Monday, September 7, 2020

അക്ഷരജാലകം/സിസേക്ക് ,വാക്സിൻ ,ജനാധിപത്യം/metrovartha ,july 27

 
എം.കെ.ഹരികുമാർ
9995312097
Email : mkharikumar797@gmail.com

സിസേക്ക് ,വാക്സിൻ ,ജനാധിപത്യം

"കൊറോണ ഒരു ജനാധിപത്യമാണ്. കാരണം അതിനു ഡോക്ടറെന്നോ സിനിമാനടനെന്നോ രാഷ്ട്രീയ നേതാവെന്നോ തൊഴിലാളിയെന്നോ മതനേതാവെന്നോ വ്യത്യാസമില്ല .അതുകൊണ്ടെന്താ ? ആ ജനാധിപത്യബോധം നമ്മളും കാണിക്കണം" -സ്ലൊവേനിയൻ കമ്മ്യൂണിസ്റ്റ് ചിന്തകനും മനശ്ശാസ്ത്രജനും സൈദ്ധാന്തികനുമായ സ്ലവോജ് സിസേക്ക് എഴുതിയ 'പാൻഡെമിക് :കോവിഡ് 19- ഷേക്ക് ദ് വേൾഡ്' എന്ന കൃതിയിലാണ് ഇങ്ങനെ പറയുന്നത്.കൊറോണയുടെ വ്യാപനം തുടങ്ങിയ ശേഷം അദ്ദേഹം എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ന്യൂ യോർക്കിലെ ഓ ആർ ബുക്സാണ്.

പുസ്തകത്തിനു നല്ല സ്വീകാര്യത ലഭിച്ചു.ആഗോള രാഷ്ട്രീയത്തിൽ ജനങ്ങൾ പിന്തള്ളപ്പെടുന്നു എന്ന വാദമാണ് അദ്ദേഹം മുഖ്യമായും ഇതിൽ അവതരിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന സൈദ്ധാന്തകരിൽ വളരെ അറിയപ്പെടുന്നയാളാണ് സിസേക്ക്; അദ്ദേഹത്തിനു കൂടുതലും സ്വീകാര്യത ലഭിച്ചിട്ടുള്ളത് മാർക്സിസ്റ്റ് ഫോറങ്ങളിലാണ്. ലിവിംഗ് ഇൻ ദ് എൻഡ് ടൈംസ് ,ദ് സബ്ളൈം ഓബ്ജക്റ്റ് ഓഫ് ഐഡിയോളജി തുടങ്ങി വേറെയും പുസ്തകങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.

