Wednesday, July 6, 2022

ഓർമ്മയുടെ ഇന്ദ്രിയങ്ങൾ / അക്ഷരജാലകം

 



എം.കെ.ഹരികുമാർ 





സാഹിത്യമേഖലയിൽ ഓർമ്മകൾക്ക് സ്വർണ്ണത്തിൻ്റെ വിലയെന്ന പറയുന്നത് തെറ്റാണ്; സ്വർണത്തേക്കാൾ വിലയാണ്. സ്വർണ്ണത്തോട് ഭ്രമമുള്ള കവികളും എഴുത്തുകാരും എന്തിനെയും സ്വർണമാക്കാൻ നോക്കുമെങ്കിലും സാഹിത്യമെഴുതുന്നവനു ഓർമ്മകളില്ലെങ്കിൽ വാക്കുകൾ വെള്ളപ്പൊക്കത്തിൽ എന്നപോലെ ഒഴുകിപ്പോകും; വായനക്കാരനെ ഗൗനിക്കുക പോലുമില്ല. 

അമെരിക്കൻ എഴുത്തുകാരിയും കവിയുമായ ആനി ഡില്ലാർഡ് എഴുതിയ 'ദ് റൈറ്റിംഗ് ലൈഫ് ' എന്ന കൃതി എഴുത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 
വായനക്കാരൻ്റെ മനസ്സിലാണ് ഒരു കൃതി രചിക്കപ്പെടുന്നത് ; എഴുത്തുകാരൻ്റെ മേശപ്പുറത്തല്ല. വായിക്കുമ്പോൾ ഒരാൾ സ്വന്തം ഓർമ്മകളെ കണ്ടെത്താൻ ശ്രമിക്കുകയാണ്; അല്ലെങ്കിൽ ഓർമ്മകളെ നായാടുകയാണ്. കാരണം ,ഓർമ്മകളാണ് അയാളെ ചാർജ് ചെയ്യുന്നത്. എഴുത്തിനെക്കുറിച്ച് ആനി ഡില്ലാർഡ് പറയുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: 'എഴുതാനുള്ള  വിഷയത്തിൽ പൂർണമായി മനസ്സ് അർപ്പിക്കുക. മനസ്സിൽ വന്നുകൊണ്ടിരിക്കുന്ന ആശയങ്ങൾ വരാനിരിക്കുന്ന മറ്റൊരു പുസ്തകത്തിനു വേണ്ടിയോ  രചനയ്ക്കു വേണ്ടിയോ മാറ്റിവെക്കാതിരിക്കുക.മുഴുവനും ഇപ്പോൾ എഴുതുന്നതിൽ ചെലവഴിക്കുക. കഴിവിൻ്റെ പരമാവധി ഉപയോഗിക്കുക. നാളത്തേക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് നാശോന്മുഖമാണ്. സ്വതന്ത്രമായും സമൃദ്ധമായും നല്കാൻ കഴിയാത്തതെല്ലാം നഷ്ടപ്പെടാനുള്ളതാണ് '.

ഇപ്പോൾ നമുക്കിടയിൽ നഷ്ടപ്പെട്ട ഒരാശയമാണിത്. എഴുതാനുള്ള ശേഷി തന്നെ തിരിച്ചറിയപ്പെടാത്ത ഈ സന്ദർഭത്തിൽ സ്വന്തം തൊഴിലും പദവിയും സമ്പത്തും വർധിപ്പിക്കാനാണ് ഭൂരിപക്ഷം പേരും എഴുതാനിരിക്കുന്നത്. കോവിലനെ പോലെ 'തട്ടകം' എഴുതുന്ന ശീലം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു .എം.സുകുമാരനെ പോലെ 'കുഞ്ഞാപ്പുവിൻ്റെ ദു:സ്വപ്നങ്ങൾ 'എഴുതുന്നവരെ ഇപ്പോൾ കിട്ടുകയില്ല .ഇന്ന് എം. മുകുന്ദനെ പോലെ അവനവനെ തന്നെ നിങ്ങൾ എന്നു വിളിച്ച് ,യാതൊരു ചിന്താപരമായ ചലനവുമുണ്ടാക്കാതെ എൻ ജി ഒ സാഹിത്യം സൃഷ്ടിച്ച് സ്വന്തം നിഷ്ക്രിയത്വത്തിനു പൂജ ചെയ്യുന്നവരെയാണ് കാണാൻ കഴിയുന്നത്.

ഒരു വിഷയത്തെ ആഴത്തിൽ നോക്കുന്നതിനു പകരം താൻ ഇതെഴുതിയാൽ തൻ്റെ സ്ഥാനം ചില സംഘടനകളിൽ എത്രമാത്രം വിലമതിക്കപ്പെടുമെന്നാണ് പലരും ചിന്തിക്കുന്നത്. കലാശാലാ ഗവേഷകർ കൂട്ടത്തോടെ സാമാന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ അന്വേഷണമോ ചിന്തയോ ആ മേഖലയിലില്ല. ഇന്നത്തെ ഗവേഷണം പണത്തിനു വേണ്ടിയാണ്. 
മുമ്പ് പലരും പോയ വഴികളിലൂടെ വെറുതെ സഞ്ചരിക്കുകയാണ് ഗവേഷകർ. 

നിഗൂഢമായ വിരക്തികൾ

ഒരിക്കൽ എറണാകുളത്ത് വച്ച് കണ്ടപ്പോൾ ,'ഹൗസ് ഓഫ് ബ്ളൂ മാംഗോസ് 'എന്ന നോവൽ എഴുതിയ ഡേവിഡ് ഡേവിഡാർ എന്നോട് പറഞ്ഞത് ഇതാണ്: 'ഒരു നോവൽ എഴുതാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് ഒരു വലിയ ചാൻസായി എടുക്കുക. പിന്നീടൊരു  അവസരം വരുമെന്ന് കരുതി ഇപ്പോഴത്തെ പരിശ്രമത്തിൻ്റെ ശക്തി കളയരുത്. കിട്ടിയ ചാൻസ് പരമാവധി ഉപയോഗിക്കുക. അത് നിങ്ങളുടെ കഴിവിൻ്റെ പാരമ്യമായിരിക്കണം.'. പലരും ഉപേക്ഷയോടെയാണ് സ്വന്തം കൃതിയെ സമീപിക്കുന്നത്. തൻ്റെ സിദ്ധിയുടെ പരമാവധി മൂല്യം പുറത്തു വരാൻ വേണ്ടി തീവ്രമായി ശ്രമിക്കുന്നില്ല. മഹാനായ അമെരിക്കൻ ,ബ്രിട്ടീഷ് കവി ടി.എസ്.എലിയറ്റ് ,അന്നത്തെ യുവ എഴുത്തുകാരി ആലീസ് ക്വിൻ അയച്ച കത്തിന് മറുപടിയായി ഇങ്ങനെ എഴുതി: 'നിങ്ങൾ ഒന്നാമതായി ,നിങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റാർക്കും വേണ്ടി എഴുതരുത്. നിങ്ങൾ എത്ര യൂണിവേഴ്സിറ്റികളിൽ പഠിച്ചുവെന്നതോ, എന്ത് പഠിച്ചുവെന്നതോ ഇവിടെ പ്രശ്നമല്ല. എൻ്റെ ഏറ്റവും പ്രിയപ്പെട്ട പ്രബന്ധം ദാന്തെ (ഡിവൈൻ കോമഡിയുടെ രചയിതാവ് )യെക്കുറിച്ചുള്ളതാണ് (ദ് സേക്രഡ് വുഡ് എന്ന സമാഹാരം) . ദാന്തെയെക്കുറിച്ച് ഞാൻ വല്ലാതെ പഠിച്ചു എന്നതുകൊണ്ടല്ല അത്  പ്രിയപ്പെട്ടതാകുന്നത്; ഞാൻ അതിൽ എഴുതിയ കാര്യങ്ങളോട് എനിക്ക് വലിയ പ്രിയമുണ്ടായിരുന്നതുകൊണ്ടാണ്. 'ദ് വെയ്സ്റ്റ് ലാൻഡ് 'എൻ്റെ ഏറ്റവും പ്രശസ്തമായ കവിതയാണ് .അത് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടേക്കാം. പക്ഷേ ,അതെൻ്റെ പ്രിയപ്പെട്ട രചനയല്ല'.

ഒരാൾ തൻ്റെ വിഷയത്തെ സ്നേഹിക്കുമ്പോഴാണ് അതിനെക്കുറിച്ചുള്ള ഏറ്റവും വിഭിന്നമായ ഒരാശയം രൂപപ്പെടുന്നത്. സാഹിത്യരചന മനുഷ്യൻ്റെ വളരെ നിഗൂഢമായ ഐന്ദ്രിയാനുഭവങ്ങളെയാണ്  നേരിടുന്നതെന്ന് ആനി ഡില്ലാർഡ് പറയുന്നുണ്ട്. ഒരാൾ അതിലൂടെ നേടുന്ന അരാജകസ്വഭാവമുള്ള സന്തോഷമോ, ചിതറിച്ചു കളയുന്ന ആനന്ദമോ ,അല്ലെങ്കിൽ കാർന്നു തിന്നുന്ന ആത്മീയവിരക്തിയോ എന്തായാലും മറ്റൊരാൾക്ക് മനസ്സിലാകണമെന്നില്ല. അത് എഴുത്തുകാരൻ്റെ സ്വന്തം നരകമാണ്. അവിടേക്ക് വായനക്കാരൻ എത്തുന്നത് അവൻ്റെ ഓർമ്മകളിലൂടെയാണ്. കവി സ്വയം അറിയാനാണ്, അല്ലെങ്കിൽ സങ്കൽപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് മറ്റുള്ളവരുടെ കണ്ണിൽ യഥാർത്ഥമാണോയെന്നുപോലും അപ്പോൾ അറിയില്ല.നിഗൂഢവിരക്തികൾ കവിയെ വലയ്ക്കുന്നു.

'നീയറിയുന്നുവോ ചോലമരങ്ങളിൽ
സായാഹ്നമോരോന്നിരുണ്ടു തൂങ്ങുന്നതും 
നീണ്ടമൗനത്തിലേക്കെൻ്റെ രാപ്പക്ഷികൾ 
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും'

എന്ന് എ.അയ്യപ്പൻ എഴുതുന്നത് ശ്രദ്ധിക്കുക .ഇത് കവിയുടെ ഉറച്ച ബോധ്യമല്ല ;അറിയാത്ത പൊരുളിനെക്കുറിച്ചുള്ള വൈകാരികമായ അനുഭവമാണ്. 

മനുഷ്യരുടെ മൂല്യം 

സാഹിത്യകലയിലെ വിഷയം എല്ലാ ജനങ്ങളും ഇഷ്ടപ്പെടണമെന്നില്ല .അഭിരുചിയാണ് അവിടെ പ്രധാനം .ജനാധിപത്യപരമായി വോട്ടിനിട്ടു വിജയിപ്പിച്ച വിഷയമല്ല ഒരു നല്ല എഴുത്തുകാരൻ എഴുതാൻ തിരഞ്ഞെടുക്കുന്നത് ;അയാൾക്ക് മാത്രം വിലമതിക്കുന്നതായിരിക്കുമത്. സ്വയം സാക്ഷ്യപ്പെടുത്തുകയും പങ്കുപറ്റുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. അങ്ങനെ അയാൾ സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള അണു സമാനമായ അറിവെങ്കിലും മനസ്സിലാക്കാൻ പറ്റുമോ എന്ന് നോക്കൂന്നു. നോക്കുന്ന വേളയിൽ തന്നെ രൂപമാറ്റം സംഭവിക്കുന്ന ആശയങ്ങൾ നിരനിരയായി വന്നു കൊണ്ടിരിക്കുകയാണല്ലോ .

സാഹിത്യം ,ചുരുക്കിപ്പറഞ്ഞാൽ, ഓർമ്മയുടെ കലയാണ് .ഓർമ്മകളെ വളരെ സ്ഥൂലമായി, ഏകപക്ഷീയമായി എഴുതിവയ്ക്കുന്ന കാര്യമല്ല പറയുന്നത്. സാഹിത്യത്തിൻ്റെ ജീവൻ ഓർമ്മ തന്നെയാണ്. സ്വന്തം ഓർമ്മകൾ ഒരു പ്രത്യേക ഭൂപ്രദേശമാണ്. അതിൽ ജനിച്ച നാട് മാത്രമല്ല ഉള്ളത്. ജീവിച്ചതത്രയും കടന്നുവരികയാണ്. ഓർക്കുന്തോറും നമ്മുടെ ജീവിതം വലുതാവുന്നു. ജീവിക്കുന്ന മനുഷ്യൻ്റെ ഓർമ്മകൾക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്. ഓർമ്മ ഖനനം ചെയ്യുകയാണ്, മനുഷ്യൻ്റെ  ഉപേക്ഷിക്കപ്പെട്ട ആന്തരിക നിലങ്ങളിൽ. ഓർമ്മ ഒരു വിജയഗാഥയല്ല, ന്യായീകരണമല്ല; പരാജയവുമാണ്. പരാജയത്തിൻ്റെ നിയമങ്ങൾ, അനിവാര്യതകൾ, ചിന്തകൾ എല്ലാം ഓർമ്മകളാണ്. വിജയിക്കാതിരിക്കുമ്പോഴും മനുഷ്യൻ ജീവിക്കുന്നു .തടവറയിൽ കിടക്കുന്ന വ്യക്തിയും ഓർക്കുന്നു .ഒരു ഘട്ടം കഴിയുമ്പോൾ ഓർമ്മയെ കണ്ടെത്തേണ്ടതുണ്ട്, വീണ്ടും വീണ്ടും .അത് ഒരേ താളത്തിലും അളവിലുമായിരിക്കില്ല എപ്പോഴും . നമ്മുടെ ഭാവനയ്ക്കൊത്ത് അത് വികസിക്കുകയും വിദൂരസ്ഥലികളിലേക്ക് ആകർഷിക്കപ്പെടുകയുമാണ്.

ഓർമ്മ ഒരിക്കലും ഓർമ്മയായിരിക്കുന്നില്ല .അതു രൂപാന്തരപ്പെടുകയാണ്. ഓരോ തവണ ഓർക്കുമ്പോഴും ഓർക്കപ്പെട്ട വസ്തുവിനു രൂപാന്തരം സംഭവിക്കുന്നു; ഓരോ ചിമിഴ് രൂപപ്പെടുകയാണ്. ഓർമ്മകളിലൂടെ മനുഷ്യൻ തത്ത്വചിന്തയിലും സാഹിത്യത്തിലുമെത്തുകയാണ്. ഒരു ഓർമ്മയിലൂടെ മനുഷ്യൻ അവൻ്റെ ജീവിതത്തിൻ്റെ വിധി നിശ്ചയിക്കുന്നു; അല്ലെങ്കിൽ നിശ്ചയിക്കപ്പെടുന്നു. ആത്മനിന്ദയോ ആത്മഹർഷമോ രൂപപ്പെടുന്നു. ഭൂതകാലത്തിലെ ഒരു വ്യക്തി നമ്മുടെ മനസ്സിൽ ഓർമ്മകളുടെ സഹസ്രദലങ്ങളാണ് സൃഷ്ടിക്കുന്നത് .അത് നമുക്കൊപ്പം സമാന്തരമായി മറ്റൊരു മാനസികവ്യൂഹം ചമയ്ക്കുന്നു.

ഉപയോഗശൂന്യമായത് 

ഒരാൾ തന്നെ പലകാലങ്ങളിൽ പലതാണ് നമ്മുടെ മനസ്സിൽ; ഓർമ്മകളും അതിനനുസരിച്ച് വ്യത്യാസപ്പെടുന്നു. നിസ്സാര സംഭവങ്ങളെ അധികരിച്ച് ഓർമ്മകളെഴുതുന്നവരെ ഉന്നത രചയിതാക്കളായി കാണാനാവില്ല. അവർ പെട്ടെന്ന് ഓർത്തെടുക്കാനാവുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക മാത്രമാണ് ചെയ്യുന്നത് .അവർ ഹോട്ടലുകളിലും കാൻ്റീനുകളിലും പോയി ഭക്ഷണം കഴിച്ചതും സുഹൃത്തുക്കളുടെ വീടുകളിൽ പോയതും വിവാഹങ്ങളിൽ പങ്കെടുത്തുമൊക്കെ സവിസ്തരം പ്രതിപാദിക്കും. ചിലപ്പോൾ അവർക്ക് ഇത്രയേയുള്ളൂ 'ആത്മ'കഥകൾ . അവരുടെ ആത്മാവിൻ്റെ കഥ അഥവാ ആത്മകഥ നിസ്സാരവും തുച്ഛവുമാണ്.
അവരുടെ ഓർമ്മകൾക്ക് രൂപാന്തരം  സംഭവിക്കുന്നില്ല. അവർ ഒരു വസ്തുവിനെ ജീവിതകാലമത്രയും ഒരേ രീതിയിലാണ് നോക്കിക്കാണുന്നത്.
അവർ അമ്പതും അറുപതും വർഷങ്ങൾ സൂര്യോദയത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും ഒരേ മട്ടിൽ എഴുതിക്കൊണ്ടിരിക്കും. വസ്തുതയ്ക്കുള്ളിലേക്കു തുളച്ചുകയറാൻ അവർക്കാവില്ല. അതിനുള്ള ഇന്ദ്രിയങ്ങൾ അവർക്കില്ല .അവർക്ക് ഓർമ്മ ഉപരിതലത്തിൽ നിന്നു നോക്കുമ്പോൾ കാണുന്ന വസ്തുക്കൾ മാത്രമാണ്. അവരുടെ മനസ്സിനെ അത് സ്വാധീനിക്കുന്നില്ല .വൈകാരികതയുടെ പുറന്തോടിലാണ് അത് പ്രവർത്തിക്കുന്നത്. ഓർമ്മകൾക്കുമുണ്ട് ഇന്ദ്രിയങ്ങൾ .ആ ഇന്ദ്രിയങ്ങളിലൂടെ ഓർമ്മകൾ ലോകത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ പുതുക്കിപ്പണിയുന്നു. 

ഒരു പഴയ സംഭവത്തെക്കുറിച്ച് എഴുതിക്കഴിഞ്ഞാൽ അതോടെ അവരുടെ ഓർമ്മ അവസാനിച്ചു; പിന്നീടത് കരിക്കട്ട പോലെ ഉപയോഗശൂന്യമായിത്തീരും. ഓർക്കുന്തോറും മനുഷ്യൻ കൂടുതൽ മൂല്യമുള്ളവനായിത്തീരും. ഓർമ്മകളുടെ മൂല്യത്തിനനുസരിച്ച് നമ്മളും മൂല്യമുള്ളവരായി മാറുന്നു. ഭൂതകാലത്തിനു മനുഷ്യാസ്തിത്വത്തിൻ്റെ ഛായ ലഭിക്കുന്നു. നമ്മുടെ യഥാർത്ഥ മൂല്യം ഈ ഓർമ്മകളുടെ പരിസ്ഥിതിക , ആത്മീയ വൈകാരികലോകമാണ്.

'ഭൂതകാലത്തിലെ നിമിഷങ്ങൾ സ്ഥിരമായിരിക്കുന്നില്ല .അത് നമ്മുടെ ഓർമ്മയിൽ നിന്ന് ഭാവിയിലേക്ക് സഞ്ചരിക്കുകയാണ്. ഭൂതകാലമായിത്തീർന്ന ഒരു ഭാവിയിലേക്ക് അത് നമ്മെ വഹിച്ചുകൊണ്ട് ഒരു തീവണ്ടിയിലെന്ന പോലെ കടന്നുപോകുന്നു എന്ന്  'റിമംബ്രൻസ് ഓഫ് തിംഗ്സ് പാസ്റ്റ് ' എന്ന നോവലിൽ ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്ത് പറഞ്ഞത് ശ്രദ്ധേയമാണ്. മനുഷ്യൻ ഭൂതകാലത്തെ തനിക്കാവശ്യമായ രീതിയിൽ മോചിപ്പിച്ച് ഭാവിയുണ്ടാക്കുന്നു എന്നാണ് വിവക്ഷ.  എഴുതുമ്പോൾ ,അമെരിക്കൻ നോവലിസ്റ്റ് ഹെൻറി മില്ലർ പറഞ്ഞതുപോലെ ,എഴുതാനുള്ള പുസ്തകത്തെക്കുറിച്ചല്ല ഓർക്കേണ്ടത്,
എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ചാണ്. കാരണം, രചന എഴുതുമ്പോൾ സ്വാഭാവികമായുണ്ടാകുന്നതാണ്. അത് മുൻകൂട്ടി ആസൂത്രണം ചെയ്യാനാകില്ല. വേദാന്തവും ബ്രഹ്മസൂത്രവും പഠിച്ചില്ലെങ്കിലും ,രചനാപരമായ വിശപ്പും ആത്മാനന്തരമായ ത്വരയുമുള്ള ഒരാൾ എഴുതുമ്പോൾ അയാളുടെ മനസ്സിൻ്റെ ജാലകങ്ങൾ തട്ടിത്തകർത്ത് ഈ ചിന്തകൾ തനിയേ വന്നു നിറയും .അത് ഓർമ്മകളുടെ പരിണാമ(മെറ്റാബോളിസം)ത്തിലൂടെയാണ് സാധ്യമാക്കുന്നത്. അറിയാത്തത് ഓർമ്മകളുടെ ഇന്ദ്രിയങ്ങൾ പിടിച്ചെടുക്കുന്നു. എൻ്റെ 'ശ്രീനാരായണായ 'എന്ന നോവലിൻ്റെ അനുഭവത്തിലാണ് ഇതു പറയുന്നത്.

