M K Harikumar /Transcripts

words, texts, images and messages

Monday, December 13, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/metrovartha nov 22, 2021



പ്രണയങ്ങളെ  സംവേദനക്ഷമമാക്കുന്നത് link
 
 

 

യാഥാർത്ഥ്യം എന്ന് പറഞ്ഞാൽ  എല്ലാവർക്കും സംവേദനക്ഷമമായ ഒരാശയമാണ് .'മെറ്റാമോഡേണിസം' എന്ന പുസ്തകമെഴുതിയ ജോസഫ്സൺ സ്റ്റോം യാഥാർത്ഥ്യത്തെ
വിശദീകരിക്കാനായി ഓസ്ട്രേലിയൻ തത്ത്വചിന്തകനായ മിഷേൽ ദെവിത്തിൻ്റെ ഒരു വാക്യം ഉദ്ധരിക്കുന്നു: 'ഒരു യഥാതഥവാദി വിശ്വസിക്കുന്നത് ഒരു വസ്തുവിനു വസ്തുനിഷ്ഠമായ നിലനില്പുണ്ടെന്നാണ്; അത് നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് തനതായ സ്വഭാവമുണ്ട്, നമ്മൾ എന്ത് വിശ്വസിച്ചാലും, ചിന്തിച്ചാലും, കണ്ടുപിടിച്ചാലും .മനസ്സിൻ്റെ ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടാണ് അതിൻ്റെ നിലനിൽപ്പ്.' ഈ ബോധ്യമാണ് യഥാതഥവാദത്തെ നിലനിർത്തുന്നത് .സാഹിത്യകലയിൽ  ടോൾസ്റ്റോയ്, ദസ്തയെവ്സ്കി ,ചെക്കോവ് ,ഗോർക്കി തുടങ്ങിയവരൊക്കെ ഈ റിയലിസത്തിൽ നിന്നുകൊണ്ടാണ് എഴുതിയത്. റിയലിസത്തെ വ്യാഖ്യാനിക്കുന്നതാണ് അവരുടെ കല. എന്നാൽ ഈ നൂറ്റാണ്ട്  യാഥാർത്ഥ്യത്തെ ഒരു സാങ്കൽപ്പിക കഥയാക്കി മാറ്റിയിരിക്കുന്നു. നാം വസ്തുനിഷ്ഠമെന്ന് കരുതിയിരുന്ന പലതും തകർന്നുപോയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഉദയംചെയ്ത ഉത്തരാധുനികത ചരിത്രം, മനശാസ്ത്രം, പുരാണം, ദൈവചിന്ത, നരവംശശാസ്ത്രം, ശാസ്ത്രം തുടങ്ങിയവയുടെയെല്ലാം ഏകകേന്ദ്രവീക്ഷണത്തെ നിരാകരിച്ചുകൊണ്ട് പുതിയത് സൃഷ്ടിക്കുകയാണ് ചെയ്തത്.

ചരിത്രം അവസാനിച്ചുവെന്ന് അമെരിക്കൻ രാഷ്ട്രീയചിന്തകനായ ഫ്രാൻസിസ് ഫുക്കുയാമ പറഞ്ഞത് അതുകൊണ്ടാണ്. മനുഷ്യനിർമ്മിതമായ പ്രത്യയശാസ്ത്രങ്ങളുടെ വരുതിയിൽ നിർത്തിയുള്ള ഭരണം ഇനി അസാധ്യമായിരിക്കും; കാരണം സാങ്കേതികശാസ്ത്രം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ക്ളബ് ഹൗസും വാട്സപ്പും മാത്രമല്ല ലോകത്തെ ഒരു ചെറുഗ്രാമംപോലെ അടുപ്പിച്ചത്; ഓരോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ടെക്കി ഭീമൻ കമ്പനികളും ലോകത്തെ നൂറു വർഷത്തിനു മുമ്പുള്ളതിനേക്കാൾ ആയിരം മടങ്ങ് വേഗമുള്ളതാക്കി.

