Thursday, July 29, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / സൗന്ദര്യവും യാതനയും /metrovartha, 19/7/2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


സൗന്ദര്യവും യാതനയും



സന്ദിഗ്ദ്ധവും വിഭ്രാമകവുമായ ഒരു  കൊറോണക്കാലമാണ് കടന്നു പോകുന്നത് .ക്രൂരവും അധീശത്വപരവുമാണ് കൊറോണയുടെ ജീവിതം. അത് പുരാതനമായ ഒരു കടംകഥപോലെ മനുഷ്യശരീരത്തെ  കീഴ്പ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു. ഭൗതികവും ആത്മീയവുമായി മനുഷ്യർ ഒറ്റപ്പെട്ട ഈ കാലം അകൽച്ചയെ ,അന്യതയെ  നിയമപരമായി പുന:സ്ഥാപിച്ചു തന്നിരിക്കുന്നു. ആർക്കും അകലാൻ സ്വാതന്ത്ര്യമുണ്ട്;ആർക്കും നിശ്ശബ്ദത പാലക്കാൻ അവകാശമുണ്ട്. ക്ലബ് ഹൗസും ചാറ്റ് റൂമും മെസഞ്ചറും  ഉള്ളപ്പോൾ അടുപ്പം വേണ്ടേ വേണ്ട. നമ്മൾ ജീവിക്കുന്നതു തന്നെ ഇമോജികൾക്ക് വേണ്ടിയാണ്; അല്ല നമ്മൾ തന്നെ ഇമോജികളായിത്തീർന്നിരിക്കുന്നു.


എന്നാൽ മനുഷ്യൻ അപമാനവീകരിക്കപ്പെടുന്ന ഈ കാലത്ത് ,എല്ലാത്തിൽനിന്നും വിച്ഛേദിക്കപ്പെടുന്ന ഈ നിമിഷത്തിൽ അതിൽ അല്പം പോലും ജീവിക്കാതെ ഏതോ സ്വപ്നലോകത്ത് കഴിയുന്ന എഴുത്തുകാരുമുണ്ട്. അവർ അതാര്യതയുടെ ,അസ്പൃശ്യതയുടെ ഒരു മതിൽ സ്വയം നിർമ്മിച്ച് അതിനുള്ളിലിരുന്ന് സ്വപ്നങ്ങൾ മെനയുകയാണ്. എസ്. ഗോപാലകൃഷ്ണൻ എഴുതിയ 'മെയിൽ ബോക്സ് ക്ലിയർ ചെയ്യുമ്പോൾ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 17) എന്ന കവിത ഇതിനുദാഹരണമാണ് .കവി എഴുതുകയാണ്:


'മരം ഇലകളെ

കാലത്തിലേക്ക് പൊഴിക്കുന്നു, 

നഗ്നമാകാൻ.

ജന്തു കല്ലിലേക്കുരഞ്ഞു പടം

പൊഴിയുന്നു,

ഇഴയാൻ' .


ഈ രണ്ടു പ്രസ്താവനകളും തെറ്റാണ്. മരം ഇലകൾ പൊഴിക്കുന്നത്  നഗ്നമാകാനൊന്നുമല്ല. മരത്തിനു  നഗ്നതയുടെ സൗന്ദര്യം എപ്പോഴുമുണ്ട്. അതിനുവേണ്ടി ഇലകൾ പൊഴിക്കേണ്ടതില്ല. അതുപോലെ ഉരഗം  പടംപൊഴിക്കുന്നത് ഇഴയാനല്ല ,അവയുടെ ശാരീരികമായ ആവശ്യം എന്ന നിലയിലാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഗോപാലകൃഷ്ണൻ എഴുതുന്നതോടെ വക്രീകരിക്കപ്പെടുന്നു ,അപ്രിയമാകുന്നു. ഇതുപോലുള്ള അരസിക രചനകൾ എന്തിനാണ് ?കവിതയുടെ നേരിയ സൂചനപോലും കാണാനില്ല.ഒരു കവിക്കു വേണ്ടത് അങ്കഗണിതമല്ല, കവിമനസ്സാണ് .അത് ഈ കവിക്കില്ല.


മറ്റൊരിടത്ത് എഴുതുന്നു ,ശരീരം വസ്ത്രത്തെ ഉപേക്ഷിക്കുന്നു, വിയർത്തു മറക്കാൻ എന്ന് .ശരീരം വസ്ത്രം ഉപേക്ഷിക്കുന്നില്ല, വസ്ത്രം മാറുകയാണ് ചെയ്യുന്നത്. മനുഷ്യൻ തുണി മാറുന്നത് ഒരു സമസ്യയാണോ ? വിയർപ്പ് മറക്കാനാണ് മനുഷ്യൻ തുണി മാറുന്നതെന്ന് ഒരു കവി എഴുതേണ്ടതുണ്ടോ ?ഇതു കൊറോണ കാലമാണ്. ഇപ്പോൾ തുണി മാറുന്നത് അണുബാധയിൽ നിന്ന് രക്ഷപ്പെടാനാണ് .അതുപോലും ഈ കവിയുടെ ഓർമ്മയിലില്ല .മനസ്സിൽ കവിതയില്ലാതെ എഴുതാൻ ശ്രമിച്ചാൽ ഇതിലപ്പുറവും സംഭവിക്കും.


സൗന്ദര്യം ഭയാനകം


അമെരിക്കൻ ജാസ് മ്യുസിഷ്യൻ കോൾട്രെയിൻ ഇങ്ങനെ എഴുതുന്നു:

' പുതുതായി എന്തെങ്കിലും കണ്ടെത്തുന്നവർ ഒരു പുനരുജ്ജീവന മാണ് നോക്കുന്നത്.നിലവിലുള്ളതിനെ അവർ വികസിപ്പിക്കുകയും  പുനർനിർമ്മിക്കുകയും ചെയ്യുന്നു. പലപ്പോഴും അവർ നിരാകരിക്കപ്പെട്ടവരോ ,ബഹിഷ്കൃതരോ ആകാം. അവർ ആ  സമൂഹത്തിനു ആന്തരികമായ ഉപജീവനം നല്കുന്നു. മിക്കപ്പോഴും വലിയ യാതനകൾ ജീവിതത്തിൽ സഹിക്കേണ്ടിവരുന്നു. അവരെ സ്വീകരിച്ചാലും നിരാകരിച്ചാലും, അവരെ എപ്പോഴും നയിക്കുന്ന മഹത്തായ കാര്യം അനശ്വരമായ സർഗാത്മകത്വരയാണ്'.


വായനക്കാരനെ പ്രചോദിപ്പിക്കുന്ന ഒരു വാക്യം പോലും എഴുതാനറിയാത്തവരെല്ലാം ഇന്ന് എഴുത്തുകാരായി മാറുന്നു. കുറെ വാചകങ്ങൾ പെറുക്കി കൂട്ടിയാൽ എഴുത്തിൻ്റെ ഗുണം ലഭിക്കുമോ ?എഴുത്തിൽ ഒരു ലോകവീക്ഷണവും ആന്തരികമായ അവബോധമുണ്ട്. അഗാധമായ കാഴ്ചകൾ, വായന  അതിനാവശ്യമാണ്.  മനുഷ്യനിൽ ദൈവവും ചെകുത്താനുമുണ്ടെന്ന് കണ്ടെത്തിയതിൻ്റെ ഫലമാണ് ദസ്തയെവ്സ്കിയുടെ കൃതികൾ. അദ്ദേഹം സ്വയം അതിൻ്റെ  പരീക്ഷണശാലയായി. അദ്ദേഹത്തെ അലട്ടിയത് ദാർശനികപ്രശ്നങ്ങളായിരുന്നു ;ഭാര്യ  അന്നയോ ചൂതുകളിയോ  ആയിരുന്നില്ല. ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാരി'ൽ  മിത്യ എന്ന കഥാപാത്രം തൻ്റെ അറപ്പുളവാക്കുന്നതും നികൃഷ്ടവുമായ ജീവിതത്തെക്കുറിച്ച് ഏറ്റുപറയുന്ന സന്ദർഭമുണ്ട് .നീചമായ തൻ്റെ സ്വഭാവങ്ങളുടെ പിടിയിലായിരിക്കുമ്പോഴും താൻ ദൈവത്തിനു സ്തുതിഗീതം ആലപിക്കുമെന്ന് അയാൾ പറയുന്നു. അയാൾ തുടർന്നു അവതരിപ്പിക്കുന്ന ചിന്തകളുടെ വേറൊരു ഭാഷയിലുള്ള  സംഗ്രഹമാണ് ചുവടെ നല്കുന്നത്:

'ഞാനൊരു കീടമാണ്. എന്നെയും  ദൈവമാണ് സൃഷ്ടിച്ചിരിക്കുന്നത്. കീടങ്ങളിൽ ദൈവം ലൈംഗികവാസന കുത്തിനിറച്ചിരിക്കുകയാണ്. അത് ഇളക്കിമറിക്കുന്ന കാറ്റുപോലെയാണ്. സൗന്ദര്യമാണത്.ഇതുവരെയും സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദൈവം വൈരുദ്ധ്യങ്ങളെ നമുക്ക് മുന്നിൽ വച്ചിരിക്കുകയാണ്. നമ്മളാകട്ടെ കടങ്കഥകൾക്ക് പിന്നാലെയാണ് .ജീവിതത്തിൻ്റെ നിഗൂഢതകൾ ഭയപ്പെടുത്തുന്നതാണ്. അതിൻ്റെ പിന്നാലെ പോവുകയാണ് നാം. എത്ര വലിയ ഉത്കൃഷ്ടനായ വ്യക്തിയാണെങ്കിലും അവനിൽ ഒരു സംഘട്ടനം നടക്കുന്നുണ്ട്. അവൻ മഹതിയായ കന്യാമറിയത്തിൻ്റെ ആദർശങ്ങളിൽ  വിശ്വസിക്കുന്നുണ്ടെങ്കിലും  സ്വവർഗാനുരാഗികളുടെ സോദോം ദേശത്തെയാണ് ഉള്ളിൽ കൊണ്ടുനടക്കുന്നത് .മനുഷ്യനു വലിയ മനസ്സുണ്ട്. പക്ഷേ ,എന്തിന്? അതുകൊണ്ട് പ്രയോജനമില്ല .അവൻ സങ്കുചിത മനസ്സുള്ളവനായിരിക്കുന്നതാണ് നല്ലത്. സൗന്ദര്യംകൊണ്ട് നാമെന്ത് ചെയ്യും? സ്വവർഗ്ഗാനുരാഗികളുടെ ദേശത്തേക്ക് നോക്കിയിരിക്കുന്ന മനുഷ്യർക്ക്  സൗന്ദര്യത്തെക്കുറിച്ച് ഒന്നുമറിയില്ല. അത് അജ്ഞാതവും ഭയങ്കരവുമാണ്' .


പ്രണയം മരീചിക


സൗന്ദര്യം അനുഭവിക്കാനാകുമെങ്കിലും അത് താങ്ങാനാവില്ല. അതിൽ നിറയെ യാതനയാണ്.നമ്മേക്കാൾ വലിയ പ്രതിഛായകളെ ഉൾക്കൊള്ളേണ്ടി വരുന്നതിൻ്റെ യാതനയാണിത്. അതുകൊണ്ടാണ് ചില കലാകാരന്മാർ അവരുടെ മാനസികഘടനയിൽ ആത്മഹത്യയോട്  അഭിനിവേശമുള്ളവരായി കാണപ്പെടുന്നത്.ചിലർ ഭ്രാന്ത് പിടിച്ചതു  പോലെ ജീവിക്കുന്നു .പ്രണയത്തെ  അഭയമായി കാണുന്നവരുണ്ട്. ജീവിതത്തിൻ്റെ സൗന്ദര്യമെന്ന നിലയിൽ പ്രണയത്തെ വീക്ഷിക്കുന്നവരുണ്ട്. വാസ്തവത്തിൽ , പ്രണയത്തിൽ സൗന്ദര്യമുണ്ടെങ്കിലും അതിന് സ്ഥിരതയോ നിലനില്പോ ഇല്ല. അത് ഒരു മരീചികയായി മഥിച്ചുകൊണ്ടിരിക്കും. സ്പാനീഷ്  ചിന്തകനായ ഒർട്ടേഗാ ഇ ഗാസറ്റ്  ഇങ്ങനെ എഴുതി: 'പ്രണയത്തിലായിരിക്കുന്ന ഒരാൾ കരുതുന്നുണ്ട് ,അവൻ്റെ ബോധജീവിതം വളരെ സമ്പന്നമാണെന്ന്. അവൻ്റെ  ലഘൂകരിക്കപ്പെട്ട ലോകം അയാർത്ഥമായി മഹത്വവത്ക്കരിക്കപ്പെടുകയാണ്. എന്നാൽ അത് വളരെ  കേന്ദ്രീകൃതമാണ് .അവൻ്റെ മുഴുവൻ ആത്മീയോർജ്ജവും ഒരേയൊരു ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. ഇത് അവൻ്റെ അസ്തിത്വത്തിൻ്റെ അതിശയകരമായ തീവ്രതയെക്കുറിച്ച് തെറ്റായ സന്ദേശമാണ് നല്കുന്നത് ' .


