Tuesday, March 22, 2022

റഷ്യൻ ആത്മാവ് /അക്ഷരജാലകം /metrovartha march 14

 



എം.കെ.ഹരികുമാർ




ഒരു റഷ്യൻ സൈക്ക് അല്ലെങ്കിൽ ആത്മാവ് എങ്ങനെ രൂപപ്പെട്ടു എന്നു, ഈ പ്രത്യേക സന്ദർഭത്തിൽ  ആലോചിക്കുന്നത് നന്നായിരിക്കും. അനീതിയിൽ വീണ്ടും അനീതി വച്ചുപിടിപ്പിക്കുന്നതല്ല ,അനീതിക്കെതിരെ നിരുപാധികമായി പൊരുതുന്നതാണ് റഷ്യൻ ആത്മാവ്. അത് ഉദ്ഘാടനം ചെയ്തത് ദസ്തയെവ്സ്കിയോ ടോൾസ്റ്റോയി യോ അല്ലാ, അലക്സാണ്ടർ പുഷ്കിനാ (1799-1837)ണ്. അദ്ദേഹമാണ് റഷ്യൻ സാഹിത്യത്തിൻ്റെ പിതാവ് .അത് രൂപപ്പെടുന്നത് സാഹിത്യ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെയോ, അക്കാദമികളുടെയോ ആനുകൂല്യം പറ്റിക്കൊണ്ടല്ല; പ്രാപഞ്ചികമായ അവസ്ഥകളോടുള്ള സത്യാത്മകമായ പ്രതികരണങ്ങളിലൂടെയാണ്. 

എന്നാൽ ഇന്ന് 
സർക്കാരിൻ്റെയോ ബഹുജനങ്ങളുടെ യോ കണ്ണിലുണ്ണിയായി, ചിന്തയിൽ നിന്ന് ജനിതകമായി വിട്ടു നിന്ന്  ശീലിച്ച എഴുത്തുകാർ പുതിയൊരു വർഗ്ഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു. 
അവർ പൊതുചിന്താധാരകളുടെ ബലഹീനതകളും സ്വീകരിക്കപ്പെട്ട ആശയങ്ങളുടെ ആവർത്തനഭാവനകളും പേറി നല്ലപോലെ സന്തോഷിച്ചു കഴിയുകയാണ്. സാഹിത്യകലയെ ഗൗരവമായി സമീപിച്ച ഒരാളും ചരിത്രത്തിൽ ഇതുപോലെ സ്വയമൊരു 'സെൽഫ് ഹെൽപ്പ്' പുസ്തകമായി, 'വിജയ 'ങ്ങളെ  മാത്രം ചൂണ്ടിക്കാണിച്ചിട്ടില്ല. 

കയ്പ്പും എതിർപ്പും ആവോളം  സ്വീകരിച്ചുകൊണ്ട് സ്വന്തം തിരിച്ചടികളിൽ അടിയുറച്ചനിന്ന എഴുത്തുകാർ എന്തുകൊണ്ടാണ് ആ പാതയിൽ തന്നെ തുടർന്നത് ?അവർ പറയുന്ന കാര്യങ്ങളിൽ അവർക്കുള്ള വിശ്വാസമായിരുന്നു കാരണം. സ്വന്തം ജീവിതത്തെ സെൽഫ് ഹെല്പ് ആക്കാതെ, അവനവൻ്റെ ബോധ്യം എന്ന നിലയിൽ സാഹിത്യകലയെ  സമീപിച്ച പുഷ്കിനെക്കുറിച്ച് പ്രമുഖ റഷ്യൻ യഥാകൃത്ത് മാക്സിം ഗോർക്കി എഴുതിയത് ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ്.