ശരീരത്തിൻ്റെ ജീവിതം

ദൽഹിയിൽനിന്ന് കേരളത്തിലേക്ക് ഒരു കത്ത് അയച്ചുകിട്ടാൻ അഞ്ചു ദിവസം എടുത്തിരുന്ന സ്ഥാനത്ത് ഒരു സെക്കൻഡുകൊണ്ട് എത്രയോ ആയിരം സന്ദേശങ്ങൾ അയയ്ക്കാമെന്നു വന്നു.അതോടെ ജീവിതം അതിവേഗപാതയിലേക്ക് എത്തിയിരിക്കുന്നു.സമയത്തിൻ്റെ പ്രശ്നം പരിഹരിച്ച നമുക്ക് ഇനി അടുത്ത കടമ്പ എങ്ങനെ ശരീരത്തിൻ്റെ ജീവിതം നിലനിർത്താമെന്നതായിരിക്കും.സ്ഥലം, ഇപ്പോൾ വസ്തുനിഷ്ഠ യാഥാർത്ഥ്യമാണെങ്കിലും ,ഇൻറർനെറ്റിൽ പ്രതീതി എന്ന നിലയിൽ 'ഏക്കറുകണക്കി'നു സ്ഥലം ലഭ്യമാണ്.ഫേസ്ബുക്കിൽ ഒരാൾ ഒരു മാസം തുടർച്ചയായി പോസ്റ്റിട്ടാലും സ്ഥലം തീർന്നു എന്ന് പരാതിപ്പെടേണ്ടി വരില്ല. സ്ഥലത്തിനു വില കൊടുക്കേണ്ട.

വാൻ ഡെൻ അക്കർ ,അലിസൺ ഗിബോൺസ്, തിമോത്തിയോസ് വെർമ്യൂലൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച 'മെറ്റാമോഡേണിസം' എന്ന പുസ്തകത്തിൽ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലെ ദാർശനികപ്രശ്നങ്ങളാണ്  ചർച്ച ചെയ്യുന്നത്. ഉത്തര- ഉത്തരാധുനികത തന്നെയാണ് മെറ്റാമോഡേണിസം. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലുണ്ടായ ഉത്തരാധുനികമായ സ്വത്വവാദം, പ്രാദേശികവാദം, അപനിർമാണം, ഘടനാവാദം തുടങ്ങിയ ചിന്തകൾക്ക് ശേഷമുണ്ടായ പ്രവണതകളെയാകെ സംബോധന ചെയ്യാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ബഹുധ്രുവ കേന്ദ്രീകരണം, ഡിജിറ്റൽ മനുഷ്യൻ ,ലൈവ് തുടങ്ങിയ ആശയങ്ങൾ ഈ നൂറ്റാണ്ടിൻ്റേതാണ്. കഥാകാരൻ അന്യവൽക്കരിക്കപ്പെടുന്ന ഇടമാണ് ഡിജിറ്റൽ ലോകം. അയാൾക്ക് ഡേറ്റകൊണ്ട് ഒന്നും വിനിമയം ചെയ്യാനാവില്ല. ആളുകൾ കൂട്ടമായി ഡേറ്റയുടെ വാഹകരാവുമ്പോൾ കഥാകൃത്തിനു വേണ്ടത് വ്യക്തിഗതമായ സൂക്ഷ്മതയും ജൈവപരമായ തിരിച്ചറിവുമാണ്.എന്തായിരിക്കും കഥാകൃത്ത് തൻ്റെ തൊട്ടടുത്ത 'യാഥാർത്ഥ്യ'മായി അവതരിപ്പിക്കാൻ പോകുന്നത്? യാഥാർത്ഥ്യം പഴയ രീതിയിലുള്ള വസ്തുനിഷ്ഠത ആയിരിക്കില്ല. താൻ ജീവിച്ചിരിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് അയാളുടെ ആവശ്യമാണ്. ഡേറ്റയുടെ വാഴ്ച അവസാനിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജീവൻ്റെ കാന്തിയും സ്വഭാവവും അയാൾക്ക് നിലനിർത്തേണ്ടിവരും. ജൈവപരമായി, ചരിത്രപരമായി, സ്ഥലകാലങ്ങളിൽ നിന്നുകൊണ്ട് സ്വയം ദർശിക്കുന്ന അവസ്ഥയിലേക്ക് കഥാകൃത്ത് തിരിച്ചുപോകുമ്പോഴാണ് ജ്ഞാനപരമായ പാരമ്പര്യങ്ങളെ നിരസിച്ചുകൊണ്ടുള്ള വ്യക്തിഗത കലാസങ്കേതങ്ങൾ ഉണ്ടാകുന്നത്.

