Saturday, November 14, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / വിമർശകൻ്റെ അസ്തിത്വം /metrovartha, 10 - 11-2020

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ  സാഹിത്യ വിമർശനത്തെക്കുറിച്ച് എഴുതുന്നത് അധ്യാപകർക്കെന്നല്ല ആർക്കും തന്നെ  അലങ്കാരമല്ല . അധ്യാപകൻ എന്നത് ഒരു സ്ഥാനമോ പദവിയോ അല്ല. കാരണം അധ്യാപകൻ മാറേണ്ടവനാണ്, പുതിയ അറിവു ഉദയം ചെയ്യുമ്പോൾ. എന്നാൽ പിക്കാസോയുടെ 'ഗ്വർണിക്ക ' എന്ന ചിത്രം ഒരിക്കലും മാറ്റിവരയ്ക്കേണ്ടതില്ല. കാരണം അത് ഭാവിയെ ആകെ സസ്പെൻഡ് ചെയ്തിരിക്കയാണ്. ഭാവി അതിലേക്കാണ് വരുന്നത്. എന്നാൽ സ്വന്തമായി സൃഷ്ടിച്ച അറിവല്ലല്ലോ അധ്യാപകൻ പറഞ്ഞുകൊടുക്കുന്നത് .പലയിടത്തു നിന്നും സമാഹരിച്ചതാണത് .അതുകൊണ്ട് അതിനു ഉദ്ഗ്രഥനാത്മകത കുറവായിരിക്കും. ഒരു കേന്ദ്രബിന്ദുവോ ചിന്താപരമായ ലക്ഷ്യമോ  ഉണ്ടായിരിക്കുകയില്ല. ഇവർക്ക് വ്യാസനും അംബേദ്ക്കറും ഗാന്ധിജിയും എല്ലാം ഒന്നായിരിക്കും. അയ്യപ്പപ്പണിക്കരെക്കുറിച്ചും മുട്ടത്തു വർക്കിയെക്കുറിച്ചും ലേഖനങ്ങളെഴുതി ഒരു പുസ്തകത്തിൽ തന്നെ ചേർത്ത് പ്രസിദ്ധീകരിക്കും;ഇവർ തമ്മിലുള്ള അകലം ഇക്കൂട്ടർക്ക് പ്രശ്നമല്ലല്ലോ.ആശയങ്ങളുടെ ശ്രേണിയും വിവിധ തട്ടുകളും വേർതിരിച്ച് പിന്തുടരേണ്ട സാഹചര്യം ഈ അദ്ധ്യാപകർക്കില്ല. ഇവരുടെ അനുമാനങ്ങൾക്ക്  സാഹിത്യവിമർശനവുമായി ബന്ധമില്ല. വിമർശനത്തിൻ്റെ അടിസ്ഥാനം തന്നെ സവിശേഷമായ ,വേറിട്ട വൈകാരിക സംവേദനമാണ്, വീക്ഷണ വിച്ഛേദമാണ്.


ആശയദാരിദ്യം


 അധ്യാപകർക്ക് വിമർശനം അസാധ്യമാണ്.കാരണം അവർ കുട്ടികളെ പഠിപ്പിക്കുകയല്ലാതെ എന്തിനെയെങ്കിലും വിമർശിക്കാൻ അനുവാദമില്ല .അതുകൊണ്ടുതന്നെ വിമർശനത്തെ സൈദ്ധാന്തികമായി സമീപിക്കാൻ അവർക്കാവില്ല. അവർക്ക് അതിൻ്റെ ആവശ്യവുമില്ല .അതുകൊണ്ടാണ് എം.കൃഷ്ണൻനായർക്കോ, കെ.പി.ശങ്കരനോ ,എം.എം.ബഷീറിനോ,ബി.രാജീവനോ സ്വന്തം സൈദ്ധാന്തിക വിമർശനം അസാധ്യമായത്. അവർ അവലംബിച്ച സങ്കേതങ്ങളെല്ലാം വളരെ പണ്ട് മറ്റുള്ളവർ ഉപയോഗിച്ചതാണ്. ആസ്വാദനമെഴുതുന്നവർ വിമർശകരല്ല .


