മഹാജ്ഞാനിയായ
ബ്രിട്ടീഷ് തത്ത്വചിന്തകൻ ബർട്രാൻഡ് റസ്സൽ 'ഹിബ്ബർട്ട് ജേർണലി'ൽ
മതസാരത്തെക്കുറിച്ചെഴുതിയ ലേഖനത്തെ പ്രശംസിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോർ
അദ്ദേഹത്തിനു അയച്ച ഒരു കത്തിൽ (1912 ,ഒക്ടോ. 13 ) ഇങ്ങനെ വായിക്കാം:
താങ്കളുടെ ലേഖനം വളരെ താല്പര്യത്തോടെയാണ് ഞാൻ വായിച്ചത്. ഉപനിഷത്തിലെ ഒരു
വാക്യത്തെക്കുറിച്ചാണ് ഞാനോർമ്മിച്ചത്. നമ്മെ കുഴപ്പിക്കുന്ന വാക്കുകളും,
മനസ്സ് എന്നപോലെ, അവനിൽ നിന്നാണ് വരുന്നത്. ബ്രഹ്മത്തിൻ്റെ (അനന്തതയുടെ)
ആനന്ദം അറിയുന്നവൻ എല്ലാ ഭയങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അറിവിലൂടെ
നിങ്ങൾക്കവനെ മനസിലാക്കാനാകില്ല. അനന്തതയെ നിങ്ങൾ ജീവിക്കുമ്പോൾ ,നശ്വരമായ
ജീവിതത്തിൻ്റെ പരിധിക്കുള്ളിലാകാതിരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു
,മഹത്തായ ആനന്ദം എന്നു പറയുന്നത് നമ്മുടെ സ്വാർത്ഥജീവിതത്തിൻ്റെ എല്ലാ
സന്തോഷങ്ങൾക്കും വേദനകൾക്കും മുകളിലാണെന്ന്; അങ്ങനെ നിങ്ങൾ എല്ലാ ഭയങ്ങളിൽ
നിന്നും സ്വാതന്ത്രനാകുന്നു'.
ടാഗോർ പറയുന്നത് ,ഈ
ആനന്ദമാണ് ബ്രഹ്മബോധത്തിന്റെ ശരിയായ അറിവെന്നാണ്. ഒരധികാര കേന്ദ്രം
നമ്മളിൽ അടിച്ചേൽപ്പിക്കുന്ന വിശ്വാസമല്ല അത്. എന്നാൽ അനന്തതയുടെ
ആത്യന്തികമായ സക്ഷാത്കാരമാണത്. ഇടുങ്ങിയ സ്വാർത്ഥ മനസ്സിൻ്റെ ചങ്ങലകളിൽ
നിന്ന് സ്വതന്ത്രമായാലേ അത് അനുഭവിക്കാനാകൂ .അങ്ങനെ മാത്രമേ നമ്മുടെ
മനസ്സിനെയും സ്നേഹത്തെയും സ്വതന്ത്രമാക്കാനാവൂ .കൃഷ്ണദത്തയും ആൻഡ്രൂ
റോബിൻസണും എഡിറ്റ് ചെയ്ത 'രവീന്ദ്രനാഥ് ടാഗോർ -ആൻ ആന്തോളജി' എന്ന മനോഹരമായ
പുസ്തകത്തിലാണ് ഈ കത്ത് വായിച്ചത്.
ഈ ആത്മീയതയാണ്
ടാഗോർ തൻ്റെ സാഹിത്യത്തിലുടനീളം ആവിഷ്കരിച്ചത്. ഒരു അനുഭൂതിയെന്ന നിലയിൽ
മാത്രമല്ല ,ജീവിതത്തെ ആകെ സ്വാധീനിക്കുന്ന വലിയ ജ്ഞാനമെന്ന നിലയിലും ഇത്
ടാഗോറിൽ സദാ സ്പന്ദിച്ചു നിന്നു. ഇതാണ് നമുക്ക് നഷ്ടപ്പെട്ടത്;നമ്മുടെ
സാഹിത്യത്തിനും .ആത്മാവിനു അന്യമായി ഒന്നുമില്ലെന്ന വലിയ വീക്ഷണത്തിലേക്ക്
എത്താൻ കഴിയാത്തതുകൊണ്ടാണ് അനാവശ്യമായ അയിത്തവും വെറുപ്പും തലപൊക്കുന്നത്.