സ്വന്തം വർഗത്തിനുമപ്പുറം 

പുഷ്കിൻ തൊഴിലാളിവർഗത്തിനു വേണ്ടി എഴുതിയെന്ന് സമ്മതിക്കുന്നതിൽ വിരോധമില്ല. എന്നാൽ പ്രഭുകുടുംബത്തിൽ ജനിച്ച പുഷ്കിൻ എന്തുകൊണ്ട് ആ പാത തിരഞ്ഞെടുത്തു എന്ന് ചിന്തിക്കണം. സാഹിത്യകലയിൽ പരമപ്രധാനമായ സംഗതി മാനസികാനുഭവങ്ങളോടുള്ള സത്യസന്ധതയാണ്. പതിതരോടും ദരിദ്രരോടും അനുകമ്പയ്ക്ക് പകരം പകയുള്ളവർ എഴുതേണ്ടതില്ല .മനസ്സിൻ്റെ അടിത്തട്ടിൽ മറ്റുള്ളവർക്കായി കാതോർക്കാൻ കഴിയണം .ഇന്നത്തെ ഉദ്യോഗസ്ഥകവികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇതാണ്.

പുഷ്കിനെ അവലോകനം ചെയ്തുകൊണ്ട് മാക്സിം ഗോർക്കി എഴുതിയ 'പുഷ്കിൻ -ആൻ അപ്റെയ്സൽ 'എന്ന ലേഖനം റഷ്യൻ  അടിമമനോഭാവത്തെയും മടുപ്പിനെയും അജ്ഞതയെയും അദ്ദേഹം നോക്കി കണ്ട രീതി വിഭിന്നമാണെന്ന് സ്ഥാപിക്കുന്നു. അതിനെ നിസ്സംഗതയോടെ, നിർവികാരതയോടെ സമീപിക്കുകയാണ് പുഷ്കിൻ ചെയ്തത് .ഒഡേസയിലേക്ക് നാടുകടത്തപ്പെട്ട എഴുത്തുകാരനാണ് പുഷ്കിൻ. എന്നിട്ടും അദ്ദേഹം വേദനിച്ചില്ല. പുഷ്കിൻ തൻ്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കിയിരുന്നു. അതിൽ നിന്ന് പിന്മാറാൻ സാധ്യവുമല്ലായിരുന്നു. 

തൻ്റെ സമുദായത്തേക്കാൾ, പാരമ്പര്യത്തേക്കാൾ വലിയ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് തന്നെ   ശരിയായ മനുഷ്യനാക്കുന്നതെന്ന് ഒരാൾക്ക് തോന്നുമ്പോഴാണ് ഒരു പുഷ്കിൻ ജനിക്കുന്നത്. സ്വന്തം പ്രാമാണികമായ പാരമ്പര്യങ്ങളിൽ നിന്നു ,ജീവിതപശ്ചാത്തലത്തിൽ നിന്നു വിടുതൽ നേടിക്കൊണ്ടാണ് പുഷ്കിൻ തൻ്റെ വർഗ്ഗത്തിൻ്റെ ബുദ്ധിപരമായ ദാരിദ്ര്യം, സാംസ്കാരികമായ ശൂന്യത എന്താണെന്ന് വിശദീകരിച്ചത്. അതിൻ്റെ ദൗർബല്യങ്ങളെയും തിന്മകളെയും വികാരങ്ങളെയും വിശ്വാസങ്ങളെയും നിർദ്ദയമായി ആവിഷ്കരിച്ചു. 

