Monday, September 7, 2020

അക്ഷരജാലകം/ബഷീറിനെ തേടി വാൻഗോഗ്/metrovartha june 29

 
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

ബഷീറിനെ തേടി വാൻഗോഗ്

സ്നേഹദൂതനും നിർമ്മലനും നിരാസക്തനുമായിരുന്ന കഥാകൃത്ത് വൈക്കം മുഹമ്മദ്ബഷീറിനെ (1908-1994) തേടി ദരിദ്രനും ജ്ഞാനിയും ത്യാഗിയും വലിയ വായനക്കാരനുമായിരുന്ന ഡച്ച് ചിത്രകാരൻ വിൻസൻ്റ് വാൻഗോഗ് (1853-1890) എത്തുകയാണ്. സൂക്ഷ്മദൃക്കായ പുനത്തിൽ കുഞ്ഞബ്ദുള്ള(1940-2017) എഴുതിയ 'വിൻസൻ്റ് വാൻഗോഗ് 'എന്ന കഥയിലാണ് ഈ അപൂർവ്വ സമാഗമമുള്ളത്.ഈ കഥയുടെ പുനർവായന ,ഈ കൊറോണക്കാലത്ത് ,പുതിയ അർത്ഥവാതായനങ്ങൾ നല്കാതിരുന്നില്ല .കോരിച്ചൊരിയുന്ന മഴയത്താണ്, വഴി തേടിപ്പിടിച്ച്  വാൻഗോഗിൻ്റെ വരവ്.അദ്ദേഹത്തിൻ്റെ ഇടതു ചെവി  ഛേദിക്കപ്പെട്ട നിലയിലാണ്. ബഷീറിനോട്  ,ബേപ്പൂരിലെ വീടിൻ്റെ വരാന്തയിൽ നിന്ന് തൻ്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതിൽ വ്യർത്ഥതാബോധവും നിരാശയുമാണ് നിറയുന്നത്. എന്നാൽ വാൻഗോഗ്  എത്ര ശ്രമിച്ചിട്ടും ബഷീറിൻ്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നില്ല .ബഷീർ തൻ്റെ മുറിയിൽ പല രീതിയിൽ വ്യഗ്രതയിലാണ്. തൊട്ടടുത്താണെങ്കിലും അവർക്കിടയിൽ അകൽച്ചയുടെ ഒരദൃശ്യ ക്ഷീരപഥം ഉണ്ടായിരിക്കുന്നു.

കൊറോണക്കാലത്ത് ഈ കഥ ചില നേരനുഭവങ്ങൾ തന്നു. അകലം പാലിക്കുകയാണല്ലോ നമ്മൾ.ദൂരെ നിന്ന് പിതാവ് വീട്ടിലേക്ക് വരേണ്ടതില്ലെന്ന് മകൻ വിളിച്ചു പറയുന്നു. ഒരു വീട്ടിലാണെങ്കിലും രണ്ട് കിട്ടിലിൽ കിടക്കുന്ന അയൽച്ചയുടെ ദമ്പതികൾ ;അകലുന്ന കമിതാക്കൾ.നേരത്തേ തന്നെ  മനസിൽ മാസ്ക് വച്ചവർക്ക് കൊറോണ ഒരു മറയായി. അകലുക നാം ദൂരേക്ക് എന്ന് ഓരോ കണ്ടുമുട്ടലും ദുരൂഹമായി പറയുന്നു. കണ്ടാൽ തന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കൊറോണയുടെ പ്രജ എന്ന നിലയിൽ നാം അകൽച്ചയുടെ സൗന്ദര്യശാസ്ത്രമാണ് അന്വേഷിക്കുന്നത്.വാൻഗോഗ് ഈ അകൽച്ചയെക്കുറിച്ച് പറയാനായിരിക്കാം വന്നത്; എന്നാൽ ബഷീർ സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ചതുപോലെയാണ്.ബഷീർ മൗനത്തിലേക്ക് ഉൾവലിഞ്ഞിരിക്കയാണ്.ഒരു ആശയ വിനിമയവും സാധ്യമാകുന്നില്ല. രണ്ട് അന്യഗ്രഹജീവികളെപ്പോലെ  അവർ അകന്നു തന്നെ നിലകൊള്ളുന്നു.രണ്ടു കാലങ്ങളിൽ, രണ്ടിടങ്ങളിൽ ജീവിച്ച അവരെ ഒന്നിപ്പിക്കുന്ന കഥാകൃത്ത് മനുഷ്യാത്മാവിനോടുള്ള തൻ്റെ നിസ്സീമമായ സ്നേഹവും ആദരവും രേഖപ്പെടുത്തുകയാണ്. ഏത് കാലത്തുള്ളവരും ,ഏത് കാലത്തെ കലാസൃഷ്ടികളും  സംവേദനത്തിൻ്റെ തലത്തിൽ സ്നേഹപൂർണമായ ആഭിമുഖ്യമാണ് പ്രകടിപ്പിക്കുന്നതെന്നും അത് മാത്രമാണ് സത്യമെന്നും ഈ കഥ വിളിച്ചു പറയുന്നു. തൻ്റെ  'ഉരുളക്കിഴങ്ങ് തിന്നുന്നവർ ' എന്ന ചിത്രത്തിലെ റാന്തൽ വിളക്കിനു സമാനമായ വിളക്ക് ബഷീറിൻ്റെ വീട്ടിൽ കണ്ട് വാൻഗോഗ് ചിന്താധീനനാവുന്നത് ഇതിനു തെളിവാണ്.

