സാഹിത്യം ഒരു സങ്കല്പമായി കാണേണ്ട. അത് നമ്മുടെ അനുഭവമാണ്. യഥാർത്ഥമാണത്. കാരണം, ഒരു വായനക്കാരനെന്ന നിലയിൽ ഒരാൾ പലതിൻ്റെയും കലർപ്പാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പലരും അയാളിലുണ്ട്. കുടുംബാംഗങ്ങൾ ,കഥാപാത്രങ്ങൾ ,വാർത്തകൾ ,സിനിമകൾ തുടങ്ങി പലതും ചേർന്നതാണ് വ്യക്തി.
ഉറൂബിൻ്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുന്ന ഒരാൾ ആ നോവലിൻ്റെ 'നിഴൽ' എഴുത്തുകാരനായി മാറും. നിഴൽ എഴുത്തുകാരൻ എന്നാൽ യഥാർത്ഥ എഴുത്തുകാരൻ്റെ പകർപ്പിനു തുല്യമായ ഒരു പ്രതീതിയാണ്. വായനക്കാരൻ ഈ നോവൽ ഉള്ളിൽ വഹിക്കുകയാണ്. നോവൽ എഴുതി പുറത്തു വന്ന ശേഷം, ഒരാൾ വായിച്ചാൽ നോവലിസ്റ്റും വായനക്കാരനും ഒരേ നോവലാണ് വഹിക്കുന്നത്. വായിക്കുന്ന ആൾ കൃതിയുടെ രചയിതാവായി (നിഴൽ ) മാറുകയാണ്.അങ്ങനെ അത് വായനക്കാരൻ്റെ യാഥാർത്ഥ്യമാകുന്നു.
ക്ളാസിക്കൽ സങ്കല്പം മാറുന്നു
ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു നോവൽ പോലെ അഖണ്ഡമായ ,ആദിമധ്യാന്തങ്ങളുള്ള ,നിശ്ചിതമായ ഘടനയുള്ള ,ലക്ഷ്യമുള്ള ,കാലഗണനയുള്ള ഒരനുഭവമല്ല ഈ നൂറ്റാണ്ടിലെ പ്രേക്ഷകനു നേരിടാനുള്ളതെന്നാണ് .പുതിയ കാലം ആദിമധ്യാന്തങ്ങളുള്ള ,പ്രത്യേക ആശയ വ്യക്തിത്വമുള്ള അനുഭവങ്ങളെ നിരാകരിക്കുകയാണ്.
ഉറൂബിൻ്റെ നോവൽ ആദ്യ പേജ് തൊട്ടു വായിക്കണം .അവസാന പേജിലാണ് അവസാനിപ്പിക്കേണ്ടത്. അമ്പതാം പേജ് മുതൽ നൂറ്റിപ്പത്താം പേജ് വരെയുള്ള വായനയ്ക്ക് പ്രസക്തിയില്ല;അർത്ഥശൂന്യമാണത്. നളചരിതം കഥകളി അഖണ്ഡമായ ശില്പമാണ്.പൂർണമായി കാണുമ്പോഴാണ് അത് അനുഭവമാകുന്നത് .അത് ഇടയ്ക്ക് വച്ച് മുറിച്ചെടുക്കാൻ പാടില്ല.അതുകൊണ്ടു പ്രയോജനവുമില്ല. നോവൽ എത്ര പേജുണ്ടോ അത് മുഴുവൻ വായിക്കുമ്പോഴാണ് അതിന് അസ്തിത്വമുണ്ടാകുന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. ഇതാണ് മനുഷ്യൻ്റെ ക്ളാസിക്കൽ കലാനുഭവത്തിൻ്റെ കാതൽ. ഇത് ഈ നൂറ്റാണ്ട് അട്ടിമറിച്ചരിക്കുന്നു.
