എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com
മലയാളസാഹിത്യത്തിലെ
പുതിയൊരു വിപണിയാണ് ദേശമെഴുത്ത് അല്ലെങ്കിൽ ഓർമ്മയെഴുത്ത് .എല്ലാവരും
സ്വന്തം ഗ്രാമത്തിലേക്കോ കുട്ടിക്കാലത്തെ ജീവിതത്തിലേക്കോ പലായനം
ചെയ്യുകയാണ്. വഴിയിൽ കണ്ടതും കേട്ടറിഞ്ഞതും വൃഥാസ്ഥൂലമായി വിവരിക്കുകയാണ്.
പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൂർവകാല ജീവിതരീതികളും
ദീർഘമായി ഉപന്യസിക്കുന്നത് പതിവായിരിക്കുന്നു. ഇതൊക്കെ ഒരാൾ എന്തിനു
വായിക്കണം എന്ന് ഇതെഴുതുന്നവർ ആലോചിക്കാറില്ല.പുരാവൃത്തത്തിൻ്റെ വിരസമായ ആഖ്യാനത്തെ ദേശമെഴുത്ത് എന്ന ലേബലിൽ പ്രചരിപ്പിക്കുകയാണ്.
എന്താണ്
ഒരാളുടെ ഓർമ്മകൾ ?അത് എന്തിനാണ് എഴുതുന്നത്?വെറുതെ കുറെ സംഭവങ്ങൾ
വാരിവലിച്ച് പ്രതിപാദിക്കുന്നതിൽ ആർക്കാണ് താല്പര്യമുള്ളത്? എഴുതുമ്പോൾ ഒരു
പുതിയ കണ്ടുപിടിത്തമുണ്ടാകണം. ഓർമ്മകൾകൊണ്ട് അടഞ്ഞ ലോകങ്ങളുടെ അന്ധതയെ
തകർക്കാനാകണം. പക്ഷേ, അതൊന്നും ഇവിടെ സംഭവിക്കുന്നില്ല .എന്നാൽ ചെറുകാട്
അത് ചെയ്തു.ദേവകി നിലയങ്ങോട് അത് വ്യക്തമായി ഉൾക്കൊണ്ടിരുന്നു.
മാധവിക്കുട്ടിയുടെ ഓർമ്മകളിൽ അതുണ്ടായിരുന്നു. എഴുതുന്ന ആളിനു
ജീവനുണ്ടെന്ന് തോന്നണം. ജീവനില്ലെന്ന് തോന്നിപ്പിച്ചും എഴുതാം .അതായത്
വ്യക്തിഗതമായ യാഥാർത്ഥ്യത്തിൻ്റെ ശബ്ദം ഉയർന്നുവരണം. ഗണിത
ശാസ്ത്രത്തെക്കുറിച്ച് എഴുതുമ്പോൾ ,എഴുതുന്നയാൾക്ക് ജീവനുണ്ടെന്ന്
തോന്നാറില്ല. കാരണം അവിടെ വ്യക്തിനിഷ്ടത ഇല്ലല്ലോ. അതുപോലെയാകരുത്
ഓർമ്മയെഴുത്ത്;ഓരോ ഇഞ്ചിലും ജീവിക്കണം.
യാത്ര, ഓർമ്മ ,ജീവിതം
എന്നിങ്ങനെയുള്ള പുസ്തക പരമ്പരകൾ താണതരം അഭിരുചിയുടെ
മാമാങ്കമാവുകയാണിപ്പോൾ. എല്ലാവരും പ്രതിഭ വറ്റി എന്നു പ്രഖ്യാപിച്ചുകൊണ്ട്
ദീർഘയാത്രകൾ പോവുകയാണ്. എല്ലാവരും യാത്രാവിവരണമെഴുതുന്ന സംസ്ഥാനം ഒരു
പക്ഷേ, കേരളമായിരിക്കും.
ഒരേ പ്രായത്തിലുള്ള ചില എഴുത്തുകാരുടെ
ഓർമ്മകൾക്ക് ഒരേ നിറം. അനുഭവങ്ങളെ സ്വന്തം നിലയിൽ ഇഴപിരിക്കുന്ന ഒരു
പരിശ്രമവുമില്ല. കോഴിമുട്ട വിരിഞ്ഞതും മഹാത്ഭുതമാക്കുകയാണ്.ഒരു കോഴി
മുട്ടകൾ അടവച്ച് വിരിയിക്കുന്നത് തൻ്റെ വ്യക്തഗത ചരിത്രമാണെന്ന്
തെറ്റിദ്ധരിക്കുന്ന കുറെ ഓർമ്മയെഴുത്തുകാരെങ്കിലും നമുക്കുണ്ട്.
