Monday, September 7, 2020

അക്ഷരജാലകം, വ്യക്തിഗതമായ ആത്മീയത/metrovartha , sept 7, 2020


എം.കെ.ഹരികുമാർ
9995312097

വ്യക്തിഗതമായ ആത്മീയത

ആത്മീയതയ്ക്ക് ഒരു വിഗ്രഹമോ,കോവിലോ,ദൈവമോ,മലയോ ,ആചാരമോ ആവശ്യമില്ല.മനസ്സാണ് അത് ഒരുക്കുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ നിക്ഷേപം നടത്താൻ മനസ്സ് മാത്രമാണുള്ളത്. ആത്മീയത ഒരു സൗന്ദര്യശാസ്ത്രമാണ്. അത് മതാനുഷ്ഠാനങ്ങളിൽ നിന്ന് വിഭിന്നമായി ഒരാളുടെ വ്യക്തിപരമായ സൗന്ദര്യാന്വേഷണവും സത്യാന്വേഷണവുമാണ്.

ആത്മീയതയിൽ സൗന്ദര്യത്തിൻ്റെ ദൈവമുണ്ട്. മനുഷ്യനിലെ ആത്മാവ് മതം അനുശാസിക്കുന്നതിൽ നിന്ന് വിഭിന്നമാണിവിടെ. ഒരിക്കലും നശിക്കാത്ത ,ദൈവത്തിനവകാശപ്പെട്ട ആത്മാവല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച് ,മനഷ്യനിലെ വിശിഷ്ടമായ ഒരു സർഗാത്മക ഗുണമാണത്. പാട്ടുകേൾക്കുന്നതിൽ പോലും ആത്മീയതയുണ്ട്. ആദ്ധ്യാത്മികതയല്ല ആത്മീയത .മനസ് അതിൻ്റെ ആഴത്തിൽ തിരിച്ചറിയുന്ന നിമിഷമാണിത്. ഇത് മനനവും വിചാരവുമാണ്. ഓർമ്മകളിൽപ്പോലും ആത്മീയതയുണ്ട്. സ്വയം തപിക്കുന്നതും സ്വയം ഉരുകുന്നതും ഇതു തന്നെ.

'വേകിംഗ് അപ്' എന്ന പുസ്തകമെഴുതിയ സാം ഹാരീസ് ഒരാൾ സ്വന്തം നിലയിൽ സ്വതന്ത്രമായ ആത്മീയതയിലെത്തുന്നതിനെക്കുറിച്ച് വിവരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഞാൻ ഒരിക്കൽ മനസികമായ പ്രതിസന്ധിയിലൂടെ കടന്നു പോയി. എൻ്റെ ബോധത്തിൽ വലിയ പരിവർത്തനം ഉണ്ടായി. ഞാൻ അതിനുശേഷം എന്നെക്കുറിച്ച് ഓർത്ത് ഉത്ക്കണ്ഠപ്പെട്ടിട്ടില്ല. സ്വയം വിമർശിക്കുകയോ മത്സരിക്കുകയോ ഭൂത,ഭാവികാലങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്തിട്ടില്ല. അതോടെ എനിക്ക് സുഹൃത്തുക്കളെ പരിധിയില്ലാതെ സ്നേഹിക്കാൻ കഴിഞ്ഞു. ഏത് അപരിചിതവ്യക്തിയോടും എനിക്ക് സ്നേഹം തോന്നി. സ്നേഹം ,മനസ്സിൻ്റെ അടിത്തട്ടിൽ ,വ്യക്തിപരമല്ല" .

ചൈനീസ് സാഹിത്യകാരനായ ഗാവോ സിങ്ജിയാൻ എഴുതിയ  'സോൾ മൗണ്ടൻ' (ആത്മാവിൻ്റെ  ശൈലം')ഒരു വ്യക്തിയുടെ ആത്മീയമായ സ്വയം ബോധ്യത്തിനുള്ള ഏകാന്ത യാത്രയാണ്.തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഒരു ഗിരിയിലേക്ക് അതിലെ കഥാപാത്രം സഞ്ചരിക്കുന്നു. അയാൾ ശരിക്കും എത്തിച്ചേരാനാഗ്രഹിക്കുന്ന ഇടം സ്വന്തം ആത്മഗേഹമാണ്; അയാൾ അവിടെ എത്തുന്നില്ലെങ്കിലും.