കൊറോണയുടെ ജനാധിപത്യം നമ്മൾ പാലിക്കേണ്ടത് എല്ലാ വ്യത്യാസങ്ങളും മറന്ന് ആഗോള ഐക്യദാർഢ്യം പാലിക്കുന്നതിലൂടെയായിരിക്കണം. നമ്മുടെ ചെറിയ വ്യത്യാസങ്ങൾ മറക്കണം. തമ്മിൽ കാണാതെയും തൊടാതെയും ആഗോള ഐക്യം ആവാം. സ്വയം ഏകാന്തവാസത്തിനു പോകുമ്പോഴും നമ്മൾ അകലെയല്ല എന്ന് തിരിച്ചറിയണം - സിസേക്ക് വിശദീകരിക്കുന്നു. എന്നാൽ സമകാലിക രാഷ്ട്രീയത്തിൽ ജനങ്ങൾ പിന്തള്ളപ്പെടുന്നതിനു ചില ഉദാഹരണങ്ങൾ അദ്ദേഹം നിരത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കൊറോണക്കാലത്ത് യാതൊരു മര്യാദയും പാലിക്കാതെ യുദ്ധ അഭയാർത്ഥികളെ തുർക്കി യൂറോപ്പിലേക്ക് തള്ളിവിട്ടതാണ്. സി റിയയിൽ തുർക്കിയും അസദ് ഭരണകൂടവും (റഷ്യയുടെ പിന്തുണയോടെ ) തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ഫലമായാണ് അഭയാർത്ഥികൾ ഉണ്ടായത്. എന്നാൽ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിട്ടും തുർക്കി ഒഴിഞ്ഞു മാറുകയും അതിൻ്റെ ഭാരം യൂറോപ്യൻ രാജ്യങ്ങളുടെ തലയിൽ വയ്ക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇത് ജനങ്ങളെ ഉൾക്കൊള്ളാത്ത പുതിയ രാഷ്ട്രീയമാണ്. ചൈനയിൽ സംഭവിച്ച കൊറോണ വ്യാപനം ജനങ്ങളെ വിശ്വസിക്കാത്തതിൻ്റെ ഫലമാണെന്ന് ഹോങ്കോങ് പത്രപ്രവർത്തകനായ വെർനാ യു പറഞ്ഞത് സിസേക്ക് ഉദ്ധരിക്കുന്നുണ്ട്. '' ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലാതിരുന്നത് വൈറസ് വേഗം പടരാനിടയാക്കി. ചൈനീസ് സർക്കാർ ജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. എന്നാൽ വിശ്വസിക്കില്ല ." വെർനാ  യു ചൂണ്ടിക്കാട്ടുന്നു. അവിടെ എതിർശബ്ദം പുറപ്പെടുവിക്കുന്നത് ആരായാലും അവർ പെട്ടെന്ന് ഏതാനും ആഴ്ചക്കാലത്തേക്ക് അപ്രത്യക്ഷരാവും. പിന്നീട് അവർ പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ മേൽ ധാരാളം കുറ്റങ്ങൾ ചുമത്തിക്കഴിഞ്ഞിട്ടുണ്ടാവും .അധികാരത്തിനു മാത്രമാണ് അവിടെ വിലയുള്ളത്.കൊറോണ കഴിഞ്ഞാൽ എല്ലാ ശനി ,ഞായർ ദിവസങ്ങളും ജോലിക്ക് ഹാജരാകാൻ തയ്യാറായിക്കൊള്ളാൻ ചൈനീസ് സർക്കാർ അറിയിച്ചു കഴിഞ്ഞു.

കൊറോണക്കാലത്തിനു ശേഷം  ജനങ്ങളിലും ശാസ്ത്രത്തിലും വിശ്വസിക്കുന്ന ഒരു പുതിയ കമ്മ്യൂണിസം ഉണ്ടാകുമെന്നാണ് സിസേക്കിൻ്റെ പ്രതീക്ഷ. ഒരാഗോള ആരോഗ്യ നിരീക്ഷണ ശ്രംഖല വേണമെന്നും ലോകാരോഗ്യ സംഘടനയ്ക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

വാക്സിൻ മെഡിക്കൽ ഭാവുകത്വം

കൊറോണയ്ക്ക്  വാക്സിൻ  കണ്ടു പിടിക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഊർജിതമായ ശ്രമങ്ങൾ നടക്കുകയാണ്.ബ്രിട്ടനിൽ വാക്സിൻ്റെ പരീക്ഷണം തുടങ്ങി. ഇപ്പോൾ തന്നെ രാജ്യങ്ങൾ അതിനു ഓർഡർ നല്കി ക്യൂ നില്ക്കുകയാണ് .ഇത് ഒരു പുതിയ ജനാധിപത്യവും ആഗോള ആരോഗ്യ സാഹോദര്യവും ശാസ്ത്ര സംവേദനത്തിൻ്റെ നവാധുനികതയുമാണ്.ഒരു ജൈവ ജനാധിപത്യ റിപ്പബ്ളിക്കായി കൊറോണ വാക്സിൻ രൂപാന്തരപ്പെടും. ഒരു മരുന്നിൻ്റെ ആഗോള യാത്ര പുതിയ  മെഡിക്കൽ ഭാവുകത്വമായി വികസിക്കും. അതായത് ,മനുഷ്യർ അവരുടെ ദൈവത്തെ വിട്ട് ഒരു ശാസ്ത്രയുക്തിയിലേക്ക് കൂട്ടത്തോടെ വരുകയും സംവേദനപരമായി എല്ലാവരും തുല്യരാവുകയും ചെയ്യും .