മരണമല്ല വലുത്
മരണമാണോ
ജീവിതമാണോ വലുത്? മരണത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാർ ഗാഢമായി
നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് തത്ത്വജ്ഞാനി ഴാങ് പോൾ സാർത്ര് എഴുതി:
'മരണം
ഒരു തുടർച്ചയാണ് ,ആ തുടർച്ചയിൽ ഞാൻ ഇല്ലെങ്കിൽ പോലും'.ജീവിതത്തേക്കാൾ
മഹത്തരമായി മരണത്തെ പ്രഖ്യാപിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും പത്രങ്ങളും
മറ്റും. അവർ ജീവിതത്തിനു യാതൊരു അർത്ഥവും കാണുന്നില്ല. എത്ര തവണ
അവിൽപ്പൊതിയുമായി വീട്ടുപടിക്കൽ ചെന്നാലും അവർ പ്രസാദിക്കുകയില്ല;
കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ ,ഇവർക്ക് ശ്രീകൃഷ്ണനാകാൻ
സാധ്യമല്ലല്ലോ .
ഇന്നത്തെ പ്രമുഖ പത്രങ്ങളുമായി ഈ
നാട്ടിലെ സാഹിത്യകാരന്മാർക്ക്, ചിത്രകാരന്മാർക്ക് യാതൊരു ആത്മബന്ധവും
തോന്നുകയില്ല .തൊണ്ണൂറ് കഴിഞ്ഞ ഏതാനും പേർക്ക് മറിച്ചായിരിക്കും
പറയാനുണ്ടാവുക. കാരണം, എഴുത്തുകാരനെയും കലാകാരനെയും തമസ്കരിച്ച ശേഷം
,പത്തുമണിക്കൂർ പോലും ആയുസ്സില്ലാത്ത രാഷ്ട്രീയ പ്രതികരണങ്ങളും മറ്റു വിനോദ
വിവരണങ്ങളുമാണ് അവർ നിരത്തുന്നത് .എഴുത്തുകാരനും കലാകാരനും ഈ നാട്ടിലെ
പ്രജയാണെന്നു പോലും അവർ അംഗീകരിക്കുകയില്ല. മരണത്തെ ജീവിതത്തെക്കാൾ വലുതായി
കാണുന്നത് ഇന്നത്തെ സംസ്കാരമാണെങ്കിൽ അത് ജീർണതയാണ്. ജീവിതത്തിലെപ്പോഴും
അവർ കലാകാരന്മാരെ ചവിട്ടിത്തേക്കു കയാണ് ചെയ്യുന്നത്. എന്നാൽ കലാകാരൻ
മരിക്കുമ്പോൾ ശവത്തിനു പിടിവലിയാണ്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച്
വിവിധ ഗ്രൂപ്പുകളും വ്യക്തികളും വച്ചുപൂജ നടത്തും. സതീഷ് ബാബു പയ്യന്നൂന്റെ
കാര്യത്തിൽ ഒരാഴ്ച അത് തുടർന്നു. എന്ത് കാപട്യമാണിത്!. മരിച്ചയാളെ
അനുസ്മരിക്കുകയോ അവൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയോ അല്ല ഇതിൻ്റെ
പിന്നിലുള്ള ലക്ഷ്യങ്ങൾ. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന അഹന്തയുടെ
അട്ടഹാസമാണത്. മരണത്തിലൂടെ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നല്ലേ അവർ
പറയുന്നത്? ഇക്കൂട്ടർ കലാകാരൻ്റെ ജീവിതത്തെ എപ്പോഴും പുലഭ്യം
പറഞ്ഞുകൊണ്ടിരിക്കും; നിന്ദിക്കുകയും നോവിക്കുകയും ചെയ്തു അപമാനിക്കും.
മരണത്തെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഒരാഘോഷമാണ് അവർ
സംഘടിപ്പിക്കുന്നത്. ശവങ്ങൾക്ക് ഒന്നിനെയും പ്രതിരോധിക്കാനാവില്ലല്ലോ.
സതീഷ് ബാബു പയ്യന്നൂരിനെ അവഗണിച്ചവരെല്ലാം, അദ്ദേഹം മരിച്ചതോടെ ശവത്തിനു
വേണ്ടി ചാടി വീഴുകയായിരുന്നു. ചർച്ചകളും അനുശോചനങ്ങളും അണപൊട്ടിയൊഴുകി.
