Tuesday, March 22, 2022

യുക്രെയ്നിലെ മരങ്ങൾ /അക്ഷരജാലകം /metrovartha march 8

 



എം.കെ. ഹരികുമാർ 






സത്യത്തിനു ,റഷ്യയിൽ ,ഒരു ഭ്രമാത്മക സ്വഭാവമാണ് എപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് ദസ്തയെവ്സ്കി എഴുതിയിട്ടുണ്ട്. അദ്ദേഹം സ്വന്തമായി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച മാഗസിൻ 'എ റൈറ്റേഴ്സ് ഡയറി'യിലാണ് ഇങ്ങനെ പറഞ്ഞത്. ദസ്തയെവ്സ്കി ഒരു പത്രത്തിൽ ആരംഭിച്ച കോളത്തിൻ്റെ  പേരാണ് 'എ റൈറ്റേഴ്സ് ഡയറി' (1873) .1876 മുതൽ ദസ്തയെവ്സ്കി അത് ഒരു മാഗസിനായി പ്രസിദ്ധീകരിച്ചു  തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ രചനകൾ മാത്രമാണ് അതിൽ വെളിച്ചം കണ്ടിരുന്നത്. കഥകൾ, കഥേതര വിഷയങ്ങൾ ,വ്യക്തിപരമായ കുറിപ്പുകൾ തുടങ്ങിയവയാണ് അതിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. 1881 ൽ ദസ്തയെവ്സ്കിയുടെ മരണംവരെ ആ മാസിക തുടർന്നു. ഒരുപക്ഷേ ,ലോകത്തൊരിടത്തും ഇങ്ങനെയൊരു മാസിക കാണാൻ കഴിഞ്ഞെന്നു വരില്ല; 
ഒരു എഴുത്തുകാരൻ തൻ്റെ മാത്രം രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ മാസിക .

റൈറ്റേഴ്സ് ഡയറിയിൽ പ്രത്യക്ഷപ്പെട്ട രചനകൾ സമാഹരിച്ച് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്, കെന്നത്ത് ലാൻസിൻ്റെ പരിഭാഷയിൽ.
ഈ മാസികയിൽ 1873 ൽ  പ്രസിദ്ധീകരിച്ച കഥയാണ് 'ബോബോക്ക്'.ബോബോക്ക് എന്നാൽ വിഡ്ഢിത്തം എന്നാണർത്ഥം .ജീവിതം എത്ര യുക്തിയോടെ ജീവിച്ചാലും അനിഷേധ്യമായ വിധത്തിൽ വിഡ്ഢിയായി പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ഈ കഥയിലൂടെ ദസ്തയെവ്സ്കി പറയാൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു. ഇന്നത്തെ റഷ്യ - യുക്രെയ്ൻ സംഘർത്തിൽ നമുക്ക് ഓർക്കാൻ  ധാരാളം കാര്യങ്ങൾ ഈ കഥ  തരുന്നുണ്ട്. 

മനുഷ്യജീവിതം ഒരു പിൽക്കാല ട്രാജഡിയാണ്. ജീവിക്കുമ്പോൾ അത് സമരമോ, തർക്കമോ, യുക്തിയോ ,വിശ്വാസമോ ,ചെറുത്തുനില്പോ ,പരാജയമോ ആയിരിക്കാം. അവരവരുടെ ബുദ്ധിക്കും അതിബുദ്ധിക്കും അനുസരിച്ചായിരിക്കും പലതും സംഭവിക്കുക. എന്നാൽ പില്ക്കാലത്ത്  എല്ലാറ്റിനെക്കുറിച്ചുമുള്ള ധാരണകൾ തകരുക തന്നെ ചെയ്യും. അതുകൊണ്ടായിരിക്കും ഈ കഥയ്ക്ക് 'ബോബോക്ക്' എന്നു   പേരിട്ടിരിക്കുന്നത്. 
'നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് 'എന്ന കൃതിയിൽ മനുഷ്യൻ സാമാന്യം ഭേദപ്പെട്ട ഒരു വിഡ്ഢിയാണെന്ന് ദസ്തയെവ്സ്കി നിരീക്ഷിക്കുന്നത് ഇതിനോടു ചേർത്തുവച്ച് കാണണം .

