Saturday, October 17, 2020

അക്ഷരജാലകം/ ലാവണ്യാനന്തര സംഗീതം / എം.കെ.ഹരികുമാർ /metrovartha12-10-2020

 

ഇപ്പോഴും ഛന്ദസ്സിനു വേണ്ടി വാദിക്കുന്ന ചില കവികളെ കാണുന്നത് വിചിത്രമായി തോന്നുകയാണ്.ഛന്ദസ്സ് ബാഹ്യമായ സൗന്ദര്യാത്മകതയുടെ ഒരു പ്രകടഭാവമാണ്. അത് പരമ്പരാഗതമാണ്. അത് കാവ്യത്തിൻ്റെ നിർമ്മാണരീതിയാണ്; കാവ്യമല്ല.ഛന്ദസ്സ് ഉണ്ടാക്കി വച്ചാൽ കവിതയാകില്ല. കവിത കല്ലിലുമുണ്ട് .അത് കാണാനുള്ള കഴിവു വേണം. ഈ സിദ്ധിയില്ലാത്തവൻ ഛന്ദസ്സ് നിരത്തിയിട്ടെന്ത് കാര്യം ?

പ്രാസം കവിത ആലപിക്കുന്നവർക്ക് നല്ലതാണ്. അതിനപ്പുറം അത് കവിതയെ സഹായിക്കില്ല. വാക്കുകളുടെ പര്യായപദങ്ങൾ നിരത്തി കൃത്രിമമായ ഈണമുണ്ടാക്കുന്നത് മഹാജീവിത സന്ദർഭങ്ങളെ ഉൾക്കൊള്ളുന്ന കവിക്ക് എങ്ങനെ ഗുണകരമാവും.? യഥാർത്ഥത്തിൽ കവിയുടെ സമസ്യ ഛന്ദസ്സുമായി ബന്ധപ്പെട്ടതല്ല ,ഒരു വസ്തുവിൻ്റെ അറിയപ്പെടാത്ത കാര്യങ്ങൾ അറിയുന്നതിനെക്കുറിച്ചുള്ളതാണ്. കവിത എഴുതുന്നത് പദ്യോച്ചാരണ മത്സരത്തിനല്ലല്ലോ. ചില വാക്കുകൾക്ക് പകരം അവയുടെ സംസ്കൃത പര്യായപദങ്ങൾ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നത് നിർമ്മാണ കൗതുകമായേ കാണാനൊക്കൂ. വാക്കിനു പകരം വേറൊന്നു വയ്ക്കാനാവില്ല. ഓരോ വാക്കിനും കൃത്യമായ അർത്ഥമുണ്ട്. ഭക്ഷണത്തിനു വേണ്ടി പട്ടിയെ പോലെ അലഞ്ഞു എന്ന് പറയുന്നതും നായയെ പോലെ അലഞ്ഞു എന്നു പറയുന്നതും വ്യത്യസ്തമാണ്.
ഛന്ദസ്സ്  വിഷയവിമുക്തമായ ഈണമാണ് തേടുന്നത് .അത് കൈമാറി വരുന്നതാണ്; കവിയുടേതല്ല. എന്തിനാണ് പരമ്പരാഗതമായ ഈണത്തിൽ കവി സ്വന്തം കണ്ടെത്തലായിട്ടുള്ള പ്രമേയത്തെ മുക്കിക്കൊല്ലുന്നത് ?

കാകളിയിൽ  ചൊല്ലണോ?

ഈണത്തെ ചിലർ നേരമ്പോക്ക് പോലെയാണ് കാണുന്നത്. സ്വജീവിതത്തിൻ്റെ തീക്ഷണമായ യാതനകളുമായി അതിനു ബന്ധമില്ല .ജീവിതത്തിൻ്റെ സുഭിക്ഷിതയുടെയും അക്കാദമിക് സ്വച്ഛതയുടെയും പശ്ചാത്തലത്തിലാണ് ഈണം തഴച്ചുവളരുന്നത്. സ്വന്തം ആത്മരതിയെക്കുറിച്ച് ,അതിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് സുഖകരമായി ആലോചിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നു.

സ്വന്തം മാതാവിനാൽ വിൽക്കപ്പെട്ട ഒരു പെൺകുട്ടിയോ ,സ്വന്തം പിതാവിനാൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട ബാലകനോ പിന്നീട് കവിത എഴുതുമ്പോൾ അവർ ആ മാധ്യമത്തെ സ്വന്തം അസ്തിത്വത്തിൻ്റെ  അഗാധമായ വ്യഥ ആവിഷ്കരിക്കാനുള്ള ഇടമായി വീണ്ടും കണ്ടെത്തുകയാണ് ചെയ്യുന്നത്. അവർക്ക് പഴയ കാല ഈണത്തിൻ്റെ തിണ്ണമിടുക്കിൽ അമരാനുള്ള കാമനകൾ നഷ്ടപ്പെട്ടിരിക്കും. അവർക്ക് സ്വമനസ്സിൻ്റെ അന്യതകളിൽ പങ്കു ചേരുന്ന ഒരു ഓർക്കസ്ട്ര എവിടെ നിന്നും കിട്ടുകയില്ല. വേശ്യാലയത്തിലെ പീഡനത്തിൽ നിന്ന് ഓടിയെത്തുന്ന ബാലിക കാകളിയിൽ കവിതയെഴുതി നിങ്ങളെ സുഖിപ്പിക്കണോ ? നിങ്ങളെ സുഖിപ്പിക്കാൻ തത്കാലം വെൺമണി പോരേ ?
ഒരാൾ എഴുതേണ്ടത് അയാളുടെ ഉള്ളിൽ അലയടിക്കുന്ന സംഗീതമാണ് ; അതിനു ചിലപ്പോൾ ഭാഷ പോലുമുണ്ടാകില്ല. അത് പ്രകൃതിയുടെ നിർവ്വേദമായിരിക്കാം; അത് നിർവ്വികാരമോ ,നിസ്സംഗമോ ആകാം. ഒരു ആട്ടിൻകുട്ടിയെ അറവുശാലയിൽ  വെട്ടിക്കൊല്ലുമ്പോൾ അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിൽ 'സംഗീത'മില്ലേ? ഈ സംഗീതത്തിൽ എവിടെയാണ് മനുഷ്യത്വം? ഇത് ഔദ്യോഗികമായി സംഗീതമാലപിക്കുന്നവരുടെ ഗാർഹിക സംഗീതമല്ല. അതിനുമപ്പുറം പ്രകൃതി നിഗൂഢമായി പണിതു വച്ചിരിക്കുന്ന ലാവണ്യാനന്തര സംഗീതമാണ്. അത് സൗന്ദര്യത്തെപ്പോലും അതിലംഘിക്കുകയാണ്.ഈ ലാവണ്യാനന്തര മേഖലയിലാണ് നവീന കവി അവൻ്റെ പദബോധത്തെയും താളത്തെയും സംഗീതാത്മകമാക്കുന്നത്.

