Wednesday, October 28, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / സങ്കല്പ കാമനകൾ /metrovartha 26 Oct 2020

 

പ്രമുഖ  ബ്രിട്ടീഷ്  എഴുത്തുകാരനായ ആർതർ കോനൻ ഡോയൽ പറഞ്ഞു, ജീവിതം നമുക്ക് യഥാർത്ഥമായി തോന്നുമെങ്കിലും അത് വിചിത്രമായ തരത്തിൽ അപരിചിതമാണെന്ന്.എന്തായിരിക്കും ഈ അപരിചിതത്വത്തിനു കാരണം ?.നമ്മൾ ജീവിതത്തെ അന്ധമായി വിശ്വസിക്കുകയും അതിൻ്റെ ഒഴുക്കിനൊപ്പം പോകുകയും ചെയ്യുന്നതുകൊണ്ട് സ്വയം പരിശോധിക്കാൻ കഴിയില്ല .ആത്മവിചാരണ ഉണ്ടാകുന്നില്ല .നമ്മുടെ  മിനിട്ടുകൾ എങ്ങനെയെല്ലാമാണ് സ്വാഭാവികമായി തന്നെ കുഴപ്പിക്കുന്ന പ്രശ്നങ്ങളാകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നില്ല. അസംബന്ധത്തെ യുക്തി കൊണ്ട് വിഘടിപ്പിക്കുമ്പോൾ യാഥാർത്ഥ്യം നഷ്ടമാവുകയാണ്. അതുകൊണ്ട് കോനൻ ഡോയൽ പറയുന്നതുപോലെ ,വളരെ പരിചിതമായതു പോലും എത്രമാത്രം വിചിത്രമാണെന്ന് കണ്ടെത്താൻ അല്പം വഴിമാറി നടപ്പ് ആവശ്യമാണ്‌. ഇതിനെ 'ഭ്രാന്ത് ' എന്ന് വിളിച്ചാലും തെറ്റില്ല.


ആളുകളെ വഴിതെറ്റിക്കുകയും അമ്പരിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന മട്ടിൽ ബോധിധർമ്മനെപ്പോലെ നോക്കാൻ കഴിയുന്നവനാണ് എഴുത്തുകാരൻ.

ഈ നോട്ടം ബോധപൂർവ്വമല്ല; ആന്തരികമായ പാളം  തെറ്റലിൻ്റെ ,അതിൻ്റെ ഭയവിഹ്വലതകളുടെ ഭാഗമായി സംഭവിക്കുന്നതാണ്. നോട്ടം തുറിച്ചു നോട്ടമായി പരിണമിക്കുന്നു .അകത്തുള്ള അശാന്തിയെ അയാൾക്ക് പോലും മറയ്ക്കാനാവാത്തതുകൊണ്ട് അത് കണ്ണുകളിലൂടെ പ്രവഹിക്കുകയാണ്‌.ഉള്ളിൽ ഒരു കാടുകത്തുകയാണ്, മഴക്കാലത്തും എന്ന് ഫ്രഞ്ച് നോവലിസ്റ്റ്  ആൽബേർ കമ്യൂ പറഞ്ഞത് ഇതു തന്നെയാണ്. 


ലൈംഗിക ഫാൻ്റസി 


സമീപകാലത്ത് വായിച്ച ചില കഥകൾ ഉൾഭ്രാന്തമായ ഈ  അകം കാഴ്ചകളെ അനുവാചകരിലേക്ക് പകരുകയാണ്. ജോൺ സാമുവലിൻ്റെ 'ശരീരശാസ്ത്രം ' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ് ) ഒരു കുട്ടിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്.ഈ സഞ്ചാരം അസ്തിത്വത്തിൻ്റെ അറിയപ്പെടാത്ത താഴ്വരകളിലേക്ക് എത്തിനോക്കാനായി വികസിക്കുന്നിടത്താണ് മനോഹരമാകുന്നത്. ഒരു അഞ്ചു വയസ്സുകാരനെ പെണ്ണനുഭവം ആശ്ലേഷിക്കുകയാണ്. അതിനെ ,ചില്ലിൽ വീണ പൊടി തുടച്ചു 

