M K Harikumar /Transcripts

words, texts, images and messages

Thursday, September 10, 2020

അക്ഷരജാലകം/റിയാലിറ്റി ഷോകളിലെ റിയാലിറ്റി/എം.കെ.ഹരികുമാർ/metrovartha,March 22,

ടെലിവിഷൻ, ഇൻ്റർനെറ്റ് ,സമൂഹമാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ വീടുകളിലേക്ക് ഒരു പുതിയ യാഥാർത്ഥ്യം ഇറക്കുമതി ചെയ്യപ്പെട്ടിരിക്കയാണ്. വ്യക്തി എന്ന നിലയിൽ അടുത്തിരിക്കുന്നവരോടോ അടുപ്പമുള്ളവരോടോപോലും ഒന്നും പങ്കുവയ്ക്കാൻ പറ്റാത്ത കാലമാണിത്. കാരണം, പങ്കുവച്ചാൽ അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാകും. പൊലീസ് കേസാകും. സ്വാതന്ത്ര്യം അത്രമേൽ മൃദുലമായ ഒരു അവസ്ഥയായിരിക്കുകയാണ്. ഒരു വികാരപ്രകടനം മറ്റൊരാളുടെ അതിർത്തിയിലെവിടെയോ ഒരു നുഴഞ്ഞുകയറ്റമാവുകയാണ്.

അതുകൊണ്ട് വ്യക്തികൾ അവരുടെ രഹസ്യാത്മകവും വിഭ്രാമകവും പക്ഷപാതപരവും ഏകാന്തവുമായ വികാരപ്രകടനങ്ങൾക്കായി പല മാർഗ്ഗങ്ങളും തേടുന്നു.സമൂഹമാധ്യമങ്ങൾ അതിൽപ്പെടുന്നു.ടി.വി.ഷോകൾ മറ്റൊരു വാതിലാണ്‌. വ്യക്തികൾ അവിടേക്ക് ആഗിരണം ചെയ്യപ്പെടുന്നു.കാരണം അത് അടഞ്ഞതും പരസ്പര വിരുദ്ധവുമായ സ്വഭാവങ്ങളുടെ ചെറു ലോകങ്ങളാണ്. നാം പുറംലോകത്ത് കാണുന്നതിൻ്റെ പ്രതിനിധാനം എന്ന് പറയാനാവില്ലെങ്കിലും ,അതിനോടു സാമ്യമുള്ള ചില ഘടകങ്ങൾ ഷോകളിലുണ്ട്.റിയാലിറ്റി ഷോകൾ അതിൻ്റെ വേറൊരു മുഖമാണ് പ്രദർശിപ്പിക്കുന്നത്.

ലോകമെമ്പാടും ചാനലുകൾ ഇതുപോലുള്ള ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. അവിടേക്ക് മത്സരാർത്ഥികൾ എത്തുന്നത് കഠിനമായ നിയമങ്ങൾ അനുസരിക്കാമെന്നും മറ്റനേകം വ്യവസ്ഥകൾക്ക് വിധേയമായിക്കൊള്ളാമെന്നും ഉടമ്പടിയിൽ ഒപ്പുവച്ചു കൊണ്ടാണെന്നത് ,ഇതിൻ്റെ ചട്ടങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും .കാരണം ഓരോ മത്സരാർത്ഥിയും പ്രതിഫലം പറ്റുന്ന ഒരു പ്രകടനക്കാരനും അഭിനേതാവുമാണ്. പ്രകടനത്തിനാണ് പണം കൊടുക്കുന്നത്. അത് ഡിസൈൻ ചെയ്യുന്നത് മത്സരാർത്ഥിയല്ല .കാഴ്ചക്കാരുടെ മനോനിലയെ ചൂടുപിടിപ്പിക്കുന്നതിനു വേണ്ടി ,കൃത്രിമമായ സാഹചര്യം സൃഷ്ടിക്കേണ്ടി വരും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മത്സരാർത്ഥികൾക്ക് അത് അനുസരിക്കേണ്ടി വരും. എന്തെന്നാൽ ,മത്സരമാണ് മുഖ്യം, മത്സരാർത്ഥിയല്ല .മത്സരാർത്ഥി ഒരു കരുവാണ്. അവനെ അല്ലെങ്കിൽ അവളെ ചതുരംഗത്തിലെ കരു എന്ന പോലെ മാറ്റിവയ്ക്കാൻ സംഘാടകർക്ക് അവകാശമുണ്ട്. ഏത് വ്യവസ്ഥയും അംഗീകരിക്കാതെ ഒരാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല. അതായത് ,ഒരു അടിമയെപ്പോലെ ,നൂറ് ദിവസം വാതിലും ജനലുമില്ലാത്ത ഒരു തടവറയിൽ കഴിയുക എന്നത് ചില റിയാലിറ്റി ഷോകളിലെ മത്സരാർത്ഥികളുടെ വിധിയാണ്.

കൊറോണ രോഗം പടരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തായി നിശ്ചിത ദിവസങ്ങളിലേക്ക് റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവർ നിരവധിയാണെന്നും ഇവരുടെ അതിജീവനം എങ്ങനെയായിരിക്കുമെന്നും ചിന്തിച്ചു കൊണ്ട് ഒരാൾ എഴുതിയ ലേഖനം ബ്രിട്ടീഷ് ഓൺലൈൻ പത്രമായ ഗാർഡിയനിൽ വായിച്ചതേയുള്ളു.
റിയാലിറ്റി ഹൗസിൽ താമസിക്കുന്നവരെ പുറത്തുള്ള രോഗബാധയെക്കുറിച്ച് അറിയിക്കാതിരിക്കാനാവില്ല .എന്നാൽ ദിനംപ്രതി മുന്നൂറിനു മുകളിൽ ആളുകൾ രോഗം ബാധിച്ചു മരിക്കുന്ന ഇറ്റലിയിൽ ,ഒരാൾ എങ്ങനെയാണ് റിയാലിറ്റി ഹൗസിൽ സമാധാനത്തോടെ കഴിയുന്നത് ? തീർച്ചയായും അവരുടെ സ്വഭാവം തന്നെ മാറിപ്പോകും.അവർ കാരണമില്ലാതെ തന്നെ അക്രമാസക്തരാവുകയോ വിഷാദ രോഗത്തിനടിപ്പെടുകയോ ചെയ്യാം.