അതുകൊണ്ട് പ്രണയത്തെക്കുറിച്ച് മാത്രം എഴുതിക്കൊണ്ടിരിക്കുന്നവർ ഈ കാലത്തെ ആഴത്തിൽ മനസ്സിലാക്കുന്നില്ലെന്നാണ് അർത്ഥമാക്കേണ്ടത്.ഇവിടെ പ്രണയം ഒരു വ്യക്തിയോടാണ്; മറ്റുള്ളവരുടെ പ്രേമത്തെ തള്ളിക്കളയുകയാണ് ചെയ്യുന്നത്‌.ഒരാളെ മാത്രമായി പ്രേമിക്കുന്നത് ഒരു ലഘൂകരണമല്ലേ? അവിടെ പുറംലോകജീവിതത്തിൻ്റെ  പരുക്കൻ ഭാവങ്ങൾക്ക് സ്ഥാനമില്ലത്രേ .കൃത്രിമമായതിനെ സുന്ദരമെന്ന് വിളിക്കേണ്ടിവരുന്ന പ്രണയിയുടെ വിധി പിന്നീടാണ്  അനാവൃതമാകുന്നത്.


സത്യത്തിനുവേണ്ടി സർവ്വവും സമർപ്പിക്കുന്നവരെ, അലൗകികമായ ഒന്നിനുവേണ്ടി ജീവിതത്തിലെ സകലതിനെയും ഉപേക്ഷിച്ചു കഴിയുന്നവരെ ദസ്തയെവ്സ്കി നോവലിൽ വിമർശിക്കുന്നുണ്ട് .സ്വയം ത്യജിക്കുന്നതാണ് എളുപ്പമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.കാരണം അതിനു മറ്റൊന്നിൻ്റെയും ക്ലേശം  ഏറ്റെടുക്കേണ്ടതില്ല.എന്നാൽ  ജീവിതത്തിൻ്റെ ആഴത്തിലുള്ള സ്വഭാവം  മനസ്സിലാക്കുന്നതിനു ,വിചിത്രമായ ചില അറിവുകൾ കിട്ടുന്നതിനു യാതനകൾ സഹായകമാകാം. ഡച്ച് ചിത്രകാരൻ വാൻഗോഗ് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. അത്തരം യാതനകൾ പിൽക്കാല ജീവിതത്തിലും ഉപകാരപ്പെട്ടേക്കും. ഒരാളുടെ യാതനകളിൽ നിന്നുത്ഭവിക്കുന്ന അറിവുകൾ ലോകത്തിലെ പലർക്കും വെളിച്ചമാവുക തന്നെ ചെയ്യും. കലാകാരനും ഇതല്ലേ പ്രതീക്ഷിക്കാനുള്ളത് ? സത്യത്തിനുവേണ്ടി എല്ലാം  ഉപേക്ഷിക്കുകയാണെങ്കിൽ, അവനിൽ  അനുഭവങ്ങളൊഴിച്ച് മറ്റെല്ലാം  ഉണ്ടായിരിക്കും;ഗഹനതയുണ്ടായിരിക്കില്ല . അവനു ജീവിതത്തെ ഗ്രഹിക്കാൻ  കഴിഞ്ഞിട്ടുണ്ടാവില്ല.


ബിന്ദു സജീവിൻ്റെ 'അന്യോന്യം'(മലയാളം, ജൂലായ് 12 ) പ്രണയത്തെയാണ് ഉദാഹരിക്കുന്നത്. പ്രണയത്തിലുടെ എല്ലാം ഗ്രഹിക്കാനാണ് കവിയുടെ ശ്രമം. താരതമ്യേന വരികൾക്ക് ഭംഗിയുണ്ട്.


'ചില പാട്ടുകളുടെ,

കാഴ്ചകളുടെ 

അരിക് മുറിഞ്ഞ് 

എന്നിലേക്ക് വീഴുമ്പോൾ 

ചിലപ്പോൾ നീയടുത്തുണ്ടാവില്ല .

ആ നിമിഷം 

ഉള്ളൊഴിച്ച് 

നിൻ്റെ ചിത്രങ്ങൾ മാത്രം

നിറച്ച് ഞാൻ ധ്യാനിക്കും

എപ്പോഴെങ്കിലും ഒരുമ്മ

വേണമെന്ന് 

അഗാധമായി തോന്നുമ്പോഴും '


ഇവിടെ ഉയർന്നുവരുന്ന പ്രശ്‌നം ,രണ്ടു വ്യക്തികൾ തമ്മിൽ പ്രേമിക്കുമ്പോൾ ചുറ്റിനുമുള്ള ലോകം എവിടെയെന്നാണ് .ആ  ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം പ്രേമിക്കാനൊക്കുമോ?പ്രേമം അടഞ്ഞ ലോകമാണോ ?ബാഹ്യലോകത്തെ ഞരക്കങ്ങളും മുഴക്കങ്ങളും നിറഞ്ഞ ഒരു വഴിയിലൂടെയല്ലേ കമിതാക്കൾക്ക് സഞ്ചരിക്കാനാവൂ. ആ വഴികളെക്കു റിച്ച് ചിന്തിക്കാത്തതുകൊണ്ടാണ് പ്രണയികൾ ജീവനൊടുക്കുന്നതെന്നു തോന്നുന്നു. കാരണം അവരുടെ വഴികൾ അവരിൽ തന്നെ ഉദിച്ച് അസ്തമിക്കുകയാണല്ലോ .


കലയുടെ സ്പർശമില്ല 


വെള്ളിയോടൻ എഴുതിയ 'അന്നജം' (ചന്ദ്രിക ആഴ്ചപ്പതിപ്പ് ,ജൂലായ് 3 ) വൃഥാസ്ഥൂലവും ആവർത്തന വിരസവുമായ ഒരു വിവരണത്തിനപ്പുറത്ത് യാതൊരു ഉൾക്കാഴ്ചയും തരാത്ത കഥയാണ്‌. കോവിഡ് കാലത്ത് ദാരിദ്ര്യം ,ഒറ്റപ്പെടൽ ,അകൽച്ച ,അന്യ താബോധം ,സ്നേഹശൂന്യത ,ഓർമ്മകളുടെ നാശം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നു. ഇവിടെ കഥാകൃത്ത് ദാരിദ്യത്തെക്കുറിച്ച് ദീർഘമായ ഒരുപന്യാസം തന്നെ തട്ടിവിട്ടിരിക്കുകയാണ്. ഇതൊക്കെ   എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. മനുഷ്യൻ്റെ  അവസ്ഥയ്ക്കുള്ളിലേക്ക് തുളച്ചു കയറിച്ചെന്നു ഒരു നിരീക്ഷണം നടത്താൻ കഥാകൃത്തിനു കഴിയുന്നില്ല. വളരെ ഉപരിതലസ്പർശിയായ ,അതിഭാവുകത്വരചനയാണിത്.


എല്ലാവരും നേരിടുന്ന ഒരു യാഥാർത്ഥ്യമാണ് കൊറോണയും അതിൻ്റെ പ്രശ്നങ്ങളും.ഇത് പ്രമേയമാക്കി എന്തെങ്കിലും എഴുതണമെങ്കിൽ അസാധാരണമായ ആന്തരശക്തി ആവശ്യമാണ് .കാരണം ഒരു പൊതു അനുഭവമണ്ഡലത്തിൽ പരിചിതമല്ലാത്ത  പ്രശ്നത്തെ ആഴത്തിൽ സമീപിക്കേണ്ടതുണ്ട്.വെള്ളിയോടൻ്റെ  കഥ ഒരു റിപ്പോർട്ട് എന്നതിൽ കവിഞ്ഞ് മനസ്സിനെ സ്പർശിച്ചില്ല. ദാരിദ്ര്യത്തിൻ്റെ പ്രയാസം എന്താണെന്ന് അറിയാവുന്ന ഒരാൾ ഇതുപോലൊരു കഥയെഴുതില്ല .ഒരു  കലാകാരൻ്റെ  സ്പർശം ഈ കഥയിലില്ല .


സ്റ്റാലിൻ എഴുത്തുകാരെ വിളിച്ചത് മനുഷ്യമനസ്സിൻ്റെ എഞ്ചിനീയർമാരെന്നാണ്. കലാകാരൻ  മനുഷ്യമനസ്സിൽ ചില നിർമ്മിതികൾ നടത്തുന്നവനാണെന്ന് ഇത് അർത്ഥമാക്കുന്നു.ചെക്ക് - കനേഡിയൻ എഴുത്തുകാരൻ യോസഫ്  സ്കോവ്റെക്കി 'ദ് എൻജിനീയർ ഓഫ് ഹ്യൂമൻ സോൾസ്' എന്ന പേരിൽ തമാശകലർന്ന ഒരു അസ്തിത്വനോവൽ എഴുതിയത് സ്റ്റാലിനെ ഓർമ്മിച്ചുകൊണ്ടാണ്. കഥയിലെ വെറും റിയലിസം കാലഹരണപ്പെട്ടിരിക്കുകയാണ് ,അതിനു അഗാധതകളില്ലെങ്കിൽ . നിങ്ങൾക്ക് എന്ത് പുതുതായി പറയാനുണ്ട് എന്നാണ് ആലോചിക്കേണ്ടത്. ഒരു മാഗസിൻ ഫീച്ചറിനുള്ള വിഷയം കഥയായി  രൂപാന്തരപ്പെടുത്തിയാൽ വെള്ളിയോടൻ്റെ രചന പോലെ സ്ഥൂല വിവരണം മാത്രമായിരിക്കും ഫലം ,കലയുണ്ടാവില്ല. മാക്സിം ഗോർക്കിയുടെ കഥയിൽ എങ്ങനെയാണ് യഥാതഥമായ കാര്യങ്ങൾ പറഞ്ഞ് ആഴങ്ങൾ സൃഷ്ടിക്കുന്നതെന്ന് നോക്കണം ഗോർക്കിയുടെ ഒരു കഥയിൽ രണ്ടുപേർ തമ്മിലുള്ള ചർച്ച ജീവിക്കുക എന്ന സമസ്യയിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇത് കഥാകാരൻ്റെ  അഭിപ്രായമായി കരുതാവുന്നതാണ്. മനുഷ്യൻ്റെ ഏറ്റവും ഹീനവും നിന്ദ്യവുമായ അഭിപ്രായങ്ങളുടെയും ഉപദ്രവസ്വഭാവങ്ങളുടെയും അടിയിൽ ഒരു പൊറുതി സാധ്യമാക്കുക എന്നതിനപ്പുറം ലക്ഷ്യമില്ലാതിരിക്കുന്നതിനെ ജീവിതം എന്നു വിളിക്കുന്നത് അധ:പതനമാണെന്ന് ഗോർക്കി എഴുതുന്നുണ്ട്. ഒരു സാഹിത്യ സംവാദത്തിൽ ഗോർക്കി പറഞ്ഞത് , പാവപ്പെട്ടവരെയും  തൊഴിലാളികളെയും അവരുടെ കലാപരമായ കഴിവുകൾ പരമാവധി ഉപയോഗിക്കാൻ പഠിപ്പിക്കണമെന്നാണ്. ഉന്നതമായ സർഗ്ഗശേഷി എന്താണെന്ന് തൊഴിലാളിവർഗ്ഗത്തെ പഠിപ്പിക്കണമെന്ന് പറഞ്ഞതിൻ്റെ  പൊരുൾ എന്താണ് ?കല ഉന്നതവും അഗാധവുമാണെന്ന ചിന്തയാണത്.

അത് രാഷ്ട്രീയത്തേക്കാൾ വളരെ മുകളിലാണ്. ഗോർക്കിയുടെ കഥകൾ വായിച്ചാൽ ,അദ്ദേഹം മനുഷ്യഹൃദയത്തെ എത്ര ഗഹനമായി , ചിന്താപരമായി സമീപിച്ചു എന്നു വ്യക്തമാവും, കലാകാരനെന്ന നിലയിൽ.



നുറുങ്ങുകൾ 


1)ഫേസ്ബുക്കിലും ,കേരളത്തിലെ ചില എഴുത്തുകാർ ഗ്രൂപ്പുകളിക്കുകയാണ്‌ . വായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം ഗ്രൂപ്പിൽപ്പെട്ടവരുടെ കൃതികൾ മാത്രം.നിവൃത്തിയുണ്ടായിരുന്നെങ്കിൽ സുക്കർബർഗിനെ സ്വാധീനിച്ച് ശത്രുത തോന്നുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇവർ പൂട്ടിച്ചേനെ! .


