എം.കെ.ഹരികുമാർ
കലാപരമായ
ഓരോ 'നോട്ട'വും മാനവരാശിയുടെ കാഴ്ചയിലുള്ള സംസ്കാരത്തെ വഴിതിരിച്ചു
വിടുകയാണ്. കലാകാരൻ്റെ നോട്ടത്തിലൂടെ അഴിഞ്ഞുവീഴേണ്ടത്, ചിരപരിചിതമായ
കോണുകളും, സങ്കല്പങ്ങളും ,മുൻവിധികളുമാണ്.
സാഹസികമായി
നോക്കുന്നത്, ആപത്ക്കരമായി കാണുന്നത് ഒരറിവായി കലയിൽ എപ്പോൾ
രൂപപ്പെടുന്നുവോ അപ്പോഴാണ് നമുക്ക് ചുറ്റിനുമുണ്ടായിരുന്ന ഒരു അഗാധലോകം
വെളിപ്പെട്ടുകിട്ടുന്നത്.
അമേരിക്കൻ കലാകാരൻ
റോക്ക്വെൽ കെൻ്റിൻ്റെ പെയിൻ്റിംഗുകൾ അതാണ് ഉദാഹരിക്കുന്നത്. 1904 ലാണ്
ആദ്യപ്രദർശനം സംഘടിപ്പിക്കപ്പെട്ടത്. സൊസൈറ്റി ഓഫ് അമെരിക്കൻ
ആർട്ടിസ്റ്റ്സ് ആതിഥേയത്വം വഹിച്ച പ്രദർശനമായിരുന്നു അത്. ഡബ്ലിൻ നഗരത്തോട്
ചേർന്നുള്ള മൊണാഡ്നോക്ക് കുന്നുകളെയും പ്രകൃതിനഗരമായ ന്യൂ ഹാംപ്ഷൈർ
പ്രദേശങ്ങളെയുമാണ് കെൻ്റ് ആ ചിത്രങ്ങളിൽ ആലേഖനം ചെയ്തത്. ശുദ്ധപ്രകൃതിയുടെ
മനോഹാരിത മുഴുവൻ ആവാഹിച്ച ലിങ്കൺ കൗണ്ടിയിലെ മോണിഗൻ ദ്വീപിനെ അധികരിച്ച്
കെൻറ് ഒരു പരമ്പര തന്നെ ചെയ്തു. വരകളിലൂടെ തന്നിലെ പ്രകൃതിയെയും
പ്രകൃതിസ്നേഹിയെയും അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.
അധ്യാപകനായ
റോബർട്ട് ഹെൻട്രിയുടെ പ്രേരണയിലാണ് ദ്വീപിലേക്ക് പോയത്. ദ്വീപിൻ്റെ
സൗന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം അവിടെ സ്റ്റുഡിയോ നിർമ്മിച്ച്
താമസിക്കുകയാണ് ചെയ്തത്. ശൂന്യതയിൽ നിന്നാണ് താൻ ആവശ്യമായ ചേരുവകൾ കലയിൽ
സ്വരൂപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'കാം ആൻഡ് ഫ്രീ' എന്ന
ചിത്രത്തിലെ സൂര്യൻ ലൈംഗികതയുടെ ബിംബമാകുകയാണെന്ന് ഒരു വിമർശകൻ
ചൂണ്ടിക്കാണിച്ചത് ഓർക്കുകയാണ് .അദ്ദേഹം പ്രകൃതിയെ വരയ്ക്കുമ്പോഴും
തന്നിലെ ആത്മീയമൂലകങ്ങൾക്ക് ആകാരം നല്കുകയായിരുന്നു.രാഷ്ട്രീയസംഭവങ്ങളുടെ
കാരണം തേടി ബ്രഷ് കൈയിലെടുക്കുകയായിരുന്നില്ല കെൻ്റ്. തൻ്റെ കലയെ എങ്ങനെ
പൂർണമായി ആവിഷ്കരിക്കാമെന്നാണ് ചിന്തിച്ചത് .
