഓർമ്മിപ്പിക്കുകയാണെന്നും താങ്കൾക്കെങ്ങനെ സ്വന്തം രാജാവിനെ സംരക്ഷിക്കാനാവുമെന്നും ഗുരു സംശയം പ്രകടിപ്പിച്ചു. ഇത് കേട്ട് ക്രുദ്ധനായ യോദ്ധാവ് വാൾ ഉറയിൽ നിന്നെടുത്ത് ഗുരുവിനെ ആക്രമിക്കാൻ മുതിർന്നു . ആ സമയം ഗുരു  ഇതാണ് നിങ്ങൾ അന്വേഷിച്ച നരകം എന്ന് അയാളോടു വിശദീകരിച്ചു. തൻ്റെ പ്രവൃത്തിയിലെ അരുതായ്ക തിരിച്ചറിഞ്ഞ യോദ്ധാവ് വാൾ ഉറയിലേക്കു തന്നെ വച്ചു. ഇതു കണ്ട ഗുരു ഇങ്ങനെ പറഞ്ഞു: 'ഇതാണ് നിങ്ങൾ അന്വേഷിച്ചു നടന്ന സ്വർഗ്ഗം'! . ഇതിൽ നിന്നു യോദ്ധാവിനു സ്വർഗ്ഗത്തെക്കുറിച്ചും  നരകത്തെക്കുറിച്ചുമുള്ള ഒരു ഏകദേശ ധാരണ ലഭിച്ചു. പ്രബോധനങ്ങൾകൊണ്ടോ , സൂക്തങ്ങൾകൊണ്ടോ മനസ്സിനുള്ളിൽ കയറാത്ത സത്യങ്ങളാണ് സെൻ ഗുരുക്കന്മാർ അനായാസമായി പഠിപ്പിച്ചത്.


സുന്ദരിയെ ഉപേക്ഷിച്ചവൻ


നദി മുറിച്ചുകടക്കാൻ പോയ രണ്ടു സന്യാസിമാരുടെ കഥയാണ് മറ്റൊന്ന്. ഒരു മുതിർന്ന സന്യാസിയും  യുവസന്യാസിയും ചേർന്ന് ഒരു യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു .യാത്രയ്ക്കിടയിൽ  നദി മുറിച്ചുകടക്കാനായി അല്പസമയം കാത്തു നിന്നപ്പോഴാണ് അകലെ സുന്ദരിയായ ഒരു യുവതിയും അതിനു  ശ്രമിക്കുന്നത് കണ്ടത് .ഉടനെ മുതിർന്ന സന്യാസി യുവതിയെ തൻ്റെ  കരങ്ങളിൽ ബന്ധിച്ച് നദിയുടെ അക്കരെയെത്തിച്ചു. എന്നാൽ  യുവസന്യാസിക്ക് ഇത് ഉൾക്കൊളളാനായില്ല. സ്ത്രീകളെ സ്പർശിക്കരുതെന്നാണ് ചട്ടം .പിന്നെ ഇതെങ്ങനെ സംഭവിച്ചു? .അയാൾ ഇതിനെപ്പറ്റി  മുതിർന്ന സന്യാസിയോടു ചോദിച്ചു. എന്നാൽ ആ സന്യാസി യുവാവിനോട് ഇങ്ങനെയാണ് പറഞ്ഞത്: 'നി ഇനിയും ആ യുവതിയെ തോളിൽ നിന്നും  ഇറക്കിയില്ലേ ?'


നദിക്ക് കുറുകെ കടക്കാൻ യുവതിയെ സഹായിച്ചതോടെ അതവസാനിച്ചു.അത് മനസ്സിലിട്ടു വേവിക്കുന്നതാണ് പ്രശ്നം. പഴയകാര്യങ്ങൾ ഓർത്തു വിഷാദിക്കുന്നത് നമ്മുടെ ശാന്തത നശിപ്പിക്കാനേ ഉപകരിക്കൂ. പ്രകൃതിയിൽ നിന്നു നമുക്കു എന്താണോ മനസ്സിലാക്കാനുള്ളത്  അത് ഉൾക്കൊള്ളുക. അതിനെക്കുറിച്ച് മനസ്സിൽ നീറ്റലുണ്ടാക്കുന്നത് ജീർണതയിലാണ് എത്തിക്കുക.


