Monday, November 2, 2020

അക്ഷരജാലകം/ക്യൂ ആർ കോഡും സൃഷ്ടി പ്രക്രിയയും / എം.കെ.ഹരികുമാർ / metrovartha Nov 2, 2020

സാഹിത്യരചനകൾ ക്യു ആർ കോഡ് വഴി അനുവാചകരിൽ എത്തുന്നതും  ആമസോൺ കിൻഡിൽ വഴി മൊബൈലിൽ വായിക്കുന്നതും ഇപ്പോൾ സാർവത്രികമാണ്. ലോകത്തിൻ്റെ  വേഗത വർദ്ധിക്കുമ്പോൾ ഇങ്ങനെയേ നമുക്ക്  നിലനിൽക്കാനാവൂ.  വേഗത കുറയാതിരിക്കാനാണ് മനുഷ്യൻ ഇന്ന് ഹിംസയിലേക്ക് പോലും തിരിയുന്നത്. മനുഷ്യൻ നേരത്തെ രോഗിയാവുകയും പലകാരണങ്ങളാൽ ഭാഗികമായി അന്ധത ബാധിക്കുകയും ചെയ്യുമ്പോൾ ശബ്ദങ്ങളെ ആശ്രയിക്കാതെ പറ്റില്ലല്ലോ. അത് ഒരു സാധ്യതയായി കാണേണ്ടതാണ്. എന്നാൽ നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ) സാഹിത്യരചനകൾ ഉണ്ടാകുന്നതോടെ എഴുത്തുകാരുടെ കുലം ഇല്ലാതാവുമെന്ന് നരവംശ ശാസ്ത്രജ്ഞനും ചിന്തകനുമായ നോവാ ഹരാരിയെ ഉദ്ധരിച്ചുകൊണ്ട് ഡോ.പി.സോമൻ( ,നവബൃഹദാഖ്യാനങ്ങളും കൊറോണ  കാലവും, ഗ്രന്ഥാലോകം  , സെപ്റ്റംബർ ) എഴുതുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ഉത്തര- ഉത്തരാധുനിക കാലത്തേക്ക് സോമനേപോലുള്ള പ്രത്യയശാസ്ത്രവാദികൾ വന്നു ചേരുന്നത് ആശ്വാസമാണ്.