കേരളീയ
ഗ്രാമങ്ങളെ ഏകതാനമായി ചരിത്രവത്കരിക്കാനാണ് ഓർമ്മയെഴുത്തുകാർ
ഉത്സാഹിക്കുന്നത്.പഴയ ജീവിത സന്ദർഭങ്ങൾ തനിയാവർത്തനം
ചെയ്തുകൊണ്ടിരിക്കുന്നതിലൂടെ ഒരു ആധുനികതയും ,ഒരു കാലത്തും നമ്മെ
സ്വാധീനിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനും ചിലർ പദ്ധതിയിടുന്നു.
ഓർമ്മയെഴുത്തുകാരുടെ ലക്ഷ്യം രചനാപരമായ മൈൻഡ് ,സവിശേഷ മാനസികാവസ്ഥ എന്ന
ഏറ്റവും പ്രധാന ഘടകത്തെ ഇല്ലാതാക്കുകയാണ്. അതിനെക്കുറിച്ച് അറിവുമില്ല.
കാരണം ഇവർക്ക് അങ്ങനെയൊരു മൈൻഡില്ല.
ഓർമ്മ തന്ന ലഹരി
എല്ലാവർക്കും
കാണാവുന്നത് എഴുതി നിറയ്ക്കുന്നതുകൊണ്ട് വലിയ നേട്ടമില്ല .ചരിത്രപരമായ
അന്ത:സംഘർഷങ്ങളും മറഞ്ഞിരിക്കുന്ന രാഷ്ടീയ സമീപനങ്ങളും ഉൾക്കൊള്ളാൻ
കഴിവുള്ളവർക്കേ വ്യത്യസ്തമായ ഓർമ്മയെഴുത്ത് സാധ്യമാക്കാനാവൂ. ഓർമ്മ
,ചിലർക്ക് ഒരു ലഹരിയാണ്.ഇവർ അതിലൂടെ പുതിയതൊന്നും കണ്ടെത്തുന്നില്ല.
ഓർമ്മകൾ നിഷ്പ്രയോജനകരമാകരുത്. ഓർമ്മകളോട് രതി ഉണ്ടാവുന്നത് നാശോന്മുഖമാണ്.
ചില
കവികളുടെയും സാഹിത്യകാരന്മാരുടെയും ഗ്രാമത്തോടുള്ള പ്രണയം വ്യാജമാണ്.
ഗ്രാമം ഉപേക്ഷിച്ച് പട്ടണത്തിലേക്ക് ചേക്കേറിയവർക്ക് എഴുതാനുള്ള ഒരു വിഷയം
മാത്രമാണത്. ഗ്രാമത്തെ എന്നും വിശുദ്ധമാക്കി എഴുതി ഒരു ഗുഹാതുരതയുടെ
പരിവേഷം സൃഷ്ടിക്കുന്നതും കപടമാണ്.
കളളന്മാർക്കും
കൊലപാതകികൾക്കുമെല്ലാം ഗൃഹാതുരത്വമുണ്ട്. എന്താണ് അതിൻ്റെ അർത്ഥം ? തങ്ങൾ
പൂർവ്വകാലത്ത് ചെയ്തതെല്ലാം ശരി ,തങ്ങളുടെ വിഷാദം വളരെ അർത്ഥപൂർണമാണ്
എന്നല്ലേ ? തങ്ങൾ വിട്ടുപോന്നതെല്ലാം മഹത്തരമാണെന്നും അത്
സൂചിപ്പിക്കുന്നു? ഇവിടെ ആത്മവിമർശനം ഉണ്ടാകാറില്ല.
ഓർമ്മയെഴുത്ത്
വെറുതെ പുരാണം പറയുന്നതാകരുത്;നമ്മൾ എന്തുകൊണ്ടു ജീവിച്ചു എന്ന് ആരാ
യണം.അതിൽ ആത്മീയവും സൗന്ദര്യാത്മകവുമായ ഘടകങ്ങൾ ഉൾച്ചേരണം.
ഓർമ്മകൾ
ഒരിടത്തും ഭദ്രമായി സൂക്ഷിച്ചിട്ടില്ല. അത് ബാങ്ക് ലോക്കറിലെ സ്വർണം പോലെ
നിശ്ചിത അളവിലുള്ളതല്ല. ഓർമ്മകൾ പല കാലങ്ങളിലൂടെ രൂപാന്തരപ്പെടുകയാണ്.