കൊറോണ വൈറസ് ഒരു വിഭിന്നവും വിഭ്രാമകവുമായ അസ്തിത്വമാണ്. അത് നമ്മേപ്പോലെ ഏകാംഗ  അസ്തിത്വമല്ല .അത് എകമല്ല; ബഹുശതമാണ്. അതിൻ്റെ അസ്തിത്വം അനന്ത സാധ്യതകളുടേതാണ്.ഒരു വൈറസ് എന്ന തനിമയിൽ നിലനില്ക്കെത്തന്നെ അത് പലയിടത്തും പലതായി ജീവിക്കുകയാണ്. എ എന്ന വ്യക്തിയെപ്പോലെ അത് ഒരു ശരീരമായി ജീവിച്ച് മരിക്കുകയല്ല; മറിച്ച് ഒരേ സമയം അനേകം സാങ്കല്പിക ശരീരങ്ങളായി തുല്യ അളവിൽ വിഭജിച്ചോ, വിഭിന്ന അസ്തിത്വങ്ങളായി പെരുകി ജനിച്ചോ ജീവിക്കുകയാണ്. വൈറസിൻ്റെ ജീവിതം ബഹുമുഖവും സർവ്വവ്യാപിയും മനുഷ്യരെ തന്നെ ഉപയോഗിച്ച് പെരുകി വ്യാപിക്കുന്നതുമായതുകൊണ്ട് അതിനെതിരെ മാനവരാശി പ്രയോഗിക്കുന്ന സർവ്വസംഹാരി എന്ന നിലയിൽ വാക്സിൻ ഒരു ജൈവ ജനാധിപത്യമാവുകയാണ്.

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ,ജനങ്ങളിൽ വിശ്വസിക്കാത്ത രാഷ്ട്രങ്ങളും നേതാക്കളും വാക്സിൻ ഉപയോഗിക്കാൻ കാത്തു നില്ക്കുകയാണ്.അതിൻ്റെ സമ്പാദനവും ഉപയോഗവും ചില രാജ്യങ്ങളിലെങ്കിലും ജനാധിപത്യപരമായിരിക്കില്ല എന്നും അനുമാനിക്കാം.

വാക്കുകൾ

1)തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എഴുതാൻ അവസരം കിട്ടുന്നത് ഏറ്റവും മഹത്തായ ബഹുമതിയായി കാണുന്നവരിൽ ഒരാളാണ് ഞാൻ .
മിഖായേൽ ഷൊളഖോവ് ,
റഷ്യൻ നോവലിസ്റ്റ് ,

2)ആളുകളിൽ ചീത്തവശം കാണാൻ ശ്രമിക്കുന്നവർ തീർച്ചയായും അത് കാണും.
എബ്രഹാം ലിങ്കൺ ,
മുൻ അമെരിക്കൻ പ്രസിഡൻറ് .

3)നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് നോക്കിയാൽ എല്ലാം ദൈവികമാണ്.
ഫെഡറിക്കോ ഫെല്ലിനി,
ഇറ്റാലിയൻ സംവിധായകൻ

4) കല  നമ്മുടെ മനസ്സിലെ പരമരഹസ്യങ്ങൾ അനാവരണം ചെയ്യുന്നതുകൊണ്ടാണ് അതിലേക്ക് ആകർഷിക്കപ്പെടുന്നത്.
ഷാൻ ലുക് ഗൊദാർദ് .
ഫ്രഞ്ച് ,സ്വിസ് സംവിധായകൻ

5) ദൈവവുമായുള്ള ഇടപാടിൽ എനിക്ക് സമാധാനമുണ്ട്. എന്നാൽ മനുഷ്യനുമായി ഞാൻ എപ്പോഴും സംഘട്ടനത്തിലാണ്.
ചാർളി ചാപ്ളിൻ,
ഇംഗ്ളീഷ് ചലച്ചിത്രകാരൻ .

കാലമുദ്രകൾ

1) എം.മുകുന്ദൻ.
എം.മുകുന്ദൻ്റെ 'കേശവൻ്റെ വിലാപങ്ങൾ' എന്ന നോവൽ പരോക്ഷമായി ഇ.എം.എസ്സിനെ വിമർശിച്ച് എഴുതിയതാണ്.

2) പൊൻകുന്നം വർക്കി.
'അന്തോണീ നീയും അച്ചനായോടാ ' എന്ന പേരിലുള്ള രൂക്ഷമായ രചന നിർവ്വഹിക്കാൻ ഒരേയൊരു പൊൻകുന്നം വർക്കി മാത്രമേ ഉണ്ടായിട്ടുള്ളു.