ബഷീർ ഒരു അകൃത്രിമ ബുദ്ധിജീവിയാണ്.അദ്ദേഹത്തിൻ്റെ കറയറ്റ സ്നേഹത്തിന് ഉദാഹരണമാണ് മാന്ത്രികപ്പൂച്ച ,ബാല്യകാലസഖി തുടങ്ങിയ കൃതികൾ .അദ്ദേഹം മനുഷ്യനെ മാത്രം സ്റ്റേഹിച്ച പിന്തിരിപ്പനല്ല; ഈ ലോകത്തിലെ സകല ജീവികൾക്കും രാഷ്ട്രീയമുണ്ടെന്ന് വളരെ നേരത്തേ മനസ്സിലാക്കിയ ഒരു ഇന്ത്യൻ എഴുത്തുകാരനാണ്. എല്ലാവരും വേണം ,അപ്പോഴേ സാഹിത്യമുണ്ടാവൂ.

വലിയ വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുണ്ടായാൽ നല്ല സാഹിത്യമുണ്ടാകണമെന്നില്ല .അതിസാമർത്ഥ്യവും ഉപജാപവും ചിലരുടെ കാര്യത്തിൽ  താത്കാലികമായി വിജയിക്കുമായിരിക്കും. എന്നാൽ അവരുടെ ഉള്ളു പൊള്ളയായ ,വരണ്ട ,സ്നേഹവിരുദ്ധമായ, കൃത്രിമമായ സാഹിത്യരചനകളെ നല്ല വായനക്കാർ ഓരോ കാലത്തും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുകൊണ്ടിരിക്കും.
ഈ കാലത്ത് അവാർഡുകളാൽ തേച്ചുമിനുക്കപ്പെടുന്ന ,താലോലിക്കപ്പെടുന്ന ഒരു കൃതിയും നിലനില്ക്കില്ല; എന്തെന്നാൽ അതിലൊന്നിലും നിരുപാധികമായ സ്നേഹമോ ആത്മാർത്ഥതയോ ഇല്ല .എന്നാൽ അപ്പോഴും ബഷീറിൻ്റെ ' മാന്ത്രികപ്പൂച്ച' നിലനില്ക്കും.