നിശ്ശബ്ദത ,ലാവണ്യം
നമ്മുടെ
നാട്ടിൽ എഴുത്തുകാർ ,കലാകാരന്മാർ പൊതുവെ തങ്ങളുടെ സർഗ്ഗാത്മകതയെ പരമാവധി
പൂർണ്ണതയിൽ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നു പോലുമില്ല.എന്നാൽ
അതീന്ദ്രിയജ്ഞാനവും പ്രകൃതിബോധവും സൗന്ദര്യാത്മകതയും അലൗകികമായതിനോടുള്ള
അഭിനിവേശവുമാണ് കെൻ്റിൻ്റെ കലയെ പ്രസ്ഥാനങ്ങൾക്കും നവോത്ഥാനത്തിനും
മുതലാളിത്തത്തിനും അപ്പുറം നിർത്തുന്നത്. ഇന്ന് ഒരാൾ ഓണപ്പതിപ്പിലോ
,മാഗസിനിലോ എഴുതുമ്പോൾ തൻ്റെ പ്രശസ്തിയുടെ ബലത്തിൽ എന്തെങ്കിലും ഒരു രചന
നല്കുകയാണ് ചെയ്യുന്നത്. തന്നെക്കൊണ്ട് ചെയ്യാനാവുന്നതിൻ്റെ പരമാവധിയും
പുറത്തെടുക്കാൻ ആരും തയ്യാറാകുന്നില്ല.
അവിടെയാണ്
കെൻറ് വ്യത്യസ്തനാകുന്നത്. അദ്ദേഹം മാക്സിമം സർഗ്ഗാവിഷ്കാരത്തിനായി
വന്യതയിലേക്ക് ആനയിക്കപ്പെടുന്നതിൻ്റെ കാരണം മറ്റൊന്നല്ല. അതിനായി
താമസസ്ഥലം തന്നെ മാറ്റുന്നു. പ്രകൃതിയുടെ നിശ്ശബ്ദതയും അകൃത്രിമമായ
ലാവണ്യവും ഒത്തിണങ്ങിയ സ്ഥലങ്ങളിൽ താമസിച്ചുകൊണ്ടാണ് കെൻറ് തൻ്റെ
ചിത്രരചനയ്ക്ക് വികാസം കണ്ടെത്തിയത്.
വ്യക്തിഗതമായതോ
,പ്രത്യക്ഷതയുടെ നിദാനമായ വസ്തുവിവരണമോ കാൻവാസിൽ ആവിഷ്കരിക്കുന്നതിന് പകരം
കെൻറ് ഭൂപ്രകൃതിയുടെ അഭൗമ ലാവണ്യവും അത്ഭുതവുമാണ് ചിത്രീകരിച്ചത്. അതിൻ്റെ
അനുഭവങ്ങൾ ചേർത്തുവച്ചുകൊണ്ട് എഴുതിയ 'വൈൽഡർനസ് 'എന്ന കൃതി മനുഷ്യൻ്റെ
മഹത്തായ പൈതൃകം പ്രകൃതിയാണെന്നു ഓർമിപ്പിക്കുന്നു. അലാസ്കയിൽ തൻ്റെ ഒൻപതു
വയസ്സുള്ള മകനോടൊത്ത് കഴിഞ്ഞ കാലമാണ് അതിൽ ആലേഖനം ചെയ്യുന്നത്.
'ദ്
വ്യൂ ഫ്രം ഫോക്സ് ഐലൻഡ് ഇൻ ദ് വിൻ്റർ' എന്ന ചിത്രം കെൻ്റിൻ്റെ
അതീന്ദ്രിയവും ആത്മീയവുമായ ഉത്തേജനങ്ങളുടെ സമന്വയമാണ് പകരുന്നത്.