ദേഷ്യം എങ്ങനെ നിയന്ത്രിക്കാമെന്ന് ചോദിച്ച ശിഷ്യനോട് സെൻഗുരു ദേഷ്യം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ  ശിഷ്യനു അപ്പോൾ ദേഷ്യം പുറത്തെടുക്കാനായില്ല .ഉടനെ തന്നെ ഗുരുവിൻ്റെ ഉത്തരവും വന്നു: 'തൻ്റെ  ജീവിതസത്തയുടെ ഭാഗമല്ല ദേഷ്യം; അതുകൊണ്ടാണ് പെട്ടെന്ന് അത് പ്രകടിപ്പിക്കാൻ പറഞ്ഞപ്പോൾ സാധ്യമാകാതെ വന്നത്. തൻ്റേതല്ലാത്ത ഒന്നിനെ തനിക്കു ആവശ്യമില്ല എന്നു തീരുമാനിച്ചാൽ പിന്നെ ദേഷ്യമുണ്ടാവുകയില്ലെന്ന് ഗുരു ഉപദേശിച്ചു.


പ്രാചീനമായ ധ്യാനം


ചൈനയിലെ താങ് രാജവംശകാലത്താണ് സെൻ രീതി ആരംഭിച്ചത് .ചാൻ എന്നാണ് ചൈനീസ് നാമകരണം. അത് ഇന്ത്യയുടെ പ്രാചീനമായ ധ്യാനം തന്നെ ആണെന്ന് പറയുന്നവരുണ്ട്. ഇന്ത്യയിൽനിന്നുള്ള ബുദ്ധസന്യാസി ബോധിധർമ്മനാണ് 'ചാൻ'ചൈനയ്ക്ക് പരിചയപ്പെടുത്തിയതത്രേ . അഞ്ചാം നൂറ്റാണ്ടാണ് ബോധിധർമ്മൻ്റെ കാലം . എന്നാൽ ചൈനയിൽനിന്നെത്തിയ ചാൻ ജപ്പാനിൽ സെൻ ആയി രൂപാന്തരം പ്രാപിച്ച് വികസിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ; ബുദ്ധമതം അവിടെ എട്ടാം നൂറ്റാണ്ടു മുതൽ  പ്രചരിച്ചു തുടങ്ങിയിരുന്നെങ്കിലും .


ആന്തരികവിശ്രാന്തിയാണ് സെൻ അർത്ഥമാക്കുന്നത്‌. ഭൗതിക വസ്തുക്കളിൽനിന്നോ ,ബാഹ്യസൗന്ദര്യങ്ങളിൽനിന്നോ നമുക്ക് ചിരന്തനമായ സ്വാസ്ഥ്യം ലഭിക്കുകയില്ലെന്നാണ് ഈ സന്യാസിമാർ പറയുന്നത്‌.

'ബുദ്ധനെ കൊല്ലുക 'എന്നൊരു സെൻ ചൊല്ലുണ്ട്. നമ്മളുടേതായി കരുതുന്നതിനെയെല്ലാം വിട്ടുകളയുക എന്നാണർത്ഥം. സെൻ ഒരാശയചർച്ചയല്ല;ഓരോ നിമിഷത്തിൻ്റെയും തിരിച്ചറിവാണ്, ഇഴുകിച്ചേരലാണ്‌.


'ഒരു സമുദ്രത്തിൻ്റെ മുഴുവൻ ചലനങ്ങളുടെയും പ്രതിനിധാനമാണ് തിര .അതുപോലെ നിങ്ങളും ഈ പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും പ്രതിനിധാനമാണ് ' - ഒരു സെൻഗുരു പറഞ്ഞു. നാം ഒരു കാര്യം ചെയ്യുമ്പോൾ നമ്മെതന്നെ എരിച്ചുകളയുകയാണ് വേണ്ടതെന്ന് സെൻ ആചാര്യന്മാർ പറയുന്നത് എന്തുകൊണ്ടാണ് ?.നമ്മുടേതായതെല്ലാം മനസ്സിനു പുറത്തു നിന്ന് കടന്നു വരുന്നതാണ്. അതിൽ നമ്മളില്ല എന്നതാണ് ശരി.എന്നാൽ യുക്തിയും അസത്യവും വികാരവും അതിൽ പ്രകടമായിരിക്കും. അവയെല്ലാം സ്വസ്ഥത നശിപ്പിച്ചകൊണ്ടിരിക്കും.