വാൻഗോഗിൻ്റെ ജീവിതവും മരണാനന്തര ജീവിതവും അതല്ലേ വ്യക്തമാക്കപ്പെടുന്നത് ? ലോകത്തിലെ പത്ത് ചിത്രകാരന്മാരെയെടുത്താൽ അതിൽ വാൻഗോഗ് നിശ്ചയമായുമുണ്ട്‌. വാൻഗോഗ് ,യഥാർത്ഥത്തിൽ  പ്രകൃതിയിലുള്ളതല്ല  വരച്ചത് ;അതിനേക്കാൾ മികച്ചതാണ്. യഥാർത്ഥ നിറങ്ങൾ ,അതെത്ര നഗ്നവും ദീപ്തവുമായിരുന്നാലും ,വാൻഗോഗിനു വേണ്ടായിരുന്നു. വാൻഗോഗ് തൻ്റെ നിറങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്.വാൻഗോഗിൻ്റെ പ്രകൃതി മനഷ്യവിധിയിൽ ആധികൊള്ളുകയാണ്.'ദ് സ്റ്റാറി നൈറ്റി'ലെ നക്ഷത്രങ്ങൾ ആകാശത്ത് വീർപ്പുമുട്ടി കഴിയുകയാണ് ;അവ പാവപ്പെട്ട ഖനിത്തൊഴിലാളികൾക്കും ഉരുളക്കിഴങ്ങ് തിന്നുന്നവർക്കും ഓക്സിജൻ കൊടുക്കാനെന്ന പോലെ വെപ്രാളത്തിലാണ്. അവയിൽ അനുതാപത്തിൻ്റെ ,കൂടെച്ചേരുന്ന മമതയുടെ കോശങ്ങൾ അടങ്ങിയിരിക്കുന്നു.

വാൻഗോഗ് സ്നേഹത്തിൻ്റെ കലാപ്രവാചകനായിരുന്നു. സ്നേഹിക്കുന്നത് കലാപ്രവർത്തനമാണെന്ന് ഈ കലാകാരനല്ലാതെ ആരും പറയുകയില്ല. അദ്ദേഹം ജീവിതത്തിൻ്റെ അയഥാർത്ഥമായ അനുഭവങ്ങളിലൂടെ നടന്ന്  സ്വപ്നാത്മകമായ യാഥാർത്ഥ്യങ്ങൾ കൊണ്ട് നിർമ്മിച്ച നക്ഷത്രങ്ങൾ നിറഞ്ഞ ഒരു പാത സൃഷ്ടിച്ചു.അതുകൊണ്ടാണ് തൻ്റെ കാലഘട്ടത്തിലെ എല്ലാ ഉപരിപ്ളവ  കുബുദ്ധികളും വിസ്മൃതരായിട്ടും വാൻഗോഗ് സമൂഹമനുഷ്യരുടെ  ഓർമ്മകളിൽ കൂടുതൽ തെളിഞ്ഞു വരുന്നത്.വാൻഗോഗിൻ്റേത് മരണാനന്തര ജീവിതമാണ് ; യഥാർത്ഥ ജീവിതത്തേക്കാൾ സാരഗ്രാഹിയാണത്.

സ്നേഹം മരിക്കില്ല

എത്ര മാസ്ക് അവതരിച്ചാലും സ്നേഹം ,അനുതാപം എന്നിവ മരിക്കില്ല .അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് കണ്ണൂർ തളിപ്പറമ്പിലെ യുവതി വർഷയ്ക്ക് പതിന്നാല് മണിക്കൂർകൊണ്ട് അമ്പത് ലക്ഷം രൂപ അക്കൗണ്ടിലൂടെ ലഭിച്ചത്. അവൾ രോഗിയായ തൻ്റെ അമ്മയ്ക്ക് കരൾ പകുത്ത് നല്കാൻ പണമില്ലാതെ ആശുപത്രി വരാന്തയിൽ നിന്ന് കരഞ്ഞപേക്ഷിക്കുന്ന വീഡിയോ ചില സാമൂഹിക പ്രവർത്തകർ സമുഹമാധ്യമത്തിലിട്ടതിൻ്റെ ഫലമാണിത്. സഹായിക്കാൻ മനസുള്ളവർ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ ആരും വിലക്കാതിരുന്നാൽ മതി. മനുഷ്യസ്നേഹം ഒരു ഘട്ടത്തിൽ സ്വയം അനാവൃതമാകുകയോ ,അല്ലെങ്കിൽ മറ്റുള്ളവർ ഖനനം ചെയ്തെടുക്കുകയോ വേണം.


കാലമുദ്രകൾ

1)ഒ.എൻ.വി .
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിച്ചിട്ടുള്ള സ്വത്തിൻ്റെ മൂല്യം നമുക്ക് എണ്ണിയാൽ നിശ്ചയിക്കാനാവും; എന്നാൽ ഒരിക്കലും വില നിശ്ചയിക്കാനാവാത്ത സമ്പത്താണ് സംഗീതസംവിധായകൻ ദേവരാജൻ നമുക്ക് നല്കിയിട്ടുള്ളതെന്ന് ഒ.എൻ.വി. ഒരു പ്രഭാഷണത്തിൽ പറഞ്ഞു.