ചിത്രകലയിൽ ഉപയോഗിക്കുന്ന വർണ്ണഭാഷയുടെ ദൈവികത ഉണ്ടെങ്കിൽ അത് ഇതാണ്
.മനുഷ്യൻ്റെ അന്തര്യാമിയായ ഒരു ഭാവമായി ഇതിനെ സാക്ഷാത്കരിക്കുകയാണ്.
അതിനുവേണ്ടിയാണ് ഈ പ്രദേശം തിരഞ്ഞെടുക്കുന്നത്. എന്നാൽ പർവതങ്ങളോ നദികളോ
അല്ല തന്നെ വരയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിചിത്രമെന്നപോലെ
പറയുന്നുമുണ്ട്.
അതിങ്ങനെയാണ്: "പർവതങ്ങളോ പ്രണയമോ ഒന്നും തന്നെ
കലാകാരനെ പ്രേരിപ്പിക്കുന്നില്ല .അയാളുടെ ഉള്ളിലെ ജീവിതപ്രേമമാണ്
സൃഷ്ടിക്കു നിദാനമാകുന്നത് " .
ജൈവാനുഭവം
കെൻ്റിൻ്റെ
ചിത്രങ്ങൾ ആ കാലഘട്ടത്തിലെ മറ്റു ചിത്രകാരന്മാരെയും എഴുത്തുകാരെയും
സ്വാധീനിച്ചു. പിൽക്കാലത്ത് നോബൽ സമ്മാനം നേടിയ, അമെരിക്കൻ എഴുത്തുകാരൻ
വില്യം ഫോക്‌നർ ആവശ്യപ്പെട്ടത് ഹെർമൻ മെൽവിലിൻ്റെ 'മൊബിഡിക്ക്' എന്ന
നോവലിനെ അധികരിച്ച് കെൻ്റ് വരച്ച ഒരു ചിത്രമായിരുന്നു. സന്തോഷത്തോടെയാണ്
ഫോക്നർ ആ ചിത്രം വാങ്ങിയത്. അദ്ദേഹം അത് തൻ്റെ എഴുത്തുമുറിയിൽ അലങ്കരിച്ച്
സൂക്ഷിക്കുകയും ചെയ്തു. കെൻ്റിൻ്റെ ചിത്രങ്ങൾ കണ്ട് അലാസ്ക ദ്വീപിലേക്ക്
യാത്രചെയ്ത ധാരാളം സഞ്ചാരികളുണ്ട്,എഴുത്തുകാരുണ്ട്.
മാതാപിതാക്കൾ
കെൻ്റിനെ കോളജിൽ അയച്ചത് വാസ്തുശില്‌പവിദ്യ പഠിച്ച് നല്ലൊരു വരുമാനമുള്ള
ഉദ്യോഗം നേടാനാണ്. എന്നാൽ കെൻ്റ് കൊളംബിയ യൂണിവേഴ്സിറ്റി വിട്ടു
തൻ്റെയുള്ളിലെ പ്രാപഞ്ചികമായ വിളികേട്ട് ,ഏതോ വഴിയിൽ കാണാത്ത കാൽപ്പാടുകൾ
തേടി അലയുകയായിരുന്നു. യു.എസിലെ വടക്കു കിഴക്കൻ സംസ്ഥാനമായ
മെയ്‌നിയിലുള്ള ദ്വീപിൽ ഒരു കുടിൽകെട്ടി താമസിക്കുകയാണ് ചെയ്തത്, പ്രകൃതി
ശാസ്ത്രജ്ഞനായ തോറോയെ പോലെ. പ്രകൃതിസ്നേഹികളും അതീന്ദ്രിയജ്ഞാനികളുമായ
എമേഴ്സൺ ,തോറോ എന്നിവരെ വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്തു.