ആത്മീയത വിധിയാണ്

" നിങ്ങൾ ഏറ്റവും അസാധാരണമായ ആ കാര്യം നിരീക്ഷിച്ചിട്ടുണ്ടോ ?ആത്മബോധം ?" എന്ന് സിങ്ജിയാൻ ചോദിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന ഭൗതിക സാഹചര്യങ്ങളെ നേരിടാൻ ഒരു വ്യക്തിക്ക് പ്രകൃതി നല്കിയ മാർഗമാണ് ആത്മീയത .ദീർഘകാലം തടവറയിൽ കിടക്കുന്നവർ ,സ്വാഭാവികമായി അവിടേക്ക് എത്തിച്ചേരുകയാണ് പതിവ്.ജയിലിൽ ആരാധനയോ ക്ഷേത്രമോ ഒന്നുമില്ലല്ലോ.എന്നാൽ ഒരാളുടെ ആന്തരിക ഘടനയിൽ ,അതിനു സമാന്തരമായി മാറ്റൊരു ആത്മീയവ്യൂഹം ചമക്കപ്പെടുന്നു. മൗനത്തിനു സംഗീതവും ദൈവികതയും ലഭിക്കുന്നതപ്പോഴാണ് .ദീർഘനേരം മിണ്ടാതിരിക്കുമ്പോൾ വ്യക്തിയെ വലയം ചെയ്യുന്ന ഒരു ആത്മീയവലയമുണ്ട്.

'സോൾ മൗണ്ടൻ' ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിയ മാബേൽ ലി ഇങ്ങനെ എഴുതുന്നു: '' സമൂഹത്തിനു വേണ്ടി ,സംഘത്തിനു വേണ്ടി,പാരമ്പര്യത്തിനു വേണ്ടി,മാമൂലിനു വേണ്ടി ഒരു വ്യക്തിയെ അധികാരമുപയോഗിച്ച് കീഴടക്കുന്നതിനോടുള്ള പ്രതികരണമാണ് 'സോൾ മൗണ്ടൻ'.ഇതിൽ നിന്ന് ആത്മീയതയെക്കുറിച്ചുള്ള തിളക്കമുള്ള ഒരാശയം നമുക്ക് കണ്ടെത്താവുന്നതാണ്.സമൂഹം അല്ലെങ്കിൽ അധികാരശക്തികൾ പറയുന്നിടത്താണ് വ്യക്തിയുടെ ആത്മീയത എന്ന നിലപാട് സിങ്ജിയാൻ പുലർത്തുന്നില്ല. അദ്ദേഹം വ്യക്തിയുടെ സ്വകാര്യമാണ് അവൻ്റെ ഏകാന്തതയെന്ന് ചിന്തിക്കുന്നു. ഒരാളുടെ ആത്മീയമായ ദാഹം ,സൗന്ദര്യാത്മകമായ സമസ്യകൾ ,സത്യാന്വേഷണപരമായ ചിന്തകൾ ,കലാപരമായ ആകുലതകൾ ഒരു സമൂഹത്തിനു മുൻപിൽ അടിയറ വയ്ക്കേണ്ടതില്ല. സ്വയം തിരയാനുള്ളത് അങ്ങനെ തന്നെ ഇരിക്കട്ടെ. ആത്മീയത  വിധിയാണ്. ഖലിൽ ജിബ്രാൻ ,ഇക്ബാൽ ,ടാഗോർ തുടങ്ങിയവരുടെ ആത്മീയ വിഷയങ്ങൾ സമൂഹം നല്കിയതല്ല.