മനുഷ്യൻ ചിലപ്പോൾ വൈകാരികമായി, ബുദ്ധിപരമായി അനക്കമറ്റ ഒരു മാംസക്കൂടാണ്. എന്നാൽ അവനേക്കാൾ ഉന്നതമായ വികാരവും അവബോധവും കാഴ്ചപ്പാടും സഹനവും കാരുണ്യവും ഈ  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടപ്പുണ്ട് ;പ്രകൃതിയിൽ അത് കാണാം. പ്രകൃതിയിൽനിന്നു അത് കണ്ടെത്തുകയാണ് പ്രധാനം. 
ഏകാന്തതയെ എരിച്ചുകളഞ്ഞു  സകലഭൂതങ്ങളോടുമുള്ള സാഹോദര്യം  പ്രഖ്യാപിക്കുന്ന നിമിഷമാണത്. എന്നാൽ  ബന്ധുക്കൾക്കിടയിൽ ,പുഷ്കിൻ ഒരു കുറ്റവാളിയായി വിലയിരുത്തപ്പെട്ടു. പിതാവ് അദ്ദേഹത്തെ കൊലപാതകിയായി കണ്ടു. അദ്ദേഹത്തിൻ്റെ കവിതകൾ (മൈ  പെഡിഗ്രി, ദ് റിക്കവറി ഓഫ് ലുകുളസ്) തുടങ്ങിയവ പൊതുജനമധ്യത്തിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കി .ഒരു  മഹാസർഗാത്മക സാഹിത്യകാരനായ പുഷ്കിനെ മര്യാദയില്ലാത്ത ജനങ്ങൾ അന്ന്  ദ്രോഹബുദ്ധിയോടെ അപമാനിക്കുകയാണ് ചെയ്തത്.
ഉന്നതമായ ചിന്തയും സർഗ്ഗാത്മകമായ ജീനിയസും ഉണ്ടായിട്ടും പുഷ്കിൻ  തൻ്റെ കാലത്ത് അന്തസ്സാരശൂന്യരായ  മനുഷ്യരാൽ വേട്ടയാടപ്പെട്ടു. ഒരു കാര്യത്തിൽ സത്യത്തിന് ജീവിക്കാതെ വയ്യ; അദ്ദേഹം ചിന്തിച്ച് എഴുതിയ വാക്കുകളുടെ കാര്യത്തിൽ.

ഒരു സത്യം മാത്രം 

പുഷ്കിൻ ജീവിതാവബോധത്തെ സത്യസന്ധമായി പകർത്തി, വളരെ യഥാർത്ഥ്യബോധത്തോടെ .ഒരു സമൂഹത്തിൻ്റെ ചരിത്രപരവും  സാംസ്കാരികവുമായ പ്രത്യേകതകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കികൊണ്ടാണ് അദ്ദേഹം ഇതെല്ലാം അതിസമർത്ഥമായി ചിത്രീകരിച്ചത്.
ഇങ്ങനെയൊരു സത്യമേ നിലനിൽക്കുന്നുള്ളു എന്ന നിലപാടിലാണ് അദ്ദേഹം എത്തിച്ചേർന്നത് .

കേരളത്തിൽ അറുപതുകളിൽ  അലയടിച്ച ആധുനികതയുടെ വളർച്ച ശ്രദ്ധിച്ച കാലത്ത് ഒരു കാര്യം നിരീക്ഷിച്ചിരുന്നു. ആ കവിതകൾ ഒരു വഴിക്കും കവികൾ ഭൂരിപക്ഷവും മറ്റൊരു വഴിക്കുമാണെന്ന വസ്തുത.  അവരിൽ ഭൂരിപക്ഷവും രചനകളിലൂടെ ഉയർത്തിയ വിഷാദവും  വെല്ലുവിളികളും അരാജകത്വവും ഒരിടവേളയിൽ റദ്ദ് ചെയ്യപ്പെട്ടു. പകരം,  സകല യാഥാസ്ഥിതിക വിജയമന്ത്രങ്ങളോടും  പൊരുത്തപ്പെടുകയായിരുന്നു. എല്ലാ വിപ്ലവചിന്തകളെയും വാക്കുകളായി പറത്തി വിട്ട് സകല വ്യവസ്ഥാപിത മോഹങ്ങളോടും സന്ധിചെയ്യന്നതാണ് പിന്നീട് നാം കണ്ടത്. 
വായനക്കാരെ തലച്ചോറിൽ കയറി തിരുത്താനും വരുതിയിലാക്കാനും  വഴിതിരിച്ചുവിടാനും കഴിയുന്ന പുതിയ ടെക്നിക്കുകൾ ഇന്നുണ്ട്. എന്നാൽ പുഷ്കിൻ്റെ കാലത്ത് അതാർക്കും പരിചിതമല്ലായിരുന്നു.

