Tuesday, September 8, 2020

അക്ഷരജാലകം/വ്യാകുലതയുടെ സൗന്ദര്യശാസ്ത്രം/എം.കെ.ഹരികുമാർ/metrovartha , may 4

ഫ്രഞ്ച് നാടകകൃത്തായിരുന്ന അഥൊന അർത്തോ (1896-1948) സ്വയം ഒരു പ്രശ്നമായിരുന്നു .താൻ തന്നെ അഴിക്കാൻ പറ്റാത്ത ഒരു കുരുക്കായി മാറിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞതാണ് അർത്തോയുടെ ജ്ഞാനഗഹനതയുടെ യഥാർത്ഥ്യം.

ജീവിതത്തെ അതിൻ്റെ പുറംമോടികൾ കൊണ്ട് മനസ്സിലാക്കാൻ പറ്റാത്തതു കൊണ്ട് അർത്തോ തന്നെത്തന്നെ അതിൻ്റെ താക്കോലായി ഉപയോഗിച്ചു. എപ്പോഴും വ്യതിചലിക്കുകയും ചതിക്കുകയും ചെയ്യുന്ന ആന്തരികത മനുഷ്യൻ്റെ വിധിയാണെന്ന് കരുതിയ ഈ നാടക ,സാഹിത്യപ്രതിഭ സ്വയം ഒരു സൗന്ദര്യശാസ്ത്രമാകുന്നതാണ് നാം കാണുന്നത്.

ഭയത്തിൻ്റെയും പ്രത്യാശാരാഹിത്യത്തിൻ്റെയും കാലഘട്ടത്തിൽ വൈകാരിക സംവേദനത്തിൻ്റെ സകല ഭാരവും ഏറ്റുവാങ്ങുന്ന കലാകാരൻ തൻ്റെ ദുർബ്ബലവും ആർദ്രവുമായ മാനസികാവസ്ഥകൾകൊണ്ടാണ്  പലതും പഠിക്കുന്നത്. ചിലപ്പോൾ അത്മഹത്യയിലേക്കോ തീവ്ര വിഷാദത്തിലേക്കോ വഴുതി വീഴാം .അങ്ങനെ വീണവർ ഉണ്ടല്ലോ.

അർത്തോ പല തവണ മാനസികാഘാതത്തിനു ഇരയായി. പലപ്പോഴും മനോരോഗ ചികിത്സാ കേന്ദ്രത്തിലായിരുന്നു. അന്ത്യവും അവിടെത്തന്നെ. ഡച്ച് ചിത്രകാരൻ  വാൻഗോഗിൻ്റെ  ആത്മഹത്യയെക്കുറിച്ച് അർത്തോ എന്തിനെഴുതി ?അത് ഒരു നിഗൂഢമാനസികാസ്ഥയുടെ  ആന്തരഭാവങ്ങൾ തേടുന്നതിൻ്റെ ഭാഗമായിരുന്നു. ഒരു ആസക്തസമൂഹം എങ്ങനെയാണ് അതിൻ്റെ ഉദാസീനതകൊണ്ട് ഒരു വലിയ കലാകാരനെ വധിക്കുന്നതെന്ന് അദ്ദേഹം സൈദ്ധാന്തികമായി കണ്ടെത്തി.'വാൻഗോഗ് ,ദ് മാൻ സൂയിസൈഡഡ് ബൈ സൊസൈറ്റി ' എന്ന കൃതി അതാണ് കാണിക്കുന്നത്.

സ്വന്തം ആത്മഹത്യയെക്കുറിച്ച് അർത്തോ ചിന്തിച്ചിരുന്നു .അദ്ദേഹം അത് ഇങ്ങനെ വിശദമാക്കുന്നു: ''ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ ,അതെന്നെ ഇല്ലാതാക്കാനായിരിക്കുകയില്ല ;എന്നെത്തന്നെ വീണ്ടെടുക്കാനായിരിക്കും. എൻ്റെ നേർക്കുള്ള ക്രൂരമായ പുനരാക്രമണമാണ് എനിക്ക് അത്മഹത്യ .ദൈവത്തിൻ്റെ പ്രവചിക്കാൻ പറ്റാത്ത എന്നോടുള്ള  സമീപനങ്ങളെ ഭാവന ചെയ്യാനാണ് എന്നെത്തന്നെ ആക്രമിക്കുന്നത്.''

ഈ മനോഭാവം ആകുലതയുടേതാണ് .ലോക മഹായുദ്ധങ്ങളുടെ ക്രൂരതയാണ് ,പരിഹാരമില്ലാത്ത വിഷാദജ്വരങ്ങളാണ് ഒരു അർത്തോ യെ സൃഷ്ടിക്കുന്നത്. മനുഷ്യനെ മനുഷ്യൻ യാതൊരു ഭാവിചിന്തയുമില്ലാതെ കൊന്നൊടുക്കുന്നത് ഭ്രാന്തിൻ്റെ ഒരു പ്രക്രിയയാണ്.ഈ ഭ്രാന്ത് പക്ഷേ, രാഷ്ട്രങ്ങളോ സൈന്യമോ അംഗീകരിക്കുന്നില്ല. അതുകൊണ്ട് അർത്തോ അതിനെ തൻ്റെ ശരീരത്തിൻ്റെയും മനസിൻ്റെയും പ്രശ്നമായി ഏറ്റെടുത്തു.ഇത് വൈകാരിക ക്ഷമതയുള്ളവരുടെ നിയോഗമാണ്.