ബോബോക്ക് എന്ന കഥ

'ബോബോക്കി'ലെ ഇവാൻ ഇവാനോവിച്ച് എന്ന എഴുത്ത് തൊഴിലാളിക്ക് ഈ ലോകത്തെക്കുറിച്ചോ ,തന്നെക്കുറിച്ച് തന്നെയോ വലിയ മതിപ്പൊന്നുമില്ല. അയാൾ ഫ്രഞ്ച് ചിന്തകനായ വോൾട്ടയറെക്കുറിച്ച് പറയുന്ന ഭാഗം അത് ശരിക്കും വ്യക്തമാക്കുന്നു. ഇക്കാലത്ത് വോൾട്ടയറെക്കാൾ വിലയുള്ളത് ചൂരലിനാണെന്നും അതുപയോഗിച്ച് പരസ്പരം അടിച്ചു പരിക്കേൽപ്പിക്കുകയാണ് ഈ കാലത്തിൻ്റെ നീതിബോധമെന്നും ചിന്തിക്കുന്നത് വർത്തമാനകാലത്തെ സംഭവങ്ങളെപ്പോലും വിവസ്ത്രമാക്കുന്നുണ്ട്  .
ഈ കഥയിൽ വിഡ്ഢികളായ മനുഷ്യർ വിവേകികളെപോലെ പെരുമാറുന്നതും  ബുദ്ധിയുള്ളവർ വിഡ്ഡികളെപോലെ  പെരുമാറുന്നതും തമ്മിൽ വേർതിരിച്ചെടുക്കാൻ പ്രയാസമാണെന്ന് ദസ്തയെവ്സ്കി സൂചന തരുന്നുണ്ട്. 
മഹായുദ്ധങ്ങൾ മാത്രമല്ല ,ചെറിയ യുദ്ധങ്ങളും ഇതിൻ്റെ ഫലമായി സംഭവിക്കുന്നതല്ലേ ?

യുക്രെയ്നിയൻ കവി താരാസ് ഷെവ്ഷെങ്കോ (1814-1861)എഴുതിയ   'ഓ മൈ തോട്സ് ,മൈ ഹേർട്ട്ഫെൽറ്റ് തോട്സ് ' എന്ന കവിത ഇവിടെ ഉദ്ധരിക്കുകയാണ്:

'എൻ്റെ ചിന്തകളേ ,
എൻ്റെ ഹൃദയത്തെ കീഴടക്കിയ 
ചിന്തകളേ ,
ഞാൻ നിങ്ങളെയോർത്തു
കുഴപ്പത്തിലായിരിക്കുന്നു.
എന്തുകൊണ്ടാണ് 
നിങ്ങൾ നിരനിരയായി 
കടലാസിൽ അണിനിരക്കുന്നത് ,
സങ്കടങ്ങളുടെ 
ക്രമമനുസരിച്ച്?
എന്തുകൊണ്ടാണ് 
നിങ്ങളെ കാറ്റ് 
പൊടിപടലങ്ങളായി 
പുൽപ്പടർപ്പുകളിലേക്ക് 
ചിതറിച്ചു കളയാത്തത് ?
എന്തുകൊണ്ടാണ് ദുർവ്വിധി
നിങ്ങളെ ബാധിക്കാത്തത് ?'

