എം.കെ.ഹരികുമാർ
രണ്ടാം
ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയും സഖ്യകക്ഷികളും ലക്ഷക്കണക്കിനു യൂറോപ്യൻ
ജൂതന്മാരെ കൊന്നൊടുക്കിയത് ചരിത്രത്തിൽ ഹോളോകോസ്റ്റ് എന്ന പേരിലാണ്
അറിയപ്പെടുന്നത്. യുദ്ധത്തെ അതിജീവിച്ച ജൂതന്മാരെയും ഹോളോകോസ്റ്റ് എന്ന
പദവുമായി ചേർത്ത് വിവരിക്കാറുണ്ട് .നാസികൾ കോൺസെൻടേഷൻ ക്യാമ്പുകളിൽ
കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിട്ടയയ്ക്കപ്പെട്ട, മറ്റു വഴികളിലൂടെ
രക്ഷപ്പെട്ട ജൂതന്മാരാണ് ഇവർ.
മാനസികവും
ശാരീരികവുമായ ജീവിതം താളംതെറ്റിയ നിലയിലാണ് ഭൂരിപക്ഷവും അതിജീവിച്ചത്. നാസി
കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് മുറിവേറ്റ മനസ്സും ശരീരവുമായി തിരിച്ചെത്തിയ
ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും തത്ത്വചിന്തകനും മനശാസ്ത്രജ്ഞനുമായ വിക്ടർ
ഫ്രാങ്ക് (1905-1997) എഴുതിയ പുസ്തകങ്ങൾ പീഡിതരുടെ മനശാസ്ത്രം എന്ന നിലയിൽ
ലോകം സ്വീകരിച്ചു കഴിഞ്ഞു.
അദ്ദേഹം സ്വന്തമായി വികസിപ്പിച്ച
ലോഗോതെറാപ്പി മാനവരാശിയുടെ അതിജീവനത്തിൻ്റെ രഹസ്യം തേടുകയാണ്. അധികാരമോ
സന്തോഷമോ നിരുപാധികമായി ഒരാൾക്ക് നേടാനാകില്ലെന്നും എന്നാൽ ജീവിതത്തിനു
ഒരർത്ഥം കണ്ടെത്തുന്നതിൽ വിജയിക്കുകയാണ് പ്രധാനമെന്നും ഫ്രാങ്ക് പറയുന്നു.
അദ്ദേഹത്തിൻ്റെ
ആത്മകഥാപരമായ പുസ്തകം 'മാൻസ് സെർച്ച് ഫോർ മീനിങ്' 1946 ലാണ്
പ്രസിദ്ധീകരിച്ചത്. ദ് വിൽ ടു മീനിങ്, സൈക്കോ തെറാപ്പി ആൻഡ്
എക്സിസ്റ്റെൻഷ്യലിസം തുടങ്ങിയവ ഫ്രാങ്കിൻ്റെ ചില പ്രധാന കൃതികളാണ്.
അദ്ദേഹത്തിൻ്റെ 'യെസ് ടു ലൈഫ് :ഇൻ സ്പൈറ്റ് ഓഫ് എവരിതിംഗ്' എന്ന പുസ്തകമാണ്
ഇവിടെ ചർച്ച ചെയ്യുന്നത്.
അസ്തിത്വവാദമനശാസ്ത്രമാണ്
,ഫ്രാങ്ക് അവതരിപ്പിച്ചത്. മനുഷ്യൻ സ്വതന്ത്രനായിരിക്കാം. എന്നാൽ അവനെ
ജീവിതത്തിൽ പിടിച്ചുനിർത്തുന്നത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന
അർത്ഥമാണെന്നു ഫ്രാങ്ക് വാദിച്ചു .അമെരിക്കൻ ന്യൂറോളജിസ്റ്റും
ഗ്രന്ഥകാരനുമായ ഡാനിയേൽ ഗോൾമാൻ എഴുതിയ മുഖവുരയിൽ ഇങ്ങനെ വായിക്കാം: 'ഈ
പുസ്തകത്തിൻ്റെ തലവാചകമായി ചേർത്തിരിക്കുന്ന 'യെസ് ടു ലൈഫ്' എന്ന വാക്യം
ക്യാമ്പുകളിൽ തടവുകാർ പാടിയ പാട്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്'.