പ്രാചീനമായ ആഗ്രഹങ്ങൾ 

നമ്മുടെ ഓർമ്മകളും ആശയങ്ങളും ദൃഷ്ടിപഥത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതുവരെ സമുദ്രയാത്ര നടത്തുകയാണെന്ന്  മാർ സൽ പ്രൂസ്ത് പറഞ്ഞത് ഓർക്കണം. പഠിച്ചതല്ല എഴുതുന്നത് ;പഠിച്ചതെല്ലാം ഓർമ്മകളായി ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരിക്കും. സാമുദായിക ,രാഷ്ട്രീയ മുദ്രാവാക്യങ്ങളും ക്ലാസുമുറികളും നമ്മുടെ ബെഡ്റൂമിൽ പോലുമുണ്ട്. എന്നാൽ എഴുതുമ്പോൾ ,പഠിക്കാത്തതിൻ്റെ ലോകം തനിയെ വരുകയാണ്. വീണ്ടും പറയുകയാണ് ,പഠിച്ചു പാസ്സായ ഒരു വിഷയത്തെക്കുറിച്ചല്ല ക്രിയേറ്റീവായ ഒരാൾ എഴുതുന്നത്; അറിയപ്പെടാത്തതാണ് പ്രലോഭിപ്പിക്കുന്നത്. അതുപോലെ, അകന്നുപോയ ഓർമ്മകൾക്ക് നമ്മളിലേക്ക് തിരിച്ചുവരാനുള്ള രഹസ്യ പാതകളറിയാം. അവ നമ്മളോട് അനുവാദം ചോദിക്കാതെ നമ്മുടെ ബോധത്തിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നു. പുരാതനമായ ആഗ്രഹങ്ങൾ നമ്മളിലൂടെ തലനീട്ടുകയാണ്. പ്രാചീനമായ ആഗ്രഹങ്ങളാണ് ബീജത്തിൽ സംഭൃതമായിട്ടുള്ളത്. അത് സൃഷ്ടിപ്രക്രിയയിൽ അജ്ഞാത മെന്നപോലെ ഇടപെടുന്നു. സാങ്കൽപ്പികമായ ഒരു ഭാവിയെ അത് ക്രിയാത്മകമാക്കുന്നു.  എഴുത്തുകാരനും സ്വയമൊരു  ബീജമാണ്; പ്രത്യുൽപ്പാദനപരമാകുക എന്ന വിധി അതിൽ തന്നെ നിശ്ചയിക്കപ്പെട്ടതാണെങ്കിൽ പ്രസക്തമാണ്. മങ്ങിപ്പോയ ഓർമ്മകൾ തിരിച്ചുവരുന്നത് മറ്റൊരു ലക്ഷ്യത്തോടെയാണ്. 
നമ്മുടെ ബന്ധങ്ങൾ മനസ്സിലാണല്ലോ നിലനിൽക്കുന്നത്. ഓർമ്മകൾ വികസിക്കുന്നതോടെ അതെല്ലാം  അഴിഞ്ഞു ദുർബ്ബലമാകുന്നു. അപ്പോൾ നമ്മൾ മറ്റു പലരുടേയും ഡ്യൂപ്പായി മാറാൻ തുടങ്ങും .സൗഹൃദവും പ്രേമവും വിനയവും ബഹുമാനവുമെല്ലാം നാം മറ്റുള്ളവരുടെ ഡ്യൂപ്പായി ചെയ്യുന്നതാണ് .

നമ്മൾ ഒറ്റയ്ക്കാണെന്നുള്ള കാര്യം ഓർക്കണം. ഇന്ന് എഴുത്തുകാർക്ക് തനിച്ചാകാനുള്ള സാഹചര്യമില്ലാതായി. കാരണം, ലോകം അത്രമേൽ നെഗറ്റീവാണ്. രണ്ടു പേർ തമ്മിലുള്ള വ്യവഹാരത്തിനു പോലും ഇന്ന് ഏകാന്തതയില്ല .അവർ ഒഴിവാക്കപ്പെടുകയും വാർത്താ ചാനലുകളുടെയും മറ്റു സ്വകാര്യ  മാധ്യമങ്ങളുടെയും ബിസിനസായി അത് പരിവർത്തനപ്പെടുകയും ചെയ്യുന്നു.  മാധ്യമങ്ങൾ വാർത്തയല്ല ,അതിൻ്റെ ആൻറിതീസിസ് ,വിപരീതഫലമാണ് തിരയുന്നത്. അവിടെയാണ് ബിസിനസുള്ളത്. സമകാലീന മാധ്യമങ്ങൾക്ക് വസ്തുതകൾ മാറ്റി മറിക്കാനുള്ളതാണ്. വാർത്തയ്ക്ക് അപ്പുറത്തുള്ള വിരോധാഭാസങ്ങൾ, യുക്തിഭംഗികൾ ,ഭാഷയുടെ ദുർവിനിയോഗം ,ദുർവ്യാഖ്യാനങ്ങൾ എല്ലാം വാർത്തയുടെ കച്ചവടമാകുകയാണ്. ഇത് ഒരു കച്ചവസ്തു മാത്രമല്ല ,വിപരീത വിനോദവുമാണ്.

സ്വപ്നം പോലെ ഡാൻസ് പ്ലേഗ്/ അക്ഷരജാലകം



എം.കെ.ഹരികുമാർ






ബാഹ്യവും ആഭ്യന്തരവുമായ സംഘർഷങ്ങളുടെ പാരമ്യത്തിൽ മനുഷ്യരാശി എല്ലാ വിലക്കുകളും ഭേദിച്ച് പുതിയ ഭാഷ കണ്ടെത്തുന്നതുപോലെ അസാധാരണമായ ചില വികാരങ്ങളിലുമെത്തിച്ചേരുന്നു. ചിലപ്പോൾ അത് ഒന്നിലധികം പേരെ സ്വാധീനിക്കുന്നു. അല്ലെങ്കിൽ വിവിധയിടങ്ങളിലായി ഒരു കൂട്ടമാളുകളിൽ പ്രകടമാവുന്നു. മനുഷ്യനു അതിജീവിക്കാനാവാത്ത സന്ദർഭങ്ങളിൽ ചില പെരുമാറ്റ രൂപങ്ങൾ പ്രത്യക്ഷപ്പെടുകയാണ് .ചിലർ വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്നു .ദൂരേക്ക് കണ്ണുനട്ടിരിക്കുന്നവരുണ്ട്. ഓർമ്മകളിലേക്ക് പിൻവലിയുന്നവരുണ്ട്. സ്വയം ബോധ്യപ്പെടുത്താനാവാത്ത വിചിത്രയുക്തികളുടെ ചുരുളുകളിലേക്ക് അഭയം തേടുന്നവരെയും കാണാം .

കാക്കനാടൻ്റെ 'മഴയുടെ മകൻ' എന്ന കഥയിൽ മനുഷ്യരാശിയുടെ അതിജീവനത്തിൻ്റെ വളവുകളും തിരിവുകളും ദൈന്യക്കാഴ്ചകളും അനുഭവിപ്പിക്കുന്നുണ്ട്. അദ്ദേഹം കഥയെഴുതുമ്പോൾ തീക്ഷ്ണമായ ഒരു പകർന്നാട്ടമാണ് സംഭവിക്കുന്നത്. മലയാളകഥയുടെ ശക്തിയാണ് കാക്കനാടൻ, ഇന്നും .വിഷാദരോഗം ഇന്ന് മാനവരാശിയുടെ സർവത്രികമായ ഒരു സ്വഭാവഗുണമായി മാറിയിട്ടുണ്ട്. അതിസമ്പന്നർ പോലും വിഷാദരോഗത്തിന് അടിമപ്പെടുകയാണ്. ജീവിതത്തിൽ എന്ത് നേടിയെന്നത് ഒരു ഘടകമല്ലാതായി ,വിഷാദത്തിൻ്റെ കാര്യത്തിൽ. കാക്കനാടൻ കഥയെഴുതുമ്പോൾ ശസ്ത്രക്രിയയിലെ സൂക്ഷ്മതയാണ് ഉണ്ടാവുന്നത്. ആഴ്ന്നിറങ്ങിപ്പോകുന്ന കത്തിപ്പാടുകളെ ഓർമ്മിപ്പിക്കുകയാണ്. വാക്കുകളിൽ സൂക്ഷ്മത പാലിക്കാതിരിക്കാൻ അദ്ദേഹത്തിനാവില്ല. വാക്കുകളെ പിളർന്ന് അതിൻ്റെ ആദിമ ഗർഭഗൃഹങ്ങളിലേക്ക് നീങ്ങുകയാണ്. സത്യത്തിൻ്റെ നീർ തേടി ഭ്രാന്തമായി അലയുന്ന ജ്ഞാനിയാണദ്ദേഹം. 

പെട്ടെന്നു നിരാശനാവുകയും തളരുകയും ചെയ്യുന്ന മനുഷ്യൻ്റെ  നഗ്നമായ മനസ്സിലൂടെ കാക്കനാടൻ സഞ്ചരിക്കുന്നു .കഥയ്ക്കുള്ളിൽ മറ്റൊരു കഥ പറയുകയാണ് .ചെറുകഥയുടെ സമസ്തസൗന്ദര്യവും ഇവിടെ ഇതൾ വിരിയുകയാണ്. "മഴയെന്ന അമ്മയുടെ മടിയിൽ കിടന്ന് അരവിന്ദാക്ഷൻ കൈകാലുകളിട്ടടിച്ചു കരഞ്ഞു. അയാൾ കുഞ്ഞാവുകയായിരുന്നു. അമ്മ അയാൾക്ക് മുല കൊടുത്തു. മുലപ്പാലെന്ന് നിനച്ച് അയാൾ മഴവെള്ളം നൊട്ടിനുണഞ്ഞു. മുലചുരന്ന സുഖത്തിൽ മഴ ഞരങ്ങുകയും മോങ്ങുകയും ചെയ്തു". 

മനുഷ്യശബ്ദം എത്ര സുന്ദരം

അയാൾ സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിൽ വീഴുകയാണ്. കുറേക്കാലം കഴിഞ്ഞാണ് ഉണർന്നത്. അപ്പോൾ കാണുന്നത് വരണ്ട ഭൂമിയാണ്. "നോക്കെത്താവുന്നിടത്തൊന്നും  മനുഷ്യരെ കണ്ടില്ല. മനുഷ്യരെന്നല്ല , തനിക്ക് പരിചിതമായ പക്ഷിമൃഗാദികളെയൊന്നും അവിടെയെങ്ങും കണ്ടില്ല ".ഈ ശൂന്യത ,കോവിഡ് കാലത്ത്  ചിലരെങ്കിലും അനുഭവിച്ചതാണ്. മാനവരാശി പൂർണ്ണമായി തുടച്ചുനീക്കപ്പെട്ട ശേഷം നാം മാത്രം ശേഷിക്കുകയാണെങ്കിലോ? ഭയവും നിരാശയുമാണ് ശേഷിക്കുക .എന്നാൽ ആ വികാരങ്ങൾ എന്തായി പരിണമിക്കും. ? അത് കാക്കനാടൻ പതിറ്റാണ്ടുകൾക്ക്  മുമ്പാണെങ്കിലും ,ഇങ്ങനെ വിശദീകരിച്ചു: 'അന്തരംഗത്തിൻ്റെ , ഏറ്റവും അഗാധമായ തട്ടിലെവിടെയോ മാത്രം ചെന്നു തറയ്ക്കുന്ന ക്രൂരമായ ഒരു ഫലിതമായി തോന്നി അയാൾക്ക്  എല്ലാം. അരവിന്ദാക്ഷൻ വീണ്ടും ഒന്നു ചിരിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല .ചിരിയും മരിച്ചു പോയോ ?'

കാരണം എന്താണ്? ചിരിക്കണമെങ്കിൽ മറ്റുള്ളവർ ഉണ്ടായിരിക്കണം .നമ്മുടെ ചിരിയുടെ യഥാർത്ഥ ഉപജ്ഞാതാക്കൾ മറ്റുള്ളവരാണ് .അവരില്ലെങ്കിൽ നമ്മുടെ ചുണ്ടുകൾ മരവിക്കാനേ സാധ്യതയുള്ളു. എന്നാൽ ആ നിരാശയിൽ അരവിന്ദാക്ഷൻ  മനുഷ്യശബ്ദം കേൾക്കുന്നു . കാളവണ്ടിയുമായി വെള്ളത്തിന് പോകുന്ന ഒരാളുടെ പാട്ടായിരുന്നു അത് .'എത്ര മന്വന്തരങ്ങൾക്ക് ശേഷമാണ് മനുഷ്യശബ്ദം  കേൾക്കുന്നതെന്നയാൾ ഓർത്തു. മനുഷ്യശബ്ദം മധുരമാണെന്ന് അയാൾ അറിഞ്ഞു". ഈ അവസ്ഥയിലായിരിക്കും നമ്മൾ ശരിക്കും മനുഷ്യശബ്ദത്തിലെ ദൈവികത തിരിച്ചറിയുക. ധാരാളം ശബ്ദങ്ങൾ ഉള്ളപ്പോൾ നമുക്കത് വലിയ കാര്യമായിരിക്കുകയില്ല. മാനവരാശി ഇല്ലാതായി എന്നുറപ്പിച്ച ശേഷം, യാദൃശ്ചികമായി കേൾക്കുന്ന മനുഷ്യശബ്ദം എത്ര സുന്ദരമായിരിക്കും! .എന്തെല്ലാം അർത്ഥങ്ങൾ അതിലുണ്ടായിരിക്കും!. പിന്നീട് അരവിന്ദാക്ഷൻ ആ  വണ്ടിക്കാരനൊപ്പം പോയി അവരുടെ ഗ്രാമത്തിൽ മഴ വരാൻ വേണ്ടി തപസ്സിരിക്കുകയാണ്. കാരണം അയാൾ മഴയുടെ മകനാണല്ലോ. ഈ കഥയിൽ അരവിന്ദാക്ഷൻ്റെ  സ്വപ്നവും മനുഷ്യത്വവും ഒരു ചരടായി നമ്മളിലേക്ക് നീളുന്നു. ലോകം ആന്തരികമായി ,ധാർമ്മികമായി ക്ഷയിക്കുമ്പോൾ ഉണ്ടാകുന്ന ശൂന്യതയ്ക്ക് അഭിമുഖമായി വരുന്ന ഒരു പാവം നിസ്സഹായനായ മനുഷ്യൻ്റെ  ജീവിതമാണത്. അയാളിലൂടെ പുറത്തു വരുന്ന വാക്കുകൾ അത് വ്യക്തമാക്കുന്നു :
'വണ്ടിക്കാരൻ അടുത്തേക്ക് വന്നു. ക്ഷീണിതവും താഴ്ന്നതുമായ സ്വരത്തിൽ അയാൾ ചോദിച്ചു. ആരാ ?എവിടുന്നാ? അരവിന്ദാക്ഷൻ ചുണ്ടുകൾ അനക്കി .പക്ഷേ ,ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല .വാക്കുകൾ അപ്പോഴും തൊണ്ടയ്ക്കിടയിൽ എവിടെയോ ചത്തുകിടക്കുകയായിരുന്നു. ഒടുവിൽ ചത്ത വാക്കുകൾ ശവക്കുഴിയിൽ നിന്നെന്ന മാതിരി ഒരടക്കം പോലെ പുറത്തേക്ക് വന്നു...
ഒരു വഴിപോക്കൻ '

വീണ്ടും അലയുന്നവർ

വഴിപോക്കരായ ആളുകൾ ഇപ്പോൾ പെരുകുകയാണ് .മനുഷ്യവർഗ്ഗം, പ്രാചീനകാലത്തെ അനുഭവിച്ചുകൊണ്ട് വീണ്ടും നാടോടികളായിരിക്കുന്നു. ഒരിടത്തും ഉറച്ചിരിക്കാൻ അനുവാദമില്ലാത്തവിധം വംശീയ സംഘർഷങ്ങൾ ,കാട്ടുതീ , അതിർത്തി തർക്കങ്ങൾ ,യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, തൊഴിൽ പ്രശ്നങ്ങൾ , കാലാവസ്ഥാവ്യതിയാനം ,പാരിസ്ഥിതിക നാശം തുടങ്ങിയവ നമ്മെ വീണ്ടും അലഞ്ഞു തിരിയുന്ന വർഗമാക്കി മാറ്റിയിരിക്കുന്നു. മാനവവർഗം ഗതികെട്ട് അവൻ്റെ പെരുമാറ്റരീതി മാറ്റുകയാണ്. സ്വയമൊരു വക്രീകരണമാവുകയാണ്. ഒരു വസ്തുതയെ നേരായി വീക്ഷിക്കുന്നതിന് പകരം വക്രീകരിക്കുകയേ മാർഗമുള്ളു. 

ഇതിനോടു ചേർത്തുവച്ചു കാണേണ്ട ഒരു ചിത്തഭ്രമത്തിൻ്റെ കാര്യമാണ് ഇനി പറയുന്നത്. 1518 ജൂലൈ മുതൽ സെപ്റ്റംബർ വരെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ മതിഭ്രമം ബാധിച്ചപോലെ ചിലർ നൃത്തം ചെയ്യുകയുണ്ടായി .'ഡാൻസ് പ്ലേഗ്' എന്നാണ് ഇത് അറിയപ്പെടുന്നത്. നൂറുകണക്കിനാളുകൾ ,ഒരു പ്രത്യേക മാനസികഭ്രംശത്തിൻ്റെ ഫലമായി മറ്റൊരു കാരണമില്ലാതെ നൃത്തം ചെയ്യുകയാണ്!. ഫ്രോ ത്രോഫിയ എന്ന സ്ത്രീയാണത്രെ ആദ്യം നൃത്തം ചെയ്തത്. അവൾ പലപ്പോഴായി പരസ്യമായി തെരുവിൽ നൃത്തം ചെയ്തു ,ഒരാഴ്ചയോളം. അവൾ തൻ്റെ ശാരീരികമായ അവശതകൾ  ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. 

ഫ്രോ തുടങ്ങിവച്ച ആ നൃത്തത്തിൽ പലരും പങ്കു ചേർന്നു. അതിൽ തെരുവിലെ കാണികളും വേശ്യകളും, കലാകാരന്മാരും അണിചേർന്നു .എന്തുകൊണ്ടാണ് തങ്ങൾ നൃത്തം ചെയ്യുന്നതെന്ന്  അവർക്കറിയില്ലായിരുന്നു. ഈ നൃത്തത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. കവിതകളും എഴുതപ്പെട്ടു. ഇംഗ്ളീഷ് വൈദ്യശാസ്ത്ര ചരിത്രകാരൻ ജോൺ വാലർ എഴുതിയ 'എ ടൈം ടു ഡാൻസ് ,എ ടൈം ടു ഡൈ' എന്ന പുസ്തകം ഈ നൃത്തത്തെ ഒരു ഗവേഷകമനോഭാവത്തോടെ സമീപിക്കുകയാണ്. നൃത്തം ചെയ്ത് മനുഷ്യർ മരിക്കാനിടയാക്കിയ ആ പ്ലേഗ് എന്തിൻ്റെ സൂചനയായിരുന്നു. മധ്യകാലഘട്ടത്തിലെ ഭയത്തിൻ്റെയും അപഭ്രംശങ്ങളുടെയും മന:ശാസ്ത്ര പരമായ പ്രതികരണങ്ങളായിരുന്നു. മനുഷ്യൻ അവനിൽ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ വിചിത്രമായ ഒരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. സ്വപ്നസദൃശമായ ഒരിന്ദ്രിയം അവനിൽ കൂട്ടിച്ചേർക്കപ്പെടുന്നു.

ജോൺ വാലർ തൻ്റെ പുസ്തകത്തിൽ പറയുന്നത് എത്ര പേർ നൃത്തം ചെയ്തു മരിച്ചു എന്നതിന് കണക്കില്ലെന്നാണ്. അദേഹം ഇതിനായി വിവിധ ചരിത്രകാരന്മാരുടെയും ഡോക്ടർമാരുടെയും മന:ശാസ്ത്രജ്ഞന്മാരുടെയും കുറിപ്പുകൾ പരിശോധിച്ചിരുന്നു. ഒരു രേഖയിൽ സൂചിപ്പിക്കുന്നത്, ദിവസം പതിനഞ്ച് പേർ മരിച്ചു എന്നാണ്. വേനലിൻ്റെ ആധിക്യം ,ഭക്ഷണക്കുറവ് തുടങ്ങിയ കാരണങ്ങൾ നൃത്തം  ചെയ്തവരെ മരണത്തിലേക്ക് നയിക്കുകയായിരുന്നു. 
ആയിരക്കണക്കിനാളുകളുടെ മാനസിക ഘടനയിൽ ഡാൻസ് പ്ളേഗ് വിള്ളലുണ്ടാക്കി. പലരും സ്വന്തം ബോധത്തിൻ്റെ അപസ്മാരപെരുമാറ്റങ്ങൾക്ക് സ്വയം വിട്ടുകൊടുത്തു ചിന്തയിൽ നിന്നൊഴിഞ്ഞു. ഭയം ഒരു സാർവത്രിക വികാരമായി .മധ്യകാലഘട്ടത്തിലെ അനിശ്ചിതാവസ്ഥയും അന്ധവിശ്വാസങ്ങളും ഇതിനു ശക്തിപകർന്നു.

