Monday, September 7, 2020

അക്ഷരജാലകം, യുട്യൂബുജീവിതവും വിപാസനയും/metrovartha , aug 31


എം.കെ.ഹരികുമാർ
9995312097

യുട്യൂബുജീവിതവും വിപാസനയും


ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്സ് എഴുതിയ 'എ പോർട്രെയ്റ്റ് ഓഫ് ദ്  ആർട്ടിസ്റ്റ് ആസ് എ യംഗ് മാൻ '(1916) എന്ന നോവൽ ധാരാളം ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും ഇന്നും നവജീവിതത്തിൻ്റെ സാങ്കേതികാനുഭവങ്ങളിൽ അത് പുതിയ അർത്ഥം തേടുകയാണ്.

സ്റ്റീഫൻ ദേദാലുസ് എന്ന ഒരു വിദ്യാർത്ഥി വീട്ടിലും സ്കൂളിലും യൂണിവേഴ്സിറ്റിയിലും സ്വന്തം കാഴ്ചകളിലൂടെ  എങ്ങനെ സ്വാഭാവികമായ അന്യവത്കരണത്തിലെത്തുന്നുവെന്ന് നോവൽ വിശദീകരിക്കുന്നു. അവൻ്റെ അഞ്ച് വയസ് മുതൽ ഇരുപത് വയസ് വരെയുള്ള കാലമാണ് അവതരിപ്പിക്കുന്നതെന്ന് ഏകദേശമായി പറയാം.മദ്യപാനിയായ പിതാവ് ,വീട്ടിലെ സാമ്പത്തികമായ അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ അവനെ കുഴയ്ക്കുന്നുണ്ട്.അവൻ ഒരു ഘട്ടത്തിൽ പുരോഹിതനാകാൻ ശ്രമിക്കുന്നു. പിതാവ് പിന്തിരിപ്പിച്ച്  യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കുകയാണ്.എന്നാൽ എഴുതാൻ കഴിവുള്ള അവൻ അതിൽ നിന്നാണ് തനിക്ക് ഏറ്റവും സ്വസ്ഥത ലഭിക്കുന്നതെന്ന് മനസ്സിലാക്കുന്നു. അത് ഒരു സവിശേഷമായ കാഴ്ചയാണ്. മതവിശ്വാസത്തെക്കുറിച്ച് വളരെ വാചാലമായ പല വാഗ്ദാനങ്ങളും കേട്ടെങ്കിലും എല്ലാം അവനെ നിരാശനാക്കി. സ്വയം ജീവിതത്തെ അന്വേഷിക്കണമെന്ന ചിന്തയാണത്. ഒരു എഴുത്തുകാരൻ എങ്ങനെയാണ് പുറംലോകത്തെ അതിൻ്റെ യഥാർത്ഥമായ തലത്തിൽ അറിയുന്നതെന്ന് ആരായുകയാണ് നോവലിസ്റ്റ്.അവൻ്റെ അകൽച്ചകളുടെ അർത്ഥമെന്താണ് ?

സൗന്ദര്യം എന്ന തീ

സൗന്ദര്യത്തിൻ്റെ കനത്ത ആഘാതമാണ് എഴുത്തുകാരൻ തേടുന്നത്. കാരണം അവൻ ഒരു അർത്ഥമുള്ള  അന്വേഷകനാണ്; വ്യാജ പേനയുന്തുകാരനല്ലല്ലോ! സൗന്ദര്യത്തെ തന്നേക്കാൾ വലിയ പ്രഭാവമായി അവൻ കാണുന്നു. അതിനായി ഒറ്റയ്ക്ക് ,സ്വന്തം അനുഭവങ്ങളുടെ ഭാരം മുതുകിൽ ചുമന്ന് ഏത് ഇരുട്ടിലും അവൻ നടക്കുന്നു; മറുകരയിൽ പ്രകാശം എന്ന സൗന്ദര്യം ഉണ്ടെന്ന് ഉറപ്പു വരുത്താൻ .