അമിതമായി ജോലി ചെയ്താലും വളരെ കുറച്ചുമാത്രം ഭക്ഷണം കഴിച്ചുകൊണ്ടാണ് അവർ ക്യാമ്പിൽ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്.
അവരുടെ പാട്ടുകളിൽ വെറുപ്പ് പ്രകടമാകുന്നത് സ്വാഭാവികം. ജീവിതത്തെ സ്നേഹിക്കുന്ന സന്ദർഭങ്ങളിൽ അവർ ഇങ്ങനെ പാടി :
'ഭാവി എന്തെങ്കിലുമാകട്ടെ
ഞങ്ങൾ ജീവിതത്തോട്
യെസ് പറയാൻ ആഗ്രഹിക്കുന്നു. എന്നെന്നാൽ ഒരു നാൾ വരും,
അന്ന് നമ്മൾ സ്വതന്ത്രരാകും'
ആക്ടിവിസവും വിഷാദവും
ഫ്രാങ്കിൻ്റെ
അഭിപ്രായത്തിൽ മനുഷ്യർ ജീവിതത്തിൽ അർത്ഥം കണ്ടെത്തുന്നത് മൂന്നു
മാർഗങ്ങളിലൂടെയാണ് .എങ്ങനെ ? ഒന്ന് ,ഏതെങ്കിലുമൊരു പ്രവൃത്തിയിൽ മുഴുകുക.
അത് കലയായിരിക്കാം, പ്രണയമായിരിക്കാം. അതിനു ഒരു ഫലമുണ്ടാകാതിരിക്കില്ല.
രണ്ട് ,കലാസ്വാദനം വേണം. പ്രകൃതിയെ ആസ്വദിക്കുക. മറ്റുള്ളവരോട് സ്നേഹം
പ്രകടിപ്പിക്കുകയും സ്നേഹമുള്ളവരാകുകയും ചെയ്യുക. മൂന്ന്, ഒഴിവാക്കാനാവാത്ത
യാതനകൾ സഹിക്കാൻ ശീലിക്കുക .
ഓൺ ദി മീനിങ് ആൻഡ്
വാല്യൂ ഓഫ് ലൈവ് എന്ന ആദ്യ അധ്യായത്തിൽ ഫ്രാങ്ക് ആറ്റംബോംബ് കണ്ടുപിടിച്ചത്
എങ്ങനെ ലോകത്തിലെ മനുഷ്യരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുവെന്ന്
എഴുതുന്നുണ്ട്. ലോകം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത എവിടെയും വളരെ
പ്രകടമാണ്. എന്നിരുന്നാലും, നാം ശുഭാപ്തിബോധം കൈവരിക്കേണ്ടതുണ്ട്.
ലോകജനതയുടെ വീക്ഷണത്തിലുണ്ടായ വ്യതിയാനത്തെ ഫ്രാങ്ക് ഇങ്ങനെ
നിരീക്ഷിക്കുന്നു: 'കഴിഞ്ഞകാലങ്ങളിൽ ആക്ടിവിസത്തിനു പ്രതീക്ഷ എന്ന
ഗുണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആക്ടിവിസത്തിന് വിഷാദാത്മകത്വത്തെ
ഒഴിവാക്കാനാകില്ല. കാരണം, ഇന്ന് പ്രവർത്തിക്കാനുള്ള ആവേഗങ്ങൾക്കു
പിന്നിലുള്ളത് ,വിശ്വസിക്കാൻ കൊള്ളാവുന്ന പുരോഗതിയുടെ ഒരു മാതൃകയും
കാണാനില്ലെന്ന ചിന്തയാണ്. നമ്മുടേത് ഒരു സാങ്കേതികയുഗമാണ്. നമ്മുടെ
നിരാശകളിൽനിന്നും വിഷാദത്തിൽ നിന്നുമാണ് നാം അലട്ടലോടെ എന്തെങ്കിലും
പ്രവർത്തിക്കാനായി തയ്യാറാവുന്നത്.
