Friday, November 27, 2020

അക്ഷരജാലകം / എം.കെ.ഹരികുമാർ / മനുഷ്യാവസ്ഥയുടെ കാട് /metrovartha, 23-11-2020


ചീത്തക്കവിതകൾ  ഉണ്ടാകാൻ കാരണം സാഹിത്യസംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയാണെന്ന് എലിയറ്റിനെപ്പോലുള്ള വിമർശകർ പറഞ്ഞിട്ടുള്ളതാണ്. ചീത്തക്കവിതകൾ ഉണ്ടോ എന്ന് ചോദിച്ചേക്കാം. ഇതൊരു സൗന്ദര്യാത്മകപ്രശ്നമാണ്. അജ്ഞത സ്ഥിരമായി ദൂരീകരിക്കപ്പെടുന്നതല്ല. അത് ഓരോ ഘട്ടത്തിലുമുണ്ട്. അതാതുകാലത്തെ അന്ധവിശ്വാസങ്ങളും വഴക്കങ്ങളും സാഹിത്യതമസ്സായി രൂപാന്തരം പ്രാപിച്ച്‌  മനുഷ്യരാശിയെ കഷ്ടപ്പെടുത്തും.ഓരോ കാലത്തും അജ്ഞതയെ നേരിടേണ്ടി വരും. സ്വയം അനുകരിക്കുന്നത് ഇതിൻ്റെ ഭാഗമാണ്.കാലികമായ അന്ധതയുണ്ട്. ഒരു കാലഘട്ടം അന്വേഷണങ്ങൾ അവസാനിപ്പിക്കുന്ന സമയമാണത്. അതിൻ്റെ ഉപകരണങ്ങളുടെ മൂർച്ചയുള്ള ഭാഗം തേഞ്ഞ് ഉപയോഗശൂന്യമായി തീരുമ്പോൾ ,മറ്റൊന്ന് തേടാനുള്ള പ്രയാസം കാരണം പഴയതു തന്നെ  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ട്. ഇത് മുതിർന്ന എഴുത്തുകാരിലും പ്രസാധകരിലും പത്രാധിപന്മാരിലും സംഭവിക്കും. പഴയതു തന്നെ വീണ്ടും വീണ്ടും ചർച്ച ചെയ്ത് ,പുതിയ അന്വേഷണങ്ങളില്ലാതെ അവനവനിലേക്ക് ചുരുണ്ടുകൂടുന്ന അവസ്ഥയുണ്ട് .ഇത് നമ്മുടെ ഭാഷയിലുമുണ്ട് .


കഴിഞ്ഞ നൂറ്റാണ്ടിൻ്റെ  ആദ്യവർഷങ്ങളിൽ കുമാരനാശാൻ 'വീണപൂവ്' എഴുതിയത് ഈ അജ്ഞതക്കെതിരെയുള്ള  പടപ്പുറപ്പാട് എന്ന നിലയിലാണ് കാണേണ്ടത്. ശ്രംഗാര ,രതി, ഭക്തി ,ചമല്ക്കാര ഭ്രാന്തുകൾക്കിടയിൽ നഷ്ടപ്പെടുന്ന കവിത തൻ്റേതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് നിഷേധാത്മകവും പ്രകോപനപരവും മൃത്യുസമാനവുമായ   പ്രമേയം സ്വീകരിച്ചുകൊണ്ടാണ്. ചെടിയിൽ വിടർന്നു നിൽക്കുന്ന പൂവിനെ പെണ്ണുങ്ങൾ മാത്രമല്ല, കവികളും വാഴ്ത്തും .തങ്ങൾക്കില്ലാത്ത സൗന്ദര്യം അവർ പൂവിൽ കാണുകയാണ്. പൂക്കൾ അവയുടെ സൗന്ദര്യം അറിയുന്നില്ലല്ലോ. പൂക്കൾ വൃത്തികേടിനെയാണ് മറച്ചു പിടിക്കുന്നതെന്ന, ഫ്രഞ്ച് നാടകമെഴുത്തുകാരൻ ഷാൻ ഷെനെ യുടെ വാക്യം തമസ്സുകളെ ഓർമിപ്പിക്കുന്നു. നമ്മുടെ നിർദ്ദയമായ  ജീവിതരോഹണങ്ങൾക്കിടയിൽ ചവിട്ടിമെതിക്കപ്പെട്ട യാഥാർത്ഥ്യമാണ്  ആശാൻ്റ  പ്രമേയം. വീണുകിടക്കുന്ന പൂവിന് ക്ഷേത്രങ്ങളിലോ രാജകൊട്ടാരങ്ങളിലോ ഭവനങ്ങളിലോ  സ്ഥാനമുണ്ടാകുകയില്ലല്ലോ. ആ പൂവിനോടൊപ്പമാണ് താനെന്ന് പറഞ്ഞതിലൂടെ ആശാൻ മൃത്യുവിനെയും ദാർശനികമാക്കുന്നു. മനുഷ്യൻ ഒരേസമയം വീണപൂവും മൃത്യുവുമാണെന്ന് പറയുന്നിടത്ത്  സൗന്ദര്യത്തിൻ്റെ  ഒരു പുതിയ തരംഗമുണ്ട്. 