ഇന്ന് വിസ്തൃതമായ ,അഖണ്ഡമായ, ദീർഘിച്ച അനുഭവങ്ങൾക്ക് ബദലായി എസ്.എം.എസുകളും ലൈവ് ചാറ്റിംഗും ഫോൺ ഇൻ പ്രോഗ്രാമും വെബിനാറും ലിങ്കുകളും ഹൈപ്പർ ലിങ്കുകളും ബിനാലെകളുമാണ് ഉയർന്നു വന്നിട്ടുള്ളത്. ഇതെല്ലാം ഒരാൾക്ക് ഉപയോഗിച്ച് വലിച്ചെറിയാവുന്ന അനുഭവങ്ങളുടെ ചെറിയ തുണ്ടുകളാണ്. ബിനാലെയിൽ നൂറുകണക്കിനു കലാ നിർമ്മിതികളും പ്രദർശനങ്ങളും കണ്ടിറങ്ങുന്ന ഒരാൾ ഒരു സമസ്യയും നേരിടാതെ ,ആ ദൃശ്യങ്ങളെ അവിടെ ഉപേക്ഷിച്ചു മടങ്ങുകയാണ്. എന്നാൽ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' വായിക്കുന്ന ഒരാൾക്ക് അത് എവിടെയെങ്കിലും ഉപേക്ഷിച്ചു പോകാനാവില്ല. കാരണം അത് ബൃഹത്തും ദൈർഘ്യമുള്ളതും ഗാഢവുമായ ഒരു സൗന്ദര്യാത്മക സമസ്യയാണ്.
ഗൂഗിളും ചെമ്മീനും
ഇൻ്റർനെറ്റും ഗൂഗിളും മനുഷ്യാനുഭവങ്ങളെ ചിതറിക്കാൻ ഇടയാക്കി .ഗൂഗിൾ ഒരു പരതലിൻ്റെ സ്വാതന്ത്ര്യമാണ് നല്കിയത്.അനുവാചകൻ ,പ്രേക്ഷകൻ ,ഉപയോക്താവ്, വായനക്കാരൻ എല്ലാം ഒന്നായിക്കഴിഞ്ഞു.കേസരി ബാലകൃഷ്ണ പിള്ളയെപ്പോലെയോ ,എം.പി.ശങ്കുണ്ണി നായരെപ്പോലെയോ ഉള്ള വായനക്കാർ ഇനിയില്ല .ഗൂഗിളിൽ വായനക്കാരൻ്റെ സ്വഭാവഹത്യയാണ് നടക്കുന്നത്. ഏത് വഴിക്ക് കയറിയാലും വിവിധ തരം ലിങ്കുകൾ വന്ന് വശീകരിച്ചു കൊണ്ടുപോകും.പല രുചികൾ ഒരു പാത്രത്തിലിരുന്ന് വിളിക്കുന്നതു പോലെയാണ് ഗൂഗിൾ വിടരുന്നത്. അത് പാഞ്ചാലിയുടെ വസ്ത്രം പോലെ ,ഒരിക്കലും അവസാനിക്കില്ല. ഒരാൾക്കും അത് പൂർണമായി നോക്കാനാവില്ല. ഗൂഗിൾ പരതലിൻ്റെ ലോകം ഒരാളുടെ ജീവിതത്തേക്കാൾ ,മാനവരാശിയേക്കാൾ അനേകം മടങ്ങ് വലുതാകുകയാണ് ഓരോ ഘട്ടത്തിലും.ഗൂഗിളിന് ഒന്നാം പേജില്ല, തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനു ഒന്നാം പേജുണ്ട്. ഓരോ തിരച്ചിലുകാരനും ഗൂഗിൾ ഓരോന്നാണ്. അത് പിന്നീട് ആവർത്തിക്കുന്നതല്ല.'ചെമ്മീൻ' എല്ലാവർക്കും ഒരുപോലെയാണ്. തിരച്ചിൽ അനിശ്ചിതമായ ഒരു മനോനിലയിൽ നിന്നാണ് ഉണ്ടാകുന്നത്. രണ്ടു പേർ ഗൂഗിളിൽ കയറുന്നതും ഇറങ്ങുന്നതും രണ്ടു തരത്തിലാണ്. എന്നാൽ 'ചെമ്മീനി'ൽ അത് സാധ്യമല്ല .ഈ വ്യത്യാസമാണ് വർത്തമാനകാലത്തെ അനുഭവങ്ങൾ ആദിമധ്യാന്തമില്ലാത്തതാണെന്ന് തെളിയിക്കുന്നത്.