എന്നാൽ
മനുഷ്യൻ യത്നിക്കുക തന്നെ വേണം. അനുകൂലമായ വിധം ഒന്നും തന്നെ
സംഭവിക്കണമെന്നില്ല. കഷ്ടസ്ഥിതിയുടെ സാർവലൗകികതയിൽ മാനവജീവിതം, ഏറെക്കുറെ
നിർവ്വചിക്കപ്പെട്ടിരിക്കയാണ് .യുദ്ധങ്ങൾ ,കാലാവസ്ഥാ ദുരന്തങ്ങൾ ,ആഗോള
താപനം ,രോഗങ്ങളുടെ അതിവ്യാപനം ,മനുഷ്യബന്ധങ്ങളുടെ തകർച്ച ,ധാർമ്മികമായ
അധ:പതനം ,സാമ്പത്തികമായ ഊരാക്കുടുക്കുകൾ എന്നിവ സാധാരണ മനുഷ്യരുടെ മനോനിലയെ
തകരാറിലാക്കി കഴിഞ്ഞു . അത്ഭുതകരമായ മാറ്റങ്ങൾക്കായി, ഒരിക്കലും നടക്കാത്ത
കാര്യങ്ങൾക്കായി നമുക്ക് എത്രകാലം പിടിച്ചു നിൽക്കാനാവും?. തീർച്ചയായും,
നമ്മൾ സഹനശക്തിയിലൂടെ പുതിയ മനുഷ്യരാകേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലെ
അനുതാപവും മറ്റുള്ളവർക്കായുള്ള സംവേദനങ്ങളും കൂടുതൽ ആപത്ക്കരമായ ഘട്ടങ്ങളിൽ
എങ്ങനെ വിനിയോഗിക്കണമെന്ന് പഠിക്കേണ്ടതുണ്ട്.
അർത്ഥം കണ്ടെത്തുക
മഹാനായ
ജർമ്മൻ നാടകകൃത്ത് ഗൊയ്ഥെ പറഞ്ഞ ഈ വാചകം ഫ്രാങ്ക് തൻ്റെ പുസ്തകത്തിൽ
ഉദ്ധരിക്കുന്നുണ്ട്: 'സഹനശക്തികൊണ്ടും പരിശ്രമംകൊണ്ടും
മഹത്വപ്പെടുത്താനാവാത്ത യാതൊരു ദുരവസ്ഥയും ഇവിടെയില്ല'. ഇത് ജീവിതത്തിൽ
അർഥം കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കാതിരിക്കില്ല. യുദ്ധങ്ങളും
ദുരനുഭവങ്ങളും മറ്റു അപകടങ്ങളും സാങ്കേതികപിഴവിലൂടെയോ ബോധപൂർവ്വമായ
എടുത്തുചാട്ടങ്ങളിലൂടെയോ സംഭവിക്കുന്നു. അതൊന്നും മനുഷ്യന്
ഒഴിവാക്കാനാവില്ല. ആൾക്കൂട്ടങ്ങൾ കൂടുന്നതിനനുസരിച്ച് അപകടങ്ങൾക്കും
വ്യാപ്തി വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ,ദൗർഭാഗ്യങ്ങളിലും നമ്മൾ
ആന്തരികമായ ഉണർവ് നേടണമെന്നാണ് ഫ്രാങ്ക് നിർദ്ദേശിക്കുന്നത്. സ്വാനുഭവമാണ്,
അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തടവറയിൽ കിടന്നപ്പോൾ
അനുഭവിച്ച അപമാനവും നുണപ്രചാരണങ്ങളും ഭീഷണികളും പീഡനങ്ങളും ഒരാളെ
അവസാനിപ്പിക്കാൻ ശേഷിയുള്ള മാരകായുധങ്ങൾ തന്നെയായിരുന്നു.എന്നാൽ ഫ്രാങ്ക്
അതിനെതിരെ തത്ത്വചിന്താപരവും മനശാസ്ത്രപരവുമായ നിലപാടെടുത്തു.