2)കൊറോണക്കാലം വായനയെ സ്വന്തമാക്കുകയാണ് .വായനക്കാർക്ക്  ഒരു യജമാനനെയും അനുസരിക്കേണ്ടി വന്നില്ല .


3)വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഇടങ്ങളിലൂടെയാണ് മലയാളസാഹിത്യം ഈ കാലക്കളിൽ അതിജീവിച്ചത്, വളർന്നത് .


4)കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോഴാണ് ശരിയായ വികാരം ലഭിക്കുന്നത് .പ്രണയിക്കുമ്പോഴുള്ള വികാരത്തേക്കാൾ ആയിരം മടങ്ങ് വികാരമാണ്  പ്രണയനഷ്ടാനന്തരമുണ്ടാകുന്നത്. വർത്തമാനകാലത്ത് യാതൊന്നിനെക്കുറിച്ചും സമ്പൂർണമായ വികാരം ലഭിക്കുകയില്ലെന്ന് നോവലിസ്റ്റ് വിർജീനിയ വുൾഫ് പറഞ്ഞത് എത്ര ശരിയാണ്! . ഈ നിമിഷം നമ്മുടെ മുന്നിൽ ഭാഗിക വൈകാരികലോകമേ തരുന്നുള്ളു. എന്നാൽ  ഭൂതകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ശരിയായ വികാര സാക്ഷാത്കാരം ലഭിക്കുന്നു.


5)അമ്മ മാതാവാണ് ,ദൈവമാണ് എന്നൊക്കെ എല്ലാവരും സമ്മതിക്കും. എന്നാൽ ചില കവികൾ ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ക്ലീഷേ (ആവർത്തനത്തിലൂടെ അർത്ഥശൂന്യമായത്)യാണ്. മുലപ്പാലിനു മാധുര്യമുണ്ട് എന്ന് ഏതെങ്കിലും കവി എഴുതിക്കൊണ്ടുവന്നാൽ അയാളോട് സലാം പറഞ്ഞ് തിരിഞ്ഞുനടക്കേണ്ടി വരും .


6)അന്തർമുഖരും നാടോടികളും നിശ്ശബ്ദരും നിരാശരുമായ കവികളുടെയും സാഹിത്യകാരന്മാരുടെയും കാലത്ത് അവർക്ക് ബദലായി ശക്തിയുടെയും ധീരതയുടെയും നായകത്വത്തിൻ്റെയും  വീണ്ടെടുപ്പ് എന്ന നിലയിലാണ് നടൻ ജയനെ മലയാളികൾ ഉൾക്കൊണ്ടത്.



7)സംസ്കൃതപണ്ഡിതനും സാഹിത്യ ചരിത്രകാരനും ദാർശനികനുമായിരുന്ന   കൃഷ്ണചൈതന്യ (കെ.കെ. നായർ ) യ്ക്ക് തുല്യനായ ഒരു മനീഷി എഴുത്തിൻ്റെ ലോകത്ത് അപൂർവമാണ്. എന്നാൽ കൃഷ്ണചൈതന്യയ്ക്ക്  ഗ്രൂപ്പില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൽ അനുസ്മരണങ്ങളില്ല; ആ മഹത്തായ കൃതികൾ ആരും അച്ചടിക്കുകയുമില്ല .


8)അന്തരിച്ച പി.കെ. വാരിയരെപ്പോലെ വൈദ്യശാസ്ത്രത്തിലും കഥകളിയിലും സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ താത്പര്യമുള്ള ഒരു മഹാനെ ഇനി എന്നു കാണും ?


9)കേരളത്തിലെ സ്കൂൾകുട്ടികളുടെ പാഠപുസ്തകങ്ങളിൽ പോലും സാഹിത്യകാരന്മാരുടെ ഗ്രൂപ്പടിസ്ഥാനത്തിലുള്ള സിലബസാണ്  നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ഇന്നലെ എഴുതിത്തുടങ്ങിയവരുടെ കൃതികൾ പോലും സിലബസിൽ  ഉൾപ്പെട്ടിരിക്കുന്നു.



വായന 


അടുക്കള ഇപ്പോൾ നമ്മുടെ വീടിൻ്റെ  ഒരു മൂലയിലൊതുങ്ങുന്ന മുറിയല്ല;അത് സിനിമാക്കാരുടെയും  ബുദ്ധിജീവികളുടെയും വിഷയമാണ്. അടുക്കളയിൽ ഒരു സ്ത്രീയും തളച്ചിടപ്പെടരുതെന്ന ആശയം പുരുഷന്മാരിൽ തന്നെ  ഉൽപതിഷ്ണുക്കളായ ഒരുപറ്റം പേർ  പിന്തുടരുന്നുണ്ട്; നല്ലതാണത്. പക്ഷേ, അടുക്കള പവിത്രമാണ്. അവിടെ തൊഴിൽ ചെയ്യുന്നവർക്കും  സന്തോഷമുണ്ടാകണം .അടുക്കളയുടെ ആകർഷണം അതിൻ്റെ മണത്തിലാണെന്ന് രാജൻ.സി.എച്ചിൻ്റെ 'അടുക്കളമണം' (ദേശാഭിമാനി വാരിക ,ജൂലായ് 21 ) എന്ന കവിതയിൽ വായിക്കാം.മണത്തെ തരംതിരിച്ചു കവി അവതരിപ്പിക്കുന്നുണ്ട് .


അടുക്കളയ്ക്കൊരു മണമുണ്ട് എന്നു  തുടങ്ങുന്ന കവിത ,അത് വിയർപ്പിൻ്റേതും കരിയുടേതും  അരിയുടേതുമല്ല എന്നു  പ്രഖ്യാപിക്കുന്നു. തുടർന്ന് അടുക്കളയുടെ യഥാർത്ഥ മണം ധൃതിപ്പെട്ടോടുന്ന  ധരിത്രിയുടേതാണെന്ന് അറിയിക്കുന്നു. കവിക്ക് അത് സമയത്തെ പിന്നിൽ നിർത്തുന്ന മണമാണ് .


'കരച്ചിലുള്ളിലാ-

യടയ്ക്കുന്ന മണം 

ചിറകിനുള്ളിലായ് 

മറക്കുന്ന മണം

പുടവത്തുമ്പിലായ്

കിനിയുന്ന മണം' 


കൊറോണയല്ല, അതിനേക്കാൾ വലിയ മഹാമാരി വന്നാലും മനുഷ്യമനസ്സിൽ  മാറ്റമുണ്ടാകില്ല. ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോ പറഞ്ഞതുപോലെ, യേശുദേവനു പോലും സ്വാധീനിക്കാൻ കഴിയാത്ത മനുഷ്യരാണിവിടെയുള്ളത് .'കാലപ്രയാണം' എന്ന പേരിൽ സുജാതബാബു (കലാകൗമുദി ,ജൂലായ് 11 ) എഴുതിയ കവിതയിൽ രോഗവും പ്രളയവും നിറഞ്ഞാടിയ ഈ കാലത്തെങ്കിലും ഉള്ളിൽ ഉറഞ്ഞുപോയ ദയ  പുറത്തെടുക്കാൻ അഭ്യർത്ഥിക്കുന്നു:

'ലോകത്തിലാകെ 

നടുക്കമുണർത്തെ

സമയമായിതാ 

കണ്ണിൽ കാരുണ്യത്തിൻ്റെ 

ഉറവ പെരുക്കിടാനും 

കനിവ് തേടും 

ഹൃദയങ്ങൾക്ക് 

നാമൊരു സാന്ത്വന 

പെരുമഴയാകാനും സമയമായി'



 


അക്ഷരജാലകം/എം.കെ.ഹരികുമാർ / സ്വപ്നം ചിലങ്കയണിഞ്ഞ് പ്രഭയോടെ/metrovartha 26,7,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email  mkharikumar797@gmail.com


സ്വപ്നം ചിലങ്കയണിഞ്ഞ് പ്രഭയോടെ 



ആറ് കഥാസമാഹാരങ്ങളും പന്ത്രണ്ട്  നോവലുകളുമെഴുതിയ , അമേരിക്കയിലെ അമെരിക്കയിലെ വിഖ്യാതമായ പെൻപ്രൈസ് നേടിയ ഫെഡറിക് ബുഷ് തൻ്റെ 'എ ഡേഞ്ചറസ് പ്രൊഫഷൻ - എ ബുക്ക് എബൗട്ട് ദ് റൈറ്റിംഗ് ലൈഫ്' എന്ന ഗ്രന്ഥത്തിൽ സാഹിത്യരചനയുടെ നിഗൂഢവും പ്രലോഭിപ്പിക്കുന്നതുമായ ത്വര എന്താണെന്ന് അന്വേഷിക്കുന്നുണ്ട്. എഴുത്തുകാരനു എഴുതാനുള്ള ചിന്ത ഒരു പ്രത്യേക വിശപ്പാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്.


അമെരിക്കൻ സാഹിത്യവിമർശകനായ ജോൺ ഗാർഡ്നർ വിശദീകരിച്ചതു പോലെ എഴുത്ത് തെളിഞ്ഞതും തുടർച്ചയുള്ളതുമായ ഒരു സ്വപ്ന നിർമ്മാണമാണെന്ന് ബുഷ് ഊന്നിപ്പറയുന്നു. എഴുതി തുടങ്ങുന്നതോടെ വായനക്കാരനെ പിടിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ സ്വപ്നാത്മകത പശിമയോടെ അനുഭവപ്പെടണം. ഇത് എഴുത്തുകാരനെക്കാൾ വായനക്കാരനാണ് പ്രിയങ്കരമാകേണ്ടത്.


ഇതിനു സ്വപ്നജീവിതം ആവശ്യമാണ്‌.  വളരെ കർക്കശക്കാരും  രാഷ്ട്രീയലാഭം നോക്കിനടക്കുന്നവരും, യുക്തിചിന്തകന്മാരും ഈ സ്വപ്നം നിർമ്മിക്കില്ല. കാരണം, അവർക്ക് ജീവിതത്തിൽ  സമാന്തരപാതകളില്ല .തന്നെക്കുറിച്ച്  മാത്രമല്ല, തൻ്റെ ദേശത്തെക്കുറിച്ചും  പൈതൃകത്തെക്കുറിച്ചും  ചിന്തിക്കുന്നത് ഈ സ്വപ്ന നിർമാണത്തിൻ്റെ ഭാഗമാണ്. സ്വപ്ന ദർശികൾ മറ്റൊരു ചിമിഴിലൂടെയാണ് നോക്കുന്നത് .എഞ്ചുവടിപോലെ കൃത്യതയാർന്ന കണക്കുകൾ അടയാളപ്പെടുത്തുന്ന ജീവിതത്തെ മാന്ത്രികതയുടെയും അതിശയത്തിൻ്റെയും തലത്തിലെത്തിച്ച്  അപൂർവത നല്കുന്നത് സ്വപ്നമാണ്. എല്ലാവർക്കും എല്ലാ സ്വപ്നവും കാണാനാകില്ല. സ്വപ്നം പ്രതിജനഭിന്നമാണല്ലോ. സ്വപ്നത്തിലൂടെ ഓർമ്മകൾക്ക് ജീവൻ വയ്ക്കുന്നു.ഇത് ഗൃഹാതുരത്വമല്ല; അതിനും അപ്പുറമാണ് .മരിച്ചതെല്ലാം ജീവൻ വയ്ക്കുകയാണ്. സാഹിത്യരചനയുടെ പരമപ്രധാനമായ ചലനം നടക്കുന്നത് ഈ ജീവൻവയ്പിക്കലിലാണ്. എല്ലാത്തിനെയും നവജീവിതത്തിലേക്ക് ആനയിക്കണം. സാഹിത്യത്തിൽ ജീവനില്ലാത്തതായി യാതൊന്നുമില്ല. അല്ലെങ്കിൽ ഒരു അചേതനവസ്തുപോലും സാഹിത്യത്തിലില്ല. എല്ലാം ജീവിതമാണ് ,ത്രസിച്ചുണരുന്ന ജീവിതം.എല്ലാത്തിലേക്കും സമസ്ത ജൈവരസതന്ത്രവും  കടന്നുവരികയാണ്. സ്വപ്നാത്മകത ജീവിതത്തെ വികസിപ്പിക്കുന്നു. ഭൗമ യാഥാർത്ഥ്യത്തിനതീതമായ ഒരു  മനുഷ്യാസ്തിത്വമാണത്.


പ്രാചീനസംഗീതം


ഇ. ഹരികുമാറിൻ്റെ കഥകളിൽ സ്വപ്നാത്മകതയുടെ സൗന്ദര്യം മിക്കപ്പോഴും കാണാം. അവിടെ  ഓർമ്മകൾക്ക് വേറൊരു ശോഭയാണ് .ഓർക്കുന്തോറും ഭൂതകാലം രാകിമിനുക്കപ്പെടുന്നു. നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടുന്നു. തിളക്കമുള്ള പലതും ഭൂതകാലത്തിൻ്റെ പുരയിടത്തിൽ കുഴിച്ചിട്ടിരിക്കന്നതായുള്ള വിവരം ലഭിച്ചതുകൊണ്ടാണ് ഹരികുമാർ എഴുതുന്നത്.


