ഒരു കഥാകൃത്ത് അന്വേഷിക്കുന്നത് വാക്കുകളാണ്. കാരണം വാക്കുകൾ നേരത്തെ തന്നെ ഉപയോഗിച്ചു തീർന്നതാണ്.അത് പാഠശാലകളും സ്ഥാപനങ്ങളും സാഹിത്യവ്യവസായികളും നേരത്തെ നശിപ്പിച്ചതാണ്. അർത്ഥങ്ങളെല്ലാം അവർ അടിച്ചേല്പിച്ചു. പലരും അവരുടെ സ്വകാര്യശേഖരത്തിലേക്ക് വാക്കുകളെ അപഹരിച്ചു കഴിഞ്ഞു.അതിൽ പുരാതന ഓർമ്മകൾ അവ്യക്തമാണ്. ചിലപ്പോൾ വാക്കുകൾ ദ്രവിച്ച് ദുർഗന്ധം ഉണ്ടായേക്കാം. ജഡ സമാനമായ വാക്കുകൾ ഒന്നും ഓർക്കുകയില്ലല്ലോ. ഉപയോഗിച്ച് ചൈതന്യം നഷ്ടപ്പെട്ട വാക്കുകളിൽ വളരെ ഗാഢമായ വൈകാരിക സത്യങ്ങൾ എങ്ങനെ വിനിമയം ചെയ്യും. ?
അതുകൊണ്ട് ഭാഷ ഇല്ലാതാവുമ്പോൾ മൗനത്തെ ആവിഷ്കരിക്കുകയാണ് നല്ലത്. ഭാഷാപരമായ ശൂന്യത സൃഷ്ടിക്കുന്ന മൗനം ഒരു കഥാകൃത്തിന് ഒളിക്കാൻ പറ്റിയ ഇടമാണ്. ഭാഷ കൈവിട്ടു പോയതുകൊണ്ടാണ് ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ഹ്വാൻ റുൾഫോ ഒരു നോവൽ കൊണ്ട് (പെഡ്രോ പരാമോ) എഴുത്ത് അവസാനിപ്പിച്ചത് .
ഭാഷയെ വീണ്ടും വീണ്ടും ഉടച്ചു വാർക്കാൻ കഴിയുന്നവർക്കേ വ്യത്യസ്തമായി എന്തെങ്കിലും എഴുതാനൊക്കൂ.കഥാകൃത്ത് താൻ പറയാൻ പോകുന്ന വിഷയത്തിൻ്റെ ഉടലും മനസ്സുമാണ്. അയാൾ തൻ്റെ ശരീരത്തെയും മനസ്സിനെയുമാണ് ഉപയോഗിക്കുന്നത്. മറ്റൊരു ഭാഷയിലേക്ക് അയാൾക്ക് ചേക്കേറേണ്ടതുണ്ട്.പുതിയ ബോധവും ധർമ്മവുമാണ് അയാൾ അന്വേഷിക്കുന്നത്. തൻ്റെ ചുറ്റിനുമുള്ള ലോകത്തെ അവിശ്വസിച്ചുകൊണ്ടാണ് ഒരാൾ കഥ സൃഷ്ടിക്കുന്നത്.കാരണം കഥയിൽ ബാഹ്യലോകം വിശ്വസിക്കുന്നില്ല .വിശ്വസിക്കുന്നതായി അഭിനയിക്കുകയാണ്. കഥ മറ്റുള്ളവർ ജീവിച്ചതല്ല; അത് കഥാകൃത്ത് ഒറ്റയ്ക്ക് ജീവിച്ചതിൻ്റെ എരിയാണ്.കഥ അതെഴുതുന്നയാളിൻ്റെ മാത്രം യാഥാർഥ്യമാണ്.ഈ യാഥാർഥ്യമാകട്ടെ വളരെ അസ്ഥിരവും സന്ദിഗ്ദ്ധവുമാണ് .അതിനെ എഴുതി ബോധ്യപ്പെടുത്താനാണ് ഒരാൾ പുതിയ ഭാഷ തേടുന്നത് .