ഇത്
സഹജമായ പരിശ്രമങ്ങളാണ്. ഒരാൾ തത്ത്വചിന്തകനാകാൻ പ്രത്യേകിച്ചൊന്നും
ചെയ്യണമെന്നില്ല .മനുഷ്യൻ്റെ സ്വാഭാവികമായ ,സഹജമായ രീതിയാണ് തത്ത്വചിന്ത.
അവൻ്റെ വിധിയെപ്പറ്റി അവനു ചില നിഗമനങ്ങളും നിർവ്വചനങ്ങളുമുണ്ട്. ഏതൊരാളും
തൻ്റെ ദൗർഭാഗ്യങ്ങളെ , ഒരു ഘട്ടത്തിൽ ,പരിശോധിക്കാതിരിക്കില്ല. അവിടെ
തത്ത്വചിന്താപരമായ സമീപനങ്ങൾ സ്വാഭാവികമാണ്. ദൈവത്തെ വിളിക്കുന്നതു പോലും
തത്ത്വചിന്തയാണ്, രക്ഷാമാർഗമാണ്.
വീഴാതെ നില്ക്കാൻ
വിധിയിൽ
വിശ്വാസമാണെന്ന് പറയുന്നതിൽപോലും തത്വചിന്തയുണ്ട്. ജർമ്മൻ കവി
ഫ്രീഡ്റിച്ച് ഹൈഡാർലിൻ 'എൻ്റെ ദൗർഭാഗ്യങ്ങളിലേക്ക് ഞാൻ വീഴുകയാണെങ്കിൽ
,അവിടെ എഴുന്നേറ്റ് നിൽക്കുകയേയുള്ളൂ' എന്ന് പറഞ്ഞത് ഫ്രാങ്ക് തുടർന്നു
ഉദ്ധരിക്കുന്നത് ഇതിനു തെളിവാണ്.
ഫ്രാങ്ക് എഴുതുന്നു:
'ജീവിതത്തിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ വാക്കുകളിൽ
ലഭ്യമാകണമെന്നില്ല, പ്രവൃത്തികളിലാണുള്ളത്. ജീവിക്കുന്നതിൽ ,ആകെ ഉണ്മയിൽ
അതു നിലനിൽക്കുന്നു. ജീവിതത്തിൻ്റെ ചോദ്യങ്ങൾക്ക് ഓരോരുത്തരും സ്വന്തം
ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഉത്തരം നൽകേണ്ടത്'.
വിധിയെ
ആർക്കും മാറ്റാനാവില്ല. യുദ്ധങ്ങൾ നമുക്ക് തടയാനാവില്ല. ലോകനേതാക്കൾക്ക്
പോലും, എത്ര ബൗദ്ധികമായി ചിന്തിച്ചിട്ടും, കണക്കുകൾ പിഴയ്ക്കാറുണ്ടല്ലോ.