സൗന്ദര്യത്തിൻ്റെ ആഘാതത്തിനു വിധേയമായാൽ പിന്നെ ഒന്നും പഴയപോലെയായിരിക്കില്ല. ഒരു നിതാന്ത സ്മൃതിക്ക് അയാൾ വിധേയനാവുന്നു. പ്രാചീനമായ ഒരു ഗ്രാമവാസി ആദ്യമായി പുറത്തു വന്ന് സൂര്യക്ഷേത്രം കാണുന്നതുപോലെയാണത്.
കലാകാരൻ ഓർമ്മകളിൽ നിന്ന് തൻ്റെ ആത്മതാളത്തിനു അനുകൂലമായ ഒരു തരംഗം പ്രതീക്ഷിക്കുന്നു. തന്നിലേക്ക് തന്നെ അവൻ പല വിധത്തിൽ ചെവിയോർക്കുന്നു. എന്നാൽ അയാൾക്ക് പോലും അത് അജ്ഞാതമാണ്. അതിനായി അവൻ സ്വയം കുറ്റപ്പെടുത്തുന്നു.കലാകാരൻ എന്ന നിലയിൽ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ ആശീർവാദം തലയിൽ വീണാൽ അത് തൻ്റെ സ്വതന്ത്ര വീക്ഷണങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് അവന് നന്നായറിയാം.അതുകൊണ്ട് മലിനപ്പെടാതിരിക്കാൻ അവൻ അകന്നു നില്ക്കേണ്ടതുണ്ട്.

അനുഭവം മിഥ്യയോ ?

എഴുത്തുകാരന് വേണ്ടത് അനുഭവങ്ങളാണെന്ന് പറയാറുണ്ട്. എന്നാൽ അനുഭവങ്ങളെ അത്രയ്ക്ക് വിശ്വസിക്കേണ്ട. അനുഭവങ്ങളുടെ യാഥാർത്ഥ്യവുമായി അനേകം തവണ ഏറ്റുമുട്ടിയവനാണ് ജോയ്സിൻ്റെ കഥാപാത്രം. അയാൾ അനുഭവങ്ങളിലും അന്യവത്ക്കരിക്കപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നു. അനുഭവങ്ങളുടെ സ്ഥൂലവിവരണങ്ങൾക്ക് ആത്മാവ് ഉണ്ടായിരിക്കില്ല.

എന്നാൽ അത് ആരായാനുള്ള ഭാഷ എവിടെ ?കഴിഞ്ഞ ദിവസം മലയാളസമീക്ഷ ഓൺലൈൻ പുറത്തിറക്കിയ 'എം.കെ.ഹരികുമാർ ഓണപ്പതിപ്പ് 2020' ( ഗസ്റ്റ് എഡിറ്റേഴ്സ്: ഇരവി ,തുളസീധരൻ ഭോപ്പാൽ )എന്ന പ്രത്യേക വെബ് സ്പെഷ്യൽ (ഈ ലേഖകൻ്റെ ഇരുപതിലേറെ പുതിയ രചനകളും അതിനെക്കുറിച്ച്  ചിലർ എഴുതിയ ലേഖനങ്ങളുമാണ് ഓണപ്പതിപ്പിൻ്റെ ഉള്ളടക്കം ) പ്രകാശനം ചെയ്തു കൊണ്ട് 'നാം ദൽഹി വാട്സപ്പ് ഗ്രൂപ്പിൽ നടന്ന ചടങ്ങിൽ (പ്രൊഫ.എസ്.ശിവദാസ് ,ഓംചേരി ,ലീലാ ഓംചേരി തുടങ്ങിയവർ പങ്കെടുത്തു) കലാസ്വാദകനായ ജോർജ് നെടുമ്പാറ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി. വളരെ ലളിതമായി പറയാൻ ഒരു ഭാഷ ഉണ്ടെന്നിരിക്കെ ചില രചനകൾ ദുർഗ്രഹമാകുന്നത് എന്തുകൊണ്ട് എന്നായിരുന്നു ചോദ്യം .ഞാൻ ഇങ്ങനെ പറഞ്ഞു :" ലളിതം ,ലളിതമല്ലാത്തത് എന്നിങ്ങനെയുള്ള വിഭജനങ്ങൾ മുൻവിധിയോടെയുള്ളതാണ്.കുടുതൽ അഗാധവും അർത്ഥവ്യാപ്തിയുള്ളതുമായ ആഖ്യാനമാണ് ഉണ്ടാവേണ്ടത്.ലളിതമെന്ന് വിവക്ഷിക്കപ്പെടുന്നതിൽ നമുക്ക്  ആവശ്യമുള്ള സൗന്ദര്യാത്മകമായ ആഴം ഉണ്ടാകണമെന്നില്ല. പ്രമുഖ ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്ററായ ഹെൻറി മാറ്റിസ് പറഞ്ഞത് ഒരു പൂവ് വരയ്ക്കാനാണ് ഏറ്റവും പ്രയാസമെന്നാണ്. കാരണം ,അദ്ദേഹം ഒരു പുവ് (ലളിതമായത്) വരച്ചുകഴിയുമ്പോഴേക്കും അത് മുമ്പ് പലരും വരച്ച പൂവാണെന്ന് പെട്ടെന്ന് ബോധ്യപ്പെടും. അതുകൊണ്ട് വേറെ വരയ്ക്കേണ്ടി വരും " .അതുകൊണ്ട് അനുയോജ്യമായ ഭാഷ അനിവാര്യതയാണ്.