കാടുവെട്ടുന്നവർ


എന്നാൽ ഇപ്പോൾ സൗന്ദര്യത്തിൻ്റെ  തലമൊന്നും വേണ്ട ; അവരവർക്ക് ആവശ്യമുള്ള കവിത  എഴുതിയെടുത്താൽ മതി .അതിനു സംസ്കാരവുമായി ബന്ധമില്ല .ഭാവുകത്വം മരിച്ചു .ഒരു പ്രത്യേക വൈകാരികാനുഭവമോ  ആശയപരമായ ഭാവനയോ ആവശ്യമില്ല .എഴുതിക്കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹിത്യ ഭാവുകത്വം .അതുകൊണ്ടാണ് കവിത ജനാധിപത്യവത്ക്കരിക്കപ്പെടുകയാണെന്ന നാട്യത്തിൽ ചീത്ത അഭിരുചികളുടെ തലത്തിലെത്തിയത്. മലയാളകവിതയിൽ ഇപ്പോൾ പൊതുവേ യാതൊരു അസ്തിത്വ പ്രശ്നങ്ങളുമില്ല;വെറും  വ്യക്തിഗത പ്രതികരണങ്ങളേയുള്ളൂ. അതാകട്ടെ ആരെയും അലോസരപ്പെടുത്തുന്നില്ല; ചിന്തിപ്പിക്കുന്നില്ല .ഭാഷയുടെ ജീർണതയിലേക്ക്  തന്നെ വീണ്ടും കവികൾ എത്തിച്ചേരുന്നു.


സാഹിത്യത്തിൽ ഈ അലസത , സത്യത്തോടുള്ള വിമുഖത ,അരാഷ്ട്രീയത , ഉപരിപ്ളവത ഇന്ന് സാർവത്രികമാണ്‌. അഭിരുചികൾ നഷ്ടപ്പെട്ടവരുടെ അന്ധാളിപ്പ് എന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്. പുരോഗമനസാഹിത്യവും സാഹിത്യഅക്കാദമി സാഹിത്യവും ഈ ലക്ഷ്യം നിറവേറ്റുന്നില്ല. ഇതാ ഒരു ഉദാഹരണം. ആലങ്കോട് ലീലാകൃഷ്ണൻ കാല്പനിക ഭാവുകത്വത്തിൻ്റെ  ജീർണതയുടെ തടവറയിലാണല്ലോ എഴുതുന്നത്.അദ്ദേഹം തൻ്റെ  അവികസിതമായ ഭാവുകത്വചിന്തയെക്കുറിച്ച് സംസാരിക്കാൻ വയലാറിൻ്റെ  'വൃക്ഷം' എന്ന കവിത (പ്രഭാതരശ്മി, സെപ്റ്റംബർ ) തിരഞ്ഞെടുത്തിരിക്കുന്നു. 'വൃക്ഷ'ത്തെക്കുറിച്ച് എഴുതിയ ലേഖനം ( പരിണാമത്തിൻ്റെ അമൃതസംഗീതം) എങ്ങനെ  കാലഹരണപ്പെട്ടുതും  അപ്രസക്തവുമായ ഒരു സാഹിത്യവിചാരത്തെ ഇപ്പോഴും ചിലർ പിൻപറ്റുന്നു  എന്നതിന് തെളിവാണ് .ലേഖകൻ  പറയുന്നതുപോലെ 'വൃക്ഷം' എന്ന കവിത മാർക്സിൻ്റെയോ ഏംഗൽസിൻ്റെയോ  ചിന്തയല്ല; അവർക്ക്  പ്രകൃതി  കീഴടക്കാനുള്ളത്  മാത്രമായിരുന്നു .അവർ മനുഷ്യനെ കേന്ദ്രീകരിച്ചാണ് എഴുതിയത്. ലേഖകൻ  വളരെ ബാലിശമായി എഴുതുന്നു: "വൃക്ഷം ഒരിക്കലും വൃക്ഷമായി അവസാനിക്കുന്നില്ല എന്നതാണ് വയലാർ ഈ  കവിതയിലൂടെ സൃഷ്ടിക്കുന്ന ആധുനികവും ശാസ്ത്രീയവുമായ പരിസ്ഥിതി സൗന്ദര്യദർശനം" .വൃക്ഷത്തിൻ്റെ  കൊമ്പ് വെട്ടി വീണ ഉണ്ടാക്കുന്ന കാര്യമാണത്രേ  വയലാർ ഉദ്ദേശിച്ചത്; അസംബന്ധമാണിത്. ഇതിൽ ഖുർആനും ഉപനിഷത്തുമുണ്ടെന്ന നിരീക്ഷണം ചിരി പടർത്തി. എല്ലാവരെയും സന്തോഷിപ്പിക്കാൻ കരുതിക്കൂട്ടി പലതും അദ്ദേഹം  ഉദ്ധരിക്കുകയാണ്.