ഒരു സെക്കൻഡിൽ എടുക്കുന്ന തീരുമാനങ്ങളാണ് എല്ലാം ; അതിനുമുമ്പ്
പലതരത്തിലുള്ള ചർച്ചകളും ഒരുക്കങ്ങളും പിന്തിരിയലുകളും
ഉണ്ടായിരുന്നിരിക്കാം. ശാസ്ത്രീയമായി പലതും അപഗ്രഥിച്ചിട്ടുണ്ടാകും. എല്ലാം
കുറ്റമറ്റതെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ടാകും. എന്നാൽ പ്രാപഞ്ചികമായ
തീരുമാനങ്ങൾ സംഭവിക്കുന്നത് ഒരു നിമിഷത്തിലാണ്. ആ നിമിഷത്തിലാണ് അതിൻ്റെ
ഉത്തരവാദിത്വമുള്ളത്. അത് കണ്ടില്ലെങ്കിൽ അത് സംഭവിക്കുകയാണ്, അതിൻ്റെ
ഭവിഷ്യത്ത് എന്താണെന്ന് അറിയാതെ തന്നെ. മനുഷ്യബുദ്ധിയെ മറികടന്ന്
സംഭവിക്കുന്നതെല്ലാം വിധിയാണ്. വിധിയെ മാറ്റാനാവാത്തതുകൊണ്ട് നമുക്ക് അതിനെ
തത്ത്വചിന്താപരമാക്കാതെ വേറെ വഴിയില്ല .ഭൗതികമായ ഈ വിധിയോടു നാം എങ്ങനെ
പ്രതികരിക്കുന്നു എന്നതിലല്ല ,നമുക്കു അതിൻ്റെ ഘടനയെ മാറ്റാൻ
കഴിയില്ലെന്നിരിക്കെ, ജീവിതത്തിൻ്റെ അർത്ഥമുള്ളത്.
യഥാർത്ഥ സ്വാതന്ത്യം
ഫ്രാങ്ക്
പറയുന്നത് , ഇവിടെനിന്ന് ഒരു പടികൂടി മുന്നോട്ടുപോയി ,ശുദ്ധമായ, സത്യമായ
കഷ്ടതയ്ക്കും അതിനപ്പുറമുള്ളമുള്ളതിനും ,ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന
കാര്യങ്ങൾക്കും എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നാണ്.
ഒന്നിനും ആത്യന്തികമായി അർത്ഥമില്ല. കാലം കടന്നു പോകുമ്പോൾ
എല്ലാത്തിൻ്റെയും ഉറവിടവും ഉദ്ദേശ്യവും അർത്ഥവും തകരുന്നു. സകല വേദാന്തവും
പറയുന്നത് ,എല്ലാം അവസാനം പൊടിയായി അവശേഷിക്കുമെന്നാണ്. ത്രസിക്കുന്ന
ജീവിതത്തിൻ്റെ തൊട്ടടുത്താണ് പൊടി കൂട്ടത്തോടെ അടിഞ്ഞു കിടക്കുന്നത്.
ഓരോന്നിനും അർത്ഥമുണ്ടെന്ന് സങ്കല്പിക്കുന്നത് , നമുക്ക് പ്രതീക്ഷ
തരുകയാണ്. എപ്പോഴും പ്രാപഞ്ചികമായ അർത്ഥത്തെ തന്നെ സ്ഥാപിക്കാൻ
ശ്രമിക്കണമെന്നില്ല .ഓരോന്നും അർത്ഥശൂന്യമാണ്; എന്നാൽ ഓരോന്നിനും
അർത്ഥമുണ്ട്. രണ്ടും തെളിയിക്കാൻ പ്രയാസമാണ്. ഫ്രാങ്ക് അനുഭവത്തിൻ്റെ
പശ്ചാത്തലത്തിൽ പറയുന്നത് ,ബാഹ്യമായ നിർദ്ദേശങ്ങൾക്ക് വഴങ്ങി, ഒരു
ക്യാമ്പിൽ ജീവിക്കുന്നവർക്ക് പെരുമാറ്റത്തെ പ്രതീക്ഷാനിർഭരമായി നിലനിർത്താൻ