ഇവിടെ കാണികളുടെ മന:ശാസ്ത്രവും മാറുകയാണ്. അതോടൊപ്പം കാണികളുടെ മത്സരം എന്ന വേറൊരു ഘട്ടം ആരംഭിക്കുകയാണ്. മത്സരാർത്ഥികളിൽ ചിലരോട് പക്ഷം പിടിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു.ഇതാകട്ടെ, മൂല്യബോധത്തിൻ്റെ ബലത്തിലുള്ള താണ്. പ്രേക്ഷകൻ്റെ അമർത്തിവച്ച മൂല്യബോധം ,വിശ്വസ്തത, സത്യസന്ധത ,ആദർശം തുടങ്ങിയവ ഇറക്കിവയ്ക്കാൻ ഒരിടം കിട്ടുകയാണെങ്കിൽ അവൻ  അങ്ങോട്ടു തിരിയും.

നവീന മനശ്ശാസ്ത്രം

ദൈനംദിന ജീവിതത്തിൽ നാം വളരെ കൂൾ ആണല്ലോ. വാർത്തകൾ വായിച്ചു മറന്നു കളയുന്നു. ജീവിതം വാർത്തയിൽ കവിഞ്ഞൊന്നുമല്ലാതായി. എന്തെങ്കിലും നന്മകൾ നമുക്കുണ്ടെങ്കിൽ തന്നെ അതെല്ലാം വേർതിരിക്കുന്ന ജോലി പൊലീസിനെയും മാധ്യമങ്ങളെയുc ഏല്പിച്ചിരിക്കയാണ്. അവരുടെ ചതുരംഗപ്പലകയിൽ നിന്ന് കടം കൊള്ളുന്ന ജീവിതങ്ങളാണ് നമ്മുടേത്. എന്നാൽ ഒരു ചാനലോ, സ്വകാര്യ കമ്പനിയോ നടത്തുന്ന റിയാലിറ്റി ഷോ ജീവിതത്തേക്കാൾ യഥാർത്ഥമാവുന്നതെങ്ങനെയാണ് ? അവർ നീട്ടിത്തരുന്ന വ്യാജജീവിത ചിത്രങ്ങളിൽ നിന്ന് നമുക്കാവശ്യമുള്ളത് തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ .

റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായി വന്ന ഡോ. രെജിത്കുമാറിനു തുടക്കത്തിൽ തന്നെ ധാരാളം ആരാധകരെ ലഭിച്ചത്, അദ്ദേഹം  പ്രേക്ഷകരുടെ ഉള്ളിൽ തണുത്തുറഞ്ഞ് കനത്ത മഞ്ഞുകട്ട പോലെ കിടന്ന മനുഷ്യോപകാരപ്രദമായ വികാരങ്ങളെ ഉണർത്തിയതു കൊണ്ടാണ്. ഒരു റിയാലിറ്റി ഷോയിലാണെങ്കിലും ,രെജിത്കുമാർ യഥാർത്ഥ ജീവിതത്തിൽ  അതിജീവനത്തിനു ശ്രമിക്കുകയാണെന്ന ഒരു ചിന്ത കാണികളെ ആവേശിച്ചു.ഒരു സിനിമയിലോ ,നാടകത്തിലോ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി വിജയം വരിക്കുന്ന ഒരു ഹീറോ ആയി അദ്ദേഹം ധാരാളം പ്രേക്ഷകരെ സ്വാധീനിച്ചു.ഇത് എപ്പോഴും  സംഭവിക്കുന്നതല്ല. പ്രേക്ഷകനെ കുറ്റം പറയാനാവില്ല. ഇത് നവീന മനശ്ശാസ്ത്രമാണ്.

നവീന മനശാസ്ത്രം പുതിയ ഡിജിറ്റൽ, ഹൈടെക്, അതിവേഗ സാങ്കേതിക ,മാധ്യമലോകത്തിൻ്റെ അനിവാര്യ ഇരകളായി മാറുന്ന മനഷ്യൻ്റെ അവസ്ഥയാണ്. ഫ്രഞ്ച് സൈദ്ധാന്തികനായ പോൾ വിറിലിയോ അതിവേഗ ചലച്ചിത്രദൃശ്യാനുഭവം പ്രേക്ഷകനെ 'പിക്നോലെപ്സി ' എന്ന ഒരു പുതിയ  നാഡീരോഗത്തിലേക്ക് നയിക്കുന്നതായി എഴുതുന്നുണ്ട്. ബോധത്തെ ശൂന്യമാക്കേണ്ടി വരുന്ന സാഹചര്യമാണിത്.
മനുഷ്യജീവിതത്തിൽ ,അവൻ്റെ അനുവാദത്തോടെയാണെങ്കിലും രഹസ്യാത്മകമായി വിവിധ പ്രതീതികൾ കയറിപ്പറ്റുന്നതിൻ്റെ അനന്തരഫലങ്ങളാണിത്. അവർ രെജിതിൻ്റെ നീക്കങ്ങളെ വളരെ ഒറിജിനൽ ആയി കാണുന്നത്, മറ്റെല്ലാം വ്യാജമണെന്ന തിരിച്ചറിവു കിട്ടിയതുകൊണ്ടാണ്. എന്നാൽ ആത്യന്തികമായി ഇതൊരു ഗെയിമാണ്. ആ ഗെയിമിനെ നിയന്ത്രിക്കുന്നതിൽ പ്രേക്ഷകർക്കും പങ്കുണ്ട്. അവർ വോട്ടു ചെയ്യുന്നുണ്ടല്ലോ. അദ്ദേഹത്തിൻ്റെ സഹമത്സരാർത്ഥികൾക്ക് എന്തുകൊണ്ട് പ്രേക്ഷകൻ്റെ മനസ്സ് നഷ്ടപ്പെടുന്നു. ? യഥാർത്ഥ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി ഒരു മത്സരത്തിലെ അതിജീവനം എന്ന ചിന്ത അവരെ ഇരട്ട വ്യക്തിത്വമുള്ളവരാക്കുന്നു. ആ നിലയ്ക്ക് ഇത് ഒരു സാമൂഹിക പരീക്ഷണമല്ല.