2) പെരുമ്പടവം ശ്രീധരൻ.
മഹാനായ കാക്കനാടൻ്റെ രചനകൾ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണെന്ന്  പെരുമ്പടവം പറഞ്ഞത് ശ്രദ്ധേയമായി തോന്നി.

3)ജോർജ് ഓണക്കൂർ.
ഓണക്കൂറിൻ്റെ 'ഉൾക്കടൽ' എന്ന നോവൽ കെ.ജി.ജോർജ് സിനിമയാക്കുകയുണ്ടായല്ലോ.സ്വാഭാവികവും വിശുദ്ധവുമായ പ്രണയമാണ് ആ സിനിമയിൽ കണ്ടത്.

4) നീല പത്മനാഭൻ.
നീല പത്മനാഭനെ മലയാള സാഹിത്യ സ്ഥാപനങ്ങൾ വേണ്ട പോലെ ശ്രദ്ധിച്ചിട്ടില്ല .അദ്ദേഹം ഒരിക്കൽ ഇങ്ങനെ എഴുതി: കഴിഞ്ഞ അറുപതു കൊല്ലക്കാലമായി തമിഴ് ,മലയാള സാഹിത്യരംഗത്ത് ഞാൻ ഉണ്ട്. തമിഴകത്ത് മലയാളിയായിട്ടും മലയാളത്തിൽ തമിഴനായിട്ടും ഒരു ത്രിശങ്കു സ്വർഗത്തിലാണ് ഇപ്പോഴും.

5) എം.ഗോവിന്ദൻ.
കുമാരനാശാൻ്റെ ജന്മശതാബ്ദി പ്രമാണിച്ച് 1974ൽ എം.ഗോവിന്ദൻ തൻ്റെ 'സമീക്ഷ' മാസികയുടെ ചുമതലയിൽ പ്രസിദ്ധീകരിച്ച 'പോയട്രി ആൻഡ് റെനയസൻസ് :കുമാരനാശാൻ ബേർത് സെൻ്റിനറി വോള്യം' എന്ന ബൃഹത് ഗ്രന്ഥം ആശാനെ ലോക കവിതയിലേക്ക് ഉയർത്തിക്കാണിച്ചു.

6)ജി.എൻ.പണിക്കർ.
തികഞ്ഞ യുക്തിബോധത്തോടെ വാദിച്ചു ജയിക്കാൻ ജി.എൻ .പണിക്കർക്ക് അറിയാം.എന്നാൽ 'ഖസാക്കിൻ്റെ ഇതിഹാസം' ഒരു മറാത്തി നോവലിൻ്റെ അനുകരണമാണെന്ന പണിക്കരുടെ വാദം അദ്ദേഹത്തെ പലയിടത്തും അപ്രിയനാക്കി.

വാക്കുകൾ

1) ഒരു കഥ വായിച്ച് കുറച്ചു കാലം കഴിയുമ്പോൾ ആ കഥ പഴയ പോലെയായിരിക്കില്ല; അല്ലെങ്കിൽ ആ കഥ വായിച്ചവർ പഴയ മട്ടിലുള്ള വായനക്കാർ ആയിരിക്കില്ല .
ജോർജ് എലിയട്ട് ,
ഇംഗ്ളീഷ് എഴുത്തുകാരി .

2) മുതിർന്നവർക്ക് വേണ്ടി എഴുതുന്ന പോലെ തന്നെയാകണം കുട്ടികൾക്കു വേണ്ടിയും എഴുതേണ്ടത്; നല്ലതു മാത്രം.
മാക്സിം ഗോർക്കി,
റഷ്യൻ നോവലിസ്റ്റ്.

3) ഇന്നത്തെ യാഥാർത്ഥ്യം എന്തുമാകട്ടെ ,സ്പർശിക്കുന്നതും വിശ്വസിക്കുന്നതും ,അതെല്ലാം ഇന്നലെകളിലെപ്പോലെ തന്നെ ഭാവിയിലും ഒരു മിഥ്യയായിരിക്കുകയേയുള്ളു.
ലൂയി പിരാന്തല്ലോ,
ഇറ്റാലിയൻ നാടകകൃത്ത്.