ഇന്നും ഈ കവിത യുക്രെക്ൻ ജനതയുടെ മനസ്സിൽ ചിറകടിച്ചു വിഷാദരാഗം കേൾപ്പിക്കുകയാണ്, അബോധത്തിലെന്നപോലെ. ചില സാഹചര്യങ്ങളിൽ വാക്കുകളോ,സംഗീതമോ,  സംഗീതോപകരണങ്ങളോ, ആലാപനം ചെയ്യുന്നവരോ വേണമെന്നില്ല. മരച്ചില്ലകളും പക്ഷികളും വളർത്തുമൃഗങ്ങളും കാടുകളും നദികളും കാറ്റും അത് അഗാധമായ വേദനയോടെ പ്രകടിക്കുന്നുണ്ടാവും. മനുഷ്യൻ അതിവേഗം ജീവനിൽ  പേടിച്ചു എവിടേക്കോ ഓടുമ്പോൾ അവരുടെ ഹൃദയത്തിൽ നിന്നുയരുന്ന കരച്ചിലിൻ്റെ ആവിഷ്കാരംപോലെ ആ ഭൂപ്രകൃതിയും പകലും പുലരിയും രാത്രിയുമെല്ലാം അപ്രകാശിതമായ ഒരു ലിപിയിൽ എന്നപോലെ ജൈവദുഃഖത്തിൻ്റെ സമസ്തഭാവങ്ങളും പ്രകടമാക്കുന്നുണ്ടാവും.

സത്യത്തിൻ്റെ കണികകൾ 

എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ് ഷെവ്ഷെങ്കോ എഴുതിയ കവിതയാണിത്. കവികൾ ഇങ്ങനെതന്നെയാവും ചിന്തിക്കുക. അവരുടെ ചിന്തകളുടെ ധൂളികൾ റഷ്യയിലെയോ ,യുക്രെയ്നിലെയോ  കറുത്ത മരങ്ങളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നത് നമുക്ക് കാണാം. മരങ്ങൾ ഒന്നും ഉപേക്ഷിക്കുകയില്ല , മനുഷ്യർ അവരെ  ഒറ്റിക്കൊടുക്കുകയോ നിരാകരിക്കുകയോ ചെയ്താലും. സത്യത്തിൻ്റെ കണികകൾ തെരുവിലോ ,ബോംബു വീണു ചിതറിയ മരത്തിൻ്റെ ഒടിഞ്ഞ ചില്ലയിലോ ,കരിപിടിച്ച ചുവരുകളിലോ  നിലനില്ക്കുന്നുണ്ടാവാം; അത് വായിച്ചെടുക്കാൻ കവികൾ പിന്നാലെയല്ല വരുന്നത്; അത് വായിച്ച കവികൾ പതിറ്റാണ്ടുകൾക്ക് , നൂറ്റാണ്ടുകൾക്കു മുന്നേ പിറക്കുകയാണ്.

ആരും വായിക്കാൻ ആഗ്രഹിക്കുന്ന കഥയാണ് 'ബോബോക്ക്'.അത് ദസ്തയെവ്സ്കിയുടെ ഭാവനയിലൂടെ വന്നു എന്ന സത്യം അദ്ദേഹത്തിൻ്റെ  ഇരുന്നൂറാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ പുതിയൊരു ഉണർവ്വാവുകയാണ്.കള്ളന്മാരും അക്രമികളും നുണ പറയുന്നവരും ദുരാഗ്രഹികളും ഒത്തുചേർന്ന ഈ യുഗത്തിൽ മരണാനന്തരംപോലും ആരും അവരുടെ പ്രവൃത്തികളിൽനിന്ന് മാറിനിൽക്കുന്നില്ല എന്നാണ് ഇതിലെ പ്രധാന കഥാപാത്രമായ ഇവാൻ  അറിയിക്കുന്നത്. അദ്ദേഹം ശ്മശാനത്തിൽ ഒരു കല്ലറയ്ക്കു മുകളിൽ കിടക്കുകയായിരുന്നു, ഒരു  ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം .പെട്ടെന്നാണ് അയാളുടെ കാതുകളിലേക്ക് ആ സംഭാഷണം ഒഴുകിയെത്തിയത് .അത് കുഴിമാടങ്ങളിൽ അടക്കം ചെയ്തവരുടെ വർത്തമാനമായിരുന്നു. അടുത്തടുത്ത കുഴിമാടങ്ങളിലാണ് കിടക്കുന്നതെങ്കിലും അവർ യഥാർത്ഥ ജീവിതത്തിലെന്നപോലെ പരിചയം പുതുക്കുകയും പരിചയപ്പെടുകയും വർത്തമാനത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു.