കലയെ
പൊതുവേ മനസ്സിലാക്കപ്പെടുന്ന രീതിയിലുള്ള ഒരു കലാകാരനല്ല താനെന്ന് അദ്ദേഹം
പറഞ്ഞിട്ടുണ്ട്. അമൂർത്തത അർത്ഥശൂന്യമാണ് ,അത് സാകല്യമായ ഒരനുഭവത്തിൻ്റെ
ഒരു ചീന്ത് എന്ന നിലയിലാണെങ്കിൽ .അപാരമായ ഒരു പ്രാപഞ്ചികലോകത്തിൻ്റെ
നുറുങ്ങല്ല ,സൂചിതമായ ഒരു ജൈവാനുഭവത്തെയാണ് ലക്ഷ്യമിടുന്നത് .
കെൻറിനെ
പ്രചോദിപ്പിച്ചത് ജീവിത സാരത്തിൻ്റെ ആത്യന്തികമായ ലയമാണ്. ഭൗതികവും
ശാരീരികവുമായ വസ്തുക്കളെല്ലാം കലയുടെ പ്രകടഭാവങ്ങളായി കാണണം .വസ്തുക്കളുടെ
മഹാപദ്ധതികളുടെ ഭാഗമാണ് നമ്മൾ. കലാകാരൻ ഒരു ഉപകരണമാണ് ,
അനന്തതതയെക്കുറിച്ചുള്ള ധാരണയ്ക്കനുസരിച്ച് അതിനിന്ന് കലയുടെ മഹത്വം
ആവിഷ്കരിക്കാം.
കലാകാരനു ഒരു സ്വഭാവം നല്കുന്നത് ഇതാണ്.
സോവിയറ്റ്
യൂണിയനിൽ (1857-1958) ചിത്രപ്രദർശനം സംഘടിപ്പിച്ച ആദ്യ അമേരിക്കക്കാരനാണ്
കെൻറ്. അദ്ദേഹത്തിന് അവിടെ ധാരാളം ആരാധകരെ കിട്ടി. അദ്ദേഹം നൂറുകണക്കിന്
ചിത്രങ്ങളും രേഖാചിത്രങ്ങളും സെൻറ് പീറ്റേഴ്സ്ബർഗ് മ്യൂസിയത്തിന് സംഭാവന
ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളെ
മുൻനിർത്തി സോവിയറ്റ് ഭരണകൂടം കെൻ്റിനെ 1967ൽ ലെനിൻ സമാധാന സമ്മാനം നല്കി
ആദരിച്ചു.
സസ്യത്തിൻ്റെ മഹത്വം
സമൃദ്ധവും
മൗനനിബിഡവുമായ തൻ്റെ ആത്മാവിൻ്റെ വന്യതയിലേക്കാണ് കെൻ്റ് സഞ്ചരിച്ചത് .ഒരു
കലാകാരനു വസ്തുക്കളെക്കുറിച്ചുള്ള കാഴ്ചയുടെ ജ്ഞാനം മാത്രം പോരാ;
അളവുകളുടെയും നിറങ്ങളുടെയും അവബോധം മാത്രം പോരാ; സവിശേഷമായ അവബോധാത്മകമായ
അറിവ് അനിവാര്യമാണ്. ആത്മീയത എന്ന് ഇതിനെ വിളിക്കാം. അവബോധപരമായ
അറിവിൻ്റെ അടിത്തട്ടിൽ ജീവിതത്തിൻ്റെ അപാര വിസ്മയങ്ങൾ അനാവരണം
ചെയ്യപ്പെടുകയാണ്. ചില പ്രത്യേക ഭൂപ്രകൃതിദൃശ്യങ്ങളിൽ, അസാധാരണമെന്നപോലെ
പ്രാപഞ്ചികമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മഹാത്ഭുതങ്ങൾ അലയടിക്കുന്നത്
എന്തുകൊണ്ടാണ്?