3)എം.പി.മന്മഥൻ.
പ്രഭാഷണത്തിൻ്റെ സർവ്വമർമ്മവും അറിഞ്ഞ എം.പി.മൻന്മഥൻ ഫലിതത്തിലും മുൻപന്തിയിൽ തന്നെയായിരുന്നു.

4)എ.രാമചന്ദ്രൻ.
പ്രമുഖ ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ എ.രാമചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞു:  അജന്ത യിലെയും എല്ലോറയിലും ഗുഹാ ചിത്രങ്ങൾ കാണാൻ കൂട്ടാക്കാത്ത   ചിത്രകാരന്മാർ പാശ്ചാത്യ കലാകാരന്മാരെയും ക്യൂറേറ്റർമാരെയും തേടി നടക്കുന്നത് തെറ്റായ കാഴ്ചപ്പാടിൻ്റെ   ഫലമാണ്.

5)എ.അയ്യപ്പൻ.
ഒരു പ്രത്യയശാസ്ത്രത്തിനു മുന്നിലും തലകുനിക്കാത്ത അയ്യപ്പൻ്റെ കവിത ഓരോ ദിവസം കഴിയുന്തോറും അതിൻ്റെ വജ്രകാന്തി കൂടുതൽ ശക്തിയോടെ പ്രസരിപ്പിക്കുകയാണ്.

പെണ്ണ് എഴുതുന്നു.

ഒരു പെണ്ണ് എഴുതുന്നതിനു ഈ കാലത്ത് പ്രത്യേകമായ സ്ഥാനമുണ്ട്. പക്ഷേ ,സാഹിത്യോത്സവങ്ങളിൽ പെണ്ണിൻ്റെ എഴുത്തിനെ പ്രതിനിധീകരിച്ചുവരുന്നവരുടെ കാര്യമല്ല പറയുന്നത്. അവിടെ സാംസ്കാരിക പ്രഭുത്വത്തിൻ്റെ കൈമാറ്റവും ആഘോഷവുമാണ് നടക്കുന്നത്.ഇതിനു നേരെ വിപരീതമാണ് പെണ്ണ് അവളുടെ ചുട്ടുപഴുത്ത ജീവിതത്തെക്കുറിച്ച് എഴുതി കവിതയെയും കഥയെയും അമ്ളപൂരിതമാക്കുന്നത്.

കെ.വി.സുമിത്ര എഴുതിയ "ചത്ത  മീനിൻ്റെ കണ്ണുള്ളവളെ ,നക്ഷത്രക്കണ്ണുള്ളവൾ എന്ന് വിളിക്കുന്നവരോട്... " എന്ന കവിത (ഗ്രന്ഥാലോകം ,ജൂൺ) സമീപകാലത്തു വന്ന ശ്രദ്ധേയമായ രചനയാണ്.ഈ കവിതയിലെ പെണ്ണ് അവളുടെ ചുട്ടുപഴുത്ത ഓർമ്മകളെയും തീപ്പിടിച്ച മനസ്സിനെയും കാണിച്ചു തരുന്നു. എങ്ങനെയാണ് ജീവിതം അതിൻ്റെ അനുഭവത്തിൽ എത്രമാത്രം തിക്തവും നിന്ദ്യവുമായിരിക്കുന്നതെന്ന്  കവിത വിശദീകരിക്കുന്നു. സത്യസന്ധമാണിത്.
" ഇടയ്ക്കിടെ ചോരയിറ്റുന്ന
കാലിടുക്കുകളിലും
അകം നാരുകളിലും
ചുട്ടുകരിഞ്ഞു
തീപ്പൊള്ളലേറ്റവൾ
നിലവിളിക്കുമ്പോൾ
വീടു മാത്രം
അവളുടെയൊപ്പം
വിളി കേൾക്കുന്നു.
ഓരോ മൂലയിലും
അവൾ നട്ടുനനച്ച
സ്നേഹത്തൈകൾ
വളർന്ന് പന്തലിച്ചു
ഒരു പൂങ്കാവനമായി
അവളെ ചുറ്റി തലോടുന്നു."