അദ്ദേഹത്തിൻ്റെ 'വടക്കുനിന്നൊരു സ്ത്രീ' എന്ന കഥയിൽ നാണുനായരോടു നാലുകെട്ട് എവിടെയാണെന്ന് തിരക്കാൻ വരുന്ന സ്ത്രീകളിൽ ഒരാളുടെ സംഭാഷണത്തിൽ ഹരികുമാർ തൻ്റെ സ്വപ്നജീവിതം ഒളിപ്പിച്ചിരിക്കുന്നു. ആ സ്ത്രീയുടെ ശബ്ദത്തിൽ അസാധാരണത്വമുണ്ടെന്ന് ആമുഖമായി പറഞ്ഞ കഥാകൃത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'അതു കാലങ്ങളെ അതിജീവിച്ചുവന്ന സംഗീതത്തിൻ്റെ പ്രാചീനമായ സ്രോതസ്സുകളെ ഓർമ്മിപ്പിച്ചു' .എങ്ങനെയാണ് ഈ സംഗീതമുണ്ടായത് ? അവർ തുടർന്നു പറയുന്ന ഭാഗമാണ് കൂടുതൽ മിഴിവാർന്നത് .


' എനിക്കു നല്ല ഓർമ്മയുണ്ട്. പൂമുഖത്തിൻ്റെ നിലം കറുപ്പായിരുന്നു. ചുമരില് തളത്തിലേക്കുള്ള വാതിലിൻ്റെ ഇടതു വശത്തായി ഒരു  കിളിവാതിലു. ചിത്രപ്പണീള്ള വാതില്. വാതിലിനു മുകളിൽ ഒരു കലമാനിൻ കൊമ്പ് തൂക്കീട്ടുണ്ട്. തളത്തിലെ നെലം ചൊമപ്പായിരുന്നു .നടുമുറ്റത്തിനു ചുറ്റും തിണ്ണയുമുണ്ടായിരുന്നു.തിണ്ണേമ്മല്  തെക്കോറത്ത് ചന്ദനം അരയ്ക്കാൻ വട്ടത്തില് ഒരു ചാണ ഒറപ്പിച്ചിരുന്നു. അതിനടുത്ത് ഒരു ഓട്ടു കിണ്ടീല്  എപ്പോഴും വെള്ളം വെച്ചിട്ടുണ്ടാവും. അതിനു മോളില് കഴുക്കോലിന്മേലിൽ  തേക്കുകൊട്ടോട ആകൃതീല്  ഭസ്മത്തിൻ്റെ പാത്രം തൂക്കിയിട്ടുണ്ട്. അതിനു എതിർവശത്തെ ചുമരിന്മേലാണ് ശ്രീഭഗവതിയുടെ കൂട്. അടുത്തുതന്നെ പൂജാമുറി ,എനിക്കെല്ലാം നല്ല ഓർമ്മയുണ്ട് '.


ഈ ഓർമ്മ ഗൃഹാതുരത്വമായി തരം താഴ്ത്തരുത് .ഗൃഹാതുരത്വം നിസ്സഹായകമായ ഒരു അവസ്ഥയുടെ ഭാഗമായുള്ള മനോനിലയാണ്. പഴയ കാലത്തേക്ക് പോയാൽ താൻ ചെയ്തതെല്ലാം ശരിയാണെന്ന് സമർത്ഥിക്കാമെന്ന വ്യർത്ഥചിന്തയാണത്.ഇവിടെ അതല്ല വിവക്ഷ. ജീവിതത്തിൻ്റെ  മറഞ്ഞിരിക്കുന്ന നിഗൂഢതകൾ സൗന്ദര്യത്തിൻ്റെ തേരിലേറി വരുകയാണ് .


'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ  രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ വിവരിച്ചിട്ടുള്ളത് അഭൗമമായ സ്വപ്നത്തിൻ്റെ ദൃഷ്ടാന്തമാണ്. ഒരു സസ്യം ഒരു പെൺകുട്ടിയോട് കുശലം ചോദിച്ചുകൊണ്ട് അഭിവ്യഞ്ജിപ്പിക്കുന്നത് ജന്മാന്തരസാഹോദര്യത്തിൻ്റെ മാന്ത്രിക ലാവണ്യമാണ്. സ്വപ്നത്തിൻ്റെ ഭാഷയാണിത്. നാം അന്യരല്ലെന്ന് യുക്തികൊണ്ട് സ്ഥാപിക്കാനാവില്ലല്ലോ.


ചിന്തയിലെ വിളക്കുകൾ 


ടാഗോറിൻ്റെ 'ഞാൻ വീട്ടിലേക്ക് പോകുന്നു ' എന്ന കഥയിലെ  ഫാതികനെ ഓർക്കുകയാണ്. ആ കുട്ടിയുടെ ഓർമ്മകൾ ജീവിതത്തിനു പുതിയ മാനം നല്കുന്നു. അമ്മായിയുടെ ഗൃഹത്തിൽ ശ്വാസം മുട്ടി ജീവിക്കുന്ന അവനെ സ്വന്തം വീടിനെക്കുറിച്ചുള്ള ഓർമ്മകൾ വലിഞ്ഞുമുറുക്കുന്നു. നഗരം അവനെ  മടുപ്പിച്ചിരുന്നു. ഒരു ഭാഗം ഇതാണ്:


 'പകൽ മുഴുവൻ അവൻ പട്ടം പറപ്പിച്ചു കളിക്കാറുള്ള ആ പറമ്പുകളും, ചാടിയോടിക്കളിച്ചുകൊണ്ട് അവൻ ആഹ്ലാദിച്ചു നടക്കാറുള്ള വിശേഷപ്പെട്ട പുഴവക്കുകളും , ഇഷ്ടമുള്ളപ്പോഴൊക്കെ ചാടി നീന്തിക്കളിക്കാറുള്ള അരുവികളും എല്ലാം അവൻ്റെ മനോമുകുരത്തിൽ പ്രതിബിംബിച്ചു പ്രകാശിച്ചു. അവൻ  സങ്കല്പത്തിൽ ആ സുഖങ്ങളെ അനുഭവിക്കാൻ തുടങ്ങി. താൻ ഇഷ്ടപ്രകാരം പ്രഭുത്വം നടിച്ച് യഥേഷ്ടം ഭരിക്കാറുള്ള ബാലസംഘത്തെക്കുറിച്ചും  പ്രത്യേകിച്ച് തൻ്റെ നേരെ സ്വതേ കുറെ  നീരസമുള്ള തൻ്റെ അമ്മയായ ആ ഭയങ്കരമൂർത്തിയെക്കുറിച്ചും അവൻ ഏറെ നേരവും ആലോചിച്ചുകൊണ്ടിരുന്നു. മൃഗങ്ങളുടേതുപോലെ കേവലം കായികമായ ഒരു സ്നേഹശക്തി ,താൻ സ്നേഹിക്കുന്ന ആളുടെ സമീപത്തിൽ എത്തിച്ചേരുവാനുള്ള ഒരു ആസക്തി, സ്നേഹബന്ധങ്ങളുടെ അഭാവത്തിലുള്ള എന്തെന്നില്ലാത്ത ഒരു പരിഭ്രമം, സന്ധ്യാസമയത്ത് തളളയെ  കാണാതെ കരയുന്ന പശുക്കുട്ടിയെപോലെ ,തൻ്റെ  മാതാവിനെ ഓർത്ത് മനസ്സിൻ്റെ  ഉള്ളിൽ നിശ്ശബ്ദമായി നടക്കുന്ന ഒരു വിലാപം ,ഹാ! പരിശുദ്ധമായ ആ സ്നേഹശക്തി,  ജീവസാധാരണമായ ഒരു മനോവികാരം, സാധുവും  ബലഹീനനും നിസ്സഹായനും വിരൂപനും ആയ ഫാതികനെ വല്ലാതെ ഇളക്കിമറിച്ചു ' .(പരിഭാഷ: പുത്തേഴത്ത് രാമൻമേനോൻ). ഭൂതകാലത്തിൻ്റെ അണഞ്ഞുപോയ വിളക്കുകൾ ഒന്നൊന്നായി തെളിയുകയാണ്.ഈ വിളക്കുകൾ കത്തുന്നത് വായനക്കാരുടെ ചിന്തക ളിലാണ് .അവർ അതിലൂടെ ,നശ്വരവും നിസ്സാരവുമായ അസ്തിത്വത്തിനു മുകളിൽ ഒരു ലാവണ്യലോകം പണിയുന്നു.


ജീവിതം ഒരു യക്ഷിക്കഥയാണെന്നു ഗ്രീക്കു എഴുത്തുകാരനായ കസൻദ്സാക്കിസ്  'സോർബ ദ് ഗീക്ക്'എന്ന കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്. സന്തോഷം വേണമെങ്കിൽ ആഗ്രഹങ്ങൾ ഉപേക്ഷിച്ചു കുതിരയെപ്പോലെ പണിയെടുക്കണമത്രേ. കരയും കടലും അടുത്തുണ്ടായിരുന്നാൽ മതി. നക്ഷത്രങ്ങൾ ആകാശത്തിലുണ്ടോ  എന്നു നോക്കണം ;ഇതെല്ലാം മനസ്സിലാക്കാൻ ഹൃദയവും. സന്തോഷിക്കുന്ന സമയത്തുതന്നെ അതിനെക്കുറിച്ച് ബോധ്യം വരണമെന്നില്ലെന്ന് അദ്ദേഹം പറയുന്നത് സ്വപ്നത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ്. സന്തോഷം കടന്നുപോയി കഴിയുമ്പോഴാണ് നമുക്ക് വ്യക്തമാവുന്നത്.അപ്പോൾ മാത്രം അതൊരു കണ്ടെത്തലാണ്. ഭൂതകാലത്തിൻ്റെ കണ്ടെത്തൽ.


ഗദ്യത്തിൽ സംഗീതം 


മാതാപിതാക്കളുടെ മരണശേഷം അവരെക്കുറിച്ച് കൂടുതൽ സ്നേഹത്തോടെ പറയുന്നവരെ കണ്ടിട്ടുണ്ട്.കാരണം , ജീവിച്ചിരിക്കുമ്പോൾ ബന്ധങ്ങളുടെ തീവ്രതയിൽ സ്നേഹം ഉൾവലിഞ്ഞുപോവുകയാണ് ചെയ്യുന്നത്. ഓർമ്മകളായി മനുഷ്യർ പുനരവതരിക്കുമ്പോൾ ഇരുട്ടിലാണ്ടുപോയ ഭൂതകാലം ചിലങ്കയണിഞ്ഞ് പ്രഭാപൂരിതമായി തിരിച്ചുവരുന്നു; അപ്പോൾ അതിനു  പുതിയ അർത്ഥങ്ങളുണ്ടാകുന്നു.


സന്തോഷ് ഏച്ചിക്കാനത്തിൻ്റെ  'ഇസ്ലാ ദേ സാൻ വാലൻ്റൈൻ'എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 11 ) നിരാശപ്പെടുത്തി.സന്തോഷിനു  ഇപ്പോഴും നോവലും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നു തോന്നുന്നു. എമിലി സോള എഴുതിയ നോവലുകൾ സന്തോഷിൻ്റെ പതിമൂന്നു പേജ് ദൈർഘ്യമുള്ള 'കഥ' യെക്കാൾ ചെറുതാണ്.ഒരു കഥയെഴുതാൻ  ആവശ്യപ്പെട്ടാൽ നോവൽ കൊടുക്കുന്ന എഴുത്തുകാരാണ് നമുക്കുള്ളത്. ചെറുകഥ ഒരു ഭാവമുഹൂർത്തമാണ്. ഹെമിംഗ്‌വേ എഴുതിയ 'ദ് സ്നോസ് ഓഫ് കിളിമഞ്ജാരോ' വായിച്ചാൽ ഇത് മനസ്സിലാവും.എന്നാൽ  ദീർഘിച്ച ,വ്യർത്ഥമായ ആഖ്യാനം കഥയെ കൊല്ലുകയാണ് ചെയ്യുന്നത്‌.