 സംസ്കാരപഠനവും വൈരുദ്ധ്യാത്മക ദർശനവും, ഡേറ്റയുടെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും പശ്ചാത്തലത്തിൽ എങ്ങനെ പിന്തള്ളപ്പെടുന്നു  എന്ന് മനസ്സിലാക്കേണ്ട സമയമാണിത് .അതിനു ഹരാരി നിമിത്തമായതിൽ സന്തോഷിക്കാം. എന്നാൽ ഡോ.സോമൻ  അഭിപ്രായപ്പെടുന്നതുപോലെ നിർമ്മിതബുദ്ധിയുടെ സാഹിത്യമോ സംഗീതമോ വന്നാലും മനുഷ്യനിലെ സൃഷ്ടിവാസന ഇല്ലാതാക്കാനാവില്ല. ഇപ്പോൾ കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് സംഗീതസംവിധാനം ചെയ്യുന്നവരുണ്ട് .ജനങ്ങളുടെ അഭിരുചി അവരുടെ ഗൂഗിൾ തിരച്ചിൽ അടിസ്ഥാനമാക്കി  ഡേറ്റ ശേഖരിച്ച് മനസ്സിലാക്കിയശേഷം, അവർക്ക് ഇഷ്ടപ്പെടുന്ന ജനകീയസംഗീതം നിർമ്മിതബുദ്ധിയിലൂടെ ഉണ്ടാക്കുവാൻ കഴിഞ്ഞേക്കും. നൃത്തം ചെയ്യാത്തവനെ കൊണ്ട് നൃത്തം ചെയ്യിക്കാം.പാടാത്ത ആളുടെ ശബ്ദം ഉപയോഗിച്ച് പാട്ട് ഉണ്ടാക്കാം. പക്ഷേ, പാടാനുള്ള മനുഷ്യൻ്റെ ആന്തരിക നിർബന്ധത്തിനു  ഇതെങ്ങനെ പകരമാവും ? ഒരാൾ  വിചാരിക്കുന്ന മാത്രയിൽ  ഇഷ്ടമുള്ള പാട്ടുകൾ നൽകാൻ നിർമ്മിത ബുദ്ധിക്ക്  കഴിയുമായിരിക്കും.  അതെല്ലാം വിപണിയുടെ ഭാഗമായി നിൽക്കുന്നതാണ്. ഒരു ഗായകൻ പ്രേക്ഷകർക്ക് മുന്നിലിരുന്ന് പാടുന്നത്, റേഡിയോ കണ്ടുപിടിച്ചതോടെ  ഇല്ലാതായോ ? ശ്രീലങ്കയിലെ റേഡിയോ സ്റ്റേഷനിൽ നിന്ന് പാട്ടുകേട്ടാലും  കൊച്ചിക്കാർക്ക് ഉറങ്ങാൻ തടസ്സമില്ല . എന്നിട്ടും കൊച്ചിയിൽ ഗായകൻ ഇല്ലാതായില്ല. നവോത്ഥാന ബുദ്ധിക്കും, ബോധോദയ ജ്ഞാനത്തിനും,   ശാസ്ത്രത്തിനും, യുക്തിക്കും, നിർമ്മിത ബുദ്ധിക്കും ഡാവിഞ്ചിയുടെ 'അവസാനത്തെ അത്താഴം' (1498)എന്ന ചിത്രമോ ഡാൻ ബ്രൗണിൻ്റെ  'ഡാവിഞ്ചി കോഡ്' (2003)  എന്ന നോവലോ  സൃഷ്ടിക്കാനാവില്ല. കാരണം അത് മനുഷ്യൻ്റെ സർഗാത്മക സൃഷ്ടിയാണ്. സൃഷ്ടി ചെയ്യാനുള്ള വാസന മനുഷ്യന് ഒഴിവാക്കാനാവില്ല .പലപ്പോഴും അവൻ അത് കണ്ടെത്തുകയാണ്. അതിനു വേണ്ടി ജീവിക്കുന്നതു പോലെ പ്രധാനമാണ് മരിക്കുന്നത്‌. കലയിലെ സൗന്ദര്യം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുണ്ട്. അത് ശിവൻ്റെ വില്ലുപോലെയാണ് ;ഉയർത്താൻ പ്രയാസമാണ്.സ്ത്രീ സൗന്ദര്യം ,പ്രകൃതി സൗന്ദര്യം എന്നിവയിലെല്ലാം അലൗകികമായ ചിലതുണ്ട്‌. വ്യാഖ്യാനത്തിന് വഴങ്ങാത്തതാണത്. ഒരു വ്യക്തിക്ക് ചിലപ്പോൾ അത് ഉൾക്കൊള്ളാനാവില്ല .നിസ്സഹായമായ ഈ അവസ്ഥ നിരാശയുണ്ടാക്കുന്നതാണ്.ഇത് മരണത്തെ സ്നേഹിക്കാൻ  കലാകാരനെ പ്രേരിപ്പിക്കും. കലയിൽ അനന്തമായ ലാവണ്യം ഒളിച്ചിരിക്കുകയാണ്. ആ നിലയിൽ നോക്കിയാൽ കലയിൽ മരണമുണ്ട്.ലൗകികജീവിതത്തിന് അപരിചിതമായ അഭൗമ ലാവണ്യത്തിൻ്റെ ഉന്മാദാവസ്ഥയാണ് അതിലുള്ളത്. അത് മുഴുവനായി ഏറ്റെടുക്കാൻ അതിൻ്റെ സൃഷ്ടാവിനു പോലും സാധ്യമല്ല .സ്രഷ്ടാവിനു ബുദ്ധി കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്നുന്ന ഒരു കണക്കല്ല അത്.അതിൽ അജ്ഞാത ത്വമാണുള്ളത്.