കെൻ്റിൻ്റെ ഏർലി നവംബർ , (നോർത്ത്
ഗ്രീൻലാൻഡ്),യംഗ് സ്പ്രൂസസ് (മെയ്നി കോസ്റ്റ് ),ക്രിസ്റ്റ്യൻ ഗ്രേവ്സ്
(ഗ്രീൻലാൻഡ്) വെർമണ്ട് സ്റ്റഡി ,അഡ്മിറാൽറ്റി സൗണ്ട് (തിയറാ ഡെൽ ഫ്യൂഗോ)
എന്നീ ചിത്രങ്ങൾ ലോകത്തിൻ്റെ മനോഹാരിതയത്രയും കോരിനിറച്ചിരിക്കുകയാണ്. ഈ
ചിത്രങ്ങൾ നമ്മെക്കാൾ, നമ്മുടെ ഭാവനകളെക്കാൾ സുന്ദരമാണ് . അല്ലെങ്കിൽ നാം
കണ്ട പ്രകൃതിയെക്കാൾ അത് ദൈവികമാണ്. ജീവിച്ചിരിക്കുന്ന നാം ഈ ദൈവികതയിൽ
സ്പർശിച്ച് ആനന്ദിക്കുകയാണ് .ഒരു സസ്യത്തിൻ്റെ യഥാർത്ഥ മഹത്വം ഒരിക്കലും
ആരും കണ്ടെത്തുന്നില്ലെന്ന എമേഴ്സൻ്റെ ചിന്ത ഇതിൽ നിഴലിക്കുന്നുണ്ട്.
കണ്ടെത്താനാവാത്തതിനെക്കുറിച്ചുള്ള
ഉത്കണ്ഠയാണ്, സർഗാത്മകതയുടെ മുഖമുദ്ര. 'അഡ്മിറാലിറ്റി സൗണ്ടി'ലെ മരം
സംഗീതത്തിൻ്റെ അവതാരമല്ലേ? ഇലകളില്ലാത്ത ഒരു മരത്തിനു ഇത്ര ഭംഗിയോ? ആ
മരക്കമ്പുകൾ ഏതോ രാഗാലാപനത്താൽ വിവശയാണെന്നു തോന്നും .പശ്ചാത്തലത്തിലെ
വെൺമേഘങ്ങളും തടാകനീലിമയും മലകളുടെ കാഠിന്യവും അലൗകികമായ ഏതോ തലത്തിൽ
നശ്വരമായ ഈ ജീവിതത്തെ പ്രലോഭിപ്പിക്കുന്നു.
മനുഷ്യത്വം എന്ന മഹാസ്വപ്നം
നശ്വരതയെ
മറികടക്കാനുള്ള അലൗകികമായ തൃഷ്ണയാണ് യു. എ. ഖാദറിൻ്റെ 'പ്രണയം ധൂർത്തടിച്ച
പഴയൊരു കാമുകൻ ' എന്ന കഥയിൽ തെളിയുന്നത്. ഈ രചന കൈക്കുമ്പിളിലെ
ജീവിതത്തിൻ്റെ വലിപ്പം എത്രയോ പ്രവചനാതീതമാണെന്ന് ധ്വനിപ്പിക്കുന്നു.
രതിയിലും പ്രണയത്തിലും ജീവിത ശൈലിയിലും ലഹരിതേടി സ്വയം ഹോമിച്ച ഒരാളുടെ
അന്തിമമായ വിചിന്തനമാണിത്.