ഒരു കഥാകൃത്തിൻ്റെ വേഷമണിഞ്ഞുതന്നെയാണ് ഈ കഥയിൽ പ്രധാന കഥാപാത്രം  പ്രവേശിക്കുന്നത്. അയാൾ ഒരു ഫ്ളാറ്റിലേക്കു വരുന്നതു തന്നെ കഥാകൃത്തിനു ഒട്ടും ഇണങ്ങാത്ത മനോനിലയോടെയാണ്. കഥാകൃത്താണെങ്കിൽ ഗാഢമായ നിരീക്ഷണങ്ങളുണ്ടാകുമായിരുന്നു. മനുഷ്യശരീരത്തെ തുളച്ചു കയറിപ്പോകുന്ന നോട്ടങ്ങൾ ഒന്നും തന്നെയില്ല. കഥാകൃത്ത് വാക്കുകൾ പന്തടിച്ചു കളയുന്നപോലെ  പാഴാക്കുന്നു. വാക്കുകളുടെ ധ്യാനം എവിടെ? സന്തോഷ് ഒരു ദ്വീപിനെ ചുറ്റപ്പറ്റി കഥ പറയാൻ വേണ്ടി എത്രയോ അനാവശ്യ കാര്യങ്ങൾ എഴുതുന്നു ! ലൈംഗികപരാക്രമങ്ങൾ  എഴുതി നിറയ്ക്കുന്നു! . ഇതുകൊണ്ടെന്താണ് വായനക്കാരനു പ്രയോജനം ? ഇതിനെ നീണ്ടകഥ എന്നോ ചെറുനോവൽ എന്നോ വിശേഷിപ്പിച്ചാൽ മതിയായിരുന്നു.എന്നാൽ നീണ്ടകഥ എന്ന പ്രയോഗം തന്നെ അസാന്മാർഗികമാണ്.അങ്ങനെയൊരു ജനുസില്ല. ചെറുകഥ എഴുതാൻ പറഞ്ഞാൽ പതിമൂന്ന് പേജിൽ വലിച്ചു നീട്ടുന്ന വായാടികളായ, ധൂർത്തന്മാരായ കഥാകൃത്തുക്കൾ ക്യൂവിലാണ്.


സാഹിത്യവിമർശനത്തിലും കവിതയുടെ  തലമുണ്ട്. കാവ്യാനുഭവമില്ലാത്തയാൾ ,കവിതയുടേതായ അനുരണനങ്ങൾ പദസംയോജനങ്ങളിൽ അനുഭവിക്കാൻ  കഴിവില്ലാത്തയാൾ  സാഹിത്യവിമർശനമെഴുതുമ്പോൾ കരിങ്കൽ കഷണങ്ങളായി വാക്കുകൾ ചിതറിവീഴും. മുണ്ടശ്ശേരിയുടെ ഭാഷയിൽ  കവിതയുടെ തിരയിളക്കം കാണാം; പി ഗോവിന്ദപ്പിള്ളയിൽ  അതില്ല .നവവിമർശകർക്ക് സാഹിത്യാസ്വാദനശേഷി കുറയാൻ കാരണം വരണ്ട സിദ്ധാന്തങ്ങളെ  അതേപടി എഴുതുന്നതുകൊണ്ടാണ്. വിമർശനത്തിൻ്റെ ഗദ്യത്തിൽ യുക്തി മാത്രം പോരാ, സംഗീതവും വേണം. ഉത്തരാധുനികത സാങ്കേതികമായി ഒരു  പുതിയ കാര്യമാണ്, സാഹിത്യകലയിൽ. എന്നാൽ സഹൃദയത്വമില്ലെങ്കിൽ സാഹിത്യമില്ല. സാഹിത്യം ആസ്വദിക്കാൻ ഒരു വിമർശന് പ്രാഥമികമായ കഴിവുണ്ടാകണം. അതിൻ്റെ സൗന്ദര്യം ഒരു സാങ്കേതിക ശാസ്ത്രമല്ല ;ഹൃദയജ്ഞാനമാണ്. അതിൽ സംഗീതവുണ്ട്.ഇത് തിരിച്ചറിയാതെ ,മാധവിക്കുട്ടിയുടെ ക കഥകളെക്കുറിച്ചെഴുതിയാൽ  ചൂടുപിടിച്ച മണലിൽ കൈയിട്ടുവാരിയതുപോലിരിക്കും, ജലാംശമുണ്ടാകില്ല. 


നുറുങ്ങുകൾ


1)കേന്ദ്രസാഹിത്യഅക്കാദമി കിരീടം വച്ച് , വിലകൂടിയ കസേരയിൽ  ഇരിക്കുകയാണ് .ചിലപ്പോഴൊക്കെ ഗർജനം പുറപ്പെടുവിക്കും.  പക്ഷേ, ഈ നാട്ടിലെ എഴുത്തുകാരുമായി യാതൊരു ബന്ധവും ഈ സ്ഥാപനത്തിനില്ല .



2)ഏതാനും ആഴ്ചകൾക്കു മുമ്പ് ഒരു കഥാകൃത്ത് നിഷ്കളങ്കമായി ചോദിച്ചു, താങ്കളൊക്കെ നോവലെഴുതുന്നത്  വാൻഗോഗിനെപോലെ ഇന്ത്യയ്ക്ക്  പുറത്തുള്ളവരെക്കുറിച്ചല്ലേ എന്ന് ;കേരളക്കരയെക്കുറിച്ച് എഴുതുന്നതല്ലേ നല്ലതെന്ന്! അർത്ഥശൂന്യമായ ചോദ്യമാണിത്.സാഹിത്യത്തിൽ സ്വന്തം വാർഡിനെ വച്ച് എഴുതാനൊക്കില്ല . കാളിദാസൻ്റെ 'മേഘസന്ദേശം' അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിൻ്റെ വിവരണമല്ല .ആകാശത്തിൽ വച്ചാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. കുമാരനാശാൻ്റെ ഏറ്റവും പ്രശസ്തമായ 'കരുണ' കേരളക്കരയുടെ കഥയല്ല ;അത് ഒരു ബുദ്ധകഥയാണ് .'വീണപൂവ്' കേരളത്തിൻ്റെ പശ്ചാത്തലത്തിലുള്ള കവിതയല്ല. രാജാരവിവർമ്മ വരച്ച ചിത്രങ്ങൾ ബോംബെയിലെ ഒരു മോഡലിനെ ആധാരമാക്കിയാണ്. ആനന്ദിൻ്റെ 'ആൾക്കട്ടം' മുംബൈ നഗരം കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്.  ലോകമാണ് തറവാട്; മനുഷ്യൻ്റെയും ഇതര ജീവജാലങ്ങളുടെയും കഥകൾ തൊട്ടയൽപക്കത്തു മാത്രമല്ല ഉള്ളത്.വാൻഗോഗ് ഡച്ച് ചിത്രകാരനാണ്.അദ്ദേഹത്തിൻ്റെ ജീവിതം ആസ്പദമാക്കി ഇർവിംഗ് സ്റ്റോൺ 'ലസ്റ്റ് ഫോർ ലൈഫ്' എന്ന നോവലെഴുതി. ഇർവിംഗ് സ്റ്റോൺ ഡച്ചുകാരനല്ല, അമെരിക്കക്കാരനാണ്. സ്വന്തം ദേശത്തിൻ്റെ കഥകൾ മാത്രമേ എഴുതാവൂ എന്ന് പറയുന്നവർ സാമാന്യം തരക്കേടില്ലാത്ത വിഡ്ഢികളാണ്.


3)തോപ്പിൽ ഭാസിയുടെ ഭാര്യ മരിച്ചപ്പോൾ അതു ചില പത്രങ്ങൾ ചരമക്കോളത്തിൽ കൊടുത്തത് ശരിയായില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ച കഥാകൃത്ത് ഇരവിയുടെ നിലപാട് ആത്മാർത്ഥമാണ്. പക്ഷേ, ചരമക്കോളങ്ങൾ ആരുടെയും വിധി  നിർണയിക്കുന്നില്ല.


4)യേശുദാസിൻ്റെ പാട്ടുകൾ 'മതേതര ഉടലുകൾക്കിടയിൽ വിശുദ്ധരായ മധ്യസ്ഥരാ'യെന്ന് താഹ മാടായി ( മലയാളം ,ജൂലായ് 12 ) കുറിക്കുന്നു. ഇപ്പോൾ താഹ കണ്ടുപിടിച്ചതാണ് ഈ മതേതരത്വം !.മലയാളികൾ ഇത് എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപേ അനുഭവിച്ചു: അവർ പക്ഷേ ,പ്രേം നസീറിനെയും യേശുദാസിനെയും ചേർത്തത് മതേതരത്വമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ടല്ല ;കലയുടെ ലഹരിയിലാണ്.കലയില്ലാത്തവർക്ക് മതേതരത്വം മതിയാവും. എന്തൊരു മലിനമായ പ്രയോഗമാണ് 'മതേതര ഉടലുകൾ' ! .


5)സാംബശിവനിലേക്കും കെ. എസ്. ജോർജിലേക്കുമുള്ള ദൂരം കുറച്ചു തന്നത് യൂട്യൂബാണ്;സംഗീതനാടക അക്കാദമിയോ മറ്റു സംഘടനകളോ  അല്ല.


6)എട്ടു കോടി പുസ്തകങ്ങൾ സൗജന്യമായി കിട്ടുന്ന വെബ്സൈറ്റ് ഉള്ളപ്പോൾ ,ഇന്നത്തെ ലൈബ്രറികൾ ഇങ്ങനെയായാൽ മതിയോ ? പഴയ ,വളരെ പഴയ ,വീണ്ടും അച്ചടിക്കാത്ത പുസ്തകങ്ങൾക്കു വേണ്ടിയാണ് ലൈബ്രറികൾ ഇനി  ഉണ്ടാവേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിലെ നോവലുകൾ എവിടെ കിട്ടും ?


7)ഒരു നോവലിലെ മുഖ്യകഥാപാത്രത്തെ അതിൻ്റെ ആദർശഗോപുരമായി കാണേണ്ട. അതിൻ്റെ അടിസ്ഥാനത്തിൽ നോവലിസ്റ്റിനെ വിലയിരുത്തുന്നതും  തെറ്റാണ്. 'ഖസാക്കിൻ്റെ ഇതിഹാസത്തി'ലെ രവി ഒരു ആദർശമാർഗ്ഗമല്ല; വെറുമൊരു കഥനസാമഗ്രിയാണ്. 'കാല'ത്തിലെ സേതു വെറും കഥനസാമഗ്രിയാണ്.സേതുവിനെ എം.ടി. പ്രതിനിധീകരിക്കുന്നില്ല.


8) സാഹിത്യകാരൻ ,കവി എന്നൊക്കെ പറയുന്നപോലെയുള്ള പദവിയാണ് വായനക്കാരൻ എന്നതും. റീഡർ റെസ്പോൺസ് തിയറി ഉണ്ടായത് വായനക്കാരുടെ അസ്തിത്വത്തെ അടിസ്ഥാനമാക്കിയാണ്.


 






 


Monday, July 12, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ /ശൈലി പ്രകൃതിയിലില്ല/metrovartha 12/7/2021

 അക്ഷരജാലകംLink

എം.കെ.ഹരികുമാർ

9995312097

Email: mkharikumar797@gmail.com


ശൈലി പ്രകൃതിയിലില്ല


പ്രകൃതിയെ അതേപടി പകർത്തി വച്ചാൽ ഫോട്ടോഗ്രാഫിപോലുമാകില്ല; പിന്നെങ്ങനെ കലയാകും?പ്രകൃതിയിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി തൻ്റേതായ എന്തെങ്കിലും കൂട്ടിച്ചേർക്കുമ്പോഴാണ് കലാകാരനോ കലാകാരിയോ ഉണ്ടാകുന്നത്‌. ഒരു സ്രഷ്ടാവ് എന്ന  നിലയിലേക്ക് എത്രപേർക്ക് ഉയരാനാവുന്നുണ്ട്?. പലരും പലതും ആവർത്തിക്കുകയാണ് ചെയ്യുന്നത്. കാലാന്തരത്തിൽ വായനക്കാർ എന്ന നാം ആവർത്തിക്കപ്പെട്ടതോ,  അനുകരിക്കപ്പെട്ടതോ ,മൂന്നാമതോ  നാലാമതോ കൈമറിഞ്ഞതോ ആയ  വിഭവങ്ങളുടെ ഉപഭോക്താക്കളായി മാറുകയാണ്.