ഇരട്ടവ്യക്തിത്വം

ഡിജിറ്റൽ, സമൂഹമാധ്യമങ്ങളിലെ ഇടപെടലിൽ അന്തർഭവിച്ചിരിക്കുന്ന വേഗത ഒരാളെ ഇരട്ടവ്യക്തിത്വമുള്ളവനാക്കുന്നു. സാധാരണ നിലയിൽ ഇത് അഭികാമ്യമായതല്ല.എന്നാൽ ഡിജിറ്റൽ ഇടങ്ങളിൽ അത്യാവശ്യമാണ്. കാരണം ഈ ഇടം നുഴഞ്ഞു കയറാനുള്ളതാണ്. ഒളിപ്പിച്ച വ്യക്തിത്വം വച്ചു കളിക്കാനുള്ളതാണ്. ഇതാണ് നവീന മനശ്ശാസ്ത്ര പ്രശ്നമാകുന്നത്. വ്യക്തികൾ അവരുടേതല്ലാത്ത മറ്റൊരു വ്യക്തിത്വം സമാന്തരമായി വളർത്തിക്കൊണ്ടു വരുന്നു. ചില സന്ദർഭങ്ങളിൽ ഇത് രണ്ടും കൂടിക്കുഴയുന്നു .ഇവിടെ വ്യക്തി നിസ്സഹായനാണ്. ഒരാൾ ഒരേ സാഹചര്യത്തിൽ ഒരേ പോലെയല്ല പെരുമാറുന്നത്.റിയാലിറ്റി ഷോയിൽ മിക്കവരും യഥാർത്ഥ വ്യക്തിത്വം എന്താണെന്നറിയാതെ ഉഴറുകയാണ്. ഇരട്ടവ്യക്തിത്വം എന്ന പ്രഹേളികയാണ് അവരെ കുഴയ്ക്കുന്നത് .മത്സരം യഥാർത്ഥ ജീവിതത്തെ മറച്ചുപിടിക്കുന്നു. എന്നാൽ കാണികൾ ഇതറിയേണ്ടതില്ല.അവർ മത്സരാർത്ഥിയിൽ നിന്ന് യഥാർത്ഥ ജീവിതം പ്രതീക്ഷിക്കുന്നു. കാണികൾ തേടുന്നത് അവരുടെ തന്നെ അടിച്ചമർത്തപ്പെട്ട സത്യസന്ധതയുc ആത്മാർത്ഥതയുമാണ്.

ഒരു മത്സരാർത്ഥിയെ മാത്രം കബളിപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കുന്ന ഗെയിമുകളി ( പ്രാങ്ക് )ലേർപ്പെടുന്ന മറ്റു കളിക്കാർ എങ്ങനെയാണ് സത്യസന്ധത ഉയർത്തിപ്പിടിക്കുക. ? അതുകൊണ്ടു റിയാലിറ്റി ഷോയിലെ പ്രകടനം യഥാർത്ഥമല്ല. അതൊരു ഗെയിമാണ് .അവിടെ യാഥാർത്ഥ്യത്തിനു പകരം തെളിയുന്നത്  നമ്മളിലേക്ക് എയ്തുവിട്ട ഒരു കപട യാഥാർത്ഥ്യമാണ്.

അതേസമയം രെജിത്കുമാർ എങ്ങനെ ആയിരക്കണക്കിനു ആരാധകരെ നേടി ? ഒരു പക്ഷേ, ഒരു മലയാളം ടെലിവിഷൻ ഷോയെ മാത്രം അടിസ്ഥാനമാക്കി ,നമ്മുടെ നാട്ടിൽ റെജിത്കുമാറിനെപ്പോലെ ജനപ്രീതി നേടിയ വേറൊരു മത്സരാർത്ഥിയുണ്ടാവില്ല.

ആനുകാലികം

എൻ.ശശിധരൻ്റെ ചില ലേഖനങ്ങൾ കണ്ടപ്പോൾ ,ഇതുപോലെ എഴുതരുതെന്ന് മുമ്പൊരിക്കൽ എനിക്ക് എഴുതേണ്ടി വന്നു. അതൊരു നൈതിക വിമർശനമായിരുന്നു. ഒരു ഉൾക്കാഴ്ച അനുഭവപ്പെടാത്തതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എന്നാൽ അദേഹം ഇസ്രയേൽ കവി യഹൂദ അമിച്ചായിയുടെ ഏതാനും കവിതകൾ പരിഭാഷപ്പെടുത്തിയത് (മാതൃഭൂമി ) ഹൃദ്യമായി എന്നറിയിക്കട്ടെ. സമകാലിക  ഇസ്രയേൽ ജീവിതത്തെ പല സാരങ്ങൾ പ്രവഹിപ്പിക്കുന്ന വേദമായി ഈ കവി സമീപിക്കുന്നു.
'പക്ഷേ, നമ്മൾ ' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:

"ഭാവിക്ക് മഞ്ഞനിറമായിരുന്നു;
അക്കേഷ്യാ പൂക്കളുടെ നിറം.
ബോഗൻവില്ലകളുടെ ഊതനിറം.
അതിൻ്റെ ശബ്ദങ്ങൾ നമ്മൾ രണ്ടു പേരുടെയും
ശബ്ദങ്ങളായിരുന്നു.

ഓറഞ്ചുതോട്ടത്തിലെ പൂഴിപ്പരപ്പിൽ
നമ്മൾ ഇണചേർന്നു.
തോട്ടം അതിൻ്റെ വീര്യം
നമുക്കു കടം തന്നു;
നാം നമ്മുടെ വീര്യം അതിനും.