ദൈവവും പിശാചും

ദൈനംദിനജീവിതം ദുസ്സഹമായ കാലമായിരുന്നു. കർഷകർ പ്രക്ഷോഭത്തിലായിരുന്നു. ഭീകരമായ അനിശ്ചിതാവസ്ഥ മിക്കവരെയും താളം തെറ്റിച്ചു. ഇങ്ങനെ മനുഷ്യർ വിഭ്രാമകമായ വിസ്മൃതിയിൽ അഭയം തേടുന്നത് അബോധമായി സംഭവിക്കുന്ന ഒരു മാനസികതന്ത്രമായിരിക്കാം. എന്തിനു ഇത്രയും പേർ തങ്ങൾക്ക് തോന്നിയ ഇടങ്ങളിൽ ,ഇഷ്ടംപോലെ നൃത്തം ചെയ്തു?. ഭക്ഷ്യക്ഷാമം ,വസൂരി ,മറ്റു രോഗങ്ങൾ, ഭയം ,വേദന, ശൂന്യത തുടങ്ങിയവ മനുഷ്യരെ അവരുടെ യുക്തിയിൽ നിന്നു  ഇറക്കിവിടുകയായിരുന്നു.

ജോൺ വാലർ പറയുന്നുണ്ട് ,പ്രമുഖ ഡച്ച് കലാകാരനായ ഹിരോണിമസ് ബോഷ് (1450-1516) രചിച്ച 'ദ് ഗാർഡൻ ഓഫ് എർത്ത്ലി ഡിലൈറ്റ്സ്' എന്ന ചിത്രത്തിലെ പേടിസ്വപ്നസമാനമായ അന്തരീക്ഷം  ഡാൻസ് പ്ളേഗിനുള്ള വിശദീകരണമാണെന്ന്. ഈ ചിത്രം മധ്യകാലജീവിതത്തിൻ്റെ വിചിത്രവിചാരങ്ങളും ആധിജ്വരങ്ങളും അനാവരണം ചെയ്യുകയാണ്.ജീവിതം അത്രമേൽ ഭ്രാന്തവും നിരാലംബവുമായിരുന്നു. ജർമ്മൻ ചിത്രകാരനായ ആൽബർട്ട് ദൂഹ(1471-1528)വരച്ച 'ക്രൈസ്റ്റ് ആസ് ദ് മാൻ ഓഫ് സോറോസ്' എന്ന ചിത്രം  ഡാൻസ് പ്ളേഗിനു ഇരയായ  മനുഷ്യരുടെയുള്ളിലെ വിഷാദം ഓർമ്മിപ്പിക്കുമെന്നാണ് ജോൺ വാലർ വാദിക്കുന്നത്. വിഷാദത്തെ ജ്വരമായി പരിഭാഷപ്പെടുത്തുകയാണ് ആ ചിത്രം. മധ്യകാലഘട്ടത്തിലെ മതസ്ഥാപനങ്ങൾ മേൽനോട്ടം വഹിച്ച അതീതമായ സങ്കല്പങ്ങൾ മനുഷ്യരെ മഥിക്കുന്ന ആത്മീയസംഘട്ടനങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ് അദ്ദേഹം സൂചന നല്കുന്നത്. അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ദൈവവും പിശാചും തമ്മിലുള്ള യുദ്ധവും മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള പേടിപ്പിക്കുന്ന ചിന്തകളും വർത്തമാനകാലത്തെ സമീപിക്കാൻ പലർക്കും തടസ്സമായിത്തീർന്നു. വർഷങ്ങൾക്ക് ശേഷം പീറ്റർ ബ്രൂഗൽ വരച്ച ' 'പെസൻ്റ് വെഡ്ഡിംഗ്' എന്ന ചിത്രം സമാനമായ വിധത്തിൽ കർഷകരുടെ വിലക്കപ്പെട്ട നൃത്തമാണ് ആവിഷ്കരിക്കുന്നത്.

മനുഷ്യൻ്റെ അബോധത്തിൽ അടിഞ്ഞിട്ടുള്ള അനിയന്ത്രിതമായ സിദ്ധികൾ ,ചിലയവസരങ്ങളിൽ അവനെ സ്വയം വിമോചിപ്പിക്കാൻ ശേഷിയുള്ളതാണ്. അനുകൂലസാഹചര്യം വരുമ്പോൾ അവൻ എല്ലാ ഭൗതികദുരിതങ്ങളെയും മറന്ന് മറ്റൊരു താളത്തിനൊത്തു നൃത്തം ചവിട്ടുന്നു. വാലർ ഉന്നയിക്കുന്ന വേറൊരു പ്രശ്നം, നമ്മുടെ സാമൂഹിക, ബൗദ്ധികസാഹചര്യങ്ങളെക്കുറിച്ചാണ്. ഇതെല്ലാം പലകാലങ്ങളിലൂടെ  മാറുന്നുണ്ട്. പുതിയ വെല്ലുവിളികൾ ഉണ്ടാവുകയും അതിനെ മറികടക്കാൻ പുതിയ വ്യവസ്ഥകൾ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ എല്ലാത്തിനോടും  ഒത്തുപോകാൻ അല്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ഒരു ന്യൂനപക്ഷം അവശേഷിക്കുന്നുണ്ടാവും .സ്വാർത്ഥപ്രേരിതമായ പലായനത്തിനിടയിൽ ഏതൊരു സാമൂഹികവ്യവസ്ഥയും ഇത്തരം ദുർബ്ബലരെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത് .യുദ്ധമോ വറുതിയോ ഉണ്ടാകുമ്പോൾ ഈ അശരണർ പുറന്തള്ളപ്പെടുന്നു. ബൗദ്ധിക ,സാമൂഹ്യസാഹചര്യങ്ങക്കൊത്ത് മനസ്സിൻ്റെ ഘടന മാറുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വർദ്ധിച്ചു വരുന്ന ബാഹ്യസമ്മർദ്ദങ്ങളും മനുഷ്യൻ്റെ ചുരുങ്ങിയ മാനസികഘടനയും രണ്ടു വഴിക്ക് സഞ്ചരിക്കുന്നത് നിരാശാജനകമായ വഴിമാറലുകൾക്ക്  ഇടവരുത്തുകയാണ് .

സൗന്ദര്യം കത്തിയുടെ മൂർഛപോലെ /അക്ഷരജാലകം



എംകെ.ഹരികുമാർ 






ഒരു സാഹിത്യകാരൻ താൻ സ്കൂളിൽ പഠിച്ചത് മറക്കുകയാണ് വേണ്ടത്. കാരണം ,സ്കൂൾ സിലബസിലെ  വാഗ്ദാനങ്ങളും കണ്ടെത്തലുകളും എത്തിപ്പിടിത്തങ്ങളും ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു .
പഴയ ഒരു ലോകം അസ്തമിച്ച് പുതിയതൊന്ന് ഉദയം ചെയ്തിരിക്കുന്നു. മനുഷ്യൻ്റെ വീക്ഷണഗതിയിൽ സമൂലമായ പരിവർത്തനം വന്നിരിക്കയാണ്. ഇതിനെ സൈദ്ധാന്തികർ 'പാരഡൈം ഷിഫ്റ്റ്' എന്ന് വിളിക്കാറുണ്ട്. അടിസ്ഥാനപരമായ യുക്തിയും വീക്ഷണവും തകിടം മറിയുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. അമ്പതു വർഷം മുമ്പ് മാർക്സിസ്റ്റു എഴുത്തുകാരും ബുദ്ധിജീവികളും തൊഴിലാളിവർഗ സാഹിത്യത്തെപ്പറ്റിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ബൂർഷ്വയുടെ സാഹിത്യത്തെ പ്രതിരോധിക്കാൻ വേണ്ടി അടിസ്ഥാന വർഗ്ഗത്തെ ഉയർത്തിക്കൊണ്ടുവരണമെന്നും  അവരുടെ ജീവിതയാഥാർത്ഥ്യമാണ്  കൂടുതൽ അനാവരണം ചെയ്യേണ്ടതെന്നും വാദിക്കുകയാണ് അവർ ചെയ്തത്.

ഇന്ന് തൊഴിലാളി വർഗത്തിനു മാത്രമായി ഒരു സാഹിത്യവും  എവിടെയുമില്ല .മാർക്സിസ്റ്റ് എഴുത്തുകാർ തന്നെ ആഗോളതലത്തിൽ പുതിയ സൈദ്ധാന്തികശാഖകളുമായി അണിചേർന്നുകൊണ്ട് മാറിയ വീക്ഷണമാണ് ഇപ്പോൾ പിന്തുടരുന്നത്. 
ഇന്നത്തെ പ്രമുഖ ഇറ്റാലിയൻ  ചിന്തകനും എഴുത്തുകാരനുമായ ജിയോർജിയോ അഗമ്പൻ താൻ നേരിടുന്ന പുതിയ സാഹചര്യത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: 'പൊതുമണ്ഡലത്തിലെ അധികാരത്തിന് നീതിബോധം നഷ്ടപ്പെട്ടിരിക്കുകയാണ് . പരസ്പരമുള്ള സംശയം ഉടലെടുത്തിരിക്കുന്നു, അധികാരി വർഗത്തിനും സാധാരണ പൗരനുമിടയിൽ. വർദ്ധിച്ചു വരുന്ന ഈ അവിശ്വാസം പല വ്യവസ്ഥകളെയും കടപുഴക്കിയിരിക്കുന്നു. ജനാധിപത്യമുള്ള ഇടങ്ങളിലെല്ലാം  അതിൻ്റെ നിലനിൽപ്പ് പരുങ്ങലിലാണ്. 
അധികാരത്തിൻ്റെ കണ്ണിൽ ഏതൊരു പൗരനും ഭീകരനാണ് '.ക്രിമിനലുകളെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന ബയോമെട്രിക് സംവിധാനങ്ങൾ താമസിയാതെ പൗരൻ്റ ഐഡൻ്റിറ്റി കാർഡിലും കടന്നുകയറുമെന്നു അഗമ്പൻ 2014ൽ പ്രവചിച്ചതാണ്. അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. വിമാനത്താവളങ്ങളിൽ കണ്ണിൻ്റെ  സ്കാൻ ചിത്രമാണ് എടുത്തു സൂക്ഷിക്കുന്നത് .ആധാർകാർഡിലും അതാണുള്ളത്. നമ്മുടെ ഐഡൻ്റിറ്റി ഇപ്പോൾ ജൈവശരീരത്തിലെ കോശങ്ങളാണ്. 

ജൈവരാഷ്ട്രീയം

പ്രത്യയശാസ്ത്രപരമായ മുൻവിധികൾ അറുപതുകളിലെ പ്രസ്ഥാനങ്ങളെ ഒത്തുതീർപ്പുകളിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന് അഗമ്പൻ ചിന്തിക്കുന്നുണ്ട് .എന്നാൽ ആ സാഹചര്യം ഇപ്പോൾ മാറി. ഇപ്പോൾ പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങൾ ഇല്ലാതായി. ആ രാഷ്ട്രീയത്തിനു പകരം ബയോ പൊളിറ്റിക്സ് അഥവാ ജൈവ രാഷ്ട്രീയം കടന്നു വന്നിരിക്കുന്നു. 
മനുഷ്യന് നിലനില്പിനു ആധാരമായ ഭൂമിയുടെ ,പരിസ്ഥിതിയുടെ ,ജീവൻ്റെ  രാഷ്ട്രീയത്തെ പരിഗണിക്കാതെ ഒന്നും  ചർച്ച ചെയ്യാനാവാത്ത അവസ്ഥയാണി പ്പോഴുള്ളത് .ഒരു ഉല്പന്നം -അത് ഉണ്ടാക്കുന്നത് പ്ളാസ്റ്റിക് കൊണ്ടോ ,നാനോ കണങ്ങൾ കൊണ്ടോ ആവട്ടെ -അത് എത്രത്തോളം ഭാവിരാഷ്ട്രീയത്തെ , പരിസ്ഥിതിക രാഷ്ട്രീയത്തെ  ബാധിക്കുമെന്ന് നോക്കാതെ മുന്നോട്ടുപോകാനാവില്ല. തൊഴിലാളികളുടെയോ ,മുതലാളികളുടെയോ താൽപര്യങ്ങൾ നോക്കി ഒരുല്പാദനവും ഇന്ന് സാധ്യമല്ല. തൊഴിലാളികൾ എന്ന വർഗ്ഗത്തിന് പകരം സാങ്കേതിക വിദഗ്ദ്ധരാണ് ഇപ്പോഴുള്ളത് .

സാഹിത്യകലയിലെ റിയലിസം തന്നെ തന്നെ മാറി .സ്ഥലകാലങ്ങളെക്കുറിച്ച് അരനൂറ്റാണ്ടിനു മുൻപുണ്ടായിരുന്ന കാഴ്ചപ്പാടുകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. ഒരു മീറ്റർ ,ഒരു സെൻറ് ,ഒരു ഏക്കർ എന്നു പറയുന്നതിനു പകരം ഇപ്പോൾ എം.ബി, ജി.ബി,പിക്സൽ തുടങ്ങിയ പദങ്ങൾ കൊണ്ട് വിവരിക്കുന്ന പ്രതീതി സ്ഥലങ്ങൾ ഉണ്ടാവുകയാണ്. വെബ്സൈറ്റിലെ ഇടങ്ങൾ സ്ഥലത്തിൻ്റെ ഭൗതികജീവിതത്തിനു ബദലായിട്ടുള്ളതാണ്. നമുക്ക് നോക്കാൻ തോന്നുമ്പോൾ ആവശ്യാനുസരണം കൺമുന്നിലേക്ക് വരുന്ന രീതിയിലാണ് ഈ സ്ഥലം സൂക്ഷിച്ചിട്ടുള്ളത്. സമയവും ഇതുപോലെ തന്നെ പുതുതായി രൂപകല്പന ചെയ്യപ്പെട്ടു. ഒരു മിനിട്ട് ,ഒരു മണിക്കൂർ തുടങ്ങിയ സങ്കല്പങ്ങളുടെ വ്യാപ്തി ഇപ്പോൾ മറ്റൊന്നാണ്.
ഒരു മിനുട്ടുകൊണ്ട് ഒരു കാര്യം മാത്രമാണ് നമുക്ക് നാല്പതു വർഷം മുമ്പ് ചെയ്യാമായിരുന്നത്. ഒരു ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട സമയത്ത് ,അയാൾ ആ ജോലിയാണ് ചെയ്യുക. അയാളുടെ സമയബോധം ആ ജോലിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടതാണ്. ഒരു സിനിമ കാണുന്ന ഒരുവന് അന്ന് സിനിമ കാണുകയല്ലാതെ മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല .എന്നാൽ അതിനുപകരം ഇപ്പോൾ സിനിമ എവിടെവച്ചും ,ഏത് സമയത്തും കാണാമെന്നായി. അത് നമ്മുടെ സമയത്തിനനുസരിച്ച് കാണാം.  മറ്റുള്ളവരുടെ സമയം അതിന് ബാധകമല്ല. മൊബൈലിൽ സിനിമയുള്ളതുകൊണ്ട് നമ്മുടെ സമയത്തിനാണ് പ്രാധാന്യം. സിനിമ കാണുന്ന അവസരത്തിൽ അത് മാത്രമല്ല ചെയ്യാനാവുന്നത്; ഭക്ഷണം കഴിക്കാം ,പ്രിയപ്പെട്ടവരുമായി  സംസാരിക്കാം, ജോലി ചെയ്യാം .സിനിമ നിർത്തി വച്ച് ഗൂഗിൾ നോക്കാം. ഒരു സമയത്തിനുള്ളിൽ തന്നെ ഒരു വ്യക്തിക്ക് അനേകം സമയബോധങ്ങൾ ലഭിക്കുകയാണ്. 

ഒരു ഏടാകൂടം

ജോലിസ്ഥലം ,ജോലി സമയം ,എന്നിങ്ങനെയുള്ള ക്ളിപ്തമായ യാഥാർത്ഥ്യങ്ങൾ കടപുഴകി വീണു. പകരം അതെല്ലാം പ്രതീതിയായി മാറി. എല്ലാം അതിശയവും സാങ്കേതികവും കാല്പനികവുമായ ഈ കാലഘട്ടത്തിൽ പഴയ സിലബസിലെ പാഠങ്ങൾ നമുക്ക് ഉപകരിക്കപ്പെടുന്നില്ല. എന്തെങ്കിലും എഴുതണമെങ്കിൽ വല്ലതും പുതിയതായി അന്വേഷിക്കണം. ഉറൂബ് ,തകഴി തുടങ്ങിയവർ അനുഭവിച്ച ഏകശിലാരൂപമായ അനുഭവങ്ങൾ ഇന്നില്ല .ഇന്ന് തൊഴിലാളിയുടെയോ മുതലാളിയുടെയോ ദ്വന്ദങ്ങൾക്കപ്പുറത്ത്  പുതിയ നീതിയുടെ പ്രശ്നങ്ങൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ട്രാൻസ്ജൻഡറുകൾ, അവയവം മാറ്റിവയ്ക്കുന്നവർ തുടങ്ങിയ പുതിയ വർഗം ഉണ്ടായിരിക്കുന്നു .

ഒരു നിമിഷത്തിനു ,ഒരനുഭവത്തിനു വിവിധ മാനങ്ങൾ കൈവന്നിരിക്കുന്നു. മനുഷൻ അവനെത്തന്നെ ഒരു ഏടാകൂടമാക്കിക്കൊണ്ടാണ് നിലനിൽക്കുന്നത്. ഒരു ചുവടു പിഴച്ചാൽ എല്ലാം തകർന്നു വീഴും . ജീവിതസുരക്ഷിതത്വവും സമ്പന്നതയും യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന തലത്തിലേക്ക് മനുഷ്യൻ്റെ സമയ ബോധം ചുരുങ്ങിയിരിക്കയാണ്. അതിവേഗം ജീവിക്കേണ്ടി വരുകയാണ്. അതിൻ്റെ സംഘർഷങ്ങൾ മിക്കവരെയും മനോരോഗ തുല്യമായ ശൈഥില്യത്തിലേക്കും അരാജകത്വത്തിലേക്കും തള്ളി വിടുകയാണ്. സ്നേഹം പെട്ടെന്ന് വെറുപ്പായി മാറുന്നു .വ്യക്തികൾ വികാരങ്ങളുടെ ഇരകളാകുന്നു .
അസ്ഥിരപ്പെട്ടേക്കാവുന്ന ഒരു വായ്ത്തലയിലൂടെ ഭയവും വെപ്രാളവും കുടുംബബന്ധങ്ങളെ എപ്പോഴും സങ്കീർണമാക്കുന്നു. പവിത്രതകൾ നിസ്സഹായമാവുകയാണ്. വെറുതെ പ്രണയിച്ചാൽ മതി ,സത്യസന്ധനാകേണ്ടതില്ലെന്ന  ധാരണയിൽ മനുഷ്യൻ വേഗത്തെ ഒരു സൗന്ദര്യമാക്കി വികസിപ്പിച്ചിരിക്കുന്നു . സൗന്ദര്യം ഒരു കത്തിയുടെ മൂർച്ചപോലെയാണ്. വേഗത്തിന് വേണ്ടി ആരെയും വഞ്ചിക്കാമെന്ന് വരുകയാണ്. പ്രണയിക്കുന്നതിനേക്കാൾ വേഗത്തിൽ ഉപേക്ഷിക്കുന്നത് അനിവാര്യതയാവുകയാണ്. കാരണം, വേഗത്തിൽ അലിഞ്ഞു ചേർന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല. വേഗമാർന്ന ജീവിതമാണ് മൂല്യം. അതിൻ്റെ ഒഴുക്കിന് നാം എല്ലാം മറക്കുകയാണ്. പ്രണയവും സ്നേഹവും നഷ്ടപ്പെടുമ്പോൾ ഭാര്യയെയോ കാമുകിയെയോ വെട്ടികൊല്ലുന്നതും ഈ ജീവിതത്തിൻ്റ സമ്മർദ്ദത്തിൻ്റെ ഫലമായാണ്.കൈനീട്ടിയാൽ തൊടാവുന്നതിനു  അപ്പുറത്ത് സ്വർഗ്ഗം ക്ഷണിക്കാൻ വന്നിരിക്കുന്നു എന്ന ചിന്ത മിക്കവരെയും വേട്ടയാടുന്നുണ്ട് .