വയലാർ  മനുഷ്യൻ എന്ന പ്രകൃതിവസ്തുവിനെ  മരമായി സങ്കൽപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .അതുകൊണ്ടാണ് ഞാൻ ഒരു മരമായിരുന്നു എന്ന് ആദ്യം തന്നെ കവിതയിൽ പറയുന്നത്. പച്ചിലകൾകൊണ്ട് നഗ്നത മറച്ചു എന്ന് കവി എഴുതിയത് മനുഷ്യൻ കാട്ടിൽ വളർന്നു എന്ന് സൂചിപ്പിക്കാനാണ്. മനുഷ്യൻ കാടാണ്. അവൻ തലയിൽ കാടുമായാണ് നടക്കുന്നത്. ഇത് മനുഷ്യാവസ്ഥയുടെ കാടാണ് ;ഭൂതകാലത്തിൻ്റെയും. ഈ വിഷയം ചിലിയൻ കവി പാബ്ളോ നെരൂദ എഴുതിയിട്ടുണ്ട്. ഇതൊന്നും ലേഖകന് അറിയില്ല. പ്രകൃതിയെ മാറ്റുകയാണ് മനുഷ്യനെന്നും ഇത് അനിവാര്യമാണെന്നും എഴുതുന്ന ലീലാകൃഷ്ണൻ പ്രകൃതിവിരുദ്ധനാണ്. അതായത് ,കാടു വെട്ടി പട്ടണം നിർമ്മിക്കാമെന്ന്‌ ! .


വായന എന്ന ജ്വരം


നോർവീജിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നാഹോർകേ ' ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്' (1989) ,'വാർ ആൻഡ് വാർ ' (1999) തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും മാൻ ബുക്കർ പ്രൈസ് ജേതാവുമാണല്ലോ. അദ്ദേഹം രചനയുടെ പരമോന്നതമായ അനുഭൂതിയും സ്ഥാനവും തിരിച്ചറിയുന്ന എഴുത്തുകാരനാണ്. ഇപ്പോൾ നല്ല സാഹിത്യം ഉണ്ടാകുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ  അഭിപ്രായം. ലോകത്തിൻ്റെ  മനുഷ്യാവസ്ഥയെ സാംസ്കാരികവത്ക്കരിച്ച പ്രതിഭയാണ് അദ്ദേഹം .'ദ് വൈറ്റ് റിവ്യു ' മാഗസിൻ്റെ ഒക്ടോബർ ലക്കത്തിൽ അദ്ദേഹവുമായി ഒരഭിമുഖമുണ്ട്. തൻ്റെ  നിഷ്കൃഷ്ടമായ വായനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ''ഞാൻ കാഫ്കയെ വായിക്കാത്തപ്പോൾ കാഫ്കയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കും. കാഫ്കയെക്കുറിച്ച് ചിന്തിക്കാത്തപ്പോൾ ഞാനതിൻ്റെ  നഷ്ടബോധത്തിലാണ് .നഷ്ടബോധത്തിലായിരിക്കുമ്പോൾ ഞാൻ വീണ്ടും കാഫ്കയെ വായിക്കാനെടുക്കും. ഇങ്ങനെയാണ് എൻ്റെ വായന പ്രവർത്തിക്കുന്നത് .ഹോമർ ,ദാന്തെ ,ദസ്തയെവ്സ്കി തുടങ്ങിയവരുടെ  കാര്യത്തിലും ഇതുതന്നെയാണ് രീതി".