ജോയ്സിൻ്റെ നായകൻ അപ്രാപ്യമായതാണ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. സൗന്ദര്യമാണ് അവന് വേണ്ടത്. അതില്ലെങ്കിൽ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല.സ്പാനീഷ് യുദ്ധത്തെ ആസ്പദമാക്കി പിക്കാസ്സോ വരച്ച 'ഗ്വർണിക്ക 'ഒരു ലോകാത്ഭുതമാകുന്നത് യുദ്ധഭീകരതയുടെ പേരിലല്ല;യുദ്ധഭീകരതയില്ലാത്തതിൻ്റെ പേരിലാണ്. സൗന്ദര്യമാണ് അതിൽ ആവിഷ്കരിച്ചത്. മറ്റെല്ലാം അതിനു താഴെയാണ് .യുദ്ധം കണ്ടതുകൊണ്ട് ഒരാൾക്ക് 'ഗ്വർണിക്ക ' വരയ്ക്കാനാവില്ല. ഈ വ്യത്യാസം പ്രധാനമാണ്. അനുഭവമല്ല ,അതിനെക്കുറിച്ചുള്ള വികാരമോ ചിന്തയോ ആണ് പ്രധാനമാകുന്നത്. അതിലൂടെയാണ് സൗന്ദര്യം ,ദൈവത്തെപ്പോലെ, പ്രവേശിക്കുന്നത്.

യുട്യൂബുജീവിതം

പത്ത് സെക്കൻഡ് പോലും സ്വയം നിരീക്ഷിക്കാനാവാത്ത വിധം മനുഷ്യൻ പ്രശ്നബാഹുല്യത്തിലാണ്. നമ്മുടെ മനസ് എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് നോക്കാൻ സമയമില്ല.ഒരാൾക്കൂട്ടത്തിന് നടുവിലാണ് നാം. അത് ചിലപ്പോൾ  സമൂഹമാധ്യമത്തിലാകാം; വാർത്താ മാധ്യമങ്ങൾക്ക് നടുവിലാകാം. ടെലിവിഷൻ്റെയും ഇൻ്റർനെറ്റിൻ്റെയും ലോകത്തിൽ നിന്ന് വിട്ടുനില്ക്കുന്ന സമയം ഉറങ്ങുമ്പോൾ മാത്രമായിരിക്കും. നമ്മൾ സ്വയമറിയാതെ ഒരു യൂട്യൂബ് വ്യക്തിത്വമായി മാറുകയാണ്.ഇന്നലെ സംസാരിച്ചു പിരിഞ്ഞ വ്യക്തിയായിരിക്കാം; ഇന്ന് കേൾക്കുന്നത് അയാൾ ഒരു  യുട്യൂബ് ചാനൽ തുടങ്ങിയെന്നാണ്. ഓരോ വ്യക്തിയും ഇരുപത്തിനാലു മണിക്കൂർ യുട്യൂബ് ചാനലാവുകയാണ്.ഒരു വീട്ടിൽ തന്നെ ഒന്നിലധികം ചാനലുകൾ !. ഈ ഇരുപത്തിനാലു മണിക്കൂറും ഒരു യുട്യൂബ് വക്താവും പ്രയോക്താവുമാകുന്ന കലാകാരന് ,എഴുത്തുകാരനു സൃഷ്ടിപരമായ ഉറവിടം കണ്ടെത്താനാവശ്യമായ നൈസർഗ്ഗികമായ ഇടങ്ങൾ നഷ്ടപ്പെടാനാണ് സാധ്യത. അവനവനുമായുള്ള മുഖാമുഖം സാധ്യമാകുന്നില്ലല്ലോ. അവൻ്റെ വീക്ഷണങ്ങൾ പെട്ടെന്ന് പങ്കിലമാകാം. മത ,രാഷ്ട്രീയ പക്ഷപാതങ്ങൾ അവനെ വ്യതിചലിപ്പിക്കും. പെരുമാൾ മുരുകനു സംഭവിച്ചത് ഓർക്കുക .സൈബർ ഇടങ്ങളിലെ 'പോലിസുകാരായ ' എഴുത്തുകാരെ യും ഓർക്കാം.