കഴിയില്ലെന്നാണ്. അതേസമയം ഓരോ വ്യക്തിക്കും അവൻ്റെ ആന്തരിക
സ്വാതന്ത്ര്യമുണ്ട് .അതാർക്കും അപഹരിക്കാൻ കഴിയില്ല. സ്വന്തം വിധിയോട്
,പശ്ചാത്തലത്തോട് ഇണങ്ങി നിൽക്കാനുള്ള സ്വാതന്ത്ര്യമാണത്. അവിടെ
ഓരോരുത്തരുടെയും വഴി വ്യത്യസ്തമാണ്. അങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു വഴി
തുറന്നു കിട്ടുന്നു. അവനവൻ്റെ പ്രാപ്തിക്കൊത്ത് ഈ സ്വാതന്ത്ര്യം
ഉപയോഗിക്കാൻ തുടങ്ങുന്നതോടെ, ദൗർഭാഗ്യങ്ങളെ സഹിക്കാനും മറികടക്കാനും
കഴിയുന്നു. ഈ ആന്തരികമായ സിദ്ധിയാണ് യഥാർത്ഥ മനുഷ്യസ്വാതന്ത്ര്യമെന്ന്
ഫ്രാങ്ക് പറയുന്നു. ഒരാളിൽ അത് നിലനിൽക്കുന്നു. അത് നിലീനമാണ്. അത് ആരും
കൊണ്ടുപോകില്ല. നമ്മുടെ സഹനത്തോടൊപ്പം അതും ജീവിക്കുന്നു. മന:ശാസ്ത്രപരമായ
ഈ ആവർത്തനം, താദാത്മ്യം നിലനിർത്തുകയാണ് പ്രധാനം. ഈ കാലഘട്ടത്തിലെ
അനൗദ്യോഗികമായ തടവറകളിൽ നിന്ന് മനുഷ്യനെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന
ചിന്തകളാണ് ഫ്രാങ്ക് അവതരിപ്പിക്കുന്നത്. ലോകം തന്നെ ഒരു നാസി
കോൺസെൻട്രേഷൻ ക്യാമ്പാണെന്നു സങ്കല്പിച്ചാൽ ഇത് കൂടുതൽ വ്യക്തമാവും .
നുറുങ്ങുകൾ
1)അമെരിക്കയിൽ
ജനിച്ച് ഇരുപത്തഞ്ചാം വയസ്സിൽ ഇംഗ്ളണ്ടിലെത്തി ബ്രിട്ടീഷ് പൗരത്വം നേടിയ
ടി .എസ് .എലിയറ്റ് എഴുതിയ 'ദ് വേസ്റ്റ് ലാൻഡ് 'ഇരുപതാം നൂറ്റാണ്ടിലെ
ആധുനികകവിതയുടെ പ്രമുഖമായ ആവിഷ്കാരമാണ് .
ഇതിൻ്റെ നൂറാം വാർഷികം ഈ
വർഷം ഒക്ടോബറിലാണ് ആഘോഷിക്കുന്നത്. കവിതയുടെ ആന്തരികമായ ശബ്ദവും ഭാഷയുടെ
സൂക്ഷ്മമായ സന്നിവേശവുംകൊണ്ട് വ്യതിരക്തമായ സ്വരം കേൾപ്പിച്ച ഈ കൃതി 1922
ഒക്ടോബറിൽ എലിയറ്റിൻ്റെ തന്നെ പ്രസിദ്ധീകരണമായ 'ദ് ക്രൈറ്റീരിയനി'ലാണ്
ആദ്യമായി വെളിച്ചം കണ്ടത്.
പിന്നീട് അമെരിക്കയിലെ 'ദ് ഡയൽ' എന്ന
മാസികയിലും പ്രസിദ്ധീകരിച്ചു. 'ദ് ഡയലി'ൻ്റെ പത്രാധിപരായിരുന്ന എസ്റാ
പൗണ്ട് പ്രത്യേക താത്പര്യമെടുത്താണ് കവിത അതിൽ ചേർത്തത്.'ദ് വേസ്റ്റ് ലിൻസ്
വായിച്ച് ആസ്വദിക്കാനുള്ള ശേഷിയില്ലാത്ത ധാരാളം 'വിദ്യാസമ്പന്നരു'ണ്ട്.