എഴുത്തുകാരൻ്റെ പ്രതിബദ്ധതയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തയും ഇപ്പോൾ വെല്ലുവിളി നേരിടുകയാണ്. എഴുത്തുകാരൻ മാത്രം ഒരു സത്യഗോപുരമായി എന്നും നിലനില്ക്കണമെന്ന് പറയുന്നതു തന്നെ ഒരു കാല്പനിക ആശയമല്ലേ ?അയാളും തകരുകയാണ് .എഴുത്തുകാരൻ്റെ സ്വാതന്ത്യം ഒരു മിഥ്യാസങ്കല്പമായിക്കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിൽ ആധുനികരും സറിയലിസ്റ്റുകളും ഉയർത്തിക്കൊണ്ടു വന്ന വ്യക്തിഗതമായ സ്വാതന്ത്ര്യം ഇപ്പോൾ അലസിപ്പോയിരിക്കുകയാണ്. ക്ളാസിക് സങ്കല്പങ്ങളും മനുഷ്യകേന്ദ്രിതമായ സാംസ്കാരിക ബോധവും ചോദ്യം ചെയ്യപ്പെട്ടതോടെ വ്യക്തികൾ ഇല്ലാതാവുകയാണ്. പ്രക്ഷോഭം ഇന്നു എഴുത്തുകാരുടേതല്ല, കർഷകരുടേതാണ് ,പ്രകൃതി സ്നേഹികളുടേതാണ്. തൊഴിലാളികൾക്കു പോലും ഇപ്പോൾ പ്രക്ഷോഭമില്ല.അവർ മാസങ്ങൾക്ക് മുന്നേ അറിയിച്ച ശേഷമാണ് ഒരു ദിവസം സമരം ചെയ്യുന്നത്. ലഹളകൾക്ക് ഇടമില്ലാത്ത വിധം രാഷ്ട്രങ്ങൾ എല്ലാറ്റിനെയും ജനാധിപത്യപരവും നിയമപരവുമാക്കി. സ്വാതന്ത്യം സൂപ്പർ മാർക്കറ്റിലുണ്ട്. മൊബൈൽ ഫോണിലുണ്ട്. സ്വാതന്ത്യം കൊണ്ട് വേറെന്ത് ചെയ്യും ?

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല 

വിമർശനങ്ങൾ എല്ലായിടത്തും പിൻ വാങ്ങിക്കഴിഞ്ഞു .ആശയപരമായ വിയോജിപ്പുകൾ പോലും അപ്രസക്തമാവുകയാണ് .സാഹിത്യകൃതിയുടെ പ്രമേയമോ ചിന്താപരമായ വാദങ്ങളോ ആരും തന്നെ ശ്രദ്ധിക്കുന്നില്ല .ഒരു ഉല്പന്നമായാണ് കൃതിയുടെ നിലനില്പ്. അതിനു പുരസ്കാരമോ പണമോ കിട്ടുകയാണെങ്കിൽ ആ ഉല്‌പന്നം വിജയിച്ചു. ഇന്ന് വിട്രിഫൈൽഡ് ടൈൽസ് പോലെയാണ് സാഹിത്യകൃതിയും .ടൈൽസ് നല്ലപോലെ വിൽക്കപ്പെടുകയാണെങ്കിൽ അതിനു സ്വീകാര്യതയുണ്ട്. ടൈൽസിൻ്റെ ഉള്ളടക്കം എന്നുപറയുന്നത് ചിന്തിക്കേണ്ടതില്ല. മറിച്ച് അതിൽ ചെയ്തുവച്ചിരിക്കുന്ന ഡിസൈൻ പ്രധാനമാണ് .ഡിസൈനാണ് അതിൻ്റെ ഉള്ളടക്കം. ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാർ' എന്ന നോവലിൽ ഐവാനും അല്യോഷയും തമ്മിലുള്ള ചർച്ച 'മഹാനായ മതദ്രോഹവിചാരകൻ 'എന്ന അധ്യായത്തിൽ കാണാം. ഐവാൻ ഗദ്യത്തിൽ എഴുതിയ ഒരു കവിതയാണത്. ആ കവിത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ്. വിക്തർ യൂഗോവിൻ്റെ കാലത്ത് എഴുതപ്പെടുന്ന ഒരു കവിതയായി സങ്കല്പിച്ചുകൊണ്ടാണ് ഐവാൻ അതവതരിപ്പിക്കുന്നത്. ആ കാലത്ത് ദേവന്മാർ രംഗത്തു വരുന്ന 
നാടകങ്ങളും രചനകളും സാർവത്രികമായിരുന്നു. ഐവാൻ്റെ കൃതിയിൽ യേശുക്രിസ്തു ജനങ്ങളുടെയിടയിലേക്ക് വരുകയാണ്. മരിച്ച് ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു കുട്ടിയെ ,ആളുകളുടെ അപേക്ഷ പരിഗണിച്ച് യേശു ഉയിർപ്പിക്കുന്നു. 
ഇത് കണ്ടു നിന്ന മതദ്രോഹവിചാരകൻ യേശുവിനെ ഒരു കാരാഗൃഹത്തിൽ കൊണ്ടുപോയി വിചാരണ ചെയ്യുന്നതാണ് പ്രമേയം .മതദ്രോഹവിചാരകൻ ക്രിസ്തുവിൻ്റെ മേൽ ചാർത്തുന്ന കുറ്റങ്ങൾ ഇവയാണ്: യേശു മനുഷ്യർക്ക് സ്വർഗ്ഗത്തിലെ അപ്പമാണ് വാഗ്ദാനം ചെയ്തത്. സ്വാതന്ത്ര്യം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. പിന്നീട് ജനങ്ങൾ ഒറ്റപ്പെടുകയായിരുന്നെന്ന് മതദ്രോഹവിചാരകൻ അറിയിക്കുന്നു. അവരെ യേശുവിൻ്റെ പേരിൽ തങ്ങൾ അടിമകളായി ഏറ്റെടുക്കുകയായിരുന്നു. അവർക്ക് പോകാൻ വേറെ ഇടമില്ലായിരുന്നു. അവർ ഇനി യേശുവിനെ സ്വീകരിക്കുകയില്ലത്രേ .

എഴുത്തുകാരന് ഇന്ന് ഇങ്ങനെ എഴുതാനുള്ള  സ്വാതന്ത്യം പോലുമില്ല ;അതിൻ്റെ ആവശ്യമില്ല. സാമൂഹ്യജീവിതത്തിൽ സ്വാതന്ത്ര്യം അമൂർത്തമായ ഒരു അനുഭവമാണ്. ഒരാൾ ശരിക്കും സ്വതന്ത്രനാവുന്നത് അയാൾക്ക് ജീവിതത്തിലെ ഭൗതികമായ പ്രശ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന സാഹചര്യം വരുമ്പോഴല്ല ;അയാളുടെ അന്തഃകരണത്തിൽ യാതൊന്നിനാലും  തടസ്സപ്പെടാത്ത വിധം സ്വയം ഉണർന്നു വരുമ്പോഴാണ്. മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നത് ഭൂരിപക്ഷവും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നാണ്. എന്താണ് കാരണം ?സ്വാതന്ത്യം എന്നാൽ ഉത്തരവാദിത്തമാണ്. ഭയം കാരണം ഉത്തരവാദിത്തമേറ്റെടുക്കില്ല. സൈബർ ഇടങ്ങളിൽ ഇപ്പോൾ കാണുന്നത് ഈ പ്രച്ഛന്ന സ്വാതന്ത്ര്യമാണ്. മറഞ്ഞിരുന്ന് ,സ്വന്തം വിവരങ്ങൾ ഒളിപ്പിച്ചുകൊണ്ട് പ്രതികരിക്കുന്നത് സ്വാതന്ത്യമാണോ ? അടിമത്തത്തെ സ്നേഹിക്കുന്നവരെ സ്വതന്ത്രരെന്ന് വിളിക്കാമോ ? മഹാനായ പ്രവാചകൻ വരുമെന്നു കരുതി മിണ്ടാതിരിക്കുന്നവൻ സ്വതന്ത്രനാണോ ?

ഒരു കവിതയുടെ ആത്മീയജീവിതം / അക്ഷരജാലകം



എം.കെ .ഹരികുമാർ







'ഏപ്രിലാണ് ഏറ്റവും 
ക്രൂരമായ മാസം 
ചത്ത മണ്ണിൽനിന്ന് 
ലൈലാക്കുകൾ വിരിയുന്നു 
ഓർമ്മയും കൊതിയും 
കെട്ടിപ്പുണർന്ന്, ജീവസ്സറ്റ വേരുകളെ
വസന്തമഴകൊണ്ട് 
ഉണർത്തി'...

മഹാനായ അമെരിക്കൻ,ബ്രിട്ടീഷ് കവി ടി.എസ്.എലിയറ്റ് എഴുതിയ 'ദ് വേസ്റ്റ് ലാൻഡ്'(പാഴ് മണ്ണ്) തുടങ്ങുന്നതിങ്ങനെയാണ്. ലൈലാക്ക് പുഷ്പങ്ങൾ, പരമ്പരാഗതമായി, ഭൂമിയിലെ വസന്താരംഭത്തെയാണ് സൂചിപ്പിക്കുന്നത്‌. അതിൻ്റെ പ്രതീകമാണത്. എന്നാൽ എലിയറ്റ് അതിനെ വിഷാദം, ക്രൂരത, മരണം എന്നിവയോടു ബന്ധിപ്പിച്ചിരിക്കുന്നു. ലൈലാക്കിനു പോലും വിഷാദം പിടിപെട്ടിരിക്കുന്നു .എലിയറ്റിൻ്റെ 'പാഴ് മണ്ണ്' പ്രസിദ്ധീകരിച്ചിട്ട് നൂറു വർഷമാകുകയാണ്. ലോകസാഹിത്യത്തിലെ മഹത്തായ ഒരു ഘട്ടമാണിത്. കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു കവിതയുടെ ആത്മീയജീവിതം .433 വരികളുള്ള ഈ രചന, കവിത എന്ന മാധ്യമത്തെ പുതുക്കിപ്പണിതു. വായനയ്ക്ക് പുതിയ ഉപകരണങ്ങൾ സംഭാവന ചെയ്തു. ചർച്ചകൾക്കും വിമർശനങ്ങൾക്കുമായി ഒരു പുതിയ വാതിൽ തുറന്നു കൊടുത്തു. കവിതയുടെ മാധ്യമപരമായ പുനരാലോചനയും സത്താപരമായ പരീക്ഷണവുമാണ് ഇത് സാധ്യമാക്കിയത്. 

1922 ഒക്ടോബർ മാസത്തിൽ എലിയറ്റിൻ്റെ പത്രാധിപത്യത്തിൽ യു.കെയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ക്രൈറ്റീരിയ' എന്ന മാഗസിനിലാണ് ഈ കവിത ആദ്യം അച്ചടിച്ചുവന്നത്. പിന്നീട് അമേരിക്കയിൽ 'ഡയൽ' എന്ന മാഗസിനിലും .താൻ വായിച്ച മഹത്തായ സാഹിത്യവും തത്ത്വചിന്തയും ദർശനവുമെല്ലാം എലിയറ്റ് കവിതയിലെ വികാരങ്ങളുടെ സൂക്ഷ്മ സംവേദനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ആത്മീയതയിലും തത്ത്വചിന്തയിലും മനനം ചെയ്തുകൊണ്ടാണ് എലിയറ്റ് കവിതയുടെ സൂക്ഷ്മാർത്ഥങ്ങൾ തേടുന്നത് .കവിത മറ്റൊരു ജീവിതമാണ്. അത് നിശ്ചലമായതിലും  മൃതമായതിലും ജീവിതത്തെ തേടുകയാണ് .ഈ ലോകത്തെ ഉപേക്ഷിക്കാൻ വയ്യാത്തവനാണ് കവി .കാരണം, അവൻ ലോകത്തിൻ്റെ തിന്മയിലും ദു:ഖത്തിലും സൗന്ദര്യം തേടുകയാണ്. പ്രതീക്ഷയില്ല എന്നു പറയുമ്പോഴും അവൻ ജീവിതം അതിൻ്റെ ആന്തരികതയിൽ സുന്ദരമായതെന്തോ സാധ്യമാക്കുന്നതായി ചിന്തിക്കുന്നു.

മന്ത്രോച്ചാരണം 

ഉപനിഷത്തും ജർമൻ തത്ത്വചിന്തയും പഠിച്ച എലിയറ്റ് കവിതയെ ഒരു ഏകാന്തപ്രാർത്ഥനയും സ്വഗതാഖ്യാനവും മന്ത്രോച്ചാരണവുമാക്കി പുന:സൃഷ്ടിക്കുന്നു. എലിയറ്റിൻ്റെ കവിത സൂക്ഷിച്ചു വായിച്ചാൽ ഒരു കാര്യം വ്യക്തമാണ്: അദ്ദേഹം കാണുന്ന ഈ ലോകം ശോകമൂകമാണ്. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ ക്രൂരതയും മനുഷ്യനിസ്സഹായതയും അദ്ദേഹത്തെ ആസന്നമായ ഒരു വിപത്തിനെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ മനോനില പോലും തകരാറിലായി. മനുഷ്യജീവിതം ഒരിക്കലും നേരെയാകില്ല എന്ന് യുദ്ധം  ബോധ്യപ്പെടുത്തിക്കൊടുത്തു. എവിടെയും വിറങ്ങലിക്കുന്ന ചിന്തകൾ മാത്രം.പ്രതീക്ഷകൾ എങ്ങനെ പാതാളത്തിൽ നിന്ന് കരകയറിവരും?
കവിതയിലെ ഈ വാക്കുകൾ അത് വ്യക്തമാക്കും: 

'നിങ്ങൾക്ക് പറയാനോ 
ഊഹിക്കാനോ കഴിയില്ല.
തകർന്ന ബിംബങ്ങളുടെ
ഒരു കൂമ്പാരമാണത്.
സൂര്യൻ അവിടെ 
ആഘാതമേല്പിക്കുന്നു ,
ഉണങ്ങിയ മരം അഭയം നല്കില്ല.
ചീവീടുകൾ സ്വൈരം തരില്ല .
വരണ്ട കല്ലിൽ ഒരു തുള്ളി 
വെള്ളം പോലുമില്ല .
ഈ ചുവന്ന പാറയ്ക്കടിയിൽ 
നിങ്ങൾ മാത്രമേയുള്ളൂ 
(ചുവന്ന പാറയുടെ താഴെയുള്ള 
ഈ നിഴലിലേക്ക് വരുക)
പ്രഭാതനടത്തയിൽ 
നിങ്ങളുടെ നിഴൽ പിന്നിലേക്കു പോകുന്നു ,
വൈകുന്നേരമാകട്ടെ അത് നിങ്ങളെ കണ്ടുമുട്ടാനായി മുന്നിൽ വരുന്നു.
കൈക്കുമ്പിളിലെ പൊടിയിൽ 
ഞാൻ നിങ്ങൾക്ക് ഭയം കാണിച്ചു തരും'.

എന്താണ് ഈ ഭയം? കവിതയെ ദൈവവശാസ്ത്രചിന്തയുടെ അടിത്തട്ടിലേക്ക് കൊണ്ടുപോയ എലിയറ്റിനു പ്രചോദനം ബൈബിളിലെ പഴയ നിയമത്തിലെ സഭാപ്രസംഗകൻ്റെ  വാക്കുകളാണെന്ന് മനസിലാക്കുന്നു. സഭാപ്രസംഗകൻ പറയുന്നു:'എല്ലാം മിഥ്യയാണ് .എല്ലാം ഒരിടത്തേക്ക് പോകുന്നു .എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം പൊടിയിലേക്ക് മടങ്ങുന്നു'. മറ്റൊരിടത്തു സഭാപ്രസംഗകൻ കുറിക്കുന്നത് ഇങ്ങനെയാണ്:'സൂര്യനു കീഴെ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാൻ വീക്ഷിച്ചു ;എല്ലാം മിഥ്യയും പാഴ് വേലയുമത്രേ .വളഞ്ഞത് നേരെയാക്കാൻ ആർക്കും കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാധ്യം'. ഈ വാക്കുകളിൽ ലോക ജീവിതത്തിൻ്റെ വിലാപവും ഫലശൂന്യതനയും ഒരു തത്ത്വചിന്തകൻ്റെ കാഴ്ചപ്പാടിലെന്നപോലെ പുറത്തുവരികയാണ്. ലോകത്തെ നുണകൾ കൊണ്ട് മൂടി വായനക്കാരനോട് കള്ളം പറയുന്നവർ കണ്ടേക്കാം. പക്ഷേ എലിയറ്റ് അങ്ങനെയല്ല .അദ്ദേഹം ജ്ഞാനിയാണ്. ജ്ഞാനത്തിൻ്റെ ഫലമെന്താണ് ?വിഷാദമാണ് .വിഷാദത്തെ  അപനിർമ്മിക്കുകയാണ് കവി.

വാക്കുകൾ ,അവസ്ഥകൾ 

തന്നിൽ വന്നുചേർന്നിരിക്കുന്ന ഭാരം മാനവവംശത്തിൻ്റെ മുഴുവൻ മിഥ്യയാണെന്ന് അദ്ദേഹം നടുക്കത്തോടെ മനസ്സിലാക്കുന്നു. അതിനായി ബിംബങ്ങൾ ഉയിർകൊള്ളുകയാണ്. മാനസികാവസ്ഥയ്ക്കനുസരിച്ചാണ് കവിതയിലെ വാക്കുകളുടെ നിറം മാറുന്നത്. വാക്കുകൾ അർത്ഥം മാത്രമല്ല വഹിക്കുന്നത്, അവസ്ഥയുമാണ് .എലിയറ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു: ' ഇന്നത്തെ മനുഷ്യരെ അവരുടെ തനി രൂപത്തിൽ കാണിച്ചു കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത് .പാഴ്ച്ചെടികൾ മാത്രം വളരുന്ന തരിശുഭൂമിയിലാകരുത് നമ്മുടെ താമസം. റോസാപ്പൂക്കൾ കാണാനില്ല ;കള്ളിമുൾച്ചെടികൾ മാത്രമാണുള്ളത്. അതുകൊണ്ട് നിങ്ങൾക്ക് പറയാം ,എൻ്റെ കവിത സമകാല യാഥാർഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്'.

ബ്രിട്ടനിൽ എലിയറ്റിനെ തുടക്ക കാലത്ത് ആരും ശ്രദ്ധിച്ചില്ല.'ദ് വെയ്സ്റ്റ് ലാൻഡ്' സ്വന്തം പ്രസിദ്ധീകരണത്തിൽ അച്ചടിക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഒരു ബാങ്കിൽ ജോലി ചെയ്തുകൊണ്ടാണ് എലിയറ്റ് തൻ്റെ രചനാപരമായ സുവർണകാലം പിന്നിട്ടത്. ഈ കവിത ഒന്നാംലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് പിറന്നതെങ്കിലും അത് എവിടെയും എല്ലാ കാലത്തും പ്രസക്തമാണ്. കാരണം, എവിടെയും മനുഷ്യൻ്റെ മനസ്സും മന:ശാസ്ത്രവും ചോദ്യം ചെയ്യപ്പെടുകയാണ്.
അവനെ ആർക്കും പ്രവചിക്കാനാവില്ല. അവൻ്റെ ആഗ്രഹങ്ങൾ ആർക്കും മൂടിവെക്കാനാവില്ല .ആഗ്രഹങ്ങളിൽ ജ്വലിക്കുന്ന അവൻ അതിനായി സകലതും തകർക്കുന്നു. അവൻ്റെ യുക്തികൾ അവനെതന്നെ പിന്തുടരുകയാണ്, ഭ്രാന്തുപിടിച്ച ഒരു നായയെ പോലെ.അവനു മാറ്റിക്കളിക്കാൻ യുക്തികൾ മാത്രമേയുള്ളൂ .നഷ്ടപ്പെടലുകൾക്ക് മുകളിൽ പ്രതീക്ഷയുടെ കൊട്ടാരം പണിയുന്നത് സ്വപ്നദർശികളാണ്.എലിയറ്റ് സ്വപ്ന ദർശിയാണെങ്കിലും, സഭാപ്രസംഗകനെപോലെ സത്യം പറയാൻ വെമ്പുകയാണ്.
'മനുഷ്യമക്കളുടെയും മൃഗങ്ങളുടെയും ഗതി ഒന്നുതന്നെ' എന്ന് സഭാപ്രസംഗകൻ പറയുന്നതിൻ്റെ  യുക്തി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒന്നു ചാകുന്നത് പോലെ മറ്റേതും ചാകുന്നു'.

എലിയറ്റിൻ്റെ കവിതയിലെ വരികൾ:
'ഞാൻ ചിന്തിക്കുന്നു ,
നമ്മൾ എലികളുടെ 
ഊടുവഴിയിലാണ്.
അവിടെയാണ് മരിച്ചവർക്ക് 
അവരുടെ എല്ലുകൾ നഷ്ടപ്പെട്ടത്'.

മരിച്ചതിൻ്റെ മഹാത്മ്യം പറയേണ്ടതില്ല. മരിച്ചവരുടെ എല്ലുകൾപോലും  എവിടെയുമില്ല?. എലികളുടെ രഹസ്യമായ യാത്രാപഥങ്ങളിൽ അകപ്പെട്ട മാനവരാശിക്ക് ഇനിയെന്ത് വഴി ? 'ദ് വേസ്റ്റ് ലാൻഡ് 'ഇന്നത്തെ യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വായിച്ചാൽ കൂടുതൽ ആഴത്തിൽ അനുഭവിക്കാനാകും .അവിടെ എന്താണ് സംഭവിക്കുന്നത്? പിതാവ് കൊല്ലപ്പെടുന്നു, അമ്മയെ ഏതോ രാജ്യത്തെ അഭയാർത്ഥി ക്യാമ്പിലേക്ക് കയറ്റി അയയ്ക്കുന്നു. മക്കളെ ശത്രുരാജ്യത്തെ സൈന്യം ബലമായി പിടിച്ചു കൊണ്ടുപോകുന്നു. ഇനി അവർക്ക് ഒരു പുന:സമാഗമം ഉണ്ടാകുമോ? ഉണ്ടായാൽ തന്നെ അത് എത്രമാത്രം തപ്തവും വിരഹാർദ്രവും കടുത്ത ഓർമ്മകളാൽ മൂടപ്പെട്ടതുമായിരിക്കും. യാതൊരു സന്തോഷത്തിനും സുഖപ്പെടുത്താനാവാത്തവിധം മനസ്സ് മുറിവുകളാൽ വിടർന്നു പോയിട്ടുണ്ടാകും. അവിടെയാണ് ഒരു യഥാർത്ഥ കവി തൻ്റെ പ്രാകൃതമായ ഈണങ്ങൾ വിട്ട് ആത്മാവിനെ നഷ്ടമാക്കി കാണിക്കുന്നത് .