കലാകാരൻ്റെ സാധ്യതകൾ

വെർമ്യൂലൻ പറയുന്നു ,കലയുടെ അഗാധത പരമ്പരാഗതമായ ജ്ഞാനശാസ്ത്രപ്രകാരം പങ്കുവയ്ക്കപ്പെടുന്ന ഒന്നല്ല; അതിന് കലാകാരൻ്റെ ആവിഷ്കാരസാധ്യതകൾ മാത്രമാണ് അവലംബമായിട്ടുള്ളത്. അയാൾ കലാപ്രവണതകളിൽനിന്ന് പുറത്തേക്ക് പോയി ,തൻ്റേത് മാത്രമായ പശ്ചാത്തലം സൃഷ്ടിക്കുന്നു.

കെ. പി. നിർമ്മൽൽകുമാർ വർഷങ്ങൾക്കു മുമ്പെഴുതിയ 'ബീർഷേബാ' എന്ന കഥയിൽ പ്രണയത്തെ സാമ്പ്രദായികമായിട്ടല്ല അവതരിപ്പിക്കുന്നത്. തൻ്റെ  വൈകാരിക സൂര്യന്മാർക്ക് ഭ്രാന്തുപിടിച്ചതിൻ്റെ ഓർമ്മക്കുറിപ്പാണ് കഥാകൃത്ത് എഴുതുന്നത്.ഇസ്രായേലിലെ ഒരു പുരാതനനഗരത്തിൻ്റെ പേരാണ് കഥാകൃത്ത് കാമുകിക്ക് നല്കിയിരിക്കുന്നത്. ഒരു കാമുകിയോടുള്ള സംഭാഷണത്തിൻ്റെ പാരമ്പര്യത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണിവിടെ. ഓർമ്മകളിൽ നിറയെ മുറിവാണ്. അതിൽ രക്തം വാർന്നൊലിക്കുകയാണ്. പ്രേമത്തിൻ്റെ  അനുഭവത്തെ ബ്രഹ്മാണ്ഡമായി കഥാകൃത്ത് ആവാഹിക്കുന്നു. തൻ്റെ  ജീവിതത്തിൻ്റെ സർവ്വമണ്ഡലങ്ങളെയും സ്വാധീനിക്കുന്ന പ്രേമാനുഭവമാണിത്.

'പ്രാചീനമായ നീതിബോധത്തിൽ,ചുംബിക്കാനിടയുള്ളിടത്തെല്ലാം, സുഗന്ധങ്ങൾ എറിഞ്ഞ സന്ധ്യ .ആറിത്തണുത്തീറനായ കാറ്റ്  കായലിൽനിന്നു പൊങ്ങി. തെക്കുപടിഞ്ഞാറൻ വേനൽക്കാല മേഘങ്ങളുടെ നിർദ്ധനതയിൽ കുടുങ്ങിയ സൂര്യൻ ബോൾഗാട്ടിയിൽ വിറച്ചു. രഘുബീർസിംഗ് ഛായാചിത്രം പോലെ നഗരം സുവർണചമയങ്ങൾ ഏറ്റു .അരികെ ,കായൽജലമാകട്ടെ ഓമനമുഖമായിതീർന്നു. ഉവ്വ് , കാരണമുണ്ടായിരുന്നു .അസംഗതമായ ഉൾപ്രേരണയിൽ അവൾ കൈ അയാൾക്ക് നേരെ നീട്ടി. അയാളുടെ പരുക്കേറ്റ ഉൾഭൂമികളിലേക്ക് ആ  കടൽകാക്കകൾ ആവേശത്തോടെ ഉയർന്നു'.

ഡിജിറ്റൽ ഡേറ്റകളുടെ മഹാപ്രവാഹത്തിൽ നട്ടംതിരിയുന്ന, ആത്മാവ് കൈമോശം വരുന്ന ഈ കാലത്ത് മനുഷ്യന് ജൈവാനുഭവം അനിവാര്യമാണ്. ഇൻറർനെറ്റ് മനുഷ്യരെ ശരീരമില്ലാതാക്കുമ്പോൾ , സ്ഥലകാലങ്ങളില്ലാതെ അലയാൻ വിധിക്കുമ്പോൾ മനുഷ്യനു അവൻ്റെ ശ്വാസോച്ഛ്വാസവും പ്രണയവും ജൈവപ്രേമവും നിലനിർത്തേണ്ടതുണ്ട്. അവ്യക്തകളുടെയും സന്ദിഗ്ദ്ധതകളുടെയും ലോകത്ത് സ്വയം എന്താണെന്ന് ഉറപ്പിക്കാൻ ഒരോ ജീവിയും പരിശ്രമിക്കുന്നു. മനുഷ്യനാകട്ടെ, അവൻ വേറെ എന്തോ ആണെന്ന് സങ്കല്പിപ്പിക്കുകയാണ്.