വിപാസന

ബുദ്ധൻ കണ്ടുപിടിച്ച ധ്യാനമാർഗമാണ് വിപാസന. പിന്നീട് ഇത് വിസ്മൃതിയിലാണ്ടു. പത്താം നൂറ്റാണ്ടിൽ വിപാസന  പരിശീലിച്ചവരുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ അത് വീണ്ടും ഉയർന്നു വന്നു. ഇപ്പോൾ അന്താരാഷ്ട്ര വേദികളിൽ വിപാസന പരിശീലിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് വലിയ നരവംശശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരുമാണ്.

കലാകാരനിലും എഴുത്തുകാരനിലും വിപാസനയുടെ ഒരു കണമെങ്കിലും ഉണ്ടാകണം.അതിഭയങ്കരമായ വൈകാരികക്ഷോഭം നേരിടേണ്ടി വരുന്ന കലാകാരന്മാർക്ക് സൗന്ദര്യത്തിൻ്റെ തീജ്വാലയെ മയപ്പെടുത്താൻ ഇതാവശ്യമാണ്. അല്ലെങ്കിൽ ആത്മഹത്യയിലേക്ക് പോകേണ്ടി വരും.

വിപാസന പാലി ഭാഷയിലുള്ള  ഒരു പദമാണ്. അത് അർത്ഥമാക്കുന്നത് യഥാർത്ഥമായ വിധം ഒരു വസ്തുവിനെ നോക്കി കാണാനുള്ള കഴിവാണ്.മനസ്സിൽ നിന്ന് മുൻവിധിയോ ,പക്ഷപാതമോ ,അതുപോലുള്ള മറ്റ് മാലിന്യങ്ങളോ ഒഴിവാക്കി ഒരു വസ്തുവിനെ നോക്കിയാൽ ,അതിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ധാരണ ലഭിക്കും.ഇത് മനുഷ്യന് നഷ്ടപ്പെട്ട കഴിവ് വീണ്ടെടുത്ത് കൊടുക്കുന്ന പ്രകിയയാണ്;ശുദ്ധീകരണം തന്നെ. സ്വാതന്ത്ര്യം തന്നെയാണത്.അടുത്ത ഘട്ടം മനസ്സിൻ്റെ ശാന്തതയാണ്.പണമോ,പ്രശസ്തിയോ,പദവിയോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത വിധം മനസിനെ ശാന്തമാക്കാൻ കഴിയുമത്രേ. 'മോണാലിസ ' എന്ന ചിത്രം വരയ്ക്കുമ്പോൾ ഡാവിഞ്ചി അനുഭവിച്ചത് വിപാസനയുടെ തലമാകാം. നേരായ കാഴ്ച ,മനസിൻ്റെ ശാന്തത എന്നിവയില്ലെങ്കിൽ ആ ചിരി വരയ്ക്കാനൊക്കുമോ ?ആ ചിത്രം വിപാസനയാണ് നമ്മളിലേയ്ക്ക് സംക്രമിപ്പിക്കുന്നത്.

രാമൻ്റ വഴി

"പണിതു കൂട്ടുവിൻ
അയോദ്ധ്യയിലെന്നെ
ത്തളയ്ക്കാനുള്ള
തടവറ നീളെ
അവിടെയില്ല ഞാൻ "
എന്ന് സച്ചിദാനന്ദൻ 'അയോദ്ധ്യ: ഒരാത്മഗതം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഗസ്റ്റ് ,23) എന്ന കവിതയിൽ പ്രഖ്യാപിക്കുകയാണ്. എന്തിനാണ് പ്ര കോപനം? വായനക്കാരെ അകറ്റിക്കളയുന്ന കവിതയാണിത്.രാമൻ്റെ കാര്യത്തിലുള്ള ഈ പ്രഖ്യാപനം വെറുപ്പ് ഉല്പാദിപ്പിക്കുകയേയുള്ളു.