കമ്പ്യൂട്ടർ ഗെയിമിൽ കളിക്കുന്നവൻ്റെ മനോനിലയനുസരിച്ചാണ് കളി നടക്കുന്നത്.ഇൻ്റർനെറ്റിൽ ഇതിനു സമാനമാണ് അവസ്ഥ.പ്രേക്ഷകൻ്റെ ,വിവരദാഹിയുടെ ഊഴമാണിത്. അവൻ വ്യക്തിത്വം തലയിൽ ചുമന്നുകൊണ്ടു നടക്കുന്നവനല്ല. അവൻ വിനോദവും വിവരവും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നവനാണ്. ഇതാണ് പുതിയ മാനസികാസ്ഥ. വിശ്വാസം ,പ്രണയം തുടങ്ങിയവയും ഇതുപോലെ വലിച്ചെറിയപ്പെടുകയാണ്. അതുകൊണ്ടാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്. വിനോദമില്ലെങ്കിൽ ഒന്നിനും നിലനില്പ് ഇല്ലത്രേ.വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്നതു പോലും വീഡിയോ ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
നിഴൽ വ്യക്തിത്വമല്ല
ഇന്നത്തെ പ്രേക്ഷകൻ പാരമ്പര്യത്തിൻ്റെയോ തടിച്ച ഗ്രന്ഥങ്ങളുടെയോ നിഴൽ വ്യക്തിത്വമല്ല. അവൻ ആശയങ്ങളുടെയും ചരിത്രത്തിൻ്റെയും ഭാരം ഇഷ്ടപ്പെടുന്നില്ല. അവൻ്റെ വൈകാരിക ഭാരം വളരെ വലുതായതാണ് ഇതിനു കാരണം. അവൻ ഓരോ നിമിഷവും വിവിധ മാധ്യമങ്ങളിൽ ഇടപെടുന്നതാകയാൽ അതിൻ്റെ സംഘർഷമനുഭവിക്കേണ്ടി വരുന്നു. അനാവശ്യമായി പിരിമുറുക്കത്തിനു വിധേയനാകുന്നു. അയാൾക്ക് പ്രിയം സ്വന്തം അനുഭവങ്ങളുടെ തുണ്ടുകളുമായി കഴിയാനാണ്.ഒരു റിംഗ്ടോൺ സംഗീതം ,മൊബൈൽ ഫോൺ വാൾപേപ്പർ , വാട്സപ്പ് വീഡിയോ ,പാട്ടുകൾ , വാർത്തകൾ ,അശ്ലീല പോസ്റ്റുകൾ ,തെറികൾ ,കോമഡി ഷോകൾ ,പരസ്യങ്ങൾ ,റേഡിയോ ജോക്കികളുടെ സംഭാഷണം ,യു ട്യൂബ് ചിത്രങ്ങൾ ... ഇതെല്ലാം ഇന്നത്തെ പ്രേക്ഷകൻ്റെ ചിതറിയ നേർ ചിത്രങ്ങളാണ്.ഇതിനൊന്നും ആദിമധ്യാന്തമില്ല. പ്രേക്ഷകനു പഴയ സ്ഥൂലമായ ,വിഘടിപ്പിക്കാനാവാത്ത ,ശില്പസമാനമായ ക്ളാസിക്കൽ അനുഭവങ്ങൾക്ക് പകരം നൈമിഷികവും സ്വതന്ത്രവും എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതും സ്വയം നിയന്ത്രിക്കാവുന്നതും സാഹസികവും പുതുമ നിറഞ്ഞതുമായ ജീവിത സന്ദർഭങ്ങളാണ് ലഭിക്കുന്നത്. ഇതെല്ലാം ചേർന്നതാണ് അവൻ്റെ യാഥാർത്ഥ്യം.
വാക്കുകൾ
1) ദൈവത്തിനു നന്ദി;ഞാനിപ്പോഴും ഒരു നിരീശ്വരവാദിയാണ്.