അങ്ങനെ അവന് സഹജാവബോധങ്ങൾ നഷ്ടപ്പെടുന്നു .അവൻ സ്വയമൊരു പ്രതീതിയാകുന്നു. ഈ മൂടൽമഞ്ഞിനെ ഭേദിക്കുകയാണ് നിർമ്മൽകുമാർ 'ബീർഷേബാ'യിലുടെ ചെയ്യുന്നത്.

'നീയപ്പോൾ എൻ്റെ മുമ്പിൽ ഉന്മാദജനകമായി മുടിയഴിച്ചിട്ടുല്ലസിക്കുകയില്ല. തൊണ്ടു ചീഞ്ഞ ഓർമ്മകൾക്ക് ചുറ്റും ഇയ്യാംപാറ്റകൾ അടിഞ്ഞ  നക്ഷത്രവിളക്കുകൾ .എനിക്ക് നിന്നെ ബോൾഗാട്ടിയിൽ തന്നെ ഉപേക്ഷിക്കാം. എൻ്റെ നിരായുധമായ അന്തർമണ്ഡലങ്ങൾ വീണ്ടുകീറുവാൻ  ഞാൻ നിന്നെ അനുവദിക്കുകയില്ല'.

ഈ വിവരണം നിർമ്മൽകുമാർ എന്ന എഴുത്തുകാരൻ്റെ സാധ്യതയാണ്. അത് കേവല യാഥാർത്ഥ്യമല്ല ;തൻ്റെ  അസ്തിത്വത്തെക്കുറിച്ചുള്ള അപൂർവ്വമായ അറിവുകളെ അവിഷ്കരിക്കുന്നതിനായി കഥാകൃത്ത് ഒരു പശ്ചാത്തലമൊരുക്കുകയാണ്.ഇതാകട്ടെ പരമ്പരാഗതമായ ജ്ഞാനശാസ്ത്രപ്രകാരമുള്ള ഘടനയിലല്ല എഴുതപ്പെട്ടിരിക്കുന്നത്. മറ്റൊരാളോട് പങ്കുവെക്കാൻ കഴിയുമോ എന്നുപോലും ശങ്കിക്കാവുന്ന മേഖലയാണിത്. പങ്കുവയ്ക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ. അതിൻ്റെ മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേണ്ടി വരുന്നത് മനുഷ്യജീവിതത്തിനു ആഴം വർദ്ധിപ്പിക്കുകയാണ്.

മനുഷ്യൻ എന്ന പക്ഷി

ഇളവൂർ ശ്രീകുമാറിൻ്റെ 'രാത്രിവേനൽ'(പച്ചമലയാളം) എന്ന കഥാസമാഹാരം വായിച്ചതേയുള്ളു. അതിരുകൾ ഭേദിക്കാൻ ശേഷിയുള്ള കഥാകൃത്താണ് ഇളവൂർ .സ്ഥിരം  ചാലുകളിലൂടെ ഒഴുകിപ്പരന്ന കഥാകൃത്തുക്കളുടെ നിലയിലല്ല ഇളവൂരിൻ്റെ സ്ഥാനം .മനഷ്യൻ വെറും മെഷീനായി മാറുന്ന ആധുനിക നാഗരികതയിൽ കൂടുതൽ വിപുലമായ സംവേദനങ്ങൾക്കായി ഉത്സുകനാവുന്ന കഥാകൃത്തിനെ 'ഓർണിത്തോളജിയുടെ സാധ്യതകൾ' എന്ന കഥയിൽ കാണാം. പക്ഷി നിരീക്ഷകരുടെ ആവശ്യം ശരിക്കും പക്ഷികളെ നിരീക്ഷിക്കുകയാണോ? അതോ മനുഷ്യൻ്റെയുള്ളിലെ പക്ഷിയെ  കണ്ടെത്തുകയോ ?