4) മനുഷ്യൻ ഇന്ന് ഏറെ യാതനയിലും വ്യഗ്രതയിലും അതൃപ്തിയിലും കഴിയുകയാണ്.കാരണം ,അവൻ്റെ പകുതി സ്വഭാവം - ആത്മീയത - നല്ല ഭക്ഷണത്തിനായി കേഴുകയാണ്;മറുപാതി - ഭൗതികത - ചീത്ത ഭക്ഷണം കൊണ്ടാണ് കഴിയുന്നത്.
പോൾ ബ്രണ്ടൻ ,
ബ്രിട്ടീഷ് ആത്മീയ ചിന്തകൻ.

5) ഓരോരുത്തർക്കും മറ്റാരെങ്കിലും ആയാൽ മതി. ആരും സ്വന്തം നിലയിൽ  വളരാൻ ആഗ്രഹിക്കുന്നില്ല .
ഗൊയ്ഥെ,
ജർമ്മൻ എഴുത്തുകാരൻ

ജ്യോതിരാജിൻ്റെ കഥ

മലയാള കഥയിൽ നല്ലൊരു സീനിയോറിറ്റിയുണ്ട് വി.ബി. ജ്യോതി രാജിന് .അദ്ദേഹം എൺപതുകളിൽ തന്നെ സജീവമായിരുന്നു. ഇടയ്ക്ക് ഒരു നീണ്ട മൗനം. വീണ്ടും അദ്ദേഹം എഴുതുകയാണ്.അദ്ദേഹത്തിൻ്റെ ' 'നിതാന്ത നിശ്ശബ്ദതയാണ് ' (പ്രഭാതരശ്മി .മെയ്, ജൂൺ) എന്ന കഥ കൊറോണക്കാലത്ത് വായിച്ച മികച്ച രചനയാണ്. താൻ നേടിയ ജീവിതജ്ഞാനം മുഴുവൻ ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. വൈറസിൻ്റെയും വെറുപ്പിൻ്റെയും വലയ്ക്കുള്ളിലിരുന്ന് മനുഷ്യൻ പറയുന്നതെല്ലാം കള്ളമാണെന്ന് ഈ കഥയിലെ ഓരോ വാക്യവും വിളംബരം ചെയ്യുന്നു. ഈ കഥയിൽ സത്യസന്ധതയല്ലാതെ മറ്റൊന്നുമില്ല; നിശിതവും നിതാന്തവുമായ സത്യസന്ധത .

ലോകം അവസാനിക്കുകയാണെന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്‌. മനുഷ്യമനസ്സ് പാളം തെറ്റി അപകടകരമായി നിങ്ങുകയാണ്.പവിത്രമായതെല്ലാം വീണുടയുന്നു.എങ്കിലും ഈ കഥയിലെ നിഖിൽ ഒരു സ്ത്രീയെ (സുജാത ) ഉള്ളിൽ പ്രേമിക്കുന്നു, കാമിക്കുന്നു. ഏറെക്കുറെ നശിച്ച ഈ ലോകത്ത് അവരുടെ സംഭാഷണം മനുഷ്യസ്നേഹം എന്ന അമൃതാണ്. പ്രണയിക്കുന്നതിലൂടെ സുഖമുള്ള ഒരു ആത്മഹത്യയിലേക്കാണ് അവർ നീങ്ങുന്നതെന്ന് പറയാം .കുറെ കഴിയുമ്പോൾ ആത്മഹത്യ ചെയ്തവരെയൊക്കെ നമുക്ക് ആദരിക്കേണ്ടി വരും.