ഒരു കഥയുടെ അന്ത്യത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്നോ ,കഥ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നോ തുടങ്ങിയ കാര്യങ്ങൾ അപ്രസക്തമാണെന്ന് 'ലിങ്കൺ ഇൻ ദ് ബാർദോ ' എന്ന നോവൽ എഴുതിയ ജോർജ് സോണ്ടേഴ്സ് (അമേരിക്ക) പറഞ്ഞത് (ദ് ന്യൂയോർക്കർ ,നവംബർ 2 ,) ശ്രദ്ധേയമാണ്. കഥയുടെ പാരായണ വേളയിൽ വായനക്കാരൻ അനുഭവിക്കുന്നത് എന്താണോ അതാണ് പ്രധാനം. സോണ്ടേഴ്സിൻ്റെ 'ഗൗൾ ' (പിശാച് ) എന്ന കഥ ദ് ന്യൂയോർക്കിൽ രണ്ടാഴ്ച മുമ്പാണ് പ്രസിദ്ധീകരിച്ചത്. ആധുനികമനുഷ്യനെ ആവേശിച്ചിരിക്കുന്ന നരകമാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത് .
ശരീരമാണ് ആത്മീയത
സിതാര എസ് എഴുതിയ 'വാക്കുകളുടെ ആകാശം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 8 )സമീപകാലത്ത് വായിച്ച ശക്തമായ രചനയാണ്.ഒരു പക്ഷേ ,പലർക്കും പരിചിതമായ അന്തരീക്ഷമാകാം കഥയിൽ വിവരിക്കുന്നത്. സ്തനാർബുദം പിടിപെട്ട് ആശുപത്രിയും വീടുമായി കഴിയുന്ന ഒരു സാധു സ്ത്രീയുടെ ജീവിതം ക്ലോസപ്പിൽ കാണിക്കുകയാണ് കഥാകാരി .എന്നാൽ വിഷയം പരിമിതമാണെങ്കിലും കഥ അസാധാരണമാകുന്നത് അതിൻ്റെ തീക്ഷണമായ ആവിഷ്കാരഭംഗി കൊണ്ടാണ്. ഇതുവരെ മലയാള കഥയിൽനിന്ന് കേൾക്കാത്ത ആത്മ രോദനങ്ങളും ഉൾഭ്രാന്തമായ മനോഗതങ്ങളും ഈ കഥയിലുണ്ട്. ശോഭി എന്ന കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊണ്ട് കഥാകാരി ആ സ്ത്രീയിലേക്ക് പരകായപ്രവേശം നടത്തിയിരിക്കുകയാണ്.കഥ പറയുന്നതിൻ്റെ തീവ്രതയാണ് അനുവാചകനെ അലട്ടുന്നത്.പുതിയൊരു ഭാഷ, ഇതിനായി കഥാകാരി കണ്ടെത്തിയിരിക്കുന്നു. തൻ്റെ ഒരു മുല ഛേദിക്കേണ്ടി വരുന്നതിൻ്റെ അനിവാര്യതയ്ക്ക് മുന്നിൽനിന്നു കൊണ്ട് ആ സ്ത്രീ ഇങ്ങനെ ആത്മഗതം ചെയ്യുന്നു: " മുറിച്ചെറിയപ്പെടുന്ന എൻ്റെ മുലകളിൽ നിന്ന് ഒരു തീജ്വാലയും ഉയരാൻ പോകുന്നില്ല. ഒരു ദൈവവും അവയിലേക്ക് മിന്നൽപ്പിണറായി നിറയില്ല .അവയാൽ ഒരു സാമ്രാജ്യവും ഭസ്മമാക്കപ്പെടില്ല. കൊഴിഞ്ഞുവീഴുന്ന പാവം പല്ലിവാലുകൾ പോലെ ,അവ നിലത്ത് , നിങ്ങളുടെ കാൽക്കൽ അപകർഷതയോടെ കിടന്നു പിടയ്ക്കും. ചോരയിൽ കുതിർന്ന പഴംതുണിക്കഷ്ണങ്ങളായി, തല കുനിച്ചു കുനിച്ചു , ഭൂമിയിലേക്ക് ചൂളിക്കൂടും " .