പുല്ലുകൾ പാടുന്നു 

'എന്താണ് അന്തരീക്ഷത്തിൽ
ഉയർന്നു വരുന്ന ആ ശബ്ദം ? അമ്മമാർ കരഞ്ഞു
പിറുപിറുക്കുന്നു '.

യുദ്ധം ദുർഗന്ധമുള്ള ചായത്താൽ തെരുവിൽ വരച്ച ചിത്രങ്ങൾ കബന്ധങ്ങളുടെയും രക്തത്തിൻ്റേതു മാണ്. കുഴിമാടങ്ങൾക്ക് ഒരു ക്രമവുവുമില്ല. അത് ആരോ വെപ്രാളത്തിൽ ചെയ്തതാണ് .അവിടെ അമ്മമാരുടെ വിലാപങ്ങൾ അന്തരീക്ഷത്തിലാണുള്ളത്. ആ കുഴിമാടത്തിനരികിലേക്ക് അവർക്ക് വരാനൊക്കില്ല.അവർ മനസ്സിൽ നിന്ന് തീ തുപ്പുകയാണ്. ആ തീ  വിരഹത്തിൻ്റേതാണ്. നാഡീരോഗം മൂർച്ഛിച്ച് മനോവിഭ്രാന്തിയിൽ വീണു പോയ ഒരു കാലമുണ്ട് എലിയറ്റിന്. അതിൽ നിന്ന് മോചനം നേടി വന്ന ശേഷമാണ് 'ദ്  വേസ്റ്റ് ലാൻഡ് 'എഴുതിയത്. 

'പർവ്വതങ്ങൾക്കിടയിലെ 
ജീർണ്ണമായ ഈ ദ്വാരത്തിൽ 
മങ്ങിയ നിലാവെളിച്ചത്തിൽ,
ഇടിഞ്ഞുപൊളിഞ്ഞ
ശവക്കല്ലറകൾക്ക് മുകളിൽ 
പുല്ലുകൾ പാടുന്നു ,
കപ്പേളകളെക്കുറിച്ച്.
കാറ്റ് തളംകെട്ടിനിൽക്കുന്ന 
ശൂന്യമായ കപ്പേളകൾ' 

എലിയറ്റിൻ്റെ ഈ വരികൾ മനുഷ്യരാശി ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്;നിരാശ്രയത്വത്തിൻ്റെയും ശൂന്യതയുടെയും കത്തിമുനകൾ. 

ചരിത്രപരവും സാംസ്കാരികവുമായ പ്രതിബന്ധങ്ങൾ ഇനിയൊരു അതിജീവനത്തിന് സാധ്യതയില്ലാത്തവിധം ജീവിതം സങ്കീർണമാക്കിയിരിക്കുന്നു. മൂല്യപരമായ അവ്യവസ്ഥ എത്ര വേദനിപ്പിക്കുന്നതാണ്!. യാതൊന്നിനും  വ്യവസ്ഥയില്ലാതായിരിക്കുന്നു .ഭൂതകാലം നമ്മളിൽ നിന്ന് വേർപെട്ടു പോവുകയാണ് .യാതനയും പ്രായശ്ചിത്തവും ത്യാഗവുമായിരുന്നു പഴയകാലത്ത് നിന്നു നമ്മെ ഇവിടെ എത്തിച്ചതെങ്കിൽ ,ഇനി എന്താണ് സഹായത്തിനായി എത്തിച്ചേരാനുള്ളത്? നിർവ്വികാരതയും നിഷ്ക്രിയത്വവും മരണത്തിലെ ജീവിതവുമാണ് 'ദ് വേയ്സ്റ്റ് ലാൻഡ്' എന്ന് ഇംഗ്ലീഷ് വിമർശകനായ സ്റ്റീഫൻ സ്പെൻസർ പറഞ്ഞത് അഗാധമായ വെളിപ്പെടുത്തലാണ്. നിരാലംബതയിൽ നിന്ന് ,മൃത്യുവിൽ നിന്ന് വീണ്ടും ജനിക്കാനാണ് നമ്മുടെ മുഴുവൻ ശ്രമവും ആവശ്യമായി വരുന്നത് .

കവിത ഒരാളുടെ വ്യക്തിത്വത്തിൽ നിന്നുള്ള മോചനമാണെന്ന് എലിയറ്റ്  പറയുന്നുണ്ട്. അതിനർത്ഥം ബാഹ്യമായ വ്യക്തിത്വത്തെ ഉപേക്ഷിച്ച് ആന്തരികവും അഗാധവുമായ വികാരങ്ങളിലേക്ക് പോകണമെന്നാണ്. ഉയർന്ന ഉദ്യോഗസ്ഥനോ ,പ്രശസ്ത നോ ആയിട്ടുള്ള വ്യക്തി എഴുതുമ്പോൾ അതെല്ലാം ഉപേക്ഷിക്കേണ്ടേതുണ്ട്; തൻ്റെ വ്യക്തിത്വവും പദവിയും സാമൂഹികമായ സ്ഥാനവും കവിതയ്ക്കാവശ്യമില്ലെന്ന് അറിയണം. 
ആന്തരികാവസ്ഥയെ അറിയാൻ കവി സ്വയം പാകപ്പെടണം.  അവിടെയാണ് കവിതയുള്ളത്. 'പാഴ് മണ്ണ് ആത്മാവിൻ്റെ കപട വസ്ത്രം അഴിച്ചു വച്ച് വായിക്കേണ്ട കവിതയാണ്.

കിഴവനും കടലും @ 70/അക്ഷരജാലകം



എം.കെ.ഹരികുമാർ





അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേ(1899-1961)യുടെ 'ദ് ഓൾഡ് മാൻ ആൻഡ് ദ് സീ' പ്രസിദ്ധീകരിച്ചിട്ട് എഴുപത് വർഷമായി.1952 ലാണ് 127 പേജുള്ള ഈ ചെറുനോവൽ പുറത്തുവന്നത്. ഹെമിംഗ്വേയെ നോബൽ സമ്മാനത്തിലെത്തിച്ച കൃതിയാണിത്.1954ൽ നോബൽ സമ്മാനം ലഭിച്ചു .വർഷങ്ങൾക്കു ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: തനിക്ക് എഴുതാൻ കഴിയുന്ന ഏറ്റവും മഹത്തായ കൃതിയാണ് ' ദ് ഓൾഡ് മാൻ ആൻഡ് ദ് സീ. സന്തിയാഗോ എന്ന കിഴവനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അയാൾ വലിയ മീനുകളെ പിടിക്കുന്നതിൽ ഹരമുള്ളവനാണ്. ഒറ്റയ്ക്ക് കടലിലേക്ക് തുഴയെറിഞ്ഞു പോകാനും സാഹസികമായി അവിടെ കഴിയാനും ഉത്സാഹിയാണ്. 

പ്രായത്തെയും ശരീരത്തെയും അവഗണിച്ച് അയാൾ എന്തുചെയ്യും. അയാൾ മീൻവേട്ടയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം ക്യൂബൻ  തീരത്തുള്ള ഗൾഫ് സ്ട്രീമാണ്. ഇത്തവണ മീൻപിടിക്കാൻ പോയ സന്തിയാഗോ കടലിൽ എൺപത്തിനാലു ദിവസം പിന്നിട്ടിട്ടും മീനൊന്നും കിട്ടിയില്ല. എന്നാൽ തൊട്ടടുത്ത ദിവസം ഒരു വലിയ മാർലിൻ മത്സ്യത്തെ കണ്ട് അയാൾ വേട്ടയാടി .ആ മത്സ്യത്തെ ചാട്ടുളി കൊണ്ട് ബന്ധിച്ച് വള്ളത്തിനരികിൽ കെട്ടിയിട്ട് തിരിച്ചു കരയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയാണ് അയാൾ. ഇരുമ്പ് ഭണ്ഡ് കുത്തിക്കയറി മാംസം അടർന്നതിനെ തുടർന്ന് മർലിൻ മത്സ്യത്തിൽ നിന്ന് ചോര വാർന്നു തുടങ്ങി. ഇത് സ്രാവുകളെ കൂട്ടത്തോടെ അങ്ങോട്ട് ആഘോഷിച്ചു. സ്രാവുകൾ വലിയ മത്സ്യത്തിൻ്റെ മാംസം തിന്നുകയാണ്.എന്നാൽ ഇത് സന്തിയാഗോയെ കുപിതനാക്കി. അയാൾ ക്ഷമ നശിച്ച് സ്രാവുകൾക്ക് നേരെ അക്രമം തുടങ്ങി. കൈയിൽ കിട്ടിയത് വച്ച് അയാൾ ആക്രമിച്ചു. ഹെമിങ്വേയുടെ വാക്കുകൾ :' അതായിരുന്നു 
തലച്ചോറിൻ്റെ സ്ഥാനമെന്നറിഞ്ഞു കിഴവൻ ആ ഭാഗത്ത് കുത്തി. അയാൾ  മുഴുവൻ ശക്തിയുമെടുത്ത് അതിനെ  തൻ്റെ ചോര തുടിച്ച കൈകളാൽ ,കഠിനമായ ആ ചാട്ടുളി  കൊണ്ട് കുത്തിമുറിച്ചു .ഒരു പ്രതീക്ഷയുമില്ലാതെയാണ് കുത്തിയത്; എന്നാൽ അതിൽ ദൃഢതയും തീരാപ്പകയുമുണ്ടായിരുന്നു'. 

ചില നഗ്ന വസ്തുതകൾ 

ഈ നോവലിനെക്കൃറിച്ച് പതിറ്റാണ്ടുകളായി ചർച്ച നടക്കുകയാണ്. യാഥാർത്ഥ്യങ്ങളെ മൂടിപ്പൊതിഞ്ഞു വയ്ക്കുകയോ കൂടുതൽ അലങ്കരിക്കുകയോ ചെയ്യുന്ന രീതിയല്ല ഹെമിങ്വേ അവലംബിക്കുന്നത്. അദ്ദേഹം  യാഥാർത്ഥ്യങ്ങളെ നഗ്നമാക്കി കാണിക്കും. ശരിയായ വസ്തുതകളിൽ നിന്ന് ചോര വാർന്നൊലിക്കുകയാണെങ്കിൽ ഹെമിങ്വേ അതിൽ ഉപ്പു തേക്കില്ല.
ആഖ്യാനത്തിൻ്റെ ക്രൂരതയിൽ രസിക്കാനാവും തയ്യാറാവുക.
വസ്തുതയെ അതിൻ്റെ വസ്ത്രങ്ങൾ അഴിച്ചു പരിശോധിക്കുകയും അതിൽ നിന്നു കിരാതമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്യുന്നതിലാണ് ഹെമിങ്വേയുടെ ഹരം. 
അദ്ദേഹം അത് പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.

ദിവസങ്ങളോളം കടലിൽ നട്ടംതിരിഞ്ഞ സന്തിയാഗോ എന്ന കിഴവന് തൻ്റെ മുന്നിൽ വന്നുപെട്ട ആ വലിയ മത്സ്യം ഒരു ഇര തന്നെയായിരുന്നു. അയാൾ  അതിനോട്, തൻ്റെയുള്ളിലെ പ്രാകൃതനെ മറച്ചുപിടിക്കാതെ പറയുന്നത് ഇതാണ് :'മീനേ ,നീ ഏതായാലും ചാകാൻ പോകുവാ, നീ  എന്നെയും കൊല്ലുമോ ?' കൊല്ലുക എന്നതാണല്ലോ വേട്ടക്കാരുടെ സന്തോഷം .വിശാലമായ കടലിൽപോലും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് മീനുകൾ അറിയുന്നത് അപ്പോഴാണ്. കിഴവനായ അയാളിൽ ഇനിയും ക്രൂരത ബാക്കിയാണ്. നിഷ്കളങ്കനും സുന്ദരനും സൗമ്യനും ജീവിതത്തെ പുതുമയോടെ ആസ്വദിക്കുന്നവനുമായ ആ മത്സ്യത്തെ കിഴവൻ തൻ്റെ കൈവശമുണ്ടായിരുന്ന നീണ്ട ചാട്ടുളി വീശിയെറിഞ്ഞു നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുന്നു. കടലിൽ സ്വൈരമായി ജീവിക്കുന്ന അതിനെ ചാട്ടുളി കൊണ്ട് വേദനിപ്പിച്ചു കൊല്ലുന്നതിൽ അയാൾ സന്തോഷവാനാണ്.

കുത്തേറ്റ മത്സ്യത്തെ ഹെമിങ്വേ ഇങ്ങനെ വിവരിക്കുന്നു: 'മരണത്തെ വഹിച്ചുകൊണ്ട് ആ മത്സ്യം സജീവതയോടെ വെള്ളത്തിനു മീതെ വന്നു; അതിൻ്റെ ബൃഹത്തായ വലിപ്പത്തിലും എല്ലാ ശക്തിയിലും സൗന്ദര്യത്തിലും'.ഹെമിങ്വേ ആ മത്സ്യത്തിൻ്റെ തനതായ ഭംഗിയും ചലനരീതിയും മനസ്സിലാക്കാതിരിക്കുന്നില്ല. എന്നാൽ കിഴവനെ തുറന്നുകാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരം മനുഷ്യർ ഒറ്റപ്പെട്ട കഥാപാത്രങ്ങളല്ല ;അവർ മാനവവംശത്തിൻ്റെ പ്രതീകമാണ്. എഴുപതു വർഷം മുമ്പ് എഴുതിയ ഈ നോവൽ മനുഷ്യൻ്റെ പരിസ്ഥിതിയോടുള്ള ക്രൂരതയും കോപവും സർവ്വനാശത്തെക്കുറിച്ചുള്ള അറിവും പുറത്തുകൊണ്ടുവരികയാണ്. ആ മത്സ്യത്തെ ബ്രദർ എന്നു വിളിച്ചു കൊണ്ട് അയാൾ തല്ലുകയും പീഡിപ്പിച്ചു രസിക്കുകയും ചെയ്യുന്നു.

നമ്മൾ പ്രകൃതിയെ പീഡിപ്പിച്ചു  രസിക്കുന്ന ജീവിയാണല്ലോ. നമ്മെക്കൊണ്ട് മറ്റൊരു ജീവിക്കും നിലനിൽക്കാൻ സാധ്യമല്ലാതായി എന്നുള്ളതാണ് ഇന്നത്തെ പരിസ്ഥിതികമായ വലിയ അറിവ്. മനുഷ്യൻ ആക്രമിക്കുന്നത് രണ്ടു കാരണങ്ങളുടെ പേരിലാണ്. ഒന്ന് ,തൻ്റെ ജീവിതാവശ്യത്തിന് . രണ്ട് ,രസത്തിന്. ആരുടെ വേദനയിലും വിചിത്ര ബുദ്ധിയുള്ള മനുഷ്യൻ കവിതയാണ് തേടുന്നത്; അവന് കരയാനും സ്വന്തം ക്രൂരത വേണം. മറ്റുള്ളതിനെ വേദനിപ്പിക്കുന്നത് തൻ്റെ ആത്മീയ വികാസത്തിനാണത്രേ. കിഴവൻ സന്തിയാഗോയുടെ മനസ് നോവലിസ്റ്റ് തുറന്നു കാണിക്കുന്നു:
'ഞാനവനെ കാണാൻ ആഗ്രഹിക്കുന്നു, അയാൾ ചിന്തിച്ചു. അവനെ സ്പർശിച്ച് അറിയാനും. അവൻ എൻ്റെ ഭാഗ്യമാണ്, അയാൾ ഓർത്തു'.കുടുക്കാൻ പോകുന്ന മത്സ്യത്തെക്കുറിച്ചാണ് ഈ ആത്മഗതം .

ക്രൂരമായ മനുഷ്യമുഖം


വയസ്സായിട്ടും ,അയാൾ ഉപദ്രവിക്കുക എന്ന 'ധർമ്മം' അവസാനിപ്പിച്ചിട്ടില്ല . ഉപദ്രവം അവസാനിപ്പിച്ചാൽ അയാൾ മനുഷ്യനാകുന്നതെങ്ങനെ? മനോഹരമായ കടലിൻ്റെ അടിത്തട്ട് എത്രയോ സുന്ദരമാണ്. അവിടെ വർണങ്ങൾ ആരെയും കബളിപ്പിച്ചുകൊണ്ട് ജീവിതത്തിൻ്റെ  അലൗകികമായ ലയം സാധ്യമാക്കുകയാണ്. ആ കടലിൽ രമിക്കുന്ന മത്സ്യം ഒരു കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയാണ് സന്തിയാഗോ എന്ന കിഴവൻ. എന്നിട്ടും അയാൾ ആ മത്സ്യത്തെ ബ്രദർ എന്നു വിളിക്കുന്നു. ചത്ത മീനിൻ്റെ കണ്ണുകളെ ഹെമിങ്വേ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്:' ആ കണ്ണുകൾ ഘോഷയാത്രയിൽ നിലകൊള്ളുന്ന ദിവ്യനെ പോലെ തോന്നിച്ചു'.കാരണം ,അതിനു ആഗ്രഹങ്ങൾ നിഷിദ്ധമാണല്ലോ .ദിവ്യന്മാർക്ക് ആഗ്രഹങ്ങളില്ല ,അവർ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടവരാണ്. മനുഷ്യൻ്റെ  അവസാനിക്കാത്ത ആശകളെ  തൃപ്തിപ്പെടുത്താനും അതിനുവേണ്ടി നിലകൊള്ളാനും യാതൊരു തെറ്റും ചെയ്യാത്ത ഈ വലിയ മത്സ്യത്തിനു ബാധ്യതയുണ്ട്. അതാണ് മാനവികതയുടെ വ്യാപ്തിയുള്ള അർത്ഥം. എന്തുകൊണ്ട് ഹെമിങ്വേ ഒരു കിഴവനെ കടലിലിറക്കി ?അതിൻ്റെ ഉത്തരം അത്ര സങ്കീർണമല്ല. മനുഷ്യൻ കിഴവനായാലും ദ്രോഹിക്കാതിരിക്കില്ല . മനുഷ്യവംശത്തിനു ഈ കിഴവനെ പോലെ വട്ടുപിടിച്ചിരിക്കുന്നു.

അയാളെ ക്യൂബയിലെ  മത്സ്യത്തൊഴിലാളികളുടെ  പ്രതിനിധിയായി കാണേണ്ടതില്ല. മനുഷ്യരാശിയുടെ അന്തരംഗത്തിൽ തളംകെട്ടി നിൽക്കുന്ന രക്തദാഹത്തിൻ്റെയും ഉപദ്രവവാസനകളുടെയും മൂർത്തിമദ്ഭാവമാണോ സന്തിയാഗോ ?
നമ്മുടെ വർഗം , കിഴവനെ പോലെയാണ് വിശ്രമിക്കുന്നില്ല . മനുഷ്യരാശി ഇപ്പോൾ വാർദ്ധക്യത്തിലാണോ ജീവിക്കുന്നത്? അതിന് യൗവ്വനം നഷ്ടപ്പെട്ടോ ?വലിയ മത്സ്യത്തെ തിന്നുതീർക്കാനായി പാഞ്ഞടുക്കുന്ന സ്രാവുകൾ കിഴവൻ്റെ  മനോനില തകർക്കുന്നു. അയാൾ തൻ്റെ കൈയിലുള്ള ചാട്ടുളിയും  തടിക്കഷണങ്ങളും കൊണ്ട് അവയെ നേരിടുകയാണ് .
ഒരു സ്രാവിൻ്റെ നെഞ്ചിൽ തറച്ച ചാട്ടുളി അയാൾക്ക് വീണ്ടെടുക്കാനായില്ല. നെഞ്ചിൽ കുത്തിനിർത്തിയ നിലയിലുള്ള ചാട്ടുളിയുമായി കടലിലേക്ക് പ്രാണരക്ഷാർത്ഥം അത് തുഴഞ്ഞു പോയി. അപ്പോൾ സന്തിയാഗോ ദുഃഖിക്കുന്നത് തൻ്റെ ഇരുമ്പ് ചാട്ടുളി നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്താണ്. 