ഫലത്തിൽ , തങ്ങളുടെ ശൂന്യമായ അഹന്ത പൊട്ടിത്തകർന്നതിലുള്ള ജാള്യത മറച്ചു
വച്ച് വെറുതെ ബഹളം വയ്ക്കുകയാണ്.
ജീവിതം
മരണത്തിൽ അവസാനിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന ചിന്താശൂന്യന്മാരാണ്
മരണത്തെ ഇങ്ങനെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടമാണത്
;എഴുത്തുകാരനു മരണമില്ല. എഴുത്തുകാരൻ തൻ്റെ മരണത്തെക്കുറിച്ച്
ആലോചിക്കുന്നത് തന്നെ തെറ്റാണ്. ജീവിതത്തെ എങ്ങനെയെങ്കിലും
അവസാനിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് എഴുത്തുകാരന്റെ മരണത്തെ
അപഹാസ്യമാക്കിത്തീർക്കുന്നത്. അവർ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം മൂല്യങ്ങൾ
അടിച്ചേൽപ്പിക്കുകയാണ്. എഴുത്തുകാരന് ജീവിതം അവന്റെ കൃതികളാണ്.
സി.വി.ശ്രീരാമൻ എത്ര കാലം ഈ ഭൂമുഖത്തു നിന്ന് മാറി നിന്നാലും അദ്ദേഹം തൻ്റെ
കഥകളിലൂടെ സംസാരിക്കുകയാണ്.
ആ കഥകൾ ജീവിതമാണ്. അത്
മരണത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും
സാഹിത്യത്തിന്റെ ഈ സമരത്തെ കാണാൻ തയ്യാറല്ല.
ഇന്നത്തെ
പത്രവായനക്കാർ ഒരിക്കലും യശ:ശരീരരായ സി.വി.ശ്രീരാമനെയോ
വി.പി.ശിവകുമാറിനെയോ അറിയില്ല. ഈ എഴുത്തുകാർക്ക് പത്രങ്ങളുമായി എന്തു
ബന്ധം? പത്രങ്ങളുടെ വായനക്കാർ രാഷ്ടീയ നേതാക്കളെയാണ് അറിയുന്നത്.
വായനക്കാരുടെ ആയുഷ്കാലം ഈ അറിവിൽ തന്നെ അവർക്ക് തുടരാനും മാധ്യമങ്ങൾ ഒത്താശ
ചെയ്തു കൊടുക്കും.
വഴിപാട് സെമിനാറുകൾ
കേരള
സാഹിത്യഅക്കാദമി 'ചണ്ഡാലഭിക്ഷുകി -ദുരവസ്ഥ' ശതാബ്ദി സെമിനാർ
സംഘടിപ്പിച്ചു. ഒരു വഴിപാടെന്ന പോലെയാണ് ഈ ശതാബ്ദി സംഘടിപ്പിച്ചതെങ്കിൽ
കൊള്ളാം. അതിനപ്പുറം ഈ സെമിനാറിനു ഒരു പ്രസക്തിയും കിട്ടുകയില്ല. ഈ
സെമിനാറിനെക്കുറിച്ച് 'സാഹിത്യ ചക്രവാള'(ഡിസംബർ) ത്തിൽ ഇങ്ങനെ വായിക്കാം:
'മൈത്രി എന്ന ആശയമാണ് കുമാരനാശാൻ്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന ഘടകമെന്ന്
അദ്ദേഹം (സുനിൽ പി. ഇളയിടം)നിരീക്ഷിച്ചു. സാമൂഹ്യ ജീവിതത്തിൻ്റെ ആധാരശാല
യാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാന മൂല്യത്തെ രാഷ്ട്രീയ
മൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യ ജീവിതത്തിൽ പ്രകടമാണെന്നും
സുനിൽ പി. ഇളയിടം നിരീക്ഷിച്ചു'.
ഇത്രയേയുള്ളൂ ഈ
സെമിനാർ .കോളജ് അധ്യാപകരും ഒരേ രാഷ്ട്രീയ അനുയായികളും മാത്രം പങ്കെടുത്ത ഈ
സെമിനാർ ആശാൻ കണ്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനെ. ചണ്ഡാലരുടെ
വെള്ളത്തിനുപോലും ജാതി നിലനിന്ന ഒരു ഇടമാണ് കേരളമെന്നാണ് ആശാൻ പറയുന്നത്.