കീമോ ചെയ്യാൻ കൊണ്ടുപോകുന്ന ഇടനാഴികളിൽ വെച്ച് അറ്റൻഡർ തന്നെ അപമാനിച്ചത് അവർ ഇങ്ങനെ ഓർക്കുന്നു: '' കാലുകൾക്കിടയിലൂടെ, വയറിൽ ,കഴുത്തിൽ ,അയാളുടെ ആർത്തി നിറഞ്ഞ കൈകൾ.ഓ , ഇത്രയും പൊള്ളുന്ന പനി ഉണ്ടായിരുന്നുവോ എനിക്ക്? തലച്ചോറു പോലും കത്തുന്നു. കൈയും കാലും മരണംസ്പർശിച്ചെന്നതു പോലെ വിറയ്ക്കുന്നു. മാറിലാണിപ്പോൾ അയാളുടെ കൈകളും മുഖവും. ബോധം വീണ്ടും മറിഞ്ഞു മറിഞ്ഞു പോകുന്നു .ഞണ്ടുകൾ ,ശോഷിച്ചുണങ്ങിയ മുലഞെട്ടുകളിലൂടെ അയാളുടെ വായ്ക്കകത്തേക്ക് കയറിപ്പോകുന്നുണ്ടാവുമോ ഇപ്പോൾ? എല്ലും കൊട്ടുമായ ഈ നെഞ്ചിൽ കൂടുകൂട്ടിയ മരണത്തിൻ്റെ പൊത്തുകളുടെ വിയർത്ത ഗന്ധം അയാൾക്ക് മനസ്സിലാവുന്നില്ലേ?"
രാഷ്ട്രീയരംഗത്തെയോ മാധ്യമലോകത്തെയോ ഭാഷാരീതികൾക്കൊന്നും വഴങ്ങാത്തതാണ് തൻ്റെ ജൈവാനുഭവം എന്നു വ്യക്തമാക്കുന്നതാണ് കഥാകാരിയുടെ ഈ ഭാഷണം .ഒരു സ്ത്രീ അവരുടെ ദുർബ്ബലമായ ശരീരത്തിൽ ജീവിക്കുന്നതിൻ്റെ രഹസ്യമാണ് കഥയിൽ അനാവൃതമാകുന്നത്. ശരീരമാണ് ആത്മീയത .വേറൊരിടത്ത് തീവ്രമായ അസ്തിത്വവ്യഥ കഥാകാരി ഇങ്ങനെ അവതരിപ്പിക്കുന്നു :"ഈ നിശ്ശബ്ദതകൊണ്ട് ജയിച്ചെന്നുകരുതണ്ട, ശോഭിയുടെ കൺകോണുകൾ പകയിൽ തുടിച്ചു, ഞാനന്ന്പറഞ്ഞില്ലേ എൻ്റെ ശരീരമാണിനിയെൻ്റെ വാക്ക് .എൻ്റെ ജീവൻ്റെ ശബ്ദം. നോക്കൂ, തുന്നിക്കെട്ടുകൾ നിറഞ്ഞ ഒഴിഞ്ഞ മുലത്തടത്തിൽ തുടിച്ചുമുളയ്ക്കുന്ന പെൺപച്ചപ്പ് ....
എഴുതുമ്പോൾ നമ്മൾ മറ്റൊരാളായി മാറുകയാണ്. രചനാപരമായ ആഭിചാരം ഇവിടെ ഉയർകൊള്ളുകയാണ്. നമ്മുടേതായാലും അന്യരുടേതായാലും അനുഭവങ്ങൾ അവിടെ വേറൊരു കാലത്തെ വഹിക്കുകയാണ്. യാഥാർത്ഥ്യങ്ങളെന്ന് നാം വിളിക്കുന്ന കാര്യങ്ങളുടെ മിഥ്യ പിളർന്നാണ് നേരിൻ്റെ നീരൊഴുകുന്നത്. സമകാല റഷ്യയിലെ പ്രമുഖ എഴുത്തുകാരൻ മിഖായേൽ ഷിഷ്കിൻ ഈ പ്രശ്നത്തെ കാണുന്നുണ്ട്. ഭാഷയ്ക്ക് വെളിയിൽ സംഭവിക്കുന്നതാണ് നമ്മുടെ ജീവിതമെന്ന് അദ്ദേഹം പറയുന്നു. അത് വാക്കുകൾക്ക് അപ്പുറത്താണ്. പലതും യഥാർത്ഥ മല്ല ;അതുകൊണ്ട് സ്വന്തം ശൂന്യതയ്ക്കകത്ത് അവനവനെ തന്നെ ഒരു ആശ്രയമായി ചേർത്തു പിടിക്കേണ്ടതുണ്ട്. ഇവിടെ പരാമർശിച്ച കഥയിൽ ഇതു കാണാം.