അവർ ഇപ്പോഴും ഈ കവിതയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നതി നെ അസൂയ, അസഹിഷ്ണുത
എന്നീ പദങ്ങൾകൊണ്ട് നേരിടാവുന്നതാണ്.
ആധുനികനാഗരികത സംവേദനക്ഷമമായ ഒരു മനസ്സിൽ ഏല്പിക്കുന്ന നാനാവിധത്തിലുള്ള മുറിവുകളാണ് ,സത്യസന്ധമായി, എലിയറ്റ് ആവിഷ്കരിക്കുന്നത്.
2)രണ്ടാഴ്ച
മുമ്പ് 'അക്ഷരജാലക'ത്തിൽ സമസ്തകേരള സാഹിത്യപരിഷത്ത് യാതൊരു ആശയവുമില്ലാത്ത
സംഘടനയാണെന്ന് എഴുതിയിരുന്നു. പെട്ടെന്നുതന്നെ പ്രതികരണയുണ്ടായി.
കഴിഞ്ഞദിവസം പരിഷത്ത് എൻ.എസ്.മാധവനും സേതുവിനും അവാർഡ്
പ്രഖ്യാപിച്ചുകൊണ്ട് തങ്ങൾ ഇപ്പോഴും എറണാകുളത്ത് ആശുപത്രി റോഡിൽ
പ്രവർത്തിക്കുന്നുണ്ടെന്നു തെളിയിച്ചു! .എൻ്റെ വിമർശനം ശരിയാണെന്ന്
വ്യക്തമാക്കുന്ന സംഭവമാണിത്. സേതുവിനും മാധവനും ഈ അവാർഡിൻ്റെ കുറവേ
ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ രണ്ടു വർഷമായി ലോകത്ത് എല്ലാ സംഘടനകളും
ഓൺലൈനിലാണ് പ്രവർത്തിച്ചത്. എന്നാൽ പരിഷത്ത് രണ്ടുവർഷമായി യാതൊരു
മീറ്റിംഗും നടത്തിയിട്ടില്ലെന്നും അതിന് കാരണം കോവിഡാണെന്നും പത്രത്തിൽ
വായിച്ചു. എന്തിനാണ് ഈ സംഘടന പ്രവർത്തിക്കുന്നത് എന്നു മനസ്സിലാവുന്നില്ല
.എന്തെങ്കിലും ആശയമുണ്ടോ ? കോവിഡ് കാലത്തായിരുന്നു പരിഷത്ത്
പ്രവർത്തിക്കേണ്ടിയിരുന്നത്. ഈ കാലത്ത് വിഷാദരോഗത്തിലേക്ക് വഴുതി വീണ
എഴുത്തുകാരെ കണ്ടെത്തണമായിരുന്നു. ജീർണിച്ച ഒരു സ്ഥാപനത്തിന് മാത്രമേ ആധി
നിറഞ്ഞ ഈ കാലത്ത് മാമൂൽ അവാർഡ് കൊടുത്ത് ആത്മരതിയിൽ മുഴുകാനാവൂ. പരിഷത്ത്
പരിഗണിക്കുന്നത് എഴുത്തുകാരുടെ ഉന്നതമായ സാമൂഹ്യപദവി, ഉയർന്നശമ്പളം, വലിയ
രാഷ്ട്രീയസ്വാധീനം തുടങ്ങിയവയാണെന്നു തോന്നുന്നു. ഈ സംഘടന ഇപ്പോഴും
ഇരുട്ടിൽ തപ്പുകയാണ്.
