Monday, July 12, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /ശൈലി പ്രകൃതിയിലില്ല/metrovartha 12/7/2021

 അക്ഷരജാലകംLink

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


ശൈലി പ്രകൃതിയിലില്ല


പ്രകൃതിയെ അതേപടി പകർത്തി വച്ചാൽ ഫോട്ടോഗ്രാഫിപോലുമാകില്ല; പിന്നെങ്ങനെ കലയാകും?പ്രകൃതിയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി തൻ്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കുമ്പോഴാണ് കലാകാരനോ കലാകാരിയോ ഉണ്ടാകുന്നത്‌. ഒരു സ്രഷ്ടാവ് എന്ന  നിലയിലേക്ക് എത്രപേർക്ക് ഉയരാനാവുന്നുണ്ട്?. പലരും പലതും ആവർത്തിക്കുകയാണ് ചെയ്യുന്നത്. കാലാന്തരത്തിൽ വായനക്കാർ എന്ന നാം ആവർത്തിക്കപ്പെട്ടതോ,  അനുകരിക്കപ്പെട്ടതോ ,മൂന്നാമതോ  നാലാമതോ കൈമറിഞ്ഞതോ ആയ  വിഭവങ്ങളുടെ ഉപഭോക്താക്കളായി മാറുകയാണ്.


അനിത തമ്പിയുടെ 'ഗൗരി ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലൈ 10) വായിച്ചു വിരസവും വിഫലവുമായ ഒരനുഭവത്തിൻ്റെ തനിയാവർത്തനത്തിൻ്റെ ചുഴികളിൽ അകപ്പെടുകയാണ് ചെയ്തത്. എന്താണ് ഈ കവിതയെഴുതാനുള്ള പ്രകോപനം? . മുൻമന്ത്രി കെ.ആർ. ഗൗരിയമ്മയെയാണ് കവിതയിൽ  വിഷയമാക്കിയിട്ടുള്ളത്. എന്നാൽ  ഗൗരിയമ്മയെക്കുറിച്ച് ഒരു 'സ്റ്റാറ്റസ്കോ' കവിത നിർമ്മിച്ചെടുത്തിരിക്കുകയാണ് അനിതാതമ്പി. ഇതുപോലെയുള്ള ഗതാനുഗതമായ കവനങ്ങൾ ഇപ്പോൾ സാധാരണമാണ്. ഗൗരിയമ്മക്കുറിച്ച് കവിതയെഴുതേണ്ട ആവശ്യമെന്താണിപ്പോൾ ?  കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രിയമാണെങ്കിൽ അവർ മരിക്കുന്നതുവരെ എന്തിനു കാത്തിരുന്നു ? ഗൗരിയമ്മയാകട്ടെ ഒട്ടും റൊമാൻറിക് അല്ലാത്ത പ്രകൃതമാണ്; അതൊരു കുറവല്ല എങ്കിലും. ഒരു വലിയ രാഷ്ട്രീയനേതാവ്, നിസ്വാർത്ഥമായ പൊതുപ്രവർത്തക എന്നീ നിലകളിൽ അവർ കേന്ദ്രീകരിച്ചിരുന്നത് പഞ്ചേന്ദ്രിയങ്ങളുടെ പച്ചയായ  യാഥാർത്ഥ്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള ഭൗതിക ചിന്തകളിലുമായിരുന്നു. അതിൽ ഭാവനയ്ക്കിടമില്ല. ഇതൊക്കെ അനിതാതമ്പിയെപോലുള്ളവർക്ക് എങ്ങനെ ഉൾക്കൊള്ളാനാവും?.ഗൗരിയമ്മയുടെ  പ്രണയത്തിൽ നിശ്ചയമായും രാഷ്ട്രീയപ്രശ്നങ്ങൾ അന്തർഭവിച്ചിരുന്നു. അതിൽ സാമൂഹികഘടനയുടെ അന്ത:സംഘർഷങ്ങളുണ്ടായിരുന്നു.


അനിതാതമ്പി എഴുതുന്നതു നോക്കൂ:

'എന്തിന് പോരാടി നീ തരണീ ?

എന്തു നീ നേടി മായാത്തതായി?' 


ഈ ചോദ്യത്തിൽ നിന്നു തന്നെ  വ്യക്തമാകുന്നുണ്ട് അനിതയ്ക്ക് ഭാവന ചെയ്യാനുള്ള ഒരു വസ്തുവല്ല  ഗൗരിയമ്മയെന്ന്. ഗൗരിയമ്മയുടെ യൗവ്വനകാലത്തെ സാമൂഹികമായ ആളോഹരി ഒറ്റപ്പെടലും നിന്ദിതമായ അവസ്ഥയും അനിതാതമ്പിക്ക് സംവേദനക്ഷമമായ വസ്തുതകളല്ലെന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച വരികൾ. വളരെ കാലഹരണപ്പെട്ടതും ഉൾക്കാഴ്ചയില്ലാത്തതും  അപ്രസക്തവും അസത്യവുമായ ഒരു കവനമാണിതെന്ന് വായിച്ചു തുടങ്ങിയപ്പോൾ തന്നെ വ്യക്തമായിരുന്നു. കാലത്തിനനുസരിച്ചുള്ള ആലോചനകളും ചിന്തകളുമില്ലെങ്കിൽ ഇതുപോലുള്ള കവിതകൾ നിരന്തരം ഉൽപാദിപ്പിക്കപ്പെടുക തന്നെ ചെയ്യും.


പ്രക്ഷുബ്ധമായ പ്രബുദ്ധതസ്പാനീഷ് ചിന്തകനും ദാർശനികനുമായ ഒർട്ടേഗാ ഈ ഗാസറ്റ് ' ദ് ഡീഹ്യൂമനൈസേഷൻ ഇൻ ആർട്ട് 'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: ' ജീവിതം ക്ഷുദ്രവസ്തുവാണ്, അതിൻ്റെ അതിർത്തികൾ മറികടക്കാനുള്ള തീവ്രമായ ത്വര നമ്മുടെയുള്ളിൽ ഇല്ലെങ്കിൽ ' . ഇതല്ലേ കവികൾ ശ്രദ്ധിക്കേണ്ടത്.


നിലവിലുള്ള വാക്കുകളുടെ അർത്ഥത്തെയും ചിന്തകളുടെ മുൻഗണനാക്രമത്തെയും  ആവിഷ്കാരമാതൃകകളെയും അതേപടി നിലനിർത്താൻ വേണ്ടി ഒരാൾ എഴുതണമെന്നില്ല .അതുകൊണ്ടു ചരിത്രത്തിനു പ്രയോജനമില്ല . എന്തെങ്കിലും നവീകരിക്കാനുണ്ടാകണം. മറ്റൊരു രീതിയിൽ നോക്കാനുള്ള സിദ്ധി വേണം. ഒരു കൂട്ടിച്ചേർക്കൽ അനിവാര്യമാണ്. ഒരു പ്രക്ഷുബ്ധമായ പ്രബുദ്ധതയാണ് ഉണ്ടാകേണ്ടത്; അത് ജ്ഞാനോദയമാണ്.


ഗാസറ്റ് എഴുതുന്നു: 'നമ്മൾ സ്ഥിരം ചക്രവാളത്തിനകത്തു ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നത് എല്ലാ ഊർജ്ജത്തെയും നശിപ്പിക്കുന്നു. ജീവിതത്തിൻ്റെ  ചക്രവാളം ജീവശാസ്ത്രപരമായ ഒരു രേഖയാണ്; നമ്മുടെ ശരീരത്തിലെ ജീവനുള്ള ഒരു ഭാഗം. ജീവിതനിറവിൽ നിൽക്കുമ്പോൾ അത് വികസിക്കുന്നു. ആ ചക്രവാളം ചുരുങ്ങുന്നത്  തിരിച്ചറിയാനാവും, ആഗ്രഹങ്ങൾ നശിച്ചു ജരാനരകളിലേക്ക് നീങ്ങുമ്പോൾ ' .


കലയിൽ സ്വഭാവത്തേക്കാൾ ശൈലിക്കാണ് പ്രാധാന്യം. ഫ്രഞ്ച് സംവിധായകനായ കീസ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക ' എന്ന സിനിമ ശൈലിയാണ് കാണിച്ചു തരുന്നത്. യഥാതഥസിനിമയല്ലത്;വെറോണിക്ക  എന്ന പേരിൽ രണ്ടു യുവതികളുണ്ട് ,രണ്ടു സ്ഥലത്ത് .അവർ തമ്മിൽ വൈകാരികമായ ബന്ധമുണ്ടാവുകയാണ്. യുക്തിപരമായ ഉത്തരമില്ല. നാം നമ്മളായിരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നമ്മളിൽ പലരുണ്ട്.


കലയിൽ ശൈലീവത്ക്കരണമുണ്ടാകുന്നത് ,യാ ഥാർത്ഥ്യത്തെ തകർക്കുമ്പോഴാണ് .ശൈലി അപമാനവീകരണമാണ്. റിയലിസ്റ്റാവുമ്പോൾ ശൈലി ഇല്ലാതാകുന്നു. ശൈലി പ്രകൃതിയിലില്ലാത്തതാണ്.


ഗാസറ്റ് പറയുന്നപോലെ, പ്രത്യേകിച്ച് യാതൊരു അവബോധമോ ,ചിന്തയോ ഇല്ലാതെ ,ബുദ്ധിശൂന്യതയോടെ  എന്തെങ്കിലും വരയ്ക്കാനോ എഴുതാനോ യാതൊരു പ്രയാസവുമില്ല. പരസ്പരബന്ധമില്ലാത്ത വാക്കുകൾ ചേർത്തു വച്ചാൽ മതി ;അല്ലെങ്കിൽ പൊരുത്തമില്ലാത്ത വരികൾ  ഉണ്ടാക്കിയാൽ മതി .എന്നാൽ പ്രകൃതിയുടെ പകർപ്പല്ലാത്ത  എന്തെങ്കിലും സൃഷ്ടിക്കണമെങ്കിൽ , സ്വന്തമായ ഒരു ത്വര ഉണ്ടാകണം. അതാണ് പ്രക്ഷുബ്ധമായ പ്രതിഭ അഥവാ ക്ഷോഭിക്കുന്ന ജ്ഞാനം.


മെലോഡ്രാമ


യാഥാർത്ഥ്യം കലാകാരൻ്റെ  യാത്രയെ തടസ്സപ്പെടുത്താൻ വഴിയിൽ പതുങ്ങിയിരിക്കുകയാണ്.ഇതിൽ നിന്നു   രക്ഷപ്പെടാൻ നല്ല സാമർത്ഥ്യം വേണം. സംഗീതംപോലും മെലോഡ്രാമ അല്ലെങ്കിൽ അതിഭാവുകത്വമാണെന്ന് ഗാസറ്റ് ചൂണ്ടിക്കാണിക്കുന്നത് ഈ പ്രക്ഷുബ്ധമായ പ്രബുദ്ധതയ്ക്ക് ഉദാഹരണമാണ്.മഹാനായ ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷെ നിരീക്ഷിച്ചു ,സംഗീതം വികാരത്തിൻ്റെ സ്വയം ആഘോഷമാണെന്ന്.ബിഥോവൻ മുതൽ വാഗ്നർ വരെയുള്ള മഹാന്മാരുടെ സംഗീതം അതിവൈകാരികതയാണെന്ന് ഗാസറ്റ്   നിരീക്ഷിക്കുന്നത് അതിലെ വൈകാരികതലത്തെ അടിസ്ഥാനമാക്കിയാണ്.


ചില കവിതകളിൽ അതിവൈകാരികതയോ വർദ്ധിച്ച അന്ത:ക്ഷോഭമോ അതിൻ്റെ തന്നെ ഭക്ഷണമാവുകയാണ്. വികാരം മാത്രമേ കാണൂ .കവിത ഒരു  വിച്ഛേദമാണ് ,പാഴ്ശ്രുതിയായി അധ:പതിക്കുന്ന അതിവൈകാരികതയിൽ നിന്ന്. കവിതയുടെ അഭൗമമായ ഗുണം മല്ലാർമെയെപ്പോലെ നല്കാനാവണം.


മല്ലാർമെയുടെ വരികൾ കുറിക്കട്ടെ:

'എല്ലാം ഒരു വാക്കിൽ

സംഗ്രഹിച്ചിരിക്കുന്നു - വീഴ്ച.

അതുകൊണ്ട് വർഷത്തിൽ എൻ്റെ 

പ്രിയപ്പെട്ട കാലം ഹേമന്തത്തിനു 

മുമ്പുള്ള വേനൽക്കാലത്തിൻ്റെ

പതനയാത്രയാണ്, 

പകലിൽ 

വിടവാങ്ങാൻ മടിക്കുന്ന

സൂര്യനെ കണ്ട് നടക്കുന്നതാണ് -

മഞ്ഞ വെങ്കലരശ്മികൾ

നരച്ച ഭിത്തികളിലും 

ചുവന്ന

ചെമ്പിൻ്റെ രശ്മികൾ 

തറയോടുകളിലും വിതറി....'


ഒരു കവിയല്ലാതെ എനിക്ക് മറ്റൊന്നുമാ കേണ്ടെന്ന ആഗ്രഹം പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ച ആദ്യ കവിയാണ് മല്ലാർമെ .ഈ അഭൗമ ഗുണം മറ്റെല്ലാറ്റിൽ നിന്നും അദ്ദേഹത്തെ ഉയർത്തി നിർത്തി.


ദ് പോയറ്റ് ബിഗിൻസ് വെയർ ദ് മാൻ എൻഡ്സ് - ഗാസറ്റിൻ്റെ വാക്കുകളാണ്. മനുഷ്യവ്യക്തി  അവസാനിക്കുന്നിടത്താണ് ഒരു കവി ഉദയം ചെയ്യുന്നത്. മനുഷ്യന് അവൻ്റെ  ജീവിതം ജീവിക്കാനുള്ള ഇടം മതി; കവിക്ക് ജീവിതത്തിലില്ലാത്തത് കണ്ടുപിടിക്കേണ്ടി വരും. കവി ലോകത്തെ വിപുലീകരിക്കുകയാണ് ചെയ്യേണ്ടത്.


കവിത ഒരയാഥാർത്ഥ ലോകമാണെങ്കിലും ,അതിൽ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല ,അത് തത്ത്വചിന്താപരവുമാണ്. അമെരിക്കൻ ഫിലോസഫി പ്രൊഫസറായ മൊണ്ടാഗ്  ബ്രൗൺ എഴുതിയ  'റീസൺ ,റെവലേഷൻ ആൻഡ് മെറ്റാഫിസിക്സ് - ദ് ട്രാൻസെൻ്റഡൽ അനാളജീസ്' എന്ന പുസ്തകത്തിൽ മറ്റു മാനവശാസ്ത്രമേഖലകളിൽ നിന്ന് തത്ത്വചിന്തയെ വ്യത്യസ്തമാകുന്നത് അതിലടങ്ങിയ നിരാസ്പദമായ സ്വാതന്ത്ര്യമാണെന്ന് വിശദീകരിക്കുന്നുണ്ട്. ഒരു മനശാസ്ത്രജ്ഞന് വ്യക്തികളുടെ മനസ്സിനെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ തത്ത്വങ്ങളെ ആശ്രയിക്കുന്ന ചിന്തകളേ സാധ്യമാകൂ; ഒരു ജീവശാസ്ത്രജ്ഞൻ്റെ ലോകം അയാൾക്കു അജ്ഞാതമാണ്. ജീവശാസ്ത്രജ്ഞനു സാമൂഹ്യശാസ്ത്രപരമായ വിഭവങ്ങൾ അസുഖകരമാണ്. എന്നാൽ തത്ത്വചിന്ത എല്ലാറ്റിനെയും ചൂഴുന്നു. ദാർശനികത എന്തിനെയും വ്യാഖ്യാനിക്കുമെന്നാണ് ബ്രൗൺ പറയുന്നത് .അത് ഒന്നിലേക്കും ചുരുങ്ങില്ല, മറ്റു മാനവശാസ്ത്ര വിഷയങ്ങളെപ്പോലെ. 


ഡൗൺലോഡ് ചെയ്യാനാവില്ല


തത്ത്വചിന്തയിൽ അതിൻ്റെ തന്നെ വൈരുദ്ധ്യത്തെയും അസംബന്ധത്തെയും മുഖാമുഖം കാണുന്ന സന്ദർഭങ്ങളുണ്ട്.ഇത് സ്വാതന്ത്ര്യമാണ്.ദാർശനികത അംഗീകൃത പഠനശാഖകൾക്ക് പുറത്താണ് അലയുന്നത് .ഏത്  ചിന്താവ്യവസ്ഥയ്ക്കും പുറത്ത് തരിശുനിലങ്ങളുണ്ട്. അവിടെയാണ് ദാർശനികത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. കവിതയും  സാഹിത്യവും ഈ തരിശുനിലങ്ങളിൽ നിന്ന് ഊർജം തേടുകയാണ്. അവിടെ സ്വാതന്ത്ര്യം ആരംഭിക്കുകയല്ല , അവസാനിക്കാത്ത പാത കണ്ടെത്തുകയാണ്.


ഒരു കവി തൻ്റെ അഭൗമവും വിഭ്രാമക വുമായ ലോകം സൃഷ്ടിക്കുന്നത് സ്വതന്ത്രമായാണ് ; കണ്ടുപിടുത്തമാണത്. അയാൾക്കുള്ള ഉത്തരങ്ങൾ എവിടെ നിന്നും ഡൗൺലോഡ് ചെയ്യാനാവില്ല.വിചാരം


എസ് .കെ. പൊറ്റക്കാടിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് 'എസ്.കെ. പൊറ്റക്കാട് - ഓർമ്മ ,പഠനം, സംഭാഷണം'. സി. പി.ശ്രീധരൻ ,എം ടി ,ഒ.എൻ.വി ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ,എസ്.രാജശേഖരൻ ,ഇ .വാസു, ചെറിയാൻ കുനിയന്തോടത്ത്  തുടങ്ങിയവരുടെ ഓർമ്മകൾ വായിക്കാം. അതോടൊപ്പം ചില  എഴുത്തുകാരുടെ പഠനങ്ങക്കുറിപ്പുകളും ചേർത്തിട്ടുണ്ട്. കാലപ്പഴക്കം ചെല്ലുന്നതോടെ കൃതികൾക്ക് പ്രസക്തിയില്ലെന്ന് വാദിക്കുന്ന പുത്തൻകൂറ്റുകാർ ഇതൊക്കെ കാണണം. എസ്.കെ.ഉണ്ടെങ്കിലേ ഇന്നത്തെ എഴുത്തുകാരുള്ളു. ഇതൊരു തുടർച്ചയാണ്. എസ്.കെയെ വിസ്മൃതിയിലേക്ക് തള്ളിയിട്ട ശേഷം ജീവിക്കാമെന്നത് വ്യാമോഹം മാത്രമാണ്. 


സി.പി.ശ്രീധരൻ എഴുതുന്നത് പുതിയ അറിവു പകരുന്നു: 'വീട്ടിലായാലും മറുനാട്ടിലായാലും എസ്. കെ.  മുറതെറ്റാതെയനുഷ്ഠിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. രാവിലെ അഞ്ചു മണിയോടെടുത്തോ വെളുക്കുന്നതിനു മുൻപോ ഓരോ ദിവസവും ഓരോ പുതിയ വഴിയിൽക്കൂടി മൂന്നുനാലു  മൈലെങ്കിലും ചുരുങ്ങിയതു നടക്കും. കുന്നും കുളവും ,കല്ലും തൂണും, ആലയും തറയും, കാവും കാടും കണ്ട പുതുമകളെല്ലാം നേത്രാഭിചാരംകൊണ്ടകത്തു കടത്തും . തിരിച്ചുവന്നശേഷം -അല്ലെങ്കിൽ രാത്രി, കണ്ടതും കേട്ടതുമെല്ലാം തൻ്റെ  ഡയറിയിലും നോട്ടുപുസ്തകത്തിലും  വിശദമായി തന്നെ കുറിച്ച് വയ്ക്കും. നാല്പത്തിയെട്ടുവർഷം തുടർന്നുവന്ന ഈ ശീലത്തിൻ്റെ ഫലമായി എത്രയോ ലോറികളിലൊതുങ്ങുന്നത്ര കുറിപ്പ്പുസ്തകങ്ങൾ കെട്ടിക്കിടപ്പുണ്ട് " .


 തന്നെ ചെറുപ്പത്തിൽ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരൻ എസ് .കെ. പൊറ്റക്കാട്ടണെന്ന് എം.ടി അനുസ്മരിക്കുന്നു. തനിക്ക് എഴുതണമെന്ന് തോന്നാൻ കാരണം എസ്.കെയുടെ കൃതികളാണ്. 'മനസ്സിൽ അവ്യക്തസുന്ദരസങ്കല്പങ്ങളുടെ ആയിരം പീലിക്കാവടികൾ നിവർത്തി നിറഞ്ഞുനിന്ന പേരാണ് എസ്. കെ. പൊറ്റക്കാടെന്ന്' എം.ടി കുറിക്കുന്നു.


നുറുങ്ങുകൾ


1)പിൽക്കാല എഴുത്തുകാരുടെ  അസ്തിത്വപ്രശ്നവും അതിജീവന സമസ്യയുമായി തൻ്റെ പേരിൽ അവാർഡ് സ്ഥാപിതമാവുമെന്ന് എഴുത്തച്ഛനു അറിയില്ലായിരുന്നു.  അതറിയാമായിരുന്നെങ്കിൽ, അദ്ദേഹം വ്യവസ്ഥകൾ എഴുതിവച്ച് അവാർഡുകളുടെ കാര്യത്തിൽ കർശന നിലപാടെടുക്കമായിരുന്നു.


2)ഏത് മുന്നണി അധികാരത്തിൽ വന്നാലും ,എല്ലാവർക്കും പ്രിയപ്പെട്ടതായി തുടരാൻ ചില എഴുത്തുകാർക്ക് പ്രത്യേക സിദ്ധി തന്നെയുണ്ട്. അവർ ഒരേസമയം ഭഗവത്ഗീതയും കമ്മ്യൂണിസവും ഇടതും വലതും വള്ളത്തോളും നാലപ്പാടനുമായെല്ലാം അവതരിക്കും.


3)പുതിയ സർക്കാരിലെ സാംസ്കാരിക മന്ത്രി ആരായിരിക്കുമെന്ന് മനസ്സിൽ പ്രവചിച്ചുകൊണ്ട് ഇലക്ഷൻ പ്രചരണത്തിന് പോയവരുണ്ട്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ ആകെ മാറിപ്പോയിരിക്കയാണ്.


4)ഒരു ആത്മകഥയിൽ മാത്രമല്ല ,ഒരു പദവിയിലും ഒതുങ്ങാത്തവനാണ് നല്ല എഴുത്തുകാരൻ .കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വേണ്ടെന്ന് പറഞ്ഞപ്പോൾ എം. പി.നാരായണപിള്ള അതാണ് സൂചിപ്പിച്ചത്.


5) പണം  കൊടുക്കാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമാണിന്നുള്ളത്. പുസ്തകം  പുറത്തിറക്കാൻ ഭാഷാഇൻസ്റ്റിട്യൂട്ടിനെ സമീപിക്കാൻ നിവൃത്തിയില്ല .ആ വഴി പോയാൽ കൊച്ചുകുട്ടികൾ പോലും പേടിച്ചു നിലവിളിക്കും.


6)എഴുതാൻ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും വിഷയം നിർദ്ദേശിച്ചു തരും. അതിനനുസരിച്ച് എഴുതിയാൽ മതി .ഷഷ്ഠിപൂർത്തിയും സപ്തതിയും അശീതിയുമെല്ലാം നന്നായി ആഘോഷിക്കപ്പെടാൻ  ഇതാണ് ഉത്തമം .