വാക്കുകൾ

1)ഈ ലോകത്തിനു  എന്നെക്കുറിച്ച് എന്തെങ്കിലും ധാരണ ജനിപ്പിക്കുകയല്ല  എൻ്റെ ലക്ഷ്യം. എന്നെ സന്തോഷപ്പെടുത്തുന്ന തരത്തിൽ എനിക്ക് ജീവിച്ചാൽ മതി.
റിച്ചാർഡ് ബാക്
(അമെരിക്കൻ എഴുത്തുകാരൻ )

2) കല വികാരത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ;വിശദീകരിക്കേണ്ടിവരുകയാണെങ്കിൽ അതോടെ കല ഇല്ലാതാവും.
പിയറി ഒഗസ്റ്റേ  റെന്വോഹ്
(ഫ്രഞ്ച് പെയിൻ്റിർ )

3)ലോകത്തിലെ രാഷ്ട്രീയക്കാർക്കെല്ലാം ഒരേ ഒരു നിയമമേയുള്ളു.പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞത് അധികാരത്തിലെത്തിയാൽ പറയരുത് .
ജോൺ ഗാൽസ്വർത്തി
(ഇംഗ്ളീഷ് നോവലിസ്റ്റ് )

4) നമ്മുടെ മനസ്സിനു അഗാധമായി മുറിവേല്ക്കുകയാണെങ്കിൽ ,അതിനോട് ക്ഷമിക്കും വരെ അതിൽ നിന്ന് മോചനം ലഭിക്കുകയില്ല.
അലൻ പാറ്റൻ
(ദക്ഷിണാഫ്രികൻ എഴുത്തുകാരൻ )

5) പ്രണയം ഒരിക്കലും സ്വാഭാവികമായി മരിക്കുന്നില്ല ;അതിൻ്റെ ഉറവിടത്തിലെ പ്രശ്നം  പരിഹരിക്കാൻ കഴിയാത്തതാണ് കാരണം.അന്ധത ,തെറ്റുകൾ ,ചതി എന്നിവ മൂലമാണ് ആ മരണം സംഭവിക്കുന്നത്.
അനെയ്സ് നിൻ
ഫ്രഞ്ച് ,അമെരിക്കൻ എഴുത്തുകാരി.

കാലമുദ്രകൾ

1)എം.വി.ദേവൻ
ഒരു പെയിൻ്റിംഗ് നല്ലതാണോ  എന്ന് നോക്കാൻ താൻ ആദ്യം പരിശോധിക്കുന്നത് അതിൻ്റെ വർണ്ണ വിന്യാസമാണെന്ന് എം.വി.ദേവൻ പറഞ്ഞു. അതിൻ്റെ ഭാഗമായി ,ചില ചിത്രങ്ങൾ  തല കീഴായിപ്പിടിച്ച് നോക്കാറുണ്ടെന്നും  അദ്ദേഹം വെളിപ്പെടുത്തി.

2)എ.ടി.ഉമ്മർ
മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം ,തുഷാര ബിന്ദുക്കളേ നിങ്ങൾ എന്തിനു വെറുതെ തുടങ്ങിയ പാട്ടുകൾക്ക് ഈണം നല്കിയ എ.ടി.ഉമ്മർ അത്ഭുതകരമായ നിഗൂഢ സംഗീത ലാവണ്യമാണ് പുറത്തുവിട്ടത്.

3)എൻ.മോഹനൻ
കഥാകാരനെന്ന നിലയിലുള്ള ജീവിതത്തിൽ നിന്ന് എൻ.മോഹനൻ ഒരിക്കൽ അവധിയെടുത്തു. ഇരുപതു വർഷം വരെ ആ മൗനം തുടർന്നു.

4)ഒ.എൻ.വി
ഒരു രചയിതാവെന്ന നിലയിൽ ആധുനിക കവി തനിക്ക് ഇണങ്ങുന്ന ശൈലിയിൽ ,പാരമ്പര്യത്തിൽ നിന്ന് അകന്ന് നിന്ന് എഴുതുന്നത് വ്യക്തിപരമായ ആവശ്യമാണെന്നും അത് ഒഴിവാക്കാനാവില്ലെന്നും ഒ.എൻ.വി പറഞ്ഞത് ശ്രദ്ധേയമാണ്.