വ്യക്തിപരമായ ഛന്ദസ്സ്

കുമാരനാശാൻ ' പൂക്കാലം' എന്ന കവിതയിൽ ഇങ്ങനെ എഴുതി:
"പൂക്കുന്നിതാ മുല്ല ,
പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ്
പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്ക് വർണങ്ങൾ
പൂവാൽ ചോക്കുന്നു
കാടന്തിമേഘേങ്ങൾ പോലെ ''

ഇതിൽ പ്രാസമുണ്ട്. വാക്കുകൾ ആവർത്തിക്കുകയാണ്. അതുകൊണ്ടെന്താണ് ? കവി ഛന്ദസ്സിനെ അടിമയാക്കാതെ, അതിനുള്ളിൽ നിന്നു തല നീട്ടി പുറത്തു കടക്കുന്നു. കാട് ചുവക്കുന്നത്  വിവരിക്കാൻ സമസ്ത ലോകത്തെയും കവിതയിൽ കൊണ്ടു വരുകയാണ്. വിശ്വത്തെ  ഒരു രാഗമാക്കുകയാണ്‌.

എ .അയ്യപ്പൻ എഴുതിയ 'റോഡു മുറിച്ചു കടക്കുന്നവർ ' എന്ന കവിത ഒരേ സമയം വിഭ്രാമകവും ആത്മീയവുമായ ഒരു പുതിയ ശീൽ പകരുന്നു.

"നോക്കൂ ,ഒരു കുരുടൻ
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി എത്ര മെല്ലെ
എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധൻ്റെ സിഗ്നൽ അന്ധത
രാത്രിയിലും അവനിങ്ങനെയാണ്
ചുവപ്പും പച്ചയും അറിയുന്നില്ല
ഭ്രാന്തൻ ട്രാഫിക്
നിയന്ത്രിക്കുന്നത് കാണുക
ഹായ് ,എത്ര കൃത്യതയോടെ.
റോഡ് മുറിച്ചു പോകുമ്പോഴും
ഒരാൾ ന്യൂസ് പേപ്പർ
വായിക്കുന്നു " .

ഇവിടെ അയ്യപ്പൻ ഉപയോഗിക്കുന്നത് താൻ വ്യക്തിപരമായി അനുഭവിച്ച ഛന്ദസ്സാണ് , ഈണമാണ്. അത് പ്രകൃതിയുടെ കണ്ണുകളിലൂടെയുള്ള നോട്ടമാണ്.

ഇന്ന് ഛന്ദസ്സിൽ കവിതയെഴുതുന്നവരുടെ വാക്കുകൾ അവരുടെ വരണ്ട കവിത പോലെ ദുസ്സഹമാണ്. ചോര വാർന്നൊഴുകുന്ന ജീവിതാനുഭവങ്ങളെ യാതൊരു വിവരവുമില്ലാതെ വർണിക്കുകയും വൃത്തത്തിലാക്കുകയും ചെയ്യുന്ന ഇവരുടെ കവനങ്ങൾ ചെടിപ്പുണ്ടാക്കുകയാണ്. മനസ്സിലേക്ക് തുളച്ചു കയറുന്ന പ്രത്യേക ഗദ്യമാണ് വേണ്ടത്. ഉള്ളിൽ കടന്ന ശേഷമേ അത് സൗന്ദര്യചർച്ചയ്ക്ക് നിന്നു കൊടുക്കാവൂ. വാക്കുകളെ അനാവശ്യ ആടകൾ അണിയിക്കാതെ ,നഗ്നമായി അമ്പെന്ന പോലെ എയ്ത് തറയ്ക്കാനാവണം.

നോബൽ സമ്മാനം ലഭിച്ച സ്വീഡിഷ് കവി തോമസ് ട്രാൻസ്ട്രോമർ അവസാന കാലത്ത് പക്ഷാഘാതം പിടിപെട്ട് വീൽ ചെയറിലായിരുന്നല്ലോ .എന്നിട്ടും അദ്ദേഹം മികച്ച കവിതകൾ എഴുതി. കവിതയെ ആധുനികമായ ശൈലികൊണ്ട് അന്യാദൃശമാക്കുകയാണ് അദ്ദേഹം ചെയ്തത്.
" ഭാഷ കൊല നടപ്പാക്കുന്നവർക്ക്
ഒപ്പമാണ്.
അതുകൊണ്ട് നമുക്ക്
വേറൊരു ഭാഷ വേണം."
എന്ന് വളച്ചുകെട്ടില്ലാതെ പറയുന്നിടത്താണ് ട്രാൻസ്ട്രോമറുടെ കവിത .കാരണം ,അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്; ഭാവന മാത്രമല്ലത്.