വായന ഒരു ഗാഢജീവിതമാണ്. ഒഴിവാക്കാനാവാത്ത വിധം ജീവിതത്തെ എപ്പോഴും പിന്തുടരുകയാണത്. ഒരു ജ്വരമാണതിലൂടെ ശക്തി പ്രാപിക്കുന്നത്; ജീവിച്ചിരിക്കാനുള്ള ഒരു കാരണം പോലെ .


 സാഹിത്യം എങ്ങനെ മറ്റൊരു വിതാ നത്തിൽ വായനക്കാരനോടു സംവദിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്  ഇതാണ്: ''ലോകത്തെ അറിയുന്നതാകണം കൃതി. വിനോദത്തിനുവേണ്ടിയാവരുത്.  ജീവിതത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ആഗ്രഹിക്കാതെ, വീണ്ടും വീണ്ടും ജീവിക്കാൻ ആഗ്രഹിക്കുന്ന , നമുക്കൊരു  ജീവിതമുണ്ടെന്ന് തിരിച്ചറിയുന്ന, അതിലൊരു പങ്കുണ്ടെന്നു മനസ്സിലാക്കുന്ന, വേദനാജനകവും മനോഹരവുമായ എല്ലാറ്റിലും  പ്രത്യേകമായി അഭിരമിക്കുന്ന  ആളുകൾക്ക് വേണ്ടിയായിരിക്കണം  സാഹിത്യകൃതികൾ എഴുതപ്പെടേണ്ടത് " .


അവനവൻ്റെ ആന്തരികതയാണ് വായനയിൽ തിരിച്ചറിയപ്പെടുന്നത്. അത് സാധ്യമാക്കാൻ എഴുത്തുകാരൻ സ്വയം തിരയേണ്ടതുണ്ട്.


സ്വാതന്ത്ര്യം നേടൂ 


എന്നാൽ നമ്മുടെ നാട്ടിൽ  സ്വന്തം ചിന്താസ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊന്നും ആലോചിക്കാത്തവർ അർത്ഥരഹിതമായ ,കപടവാദങ്ങൾ  ഉയർത്തുകയാണ്.  കഴിഞ്ഞദിവസം പനങ്ങാട് സ്വദേശിയായ  പ്രദീപ് എന്നൊരു യുവലേഖകൻ മലയാളസാഹിത്യത്തിൽ വിമർശനമേ ഇല്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിൽ  പ്രഖ്യാപിച്ചിരിക്കുന്നു. എന്തും പറയുന്നതും സ്വാതന്ത്ര്യം തന്നെ. ഇത് ആരെയോ തൃപ്തിപ്പെടുത്താനാകാം. സഹതാപം തോന്നി. ഇദ്ദേഹം സാംസ്കാരിക ഫീച്ചറുകൾ എഴുതാറുണ്ട്. അതിനുപുറമേ സക്കറിയയെക്കുറിച്ചുള്ള ഫീച്ചറുകൾ ഒരു വ്രതം പോലെ ഏറ്റെടുത്ത് ചെയ്യാറുണ്ട്. ഒരെഴുത്തുകാരൻ്റെ തോളിൽ തൂങ്ങി  നടന്നാൽ ഇതുപോലെയുള്ള മണ്ടത്തരങ്ങൾ പറയേണ്ടിവരും. സ്വന്തം കാലിൽ നിന്നു  ചിന്തിക്കൂ.  ഇദ്ദേഹം വേണമെങ്കിൽ ഇങ്ങനെ പറയും: പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച്  സാഹിത്യം തീരെ മോശമാണ്! . കാരണമെന്താണ്? ഇദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം വായിച്ചിട്ടില്ലല്ലോ.


വാക്കുകൾ 


1) പെണ്ണുങ്ങൾ ആണുങ്ങളെപ്പോലെ വിജയം വരിക്കില്ല; കാരണം അവരെ ഉപദേശിക്കാൻ ഭാര്യമാരില്ലല്ലോ .


ഡിക്ക് വാൻ ഡൈക്ക് ,

(അമെരിക്കൻ നടൻ)


2)ദൈവത്തെ യഥാർത്ഥ്യത്തിൻ്റെ  കേന്ദ്രസ്ഥാനത്തുനിന്നു മാറ്റി പകരം മനുഷ്യനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ആധുനികത ചെയ്തത്. വ്യക്തിക്കും വ്യക്തിവാദത്തിനുമാണ് അത് ഊന്നൽ കൊടുത്തത്.