എന്നാൽ ഇപ്പോൾ അക്കാദമി ചെയ്യുന്നതെന്താണ് ?തങ്ങളുടെ രാഷ്ട്രീയ അടിമത്തം
പേറാത്തവരെ, തങ്ങളുടെ രാഷ്ട്രീയം എന്ന 'അരാഷ്ട്രീയ' ചിന്തകളിൽ
അഭിരമിക്കാത്തവരെ പുറത്തു നിറുത്തുന്നതാണ് അക്കാദമിയുടെ രീതി. ഇവിടെ
എവിടെയാണ് സാർ മൈത്രി?. ഇഷ്ടമില്ലാത്തവരെയെല്ലാം പുറന്തള്ളുന്ന സ്വഭാവത്തെ
ആരും മൈത്രിയെന്നു വിളിക്കില്ല. അത് ഫൂഡൽ മനോഭാവമാണ്. ഒരു പ്രത്യേക
രാഷ്ട്രീയനിറത്തിൽ അഭയം തേടിയ ശേഷം സ്വന്തം വിമതവും ഏകപക്ഷീയവുമായ
അരാഷ്ട്രീയ ബോധത്തിന്റെ പുറംതോടിനുള്ളിൽ കഴിയുന്നവരുടെ 'രാഷ്ട്രീയ'മല്ല,
എന്തായാലും ആശാൻ അവതരിപ്പിച്ചത്. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ
കെ.സി. നാരായണൻ പ്രഭാഷണം നടത്തിയെന്ന്! ബഹുസ്വരത ഒട്ടുമില്ലാത്തയാളാണ്
നാരായണൻ.
ശ്രീജിത്ത് പെരുന്തച്ചന്റെ
'എഴുത്തുമേശകൾ' എന്ന കൃതിയെക്കുറിച്ച് എൻ.എം.നൂലേലി മുക്തകണ്ഠം പ്രശംസിച്ച്
എഴുതിയത് (സാഹിത്യചക്രവാളം)വായിച്ചു. ഇതൊക്കെ റിവ്യു ചെയ്യേണ്ട
കാര്യമുണ്ടോ ?'എഴുത്തുമേശകൾ' തരക്കേടില്ലാത്ത ഒരു പൈങ്കിളി കൃതിയാണ്.
ശ്രീജിത്തിന് എഴുത്തുകാരുടെ വീടിനു ചുറ്റും നടക്കാനേ കഴിയൂ; ഉള്ളിൽ കയറാൻ
'അന്യവാദ'മില്ല. അദ്ദേഹം മുണ്ടശ്ശേരിയെക്കുറിച്ച് എഴുതിയത് ലേഖകൻ
ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :'ഏതു നേരവും ഒരു രണ്ടാംമുണ്ട് അദ്ദേഹത്തിൻ്റെ
തോളത്തു കാണാം .മന്ത്രിയായിരിക്കുമ്പോൾ മുണ്ടശ്ശേരി സാഹിത്യം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .എഴുത്തുകാരനായിരിക്കുമ്പോൾ രാഷ്ട്രീയം
രണ്ടാംമുണ്ടാക്കി തോളത്തിട്ടു .രണ്ടാംമുണ്ട് തോളത്തിട്ടു കൊണ്ട് അദ്ദേഹം
എല്ലായിടത്തും ഒന്നാമതെത്തി. അങ്ങനെയാണല്ലോ കേരളത്തിലെ ഒന്നാമത്തെ
വിദ്യാഭ്യാസ മന്ത്രിയും കൊച്ചിൻ സർവകലാശാലയിലെ ഒന്നാമത്തെ വൈസ്
ചാൻസലറുമായത്'.എങ്ങനെയുണ്ട് ശ്രീജിത്തിൻ്റെ കണ്ടുപിടിത്തം ? മുണ്ടശ്ശേരി
എഴുതിയ ഒരു കൃതിയും വായിക്കാതെ അദ്ദേഹത്തിൻ്റെ രണ്ടാംമുണ്ട് തപ്പി നടന്ന
ശ്രീജിത്തിന്റെ കഥയില്ലായ്മകളാണ് ഇതെല്ലാം.