ആദ്ധ്യാത്മികതയ്ക്ക് ഒരു ലക്ഷ്യമുണ്ട്. അത് വ്യവസ്ഥയുടെ ഭാഗമാണ്. അതിനു പാഠങ്ങളുണ്ട്‌. എന്നാൽ ആത്മീയതയ്ക്ക് തിരിച്ചറിവുകളാണുള്ളത്. ഒരാൾ അവനവൻ്റെ വഴക്കത്തിനൊത്ത് അനുഭവിക്കുകയോ കണ്ടെത്തുകയോ ചെയ്യുന്നതാണത്. സിങ്ജിയാൻ ഇങ്ങനെ എഴുതി: "ഈ ലോകത്ത്‌ നിങ്ങൾക്ക് വളരെ കുറച്ചു കാര്യങ്ങളേ നേടാനാവൂ. അതുകൊണ്ട് അത്യാഗ്രഹിയാകേണ്ട ഒരു കാര്യവുമില്ല. അവസാനം ,നിങ്ങൾ നേടുന്നതെല്ലാം ഓർമ്മകളാണ് ;മടിപിടിച്ച ,അസ്പൃശ്യമായ ,സ്വപ്നസമാനമായ ഓർമ്മകൾ .അതാകട്ടെ നിശ്ചേതനവുമാണ്. "

ഈ വാക്കുകളിൽ ആത്മീയതയുണ്ട്.ഇത് മനുഷ്യവംശത്തിൻ്റെ സാരത്തെക്കുറിച്ച് ഒരാൾ ചിന്തിക്കുന്നതാണ്.ഇത് അയാളുടെ മാത്രം അനുഭവമാണ്.ഇതിനെ അസ്തിത്വപരമായ സൗന്ദര്യശാസ്ത്രവുമായി ബന്ധിപ്പിക്കാവുന്നതാണ്.ഓരോ മനുഷ്യൻ്റെയും അസ്തിത്വം വേറിട്ടതാണ്. ലോകത്ത് ഒന്നിനോടും അതിനു സാദൃശ്യമില്ല. ഒരാൾ തൻ്റെ ജീവിതത്തിൽ നേരിടുന്ന സമസ്യകൾ അയാളുടേത് മാത്രമാണ്. ജീവിതത്തിൻ്റെ അർത്ഥമറിയാൻ നാം കുതിക്കുന്നു. എന്നാൽ അതൊരിക്കലും വ്യക്തമാവുന്നില്ല. അതുകൊണ്ട് ഒരർത്ഥം ഉണ്ടാക്കാൻ നാം വിധിക്കപ്പെടുകയാണ്. അതിനായുള്ള ഓരോ കാൽവയ്പും സ്വാതന്ത്ര്യമാണ്. ഇതാണ് അസ്തിത്വ പരമായ സൗന്ദര്യശാസ്ത്രം. ഓരോ മനുഷ്യവ്യക്തിയുമാണ് ഇത് നിശ്ചയിക്കുന്നത്. ഇത് ആത്മീയമായ അവസ്ഥയാണ്. ഒരാൾ തനിച്ച് തൻ്റെ അസ്തിത്വപരമായ ലക്ഷ്യക്കൾക്ക് വേണ്ടി വ്യഥയനുഭവിക്കുന്നതിൽ ആത്മീയതയുണ്ട്.

വാക്കുകൾ

1)നോവൽ ഒരു കഥയാണെങ്കിലും ,അത് സംഗീതവുമാണ്.ഗദ്യത്തിൽ സംഗീതാത്മകത വന്നില്ലെങ്കിൽ ,എനിക്ക് നോവൽ എഴുതാനാവില്ല .
ഗബ്രിയേലാ കാബ്സോൺ കാമറ
(അർജൻ്റയിൻ എഴുത്തുകാരി )

2) ഞാൻ എഴുതുമ്പോൾ സംഗീത ശില്പശാലയിൽ ഇരിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. വാക്കിൻ്റെ അടിസ്ഥാനപരമായ സംഗീതസ്വഭാവം അറിയേണ്ടതുണ്ട്.
അരിയാനാ ഹാർവിസ്
( അർജൻ്റയിൻ എഴുത്തുകാരി )