സ്രാവുകൾ വലിയ മീനിൻ്റെ മാംസം തിന്നുന്നത് പൂർണമായി തടയാൻ  കിഴവനായില്ല. അയാളുടെ കൈയിലെ ആയുധങ്ങളുടെ എണ്ണം പരിമിതമായിരുന്നു .സമുദ്രത്തിൻ്റെ  അകളങ്കിതമായ അന്തർവഴികളിൽ ജീവിതാനന്ദത്തിൻ്റെ ലഹരി നുകരുന്ന  നിഷ്കാമകർമ്മികളായ മത്സ്യങ്ങളെ അയാൾ ശത്രുക്കളായി കാണുന്നു. 
അയാൾ സ്രാവുകളോടു തോൽക്കുന്നു. താൻ നേരത്തെ പിടിച്ച് വള്ളത്തോടു ചേർത്തു കെട്ടിയിട്ട ആ വലിയ മത്സ്യത്തിൻ്റെ മാംസം ,തലയും വാലുമൊഴിച്ച്, മുഴുവനും ആ സ്രാവുകൾ കടത്തിക്കൊണ്ടുപോയി.
വിജയപതാക നാട്ടാൻ പോയ കിഴവന്  എല്ലാം തിരിച്ചടിയായി. അയാൾ കടൽത്തീരത്ത് വന്നപ്പോൾ വള്ളത്തിൻ്റെ വശത്ത് കെട്ടിയിട്ട ആ മത്സ്യമുണ്ടായിരുന്നു. പക്ഷേ ,അത് മാംസമില്ലാത്ത ഒരു അസ്ഥികൂടം  മാത്രമായിരുന്നു .ഇതാണോ മാനവൻ്റെ   വാഴ്ത്തപ്പെട്ട ജൈത്രയാത്ര?

സത്യത്തെ കണ്ടെത്തണം


'നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം നോക്കി ,അറിയാത്ത കാര്യങ്ങളെ ഓർത്ത് ,നിങ്ങൾ ചിലത് കണ്ടുപിടിക്കുകയാണ്; അതൊരു പ്രതിനിധാനമല്ല .ഒരു വലിയ പുതിയ   കാര്യമാണ് .എന്തിനേക്കാളും സത്യവും ജീവനുള്ളതുമാണ്. നിങ്ങളാണ് അതിനെ ജീവനുള്ളതാക്കുന്നത്'-ഹെമിങ്വേ പറഞ്ഞു. എന്തുകൊണ്ടാണ് കണ്ടുപിടിക്കണമെന്ന് പറയുന്നത്? എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതിയാൽ, വായനക്കാർക്ക് എന്താണ് അതിൽനിന്ന് കിട്ടുക? അറിഞ്ഞത് പങ്കിടുന്നത് പുതിയതാകുന്നില്ല .പുതിയത് ഒന്ന്  സൃഷ്‌ടിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും സത്യമായിട്ടുള്ളത്. ആഴത്തിലുള്ള ബോധത്തെ കണ്ടെത്തേണ്ടതുണ്ട്. പഴകിയതും ചിരപരിചിതവുമായ വിഷയങ്ങൾ ആയിരം വട്ടം ആവർത്തിക്കുകയാണെങ്കിൽ വായനക്കാരന് പുതിയ ഒരു നേട്ടവുമില്ല. അവൻ്റെ അഭിരുചികൾ നശിക്കുകയാണ് ചെയ്യുന്നത്. മനുഷ്യമനസ്സിന് അപാരസിദ്ധികളുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്താനാണ്  എഴുത്തുകാരൻ ശ്രമിക്കേണ്ടത്. മനസ്സിൽ ഇരുട്ടിലെന്നപോലെ ആണ്ടുകിടക്കുന്ന ഭയങ്ങളും സംഘർഷങ്ങളുമുണ്ട്. പക്ഷേ, അവയ്ക്കൊന്നിനും പേരുണ്ടാവില്ല .അതിനെ എഴുത്തുകാരൻ ആന്തരികമായി ആരായണം. അഗാധതകളെ  അനുഭവപ്പെടുത്തണം. അതിൽ  വൈകാരികജീവിതമുണ്ട്.

ഹെമിങ്‌വേയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കൃതിയെക്കുറിച്ച് ഒരേതരം വായനയാണ് നമ്മുടെ നാട്ടിലുള്ളതെന്ന വസ്തുത നിരാശപ്പെടുത്തുന്നതാണ്. സന്തിയാഗോ കടലിനെ തോൽപ്പിച്ചവനാണെന്നും അയാൾ മാർലിൻ മത്സ്യത്തെ കൊന്നു കെട്ടി വലിച്ചുകൊണ്ടുവരുന്നത് ജീവിതവിജയമാണെന്നും വ്യാഖ്യാനിക്കുന്നത് മണ്ടത്തരമാണെന്ന് പറയട്ടെ. ഇത് ഏതൊരാൾക്കും എത്തിച്ചേരാവുന്ന ആഴംകുറഞ്ഞ നിഗമനമാണ് .ചിന്താപരമായ പരിമിതിയാണ് ഇതിലുള്ളത്. സന്തിയാഗോ ഒരു വിജയത്തിൻ്റെ  പ്രതീകമല്ല ;മറിച്ച് അയാൾ ദുഷ്ടവികാരങ്ങളുടെ നഗ്നതയിൽ സ്വയം തുറന്നുകാണിക്കുകയാണ്.
ആ മനുഷ്യൻ പരാജയത്തെ എവിടെയും സ്ഥാപിക്കുന്നവനാണ് .
മനുഷ്യൻ പിടിച്ചടക്കി എന്ന് അഭിമാനിക്കുന്നതിലെല്ലാം ഇതുപോലുള്ള തിരിച്ചടികളും മിഥ്യകളും ഒളിച്ചിരിക്കുന്നില്ലേ ?പ്രകൃതി നമ്മെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടില്ലല്ലോ ?ചാട്ടുളി പ്രയോഗങ്ങളെ കടലിനു എങ്ങനെ  നീതികരിക്കാനാകും.

പ്രപഞ്ചത്തിലെ ബൃഹത്തായ കാലത്തിൽ നിന്ന് നൊടിനേരത്തേക്ക് രൂപീകരിക്കപ്പെടുന്ന ജീവനെ യാതൊരു ലക്ഷ്യവുമില്ലാതെ വേട്ടയാടി രസിക്കുന്നത് എന്തിൻ്റെ പേരിൽ സാധൂകരിക്കും? മാർലിൻ മത്സ്യത്തെ ജീവനോടെ പിടിക്കുക എന്ന ലക്ഷ്യം അയാൾക്ക് ഉണ്ടായിരുന്നിരിക്കാം.
എന്നാൽ മൂന്നു ദിവസം ആ മത്സ്യം കിഴവനെ കടലിൽ വട്ടം ചുറ്റിച്ചത് അയാളെ പരിഭ്രാന്തനും ദുഷ്ടനുമാക്കുന്നു. അയാൾ തന്നിലെ തുരുമ്പു പിടിച്ച സ്നേഹത്തിൻ്റെ തത്ത്വശാസ്ത്രവും പരാജയത്തിൻ്റെ കറുത്ത മഷി പടർന്ന വാദങ്ങളും പുറത്തെടുക്കുകയാണ്. നിലനിൽപ്പിനായി നാശത്തിൻ്റെ വക്താവാകുക മാത്രമല്ല ,അതിനായി തത്വശാസ്ത്രം നിർമ്മിക്കുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് നോക്കിയാൽ കാണുന്നതല്ല. മത്സ്യത്തെ വേട്ടയാടുന്ന കിഴവൻ്റെ ദൃശ്യം ആർക്കും മനസ്സിലാകും. മത്സ്യത്തിൻ്റെ അസ്ഥികൂടവുമായി വരുന്ന കിഴവൻ്റെ   ചിത്രം നമ്മെ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കും .ഇതര ജീവിതങ്ങളോടു അരുതാത്തത് ചെയ്ത ഒരു കിഴവനുണ്ടായ തിരിച്ചടിയാണത്.

'മനുഷ്യൻ പരാജയപ്പെടാൻ വേണ്ടി ജനിച്ചവനല്ല ;അവനെ നശിപ്പിക്കാം , പക്ഷേ ,പരാജയപ്പെടുത്താനാവില്ല' എന്ന വാദം കിഴവൻ്റേതായി ഉയർത്തുന്നവർ കണ്ടേക്കാം ;പക്ഷേ , അത് വായിക്കേണ്ടത് മനുഷ്യപക്ഷത്തു നിന്നാണ് .പരാജയപ്പെടാൻ വിസമ്മതിക്കുന്നതു കൊണ്ട് ക്രൂരതയ്ക്ക് ഒരിക്കലും അവധി   ലഭിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ചിലപ്പോഴൊക്കെ നമ്മൾ പരാജയപ്പെടണം ,പ്രകൃതിക്ക് വേണ്ടി .

മുഖം ജീവിതത്തിൻ്റെ ഭൂപടം / അക്ഷരജാലകം



എം.കെ.ഹരികുമാർ 





പരമ്പരാഗതമായ ചില ചതുരക്കള്ളികളിലേക്ക് ഒതുക്കി നിർത്തപ്പെടേണ്ടതാണോ എഴുതാനുള്ള നമ്മുടെ ദാഹം? സാഹിത്യരൂപങ്ങളുടെ അതിർത്തി മാഞ്ഞു പോയ കാലമാണിത് .അതിർത്തികൾ തകർക്കുക എന്നതാണ് പുതിയ ആശയം. പുതിയ ആവിഷ്കാരങ്ങളും ആഖ്യാനങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. വീഡിയോ ഇൻസ്റ്റലേഷൻ ,അനിമേഷൻ തുടങ്ങിയ സങ്കേതങ്ങൾ പ്രചരിച്ച ഈ കാലത്ത് സാഹിത്യരൂപങ്ങൾ യാഥാസ്ഥിതികമായ വഴക്കമാവുകയാണോ അമേരിക്കയിലെ സെൻ ബുദ്ധിസ്റ്റും നോവലിസ്റ്റും അധ്യാപികയുമായ റൂത്ത് ഒസേക്കിയുടെ 'ദ് ഫെയ്സ് :എ ടൈം കോഡ്' എന്ന ലേഖനം ശ്രദ്ധയാകർഷിക്കുകയാണ്.പരമ്പരാഗത  വിഷയങ്ങൾ വിട്ടു ആഖ്യാനത്തിൻ്റെ  പുതിയ സങ്കേതങ്ങൾ തേടാൻ സമയമായെന്ന് ഈ ലേഖനം വായിച്ചപ്പോൾ തോന്നി. കഥ, കവിത, നോവൽ തുടങ്ങിയ മാധ്യമങ്ങൾ  ഏതാണ്ട് അവസാനിക്കാറായി.

ദശാബ്ദങ്ങൾക്ക് മുമ്പ് അമെരിക്കൻ നോവലിസ്റ്റും വിമർശകനുമായ ജോൺ ബാർത്ത് 'ലിറ്ററേച്ചർ ഓഫ് എക്സ്സോഷൻ'(1967) എന്ന ലേഖനത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. നോവലുകളിലെ പ്രമേയങ്ങളും അവതരണരീതികളും ശ്രദ്ധിച്ചാൽ ഒരു കാര്യം ബോധ്യമാകും; നോവലുകൾ അതിനെ തന്നെ അനുകരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ചട്ടക്കൂടിലേക്ക് വീക്ഷണങ്ങളും ആഖ്യാനങ്ങളും സാഹിത്യബോധവും രഹസ്യമായി അഭയം തേടുന്നു. പല പുതിയ നോവലുകളുടെയും പ്രമേയങ്ങളും ആശയങ്ങളും ആവർത്തിക്കുകയാണ്.  സർഗാത്മകമായ ത്വരകൾക്കു പകരം ഉപഭോഗപരമായ താൽപര്യങ്ങളാണ് വായനക്കാരനു മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അതിശയകരവും വിധ്വംസകവുമായ  വായനക്കുള്ള വിഭവങ്ങൾ ഇല്ലാതായി. നോവലിനെക്കുറിച്ച് നോവൽ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങൾ ഇന്ന് വായനക്കാരനെയും സ്വാധീനിക്കുകയാണ്.

സാഹിത്യഗണങ്ങളുടെ പരിധിക്ക് പുറത്തേക്കാണ് ഒരു യഥാർത്ഥ മനസ്സു സഞ്ചരിക്കുന്നത്. ഒരു സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്ന വ്യക്തിയുടെ മനസ്സിലൂടെ ,വിദൂരമായ ഒരു കാട്ടിലേക്ക് കടന്നു ചെല്ലുന്ന ഫോട്ടോഗ്രാഫറുടെ ചിന്തയിലൂടെ കടന്നുവരുന്ന ആഖ്യാനം മറ്റൊരു രാഗമാണ് തേടുന്നത് .ആഖ്യാനത്തിൻ്റെ  നൂതനമായ ചില ഘടനകൾ ഇനിയും അവശേഷിക്കുകയാണ്. മാധ്യമ കേന്ദ്രീകൃതമായ, അല്ലെങ്കിൽ സാഹിത്യരൂപം എന്ന നിലയിലുള്ള ആഖ്യാനങ്ങൾക്ക് പറഞ്ഞത് തന്നെ പറയേണ്ടി വരുന്നുവെന്ന ദുരവസ്ഥയുണ്ട്. 

ഇന്നത്തെ കവിതകൾ നോക്കൂ, യാതൊരു വൈകാരിക വഴിവെട്ടലുമില്ല. സച്ചിദാനന്ദൻ ,കെ.ജി.ശങ്കരപ്പിള്ള ,കെ.എ. ജയശീലൻ ,വി.മധുസൂദനൻ നായർ തുടങ്ങി പലർക്കും കവിതയുടെ മാധ്യമത്തിൽ ആഴത്തിൽ ഇടപെടാനാവുന്നില്ല. വില കുറഞ്ഞ സ്വയം പ്രതിനിധാനമായി കവിത അധ:പതിച്ചു. പണ്ട് പലരും പറഞ്ഞത്, ആവർത്തിക്കുന്ന ഭാഷയിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ആരെയും ഒന്നും സ്പർശിക്കുന്നില്ല. കവിതയെന്ന മാധ്യമത്തോടുള്ള അഭിനിവേശം കൊണ്ടാണ് ഇന്നത്തെ കവിതകൾ നിലനിന്നുപോരുന്നത് .കവിതയുടെ ശൂന്യത നികത്താൻ 'കവിത 'വരുന്നു എന്നേയുള്ളൂ. മാത്യൂ അർനോൾഡിൻ്റെ 'ഡോവർ ബീച്ച് ',ടി. എസ്. എലിയറ്റിൻ്റെ 'ദ് വേസ്റ്റ് ലാൻഡ്, നെരൂദയുടെ 'ദ് ഹൈറ്റ്സ് ഓഫ് മാച്ചുപിച്ചു' പോലെയുള്ള തീക്ഷ്ണമായ ഇടപെടൽ ഇപ്പോൾ കവിതയിൽ ഉണ്ടാകുന്നില്ല. കുമാരനാശാൻ്റെ 'ചണ്ഡാലഭിക്ഷുകി' ചങ്ങമ്പുഴയുടെ 'രമണൻ', വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' പോലെയുള്ള സാംസ്കാരികമായ തീവ്ര സന്നിവേശങ്ങൾ ,ഇടപെടലുകൾ  ഇന്നില്ല .ഇനി അതിന് ഒരു സാധ്യതയുമില്ല. 

കവിതയുടെ നിഴൽ 

കവിതയിലൂടെ ഒരു തോട് വെട്ടി സാമൂഹിക ബോധത്തിൽ വിള്ളലുണ്ടാക്കാൻ ഇന്നു ഒരു കവിക്കും കഴിയില്ല.യാന്ത്രികമായി കവിത ഉൽപാദിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. അതിൽ പുതിയ ഒരാശയമോ സമീപനമോ നോട്ടമോ വിചിന്തനമോ ഇല്ല .നമ്മുടെ രാഷ്ട്രീയ ,സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാണാൻ കഴിയാത്തതാകണം കവി  കാണേണ്ടത്. അങ്ങനെയുള്ള കാഴ്ചകൾ ഇപ്പോഴില്ലല്ലോ. ഇന്ന് നൂറുകണക്കിന് പേർ എഴുതുന്നു. അതിൽ വായനക്കാർക്ക് ,പ്രത്യേകിച്ച്  ഇഷ്ടം തോന്നേണ്ടതായ യാതൊന്നുമില്ല .ഒരു മാധ്യമം മരിക്കുന്നത് നമ്മൾ അറിയുന്നത് വളരെ കാലം കഴിഞ്ഞായിരിക്കും .

അവിടെയാണ് റൂത്ത് ഒസേക്കി സമീപകാലത്തെഴുതിയ ലേഖനം 'ദ് ഫേയ്സ് 'ശ്രദ്ധേയമാകുന്നത്. അവരുടെ മുഖത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നേരം കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരിക്കുന്നതിൻ്റെ രസകരമായ വിവരണമാണത്. അവർ എഴുതുന്നു: 'ഞാൻ എൻ്റെ കണ്ണുകളിൽ നോക്കിയപ്പോൾ മുഖം തിരിക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ ഒരു മുഖത്തെ നിർവ്വചിക്കുന്നു. നമ്മൾ കാണാൻ കഴിവുള്ളവരല്ലായിരുന്നെങ്കിൽ ,കാണുന്നതിൻ്റെ അറിവ് മറ്റേതെങ്കിലും ഇന്ദ്രിയങ്ങളിലൂടെയാണ് ലഭിച്ചിരുന്നെങ്കിൽ നമുക്ക് മുഖങ്ങൾ തന്നെ വേണ്ടിവരില്ലായിരുന്നു. മരങ്ങൾക്ക് മുഖം വേണ്ടല്ലോ. ജെല്ലി ഫിഷിനു മുഖങ്ങൾ ഇല്ല .ഡെയ്സി പുക്കൾക്ക് വേണ്ട .അവയ്ക്ക് കണ്ണുകളുമില്ല .ഒരു പക്ഷേ ,ഞാൻ തെറ്റായി ചിന്തിക്കുകയാവാം'. 

മുഖത്ത് നോക്കിയാലും ചിലത് എഴുതാനുണ്ട്. മുഖം, നമ്മുടേതാണെങ്കിലും എപ്പോഴും ഒരുപോലെയല്ല. ചിലപ്പോൾ അത് അപരിചിതവും നിരാശാജനകവുമാണ്. എന്നാൽ വിചിത്രമെന്ന് പറയട്ടെ മുഖം സന്തോഷവും ആത്മവിശ്വാസവും പകർന്നു തരുന്ന നിമിഷങ്ങളുണ്ട്. സ്വന്തം മുഖം പ്രചോദനമാകുന്നുണ്ട്. അതേസമയം മുഖം കാണാതെയാണ് നാം പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് തന്നിലേക്ക് തന്നെ ഒന്ന് ഉൾവലിയുമ്പോഴാണ് മുഖത്തിൻ്റെ  കാര്യം ഓർക്കുന്നത്.സ്വന്തം മുഖം, പരമാവധിയായ ജീവിതവിചാരത്തിൻ്റെ ചില ധ്യാനനിമിഷങ്ങൾ പകരാറുണ്ട്.
അവയവങ്ങൾ നമ്മോടു  വാക്കുകൾക്കപ്പുറത്താണ് സംവേദനം ചെയ്യുന്നത്. ആൾക്കൂട്ടത്തിലും നമ്മൾ സ്വന്തം മുഖവുമായി നിശബ്ദമായ സംവേദനത്തിലേർപ്പെടുന്നു; സ്വന്തമായി ഒരു മുഖമുള്ളയാളാണ് ഈ വരുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ കണ്ടുപിടിക്കാമെന്ന് .എന്നാൽ ഈ മുഖംകൊണ്ട് താൻ സ്വയം ഒളിപ്പിക്കുകയും ചെയ്യും .
ചിലപ്പോൾ മനുഷ്യർക്ക് മുഖം തന്നെയില്ല ;ബന്ധത്തിൽനിന്ന് അകലുന്ന അവസരത്തിൽ വിശേഷിച്ചും .നമ്മൾ ഏറെക്കുറെ മുഖം നഷ്ടപ്പെട്ടവരാണ്.

ഏതാണ് യഥാർത്ഥ മുഖം ?

സെൻ ബുദ്ധിസ്റ്റുകളുടെ കഥകളെക്കുറിച്ച് പറയുന്നതിനിടയിൽ ഒസേക്കി ഇങ്ങനെ നിരീക്ഷിക്കുന്നു:  'അതു യുക്തിചിന്തയുടെ, വ്യാഖ്യാനിക്കുന്ന മനസ്സിൻ്റെ  പരിമിതികളെ മറികടക്കാനാണ്  ഉപയോഗിക്കുന്നത്'.അവർ തുടരുന്നു :'പതിമൂന്നാം നൂറ്റാണ്ടിലെ സെൻ മാസ്റ്റർ ഈഹി ദോഗൻ പറഞ്ഞു ,നിങ്ങളുടെ യഥാർത്ഥ മുഖം ,നിങ്ങളുടെ മാതാപിതാക്കൾ ജനിക്കുന്നതിനു മുമ്പുള്ളതാണെന്ന് .അത് നിങ്ങളുടെ ബോധോദയം വന്ന ബുദ്ധൻ്റെ പോലെ മൗലികമാണ്'. പൂർവികരുടെ മനോഘടനയുടെ അവശിഷ്ടങ്ങൾ കാണപ്പെടാത്ത ശുദ്ധമായ മുഖമാണ് വിവക്ഷിക്കുന്നത്. 