സെയ്യിദ് ഹൊസീൻ നാസർ,

(ഇറാനിയൻ ഇസ്ലാമിക ചിന്തകൻ)


3)ഒന്നുറക്കെ  കരയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദത പാലിക്കുന്നത് മനുഷ്യവംശത്തിനെതിരായ ഒരു കുറ്റകൃത്യമാണ്.


നാദ്ഷ്ദാ മാൻഡൽസ്റ്റം, 

(റഷ്യൻ - ജൂവിഷ് എഴുത്തുകാരി )


4)മനുഷ്യനെ ഏറ്റവുമധികം സാംസ്കാരികവത്ക്കരിക്കുന്ന ശക്തി മതമല്ല, ലൈംഗികതയാണ് .


ഹ്യൂഗ് ഹെഫ്‌നർ,

(അമെരിക്കൻ പ്രസാധകൻ) 


5)മിക്ക ആളുകളും ഈ  നിമിഷത്തിൽ ജീവിക്കുന്നില്ല; അവർ അബോധമായി വിശ്വസിക്കുന്നത് അടുത്ത നിമിഷം കൂടുതൽ പ്രധാനമായിരിക്കുമെന്നാണ്. അങ്ങനെ ജീവിതമാകെ അവർ നഷ്ടപ്പെടുത്തുന്നു .

എക്കാർട്ട് തോൾ,

(ജർമ്മൻ മനശ്ശാസ്ത്ര ഗ്രന്ഥകാരൻ )


കാലമുദ്രകൾ


1)എം.കെ.രാമചന്ദ്രൻ 


ഉത്തരാഖണ്ഡിലൂടെ ,തപോഭൂമി ഉത്തരാഖണ്ഡ്, ആദികൈലാസയാത്ര ,ദേവഭൂമിയിലൂടെ തുടങ്ങിയ നല്ല പുസ്തകങ്ങളെഴുതിയ എം. കെ. രാമചന്ദ്രൻ  പുരസ്കാരങ്ങളോടോ  സ്ഥാപനങ്ങളോടോ താൽപര്യമില്ലാതെ അകന്നു കഴിയുകയാണ്.ഇത്  ബഹുമതികളിൽ അമിത താല്പര്യമെടുക്കുന്നവരെ തുറന്നു കാണിക്കാൻ സഹായകമാണ്.


2)കെ.ടി.മുഹമ്മദ് 


കെ. ടി. മുഹമ്മദിൻ്റെ നാടകങ്ങൾ (ഇത് ഭൂമിയാണ്, ഊരും പേരും, അച്ഛനും ബാപ്പയും, പെൻഡുലം  തുടങ്ങിയവ) മനുഷ്യൻ്റെ ദൈനംദിന ജീവിതത്തെ അപഗ്രഥിച്ചു .എന്നാൽ അദ്ദേഹം വർത്തമാനം പറയുന്നതു പോലും ഒരു കലാശില്പമായിരുന്നു.


3) മോഹൻ രാഘവൻ 


ടി .ഡി .ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ഒരൊറ്റ സിനിമയിലൂടെ  പുതിയ ക്രാഫ്റ്റ് അവതരിപ്പിച്ച സംവിധായകനാണ്  മോഹൻ രാഘവൻ .പതിനഞ്ച് സിനിമകൾ ചെയ്തവർക്ക് പോലും സ്വന്തം ക്രാഫ്റ്റ് ഇല്ലാത്ത പശ്ചാത്തലത്തിൽ ഇതിനു ഉന്നത മൂല്യമുണ്ട്.


4)ആർ .നരേന്ദ്രപ്രസാദ്


നരേന്ദ്രപ്രസാദിൻ്റെ നിരീക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരുന്നു. ആധുനികതയും മാർക്സിസവും ചേരുന്ന ഒരു പുതിയ ഭാവുകത്വത്തെക്കുറിച്ച്‌ എൺപതുകളിൽ അദ്ദേഹം സൂചന തന്നിരുന്നു. എന്നാൽ അത് പിന്നീട് വികസിച്ചില്ല.


5)എ.അയ്യപ്പൻ


അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാൻ മത്സരിക്കുന്നവർക്കിടയിൽ, സകലതും ഉപേക്ഷിച്ചു ആത്മാവിൻ്റെ പരിവ്രാജകത്വം  അന്വേഷിച്ചിറങ്ങുകയാണ് അയ്യപ്പൻ ചെയ്തത് .