ഒരെഴുത്തുകാരൻ സ്വന്തം ഓർമ്മയെന്ന മറവിൽ തൻ്റെ കാലത്തിൻ്റെയും
മറയ്ക്കപ്പെട്ട കാലത്തിൻ്റെയും ഓർമ്മകൾ നിർമ്മിച്ചെടുക്കണം. പഴയ സാംസ്കാരിക
രൂപങ്ങളെ വെറുതെ അണിനിരത്തിയാൽ പോരാ, അവയെങ്ങനെ മനുഷ്യൻ്റെ ജീവിതത്തിൽ
ഇടപെട്ടു എന്ന് അന്വേഷിക്കണം. ഓർമ്മയെഴുത്ത് ബ്രെഡ് ഉണ്ടാക്കുന്നപോലെ
യാന്ത്രികമാകരുത്; അത് ഓർമ്മകളുടെ കണ്ടെത്തലാകണം ,അമെരിക്ക
കണ്ടുപിടിച്ചതുപോലെ.
മുറകാമി എഴുതുമ്പോൾ
പ്രമുഖ ജാപ്പനീസ്
എഴുത്തുകാരനായ മുറകാമി നവീനസാഹിത്യത്തിലെ ഒരു പ്രധാന
സാന്നിദ്ധ്യമാണ്.അദ്ദേഹത്തിൻ്റെ IQ84 എന്ന നോവൽ ആറ് ലക്ഷം കോപ്പി
വിറ്റഴിഞ്ഞത് ചീത്ത കൃതിയായതുകൊണ്ടല്ല, കഥ പറയുന്നതിൻ്റെ പ്രത്യേകത
കൊണ്ടായിരുന്നു. അദ്ദേഹം ന്യൂയോർക്കർ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ,ആരാധകർ
ജപ്പാൻ ,ദക്ഷിണ കൊറിയ ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് അവിടെ
പാഞ്ഞെത്തി;വെറുതെ ഒന്ന് കാണാൻ .മുറകാമി പൊതുവേദിയിൽ വരാറില്ല .അദ്ദേഹം
ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ഞാനൊരു കഥ പറച്ചിലുകാരനല്ല; ഒരു കഥാനിരീക്ഷകനാണ്.
സ്വപ്നം കാണുന്ന അനുഭവമാണ് എനിക്ക് എഴുത്ത്. 'കാഫ്ക ഓൺ ദ് ഷോർ ' എന്ന നോവൽ
ഉൾപ്പെടെ മുറകാമിയുടെ രചനകൾ പുതിയൊരു സൗന്ദര്യാനുഭവം പകരുകയാണ്.
ബുദ്ധിശൂന്യവും കാലഹരണപ്പെട്ടതുമായ വീക്ഷണത്തിനു പകരം യാഥാർത്ഥ്യത്തെ
അവിശ്വസനീയ വിധം പുന:സൃഷ്ടിക്കുകയാണ് ചെയ്തത്.
നാം പരിചയിച്ച
ലോകത്തെ ,തൻ്റേതായ വിരൽ സ്പർശംകൊണ്ട് പുതിയതാക്കുകയോ ,അതിലേക്ക് തൻ്റേതായി
എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ആണ് അദ്ദേഹം ചെയ്യുന്നത്.ഈ
പ്രക്രിയയിലാണ് ഒരെഴുത്തുകാരൻ്റെ ആവശ്യമുള്ളത്. അല്ലെങ്കിൽ ഒരു നാടകം
പ്രദർശിപ്പിക്കുന്ന തീയേറ്ററിനു പുറത്ത് നിന്ന് ,അത് കാണാതെ അതിനെപ്പറ്റി
എഴുതുന്നപോലെയിരിക്കും.
നിശ്ശബ്ദത ശരിക്കും കേൾക്കാൻ കഴിയുമെന്ന
മുറകാമിയുടെ വാക്യം, പകൽപോലെ വ്യക്തമായതല്ല എഴുതേണ്ടതെന്ന വസ്തുതയിലേക്ക്
വിരൽ ചൂണ്ടുന്നു. ഓർമ്മയെഴുത്ത് ഒരു വ്യക്തിയുടെ അസ്തിത്വത്തിൻ്റെ
രഹസ്യത്തിലേക്കാണ് ആഴ്ന്നിറങ്ങേണ്ടത്.