3)വേദപണ്ഡിതനായ മുനി
നാരായണ പ്രസാദിൻ്റെ ശതാഭിഷേക സ്മരണിക ശ്രദ്ധേയമാണ്. നാനൂറ്റി നാല്പത്തി
രണ്ടു പേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ പുസ്തകത്തിൽ മുനിയെക്കുറിച്ച്
അമ്പതിലേറെ പേർ എഴുതിയിട്ടുണ്ട്. എന്നാൽ ആദ്യ പേജുകളിൽ മുനിയുമായി നടത്തിയ
അഭിമുഖം ഉപരിപ്ളവവും വിരസവുമാണ്. അജ്ഞതയുടെ ആധിപത്യമാണ് അതിൽ കണ്ടത്. പി.ആർ
.ശ്രീകുമാർ എഡിറ്റു ചെയ്ത ഈ പുസ്തകം നാരായണ ഗുരുകുലം പ്രസിദ്ധീകരിച്ചു.
4)കേരളീയ
സമൂഹത്തിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്ന ഭൂരിപക്ഷത്തിനും ഒരേയൊരു
ലക്ഷ്യമേയുള്ളു: ഒരു 'സാഹിത്യകാര'നാവുക! .വിലയ്ക്ക് വാങ്ങാവുന്ന തരത്തിൽ
അത് അധ:പതിച്ചു.
5)വിനു എബ്രഹാം തന്നെത്തന്നെ
ആത്മാർത്ഥമായി പിന്തുടർന്നും അപഗ്രഥിച്ചുമെഴുതിയ കഥയാണ്
'കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 19).
ഒരു പ്രസാധനശാലയിൽ ന്യൂ ജെൻ വാക്കുകൾ സമാഹരിക്കാനും അത് ശബ്ദതാരാവലിയിൽ
ചേർക്കാനുമായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ഓർമ്മകളും ആധികളുമാണ് ഇതിൽ
നിറയുന്നത്. നിഷ്കളങ്കമായി , ജീവിതത്തിൽ നിന്നുതന്നെ ഭക്ഷണം തേടുന്ന ഒരു
നിരാലംബമനസ്സിൻ്റെ പച്ചപ്പ് ഈ കഥയിൽ പരക്കുകയാണ്. ജീവിതത്തിൽ അന്യത
വന്നുമൂടുന്നത് ഒരു പുതിയ സുവിശേഷമായി കഥാകാരൻ അവതരിപ്പിക്കുന്നു.
6)ലിംഗനീതി
,ലിംഗസമത്വം എന്നെല്ലാം ഇപ്പോൾ ധാരാളമായി കേൾക്കുന്നുണ്ട്. ലിംഗം എന്ന
നിലയിൽ സ്ത്രീയുടെ അനുഭവങ്ങൾ ഒരു തുരുത്തായി രൂപാന്തരപ്പെടുകയാണെന്നു
തോന്നുന്നു.
സ്ത്രീ ഒരു ലിംഗം മാത്രമാണോ ? അപ്പോൾ പുരുഷനോ ?
ആത്മീയ, ദാർശനിക ,പാരമാർഥിക ബോധങ്ങൾ സ്ത്രീക്ക് അവകാശപ്പെട്ടതല്ലേ?
വിധ്വംസകമായ വിധം , ഉത്തരാധുനികതയുടെ ലിംഗരാഷ്ട്രീയം നമ്മുടെ
ജ്ഞാനേന്ദ്രിയങ്ങളെ തകർക്കുകയാണിന്ന്. സ്ത്രീ ഒരു ലിംഗാവവസ്ഥയുടെ
തടവറയ്ക്കുള്ളിൽ കിടന്ന് സ്വയം നോക്കി കാണേണ്ടവളല്ല എന്ന് ചിന്തിക്കുമ്പോൾ
മാത്രമേ, ഈ ഉത്തരാധുനിക തടവറകൾ ഭേദിക്കപ്പെടുകയുള്ളു.