ഓണക്കാലത്ത് പ്രത്യക്ഷപ്പെട്ട ഭൂരിപക്ഷം കവിതകളും പതിരാവുന്നത് ,ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്. ക്വാറൻൈറനിൽ കിടക്കുന്നവൻ്റെ അനുഭവം എഴുതിയ വീരാൻകുട്ടി (മുറിജീവിതം, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,ഒക്ടോബർ 11 ) ഉപരിതലത്തിൽ ഒതുങ്ങുകയാണ്, സൂക്ഷ്മ സംവേദനങ്ങളില്ലാതെ:

" ജാലകത്തിലൂടെ
അടുന്ന ഒരു മരച്ചില്ല മാത്രം
കാണാനുണ്ട്.
ഇടയ്ക്ക് മറഞ്ഞും
ഇടയ്ക്ക് തെളിഞ്ഞും " .

ഏഴാച്ചേരിയുടെ ആഴം കുറഞ്ഞ കാഴ്ചകൾ ' യേശുദാസും വൈലോപ്പിളളിയും' ( ഗ്രന്ഥാലോകം സെപ്റ്റംബർ) എന്ന കവിതയിൽ കാണാം:
"ഏത് ധൂസര സങ്കല്പഗീതം
യേശുദാസിൻ്റെ സ്വർണനാവിന്മേൽ!
ഗീതകത്തിന്നപാരതയിന്മേൽ
കാതുകൂർപ്പിച്ചു നിന്നു കവീന്ദ്രൻ " .

ചിന്തിക്കാനറിയാത്ത ആലംകോട് ലീലാകൃഷ്ണൻ്റെ കാല്പനിക പൈങ്കിളിയെ നോക്കൂ:

''ഋതു ചന്ദനം തൊട്ട
പ്രേമാർദ്ര നിലാവുകൾ
വിടരും പ്രത്യാശ പോൽ
പൂക്കൈതക്കടവുകൾ " .
(മാതൃഭൂമി ഓണപ്പതിപ്പ്)

കന്നിക്കൊയ്ത്ത് ,സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയ കാവ്യങ്ങളുടെ കാലത്ത്  കവികൾ കവിതയെ പ്രമുഖ ആവിഷ്കാര മാധ്യമമായി കണ്ടിരുന്നു. ഇന്ന് കവിത ഒരു ജീവത്തായ മാധ്യമമല്ലാതായി;വെറും അലസ നോട്ടമായി . ശൈലൻ ,പ്രമോദ് കെ.എം എന്നിവർ എഴുതിയ കവിതകൾ (ഭാഷാപോഷിണി ,ഒക്ടോബർ ) അത് വ്യക്തമാക്കുന്നു.

വാക്കുകൾ

1) ഏതെങ്കിലും ഒരു സത്യം ഉള്ളതായി ഞാൻ കാണുന്നില്ല. കാഴ്ചപ്പാടുകൾ മാത്രമാണുള്ളത്.
അലൻ ഗിൻസ്ബെർഗ്,
(അമെരിക്കൻ കവി)

2)നമ്മൾ സ്നേഹിക്കുന്നവരെ ഗുണദോഷ വിചാരണ ചെയ്യരുത്.
ഷാങ് പോൾ സാർത്ര് ,
(ഫ്രഞ്ച് എഴുത്തുകാരൻ )

3) ഒരു കലാകാരൻ പ്രക്യതിയെ ആത്മാവിൽ സമാഹരിക്കണം .പ്രകൃതിയുടെ താളവുമായി അവൻ താദാത്മ്യം പ്രാപിക്കണം.
ഹെൻറി മാറ്റിസ്,
(ഫ്രഞ്ച് ചിത്രകാരൻ )

4) സമയം എല്ലാവർക്കും വേണ്ടി ഒരു പോലെയാണ് പ്രവഹിക്കുന്നത് ;എന്നാൽ ഓരോ മനുഷ്യജീവിയും സമയത്തിലൂടെ ഒഴുകുന്നത് വ്യത്യസ്തമായാണ്.
യസുനാരി കവാബത്ത ,
(ജാപ്പനീസ് എഴുത്തുകാരൻ )

5) നിങ്ങൾ ഒരു ആശയത്തിൽ ആവേശിക്കപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ,അത് എവിടെയും കാണാനാകും ;അതിൻ്റെ  ഗന്ധം പോലും അനുഭവിക്കാനാകും.
തോമസ് മൻ,
(ജർമ്മൻ നോവലിസ്റ്റ് )

കാലമുദ്രകൾ

1)ആറ്റൂർ രവിവർമ്മ

മലയാളകവിതയെ സ്വാധീനിക്കാൻ ആറ്റൂർ രവിവർമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെ  അനുകരിക്കാൻ കുറെ ചെറുപ്പക്കാർ തയ്യാറായി .

2)സി.ജെ.തോമസ്

കലാശാലാ അധ്യാപകരുടെ നിർജീവമായ , വക്രീകരിച്ച മലയാളത്തിനു ബദലായി സി.ജെ.തോമസ് പുരുഷസ്വഭാവങ്ങളുള്ള ഒരു ഗദ്യം സൃഷ്ടിച്ചു .

3)ഷീല

പി.ഭാസ്ക്കരൻ ,വയലാർ ,യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുടെ  സ്വപ്നസുന്ദരിയായിരുന്നു നടി ഷീല. അവർ ഷീലയെ വർണിച്ചു വർണിച്ചു അങ്ങ് പാരമ്യത്തിലെത്തിച്ചു.