വായന 


വിശ്രുത ബംഗാളിനോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എം.എൻ .സത്യാർത്ഥിയെ  മലയാളികൾക്ക് വേണ്ട. അവർക്ക് കഷ്ടിച്ച ഒരു കഥ മാത്രം എഴുതിയവരെ മതി. പി.വി.കെ. പനയാൽ (ഗ്രന്ഥാലോകം ,ജൂൺ ) ഇങ്ങനെ എഴുതുന്നു:

'മറവിയുടെ ഇരുണ്ട ഗർത്തത്തിൽ എത്രവേഗമാണ് നാം എം.എൻ.സത്യാർത്ഥി എന്ന പേര് അടച്ചുപൂട്ടി മുദ്രവെച്ചുകളഞ്ഞത്!. പ്ലാസി യുദ്ധത്തിൻ്റെ കഥപറയുന്ന, ആയിരത്തിൽപരം പേജിൽ പരന്നുകിടക്കുന്ന ,ബിമൽമിത്രയുടെ 'ബീഗം മേരി വിശ്വാസ്' എന്ന  നോവൽ വായിക്കുമ്പോൾ അത് മലയാളത്തിലെഴുതിയ നോവലാണെന്നേ നമുക്ക് തോന്നൂ'.


പുരോഗമന കലാസാഹിത്യസംഘം അതിൻ്റെ പിതാവായ കെടാമംഗലം പപ്പുക്കുട്ടിയെ പടിയടച്ച് പിണ്ഡംവച്ചതുപോലെയാണിത്. ഉപയോഗിച്ചു വലിച്ചെറിയുന്ന സാഹിത്യ സംസ്കാരം നല്ലതല്ല. നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് പിന്നീടേ മനസ്സിലാകൂ. ഓസ്കാർ വൈൽഡ് ജീവിച്ചിരുന്നപ്പോൾ കള്ളക്കേസെടുക്കാനും അപമാനിക്കാനുമായിരുന്നു പലർക്കും താൽപര്യം. അദ്ദേഹം മരിച്ച ശേഷമാണ് തങ്ങൾ എത്രമാത്രം നികൃഷ്ടമായാണ്  വൈൽഡിനെ കൈകാര്യംചെയ്തെന്ന് സമൂഹം മനസ്സിലാക്കിയത്. പിന്നീട് ആ ശവകുടീരത്തിലേക്ക് ആരാധകർ പ്രവഹിച്ചുകൊണ്ടിരുന്നു. ആ  ശവക്കല്ലറ ആരാധകർ ഉമ്മവച്ചതിൻ്റെ ലിപ്സ്റ്റിക് പാടുകൊണ്ട് നിറയുകയാണുണ്ടായത്. ആരാധകരെ ഒഴിവാക്കാൻ അധികാരികൾ ആ കല്ലറ വേലികെട്ടി അടക്കുകയായിരുന്നു.ഫോർമുല മാറണം


നമ്മുടെ സാഹിത്യ, സാംസ്കാരിക ആഴ്ചപ്പതിപ്പുകളുടെ ഉള്ളടക്കവും  ഫോർമുലയും മാറ്റാൻ സമയമായി. ഒരു നോവൽ ,ഒരു കഥ ,രണ്ടു കവിത, ആത്മകഥ, ഫീച്ചർ, ലേഖനം എന്നിങ്ങനെയുള്ള ബുക്കിഷ് ഘടന ഇന്നത്തെ വായനക്കാരൻ്റെ മനസിനെ അപ്ഡേറ്റ് ചെയ്യുന്നില്ല . മനുഷ്യരുടെ ജീവിതവും ചിന്തകളുമായി ഇതിനു ബന്ധമില്ല. ഇന്ന് ആഴ്ചപ്പതിപ്പുകളിൽ  വരുന്ന കവിതയോ കഥയോ ആളുകൾ കാണണമെങ്കിൽ ഫേസ്ബുക്കിലിടേണ്ട അവസ്ഥയാണുള്ളത്.എഴുത്തുകാർക്ക് ഇരട്ടിപ്പണിയാണ്. മനുഷ്യരുടെ സമകാലികജീവിതത്തെ കീറിമുറിച്ച് പരിശോധിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും വാരികകളിൽ ഉണ്ടാവണം. ഒരു പഴയ സ്കൂൾ മാഷിൻ്റെ ,അല്ലെങ്കിൽ കോളജ് മാഷിൻ്റെ ചുറ്റുവട്ടത്തിൽ നിന്ന് ,പരിപ്രേക്ഷ്യത്തിൽ നിന്ന് സാഹിത്യത്തെ മാറ്റേണ്ടതുണ്ട്.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വാരികകൾ പതിറ്റാണ്ടുകൾ പിറകിലേക്കു സഞ്ചരിക്കുകയാണിപ്പോൾ. ഇന്ന് എഴുത്തുകാരെ അലട്ടുന്നത് സമൂഹമാധ്യമങ്ങളാണ്‌. അപ്രതീക്ഷിതമായി ഒരു കെണിയിലേക്ക് വീണതിൻ്റെ സമ്മർദ്ദം പലരിലുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ആഴ്ചകളോളം സോഷ്യൽ മീഡിയ അക്കൗണ്ടു പൂട്ടി വയ്ക്കുന്നവരുമുണ്ട്. 


പുസ്തകങ്ങൾ ഇന്ന് വാരികകളിൽ ഒരു വാർത്ത പോലും അല്ലാതായ സംഭവം ഇതിനോടു ചേർത്തുവച്ചു കാണണം.സാമൂഹിക അകലം പാലിക്കുന്നതിനു പകരം അടുപ്പം ഉണ്ടാക്കുകയാണ് എഡിറ്റർമാർ ചെയ്യേണ്ടത്.


സംസ്കാര കേരളം


എഴുപതുകളിലെ ഫോർമുല കാലഹരണപ്പെട്ടു .ജീവിച്ച ജീവിതങ്ങൾ വിസ്മരിക്കപ്പെടുകയാണ്. പകരം ബുക്കിഷ് മാതൃകയിലുള്ള വാർപ്പ് സങ്കല്പങ്ങൾ അണിനിരക്കുന്നു. സാംസ്കാരിക വാർപ്പുമാതൃകകളെ അതേപടി പുനഃസൃഷ്ടിക്കുന്നത് അപകടകരമാണ്.

കേരളസർക്കാരിൻ്റെ 'സാംസ്കാരിക കേരളം' മാസികയുടെ ജുലായ് ലക്കം ഞെട്ടിച്ചു. ആകെ നൂറ് പേജാണുള്ളത്.അതിൽ അറുപത്തിയേഴ് മുതലുള്ള മുഴുവൻ പേജുകളും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനു നീക്കിവച്ചിരിക്കയാണ്.എന്താണ് കാരണം ?എന്തെങ്കിലും പ്രത്യേക ദർശനമോ കലാതന്ത്രമോ ബാലകൃഷ്ണൻ ആവിഷ്കരിച്ചോ ?അദ്ദേഹത്തിൻ്റെ ഫോട്ടോകൾ പോലെ തീരെ ആഴമില്ലാത്ത ,ചിന്താരഹിതമാണ് മിക്കവാറും കൃതികളും. 'സംസ്കാര കേരള'വും വ്യക്തിപൂജയിൽ അഭിരമിക്കുന്ന പ്രസിദ്ധീകരണങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ് ?ഔചിത്യം വേണ്ടേ ?ഇതിൻ്റെ എഡിറ്റർ പ്രഭാകരൻ പഴശ്ശിക്ക് വസ്തുതകൾ വേർതിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തതിനാൽ അദ്ദേഹം പലരുടെയും സമ്മർദ്ദത്തിനു അടിമപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഇതൊരു സർക്കാർ പ്രസിദ്ധീകരണമാണെന്ന കാര്യം പഴശ്ശി മറന്നു പോയി. ഈ നാട്ടിലെ ധാരാളം കഴിവുള്ള എഴുത്തുകാർക്ക് പ്രയോജനപ്പെടേണ്ട ഒരു ജേർണൽ ചിലരുടെ പബ്ളിസിറ്റിക്ക് വേണ്ടി മാത്രമായി  നിന്നുകൊടുക്കുന്നത് അവിവേകമാണ്.ഇത് 'സംസ്കാര കേരള'മല്ല ,സംസ്കാരമില്ലാത്ത കേരളമാണ്‌.


Monday, July 5, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / വിചിത്രമായ ആകുലതകൾ /metrovartha 5 July 2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


വിചിത്രമായ ആകുലതകൾ


സമീപനാളുകളിലാണ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ഫസ്റ്റ് പേഴ്സൺ സിംഗുലർ ' എന്ന കഥാസമാഹാരം പുറത്തുവന്നത്. ഒരു കാഫ്കയെസ്ക്  (കാഫ്കയുടെ കൃതികളിൽ കാണുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ലോകം )ലോകത്തിൻ്റെ സന്ദിഗ്ദ്ധതകളും അകാരണമായ വ്യഥകളും നിറഞ്ഞുനിൽക്കുന്ന ഏകാന്തതയുടെ ഹിമശൈലങ്ങളാണ് ഓരോ കഥയും .മുറകാമിക്ക് ഒരു മൗലികനോട്ടമുണ്ട് .ലോകത്തിൻ്റെ  ചംക്രമണങ്ങളെ തനിക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിൽ സ്വകാര്യമാക്കുന്നിടത്താണ് 

മുറകാമിയുടെ പ്രസക്തി .എല്ലാവരും കാണുന്നപോലെയും മനസ്സിലാക്കുന്ന പോലെയുമാകരുത് എഴുത്തുകാരൻ്റെ  വീക്ഷണങ്ങൾ. അയാൾക്ക് അത്യാനന്ദത്തിലെത്താനും അതിശയകരമായ വിഷാദത്തിലേക്ക് ആണ്ടുപോകാനും സ്വന്തവും രഹസ്യാത്മകവുമായ കാരണങ്ങൾ ഉണ്ടാകണം .അയാൾ സംഘർഷങ്ങളിലൂടെ തുഴഞ്ഞെത്തിയ ദ്വീപാണത്. അയാൾ സ്വയം സ്ഥാപിച്ച കുരിശാണത്. അയാൾക്ക് അവിടെയേ ശാന്തി ലഭിക്കൂ .മുറകാമി എഴുതുന്നത് ഇങ്ങനെയാണ്:

'തീർച്ചയായും നേടുന്നത് നഷ്ടപ്പെടുന്നതിനേക്കാൾ വളരെ നല്ലതാണ്. പക്ഷേ ,നേടുന്നതോ നഷ്ടപ്പെടുന്നതോ സമയത്തിൻ്റെ മൂല്യത്തെയോ ഭാരത്തെയോ ബാധിക്കുന്നില്ല. ഒരു മിനിട്ട് ഒരു മിനിട്ടാണ് .ഒരു മണിക്കൂർ ഒരു മണിക്കൂറാണ്. നമ്മൾ അതിനെയാണ്  പരിപാലിക്കേണ്ടത്. നമ്മൾ കാലവുമായി അനുരഞ്ജനപ്പെടണം; കഴിയുന്നിടത്തോളം വിലപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കുക. ഇതാണ് ഏറ്റവും പ്രധാനം' .


ആകസ്മികസൗന്ദര്യം


കാലത്തിൻ്റെ മൂല്യത്തിൽ പ്രാതിഭാസി കമായ തലമാണുള്ളത്. നമ്മൾ കരഞ്ഞാലും സന്തോഷിച്ചാലും കാലത്തിൽ യാതൊരു വ്യതിയാനവുമില്ല. അതുകൊണ്ട്  നമുക്ക് ചെയ്യാനുള്ളത് ,എന്തെല്ലാം ഓർത്തെടുക്കാൻ കഴിയുമെന്നാണ്‌.

ഭാഷയെ യാതൊരു ഭാരവുമില്ലാതെ ,ഒരു മേഘപടലം പോലെ രചനയിൽ ഒഴുക്കിവിടുന്നവരുണ്ട്, ഇറ്റാലോ കാൽവിനോ പറഞ്ഞതുപോലെ. അദ്ദേഹം തന്നെ മറ്റൊരു സങ്കേതവും  ചൂണ്ടിക്കാട്ടുന്നു. ഭാഷയ്ക്ക് വസ്തുക്കളുടെയും ശരീരങ്ങളുടെയും  വികാരങ്ങളുടെയും ഭാരവും സാന്ദ്രതയും ദൃഢതയും നല്കുന്നവരുണ്ട് . ശക്തമായ നിരീക്ഷണമാണിത്. ഭാഷയെ വായനക്കാരൻ  അറിയേണ്ടതില്ല എന്ന് വിചാരിക്കുന്നവർക്ക് അവരുടെ ന്യായമുണ്ട്. എന്നാൽ ചിലർക്ക് ഭാഷയിൽ ജീവിച്ചേ മതിയാകൂ' .


മുറകാമി ഭാഷയെ ഇളംകാറ്റുപോലെ  ലോലമാക്കുന്നു ;അതേസമയം അതിൻ്റെ അവസാനം ഉത്തരമില്ലാത്ത ചോദ്യങ്ങളാവും ശേഷിക്കുക. തൻ്റെ  കഥാപാത്രം ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുറകാമി ഒരു കാര്യം വെളിപ്പെടുത്തി: 'മനുഷ്യൻ്റെയുള്ളിലെ ഇരുട്ട്  എപ്പോഴാണ് പുറത്തുവരുന്നതെന്ന് പറയാനാവില്ല. അത് അപ്രതീക്ഷിതമായി, മറ്റൊരിടത്ത് ഇടം കണ്ടെത്തുകയാണ്. കഥാപാത്രങ്ങളെക്കുറിച്ചോ , കഥയെക്കുറിച്ചോ മുൻധാരണകൾ ഇല്ലാതെ എഴുതിത്തുടങ്ങുന്ന മുറകാമിക്ക് കഥാന്ത്യത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരിക്കില്ല. രചന ഒരെഴുത്തുകാരനെ സ്വയം അനാവരണം ചെയ്യാൻ സഹായിക്കുന്ന പോലെയാണിത്. ആകസ്മികതയിൽ സൗന്ദര്യമുണ്ട്.


കൃത്രിമരചന


പി.എഫ്.മാത്യൂസിൻ്റെ ' പരിഭാഷകൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 27)വായിച്ച് അന്തം വിട്ടുപോയി.മാത്യൂസിനു കഥ പറയാൻ അറിയില്ല. അദ്ദേഹത്തിനു  എന്തോ പ്രശ്നമുണ്ട്. മനസ്സിൽ യാതൊന്നുമില്ലാതെ, കുറെ കാര്യങ്ങൾ പരസ്പരബന്ധമില്ലാതെ നീട്ടിപ്പരത്തി പറയുകയാണ്.ഒരു ഫ്ലാറ്റിൽ താമസിച്ച കോളേജ് അധ്യാപകൻ്റെ ഭാര്യ മരിച്ചു. സുഹൃത്തും ഡോക്ടറുമായ  അയൽവാസി സ്ത്രീയെ അയാൾ  കല്യാണം കഴിക്കാൻ ആലോചിക്കുകയാണത്രേ. ഇക്കാര്യത്തിൽ വായനക്കാർ എന്താണ് ചെയ്യേണ്ടത് ? കോളേജ് അധ്യാപകൻ വാലും തലയുമില്ലാതെ  ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. കഥയിൽ അതിന് ഒരു സ്ഥാനവുമില്ല.തൻ്റെ പൊള്ളയായ  കഥപറച്ചിലിനെ മറച്ചുപിടിക്കാൻ കഥാകൃത്ത് തനിക്ക് ദഹിക്കാത്ത പാശ്ചാത്യസാഹിത്യകാരന്മാരുടെ ചിന്തകൾ അനാവശ്യമായി  ഉദ്ധരിക്കുകയാണ്‌. ഇതെല്ലാം  കഥയിൽ ,പ്രളയത്തിൽ ഒഴുകിപ്പോയ തടിക്കഷണങ്ങൾ പോലെ  അവശേഷിക്കുകയാണ്. മാത്യൂസിനു  ഒരു അന്ത:സംഘർഷവുമില്ല. ഒരു കഥ പറയണമെന്ന നിർബന്ധമുള്ളതുകൊണ്ട് എഞ്ചുവടി വച്ചു കണക്കുണ്ടാക്കി കഥ എഴുതുകയാണ്. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കാൻ ഇതിനു  ശേഷിയില്ല.വി.പി.ശിവകുമാർ തൻ്റെ ഒരു കഥയിൽ ഉദ്ധരിച്ച 'സോളമൻ ഗ്രണ്ടി' എന്ന പാട്ട് മാത്യൂസ് തൻ്റെ കഥയിൽ തിരുകിക്കയറ്റുന്നു. എന്തു ഫലം ? അങ്ങേയറ്റം ദുർബ്ബലവും ശിഥിലവും വികാരശൂന്യവും നിഷ്പ്രയോജനവുമായ കഥയാണ് 'പരിഭാഷകൻ' എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.


ഒരു കഥ എഴുതുന്നത് അസ്തിത്വത്തിൻ്റെ ഇതുവരെ കാണാത്ത ഒരു കണമെങ്കിലും  അനാവരണം ചെയ്യാനായിരിക്കണം. അതിനു ജീവിതത്തിൻ്റെ അഗാധമായ  തലത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. എല്ലാവർക്കും പരിചിതമായ കാര്യങ്ങൾ വച്ച് കപടനാടകം കളിച്ചിട്ട് കാര്യമില്ല. ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു, ഭാര്യ ഭർത്താവിനെ മർദ്ദിച്ചു തുടങ്ങിയ സംഭവങ്ങൾ ചെറുകഥയാക്കേണ്ടതുണ്ടോ ? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കലയാണ് സൃഷ്ടിക്കേണ്ടത്.മഹാചിത്ര കരനായ വാൻഗോഗ് ആകാശത്തെ വരയ്ക്കുമ്പോൾ നാം നിത്യവും കാണുന്ന ആകാശമല്ല അത്;  വാൻഗോഗ് കണ്ടുപിടിച്ച ആകാശമാണ്.ഗാർസിയ മാർകേസ് കഥയെഴുതുമ്പോൾ ,അത് നിത്യവും പരിചയമുള്ള ഒരു സംഭവമായിരിക്കില്ല. അതിൻ്റെ അപ്രവചനീയമായ മറ്റൊരു ക്രമമാണ് അദ്ദേഹം തേടുന്നത്. വിചിത്രമായ ആകുലതകൾ ,മൗനങ്ങൾ ,സംഘർഷങ്ങൾ ,സന്ദേഹങ്ങൾ തുടങ്ങിയവയാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. ഇറ്റാലോ കാൽവിനോയുടെ ' അദൃശ്യ നഗരങ്ങൾ ' ഓർക്കുക.


പാരസ്പര്യമില്ല


ജി. പ്രഭയുടെ 'കടലും മരുഭൂമിയും' (പ്രഭാതരശ്മി ,മെയ് ) വളരെ താൽപ്പര്യത്തോടെയാണ്  വായിച്ചത്. ഒരു യുവതി മരിക്കാനായി പുറപ്പെടുകയാണ്. എന്നാൽ സൂര്യൻ്റെ  വെട്ടം പൊലിഞ്ഞതും ഇരുൾ പരന്നതും അവളുടെ യാത്രയെ തടസ്സപ്പെടുത്തി .അവളുടെ ലക്ഷ്യം തെറ്റി. അവൾ സ്വാതന്ത്ര്യത്തിനായി  കൊതിച്ചു .പക്ഷേ, ഇരുട്ടും പ്രളയവുമാണ് അവളെ വിഴുങ്ങിയത്. അവൾ പ്രളയത്തിൽ ആണ്ടുപോയി. 'സ്വയം സ്വതന്ത്രമാകാനായി,  ജീവിതത്തിൻ്റെ സാക്ഷ്യമായ ജീവനെ ഇറക്കിവയ്ക്കാനായി ഒരിടം തേടി  ഇറങ്ങിയതാണ് അവൾ . ജീവനെടുക്കുന്ന വിഷക്കായോ ഒരു പൊട്ടക്കിണറോ കുടുക്കിടാൻ എളുപ്പത്തിലൊരു മരക്കൊമ്പോ  ആഴമറിയാത്തൊരു ആത്മഹത്യാമുനമ്പോ, അങ്ങനെ എന്തെങ്കിലുമൊന്ന് .... പക്ഷേ അവിടേയ്ക്കെത്തും മുൻപേ തന്നെ  വലിയൊരു പ്രളയം ഇങ്ങോട്ടെത്തി അവളെ വലയം ചെയ്തിരുന്നു. ജീവിതത്തിൽനിന്നുള്ള അവളുടെ രക്ഷകനായി.'


പ്രളയജലത്തിൽ നീന്തിയ അവളെ മീനുകൾ പൊതിഞ്ഞു. അവളുടെ  മുഖമാകെ ചിതമ്പലുകൾ  പൊതിഞ്ഞിരുന്നു. വശങ്ങളിലായി നീണ്ടു വീശിയ മത്സ്യച്ചിറകുകളും. അവൾ ഒടുവിൽ ഒരു സുന്ദരിയായ മത്സ്യകന്യകയായി മാറി.അതവളുടെ പരാജയമായിരുന്നു. അവൾ ഇനി എവിടെ പോകും?


നിത്യവും നാം കണ്ടുമുട്ടുന്ന കഥകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ കഥയിൽ നടകീയതയോ സമൂഹമോ ഇല്ല .ഒരു സാംസ്കാരിക ആത്മീയ പരിപ്രേക്ഷ്യത്തിലേക്ക് കഥ ഉയരുന്നില്ല. കാഫ്കയുടെ 'ജോസഫൈൻ ദ് സിംഗർ ഓർ ദ് മൗസ് ഫോക് ' എന്ന കഥയിലെ എലിയുടെ സവിശേഷത സംഗീതമായിരുന്നു. അതാണ് അതിനെ മറ്റ് എലികൾക്കിടയിൽ ശ്രദ്ധേയയാക്കിയത്. റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗളി' ൽ ഒരു കാക്ക ആകാശത്തിൽ പതിവു വിട്ട് ഉയർന്ന് പറന്ന് തൻ്റെ അതിർത്തികൾ ഭേദിക്കുകയും അപൂർവ്വമായ ജ്ഞാനം നേടുകയും ചെയ്യുന്നു.അതുപോലൊരു ഔന്നത്യത്തിലേക്ക് ഈ കഥയിലെ സ്ത്രി എത്തിച്ചേരുന്നില്ല .അവൾ മത്സ്യകന്യകയായി.എന്നാൽ അതിനു  ഇതരലോകവുമായുള്ള പാരസ്പര്യം വ്യക്തമാക്കപ്പെടുന്നില്ല. ജലത്തിനടിയിൽ തുഴയുന്ന സ്ത്രീകൾ പല കലാകാരന്മാരുടെയും പ്രമേയമായിട്ടുണ്ട്. മനോജ് നൈറ്റ് ശ്യാമളൻ്റെ 'ലേഡി ഇൻ ദ് വാട്ടർ' (2006) എന്ന സിനിമ പ്രസിദ്ധമാണല്ലോ. അമെരിക്കൻ ചിത്രകാരി എറിക്ക ക്രെയ്ഗ് വരച്ച ജലത്തിന്നഗാധതയിലെ സ്ത്രീ എന്ന  പരമ്പരയിലെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഈ കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ  മനസ്സിലൂടെ കടന്നു പോയി.എന്തുകൊണ്ട് മത്സ്യകന്യകയായി ?അതിൻ്റെ പരിണതി എന്ത് തുടങ്ങിയ വിഷയങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നില്ല. അവിടെയാണ് ഈ കഥയുടെ പരിമിതിയും ;ഭാഷാപരമായി അല്പം എഡിറ്റിംഗും കഥയ്ക്ക് ആവശ്യമാണ്.