അപാര സൗന്ദര്യത്തിനു വേണ്ടി


ലോസ് ഏഞ്ചൽസ് റിവ്യൂ ഓഫ് ബുക്സിൻ്റെ സൈറ്റിൽ ,റഷ്യയിലേക്ക് ആദ്യം നോബൽ സമ്മാനം കൊണ്ടുവന്ന ഇവൻ ബുനിൻ്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് മാർട്ടിൻ ഡി ഷ്റായർ എഴുതിയ ലേഖനത്തിൽ ( എ സെഞ്ച്വറി ആൻഡ് എ ഹാഫ് ഓഫ് ഇവാൻ ബുനിൻ) സൃഷ്ടിയുടെ ഒഴിവാക്കാനാവാത്ത സമസ്യയെപ്പറ്റി  പറയുന്നുണ്ട്. ബുനിൻ എഴുതിയ ' ദ് ജൻറിൽമാൻ ഫ്രം  സാൻഫ്രാൻസിസ്കോ '  ലോകത്തിലെ തന്നെ ഏറ്റവും മികച്ച കഥകളിലൊന്നാണ്. റഷ്യയിലെ അവസാനത്തെ സാഹിത്യ കുലാധിപതി എന്ന് ബുനിനെ ലേഖകൻ   വിശേഷിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ വിലക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രേമിക്കാൻ വേണ്ടി മനുഷ്യൻ യാതന അനുഭവിക്കുന്നത് ബുനിൻ്റെ പ്രധാന പ്രമേയങ്ങളിലൊന്നായിരുന്നു. എന്നാൽ അത്തരം പ്രമേയങ്ങളിലും ബുദ്ധമതത്തിലെയും   ദാവോയിസത്തിലെയും  രൂപകങ്ങൾ ഉപയോഗിച്ചുകൊണ്ട് കഥാകൃത്ത് പുതിയ ദാർശനിക സ്വരസവിശേഷത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു .ഇത് കലയുടെ അനിവാര്യതയാണ് .ദാവോയിസം  എന്നാൽ ചൈനയിലെ പുരാതനമായ താവോ തത്ത്വചിന്തയാണ് .എല്ലാ വസ്തുക്കളിലെയും  അന്തര്യാമിയായ പ്രാപഞ്ചികഭാവത്തോട് താദാത്മ്യം പ്രാപിച്ച് മനുഷ്യൻ അഖണ്ഡമായ ശാന്തിയും സൗഖ്യവും നേടണമെന്നാണ്  വിവക്ഷ . മനുഷ്യൻ അവനു അപ്രാപ്യമായ സൗന്ദര്യത്തിനുവേണ്ടി  ജീവിക്കുന്ന സന്ദർഭങ്ങളുണ്ട്. ലോകത്ത്  ഏത് ഭരണകൂടം വന്നാലും കാഫ്കയുടെ കഥാപാത്രങ്ങളുടെ ഉത്കണ്ഠകൾ  അവസാനിക്കില്ല  എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ അത് മനുഷ്യാവസ്ഥയിൽ നിന്ന് ഉയർകൊള്ളുന്ന വിഷമസന്ധികളാണ്.


ബുനിൻ  ഒരു കഥ എഴുതുമ്പോൾ ബുദ്ധിസ്റ്റ് ധ്വനികളും ദാവോയ്സ്റ്റ്  അനുരണനങ്ങളും എങ്ങനെയാണ്  ഉണ്ടാകുന്നത് ? . മനുഷ്യൻ ഒരു  പൂർവ്വനിശ്ചിതമായ  പാതയല്ല . ജീവിക്കുമ്പോൾ  മാത്രം ഉണ്ടാകുന്നതാണ്. അതുകൊണ്ട് അവന്  ഏതെങ്കിലും ഒരു പദ്ധതിക്ക് അനുസരണമായി ജീവിക്കാനാകില്ല. അവൻ പുറമേ ശാന്തനായി കാണപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ഒഴിയാനാവില്ല ; മനോരോഗങ്ങൾ , ആത്മഹത്യാ ത്വരകൾ ,ഭയങ്ങൾ തുടങ്ങിയവ വേട്ടയാടും.