കൊറോണക്കാലത്തെ നാശാവശിഷ്ടങ്ങളിൽ നിന്ന് ആ കഥാപാത്രം ഒരു വലിയ സത്യം തിരിച്ചറിയുന്നുണ്ട്‌ :" നോക്കൂ ,എൻ്റെ മുഖത്തേക്ക് നോക്കൂ ,ഒരു കടൽ പോലെ ദു:ഖം അലയടിക്കുന്നത് നിനക്ക് കാണാം ".
മനുഷ്യമനസ്സിലെ അടക്കാനാവാത്ത പ്രേമത്വര എല്ലാ ദുരന്തങ്ങളിലും പ്രതീക്ഷ നല്കുന്നതാണ് .ഒരു കാളരാത്രി അടുത്തു വന്നു നില്ക്കുമ്പോൾ ,സകല കാപാലികരും വേട്ട തുടങ്ങുമ്പോൾ ,ഈ കഥാപാത്രം അർത്ഥശൂന്യതകൾക്കിടയിലൂടെ സഞ്ചരിക്കുകയാണ്, ജീവൻ്റെ ആദിമമായ നന്മകളുമായി .

രാഷ്ട്രീയത്തിൻ്റെ പക്ഷം

സുനിൽ പി. ഇളയിടത്തിൻ്റെ 'നീതിയുടെ പാർപ്പിടങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ജൂൺ 2) ഒരു കുറിപ്പ് കണ്ടു. വർഗീയതയ്ക്ക് എതിരായി നിശിതവിമർശനം ഉയർത്തി ,തീവ്രമായി രാഷ്ടീയം പറയുന്ന ,നാരായണ ഗുരുവിനെയും അംബേദ്കറെയും ഗാന്ധിജിയെയും മാർക്സിനെയും ഒരേസമയം അഭിസംബോധന ചെയ്യുന്ന തുടങ്ങിയ വിശേഷങ്ങൾ ആഴ്ചപ്പതിപ്പ് ഇളയിടത്തിനു നല്കുകയാണ്. വാസ്തവത്തിൽ അസംബന്ധമല്ലേ ഈ വിശേഷണങ്ങൾ ? ഇളയിടത്തിനു ഇനിയും സ്വതന്ത്രമായ ഒരു രാഷ്ട്രീയചിന്ത ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മേൽപ്പറഞ്ഞ ചരിത്രപുരുഷന്മാരെ ഒരേ സമയം അഭിസംബോധന ചെയ്യുന്നതിൽ വീക്ഷണപരമായ തകരാറുണ്ട്.കാരണം പ്രകൃതിയെ കീഴടക്കാനാണ് മാർക്സ് പറഞ്ഞത്. പല രാജ്യങ്ങളുടെയും വികസന നയത്തിലെ  മുൻഗണന തെറ്റിപ്പോകാൻ ഇത്  ഇടയാക്കി.മാർക്സിൽ പ്രകൃതിയില്ല .അതുകൊണ്ടാണ് ലോകരാഷ്ട്രീയത്തിൽ പരിസ്ഥിതി ചിന്ത സജീവമാകാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നത്.അംബേദ്ക്കർ  ദളിതുവിഭാഗങ്ങൾക്ക് വേണ്ടി  പോരാടി .ലക്ഷക്കണക്കിനു ദളിതുകളെ ബുദ്ധമതത്തിൽ  ചേർത്തു.നാരായണഗുരു അദ്വൈതിയാണ്. സാമൂഹ്യ പരിഷ്കർത്താവും ദാർശനികനുമാണ്. ഗാന്ധിജി ഗ്രാമ സ്വരാജിനും സത്യാഗ്രഹത്തിനും വേണ്ടി നിലകൊണ്ടു.ഇവരെയെല്ലാം ഒരേസമയം അഭിസംബോധന ചെയ്യുന്നതിൽ അബദ്ധവും വ്യാജമായ ബോധ്യവുമാണുള്ളത്. വേറിട്ടതിനെ വേറിടലായി കാണണം. ആനന്ദിനെയും ഉണ്ണികൃഷ്ണൻ പുതൂരിനെയും ഒരുമിച്ചു കെട്ടുന്നതു പോലെ അബദ്ധമാണിത്. ഇളയിടത്തിനു കൃത്യമായ രാഷ്ട്രീയ ബോധമില്ല. ഒട്ടും മൗലികതയില്ല .

മഞ്ചു വെള്ളായണിയുടെ ഭൂമധ്യരേഖ (പ്രഭാതരശ്മി) എന്ന കവിതയിലെ  സ്വപ്നാത്മകമായ ഭാഷയിൽ , 'മഴയിൽ പുരാതനവിയർപ്പ് ' എന്ന പ്രയോഗം പുതിയ അനുഭവമായി.No comments:

Post a Comment