രാഷ്ട്രീയ പ്രചാരണം
'നിങ്ങളെന്നെ
കമ്മ്യൂണിസ്റ്റാക്കി' നാടകത്തിനു എഴുപത് വയസ്സ് പൂർത്തിയായതിൻ്റെ വിവരണം
വാട്സപ്പിൽ വായിച്ചു. നാടകത്തിലെ ഒരു ഗാനരംഗത്തിന്റെ പുനരാവിഷ്കാരവും
കണ്ടു. ഈ നാടകത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തെ
രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാടകകൃത്താണ് തോപ്പിൽ ഭാസി;
അതുപോലെ കാഥികൻ സാംബശിവനും മറ്റും .
അവർ കണ്ട രാഷ്ട്രീയ
സ്വപ്നങ്ങൾ പവിത്രമായിരുന്നു. അവർ മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കണ്ടു.
എന്നാൽ പിൽക്കാലത്ത് ലോകത്തിൻ്റെ മാറ്റം മറ്റൊരു വഴിക്കായിരുന്നു.
ആഗോളവൽക്കരണവും നഗരവത്ക്കരണവും സൈനികസാങ്കേതികതയും മുന്നേറിയപ്പോൾ
പ്രത്യയശാസ്ത്രങ്ങൾക്ക് പിന്മാറേണ്ടി വന്നു .തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ
രാഷ്ട്രീയ പ്രചാരണത്തിനാണ് പ്രാധാന്യം. ഒരു കലാസൃഷ്ടി
രാഷ്ട്രീയപ്രചാരണത്തിനു തയ്യാറെടുക്കുന്നത് ഇന്നത്തെ നിലയിൽ അത്ര
പ്രതീക്ഷാവഹമല്ല. തോപ്പിൽ ഭാസിയുടെ പ്രതിഭയ്ക്ക് അതിൻ്റെ യഥാർത്ഥ വഴിയിൽ
മുന്നേറാനായില്ല എന്നാണ് ഇത് കാണിക്കുന്നത്. മഹാനായ കഥാപ്രസംഗകൻ
വി.സാംബശിവൻ 'ഇരുപതാം നൂറ്റാണ്ട് ' എന്ന കഥ പറയുമ്പോൾ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങളിലെ ജനങ്ങളെ അദ്ദേഹം സ്തുതിക്കുന്നുണ്ട്. അവിടങ്ങളിലെ
സമത്വത്തെയാണ് സാബശിവൻ പ്രശംസിക്കുന്നത്. എന്നാൽ ആ സോഷ്യലിസ്റ്റ്
രാഷ്ട്രങ്ങൾ ഇന്നെവിടെയാണ്? ആ സമത്വം എവിടെ? ഏത് രാഷ്ട്രങ്ങളെയാണ്, അദ്ദേഹം
മനസ്സിൽ കണ്ടത്?.
ഒരു പ്രതിമയിൽ എന്തിരിക്കുന്നു?
കേരളത്തിൽ
എഴുത്തുകാരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ്റെ പ്രതിമ
തലസ്ഥാനത്ത് തന്നെയുണ്ട്. വേറെയും പ്രതിമകളുണ്ട്. പുസ്തകം
വായിക്കാത്തവർക്കുള്ള ആഹ്വാനമാണത്, ഈ പ്രതിമയെ കണ്ടെങ്കിലും വായനയിലേക്കു
തിരിച്ചുപോകൂ എന്ന് .ഏതാനും ആഴ്ചകൾക്കു മുമ്പാണ്, ടി.പത്മനാഭൻ്റെ ഒരു
പ്രതിമ മാഹി കലാഗ്രാമത്തിൽ സ്ഥാപിച്ച വാർത്ത വായിച്ചത്. ചെറിയൊരു ഞെട്ടൽ
ഉണ്ടാകാതിരുന്നില്ല .ഈ കോളത്തിൻ്റെ പ്രത്യേകത സത്യസന്ധതയാണെന്ന് ശത്രുക്കൾ
പോലും സമ്മതിക്കും. അതുകൊണ്ട് പറയുകയാണ്. ടി.പത്മനാഭൻ്റെ പ്രതിമ അനാച്ഛാദനം
ചെയ്തത് ശശി തരൂരാണ്. എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തതാണ്