മാക്സിം ഗോർക്കി ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുത ഒരെഴുത്തുകാരൻ  താൻ ഏത് പാരമ്പര്യത്തിലോ ശ്രേണിയിലോ തുടരുന്നു  എന്നതിലുപരി ,തൻ്റെ സമൂഹത്തിൻ്റെ  പ്രശ്നങ്ങളെ വിശാലമായി കാണാനുള്ള മനോഭാവം നേടണമെന്നാണ്. 
എഴുത്തുകാരൻ തൻ്റെ സാമൂഹികവർഗ്ഗത്തിൻ്റെ  ബുദ്ധിപരമായ ഇഴഞ്ഞുനീങ്ങലിനെയും പരിമിതികളെയും മറികടന്നുപോകണം.
അങ്ങനെയാണ് അയാൾ കൂടുതൽ കാമ്പുള്ളതും കാണേണ്ടതുമായ യഥാർത്ഥ്യത്തെ എത്തിപ്പിടിക്കുന്നത് .പുഷ്കിൻ അത് ചെയ്തു .

എന്താണ് ജീവിതമെന്ന ചോദ്യത്തിന് ഗാർസിയ മാർകേസ് ഒരു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ജീവിച്ചതല്ല ജീവിതം; ഒരാൾ ഓർമ്മിക്കുന്നതാണ് ജീവിതം. വീണ്ടും ഓർമ്മിക്കാൻ വേണ്ടി ഒരാൾ തൻ്റെ  ഓർമ്മകളെ എങ്ങനെ ഓർക്കുന്നു എന്നതാണത്. ഈ പ്രസ്താവത്തിൽ സത്യം നൂറുശതമാനവും തറഞ്ഞു കയറിയിരിക്കുകയാണ്. ചിലർ  സാഹിത്യകലയെക്കുറിച്ച് പുസ്തകങ്ങളിലൂടെയും അല്ലാതെയും പല അറിവുകളും ശേഖരിക്കുന്നത് കണ്ടിട്ടുണ്ട് .എന്നാലും എത്ര വായിച്ചാലും, അതിൻ്റെയടിസ്ഥാനത്തിൽ അവർ ചിലതൊക്കെ ചിന്തിക്കുമെങ്കിലും, അതിനു നേർവിപരീതമായ വിധം എഴുതിക്കൊണ്ടിരിക്കും. ഒരാൾ എന്താണോ ചിന്താപരമായി ആർജിച്ചത് ,അതിനെത്തന്നെ നിരാകരിക്കുകയും തകർക്കുകയും ചെയ്യുന്ന മട്ടിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന  പ്രതിസന്ധിയാണ് ഇന്നുള്ളത്.

കവി ഒറ്റപ്പെടുന്നു 

ഗോർക്കി ഇങ്ങനെ വിലയിരുത്തുന്നു: പുഷ്കിൻ ചരിത്രത്തിലെ  വലിയവരായ എല്ലാവരെയും പോലെ ,ചരിത്രവിധിയാൽ ക്ഷുദ്രമായ ,വൃത്തികെട്ട ,സ്വാർത്ഥരായ ആളുകളുടെയിടയിൽ കഴിയേണ്ടിവന്നു ,ലിയനാർഡോ ഡാവിഞ്ചി ,മൈക്കലാഞ്ചലോ എന്നിവരെപ്പോലെ. യൂറോപ്യൻ കലയ്ക്ക് ഡാവിഞ്ചി എന്താണോ അതാണ് റഷ്യൻ സാഹിത്യത്തിനു പുഷ്കിൻ.