കൊറോണ വിതയ്ക്കുന്നത് വ്യാകുലതയാണ്;ഉപബോധമനസ്സിലേക്ക് അത് വിഭ്രാന്തി ഒഴുക്കി നിറയ്ക്കുന്നു. അതുകൊണ്ട് എഴുത്തുകാരിലേക്ക് സംക്രമിപ്പിക്കുന്നത് വിഭ്രാന്തിയും സറിയലിസ്റ്റിക് വ്യാകുലതകളുമായിരിക്കും. രോഗത്തെ അതിജീവിച്ചവരോ രോഗം പിടിപെടാത്തവരോ ഇതോർക്കുകയില്ല.എന്നാൽ ഒരു എഴുത്തുകാരനെ ഇത് മാറ്റിമറിക്കും. അവൻ ചിന്ത എന്ന രോഗത്തിനടിപ്പെടും.
നശ്വരചിന്തയുടെയും അപസ്മാരത്തിൻ്റെയും ആകുലചിന്തകൾ അവൻ്റെ രാപ്പകലുകളെ ഉന്മാദവിഷാദ ശീലങ്ങളിലേക്ക് കൊണ്ടുപോകും. അർത്തോ പറഞ്ഞതുപോലെ ,ഒരു ഭ്രാന്തൻ തൻ്റെ ജ്ഞാനഗഹനമായ അറിവുകൾ എന്തിനു പാഴാക്കി കളയണം. ? അത് സമൂഹം തച്ചുടയ്ക്കുമെന്ന് അവനറിയാം. അതുകൊണ്ട് ഒരു പരിചയെന്ന നിലയിൽ അവൻ വ്യാകുലതയുടെ മനോഭാവങ്ങളെത്തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും.

സാഹിത്യകലയുടെ പുതിയ സന്ദർഭം

കൊറോണയുടെ മഹാപീഡനകാലത്തിലൂടെ കടന്നുപോകുന്ന ലോകജനത പുതിയൊരു ഉൾക്കാഴ്ചയും ആഖ്യാനവുമാണ് നേടുന്നത്. ഇത് കേരളത്തിൻ്റെ മാത്രം അവസ്ഥയല്ല; ഇന്ത്യയുടെ മാത്രവുമല്ല .ലോക മനുഷ്യാവസ്ഥയുടെ അനുഭവസാക്ഷ്യമാണ് .ഇങ്ങനെയുള്ള ആഗോള വ്യതിയാനങ്ങൾ വരുമ്പോഴാണ് മനുഷ്യചിന്തയിൽ സമൂലമായ പരിവർത്തനം സംഭവിക്കുന്നത്. തങ്ങൾ പ്രതീക്ഷയോടെ കണ്ടതെല്ലാം മിഥ്യകളായിരുന്നുവെന്ന് മനസിലാക്കുന്ന അവസ്ഥയാണിത്. ലോകത്ത് പഴയതുപോലെയല്ല ഇനി കാര്യങ്ങൾ .വീക്ഷണത്തിൽ മാറ്റം സംഭവിക്കുകയാണ്. വിശ്വാസവും സംശയവും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ഉണ്ടാകുകയാണ്.

മരുന്നിനും ടെസ്റ്റിനും പണമില്ലാതെ മഹാനഗരങ്ങളിൽ എത്രയോ പേർ മരിച്ചു.ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ പിറവിയെടുക്കുന്നു. ഒരു ദേശത്ത് മാത്രമല്ല ,ലോകജനത ആകമാനം ഈ പരിപ്രേക്ഷ്യത്തിനുള്ളിലാണ്.  മറ്റൊരു മഹാപലായനം വരുന്നുണ്ട്. കുടിയേറിയവരും ജോലിക്ക് വിദേശത്ത്  പോയവരും ജന്മനാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. അത് വലിയൊരു ഒഴുക്കായിരിക്കും. രാജ്യാന്തരവും ഭൂഖണ്ടാന്തരവുമായ പലായനം വിവിധ രാജ്യങ്ങളിൽ യാഥാർത്ഥ്യമാവുകയാണ്. ഇതെല്ലാം നമ്മുടെ സംസ്കാരത്തിലും ജീവിതരീതിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാതിരിക്കില്ല.

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടായപ്പോൾ ഇതൊക്കെത്തന്നെയാണ് ജനങ്ങൾ അഭിമുഖീകരിച്ചത്.ഒന്നാം ലോകയുദ്ധത്തിൽ പതിനെട്ടു ലക്ഷം ബ്രിട്ടീഷ് പട്ടാളക്കാർ മരിച്ചു എന്നറിയുമ്പോഴാണ് അതിൻ്റെ ആഘാതം എത്ര വലുതാണെന്ന് അറിയുന്നത് .ലോകയുദ്ധം ജർമ്മനിയുടെയും റഷ്യയുടെയും ബ്രിട്ടൻ്റെയും മാത്രം പ്രശ്നമല്ല; ആകെ ലോകത്തിൻ്റേതാണ്. കാരണം ലോകത്തിൻ്റെ ഒരിടത്ത് എന്ത് നടന്നാലും അത് നമ്മുടെയും പ്രശ്നമാണ്.ഇന്തോനീഷ്യയിൽ പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ ഒരു അക്രമി ഫേസ്ബുക്ക് ലൈവായി ഷൂട്ട് ചെയ്തുകൊണ്ട്  വെടിവെച്ച് കൊന്നപ്പോൾ ,അത് അവരുടെ മാത്രം അനുഭവമാണ് ,നമുക്കതിൽ ഒന്നുമില്ല എന്നു പറയുന്നതാണ് യാഥാസ്ഥിതികവും അവികസിതവുമായ മനോഭാവം .