അദ്ധ്യാപകൻ എന്നത് ഒരു സാഹിത്യ അസ്തിത്വമല്ല. കാരണം പലതരം പാഠങ്ങൾ പഠിപ്പിക്കുന്നത് മൗലികമായ ,കേന്ദ്രീകൃതമായ സർഗാത്മകതയുടെ ഭാഗമായ പ്രവൃത്തിയല്ല .സിലബസാണ് ,അവിടെ ഭാവുകത്വമായി തെറ്റിദ്ധരിക്കപ്പെടുന്നത്.   രണ്ടു വൻ ദുരന്തങ്ങളായിത്തീർന്ന  ലേഖനങ്ങൾ കഴിഞ്ഞ ദിവസം വായിച്ചതുകൊണ്ടാണ് ഇതെഴുതേണ്ടി വന്നത്. ഈ ലേഖനങ്ങൾ  സാഹിത്യത്തിൻ്റെ പരമോന്നതമായ മനസ്സിനെ എങ്ങനെയാണ്  തകർക്കുന്നതെന്ന് കാണിച്ചു തരുന്നു. സിലബസ് കാണാതെ പഠിച്ചാൽ പാഠമായി എന്നു കരുതുന്ന വിവേകശൂന്യത ഇവിടെ നൃത്തം ചെയ്യുകയാണ്. എങ്ങനെയാണ് ശരിയായി വായിക്കാതെ ,അശയലോകങ്ങളുമായി ഒരു ബന്ധവുമില്ലാതെ, വിമർശനകലയിലെ പതിറ്റാണ്ടുകളായുള്ള ബൗദ്ധിക പ്രവർത്തനങ്ങളെപ്പറ്റി ഒന്നും പഠിക്കാതെ ഒരു ലേഖനം എഴുതുന്നതെന്ന് ഇവർ കാണിച്ചുതരുകയാണ്. .അജയപുരം സ്വദേശിയായ ജ്യോതിഷ്കുമാർ എന്നൊരാൾ എഴുതിയ 'വിമർശനത്തിലെ ചീത്തസത്യങ്ങൾ' (ഭാഷാപോഷിണി ,നവംബർ ) എന്ന ചീത്തലേഖനം നമ്മുടെ  വിചാരജീവിതത്തെ  തന്നെ തകർക്കുകയാണ്‌. വിമർശനം എന്ന  ശാഖ തന്നെ ഇല്ലാതായെന്ന് ഇദ്ദേഹം  കണ്ടുപിടിച്ചിരിക്കുന്നു !.ചില പ്രസാധകരും  ആഴ്ചപ്പതിപ്പുകളും പ്രദർശനവസ്തുക്കളാക്കി  മാറ്റിയ ഏതാനും പേരുടെ കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിലപാടിൽ എത്താൻ ആർക്കെങ്കിലും കഴിയുമോ?.  " ഈ  പ്രതിസന്ധിക്കിടയിലും നിരൂപണസാഹിത്യം മരണമടയാത്തത് കേരളത്തിൽ കുറെ സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും നിലനിൽക്കുന്നതുകൊണ്ടാണ് " എന്ന് ഇദ്ദേഹം തട്ടിവിട്ടിരിക്കുന്നു! ഇത് കേട്ടാൽ തോന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഴ്ചതോറും വിമർശനത്തിനു വേണ്ടി ഒത്തു പിടിക്കുകയാണെന്ന്‌ !.  ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ വിമർശകരെ പ്രവേശിപ്പിക്കുകയോ നൂതന വിഷയങ്ങളിൽ ചർച്ച നടത്തുകയോ ചെയ്യുന്നില്ല. മേലുദ്ധരിച്ചതു പോലുള്ള ബുദ്ധിശൂന്യമായ ധാരാളം പ്രസ്താവനകൾ ലേഖനത്തിലുണ്ട് .  ജ്യോതിഷ്കുമാർ എന്ന വ്യക്തിക്ക് ഗൗരവമായ വായനയോ ചിന്തയോ ഉള്ളതായി തോന്നുന്നില്ല;ഭാഷയുമില്ല. ഈ ലേഖനം എങ്ങനെ അച്ചടിക്കപ്പെട്ടു ?