ലൈംഗികജ്വരം
ഫ്രാൻസിസ് നൊറോണയുടെ 'കളങ്കഥ' ( ഭാഷാപോഷിണി, നവംബർ ) ഏതിലും സെക്സ് മാത്രം തേടുന്ന ഒരു ഡ്രൈവറുടെ ചാഞ്ചാട്ടങ്ങളാണ് വിവരിക്കുന്നത്. സിഫ്റ്റ് കാറിൻ്റെ ചുവന്ന നിറത്തിൽ പോലും അയാൾ മാദകത്വം ദർശിക്കുന്നു. ഒരു കമ്പനി ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴും ചിന്തിക്കുന്നത് അവളുടെ ശരീരത്തെ അനുഭവിക്കുന്നതിനെക്കുറിച്ചു മാത്രമാണ്. സന്ദർഭം ഒത്തുവന്നപ്പോൾ അയാൾ അവളുമായി ചെസ്സ് കളിക്കുന്നു .ചെസ്സുകളിയും സെക്സ് തന്നെ. ദൈർഘ്യമേറിയ ചെസ്സുകളി. കഥാകൃത്തിന് കാറോടിക്കാനും ചെസ്സു കളിക്കാനും നന്നായറിയാം. എന്നാൽ കഥാകൃത്ത് വായനക്കാരനോട് ചെസ്സു കളിക്കാൻ ആവശ്യപ്പെടുകയാണ്! തൻ്റെ സ്ത്രീദാഹിയായ ഡ്രൈവർ ആ സുന്ദരിയായ ഉദ്യോഗസ്ഥയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടോ എന്ന് വായനക്കാരൻ പറയണമത്രേ ! വായനക്കാരനു ഇതിനല്ലേ നേരം ! ഇതൊക്കെ പഴയ മട്ടിലുള്ള വിവരണവും കുട്ടിക്കളിയുമാണെന്ന് കഥാകൃത്ത് മനസ്സിലാക്കുക.ഇൻ്റർനെറ്റിൽ സൗജന്യമായി സെക്സ് ആസ്വദിക്കാൻ കിട്ടുമ്പോൾ ഒരു കഥയിലെ ഒളിഞ്ഞുനോട്ടരതി വായനക്കാരന് അത്യന്താപേക്ഷിതമാവുമോ ? ലൈംഗികതയ്ക്ക് വിലക്കുണ്ടായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് വിജയിച്ചിട്ടുണ്ട്. വായനക്കാരനെ പുതിയ ലോകങ്ങളിലേക്ക് നയിച്ച് , അസ്ഥിത്വത്തിൻ്റെ കാണാത്ത ഒരു തുണ്ട് കാണിച്ചുകൊടുക്കുകയാണ് അഭികാമ്യം.
സ്നേഹത്തിൻ്റെ വിശുദ്ധി
മുണ്ടൂർ സേതുമാധവൻ്റെ 'ദിവാകരൻമാഷ് ' (ജന്മഭൂമി ഓണപ്പതിപ്പ്) മനസ്സിൽ ഇനിയും മാറാല കയറി നശിക്കാത്ത സ്നേഹത്തിൻ്റെയും നന്മയുടെയും പച്ചപ്പ് കാണിച്ചുതരികയാണ് . ദിവാകരൻമാഷ് ഗ്രാമത്തിലെ ഒരു വിഷവൈദ്യനും അവിവാഹിതനും ജ്ഞാനവൃദ്ധനുമായിരുന്നു. അദ്ദേഹം മരിച്ചതറിഞ്ഞ് അത്താഴം കഴിക്കാതെ ഓടിച്ചെല്ലുന്ന ആളാണ് കഥ പറയുന്നത്. അദ്ദേഹം ദിവാകരൻമാഷി ലൂടെ മനുഷ്യരിലെ സഹജസ്നേഹത്തിൻ്റെ ഓടക്കുഴൽ ഗാനാലാപനം വായനക്കാർക്ക് കേൾപ്പിച്ചു കൊടുക്കുന്നു. പ്രകൃതിയും ജീവജാലങ്ങളും നമ്മോട് പറയുന്ന ഊഷ്മളമായ ആ വിശുദ്ധസാഹോദര്യത്തിൻ്റെ പൊരുളിലേക്ക് ഈ കഥ കൂട്ടിക്കൊണ്ടുപോയി. സേതുമാധവൻ തൻ്റേതായ ഒരു രാഗാനുഭവം ഇതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. അത് കഥയ്ക്ക് ആഴം വർധിപ്പിക്കുകയാണ്. മനസ്സിലെ മൗനത്തിൻ്റെ പുഴയിലൂടെ ചിതയിലേക്ക്,ഒരു സംശയം പോലെ സന്ധ്യയുടെ വിതുമ്പൽ ,സന്ദേഹത്തിൻ്റെ വെൺപുക എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കഥയുടെ സൗന്ദര്യമാണ് സംവേദനം ചെയ്യുന്നത്.