4)കുഞ്ഞപ്പ പട്ടാന്നൂർ

ഇടതുപക്ഷ ധാരണകളുള്ള കുഞ്ഞപ്പ പട്ടാന്നൂർ തൻ്റെ കാവ്യപരമായ ജീവിതത്തിൽ മുഴുനീളം വർഗപരമായ പീഡനങ്ങളെക്കുറിച്ചും അവസരവാദത്തെക്കുറിച്ചും  വഞ്ചനയെക്കുറിച്ചും എഴുതി.പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി വേറൊരു ഇടതുപക്ഷ ഛായയാണ് ഇതിലൂടെ നിർമ്മിക്കപ്പെട്ടത് .

5)പുനത്തിൽ കുഞ്ഞബ്ദുള്ള

ഒരു കലാകാരൻ്റെ എല്ലാ  നിയമലംഘനങ്ങളും അനിശ്ചിതത്വങ്ങളും  കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിൽ കാണാമായിരുന്നു. രോഗികളെ ചികിത്സിക്കുന്ന ഡോക്ടറായിരുന്നിട്ടും താൻ ഗൗരവതരമായ സർഗാത്മക രോഗത്തിലൂടെയാണ് കടന്നു പോകുന്നതെന്ന വസ്തുത അദ്ദേഹം തന്നോടു പോലും തുറന്നു സമ്മതിച്ചില്ല.

നവീന നോവൽ

ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനം തന്നെ ഉണ്ടായത് അലൻ റോബ്ബേ ഗ്രിയേ (1922-2008) യുടെ നേതൃത്വത്തിലാണ്‌.ദ് എറേസേഴ്സ് , ദ്  വൊയർ തുടങ്ങിയ നോവലുകളിലൂടെ ഗ്രിയേ പുതിയൊരു ആഖ്യാനം അവതരിപ്പിച്ചു. അദ്ദേഹം തൻ്റെ നോവലുകളുടെ സൈദ്ധാന്തികമായ പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചത് 'ഫോർ എ ന്യൂ നോവൽ ' എന്ന കൃതിയിലാണ്‌.
തൻ്റെ സമീപനത്തെക്കുറിച്ച് ഗ്രിയേ ഇങ്ങനെ പറഞ്ഞു: "ഞാനൊരിക്കലും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള ഒരു കാര്യവും എഴുതിയിട്ടില്ല. ഒരു ഭൂപ്രകൃതി ദൃശ്യമോ ,കൊത്തുപണിയോ കണ്ടിട്ട് അത്  വിശദീകരിക്കാൻ  മുതിർന്നിട്ടില്ല .ഞാൻ കണ്ടെത്തുന്നതാണ് എൻ്റെ നോവൽ. എന്നാൽ  എഴുതുമ്പോൾ  അത് കണ്മുന്നിൽ കണ്ടതുപോലെയിരിക്കും. ഭാവന എനിക്ക് കണ്ടുപിടിത്തമാണ്. അതാകട്ടെ ഓർമ്മകളുടെ ഭാഗമാണ്. ഓർമ്മകൾക്ക് വസ്തുനിഷ്ഠ സ്വഭാവമില്ല ".
ഓർക്കുന്തോറും ഓർമ്മകൾ മാറിക്കൊണ്ടിരിക്കുന്നതു കൊണ്ട് വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ധാരണകൾ നവീകരിക്കേണ്ടി വരും.

കഥയെക്കുറിച്ചു മാത്രം

ഡോ.തോമസ് സ്കറിയ എഴുതിയ 'ലോകകഥയുടെ ചരിത്രവും സൗന്ദര്യവും' (കറൻ്റ് ബുക്സ് ,കോട്ടയം) ഫിക്ഷൻ എന്ന മാധ്യമത്തിൻ്റെ നാൾവഴികൾ ചെറു ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്നു.
കഥാസരിത് സാഗരം ,പഞ്ചതന്ത്രം കഥകൾ തുടങ്ങിയ ആദിമ സങ്കേതങ്ങൾ മുതൽ ആധുനിക കാലത്തെ രചനകളുടെ പശ്ചാത്തലം വരെ ഇതിൽ ചർച്ച ചെയ്യുന്നു.ഉമ്പർട്ടോ എക്കോ ,മഹാശ്വേതാദേവി തുടങ്ങിയവരെക്കുറിച്ച് ഇതിൽ വിവരിക്കുന്നത് ശ്രദ്ധേയമാണ്. നോവൽ രംഗത്തെ ആചാര്യനായ സെർവാന്തസിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ കൃതി ഡോൺ ക്വിക്സോട്ടിനെക്കുറിച്ചും ഇങ്ങനെ എഴുതുന്നു: ''ഡോൺ ക്വിക്സോട്ടിൻ്റെ പ്രശ്നം പുസ്തകങ്ങളല്ലായിരുന്നു. വായനയുടെ ആധിക്യം അദ്ദേഹത്തെ ഉന്മാദിയാക്കി. വായന അദ്ദേഹത്തിൻ്റെ ഭാവനയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹം ചിന്തിച്ചു, പുസ്തകത്തിനുള്ളിലുള്ളതത്രേ ലോകം. പുസ്തകത്തിനു പുറത്തുള്ള അനുരഞ്ജനവും ദൂഷണവും അദ്ദേഹത്തിനു പൊറുക്കാനാവാത്ത തെറ്റായി.അമിതവായന ഉന്മാദം തന്നെയാണ് " .മറ്റൊരിടത്ത്‌ ഇങ്ങനെ കുറിക്കുന്നു: "സ്വാർത്ഥതയിൽ നിന്ന് ,അപരിഷ്കൃതത്വത്തിൽ നിന്ന് നിർബന്ധിത പ്രാദേശികവാദങ്ങളിൽ നിന്ന് ഒട്ടൊക്കെ രക്ഷപ്പെടാനുള്ള ഒരു മാർഗം ലോക സാഹിത്യത്തിലേക്കുള്ള പ്രവേശനമാണ് " .