 ഇത് വായിക്കുന്നത് അങ്ങേയറ്റം  നിരാശയും ഭയവുമാണുണ്ടാക്കുന്നത്. അജ്ഞതയുടെ അഹന്ത നിറഞ്ഞ ലേഖനമാണിത്.  കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ വിമർശനചിന്തകൾ എങ്ങനെയാണ് സഞ്ചരിച്ചിരുന്നത് , സൈദ്ധാന്തികമായി നടത്തിയിട്ടുള്ള മുന്നേറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളൊന്നും ലേഖകനു അറിയില്ല. അതൊക്കെ വായിച്ചു മനസിലാക്കാനുള്ള കഴിവുമുണ്ടെന്ന് തോന്നുന്നില്ല . ഫ്രഞ്ച് സൈദ്ധാന്തിക വിമർശകനായ റൊളാങ് ബാർത്ത് പറഞ്ഞു, എഴുത്തുകാരൻ മരിക്കുമ്പോഴാണ് വായനക്കാരൻ ജനിക്കുന്നതെന്ന്. ഇതിൻ്റെ അർത്ഥമെന്താണെന്ന്  ജ്യോതിഷ്കുമാറിനു പിടികിട്ടുമോ?


വീണ്ടും ജനിക്കാൻ 


സാഹിത്യവിമർശകൻ്റെ രചനകൾ കവിക്കോ കഥാകൃത്തിനോ വേണ്ടിയല്ല;അത് വളരെ സ്വതന്ത്രമായ ആത്മീയ ,ആന്തരികാന്വേഷണമാണ്. കഥാകൃത്തുക്കൾക്കും നോവലിസ്റ്റുകൾക്കും വേണ്ടി പ്രചാരവേല നടത്തുന്നവരുണ്ടാകാം. അവരെ ആ നിലയിൽ കണ്ടാൽ മതി. ഒരാൾ സ്വന്തം സിദ്ധാന്തം കണ്ടെത്തുന്നത് സൗന്ദര്യശാസ്ത്രപരമായ ആലോചനയുടെ ഭാഗമാണ് ;ചിന്താപരമായ നിശ്ചലതയുടെ അടയാളമല്ല. വിമർശകൻ്റെ  ആത്മീയമായ അസ്തിത്വമാണ് അയാളുടെ വിമർശനം .ആത്മഹത്യ ചെയ്യാതിരിക്കാനാണ് അയാൾ എഴുതുന്നത്.  വിമർശകൻ തൻ്റെ ലേഖനത്തിലൂടെ വീണ്ടും ജനിക്കുകയാണ് ;ഏതെങ്കിലും കഥാകൃത്തിൻ്റെ ജീവിതം കടം വാങ്ങി അതിൽ ഇടം നേടുകയല്ല .ഇത്തരം ആശയങ്ങളുമായി വിദൂര ബന്ധം പോലുമില്ലാത്തവർ വിമർശനത്തെക്കുറിച്ച് പ്രശസ്തമായ മാഗസിനുകളിൽ എഴുതുന്നതാണ് ഇന്നത്തെ ശാപം.


മറ്റൊരു ദുരന്തം


'മലയാള നോവലിൻ്റെ ദിശാ പരിണാമങ്ങളും മാറുന്ന ഭാവുകത്വവും' (ഗ്രന്ഥാലോകം, ഒക്ടോബർ ) എന്ന പേരിൽ സജിൽ ശ്രീധർ എഴുതിയ ലേഖനം ,കാക്കനാടൻ്റെ ഭാഷയിൽ പറഞ്ഞാൽ ,അജ്ഞതയുടെ താഴ്വരയാണ്.ലേഖകൻ അബദ്ധങ്ങൾ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിക്കുകയാണ്. ആട് എന്തറിഞ്ഞു അങ്ങാടി വാണിഭം എന്ന ചൊല്ലു പോലെ ഗതികെട്ട ലേഖനമാണിത്. ഇതെങ്ങനെ ഗ്രന്ഥാലോകത്തിൽ പ്രത്യക്ഷപ്പെട്ടു. ? ലേഖനത്തിൽ പരാമർശിക്കുന്ന ചില പുതുനോവലിസ്റ്റുകളുടെ ഫോട്ടോകൾ സംശയം ജനിപ്പിക്കുന്നു .