'സ്കോട്ട്‌ലൻഡിലെ പർവ്വത പ്രദേശങ്ങളിൽ രണ്ടായിരം അടി ഉയരെ കൂടുകെട്ടിപ്പാർക്കുന്ന ,യൂറോപ്യൻ ഇതിഹാസങ്ങളിൽ വിശുദ്ധാത്മാക്കളുടെ അവതാരമായി കൊണ്ടാടപ്പെടുന്ന ഡോട്ടെറൽ എന്നറിയപ്പെടുന്ന പുള്ളിക്കുരുവികളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് പക്ഷികളും ആത്മാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്നാ ഡാൽമി  വാചാലയായതും ഉപനിഷത്തുക്കളെ  ഉദ്ധരിച്ചുകൊണ്ട് കർമ്മപരമ്പരകളുടെ ആവർത്തനത്തെക്കുറിച്ച് വലിയൊരു കണ്ടുപിടിത്തംപോലെ എന്നോട് പറഞ്ഞതും. ഒരു പക്ഷേ, കഴിഞ്ഞ ജന്മത്തിലെയോ വരും ജന്മത്തിലെയോ  പക്ഷികളായിരിക്കാം നമ്മളെന്ന് ഒരു വെളിപാടുപോലെ വെളിപ്പെടുത്തിയതും പിന്നെ അലസമായി അടുത്ത് കിടന്നിരുന്ന കല്ലെടുത്തു തടാകക്കരയിൽ ഇരയിൽ ശ്രദ്ധാലുവായിരുന്ന പൊൻമാനിനെ എറിഞ്ഞതും പക്ഷി പിടഞ്ഞു വീണപ്പോൾ 'എൻ്റെ ലക്ഷ്യമെങ്ങനെ' എന്ന് ആഹ്ലാദപൂർവ്വം ചോദിച്ചതും'.

മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം: പക്ഷികളില്ലായിരുന്നെങ്കിൽ മനുഷ്യന് ലാസ്യവും ഗീതവും അപ്രാപ്യമായിരുന്നുവെന്ന് നീ തന്നെ പറഞ്ഞിട്ടില്ലേ ? റാല്ലിഡേ കുടുംബത്തിൽപ്പെട്ട നീർക്കോഴികൾ...'

ഏത് മനസും ഒരു പക്ഷിക്കൂടാണ് ,ഏത് മനുഷ്യനും ഒരു പക്ഷിയാണ് എന്ന വീക്ഷണത്തിൽ കഥ എത്തിയിരിക്കുകയാണ്. ഇന്നത്തെ കഥാകൃത്ത് തൻ്റെ സ്വന്തം സാധ്യതകളിലാണ് വിശ്വസിക്കുന്നത്. സ്ഥിരം ഒഴുക്കിൻ്റെ വഴി വിട്ട് അവനവനിലെ അറിയപ്പെടാത്ത ഭൂപ്രദേശങ്ങൾ കണ്ടെത്തുന്നതിലാണ്  കഥാകൃത്ത് അഭിരമിക്കുന്നത് .ഇത് അത്യന്തം ഗൗരവമുള്ള ഒരു യാത്രയാണ്.

ഉള്ളിലെ താപം

കെ.പി. നിർമ്മൽകുമാർ എഴുതുന്നത് പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ അല്ല.'ബീർഷേബാ പിന്നെയും നിന്നെ ഓർത്ത് 'എന്ന കഥയിൽ ആത്മാവിനെ ആകെ ആവേശിച്ച ,സിരകളെ ഞെരുക്കിയ ഒരു യുവതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കുടുംബമുള്ള ഒരു യുവാവിന് തൻ്റെ സഹപ്രവർത്തകയോട് തോന്നുന്ന പ്രണയമാണത്. ആ പ്രണയം സമൂഹ നിർമ്മിതിയല്ല. അയാൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരഗ്നിനാളമാണത്. അതയാൾക്ക് വേണം ,ചൂടിൽ അമരാനും സ്വപ്നങ്ങളിൽ  നീന്താനും.തൻ്റെ അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അയാൾക്ക് അറിയാം. എന്നാൽ അതിൽനിന്ന് ഒഴിയാൻ അയാൾക്കാവില്ല .ആത്മലോകങ്ങളിൽ അയാൾ അതിൻ്റെ പീഡനത്തിനായി നിന്നുകൊടുക്കുന്നു. അയാൾക്ക് സ്വയം മുറിവേല്പിക്കണം. അതിൽ നിന്ന് ഉന്മാദം കണ്ടുപിടിക്കണം.കാരണം ,ജീവിച്ചിരിക്കുന്നത് അതിശയകരമായ അറിവാണ്. അതിൻ്റെ ലഹരി സാമൂഹികനിർമിതിയായി ചുരുക്കാൻ അയാൾ തയ്യാറല്ല. തൻ്റെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആധികൾക്ക് ഭൗതികലോകം ചെവികൊടുക്കുന്നില്ലെങ്കിലും ,അയാൾക്ക് അവഗണിക്കാനാവില്ല .അയാൾ ചുറ്റുപാടിനെ സംവേദനക്ഷമമാക്കുന്നത് സ്വന്തം അന്തരംഗത്തിലെ താപംകൊണ്ടാണ്.