മാറ്റിയിട്ടെന്ന പോലെ ,കാണിച്ചു തരുകയാണ് കഥാകൃത്ത്. ഇതിലൂടെ ഓരോ മനുഷ്യൻ്റെയും അടിത്തട്ടിൽ കിടക്കുന്ന ലൈംഗിക ഫാൻ്റസിയിലേക്കും പ്രേമസങ്കല്പങ്ങളിലേക്കും എത്തിച്ചേരാവുന്നതാണ്‌. മനുഷ്യനിൽ ഒരു ചിതറിയ പ്രണയം എപ്പോഴുമുണ്ട്. ചിലപ്പോൾ അത് വാലും തലയുമില്ലാത്ത ഒരു ജീവിയുടെ ചിത്രം പോലെയായിരിക്കും. പിരിമുറുക്കമുണ്ടാക്കുന്ന  പ്രണയവും രതിയും യഥാർത്ഥമെന്ന നിലയിലാണ് വ്യക്തിയെ സ്വാധീനിക്കുന്നത് .അതിന്മേൽ ,ഒരു തൂവാലയിലെന്ന പോലെ ,ജീവിതം തുന്നിച്ചേർക്കുമ്പോഴാണ് അത് ജീവദായകമാകുന്നത് .ജീവിതത്തിൻ്റെ നിർവ്വികാരവും ജഡസമാനവുമായ നിമിഷങ്ങളിൽ ഒരു ഫ്ളാഷ്ബാക്ക് പോലെ ഈ സങ്കല്പകാമനകൾ വന്ന് വർണ്ണങ്ങൾ ചൊരിയുകയാണ്. യഥാർത്ഥ മുറിവുകളാണോ മനുഷ്യനെ ഏറെ വലയ്ക്കുന്നത് ?പലപ്പോഴും സാങ്കല്പികവും സൗന്ദര്യ വിചാരാത്മകവുമായ മുറിവുകളായി മനസ്സ് ചിലത് നിർമ്മിച്ചെടുക്കുന്നുണ്ട്. അത് മനസ്സിൻ്റെ ആവശ്യമാണ്. എന്നിട്ട് അതിൻ്റെ ഇരയായി നാം വിധേയപ്പെടുകയും ചെയ്യുന്നു.


ഈ കഥയിൽ ലാസറിൻ്റെ കുട്ടിക്കാലത്തെ ഒരു സ്വകാര്യമോഹമായിരുന്നു ശിവകാമി എന്ന കുട്ടി. അവളെ മോഹിക്കാൻ കാരണം പെണ്ണിനോടുള്ള വെറും കാമമല്ല; ഒരു സംസ്കാരത്തോടുള്ള താദാത്മ്യപ്പെടലാണത്. അവൾ വശീകരിക്കുന്ന സംസ്കാരമാണ്. എണ്ണക്കറുപ്പു നിറവും സമൃദ്ധമായി കുലച്ചു കിടന്ന മുടിക്കെട്ടും ജമന്തിപ്പൂവിൻ്റെ മണവും അവളിൽ നിശ്ചിത അനുപാതത്തിൽ ചേർന്നതുകൊണ്ടാണ് ലാസറിനെ ആകർഷിച്ചത്.പിന്നീട് സുമതി എന്ന തമിഴത്തി വീട്ടിലെത്തുമ്പോൾ അവളെ ശിവകാമിയുടെ തുടർച്ചയായി ലാസർ കാണുന്നു.വട്ടത്തിലുള്ള കുങ്കുമപ്പൊട്ട് ,വിടർന്ന ചുണ്ടുകൾ ,ജമന്തിപ്പൂക്കൾ ,മുല്ലപ്പൂക്കൾ ... ഇതെല്ലാമാണ് സംസ്കാരമായി ,പെണ്ണായി രൂപാന്തരപ്പെടുന്നത്. മനശ്ശാസ്ത്രപരമായി പ്രത്യേകതകളുള്ള കഥയാണ് 'ശരീരശാസ്ത്രം' .