പരേതർ തമ്മിലടിക്കുകയാണ്, യഥാർത്ഥ ജീവിതത്തിലെ ആശയങ്ങളുടെ പേരിൽ .മൂന്നുമാസം അവർ ഇങ്ങനെ കഴിഞ്ഞ ശേഷമാണത്രേ യഥാർത്ഥ സുഷുപ്തിയിലേക്ക് പോകുന്നത്. അടുത്തടുത്ത കുഴികളിൽ കിടക്കേണ്ടി വന്നതിൽ ചിലർ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്. മരണാനന്തരം ആരാണ് അടുത്തുകിടക്കുന്നതെന്ന വലിയൊരു ചോദ്യം ഈ കഥ ഉയർത്തുന്നു. ഇഷ്ടമില്ലാത്തവർ അടുത്തുവന്ന് കിടക്കുകയാണെങ്കിൽ, അത് ദുസ്സഹമായിരിക്കും .എന്നാൽ ജീവിതത്തിലെ പദവിയോ, അധികാരമോ ഗർവ്വോ, സ്വാർത്ഥതയോ ഒന്നും മരണാനന്തരമുള്ള കൂട്ടുകെട്ടിനെ നിയന്ത്രിക്കുന്നില്ല .അവിടെ ,ഈ കഥയിൽ പറയുന്നതുപോലെ ,ദൈവം വിധിച്ച നീതിയുടെ മുന്നിൽ പാപങ്ങളുടെ ഓഹരിക്കനുസരിച്ചായിരിക്കും സ്ഥാനം ക്രമീകരിക്കുക. അത് പുതിയൊരു  നീതിയാണ്. ജീവിതത്തിലെ  വിധിതീർപ്പുകളും വിഭാഗീയതകളും വിഡ്ഢിത്തമാണെന്നും അതിനപ്പുറം പാപങ്ങളുടെ മറ്റൊരു കണക്കെടുപ്പുണ്ടെന്നും സൂചിപ്പിക്കുന്ന   നീതി .
 
മാനസാന്തരപ്പെടാത്തവർ

എന്നാൽ മനുഷ്യർക്ക് കല്ലറകളിലും  സമാധാനമില്ല .മരണവും അവരെ സമാധാനിപ്പിക്കുന്നില്ല. മരണവും ഒരു വിഡ്ഢിത്തമാകുമോ!  മരണം ഒരുത്തനെയും സമാശ്വസിപ്പിക്കുകയോ മാനസാന്തരപ്പെടുത്തുകയോ ചെയ്യുന്നില്ല. മരിച്ചവരാണെന്ന് അറിഞ്ഞുകൊണ്ട് അവർ കളികളിലേർപ്പെടുന്നു. അവർ സ്വന്തം ജീവിതത്തിൻ്റെ അവശിഷ്ടതാന്തോന്നിത്തരങ്ങൾ  കുഴിമാടത്തിലും കൈവിടുന്നില്ല. 

ജീവിതം തീരാദുരിതമാണെന്നും അതു മുഴുവൻ തലയിലേറ്റിയിട്ടും യാതൊരു പ്രത്യുപകാരവും ലഭിച്ചിട്ടില്ലെന്നും  അതിനുപകരമായി ഈ പരേതരുടെ ലോകത്ത് താൻ ആവുന്നവിധം എന്തെങ്കിലും നേടിയെടുക്കുമെന്നും  പ്രഖ്യാപിക്കുന്ന ഒരു കഥാപാത്രത്തെ കാണാം. ഈ കഥയിലെ പ്ലാറ്റോൺ നിക്കോളയവിച്ച് എന്ന ചിന്തകനെ  പരിചയപ്പെടണം. എന്തിനെയും  തത്ത്വശാസ്ത്രവത്ക്കരിക്കുന്നതിൽ  അയാൾ നിപുണനാണ്. മനുഷ്യൻ പരാജയങ്ങളെ വിജയങ്ങളാക്കുന്നത്  തത്ത്വചിന്തകൻ്റെ സഹായത്താലാണല്ലോ .അയാളുടെ കാഴ്ചപ്പാടിൽ മരണം അവസാനമല്ലത്രേ. ശരീരം വേറൊരു രീതിയിൽ പുനർജനിക്കുകയാണ് മരണത്തിലെന്ന് സിദ്ധാന്തരൂപേണ പറയുന്നു. പരേതർക്ക് മണക്കാനുള്ള സിദ്ധിയുള്ളത് ഇതിൻ്റെ തെളിവായി ചൂണ്ടിക്കാണിക്കുകയാണ്. ഇവാൻ ഈ  സംഭവത്തെ നോക്കിക്കാണുന്നത് സദാചാരപരമായ വീഴ്ചയുടെ തലത്തിലാണ്. ഇനിയും  ശ്മശാനങ്ങളിൽ പോയി കൂടുതൽ വർത്തമാനം കേൾക്കണമെന്ന് അയാൾ തീരുമാനിക്കുന്നു.