വാക്കുകൾ 


1)ആധുനിക മനസ്സ് പൂർണമാ ആശയക്കുഴപ്പത്തിലാണ്. ലോകത്തിനോ നമ്മുടെ ബുദ്ധിശക്തിക്കോ കാലുറപ്പിക്കാനാവാത്തവിധം അറിവ് വ്യാപിച്ചിരിക്കുകയാണ്. നമ്മൾ സമ്പൂർണ്ണനിഷേധത്തിൻ്റേതായ യാതനകൾ അനുഭവിക്കുന്നു എന്നത് വാസ്തവമാണ്.

ആൽബേർ കമ്യൂ ,

ഫ്രഞ്ച് എഴുത്തുകാരൻ 


2)ദൈവമില്ലാത്ത ഒരു ലോകത്ത് എല്ലാറ്റിനെയും പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ് ആധുനികർ ചെയ്തത്.

ബ്രിയാൻ അപ്ളിയാർദ്,

ബ്രിട്ടീഷ് ചിന്തകൻ


3)കല ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല ;ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.

ലിയനാഡോ ഡാവിഞ്ചി,

ഇറ്റാലിയൻ സംവിധായകൻ


4)മരിക്കുന്ന ഏതൊരാളിലും ,ഒപ്പം മരിക്കുന്നത് ആദ്യചുംബനവും ആദ്യപോരാട്ടവുമായിരിക്കും. ആളുകൾ മരിക്കുന്നില്ല, അവരിലെ ലോകങ്ങളാണ് മരിക്കുന്നത്.

യെവ്തുഷെൻകോ,

റഷ്യൻ കവി


5)നഗ്നമായ സൗന്ദര്യത്തെ അനാവരണം ചെയ്യാതെ കലയ്ക്ക്  നിലനില്പില്ല.

വില്യം ബ്ളേക്ക് ,

ഇംഗ്ളീഷ് കവികാലമുദ്രകൾ 


1)വി.ബി.സി. നായർ 


ഒ .വി .വിജയൻ, എം. കൃഷ്ണൻനായർ, മാധവികുട്ടി തുടങ്ങിയവരെ അണിനിരത്തി അസാധാരണമായ ഒരു ചേരുവയാണ് സാഹിത്യപത്രപ്രവർത്തനത്തിൽ വി.ബി.സി കണ്ടെത്തിയത്.ആ പാത ഇന്നു പലർക്കും അനുകരിക്കാൻ എളുപ്പമാണ്.


2)കാക്കനാടൻ 


സാമൂഹികതിന്മകൾക്കും ജീർണതയ്ക്കുമെതിരെ നോവലെഴുതിയ കാക്കനാടൻ ആഖ്യാനങ്ങളുടെ 'ഉഷ്ണമേഖല'കൾ സൃഷ്ടിച്ചു.അമർത്താനാവാത്ത ക്ഷോഭത്താൽ ആന്തരിക വ്യഥയനുഭവിച്ച അദ്ദേഹം ഭാഷയെ ജ്വാലാമുഖിയാക്കി .


3)ഡോ.എൻ.എ.കരിം


സഹൃദയത്വത്തിൻ്റെ സീമാതീതമായ പ്രസാദം അനുഭവിച്ച ഒരു സാഹിത്യ ചിന്തകനായിരുന്നു ഡോ.എൻ.എ.കരിം.  പക്ഷേ ,അദ്ദേഹത്തിൻ്റെ  ആശയപരമായ സംവാദങ്ങൾ, തുറന്ന സമീപനങ്ങൾ വേണ്ടപോലെ ശ്രദ്ധിക്കാൻ മലയാളത്തിനു കഴിഞ്ഞിട്ടില്ല.


4)കെ.രഘുനാഥൻ


നോവലിസ്റ്റ് കെ.രഘുനാഥൻ്റെ ഓർമ്മകളിലൂടെ പുനരവതരിച്ച ഹാസസാഹിത്യകാരൻ വി.കെ.എൻ ശ്രദ്ധേയമാകുകയാണ്. 'മുക്തകണ്ഠം വി.കെ.എൻ' എന്ന ഗ്രന്ഥം ഗാഢമായ ഒരു സ്മൃതി ശേഖരമാണ്;രസാവഹവും.


5)എൻ.കെ. ദാമോദരൻ


റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മുഴുവൻ ആദരവും എൻ.കെ.ദാമോദരനുള്ളതാണ്.അദ്ദേഹമാണല്ലോ പതിറ്റാണ്ടുകൾക്കു മുൻപ് 'കരമസോവ് സഹോദരന്മാർ ' ,ഭൂതാവിഷ്ടർ ,നിന്ദിതരും പീഡിതരും  തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് കൊണ്ടുവന്നത്.


വായന


അടുക്കളയെ സ്പന്ദിക്കുന്ന ഹൃദയമുള്ള ഒരാളായി സങ്കല്പിക്കുകയാണ് ബിന്ദു പ്രതാപ്  'ഒരു സാധാരണ അടുക്കള ' (എഴുത്ത്, ജൂൺ )എന്ന കവിതയിൽ.


'വെളുക്കെ പകൽ ചിരിച്ചു തുടങ്ങുമ്പോഴേക്കും ഡബിൾ 

റോളിൻ്റെ കുപ്പായം ഇസ്തിരിയിട്ട് വിശപ്പും പൊതിഞ്ഞുകെട്ടി ഒരു നെട്ടോട്ടമാണ് !'


ജീവിതത്തിൻ്റെ ഒരു യഥാർത്ഥതലവും അതിൻ്റെ തന്നെ അറിയപ്പെടാത്ത നിഗൂഢ പെരുമാറ്റങ്ങളും ഒരേ ചാലിൽ വരുന്ന ഇത്തരം സന്ദർഭങ്ങൾ കവിതയുടെ വിജയം തന്നെയാണ്.


എസ് .ജോസഫിൻ്റെ 'കവിതയുടെ ചരിത്രം '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 3) ആ വിഷയം   അർഹിക്കുന്ന തലത്തിലേക്കുയർന്ന തരത്തിലുള്ള ആവിഷ്കാരമായില്ല .


'ഞാനെല്ലാം സൂചിപ്പിച്ചതേയുള്ളു

ചരിത്രമെഴുതാൻ എനിക്ക് 

കിട്ടിയത് 

ചെറിയൊരു ഭിത്തിയാണ് '

എന്ന വാക്യത്തിൽ തുടങ്ങണമായിരുന്നു .വലിയൊരു വിഷയമെടുത്ത ശേഷം ആവിഷ്കാര സാധ്യതകൾ കണ്ടെത്താനാവാതെ കവി പരാജയപ്പെടുകയാണ് ചെയ്തത്.


ഒരു കവിയിലൂടെ ലോകം പുതിയൊരു ക്രമമാണ് തേടുന്നത്. എത്ര നിറങ്ങൾ മനസ്സിലുണ്ടോ അത്രയും ലോകം ഉള്ളിൽ കടന്നു എന്നാണ്  അർത്ഥമാക്കേണ്ടത്. റഫീക്ക് അഹമ്മദിൻ്റെ 'വയ്യ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജൂൺ 19) എന്ന കവിതയിൽ ലോകത്തിൻ്റെ  ദീനരോദനങ്ങൾ കേട്ട് കവി തന്നിലേക്കു തന്നെ രക്ഷപ്പെടാൻ നോക്കുകയാണ് .ഇത് പിന്തിരിപ്പൻ മനോഭാവമായി തോന്നി. നിശ്ശബ്ദതയും, ചിലപ്പോൾ, ജീർണ്ണതയാകുമെന്ന് അറിയുക, അതിൽ നാം സ്നേഹിക്കുന്നവർ ഇല്ലെങ്കിൽ. നമ്മെ ആരും സ്നേഹിക്കണമെന്നില്ല.


Thursday, July 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / തപിക്കുന്നരുടെ തപസ്സ്/metrovartha June 28,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.comതപിക്കുന്നവരുടെ തപസ്സ്


അനുഭവങ്ങളുടെ ഏറ്റവും അടിത്തട്ടിലുള്ള സാരമെന്താണെന്ന്  അന്വേഷിക്കുന്ന എഴുത്തുകാരുണ്ട്. അവർ വികാരങ്ങളിലൂടെ ലോകത്തോടുള്ള തങ്ങളുടെ മനോഭാവം വെളിപ്പെടുത്തുന്നു. വികാരങ്ങളിലൂടെ അസ്തിത്വത്തിൻ്റെ ദർശനം തന്നെ പുറത്തു വരുന്നു. ഓക്കാനമുണ്ടാകുന്നത് ,കണ്ണുകൾക്ക് കാഴ്ചശക്തി കുറയുന്നതായി  തോന്നുന്നത് ,ശരീരത്തെക്കുറിച്ച്  മതിഭ്രമങ്ങളുണ്ടാകുന്നത്, ദു:സ്വപ്നങ്ങളിൽ അലയുന്നത്  തുടങ്ങിയവ അനുഭവങ്ങളോടുള്ള മനോഭാവമായി വ്യാഖ്യാനിക്കാവുന്നതാണ്. ഉപരിതലത്തിൽ അലകളായി അലഞ്ഞുവരുന്ന സുഖങ്ങൾ പിൻവാങ്ങി കഴിയുമ്പോൾ മനുഷ്യൻ അവൻ്റെ സ്ഥിരം അസ്വാസ്ഥ്യങ്ങളുമായി   ഒറ്റയ്ക്കാവുകയാണല്ലോ ചെയ്യുന്നത്. രോഗം ഒരു രൂപകമായി (മെറ്റഫർ ) വരുന്നത് അങ്ങനെയാണ്. രോഗം മനുഷ്യൻ്റെ ആന്തരികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദൃഷ്ടാന്തമായി മാറുകയാണ്. രോഗിയാവുന്നതോടെ  അയാളുടെ വീക്ഷണങ്ങൾ അടിത്തട്ടിലേക്ക് വരുന്നു, ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിലെ ഇല്ലിച്ചിനെപ്പോലെ . രോഗത്തിന് കലയിൽ സൂക്ഷ്മാർത്ഥ സൂചകസ്വഭാവമുണ്ട്. രോഗി കൂടുതൽ കാണുന്നു , അനുഭവിക്കുന്നതോടൊപ്പം .രോഗി താപസനാണ് ;എന്നാൽ അയാൾ ഉള്ളിൽ തപിക്കുകയാണ്, ഉഷ്ണിക്കുകയാണ്.


മുപ്പത്തിയൊന്നാം വയസ്സിൽ ആത്മഹത്യ ചെയ്ത ,പ്രമുഖ കവി സിൽവിയ പ്ളാത്ത് (1932-1963)എഴുതിയ 'ദ് അൺ എബ്രിഡ്ജ്ഡ് ജേർണൽസ് ഓഫ് സിൽവിയാ പ്ലാത്ത് 'എന്ന പുസ്തകം, അവരുടെ മരണത്തിനു ശേഷം ,1983 ലാണ് പുറത്തുവന്നത്.നമ്മൾ പരിചയിച്ച രൂപത്തിലുള്ള ആത്മകഥയല്ല ഇത്. സ്വന്തം ജീവിതത്തെ അസത്യങ്ങളുടെയും വീമ്പു പറച്ചിലുകളുടെയും ചന്തയാക്കുന്ന ആത്മകഥയല്ല .അങ്ങനെയൊന്ന് പ്ളാത്ത് എന്താനെഴുതണം ?നമ്മുടെ പല ചെറുപ്പക്കാരുടെയും ആത്മകഥകൾ കപടമാണ്. ജീവിക്കാത്തതുകൊണ്ടാണ് അവർ ആത്മകഥയെഴുതാൻ തുനിയുന്നത്.


സംവേദനവും വേദനയും 


അവർ സ്വന്തം അനുഭവങ്ങളിൽ  ഉരുകി ,അതിൻ്റെ ആലക്തിക തരംഗങ്ങളിൽ അലിഞ്ഞ് സ്വയം അവസാനിക്കുന്നതായി സങ്കല്പിച്ചു. അവരുടെ ഭാഷണങ്ങൾക്ക് തത്ത്വചിന്തയോ ,സിദ്ധാന്തമോ ഉണ്ടായിരുന്നില്ല.എന്നാൽ അതിൽ  ജീവിതത്തോടുള്ള സത്യസന്ധമായ സംവേദനമുണ്ടായിരുന്നു. എത്  സംവേദനവും നമ്മെ  ജീവിപ്പിക്കുകയാണ്.  സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും  മാംസളമായ ഭാഗങ്ങൾ മനസ്സിൽനിന്ന് എടുത്തുമാറ്റിയാൽ ബാക്കിയാവുന്ന അസ്ഥികൂടവുമായി പ്ളാത്ത് ഏകാന്തതയിൽ കഴിഞ്ഞു. പലതും തിരിച്ചും മറിച്ചും പരിശോധിച്ച് ശാശ്വതമായ ശൂന്യതയും നിരാശയും അവർ വേർതിരിച്ചെടുത്തു.സംവേദനം തന്നെ വേദനയാവുകയാണ് 


ആത്മഹത്യയെ ആരും പ്രോത്സാഹിപ്പിക്കുകയില്ല.എന്നാൽ  മനുഷ്യൻ്റെ മുന്നിൽ ആത്മഹത്യ ആശ്വാസത്തിൻ്റെ മധുചന്ദ്രികയാവുന്ന സന്ദർഭങ്ങളുണ്ട്. ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണമാണത്. ഭരണകൂടത്തിനോ  സ്ഥാപനങ്ങൾക്കോ ഒരിക്കലും അതിനു കഴിയില്ല .ജീവിതത്തിൻ്റെ ഉടമസ്ഥാവകാശത്തിന്മേലുള്ള കൈയൊപ്പാണത്.


പ്ളാത്ത് ആത്യന്തികമായ സാരത്തിൻ്റെ  ആശ്ലേഷത്തിനായി ഉത്സുകയായി.അവസാനം തന്നെ നശിപ്പിച്ചുകളയുന്ന കാര്യങ്ങൾ അടുത്തുവരാൻ താനാഗ്രഹിക്കുന്നു എന്ന് എഴുതിയത് അതുകൊണ്ടാണ്. ദുരിതത്തെക്കുറിച്ചുള്ള നമ്മുടെ അവബോധം പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ജീവിതത്തെ നാം നമ്മുടേതായ രീതിയിൽ നോക്കിക്കാണാൻ തുടങ്ങും.


ജീവിതത്തിനു അർത്ഥമുണ്ടാകുന്നത് വേദനയിൽ നിന്നായിരിക്കും.സുഖം മാത്രം തരുന്ന അസ്തിത്വം ,നശ്വരതയുടെ പീഢ ഏറ്റു വാങ്ങുന്ന മനുഷ്യന് അപ്രാപ്യമാണല്ലോ. സുഖം മിഥ്യയാണെന്ന് മഹാദാർശനികനായിരുന്ന ഷോപ്പനോർ പറഞ്ഞു. പ്ലാത്ത് തൻ്റെ  പ്രശസ്തമായ ഈ ആത്മകഥാക്കുറിപ്പുകളിൽ ഇങ്ങനെ വിശദീകരിക്കുന്നു :'ഞാൻ ആളുകളെ  ഇഷ്ടപ്പെടുന്നു ,എല്ലാവരെയും. ഞാൻ അവരെ സ്നേഹിക്കുന്നു, സ്റ്റാമ്പ് ശേഖരിക്കുന്ന ഒരാൾ തൻ്റെ സ്റ്റാമ്പിനെ സ്നേഹിക്കുന്ന പോലെ. എല്ലാ കഥകളും എല്ലാ സംഭവങ്ങളും ഏതു സംഭാഷണശകലവും എനിക്ക് അസംസ്കൃതവസ്തുവാണ് .എൻ്റെ സ്നേഹം വ്യക്തിനിരപേക്ഷമല്ല , അത് പൂർണമായി വ്യക്തിനിഷ്ഠവുമല്ല. ഞാൻ ഓരോ വ്യക്തിയുമായിരിക്കാൻ ആഗ്രഹിക്കുന്നു -മുടന്തുള്ള ഒരാൾ ,മരിക്കുന്ന മനുഷ്യൻ ,ഒരു വേശ്യ ; എന്നിട്ട് ആ വ്യക്തിയായി രൂപാന്തരപ്പെട്ടുകൊണ്ട് ഞാനെൻ്റെ  ചിന്തകൾ ,വികാരങ്ങൾ എഴുതിവയ്ക്കാനായി മടങ്ങി വരുന്നു;ഞാനെല്ലാമറിയുന്നവനല്ല . എനിക്കെൻ്റെ ജീവിതം ജീവിക്കേണ്ടതുണ്ട്. എനിക്ക് എന്നെന്നേക്കുമായി ഈയൊരു ജീവിതമേയുള്ളു. എന്നാൽ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ സ്വന്തം ജീവിതത്തെ വസ്തുനിഷ്ഠമായ ആകാംക്ഷയോടെ നോക്കി കാണാനൊക്കില്ല' .


പ്ളാത്തിൻ്റെ ഈ വാക്കുകൾ അവരുടെ പ്രായത്തിനപ്പുറമുള്ള പക്വത കാണിക്കുന്നുണ്ട്. ജീവിതത്തെ വസ്തുനിഷ്ഠമായ ത്വരയോടെ കാണുന്നത് നമ്മെ വല്ലാതെ ചെറുതാക്കി കളയുമെന്നും ജീവിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും ഇതിനേക്കാൾ നന്നായി പറയാനൊക്കുമോ ?വ്യക്തിനിഷ്ഠമായോ വസ്തുനിഷ്ഠമായോ അല്ല താൻ ജീവിക്കുന്നതെന്ന വാക്കുകൾ അവരുടെ പ്രായത്തിനു അപ്പുറമുള്ള പക്വത കാണിച്ചുതരുന്നുണ്ട് .വ്യക്തിനിഷ്ഠത ഉപേക്ഷിച്ച് മറ്റുള്ളവരായി  മാറുമ്പോഴാണ് തനിക്ക് എഴുതാനുള്ള വിഭവം കിട്ടുന്നതെന്ന് പ്ളാത്ത് അറിയിക്കുന്നു. നമ്മൾ എന്താണോ അതല്ല നാം എഴുതുന്നതെന്ന ആശയം ഇവിടെ ഉയർന്നുവരുകയാണ്.


പ്രേമവും ഉൾവെളിച്ചവും


അറിയാനും ചിന്തിക്കാനും പഠിക്കാനും ജീവിക്കാനും വേണ്ടത് പ്രേമവും അവബോധവും ഉൾവെളിച്ചവുമാണെന്ന് പ്ളാത്ത് എഴുതുന്നുണ്ട്.ഇതിനാകട്ടെ സ്വയം അനുഭവങ്ങളിൽ തപിക്കേണ്ടതുണ്ട്. പ്ളാത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം: 'വേദനിപ്പിക്കുന്ന അനുഭവങ്ങളിൽനിന്ന് ഞാനൊരിക്കലും ഒഴിഞ്ഞുനിന്നിട്ടില്ല. എന്നെ നിർവികാരതയിൽ തളച്ചിട്ടില്ല. ജീവിതത്തെ ചോദ്യംചെയ്യാതെയും  വിമർശിക്കാതെയും എളുപ്പത്തിൽ  രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല' .


ജീവിതത്തിനും മരണത്തിനുമിടയിൽ എത്ര അലഞ്ഞിട്ടും അവർക്ക് കാമ്യമായ ഒരു സത്യത്തെയും കണ്ടെത്താനായില്ല. രചനകളുടെ ലോകം തന്നെ അപ്രസക്തമാകുന്നുവെന്ന് അവർക്ക് തോന്നി. 'ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ഞാൻ എത്ര  ആഗ്രഹിക്കുന്നു .ഞാനാരാണ് ?ഞാൻ എങ്ങോട്ട് പോകുന്നു? എന്നീ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടേണ്ടത് ഞാൻ മാത്രമാണ് .ഞാൻ സ്വാതന്ത്ര്യത്തിൽ നിന്ന് മാന്യമായ രക്ഷപ്പെടൽ ആഗ്രഹിക്കുന്നു.  കാരണം എങ്ങും പോകാനില്ല' .


സ്വാതന്ത്ര്യംകൊണ്ട് ഒന്നും ചെയ്യാനില്ലാതെയായി എന്ന്  തിരിച്ചറിയുന്ന നിസ്സഹായതയുടെ നിമിഷം ഈ എഴുത്തുകാരിയുടെ  അന്ത:കരണത്തെ പൊള്ളിക്കുകയാണ്. കയ്പും പുളിപ്പും ഭക്ഷിച്ചു ചീർത്ത ജീവിതത്തിൻ്റെ അടിത്തട്ടിൽ അടിയുന്ന മട്ട് പ്ളാത്ത് ഒരു വിചാരണയ്ക്ക് എന്ന പോലെ പുറത്തെടുക്കുകയാണ്. 


ബോധേന്ദ്രിയം


ദുരന്തമുഖങ്ങളിലേക്ക് സ്വപ്നങ്ങളും ഭയാശങ്കകളും ഓർമ്മകളുമായി യാത്രചെയ്യുന്ന ഒരുവനെ വി.പി. ശിവകുമാർ 'പന്ത്രണ്ടാം മണിക്കൂർ' എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. ഫലിതവും ദുരന്തവും ശൂന്യതയും നിസ്സഹായതയും സമ്മേളിച്ചതാണ്  ഈ കഥയിലെ ഓരോ വാക്യവും. ജീവിതത്തിൻ്റെ ആകസ്മികതയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്  കഥാകൃത്ത് തേടിയത്. രാത്രിയിലെ ബസ് യാത്രയും അപകടമരണവുമാണ് കഥയിലെ വിഷയം. ഓർമ്മയിൽപോലും അനിവാര്യമായ, അപ്രതിരോധ്യമായ നിസ്സഹായതയാണ് കാണുന്നത്.ഈ ഭാഗം നോക്കൂ: 'അയാൾ കാണുന്ന പ്രകൃതി വിഭ്രാമകമാണ്. കണ്ണുകളുടെ എല്ലാ യുക്തിയെയും അവ കടപുഴക്കി എറിഞ്ഞു.ഈ അർദ്ധരാത്രിയിൽ നിന്നു മാത്രം ഇരുട്ടു ഒഴിഞ്ഞുനിന്നു. വലിയ കുന്നുകൾ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഏതോ ഒരു പ്രപഞ്ചോൽപത്തി കഥയിലേക്ക് കൈ ചൂണ്ടി നില്ക്കുന്നു. എവിടെ നിന്നാണ് ആ പ്രകാശം ? അയാൾക്ക് ഒന്നും മനസ്സിലായില്ല .അത് മറ്റൊരു ലോകമാകാം. അവിടെ അയാൾ കണ്ട നിഴലിനും വെളിച്ചത്തിനും ഉറവിടമില്ലായിരുന്നു . ത്രിമാനങ്ങൾക്കും അപ്പുറത്തു എന്തോ ഒന്ന് അയാൾ അനുഭവിച്ചറിഞ്ഞു'ഇങ്ങനെ എഴുതുന്നതിൽ നിന്ന് കഥാകൃത്തിൻ്റെ മനസ്സ് വ്യക്തമാണ്. 