പുഷ്കിൻ 'ഓഡ് ടു ലിബർട്ടി 'എന്ന വിഖ്യാത കവിതയെഴുതിയത് വിദ്യാഭ്യാസകാലത്താണ്. പതിനഞ്ചാം വയസിൽ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പത്തിയേഴാം വയസിലാണ് മരിക്കുന്നത്. ഓഡ് ടു ലിബർട്ടി  പൊതുവേദിയിൽ വായിച്ചതോടെ അത് പരക്കെ  ശ്രദ്ധിക്കപ്പെട്ടു. അതിലെ വിമർശനങ്ങൾ അധികാരികൾ സഹിച്ചില്ല. ഇത് സാർ ചക്രവർത്തി അലക്സാണ്ടർ ഒന്നാമനെ പ്രകോപിതനാക്കുകയും അദ്ദേഹം പുഷ്കിനെ നാടുകടത്തുകയും ചെയ്തു. പിന്നീട്  ഭരണാധികാരികളുടെ കടുത്ത നിരീക്ഷണവലയത്തിലായിരുന്നു പുഷ്കിൻ.അതുകൊണ്ട് തന്നെ പല പ്രധാന രചനകളും യഥാസമയം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പിന്നീടു വന്ന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ 1905 ൽ  ജപ്പാൻ സാമ്രാജ്യത്വത്തിനെതിരായ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ വലിയ ആഭ്യന്തര കലാപത്തെ നേരിട്ട് ദുർബ്ബലനാവുകയാണ് ചെയ്തത്. 1917  ലെ റഷ്യൻ വിപ്ളവത്തിൽ അടിയറവു   പറഞ്ഞ ആ സ്വേച്ഛാധിപതിയെ കുടുംബത്തോടൊപ്പം ബോൾഷെവിക്കുകൾ വെടിവച്ചു കൊല്ലുകയായിരുന്നു. 

പുഷ്കിൻ 'ഓഡു ടു ലിബർട്ടി'യിൽ എഴുതി:

"ഏകാധിപതിയായ 
ദുഷ്ടാ ,
നിന്നെയും നിൻ്റെ 
സിംഹാസനത്തെയും 
ഞാൻ വെറുക്കുന്നു.
നിൻ്റെ പതനം കിരാതമായ 
ആനന്ദത്തോടെ ഞാൻ  നോക്കുകയാണ് 
നിൻ്റെ നെറ്റിത്തടത്തിൽ 
രാജ്യങ്ങൾ കാണുന്നത് 
ശാപത്തിൻ്റെ അടയാളമായിരിക്കും.
നിൻ്റെ തന്ത്രങ്ങൾ 
ലോകത്തിൻ്റെ നടുക്കമാണ് .
പ്രകൃതിക്ക് അപമാനമാണത്
ഭൂമിയിൽനിന്ന് ദൈവത്തിൻ്റെ 
ഒരു താക്കീതാണത്" .

നുറുങ്ങുകൾ 

1)കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടാൻ എന്താണ് യോഗ്യത എന്നറിയില്ല. ചിലർ കേന്ദ്ര അക്കാദമിയുടെ മലയാളം ഉപദേശകസമിതിയംഗമാണെന്ന്, ചടങ്ങുകളുടെ ഭാഗമായി പുറത്തിറക്കുന്ന നോട്ടീസുകളിലൂടെ മനസിലാക്കിയിട്ടുണ്ട്. കാണുമ്പോൾ ഞെട്ടാനേ വായനക്കാരന് നിർവ്വാഹമുള്ളു .കേന്ദ്ര അക്കാദമി ഇപ്പോൾ പിടിതരാത്ത ഒരു പ്രഹേളികയായി മാറുകയാണ്. എന്താണത് ?എങ്ങനെയാണത് പ്രവർത്തിക്കുന്നത്? എന്താണ് അതിൻ്റെ ലക്ഷ്യം?

2)അനിതാ വിശ്വം എഴുതിയ 'ആസന്നം'  (പ്രസാധകൻ ,മാർച്ച് )എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'ചത്തു ചാഞ്ഞ ചില്ലയിൽ
ചങ്കു ചാരിയെൻ കിളി 
പൊത്തു തേടുമീ വെയിൽ 
തൊട്ടുരുമ്മി തൂവലിൽ ' 

ഒരു ചില്ല ഒടിഞ്ഞതിനെ ചത്തു ചാഞ്ഞു എന്നൊക്കെ പറയുന്നത് ശരിയല്ല. കിളി ചങ്കു ചാരിയെന്നോ ?എത്രയോ മഹനീയ ജന്മങ്ങളാണ് വൃക്ഷവും കിളിയും .അതിനോട് കവിക്ക് തോന്നേണ്ട വികാരം എന്താണ് ?നമ്മേക്കാൾ വലിയ ആത്മീയവ്യൂഹമാണവ. പക്ഷേ, കവിക്ക് വൈകാരിക ലോകമില്ല; അതുകൊണ്ട് വസ്തുക്കളെ തെറ്റായി മനസ്സിലാക്കുന്നു .ഭാഷ നിർവികാരതയുടെ ഒരു ഉപകരണമായി മാറരുത്; ഭാഷ ജീവനുള്ള വസ്തുവാണ്.