സൈപ്രസ് മരങ്ങളുടെ നിരകൾക്കു
മുകളിലൂടെ
തീവണ്ടി കടന്നുപോയി
നമ്മളത് കേട്ടതേയുള്ളു; കണ്ടില്ല .
നാം പരസ്പരം പറഞ്ഞവയെല്ലാം
'പക്ഷേ ,നമ്മൾ ' എന്ന വാക്കുകളിൽ തുടങ്ങി. "

ഉമ്മ മരിച്ചതിൽപ്പിന്നെ തറവാട്ടു  വീട്ടിൽ ചെല്ലുമ്പോൾ തനിച്ചായിപ്പോയ വാപ്പയെ തേടുന്ന ഒരു യുവാവിൻ്റെ ഗദ്ഗദങ്ങളാണ് അസിം താന്നിമൂടിൻ്റെ 'കേട്ടു പതിഞ്ഞ ശബ്ദത്തിൽ '  (മലയാളം)എന്ന കവിതയിലുള്ളത്. അസ്തിത്വത്തെ ചൂഴുന്ന വേദന ഈ കവിത അല്പാല്പമായി പുറത്തുവിടുന്നു:

"അടഞ്ഞുകിടക്കുന്ന
എല്ലാ ഓർമ്മകളും തുറന്നു കയറി
ഓരോ നെടുവീർപ്പുതിർത്ത്
ഞാനെൻ്റെ മുറിയിൽ വിശ്രമിക്കാനെത്തും .
ശേഷം അടുക്കളച്ചായ്പിൽ ചെന്ന്
ജോലിക്കാരിയുടെ കൃത്യത
ഉറപ്പാക്കും.
വാങ്ങി വന്ന ഔഷധങ്ങളും
ഇൻഹെയിലറും
മരുന്നു ഡപ്പിയിലിട്ടടച്ച്
മടങ്ങാനായി വീടു പൂട്ടി
മെല്ലെ പുറത്തിറങ്ങും."

സഞ്ജയ്നാഥ്  എഴുതിയ 'സിഗ്നലുകൾ തെറ്റിയോടുന്ന തീവണ്ടികൾ ' (സ്ത്രീശബ്ദം) എന്ന കവിത കലുഷമായ കാലത്തിനുള്ളിലെ ഭീതിദമായ സ്വരങ്ങൾ കേൾപ്പിക്കുകയാണ്:
" നിറയെ പന്തങ്ങളുമായി
മനസ്സുകൾ ചുരമിറങ്ങിവരുന്നുണ്ട് .
വരിക, എരിഞ്ഞു തീരുക
അതു നിങ്ങളുടെ പുണ്യം
എന്നു പറയുന്നുണ്ട്. "

ഇന്നത്തെ കവിതകളിൽ കാണുന്ന അശുഭകരമായ വാങ്മയങ്ങൾ കണ്ട് അസ്വസ്ഥരാകേണ്ടതില്ല. അത് കാലത്തിൻ്റെ വിസ്ഫോടനമാണ്. അച്ഛൻ്റെ അടികൊണ്ട് കാലൊടിഞ്ഞ് ആശുപത്രിയിൽ കിടന്ന കുട്ടി പിന്നീട്  കവിത എഴുതുമ്പോൾ 'ഹൃദയസരസ്സിലേ ' എന്ന് റൊമാൻറിക്കാകണമെന്ന് വാശി പിടിക്കരുത്; മൃദുല പദങ്ങളൊന്നും ചിലപ്പോൾ ഉണ്ടായെന്ന് വരില്ല.

പ്രണയമെന്ന സ്വപ്നത്തിൽ മാത്രം ജീവിക്കുന്ന ഒരു പുരുഷൻ ,ചിന്നു എസ്സിൻ്റെ  'പുരുഷൻ പിറുപിറുക്കുന്നു '( എഴുത്ത് ) എന്ന കവിതയിലുണ്ട്. അയാൾ ഇങ്ങനെ ആത്മഗദം ചെയ്യുന്നു:
"ശൂന്യതയുടെ മൂർച്ഛയിലങ്ങനെ
എത്രവട്ടം നമ്മൾ ചുംബിച്ചു
മുറിപ്പെട്ടിരിക്കുന്നു."

നാടകം

പ്രമുഖ നാടകകൃത്ത് കെ.ടി.മുഹമ്മദ് നാടകപ്രേമികൾക്ക് ഒരാവേശമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാർത്ഥത അത്രയ്ക്കായിരുന്നു. ഡോ.കെ.ശ്രീകുമാർ എഴുതിയ 'ഇത് കെ.ടി.യാണ് ' എന്ന ലേഖനം ആ വലിയ നാടകകാരൻ്റെ സൃഷ്ടി രഹസ്യങ്ങളിലേക്ക് വഴിതെളിക്കുന്നു. കെ.ടി.തൻ്റെ നാടകദർശനം ഇങ്ങനെ വ്യക്തമാക്കുന്നു:
''നാടകമെനിക്ക് ജീവിതം തന്നെയാണ്. ഒരിക്കലും ജീവിതത്തിനു വേണ്ടി ഞാൻ നാടകത്തെ ഉപയോഗപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല .എൻ്റെ നാടക ജീവിതം അങ്ങനെയായിരുന്നു. ഞാനൊരിക്കലും ഒരു പ്രൊഫഷണൽ നാടകക്കാരനായിരുന്നില്ല."

ഒരു വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിക്കാതെയാണ് അദ്ദേഹം രചനയിലേർപ്പെട്ടത് .ജീവിതത്തിനുള്ളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നാടകത്തെ കണ്ടെത്തുന്നതിൻ്റെ യാതന അനുഭവിക്കാൻ കെ.ടി.ഒരുക്കമായിരുന്നു. അത് ആദ്യം ഒരു വൈയക്തികാനുഭവവും പിന്നീട് സാമുഹിക പ്രശ്നവുമാവുകയായിരുന്നു.