ആനുകാലികം
ക്യൂബിസ്റ്റ്
ചിത്രരചനാ സങ്കേതത്തിലെ ത്രയം എന്നറിയപ്പെടുന്ന പിക്കാസോ (സ്പാനീഷ് )
,ജോർജ് ബ്രാക്ക് (ഫ്രഞ്ച്) ,ജുവാൻ ഗ്രിസ് (സ്പാനീഷ് ) എന്നിവരെക്കുറിച്ച്
കാട്ടൂർ നാരായണപിള്ള ഒരു പ്രൊഫൈൽ ലേഖനം എഴുതിയത് (പ്രഭാവം മാസിക ,ഏപ്രിൽ
,മെയ് ) നന്നായി. ഇപ്പോൾ അഗാധമായ ചിത്രകലാപഠനങ്ങൾ ഉണ്ടാകാറില്ല.അഭിരുചിക്ക്
നാശം വന്നതുകൊണ്ട് ഇതൊക്കെ സാധാരണമായി.കാട്ടൂരിൻ്റെ ലേഖനങ്ങൾ ക്യൂബിസ്റ്റ്
ത്രയത്തെ ഒന്ന് പരിചയപ്പെടുത്തുകയെങ്കിലും ചെയ്തു.
വസ്തുക്കളെ
അവയുടെ തനത് ആ കാരവടിവിലല്ല ഈ ചിത്രകാരന്മാർ കണ്ടത് .ഗേൾ വിത്ത് എ മാൻഡൊലിൻ
എന്ന പേരിൽ പിക്കാസോ വരച്ച ചിത്രം ഒരു കണ്ടുപിടിത്തമാണ്. ബ്രാക്കിൻ്റെ
'ലിറ്റിൽ ഹാർബർ ഇൻ നോർമാൻഡി'' മറ്റൊരു നേട്ടമാണ്.ഗ്രിസ് വരച്ച 'വുമൻ വിത്ത്
മാൻഡൊലിൻ 'മാനവരാശിയുടെ കാഴ്ചയുടെ ഒരു പുതിയ മേഖലയാണ്.ഒരു വസ്തുവിനെ
അതിൻ്റെ യഥാർത്ഥമായ ഘടനയിൽ നിന്നും മാറ്റി ,വേറൊരു പരിപ്രേക്ഷ്യത്തിൽ
കാഴ്ചയെ നിർമ്മിക്കുകയാണ് ക്യൂബിസ്റ്റുകൾ ചെയ്തത്. വസ്തുക്കൾ അവയുടെ
രൂപത്തിൽ മനുഷ്യേതരമായ ഘനരൂപങ്ങളെ വഹിക്കുന്നുണ്ട്. അത്
കണ്ടുപിടിക്കേണ്ടതുമാണ് .വസ്തുവിനെ വേറൊരു ഭാഷയിലേക്ക്
പരിഭാഷപ്പെടുത്തുകയാണിവിടെ.
കവിത
കവിതകൾ തേടി ഇനിയും
അറിയപ്പെടാത്ത ഇടങ്ങളിലേക്ക് പോകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന
കവിതയാണ് അഗസ്റ്റിൻ കുട്ടനെല്ലൂർ രചിച്ച 'കൂടു പൊട്ടിക്കുന്ന വാക്ക് (
എഴുത്ത് ,ജൂൺ ) .കലാശാലയിലെ പണ്ഡിതൻ കൊടുത്ത വാക്കുകൾ ഒന്നും ആ
ഉന്തുവണ്ടിക്കാരനായ മനുഷ്യൻ വാങ്ങിയില്ല. അയാൾക്ക് എവിടെ ചെന്നാൽ വാക്കുകൾ
കിട്ടുമെന്ന് കവി അറിയിക്കുന്നത് ഇങ്ങനെയാണ്:
'ഒരേ ഉടലിൽ ആണായും പെണ്ണായും
തലതാഴ്ത്തിയിരിക്കുന്നവർ
അടികൊണ്ടോടുന്ന
ഇരുട്ടിൻ്റെ മാളങ്ങളിലേക്ക്
ഒരിക്കലും തീണ്ടൽ മാറാതെ
അതിരുകൾക്കപ്പുറത്തേക്ക്
പലായനം ചെയ്യുന്നവരുടെ
പ്രേതഭൂമിയിലേക്ക് ,
അവിടെ അയാൾ കണ്ടെടുക്കും'.