3) ഭ്രാന്തമായ അഭിപ്രായങ്ങൾ പറയാൻ മടിക്കരുത്; ഇപ്പോൾ സ്വീകരിക്കപ്പെട്ടുകഴിഞ്ഞ എല്ലാ അഭിപ്രായങ്ങളും ഒരിക്കൽ ഭ്രാന്തമായിരുന്നു.
ബർട്രാൻഡ് റസ്സൽ
(ബ്രിട്ടീഷ് ബുദ്ധിജീവി )

4)സ്കൂളുകൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഒരു രഹസ്യമുണ്ടെന്നും അത് പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് മാത്രമേ കഴിയൂ എന്നുമുള്ള സങ്കല്പത്തിലാണ്.
ഇവാൻ ഇല്ലിച്ച്
(റോമൻ സാമൂഹ്യചിന്തകൻ)

5) ഒരേയൊരു നന്മയേയുള്ളു: ജ്ഞാനം .ഒരേയൊരു തിന്മയേയുള്ളു: അജ്ഞത .
സോക്രട്ടീസ്
(ഗ്രീക്ക് ചിന്തകൻ)

കാലമുദ്രകൾ

1)ടി.പത്മനാഭൻ

പരിസ്ഥിതി ,സ്നേഹം ,കവിത ,വയന എന്നിങ്ങനെയുള്ള നന്മകളിലൂടെയാണ് ടി.പത്മനാഭൻ്റെ കഥകൾ സഞ്ചരിക്കുന്നത്.ഇതിൻ്റെ ഭാഗമായി അദ്ദേഹം വല്ലപ്പോഴും സുഗതകുമാരിയുടെ കവിതയും കഥകളിൽ പരാമർശിക്കാറുണ്ട്.

2) സുഗതകുമാരി

ഒ.എൻ.വിയോടുള്ള ആദരവ് സുഗതകുമാരി എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഒ.എൻ.വി ജീവിച്ചിരുന്നപ്പോൾ സുഗതകുമാരി അദ്ദേഹത്തെക്കുറിച്ചൊരു കവിതയെഴുതി. അത് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് ഒ.എൻ.വിയെ കാണിച്ച് അനുവാദം വാങ്ങിക്കുകയും ചെയ്തിരുന്നു.

3) കേശവദേവ്

നാഴികക്കല്ലായ 'ഓടയിൽ നിന്ന് ' എന്ന നോവലെഴുതുമ്പോൾ കേശവദേവിന് പ്രസാധകരില്ലായിരുന്നു. കൊല്ലത്തുള്ള ഒരു ബുക്ക് സ്റ്റാൾ ഉടമയെ കണ്ട് ,താൻ ഒരു നോവലെഴുതിക്കൊണ്ടു വന്നാൽ വില്ക്കാമോ എന്ന് ചോദിച്ച് ഉറപ്പു വാങ്ങിയ ശേഷമാണ് അദ്ദേഹം എഴുതാൻ ലോഡ്ജിൽ മുറിയെടുത്തത്.

4) സി.എൻ.കരുണാകരൻ

കേരളത്തിൽ ചിത്രകാരന്മാർക്ക് ഇപ്പോഴും ഒരു വിപണിയില്ല .മാധ്യമങ്ങൾ ചിത്രകലയെ തമസ്കരിക്കുകയാണ്. ഓണപ്പതിപ്പുകളിൽ രണ്ടു പേജ് പെയിൻ്റിംഗിനു വേണ്ടി നീക്കി വയ്ക്കില്ല .എന്നാൽ സി.എൻ.കരുണാകരൻ സ്വന്തം നിലയിൽ ചിത്രകലയിൽ ഒരു ജീവിതമാർഗം കണ്ടെത്തി.

5 )എം.എൻ.സത്യാർത്ഥി

ബംഗാളി നോവലുകൾ പരിഭാഷപ്പെടുത്തിയ  എം.എൻ .സത്യാർത്ഥിയുടെ പേര് എഴുപതുകളിൽ  നമ്മുടെ സാഹിത്യാന്തരീക്ഷത്തിൽ എപ്പോഴും മുഴങ്ങിക്കേട്ടു .വിപ്ലവകാരിയും ബഹുഭാഷാപണ്ഡിതനും സുഭാഷ് ചന്ദ്രബോസിൻ്റെ സുഹൃത്തുമായിരുന്ന സത്യാർത്ഥിയെ  നമ്മൾ സൗകര്യപൂർവ്വം മറന്നു.