ലോകം ഒരു ശരീരമാണ്. ലോകത്ത് എവിടെ ഉണ്ടായതും മുഴുവൻ ലോകത്തിൻ്റേതാണ്. റഷ്യൻ വിപ്ളവത്തെ പ്രാദേശികമായി കാണാനൊക്കുമോ ? ക്രിസ്തു നിലനിൽക്കുന്നത് ഒരു ദേശത്തിൻ്റെ പരിധിയിലല്ലല്ലോ. ലോകയുദ്ധത്തിൻ്റെ പ്രതിഫലനം എന്ന നിലയിൽ ചിത്രകലയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങളുണ്ടായത് ഒരു സത്യമാണ്. ചില എഴുത്തുകാർക്ക് ഭ്രാന്ത് വന്നു.എല്ലാറ്റിനെയും  നിഷേധിച്ചുകൊണ്ട് അവർ എഴുതി, വരച്ചു.ഈ നിഷേധം മനുഷ്യൻ്റെ കുതറിമാറലാണ് ;മിഥ്യകളെ അന്ധമായി ഇനിയും പിന്തുടരേണ്ടതില്ല, സർഗാത്മക രംഗത്തെങ്കിലും എന്ന ചിന്ത സാർത്ഥകമായി. മാമൂലുകളെ നമ്പുന്നത് സ്വതന്ത്ര ബുദ്ധിയെ എന്നെന്നേക്കുമായി തകർക്കും എന്നറിയുമ്പോൾ വേറെ എന്ത് ചെയ്യും. ?

കൊറോണ ജീവിതവീക്ഷണം മാറ്റി.

സാമ്പ്രദായിക രൂപങ്ങളും പ്രയോഗങ്ങളും നമ്മെ രക്ഷിക്കുന്ന ദൈവങ്ങളല്ല എന്ന് എസ്റാ പൗണ്ട് ,ടി.എസ് എലിയറ്റ് തുടങ്ങിയ കവികൾ പറഞ്ഞത് അവരുടെ സൂക്ഷ്മബുദ്ധിയുടെ ഭാഗമായി കാണണം .കേരളത്തിൽ ലോക യുദ്ധം ഉണ്ടായില്ല ,അതുകൊണ്ട് അതിൻ്റെ കെടുതികൾ നമ്മെ ബാധിക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നത് കൈവിട്ട കളിയല്ലേ ?ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നത് സ്വന്തം പഞ്ചായത്തിൻ്റെ പരിധിയിലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് വിചാരിക്കുന്നവർക്ക് സാഹിത്യകാര്യങ്ങളിൽ ഒന്നും സംഭാവന ചെയ്യാനില്ല .

ജീവിതം എല്ലായിടത്തുമാണുള്ളത്. ആ സാർവത്രികതയിലാണ് ഓരോ എഴുത്തുകാരനും നിൽക്കുന്നത്.ഷേക്സ്പിയർ ജനിച്ചത്  ഇംഗ്ലണ്ടിലായതുകൊണ്ട് നമ്മെ ബാധിക്കില്ലേ ? താജ്മഹൽ ആഗ്രയിലായതുകൊണ്ട് അത് മലയാളിക്ക് മഹാത്ഭുതമല്ലേ ? ലോകത്ത് മറ്റെന്ത് ഇല്ലെങ്കിലും കുഴപ്പമില്ല ,എന്നാൽ ഷേക്സ്പിയർ ഇല്ലാതെ ജീവിക്കാനൊക്കുകയില്ലെന്ന് പറഞ്ഞത് റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കിയാണ്. ഈഫൽ ടവർ പാരീസിലായതുകൊണ്ട് നമുക്ക് അതിൻ്റെ സൗന്ദര്യാത്മകത വർജ്യമാണോ? അങ്ങനെയാണെങ്കിൽ ചന്ദ്രബിംബത്തെ നോക്കി നമ്മളെന്തിനു കവിത എഴുതണം. ? ചന്ദ്രബിംബം നമ്മുടെ മാത്രം സ്വത്താണോ ?ഐറിഷ് നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെ 'സിദ്ധാർത്ഥ 'എ ഴുതിയത് ഇന്ത്യൻ പശ്ചാത്തലത്തിലാണല്ലോ.

അതുകൊണ്ടാണ് കൊറോണയുടെ ഫലമായി ഉണ്ടായ മരണങ്ങൾ ,പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായത് ,നമ്മുടെ സൗന്ദര്യാനുഭവത്തെയും ബാധിക്കുമെന്ന് അംഗീകരിക്കേണ്ടി വരുന്നത്.കൊറോണ മനുഷ്യരെ ആശയപരമായി ,ലാവണ്യാനുഭവപരമായി മാറ്റിത്തീർക്കുകയാണ്. മരണത്തെ അഭിമുഖീകരിക്കുകയും അകന്നും ഒറ്റപ്പെട്ടും കഴിയേണ്ടി വരുകയും ചെയ്യുന്നത് ഒരാചാരമല്ല ,തീവ്രമായ അസ്തിത്വ പ്രശ്നമാണ്.