വാക്കുകൾ
1)പ്രേമിക്കപ്പെടുന്നതിൽ മാത്രമല്ല എനിക്ക് താല്പര്യം; അത് എനിക്ക് മറ്റൊരാളിൽ നിന്നു പറഞ്ഞു കേൾക്കുകയും വേണം.
ജോർജ് എലിയട്ട് ,
(ഇംഗ്ലീഷ് നോവലിസ്റ്റ് )
2)മൗലികതയ്ക്ക് ഒരു സ്ഥാനവുമില്ല; ഒരിടത്തും അത് നിലനിൽക്കുന്നില്ല. നിങ്ങളുടെ ആത്മാവിനിണങ്ങിയത് മോഷ്ടിക്കുക; അതുപയോഗിച്ച് എന്ത് ചെയ്തു എന്നതാണ് പ്രധാനം.
ജിം ജാർമുഷ് ,
(അമെരിക്കൻ ചലച്ചിത്ര സംവിധായകൻ )
3)ഇന്ന് ഓരോരുത്തരും അവരവരുടെ നിലയിൽ വ്യത്യസ്തമായ ജീവിതമാണ് നയിക്കുന്നത്.യാഥാർത്ഥ്യം പ്രതിജന ഭിന്നമാണെങ്കിൽ അതിനെ ഏകവചനമായി കാണാമോ ?
ഫിലിപ്പ് കെ ഡിക്ക് ,
(അമേരിക്കൻ നോവലിസ്റ്റ് )
4)ഞാൻ ധാരാളം തത്വചിന്തകരെക്കുറിച്ചും പൂച്ചകളെക്കുറിച്ചും പഠിച്ചിട്ടുണ്ട്. പൂച്ചകളുടെ ജ്ഞാനം അനന്തമായി ഉത്കൃഷ്ടമാണ് .
ഹിപ്പോലിറ്റ് ടെയ്ൻ,
(ഫ്രഞ്ച് സാഹിത്യവിമർശകൻ)
5)മികച്ച സാഹിത്യം ആദർശശാലികളുടെയും ഉത്സാഹികളുടെയും ഒപ്പമല്ല നിലനിൽക്കുന്നത്. എന്നാൽ അത് മാനസികപ്രശ്നമുള്ളവരുടെയും സന്യാസിമാരുടെയും മതനിന്ദകരുടെയും സ്വപ്നദർശികളുടെയും പ്രക്ഷോഭകാരികളുടെയും സംശയാലുക്കളുടെയും കൂടെയാണുള്ളത്.
യെവ്ജനി സംയാചിൻ ,
(റഷ്യൻ സാഹിത്യകാരൻ )
കാലമുദ്രകൾ
1)ജോൺ എബ്രഹാം
ഒരു സിനിമയെടുക്കാൻ ജോൺ എബ്രഹാമിനു വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ താൻ മനസ്സിൽ കൊണ്ടുനടന്ന സിനിമ നിർമ്മിക്കാൻ യോജിച്ച പ്രേക്ഷകസംഘത്തെ കണ്ടുപിടിക്കേണ്ടത് അദ്ദേഹത്തിൻ്റെ ആവശ്യമായിരുന്നു.
2)ഡി.വിനയചന്ദ്രൻ
കവിത വെറുമൊരു സ്വപ്നമോ ഭാവനയോ എന്ന നിലയിൽ ലഘൂകരിക്കാൻ വിനയചന്ദ്രനു കഴിയുമായിരുന്നില്ല. അദ്ദേഹം കവിതയെ അസ്തിത്വത്തിൻ്റെ പ്രാചീനവും അഗാധവുമായ സമസ്യയായി അനുഭവിച്ചു.
3) കോട്ടയം പുഷ്പനാഥ്
നൂറിനു മുകളിൽ അപസർപ്പക നോവലുകളെഴുതിയ കോട്ടയം പുഷ്പനാഥിനു മരണാനന്തരം ആ വായനക്കാരുടെ യാതൊരു പരിഗണനയും ലഭിക്കുന്നില്ല. വായനക്കാരും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ദുർഗ്രഹമാകുകയാണ്.