അനിത തമ്പിയുടെ 'ഗൗരി ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലൈ 10) വായിച്ചു വിരസവും വിഫലവുമായ ഒരനുഭവത്തിൻ്റെ തനിയാവർത്തനത്തിൻ്റെ ചുഴികളിൽ അകപ്പെടുകയാണ് ചെയ്തത്. എന്താണ് ഈ കവിതയെഴുതാനുള്ള പ്രകോപനം? . മുൻമന്ത്രി കെ.ആർ. ഗൗരിയമ്മയെയാണ് കവിതയിൽ  വിഷയമാക്കിയിട്ടുള്ളത്. എന്നാൽ  ഗൗരിയമ്മയെക്കുറിച്ച് ഒരു 'സ്റ്റാറ്റസ്കോ' കവിത നിർമ്മിച്ചെടുത്തിരിക്കുകയാണ് അനിതാതമ്പി. ഇതുപോലെയുള്ള ഗതാനുഗതമായ കവനങ്ങൾ ഇപ്പോൾ സാധാരണമാണ്. ഗൗരിയമ്മക്കുറിച്ച് കവിതയെഴുതേണ്ട ആവശ്യമെന്താണിപ്പോൾ ?  കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള പ്രിയമാണെങ്കിൽ അവർ മരിക്കുന്നതുവരെ എന്തിനു കാത്തിരുന്നു ? ഗൗരിയമ്മയാകട്ടെ ഒട്ടും റൊമാൻറിക് അല്ലാത്ത പ്രകൃതമാണ്; അതൊരു കുറവല്ല എങ്കിലും. ഒരു വലിയ രാഷ്ട്രീയനേതാവ്, നിസ്വാർത്ഥമായ പൊതുപ്രവർത്തക എന്നീ നിലകളിൽ അവർ കേന്ദ്രീകരിച്ചിരുന്നത് പഞ്ചേന്ദ്രിയങ്ങളുടെ പച്ചയായ  യാഥാർത്ഥ്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള ഭൗതിക ചിന്തകളിലുമായിരുന്നു. അതിൽ ഭാവനയ്ക്കിടമില്ല. ഇതൊക്കെ അനിതാതമ്പിയെപോലുള്ളവർക്ക് എങ്ങനെ ഉൾക്കൊള്ളാനാവും?.ഗൗരിയമ്മയുടെ  പ്രണയത്തിൽ നിശ്ചയമായും രാഷ്ട്രീയപ്രശ്നങ്ങൾ അന്തർഭവിച്ചിരുന്നു. അതിൽ സാമൂഹികഘടനയുടെ അന്ത:സംഘർഷങ്ങളുണ്ടായിരുന്നു.


അനിതാതമ്പി എഴുതുന്നതു നോക്കൂ:

'എന്തിന് പോരാടി നീ തരണീ ?

എന്തു നീ നേടി മായാത്തതായി?' 


ഈ ചോദ്യത്തിൽ നിന്നു തന്നെ  വ്യക്തമാകുന്നുണ്ട് അനിതയ്ക്ക് ഭാവന ചെയ്യാനുള്ള ഒരു വസ്തുവല്ല  ഗൗരിയമ്മയെന്ന്. ഗൗരിയമ്മയുടെ യൗവ്വനകാലത്തെ സാമൂഹികമായ ആളോഹരി ഒറ്റപ്പെടലും നിന്ദിതമായ അവസ്ഥയും അനിതാതമ്പിക്ക് സംവേദനക്ഷമമായ വസ്തുതകളല്ലെന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച വരികൾ. വളരെ കാലഹരണപ്പെട്ടതും ഉൾക്കാഴ്ചയില്ലാത്തതും  അപ്രസക്തവും അസത്യവുമായ ഒരു കവനമാണിതെന്ന് വായിച്ചു തുടങ്ങിയപ്പോൾ തന്നെ വ്യക്തമായിരുന്നു. കാലത്തിനനുസരിച്ചുള്ള ആലോചനകളും ചിന്തകളുമില്ലെങ്കിൽ ഇതുപോലുള്ള കവിതകൾ നിരന്തരം ഉൽപാദിപ്പിക്കപ്പെടുക തന്നെ ചെയ്യും.


പ്രക്ഷുബ്ധമായ പ്രബുദ്ധത



സ്പാനീഷ് ചിന്തകനും ദാർശനികനുമായ ഒർട്ടേഗാ ഈ ഗാസറ്റ് ' ദ് ഡീഹ്യൂമനൈസേഷൻ ഇൻ ആർട്ട് 'എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: ' ജീവിതം ക്ഷുദ്രവസ്തുവാണ്, അതിൻ്റെ അതിർത്തികൾ മറികടക്കാനുള്ള തീവ്രമായ ത്വര നമ്മുടെയുള്ളിൽ ഇല്ലെങ്കിൽ ' . ഇതല്ലേ കവികൾ ശ്രദ്ധിക്കേണ്ടത്.


നിലവിലുള്ള വാക്കുകളുടെ അർത്ഥത്തെയും ചിന്തകളുടെ മുൻഗണനാക്രമത്തെയും  ആവിഷ്കാരമാതൃകകളെയും അതേപടി നിലനിർത്താൻ വേണ്ടി ഒരാൾ എഴുതണമെന്നില്ല .അതുകൊണ്ടു ചരിത്രത്തിനു പ്രയോജനമില്ല . എന്തെങ്കിലും നവീകരിക്കാനുണ്ടാകണം. മറ്റൊരു രീതിയിൽ നോക്കാനുള്ള സിദ്ധി വേണം. ഒരു കൂട്ടിച്ചേർക്കൽ അനിവാര്യമാണ്. ഒരു പ്രക്ഷുബ്ധമായ പ്രബുദ്ധതയാണ് ഉണ്ടാകേണ്ടത്; അത് ജ്ഞാനോദയമാണ്.


ഗാസറ്റ് എഴുതുന്നു: 'നമ്മൾ സ്ഥിരം ചക്രവാളത്തിനകത്തു ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നത് എല്ലാ ഊർജ്ജത്തെയും നശിപ്പിക്കുന്നു. ജീവിതത്തിൻ്റെ  ചക്രവാളം ജീവശാസ്ത്രപരമായ ഒരു രേഖയാണ്; നമ്മുടെ ശരീരത്തിലെ ജീവനുള്ള ഒരു ഭാഗം. ജീവിതനിറവിൽ നിൽക്കുമ്പോൾ അത് വികസിക്കുന്നു. ആ ചക്രവാളം ചുരുങ്ങുന്നത്  തിരിച്ചറിയാനാവും, ആഗ്രഹങ്ങൾ നശിച്ചു ജരാനരകളിലേക്ക് നീങ്ങുമ്പോൾ ' .


കലയിൽ സ്വഭാവത്തേക്കാൾ ശൈലിക്കാണ് പ്രാധാന്യം. ഫ്രഞ്ച് സംവിധായകനായ കീസ്ലോവ്സ്കിയുടെ 'ദ് ഡബിൾ ലൈഫ് ഓഫ് വെറോണിക്ക ' എന്ന സിനിമ ശൈലിയാണ് കാണിച്ചു തരുന്നത്. യഥാതഥസിനിമയല്ലത്;വെറോണിക്ക  എന്ന പേരിൽ രണ്ടു യുവതികളുണ്ട് ,രണ്ടു സ്ഥലത്ത് .അവർ തമ്മിൽ വൈകാരികമായ ബന്ധമുണ്ടാവുകയാണ്. യുക്തിപരമായ ഉത്തരമില്ല. നാം നമ്മളായിരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നമ്മളിൽ പലരുണ്ട്.


കലയിൽ ശൈലീവത്ക്കരണമുണ്ടാകുന്നത് ,യാ ഥാർത്ഥ്യത്തെ തകർക്കുമ്പോഴാണ് .ശൈലി അപമാനവീകരണമാണ്. റിയലിസ്റ്റാവുമ്പോൾ ശൈലി ഇല്ലാതാകുന്നു. ശൈലി പ്രകൃതിയിലില്ലാത്തതാണ്.


ഗാസറ്റ് പറയുന്നപോലെ, പ്രത്യേകിച്ച് യാതൊരു അവബോധമോ ,ചിന്തയോ ഇല്ലാതെ ,ബുദ്ധിശൂന്യതയോടെ  എന്തെങ്കിലും വരയ്ക്കാനോ എഴുതാനോ യാതൊരു പ്രയാസവുമില്ല. പരസ്പരബന്ധമില്ലാത്ത വാക്കുകൾ ചേർത്തു വച്ചാൽ മതി ;അല്ലെങ്കിൽ പൊരുത്തമില്ലാത്ത വരികൾ  ഉണ്ടാക്കിയാൽ മതി .എന്നാൽ പ്രകൃതിയുടെ പകർപ്പല്ലാത്ത  എന്തെങ്കിലും സൃഷ്ടിക്കണമെങ്കിൽ , സ്വന്തമായ ഒരു ത്വര ഉണ്ടാകണം. അതാണ് പ്രക്ഷുബ്ധമായ പ്രതിഭ അഥവാ ക്ഷോഭിക്കുന്ന ജ്ഞാനം.


മെലോഡ്രാമ


യാഥാർത്ഥ്യം കലാകാരൻ്റെ  യാത്രയെ തടസ്സപ്പെടുത്താൻ വഴിയിൽ പതുങ്ങിയിരിക്കുകയാണ്.ഇതിൽ നിന്നു   രക്ഷപ്പെടാൻ നല്ല സാമർത്ഥ്യം വേണം. സംഗീതംപോലും മെലോഡ്രാമ അല്ലെങ്കിൽ അതിഭാവുകത്വമാണെന്ന് ഗാസറ്റ് ചൂണ്ടിക്കാണിക്കുന്നത് ഈ പ്രക്ഷുബ്ധമായ പ്രബുദ്ധതയ്ക്ക് ഉദാഹരണമാണ്.മഹാനായ ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷെ നിരീക്ഷിച്ചു ,സംഗീതം വികാരത്തിൻ്റെ സ്വയം ആഘോഷമാണെന്ന്.ബിഥോവൻ മുതൽ വാഗ്നർ വരെയുള്ള മഹാന്മാരുടെ സംഗീതം അതിവൈകാരികതയാണെന്ന് ഗാസറ്റ്   നിരീക്ഷിക്കുന്നത് അതിലെ വൈകാരികതലത്തെ അടിസ്ഥാനമാക്കിയാണ്.


ചില കവിതകളിൽ അതിവൈകാരികതയോ വർദ്ധിച്ച അന്ത:ക്ഷോഭമോ അതിൻ്റെ തന്നെ ഭക്ഷണമാവുകയാണ്. വികാരം മാത്രമേ കാണൂ .കവിത ഒരു  വിച്ഛേദമാണ് ,പാഴ്ശ്രുതിയായി അധ:പതിക്കുന്ന അതിവൈകാരികതയിൽ നിന്ന്. കവിതയുടെ അഭൗമമായ ഗുണം മല്ലാർമെയെപ്പോലെ നല്കാനാവണം.


മല്ലാർമെയുടെ വരികൾ കുറിക്കട്ടെ:

'എല്ലാം ഒരു വാക്കിൽ

സംഗ്രഹിച്ചിരിക്കുന്നു - വീഴ്ച.

അതുകൊണ്ട് വർഷത്തിൽ എൻ്റെ 

പ്രിയപ്പെട്ട കാലം ഹേമന്തത്തിനു 

മുമ്പുള്ള വേനൽക്കാലത്തിൻ്റെ

പതനയാത്രയാണ്, 

പകലിൽ 

വിടവാങ്ങാൻ മടിക്കുന്ന

സൂര്യനെ കണ്ട് നടക്കുന്നതാണ് -

മഞ്ഞ വെങ്കലരശ്മികൾ

നരച്ച ഭിത്തികളിലും 

ചുവന്ന

ചെമ്പിൻ്റെ രശ്മികൾ 

തറയോടുകളിലും വിതറി....'


ഒരു കവിയല്ലാതെ എനിക്ക് മറ്റൊന്നുമാ കേണ്ടെന്ന ആഗ്രഹം പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രഖ്യാപിച്ച ആദ്യ കവിയാണ് മല്ലാർമെ .ഈ അഭൗമ ഗുണം മറ്റെല്ലാറ്റിൽ നിന്നും അദ്ദേഹത്തെ ഉയർത്തി നിർത്തി.


ദ് പോയറ്റ് ബിഗിൻസ് വെയർ ദ് മാൻ എൻഡ്സ് - ഗാസറ്റിൻ്റെ വാക്കുകളാണ്. മനുഷ്യവ്യക്തി  അവസാനിക്കുന്നിടത്താണ് ഒരു കവി ഉദയം ചെയ്യുന്നത്. മനുഷ്യന് അവൻ്റെ  ജീവിതം ജീവിക്കാനുള്ള ഇടം മതി; കവിക്ക് ജീവിതത്തിലില്ലാത്തത് കണ്ടുപിടിക്കേണ്ടി വരും. കവി ലോകത്തെ വിപുലീകരിക്കുകയാണ് ചെയ്യേണ്ടത്.