5)കമുകറ പുരുഷോത്തമൻ
കമുകറയുടെ ശബ്ദം പ്രണയഗാനത്തിനു പറ്റിയതല്ലെങ്കിലും ഒരു മധ്യവയസ്കൻ്റെ ആത്മീയ വിരഹഭാവത്തിനു അത് കൂടുതൽ ആഴം നല്കുമെന്നുറപ്പാണ്.

ഏഴാച്ചേരിയുടെ വർത്തമാനം

കവി ഏഴാച്ചേരി രാമചന്ദ്രനുമായി എസ്.ആർ.ലാൽ നടത്തിയ അഭിമുഖം ( ഗ്രന്ഥാലോകം ) വായിച്ചു.ലാൽ നന്നായി കവിതയെ സമീപിക്കുന്നുണ്ട്.ലാൽ ഒരെഴുത്തുകാരനുമാണല്ലോ.എന്നാൽ ഏഴാച്ചേരിയുടെ വർത്തമാനം നിരാശപ്പെടുത്തി. അദ്ദേഹം തനിക്ക് നേരെ വരുന്ന അമ്പുകളെല്ലാം ഒ. എൻ.വി, പി.ഭാസ്ക്കരൻ ,തിരുനല്ലൂർ തുടങ്ങിയവരിലേക്ക് തിരിച്ചുവിടുകയാണ്. ചിലപ്പോൾ അദ്ദേഹം മാർക്സിനും ഹോചിമിനും എറിഞ്ഞുകൊടുക്കുന്നു .രാഷ്ട്രീയ പക്ഷം വളരെ പ്രകടമായിട്ടുള്ള വ്യക്തിയാണല്ലോ ഏഴാച്ചേരി. എന്നാൽ അതിനു വിരുദ്ധമായി  അദ്ദേഹം കവിതയിൽ പ്രാചീന താളവും ഈണവും കൊണ്ടു നടക്കുന്നു. മഹാനായ ലാറ്റിനമേരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞു ,ഒരു താളത്തിൽ കവിതയെഴുതുന്നത് വളരെ എളുപ്പമാണെന്ന്. കാരണം താളം നേരത്തേയുള്ളതാണ്. അതിലേക്ക് വാക്കുകൾ നിക്ഷേപിച്ചാൽ മതി. എന്നാൽ ഗദ്യത്തിൽ എഴുതുമ്പോൾ സ്വന്തമായി ഒരു രാഗം ഉണ്ടാക്കേണ്ടി വരും.

ഏഴാച്ചേരിയുടെ സംഭാഷണങ്ങളിൽ ദാർശനികമോ ചിന്താപരമോ ആയ ആഴമില്ല. ഒരു കാതലുള്ള വിഷാദാത്മകത പോലും കാണാനില്ല .വളരെ സ്ഥൂലവും ഉപരി പ്ളവവുമാണ് ആ ലോകം. കവിയുടെ ഈണം കേൾക്കാനല്ല കവിത വായിക്കുന്നത്.ജോൺ കീറ്റ്സ് എങ്ങനെ സ്വന്തം കവിത വായിച്ചു എന്ന കാര്യം എൻ്റെ ഉത്ക്കണ്ഠയല്ല. ടി.എസ് .എലിയറ്റ് ചൊല്ലുന്നത് കേട്ടിട്ട് നമുക്ക് 'ദ് വെയ്സ്റ്റ് ലാൻഡ് 'വായിക്കാനൊക്കുമോ ? കവികൾ കവിത ചൊല്ലുന്നത് കവിതയുടെ മൂല്യത്തിൽ ഒരു ഘടകമല്ല. അതായത് താളം അപ്രസക്തമാണെന്നർത്ഥം . ''കരുണ " ഏത് താളത്തിലാണ് ആശാൻ ചൊല്ലിയതെന്നത് അതിൻ്റെ മൂല്യാന്വേഷണത്തിൽ പ്രധാന കാര്യമല്ല .
കവികൾ സ്വന്തം കവിത ചൊല്ലുന്നത് ഏതാണ്ട് ഒരേ താളത്തിലാണ്.



No comments:

Post a Comment