അപാരനോട്ടങ്ങൾ


താൻ യാത്രചെയ്യുന്ന ബസിലെ ഡ്രൈവർ മരിച്ചിരിക്കുകയാണെന്നറിഞ്ഞ ആ  യാത്രക്കാരൻ്റെ മനസ്സ് ഇങ്ങനെ വിവരിക്കുന്നു :' അയാൾ ബസ്സ് കാണുന്നേയില്ല .ജലചക്രം ഒരിക്കൽക്കൂടി കറങ്ങി .എത്രയെത്ര പേരുകൾ! എത്ര തലമുറകളാണ് അതിൽ മിന്നിമറയുന്നത്. അയാൾ അത്ഭുതപ്പെട്ടു. ഒന്നും ഉറച്ചു നിൽക്കുന്നില്ലല്ലോ .അതിലെവിടെയോ നിന്ന് സ്നേഹത്തിൻ്റെ തഴമ്പു വീണ അമ്മയുടെ കൈകൾ തൻ്റെ നേരെ നീണ്ടുവരുന്നത് അയാൾ കണ്ടു. ആവേശത്തോടെ അയാൾ കൈകൾ നീട്ടി. അവ അകന്നുപോയി. ഒരു പര്യവൃത്തിക്ക് ശേഷം വീണ്ടും അവ തൻ്റെ അടുത്തെത്തുന്നതും നോക്കി അയാൾ കാത്തുനിന്നു' . മനോഹരമായ ഒരു നിമിഷമാണ് ശിവകുമാർ വിവരിച്ചിരിക്കുന്നത്.മലയാള കഥയിലെ അനർഘ നിമിഷമാണിത്.ജന്മാന്തര സൗഹൃദങ്ങളുടെ നൊടിനേരത്തെ മുഖാമുഖം. ജീവിതത്തിലെ അതീതനിമിഷം എന്ന് പറയാവുന്ന ഒരു തലത്തിൽ ബോധേന്ദ്രിയത്തിൽ ഉണ്ടാകുന്ന മിന്നൽ .ആ കഥാപാത്രമായി മാറുകയാണ് കഥാകൃത്ത് .എന്നാൽ പ്ളാത്ത്  പറഞ്ഞപോലെ ,കഥാകൃത്തിനു അത്  അസംസ്കൃത വസ്തുവാണ്. അത്  വ്യക്തിനിഷ്ഠമല്ല ;വസ്തുനിഷ്ഠവുമല്ല. അവനവനെതന്നെ ഒരു ദുരന്തത്തിൻ്റെ  അസംസ്കൃതവസ്തുവായി കാണുകയും രചനയുടെ വേളയിൽ  അതുമായി താദാത്മ്യപ്പെടുകയുമാണ്   കഥാകൃത്ത് ചെയ്യുന്നത്.


കാലമുദ്രകൾ1)പ്രസന്നരാജൻ


കെ.പി .അപ്പൻ്റെ ശിഷ്യനായ പ്രസന്നരാജൻ ഇനിയും അദ്ദേഹത്തിൻ്റെ വലയത്തിൽ നിന്നു മുക്തനായിട്ടില്ല. സാഹിത്യകൃതിയെ വിമർശിക്കുകയോ പഠിക്കുകയോ ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെയെങ്കിലും ആത്മീയാനുഭവമാക്കാൻ കഴിയേണ്ടതാണ്.പ്രസന്നരാജനു സാഹിത്യകൃതി ആസ്വദിക്കാനുള്ള സിദ്ധിയില്ല .ഓരോ ലേഖനവും ഇതിനു തെളിവായി നിൽക്കുകയാണ്.


2)വി.ജി .തമ്പി 


ഇപ്പോഴും കവിതകളെഴുതിക്കൊണ്ടിരിക്കുന്ന വി.ജി.തമ്പി എവിടെ തുടങ്ങിയോ  അവിടെത്തന്നെ നില്ക്കുകയാണ്.ഒരു പ്രൊഫസറാകാനുള്ള വിദ്യാഭ്യാസം  സാഹിത്യരംഗത്ത് എന്തെങ്കിലും ആവിഷ്കരിക്കാനുള്ള ചീട്ടല്ല.കൂടുതൽ എന്ത് പഠിച്ചു എന്ന് ചോദിച്ചാൽ പ്രൊഫസർ കവികൾക്കു ഉത്തരമില്ല. പഴയ പാഠങ്ങൾ തന്നെ  ഉരുവിട്ടുകൊണ്ടിരിക്കുന്നതുകൊണ്ട് ആർക്കു പ്രയോജനം?


3)എസ്. രമേശൻനായർ


തമിഴ് കൃതികൾ (ചിലപ്പതികാരം ,തിരുക്കുറൾ ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ധിഷണാശാലിയായ കവിയാണ് എസ്.രമേശൻനായർ .പരീക്ഷണങ്ങളിലോ , പ്രചാരവേലകളിലോ തൽപരനാകാതിരുന്ന അദ്ദേഹത്തെ  ടെലിവിഷൻ ചാനലുകൾ പ്രലോഭിപ്പിച്ചില്ല.


4)രവിവർമ്മ തമ്പുരാൻ


പൂജ്യം ,മുടിപ്പേച്ച് എന്നീ നോവലുകളിലൂടെ സീരിയസ്  വായനക്കാരുടെയിടയിൽ ചർച്ച  ചെയ്യപ്പെടുകയാണ് രവിവർമ്മ തമ്പുരാൻ.


5)എൻ.മോഹനൻ


ഒരാത്മകഥയിൽ തന്നെ ഒതുക്കാനാവില്ലെന്ന് ദൃഢമായി വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് വിടവാങ്ങിയ എൻ.മോഹനൻ ഓർമ്മകളിൽ  പ്രഭയോടെ നിൽക്കുന്നു. 


വാക്കുകൾ 


1)ഇന്നലെ എന്നുപറയുന്നത്  ചരിത്രമാണ് ;നാളെ എന്നത്  ദുരൂഹമാണ്. ഇന്നാകട്ടെ ദൈവത്തിൻ്റെ  സമ്മാനമാണ്. അതുകൊണ്ടാണ് അതിനെ വർത്തമാനം എന്ന് നാം വിളിക്കുന്നത്.

ജോവാൻ റിവേഴ്സ് ,

അമേരിക്കൻ നടി 


2)കണ്ണുനീർ വാക്കുകളാണ് ;അത് എഴുതുക തന്നെ വേണം.

പൗലോ കോയ്ലോ,

ബ്രസീലിയൻ നോവലിസ്റ്റ് 


3)എനിക്കെന്താണ് അറിയാവുന്നത് എന്ന് കണ്ടുപിടിക്കാനാണ് ഞാനെഴുതുന്നത് .

ഫ്ളാനറി ഒകോണർ,

അമെരിക്കൻ എഴുത്തുകാരൻ


4)ഒരു നല്ല എഴുത്തുകാരനു സ്വന്തം ആത്മാവ് മാത്രമല്ല, അവൻ്റെ  സുഹൃത്തുക്കളുടെ ആത്മാവുമുണ്ട്.

ഫെഡറിക് നീഷെ,

ജർമൻ ചിന്തകൻ,


5)വസ്തുതകൾ വെറുതെ ശേഖരിച്ചുവയ്ക്കുന്ന ഒരു റെക്കോർഡർ ആവാതിരിക്കുക; അതിൻ്റെ ഉറവിടത്തിലുള്ള രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുക.

ഇവാൻ പാവ്ലോവ്,

റഷ്യൻ ശരീരശാസ്ത്രജ്ഞൻ


വായന


അന്തരിച്ച കഥാകൃത്ത് വി.ബി. ജ്യോതിരാജിനെക്കുറിച്ച് എം.ജി. രാധാകൃഷ്ണൻ (പ്രവാസിശബ്ദം ,പൂനെ ,മെയ് )എഴുതിയ ലേഖനം ഹ്രസ്വമെങ്കിലും സൗഹൃദ സ്മരണകളുടെ തുടികൊട്ടുശബ്ദം കേൾപ്പിച്ചു. എന്നാൽ ലേഖകൻ്റെ വളരെ അടുത്ത സുഹൃത്തായ ജ്യോതിരാജിൻ്റെ കഥകളെക്കുറിച്ച് എഴുതിയ വാക്യങ്ങൾ ഉചിതമായില്ല എന്നറിയിക്കട്ടെ.ഈ ഭാഗം നോക്കൂ : 'കൃത്യമായി പറയുകയാണെങ്കിൽ ഔട്ട്സ്റ്റാൻഡിങ് ആയി എഴുതിയ കഥകൾ തുലോം കുറവ് തന്നെയാണ്. അതിനു കാരണം സോവിയറ്റ് ലിറ്ററേച്ചറിലെ വിപ്ലവസാഹിത്യത്തോടുള്ള അടിമ മനോഭാവമായിരുന്നു .വിശാലമായി വായിക്കാൻ തുനിഞ്ഞുമില്ല. പാർട്ടിയോടുള്ള കൂറും മാക്സിം ഗോർക്കിയിൽ നിന്നുയരാത്ത വായനയും ജ്യോതിയെ എഴുത്തിൽ  മുന്നോട്ടു നയിച്ചില്ല " . രാധാകൃഷ്ണൻ്റെ  ഈ വിലയിരുത്തൽ തെറ്റാണ് .വളരെ പ്രശസ്തരായ പല കഥാകൃത്തുക്കളും എഴുതുന്നതെല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആകണമെന്നില്ല .ഒരു നല്ല കഥ എഴുതിയാൽ തന്നെ ധാരാളം. ഒരു പക്ഷേ, പതിറ്റാണ്ടുകൾക്ക്

മുൻപുള്ള ജ്യോതിരാജിനെ മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം ഇങ്ങനെ എഴുതിയത് .ജ്യോതിരാജ് വല്ലാതെ മാറിയിരുന്നു .കഠിനമായ അനുഭവങ്ങളിലൂടെ അദ്ദേഹം നരജീവിതത്തിൻ്റെ നരകം

കണ്ടു. സകല കൂടിച്ചേരലുകളുടെയും പൊള്ളത്തരം ജ്യോതിരാജിനു ബോധ്യപ്പെട്ടിരുന്നു. ജീവിതഭാരത്താൽ ആ കഥകൾക്കു കനം വെയ്ക്കുകയായിരുന്നു. അദ്ദേഹം ഒടുവിൽ എഴുതിയ 'ഏതോ ഒരാൾ ' (മലയാളം, ജനുവരി 25) ഒന്നു  വായിച്ചു നോക്കൂ .ഈ അഭിപ്രായം ചിലപ്പോൾ മാറിയേക്കും.പിന്നെ മാക്സിം ഗോർക്കിയെ എന്തിനാണ് പഴിക്കുന്നത്?. ഏതു കാലത്തും വായിക്കാൻ കൊള്ളാവുന്ന കഥകൾ ഗോർക്കി എഴുതിയിട്ടുണ്ട്.


ജ്യോതിരാജ്  പ്രായോഗിക ജീവിത വിജയത്തിനായി പരിശ്രമിച്ച ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം കഥാകാരൻ്റെ കുരിശു ചുമന്നുകൊണ്ടു നടക്കുകയായിരുന്നു. മനസ്സിൽ നിറഞ്ഞുനിന്ന അരക്ഷിതാവസ്ഥയും ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകളും അദ്ദേഹത്തെ ഉലയ്ക്കുകയായിരുന്നു

എന്തുകൊണ്ട് ഇത് സംഭവിച്ചു ? ഒരു കലാകാരനായതുകൊണ്ടാണ് .അങ്ങനെയാണ് നമ്മൾ കാണേണ്ടത്.


അദ്ദേഹത്തിൻ്റെ ജീവിതവിജയം ഒരു പ്രൊഫസറുടെയോ അല്ലെങ്കിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ്റെയോ ജീവിതവിജയവുമായി താരതമ്യം

ചെയ്താൽ ഇരുട്ടിൽ തലകുത്തി വീഴുകയേയുള്ളു. ഇക്കാര്യത്തിൽ കുറേക്കൂടി ആത്മീയമായ അവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. ഒരാൾ ഉള്ളിൽ എങ്ങനെ ജീവിച്ചു എന്നാണ് നോക്കേണ്ടത്.


'കലാചരിത്രത്തിലെ സ്ത്രീ' എന്ന പേരിൽ കവിത ബാലകൃഷ്ണൻ എഴുതുന്ന പരമ്പര (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 6) കലയിൽ ചിത്രകാരികളുടെ ഇടപെടൽ പരിശോധിക്കുന്നു. ചിത്രകലയെക്കുറിച്ച് ഗണനീയമായ സാഹിത്യം ഇനിയും ഉണ്ടായിട്ടില്ലാത്ത നമ്മുടെ ഭാഷയിൽ കവിതയുടെ ഈ ലേഖനങ്ങൾ ശ്രദ്ധേയമാണ്.


Monday, June 21, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / കാലം ഘടികാരമല്ല/metrovartha 21 June 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


കാലം ഘടികാരമല്ല

 ഒരാളോടു പ്രേമമുണ്ടെന്ന് അറിയിക്കാൻ മൈക്ക് ഉപയോഗിക്കുമോ ? അങ്ങനെ ചെയ്താൽ അത് അതിഭാവുകത്വമായി. കവിതപോലും അതിഭാവുകത്വമായി അവതരിപ്പിക്കപ്പെടുന്ന കാലമാണല്ലോ ഇത്. ഏറ്റവും മൃദുലവും വന്യവുമായ ഒരു വികാരം പുരപ്പുറത്തു കയറി നിന്നു പറയുന്നതിലുള്ള  അനൗചിത്യവും അതിവൈകാരികതയുമാണ് അതിഭാവുകത്വത്തിലുള്ളത്. സങ്കടത്തിൻ്റെ സൂചനയെ സൗന്ദര്യവത്ക്കരിക്കുന്നതിന് പകരം ഉച്ചത്തിലുള്ള കരച്ചിലായി പോവുകയാണെങ്കിൽ അവിടെ കവിതയില്ല ;വികാരം മാത്രമേയുള്ളൂ. ആധുനികതയുടെ കാലഘട്ടത്തിലെ മിക്ക കവിതകളും അതിവൈകാരികതയുടെ  ആഘോഷമായിരുന്നു. വർത്തമാനകാലത്തിൻ്റെ കെടുതികളിലും ദുരവസ്ഥകളിലും  ജീവിച്ച ചില കവികൾ എഴുതിയ വരികൾ ഒരു നൂറ്റാണ്ടിൻ്റെയാകെ നിരാശയെ ക്ഷണിച്ചു വരുത്താൻ ശ്രമിച്ചു.

കവിത വായിച്ചാൽ അതെഴുതിയ വ്യക്തി ഇന്നുതന്നെ ആത്മഹത്യ ചെയ്യുമെന്ന് വായനക്കാരനു തോന്നുന്ന മട്ടിൽ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതിലായിരുന്നു പലർക്കും താത്പര്യം. എന്നിട്ട് കവികൾ  അതെല്ലാം ഉപേക്ഷിച്ചു സിവിൾ സമൂഹത്തിൻ്റെ സോപ്പിട്ട ജീവിതം സ്വന്തമാക്കുകയും ചെയ്തു. കവിതയിലെ അതിവൈകാരികാഘോഷങ്ങൾ അനാഥപ്രേതങ്ങളായി അലയുന്നു.

കാലം ആത്മാവിൽ

കാലത്തെയും ചിലർ അതിവൈകാരികതയോടെ അവതരിപ്പിച്ചു. ഓർമ്മകൾ സത്യമാണത്രേ.മലയാള സാഹിത്യത്തിൻ്റെ യാഥാസ്ഥിതിക മുഖമാണിത്. ഓർമ്മകളിൽ രതിവാസനയോടെ  ആണ്ടുമുങ്ങുകയാണ്. ഓർക്കുന്തോറും ഓർമ്മിക്കപ്പെടുന്നതും പുതുതാകുന്നതും കണ്ടുപിടിക്കപ്പെടുന്നതുമാണ് ഓർമ്മകൾ. കാലം നമ്മുടെ ഉള്ളിലാണ്. ശീതകാലത്ത് തൻ്റെയുള്ളിൽ വേനൽ എരിയുകയായിരുന്നെന്ന് ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യൂ പറഞ്ഞതിൻ്റെ പൊരുളിതാണ് .


പ്രായം ഒരാൾക്ക് എങ്ങനെയാണ് ബോധ്യമാകുന്നത് ? ജനിച്ച തീയതി തൊട്ടു കണക്കാക്കിയാൽ ഒരു സമയത്തിൻ്റെ അളവ് കിട്ടുമായിരിക്കും. പക്ഷേ, വ്യക്തിയുടെ ഉള്ളിലെ പ്രായം മറ്റൊന്നാണ്. ഒരാൾക്കു മനസ്സിൽ തോന്നുന്നതാണ് പ്രായത്തിൻ്റെ ഭാരം. ഇരുപതു വയസ്സിൽ അറുപതിൻ്റെ ഭാരം മനസ്സിൽ തോന്നിയാൽ അയാൾ വയസ്സനാണ്. അനുഭവങ്ങളാണ് ഒരാളെ പ്രായമുള്ളവനാക്കുന്നത്.

സാഹിത്യത്തിലും കവിതയിലും കാലം ആത്മാവിൽ നിന്നാണ്  ആവിഷ്കരിക്കപ്പെടുന്നത്.'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഇങ്ങനെ വായിക്കാം:

'പിന്നെ ,സ്വച്ഛമായ കാറ്റും മഴയും .സ്നേഹവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വർഷങ്ങൾ .അനന്തമായ കാലത്തിൻ്റെ അനാസക്തി'.

ഇങ്ങനെ എഴുതുന്നതുകൊണ്ടാണ് സാഹിത്യത്തിനു കണ്ണുകൾ ലഭിക്കുന്നത്. കാണുക എന്ന ആന്തരിക പ്രക്രിയയുണ്ട്.   അതാണിവിടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .കാലം അനാസക്തമാണ്. പിന്നെങ്ങനെയാണ് നമ്മുടെ അതിവൈകാരികതയിൽ  അതിൻ്റെ പ്രഭാവം ഉണ്ടാകുന്നത് ? .വിജയൻ കാലത്തെ ആത്മാവിൽ അനുഭവിക്കുകയാണ്.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ബ്രിട്ടീഷുകാരനായ ജോ സാദേഹ് 'നെയേമ' മാഗസിനിൽ  എഴുതിയ ലേഖനം 'ദ് ടിറന്നി ഓഫ് ടൈം' (മെയ് ,2021) ആധുനിക കാലത്ത് മനുഷ്യൻ സമയത്തെ യാന്ത്രികമായി സമീപിക്കുന്നതിൻ്റെ അർത്ഥസൂചനകൾ നിരത്തുകയാണ്. ഘടികാരങ്ങൾ അഥവാ ക്ളോക്കുകൾ നമുക്കു മേൽ സൃഷ്ടിക്കുന്ന അസ്തിത്വപ്രശ്നങ്ങളെയും നമ്മുടെ  ജീവിതവീക്ഷണത്തെ തകിടം മറിക്കുന്ന ചിന്തകളെയും ലേഖനം അപഗ്രഥിക്കുന്നു.


സമയം സൃഷ്ടിക്കപ്പെടുന്നു


ജെറിമി റിഫ്കിൻ എഴുതിയ 'ടൈം വാർസ്' (1987) എന്ന കൃതിയിൽ മനുഷ്യൻ സമയത്തിൽ ബന്ധിതനായ 

മൃഗമാണെന്ന് നിരീക്ഷിക്കുന്നത് ജോ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: ' നമ്മുടെ കാഴ്ചാനുഭവങ്ങളും അവനവനെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള അനുമാനങ്ങളും സാധൂകരിക്കുന്നത്  നമ്മുടെ ഭാവനയ്ക്കും ചിന്തയ്ക്കും ഉപയോഗത്തിനുമൊപ്പമാണ്. 

നമ്മുടെ ലോകാവബോധവും തിരിച്ചറിവും നിലനിൽക്കുന്നത്  സമയത്തിൻ്റെ ഉപയോഗത്തിനും  ക്രമീകരണത്തിനും അനുസരിച്ചാണത്രേ.  നമ്മൾ എന്താണെന്നും എന്തിനു വേണ്ടിയാണെന്നും തീരുമാനിക്കുന്നത് ഈ ക്ലോക്കാണ്.ജോയുടെ വാക്കുകൾ ഇതാണ്: 'ക്ലോക്ക് സമയത്തെ  അളക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നത്' . 


അടച്ചുപൂട്ടലിൻ്റെയും വാക്സിൻ കുത്തിവയ്പിൻ്റെയും മൗനത്തിൻ്റെയും ഈ കോവിഡ് കാലം സമയബോധത്തെ ചുരുട്ടിക്കൂട്ടുകയും ഭീതിദമാക്കുകയും ചെയ്യുന്നു.വീട്ടിൽ പൂട്ടിക്കിടക്കുന്ന കാലത്ത് ദിവസങ്ങൾ മണിക്കൂർപോലെയും മണിക്കൂർ മിനിറ്റുപോലെയുമാണ് പലർക്കും അനുഭവപ്പെട്ടത്.'ക്ലോക്കിലെ സമയവും നമ്മുടെ മനസ്സിലെ സമയവും രണ്ടുവഴിക്കാ'യെന്ന് ജോ അപഗ്രഥിക്കുന്നു. 

ക്ലോക്ക് ഒരു ശരിയല്ല; അതിനു ഒരു പോലെ മാത്രമേ ചലിക്കാനാവൂ. അത് സമയത്തിനു മേലുള്ള മറ്റൊരു അളവായിത്തീരുകയാണ്‌.


അവസാനിക്കാത്ത ഒരു സമയപ്രവാഹത്തിൽ നാം നമ്മുടെ സ്വകാര്യസമയമാണ് അനുഭവിക്കുന്നത്‌. അതിനെ വക്രീകരിക്കുകയും നിർവ്യക്തീകരിക്കുകയുമാണ് ക്ലോക്ക് ചെയ്യുന്നത്‌.വൈറസുകൾ വ്യാപിക്കുന്നത് ,മണ്ണും വെള്ളവും മലിനമാകുന്നത്, ഭൂമിയിലെ പുരാതന ജീവിവർഗ്ഗങ്ങൾ നാമാവശേഷമായത് തുടങ്ങിയതെല്ലാം സംഭവിക്കുന്നത് ക്ളോക്കിൻ്റെ പരിധിക്ക് പുറത്താണ് ;നമ്മുടെ ധാരണയ്ക്ക് പുറത്താണ് .കാരണം ,നമ്മുടെ സമയബോധം മനുഷ്യൻ്റെ മേഖലയിൽ ഒതുങ്ങുകയാണ്.


സാമൂഹ്യനിർമ്മിതികളായ വർഗ്ഗം, ലിംഗം ,ലൈംഗികത എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ് .ക്ലോക്ക്  സമയത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവായി മാറി. അത് ലോകത്തിനു പുറത്താണ് ആ സമയം പാലിക്കുന്നത്‌.

ക്ളോക്കിലെ സമയവുമായുള്ള നമ്മുടെ കൂടിച്ചേരൽ ഏകാന്തമായ, നീണ്ടുപോകുന്ന ഒരു തുരങ്കം  പോലെയാണ്. അവിടെ നമ്മുടെ ശരീരമില്ല, മനസ്സില്ല ;പുറംലോകവുമില്ല. ഘടികാരം നമ്മെ ബോധ്യപ്പെടുത്തുന്നത് യഥാർത്ഥ സമയമാണോ? അത് ക്രമപ്പെടുത്തിയ സമയമാണ്. ഈ ക്രമപ്പെടുത്തിയ സമയത്തിൻ്റെ  പരിധിക്ക് പുറത്താണ് സർഗാത്മക വ്യവഹാരം നടക്കുന്നത്.


സമയം എന്ന ചരക്ക്


ക്ലോക്കിലെ സമയം ഒരിക്കലും സത്യമായ ,പരമമായ സമയത്തിൻ്റെ  സുതാര്യമായ പ്രതിഫലനമല്ല, ശാസ്ത്രകാരൻമാർ പറയുന്നതുപോലെ. ജോ എഴുതുന്നു: ' ശരിയായ സമയം തരുന്ന ഒരു ക്ലോക്ക് ഭൂമിയിലില്ല' . കാരണം, ഭൂമിയുടെ ഭ്രമണംപോലും കൃത്യമായ ഇരുപത്തിനാലു മണിക്കൂർ (ഒരു ദിവസം)എന്ന കണക്കിലല്ല; ഏറ്റക്കുറച്ചിലുകളുണ്ട്.