അന്യവത്ക്കരണവും മൃത്യുചിന്തയും ഉപബോധ വിഭ്രാന്തിയാണിന്ന് .അകൽച്ച ഒരു സദാചാരമായി .വേർപാടും മൃത്യുവും ജീവിതത്തിൻ്റെ ,പ്രകൃതിയുടെ സ്വാഭാവികതയായി അനുഭവിക്കുകയാണ് ജനങ്ങൾ .ജീവിതത്തിൻ്റെ നിസ്സാരതയിൽ ആഴ്ന്നു പോയ നമ്മളൊക്കെ രാജകീയ പ്രൗഢിയുള്ള കൊത്തുപണികളും തൊങ്ങലുകളും അലങ്കാരവേലകളും ,എഴുത്തിലും കലയിലും ഉപേക്ഷിക്കുകയാണ് വേണ്ടത്. അതേസമയം ദുരന്തങ്ങൾക്ക് മുന്നിൽ അതിഭാവുകത്വത്തിൻ്റെ അപ്രസക്തി ബോധ്യമാവുകയാണ്.ഒരു സഹനത്തിൻ്റെ ജനാധിപത്യവൽക്കരണം പ്രത്യക്ഷമാകുന്നു. മരണത്തേക്കാൾ വലുതാണ് ഭക്ഷണമെന്ന മഹത്തായ അറിവിലേക്ക് കുട്ടികളെപ്പോലെ മുതിർന്നവരും എത്തിച്ചേരുകയാണ്. അമിതമായി വർണിച്ചോ ,വികാരം കുത്തിയൊഴുക്കിയോ ജീവിതത്തെ സമീപിക്കുന്നത് വിഡ്ഢിത്തത്തിൻ്റെ മറ്റൊരു മോടിപിടിപ്പിക്കലായിത്തീരുകയേയു

ള്ളു.

ജീവിതം നഗ്നമാണെന്ന് പറയുന്നത് അതിഭാവുകത്വമാണ് ,അതിവൈകാരികതയാണ്.ജീവിതം മറ്റൊന്നുമല്ല, അതു മാത്രമാണ്. നിശ്ചയമായും കൊറോണ സാഹിത്യകലയിൽ പല വഴി തുറക്കലുകൾക്കും കാരണമാകും .ഒന്നാം ലോകയുദ്ധകാലത്ത് ജയിംസ് ജോയ്സ് എഴുതിയ 'എ പോർട്രെയ്റ്റ്  ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യംഗ് മാൻ ' എന്ന കൃതി ലോകത്തെ പുതിയ രീതിയിൽ ഭാവന ചെയ്യാൻ പ്രേരിപ്പിച്ചു.വെറും പ്രകൃതി വർണനകളും കഥാപാത്രങ്ങളുടെ ബാഹ്യമായ ചേഷ്ടകളും വച്ച് ആധുനിക മനുഷ്യനെ അവിഷ്കരിക്കാനാവില്ല എന്ന സത്യമാണ് ജോയ്സ് വിളിച്ചു പറഞ്ഞത്.
കൊറോണ നമ്മെ മാറ്റിയിരിക്കുന്നു. അതിനാൽ നാം ഇതു വരെ കണ്ട ലോകം പല രീതിയിൽ വ്യാജമാണെന്ന് വിളിച്ചു പറയാൻ എഴുത്തുകാർക്ക് സ്വാഭാവികമായ ത്വരയാണുള്ളത്.

വാക്കുകൾ

1) ഒരു പട്ടാളക്കാരൻ യുദ്ധം ചെയ്യുന്നത് തൻ്റെ മുന്നിലുള്ളവരെ വെറുക്കുന്നതു കൊണ്ടല്ല ,അവൻ്റെ പിന്നിലുള്ളവരെ സ്നേഹിക്കുന്നതു കൊണ്ടാണ് .
ജി.കെ. ചെസ്റ്റർടൺ,
ഇംഗ്ളീഷ് എഴുത്തുകാരൻ.

2) യുദ്ധം ചെയ്യാതെ ശത്രുവിനെ  കീഴടക്കുന്നതാണ് യുദ്ധത്തിൻ്റെ പരമോന്നതമായ കല .
സൺ സു,
ചൈനീസ് ചിന്തകൻ .

3) ഗോഗോളിൻ്റെ 'ഓവർക്കോട്ട് ' എന്ന കഥ (1842) വായിച്ചു വളർന്നവരാണ് നമ്മളൊക്കെ .
ദസ്തയെവ്സ്കി ,
റഷ്യൻ സാഹിത്യകാരൻ.

4) ലോകത്തിലെ പ്രവൃത്തികളുടെയെല്ലാം അർത്ഥം ഒന്നാണെന്ന് ഞാൻ വ്യാഖ്യാനിക്കുന്നില്ല; നേരെ വിപരീതമാണ് എൻ്റെ ചിന്ത .
കിം കി ഡുക്ക് ,
ദക്ഷിണ കൊറിയൻ സംവിധായകൻ .

5) നിങ്ങൾ സ്വന്തം മനസ്സിനു വെളിയിൽ ജീവിക്കാൻ തുടങ്ങുന്നതോടെ അത് അപകടകരമാവുന്നു .
ഹെമിംഗ്വേ,
അമേരിക്കൻ കഥാകൃത്ത്.

കാലമുദ്രകൾ

1) നാലപ്പാട്ട് നാരായണ മേനോൻ.
ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ യൂഗോയുടെ പാവങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ പുതിയൊരു സൗന്ദര്യാത്മക ഗദ്യവും സംഭവിച്ചു.ഇതിൻ്റെ അടിത്തറ , ദയാനന്ദ സരസ്വതിയുടെ ചിന്തകളോട് നാലപ്പാടനുണ്ടായിരുന്ന ബന്ധമാണ്.