Thursday, October 8, 2020

അക്ഷരജാലകം/എം കെ ഹരികുമാർ / റെഡിമെയ്ഡ് സാമൂഹ്യബോധം /metrovartha /5-10-2020

 അക്ഷരജാലകം

എം.കെ.ഹരികുമാർ


ഇന്നത്തെ മനുഷ്യരുടെ ആത്മീയ പ്രശ്നങ്ങൾ നമ്മുടെ കഥകളിൽ അപഗ്രഥിക്കപ്പെടുന്നില്ലെന്ന്  തുറന്നു പറയട്ടെ. വളരെ പ്രശസ്തരായവർ സ്വയം അനുകരിക്കുന്നതല്ലാതെ ലോകത്തെ കാണുന്നില്ല .സ്വന്തം ഭൂതകാലത്തിൻ്റെ ആവർത്തന വിരസമായ പ്രമേയങ്ങളിൽ ആഴ്ന്നു കിടക്കുകയാണ്. ചിലർക്ക് അസ്തിത്വങ്ങളൊന്നുമില്ല; താത്കാലിക രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമേയുള്ളു.

പ്രണയിച്ച്  എങ്ങനെയെങ്കിലും വിവാഹം കഴിക്കണമെന്ന ചിന്തയിൽ ലോകജീവിതത്തിൻ്റെ ലക്ഷ്യവും മാർഗവും ബന്ധിക്കുന്ന എഴുത്തുകാർ എപ്പോഴുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് നരേന്ദ്രപ്രസാദ് ഈ ചോദ്യമുന്നയിച്ചു. പ്രണയിക്കുന്നവർ എന്തിനാണ് വിവാഹം കഴിച്ച് അത് അവസാനിപ്പിക്കുന്നത് ?എന്തുകൊണ്ട് പ്രണയത്തിൽ തന്നെ തുടരാനാവുന്നില്ല. പ്രണയിക്കാൻ ഭയമാണോ ? 


വിവാഹജീവിതം ഇന്ന് വളരെ സംഘർഷഭരിതമെങ്കിലും മുൻകൂട്ടി അനുവദിച്ചു കിട്ടിയ ഒരു വ്യവസ്ഥയാണ്.ഒരു സാമൂഹിക സ്ഥാപനമാണത്. വ്യക്തികൾക്ക് അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല .ഭംഗിയുള്ള മുറ്റമുണ്ടാക്കുന്നതിലും ആകർഷകമായ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിലും ഒതുങ്ങിപ്പോകുകയാണ് വിവാഹിതരുടെ സർഗാത്മകത .


പ്രണയത്തിനു അവിടെ ഒരു സാധ്യതയുമില്ല; വായനയോ ചിന്തയോ പലപ്പോഴും അസാധ്യമാവുകയാണ്. വീട് ഒരു ഉത്തര- ഉത്തരാധുനികമായ റിലേ സ്റ്റേഷനായി മാറുന്നു. പൂർവ്വകാല സുഹൃത്തുക്കളെപ്പോലും ഉൾക്കൊള്ളാനാവാത്ത വിധം വീട് അടഞ്ഞു പോവുകയാണ്.വീടിൻ്റെ മുന്നിലെ മതിൽ വെറുമൊരു മതിലല്ല ;അത് ഭൂതകാലത്ത് നിന്ന് എന്നേക്കുമായി വേർപെട്ടു അല്ലെങ്കിൽ വിച്ഛേദിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഭിത്തിയാണത്. അത് മനുഷ്യചിന്തയിലെ അന്യവത്ക്കരണത്തിൻ്റെയും ഭ്രമാത്മകമായ ഏകാന്തതയുടെയും ചൈനീസ് വൻമതിലാണ്. ആ മതിൽ  പണിതിരിക്കുന്നത് മണ്ണിലാണെന്ന് വിശ്വസിക്കാൻ എൻ്റെ നിഷ്കളങ്കത  അനുവദിക്കുന്നില്ല; മറിച്ച് അത് വിവാഹിതരുടെ മനസ്സുകൾക്കുള്ളിലാണ്. ഈ പ്രത്യേക സംവിധാനത്തിൽ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ജ്ഞാനസമ്പാദനത്തിനു ഇടം കുറവാണ്. എന്നാൽ കുടുംബത്തെ നമുക്ക് ഉപേക്ഷിക്കാനാവില്ല. അപ്പോൾ മനസ് എന്ന വസ്തു ഉപയോഗിച്ച് ജ്ഞാനം തേടാൻ എഴുത്തുകാരൻ സ്വയം നിശ്ചയിക്കേണ്ടതുണ്ട്. അത് എഴുത്തുകാർ ഇന്ന് തേടുന്നില്ല. ക്ളീഷേകളുടെ ഒരു വൻ പ്രവാഹമാണിപ്പോൾ കാണുന്നത്. ദാർശനികമായ യാതൊരു അലട്ടലുകളുമില്ല.ജോർജ് ഓണക്കൂറിൻ്റെ 'എനിക്ക് എന്നെ ഇഷ്ടമാണ് ' (ദീപിക വാർഷികപ്പതിപ്പ്) എന്ന കഥയിലെ ഒരു ഭാഗം ചുവടെ ചേർക്കുന്നു:

''അപ്പോൾ ഭാവിയിലെ ഐ.എ.എസ് രാജകുമാരനാണ് എൻ്റെ ഡ്രൈവിംഗ് സീറ്റിനരികിൽ " - മായ ചിരിച്ചു.