നോവൽ എന്ന സാഹിത്യശാഖയെപ്പറ്റി ലേഖകനു   ഒരു വിവരവുമില്ല എന്ന്  വ്യക്തമാക്കുന്ന കുറെ പ്രസ്താവങ്ങൾ ഇതിലുണ്ട്. 'സുന്ദരികളും സുന്ദരന്മാരും' ബൃഹദാഖ്യായികയാണെന്ന്  പ്രഖ്യാപിക്കുന്നു! എന്താണ് ഇതിനർത്ഥം ?എം.ടിയുടെ 'മഞ്ഞും ' വിലാസിനിയുടെ 'അവകാശികളും' രണ്ടു തരം ആഖ്യായികകളാണോ ? ഫ്രാൻസ് കാഫ്ക ആകെ  മൂന്നു  നോവലുകളാണ് (ദ് കാസിൽ ,ദ് ട്രയൽ ,അമെരിക്ക) എഴുതിയത്. എന്നാൽ ലേഖകൻ കാഫ്കയുടെ 'മെറ്റാമോർഫോസിസ് ' നോവലാണെന്ന് എഴുതുന്നു; നോവല്ല നോവലല്ല. അതിനെ കഥയായാണ് ലോകം  പരിഗണിക്കുന്നത്. കാഫ്കയുടെ കാര്യം പറയുന്നിടത്ത് മലയാറ്റൂരിനെ ആരെങ്കിലും പരാമർശിക്കുമോ ? ഒരിടത്ത്‌ ലേഖകൻ എഴുതുന്നു: " ധ്വനി സാന്ദ്രത ,മിതത്വം എന്നിവ നോവലിൻ്റെ  വലിയ ഗുണങ്ങളിലൊന്നാണ് " . രണ്ട് ഗുണങ്ങളെ ഒന്നായി  കാണാമോ ?അസംബന്ധമാണ് ഈ നിരീക്ഷണം. കാരണം ,കവിതയിലാണ് ധ്വനിയും മിതത്വവും വേണ്ടത്. നോവലിൽ  ദീർഘിച്ച ആഖ്യാനമാണുള്ളതെന്നു പോലും ഇദ്ദേഹത്തിനു അറിയില്ല .


ഷെല്ലിയുടെ കവിതയിൽ ധ്വനിയുണ്ട്‌.എന്നാൽ ദസ്തയെവ്സ്കിയുടെ നോവലുകൾ വിശദമായ ചർച്ചകളിലാണ് നിലനില്ക്കുന്നത്. മഹത്തായ നോവലുകളിൽ ഭൂരിപക്ഷവും ദൈർഘ്യമേറിയതാണ്.ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്തിൻ്റെ ' ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം'(1913) ഏഴ് വാല്യങ്ങളിലായി 4215 പേജാണ്. നോർവീജിയൻ എഴുത്തുകാരനായ കാൾ ഒവ് നോസ്ഗോർ തൻ്റെ ആത്മകഥ നോവൽ രൂപത്തിൽ (മൈ സ്ട്രഗിൾ,2011 ) എഴുതിയത് ആറ് വാല്യങ്ങളിലാണ്‌.


ഇവിടെ പരാമർശിച്ച രണ്ടു ലേഖനങ്ങളും സൗന്ദര്യബോധം ,വായന ,ചിന്ത എന്നിവയോട് ആയിത്തം കല്പിച്ച സമകാലിക സാംസ്കാരിക അവസ്ഥയുടെ രണ്ട് ദുരന്ത പ്രതിനാധാനങ്ങളാണ്.