എഴുത്ത് തെറാപ്പിയാണ് 


ഫ്രഞ്ച് - റുവാണ്ടൻ എഴുത്തുകാരി സ്കോളാസ്റ്റിക് മുകസോംഗയുടെ ഒരു അഭിമുഖം കഴിഞ്ഞദിവസം 'വൈറ്റ് റിവ്യൂ' മാഗസിനിൽ വായിച്ചു .അവർ ഫ്രഞ്ച് ഭാഷയിലാണ് എഴുതുന്നത്. ഓർമ്മകളെ ആധാരമാക്കി എട്ട് കൃതികൾ അവർ രചിച്ചു. അവർ തൻ്റെ സർഗ്ഗാത്മക പ്രവർത്തനത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചു: " എൻ്റെ ഓർമ്മകൾ നഷ്ടപ്പെടുമോ എന്ന ആധിയിലാണ്  ഞാൻ ജീവിക്കുന്നത് .അത് നഷ്ടപ്പെടുന്നതിനു മുൻപ് , അതുപയോഗിച്ച് വേഗത്തിൽ പലതും എഴുതാനുണ്ട്". ജീവിതത്തിൻ്റെ മുൻഗണനകളും അർത്ഥങ്ങളും ഓരോരുത്തരുടെയും അനുഭവമാണ്. അത് സാമാന്യമല്ല.   പുറംലോകവുമായി ചില എഴുത്തുകാർ അധികം ബന്ധപ്പെടാത്തതിൻ്റെ ഒരു കാരണം ഇതാകാം. മുകസോംഗക്ക് എഴുത്ത് ഒരു രക്ഷപ്പെടലാണ്. അവർ പറയുന്നു: "നോവൽ എന്നെ സ്വതന്ത്രയാക്കി.  ഒരു തെറാപ്പിയാണത്. അതുകൊണ്ട് എഴുതി കഴിയുമ്പോൾ വലിയ സന്തോഷമാണ് " .


അവരുടെ കുടുംബം സ്വന്തം നാടു വിട്ട് പലായനം ചെയ്തിട്ടുണ്ട്. അറുപതുകളിൽ ആ കുടുംബം അഭയാർഥി ക്യാമ്പിൽ ആയിരുന്നു.  94 ൽ അവരുടെ കുടുംബത്തിൽപ്പെട്ട അമ്പതോളം പേരെ വംശവെറിയിൽ അക്രമികൾ കൊല ചെയ്തു. നാട്ടിൽ പഠിക്കാനും ജോലി ചെയ്യാനും അവസരമില്ലാതെ  ബറൂണ്ടിയിലേക്ക് കടക്കുകയായിരുന്നു. അവിടെ താമസിച്ചുകൊണ്ടാണ്  സാവധാനം ജീവിച്ചുതുടങ്ങിയത് .കൊക്രോച്ചസ് ,ദ് ബെയർഫുട് വുമൺ ,ഔർ ലേഡീസ്  ഓഫ് ദ് നൈൽ  തുടങ്ങിയ കൃതികൾ അവരെ പ്രശസ്തയാക്കി. 


നാനോ ഭീഷണി


 ജീവിതത്തെ ആഴമുള്ള ദാർശനിക പ്രശ്നമായി അനുഭവിക്കുന്നത് ചില എഴുത്തുകാരുടെ വിധിയാണ്.നിർമ്മിത ബുദ്ധിക്ക് അത് ലഘൂകരിക്കാനാവില്ല. ഭാവിയിൽ റോബോട്ടുകളും നിർമ്മിത ബുദ്ധിയും നാനോ ടെക്നോളജിയും പ്രകൃതിയെ എങ്ങനെ അപകടപ്പെടുത്തുമെന്ന് പറയാനും എഴുത്തുകാരൻ വേണം.കാരണം റോബോട്ട് ആരെയും ഒന്നും പഠിപ്പിക്കാൻ പോകുന്നില്ല. നാനോ കണങ്ങൾ പരിസ്ഥിതിയെ വിഷമയമാക്കുമെന്ന് വാദിക്കുന്നവരുണ്ട്. പ്ളാസ്റ്റിക് തുടങ്ങി വച്ചതിനേക്കാൾ വലിയ വിപത്താണ് നാനോയിലൂടെ വരാൻ പോകുന്നത്.