കഥ

കഥാകൃത്ത് അമലിൻ്റെ മുഖചിത്രവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ട് ഞെട്ടി. ഒരു പുതിയ മുഖം ഞാൻ കവറിൽ വയ്ക്കും ,ഓരോ ലക്കവും ചെറുകഥ മാത്രമേ  കവർ സ്റ്റോറിയാക്കൂ എന്നിങ്ങനെയുള്ള വാശി നല്ലതല്ല .അമൽ നന്നായി എഴുതി വരേണ്ട ചെറുപ്പക്കാരനാണ്. പക്ഷേ, അയാളെ ഇങ്ങനെ അമിതമായി ആരാധിച്ച് നശിപ്പിക്കരുത്. അല്പം പക്വത കാണിക്കൂ .ഒരു കവർ സ്റ്റോറി വരാൻ ഇത്രയൊക്കെ ചെയ്താൽ മതിയെന്ന് ആ കഥാകൃത്തിനു തോന്നുന്നത് എത്ര വലിയ അപകടമായിരിക്കും .സി.വി. ശ്രീരാമൻ, യു.പി.ജയരാജ് ,ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർക്ക് പോലും ഇതുപോലെ കവർ വച്ചുനീട്ടിയിട്ടില്ല .എന്നാൽ അമൽ എഴുതിയ 'ചേന' ഒട്ടും ഏശിയില്ല എന്നറിയിക്കട്ടെ. കാണുന്നതെന്തും വിവരിച്ചാൽ വായനക്കാരൻ മുഷിയും.വിവരണം ഒരു തുളച്ചു കയറ്റമാവണം. അത് അസ്തിത്വത്തിലേക്കുള്ള തുളച്ചു കയറ്റമാവണം. വിവരണം അർത്ഥവത്താകുന്നത് അപ്പോഴാണ്. മുമ്പ് കഥാമത്സരത്തിൽ സമ്മാനം നേടിയ അബിൻ ജോസഫിൻ്റെ രചനയും ഇതുപോലെ വൃഥാഖ്യാനം കൊണ്ട് ചെടിപ്പുണ്ടാക്കി.

ഇങ്ങനെ വ്യഥാഖ്യാനം വ്രതമാക്കിയവർ പങ്കിടുന്ന പൊതുവായ വിഷയങ്ങൾ അല്പം ഗുഹ്യമാണെന്ന് പറയട്ടെ.മലം, വിസർജനം, വിസർജനാവയവം, തെറി, കക്കൂസ് ,മൂലക്കുരു ,മൂത്രം, കഫം, ലിംഗം ,ശുക്ളം തുടങ്ങിയ വിഷയങ്ങൾ കഥയിൽ വിവരിച്ചാൽ എന്തോ പുതുമയുണ്ടാകുമെന്നാണ് പുതിയ ചില കഥാക്യത്തുക്കൾ കരുതുന്നത്. ഇത് അബദ്ധ ധാരണയാണ്.ഇതൊക്കെ ആവശ്യം വന്നാൽ എഴുതാം .എന്നാൽ അത് വൃഥാഖ്യാനമാകരുത്. ആഖ്യാനം ഒരു അർത്ഥം അന്വേഷിക്കുന്ന പ്രതീതി ജനിപ്പിക്കണം. എന്തിനാണ് എഴുതുന്നത് ?അസ്തിത്വത്തെ ക്കുറിച്ച് ,ഇതുവരെ വെളിപ്പെടാത്ത അർത്ഥത്തിൻ്റെ  ഒരു കണമെങ്കിലും ഉണ്ടാവണം. ഇല്ലെങ്കിൽ അത് വെറുതെയായിപ്പോകും.

അമലിൻ്റെ കഥ നിറയെ മൂലക്കുരുവും ചോരയും ചേനയും മാത്രമാണുള്ളത്.കഥ വായിക്കുന്നയാളിനു മൂലക്കുരുവിനുള്ള മരുന്ന് കൊടുക്കുകയാണോ ലക്ഷ്യം. ?

അമ്മ സ്നേഹിച്ച അമ്മിയെ പിൽക്കാല തലമുറ കക്കൂസിലേക്കുള്ള നടപ്പാതയിൽ ചവിട്ടുകല്ലായി ഉപയോഗിക്കുന്നതിൻ്റെ വേദനിപ്പിക്കുന്ന കഥയാണ് (അമ്മയുടെ ഹൃദയം ,വിദ്യാരംഗം) നാസർ കക്കട്ടിൽ എഴുതുന്നത്. അമ്മയുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവർക്ക് അമ്മ ഉപയോഗിച്ച സാധനങ്ങളും പവിത്രമാണ്. എന്നാൽ നാസറിനെപ്പോലെ ഏതാനും കഥാകൃത്തുക്കളിലേ ഈ ഓർമ്മകളൊക്കെ അവശേഷിക്കുന്നുള്ളു.

പുസ്തകം

ഷിബു ചാക്കോ എഴുതിയ കഥകളുടെ സമാഹാരമാണ് 'വാൾ   എറൗണ്ട് ദ് എയർ '(ആമസോൺ).മുപ്പത്തിയേഴ് ചെറിയ കഥകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഷിബു എന്ന കഥാകൃത്തിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പുസ്തകത്തിൽ ബയോ ചേർത്തിട്ടില്ല .ഷിബുവിൻ്റെ കഥകൾ  തത്ത്വചിന്താപരവും മൂല്യപരവുമായി ഉൾക്കാഴ്ച നൽകുന്നുണ്ട്. ജൂദാസ് ,ടോക്കിംഗ് സൈലൻസ് ,പ്രേയർ ഫോർ സാൽവേഷൻ, ഡെത്ത് ഓഫ് വൺ ഡേ തുടങ്ങിയ കഥകൾ നമ്മെ ചിന്തിപ്പിക്കും. വളരെ സുതാര്യവും ശക്തവുമായ ഭാഷയിൽ എഴുതിയിരിക്കുന്നു .