2) തായാട്ട് ശങ്കരൻ.
അയ്യപ്പപ്പണിക്കരുടെ കവിതയെ വിമർശിച്ച് തായാട്ട് ദീർഘമായി എഴുതിയത് ഇപ്പോൾ അപ്രസക്തമായിരിക്കയാണ്. ഭാവുകത്വപരമായ പരാജയമാണ് ആ വിമർശനത്തിനു പിന്നിലുള്ളത്.

3) കെ.പി.ശങ്കരൻ.
പണ്ഡിതനാണെങ്കിലും കെ.പി.ശങ്കരൻ്റെ ഗദ്യത്തിനു ഒരു സൗന്ദര്യവുമില്ല.

4) ജി.ബാലകൃഷ്ണൻ നായർ.
യോഗവാസിഷ്ഠത്തിൻ്റെയും ശ്രീനാരായണ ഗുരുവിൻ്റെ കൃതികളുടെയും വ്യാഖ്യാനത്തിലുടെ ബാലകൃഷ്ണൻ നായർ നമ്മുടെ മഹത്തായ പൈതൃകത്തിൻ്റെ ഉജ്ജ്വല സന്ദേശവാഹകനാവുകയാണ്.

5) ബാലാമണിയമ്മ.
ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ ലോകത്തെ കണ്ട വലിയ കവി ബാലാമണിയമ്മ എല്ലാം തൻ്റേതാണെന്ന് ഉദാരതയോടെ വിഭാവന ചെയ്തു.

ദർശനം

1) ദൈവം.

ബന്ധുജനങ്ങളിൽ കുറ്റം ആരോപിക്കാൻ എളുപ്പമാണ്. എന്നാൽ സ്വയം ആത്മവിചാരണ ചെയ്ത് തെറ്റുകൾ തിരിച്ചറിയുന്നത് സ്വന്തം ദൈവത്തെ കണ്ടെത്തുന്നതു പോലെ മഹത്തരമാണ്.

2) ശരീരം.
ശരീരത്തിനാണ് രാഷ്ട്രീയവും മതവും മൂലം പലതിൽ നിന്നും അകലം പാലിക്കേണ്ടി വരുന്നത്.

3) കൊറോണ.
കൊറോണ കമ്മ്യൂണിസത്തിനു സദൃശ്യമാണ്  ; അത് എല്ലാവരെയും ഒരു പോലെ കാണുന്നു.

4) ലോക് ഡൗൺ.
ലോക് ഡൗൺ ഒരു മതമാണ്. ആരോടും  കൂടുതലടുക്കാതെ അണുക്കളെ നശിപ്പിക്കുന്ന ദൈവത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുന്നവരുടെ മതം.

5) കാലം.
ഞാൻ ഭൂതകാലമാണോ ,വർത്തമാനമാണോ ,ഭാവിയാണോ എന്ന് വേർതിരിച്ചെടുക്കാനാവുന്നില്ല.

ഓഷോയും സെക്സും

പ്രസിദ്ധ ഇന്ത്യൻ ചിന്തകനായ ഓഷോ സ്വതന്ത്ര ആത്മീയതയാണ് വികസിപ്പിച്ചത്.  പാശ്ചാത്യ ,പൗരസ്ത്യ ജീവിതാദർശങ്ങൾക്കെല്ലാം എതിരായിരുന്ന അദ്ദേഹം പരിഷ്കൃത സമൂഹം ഉറപ്പിച്ചു വച്ച ധാരണകളെ പുന:പ്പരിശോധിക്കുകയും ഇളക്കുകയും ചെയ്തു. ഒരു സ്വാഭാവികതയും ഒഴുക്കുമാണ് ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. പ്രണയം ,ലൈംഗികത എന്നിവയെ മനുഷ്യൻ്റെ സ്വാഭാവിക പ്രകൃതിയായി കണ്ട അദ്ദേഹം പ്രാർത്ഥന ,ആരാധന എന്നീ ഗുണങ്ങളെ പുതുക്കിപ്പണിതു .ഓഷോയുടെ ചില ദർശനങ്ങൾ ചുവടെ ചേർക്കുന്നു:
1) വേദനയെ ഒഴിവാക്കാൻ അവർ സന്തോഷം വേണ്ടെന്നു വച്ചു. മരണത്തെ ഒഴിവാക്കാൻ അവർ ജീവിതത്തെയാണ് ഉപേക്ഷിച്ചത്.
2) നിങ്ങൾ ഒരു ആSല്ല; ഒരു സിംഹമാണെന്ന് അറിയുക.
3) നിങ്ങളുടെയുള്ളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു സിംഹം അലറുന്നുണ്ട്.
4) ഒരാളെ സ്നേഹിക്കുമ്പോൾ ഒരു കാര്യം ആദ്യമേ വ്യക്തമാക്കണം ,നിങ്ങൾ സ്വന്തം സ്വാതന്ത്ര്യം വിൽക്കാൻ തയ്യാറല്ല.
5) ലൈംഗികത സ്വാഭാവികമാണ്; എന്നാൽ ലൈംഗികജ്വരം രോഗമാണ്.
6) ലൈംഗികത പരമലക്ഷ്യമല്ല; എന്നാൽ അടിച്ചമർത്താനുള്ളതുമല്ല .
7) ഞാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു: ഒന്ന്, ഓരോ ദിനവും എൻ്റെ അവസാന ദിനമായി കണ്ടു. രണ്ട്, ഓരോ ദിനവും ഞാൻ എന്നെന്നേക്കും ജീവിക്കുന്ന പോലെയാണ് ജീവിച്ചത്.
8) പെണ്ണിനാണ് ആണിനേക്കാൾ ശക്തി കൂടുതൽ. മൃദുവായതിനാണ് ശക്തി. വെള്ളം പാറയേക്കാൾ ശക്തമാണ്.
9 ) ഞാൻ എല്ലാം ആഘോഷിക്കുകയാണ് .ശരീരവും ആത്മാവും അതിനുള്ളതാണ്.
10) ആരിൽ നിന്നും നല്ല ചിന്തകൾ വന്നേക്കാം. സമൂഹം അയാളെ എങ്ങനെ കാണുന്നുവെന്നത് അപ്രസക്തമാണ്.
11) പ്രേമത്തിനു മാത്രമേ കണ്ണുകളുള്ളു; മറ്റെല്ലാം അന്ധമാണ്. പ്രേമം ഒരിക്കലും അന്ധമല്ല .