ലൂയി ബുനുവൽ ,
(സ്പാനീഷ് ,മെക്സിക്കൻ ചലച്ചിത്ര സംവിധായകൻ)
2) പണമുപയോഗിച്ച് വാങ്ങാൻ കഴിയുന്ന കാര്യങ്ങളിൽ പണം ചെലവഴിക്കുക; എന്നാൽ പണംകൊണ്ട് വാങ്ങാനാവാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയം ചെലവഴിക്കുക.
ഹാറുകി മുറകാമി,
(ജാപ്പനീസ് എഴുത്തുകാരൻ )
3)കവിത വികാരങ്ങളുടെ കുത്തൊഴുക്കല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ് .അത് വ്യക്തിത്വത്തിൻ്റെ പ്രകാശനമല്ല;അതിൽ നിന്നുള്ള രക്ഷപ്പെടലാണ്. വ്യക്തിത്വവും വികാരവുമുള്ളവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയാണെന്നറിയാം.
ടി.എസ്.എലിയറ്റ് ,
(ഇംഗ്ളീഷ് കവി)
4)വില്ലൻ എത്രകണ്ട് വിജയിക്കുന്നുവോ അത്രത്തോളം സിനിമയും വിജയിക്കും.
ആൽഫ്രഡ് ഹിച്ച്കോക്ക് ,
(ഇംഗ്ളീഷ് ചലച്ചിത്ര സംവിധായകൻ)
5)പല മതങ്ങളും പഠിക്കുന്ന ഒരു വിദ്യാർത്ഥിയായാണ് ഞാൻ എന്നെ കാണുന്നത്. പഠിക്കുന്തോറും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാവുകയാണ്. ആത്മീയമായ അന്വേഷണം ജീവിതകാലമത്രയും നീളുന്ന ഒരു പണിയാണ്.
ഡാൻ ബ്രൗൺ ,
അമെരിക്കൻ നോവലിസ്റ്റ്
കാലമുദ്രകൾ
1)വിക്ടർ ലീനസ്
കഥാപാത്രങ്ങൾ ആന്തരിക മനസ്സുള്ളവരാണെന്നും അവർ ഓരോ നിമിഷവും തനിച്ച് ജീവിക്കുകയാണെന്നുമുള്ള അറിവ് നേടിയതിനു ശേഷമാണ് വിക്ടർ ലീനസ് കഥയെഴുതാനിരുന്നത്.
2) പി.കെ.ബാലകൃഷ്ണൻ
ഒരു മികച്ച നോവൽ പല തലങ്ങളിൽ ,അർത്ഥങ്ങളിൽ വായിക്കാൻ കഴിയുന്നതാണെന്നും മഹത്തായ കല പലപ്പോഴും അവ്യക്തമാണെന്നും പറഞ്ഞ പി.കെ.ബാലകൃഷ്ണൻ നവീനകലയെയാണ് സ്പർശിച്ചത്.
3)നരേന്ദ്രപ്രസാദ്
'പതിനൊന്ന് കഥകൾ'ക്കും കടമ്മനിട്ടയുടെ കവിതകൾക്കും അവതാരിക എഴുതിയ നരേന്ദ്രപ്രസാദിനെ നമുക്ക് നഷ്ടപ്പെടാനിടയാക്കിയത് അദ്ദേഹത്തിൻ്റെ അഭിനയമോഹമാണ്.
4)ജയഭാരതി
ഭരതൻ്റെ സംവിധാനത്തിൽ ജയഭാരതി അഭിനയിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ (രതിനിർവ്വേദം,ഗുരുവായൂർ കേശവൻ ,സന്ധ്യമയങ്ങും നേരം ) മാത്രമാണ്. ജയഭാരതിയും ഭരതനും ചേർന്നാൽ റൊമാൻറിക് സെക്സിൻ്റെ സൗന്ദര്യാത്മകമായ മാജിക് സംഭവിക്കുമായിരുന്നു.അത് ശരിക്കും മിസ് ചെയ്യുന്നുണ്ട്.
5)ജോയ് മാത്യൂ
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'അരനാഴികനേരം' മലയാളത്തിലുണ്ടായ ലോകനിലവാരമുള്ള സിനിമയാണെന്ന നടൻ ജോയ് മാത്യുവിൻ്റെ അഭിപ്രായം നമ്മുടെ ചലച്ചിത്ര ചർച്ചകൾക്കിടയിൽ കാതൽ തെളിഞ്ഞു വരുന്നതിൻ്റെ ലക്ഷണമാണ്.