കവിത ഒരയാഥാർത്ഥ ലോകമാണെങ്കിലും ,അതിൽ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല ,അത് തത്ത്വചിന്താപരവുമാണ്. അമെരിക്കൻ ഫിലോസഫി പ്രൊഫസറായ മൊണ്ടാഗ്  ബ്രൗൺ എഴുതിയ  'റീസൺ ,റെവലേഷൻ ആൻഡ് മെറ്റാഫിസിക്സ് - ദ് ട്രാൻസെൻ്റഡൽ അനാളജീസ്' എന്ന പുസ്തകത്തിൽ മറ്റു മാനവശാസ്ത്രമേഖലകളിൽ നിന്ന് തത്ത്വചിന്തയെ വ്യത്യസ്തമാകുന്നത് അതിലടങ്ങിയ നിരാസ്പദമായ സ്വാതന്ത്ര്യമാണെന്ന് വിശദീകരിക്കുന്നുണ്ട്. ഒരു മനശാസ്ത്രജ്ഞന് വ്യക്തികളുടെ മനസ്സിനെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ തത്ത്വങ്ങളെ ആശ്രയിക്കുന്ന ചിന്തകളേ സാധ്യമാകൂ; ഒരു ജീവശാസ്ത്രജ്ഞൻ്റെ ലോകം അയാൾക്കു അജ്ഞാതമാണ്. ജീവശാസ്ത്രജ്ഞനു സാമൂഹ്യശാസ്ത്രപരമായ വിഭവങ്ങൾ അസുഖകരമാണ്. എന്നാൽ തത്ത്വചിന്ത എല്ലാറ്റിനെയും ചൂഴുന്നു. ദാർശനികത എന്തിനെയും വ്യാഖ്യാനിക്കുമെന്നാണ് ബ്രൗൺ പറയുന്നത് .അത് ഒന്നിലേക്കും ചുരുങ്ങില്ല, മറ്റു മാനവശാസ്ത്ര വിഷയങ്ങളെപ്പോലെ. 


ഡൗൺലോഡ് ചെയ്യാനാവില്ല


തത്ത്വചിന്തയിൽ അതിൻ്റെ തന്നെ വൈരുദ്ധ്യത്തെയും അസംബന്ധത്തെയും മുഖാമുഖം കാണുന്ന സന്ദർഭങ്ങളുണ്ട്.ഇത് സ്വാതന്ത്ര്യമാണ്.ദാർശനികത അംഗീകൃത പഠനശാഖകൾക്ക് പുറത്താണ് അലയുന്നത് .ഏത്  ചിന്താവ്യവസ്ഥയ്ക്കും പുറത്ത് തരിശുനിലങ്ങളുണ്ട്. അവിടെയാണ് ദാർശനികത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. കവിതയും  സാഹിത്യവും ഈ തരിശുനിലങ്ങളിൽ നിന്ന് ഊർജം തേടുകയാണ്. അവിടെ സ്വാതന്ത്ര്യം ആരംഭിക്കുകയല്ല , അവസാനിക്കാത്ത പാത കണ്ടെത്തുകയാണ്.


ഒരു കവി തൻ്റെ അഭൗമവും വിഭ്രാമക വുമായ ലോകം സൃഷ്ടിക്കുന്നത് സ്വതന്ത്രമായാണ് ; കണ്ടുപിടുത്തമാണത്. അയാൾക്കുള്ള ഉത്തരങ്ങൾ എവിടെ നിന്നും ഡൗൺലോഡ് ചെയ്യാനാവില്ല.



വിചാരം


എസ് .കെ. പൊറ്റക്കാടിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് 'എസ്.കെ. പൊറ്റക്കാട് - ഓർമ്മ ,പഠനം, സംഭാഷണം'. സി. പി.ശ്രീധരൻ ,എം ടി ,ഒ.എൻ.വി ,ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ,എസ്.രാജശേഖരൻ ,ഇ .വാസു, ചെറിയാൻ കുനിയന്തോടത്ത്  തുടങ്ങിയവരുടെ ഓർമ്മകൾ വായിക്കാം. അതോടൊപ്പം ചില  എഴുത്തുകാരുടെ പഠനങ്ങക്കുറിപ്പുകളും ചേർത്തിട്ടുണ്ട്. കാലപ്പഴക്കം ചെല്ലുന്നതോടെ കൃതികൾക്ക് പ്രസക്തിയില്ലെന്ന് വാദിക്കുന്ന പുത്തൻകൂറ്റുകാർ ഇതൊക്കെ കാണണം. എസ്.കെ.ഉണ്ടെങ്കിലേ ഇന്നത്തെ എഴുത്തുകാരുള്ളു. ഇതൊരു തുടർച്ചയാണ്. എസ്.കെയെ വിസ്മൃതിയിലേക്ക് തള്ളിയിട്ട ശേഷം ജീവിക്കാമെന്നത് വ്യാമോഹം മാത്രമാണ്. 


സി.പി.ശ്രീധരൻ എഴുതുന്നത് പുതിയ അറിവു പകരുന്നു: 'വീട്ടിലായാലും മറുനാട്ടിലായാലും എസ്. കെ.  മുറതെറ്റാതെയനുഷ്ഠിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. രാവിലെ അഞ്ചു മണിയോടെടുത്തോ വെളുക്കുന്നതിനു മുൻപോ ഓരോ ദിവസവും ഓരോ പുതിയ വഴിയിൽക്കൂടി മൂന്നുനാലു  മൈലെങ്കിലും ചുരുങ്ങിയതു നടക്കും. കുന്നും കുളവും ,കല്ലും തൂണും, ആലയും തറയും, കാവും കാടും കണ്ട പുതുമകളെല്ലാം നേത്രാഭിചാരംകൊണ്ടകത്തു കടത്തും . തിരിച്ചുവന്നശേഷം -അല്ലെങ്കിൽ രാത്രി, കണ്ടതും കേട്ടതുമെല്ലാം തൻ്റെ  ഡയറിയിലും നോട്ടുപുസ്തകത്തിലും  വിശദമായി തന്നെ കുറിച്ച് വയ്ക്കും. നാല്പത്തിയെട്ടുവർഷം തുടർന്നുവന്ന ഈ ശീലത്തിൻ്റെ ഫലമായി എത്രയോ ലോറികളിലൊതുങ്ങുന്നത്ര കുറിപ്പ്പുസ്തകങ്ങൾ കെട്ടിക്കിടപ്പുണ്ട് " .


 തന്നെ ചെറുപ്പത്തിൽ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരൻ എസ് .കെ. പൊറ്റക്കാട്ടണെന്ന് എം.ടി അനുസ്മരിക്കുന്നു. തനിക്ക് എഴുതണമെന്ന് തോന്നാൻ കാരണം എസ്.കെയുടെ കൃതികളാണ്. 'മനസ്സിൽ അവ്യക്തസുന്ദരസങ്കല്പങ്ങളുടെ ആയിരം പീലിക്കാവടികൾ നിവർത്തി നിറഞ്ഞുനിന്ന പേരാണ് എസ്. കെ. പൊറ്റക്കാടെന്ന്' എം.ടി കുറിക്കുന്നു.


നുറുങ്ങുകൾ


1)പിൽക്കാല എഴുത്തുകാരുടെ  അസ്തിത്വപ്രശ്നവും അതിജീവന സമസ്യയുമായി തൻ്റെ പേരിൽ അവാർഡ് സ്ഥാപിതമാവുമെന്ന് എഴുത്തച്ഛനു അറിയില്ലായിരുന്നു.  അതറിയാമായിരുന്നെങ്കിൽ, അദ്ദേഹം വ്യവസ്ഥകൾ എഴുതിവച്ച് അവാർഡുകളുടെ കാര്യത്തിൽ കർശന നിലപാടെടുക്കമായിരുന്നു.


2)ഏത് മുന്നണി അധികാരത്തിൽ വന്നാലും ,എല്ലാവർക്കും പ്രിയപ്പെട്ടതായി തുടരാൻ ചില എഴുത്തുകാർക്ക് പ്രത്യേക സിദ്ധി തന്നെയുണ്ട്. അവർ ഒരേസമയം ഭഗവത്ഗീതയും കമ്മ്യൂണിസവും ഇടതും വലതും വള്ളത്തോളും നാലപ്പാടനുമായെല്ലാം അവതരിക്കും.


3)പുതിയ സർക്കാരിലെ സാംസ്കാരിക മന്ത്രി ആരായിരിക്കുമെന്ന് മനസ്സിൽ പ്രവചിച്ചുകൊണ്ട് ഇലക്ഷൻ പ്രചരണത്തിന് പോയവരുണ്ട്. എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ ആകെ മാറിപ്പോയിരിക്കയാണ്.


4)ഒരു ആത്മകഥയിൽ മാത്രമല്ല ,ഒരു പദവിയിലും ഒതുങ്ങാത്തവനാണ് നല്ല എഴുത്തുകാരൻ .കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വേണ്ടെന്ന് പറഞ്ഞപ്പോൾ എം. പി.നാരായണപിള്ള അതാണ് സൂചിപ്പിച്ചത്.


5) പണം  കൊടുക്കാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യമാണിന്നുള്ളത്. പുസ്തകം  പുറത്തിറക്കാൻ ഭാഷാഇൻസ്റ്റിട്യൂട്ടിനെ സമീപിക്കാൻ നിവൃത്തിയില്ല .ആ വഴി പോയാൽ കൊച്ചുകുട്ടികൾ പോലും പേടിച്ചു നിലവിളിക്കും.


6)എഴുതാൻ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും വിഷയം നിർദ്ദേശിച്ചു തരും. അതിനനുസരിച്ച് എഴുതിയാൽ മതി .ഷഷ്ഠിപൂർത്തിയും സപ്തതിയും അശീതിയുമെല്ലാം നന്നായി ആഘോഷിക്കപ്പെടാൻ  ഇതാണ് ഉത്തമം .


വായന 


വിശ്രുത ബംഗാളിനോവലുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എം.എൻ .സത്യാർത്ഥിയെ  മലയാളികൾക്ക് വേണ്ട. അവർക്ക് കഷ്ടിച്ച ഒരു കഥ മാത്രം എഴുതിയവരെ മതി. പി.വി.കെ. പനയാൽ (ഗ്രന്ഥാലോകം ,ജൂൺ ) ഇങ്ങനെ എഴുതുന്നു:

'മറവിയുടെ ഇരുണ്ട ഗർത്തത്തിൽ എത്രവേഗമാണ് നാം എം.എൻ.സത്യാർത്ഥി എന്ന പേര് അടച്ചുപൂട്ടി മുദ്രവെച്ചുകളഞ്ഞത്!. പ്ലാസി യുദ്ധത്തിൻ്റെ കഥപറയുന്ന, ആയിരത്തിൽപരം പേജിൽ പരന്നുകിടക്കുന്ന ,ബിമൽമിത്രയുടെ 'ബീഗം മേരി വിശ്വാസ്' എന്ന  നോവൽ വായിക്കുമ്പോൾ അത് മലയാളത്തിലെഴുതിയ നോവലാണെന്നേ നമുക്ക് തോന്നൂ'.


പുരോഗമന കലാസാഹിത്യസംഘം അതിൻ്റെ പിതാവായ കെടാമംഗലം പപ്പുക്കുട്ടിയെ പടിയടച്ച് പിണ്ഡംവച്ചതുപോലെയാണിത്. ഉപയോഗിച്ചു വലിച്ചെറിയുന്ന സാഹിത്യ സംസ്കാരം നല്ലതല്ല. നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് പിന്നീടേ മനസ്സിലാകൂ. ഓസ്കാർ വൈൽഡ് ജീവിച്ചിരുന്നപ്പോൾ കള്ളക്കേസെടുക്കാനും അപമാനിക്കാനുമായിരുന്നു പലർക്കും താൽപര്യം. അദ്ദേഹം മരിച്ച ശേഷമാണ് തങ്ങൾ എത്രമാത്രം നികൃഷ്ടമായാണ്  വൈൽഡിനെ കൈകാര്യംചെയ്തെന്ന് സമൂഹം മനസ്സിലാക്കിയത്. പിന്നീട് ആ ശവകുടീരത്തിലേക്ക് ആരാധകർ പ്രവഹിച്ചുകൊണ്ടിരുന്നു. ആ  ശവക്കല്ലറ ആരാധകർ ഉമ്മവച്ചതിൻ്റെ ലിപ്സ്റ്റിക് പാടുകൊണ്ട് നിറയുകയാണുണ്ടായത്. ആരാധകരെ ഒഴിവാക്കാൻ അധികാരികൾ ആ കല്ലറ വേലികെട്ടി അടക്കുകയായിരുന്നു.