ഇസ്ളാമോഫോബിയ കഥകൾ ആപത്ത്

രാജ്യത്ത് ഇസ്ളാമിനെ മറ്റുള്ളവർ പേടിക്കുന്നു (ഇസ്ളാമോഫോബിയ) എന്ന ആശയം കഥകളിൽ പ്രചരിപ്പിക്കാൻ ചില എഴുത്തുകാർ മുന്നോട്ടു വരുന്നത് ആപത്തിൻ്റെ സൂചനയായി കാണാവുന്നതാണ്. ബോധപൂർവ്വം മതദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കയാണ്. ചിലർ ഇതിനു പിന്നിൽ സംഘടിതമായി ചിന്തിക്കുന്നു എന്ന് പറയുന്നത്   ഇത്തരം കഥകൾ ഇപ്പോൾ ചിലയിടങ്ങളിൽ മുടങ്ങാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു കൊണ്ടാണ്.

ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വായനക്കാരെ ഗിനിപ്പന്നികളാക്കരുത്. മരുന്ന് മനുഷ്യരിൽ കുത്തിവയ്ക്കുന്നതിനു മുൻപ് ചില രാജ്യങ്ങളിൽ  പന്നികളിൽ പരീക്ഷിക്കാറുണ്ട്. അത്തരം പന്നികളെയാണ് ഗിനിപ്പന്നികൾ എന്ന് വിളിക്കുന്നത്.ഇവിടെ ചിലർ വായനക്കാരെ ഗിനിപ്പന്നികളാക്കുകയാണ്.

ആനുകാലികം

കൊറോണ കവിതയിലും

ഫ്രഞ്ച് കവി സെലാൻ എഴുതിയ കൊറോണ എന്ന പേരിലുള്ള കവിത (1960) യെക്കുറിച്ച് ദേശമംഗലം രാമകൃഷ്ണൻ (മലയാളം ഏപ്രിൽ 20 )എഴുതുന്നു.

ഇത് കൊറോണ എന്ന രോഗത്തെ ക്കുറിച്ച് തന്നെയാണെന്ന് ലേഖകൻ ഉറപ്പിച്ചു പറയുന്നില്ല. കൊറോണ സ്ഥലനാമം ഉഉളതുകൊണ്ട് ആ സാധ്യതയും നോക്കണം.എന്നാൽ ഈ കവിതയിലെ കൊറോണ ഒരു പ്രണയത്തകർച്ചയാണെന്നും വാദിക്കാവുന്നതാണ്.ഈ വരികൾ അതിൻ്റെ സൂചനയായി കാണാം:

''ജനാലയ്ക്കടുത്ത് ഞങ്ങൾ
കെട്ടിപ്പിടിച്ചു നിൽക്കയാണ് .
തെരുവുകളിൽ നിന്ന്
ആളുകൾ നോക്കുന്നുണ്ട്.
സമയമായെന്ന്
അവർ അറിഞ്ഞിരിക്കുന്നു .

കല്ലുപോലും പുഷ്പിക്കാൻ
ഒരു ശ്രമം നടത്തുന്ന
സമയമാണിത് .
അസ്വസ്ഥ കാലത്തിനു
തുടിക്കുന്നൊരു ഹൃദയമുണ്ടാവുകയാണ് .
ഇതാ സമയമാവുന്നു.
സമയമായിരിക്കുന്നു.
ഇതാ
ആ സമയം ".
ഒരു ഡോക്ടറായിരുന്ന സെലാൻ 1970 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കവി ഭാഷയിലൂടെ എല്ലാം പറയാനാകില്ലെന്ന് വിശ്വസിക്കുകയാണോയെന്ന് സംശയിക്കണം. ഭാഷയ്ക്ക് ബദലായി മറ്റൊരു ഭാഷ തേടുകയുമാവാം.

ഉപ്പും കുറെ പ്രശ്നങ്ങളും

കൊറോണയുടെ ഭാഗമായി വന്ന ലോക്ക് ഡൗണിൽ ,ആറ് സൂപ്പർ മാർക്കറ്റ് സ്വന്തമായുള്ള ഒരു ബിസിനസ്കാരൻ തൻ്റെ വീട്ടിൽ ഉപ്പില്ലാത്തതുമൂലം കഷ്ടപ്പെട്ടതും പിന്നീട് വളരെ ദൂരം പോയി ഉപ്പു വാങ്ങുന്നതുമാണ് നാസർ കക്കട്ടിൽ 'ഉപ്പ് ' എന്ന കഥയിൽ വാരാദ്യ മാധ്യമം ഏപ്രിൽ 19 ) പറയുന്നത്.
അയൽപക്കത്ത് നിന്ന് രണ്ട് തവണ ഉപ്പ് വാങ്ങിയെങ്കിലും ഉപ്പ് ദാരിദ്യത്തിനു അത് പരിഹാരമായില്ല .