ബോധപൂർവ്വം


"അക്ഷരജാലക ' ത്തെക്കുറിച്ച്  ബോധപൂർവ്വം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞയാഴ്ച ഒരു ശ്രമം നടന്നു. എം.കൃഷ്ണൻ നായർ അന്തരിച്ച ശേഷമാണ് ഞാൻ 'അക്ഷരജാലകം' എന്ന കോളം എഴുതാൻ തുടങ്ങിയതെന്നാണ് ഒരാൾ  എഴുതിവച്ചത്.തെറ്റാണിത്. 1998 ഫെബ്രുവരി  മുതൽ കേരളകൗമുദിയിലാണ് ഞാൻ പംക്തി തുടങ്ങിയത് .മെട്രോവാർത്തയിലെ ഈ പംക്തിയുടെ ജനപ്രീതി  കണ്ട് തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നത്. ഇത് ഇരുപത്തി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സത്യം അറിയാമെങ്കിലും ചിലർ കളവു പ്രചരിപ്പിക്കുന്നു.  പക്ഷേ ,ഇത്  വായനക്കാരുടെ മുന്നിൽ വിലപ്പോകുമോ?



വാക്കുകൾ 


1)ഒഴിവാക്കാനാവാത്ത പിശാചിൻ്റെ  ശല്യമുണ്ടെങ്കിൽ മാത്രമേ എഴുതാനിരിക്കാവൂ .എഴുത്ത് ഭയാനകമാണ്.

ജോർജ് ഓർവെൽ ,

(ഇംഗ്ലീഷ് നോവലിസ്റ്റ് )


2 ) എങ്ങനെയെങ്കിലും കല്യാണം കഴിക്കാൻ നോക്ക്.നല്ല ഭാര്യയെ കിട്ടിയാൽ സന്തോഷമുണ്ടാകും; ചീത്ത ഭാര്യയെയാണ് കിട്ടുന്നതെങ്കിൽ തത്ത്വജ്ഞാനിയാകാം.


സോക്രട്ടീസ് ,

(ഗ്രീക്ക് ചിന്തകൻ)


3) പ്രണയം ഇല്ലാത്തതുകൊണ്ടല്ല, സൗഹൃദം ഇല്ലാത്തതുകൊണ്ടാണ് വിവാഹജീവിതം പരാജയപ്പെടുന്നത്.

ഫ്രഡറിക് നിഷേ,

(ജർമ്മൻ ചിന്തകൻ )



4)നമ്മൾ ഏറ്റവും ഊർജസ്വലമായിരിക്കുന്നത്  പ്രേമിക്കുമ്പോഴാണ് .

ജോൺ അപ്ഡൈക്ക് ,

(അമേരിക്കൻ നോവലിസ്റ്റ് )


5)ഒരിക്കലും പ്രേമിക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണ്  ഒരിക്കലെങ്കിലും പ്രേമിച്ച ശേഷം പിരിയുന്നത്.


ആൽഫ്രഡ് ലോർഡ് ടെന്നിസൺ ,

(ബ്രിട്ടീഷ് കവി) .


കാലമുദ്രകൾ


1) സുരാസു 


സ്വന്തം പബ്ലിക് റിലേഷൻ ഓഫീസറാവുകയോ പാർട്ടികൾക്ക് വേണ്ടി ദീർഘവീക്ഷണത്തോടെ അഭിപ്രായ പ്രചരണം നടത്തുകയോ ചെയ്യാതിരുന്നതുകൊണ്ട് നാടകകൃത്ത് സുരാസുവിനു അനുസ്മരണങ്ങളില്ല.


2)കെടാമംഗലം പപ്പുക്കുട്ടി


നിങ്ങൾ ഒരു തരക്കേടില്ലാത്ത പുരോഗമന കവിയോ  പുരോഗമന സാഹിത്യകാരനോ ആയിക്കോളൂ. പക്ഷേ,  പപ്പുക്കുട്ടി എന്ന ആദ്യ പുരോഗമന കവി ഇവിടെ വിയർത്തൊലിച്ച് നിൽക്കുകയാണ്.


3)യു .പി .ജയരാജ് 


സാംസ്കാരിക സംഘങ്ങളിലോ, ക്ലിക്കുകളിലോ  ജീവിച്ച്  സമർത്ഥമായ ചില വ്യക്തിഗത പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വിശ്വാസമില്ലാതിരുന്നതുകൊണ്ട് യു. പി ജയരാജിനു നല്ല കഥകൾ എഴുതുന്നതിൽ കവിഞ്ഞു വേറെ ഇടപെടലുകളൊന്നും ഇല്ലായിരുന്നു. 