നുറുങ്ങുകൾ

1)ദസ്തയെവ്‌സ്കിയുടെ ഇരുനൂറാം പിറന്നാൾ മലയാള മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. ദീപിക വാർഷികപ്പതിപ്പിൽ ദസ്തയെവ്സ്കി സിമ്പോസിയമുണ്ടായിരുന്നു. ഓൺലൈൻ മാധ്യമങ്ങളും ദസ്തയേവ്സ്കിയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.വിവർത്തനത്തിലൂടെയും അല്ലാതെയും ദസ്തയെവ്സ്കി ഇന്ന് മലയാളത്തിലെ ഒരു സാഹിത്യകാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ കാമുകിയായിരുന്ന  അന്നയ്ക്കുപോലും മലയാളത്തിൽ  ആരാധകരുണ്ട്.അന്നയുമായി ബന്ധമുണ്ടായിപ്പോയതുകൊണ്ട് ആ വലിയ ധിഷണാശാലിയെ  പ്രണയത്തിലേക്കും ചൂതാട്ടത്തിലേക്കും ചുരുക്കുന്നവരുണ്ട്.

ദസ്തയെവ്സ്കി നോവലെഴുതാൻ വേണ്ടി തയ്യാറാക്കിയ നോട്ടുബുക്കുകൾ ഇരുപതുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ നോട്ടുബുക്കുകളെ ആസ്പദമാക്കി എ. ജയകുമാർ എഴുതിയ 'ഡോസ്റ്റോവ്സ്കിയുടെ സർഗസപര്യ'(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) ഓർമ്മയിൽ മായാതെ നില്ക്കുകയാണ്. ഒരു ഗവേഷകൻ്റെയും സത്യാന്വേഷകൻ്റെയും മനസിലൂടെയാണ് ജയകുമാർ അത് ചെയ്തത്.യശ:ശരീരനായ ജയകുമാറിനെ ഓർക്കാതെ ഈ ദസ്തയെവ്സ്കി ചർച്ച പൂർത്തിയാകില്ലെന്നു തോന്നുന്നു.

2)പ്രസിദ്ധ സംവിധായകനായ മണി കൗളിനെക്കുറിച്ച് പി. കെ .സുരേന്ദ്രൻ എഴുതിയ ലേഖനം (സിനിമയിലെ ഒറ്റപ്പെട്ട മനുഷ്യൻ ,ഗ്രന്ഥാലോകം ,ഒക്ടോബർ )ശ്രദ്ധയാകർഷിക്കുന്നു. മികച്ച സിനിമകളെപ്പറ്റി ഇപ്പോൾ ആരും തന്നെ എഴുതുന്നില്ല. സിനിമയിലെ കല ചർച്ച ചെയ്യാൻ ഓൺലൈനിൽ പോലും ഒരു പ്രസിദ്ധീകരണമില്ല .ലേഖനത്തിൽ സംവേദനം എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കുന്നുണ്ട് .കലാകാരൻ ഒരു സൃഷ്ടിയിലൂടെ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അത് അനുവാചകർ മനസ്സിലാക്കുന്നതാണ് സംവേദനമെന്നും പറയുന്നത് യാന്ത്രികമായ സമീപനമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെടുന്നു.
"സംവേദനത്തിൽ വിള്ളലുകൾ ഉണ്ടാകുന്ന കാര്യം ഇവിടെ വിസ്മരിക്കപ്പെടുന്നു. അതായത് ,സംവേദനം എന്നാൽ ഏകദിശാമാർഗ്ഗത്തിലൂടെയുള്ള സംപ്രേഷണം അല്ലെന്നും അത് പല തലങ്ങളിലൂടെ അനുഭവവേദ്യമാകുന്ന പ്രക്രിയയാണെന്നും ഇവിടെ വിസ്മരിക്കപ്പെടുന്നു. ഈ പ്രക്രിയയാകട്ടെ അനുവാചകൻ്റെ ആർജിതബോധം, സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ അവസ്ഥ ,മാധ്യമപരിചയം എന്നിവയൊക്കെ  ആധാരമാക്കിയുള്ളതാണ് " - ലേഖകൻ എഴുതുന്നു.
സംവേദനം എന്നത് അനുവാചകൻ്റെ ഒരു പങ്കെടുക്കലാണ് .അതിൽ സൃഷ്ടിയുടെ അംശമുണ്ട്.