വീട്ടിൽ ബെൻസ് കാർ കിടപ്പുണ്ടായിരുന്നു.എന്നാൽ അതുമായി നിരത്തിലിറങ്ങിയാൽ പൊലീസ് പിടിക്കുമോ എന്ന പേടി. അതുകൊണ്ട് ഉപ്പ് വാങ്ങാൻ മുതലാളി നടന്നു നീങ്ങി.മാനേജർ ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു.മുതലാളി നല്ല വെയിലു കൊണ്ട് നടന്നു.

ഇടയ്ക്ക് ഒരു പൊലീസ് ജീപ്പ് അടുത്ത വന്നു നിന്നു.അതിനുള്ളിൽ നിന്ന് തലനീട്ടിയത് പഴയ സഹപാഠി .അയാൾ ചിരിക്കുകയാണ്. ഒപ്പം ഒരു കമൻറും :ചെറിയ കച്ചവടക്കാരെയൊക്കെ പൂട്ടിച്ച മുതലാളി ഇപ്പോൾ ചെറിയ കട തേടി ഇറങ്ങിയിരിക്കുകയാണോയെന്ന് .
കുറെ നടന്ന് മുതലാളി ഉപ്പു വാങ്ങാനെത്തിയത് ഓലകൊണ്ട് മേഞ്ഞ ഒരു പഴയ ചെറിയ കടയിലാണ്‌. കടയുടമയായ ഒരു വൃദ്ധനാണ് അവിടെ ഉണ്ടായിരുന്നത്.തിരക്കൊന്നുമില്ല.മുതലാളി അഞ്ച് കിലോ ഉപ്പ് ചോദിച്ചെങ്കിലും വൃദ്ധൻ വേറെ ആളുകൾക്ക്  കൊടുക്കാനുള്ള കാര്യം  ഓർമ്മിപ്പിച്ച് ,കാലിയാകാറായ ചാക്കിൽ നിന്ന് ആറ് രൂപയ്ക്ക് ഉപ്പ് കൊടുത്തു. എന്നാൽ മുതലാളിയുടെ കൈയിൽ ആറ് രൂപയ്ക്ക് പകരം അഞ്ഞൂറിൻ്റയും രണ്ടായിരത്തിൻ്റെയും നോട്ടുകളാണ് ഉണ്ടായിരുന്നത് .അത് വാങ്ങാൻ കൂട്ടാക്കാത്ത കച്ചവടക്കാരൻ പണം പിന്നീട് സൗകര്യം പോലെ തന്നാൽ മതിയെന്ന് പറഞ്ഞ് ഉപ്പ് കൊടുത്തയക്കുന്നു.

ഇതുപോലുള്ള കഥകൾ ഇപ്പോൾ കൂടുതൽ മനസ്സിലാകും.മനുഷ്യനെ കാണാൻ സഹായിക്കുന്ന കഥ. വലിയൊരു മാസ്ക് ഈ കഥയിൽ അഴിഞ്ഞു വീഴുന്നുണ്ട്. ഇന്ന് എല്ലാവരും മുഖം മറയ്ക്കാൻ മാസ്ക് ഉപയോഗിക്കുന്നുണ്ട്. അത് പ്രതിരോധമാണ്. ആരുടെയും മുഖം കാണേണ്ടല്ലോ. നേരത്തേ ആഗ്രഹിച്ചത് ദൈവം നടപ്പാക്കിക്കൊടുത്തു .വ്യക്തികളെ ഭൗതിക സാഹചര്യങ്ങളിൽ സ്നേഹിക്കാനും പ്രേമിക്കാനും കഴിയാത്തവർ ആ ശൂന്യതയെ സദാചാരവൽക്കരിച്ചത് ഫേസ് ബുക്കിൻ്റെ പ്രതീതി ചുമരുകളുടെ സഹായത്തോടെയാണ്. അവിടെ ഏറിയാൽ ഒരു ഫോട്ടോ ;അതല്ലെങ്കിൽ ഒരു സന്ദേശം .ഒരു സ്നേഹത്തിനു അതു മതിയല്ലോ. അതും മാസ്ക് തന്നെയായിരുന്നു;പ്രതീതി മാസ്ക്.

പൊയ് വിശ്വാസങ്ങളുടെയും അഹന്തയുടെയും ചീട്ടുകൊട്ടാരങ്ങൾ തകരുന്ന ശബ്ദം ഈ കഥ വായിച്ചപ്പോൾ കേട്ടു .

ലോക്ക് ഡൗൺ പ്രത്യേകമായ ഒരു ആശുപത്രി പോലെയാണ്. സ്വയം പുറത്തു കടക്കാനാവില്ല. അവിടെ നമുക്കുള്ള പണമോ മറ്റ് വസ്തുക്കളോ നോക്കുകുത്തിയാണ്‌.ഈ കഥയിലെ ഉപ്പ് ,വാസ്തവത്തിൽ ഒരു രുചിയായല്ല വർത്തിക്കുന്നത്; അത് വായനക്കാരനെ തുളച്ചുകയറുന്ന അസ്ത്രമാണ്.