വാക്കുകൾ


1) സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇത്രയേ ഉള്ളൂ: സെക്സ് പിരിമുറുക്കം കുറച്ചു തരും ;എന്നാൽ പ്രണയം അത് ഉണ്ടാക്കിത്തരും! .

വൂഡി അല്ലൻ ,

(അമെരിക്കൻ ചലച്ചിത്ര സംവിധായകൻ) .


2) ജീവനുള്ള ഏതൊരു വസ്തുവിലും പ്രണയിക്കാനുള്ള ആഗ്രഹമുണ്ട്.

ഡി .എച്ച്. ലോറൻസ്, 

(ഇംഗ്ലീഷ് നോവലിസ്റ്റ് )


3) ഈ പ്രപഞ്ചത്തിൽ  യാദൃശ്ചികം എന്ന് പറയാവുന്ന ഒന്നും തന്നെയില്ല, ഈ പ്രപഞ്ചം ഒഴികെ. പ്രപഞ്ചം ശുദ്ധമായ യാദൃച്ഛികതയായിരുന്നു, ശുദ്ധമായ ദൈവികതയായിരുന്നു. ജോയ്സ് കരോൾ ഓട്സ് , (അമെരിക്കൻ എഴുത്തുകാരി ) 


4)ഞാൻ എൻ്റെ  സിനിമകൾ കാണാറില്ല;  വട്ടു പിടിച്ചു കരഞ്ഞു പോകും. ദുരിതമായിരിക്കുമത്; ഭയാനകവും.

ഇൻഗ്മർ ബെർഗ്മാൻ ,

(സ്വീഡിഷ് സംവിധായകൻ )


 5)ഇന്നത്തെ  ധാർമ്മികമായ പതനത്തിൽ നിന്ന്  നവജീവൻ നേടാൻ ഒരു പെണ്ണുമായുള്ള നല്ല ബന്ധം  വളരെ ഉപകരിക്കും.

നിക്കോളൈ ഗോഗോൾ,

റഷ്യൻ എഴുത്തുകാരൻ



കാലമുദ്രകൾ 


1)പി ഭാസ്കരൻ


ഗാനവും കവിതയും രണ്ടാണെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ടാണ് പി. ഭാസ്കരൻ 'ഒറ്റക്കമ്പിയുള്ള തംബുരു ' എന്ന ദീർഘകാവ്യം എഴുതിയത്.


2)ശങ്കരാടി


നാടകനടനായിരുന്ന ശങ്കരാടി മലയാള സിനിമയിൽ വന്നത് എത്ര ഗുണകരമായി എന്ന് പറയാൻ വാക്കുകളില്ല .താങ്കൾ ചെയ്ത ഒരു   വേഷം  മറ്റൊരു നടൻ  ചെയ്യുന്നതായി സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ശങ്കരാടി ഇങ്ങനെ പ്രതികരിച്ചു: "അമ്മേ ,അമ്മേ! "


3)ജോസഫ് മുണ്ടശ്ശേരി


എഴുത്തച്ഛനു ശേഷം മലയാളകവിതയില്ല എന്ന് സി. ജെ. തോമസ് പറഞ്ഞത് നിലനിൽക്കില്ല. ഇതിന് മറുപടിയായി ജോസഫ് മുണ്ടശ്ശേരി ഇരുപതാം നൂറ്റാണ്ടിലെ പ്രധാന കവികളായി കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരെ ഉയർത്തിക്കാട്ടിയിരുന്നു.


4)കുഞ്ഞുണ്ണി 


രണ്ടോ നാലോ വരിയിൽ ഒരു കവിത എഴുതുകയായിരുന്നില്ല കുഞ്ഞുണ്ണി മാഷിൻ്റെ ലക്ഷ്യം.അദ്ദേഹം കവിത എന്ന മാധ്യമത്തെ ഉപയോഗിച്ച് കാവ്യസൂക്ത ( പോയറ്റിക് അഫോറിസം )മാണ് ആവിഷ്കരിച്ചത്.