ഗീവർഗീസ്
കൂറിലോസ് എഴുതിയ 'ജൈവ അദ്വൈത ബോധമാണ് ആത്മീയത ' എന്ന ലേഖനം (എഴുത്ത് ,ജൂൺ)
ഈ കൊറോണക്കാലത്ത് പ്രസക്തമായി തോന്നി. അദ്ദേഹം പറയുന്നത്
മനുഷ്യകേന്ദ്രിതമായ ,അത്യാർത്തിയുടെയും സാമ്രാജ്യത്വത്തിൻ്റെയും ,പ്രകൃതി
ചൂഷണത്തിൻ്റെയും ബാബേൽ മാതൃക മനുഷ്യനെ നശിപ്പിച്ചു എന്നാണ്.അദ്ദേഹത്തിൻ്റെ
വാക്കുകൾ ഇങ്ങനെ: മനുഷ്യനോടോ ,മണ്ണിനോടോ ബന്ധമില്ലാത്ത തത്ത്വത്തിൻ്റെ
തലത്തിൽ മാത്രം ഒതുങ്ങുന്ന ദൈവ സങ്കല്പങ്ങളിൽ നിന്നും ദൈവത്തെയും
ദൈവശാസ്ത്രത്തെയും വിമോചിപ്പിച്ച് ദൈവവും മനുഷ്യനും മണ്ണും തമ്മിലുള്ള
പാരസ്പര്യത്തിൻ്റെ ആത്മീയത നാം സൃഷ്ടിക്കണം.' - വളരെ ചിന്തനീയമായ
ഒരാശയമാണിത്.
സമ്പത്തിൻ്റെയോ ദൈവത്തിൻ്റെയോ പേരിലുള്ള പൊങ്ങച്ചം
ഒരുപോലെ ഭയാനകമാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ മനുഷ്യ ശരീരത്തിൽ
അടിഞ്ഞുകൂടിയിട്ടുള്ള ഫ്യൂഡൽ ,മുതലാളിത്ത രോഗാണുക്കളിൽ നിന്ന് മോചനം
ലഭിക്കുന്നതാണ്.'
ആനയുടെ ദു:ഖം.
പാലക്കാടിനു സമീപം
മണ്ണാർക്കാട് അമ്പലപ്പാറയിൽ ഗർഭിണിയായ ആന ,നാളികേരത്തിനുള്ളിൽ വച്ചിരുന്ന
പടക്കം പൊട്ടി ഗുരുതരമായി പരുക്കേറ്റിട്ട് കുറെ ദിവസങ്ങളായിരുന്നല്ലോ.
വായ് ജീർണിച്ച് പുഴുവരിച്ചതോടെ ജലാശയത്തിൽ അഭയം തേടുകയായിരുന്നു.
ജീവിതാന്ത്യകാലത്ത് ,ആ ജലാശയം അതിനു വിടവാങ്ങലിനും ആത്മത്യാഗത്തിനുമുള്ള
അഭയ കേന്ദ്രമായിരുന്നു. ദാരുണമായ അവസ്ഥയിൽ ഏത് മൃഗവും മനുഷ്യാവസ്ഥയാണ്.
അവയുടെ വിരഹവേദനയും ഒറ്റപ്പെടലും ശാരീരിക പീഡനവും മനുഷ്യാവസ്ഥയിലേക്കാണ്
അഗാധമായി കൂട്ടിച്ചേർക്കുന്നത് .ഒരു മനുഷ്യനായിരിക്കുന്നതിലെ അപരാധവും
അസംബന്ധവും തീവ്ര ദു:ഖവും എത്ര നിസ്സഹായവും ശൂന്യവും അപരിഹാര്യവുമാണെന്ന്,
മുറിവുമായി വെള്ളത്തിലേക്കിറങ്ങിപ്പോയി നിശ്ചലയായി നിന്ന ആന നമ്മെ
അനുഭവിപ്പിക്കുന്നു. ദു:ഖങ്ങൾ ,നിരാശ്രയമായ വേവലാതികൾ ആരോടും പറയാനില്ല
,പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ആത്മഹത്യയാണ്
തെളിഞ്ഞു വരുക .ആനയ്ക്ക് ഇങ്ങനെയേ ആത്മഹത്യ ചെയ്യാനൊക്കുകയുള്ളു.
വാക്കുകൾ
1)നോവലെഴുതാൻ ഒരു നിയമമില്ല;അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല .
ഡോറിസ് ലെസിംഗ്,
ബ്രിട്ടിഷ് ,സിംബാബ്വിയൻ നോവലിസ്റ്റ് .