അയാൾ സ്വയം മറന്ന്
ആഘോഷിച്ചപ്പോൾ ,വില കൊടുത്ത് വാങ്ങാവുന്ന സന്തോഷങ്ങൾ നേടിയെന്ന്
ഉറപ്പുവരുത്തിയപ്പോൾ നിഴൽപോലെ പിന്തുടർന്ന അനശ്വരമായ നിസ്സഹായതയെ
കൈവിട്ടിരുന്നില്ല. നേട്ടങ്ങൾക്കു ശേഷം എന്താണ് നഷ്ടപ്പെടുന്നതെന്ന് ഒരു
നിമിഷാർദ്ധത്തിൽ അയാൾ ആലോചിക്കുന്നുണ്ട്. ധാരാളം പ്രണയങ്ങളിൽ നിന്നും
നൈമിഷിക സുഖം തേടിയ അയാളിൽ ഒരു തേങ്ങൽ അവശേഷിച്ചു .തൻ്റെ യഥാർത്ഥ പ്രണയം
എവിടെയാണ് ? തനിക്കു ഒരു കുടുംബം ഉണ്ടാകണമെന്ന് മാതാപിതാക്കൾ
ആഗ്രഹിച്ചിട്ടും എന്തുകൊണ്ടാണ് അവരെ നിരാകരിച്ച് താൻ വ്യക്തിഗതമായ സൗഖ്യം
തേടിപ്പോയത്?
എല്ലാ വിജയങ്ങളും
കടലാസുപൂക്കളായിരുന്നോ ? ഫുട്പാത്തിൽ ഒരു പാവപ്പെട്ട സ്ത്രീ അവളുടെ
വിളർത്തു മെലിഞ്ഞ കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്ന ദൃശ്യമാണ് അയാൾ ഒടുവിൽ
കണ്ടത്. ആ കുട്ടിയുടെ കരച്ചിൽ അയാളെ വല്ലാതെ നോവിച്ചു .ചെവി
പൊത്തിക്കൊണ്ടാണ് അവിടെ നിന്നും അകന്നു പോയത്. അയാൾ ചിന്തിച്ചത്
ഇപ്രകാരമാണ്: ആരാണ് ആ സ്ത്രീയുടെ പുരുഷൻ ? ആ കുട്ടിയുടെ അച്ഛൻ? ഒന്നിനും
ഉത്തരമില്ല. താമസസ്ഥലത്ത് എത്തിയപ്പോൾ ഉത്തരമില്ലാത്തതിൻ്റെ പ്രതിസന്ധി
മാറ്റാൻ അയാൾ തൻ്റെ ഡയറിയിൽ ഇങ്ങനെ എഴുതി :"ഞാൻ അന്വേഷിച്ച കുടുംബത്തെ
അവസാനം ഞാൻ കണ്ടെത്തി. എൻ്റെ ഇഷ്ടദേവതയെ, എൻ്റെ കുടുംബത്തെ " .
ആവശ്യത്തിലേറെ
ധനികനായ അയാൾ ഒടുവിൽ ജീവിതത്തിൻ്റെ ആത്യന്തികമായ നിരാലംബത ,ഏകാന്തത,
കരണ്ടു തിന്നുന്ന വേദന തുടങ്ങിയവ മനസ്സിലാക്കി. അയാളുടെ കുടുംബമായി ആ
അമ്മയെയും കുഞ്ഞിനെയും സങ്കല്പിക്കുകയാണ്. അയാൾക്ക് മനുഷ്യത്വം എന്ന
മഹാസ്വപ്നം തിരിച്ചുകിട്ടിയിരിക്കുന്നു. ഈ കഥയുടെ തുടക്കത്തിൽ തന്നെ
അയാളുടെ മനോഭാവത്തിലെ അപകടകരമായ ചാഞ്ചാട്ടം കഥാകൃത്ത്
ഓർമ്മിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: " ജീവിതം ഇന്നേവരെ
നിറംപിടിപ്പിച്ചതും കമനീയമാക്കിയതും കൃത്രിമപുഷ്പങ്ങളെ കൊണ്ടല്ലേ?