5)തകഴി 


കടലാസിൻ്റെയും പൈസയുടെയും  'വില ' നന്നായി അറിയാമായിരുന്ന തകഴി പെൻസിൽ കൊണ്ടാണ് ദൈർഘ്യമേറിയ 'കയർ ' ഉൾപ്പെടെയുള്ള കൃതികൾ എഴുതിയത്. തെറ്റു വന്നാൽ റബ്ബർ ഉപയോഗിച്ച് മായ്ച്ചു വീണ്ടും എഴുതാമല്ലോ.



സ്കൂളിനു പുറത്ത് 


ഒരാളുടെ കലാപരവും സർഗപരവുമായ അഭിരുചിയെ സ്കൂളുകളും കോളജുകളും വളരെ വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കുകയോ നിഷേധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്. സ്കൂളുകളും  കോളജുകളുമാണ് ശരി എന്ന വാദത്തോട് യോജിക്കാനാവില്ല .ഒരാൾ സ്വതന്ത്രമായി എഴുതുന്നതും ,വരയ്ക്കുന്നതും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിക്കുന്നില്ലല്ലോ. റോമൻ ചിന്തകനായ ഇവാൻ ഇല്ലിച്ച് (1926-2002) പറഞ്ഞതും ഇതുമായി ചേർത്ത് വച്ച് നോക്കാവുന്നതാണ്: "ഈ സമൂഹം ഇങ്ങനെ തന്നെയാണ്  വേണ്ടതെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്ന

ഒരു പരസ്യക്കമ്പനിയാണ് സ്കൂൾ " .ഈ വീക്ഷണം സത്യത്തിലേക്ക് തുളച്ചുകയറുകയാണ്.


'കല വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം ' എന്ന പേരിൽ റോയ് എം. തോട്ടം (പ്രഭാവം ,സെപ്റ്റംബർ ) എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: "നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക വ്യവസ്ഥയും ,ക്രിയാത്മകതയെയും സ്വഭാവത്തെയും ഇല്ലാതാക്കുന്ന തരത്തിലുള്ള സമീപനവും സന്ദർഭവുമാണ് വളർന്നു വരുന്ന കുട്ടികളുടെ മേൽ പ്രയോഗിക്കുക " .


ഇതിൽ വാസ്തവമുണ്ട്.ഒരു സ്വതന്ത്രബുദ്ധിക്ക് പകരം ആശ്രിത

ബുദ്ധിയാണ് ഇതിലൂടെ വികസിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ ഇതിൻ്റെ സൃഷ്ടിയാണ്. നാല്പത് ലക്ഷം രൂപ മുടക്കി ഒരാൾ കെട്ടിടം പണിയുന്നു; എന്നാൽ ചിത്രങ്ങളോടും ശില്പങ്ങളോടും ശത്രുതാമനോഭാവം പുലർത്തുകയും ചെയ്യുന്നു. ഇത് വൈരുദ്ധ്യമല്ലേ? മഹാ ചിത്രകാരന്മാരായ ക്ലോദ് മൊനെ ,ഹെൻറി മാറ്റിസ് എന്നീ പേരുകൾ കേൾക്കാതെ കുട്ടികൾ സ്കൂൾ വിട്ടു പോകുന്നതും പിന്നീട് കലാശൂന്യതയോടെ ലക്ഷങ്ങളുടെ വീടുകൾ കെട്ടുന്നതും നിരാശയാണ് ജനിപ്പിക്കുന്നത്.കലയെ ജീവിതത്തിൽ നിന്ന് പുറന്തള്ളാനുള്ള ഒരു ത്വര ആന്തരികമായ നിക്ഷേപമായി വ്യക്തികളിൽ  അടിഞ്ഞുകൂടുന്നു.ഇതിൻ്റെ ദുരന്ത പരിണാമമായി കാണേണ്ടതാണ് സംഗീതനാടകഅക്കാദമിയിൽ ഉണ്ടായ  ആർ.എൽ.വി രാമകൃഷ്ണൻ സംഭവം പോലും . 



No comments:

Post a Comment