2) അമേരിക്ക ഒരു തെറ്റാണ് ,ഒരു രാക്ഷസീയമായ തെറ്റ് .
സിഗ്മണ്ട് ഫ്രോയിഡ് ,
ഓസ്ട്രിയൻ മനശ്ശാസ്ത്രജ്ഞൻ
3) ഒരു വ്യത്യസ്തമായ ഭാവിയോ ,ഭൂതകാലമോ തിരഞ്ഞെടുക്കാനും മനസ്സിനെ ഇഷ്ടംപോലെ മാറ്റാനും നിങ്ങൾ എപ്പോഴും സ്വതന്ത്രനാണ്.
റിച്ചാർഡ് ബാക്ക് ,
അമെരിക്കൻ നോവലിസ്റ്റ്.
4) മറ്റു സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്ക് നരകത്തിൽ പ്രത്യേകമായ ഇടമുണ്ടാകും.
മാദലിൻ ഓൾബ്രൈറ്റ്,
അമെരിക്കൻ നയതന്ത്രജ്ഞ .
5) അനുഭവം എന്നെ പഠിപ്പിച്ചത് ഇതാണ്: മണ്ണിൽ പണിയെടുക്കുന്നവനാണ് ഏറ്റവും ശുദ്ധനും കുലീനനും ഉന്നതനും മര്യാദക്കാരനുമായ മനുഷ്യൻ .
നിക്കോളൈ ഗോഗോൾ,
റഷ്യൻ സാഹിത്യകാരൻ .
കാലമുദ്രകൾ
1)എം.എ.ബേബി
താൻ
യുവാവായിരിക്കെ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തെ വിമർശിച്ച് ധാരാളം പ്രസംഗങ്ങൾ
ചെയ്തതിൽ ഇപ്പോൾ ദുഃഖിക്കുന്നുവെന്ന് എം.എം.ബേബി പാലക്കാട് ഒരു
സമ്മേളനത്തിൽ പറഞ്ഞു.
2)ജോസഫ് മുണ്ടശ്ശേരി
മലയാള
കവിതാവിമർശനത്തിൽ ഒരു പ്രക്ഷോഭകാരിയെപ്പോലെ വന്ന് മാറ്റത്തിനു
വഴിതുറക്കുകയാണ് ജോസഫ് മുണ്ടശ്ശേരി ചെയ്തത്. കവിതയിലെ രാഷ്ട്രീയത്തെ
അദ്ദേഹം പുനർവായനയിലൂടെ നിർമ്മിച്ചെടുത്തു.
3)സ്വാമി നിർമ്മലാനന്ദഗിരി .
നമ്മുടെ
കാലഘട്ടത്തിലെ ഒരു അത്ഭുതപ്രതിഭയായിരുന്നു സ്വാമി നിർമ്മലാനന്ദഗിരി.
അദ്ദേഹം അലോപ്പതിയിലും ആയുർവ്വേദത്തിലും പ്രകൃതി വിജ്ഞാനീയത്തിലും
വേദാന്തത്തിലും ഒരുപോലെ ജ്ഞാനിയാവുക മാത്രമല്ല ,അതിൻ്റെ ബലത്തിൽ
പരിവർത്തനത്തിനായി അലറി വിളിക്കുകയും ചെയ്തു.
4)പ്രേംജി.
മാമൂലുകളെ
ആധുനിക കാലത്തെ അറിവിൻ്റെ വെളിച്ചത്തിൽ പ്രേംജി നിഷേധിച്ചത് നമ്പൂതിരി
സമുദായത്തിലെ വിധവയെ വിവാഹം കഴിച്ചുകൊണ്ടാണ്. ആ ബോധോദയമാണ്
അദ്ദേഹത്തിൻ്റെ നാടക ,സിനിമാഭിനയത്തിൻ്റെ കാതൽ.
5) എം.എസ്.ബാബുരാജ്
ബാബുരാജിൻ്റെ
പ്രണയഗാനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത് അന്നത്തെ യുവത്വത്തിൻ്റെ അകൃത്രിമമായ
ദു:ഖോപാസനയും , അനാസക്തവും സുകമാരകലാബദ്ധവും നിരുപദ്രവകരവും വ്രണിത
ഭാവനകലർന്ന നിർധന പ്രണയത്തിൻ്റെ തീജ്വാലകളുമാണ്.
Monday, September 7, 2020
അക്ഷരജാലകം/ഓർമ്മയെഴുത്തിനു കനം പോരാ/metrovartha june8
Subscribe to:
Post Comments (Atom)
No comments:
Post a Comment