3)ടി.ആർ. ഉദയകുമാറിൻ്റെ പെയിൻ്റിംഗുകളെക്കുറിച്ച് ജോണി എം. എൽ (അതീതയാഥാർത്ഥ്യഭാഷയും വർത്തമാനകാലത്തിൻ്റെ ദൃശ്യപ്പൊരുളും ,ചിത്രവാർത്ത, ഒക്ടോബർ) എഴുതുന്നു.
ഉദയകുമാറിൻ്റെ കല കേവലം ആനന്ദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന് രാഷ്ട്രീയ, സാമൂഹിക വിവക്ഷകളുണ്ടെന്നും  സ്ഥാപിക്കുകയാണ് ലേഖകൻ. നിരന്തരമായി രൂപാന്തരം സംഭവിക്കുന്നതും പുതുമ ആവാഹിക്കുന്നതുമായ ഇടങ്ങളാണ് ഉദയകുമാറിൻ്റേതെന്ന് ജോണി പറയുന്നു .

4)ഏഴാച്ചേരിയുടെ 'കുട്ടനാടൻ ഗസൽ ചന്ദ്രിക' (പ്രഭാതരശ്മി ,ഒക്ടോബർ ) വായിച്ചു. കുറെ വാക്കുകൾ ഉപയോഗിച്ച് കുട്ടനാടൻ ഗ്രാമസൗന്ദര്യത്തെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആവിഷ്കാരത്തിന് കൃത്യതയോ ശക്തിയോ ഇല്ലാത്തതുകൊണ്ട് അനുവാചകൻ്റെ മനസ്സിലേക്ക് കയറുന്നില്ല.

"എത്ര ജന്മം കഴിഞ്ഞാലും
കുട്ടനാടൻ ഗസൽചന്ദ്രിക
നിത്യവിരഹിണിപോലെയെന്നിൽ
നീറി നിൽക്കുന്നു!
ഭിന്നരാഗങ്ങളിൽ, താള
ത്തിളക്കങ്ങളിലൂടെയിവനെ
അന്നപൂർണിപുരത്തേയ്ക്കിവൾ കൊണ്ടുപോകുന്നു " .

5)കെ.വി.സുമിത്ര എഴുതിയ 'ഋതു ,അതിനു നീയെന്നു പേര് ' (പ്രസാധകൻ, നവംബർ )ഒരു പ്രണയകവിതയാണ്.

"സ്വർഗ്ഗീയമല്ലാത്ത
ഒന്നിലും നീയില്ല
അതൊരു ജീവനഗീതമാണ് പ്രണയത്തിൻ്റെ
ആമ്പൽ പൂപോലെ...
നിർമ്മലതയുടെ ശരത്കാലമാണ് മഴവില്ലിൻ്റെ താളലയംപോലെ "

ഇതുപോലെ കാല്പനിക ബിംബങ്ങൾകൊണ്ട് പ്രണയത്തെ വിവരിക്കുന്നത് സിനിമാഗാനങ്ങൾക്ക് കൊള്ളാം; കവിതയ്ക്ക് നന്നല്ല . ഇത്തരം പ്രയോഗങ്ങൾ ആവർത്തനവിരസവും അർത്ഥരഹിതവുമാണ്. പ്രണയം പലരും കരുതുന്നപോലെ നിർഗുണമല്ല; അതിൽ നിറയെ സംഘർഷങ്ങളാണ്. പലപ്പോഴും ,രണ്ടുപേർ പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും അവർക്കിടയിൽ നരകം ശക്തമായി പ്രവർത്തിക്കുന്നുണ്ടാകും.പൂർണതയ്ക്കു വേണ്ടിയുള്ള കലഹം വ്യക്തിഗതമായ അസൂയയായി മാറും. ഒരാൾ താഴോട്ടിറങ്ങി വന്നാൽ ,തുറന്നു സ്നേഹിച്ചാൽ മറ്റൊരാൾക്ക് കിട്ടിയേക്കാവുന്ന സന്തോഷത്തോട് തോന്നുന്ന അസൂയ ഒരു ഘടകമാണ്.
ചിലർ അങ്ങനെയും ചിന്തിക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്നതു തന്നെ കടംകഥയാണ് ;അകലുന്നതുപോലെ.