 

വാക്കുകൾ 


1)യഥാർത്ഥ പ്രണയം നിശ്ശബ്ദമായാണ്   വരുന്നത് ;പരസ്യവാചകങ്ങളോ മിന്നുന്ന ലൈറ്റുകളോ ഇല്ലാതെ .ആരുടെയോ മണിയുടെ ശബ്ദം കേൾക്കുന്നവെങ്കിൽ നിങ്ങൾ കാതുകൾ പരിശോധിക്കുക.

എറിക് സീഗൾ ,

അമെരിക്കൻ എഴുത്തുകാരൻ


2)നാം കോപിക്കുമ്പോൾ ,മറ്റുള്ളവരുടെ തെറ്റുകൾ നമ്മുടെ മേൽ പ്രതികാരം ചെയ്യുകയാണ്.

അലക്സാണ്ടർ പോപ്പ്,

ഇംഗ്ളീഷ് കവി



3)ജീവിതത്തിൽ മൂല്യങ്ങളെക്കുറിച്ച് നാലു ചോദ്യങ്ങളുണ്ട് :എന്താണ് പരിശുദ്ധമായത് ,എന്തിൽനിന്നാണ് ആത്മാവ് ഉണ്ടായിരിക്കുന്നത്, ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണ്? എന്തിനുവേണ്ടിയാണ് മരിക്കുന്നത്? എല്ലാത്തിനുമുള്ള ഉത്തരം ഒന്നാണ്: സ്നേഹം മാത്രം.

ലോർഡ് ബൈറൺ,

ഇംഗ്ളീഷ് കവി 


4)ഓരോ വ്യക്തിയും മറ്റു പലരുമാണ്; ഒരാളും അവനവനല്ല.

മാർട്ടിൻ ഹൈഡഗ്ഗർ,

ജർമ്മൻ ചിന്തകൻ


5)നമ്മെ കുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന പുസ്തകങ്ങൾ മാത്രമേ വായിക്കാവൂ  എന്നാണ് ഞാൻ വിചാരിക്കുന്നത്. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം നമ്മുടെ തലയിൽ പ്രഹരിച്ചു ഉണർത്തുന്നില്ലെങ്കിൽ, നമ്മളെന്തിനാണ് വായിക്കുന്നത്?

ഫ്രാൻസ് കാഫ്ക ,

ജർമ്മൻ - ബൊഹീമിയൻ എഴുത്തുകാരൻ


കാലമുദ്രകൾ



1)ഉമ്പായി


മഴക്കാലത്ത്, മറ്റു അലോസരങ്ങളില്ലെങ്കിൽ, ഉമ്പായിയുടെ ഗസലുകൾ ഒരു അപാരത  നല്കാതിരിക്കില്ല. മഹാമാരിയും കാലാവസ്ഥാവ്യതിയാനങ്ങളും  മനുഷ്യനെ ഏകാകിയാക്കുക മാത്രമല്ല, ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുകയും ചെയ്യുന്നു.


2)രാജേഷ് ചേർത്തല


പ്രമുഖനായ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ രാജേഷ് ചേർത്തല ഓടക്കുഴൽ തരംഗമാവുകയാണ്. ലോകത്തിലെ ഏത് സ്ഥലവും കാലവും ഓടക്കുഴലിലൂടെ ആവിഷ്കരിക്കാമല്ലോ.രാജേഷ് നമ്മുടെ കാലത്തിൻ്റെ അലങ്കോലങ്ങളിൽ നിന്ന് മനോഹരമായ ഒരു ശബ്ദശ്രേണി കണ്ടുപിടിക്കുന്നു.


3)സിവിക്ചന്ദ്രൻ 


എഴുത്തുകാരികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഡോ.പി.കെ.ഭാഗ്യലക്ഷ്മിയുടെ 'തണുപ്പിൻ്റെ പരവതാനികളിൽ ' എന്ന പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് സിവിക്ചന്ദ്രൻ (പ്രഭാതരശ്മി, മെയ് ) എഴുതിയ ഈ വാക്യം ശ്രദ്ധേയമായി തോന്നി: 'എങ്കിലും തങ്ങളുടെ മരണം ദുരൂഹമായിരിക്കണം എന്നവരാഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തിന് കാരണങ്ങൾ ചികഞ്ഞു പോകണം  ? 