വാക്കുകളുടെ അർത്ഥമറിയാത്ത കുട്ടിയെപ്പോലെ മിഴിച്ചിരുന്നു.


" ജീവിതത്തിൽ എന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുമോ ?"


"ഞാൻ അപകടകാരിയായ യാത്രക്കാരനാണ് " .


"നല്ല ഒരാൾ നയിക്കാനും കാര്യങ്ങൾ നിയന്ത്രിക്കാനുമുണ്ടാകുമ്പോൾ എല്ലാം ശരിയാകും" .


എല്ലാം ശുഭം!

ഈ കഥയിൽ ,ഇവിടെ ,ചർച്ച ചെയ്യുന്നത് അവരുടെ വിവാഹമാണ്. ഓണക്കൂറിൻ്റെ കുടുംബസങ്കല്പം വ്യക്തമായിക്കഴിഞ്ഞു. അവിടെ നിയന്ത്രണങ്ങൾ തുടങ്ങിക്കഴിഞ്ഞു.പഠിക്കുന്ന സമയത്ത് ഉള്ളിൽ പ്രണയമായിരുന്നു. അന്ന് പറഞ്ഞില്ല. ഇപ്പോൾ പ്രേമത്തിലേക്ക് അനായാസം കാറോടിച്ച് പോകുന്നു. ഇങ്ങനെയുള്ള  പ്രശ്നങ്ങൾ മാത്രമാണോ ഇന്നത്തെ ഒരു യുവതിയും യുവാവും നേരിടുന്നത് ? അവർക്ക് വേറെ  ആകുലതകൾ ഒന്നുമില്ലത്രേ. അവർ ഒത്തുചേർന്ന് വിവാഹിതരായാൽ ,അതോടെ എല്ലാം ശുഭമാകും! ചില സിനിമകളുടെ ഒടുവിൽ ശുഭം എന്ന് എഴുതിക്കാണിക്കുന്നത് കാണുമ്പോഴാണ് ചങ്കിടിപ്പ് കൂടുന്നത്. എല്ലാം ശുഭമല്ലെന്നും ,അതിനു വിപരീതമായി  നൂറുകൂട്ടം ചിന്താക്കുഴപ്പങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും വ്യഥകളുമാണ് ബാക്കിയാവുന്നത് എന്നും   മനസിലാക്കുന്നതിനാൽ തല താഴ്ത്തിയാവും തീയേറ്റിൽ നിന്ന് പുറത്തിറങ്ങുക. പരിചയമുള്ളവരെ കണ്ടാൽപ്പോലും അപ്പോൾ മിണ്ടാൻ തോന്നില്ല.


ഭയം ,രോഗം ,വാർദ്ധക്യം ,മരണം തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇന്ന് പലരെയും അലട്ടുന്നില്ല. ഇസാക്ക് ബാഷെവിസ് സിംഗർ ,ആൽബേർ കമ്യൂ ,കാഫ്ക ,ക്ളാരിയോ ലിസ്പെക്ടർ തുടങ്ങിയവരുടെ സാഹിത്യപരവും  അസ്തിത്വപരവുമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളാതെ ഇനി കഥയെഴുതുന്നത് തന്നെ ശരിയല്ല. നമ്മുടെ ജീവിതത്തിൻ്റെ കേന്ദ്രം മാറിയെന്ന യാഥാർത്ഥ്യം സ്വയം ബോധ്യപ്പെടുന്നിടത്താണ് ഇനി സാഹിത്യരചന അർത്ഥവത്താകുന്നത്.


ഹൈൻറിച്ച് ബോൽ പറഞ്ഞത് ,അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും കണ്ടെത്താനാവുന്നില്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ലെന്നാണ്. സ്വയം ആരാണെന്ന് തിരയുന്നത് ഇതിൻ്റെ ഭാഗമാണ്.വളരെ യഥാർത്ഥവും ലളിതവുമെന്ന് കരുതപ്പെടുന്നത് എപ്പോഴും ,എല്ലാവർക്കും അങ്ങനെയല്ല .എഴുത്തുകാരൻ ഒരിക്കലും റെഡിമെയ്ഡ് സാമൂഹ്യബോധം കൊണ്ട് തൃപ്തനാകരുത്. ഒരു സ്റ്റീരിയോ ടൈപ്പ് പ്രണയബന്ധത്തിലോ ,അനുവാചകരുടെ കൂട്ടായ ആസ്വാദന സമീപനങ്ങളിലോ വീണ്ടുവിചാരമില്ലാതെ ചെന്നുചേരുന്നത് എഴുത്തുകാരനെ അലസനും നിശ്ശൂന്യനുമാക്കും. 


പ്രേമം സമം വിവാഹം 


കഥാകാരി മാനസി തൻ്റെ രചനകളിൽ മനസിൻ്റെ ആകസ്മികമായ ഇടപെടലിനെക്കുറിച്ച് പറഞ്ഞത് (കഥയുടെ കഥ ,ഗ്രന്ഥാലോകം, ആഗസ്റ്റ് ) ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണെന്ന് തോന്നുന്നു.അവർ പറയുന്നത് തൻ്റെ മനസ്സ് തന്നെ നിർവ്വചിക്കുന്നതിനെക്കുറിച്ചാണ്. അവരുടെ ചില പ്രയോഗങ്ങൾ നോക്കൂ.. ജന്മനാ കിട്ടിയ മനസ്സ് ,എന്തിനെക്കുറിച്ചെന്നോ ,ഏത് രൂപത്തിലെന്നോ ,ഞാനറിയാതെ നിശ്ചയിക്കുന്ന ഒരു മനസ്സ് ,നമുക്ക് വലിയ നിയന്ത്രണങ്ങൾ ഇല്ലാത്ത നമ്മുടെ മനസ്സ്  ,ചോദിക്കാതെ കിട്ടിയ മനസ്സ് ,മനസ്സ് കണ്ട വഴി തുടങ്ങിയ വാങ്മയങ്ങൾ രചനയിലെ അനിശ്ചിതമായ അവസ്ഥയെ തൊട്ടു കാണിക്കുകയാണ്.