6)പി.ബി. ഹൃഷികേശൻ്റെ 'ഒന്നടുത്തു വരാമോ നീ 'എന്ന  കവിതാസമാഹാരം വായിച്ചു. സമകാലികജീവിതത്തിൽനിന്ന് കവിതയെ സ്വാംശീകരിക്കുകയാണ് ഈ കവി.
"കാലവും നിങ്ങളും ഞാനും
നഗരവും
കുത്തിയൊലിച്ചുപോകുമ്പോൾ പാതിരാവിൻ പാപഭാരം
ചുമക്കുന്ന
പാതവക്കത്തൊരു മുക്കിൽ
പാതി വിരിഞ്ഞു തുടുത്ത
പൂവൊന്നിതാ
പാവം പുലരിയാണത്രേ... "

7)പ്രമുഖ ഉത്തരാധുനിക ചിന്തകനും ഇന്ത്യക്കാരനുമായ ഹോമി കെ.ഭാഭ അമെരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പ്രൊഫസറാണ്. അദ്ദേഹത്തിൻ്റെ 'ദ് ലൊക്കേഷൻ ഓഫ് കൾച്ചർ ' എന്ന ഗ്രന്ഥം സാമ്രാജ്യത്വാനന്തര കാലഘട്ടത്തിൻ്റെ സാംസ്കാരിക ഉൽപ്പന്നങ്ങളെക്കുറിച്ചാണ്  പ്രതിപാദിക്കുന്നത്. പാശ്ചാത്യ ആധുനികതയെ ചെറുക്കുന്നതിനാണ്  സാമ്രാജ്യത്വാനന്തര കാലത്തെ രാജ്യങ്ങളിൽ സാംസ്കാരികലോകം പ്രവർത്തിച്ചതെന്ന് ഭാഭ വിലയിരുത്തുന്നു.
ആധുനികതയെ നവീകരിക്കേണ്ടത് ഭാഷാപരമായ ഒരു വീണ്ടെടുപ്പിലൂടെയും   പ്രാദേശികമായ സാംസ്കാരിക പ്രതിനിധാനങ്ങളിലൂടെയും ആയിരിക്കണമത്രേ.
ഓരോ ചെറിയ പ്രദേശത്തിൻ്റെയും ജീവിതരീതിയും കലയും എത്ര വൈരുധ്യാത്മകമാണെങ്കിലും, അവയെല്ലാം ചേർന്ന് ആഗോളതലത്തിൽ ഒരു ബദൽ സംസ്കാരചരിത്രം സൃഷ്ടിക്കുകയാണെന്ന് ഭാഭ ചിന്തിക്കുന്നു.

8)കവിതയ്ക്ക് ലോകത്തിൽ ഒരിടത്തും കാര്യമായ തോതിൽ വായനക്കാരില്ലെന്ന് പ്രസിദ്ധ കരീബിയൻ കവി ഡെറക് വാൽകോട്ട് (1930- 2017) പറഞ്ഞതോർക്കുന്നു.
ന്യൂയോർക്കിൽപോലും കവിത വായിക്കാൻ പോയാൽ നിരാശപ്പെടണമത്രേ. നൂറിൽ താഴെ ആളുകളേ എത്താറുള്ളു; ഇതിലും ഭേദമാണ് കരീബിയൻ നാടുകളിൽ . വാൽകോട്ടിനു 1992 ൽ  സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .അദേഹം എഴുതിയ 'വാട്ട് ദ് ട്വിലൈറ്റ് സേയ്സ് :ആൻ ഓവർച്ചർ' എന്ന ലേഖനത്തിൽ സ്വന്തം നാട്ടിലെ കലാ ,നാടകാനുഭവങ്ങൾ പരിശോധിക്കുന്നു.

9)മലയാളകഥയിൽ ചില എഴുത്തുകാർ രണ്ടു തരം കഥകളാണ് തയ്യാറാക്കുന്നത്. പ്രശസ്തമായ  പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി എഴുതുമ്പോൾ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ കൊടുക്കുന്നു. എന്നാൽ സർക്കുലേഷൻ കുറഞ്ഞ മാഗസിനുകൾക്ക് എഴുതുമ്പോൾ ശരിക്കും ഉഴപ്പുന്നു .ഒരു കഥാകൃത്തിന് ഈ മനോഭാവം ചേരുകയില്ല. അങ്ങേയറ്റം ഹീനമാണ് ഈ നിലപാട്.

 






 

m k harikumar at 10:21 PM
Share

No comments:

Post a Comment

‹
›
Home
View web version

About Me

m k harikumar
View my complete profile
Powered by Blogger.