വാക്കുകൾ

1)ഒരു നല്ല ഡോക്ടർ ചികിത്സിക്കുന്നത്  രോഗത്തെയാണ്; എന്നാൽ ഒരു വലിയ ഡോക്ടർ ചികിത്സിക്കുന്നത് രോഗമുള്ളയാളിനെയാണ്.
വില്യം ഓസ്ലർ ,
കനേഡിയൻ ഫിസിഷ്യൻ .

2) പ്രണയം ഗൗരവമുള്ള ഒരു മാനസികരോഗമാണ്.
പ്ലേറ്റോ ,ഗ്രീക്ക് തത്ത്വചിന്തകൻ.

3)ഭാവിയിലെ ഡോക്ടർ മരുന്നു നൽകില്ല .എന്നാൽ മനുഷ്യൻ്റെ പരിധികളെക്കുറിച്ച് ,ഭക്ഷണ രീതിയെക്കുറിച്ച് ,രോഗകാരണത്തെയും പ്രതിരോധത്തെയും കുറിച്ച് രോഗിയോടു വിവരിക്കും.
തോമസ് എ .എഡിസൺ.
അമേരിക്കൻ ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്.

4) ചിത്രകാരൻ്റെ ഭാഷയല്ല ,പ്രകൃതിയുടെ ഭാഷയാണ് ശ്രദ്ധിക്കേണ്ടത്.
വാൻഗോഗ് ,
ഡച്ച് ചിത്രകാരൻ,


5) സാധാരണ ജീവിതാനുഭവത്തെ പുതുക്കാനുള്ള കഴിവിനെയാണ് പ്രതിഭ എന്നു പറയുന്നത്.
പോൾ സെസാൻ,
ഫ്രഞ്ച് ചിത്രകാരൻ .

കാലമുദ്രകൾ
1)വയലാർ രാമവർമ്മ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് വയലാർ എഴുതി .എന്നാൽ ക്രിസ്തുവിനെ സൃഷ്ടിച്ചത് ക്രിസ്തുമതമാണോ ? ഒരാൾ സിനിമാഗാനത്തിൽ എഴുതുന്നത് അദ്ദേഹത്തിൻ്റെ സ്വന്തം അഭിപ്രായമാകണമെന്നില്ല. കാരണം ഗാനം ഒരു വ്യവസായ ഉല്പന്നമാണ്.

2) പ്രേം നസീർ
അടൂർ ഭാസി, ജയൻ തുടങ്ങിയവരുടെ കൂടെ അഭിനയിക്കുമ്പോൾ ,ചിലപ്പോൾ ഉപനായകനായി അഭിനയിക്കാനും വലിയവനായ  നസീർ മടിച്ചില്ല .

3) കുട്ടികൃഷ്ണമാരാർ
കുട്ടികൃഷ്ണമാരാർ മഹാഭാരതത്തെ യുക്തികൊണ്ട് പരിശോധിച്ചു വ്യാഖ്യാനിക്കുകയാണ് 'ഭാരതപര്യടന'ത്തിൽ ചെയ്തത്.ഇന്ന് പലരും മഹാഭാരതത്തിൻ്റെ കഥ സംഗ്രഹിച്ചു എഴുതുകയാണ്. ചിലർ അതിനെക്കുറിച്ച് പല കാലങ്ങളിൽ ,പലർ എഴുതിയത് സ്വാംശീകരിച്ച് പുസ്തകമാക്കുന്നു.

4) ബി.രാജീവൻ
ഏത് ലേഖനത്തിലും മുതലാളിത്തം, കീഴാളൻ ,ലിബറൽ യുക്തിവാദം ,ജനസഞ്ചയം, സ്ത്രീ രാഷ്ട്രീയം എന്നെല്ലാം എഴുതി തനിക്ക് സ്വന്തമായി ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കുന്ന വിമർശൻ. ഈ സാങ്കേതികതയിൽ നിന്ന് രക്ഷപ്പെട്ട് സൗന്ദര്യം അനുഭവിക്കാൻ അദ്ദേഹത്തിനു വിധിയില്ല.


5) സാംബശിവൻ
ഒരു കാലത്ത് മലയാളിയുടെ രാവുകളെ ഉത്സവമേളമാക്കിയ സാംബശിവൻ്റെ സ്മൃതികളിൽ ഇപ്പോൾ ആ  ആൾക്കൂട്ടമില്ല ,ആരവമില്ല. അവരെല്ലാം അദ്ദേഹത്തെ സൗകര്യപൂർവ്വം മറന്നുകളഞ്ഞിരിക്കുന്നു.

ദർശനം
1)രോഗം
രോഗം മനുഷ്യനു ഒരു ഉരഗജന്മമാണ് നൽകുന്നത്.ഏറ്റവും താഴെ, മണ്ണിനോടു ചേർന്നു കിടന്നു ആകാശത്തിലേക്ക് കഷ്ടപ്പെട്ടു നോക്കാനുള്ള അവസരം.

2)ദൈവം
ദൈവം എവിടെയുമുണ്ട്. എന്നാൽ ഒരു കൈയുറയോ ,സാനിടൈസ റോ ,മാസ്കോ കിട്ടാൻ അതിലേറെ പ്രയാസമാണ്.

3)ജീവിതം
വൈറസിനെതിരെ പൊരുതാൻ ശക്തിയുള്ള ശരീരവും മനസ്സുമുള്ളവർ  ജീവിതത്തെ പുനർവ്യാഖ്യാനിക്കുകയാണ്.

4)ഭാഷ
ചിലപ്പോൾ ഭാഷകൊണ്ട് ഒരു പ്രയോജനവുമില്ല. അകന്ന പ്രേമഭാജനത്തോട് ഭാഷയിലൂടെ  ഒന്നും വിനിമയം ചെയ്യാനാവില്ല.

5)സാഹിത്യം
ഒരു കഥ പറയുമ്പോഴല്ല ,അതിനെ ധ്വംസിക്കുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്.