ഘടികാരസമയം യഥാർത്ഥ സമയമല്ല .അതു സമയത്തിൻ്റെ ഒരു ക്രമീകരണമാണ്. കേവല സമയമാണത് ;പ്രകൃതിയിലെ ക്രമക്കേടുകളെയെല്ലാം മാറ്റി സമയത്തെ ഋജുവായി പരിഭാഷപ്പെടുത്തുകയാണത്.

ജോ എഴുതുന്നു: സമയം ഇന്നൊരു മനശാസ്ത്രപ്രശ്നമാണ്. അതിൻ്റെ ഫലമായി സമയത്തെ ഒരു ചരക്കായി വീക്ഷിക്കുന്നു. അതുകൊണ്ട് സമയം  ചെലവഴിക്കാവുന്നതും പാഴാക്കിക്കളയാവുന്നതുമായിരിക്കുന്നു. സമയം നമ്മൾ വീണ്ടെടുക്കുകയോ, പാഴാക്കുകയോ ശേഖരിച്ച് വയ്ക്കുകയോ ചെയ്യാവുന്നതാണെന്ന  ധാരണയാണ് ഇന്നുള്ളത്.യാഥാർത്ഥ്യം തന്നെ സന്ദിഗ്ദ്ധവും  വ്യാജവുമാകുന്ന ഈ ഘട്ടത്തിൽ ഭൂത, ഭാവി, വർത്തമാനം എന്ന തരംതിരിവ് പലപ്പോഴും അപ്രസക്തമാകുന്നു. മഹാചിത്രകാരനായ പിക്കാസ്സോ  പറഞ്ഞു ,മനുഷ്യമനസ്സിൽ അനുഭവിക്കുന്നതെന്തും യാഥാർത്ഥ്യമാണെന്ന് .അപ്പോൾ കാലവും അനുഭവമാണ്; ഘടികാരമല്ലത്.

കഥയും കാലവും

പുതിയ കഥാകൃത്തുക്കളിൽ തൊണ്ണൂറു ശതമാനം പേർക്കും പൂർവകാലത്തെ മലയാളസാഹിത്യചിന്താവിഷയങ്ങളെപ്പറ്റി അറിയില്ല. സാഹിത്യകാരന്മാരുടെ വർത്തമാനങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല. തങ്ങളുടെ കഥാബാഹ്യമായ  ജീവിതം ,എഴുതി തുടങ്ങി മൂന്നോ ,നാലോ വർഷങ്ങൾ കഴിയുമ്പോൾ തന്നെ ആത്മകഥയായി പുറന്തള്ളുകയാണ് പലരും. കല്ലുവെച്ച നുണകൾ എഴുതി ആത്മകഥ ഉണ്ടാക്കുന്ന പ്രവണത തന്നെ ശരിയല്ല. ആത്മകഥ എഴുതാം ,ഒരു പ്രത്യേക വസ്തുവിനോടോ ,സ്ഥലത്തോടോ , പുസ്തകത്തോടോ, കാലത്തോടോ  ഉണ്ടായിരുന്ന ആത്മബന്ധം അല്ലെങ്കിൽ  ചിന്തകളിലെ തരംഗങ്ങൾ , പരസ്പരാശ്രിതമായ സ്മൃതിപടലങ്ങൾ  തുടങ്ങിയതൊക്കെ എഴുതാവുന്നതാണ്. അതൊരിക്കലും സ്വന്തം ജീവിതത്തിൻ്റെ പുറംപോക്കിൽ അടിയുന്ന എക്കലായിരിക്കില്ല .നാം പാരസ്പര്യത്തിനായി ശ്രമിച്ചതിൻ്റെ  ആത്മമുദ്രകൾ അതിൽ ഉയിർകൊള്ളുകയാണ് വേണ്ടത്. ആത്മകഥ എന്നു പറഞ്ഞ് ഇപ്പോൾ   പുറത്തുവരുന്ന എഴുത്തുകളിൽ മിക്കതും പ്രഭാതഭക്ഷണം കഴിച്ചതിൻ്റെയും കല്യാണം കൂടിയതിൻ്റെയും കുടുംബപരമായ കൂട്ടംചേരലിൻ്റെയും വായ്ത്താരിയായി തരം താഴുകയാണ്.  അവനവനെ എന്തിന് അമിതമായി മഹത്വവത്ക്കരിക്കുന്നു? . കാരണം, ഒരാൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാനാവുമോ? തെറ്റുകളാണ് നാം മിക്കപ്പോഴും ചെയ്യുന്നത്. പ്രായശ്ചിത്തമാണ് വേണ്ടത്. എന്നാൽ  ഏതെങ്കിലും ആത്മകഥാകാരൻ സ്വന്തം തെറ്റുകൾ ആത്മാർത്ഥമായി എഴുതുമോ ?


വൈക്കം മുഹമ്മദ് ബഷീർ കഥ എഴുതിയപ്പോൾ വിമർശകനും സുഹൃത്തുമായ എം.പി.പോൾ  കഥാപാത്രമായി വന്നു. എം.ഗോവിന്ദൻ കഥ എഴുതിയപ്പോൾ ബഷീർ കഥാപാത്രമായി വന്നു. എന്തുകൊണ്ട് ?

'സ്നേഹാത്മകമാം പാശമതിൽ

കെട്ടിയിഴപ്പൂ,' എന്ന് കുമാരനാശാൻ പാടിയതിൽ ഇതിൻ്റെ സാരമുണ്ട്. സ്നേഹം സുഖമുള്ള ഒരു ബന്ധനമാണ്. കർമ്മബന്ധത്തിൻ്റെ  മധുരമുള്ള ദുഃഖമാണത്. മലയാളത്തിലെ എഴുത്തുകാരെ ഓർമ്മിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട രണ്ടു കഥകൾ വായിച്ചതുകൊണ്ടാണ് ഇതെഴുതുന്നത്.

യക്ഷിക്ക് ബദൽ

തകഴിയുടെ അടുത്തേക്ക് 'ചെമ്മീനി'ലെ  കഥാപാത്രങ്ങളായ പളനിയും കറുത്തമ്മയും വരുന്നത് സണ്ണി തായങ്കരി ,കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത് ' ( എഴുത്ത് ,ജൂൺ) എന്ന കഥയിലൂടെ ആവിഷ്കരിക്കുന്നു. കറുത്തമ്മയുടെ പ്രവൃത്തിദോഷംകൊണ്ടാണ് ഭർത്താവ് പളനി കടലിൽ മുങ്ങിമരിച്ചത് എന്ന മിത്തിനെ എതിർക്കാനാണ് കഥാകാരൻ ഗവേഷകരെയും  കഥാപാത്രങ്ങളെയുമെല്ലാം കൂട്ടി തകഴിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. തകഴിച്ചേട്ടൻ്റെ മനസ്സ് മാറ്റാനായില്ലെങ്കിലും കഥാകൃത്തിനു  ആശ്വസിക്കാം, ഒരു ഓടിളക്കി അകത്തു കയറാനായല്ലോ.


പത്മരാജൻ്റെ  'ഞാൻ ഗന്ധർവ്വൻ' സിനിമ കണ്ടു സ്വപ്നങ്ങളിൽ  ആവേശിച്ച ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് വി.ആർ.സുധീഷ് 'ഗന്ധർവൻ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 18) എന്ന കഥയിൽ. വളരെ സൗമ്യമായി, സരളമായി കഥ പറയുന്നു. കഥയിലാകെ വീണു കിടക്കുന്ന സ്വപ്നത്തിൻ്റെ പാലപ്പൂക്കൾ ഹൃദ്യമാണ്.പത്മരാജനെ ഓർക്കാൻ ഒരവസരവുമായി. ഗന്ധർവ്വൻ സാഹിത്യകൃതികളിലും സിനിമകളിലും ഒരു മിത്തായി തുടരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഒരിടത്ത് യക്ഷിക്കഥകൾ കയർക്കുകയാണ്‌. യക്ഷിക്കു വെള്ളസാരി ഒരു നിർബന്ധമായിരുന്നു. മറ്റു നിറങ്ങളിൽ  വിശ്വാസമില്ലത്രേ. മലയാളിക്ക് യക്ഷിക്കഥ എത്ര കേട്ടാലും മതിവരില്ല. യക്ഷിക്കഥയ്ക്ക് ഒരു ബദൽ പുരുഷകഥ അനിവാര്യമായിരുന്നു. അതാണ് പത്മരാജൻ സാധിച്ചുകൊടുത്തത്. എന്നാൽ അദ്ദേഹം ഗന്ധർവ്വന് ഒരു ഐഡൻ്റിറ്റി സമ്മാനിച്ചു: നെറ്റിക്ക് മുകളിൽ ശിരസ്സിൻ്റെ കുറുകെ രണ്ടു കാതുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു സ്വർണ്ണത്തള .അതേസമയം സുധീഷിൻ്റെ കഥയിലെ പെൺകുട്ടി ഗന്ധർവ്വനെ തിരിച്ചറിയുന്നത് ഒരു രുദ്രാക്ഷ മാലയിലൂടെയാണ് .ഇനി വരാൻ പോകുന്ന ഗന്ധർവ്വന്മാരും ഈ മാല ഉപേക്ഷിക്കാനിടയില്ല.

കാലമുദ്രകൾ 

1)ദേവരാജൻ 


പാട്ടിൽ സംഗീതം ആരാധനയോടെ കലർത്തിയതുകൊണ്ടാണ് ദേവരാജൻ്റെ പാട്ടുകൾ ഇപ്പോഴും പ്രിയങ്കരമാവുന്നത്. സംഗീതപാണ്ഡിത്യമല്ല ,മനുഷ്യമനസ്സുമായുള്ള ബന്ധമാണ് അദ്ദേഹം ആവിഷ്കരിച്ചത്.സംഗീതം ഈ വിധം  കലരാത്ത പാട്ടുകൾ ആരുടെയും മനസ്സിൽ ഇടം പിടിക്കുന്നില്ല.


2)എം മുകുന്ദൻ 


കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എം.മുകുന്ദൻ ആകർഷിക്കപ്പെട്ടത് അദ്ദേഹത്തിൻ്റെ  അതുവരെയുള്ള സാഹിത്യസമീപനങ്ങളോടും ചിന്തകളോടുമുള്ള വഞ്ചനയായിരുന്നു. അതിൻ്റെ ഫലമായി എം.മുകന്ദൻ്റെ പഴയ വായനക്കാർ അകന്നു പോയി.


3)കമുകറ പുരുഷോത്തമൻ


കമുകറയുടെ 'ആത്മവിദ്യാലയമേ' എന്ന പാട്ട് വേറൊരാൾ പാടിയാൽ  അത് തകർന്നുപോകും. ശൈലിയാണ് ,വ്യക്തിപരമായ ശബ്ദചേഷ്ടയാണ് ഗാനം എന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.


4)അടൂർ ഗോപാലകൃഷ്ണൻ


അടൂരിൻ്റ  'സ്വയംവരം' ഇപ്പോഴും ഒരലട്ടലായി തുടരുന്നുണ്ട്. ആത്മാർത്ഥമായി പ്രേമിക്കുന്ന രണ്ടുപേർ വിവാഹിതരാകുന്നത് ഈ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല. 'സ്വയംവരം' അത് പതിറ്റാണ്ടുകൾക്ക് മുൻപേ നിർവ്വചിച്ചു.


5)എം .പി. നാരായണപിള്ള 


എം.പി.നാരായണപിള്ളയുടെ കഥകൾ   ബുള്ളറ്റുപോലെ അനുവാചകരുടെ മനസ്സുകളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതാണ് .എന്നാൽ അദ്ദേഹത്തിൻ്റെ കഥ ഷാജി എൻ.കരുൺ ടെലിഫിലിമാക്കിയപ്പോൾ പരാജയപ്പെട്ടു.വാക്കുകൾ 


1)വിശ്വാസങ്ങൾ, ജാതികൾ ,പല തരത്തിലുള്ള ബുദ്ധിപരവും വൈകാരികവുമായ കൂടിച്ചേരലുകൾ തുടങ്ങിയവ ഭൂതകാലത്തിൻ്റെ  ഭാഗമാണ്.

ഹെർബർട്ട് റീഡ്,

ഇംഗ്ളീഷ് കലാവിമർശകൻ


2)ചിലപ്പോൾ നിങ്ങൾ കാലഘട്ടങ്ങളുമായെല്ലാം  പൊരുത്തപ്പെട്ടായിരിക്കും നീങ്ങുക ;ചിലപ്പോൾ നിങ്ങൾ കാലത്തിനു വളരെ മുന്നിലായിരിക്കും.അല്ലെങ്കിൽ വളരെ വൈകിപ്പോയിരിക്കും.

ബർണാഡോ ബെർട്ടോലുച്ചി ,

ഇറ്റാലിയൻ സംവിധായകൻ 


3)ബോളിവുഡ് ഒരിടത്തും അല്ലാത്ത  അവസ്ഥപോലെയാണ് ;അത് ആരോടും ഒന്നിനെക്കുറിച്ചും  സംസാരിക്കുന്നില്ല.

മൈക്കലാഞ്ചലോ അൻ്റോണിയോണി ,

ഇറ്റാലിയൻ സംവിധായകൻ4)കടൽ അതിൻ്റെ കമിതാക്കളെ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്.

ക്രിസ്റ്റഫർ ഇഷർവുഡ് ,

ബ്രിട്ടീഷ് നോവലിസ്റ്റ്5)ഒരു ആധുനിക കലാകാരൻ കാലവും സ്ഥലവുമുപയോഗിച്ചാണ് ചിത്രങ്ങൾ രചിക്കുന്നത്; അയാൾ  എന്തെങ്കിലും വിവരിക്കുകയല്ല ,തൻ്റെ  വികാരങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

ജാക്സൺ പുള്ളോക്ക് ,

അമെരിക്കൻ ചിത്രകാരൻ 
Monday, June 14, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സൂര്യനെ കണ്ടെത്തൽ ,metrovartha June 14,2021

 

അക്ഷരജാലകംlink
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

സൂര്യനെ കണ്ടെത്തൽ

റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ 'ദ് ഡ്രീമർ 'എന്ന കഥയിലെ പ്രധാന കഥാപാത്രമായ, ഇരുപത്തിയഞ്ചു വയസ്സുള്ള ഫോമാ വാരക്സിൻ ജീവിതത്തെ വളരെ ലഘുവായി നിർവ്വചിക്കാൻ ശ്രമിക്കുന്നുണ്ട് .ഇത് യഥാർത്ഥത്തിൽ അവൻ്റെ അഭിപ്രായമല്ല ,മറ്റൊരാളുടെ ആശയം ഉദ്ധരിക്കുകയാണ്.  അതിങ്ങനെയാണ്: ' ജീവിക്കുക എന്നു പറഞ്ഞാൽ അറിയുക എന്നാണ്. സ്വയമെന്താണെന്നും  എന്തിനുവേണ്ടിയാണ് ജീവിച്ചതെന്നും  മനസ്സിലാക്കാതിരുന്നാൽ അതൊരിക്കലും ജീവിതമാകുകയില്ല. മനുഷ്യൻ്റെ ഏറ്റവും അധ:പതിച്ച വാസനകളുടെയും ചീത്ത ചിന്തകളുടെയും ഇരയാകുക എന്ന പ്രക്രിയയിൽ നിന്ദ്യമായ താത്കാലിക വാസം മാത്രമായിരിക്കുമത്' . ഈ അറിവ് ഓരോ നിമിഷവും തകരുകയും വീണ്ടും രൂപീകരിക്കപ്പെടുകയും ചെയ്യുകയാണ്.കാരണം ,സ്ഥായിയായ ഒരറിവിൽ നമുക്ക് നിലനില്ക്കാനാവുന്നില്ല. സൂര്യനാണ് എല്ലാറ്റിൻ്റെയും പ്രഭവകേന്ദ്രമെന്ന്  ഫോമാ വാദിക്കുന്നുണ്ട്. അലഞ്ഞു തിരിഞ്ഞുവന്ന ഒരു പട്ടിയോടുപോലും അവൻ തൻ്റെ ഉത്ക്കണ്ഠ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സൂര്യനെക്കുറിച്ച് എന്തെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്ന് അയാൾ നായയോടു ചോദിക്കുന്നുണ്ട്. വിചിത്രമാണിത്. തീർച്ചയായും അവൻ്റെ തലയ്ക്കു പിറകിൽ ചക്രവാളത്തിൽ ,വാൻഗോഗിൻ്റെ ചിത്രത്തിൽ കാണുന്നപോലെ വലിയ, വളരെ വലിയ ഒരു സൂര്യനുണ്ടായിരിക്കണം.

തീവ്രമായ മഞ്ഞ

വാൻഗോഗിൻ്റെ സൂര്യൻ ഈ പ്രശ്നങ്ങളുടെയെല്ലാം ആന്തരിക ദൃഷ്ടാന്തമാണ് .ഗോർക്കിയുടെ കഥാപാത്രം ജീവിതത്തിൻ്റെ അർത്ഥം തേടി സൂര്യനെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു. വാൻഗോഗിൻ്റേത്  ഒരു സാധാരണ സൂര്യദർശനമല്ല;  സൂര്യനെ കണ്ടെത്തലാണ്. ഇതുവരെ ആരും കാണാത്ത ഒരു സൂര്യനാണ് ഇരട്ടിമഞ്ഞജ്വാലയായി നമ്മുടെ മുന്നിലേക്ക് വരുന്നത്.ഇവിടെ അസ്തമയത്തിലെ സൂര്യൻ ആകാശത്തെ മുഴുവൻ ഉൾക്കൊള്ളുകയാണ്. സൂര്യനല്ലാതെ വേറെ ആകാശമില്ല! .വിഷണ്ണമാനസ നായ വാൻഗോഗിൻ്റെ ആന്തരമായ ഇന്ദ്രിയമാണ് സൂര്യനു വേണ്ടി ആഗ്രഹിക്കുന്നത്.എപ്പോഴും ആത്മപീഢയനുഭവിച്ച വാൻഗോഗിനു തൻ്റെ ദീനങ്ങളിൽ നിന്നും അലങ്കോലങ്ങളിൽ നിന്നും പുറത്തുകടക്കാൻ ഒരു സൂര്യനെ ആവശ്യമായിരുന്നു .എല്ലാറ്റിനെയും ആലിംഗനം ചെയ്യുന്ന, വലിയ ഒരു സൂര്യൻ .

1888 ൽ പാരീസിലെ ആൾസിലാണ് വാൻഗോഗ് ഈ സൂര്യനെ വരച്ചത്.'ദ് സോവർ'(വിത്ത് വിതയ്ക്കുന്നവൻ)എന്ന് പേരിട്ടിരിക്കുന്നു. ഇതു പോലെ സൂര്യനെ കണ്ടെത്തുന്ന, അദ്ദേഹത്തിൻ്റെ മറ്റൊരു ചിത്രമാണ് 'സമ്മർ ഇവനിംഗ്, വീറ്റ്ഫീൽഡ് വിത്ത് സെറ്റിംഗ് സൺ ' .ഈ ഗോതമ്പു പാടത്തെ അസ്തമയത്തിൽ , സൂര്യൻ്റെ തീവ്രമഞ്ഞയിൽ വാൻഗോഗ് ജീവിതത്തെ വിശുദ്ധിയുടെ വീണ്ടെടുപ്പിലെത്തിക്കുന്നു.നിരാശയുടെ മേഘങ്ങൾ ഒന്നും തന്നെ ആ ആകാശത്തിൽ കറുപ്പ് പടർത്തുന്നില്ല. ജീവിതത്തിലേക്ക് വിതറുന്ന അനൈഹികമായ വെളിച്ചമാണത്. ഒറ്റയ്ക്കായി പോകുന്നവർക്കെല്ലാം അവരുടെ സൂര്യനുണ്ടാവും. ഇത്രയും ജ്വലനകാന്തിയോടെ, സൗന്ദര്യത്തിൻ്റെ  ബൃഹത് ലോകത്തിൻ്റെ പ്രൗഢിയോടെ എല്ലാ ചോദ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ആത്മവിശ്വാസത്തോടെ ,എല്ലാ പരാജയങ്ങൾക്കിടയിലും  അവസാനത്തെ ആക്കംപോലെ അത് നിലകൊള്ളുകയാണ്. മനുഷ്യർ  അനാഥനായി വിലപിക്കേണ്ടവരല്ല എന്ന് ഈ ചിത്രങ്ങൾ ഓർമ്മിപ്പിക്കുന്നു.  വിഷാദച്ചുഴിയിൽ നിന്ന്  ഉയർത്തെഴുന്നേൽക്കാനുള്ള അവസരമാണിത്.

ഈ മഞ്ഞയും ഒരു കണ്ടെത്തലാണ്. സ്വാഭാവികനിറങ്ങളോ ,പ്രകൃതിയിലെ നിറങ്ങളോ തനിക്ക് സ്വീകാര്യമല്ലെന്ന് വാൻഗോഗ് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തൻ്റെ  ആത്മപരിതോവസ്ഥയ്ക്കനുസരിച്ച് നിറങ്ങൾ ഉണ്ടാക്കുകയാണ്. ഈ മഞ്ഞയിൽ  ചുവപ്പിനും ഓറഞ്ചിനും  ഇടമില്ല. എന്നാൽ അത് എല്ലാവരും പരിചയിച്ച മഞ്ഞയുമല്ല. മറ്റെന്താണ്? ഈ മഞ്ഞ അറിയാവുന്നിടത്തോളം ദിവ്യമാണ്. നിറങ്ങൾ തന്നെ അഭൗമമാവുകയാണ്.

വ്യഥ ഉദാത്തമാവുമ്പോൾ

വാൻഗോഗ് പതനങ്ങളിൽ നിന്നു ഉദിച്ചുയരുന്നത് ജ്വലിക്കുന്ന പ്രകൃതിയിലൂടെയാണ്. അത് സ്വാനുഭവങ്ങളിലൂടെയും പീഡിതമായ ഘട്ടങ്ങളിലൂടെയുമാണ് അദ്ദേഹം മനസ്സിലാക്കിയെടുത്തത്.വ്യഥകളിൽ നിന്നു ഉദാത്തവത്ക്കരിക്കപ്പെട്ട സൂര്യൻ പിറക്കുകയാണ്. സഹോദരൻ തിയോക്ക് എഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം: 'യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ശരിയായ ബോധത്തിനായി ഞാൻ പരിശ്രമിക്കുകയാണ്. ഞാനെന്തിനു  ഇവിടെ വന്നു? ഭീകരമായ ഒരവസ്ഥയാണ് എന്നെ പിടിച്ചുലയ്ക്കുന്നത് .ഇതെൻ്റെ  ചിന്തകളെ തടയുകയാണ്' .

ഇതിൽ നിന്ന് എന്താണ്  ഗ്രഹിക്കേണ്ടത്? ഈ തകർച്ചയിലും രോഗാവസ്ഥയിലും പുറത്തുകടക്കാൻ അദ്ദേഹത്തിന് ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായകൾ ആവശ്യമായിരുന്നുവെന്നാണ്. പുതിയ സൂര്യനെ കണ്ടെത്തുന്നത്  അങ്ങനെയാണ്.