ബാബു ജോസഫിൻ്റെ ചിന്ത

നല്ലൊരു ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ ഡോ.ബാബു ജോസഫിൻ്റെ ഏത് ലേഖനവും നമ്മെ  ആശയപരമായി ഉത്സുകരാക്കും. അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ വളരെ അധുനികനാണ്. ശാസ്ത്രചിന്തയുടെ ദാർശനികമായ പഥങ്ങളിൽ അലഞ്ഞ് സർഗാത്മകമായ അവബോധത്തിലെത്തിച്ചേരാൻ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ട്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് 'മതനിരപേക്ഷ ആത്മീയത മിഥ്യയല്ല (ദേശാഭിമാനി വാരിക)എന്ന ലേഖനം.അദ്ദേഹം എഴുതുന്നു: "ആരാധനാലയങ്ങൾ തുറന്നില്ലെങ്കിലും ആത്മീയതയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് നമ്മൾ പഠിച്ചു. ആരാധനാലയങ്ങളിലൂടെയേ ഈശ്വരനെ സമീപിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണയാണ് തകർക്കേണ്ടത്.പ്രാർത്ഥനയേക്കാൾ ഫലപ്രദമായത് പ്രവൃത്തിയാണ് ". നിരീശ്വരവാദിയായിരുന്ന സഹോദരൻ അയ്യപ്പൻ ദൈവം വേണ്ട എന്ന് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ശ്രീനാരായണഗുരു അറിയിച്ചത് സഹോദരൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ എന്നാണ്.ഇത്  മനുഷ്യൻ്റെ മഹത്വത്തിൽ പ്രകാശിതമാകുന്ന ദൈവമാണ്.ഇത് മതത്തിൻ്റെ ആകാശത്തെ വിപുലീകരിക്കുകയാണ്.

പ്രളയവും കവിതയും

അപ്രതീക്ഷിതമായ പ്രളയത്തിൽ ജീവിതം കൈവിട്ടു പോകുന്നവരുടെ അവസ്ഥ ഇന്ന് മലയാളികൾക്ക് നന്നായി മനസിലാവും.അവർ ഒരു പുതിയ ജീവിതം തേടുകയാണ്. അവിചാരിത യാഥാർത്ഥ്യങ്ങൾ പുതിയൊരു മാനമാണ്‌. ഇതാണ് ജീവിതത്തിൻ്റെ  പുതിയ കവിത .സുരേഷ് നൂറനാട് എഴുതിയ 'പൊലീസുകാരൻ
കണ്ടെടുത്ത കവിത '(സെക്രട്ടേറിയറ്റ് സർവ്വീസസ് )യിലെ വരികൾ ഇങ്ങനെ:
'അമ്മയെ തിരക്കിയിറങ്ങിയ ഇവൻ
വെള്ളത്തിൽക്കിടന്നെഴുതിയ
ഇക്കവിതയും മഴ പിഴുതെടുക്കില്ല' .

സുരേഷ്കുമാർ.വി എഴുതിയ 'അറുപതു തോറ്റവർഷങ്ങളുടെ അവസാന അര ഫർലോംഗ് ' (കലാകൗമുദി ഓണപ്പതിപ്പ് )എന്ന കഥ പാരായണസുഖം തന്നു. ഭാഷാപരമായ സൂക്ഷ്മതയോടെപ്പം ആഖ്യാനപരമായ മികവും ഈ കഥ പാലിച്ചു.

ഡോ. ടി.എം.മാത്യുവിൻ്റെ  'വിശ്വവിഖ്യാതമായ മൂക്കും യാഥാർത്ഥ്യങ്ങളും ' ( നവനീതം ഓണപ്പതിപ്പ് ) വൈക്കം മുഹമ്മദ് ബഷീറിൻ്റെ സാമൂഹ്യ അപനിർമ്മാണ കൗശലത്തെ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു.



No comments:

Post a Comment