ഞെട്ടിച്ചത്.പത്മനാഭൻ അതിൽ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക്
നല്കിയത്. സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനു കഥാകൃത്ത് തന്നെ
മുൻകൈയെടുക്കുന്നെന്ന സൂചന അത് പകരുന്നുണ്ട്,അങ്ങനെ അല്ലെങ്കിൽ പോലും
.തൻ്റെ നോവലിനു പതിനഞ്ചാമത്തെ അവാർഡ് ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞ്
ഫേസ്ബുക്കിൽ ഒരു കഥാകൃത്ത് പോസ്റ്റ് ചെയ്തത് കണ്ടു. എന്തിനാണ് ഞെട്ടുന്നത്
?തനിക്ക് ഇത്രയും അവാർഡുകൾ കിട്ടിയിട്ടുണ്ട് കേട്ടോ എന്നു പറഞ്ഞ്
ഒരെഴുത്തുകാരൻ സ്വയം മുന്നോട്ടുവരുന്നത് ഇന്നാർക്കും ഒരു പ്രശ്നവുമല്ല
.അതെല്ലാം ശീലമായിരിക്കുന്നു. ഒരവാർഡിൽ എന്തിരിക്കുന്നു എന്ന് പറയുന്നതാണ്
ഉന്നതം. ഇതുപോലുള്ള പ്രശംസകളിൽ നല്ല എഴുത്തുകാർ അഭിരമിക്കില്ല, അവർക്ക്
ലഹരിപിടിക്കാൻ ആശയങ്ങളാണ് വേണ്ടത്.
ടി.പത്മനാഭൻ്റെ
പ്രതിമ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ
പങ്കെടുത്തത് മറ്റു പല എഴുത്തുകാർക്കും 'പ്രചോദന'മാകും . ഇനി
തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് പ്രസംഗിക്കാൻ പോകുന്ന
എഴുത്തുകാരൻ പറയാനിട യുള്ള വാചകം ഇതായിരിക്കും: എൻ്റെയൊപ്പം എൻ്റെ
പ്രതിമയും കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾ ഇവിടെ സുരക്ഷിതമായി
സ്ഥാപിക്കണം. പ്രസ്റ്റീജ് ഇഷ്യുവാണ്! .
നമ്മുടെ സമൂഹത്തെ
ബാധിച്ചിരിക്കുന്ന വൈകാരികമായ സ്തംഭനാവസ്ഥയാണ്, ഇതിനെപ്പറ്റി ആരും
പ്രതികരിക്കാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. കാറിൽ ചാരി നിന്ന
ബാലനെ കാർ ഉടമ ആഞ്ഞു ചവിട്ടിയപ്പോൾ പലരും പ്രതികരിച്ചു. കാരണം ,ആ ചവിട്ടു
വന്നു കൊണ്ടത് തൻ്റെ നെഞ്ചത്താണെന്ന് അത് കണ്ട ഓരോ വ്യക്തിക്കും
തോന്നിയിരിക്കണം.
എന്നാൽ എഴുത്തുകാരൻ്റെ പ്രതിമ
ഒരു വായനക്കാരനെയും സൃഷ്ടിക്കാൻ പോകുന്നില്ല. എഴുത്തുകാരൻ തന്നെ ആ ചടങ്ങിൽ
പങ്കെടുത്തു എന്നറിയുന്ന വായനക്കാരൻ തരിച്ചു നിൽക്കുകയേയുള്ളൂ. ചിലപ്പോൾ,
ഇതുപോലുള്ള സംഭവങ്ങൾ തന്നെ പ്രതിമകളായി രൂപാന്തരപ്പെടുകയായിരിക്കാം.
ഇതിനോടെല്ലാം ആളുകൾ സന്ധി ചെയ്ത് കഴിഞ്ഞിട്ടുണ്ടാകാം. എല്ലാ മൂല്യങ്ങളും
തകരുമ്പോൾ ഇതു മാത്രമായി എന്തിന് ശേഷിക്കണം?.തൻ്റെ പ്രതിമ സ്ഥാപിക്കാത്ത
സ്ഥാപനങ്ങൾക്കെതിരെ ആക്രോശിക്കുന്ന എഴുത്തുകാരെ അടുത്ത ദശാബ്ദത്തിനുള്ളിൽ
തന്നെ കാണേണ്ടി വരും .
No comments:
Post a Comment