ഭൗതികമായ മോഹങ്ങളിൽ നിന്നും കലഹങ്ങളിൽ നിന്നും പുർണമായി അകലാൻ നമുക്ക് കഴിയില്ല .എന്നാൽ ജനിക്കുന്നതിനു മുൻപ് അതിനു സാധ്യമാണെന്നു പറയുന്നത് മനുഷ്യസത്തയുടെ വിശുദ്ധി പ്രകടമാക്കാനാണ്. മനുഷ്യൻ  ജീവിതത്തിൽ സ്വതന്ത്രനാണെന്ന് പറയുമെങ്കിലും അതിനപ്പുറം ചില സുഖമുള്ള ബന്ധനങ്ങളുമുണ്ട്. ലെബനീസ് - അമെരിക്കൻ കവി ഖലിൽ ജിബ്രാൻ ഇങ്ങനെ എഴുതി :'വേദനയിലും സങ്കടത്തിലും ഒരുമിച്ച ഹൃദയങ്ങൾ സന്തോഷത്തിലും സുഖത്തിലും വേർപെടുകയില്ല .ദു:ഖത്തിൽ നെയ്തു ചേർക്കപ്പെട്ട ബന്ധങ്ങൾ സന്തോഷത്തിലും സുഖത്തിലുമുള്ള കെട്ടുപാടുകളേക്കാൾ ബലമുള്ളതാണ്'

ഒസേക്കിയുടെ ലേഖനത്തിൽ നിന്ന് : 'നല്ലതും ചീത്തയും എന്താണെന്ന് ചിന്തിക്കാതിരിക്കുമ്പോൾ നിങ്ങളുടെ യഥാർത്ഥ മുഖമെന്താണ് ? സെൻ ബുദ്ധിസ്റ്റുകളുടെ സമസ്യ ഒരേ ചോദ്യമാണ് ചോദിച്ചത്: നിങ്ങൾ എന്താണ്? എന്താണ് നിങ്ങളുടെ യഥാർത്ഥ മനസ്സ്? നിങ്ങളുടെ അവിഭാജ്യമായ സ്വഭാവം ?എന്താണ് നിങ്ങളുടെ ഐഡൻഡിറ്റി?. ഈ ദ്വന്ദാത്മകമായ വ്യത്യസ്തതകൾക്കപ്പുറം , മാതാപിതാക്കൾ ,നന്മതിന്മകൾ പോലെ, എന്താണ് നമ്മെ നിർവ്വചിക്കുന്നത്?'.

സ്വന്തം സ്വഭാവത്തെക്കുറിച്ചറിയാൻ ശ്രമിക്കുന്നത് സാഹസമാവും .അതിനോട് പൊരുത്തപ്പെടാൻ സാധിക്കണമെന്നില്ല. കപടമാണെങ്കിലും വർത്തമാനകാലത്തെ യുക്തികളിലും  ഗതിമാറ്റങ്ങളിലും  ഒളിച്ചോട്ടങ്ങളിലുമാണ് ആളുകൾ വിശ്വസിക്കുന്നത്. യുക്തിയെ വ്യാജമാക്കാൻ വേറെ എവിടെയാണ് സാധ്യമാവുക. സ്വയം ഒളിക്കുക, ഒളിപ്പിക്കുക തുടങ്ങിയ വിദ്യകൾ അതി സാമർത്ഥ്യത്തിൻ്റെ ഭാഗമാണ്. അത  ലഹരി നൽകുന്നു എന്നു കരുതുന്നവരുണ്ട്. മുഖം കണ്ണാടിയിൽ നോക്കിയിരിക്കുന്നതും സംഘർഷമാണ്. അത് നമ്മെ പെട്ടെന്ന് ഏകാന്തതയിലേക്ക് കൊണ്ടുപോയി ചുറ്റിത്തിരിക്കും .സ്വയം കാണുമ്പോഴായിരിക്കും ഏറ്റവുമധികം വേദനിക്കുക .അപ്പോഴാവും സ്വന്തം പ്രവൃത്തികളെക്കുറിച്ച് മാറി നിന്നു  ആലോചിക്കാനാവുക.

പ്രാചീന ഭയങ്ങൾ 

ജിബ്രാൻ്റ തന്നെ വാക്കുകൾ: 'ഞാൻ നിശ്ശബ്ദത എന്താണെന്ന് പഠിച്ചത്  സംഭാഷണപ്രിയരിൽ നിന്നാണ്. അസഹിഷ്ണുക്കളിൽ നിന്നാണ് സഹിഷ്ണുത പഠിച്ചത് ; ദയയില്ലാത്തവരിൽ നിന്ന് ദയയും'.തൻ്റെ മുഖം പലരിലും  അസ്വസ്ഥതയുണ്ടാക്കുന്നതിനെപ്പറ്റി ഒസേക്കി നല്കുന്ന വിശദീകരണം ഇതാണ് :'ഞാൻ 1956 ലാണ് ജനിച്ചത്; രണ്ടാം ലോകമഹായുദ്ധം അവസാനിച്ച്  പതിനൊന്ന് വർഷത്തിനുശേഷം. അമേരിക്കക്കാരൊക്കെ അന്ന് നല്ലവരും ജപ്പാൻകാരൊക്കെ ചീത്തയുമായിരുന്നു. ദ്വന്ദാത്മകമല്ലാത്ത ഒരു ധാരണ ജീവിതം സാധ്യമല്ലായിരുന്നു. എൻ്റെ ജനനത്തിനു പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് എൻ്റെ മാതാപിതാക്കളുടെ രാജ്യങ്ങൾ തമ്മിൽ ബദ്ധശത്രുക്കളായിരുന്നു .എൻ്റെ അമ്മയുടെ രാജ്യക്കാർ (ജപ്പാൻ)പിതാവിൻ്റെ രാജ്യക്കാരെ (അമെരിക്ക) കൊല്ലുകയായിരുന്നു;  തിരിച്ചും .വളരെ ചെറുപ്പത്തിൽ തന്നെ ഈ ശത്രുതയെപ്പറ്റി ഞാൻ മനസ്സിലാക്കി ;ഞാനും അതിൻ്റെ  ഭാഗമായിരുന്നു .എൻ്റെ മുഖം അത് വ്യക്തമാക്കുന്നതായിരുന്നു.ആകർഷണത്തിൻ്റെ ശക്തി -യഥാർത്ഥ പ്രണയം ,ലൈംഗികത ,വർണ്ണസങ്കരം - നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കാം - ഇതൊക്കെയാണ് എന്നെ ഞാനാക്കിയത്. ഈ മൗലികവും  വിരുദ്ധവുമായ വികാരങ്ങൾ എൻ്റെ  ത്വക്കിനടിയിൽ ചൂഴ്ന്നു നിൽക്കുകയാണ്. ഒരു അത്ഭുതവുമില്ല, എൻ്റെ മുഖം കണ്ട് ആളുകൾക്ക് വട്ടു പിടിക്കാൻ'.

വ്യക്തിത്വമെന്നു പറയുന്നത് പതിറ്റാണ്ടുകൾക്ക് മുന്നേ നിർണയിക്കപ്പെടുന്ന ഒന്നാണോ? പൂർവ്വ കാലങ്ങളിലെ സംഭവങ്ങൾ നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു , മുഖത്തെയും .താൻ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതിയതെന്ന് അവർ പിന്നീട് വിശദീകരിച്ചു: 'എൻ്റെ ഭയങ്ങളെ നേരിടാനാണ് ഞാൻ ശ്രമിച്ചത്'.  ജീവിതത്തിൻ്റെ ഭൂപടമാണ് മുഖം എന്ന ചിന്തയാണ് അവരെ പ്രചോദിപ്പിച്ചത്. പ്രാചീനയുഗത്തിലെ ഭയങ്ങൾ നമ്മുടെ മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു.  ഏറ്റവും ആധുനികമായ ഒരു ഹോട്ടലിലെ ഭക്ഷണത്തിനു മുന്നിൽ ഇരിക്കുമ്പോഴും കാട്ടാളന്മാർ നമ്മുടെ മനസിൻ്റെ അടിയിൽ നിന്നു തുഴഞ്ഞെത്തി ഭയമായി പടരുന്നു. 
പൂർവികർ മനസ്സിലേക്ക് വന്നു പിന്തിരിയുന്നു. അവരുടെ ഉദ്വേഗങ്ങൾ തലമുറകളിലൂടെ പടരുകയാണ്.ഭയം  യഥാർത്ഥ പകർച്ചവ്യാധിയാണ്. നായ്ക്കൾക്കും പക്ഷികൾക്കുമൊപ്പം ആ ഭയം നമ്മുടെയടുത്തും വിഹരിക്കുന്നു .ലോകത്ത് മനുഷ്യൻ എങ്ങനെയെല്ലാം കലഹിച്ചു, അതിജീവിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്.അത് മറ്റൊരു ഭാഷയിൽ ആലേഖനം ചെയ്തിരിക്കുകയാണ്. 

മൂന്നുമണിക്കൂർ കണ്ണാടിക്കുമുന്നിലിരുന്നപ്പോൾ  കടന്നുവന്ന കാര്യങ്ങൾ ഒസേക്കി ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതായിരുന്നു. തൻ്റെ രചനാപരമായ പര്യവേക്ഷണങ്ങളെ തൊട്ടു കാണിക്കുന്ന സമീപനമാണ് ഈ ലേഖനത്തിലുള്ളതെന്ന് അവർ പറയുന്നുണ്ട്. 'കഥയോ ഓർമ്മയോ എന്തായാലും ഏതുതരം സാഹിത്യരചനയുടെയും താക്കോൽ എന്നു പറയുന്നത് ശരീരത്തിൻ്റെ  ഓർമ്മകളായിരിക്കണം .എഴുത്തിലേക്ക് ശരീരത്തിലെ ഇന്ദ്രിയങ്ങളിലൂടെ പ്രവേശിക്കുക, ശരീരത്തിലും പ്രവേശിക്കുക .നമ്മളെല്ലാം മനുഷ്യശരീരങ്ങളാണ് '.

ശരീരം പ്രബുദ്ധമാണ് 

ശരീരത്തിലെ അവയവങ്ങൾ വികാരങ്ങളായി അപരൻ അറിയുന്നു. ഇഷ്ടം, അനുരാഗം, അകൽച്ച തുടങ്ങിയ പല ചിന്തകളുടെ സൂചകങ്ങളായി അത് രൂപപ്പെടാം. മനുഷ്യൻ സ്വയം കരുതുന്നതല്ല അവൻ്റെ ഉടലിലൂടെ സംവേദനം ചെയ്യുന്നത്.ഉടൽ വേറൊരു പാഠശാലയാണ് .സ്വയം കരുതുന്നത് എന്താണോ അതല്ല മറ്റുള്ളവർക്ക് അനുഭവപ്പെടുന്നത്. എഴുത്ത് മനസ്സുകൊണ്ട് മാത്രം ചെയ്യുന്നതല്ല. എഴുതുമ്പോൾ തീർച്ചയായും ശരീരവും പങ്കെടുക്കുന്നു. മനസ്സിൽ ഉണർവ്വുള്ളതുകൊണ്ട് മാത്രം എഴുതാനൊക്കില്ല; ശരീരവും അനുവദിക്കണം. ശരീരവും മനസ്സും ഒരു സവിശേഷ ബന്ധത്തിൽ വരുമ്പോഴാണ് എഴുത്ത് അഗാധമാവുന്നത്. എഴുത്തുകാരന് സ്വന്തം ശരീരം സ്വയം മനസ്സിലാക്കാനുള്ള ഉപാധിയാണ്. ശരീരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മനസ്സ് ശക്തിയും വൃത്തിയുമുള്ളതായി നിലനിർത്താനാവില്ലെന്നു ബുദ്ധൻ പറഞ്ഞത് ഓർക്കുകയാണ്.ബുദ്ധമതത്തിൽ ഇന്ദ്രിയങ്ങളെ കവാടങ്ങളായി കാണുന്നു .'കാതിൻ്റെ , കണ്ണിൻ്റെ ,മൂക്കിൻ്റെ ,വായുടെ ,ത്വക്കിൻ്റെ ഐന്ദ്രിയകവാടങ്ങളുണ്ട്. ആ കവാടങ്ങളിലൂടെ ഐന്ദ്രിയമായ  ആശയങ്ങൾ വരുന്നുണ്ട്. എന്നാൽ  ബുദ്ധിസത്തിൽ ഒരു ആറാം ഇന്ദ്രിയമുണ്ട്. അതാണ് മനസ്സ്' .

ശരീരത്തിലും ബുദ്ധിയുണ്ടെന്ന് ജർമൻ തത്ത്വചിന്തകൻ നിഷേ പറയുന്നത് ശ്രദ്ധിക്കണം. ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതത്തിലെ ഉൾക്കാഴ്ചയുള്ള അറിവുകളായി മാറാം. ശരീരം വഴികാട്ടുകയാണ്. രോഗം പ്രബുദ്ധതയുടെ ചിഹ്നമാകുന്നത് അങ്ങനെയാണ്. രോഗം പിടിപെട്ടപ്പോഴാണല്ലോ, ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണം' എന്ന കഥയിലെ ഇവാൻ പ്രബുദ്ധനാവുന്നത് .അതേസമയം മനസ്സും ഐന്ദ്രിയ  അനുഭവങ്ങൾക്കുള്ള അവയവമാണ്. മനസ്സിലൂടെ കടന്നു വരുന്ന ഐന്ദ്രിയാനുഭവങ്ങളാണ് ചിന്തകൾ. ചിന്തകൾ നമ്മെ ഐഹിക ലോകത്തിൻ്റെ വ്യർത്ഥതയെപ്പറ്റി ജ്ഞാനമുള്ളവരാക്കുന്നു. പക്ഷേ ,നാം ശരീരത്തിൽ ബന്ധിതരാണ്.

ഓരോ നിമിഷവും ടെക്സ്റ്റാണ് 

പുതിയ വിവരണകലയുടെ കാലഘട്ടമാണിത് .ഏതൊരു നിമിഷത്തിനും ഒരു ടെക്സ്റ്റുണ്ട് .അത് ഭൂതകാലവും ഭാവികാലവും കലർന്നതാണ്. വെട്ടിമുറിച്ചിട്ട മരങ്ങളല്ലല്ലോ നമ്മൾ .മനുഷ്യൻ ഒരൊഴുക്കാണ്. നമ്മൾ എഴുതുന്ന കഥകളക്കാൾ പ്രധാനമാണ് നമ്മൾ നമ്മെക്കുറിച്ച് ചിന്തിക്കുന്നത്. ആത്മാവിൻ്റെ വേറൊരു ആഖ്യാന
മാണത്. ഒരാൾ തന്നെക്കുറിച്ച് ചിന്തിച്ചു ഭ്രാന്തനാകുന്നു. ഏറ്റവും സത്യസന്ധമായിട്ടുള്ളത് അവനവൻ്റെ ആകുലതകളാണ് .ഒസേക്കിയുടെ ലേഖനം ആത്മകഥയോ ഓർമ്മയെഴുത്തോ അല്ല. എപ്പോഴും നമ്മുടെ മനസ്സിൽ സ്ഥിരമായി ഒരാഖ്യാനം സംഭവിക്കുന്നുണ്ട് .അത് നമ്മെക്കുറിച്ചു നാം തന്നെ ചിന്തിക്കുന്നതാണ്; അവനവനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ.ഒസെക്കി പറയുന്നു , ഇങ്ങനെയാണ് നാം നമ്മുടെ മനസ്സിന്റെ ജീവിതത്തെ നിർവ്വചിക്കുന്നത് .

ഓർമ്മയെഴുത്തിലും ആത്മകഥയിലും സ്വയം പൊക്കാനുള്ള സകല അടവുകളുമാണ് ആളുകൾ പയറ്റുന്നത്. താൻ എല്ലാത്തിലും നല്ലവൻ, താൻ എല്ലാത്തിലും ഒന്നാമൻ ,തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. താൻ മാത്രം ശരി എന്നാണല്ലോ എല്ലാ ആത്മകഥയെഴുത്തുകാരും സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അവർ എഴുതി കഴിയുന്നതോടൊപ്പം അതെല്ലാം തകർന്നു വീഴുകയാണ്. നമ്മൾ നമ്മെക്കുറിച്ച് എഴുതുന്നതിലും കഥയുണ്ട്. ഏറ്റവും നല്ല കഥകൾ നമ്മെക്കുറിച്ചായിരിക്കും .പക്ഷേ, സ്വയം അനാവരണം ചെയ്യാനുള്ള നിശിതമായ മനസ്സുണ്ടാകണം. 

ഒസേക്കിയുടെ ഓൾ ഓവർ ക്രിയേഷൻ ,എ ടെയ്‌ൽ ഫോർ ദ് ടൈം ബീയിംഗ് എന്നീ നോവലുകൾ നന്നായി വായിക്കപ്പെട്ടു .മുപ്പതിലേറെ ഭാഷകളിലേക്ക് അവരുടെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒസേക്കി തൂലികാനാമമാണ്. റൂത്ത് ഡയാന ലൗ ൺസ്‌ബുരി എന്നാണ് ശരിയായ പേര്. 

വാൻഗോഗിൻ്റെ കാക്കകൾ /അക്ഷരജാലകം



എം.കെ.ഹരികുമാർ




മനുഷ്യർക്ക് സൗന്ദര്യാനുഭവം ഇപ്പോൾ നിർമ്മിച്ചു നല്കുന്നത് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളാണ്. എല്ലാവർക്കും ഒരു സ്റ്റാൻഡേർഡ് കലാകാരനും കലാകാരിയുമാകാൻ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം പ്രത്യേക പേജുകൾ ഉണ്ടാക്കിവച്ചിരിക്കുകയാണ്.  ഒരു അക്കൗണ്ട് തുറന്നാൽ മതി, കലാകാരനാകാം. ഏത് മങ്ങിയ ഫോട്ടോയും ഇൻസ്റ്റഗ്രാമിൽ പ്രത്യേക മൂല്യം ഉത്പാദിപ്പിച്ചു മിന്നിക്കും. ഫോട്ടോഗ്രാഫിനു ഫോക്കസോ കളറോ വേണമെന്നില്ല.അതെല്ലാം ഇൻസ്റ്റഗ്രാമിൻ്റെ നിർമ്മിത ബുദ്ധി നോക്കിക്കൊള്ളും .നമുക്ക് ബുദ്ധിയില്ലെങ്കിൽ ആ മെഷീൻ അത് സഹിക്കും, പൊറുക്കും .ബുദ്ധി വേണമെന്നു തന്നെയില്ല;നമുക്ക് വേണ്ടി ബുദ്ധി പ്രവർത്തിപ്പിക്കാൻ കൃത്രിമ ബുദ്ധികേന്ദ്രങ്ങൾ സദാസജ്ജമാണ്, അത് നമക്ക് വേണ്ടി ചിന്തിക്കുകയാണ് .ഒരു പോസ്റ്റ് ഇട്ടതിൻ്റെ ക്ഷീണവും അമ്പരപ്പും മാറ്റാൻ വീണ്ടും വീണ്ടും പോസ്റ്റ് ഇട്ടുകൊണ്ടിരുന്നാൽ മതി. ഒരു രോഗം ശമിക്കുന്നത് അതേ രോഗം കൊണ്ടു തന്നെയാണെന്ന സിദ്ധാന്തമാണിത്. കാരണം ,രോഗം തന്നെയാണ് മരുന്ന്. രോഗം ഇല്ലാതാവുന്നില്ല. അപ്പോൾ അത് സാധാരണ അവസ്ഥമാത്രമാണെന്ന് തിരിച്ചറിയാൻ ശരീരം തയ്യാറാവുകയാണ് ,മനസ്സും .രോഗം ഒരു സുഖമാവുന്നത് അതിൽ നിന്ന് രക്ഷപ്പെട്ട് എങ്ങും പോവാനില്ലത്തതു കൊണ്ടാണ്. 

അമെരിക്കയിലെ പ്രസിദ്ധമായ മാർജിനാലിയ ബ്ളോഗിൻ്റെ സ്ഥാപക മരിയ പൊപോവ ഏതാനും മാസങ്ങൾക്ക് മുൻപ് എഴുതിയ പുസ്തകമാണ് 'ഫിഗറിംഗ് '.മനുഷ്യവംശത്തിനു നഷ്ടപ്പെട്ട ആന്തരികമൂല്യങ്ങൾ വീണ്ടെടുത്തു തരുന്ന ഈ കൃതി വിചാര ജീവിതത്തിനു ആഴം നല്കുകയാണ്. 
പുസ്തകത്തിൻ്റെ ആമുഖത്തിൽ അവർ സൂചിപ്പിക്കുന്നത് ഇങ്ങനെ യാണ്. നമ്മുടെ ജീവിതം നാം ചെലവഴിക്കുന്നത് എവിടെയാണ്, നമ്മൾ അവസാനിപ്പിക്കുന്നത് എവിടെയാണ് ,ബാക്കി ലോകം എവിടെ തുടങ്ങുന്നു എന്നീ കാര്യങ്ങൾ വേർതിരിക്കാനാണ് നാം ജീവിക്കുന്നത് .