നടൻ

ഒരു ശബ്ദം കൊണ്ട് മഹാലോകം തീർത്ത ടി.എൻ .ഗോപിനാഥൻ നായരുടെ  മകൻ രവി വള്ളത്തോളിനെക്കുറിച്ച്  ജോൺ  സാമുവൽ ( മെട്രൊവാർത്ത ) ഉചിതമായി  എഴുതിയിരിക്കുന്നു. ഒരു നാടകത്തിൽ പെൺവേഷം കെട്ടിയതുകൊണ്ട് രവിയെ സംവിധായകരെല്ലാം ആ പ്രതിഛായയിൽ കണ്ടത് ശരിയായില്ല.രവിക്ക് സ്വയം ബ്രേക്ക് ചെയ്യാൻ പറ്റിയ വേഷങ്ങൾ കിട്ടിയാലലല്ലേ കഴിവു തെളിയിക്കാനാകൂ.

പ്രണയിക്കുന്നവരുടെ ഇരുട്ട്

'ഇരുട്ടിടങ്ങളിൽ വച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച് ' എന്ന പേരിൽ ആദി എഴുതിയ കവിത (ആത്മഓൺലൈൻ ,ഏപ്രിൽ 28 ) ആത്മഹത്യ ചെയ്ത കമിതാവിൻ്റെ സ്വയം പോസ്റ്റ്മോർട്ടമാണ്. ഇങ്ങനെ ഇരുട്ടു തപ്പി നടക്കുന്ന പ്രണയികൾ ഉണ്ടോ എന്നറിയില്ല. നൈറ്റ് ഡൂട്ടിക്കാരായിരിക്കും!.

ഈ കവിതയിൽ മനസ്സാണ് കീറി മുറിച്ചു നോക്കുന്നത്.
" പേരിട്ടൊരിക്കലും
വിളിക്കപ്പെടാത്ത
നമ്മുടെ പ്രണയത്തിൻ്റെ
പേരു കൂടിയായിരുന്നു
എൻ്റെ മരണം ".
മറ്റൊരിടത്ത് ഇങ്ങനെ വായിക്കാം:
''കഴുക്കോലിലെ ,
കെട്ടഴിച്ച് കിടത്തുമ്പോൾ ,
എൻ്റെ കഴുത്തിലെ
പൂക്കളുള്ള തുണിക്കീർ
നിന്നെ മുറിവേല്പിച്ചേക്കാം ,
വെളിച്ചം
ഇല്ലാത്തിടങ്ങളിൽ വച്ച്
മാത്രം നമ്മൾ
പ്രേമിച്ചിരുന്നവെന്ന്
നീ അപ്പോളെങ്കിലും
വിളിച്ചു പറയുമെന്ന്
ഞാൻ കിനാവു കാണും.
നിൻ്റെയന്നേരത്തെ
വിറയെയോർത്ത്
എനിക്കിപ്പോഴെ ചിരി വരുന്നു.
മരിച്ചവർ ചിരിക്കാൻ
പാടില്ലെന്നത് കൊണ്ടു മാത്രം
ഞാൻ കണ്ണും പൂട്ടി
ഇരുട്ടിനെ
കെട്ടിപ്പിടിച്ചുറങ്ങിപ്പോയി. "

ഇതും കൊറോണക്കാലത്തെ ഓർമ്മിപ്പിച്ചു. ഇപ്പോൾ മരണാനന്തര ചടങ്ങുകൾക്ക് അധികം പേരില്ലല്ലോ. ആത്മഹത്യ ചെയ്തവരെ എടുത്തു കിടത്തുമ്പോൾ പ്രത്യേകിച്ചും .പ്രേമിച്ചു പരാജയപ്പെട്ടവൻ ആത്മഹത്യ ചെയ്യുന്നത് ,ആസിഡ് പ്രേമങ്ങളുടെ കാലത്ത് ,പുതിയൊരു അമ്ളരൂക്ഷമായ റിവേഴ്സ്  ഗിയറാണ്.അതുകൊണ്ട് ,ലോക്ക് ഡൗൺ കാലത്ത് ചത്തവന് കുറേക്കൂടി ഇടം കിട്ടുകയാണ്, തൻ്റെ കാമുകിയെക്കുറിച്ചോർക്കാൻ .അധികമാരും അടുത്തില്ല എന്ന് അവനു സമാശ്വസിക്കാം. ആരാണ് ഈ കമിതാവിനെ കൊന്നത്‌ ? പ്രേമം എന്ന സാമൂഹ്യ നിർമ്മിതിയെ കണ്ടു പിടിച്ച ,നിലനിർത്തുന്ന സാമൂഹ്യ വ്യവസ്ഥ തന്നെ .

വാത്മീകി ശപിച്ചത്   കാട്ടാളനെ ആയിരുന്നെങ്കിലും അത് സമൂഹത്തിനു നേർക്കുള്ളതാണ്. കാമമോഹിതനായിരിക്കുന്നതിനെ കൊല്ലുന്നതിൽ സമൂഹത്തിനെന്നും ഉത്സാഹമാണ്. അസൂയയാണ് ഇതിനു കാരണം.കാമമോഹിതനായ ക്രൗഞ്ചപ്പക്ഷിയെ കൊന്ന കാട്ടാളൻ ഗതിപിടിക്കാതെ പോകട്ടെ എന്ന വാത്മീകീ ശാപം ഇന്ത്യയിൽ എപ്പോഴും മുഴങ്ങുകയാണ്.


 

No comments:

Post a Comment