പകർച്ചവ്യാധിയും ചിത്രകലയും

ചരിത്രത്തിൽ ഇതിനുമുമ്പും പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്‌.കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പലവട്ടം വ്യാധികളുടെ ആക്രമണമുണ്ടായി. വ്യാധിയിൽപ്പെട്ട് ഉഴലുന്ന മനുഷ്യരെ ചിത്രകാരന്മാർ ആവിഷ്കരിച്ചിട്ടുണ്ട്.
ഇറ്റലിയിൽ നേപ്പിൾസിൽ 1656 ൽ പിടിപെട്ട പ്ലേഗ് മൂലം രണ്ടു ലക്ഷം പേർ മരിച്ചു.  പ്രതിരോധിക്കാനാവാതെ മനുഷ്യർ പിടഞ്ഞു വീണു. മരണത്തിൻ്റെ നൃത്തം ഭീകരമായി ആവിഷ്കരിക്കപ്പെട്ടു.

ഈ സംഭവം ആസ്പദമാക്കി പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായ സാൽവദോർ റോസ വരച്ച 'ഹ്യൂമൻ ഫ്രെയ്ൽറ്റി ' (മാനുഷികമായ പരാധീനത ) എന്ന ചിത്രം ലോകപ്രശസ്തമാണ് .
ആ ചിത്രത്തിൽ ഇരുട്ടിൽ നിന്ന് പറന്നു വന്നിറങ്ങുന്നത് ഒരു അസ്ഥികൂടമാണ്. ഇരുവശങ്ങളിലായി വലിയ വിടർന്ന ചിറകുകൾ .ആ അസ്ഥികൂടം ഒരു ഭീകരജീവിയെ പോലെ മനുഷ്യരോടു എന്തോ വിനിമയം ചെയ്യുകയാണ്. മരണം തന്നെയാണത്. അമ്മയുടെ മടിയിലിരുന്ന് ഒരു കുഞ്ഞ് എന്തോ എഴുതുന്നത് കാണാം .തൊട്ടടുത്ത് വേറെയും കുട്ടികളുണ്ട്. എന്തായിരിക്കും ആ കൈക്കുഞ്ഞ് എഴുതുന്നത്? .നിസ്സഹായമായ ഒരു കീഴടങ്ങലിൻ്റെ വിധേയഭാവം ആ കുട്ടി പകരുകയാണ്‌. അസ്ഥികൂടം മരണം തന്നെയാണ്.അത് ആ കൊച്ചു കുഞ്ഞിനെ കൊണ്ടുപോകാനുള്ള തിടുക്കത്തിലും. മാനവരാശി മരണവുമായി സമരസപ്പെടാനും ,അതിനു കീഴടങ്ങാനും ഒരുക്കമാണെന്നറിയിക്കുന്നതിൻ്റെ രൂക്ഷമായ അവതരണമായി ഈ ചിത്രം മാറിയിരിക്കുന്നു.

മനുഷ്യൻ അവൻ്റെ കേവല ബുദ്ധി കൊണ്ട് ധീരമായി എന്തിനെയും നേരിടുമെന്നും മരണം അടുത്ത് എത്തുമ്പോഴും ശിശുസഹജമായ നിഷ്കളങ്കതയിലൂടെ അവൻ ചില വിനിമയങ്ങൾ സാധ്യമാക്കുമെന്നും സാൽവതോർ റോസ ചിത്രത്തിലൂടെ അറിയിക്കുന്നു.അന്നത്തെ പ്ലേഗിൻ്റെ ഇരയായിരുന്നു റോസ. അദ്ദേഹത്തിൻ്റെ മകനെയും ചില  കുടുംബാംഗങ്ങളെയും  ആ പ്ലേഗിൽ നഷ്ടപ്പെട്ടിരുന്നു.

ബ്രൂഗൽ എന്ന ഇതിഹാസം

പതിനാറാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായിരുന്ന പീറ്റർ ബ്രൂഗൽ ദ് എൽഡർ (1525-1569) ഒരു ഇതിഹാസം പോലെ അനുഭവപ്പെടുകയാണ്. മധ്യകാലഘട്ടത്തിലെ കൃഷിക്കാരും അവരുടെ  ജീവിതവുമാണ് ബ്രൂഗൽ വരകളിലേക്ക് ആവാഹിച്ചത്.'നെതർലാൻഡിഷ് പ്രോവെർബ്സ് '(1559) എന്ന ചിത്രം  നിത്യവിസ്മയവും നിത്യരഹസ്യവുമാണ്.

ഒരു കടലോര ഗ്രാമജീവിതത്തിൻ്റെ വൈവിധ്യത്തിലേക്ക് കുറച്ച് അകലെ നിന്ന് ,തെല്ല് ഉയരത്തിൽ നിന്ന് നോക്കുന്ന പ്രതീതിയാണുള്ളത്. പല തരം തൊഴിൽ ചെയ്യുന്നവരാണധികവും. അവരോടൊപ്പം ഇണങ്ങിക്കഴിയുന്ന വളർത്തുമൃഗങ്ങളെയും കാണാം.മധ്യകാലഘട്ടത്തിലെ പെണ്ണുങ്ങൾ സാധാരണ ഡച്ച് ജീവിതത്തെ എങ്ങനെയാണ് വൈവിധ്യവൽക്കരിച്ചതെന്ന് അവരുടെ സമ്പൂർണമായ സമർപ്പണത്തിലുടെ വ്യക്തമാക്കി തരുന്നു. ജീവിതം ത്രസിക്കുകയും വ്യഗ്രതയിൽ കമ്പനം കൊള്ളുകയും ചെയ്യുകയാണ്. കടലിൻ്റെ കുറച്ചു ഭാഗങ്ങൾ കാണാം. കടലിനൊപ്പം അവരുടെ ജീവിതവും തിരകളിലാണ്. എന്നാൽ ബ്രൂഗൽ എന്ന മാന്ത്രികൻ തൻ്റെ സ്വയം സമ്പൂർണമായ വർണ ബോധത്താൽ ആ ഗ്രാമജീവിതത്തിൻ്റെ ലാളിത്യത്തെയും അധ്വാനശീലത്തെയും ഒരു സ്വപ്നത്തിൻ്റെ ഐതീഹ്യപരതകൊണ്ട് പുതപ്പിച്ചിരിക്കുന്നു. സ്വപ്നത്തിലെ മിസ്റ്റിക് അനുഭവം പോലെ നിറങ്ങൾ ഭാവനൃത്തം ചവിട്ടുന്നു. മഞ്ഞയും കറുപ്പും ഒരു പുതിയ വിതാനത്തിലേക്കുയരുന്നു. ഒരു വർണലീലയായി മാറുന്ന ചിത്രം കാൻവാസിനെ പുതിയ  അവബോധത്തോടെ നവീകരിക്കുന്നു.