മാനസി ഇങ്ങനെ എഴുതുന്നു: "എഴുത്ത് മനസ്സിൻ്റെ അസഹ്യമായ അസ്വസ്ഥതയിൽ നിന്നുള്ള രക്ഷപ്പെടലാണ് " .മറ്റൊരിടത്ത് എഴുതുന്നു: "' എഴുത്ത് സംഘർഷങ്ങൾ നിറഞ്ഞതും വീർപ്പുമുട്ടിക്കുന്നതുമായി. സാഹിത്യ ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വാക്കിനോ വാചകത്തിനോ വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുക എന്നത് അതിലേറെ അസ്വാസ്ഥ്യമാകാറുണ്ട് " .


മാനസി കഥയെ തൻ്റെ സർഗപരമായ അന്വേഷണത്തിൻ്റെ ഭാഗമായി കാണുകയാണ്.കഥയെ പ്രേമം സമം വിവാഹം എന്ന സൂത്രവാക്യത്തിൽ കെട്ടിയിടുന്നില്ല .യു.കെ.കുമാരൻ്റെ 'സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ' (മാതൃഭൂമി ഓണപ്പതിപ്പ് ) ജീർണിച്ച യാഥാർത്ഥ്യബോധത്തെയാണ് ആശ്രയിക്കുന്നത്.കഥ പറയാൻ കഴിവുള്ള കുമാരൻ പക്ഷേ ,അത് അമിതമായ ശുഭാപ്തി വിശ്വാസം മൂലം ആഴം കുറഞ്ഞ ആഖ്യാനങ്ങൾക്കായി വഴി തിരിച്ചുവിടുന്നു.


വാക്കുകൾ


1)നമ്മൾ സ്നേഹിക്കുന്നവരെ സ്വന്തമാക്കുന്നതോടെ അവർ ചാരമായി മാറുന്നു.

മാർസൽ പ്രൂസ്ത്

(ഫ്രഞ്ച് നോവലിസ്റ്റ് )


2)നമ്മുടെ കാലത്തെ ധർമ്മസങ്കടങ്ങൾ ആവിഷ്കരിച്ച് മാനവ ജീവിതത്തിനുള്ളിലേക്ക് പ്രകാശം പരത്തുന്നവരാണ്  യഥാർത്ഥ എഴുത്തുകാർ.

മിഖായേൽ ഷൊളഖോവ്

(റഷ്യൻ എഴുത്തുകാരൻ )


3)എൻ്റെ ഭാവന ഒരാശ്രമമാണ്; ഞാൻ അവിടത്തെ സന്യാസിയുമാണ്.

ജോൺ കീറ്റ്സ്

(ഇംഗ്ളിഷ് കവി)


4)സാഹിത്യം ഒരു ധാർമ്മിക സൗന്ദര്യമത്സരമല്ല. അതിനു ശക്തിയുണ്ടാകുന്നത് ,എഴുത്തുകാരന് മറ്റൊരാളായി മാറാൻ കഴിയുന്നതിലുള്ള മൗലികതയും ധീരതയും ചേരുമ്പോഴാണ്.

ഫിലിപ്പ് റോത്ത് 

(അമെരിക്കൻ എഴുത്തുകാരൻ )


5)നമ്മുടെ പരിധിയിലുള്ള ഒരേയൊരു കാര്യം ഭാഷയാണ് ;എല്ലാ നഷ്ടങ്ങൾക്കിടയിലും ഏറ്റവും അടുത്തുള്ളതും സുരക്ഷിതമായതും അതുതന്നെയാണ്.

പോൾ സെലാൻ 

(ജർമ്മൻ കവി )


കാലമുദ്രകൾ


1) ലെനിൻ രാജേന്ദ്രൻ


കലാസ്വാദനത്തിൽ ഗ്രാജുവേഷൻ നേടിയ ഒരാളുടെ ക്ളിനിക്കൽ നിലവാരത്തിൻ്റെ അടയാളങ്ങളാണ് ലെനിൻ രാജേന്ദ്രൻ്റെ സിനിമകൾ.


2)ജി.ശങ്കരക്കുറുപ്പ്


'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന വിമർശനകൃതിയിലൂടെ സുകുമാർ അഴീക്കോട് ഉയർത്തിയ വെല്ലുവിളി മറികടന്ന് ,ശങ്കരക്കുറുപ്പിൻ്റെ തലയ്ക്ക് മുകളിൽ കട്ടപിടിച്ച് നില്ക്കുന്ന ആ കാർമേഘത്തെ തള്ളി നീക്കാൻ പിന്നീട് ഒരു വിമർശകനെയും കണ്ടില്ല.


3)വള്ളത്തോൾ


ഋഗ്വേദത്തിൻ്റെ മലയാള പരിഭാഷയിലൂടെ മഹാകവി വള്ളത്തോൾ ലോകത്തിലെ തന്നെ ഒന്നാംനിര പരിഭാഷകരിലൊരാളായി മാറുകയാണ്.