4)വൈക്കം ചന്ദ്രശേഖരൻനായർ 


ഒരു യഥാർത്ഥ സാഹിത്യകാരൻ്റെ പരിവ്രാജകത്വവും  സംഗീതമധുരമായ പ്രസംഗവും വൈക്കം ചന്ദ്രശേഖരൻനായരിൽ ഭദ്രമായിരുന്നു. വൈക്കം ധാരാളം ചെറുപ്പക്കാരെ പ്രലോഭിപ്പിച്ചു .


5) ഫാ.ആബേൽ


ആബേലച്ചൻ എഴുതി കെ.കെ.ആൻറണി സംഗീതം നൽകി യേശുദാസ് ആലപിച്ച ഈശ്വരനെ തേടി ഞാൻ ,നിത്യനായ ദൈവത്തിൻ , പരിശുദ്ധാത്മാവേ, ദൈവമേ നിൻ ഗേഹമെത്ര മോഹനം തുടങ്ങിയ പാട്ടുകളിൽ ഒരു ലളിത(ഭക്തി)ഗാനത്തിൻ്റെ  സൗന്ദര്യം ആകെ ലയിച്ചു ചേർന്നിരിക്കുന്നു.


ആകാശത്തിനു ചുവട്ടിൽ 


മനുഷ്യൻ്റെ  ഉള്ളിൽ ഏകാന്തതയുടെ ഭക്ഷണം മാത്രം കഴിച്ച് വളരുന്ന ഒരു ഏകാകിയുണ്ട്. ആ ആന്തരവ്യക്തിയെ 'മിഠായിതെരുവ് ' എന്ന കഥയിൽ (മലയാളം,, ഒക്ടോബർ 19 )  ആവിഷ്കരിച്ച മുഹമ്മദ് റാഫി എൻ .വി തന്നെ കർമ്മവീഥി ചെറുകഥാരചനയുടേതാണെന്ന് തെളിയിച്ചിരിക്കുന്നു. കഥയിൽ ആദ്യവസാനം ഒരു നവാനുഭവത്തിൻ്റെ നിഷ്കളങ്കലാവണ്യം വായനക്കാരനു പകർന്നു കിട്ടുന്നുണ്ട്. ഒരു കോളേജിലെ പ്യൂൺ ആയ മുഹമ്മദ് സിദ്ദീഖ്  എന്ന യുവാവ് വിരസത മാറ്റാൻ ഒരു ലോട്ടറിവില്പനക്കാരിയുമായി ചങ്ങാത്തം കൂടുന്നതാണ് വിഷയം. യാതൊരു ഉപാധികളോ , ലക്ഷ്യങ്ങളോ ഇല്ലാതെ മനുഷ്യർക്ക് അടുക്കാനും കുറച്ചുസമയം സ്നേഹത്തോടെ വർത്തമാനം പറയാനും കഴിയേണ്ടതാണ്.അത് ആത്മാർത്ഥമായി  വീണ്ടെടുത്തതാണ് ഈ കഥയുടെ വിജയം. ഓരോ വ്യക്തിക്കും സ്വന്തമായി ഒരാകാശം ഉണ്ടെന്നും ആ കൂരയിൽ എപ്പോഴും അഭയം തേടാൻ കഴിയുമെന്നും ഈ കഥയുടെ  പാരായണ വേളയിൽ ഞാൻ ചിന്തിച്ചു .


ചോദ്യവും ഉത്തരവും 


 ഹീബ്രൂ നോവലിസ്റ്റ് ഏഷ്കോൾ  നെവോ  എഴുതിയ 'ദ് ലാസ്റ്റ് ഇൻറർവ്യൂ' എന്ന നോവൽ ഒരു അഭിമുഖത്തിൻ്റെ രൂപത്തിലാണുള്ളത്. ഈ വർഷമാണ് ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത്. ഒരെഴുത്തുകാരനോട് ഓൺലൈൻ ജേർണലിസ്റ്റ്  നടത്തുന്ന ദീർഘമായ സംഭാഷണമാണ് നോവൽ.


No comments:

Post a Comment