3)രാജൻ സി.എച്ച് എഴുതിയ 'കാറ്റിലകളിലെ നർത്തനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 12)പ്രകൃതിയെ  നമ്മളിലേക്ക് അടുപ്പിക്കുകയാണ്.  ജീവിക്കുന്ന നിമിഷങ്ങളാണ് എല്ലാം; കവി അത് തിരിച്ചറിയുന്നത് ഇങ്ങനെയാണ് :

'മരത്തിൽ നിന്നും 
പിടിവിട്ടു പഴുത്തില 
മണ്ണിലേക്ക് നേരെ
വീഴുകയാണെന്നു
നമ്മൾ കരുതും .
പഴുത്തിലയോ 
കാറ്റിലൊന്നു വട്ടം തിരിഞ്ഞ്
പറക്കാനുള്ള അതിൻ്റെ 
അദമ്യമായ ആഗ്രഹം 
നിറവേറ്റും 
മണ്ണിലെന്നെന്നേക്കുമായി 
പതിക്കും മുമ്പേ 
അതുമൊരു പറവ '

മണ്ണിലേക്ക് വീഴുന്ന ഒരിലയിലും നമ്മൾ ജീവിക്കണം; നമ്മുടെ ആത്മീയജീവിതത്തിൻ്റെ ഒരു കണമാണത്.

4)അടൂർ ഗോപാലകൃഷ്ണൻ്റെ  'സ്വയംവര'ത്തെക്കുറിച്ച് എം. എഫ് .തോമസ് (ഭാഷാപോഷിണി ,ഫെബ്രുവരി ) എഴുതിയിരിക്കുന്നു. സ്വയംവരം ഇന്നും ഒരു പ്രേക്ഷകനെ സ്വാധീനിക്കാതിരിക്കില്ല .കാരണം, അതിൽ കേരളീയയുവത്വത്തിൻ്റെ , പൊട്ടിയ കണ്ണാടിപോലുള്ള മനസ്സ് കാണാം. കമിതാക്കൾക്ക് ഇപ്പോഴും കേരളത്തിൽ ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ. എല്ലാവരും ഫ്യൂഡൽ മാടമ്പിമാരായി ദണ്ഡും കൈയിലേന്തി നിൽക്കുകയാണ് .
എം. എഫ് എഴുതുന്നു: 'മിഥ്യാധാരണകളുടെയും ദിവാസ്വപ്നങ്ങളുടെയും കരുണാർദ്രമായ ലോകങ്ങളിൽനിന്ന് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളെ  ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നു,  യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവണ്ണം യാഥാർത്ഥ്യബോധമുള്ളവരാക്കിത്തീർക്കുന്നു '. ജീവിക്കാനുള്ളതാണ് ജീവിതമെന്ന് അറിയുന്ന കഥാപാത്രങ്ങളാണ് സ്വയംവരത്തിലെ നായകനും നായികയും. അവരുടെ അസ്തിത്വപരമായ പ്രശ്നങ്ങളാണ് സംവിധായകൻ അപഗ്രഥിച്ചത്.