ഓരോ ദിവസവും ഒരോ പുതിയ സൂര്യൻ ഉദിക്കുന്നു എന്ന വാക്യം പോലെ ചിന്തിപ്പിക്കുന്നത് വേറൊന്നില്ല. അമെരിക്കൻ സാഹസിക സഞ്ചാരിയായിരുന്ന ക്രിസ്റ്റഫർ മക്കാൻഡ്ലസ്  പറഞ്ഞതാണിത്. ജീവിതത്തിലൊരിക്കലും സൂര്യാദയം  കണ്ടിട്ടില്ലാത്തവരുണ്ട്. അവർക്കു  വേണ്ടി എന്നും സൂര്യനുദിക്കുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ അസ്തമിച്ചു; മറ്റൊരു സൂര്യൻ  പിറ്റേദിവസത്തേക്കായി  ജനിക്കുകയാണ് .സൂര്യൻ്റെ യാത്രകൾ  പ്രതീകാത്മകമാണ് ; അതിനു അവസാനമില്ല.ഉദയവും അസ്തമയവുമാണല്ലോ അതിൻ്റെ കാതൽ. അസ്തമയം അവസാനമല്ല; എന്നാലത് വേദനിപ്പിക്കുന്നതാണ്. പകൽ അവസാനിക്കുന്നത് സകല ജീവികളെയും പ്രകൃതിജാലത്തെയും നിരാശയിലാഴ്ത്തുന്നു; ഇരുട്ടാണ് പിറക്കുന്നത്. എന്നാൽ ഇരുട്ട് അവസാനമല്ല. പ്രകാശം ഒരുകോടി കുതിരകളെപോലെ എവിടെ നിന്നോ കുതിച്ചെത്തുന്നു .ഇരുട്ട് സാവധാനം പിന്നോട്ടു വലിയുകയോ , പ്രകാശത്തിൽ അലിഞ്ഞില്ലാതാവുകയോ ചെയ്യുന്നു.
എത്ര മാന്ത്രികമായ ആവർത്തനങ്ങൾ !.

അളക്കാനാവാത്തത്

ജീവിതം മുഴുവൻ പ്രകൃതിയെ തേടി നടന്ന അമെരിക്കൻ വനസ്നേഹി ഹെൻറി ഡേവിഡ് തോറോ ഇങ്ങനെ എഴുതി :
'പുൽമേടുകളിൽ കൊത്തുന്ന കോഴികൾ മറഞ്ഞിരിക്കുന്ന ചതുപ്പിൽ കാലുകൾ സാവധാനം വലിച്ചുവച്ചു നടക്കാൻ , കുരുവികൾ കുതിച്ചു പറന്നുയരുന്നത് കാണാൻ ,ചിലയ്ക്കുന്ന, ഏകാകികളായ വനപക്ഷികൾ കോരപ്പുല്ലുകൾക്കിടയിൽ കൂടുകൂട്ടുന്നതിൻ്റെ മണം പിടിക്കാൻ , വയർ നിലത്തു മുട്ടിച്ചുകൊണ്ട് ഇഴയുന്ന നീർനായയെ കാണാൻ നമുക്ക് വനത്തിൻ്റെ ഔഷധം ആവശ്യമാണ് . അതേസമയം നാം  ഇതെല്ലാം പരിവേക്ഷണം ചെയ്യാനും പഠിക്കാനും ഉത്സുകരാണ്. എന്നാൽ ആ കാഴ്ചകളെല്ലാം തുറന്നു കിട്ടാത്തതും നിഗൂഢവുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് .അതുപോലെ കരയും കടലും അനന്തമായി  വന്യമായിരിക്കാനും ;അതെല്ലാം ഒരിക്കലും പരിശോധിക്കപ്പെടാത്തതും അളക്കപ്പെടാത്തതുമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് ; കാരണം അത് അളക്കാനാവാത്തതാണ് ' .

ഒരാളിൽനിന്ന് പ്രകൃതി ക്രമേണ അപ്രത്യക്ഷമാകുന്നതായാണ് തോറോ   നിരീക്ഷിക്കുന്നത്. മനസ്സിൻ്റെ ആ മേഖലകളിലേക്ക് ഉപഭോഗത്തിൻ്റെയും  യന്ത്രസംസ്കാരത്തിൻ്റെയും അഭിനിവേശങ്ങൾ അലച്ചെത്തി  കൈയടക്കുകയാണ് .
നാം സാവധാനം പരിമിതികളുടെ ഒരു കൂടാരമായിത്തീരുന്നു .കൊറോണയുടെ അടച്ചുപൂട്ടലിൽ നാമനുഭവിക്കുന്ന എകാന്തമായ അലട്ടലുകളിൽ ഈ പരിമിതികൾ നമുക്കു മുഖാമുഖം വരുകയാണ്. ജീർണിച്ചതും അല്ലാത്തതുമായ മരങ്ങൾ, ഇടിവെട്ടുന്ന മേഘങ്ങൾ, മൂന്നാഴ്ചയെങ്കിലും നീളുന്ന മഴ തുടങ്ങിയതെല്ലാം നേരിൽ കാണാൻ തയ്യാറാവണമെന്ന് തോറോ  പറയുന്നത് ഈ സന്ദർഭത്തിൽ നമ്മെ ഓർമ്മകളിൽ അലിയാൻ പ്രേരിപ്പിക്കുകയാണ്.

അലൗകികമായ ഉന്മാദം

നമ്മൾ ഇനിയും പോകാത്ത ഇടങ്ങളിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്നത് അലൗകികമായ ഒരുന്മാദം  തരാതിരിക്കില്ല .ഇത് അറിവാണ്. ജീവിതംകൊണ്ട് എന്ത് ചെയ്യാമെന്ന   അറിവ്. നമ്മുടെ അതിരുകൾ ഇല്ലാതാകുന്നത് നമുക്ക് തന്നെ നേരിൽ കാണാൻ കഴിയുമ്പോൾ, നിഷ്ഫലമെന്നു കരുതിയിരുന്ന ജീവിതത്തിൻ്റെ ചില്ലകൾ ചലിക്കാൻ തുടങ്ങും, വസന്തത്തിൻ്റെ സന്ദേശം ലഭിച്ചിട്ടെന്നപോലെ.സ്വയം തീർത്ത കാരാഗൃഹങ്ങളിൽ അമരുന്ന നവീന സാംസ്ക്കാരിക മനുഷ്യൻ്റെ വ്യഥകൾ വാസ്തവത്തിൽ ,പ്രകൃതിയുമായി ബന്ധമുള്ളതല്ല .അത് മിക്കവാറും സ്വയം സൃഷ്ടിച്ചെടുക്കുന്നതാണ്.

സി. പി. വത്സൻ എന്ന കവിയുടെ ചില വരികൾ ഈ അവസ്ഥയ്ക്ക് ആഴം നല്കുന്നുണ്ട്. അദ്ദേഹം  എഴുപതുകളിൽ തീക്ഷ്ണമായി എഴുതിയിരുന്നു. 'സംക്രമണം' മാസികയിൽ അദ്ദേഹത്തിൻ്റെ ചില കവിതകൾ വായിച്ചതോർക്കുന്നു. ഇപ്പോഴത്തെ കവികൾ വത്സനെ അറിയാനിടയില്ല. കാരണം അദ്ദേഹം പതിറ്റാണ്ടുകളായി ഒന്നും എഴുതാറില്ല. ജീവിച്ചിരിക്കുന്നു എന്നതിനു യാതൊരു തെളിവും പൊതുസമൂഹത്തിനു നല്കാതിരിക്കാൻ വത്സൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് എന്നും പ്രിയമുള്ള കവിയാണ്. അസാധാരണമായ സംവേദനാത്മകത ആ കവിതകളിലുണ്ട്. വത്സൻ്റെ 'പരപ്പനങ്ങാടി കുറിപ്പു'കളിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:

ചന്ദ്രാ,
കാറ്റിൻ്റെ നിലവിളിക്ക്
കാതോർക്കൂ
കടലിൻ്റെ നിലവിളിക്ക്
കാതോർക്കു
അടഞ്ഞുതീരുന്ന വാതിലുകൾ
ഒന്നൊന്നായി എണ്ണിത്തിട്ടപ്പെടുത്തൂ
വിടരാത്ത പൂവുകൾക്ക് വേണ്ടി
ഒരു തവണയെങ്കിലും
നിലവിളിക്കൂ
ഒറ്റത്തവണ .

എത്രയേകാന്തം പകലുകൾ
ചില്ലകളിൽ സിരകളിൽ 
വിളർത്ത ചുണ്ടുകളിൽ
വിരിഞ്ഞു വിരിഞ്ഞുതീരുന്ന ഏകതാനമായ പൂക്കളിൽ
എത്ര സങ്കീർണതയുടെ
തൂവലുകൾ '

ഈ വരികളിൽ കവി സ്വയം ഒരു ബിംബമായി ലയിച്ചു ചേർന്നിരിക്കുകയാണ്; കാലത്തിൽ  സ്വയം നഷ്ടപ്പെടുന്ന അവസ്ഥ.

വാക്കുകൾ

1)യഥാർത്ഥ സ്നേഹം പ്രേതത്തെപോലെയാണ്; എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കും; എന്നാൽ കണ്ടിട്ടുള്ളവർ വളരെക്കുറച്ച് മാത്രം.
ഫ്രാൻസ്വാ റോച്ച്ഫുക്കോ ,
ഫ്രഞ്ച് നോവലിസ്റ്റ്

2)ഒരു നാവികനു പരന്ന കടലിനെ  അറിയാവുന്നതുപോലെ, ഒരു സ്ത്രീക്ക് അവൾ പ്രേമിക്കുന്ന പുരുഷൻ്റെ മുഖവും വശമാണ്.
ബൽസാക്ക് ,
ഫ്രഞ്ച് നോവലിസ്റ്റ്

3)നോവൽ ശരിക്കും ഒരു കവിതയാണ്. ഇതെഴുതണമെങ്കിൽ ,ഒരാൾക്ക് ആത്മാവിൽ പരമശാന്തതയും ആഴമുള്ള മനസ്സും ഉണ്ടായിരിക്കണം .
ദസ്തയെവ്സ്കി ,
റഷ്യൻ എഴുത്തുകാരൻ

4)നിങ്ങൾ എന്തിനുവേണ്ടിയാണോ  അന്വേഷിക്കുന്നത്, അതെന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിലും എങ്ങനെ നോക്കണമെന്ന് അറിഞ്ഞിരിക്കണം.
റോബർട്ടോ ബൊലാനോ ,
ചിലിയൻ എഴുത്തുകാരൻ

5)എഴുതുമ്പോൾ ഞാൻ ദുർബ്ബലരുടെ കൂടെ നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്; ശക്തിയുള്ളവരുടെ പക്ഷം സാഹിത്യത്തിൻ്റെ പക്ഷമല്ല.
യെൽഫ്രീഡ് ജൽനക്ക്,
ഓസ്ട്രിയൻ നോവലിസ്റ്റ്

കാലമുദ്രകൾ

1)ഒ.എൻ.വി

ഒ.എൻ.വി സ്വന്തം കവിതകൾ ആലപിക്കുന്നത് സംഗീതമധുരമായാണ്. അദ്ദേഹത്തിൻ്റെ 'കുഞ്ഞേടത്തി' കേൾക്കണം .വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കും. ഒരു കുട്ടിയുടെ മനസ്സ് കവി വീണ്ടെടുക്കുകയാണ്‌.ഏടത്തിമാർ ഒരു സംസ്കാരമായിരുന്നു.

2)സത്യൻ

പ്രമുഖ സിനിമാനടനായ സത്യൻ വിടപറഞ്ഞിട്ട് അമ്പതുവർഷമായിരിക്കുന്നു. വിശ്വസിക്കാൻ പ്രയാസമാണ്. 'എൻ്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവർ എൻ്റെ കൈയിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു' എന്ന് സത്യൻ സ്ക്രീനിൽ പാടി അഭിനയിക്കുമ്പോൾ ,അത്  ഇന്നലെകളിലെ അനുഭവമല്ല ,ഇന്നിൻ്റെയാണ്.

3)സുകുമാർ അഴീക്കോട്

മലയാള സാഹിത്യവിമർശനത്തിൽ അദ്വൈതചിന്തയ്ക്കും ഉപനിഷത്തിനും പ്രാമുഖ്യം നല്കിയ ഒരേയൊരു എഴുത്തുകാരനാണ് സുകുമാർ അഴീക്കോട് .അദ്ദേഹം സൗന്ദര്യചിന്തയ്ക്ക് ദാർശനികമായ ഭാരതത്വം നല്കി ദൃഢപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാൽ ലൗകികനായ അഴീക്കോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: മീനീല്ലാതെ എനിക്ക് ജീവിക്കാനാവില്ല.

4)പി. എ. മുഹമ്മദ് റിയാസ്

എല്ലാ പഞ്ചായത്തിലും വിനോദസഞ്ചാര സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനു ഒരു നിവേദനം സമർപ്പിക്കുകയാണ്. എല്ലാ പഞ്ചായത്തിലും അഞ്ചേക്കർ വനം പദ്ധതി നടപ്പാക്കണം. വേനൽക്കാലത്ത് തണുപ്പും ആശ്വാസവും ലഭിക്കുന്ന പ്രകൃതിയുടെ പൊതുഇടങ്ങൾ ആവശ്യമായിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ചിലർ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് ഒരു ചടങ്ങ് മാത്രമാവുകയാണെന്ന് നാം കണ്ടു കഴിഞ്ഞല്ലോ.

5)സജി ചെറിയാൻ

സന്ദിഗ്ദ്ധഘട്ടങ്ങളെ തരണം ചെയ്ത് മുൻപേ പരിചയസമ്പന്നനായ സാംസ്കാരികമന്ത്രി സജി ചെറിയാനു  ഇനി സാംസ്കാരികരംഗത്തെ സ്ഥാപിത താല്പര്യങ്ങളെയും ഗ്രൂപ്പുകളെയും  സമ്മർദ്ദവ്യക്തിത്വങ്ങളെയുമാണ് നേരിടേണ്ടി വരുക. എന്നാൽ പാർട്ടിക്ക് പുറത്തുള്ളവർക്ക് കൂടി സ്വീകാര്യതയും  പങ്കാളിത്തവുമുള്ള ഇടപെടലാണ് കാലം അവശ്യപ്പെടുന്നത്.

വായന

വി.പ്രവീണയുടെ 'അഷ്ടമൂർത്തി'(മലയാളം, ജൂൺ 6 ) ,വി.കെ.കെ.രമേശിൻ്റെ 'കൂവം ' (മാതൃഭൂമി അഴ്ചപ്പതിപ്പ് ,ജൂൺ 6 ) എന്നീ കഥകൾ പ്രതീക്ഷിച്ചതുപോലെ രസിപ്പിച്ചില്ല. ഒരു ബൃഹത് ആഖ്യാനത്തിനായി ഇന്നാരും കഥ വായിക്കുന്നില്ല. അതിൻ്റെ ആവശ്യമില്ല. ചെറുകഥ ഒരു ഫ്ളാഷ് പോലെയാണ്. അതിൻ്റെ സൗന്ദര്യം പകൽ  മുഴുവൻ നിറഞ്ഞു നിൽക്കുന്ന വെട്ടത്തിലല്ല ;മിന്നലിൻ്റെ പ്രകാശത്തിലാണ് അത് ലാവണ്യമാകുന്നത്. ചെറുകഥ എഴുതുന്ന ആൾ ഒരു കവിയായിരിക്കണം. പി.ടി.നരേന്ദ്രമേനോൻ ,മേലത്തു ചന്ദ്രശേഖരൻ ,അഗസ്റ്റിൻ ജോസഫ് തുടങ്ങിയവരെപോലെ സമ്പൂർണ കവിയാകണ്ട; കവിതയുടെ ഒരു തിരി ഉണ്ടായിരുന്നാൽ മതി. ജയനാരായണൻ, വിക്ടർ ലീനസ് എന്നിവർ കഥ എഴുതുമ്പോൾ ഈ കവിത വായനക്കാർക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തെ  സകല മനുഷ്യപരിമിതികൾക്കും  മുകളിൽനിന്ന് നോക്കാനാവണം. കുറെ സംഭവങ്ങൾ നിരത്തുന്നതോ  പൂർവ്വകാലകഥകളുടെ ഘടന അനുകരിക്കുന്നതോ ആവിഷ്കാരത്തിനു തടസ്സമാണ്. ഭാവാത്മകത കഥയിൽ  അനിവാര്യമാണ്. പ്രവീണയുടെ  'അഷ്ടമൂർത്തി ' വല്ലാതെ യാന്ത്രികമായിപ്പോയി. ഒരു സ്ത്രീയുടെ മൃതശരീരത്തിലെ എട്ടുമറുകുകൾ ചേർത്തുവരച്ച് അഷ്ടഭുജമുണ്ടാക്കുന്നതാണ് കഥയിലെ ഗവേഷണ വിഷയം. ഇതൊക്കെ വിരസമാണെന്ന് അറിയിക്കട്ടെ.

വി .കെ .കെ .രമേശിനു നല്ല നർമ്മത്തോടെ കഥ പറയാൻ കഴിവുണ്ട്. കൂവം നദിയെ  പ്രമേയമാക്കിയത് ശ്രദ്ധേയമാണ്. പക്ഷേ ,ഒരു കഥയിൽ നിന്ന് ലഭിക്കേണ്ട ലാവണ്യാനുഭവം കിട്ടിയില്ല. എവിടെയോ ജീവൻ നഷ്ടപ്പെടുന്ന പോലെ.

  .

Monday, June 7, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / പൂമ്പാറ്റയും സെൻ ബുദ്ധനും/merovartha June 3, 2021

 അക്ഷരജാലകം link

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


പൂമ്പാറ്റയും സെൻബുദ്ധനുംചൈനീസ് ബുദ്ധമതത്തിലെ മഹായാന പ്രസ്ഥാനത്തിലെ മനനപ്രധാനമായ ഒരു തത്ത്വമാണ് സെൻ .ധ്യാനപ്രശാന്തതയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യനിൽ അളവറ്റ പ്രശാന്തതയുണ്ട്. ഒരു വാക്കിലല്ല അതിരിക്കുന്നത്; മനസിലാണ്. മനസ്സിനുള്ളിൽ അചുംബിതമായിരിക്കുന്ന ആ പരമ ശാന്തതയെ നമ്മൾ സാവധാനം സമീപിക്കണം; അതാർജിക്കണം. സെൻഗുരുക്കന്മാർ കഥകൾ, ഉപകഥകൾ എന്നിവയിലൂടെയാണ് ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. നൂറ്റാണ്ടുകളായി സെൻ കഥകൾ  വായിക്കപ്പെടുന്നു. പ്രാചീന ഗുരുക്കന്മാരുടെ ഒരു ബോധനമാർഗമാണത്.സെൻ സന്യാസിമാർ അചാരങ്ങളിലോ ,അന്ധവിശ്വാസങ്ങളിലോ ,വലിയ താത്ത്വിക പ്രബോധനങ്ങളിലോ അവർ ആകൃ ഷ്ടരാവില്ല.മനസ്സ് ഒരു കൃത്രിമവസ്തു വാകുന്നതിനെ സെൻമതം എതിർക്കുന്നു. മനസ്സിനെ അമിതമായ ആസക്തി ,ഉത്ക്കണ്ഠ,ബുദ്ധിപരമായ വ്യഗ്രത എന്നീ പ്രക്രിയകളിലൂടെ കളങ്കിതമാക്കുകയാണത്രേ ചെയ്യുന്നത്. മനസ്സ് കുറേക്കൂടി ശുദ്ധമാണ്. അതിൽ നിഷ്കളങ്കവും സുതാര്യവുമായ തലങ്ങളുണ്ട്. കൃത്രിമ മനസ്സിനെ നശിപ്പിക്കുന്നതിലൂടെ ഒരു വ്യക്തി തനിക്ക് കൈമോശം വന്ന സ്വർഗ്ഗത്തെയാണ് വീണ്ടെടുക്കുന്നത്.ആ  ആരോഗ്യകരമായ വികാരങ്ങളുടെ  കാർമേഘങ്ങളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ചാൽ  സത്യത്തോട് വേറൊരു വീക്ഷണം തെളിഞ്ഞു കിട്ടും. 


വെള്ളം നിറച്ചുവച്ചിരിക്കുന്ന ഒരു കപ്പിലേക്ക് കുറച്ചുകൂടി വെള്ളം ഒഴിക്കാമോ എന്ന് ഒരു സെൻഗുരു ചോദിച്ചത് ശ്രദ്ധേയമാണ്. ശിഷ്യൻ വെള്ളം കപ്പിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.എന്നാൽ ഒരു തുള്ളിപോലും ആ കപ്പിൽ പുതുതായി  ചേർക്കാനായില്ല. നിറഞ്ഞ പാത്രം തിരസ്കരിക്കുകയേയുള്ളു. നാം ഒഴിഞ്ഞപാത്രമാകണം.


ലോകം പുതിയത്


നാം ആചാരവും ,വിശ്വാസവും, തത്ത്വവും മനസ്സിൽ നിറച്ചുവച്ചിരിക്കുകയാണ്. അവിടെ പുതിയ ശബ്ദങ്ങൾക്കു പ്രസക്തിയില്ല .പുതിയതൊന്നും അവിടെ ഏശുകയില്ല. അവിടെ ഒരു പാഠവും സ്വീകരിക്കപ്പെടുകയില്ല. കാരണം ആ മനസ്സിൽ മറ്റെല്ലാം  കുത്തിനിറച്ചിരിക്കുകയാണ്.  അതുകൊണ്ട് സെൻബുദ്ധിസ്റ്റുകൾ പറയുന്നത് ,മനസ്സ് അതിൻ്റെ  സ്വാഭാവികഗതികളിലേക്ക്, ശുദ്ധതകളിലേക്ക് മടങ്ങിപ്പോകട്ടെ എന്നാണ്.അപ്പോൾ അവിടെ  പ്രകൃതിയുടെ ഏതൊരു വസ്തുവിനും പ്രവേശിക്കാനാകും. ലോകം തന്നെ നവീനമായി അനുഭവപ്പെടും. മനസ്സ് സിദ്ധിയാലെന്നപോലെ അന്തർദർശനത്തിൻ്റെ അനുഭവത്തിലേക്ക് പ്രവേശിക്കും. അപ്പോൾ മനസ്സ് മറ്റൊന്നിനാലും ബന്ധിതമാകാത്ത വിധം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. 


എല്ലാ ഭാരങ്ങളിൽ നിന്നും മനസ്സ് വിമോചിതമാവുമ്പോൾ  തനതായ രസമുകുളങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയാണ്. മനസ്സ് അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. അങ്ങനെ ആന്തരികമായ പ്രശാന്തത അല്ലെങ്കിൽ പ്രാസാദസൗഖ്യം ഒരു പൂമ്പാറ്റ പറക്കുന്ന സൗമ്യതയോടെ  പ്രത്യക്ഷമാകുകയാണ്. മനസ്സ് ഒരു പൂമ്പാറ്റയാവുകയാണ്.


നിറചന്ദ്രൻ അവിടെയുണ്ട്


 ചില സെൻകഥകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഒരു രാത്രിയിൽ സെൻഗുരുവിൻ്റെ വീട്ടിൽ കയറിയ കള്ളൻ നിരാശനായി .കാരണം, അവിടെ മോഷ്ടിക്കാൻ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ലായിരുന്നു. കള്ളനെ പിടികൂടിയ ഗുരു തൻ്റെ  നിസ്സഹായവസ്ഥ അറിയിച്ചു.കള്ളൻ വെറുംകൈയോടെ പോകരുതെന്ന് ഗുരുവിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം തൻ്റെ വസ്ത്രങ്ങൾ ഊരി നൽകി കള്ളനെ സന്തോഷത്തോടെ മടക്കിയയച്ചു. തുടർന്ന് പുറത്തുവന്ന ഗുരു ആകാശത്തേക്ക് ശുന്യമായ മനസ്സോടെ നോക്കി. അവിടെ വെൺനിലാവ് പ്രസരിപ്പിച്ചു നിന്ന നിറചന്ദ്രനെ സമാശ്വാസത്തോടെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം  ഇങ്ങനെ ആത്മഗതം ചെയ്തു: 'ഈ നിറചന്ദ്രനെ ആർക്കും അപഹരിക്കാൻ ആവില്ലല്ലോ'. 