കവിതയിൽ ഒരിടത്ത് വർഷങ്ങൾക്ക് മുൻപേ മരിച്ചവളാണ് താനെന്ന് സൂചിപ്പിക്കുന്നു. എന്നിട്ട് ഇങ്ങനെ കുറിക്കുന്നു:
"മരണം പോലും
പ്രണയത്തോടെ
നോക്കി നിന്നവൾ
മരണത്തിൽ നിന്നിറങ്ങി
മരണപ്പെട്ടു ജീവിക്കുന്നവൾ... "

അതേസമയം അനിതാ തമ്പി എഴുതിയ ' മുരിങ്ങ വാഴ കറിവേപ്പ്' (മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂലൈ 19 ) എന്താണെന്ന് വ്യക്തമാവുന്നില്ല. ഈ കവിതയിൽ കവിയെ കാണാനില്ല. യാതൊരു അലട്ടലുമില്ലാതെ ഈ കോവിഡ് കാലത്ത് എങ്ങനെ ഈ വിധം 'ബൂർഷ്വാ 'കവിത എഴുതാൻ കഴിയുന്നു ?'ബൂർഷ്വാ എന്ന് പ്രയോഗിച്ചത് ആലങ്കാരികമായാണ്. ഒരു പെണ്ണിൻ്റെ ,സാധാരണക്കാരുടെ ജീവിതത്തോട് യാതൊരു വൈകാരിക ബന്ധവുമില്ലാത്ത എന്ന ർത്ഥത്തിലാണ്.ഇതിനിടയിൽ മുരിങ്ങത്തോരൻ ഉണ്ടാക്കുന്നതിൻ്റെ പാചകക്കുറിപ്പ് കവിത എന്ന പോലെ ചേർത്തിരിക്കുന്നു! കർക്കിടകത്തിൽ മുരിങ്ങ കറിക്ക് ഉപയോഗിക്കാറില്ല എന്ന അറിവും കവിക്ക് ഇല്ലാതെ പോയി. ഈ കാലഘട്ടത്തിലെ പല രചനകളെപ്പോലെ ഇതും വികാരശൂന്യമാണ്. ചുറ്റുവട്ടവുമായി വൈകാരിക ബന്ധമില്ലാത്ത കവികളും കഥാകൃത്തുക്കളുമാണ് ഇപ്പോൾ ആനുകാലികങ്ങളിൽ നിറയുന്നത്.

200 നോവലുകൾ.

മലയാളത്തിലെ ഇരുനൂറ് നോവലുകൾ തിരഞ്ഞെടുക്കുകയാണ് കോട്ടയത്തെ ഒരു പ്രസാധക സംഘം. അവർ അതിനായി മൂവായിരം പേജുള്ള ഒരു റീഡേഴ്സ് ഡൈജസ്റ്റ് പുറത്തിറക്കുകയാണ്.ഇതിൻ്റെ പരസ്യം വന്നു കഴിഞ്ഞു. പരസ്യത്തിൽ തങ്ങളാണ് ആ ഇരുനൂറിൽ പ്രധാനപ്പെട്ടവർ എന്ന മട്ടിൽ ഇപ്പോൾ നോവലുകൾ പുഷ്പം പോലെ എഴുതിവിടുന്ന കുറെ ചെറുപ്പക്കാരുടെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട്. ഇതിൽ നിന്ന് മനസ്സിലാവുന്നത് ഈ അഭിനവ എഴുത്തുകാരുടെ  ക്ളിക്ക് ആണ് ഈ ആശയത്തിന് പിറകിൽ പ്രവർത്തിച്ചത് എന്നാണ് .ഇത് അപകടകരമാണ്. പരസ്പരം സ്പോൺസർ ചെയ്യുന്ന എഴുത്തുകാരുടെ ഗൂഢമായ തന്ത്രങ്ങളിൽ നിന്ന് മലയാള നോവലിനെ രക്ഷിക്കേണ്ടതുണ്ട്. മറ്റൊരു പ്രധാന കാര്യം ,ഇതുപോലുള്ള റീഡേഴ്സ് ഡൈജസ്റ്റ് ഇറക്കുമ്പോൾ അതിൽ ജീവിച്ചിരിക്കുന്നവരെ ഉൾപ്പെടുത്താനേ പാടില്ല. കാലത്തിൻ്റെ പരീക്ഷണത്തെ അതിജീവിച്ച കൃതികളാണ് ലിസ്റ്റ് ചെയ്യേണ്ടത്. അതോടൊപ്പം കാലം വേണ്ട പോലെ ശ്രദ്ധിക്കാതെ തട്ടിക്കളഞ്ഞ നല്ല കൃതികളും. കെ.സുരേന്ദ്രൻ ,എം.മുകുന്ദൻ ,മേതിൽ രാധാകൃഷ്ണൻ തുടങ്ങിയവരുടെ ഫോട്ടോകൾ കണ്ടില്ല .ഇവരുടെ സ്ഥാനത്ത് പുതിയ ചില കുട്ടികളെയാണ്  പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഞാൻ നൂറ് മലയാളനോവൽ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.അതിൽ പക്ഷേ, ഒരു ക്ളിക്കും പ്രവർത്തിക്കുകയില്ല.