ജീവിതത്തിൻ്റെ ഒരു നിശ്ചലദൃശ്യത്തെ നാം പിടിച്ചെടുക്കുന്നത് അസ്തിത്വത്തിൻ്റെ ഏകകാലങ്ങളിൽ നിന്നാണ് .ഒരേ സമയത്ത് എല്ലാമായിരുന്നുകൊണ്ടാണ് നാം സ്വന്തം രൂപപരത സൃഷ്ടിക്കുന്നത് .ഒരേ സമയം നാം പലയിടത്താണ്. ഇന്നത്തെ ഉത്തര- ഉത്തരാധുനിക, മനുഷ്യാനന്തര ,കൃത്രിമ ബുദ്ധി, പ്രതീതിലോകത്ത് നമുക്ക് സ്ഥലകാലങ്ങളുടെ തടവറയിൽ കഴിയേണ്ടതില്ല .ഒരേ സമയം നമുക്ക് അനേകം അസ്തിത്വങ്ങളുണ്ട്.  വിദേശത്തുള്ള ഒരു സുഹൃത്തിനോട് ചാറ്റ് ചെയ്തു കൊണ്ട് ,ഭാവനയിൽ മുഴുകിക്കൊണ്ട് നമുക്ക് തൊട്ടടുത്തുള്ള ഒരാളോട് വഴക്കടിക്കാം. ഒരാളെ വെറുത്തുകൊണ്ട് വിദൂരത്തുള്ള മറ്റൊരുവളോട് കുശലം പറയുന്നവൻ ,ആധുനിക വിർച്ച്വൽ ലോകത്തിൻ്റെ മാന്ത്രികജീവിതത്തെ അനുഭവിക്കുകയാണ്. ബസ്സിൽ യാത്ര ചെയ്തുകൊണ്ട് അടുത്തുള്ളവനോട് സംസാരിക്കുന്നതിനിടയിൽ തന്നെ നമുക്ക് പല വാട്സപ്പ് ഗ്രൂപ്പുകളിലൂടെ  രണ്ടായിരം പേർക്കെങ്കിലും വിലപ്പെട്ട സന്ദേശങ്ങൾ കൈമാറാം, ജോലി ചെയ്യാം. നമ്മുടെ സുഹൃത്തുക്കൾ നമ്മെ വേറെ ലെവലിൽ അനുഭവിച്ചു കൊള്ളും .എല്ലായിടത്തും പല രൂപങ്ങളായി നാം ജീവിക്കുകയാണ്. ശരീരം ഇല്ലാതെ തന്നെ അസ്തിത്വം നിലനില്ക്കുകയാണ്‌. 

ശതകോടി സംവേദനങ്ങൾ

'ചരിത്രം എന്നു പറയുന്നത് സംഭവിച്ച കുറെ കാര്യങ്ങളല്ല; യാദൃച്ഛികതയുടെയും വിധി തീർപ്പിൻ്റെയും  കപ്പൽച്ചേതങ്ങളിൽനിന്ന് അതിജീവിച്ചു വരുന്നതാണ് ' -പൊപോവ എഴുതുന്നു. നമുക്ക് പഠിക്കാനുള്ള കുറെ പാഠങ്ങളല്ല ജീവിതം; അല്ലെങ്കിൽ ലോകം .നമ്മൾ കാണാത്ത ശതകോടി സംവേദനങ്ങൾ ഒരു നിമിഷത്തിൽ  സംഭവിക്കുന്നുണ്ട്. അതിൽ  ഒന്നോരണ്ടോ, ചില അറിവുകൾ യാദൃശ്ചികമായി തന്നേക്കാം .ചരിത്രം പുസ്തകത്തിലാക്കി വയ്ക്കുന്നത് ഒരു ഭാഗിക വീക്ഷണം മാത്രമാണ് .

എന്താണ് യാദൃശ്ചികതയുടെയും വിധി തീർപ്പിൻ്റെയും കപ്പൽച്ചേതങ്ങളിൽ നിന്ന് അതിജീവിച്ചു വരുന്നത്? ചില വിധിതീർപ്പുകൾ കാലഹരണപ്പെടും. മൂല്യചിന്തകൾ അസ്ഥാനത്തായിരിക്കും. പുതിയ ആലോചനകളിലൂടെ , നഷ്ടപ്പെട്ട ലോകങ്ങൾ വീണ്ടെടുക്കാം.
അതും ചരിത്രമാണ്.

'ചില സത്യങ്ങൾ, സൗന്ദര്യം പോലെ,  പ്രകാശിതമാകുന്നത് നമ്മുടെ  രൂപവത്ക്കരണത്തിലൂടെയാണ്, അർത്ഥനിർമ്മിതിലൂടെയാണ് ' - അവർ എഴുതുന്നു. എന്താണ് മരിയാ പൊപോവയുടെ ഫിഗറിങ്? അത് അർത്ഥനിർമ്മിതിയാണ്,  ആത്മരൂപീകരണമാണ്. മനുഷ്യൻ ഒരാശയമാണ്; അത് ഒരു നിമിഷത്തിൽ സംഭവിക്കുന്നതല്ല .നാം നിർമ്മിച്ചെടുത്താലേ എന്തും നിലനിൽക്കുന്നുള്ളു .നമ്മൾ തന്നെ ഒരു ആശയമാകുന്നത് ബോധത്തിൽ അങ്ങനെ ചിന്തിക്കുന്നതുകൊണ്ടാണ്. ജീവിതം എന്നു പറയുന്നത് ജീവചരിത്രത്തിൻ്റെ കള്ളികളിലല്ല പരിശോധിക്കേണ്ടത്.

'ജീവിതങ്ങൾ മറ്റു ജീവിതങ്ങളുമായി ഇഴചേർത്ത് നെയ്തെടുക്കപ്പെടുന്നു'. ഒരാൾ നമ്മെ സ്നേഹിക്കുമ്പോൾ  അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അതിൻ്റെയർത്ഥം നമ്മുടെ ബോധത്തിൽ അങ്ങനെയൊരു ചിന്ത കടന്നുവരാത്തതുകൊണ്ടാണ്. സ്നേഹിക്കുന്നുണ്ടെന്നു  ചിന്തിക്കുന്നതു വരെ നമ്മെ ആരുടെയും സ്നേഹം സ്പർശിക്കുകയില്ല .എല്ലാ ജീവിതങ്ങളിലും മനോഹാരിതയുണ്ട്. ആയിരം അടി താഴ്ചയിലേക്കു ചെരിഞ്ഞ് മുഖാമുഖം നിൽക്കുന്ന ഒരു ശോഷിച്ച മരക്കൊമ്പിൽ ഒരു കുരങ്ങൻ തൻ്റെ കുഞ്ഞിനെയുംകൊണ്ട് കയറിയിരിക്കുന്നത് സാഹസമല്ലെങ്കിൽ   മറ്റെന്താണ്?അപായക്കളി എല്ലാ മൃഗങ്ങൾക്കും പ്രിയങ്കരമാണ്. 'മനോഹരമായ ജീവിതങ്ങൾ ഒന്നല്ല, അനന്തമാണ് '-പൊപോവ എഴുതുന്നു.

എപ്പോഴെങ്കിലും വീണു പോയേക്കാവുന്ന ഒരഗാധതയെ നോക്കി നിസ്സാരതയോടെ ചിരിക്കുന്ന കുരങ്ങൻ സൗന്ദര്യത്തിൻ്റെ  ഏകാന്തമായ പാതയിലാണ്.സൗന്ദര്യത്തിൻ്റെ അധികവും അദൃശ്യമായ ബന്ധങ്ങളിൽ നിന്നാണ് ഉരുത്തിരിയുന്നത് .അഗാധതകളിൽ  എന്താണെന്ന് അറിയുന്നതിനും  അറിയാതിരിക്കുന്നതിനും ഇടയിലാണ് സാഹസികബുദ്ധിയുടെ നിഷ്കളങ്കത പ്രവർത്തിക്കുന്നത്. സൗന്ദര്യത്തെ അദൃശ്യതയിൽ നിന്ന്  സ്വരൂപിക്കേണ്ടിയിരിക്കുന്നു. സാധാരണ നേത്രങ്ങൾക്ക് മുന്നിൽ സാധാരണ ദൃശ്യങ്ങളായി ഒരു സൗന്ദര്യവും ജനാധിപത്യവത്ക്കരിക്കപ്പെടുന്നില്ല.എന്നും കാണുന്ന യുവതിയോട് വർഷങ്ങളോളം പ്രേമം തോന്നണമെന്നില്ല. എന്നാൽ വളരെ ദുരൂഹമായ ഒരു ദശാസന്ധിയിൽ വിശദീകരിക്കാനാവാത്ത വിധം ചില ഇഷ്ടങ്ങൾ ഉടലെടുക്കുന്നു.ഇത് സൗന്ദര്യമാണ്. അത് ഭാഷയ്ക്ക് അതീതമാണ്. എല്ലാം സവിശേഷമായ മനോസ്പർശങ്ങൾക്കായി  രൂപപ്പെടുന്നതാണ് .അദൃശ്യതയിലാണ്അത് നിലനിൽക്കുന്നത്.

ഗോതമ്പു പാടം 

ഇന്ന് നന്മ എന്നു പറഞ്ഞു കൊട്ടിഘോഷിക്കപ്പെടുന്നതുപോലും അഴിമതിയുടെ പ്രദർശനശാല യാവുകയാണ്. അതിൻ്റെ പിന്നിൽ നന്മയുടെ അർത്ഥം വ്യതിചലിക്കപ്പെട്ടിട്ടുണ്ടാകും .സ്വന്തം അദൃശ്യശൂന്യതകളെ ,സ്വാർത്ഥതകളെ, ആർത്തികളെ ,നാണംകെട്ട പൊങ്ങച്ചങ്ങളെ മഹത്വവത്ക്കരിക്കപ്പെടുന്നിടത്താണ്   ഒരു സമൂഹം മൊത്തമായി അഴിമതിയിൽപ്പെടുന്നത്.

വാൻഗോഗ് ഗോതമ്പ് പാടങ്ങളിൽ കണ്ടത് (വീറ്റ് ഫീൽഡ് വിത്ത് ക്രോസ്),സഹസ്രാബ്ദങ്ങളിലെ ഒരേയൊരു കാഴ്ചയാണ് .ഗോതമ്പു പാടത്തിൽ അദൃശ്യമായിരുന്നതാണത്. ഒരു യഥാർത്ഥ ഗോതമ്പുപാടവും ആ സൗന്ദര്യത്തെ ഉദാഹരിക്കുകയില്ല. കാക്കകളെ നാം ധാരാളം കണ്ടിട്ടുണ്ടെങ്കിലും വാൻഗോഗിൻ്റെ കാക്കകൾ അദൃശ്യതയിൽ നിന്നാണ് വരുന്നത്. ആ കാക്കകൾ കലാകാരൻ്റെ ആത്മഘടകങ്ങളാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആത്മ രൂപീകരണമാണ്. അത് അസുലഭമായ സൗന്ദര്യത്തിൻ്റെ മുഖാമുഖമാണ്.  ഏതൊരു വസ്തുവിലും സൗന്ദര്യം കണ്ടെത്തുന്നവനാണ് ജീവിക്കുന്നത്. ഒരു കലാകാരൻ സൗന്ദര്യമാണ് തേടുന്നത്, എപ്പോഴും. അതാണ് അയാളിൽ ആകാംക്ഷ ജനിപ്പിക്കുന്നത്.

മനുഷ്യൻ്റെ പരിധിക്കുള്ളിലുള്ളതിനെയെല്ലാം അനാവരണം ചെയ്യുന്നതിനുള്ള ആകാംക്ഷയാണത് .
'സൗന്ദര്യം ഒരു ഭാഷയായിരിക്കാം. അത് ഉപയോഗിച്ചു രൂപീകരിക്കേണ്ടത് സത്യത്തെയാണ്, ആത്മാവിനെയാണ് ' -പൊപോവയുടെ വാക്കുകൾ .വാൻഗോഗിൻ്റെ കാക്കകളെ അദ്ദേഹം ഏതോ നിമിഷത്തിൽ ആവാഹിച്ചതാണ്. പ്രകൃതി അതിൻ്റെ ആവരണം മാറുന്നത് ഇങ്ങനെയാണ്. നൂറ്റാണ്ടുകളോളം ഒരേ കിടപ്പിൽ കിടന്ന മലകളെ ,ഭൂപ്രകൃതിയെ ചിത്രകാരന്മാർ മറ്റൊരു കാഴ്ചയിലേക്ക്, സൗന്ദര്യത്തിലേക്ക് വീണ്ടെടുക്കുന്നത് ഈ സാഹചര്യത്തിലാണ് മനസ്സിലാക്കേണ്ടത് .അമെരിക്കൻ പെയിൻ്റർ തോമസ് മൊറാൻ വരച്ച 'ദ് ഗോൾഡൻ അവർ 'എന്ന ചിത്രം മനുഷ്യരാശിക്ക് നോക്കാനായി  ദിവ്യശക്തിയുള്ള കണ്ണുകൾ കൂടി സംഭാവന ചെയ്യുകയാണ് .ആ കണ്ണുകളിലൂടെ നോക്കണം. 
യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് ഇന്നറിയപ്പെടുന്നത് അത് മോറാൻ ക്യാൻവാസിൽ ആവാഹിച്ചതുകൊണ്ടാണ്. സൗത്ത് ഫ്രാൻസിലെ 'മോണ്ട സെൻറ് വിക്ടോയിർ എന്ന കുന്ന് ഫ്രഞ്ച് പെയിൻ്റർ പോൾ സെസാൻ വരച്ചപ്പോൾ അത് സൗന്ദര്യത്തിൻ്റെ വിസ്ഫോടനമായി ,വിഭ്രമമായി. 

തപസ്സ് 

കാഫ്കയുടെ മനോഹരമായ ഒരു കഥയാണ് 'ജോസഫൈൻ ദ് സിംഗർ',ഓർ ദ് മൗസ്ഫോക്ക്' .   പാട്ടു പാടാൻ കഴിവുള്ള ഒരു എലി മറ്റുള്ളവർക്കിടയിൽ എങ്ങനെ ഒറ്റപ്പെടുന്നുവെന്നാണ് അതിൽ ചിത്രീകരിക്കുന്നത്. 'ഞങ്ങൾ സംഗീതം ഇഷ്ടപ്പെടുന്ന ഒരു വർഗമല്ല ,ഞങ്ങളുടെ ജീവിതം വളരെ കഠിനമാണ്. സ്വച്ഛമായ ശാന്തിയാണ് ഞങ്ങളുടെ സംഗീതം . ഈ ദൈനംദിന സംഗീതത്തിൻ്റെ മുകളിൽ വിദൂരമായ ഒരു തലത്തിലേക്ക് ഉയരാൻ ഞങ്ങൾക്ക് കഴിയില്ല' എന്ന് ഈ കഥയിൽ ഒരെലി പറയുന്നുണ്ട്.
ഇത് മനുഷ്യരാശിക്കും ബാധകമല്ലേ, മറ്റൊരു പരിപ്രേക്ഷ്യത്തിൽ ? നമ്മൾ ഹിംസിക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ ,ഏതെങ്കിലുമൊരു ജീവിയുടെ വിഭിന്നവും സമാന്തരവും അതുല്യവുമായ ജീവിതസന്ദേശം കേൾക്കാൻ കഴിയുന്നുണ്ടോ ?
തലയിലേക്ക് ഒന്നും കയറില്ലാത്ത,  ദിശതെറ്റിപ്പോയ ജീവിയാണ് മനുഷ്യനെന്ന് ഭൂമിയിലെ മറ്റെല്ലാ ജീവികൾക്കും ഒരേസ്വരത്തിൽ തലകുലുക്കി സമ്മതിക്കാതിരിക്കാനാവില്ല .കേവലമായ ആനന്ദം നേടാൻ മലമുകളിൽ പോയി തപസ്സ് ചെയ്യേണ്ടിവരുന്നു, മനുഷ്യന് .എന്നാൽ തപസ്സ് ,അതു  മനസ്സിലാക്കാൻ മനുഷ്യർക്ക് പ്രയാസമാണ്. ദൈവം, വേണമെങ്കിൽ അസുരനും വരും കൊടുക്കും തപസ്സ് ഉണ്ടെങ്കിൽ. ദൈവം നിസ്സഹായമാണ് ,തപസ്സിൻ്റെ മുന്നിൽ .കാരണം, ആരുടെ ഭാഗത്തുനിന്നാണ്  ഉണ്ടാകുന്നതെങ്കിലും തപസ്സ് ദൈവത്തിൻ്റെ ഊർജ്ജമായതിനാൽ, അതിനെ ദൈവത്തിനു നിരാകരിക്കാനാവില്ല. അതിൻ്റെയർത്ഥം, എത്ര പതിതനാണ് മനുഷ്യനെങ്കിലും, അവനിൽ സൗന്ദര്യത്തെ നേടാനുള്ള മനസ്സുണ്ടെങ്കിൽ ,അവനു  സ്വാഭാവികമായിത്തന്നെ തപ:ശക്തിയു ണ്ടാവുന്നു എന്നാണ്. അവൻ ദൈവത്തിൻ്റെ അനുഗ്രഹം നേടാൻ യോഗ്യനായിത്തീരുകയാണ്. 

അമെരിക്കയിലെ വഴിമാറി നടന്ന നോവലിസ്റ്റ് റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗുൾ'  എന്ന ചെറുനോവലിൽ ഇങ്ങനെ പറയുന്നുണ്ട്: 'കൂടുതൽ പക്ഷികളും സാധാരണ പറക്കലിൽ കഴിഞ്ഞു ഒന്നും പഠിക്കാനാഗ്രഹിക്കുന്നില്ല - തീരങ്ങളിൽ നിന്ന് എങ്ങനെ ആഹാരം തേടുകയും തിരിച്ചു കൂട്ടിലേക്ക് പറക്കുകയും ചെയ്യുക എന്നതിനപ്പുറം'. അവയെ സൗന്ദര്യം ,യാദൃശ്ചികമായെന്നപോലെ  പ്രലോഭിപ്പിക്കുന്നില്ല. അവയ്ക്ക് അത്  അടഞ്ഞ അധ്യായമാണ് .ഒരു നിമിഷം, ഒട്ടും വിചാരിക്കാതെയാണ് സൗന്ദര്യത്തിൻ്റെ രുചിയുടെ വായ്ത്തലയിൽ അതിൽ ഒരെണ്ണം  അമരുന്നത്.

നുറുങ്ങുകൾ

1)ഭാവനയ്ക്കോ ചിന്തയ്ക്കോ ഇടമില്ലാത്ത പഴകിയ കവിതയാണ് കല്പറ്റ നാരായണൻ്റേത്. അദ്ദേഹത്തിൻ്റെ 'ശൂർപ്പണഖ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 30) അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്. രാമരാവണയുദ്ധം നടന്നത് ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു തുടങ്ങിയ ശൂന്യമായ പ്രസ്താവനകളാണ് ഇതിൽ നിറയെ. കവിതയുടെ സമീപത്തേക്കൊന്നും ഈ ശൂർപ്പണഖയ്ക്ക് വരാനൊക്കുന്നില്ല. 

2)സ്വന്തം ജന്മദേശത്തെക്കുറിച്ച് ടർക്കിഷ് എഴുത്തുകാരൻ ഒർഹാൻ പാമുക്ക് ഇങ്ങനെ ചിന്തിക്കുന്നു: ' എനിക്ക് ഈ നഗരം (ഇസ്താംബൂൾ) നാശങ്ങളുടെയും സാമ്രാജ്യത്വ കാലത്തെ വ്യാകുലതകളുടെയും ഓർമ്മകളാണ്. ഈ  വ്യാകുലതകളുമായി യുദ്ധം ചെയ്തുകൊണ്ടാണ് ഞാൻ എൻ്റെ  ജീവിതം ചെലവഴിച്ചത്. അല്ലെങ്കിൽ എല്ലാ ഇസ്താംബൂൾകാരെയും പോലെ, അത് എൻ്റേതായി തീർത്തുകൊണ്ട് ' .

3)ആനന്ദൻപിള്ളയുടെ 'സാഹിത്യവിമർശം' മാസികയിൽ വരുന്ന ഖണ്ഡന വിമർശനലേഖനങ്ങൾ പുതിയൊരു പന്ഥാവാണ് .എല്ലാം വിമർശിക്കപ്പെടണം. സാഹിത്യവിമർശകൻ എം. ആർ .ചന്ദ്രശേഖരൻ എം.ടി പൈങ്കിളിയാണെന്ന് (മെയ് ,ജൂൺ എഴുതിയിരിക്കുന്നു! ഇതൊക്കെ അല്പത്തമാണെന്ന് പറയട്ടെ. ചന്ദ്രശേഖരനെ സാഹിത്യബാഹ്യമായ വികാരങ്ങൾ പിടികൂടിയിരിക്കുന്നു. 

4)മലയാള കഥ ഇന്ന് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ പത്ത് വർഷം ആയുസ്സുള്ള ഒരു കഥ പോലും ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. 

5)ഒരു സാഹിത്യമത്സരത്തിൽ പോലും നല്ലൊരു കഥയോ കവിതയോ തിരഞ്ഞെടുക്കപ്പെടാത്തതിൻ്റെ മനശ്ശാസ്ത്രം എന്താണ് ? അടുത്ത ഒരു ദശാബ്ദത്തേക്ക് മികവുള്ള ഒരു കഥാകൃത്തോ ,കവിയോ തങ്ങൾക്ക് എതിരാളിയായി വരരുതെന്ന് വിധികർത്താക്കൾ തീരുമാനിക്കുന്നു. ശരാശരിക്കും താഴെയുള്ള പ്രതിഭകൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് മറ്റു ചിലരെ വെട്ടിനിരത്താനാണ്.