ഗുരുവിന് ആ നിറചന്ദ്രൻ നല്കിയത് ആന്തരമായ ശാന്തിയാണ്;താൻ നിസ്വനല്ല എന്ന ബോധം .ഒരു സെൻവിശ്വാസിക്ക് ,ജീവിതം അനുഭവിക്കാനുള്ളതാണ് ;തർക്കിച്ചു ജയിക്കാനുള്ളതല്ല.തർക്കിച്ചാലോ, ബുദ്ധിപരമായി വ്യാഖ്യാനിച്ചാലോ നിറവുണ്ടാവുകയില്ല. ജീവിതം അനുഭവിക്കുമ്പോഴാണ് മനസ്സിലാകുന്നത്‌.


സെൻഗുരുവിൻ്റെ അടുത്തുവന്ന് സ്വർഗ്ഗവും നരകവും ഏതാണെന്ന് പറഞ്ഞുകൊടുക്കാമോ എന്ന് ചോദിച്ച യോദ്ധാവിൻ്റെ കഥയിൽ സത്യത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണുള്ളത്. ഗുരു അയാളോട് ചോദിച്ചു, നിങ്ങളാരാണെന്ന്. അയാളുടെ മുഖഭാവം ഒരു യാചകനെ ഓർമ്മിപ്പിക്കുകയാണെന്നും താങ്കൾക്കെങ്ങനെ സ്വന്തം രാജാവിനെ സംരക്ഷിക്കാനാവുമെന്നും ഗുരു സംശയം പ്രകടിപ്പിച്ചു. ഇത് കേട്ട് ക്രുദ്ധനായ യോദ്ധാവ് വാൾ ഉറയിൽ നിന്നെടുത്ത് ഗുരുവിനെ ആക്രമിക്കാൻ മുതിർന്നു . ആ സമയം ഗുരു  ഇതാണ് നിങ്ങൾ അന്വേഷിച്ച നരകം എന്ന് അയാളോടു വിശദീകരിച്ചു. തൻ്റെ പ്രവൃത്തിയിലെ അരുതായ്ക തിരിച്ചറിഞ്ഞ യോദ്ധാവ് വാൾ ഉറയിലേക്കു തന്നെ വച്ചു. ഇതു കണ്ട ഗുരു ഇങ്ങനെ പറഞ്ഞു: 'ഇതാണ് നിങ്ങൾ അന്വേഷിച്ചു നടന്ന സ്വർഗ്ഗം'! . ഇതിൽ നിന്നു യോദ്ധാവിനു സ്വർഗ്ഗത്തെക്കുറിച്ചും  നരകത്തെക്കുറിച്ചുമുള്ള ഒരു ഏകദേശ ധാരണ ലഭിച്ചു. പ്രബോധനങ്ങൾകൊണ്ടോ , സൂക്തങ്ങൾകൊണ്ടോ മനസ്സിനുള്ളിൽ കയറാത്ത സത്യങ്ങളാണ് സെൻ ഗുരുക്കന്മാർ അനായാസമായി പഠിപ്പിച്ചത്.


സുന്ദരിയെ ഉപേക്ഷിച്ചവൻ


നദി മുറിച്ചുകടക്കാൻ പോയ രണ്ടു സന്യാസിമാരുടെ കഥയാണ് മറ്റൊന്ന്. ഒരു മുതിർന്ന സന്യാസിയും  യുവസന്യാസിയും ചേർന്ന് ഒരു യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു .യാത്രയ്ക്കിടയിൽ  നദി മുറിച്ചുകടക്കാനായി അല്പസമയം കാത്തു നിന്നപ്പോഴാണ് അകലെ സുന്ദരിയായ ഒരു യുവതിയും അതിനു  ശ്രമിക്കുന്നത് കണ്ടത് .ഉടനെ മുതിർന്ന സന്യാസി യുവതിയെ തൻ്റെ  കരങ്ങളിൽ ബന്ധിച്ച് നദിയുടെ അക്കരെയെത്തിച്ചു. എന്നാൽ  യുവസന്യാസിക്ക് ഇത് ഉൾക്കൊളളാനായില്ല. സ്ത്രീകളെ സ്പർശിക്കരുതെന്നാണ് ചട്ടം .പിന്നെ ഇതെങ്ങനെ സംഭവിച്ചു? .അയാൾ ഇതിനെപ്പറ്റി  മുതിർന്ന സന്യാസിയോടു ചോദിച്ചു. എന്നാൽ ആ സന്യാസി യുവാവിനോട് ഇങ്ങനെയാണ് പറഞ്ഞത്: 'നി ഇനിയും ആ യുവതിയെ തോളിൽ നിന്നും  ഇറക്കിയില്ലേ ?'


നദിക്ക് കുറുകെ കടക്കാൻ യുവതിയെ സഹായിച്ചതോടെ അതവസാനിച്ചു.അത് മനസ്സിലിട്ടു വേവിക്കുന്നതാണ് പ്രശ്നം. പഴയകാര്യങ്ങൾ ഓർത്തു വിഷാദിക്കുന്നത് നമ്മുടെ ശാന്തത നശിപ്പിക്കാനേ ഉപകരിക്കൂ. പ്രകൃതിയിൽ നിന്നു നമുക്കു എന്താണോ മനസ്സിലാക്കാനുള്ളത്  അത് ഉൾക്കൊള്ളുക. അതിനെക്കുറിച്ച് മനസ്സിൽ നീറ്റലുണ്ടാക്കുന്നത് ജീർണതയിലാണ് എത്തിക്കുക.


ദേഷ്യം എങ്ങനെ നിയന്ത്രിക്കാമെന്ന് ചോദിച്ച ശിഷ്യനോട് സെൻഗുരു ദേഷ്യം പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ  ശിഷ്യനു അപ്പോൾ ദേഷ്യം പുറത്തെടുക്കാനായില്ല .ഉടനെ തന്നെ ഗുരുവിൻ്റെ ഉത്തരവും വന്നു: 'തൻ്റെ  ജീവിതസത്തയുടെ ഭാഗമല്ല ദേഷ്യം; അതുകൊണ്ടാണ് പെട്ടെന്ന് അത് പ്രകടിപ്പിക്കാൻ പറഞ്ഞപ്പോൾ സാധ്യമാകാതെ വന്നത്. തൻ്റേതല്ലാത്ത ഒന്നിനെ തനിക്കു ആവശ്യമില്ല എന്നു തീരുമാനിച്ചാൽ പിന്നെ ദേഷ്യമുണ്ടാവുകയില്ലെന്ന് ഗുരു ഉപദേശിച്ചു.


പ്രാചീനമായ ധ്യാനം


ചൈനയിലെ താങ് രാജവംശകാലത്താണ് സെൻ രീതി ആരംഭിച്ചത് .ചാൻ എന്നാണ് ചൈനീസ് നാമകരണം. അത് ഇന്ത്യയുടെ പ്രാചീനമായ ധ്യാനം തന്നെ ആണെന്ന് പറയുന്നവരുണ്ട്. ഇന്ത്യയിൽനിന്നുള്ള ബുദ്ധസന്യാസി ബോധിധർമ്മനാണ് 'ചാൻ'ചൈനയ്ക്ക് പരിചയപ്പെടുത്തിയതത്രേ . അഞ്ചാം നൂറ്റാണ്ടാണ് ബോധിധർമ്മൻ്റെ കാലം . എന്നാൽ ചൈനയിൽനിന്നെത്തിയ ചാൻ ജപ്പാനിൽ സെൻ ആയി രൂപാന്തരം പ്രാപിച്ച് വികസിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ; ബുദ്ധമതം അവിടെ എട്ടാം നൂറ്റാണ്ടു മുതൽ  പ്രചരിച്ചു തുടങ്ങിയിരുന്നെങ്കിലും .


ആന്തരികവിശ്രാന്തിയാണ് സെൻ അർത്ഥമാക്കുന്നത്‌. ഭൗതിക വസ്തുക്കളിൽനിന്നോ ,ബാഹ്യസൗന്ദര്യങ്ങളിൽനിന്നോ നമുക്ക് ചിരന്തനമായ സ്വാസ്ഥ്യം ലഭിക്കുകയില്ലെന്നാണ് ഈ സന്യാസിമാർ പറയുന്നത്‌.

'ബുദ്ധനെ കൊല്ലുക 'എന്നൊരു സെൻ ചൊല്ലുണ്ട്. നമ്മളുടേതായി കരുതുന്നതിനെയെല്ലാം വിട്ടുകളയുക എന്നാണർത്ഥം. സെൻ ഒരാശയചർച്ചയല്ല;ഓരോ നിമിഷത്തിൻ്റെയും തിരിച്ചറിവാണ്, ഇഴുകിച്ചേരലാണ്‌.


'ഒരു സമുദ്രത്തിൻ്റെ മുഴുവൻ ചലനങ്ങളുടെയും പ്രതിനിധാനമാണ് തിര .അതുപോലെ നിങ്ങളും ഈ പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും പ്രതിനിധാനമാണ് ' - ഒരു സെൻഗുരു പറഞ്ഞു. നാം ഒരു കാര്യം ചെയ്യുമ്പോൾ നമ്മെതന്നെ എരിച്ചുകളയുകയാണ് വേണ്ടതെന്ന് സെൻ ആചാര്യന്മാർ പറയുന്നത് എന്തുകൊണ്ടാണ് ?.നമ്മുടേതായതെല്ലാം മനസ്സിനു പുറത്തു നിന്ന് കടന്നു വരുന്നതാണ്. അതിൽ നമ്മളില്ല എന്നതാണ് ശരി.എന്നാൽ യുക്തിയും അസത്യവും വികാരവും അതിൽ പ്രകടമായിരിക്കും. അവയെല്ലാം സ്വസ്ഥത നശിപ്പിച്ചകൊണ്ടിരിക്കും.


 

വാക്കുകൾ 


1)യഥാർത്ഥ പ്രണയം നിശ്ശബ്ദമായാണ്   വരുന്നത് ;പരസ്യവാചകങ്ങളോ മിന്നുന്ന ലൈറ്റുകളോ ഇല്ലാതെ .ആരുടെയോ മണിയുടെ ശബ്ദം കേൾക്കുന്നവെങ്കിൽ നിങ്ങൾ കാതുകൾ പരിശോധിക്കുക.

എറിക് സീഗൾ ,

അമെരിക്കൻ എഴുത്തുകാരൻ


2)നാം കോപിക്കുമ്പോൾ ,മറ്റുള്ളവരുടെ തെറ്റുകൾ നമ്മുടെ മേൽ പ്രതികാരം ചെയ്യുകയാണ്.

അലക്സാണ്ടർ പോപ്പ്,

ഇംഗ്ളീഷ് കവി3)ജീവിതത്തിൽ മൂല്യങ്ങളെക്കുറിച്ച് നാലു ചോദ്യങ്ങളുണ്ട് :എന്താണ് പരിശുദ്ധമായത് ,എന്തിൽനിന്നാണ് ആത്മാവ് ഉണ്ടായിരിക്കുന്നത്, ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണ്? എന്തിനുവേണ്ടിയാണ് മരിക്കുന്നത്? എല്ലാത്തിനുമുള്ള ഉത്തരം ഒന്നാണ്: സ്നേഹം മാത്രം.

ലോർഡ് ബൈറൺ,

ഇംഗ്ളീഷ് കവി 


4)ഓരോ വ്യക്തിയും മറ്റു പലരുമാണ്; ഒരാളും അവനവനല്ല.

മാർട്ടിൻ ഹൈഡഗ്ഗർ,

ജർമ്മൻ ചിന്തകൻ


5)നമ്മെ കുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന പുസ്തകങ്ങൾ മാത്രമേ വായിക്കാവൂ  എന്നാണ് ഞാൻ വിചാരിക്കുന്നത്. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം നമ്മുടെ തലയിൽ പ്രഹരിച്ചു ഉണർത്തുന്നില്ലെങ്കിൽ, നമ്മളെന്തിനാണ് വായിക്കുന്നത്?

ഫ്രാൻസ് കാഫ്ക ,

ജർമ്മൻ - ബൊഹീമിയൻ എഴുത്തുകാരൻ


കാലമുദ്രകൾ1)ഉമ്പായി


മഴക്കാലത്ത്, മറ്റു അലോസരങ്ങളില്ലെങ്കിൽ, ഉമ്പായിയുടെ ഗസലുകൾ ഒരു അപാരത  നല്കാതിരിക്കില്ല. മഹാമാരിയും കാലാവസ്ഥാവ്യതിയാനങ്ങളും  മനുഷ്യനെ ഏകാകിയാക്കുക മാത്രമല്ല, ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുകയും ചെയ്യുന്നു.


2)രാജേഷ് ചേർത്തല


പ്രമുഖനായ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനായ രാജേഷ് ചേർത്തല ഓടക്കുഴൽ തരംഗമാവുകയാണ്. ലോകത്തിലെ ഏത് സ്ഥലവും കാലവും ഓടക്കുഴലിലൂടെ ആവിഷ്കരിക്കാമല്ലോ.രാജേഷ് നമ്മുടെ കാലത്തിൻ്റെ അലങ്കോലങ്ങളിൽ നിന്ന് മനോഹരമായ ഒരു ശബ്ദശ്രേണി കണ്ടുപിടിക്കുന്നു.


3)സിവിക്ചന്ദ്രൻ 


എഴുത്തുകാരികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഡോ.പി.കെ.ഭാഗ്യലക്ഷ്മിയുടെ 'തണുപ്പിൻ്റെ പരവതാനികളിൽ ' എന്ന പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് സിവിക്ചന്ദ്രൻ (പ്രഭാതരശ്മി, മെയ് ) എഴുതിയ ഈ വാക്യം ശ്രദ്ധേയമായി തോന്നി: 'എങ്കിലും തങ്ങളുടെ മരണം ദുരൂഹമായിരിക്കണം എന്നവരാഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തിന് കാരണങ്ങൾ ചികഞ്ഞു പോകണം  ? 


4)എ.അയ്യപ്പൻ


ആധുനിക കാലഘട്ടത്തിലെ സമാനതകളില്ലാത്ത അവധൂതകവിയായ എ. അയ്യപ്പൻ്റെ  ജീവിതത്തെ അധികരിച്ച് പത്രപ്രവർത്തകനായ എസ്. സുധീശൻ എഴുതിയ 'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന നോവൽ പുറത്തുവന്നിരിക്കുന്നു. വ്യക്തിപരമായ പ്രതിഛായയിൽ അഭിരമിക്കാതെ, കവിതയുടെ വാഴ്വിനുവേണ്ടി അലയുകയായിരുന്നല്ലോ അയ്യപ്പൻ .


5)കെ. ദാമോദരൻ 

(1912-1976)


മാർക്സിസ്റ്റ് ചിന്തകനും ഗ്രന്ഥകാരനുമായ കെ. ദാമോദരൻ ഒരു കവിതയിൽ ഇങ്ങനെ എഴുതി:

'സ്നേഹിക്കാനാണെന്മോഹം ,

സ്നേഹിക്കയാണെൻ ധർമ്മവും

സ്നേഹിക്കപ്പെടുകയെ

ന്നൂഹിക്കാൻപോലും വയ്യ' .


വായന


അക്ബർ കക്കട്ടിൽ അമ്പതിലേറെ  പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വളരെ മൃദുവായി, മനുഷ്യമനസിലേക്ക് അരിച്ചിറങ്ങുന്ന കഥകളാണ് അക്ബർ  എഴുതിയത്. നല്ല നർമ്മബോധമുണ്ടായിരുന്ന അക്ബർ സ്നേഹസമ്പന്നനുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് രേഖ കെ. എഴുതിയ 'ജനാധിപത്യം കക്കട്ടിൽ റിപ്പബ്ളിക്കിൽ' എന്ന ലേഖനം (സാഹിത്യചക്രവാളം, ഫെബ്രുവരി ) ആ കഥാകാരൻ്റെ ഭാവനാഭൂപടത്തിൻ്റെ  ഒരു ഏകദേശരൂപം തരാൻ പര്യാപ്തമാണ്. ഒരർത്ഥത്തിൽ ഇതൊരു ആദരനിവേദനമാണ്. അക്ബറിൻ്റെ കഥകളിൽ വായനക്കാരനു പൂർണസ്വാതന്ത്യമുണ്ടെന്നു പ്രഖ്യാപിക്കുന്ന ലേഖിക അദ്ദേഹം ഒരു മിസ്റ്റിക് മനസ്സിൻ്റെ ഉടമയായിരുന്നുവെന്നും ചിന്തിക്കുന്നുണ്ട്. എന്നാൽ അക്ബർ 'ആധുനികതയുടെ മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകാതിരുന്ന  വായനക്കാരുടെ തലമുറയെ തിരികെ കൊണ്ടുവന്നു' എന്ന് രേഖ എഴുതിയത് എന്തിനാണ്? ആധുനികത ഭാവനയുടെയും സൗന്ദര്യത്തിൻ്റെയും ബുദ്ധിയുടെയും കലയുടെയും ഒരു ഉന്നതതലമാണ്. അവിടെയെത്താൻ കഴിയാത്തവരാണ് അതിനെ ആക്ഷേപിക്കുന്നത്. സാധാരണ എഴുത്തുകാർക്ക് അവിടേക്ക് എത്തണമെങ്കിൽ ദീർഘദൂരം താണ്ടണം.കലണ്ടർ ചിത്രം വരയ്ക്കുന്നവനിൽ നിന്ന് ഹെൻറി മാറ്റി സിലേക്കും വാൻഗോഗിലേക്കുമുള്ള ദൂരമാണത്.


രാജേഷ് ബി.സി. 'നീലിമ '(പ്രസാധകൻ, മെയ് )എന്ന പേരിൽ  എഴുതിയ കവിതയിൽ കുറേ സംഭാഷണങ്ങൾ മാത്രമാണുള്ളത്. ഇതിൽ കവിതയുടെ അളവ് സീറോയാണ്. ഒരാൾ വെറുതെ കുശലം പറയുന്നതെഴുതി കവിത എന്ന പേരിൽ മാസികക്ക് അയച്ചുകൊടുക്കാൻ രാജേഷിനു എങ്ങനെ ധൈര്യം വന്നു? .ഒരു ടീസ്പൂൺ കവിതയെങ്കിലും ഇതിൽ വേണ്ടതായിരുന്നു.ആത്മാവിൽ വൈകാരികമായ ഒരൗഭമസമ്മർദ്ദമുള്ളപ്പോഴാണ് കവിതയെഴുതാനിരിക്കേണ്ടത്.


     


Tuesday, June 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /പൂച്ചകൾക്കു സമാധാനം /metrovartha may 31

 അക്ഷരരാലകം ലിങ്ക്

അക്ഷരജാലകം

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.comപൂച്ചകൾക്കു സമാധാനംഏതാണ്ട് പത്തു വർഷത്തോളം, ജർമൻ ചിന്തകനായ ഫെഡറിക് നിഷേ ഏകാന്തവാസം നയിച്ചു .രോഗങ്ങളാൽ  വലഞ്ഞപ്പോൾ പോലും അദ്ദേഹം മറ്റാരെയും കാണാൻ തയ്യാറായില്ല ;സ്വയം ചികിത്സിച്ചു. ആരെങ്കിലുമായി സംസാരിക്കാനും ഇടപഴകാനും പറ്റാത്ത വിധം നിഷേ ഏകാന്തതയെ ഒരു ദുർഗമായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരുന്നു. 'മനുഷ്യനുമായുള്ള ഇടപെടലുകളിലെല്ലാം മുറിവ് മാത്രമാണെനിക്ക് കിട്ടുന്നത്' - അദ്ദേഹം ഒരിക്കൽ പ്രതികരിച്ചു. നിഷേയെക്കുറിച്ച് മഹാസാഹിത്യകാരനായ സ്‌റ്റെഫാൻ സ്വീഗ് എഴുതിയ 'നിഷേ' എന്ന കൃതി പരിഭാഷപ്പെടുത്തിയ വിൻസ്റ്റോൺ പറയുന്നത് ഒരു സ്വതന്ത്രമനസ്സ് ഒരിക്കലും അസ്തിത്വത്തിൻ്റെ  കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് അപകർഷതയോടെ പിന്മാറുകയില്ലെന്നാണ്. ജീവിതമെന്താണ് ,അനുഭവത്തിൻ്റെ  ആത്യന്തികമായ അവസ്ഥ എന്താണ് എന്ന് അറിയാതെ പിന്മാറാത്ത ചിലരുണ്ട് .അവർ ജ്ഞാനം എന്ന ലക്ഷ്യത്തിലേക്ക് അപകടകരമായി  സഞ്ചരിക്കുന്നു. അവർ അതിനായി സ്വയമൊരു പരീക്ഷണവസ്തു വാകുന്നു. നിങ്ങൾ ജ്ഞാനത്തിനായി യുദ്ധം ചെയ്യുകയാണെങ്കിൽ  മനുഷ്യാവസ്ഥയുടെ അഗാധതകളുടെ ഭീകരമുഖങ്ങളെ നേരിടേണ്ടിവരും. ആ അഗാധതകൾ നിങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും.


"എല്ലാ സുരക്ഷയും ഒഴിവാക്കിക്കൊണ്ട് അപകടകരമായ വിധം അഗാധഗർത്തത്തിനു മുകളിലൂടെ ഒരു ചരടിലെന്ന പോലെ നടക്കുന്ന പ്രകൃതമായിരുന്നു നിഷേയുടേത്' വിൽസ്റ്റോൺ കുറിക്കുന്നു. ഏതു  നിമിഷത്തിലും  വീണു പോയേക്കാവുന്ന സാഹചര്യത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് നിഷേ സ്വയമൊരു പരീക്ഷണവസ്തുവായത്.


സ്റ്റെഫാൻ സ്വീഗ് എഴുതി: ' ഏറ്റവും അഗാധമായ ,ദുരന്താഭിമുഖ്യമുള്ള ജന്മവാസനയാൽ നിഷേ തൻ്റെ  സാമ്പ്രദായികമല്ലാത്ത ജീവിതം നിർമ്മിച്ചു'. മനുഷ്യന് ജീവിക്കാനാകുന്ന അപകടാവസ്ഥയുടെ  ഉയർന്നതലം അനുഭവിക്കാൻ നിഷേ എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ചതായി സ്വീഗ്  വിലയിരുത്തുന്നുണ്ട്.ഉത്ക്കണ്ഠയില്ലാത്തവർ


എന്നാൽ നിഷേ നേരിട്ട ഇരുണ്ടമാർഗ്ഗം, ദുർഗമമായ മനുഷ്യാവസ്ഥയുമായുള്ള അഭിമുഖം തുടങ്ങിയവ മനുഷ്യൻ്റെ  തത്ത്വചിന്തയുടെ സൃഷ്ടിയാണെന്ന് വാദിക്കുകയാണ് ഇംഗ്ളീഷ് ചിന്തകനും ഗ്രന്ഥകാരനുമായ ജോൺ ഗ്രേ . അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും മനനങ്ങളും കണ്ടെത്തലുകളും വേറൊരു പാതയിലാണ് മുന്നേറുന്നത്. 'ഫെലിൻ ഫിലോസഫി: കാറ്റ്സ് ആൻഡ് ദ് മീനിംഗ് ഓഫ് ലൈഫ്' എന്ന ഗ്രന്ഥത്തിൽ പൂച്ചയെ കണ്ടുപഠിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. പൂച്ചകൾക്ക് ഉത്കണ്ഠയോ ആത്മബോധമോ ഇല്ല. അവയ്ക്ക് സ്നേഹത്തിൻ്റെ കെട്ടുപാടുകളില്ല . അനശ്വരതയെ ക്കുറിച്ചോ ,സാന്മാർഗികതയെക്കുറിച്ചോ വേവലാതിയില്ല . അതുകൊണ്ട് പൂച്ചക്കു സമാധാനമുണ്ട്. മനുഷ്യനു എങ്ങനെ ഈ  ഏകാന്തതയെ അതിജീവിക്കാം? ആധുനിക തത്ത്വചിന്തകന്മാരേക്കാൾ  പൂച്ചകളാണത്രേ നമുക്ക് അഭികാമ്യം. കാരണം അവയ്ക്ക് നമ്മെ പലവിധത്തിൽ പഠിപ്പിക്കാൻ കഴിയും. ജീവിത നിരാശയിൽപ്പെട്ട് തകർന്ന കാലത്ത് ഇംഗ്ലീഷ് എഴുത്തുകാരൻ സാമുവൽ ജോൺസൺ പൂച്ചയിൽ നിന്നാണ് പ്രചോദനം  നേടിയതെന്ന് ജോൺ ഗ്രേ ഓർമ്മിപ്പിക്കുന്നു. സംതൃപ്തമായ ഏകാന്തതയാണ് പൂച്ചയുടേത്; നമ്മെപ്പോലെ അവയ്ക്ക് സംഘർഷമില്ല, ഭ്രാന്തില്ല . മനുഷ്യന് വേഗത്തിൽ മനുഷ്യത്വം നഷ്ടമാകുന്നു. എന്നാൽ പൂച്ചകൾ ഒരിക്കലും പൂച്ചയാകാതിരിക്കുന്നില്ല.