ബ്രൂഗൽ ഒരു നൂറ്റാണ്ടിൻ്റെ നായകനാണെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല.എന്നാൽ എച്ച്.ഡി (ഹൈ ഡെഫിനിഷൻ) സാങ്കേതികവിദ്യയെപ്പോലും മറികടക്കുന്ന സൂക്ഷ്മത കൈവരിച്ച ഈ ചിത്രകാരനെ വരയുടെ ,വർണ ബോധത്തിൻ്റെ ദൈവമെന്ന് വിളിച്ചാൽ ,എതിർപ്പുമായി അധികം പേർ വരുമെന്ന് തോന്നുന്നില്ല.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബ്രൂഗലിനു ബദലായി, അദ്ദേഹത്തിനപ്പുറം പോകാൻ ആരുമില്ല .
Email : mkharikumar797@gmail.com

--
http://newsmk-harikumar.blogspot.in/
9995312097





 

Posted by m k harikumar at 11:21 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: aksharajalakam

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ►  2024 (1)
    • ►  December (1)
  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ►  2021 (51)
    • ►  December (6)
    • ►  November (3)
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ▼  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ▼  September (31)
      • അക്ഷരജാലകം/വാക്കുകളെ സoവേദനക്ഷമമാക്കുന്നത് / എം.കെ...
      • അക്ഷരജാലകം/ക്ളാസിക്കൽ അനുഭവങ്ങൾക്ക് ബദൽ/എം.കെ.ഹരിക...
      • അക്ഷരജാലകം / ട്വിറ്ററും ഉത്തര- ഉത്തരാധുനികതയും / ...
      • അക്ഷരജാലകം/ ഹിംസാത്മക വിനോദം / എം.കെ.ഹരികുമാർ ,met...
      • അക്ഷരജാലകം / നിർവ്യക്തീകരിക്കപ്പെട്ടവർ / എം.കെ.ഹരി...
      • അക്ഷരജാലകം / ലാവണ്യത്തെക്കുറിച്ച് ചില ആലോചനകൾ / എ...
      • അക്ഷരജാലകം / ജല്ലിക്കട്ട് നവീന ആഖ്യാനം/ .കെ.ഹരികു...
      • അക്ഷരജാലകം/റിയാലിറ്റി ഷോകളിലെ റിയാലിറ്റി/എം.കെ.ഹരി...
      • അക്ഷരജാലകം/കൊറോണക്കാലത്തെ താവോ/എം.കെ.ഹരികുമാർ/metr...
      • അക്ഷരജാലകം/റോം കത്തുമ്പോൾ സംഗീതമോ?/എം.കെ.ഹരികുമാർ/...
      • അക്ഷരജാലകം/രോഗങ്ങളുടെ സുവിശേഷം/ എം.കെ.ഹരികുമാർ/met...
      • അക്ഷരജാലകം/ആൾക്കൂട്ടത്തിൽ തനിയെ/എം.കെ.ഹരികുമാർ/met...
      • അക്ഷരജാലകം/കൊറോണ വായനകൾ/എം.കെ.ഹരികുമാർ/metrovartha...
      • അക്ഷരജാലകം/വ്യാകുലതയുടെ സൗന്ദര്യശാസ്ത്രം/എം.കെ.ഹരി...
      • അക്ഷരജാലകം /ചെറുതാണ് സുന്ദരം/എം.കെ.ഹരികുമാർ/metrov...
      • അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha ma...
      • അക്ഷരജാലകം/രോഗത്തിൽ നിന്നു വെളിപാട്/metrovartha ma...
      • അക്ഷരജാലകം/വിധ്വംസകമായ ചില സമീപനങ്ങൾ /metrovartha ...
      • അക്ഷരജാലകം/ഓർമ്മയെഴുത്തിനു കനം പോരാ/metrovartha june8
      • അക്ഷരജാലകം/തകഴിയും കാര്യാട്ടും കറുത്തമ്മയും/metrov...
      • അക്ഷരജാലകം/ബഷീറിനെ തേടി വാൻഗോഗ്/metrovartha june 29
      • അക്ഷരജാലകം/യാൻ മാർട്ടൽ , കൊറോണ, നോവൽ/metrovartha, ...
      • അക്ഷരജാലകം/ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.july 20
      • അക്ഷരജാലകം/സിസേക്ക് ,വാക്സിൻ ,ജനാധിപത്യം/metrovart...
      • അക്ഷരജാലകം/പഥേർ പാഞ്ചാലിക്ക് 65,aug 3
      • അക്ഷരജാലകം/കൊറോണയും വീടിൻ്റെ നാനാർത്ഥങ്ങളും/metrov...
      • അക്ഷരജാലകം/വിസ്മൃതിയുടെ 204 വർഷങ്ങൾ കടന്ന് .../aug...
      • അക്ഷരജാലകം, യുട്യൂബുജീവിതവും വിപാസനയും/metrovartha...
      • അക്ഷരജാലകം, വ്യക്തിഗതമായ ആത്മീയത/metrovartha , sep...
      • അക്ഷരജാലകം/സിനിമ ,സേതുമാധവൻ, മനുഷ്യൻ/metrovartha,j...
      • അക്ഷരജാലകം /മാർകേസും ആ മൂവർസംഘവും/aug 24, metrovartha
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.