കോവിഡും സെക്സും


സോക്രട്ടീസ് വാലത്തിൻ്റെ ഒരു കോവിഡ് കഥ വായിച്ചപ്പോൾ  സന്തോഷം തോന്നി. 'കദ്രു അമ്മായി കണ്ടതും കാണാത്തതും ' ( എഴുത്ത് ,ഒക്ടോബർ ) എന്ന കഥയിൽ ലോക് ഡൗൺ ഉണ്ടാക്കിയ പൊല്ലാപ്പാണ് വിവരിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസം വൈകിട്ട് ഒരു യുവാവിനെ വീട്ടിൽ താമസിപ്പിക്കേണ്ടി വന്ന ഒരു റിട്ടയേർഡ് സർക്കാർ ഉദ്യാഗസ്ഥൻ്റെ കുടുംബക്കാര്യമാണിത്. അയാൾ അന്ന് തൻ്റെ കാമുകിയുടെ വീട്ടിൽ പോകേണ്ടതായിരുന്നു. യുവാവ് പണവുമായി വരുന്ന വിവരം അറിഞ്ഞ് അവിടേക്ക് പോകാതിരുന്നതാണ്. എന്നാൽ പണം തന്ന് തിരികെ പോയ യുവാവിന് വഴിമധ്യേ വാകമരം വീണ് ഗതാഗതം നിലച്ചതോടെ അവനെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട ഗതികേടിലായി റിട്ടയേർഡ് ഉദ്യോഗസ്ഥൻ . ലോക്ക് ഡൗൺ കാലത്ത് ഈ അതിഥി യുവാവ് തൻ്റെ ഭാര്യയുമായി ശാരീരിക ബന്ധം പുലർത്താനിടയുണ്ട് എന്ന് ശങ്കിച്ച് അയാൾ രാത്രി ഉറക്കം ഉപേക്ഷിച്ച് കവലിരുന്നു.എന്നാൽ ഇതിൻ്റെ ഫലമായി അയാൾ പകൽ ഉറങ്ങാൻ തുടങ്ങി. അയാൾ ശങ്കിച്ചത് തൻ്റെ കിടപ്പുമുറയിൽ തന്നെ സംഭവിച്ചത് നേരിട്ടു കണ്ടു. അയാൾ അവരെ ഒന്നും ചെയ്തില്ല .മനോനില തെറ്റിയതു പോലെ അയാൾ ഗ്യാസ് തുറന്നു വിട്ട് വീട് കത്തിച്ച് അവരെ കൊല്ലുന്നു. ഈ കഥയിൽ റിട്ടയേർഡ് ഉദ്യോഗസ്ഥൻ്റെ അമ്മ കദ്രു അമ്മായിയുടെ ഭാവി പ്രവചിക്കാനുള്ള ശേഷി അതിശയിപ്പിക്കുന്നതാണ്. എന്നാൽ ആ കഥാപാത്രത്തെ ഒഴിവാക്കിയിരുന്നെങ്കിൽ കഥയ്ക്ക് കുറേക്കൂടി മുറുക്കം കിട്ടിയേനെ.


കോവിഡ് പല വീടുകളുടെയും റൊമാൻ്റിസിസം നശിപ്പിച്ചു .   അകൽച്ചയെ വ്യവസ്ഥാപിതമാക്കിയതാണ് മിച്ചം.കോവിഡ് കാലത്ത് 'മാസ്ക് ധരിച്ച് പിരിഞ്ഞ സൗഹൃദങ്ങൾക്ക് വേണ്ടി ' എന്ന പേരിൽ ഒരു ലേഖനം ഞാൻ എഴുതി പ്രസിദ്ധീകരിച്ചു.ഇത് പിന്നീട് ബ്ലോഗിലും വാട്സപ്പിലും ഷെയർ ചെയ്തു.അതിൽ അണുകുടുംബവും കോവിഡിൻ്റെ ഫലമായി തകർന്നു എന്ന് എഴുതിയിരുന്നു.പരസ്പരം കോവിഡ് സംശയിക്കുന്നവർ ആകയാൽ, പല ദമ്പതിമാരും അടുത്തിടപഴകുന്നതിൽ വീഴ്ച വരുത്തിയതിൻ്റെ ഫലമായി കുടുബങ്ങൾ ആടിയുലഞ്ഞതിൻ്റെ വാർത്തകൾ  വന്ന  പശ്ചാത്തലത്തിലാണ് എഴുതിയത്. അത് ശരിയാണെന്ന് സോക്രട്ടീസിൻ്റെ കഥയിലും വ്യക്തമാവുകയാണ്.