അവസാനിക്കാത്ത തൃഷ്ണ 

ഒരിക്കലും അവസാനിക്കാത്ത മനുഷ്യൻ്റെ തൃഷ്ണ ഈ ഭൂമിയിൽ നിന്നു ഒഴിഞ്ഞു പോകുന്നില്ല ,പരേതരുടെ 'സമൂഹ 'ത്തിൽപ്പോലും. മനുഷ്യൻ്റെ നികൃഷ്ടവും ഭാവനാരഹിതവും തിന്മനിറഞ്ഞതുമായ പെരുമാറ്റങ്ങൾ ഒരിടത്തും അവസാനിപ്പിക്കാൻ തയ്യാറാകില്ലെന്നും അവൻ്റെ ജീവിതപ്രശ്നങ്ങൾ ഓർമ്മകളുടെ ഒരു നൈരന്തര്യമായി എന്നുമുണ്ടാകുമെന്നുമാണ് ദസ്തയെവ്സ്കി ചിന്തിക്കുന്നത്. 

അങ്ങനെയും ഒരു സാധ്യത കാണാവുന്നതാണ്. കാരണം, ജീവിതത്തിൻ്റെ ഒരു നീട്ടൽ, യഥാർത്ഥത്തിൽ ഉള്ളതല്ലെങ്കിലും, അസ്തിത്വപരമായ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണത്തിനു സഹായിക്കുന്നുണ്ട്. കുറ്റവാളിയായ മനുഷ്യനിൽ ദൈവത്തിൻ്റെ സാന്നിധ്യമുണ്ടെന്നും അതുപോലെ പുണ്യവാനായ മനുഷ്യൻ്റെയുള്ളിൽ പാപിയുടെ കാൽപ്പെരുമാറ്റമുണ്ടെന്നുമാണല്ലോ ദസ്തയെവ്സ്കി തൻ്റെ സാഹിത്യരചനകളിലാകെ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളത് .ഒരു യുദ്ധത്തിനു ശേഷം എന്ന പോലെ ,ഒരിക്കലും മനുഷ്യനു മനസ്സമാധാനം കിട്ടിയില്ലെങ്കിൽ അത് ദൈവത്തിൻ്റെ  പരാജയമാകും. അല്ലെങ്കിൽ മനുഷ്യൻ്റെ  എന്നത്തേയും പരാജയമായി വിലയിരുത്തുന്നതാവും നല്ലത്. 

 നുറുങ്ങുകൾ

1)കേരള സാഹിത്യഅക്കാദമി പുനസംഘടിപ്പിച്ചിരിക്കുകയാണല്ലോ.  സാഹിത്യഅക്കാദമിയിലേക്ക് വരുന്നത്, നിശ്ചയമായും ,ഭരിക്കുന്ന കക്ഷികളുടെ  താത്പര്യം നോക്കാൻ പ്രതിബദ്ധരായ  എഴുത്തുകാരായിരിക്കും.
അതിൽ കുറ്റപ്പെടുത്താനാവില്ല .എന്നാൽ നീതി, മര്യാദ, ജനാധിപത്യം ,സഹിഷ്ണുത  എന്നീ ആശയങ്ങൾ വിട്ടുകളയുമ്പോഴാണ് അക്കാദമികൾ  മരിക്കുന്നത്. രാഷ്ട്രീയമില്ലാത്തവർ , വിമർശിക്കുന്നവർ, എതിരാളികൾ , തമസ്കരിക്കപ്പെട്ടവർ  തുടങ്ങിയവരുടെ സ്വരം കേൾക്കുകയും അവർക്കുകൂടി സാംഗത്യമുള്ള രീതിയിൽ പ്രവർത്തിക്കുകയും  ചെയ്യുമ്പോഴാണ് അക്കാദമി സാംസ്കാരികസ്ഥാപനമാകുന്നത്.
കെ.പി.മോഹനനും വൈശാഖനും  നയിച്ച ഭരണസമിതിക്ക്‌  ഈ രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല; അവർ പരാജയമായിരുന്നു .