ജോൺ ഗ്രേ എഴുതുന്നു: ' നാം സൃഷ്ടിച്ച ഉത്കണ്ഠകളിൽ നിന്ന് വഴിതിരിച്ചു വിടുന്നതിനാണ് നാം തത്ത്വചിന്ത കണ്ടുപിടിച്ചത് '. മനുഷ്യർക്ക് സ്വന്തം ചിന്തകളിൽ തന്നെ നിലനിൽക്കാനാകില്ല. ഒരു വഴിപിരിയിൽ അത്യാവശ്യമാണ്. മനുഷ്യൻ പൊതുവേ ഉത്കണ്ഠാകുലനാണല്ലോ. അവന് വ്യഗ്രതയാണ് മുഖ്യം. ഇതാണ് നമ്മെ പൂച്ചകളിൽ നിന്നു വ്യത്യസ്തരാക്കുന്നതെന്നാണ് ജോൺ ഗ്രേ ചിന്തിക്കുന്നത്.പൂച്ചകൾ  വിശക്കുന്നില്ലെങ്കിൽ ,ഇണചേരുന്നില്ലെങ്കിൽ ,മറ്റു പേടിക്കേണ്ടതായ യാതൊന്നുമില്ലെങ്കിൽ ഒരു ശാന്തതയുടെയുള്ളിലേക്ക് വലിയും, സംതൃപ്തിയോടെ. സ്വയം നിർവൃതി നേടും.ഇത് മനുഷ്യനു  അസാധ്യമാണ്' .


മനുഷ്യൻ വേദനയുടെ നെരിപ്പോടിനകത്തിരുന്നാണ്  സമാധാനത്തെപ്പറ്റി ചിന്തിക്കുന്നത്. അവനു സമാധാനം വേണമെങ്കിൽ കലഹവും വേണം. കലഹമില്ലാതാകാൻ അവനാഗ്രഹിക്കുന്നില്ല. ആഗ്രഹിച്ചാലും സംഭവിക്കില്ല. കാരണം, അവനിൽ  പൊരുത്തപ്പെടാവുന്ന ഘടകങ്ങൾ എപ്പോഴും ഏറ്റുമുട്ടലിലായിരിക്കും.പൂച്ചയ്ക്ക് അതിൻ്റെ ജീവിതം


 ജോൺ ഗ്രേ പറയുന്നു: 'സമാധാനം എന്ന ആശയത്തിന് വേണ്ടി പൂച്ചകൾ തത്ത്വചിന്തയുണ്ടാക്കുന്നില്ല; അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വിനോദത്തിനു വേണ്ടി മാത്രമായിരിക്കും. മനുഷ്യനു  അപ്രാപ്യമായ ഒരു ഇലാസ്തികതയാണ്  പൂച്ചയുടേത് .പൂച്ച ഒരന്യ ജീവിയെപോലെയാണ് ,അവ നമ്മളോടു ഇണങ്ങുന്നെങ്കിൽ പോലും. പൂച്ചകൾ അവയുടെ ജീവിതമാണ് ജീവിക്കുന്നത് .അതുകൊണ്ട് അവയ്ക്ക് മനുഷ്യൻ്റെ പ്രീതിക്കോ  അംഗീകാരത്തിനോ വേണ്ടി നിൽക്കേണ്ടി വരുന്നില്ല' .


പൂച്ചയ്ക്ക് നമ്മെ സന്തോഷിപ്പിക്കേണ്ടതില്ല. എന്നാൽ അവയ്ക്കുള്ളിൽ അടിഞ്ഞുകൂടിയിട്ടുള്ള സ്വാഭാവികമായ ലാഘവത്വം അസ്തിത്വഭാരമില്ലാതാക്കുന്നു.നോർവ്വീജിയൻ ചിത്രകാരനായ എഡ്വേർഡ്  മഞ്ച്‌ (1863- 1944) വരച്ച 'ദ് സ്ക്രീം' (1893) മനുഷ്യൻ്റെ അശാന്തിയുടെ മൂർത്തിമദ്ഭാവമാണ് ആലേഖനം ചെയ്യുന്നത്. സ്വന്തം അവസ്ഥയെക്കുറിച്ചോർത്ത്, പതനങ്ങൾക്ക് മുമ്പിൽ നിലതെറ്റി വീഴുന്ന മനുഷ്യാവസ്ഥയെയാണ്  ആ ചിത്രം ഓർമ്മിപ്പിക്കുന്നത്. മനുഷ്യൻ്റെ നിതാന്തമായ അശാന്തി ഈ ചിത്രം സന്നിവേശിപ്പിക്കുന്നു.


മനുഷ്യൻ തനിച്ചിരിക്കുന്നതിനെ തത്ത്വചിന്താപരമാക്കുന്നു. എന്നിട്ട് അതിനെ മഹത്വവൽക്കരിക്കുന്നു. അതിലൂടെ ദുരിതമുള്ളവനാണെന്ന് പ്രഖ്യാപിക്കുന്നു .അപ്പോഴും തനിച്ചാകുന്നതിൽ നിന്ന് പിന്മാറുന്നില്ല. ജോൺ ഗ്രേ പറയുന്നത് ശ്രദ്ധിക്കാം:

'മനുഷ്യൻ പ്രവർത്തിക്കുന്നത്, പ്രവർത്തിക്കാതിരിക്കുന്നതിൽ നിന്നു  രക്ഷനേടാനാണ് .വിരസതയാണ് വലിയ ഭീഷണി .മനുഷ്യൻ്റെ സന്തോഷം പെട്ടെന്ന് അവസാനിക്കും; ലൈംഗികതയോ, മദ്യമോ ,സ്വർണമോ ,ഭക്ഷണമോ എന്തായാലും കുറെ കഴിയുമ്പോൾ ബോറടിക്കും. അതോടെ നേരത്തെ സന്തോഷം ലഭിക്കാനിടയാക്കിയത് എന്താണോ അതിനു  അവനെതിരാവും. എന്നാൽ പൂച്ചകൾ ബോറടിക്കുന്നില്ല' .


സ്വാഭാവിക നന്മകൾ


എന്തുകൊണ്ടാണ് മനുഷ്യർ നശ്വരതയെക്കുറിച്ച് ചിന്തിച്ച്  ആധിപിടിക്കുന്നത് ?അതവൻ്റെ  തത്ത്വചിന്തയുടെ പ്രശ്നമാണോ?  അവനവനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതുകൊണ്ടാണ് നശ്വരത ഒരു സമസ്യയായി മാറുന്നത്. അങ്ങനെ മരണത്തെക്കുറിച്ച് ഉത്ക്കണ്ഠയുണ്ടാകുന്നു. എന്നാൽ പൂച്ചകൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ അവ അതിന് പൂർണമായി സജ്ജരാവുന്നു. അവ  മരണത്തെക്കുറിച്ചോർത്ത് രോഗിയാവുന്നില്ല.


ഗ്രേ പറയുന്നു: ' പൂച്ചകൾക്ക് മരണത്തെക്കുറിച്ച് ഒരാശയമില്ല . നിങ്ങൾ ജീവിക്കേണ്ടത് ജീവിതത്തിൻ്റെ  വൈകാരികത ഉൾക്കൊള്ളുന്നതിനു വേണ്ടിയായിരിക്കണം;ജീവിതത്തെക്കുറിച്ച് നിങ്ങൾ സൃഷ്ടിക്കുന്ന കഥകൾക്കു വേണ്ടിയാകരുത് '. അമിതമായി ബൗദ്ധികമാകുന്നതോടെ മനുഷ്യർക്ക് അവരുടെ സ്വാഭാവിക നന്മകളും സിദ്ധികളും നഷ്ടമാകുകയാണോ ?ചിന്തിച്ചു നരകത്തെ സൃഷ്ടിക്കുകയാണോ ?


മികച്ച ജീവിതം അമിതമായി ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ളതാണെന്ന പാശ്ചാത്യചിന്തയെ പൂച്ചകൾ നിരാകരിക്കുന്നതായാണ് താൻ മനസ്സിലാക്കുന്നതെന്ന് ഗ്രേ അഭിപ്രായപ്പെടുന്നു.ഉത്ക്കണ്ഠയാണ് തത്ത്വശാസ്ത്രത്തിൻ്റെ ഉറവിടം .പൂച്ചകൾക്കു ഉത്ക്കണ്ഠകളുടെ ശാപമില്ല . മനുഷ്യർക്ക് ഈ ലോകം, തന്നെ ഭീഷണിപ്പെടുത്തുന്ന ഒരിടമാണ്. എന്നാൽ പൂച്ചകൾക്ക് അമൂർത്ത ചിന്തകളില്ലാത്തതുകൊണ്ട് അവർ സ്വതന്ത്രരാണ്. ജോൺ ഗ്രേ സമർത്ഥിക്കുന്നത് ഇതാണ്: തത്ത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ജീവിതം യുക്തികൊണ്ട് ക്രമീകരിക്കാമെന്ന്  ചിന്തകന്മാർ സങ്കല്പിക്കുന്നു. ഒന്നുകിൽ നഷ്ടമില്ലാത്ത ഒരു മാർഗ്ഗം മനസ്സുകൊണ്ട് നിർമ്മിക്കാം; അല്ലെങ്കിൽ അതിനുവേണ്ടി വികാരങ്ങളെ നിയന്ത്രിക്കണം. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് യാദൃശ്ചികതയും ശരീരത്തിലെ വികാരങ്ങളുമാണ് .അതേസമയം  ജീവിതവും തത്ത്വചിന്തയും ഈ പ്രശ്നത്തിൽ നിന്നു നമ്മെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്‌ ' .


വാക്കുകൾ 1)മികച്ച പ്രണയം സൃഷ്ടിക്കുന്നതിന് പകരം എല്ലാം തികഞ്ഞ പങ്കാളിയെ തേടി സമയം പാഴാക്കുകയാണ് നാം.

ടോം റോബിൻസ്,

അമെരിക്കൻ നോവലിസ്റ്റ്


2)അമ്മയുടെ കൈകൾ ആർദ്രതകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്; കുഞ്ഞുങ്ങൾക്ക് ആ കൈകളിൽ ഭദ്രമായി ഉറങ്ങാനാവും.

വിക്ടർ യൂഗോ,

ഫ്രഞ്ച് എഴുത്തുകാരൻ3)ജീവിതത്തിലൊരിക്കലെങ്കിലും പരാജയപ്പെടുകയോ ഇടറുകയോ ചെയ്യാത്ത ആളുകളെ എനിക്കിഷ്ടമല്ല. അവരുടെ വിജയത്തിനു ജീവനില്ല; അതിനു വലിയ വിലയുമില്ല .ജീവിതം അതിൻ്റെ സൗന്ദര്യം അവർക്കു മുന്നിൽ  തുറന്നിട്ടില്ല എന്നാണ് ഇതിനർത്ഥം.

ബോറിസ് പാസ്റ്റർനാക്ക്,

റഷ്യൻ സാഹിത്യകാരൻ4)പ്രശസ്തി നല്ലതാണ് ;പക്ഷേ ചീത്തക്കാര്യം എന്താണെന്ന് വെച്ചാൽ അത് ഇരുപത്തിനാലുമണിക്കൂറും കൂടെയുണ്ടാവും.

ഗാർസിയ മാർക്കേസ് ,

കൊളംബിയൻ എഴുത്തുകാരൻ


5)നമുക്ക് ഒരിക്കലും മതിവരാത്ത ഒരേയൊരു കാര്യം പ്രണയമാണ് ;നാം ഒരിക്കലും മതിയാവോളം നല്കാത്ത ഒരേയൊരു കാര്യവും പ്രണയമാണ്.

ഹെൻറി മില്ലർ,

അമെരിക്കൻ എഴുത്തുകാരൻകാലമുദ്രകൾ 


1)ആനന്ദ് 


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിനു ശേഷമുള്ള മികച്ച നോവൽ ഏതെന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ ' അതിനുള്ള ഉത്തരമാണ്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിലെ ഒരു കഥാപാത്രത്തെ ഉപയോഗിച്ചാണ് ആനന്ദ് ഈ പുതിയ ക്രാഫ്റ്റ് സൃഷ്ടിച്ചത്.


2)സച്ചിദാനന്ദൻ


എഴുപത്തഞ്ച് വയസ്സ് തികയുന്ന സച്ചിദാനന്ദനു ആശംസകൾ. അയ്യപ്പപ്പണിക്കരെ പോലെ ,കവിതയ്ക്ക് ഗദ്യം മതി എന്ന് പ്രഖ്യാപിച്ച കവികളിലൊരാളാണ് സച്ചിദാനന്ദൻ. ഈ ഗദ്യം പക്ഷേ , സാമ്പ്രദായികമല്ല; വാർത്താവിനിമയത്തിനും കുശലാന്വേഷണങ്ങൾക്കുമുള്ള ഗദ്യമല്ല; മറ്റൊരു രാഗമാണത് .


3)എൻ .വി .കൃഷ്ണവാരിയർ


സ്നേഹമുള്ള മനുഷ്യനും അനുകമ്പയുള്ള പത്രാധിപരുമായിരുന്നു എൻ. വി. കൃഷ്ണവാരിയർ .കവിത വാരികയിൽ ചേർക്കാൻ വിസമ്മതിച്ചുകൊണ്ട് എൻ.വി. തനിക്കെഴുതിയ കത്ത് പോലും ഹൃദ്യമായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്.


4)പിണറായി വിജയൻ 


ജനാധിപത്യത്തിൻ്റെ എല്ലാം മർമ്മവും കണ്ടറിഞ്ഞ ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചുവർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനിൽ നാം കണ്ടത് .അദ്ദേഹം വരണ്ട വാദങ്ങൾ നിരത്തിയില്ല ;പകരം ജനക്ഷേമത്തിൻ്റെ പുതിയ വാതിലുകൾ തുറന്നു. ആധുനിക സമൂഹത്തിൻ്റെ  ആവശ്യങ്ങൾക്കൊത്ത് രാഷ്ട്രീയത്തെ വിപുലീകരിച്ചു.


5)ഡോ.വി.എസ്.ശർമ്മ


ഡോ.വി.എസ്.ശർമ്മ സംയുക്തമായ ഒരു ഭാരതദർശനത്തെ ഉൾക്കൊള്ളുന്ന ചിന്തകനാണ് .'ആദ്യം വേണ്ടത് വിരാട് പൂജയാണ് - ചുറ്റുമുള്ളവരെ പൂജിക്കൽ ' എന്ന സ്വാമി വിവേകാനന്ദൻ്റെ വാക്യം ഒരു ലേഖനത്തിൽ ശർമ്മ ഉദ്ധരിച്ചത് അദ്ദേഹത്തിൻ്റെ ആധുനിക വീക്ഷണം വ്യക്തമാക്കുന്നതാണ്.


6)ജോസഫ് മുണ്ടശ്ശേരി


സി.ജെ. തോമസിനു കേരളീയ നവോത്ഥാനത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ,ജോസഫ് മുണ്ടശ്ശേരി അതിൻ്റെ ആന്തരികശക്തി എന്താണെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞു. നവോത്ഥാനത്തിൻ്റെ സന്ദേശം കവിതയിലാണ് മുണ്ടശേരി അന്വേഷിച്ചത്. അദ്ദേഹം മലയാളകവിതയെ പുനർവായനയ്ക്ക് വിധേയമാക്കി, പുന:ക്രമീകരിച്ചു.വായന


സണ്ണി തായങ്കരിയുടെ 'കറുത്ത സുവിശേഷം ' എന്ന പുതിയ കഥാസമാഹാരം (പേപ്പർ പബ്ലിക്ക) വായിച്ചു.അനീതിയോടു പ്രതിഷേധിക്കുന്ന കഥകളാണിത്. പ്രതിഷേധിക്കുന്നവരുടെ രചനകൾ ഒരുകാലത്ത് ആർത്തിയോടെ ആളുകൾ വായിച്ചിരുന്നു. എന്നാൽ ഇപ്പോൾ എഴുത്തുകാർ ഒന്നിലും പ്രതിഷേധിക്കാത്തവരായി. പ്രതിഷേധത്തിന് പകരം ബഹുമതികളും പൂച്ചെണ്ടുകളുമാണ് അവർ തേടുന്നത്. സ്വന്തം പ്രതിച്ഛായയിൽ അമിതമായി അഭിരമിക്കുന്ന ഒരെഴുത്തുകാരനു  സത്യസന്ധമായി എഴുതാനാവില്ല. അസത്യമായിരിക്കും അങ്ങനെയുള്ളവർ  ആഘോഷിക്കുക. സണ്ണിയുടെ 'വെറും ശരീരം' , 'വിശുദ്ധൻ ' , 'ചില ശരണാലയ വിഹ്വലതകൾ ' എന്നീ കഥകൾക്ക്  പ്രതിഷേധം എന്ന ഗുണമുണ്ട്.ഇത് കൂടുതൽ കലാപരമായി മുന്നാട്ടു പോകുമെന്ന് വിശ്വസിക്കാം.ഒരു കഥാകൃത്തിനു വേണ്ട പ്രധാന ഗുണങ്ങളിലൊന്ന് സ്വഭാവദൃഢതയാണ്. വ്യക്തിപരമായ സ്വഭാവദൃഢതയല്ലിത്. ഒരു കഥ എഴുതുമ്പോൾ ഈ ഗുണം വേണം. എന്താണോ പറയാൻ ശ്രമിക്കുന്നത്, അതിൽ ആണ്ടിറങ്ങിച്ചെന്ന് ,അതുമായി  ഇഴുകിച്ചേരണം. ഈ ഗുണം പലർക്കുമില്ല.എം.ഡി രത്നമ്മ എത്രയോ കാലമായി എഴുതുന്നു. അവരുടെ 'മരണാനന്തരം ചെയ്യേണ്ടത് ' പ്രഭാതരശ്മി, ഏപ്രിൽ ) എന്ന കഥയിൽ ഒരു  കുടുംബത്തിലെ കുറെ സംഭവങ്ങൾ വിവരിക്കുന്നു. ആ വീട്ടിൽ ആദ്യം അച്ഛൻ മരിച്ചു, പിന്നെ അമ്മയും .അമ്മ മരിക്കുന്നതിനുമുമ്പ് എഴുതിവച്ച കത്തിൽ പറഞ്ഞതുപോലെ മരണാനന്തര കാര്യങ്ങൾ ചെയ്യുന്നു.ഇതെങ്ങനെ ഒരു കഥയാകും? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.ഒരു കഥാകൃത്തെന്ന നിലയിൽ ഒന്നും കണ്ടെത്തുന്നില്ല .വായിക്കുന്നവരുടെ മനസ്സിൽ കലാനുഭൂതി പോകട്ടെ, ഒരു വികാരവും ജനിപ്പിക്കാൻ ഈ കഥ പ്രാപ്തമല്ല.ഇത്തരം സംഭവങ്ങൾ സ്ഥൂലമായി വിവരിക്കുന്നത് നിഷ്പ്രയോജനമാണ്.


വി. കെ. കെ. രമേശിൻ്റെ  'തല മാറട്ടെ, ( പ്രസാധകൻ ,മെയ് ), എം. ബി. മിനിയുടെ 'കൊക്കര കൊക്കരണി' ( പച്ചമലയാളം, മെയ് ) എന്നീ കഥകളിൽ കഥാകൃത്തിൻ്റെ സ്വഭാവദാർഢ്യമില്ല. രമേശ് കഥ പറയുന്നതിലുപരി , കഥയ്ക്ക് ആവശ്യമില്ലാത്ത വിവരണങ്ങളിലാണ് ആകൃഷ്ടനാകുന്നത്. ഇത് വായനയുടെ ഏകാഗ്രത നശിപ്പിക്കുന്നു. മിനിയുടെ കഥയിൽ വായനക്കാരനെ വായന എന്ന പ്രക്രിയയിലേക്ക് വലിച്ചടുപ്പിക്കാനുള്ള വിവരണ സവിശേഷതയില്ല .പവിത്രമായ ഒരു കർമ്മം ചെയ്യുന്നപോലെയാണ് കഥ തുടങ്ങേണ്ടത്. കാരണം വായനക്കാരൻ്റെ മനസ്സ് കഥാകൃത്തിനു ലഭിക്കേണ്ടതുണ്ട്.


വി .പി .ശിവകുമാറിൻ്റെ 'പ്രതിഷ്ഠ ' , സാറാ ജോസഫിൻ്റെ 'സ്കൂട്ടർ ' എന്നീ കഥകളിൽ കാണുന്ന സ്വഭാവദാർഢ്യം ഇന്നത്തെ കഥകൾക്ക് അന്യമായിരിക്കുന്നു. പദധ്യാനം പോലെ പ്രമേയധ്യാനവും പ്രധാനമാണെന്ന് ഓർക്കണം.


കവിത


മോഹൻകുമാർ .പി എഴുതിയ  'മറുകരയുടെ ആത്മഗതങ്ങൾ ' ( മലയാളം ,ഏപ്രിൽ 23) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:


ഷോപ്പിംഗിനിടയിൽ

ശ്രീകാര്യത്തു വച്ച്

കൊറോണ വന്നു

മരിച്ചവളെ പരിചയപ്പെടുന്നു"


അപരലോകം ചിലപ്പോഴൊക്കെ ജീവിച്ചിരിക്കുന്നവരെ സ്പർശിക്കുന്നു എന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നു.മൊയ്തു മായിച്ചാൻകുന്നിൻ്റെ ഹൈക്കു കവിതകൾ (മലയാളം) ചിന്തിപ്പിക്കാനുതകുന്നതൊന്നും തന്നില്ല.


'എന്തിനാണിങ്ങനെ 

നാണം കുണുങ്ങുന്നു

ഈ നൂറ്റാണ്ടിലും ' (തൊട്ടാവാടി)

എന്ന ഹൈക്കു ആവർത്തനവിരസമായി  തോന്നി.


'മൈലാഞ്ചി ചെടി മാത്രം അവളോടൊപ്പം 

കുഴിമാടത്തിൽ കിടന്നു ,


എന്ന ഹൈക്കുവാകട്ടെ അസമർത്ഥമായി എഴുതപ്പെട്ടതാണ്. ഈ വരികളിൽ സൗന്ദര്യമില്ല .


'പട്ടം പറത്തുന്ന കുട്ടി ആകാശം തൊടാനാവാതെ നൂലറ്റം വരെ ' എന്ന വരിയിൽ കൃത്യമായ അവതരണം സാധ്യമായില്ല .