4)പി എ ബക്കർ
ഒറ്റപ്പെടൽ ,അരികു ജീവിതം, ലൈംഗിക വിവേചനം തുടങ്ങിയ വലിയ പ്രശ്നങ്ങൾ ചർച്ചചെയ്ത ബക്കറിൻ്റെ സിനിമകൾ എപ്പോഴും നൊമ്പരപ്പെടുത്തും. എന്നാൽ ആ സിനിമകൾക്ക് ഇനി ഒരു പുനർ പ്രദർശനം?
5) കേശവദേവ്
കഴിഞ്ഞ നൂറ്റാണ്ടിലെ ഉല്പതിഷ്ണുക്കളായ സാഹിത്യകാരന്മാരിൽ പ്രമുഖസ്ഥാനമാണ് കേശവദേവിനുള്ളത്. സ്വതന്ത്രമനുഷ്യനായിരുന്ന അദ്ദേഹം ബൗദ്ധികമായ അടിമത്തത്തിനെതിരെ ഒരു കലാപം തന്നെ അഴിച്ചുവിട്ടു. സ്വന്തം പ്രതിച്ഛായയോ ,ഭാവിയോ അദ്ദേഹത്തെ അലട്ടിയില്ല.
അമ്പതു വർഷങ്ങൾ
'മലയാളത്തിലെ അസ്തിത്വചിന്തയ്ക്ക് 50 വയസ്സ് ' എന്ന തലക്കെട്ടിൽ ഡോ. ആർ.ബി. ശ്രീകല എഴുതിയ ലേഖനം (എഴുത്ത്, നവംബർ ) പ്രാധാന്യമുള്ളതാണ്. 1970 ഫെബ്രുവരി ഒന്നാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, എസ്.വി. വേണുഗോപൻനായരുടെ 'ഗർഭശ്രീമാൻ' എന്ന കഥ മലയാളത്തിൽ നവകഥയുടെ ഉദ്ഘാടനമായിരുന്നു എന്നാണ് ലേഖിക അഭിപ്രായപ്പെടുന്നത്.ഈ കഥയും അതേ വർഷം തന്നെ പ്രത്യക്ഷപ്പെട്ട മറ്റു കഥകളും (കാക്കനാടൻ്റെ ശ്രീചക്രം ', കെ.പി.നിർമ്മൽകുമാറിൻ്റെ 'ചില ചൈത്രസന്ധ്യകൾ ', എം.പി.നാരായണപിള്ളയുടെ 'പരീക്ഷ' ) നവസാഹിത്യത്തിൻ്റെ സൗന്ദര്യചിന്തകൾക്ക് ആഴത്തിൽ വേരോടാൻ സഹായകമായി. ധാരാളം ചർച്ചചെയ്യപ്പെട്ട ആ കഥാപ്രസ്ഥാനത്തിൻ്റെ തുടർ ചലനങ്ങൾ ഉണ്ടായില്ല. സൗന്ദര്യബോധത്തിൻ്റെ അഭാവമാണ് കാരണം.
ഒരു കവിതാസമാഹാരം
രാജൻ കൈലാസിൻ്റെ ' മാവു പൂക്കാത്ത കാലം' (ഡിസി ബുക്സ് ) 2020 ലെ മികച്ച കൃതികളിലൊന്നാണ്. ഈ കവിയുടെ സാമാന്യം ബൃഹത്തായ ഒരു സമാഹാരമാണിത് .സൂക്ഷ്മസoവേദനനത്തിലൂടെ തത്വശാസ്ത്രപരമായ വിമോചനത്തിലേക്ക് ഈ കവിതകൾ നമ്മെ നയിക്കുന്നു. 'ഒറ്റയിലത്തണൽ' എന്ന കവിതയിലെ വരികൾ ഇങ്ങനെ:
"ഒരു പെൺപിറാവിൻ്റെ
ഒറ്റമൂളൽ ,
ഒരു വയൽപ്പൂവിൻ്റെ
ഒറ്റ നൃത്തം,
ഒരു നിലാത്തുണ്ടു പോൽ
ഒറ്റ മുത്തം,
ഒറ്റച്ചിരിത്തൂവൽ
ഒറ്റത്തലോടൽ
ഒടുവിലൊരു തീരാത്ത
പരിരംഭണം" .
No comments:
Post a Comment