5)ബോബി തോമസിൻ്റെ 'മതപാഠങ്ങൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ'(എഴുത്ത് ,ഫെബ്രുവരി)എന്ന ലേഖനത്തിൽ പുതിയ ഒരു വാദവും കണ്ടില്ല .മതപാഠങ്ങൾക്ക് പല കാലഘട്ടങ്ങളിൽ പല വായനകൾ ഉണ്ടാകുന്നുവെന്നും  അത്  വായിക്കുന്നവൻ്റെ കാഴ്ചപ്പാടിനനുസരിച്ചായിരിക്കുന്നുമെന്നുമാണ് ലേഖകൻ പറയുന്നത്. ഇത് വളരെ പ്രചാരത്തിലുള്ളതും ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ്. ലേഖകന് സ്വന്തമായി എന്തെങ്കിലും പറയാനുള്ളതായി തോന്നിയില്ല. റീഡർ റെസ്പോൺസ് തിയറിയാണിത്.അമെരിക്കൻ സാഹിത്യ ചിന്തകനായ സ്റ്റാൻലി ഫിഷിൻ്റെ സോഷ്യൽ റീഡർ റെസ്പോൺസ് സിദ്ധാന്തം അനുസരിച്ച് ഒരു കൂട്ടം മനസുകൾ വ്യാഖ്യാനത്തിൻ്റെ ഒരു മാതൃക കണ്ടുപിടിച്ച് ടെക്സ്റ്റ് ഉണ്ടാക്കുകയാണ്. പല കാലങ്ങളിലൂടെ പലർ വായിച്ച് ടെക്സ്റ്റ്  വിപുലീകരിക്കുന്നു. വായന യഥാർഥത്തിൽ ,ഒരു ദാർശനിക പ്രശ്നമാണ്. വായിക്കുമ്പോഴാണ് ഒരാൾ ജീവിക്കുന്നത്. വായിക്കുമ്പോഴാണ് ഒരു ടെക്സ്റ്റ് ഉണ്ടാകുന്നത്. വായിക്കാത്തപ്പോൾ ടെക്സ്റ്റില്ല .

6)വി. പി .ജോൺസിൻ്റെ കഥകളുടെ സമാഹാരം 'ജീവിതംകൊണ്ട് പാഠപുസ്തകം നിർമ്മിക്കുന്നത് '(എച്ച് ആൻഡ് സി ) അകൃത്രിമമായ കഥനരീതികൊണ്ടാണ് ശ്രദ്ധ നേടുന്നത്.  നിർദ്ദയമായി ഹാസ്യം ഉപയോഗിക്കാൻ കഥാകൃത്തിന് പ്രത്യേക സിദ്ധിയുണ്ട്. ഈ കാലം നടുക്കമുണ്ടാക്കുന്ന ഹാസ്യത്തിൻ്റേതാണെന്ന് ഓരോ കഥയിലൂടെയും അദ്ദേഹം വ്യക്തമാക്കുന്നു. 

7)1962 ൽ 'അൻപഥ് ' എന്ന ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്കർ പാടിയ ഗാനം (സംഗീതം: മദൻമോഹൻ ,രചന: രാജാ മെഹ്ദി  അലിഖാൻ ) 'ആപ്കി നസ്റോണെ സംസാർ ' നിത്യവിസ്മയമായി നിൽക്കുകയാണ്. മനുഷ്യശബ്ദം ഉപയോഗിച്ച് ആർക്കെങ്കിലും ഇതുപോലൊരു ഗാനം ആലപിക്കാൻ കഴിയുമോ എന്ന് സംശയമാണ്. ശബ്ദത്തിനുള്ളിൽ ശബ്ദം സൃഷ്ടിച്ച മഹാപ്രതിഭയാണ് ലത .മനുഷ്യശബ്ദത്തിൻ്റെ മാന്ത്രികമായ സഞ്ചാരമാണത്; വിഷാദസ്മൃതികളിൽ ക്ഷീരപഥങ്ങൾ സൃഷ്ടിക്കുകയും ജനിമൃതികളിലൂടെ അലഞ്ഞതിൻ്റെ ഓർമ്മകൾ ആവാഹിക്കുകയുമാണ്. മദൻമോഹൻ എന്ന സംഗീതസംവിധായകൻ ഇന്ത്യൻ സംഗീതത്തിൻ്റെ രഹസ്യം കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഗാനങ്ങളുടെയും പ്രവണതകൾ  ഈ പാട്ടിൽ ഈ കാണാവുന്നതാണ് .

No comments:

Post a Comment