ഓരോ പുസ്തകവും
'കുറ്റവും ശിക്ഷയും 'എഴുതിയ അനൂപ് അന്നൂർ (ചന്ദ്രിക ആഴ്ചപ്പതി പ്പ് ,ജൂലൈ 18 ) വളരെ പരിചിതമായ വിഷയത്തെ സൂക്ഷ്മമായ ചിന്തകളോടെ ഉജ്വലമാക്കി. ധാരാളം പുസ്തകങ്ങൾ അച്ചടിച്ച് വിറ്റ് ജീവിതത്തിൽ നശിച്ച ഒരു പ്രസാധകൻ്റെ മരണശേഷം അയാളുടെ ഭാര്യ അനുഭവിക്കുന്ന വ്യഥയും പ്രതിസന്ധിയുമാണ് വിഷയം. അവർ പിന്നീട് പുസ്തകങ്ങൾ കത്തിച്ചുകളയുകയാണ് പതിവ് .വീട്ടിൽ പുസ്തകം കൊണ്ടുവന്നാൽ മകനെ ശകാരിക്കും. എന്നാൽ മകന് യാദൃച്ഛികമായി ഒരു ഡോക്ടർ ദസ്തയെവ്സ്കിയുടെ 'കുറ്റവും ശിക്ഷയും 'വായിക്കാൻ കൊടുക്കുന്നതോടെ അവൻ ആകെ മാറുന്നു. അവന് പുസ്തകങ്ങളിലെ അമൃത് സാവധാനം ബോധ്യമാകുന്നു. കഥാകൃത്ത് എഴുതുന്നു: "മനുഷ്യന്മാരെപ്പോലെ മണ്ണിലുള്ള ഓരോ പൊട്ടും പൊടിയും അത് അർഹതപ്പെട്ടവരെ കാത്തിരിക്കുന്നു ...പുസ്തകങ്ങളും ".
വളരെ കരുതലോടെ ,സൗമ്യമായി കഥാകൃത്ത് അനൂപ് ജീവിതത്തിൻ്റെ വലിയൊരു രഹസ്യം അനാവൃതമാക്കിയിരിക്കുന്നു.
പത്മനാഭൻ്റെ കഥയെക്കുറിച്ച്
ടി.പത്മനാഭൻ്റെ കഥയിലെ വൈകാരിക പ്രപഞ്ചത്തിനു അതിൻ്റേതായ ശുദ്ധതയും ലക്ഷ്യവുമുണ്ട്. അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് രാജേന്ദ്രൻ എടത്തുംകര എഴുതിയ 'ടി.പത്മനാഭൻ ഒരു സമീപദൃശ്യം' (സാഹിത്യചക്രവാളം, സെപ്റ്റംബർ ) എന്ന ലേഖനം ആത്മശോഭയോടെ നില്ക്കുകയാണ്.അദ്ദേഹം എഴുതുന്നു: ''പ്രണയത്തെ എഴുതുമ്പോൾ പോലും പത്മനാഭനിൽ ,കേവല മസൃണതയുടെ ലോല പുഷ്പങ്ങളല്ല ,ഭൂതദയയും കരുണയുമാണ് പുഷ്പിക്കുന്നത്. "
ഇതിനോട് ആരും വിയോജിക്കില്ല. പത്മനാഭൻ്റെ കഥയിലെ ഒരു വാക്യം ഇങ്ങനെയാണ്: ''ഞാൻ കവിയും അവൾ എൻ്റെ ഭാവനയ്ക്കപ്പുറമുളള ആശയവുമായിരുന്നു."
പത്മനാഭൻ എഴുതിയ 'സത്രം' (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ചാലും ഇത് വ്യക്തമാവും .ഇവിടെ കൃഷിയും കവിതയും പ്രകൃതിയും സ്നേഹ ബന്ധങ്ങളുമെല്ലാമാണ് കഥയായി രൂപാന്തരപ്പെടുന്നത് .
No comments:
Post a Comment