കൃഷിയാണ് മെച്ചം


മധു തൃപ്പെരുന്തുറയുടെ 'മണ്ണെഴുത്ത് ' (ദേശാഭിമാനി വാരിക ,ഒക്ടോബർ 18) എഴുത്തുകാരനാകാൻ ആത്മാർത്ഥമായി ശ്രമിച്ച് പരാജയപ്പെട്ട് ,ആ രംഗത്തെ ചതികൾ അറിയാതെ ഉഴറിയ ഒരുവൻ ഒടുവിൽ  അതെല്ലാം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുന്നതും  വൻ വിജയം നേടുന്നതുമാണ് പറയുന്നത്.എഴുതാൻ പോയതുകൊണ്ട് സമയം കുറെ നഷ്ടമായി. കുടുംബത്തെ സ്നേഹിക്കാൻ പോലും കഴിഞ്ഞില്ല.മിക്കപ്പോഴും മുറിയടച്ച് എഴുതുകയായിരുന്നു.എന്നാൽ തൻ്റെ രചനകൾ  അച്ചടിച്ചു വരുന്നതിനു മുമ്പുതന്നെ മോഷ്ടിക്കപ്പെടുന്നത് അയാൾ കണ്ടു.പ്രതിഷേധിക്കാൻ അവസരമില്ല .എഴുത്ത് ഒരു രോഗം തന്നെയാണ്. വിട്ടുമാറാത്ത പനിയാണത്. നാഡീരോഗമോ ഇരട്ട വ്യക്തിത്വമോ ആണത്.കൃഷിയിലേക്ക് യഥാസമയത്ത് ചുവടു മാറിയതുകൊണ്ട് കഥാനായകൻ രക്ഷപ്പെട്ടു.


'ക്വസ്റ്റ്യൻ ബാങ്ക് ' എന്ന കഥയിലൂടെ   കെ.എസ്.രതീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 4) ജീവിക്കാൻ വഴിയില്ലാതെ കരൾ വിറ്റ ഒരാളുടെ നിസ്സഹായത അറിയിക്കുകയാണ്.കരൾ വിറ്റാലും സ്വസ്ഥത കിട്ടില്ല.കരൾ ദാനം ചെയ്യാൻ പോയവൻ വിറ്റതിനു ഏജൻ്റിൻ്റെ കൈയിൽ നിന്നും പണം വാങ്ങുന്നു. ഇതുപോലുള്ള കഥകൾ ഇനിയും ഉണ്ടാകണം. അവയവദാനത്തിൻ്റെ പ്രശ്നങ്ങൾ പലതും പുറത്തുവന്നിട്ടില്ല .മറ്റൊരാളുടെ അവയവവുമായി ജീവിക്കുന്നവർക്ക് പല അനുഭവങ്ങളും ഉണ്ടാകും.


അനുഭവം


വായിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം യഥാർത്ഥമായ കാര്യങ്ങൾ തന്നെ .എന്നാൽ അനുഭവങ്ങളെ എത്രമാത്രം വിശ്വസിക്കാനാകും ?അനുഭവങ്ങൾ ,ഓർമ്മകൾ പോലെ ,നമ്മുടെ വ്യക്തിപരമായ കണ്ടുപിടിത്തങ്ങളുടെ കൂടി ഭാഗമല്ലേ ?എങ്കിൽ അതിനെ സന്ദേഹത്തോടെ നോക്കി കാണുവാൻ ശീലിക്കേണ്ടിയിരിക്കുന്നു.


വാക്കുകൾ


1)പരാജയങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വേണ്ടപോലെ വിറ്റുപോകുന്നില്ലെങ്കിൽ ,അതൊരു വിജയമല്ലേ ? .

ജെറി സീൻഫീൽഡ് ,

(അമെരിക്കൻ കൊമേഡിയൻ)


2) മറ്റുള്ളവരുടെ ശവസംസ്കാര ചടങ്ങുകളിൽ എപ്പോഴും പോകണം; അല്ലെങ്കിൽ ,അവർ നിങ്ങളുടെ സംസ്കാരത്തിനു വരില്ലല്ലോ.

യോഗി ബേരാ,

(അമെരിക്കൻ ബേസ്ബോൾ താരം)


3) വാർദ്ധക്യം എന്നത് കൊടുങ്കാറ്റിൽപ്പെട്ട വിമാനത്തെപ്പോലെയാണ്. നിങ്ങൾക്കൊന്നും ചെയ്യാനില്ല .വിമാനം നിർത്താനാവില്ല; കൊടുങ്കാറ്റിനെ തടയാനാവില്ല. കാലത്തെയും പിടിച്ചു നിർത്താനാവില്ല .

ഗോൾഡാ മീർ,

(മുൻ ഇസ്രയേൽ പ്രധാനമന്ത്രി)


4) "ഞാനൊരു തെറ്റിദ്ധരിക്കപ്പെട്ട ബുദ്ധിജീവിയാണ് " .

"എന്താണ് തെറ്റിദ്ധരിച്ചത് " ?

"ഞാനൊരു ബുദ്ധിജീവിയാണെന്ന് ആരും കരുതുന്നില്ല" .