ഒരിക്കലും വാടുകയില്ലാത്ത പുഷ്പങ്ങൾ. സൗന്ദര്യമില്ല എന്ന വസ്തുത മനസ്സിനെ
ഒട്ടും അസ്വസ്ഥമാക്കുകയില്ല. കടലാസുപൂക്കളാൽ നിറം ചാർത്തിയ ഈ ജീവിതത്തെ
ആരാണ് വിശ്വസിക്കുക? മധുവും മാധുര്യവുമില്ലാത്ത പൂക്കളെ ആശ്ലേഷിച്ച ഈ
ശരീരത്തെ ആരാണ് ആശ്രയമായി കരുതുക?" .
ഈ
മനോഗതത്തിലൂടെ അയാൾ എത്തിച്ചേർന്ന സത്യമാണിത് . ഇത് അവബോധാത്മകമായ അറിവാണ്.
എല്ലാ പോയ് വിശ്വാസങ്ങളും വാടിക്കൊഴിയുമ്പോൾ മനസ്സിൽ അടിയുന്ന
സത്യത്തെക്കുറിച്ചുള്ള ചിന്ത .
കാടും പൂക്കളും
ഒരു
സെൻ കഥ ഓർക്കുകയാണ് .ഒരു സെൻ മാസ്റ്ററുടെയും അദ്ദേഹത്തിൻ്റെ ജ്ഞാനമുള്ള
ശിഷ്യയുടെയും കഥയാണ്. കുറേക്കാലം ഗുരുവിൽനിന്നും പാഠങ്ങൾ പഠിച്ച ശേഷം അവൾ
തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി. അവൾ ആ ഗ്രാമത്തിൽ
താമസിക്കുകയായിരുന്നില്ല. സ്വച്ഛവും ഏകാഗ്രത നല്കുന്നതുമായ ഒരു കാട്ടിൽ
തനിക്ക് ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാനായി അവൾ ഒരു ആശ്രമം ഉണ്ടാക്കി
;അവിടെയായിരുന്നു താമസം.
അവൾ കാടിനെയും
പക്ഷികളെയും പൂക്കളെയും സ്നേഹിച്ചു. കവിതകൾ എഴുതുമായിരുന്ന അവൾ മനസ്സിൽ
സന്തോഷം വരുമ്പോഴും ദുഃഖം തോന്നുമ്പോഴും അത് മുടക്കാറില്ല. വർഷങ്ങൾക്കു
ശേഷം ശിഷ്യ ഗുരുവിൻ്റെ അടുത്തെത്തുകയാണ്. എങ്ങനെയാണ് ഇത്രയും കാലം
സന്തോഷത്തോടെ കഴിഞ്ഞതെന്നു ഗുരു തിരക്കുന്നു. അവൾ പറഞ്ഞു ,തന്നെ
സന്തോഷിപ്പിച്ചത് ആർത്തു വളരുന്ന കാടും അതിലെ പൂക്കളുമാണ്
.അതിനിടയിലായിരിക്കുമ്പോൾ ജീവിതം മറ്റെന്തോ ആകുന്നു. അത്
മറന്നുപോകാതിരിക്കാൻ കവിതകളെഴുതുന്നു. ഇതെല്ലാം എഴുതുന്നതുകൊണ്ടാണ് താൻ
സന്തോഷവതിയായിരിക്കുന്നത്. ഇതിൻ്റെ പേരിൽ സ്വർഗ്ഗം തന്നാലും നരകം തന്നാലും
താൻ സ്വീകരിക്കും. പൂക്കളും പക്ഷികളും ലതകളും പ്രഭാതവും അസ്തമയവും
രാത്രിയും കാറ്റുമുള്ള ഈ കാട് തന്നിൽ വളരുന്നതായി തോന്നിയെന്ന് അവൾ
അറിയിച്ചു. അതാണ് ഇനിയും ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അവൾ പറഞ്ഞു.
നശ്വരമായ ലോകത്തിനുള്ളിൽ മനുഷ്യൻ സ്പർശിക്കുന്ന അലൗകിക ചോദനകൾ .
No comments:
Post a Comment