4)എ.അയ്യപ്പൻ


ആധുനിക കാലഘട്ടത്തിലെ സമാനതകളില്ലാത്ത അവധൂതകവിയായ എ. അയ്യപ്പൻ്റെ  ജീവിതത്തെ അധികരിച്ച് പത്രപ്രവർത്തകനായ എസ്. സുധീശൻ എഴുതിയ 'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ പുറത്തുവന്നിരിക്കുന്നു. വ്യക്തിപരമായ പ്രതിഛായയിൽ അഭിരമിക്കാതെ, കവിതയുടെ വാഴ്വിനുവേണ്ടി അലയുകയായിരുന്നല്ലോ അയ്യപ്പൻ .


5)കെ. ദാമോദരൻ 

(1912-1976)


മാർക്സിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരൻ ഒരു കവിതയിൽ ഇങ്ങനെ എഴുതി:

'സ്നേഹിക്കാനാണെന്മോഹം ,

സ്നേഹിക്കയാണെൻ ധർമ്മവും

സ്നേഹിക്കപ്പെടുകയെ

ന്നൂഹിക്കാൻപോലും വയ്യ' .


വായന


അക്ബർ കക്കട്ടിൽ അമ്പതിലേറെ  പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വളരെ മൃദുവായി, മനുഷ്യമനസിലേക്ക് അരിച്ചിറങ്ങുന്ന കഥകളാണ് അക്ബർ  എഴുതിയത്. നല്ല നർമ്മബോധമുണ്ടായിരുന്ന അക്ബർ സ്നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് രേഖ കെ. എഴുതിയ 'ജനാധിപത്യം കക്കട്ടിൽ റിപ്പബ്ളിക്കിൽ' എന്ന ലേഖനം (സാഹിത്യചക്രവാളം, ഫെബ്രുവരി ) ആ കഥാകാരൻ്റെ ഭാവനാഭൂപടത്തിൻ്റെ  ഒരു ഏകദേശരൂപം തരാൻ പര്യാപ്തമാണ്. ഒരർത്ഥത്തിൽ ഇതൊരു ആദരനിവേദനമാണ്. അക്ബറിൻ്റെ കഥകളിൽ വായനക്കാരനു പൂർണസ്വാതന്ത്യമുണ്ടെന്നു പ്രഖ്യാപിക്കുന്ന ലേഖിക അദ്ദേഹം ഒരു മിസ്റ്റിക് മനസ്സിൻ്റെ ഉടമയായിരുന്നുവെന്നും ചിന്തിക്കുന്നുണ്ട്. എന്നാൽ അക്ബർ 'ആധുനികതയുടെ മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകാതിരുന്ന  വായനക്കാരുടെ തലമുറയെ തിരികെ കൊണ്ടുവന്നു' എന്ന് രേഖ എഴുതിയത് എന്തിനാണ്? ആധുനികത ഭാവനയുടെയും സൗന്ദര്യത്തിൻ്റെയും ബുദ്ധിയുടെയും കലയുടെയും ഒരു ഉന്നതതലമാണ്. അവിടെയെത്താൻ കഴിയാത്തവരാണ് അതിനെ ആക്ഷേപിക്കുന്നത്. സാധാരണ എഴുത്തുകാർക്ക് അവിടേക്ക് എത്തണമെങ്കിൽ ദീർഘദൂരം താണ്ടണം.കലണ്ടർ ചിത്രം വരയ്ക്കുന്നവനിൽ നിന്ന് ഹെൻറി മാറ്റി സിലേക്കും വാൻഗോഗിലേക്കുമുള്ള ദൂരമാണത്.


രാജേഷ് ബി.സി. 'നീലിമ '(പ്രസാധകൻ, മെയ് )എന്ന പേരിൽ  എഴുതിയ കവിതയിൽ കുറേ സംഭാഷണങ്ങൾ മാത്രമാണുള്ളത്. ഇതിൽ കവിതയുടെ അളവ് സീറോയാണ്. ഒരാൾ വെറുതെ കുശലം പറയുന്നതെഴുതി കവിത എന്ന പേരിൽ മാസികക്ക് അയച്ചുകൊടുക്കാൻ രാജേഷിനു എങ്ങനെ ധൈര്യം വന്നു? .ഒരു ടീസ്പൂൺ കവിതയെങ്കിലും ഇതിൽ വേണ്ടതായിരുന്നു.ആത്മാവിൽ വൈകാരികമായ ഒരൗഭമസമ്മർദ്ദമുള്ളപ്പോഴാണ് കവിതയെഴുതാനിരിക്കേണ്ടത്.


    



 


No comments:

Post a Comment