ബിൽ വാട്ടേഴ്സൺ ,

(അമെരിക്കൻ കാർട്ടൂണിസ്റ്റ് )


5) ഏത് അന്ധകാരനിബിഡമായ രാത്രിയും അവസാനിക്കും ;സൂര്യൻ ഉദിക്കുക തന്നെ ചെയ്യും.

വിക്ടർ യൂഗോ,

(ഫ്രഞ്ച് എഴുത്തുകാരൻ )


കാലമുദ്രകൾ


1) അക്കിത്തം


തീവ്രവിഷാദത്തിൽ നിന്ന് വ്യാസൻ്റെ ആത്മീയ സമന്വയത്തിലേക്ക് സഞ്ചരിച്ച്  സ്വയം നിർധാരണം ചെയ്ത കവിയാണ് അക്കിത്തം.


2) നിത്യചൈതന്യയതി


പതിനെട്ട് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്ന നിത്യചൈതന്യയതി അദ്ദേഹത്തിൻ്റെ അറിവിനനുസരിച്ച് തത്ത്വചിന്താപരമായി കുറേക്കൂടി വലിയ കൃതികൾ എഴുതേണ്ടതായിരുന്നു.


3) അക്ബർ കക്കട്ടിൽ


സാഹിത്യരചനാപ്രക്രിയയെയും സാംസ്കാരിക പ്രവർത്തനത്തെയും സമൂലമായി പ്രണയിച്ച എഴുത്തുകാരനായിരുന്നു അക്ബർ കക്കട്ടിൽ .


4) എസ്. ഗുപ്തൻനായർ


ഭാഷാപണ്ഡിതനും വിമർശകനുമായ എസ്‌. ഗുപ്തൻനായർ ഒരു സ്നേഹകവാടമായിരുന്നു. അദ്ദേഹത്തിൻ്റെ വിശാലവും വ്യക്തവുമായ സൗഹൃദവാസനകൾ പില്ക്കാല  വിമർശക തലമുറകൾക്കില്ലാതെപോയി.


5) ഇടപ്പള്ളി രാഘവൻപിള്ള 


കവിത എഴുതുന്നത് ചിലപ്പോൾ സ്വപ്നം കാണാൻ മാത്രമല്ല ,മരിക്കാനുമാണെന്ന് സ്വന്തം ജീവിതം ഇടയ്ക്കു വച്ച് അവസാനിപ്പിച്ചുകൊണ്ട് ഇടപ്പള്ളി വ്യാഖ്യാനിച്ചു. കവിത പ്രശസ്തിയല്ല ,ഒരു കുരുക്കാണെന്ന് ഇതിനേക്കാൾ നന്നായി വ്യക്തമാക്കാനാവില്ല.


മരമാകാം നമുക്ക് 


ഉയിർപ്പ് (എൻ.ബി.സുരേഷ് ,ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന കവിതയിൽ മരങ്ങൾ വെട്ടി മാറ്റിയാലും അവ മരിക്കുന്നില്ല എന്ന് സൂചിപ്പിക്കുകയാണ്. അവയ്ക്ക് എവിടെ നിന്നും ജനിക്കാം. എവിടെയും മരിക്കാം; ഉയിർത്തെഴുന്നേല്ക്കാം. മനുഷ്യൻ്റെ ജനന, മരണ വൃത്തത്തിനു പുറത്താണ് അവയുടെ സംസാരചക്രം. മരക്കുറ്റിയിൽ നിന്നു വീണ്ടും മുളയ്ക്കുമ്പോൾ മരണത്തിൻ്റെ അർത്ഥം തന്നെ മാറുന്നു.ഇത് കാണുന്ന ഒരു കുട്ടിയുടെ കുതൂഹലങ്ങൾ ഇങ്ങനെ അവതരിപ്പിക്കുന്നു:

"ഭൂമിയിൽ പായുന്ന 

നിങ്ങൾ മുറിഞ്ഞാലുടനെ

ദ്രവിക്കും.

പേരില്ലാത്ത ശിരസ്സെന്തിനു?

കുട്ടിയുടനെ മരക്കുറ്റിയിൽ 

മുറുകെ പുണർന്നു.

അവൻ്റെ കാലുകൾ 

ഭൂമിക്കടിയിലേക്ക് പടർന്നു.

ശിരസ്സിൽ പതിയെ മുളകൾ 

പൊന്തൻ തുടങ്ങി " .





No comments:

Post a Comment