2)ശ്രീനാരായണഗുരു, കുമാരനാശാൻ ,ആശാൻ്റെ ഭാര്യ ഭാനുമതി തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി വി.ഷിനിലാൽ എഴുതിയ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 5) നല്ലൊരു വായനാനുഭവമായിരുന്നു. 
ഉൽകൃഷ്ടമായ ഒരു ആത്മീയമണ്ഡലത്തെ ലക്ഷ്യമാക്കി എഴുതിയ കഥയാണിത്. 
സ്വതന്ത്രനായ മനുഷ്യൻ്റെ രമണീയതയിൽ നിറഞ്ഞ്, ഭാഷയുടെ അകൃത്രിമലാവണ്യം ഇതിൽ  പ്രസരിക്കുകയാണ്.

3)എസ്. രമേശനെക്കുറിച്ച് നാഷണൽ ബുക്സ്റ്റാൾ ബുള്ളറ്റിനിലും ഗ്രന്ഥാലോകത്തിലും വന്ന  ലേഖനങ്ങൾ വായിച്ചു. നല്ലൊരു  വ്യക്തിയായിരുന്നു രമേശൻ .എന്നാൽ തൻ്റെ രാഷ്ട്രീയതാൽപര്യത്തിനും  കക്ഷിനിബന്ധനകൾക്കും പുറത്ത് ഒരു സാഹിത്യസൗഹൃദം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഇത് പരിമിതിയാണ് .

4)സമസ്ത കേരള സാഹിത്യപരിഷത്തിലെ അംഗത്വഫീസ് അയ്യായിരം രൂപയാണെന്ന് ഒരു സുഹൃത്ത് അറിയിച്ചത് കഴിഞ്ഞദിവസമാണ്. അയ്യായിരം രൂപ കൊടുത്തു എന്ത് സാഹിത്യപ്രവർത്തനമാണ് അരങ്ങേറ്റാനുള്ളത്? .ഇന്ന് യാതൊരു  ആശയങ്ങളുമില്ലാത്ത ഒരു സംഘടനയാണ് പരിഷത്ത്. സാഹിത്യരചയിതാക്കളുടെയും യുവജനങ്ങളുടെയും യാത്രകളറിയാതെ ഉറങ്ങിക്കിടക്കുകയാണ് പരിഷത്ത് .

5)മണമ്പൂർ രാജൻബാബുവിൻ്റെ 'ജീവപ്രഭ'(ഭാഷാപോഷിണി , ഫെബ്രുവരി) നിർജീവമായ കവിതയാണ്. കവിതയുടെ പേരിലേ  ജീവനുള്ളു .ജീവിതം സത്യമാണെന്നും  മരണം പുകഞ്ഞകൊള്ളിയാണെന്നും പ്രഖ്യാപിക്കുകയാണ് കവിത. ഇതൊക്കെ വലിയ കണ്ടുപിടിത്തമാണെന്ന് അവകാശപ്പെടുന്നത് സമകാല സാഹിത്യ ബോധമില്ലാത്തതുകൊണ്ടാണ് .ആഴമില്ലാത്ത കവനങ്ങളാണ് മണമ്പൂരിൻ്റേത്.  ഒരു കവിക്ക് വേണ്ട നവീനാശയങ്ങളോ ഭാവനകളോ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നത് വ്യർത്ഥമാണ് .


  • ,

  • or

  • No comments:

    Post a Comment