4)ചങ്ങമ്പുഴ


വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചങ്ങമ്പുഴ ധാരാളം എഴുതി. അദ്ദേഹം  ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾ പുസ്തകമായിട്ടുണ്ട്. എന്നാൽ അത് തമസ്കരിക്കപ്പെടുകയാണ്. 


5)കോവിലൻ


 കോവിലൻ്റെ കഥകളിൽ സഹപാഠികളെ പ്രേമിച്ച് വിവാഹം കഴിച്ച് പ്രണയമവസാനിപ്പിക്കാൻ നടക്കുന്നവരെ കാണാൻ കഴിയില്ല. ആ കഥകളിൽ കേവലം മണ്ണു പോലും മനുഷ്യസ്മൃതികളുടെ  പെയ്ത്ത് അനുഭവിപ്പിക്കുന്നു.


ഭാഷ എവിടെ ?


കെ.എം.വേണുഗോപാൽ എഴുതിയ 'ശേഷിക്കുന്നവരുടെ ദുരന്തം' (ഭാഷാപോഷിണി ,ഒക്ടോബർ ) എന്ന ലേഖനം  ബുക്കർ സമ്മാനം ലഭിച്ച പ്രായം കുറഞ്ഞ വനിത എന്ന പരിഗണന വച്ച് ഡച്ച് എഴുത്തുകാരി റീൻവെൽഡിനെ പരിചയപ്പെടുത്തുകയാണ്. ഒരാളുടെ പ്രായം നോക്കി പഠനം നടത്തുന്നത് ശരിയല്ല .കൃതിയുടെ മൂല്യം നോക്കിയാൽ മതി. ഇനി നോവലെഴുതിയത് ഒറ്റ മകളാണോ ,ആദ്യ പ്രസവമാണോ ,ഇരട്ടക്കുട്ടികളാണോ ,വിവാഹിതയാണോ എന്നൊക്കെ നോക്കേണ്ടി വരും! വേണുഗോപാലിൻ്റെ ഭാഷ ഇത്തരമൊരു ലേഖനമെഴുതാൻ പര്യാപ്തമല്ല .സാഹിതീയമായ ഒരു ഗുണവും അതിനില്ല. ഇത് കോമ്പോസിഷൻ ഭാഷയാണ്. ഭാഷാപോഷിണിയിലെ ലേഖനങ്ങളിൽ പൊതുവെ കാണുന്ന ദോഷമാണിത് ;ഗദ്യം ഒരു കലയാണെന്ന ധാരണയില്ല.മലയാള ഭാഷ നേടിയ സൗന്ദര്യത്തിൽ നിന്ന് തിരിച്ചു നടന്നിട്ടെന്ത് പ്രയോജനം ?


ലോർക്കയുടെ ഗിത്താർ


സ്പാനീഷ് കവി ഗാർസിയ ലോർക്ക (1898-1936) യുടെ 'ദ് ഗിത്താർ ' ജീവിതത്തിനുള്ളിലേക്ക് തുളച്ചു കയറുകയാണ്. അപാരമായ ഒരു മനുഷ്യബന്ധം കവി ഉണർത്തുകയാണ്. ഗിത്താറിൻ്റെ തന്ത്രികൾ കരയുകയാണെന്ന തിരിച്ചറിവിൽ കവി അതിൻ്റെ സൂചനകൾ പരിശോധിക്കുന്നു.

കവിതയിലെ വരികൾ:


"ഗിത്താർ കരച്ചിൽ

തുടങ്ങിയിട്ടേയുള്ളു

അതിനെ നിശ്ശബ്ദമാക്കുന്നത് 

വിഡ്ഢിത്തമാണ്.

അസാധ്യമാണത്.

അത് വിദൂരങ്ങളിലുള്ളതിനു വേണ്ടി 

കരയുകയാണ് " .


ഈ വിദൂരമായ ഏതോ ബന്ധം കലയുടെയും സൗന്ദര്യത്തിൻ്റെയും ആത്മീയതയുടെയും സമന്വയമാണ്. വാക്കിനുള്ളിലേക്ക് കടന്നു ചെന്ന് ഒരു ലോകം ദർശിക്കുകയാണ്;വെറുതെ നഗരത്തിനു പ്രദക്ഷിണം വയ്ക്കുകയല്ല. 


വൈലോപ്പിള്ളിയെ തേടി


എൻ.രാധാകൃഷ്ണൻ നായർ സാമാന്യം ദീർഘമായ ഒരു ലേഖനത്തിലൂടെ (മാനിഫെസ്റ്റോയും കുടിയൊഴിക്കലും, ഗ്രന്ഥാലോകം ) വൈലോപ്പിള്ളിയെ തേടുകയാണ്. കർഷനു വേണ്ടി മുതലാളി വർഗത്തോട് ഇടഞ്ഞ കവിയാണദ്ദേഹം.


" ഭീരു തന്നെ ഞാൻ ,

എൻ തല നോക്കൂ ,

നാരുനാരായ് നരച്ചിരിക്കുന്നു " 

എന്ന വരിയിൽ വൈലോപ്പിള്ളിയിലെ അനുഭവഭാരം വ്യക്തമാണ്. തലമുടി നാരിനു കട്ടിയുണ്ട്. അത് നരച്ചത് പ്രായം ചെന്നതുകൊണ്ടല്ല ;ജീവിതത്തെ യാതനയും സമരവും അറിവുമായി ഉൾക്കൊണ്ടതിനാലാണ്. രാഗമുക്തി യാണ് ഇതിൻ്റെ ഫലം .ഇതറിഞ്ഞ കവി വിഷാദത്തെ കർമ്മോന്മുഖമാക്കുകയാണ്.