ബഷീർ മഗ് ,ബാഗ്, ടീ ഷർട്ട്

വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ച് മകൾ ഷാഹിന എഴുതിയ ലേഖനം (പ്രഭാതരശ്മി ,ജൂൺ)ഓർമ്മകളുടെ ശുദ്ധമായ ഒഴുക്കായി അനുഭവപ്പെട്ടു.ബഷീറിൻ്റെ മകളായതുകൊണ്ട് താൻ ജീവിതത്തിൽ വളരെ ബഹുമാനിക്കപ്പെട്ടു എന്ന് അവർ തുറന്നു പറയുന്നു. ബഷീർ ജന്മശതാബ്ദിയോടനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം അവർ ഓർക്കുകയാണ്. അന്ന് ബഷീർ കൃതികളെ കോർത്തിണക്കി ഒരു ഇംഗ്ളീഷ് നാടകം അവിടെ അരങ്ങേറി.ബഷീറിൻ്റെ ചിത്രവും കഥാപാത്രങ്ങളും ആലേഖനം ചെയ്ത ബാഗ് ,മഗ് ,ടീഷർട്ട് എന്നിവ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഷാഹിന ഇതു പറഞ്ഞത് വിനയായി.നമ്മുടെ കുട്ടി നോവലിസ്റ്റുകൾ ഇനി ഉടനെ മഗ് ,ബാഗ് ,ടീ ഷർട്ട് നിർമ്മാണത്തിലേക്ക് തിരിയും!.

അഭിമുഖം ,യാത്ര .

കവി പി.കെ. ഗോപിയുമായി കൂടൽ ഷാജി  നടത്തിയ അഭിമുഖത്തിൽ (കലാകൗമുദി, ജൂലായ് 19 ) ഇങ്ങനെ വായിക്കാം: 'ഏഴുത്തിലെ സത്യസന്ധത തെളിയിക്കാൻ കാലത്തിൻ്റെ കണ്ണുകൾ വേണം'.വളരെ ശരിയായ നിരീക്ഷണമാണ്. പക്ഷേ ,കാലത്തിൻ്റെ കണ്ണുകെട്ടാൻ പ്രസാധന വ്യവസായികളും അവാർഡ് മുതലാളിമാരും വൃഥാ ശ്രമിക്കുകയാണ്.

'ഇതൾ ' ഡിജിറ്റൽ മാഗസിനിലെ ( ജൂലായ് ) സുബ്രഹ്മണ്യൻ കുറ്റിക്കോലിൻ്റെ 'വീടിനു കുഴപ്പമില്ലായിരുന്നു' എന്ന കവിത ജീവസ്സുറ്റതാണ്.സുകുമാരൻ പെരിയച്ചൂരിൻ്റെ 'വ്യാസബഷീർ ' എന്ന ലേഖനത്തിൽ വൈക്കം മുഹമ്മദ്ബഷീർ ബീഡി കത്തിച്ച ശേഷം തീപ്പെട്ടിക്കൊള്ളികൊണ്ട് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്ത കാര്യം എഴുതിയിരിക്കുന്നു. രമ്യ എസ് ആനന്ദ് എഴുതിയ ചേന്ദമംഗലത്തിൻ്റെ സാംസ്കാരിക പെരുമയെക്കു

No comments:

Post a Comment