നോവൽ 


കേരളത്തിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ഗവേഷണം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ച ബാബു പെരളശ്ശേരി ഒഴുക്കിനെതിരെ തുഴയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിൻ്റെ പുതിയ നോവലാണ് 'നിങ്ങൾ മറന്നിട്ടു പോയ പേന '.(വിസ്മയ ബുക്സ് ,തിരുവനന്തപുരം). സമകാല സാമൂഹിക ജീവിതത്തിലെ സംഘർഷങ്ങളെ  സ്വന്തം നിലയിൽ വിലയിരുത്തുന്ന ഈ നോവൽ പുതിയ ധർമ്മസങ്കടങ്ങൾ അനുഭവിക്കുന്നവരെ അഭിസംബോധന ചെയ്യുകയാണ് .

മാറിയ ലോകത്ത് മനുഷ്യബന്ധങ്ങൾ അസ്തമിക്കുന്നതും ജീവിതം തന്നെ വിഷമവൃത്തമാകുന്നതും നോവലിൽ  ചർച്ച ചെയ്യുന്നു. ചിതലരിക്കുന്ന മഹാസംസ്കാരത്തിൻ്റെ  ദുരന്ത വാർത്തകളാണ് നോവൽ നിറയെ . ആത്മാർത്ഥതയോടെ എഴുതിയ കൃതിയാണിത് ;ഒരു അധികാരവ്യവസ്ഥയുടെയും  പിന്തുണയില്ലാതെ .


ഫെർലിംഗെറ്റി  പുസ്തകക്കട


അമേരിക്കൻ കവി ലോറൻസ് ഫെർലിംഗെറ്റിയുടെ 'സിറ്റി ലൈറ്റ്സ്' എന്ന പുസ്തകശാല അവിടുത്തെ ഒരു സാംസ്കാരികകേന്ദ്രം കൂടിയാണ്. അദ്ദേഹം എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് മുഖ്യധാരയിലെ പിടിപാട് നോക്കിയല്ല. അവർ എത്രത്തോളം മെരുങ്ങാത്തവരും നിഷേധികളും ഒറ്റയ്ക്ക് നടക്കുന്നവരും സ്വതന്ത്രരുമാണെന്നതിൻ്റെ  അടിസ്ഥാനത്തിലാണ്. ഈ പുസ്തകശാലക്കുറിച്ച് നൗഷാദ് എഴുതിയ ലേഖനം (വെളിച്ചത്തിൻ്റെ  സമാഹാരങ്ങൾ ,സാഹിത്യചക്രവാളം, നവംബർ ) അന്യാധീനപ്പെട്ട ഒരു സാഹിത്യസംസ്കാരത്തിൻ്റെ  തിരിച്ചുവരവിനെപ്പറ്റി ഓർമ്മിപ്പിച്ചു. ലേഖനത്തിൽ എം.എൻ.വിജയൻ  ഈ പ്രസാധനാലയത്തെപ്പറ്റി പറഞ്ഞ  വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: ''എം.ടി.വാസുദേവൻനായർ അമെരിക്കയിൽ പോയപ്പോൾ ഫെർലിം ഗെറ്റിയുടെ പുസ്തകക്കട  സന്ദർശിക്കുന്നുണ്ട്.ഇത് ഒരു കലാകാരൻ്റെ അവസ്ഥയെക്കുറിച്ചുള്ള പ്രഖ്യാപനമാണ്. ഒരു എഴുത്തുകാരൻ എങ്ങനെ അംഗീകൃത സമുദായത്തിൻ്റെ പുറംതാളുകളിൽ ജീവിക്കുന്നു എന്ന്, എങ്ങനെ തിരസ്കൃതനായ ഒരു എഴുത്തുകാരൻ തൻ്റേതായ മറുലോകം  ഉണ്ടാക്കുന്നു എന്ന് "  ഇത് വ്യക്തമാക്കുന്നു.


  ഇതു പക്ഷേ ,നമുക്കും പരീക്ഷിക്കാവുന്നതാണ് ;എല്ലാ സുരക്ഷയോടെയും കഴിയുന്ന എഴുത്തുകാരെ വിട്ടു സ്വന്തം നിലയിൽ എഴുതുന്നവരെ സ്നേഹിച്ചുകൊണ്ട്.


No comments:

Post a Comment