ഫോർമുല മാറണം


നമ്മുടെ സാഹിത്യ, സാംസ്കാരിക ആഴ്ചപ്പതിപ്പുകളുടെ ഉള്ളടക്കവും  ഫോർമുലയും മാറ്റാൻ സമയമായി. ഒരു നോവൽ ,ഒരു കഥ ,രണ്ടു കവിത, ആത്മകഥ, ഫീച്ചർ, ലേഖനം എന്നിങ്ങനെയുള്ള ബുക്കിഷ് ഘടന ഇന്നത്തെ വായനക്കാരൻ്റെ മനസിനെ അപ്ഡേറ്റ് ചെയ്യുന്നില്ല . മനുഷ്യരുടെ ജീവിതവും ചിന്തകളുമായി ഇതിനു ബന്ധമില്ല. ഇന്ന് ആഴ്ചപ്പതിപ്പുകളിൽ  വരുന്ന കവിതയോ കഥയോ ആളുകൾ കാണണമെങ്കിൽ ഫേസ്ബുക്കിലിടേണ്ട അവസ്ഥയാണുള്ളത്.എഴുത്തുകാർക്ക് ഇരട്ടിപ്പണിയാണ്. മനുഷ്യരുടെ സമകാലികജീവിതത്തെ കീറിമുറിച്ച് പരിശോധിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും വാരികകളിൽ ഉണ്ടാവണം. ഒരു പഴയ സ്കൂൾ മാഷിൻ്റെ ,അല്ലെങ്കിൽ കോളജ് മാഷിൻ്റെ ചുറ്റുവട്ടത്തിൽ നിന്ന് ,പരിപ്രേക്ഷ്യത്തിൽ നിന്ന് സാഹിത്യത്തെ മാറ്റേണ്ടതുണ്ട്.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വാരികകൾ പതിറ്റാണ്ടുകൾ പിറകിലേക്കു സഞ്ചരിക്കുകയാണിപ്പോൾ. ഇന്ന് എഴുത്തുകാരെ അലട്ടുന്നത് സമൂഹമാധ്യമങ്ങളാണ്‌. അപ്രതീക്ഷിതമായി ഒരു കെണിയിലേക്ക് വീണതിൻ്റെ സമ്മർദ്ദം പലരിലുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാൻ ആഴ്ചകളോളം സോഷ്യൽ മീഡിയ അക്കൗണ്ടു പൂട്ടി വയ്ക്കുന്നവരുമുണ്ട്. 


പുസ്തകങ്ങൾ ഇന്ന് വാരികകളിൽ ഒരു വാർത്ത പോലും അല്ലാതായ സംഭവം ഇതിനോടു ചേർത്തുവച്ചു കാണണം.സാമൂഹിക അകലം പാലിക്കുന്നതിനു പകരം അടുപ്പം ഉണ്ടാക്കുകയാണ് എഡിറ്റർമാർ ചെയ്യേണ്ടത്.


സംസ്കാര കേരളം


എഴുപതുകളിലെ ഫോർമുല കാലഹരണപ്പെട്ടു .ജീവിച്ച ജീവിതങ്ങൾ വിസ്മരിക്കപ്പെടുകയാണ്. പകരം ബുക്കിഷ് മാതൃകയിലുള്ള വാർപ്പ് സങ്കല്പങ്ങൾ അണിനിരക്കുന്നു. സാംസ്കാരിക വാർപ്പുമാതൃകകളെ അതേപടി പുനഃസൃഷ്ടിക്കുന്നത് അപകടകരമാണ്.

കേരളസർക്കാരിൻ്റെ 'സാംസ്കാരിക കേരളം' മാസികയുടെ ജുലായ് ലക്കം ഞെട്ടിച്ചു. ആകെ നൂറ് പേജാണുള്ളത്.അതിൽ അറുപത്തിയേഴ് മുതലുള്ള മുഴുവൻ പേജുകളും നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനു നീക്കിവച്ചിരിക്കയാണ്.എന്താണ് കാരണം ?എന്തെങ്കിലും പ്രത്യേക ദർശനമോ കലാതന്ത്രമോ ബാലകൃഷ്ണൻ ആവിഷ്കരിച്ചോ ?അദ്ദേഹത്തിൻ്റെ ഫോട്ടോകൾ പോലെ തീരെ ആഴമില്ലാത്ത ,ചിന്താരഹിതമാണ് മിക്കവാറും കൃതികളും. 'സംസ്കാര കേരള'വും വ്യക്തിപൂജയിൽ അഭിരമിക്കുന്ന പ്രസിദ്ധീകരണങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ് ?ഔചിത്യം വേണ്ടേ ?ഇതിൻ്റെ എഡിറ്റർ പ്രഭാകരൻ പഴശ്ശിക്ക് വസ്തുതകൾ വേർതിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തതിനാൽ അദ്ദേഹം പലരുടെയും സമ്മർദ്ദത്തിനു അടിമപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഇതൊരു സർക്കാർ പ്രസിദ്ധീകരണമാണെന്ന കാര്യം പഴശ്ശി മറന്നു പോയി. ഈ നാട്ടിലെ ധാരാളം കഴിവുള്ള എഴുത്തുകാർക്ക് പ്രയോജനപ്പെടേണ്ട ഒരു ജേർണൽ ചിലരുടെ പബ്ളിസിറ്റിക്ക് വേണ്ടി മാത്രമായി  നിന്നുകൊടുക്കുന്നത് അവിവേകമാണ്.ഇത് 'സംസ്കാര കേരള'മല്ല ,സംസ്കാരമില്ലാത്ത കേരളമാണ്‌.


Monday, July 5, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / വിചിത്രമായ ആകുലതകൾ /metrovartha 5 July 2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

Email :mkharikumar797@gmail.com


വിചിത്രമായ ആകുലതകൾ


സമീപനാളുകളിലാണ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ഫസ്റ്റ് പേഴ്സൺ സിംഗുലർ ' എന്ന കഥാസമാഹാരം പുറത്തുവന്നത്. ഒരു കാഫ്കയെസ്ക്  (കാഫ്കയുടെ കൃതികളിൽ കാണുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ലോകം )ലോകത്തിൻ്റെ സന്ദിഗ്ദ്ധതകളും അകാരണമായ വ്യഥകളും നിറഞ്ഞുനിൽക്കുന്ന ഏകാന്തതയുടെ ഹിമശൈലങ്ങളാണ് ഓരോ കഥയും .മുറകാമിക്ക് ഒരു മൗലികനോട്ടമുണ്ട് .ലോകത്തിൻ്റെ  ചംക്രമണങ്ങളെ തനിക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിൽ സ്വകാര്യമാക്കുന്നിടത്താണ് 

മുറകാമിയുടെ പ്രസക്തി .എല്ലാവരും കാണുന്നപോലെയും മനസ്സിലാക്കുന്ന പോലെയുമാകരുത് എഴുത്തുകാരൻ്റെ  വീക്ഷണങ്ങൾ. അയാൾക്ക് അത്യാനന്ദത്തിലെത്താനും അതിശയകരമായ വിഷാദത്തിലേക്ക് ആണ്ടുപോകാനും സ്വന്തവും രഹസ്യാത്മകവുമായ കാരണങ്ങൾ ഉണ്ടാകണം .അയാൾ സംഘർഷങ്ങളിലൂടെ തുഴഞ്ഞെത്തിയ ദ്വീപാണത്. അയാൾ സ്വയം സ്ഥാപിച്ച കുരിശാണത്. അയാൾക്ക് അവിടെയേ ശാന്തി ലഭിക്കൂ .മുറകാമി എഴുതുന്നത് ഇങ്ങനെയാണ്:

'തീർച്ചയായും നേടുന്നത് നഷ്ടപ്പെടുന്നതിനേക്കാൾ വളരെ നല്ലതാണ്. പക്ഷേ ,നേടുന്നതോ നഷ്ടപ്പെടുന്നതോ സമയത്തിൻ്റെ മൂല്യത്തെയോ ഭാരത്തെയോ ബാധിക്കുന്നില്ല. ഒരു മിനിട്ട് ഒരു മിനിട്ടാണ് .ഒരു മണിക്കൂർ ഒരു മണിക്കൂറാണ്. നമ്മൾ അതിനെയാണ്  പരിപാലിക്കേണ്ടത്. നമ്മൾ കാലവുമായി അനുരഞ്ജനപ്പെടണം; കഴിയുന്നിടത്തോളം വിലപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കുക. ഇതാണ് ഏറ്റവും പ്രധാനം' .


ആകസ്മികസൗന്ദര്യം


കാലത്തിൻ്റെ മൂല്യത്തിൽ പ്രാതിഭാസി കമായ തലമാണുള്ളത്. നമ്മൾ കരഞ്ഞാലും സന്തോഷിച്ചാലും കാലത്തിൽ യാതൊരു വ്യതിയാനവുമില്ല. അതുകൊണ്ട്  നമുക്ക് ചെയ്യാനുള്ളത് ,എന്തെല്ലാം ഓർത്തെടുക്കാൻ കഴിയുമെന്നാണ്‌.

ഭാഷയെ യാതൊരു ഭാരവുമില്ലാതെ ,ഒരു മേഘപടലം പോലെ രചനയിൽ ഒഴുക്കിവിടുന്നവരുണ്ട്, ഇറ്റാലോ കാൽവിനോ പറഞ്ഞതുപോലെ. അദ്ദേഹം തന്നെ മറ്റൊരു സങ്കേതവും  ചൂണ്ടിക്കാട്ടുന്നു. ഭാഷയ്ക്ക് വസ്തുക്കളുടെയും ശരീരങ്ങളുടെയും  വികാരങ്ങളുടെയും ഭാരവും സാന്ദ്രതയും ദൃഢതയും നല്കുന്നവരുണ്ട് . ശക്തമായ നിരീക്ഷണമാണിത്. ഭാഷയെ വായനക്കാരൻ  അറിയേണ്ടതില്ല എന്ന് വിചാരിക്കുന്നവർക്ക് അവരുടെ ന്യായമുണ്ട്. എന്നാൽ ചിലർക്ക് ഭാഷയിൽ ജീവിച്ചേ മതിയാകൂ' .


മുറകാമി ഭാഷയെ ഇളംകാറ്റുപോലെ  ലോലമാക്കുന്നു ;അതേസമയം അതിൻ്റെ അവസാനം ഉത്തരമില്ലാത്ത ചോദ്യങ്ങളാവും ശേഷിക്കുക. തൻ്റെ  കഥാപാത്രം ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുറകാമി ഒരു കാര്യം വെളിപ്പെടുത്തി: 'മനുഷ്യൻ്റെയുള്ളിലെ ഇരുട്ട്  എപ്പോഴാണ് പുറത്തുവരുന്നതെന്ന് പറയാനാവില്ല. അത് അപ്രതീക്ഷിതമായി, മറ്റൊരിടത്ത് ഇടം കണ്ടെത്തുകയാണ്. കഥാപാത്രങ്ങളെക്കുറിച്ചോ , കഥയെക്കുറിച്ചോ മുൻധാരണകൾ ഇല്ലാതെ എഴുതിത്തുടങ്ങുന്ന മുറകാമിക്ക് കഥാന്ത്യത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരിക്കില്ല. രചന ഒരെഴുത്തുകാരനെ സ്വയം അനാവരണം ചെയ്യാൻ സഹായിക്കുന്ന പോലെയാണിത്. ആകസ്മികതയിൽ സൗന്ദര്യമുണ്ട്.


കൃത്രിമരചന


പി.എഫ്.മാത്യൂസിൻ്റെ ' പരിഭാഷകൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 27)വായിച്ച് അന്തം വിട്ടുപോയി.മാത്യൂസിനു കഥ പറയാൻ അറിയില്ല. അദ്ദേഹത്തിനു  എന്തോ പ്രശ്നമുണ്ട്. മനസ്സിൽ യാതൊന്നുമില്ലാതെ, കുറെ കാര്യങ്ങൾ പരസ്പരബന്ധമില്ലാതെ നീട്ടിപ്പരത്തി പറയുകയാണ്.ഒരു ഫ്ലാറ്റിൽ താമസിച്ച കോളേജ് അധ്യാപകൻ്റെ ഭാര്യ മരിച്ചു. സുഹൃത്തും ഡോക്ടറുമായ  അയൽവാസി സ്ത്രീയെ അയാൾ  കല്യാണം കഴിക്കാൻ ആലോചിക്കുകയാണത്രേ. ഇക്കാര്യത്തിൽ വായനക്കാർ എന്താണ് ചെയ്യേണ്ടത് ? കോളേജ് അധ്യാപകൻ വാലും തലയുമില്ലാതെ  ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. കഥയിൽ അതിന് ഒരു സ്ഥാനവുമില്ല.തൻ്റെ പൊള്ളയായ  കഥപറച്ചിലിനെ മറച്ചുപിടിക്കാൻ കഥാകൃത്ത് തനിക്ക് ദഹിക്കാത്ത പാശ്ചാത്യസാഹിത്യകാരന്മാരുടെ ചിന്തകൾ അനാവശ്യമായി  ഉദ്ധരിക്കുകയാണ്‌. ഇതെല്ലാം  കഥയിൽ ,പ്രളയത്തിൽ ഒഴുകിപ്പോയ തടിക്കഷണങ്ങൾ പോലെ  അവശേഷിക്കുകയാണ്. മാത്യൂസിനു  ഒരു അന്ത:സംഘർഷവുമില്ല. ഒരു കഥ പറയണമെന്ന നിർബന്ധമുള്ളതുകൊണ്ട് എഞ്ചുവടി വച്ചു കണക്കുണ്ടാക്കി കഥ എഴുതുകയാണ്. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കാൻ ഇതിനു  ശേഷിയില്ല.വി.പി.ശിവകുമാർ തൻ്റെ ഒരു കഥയിൽ ഉദ്ധരിച്ച 'സോളമൻ ഗ്രണ്ടി' എന്ന പാട്ട് മാത്യൂസ് തൻ്റെ കഥയിൽ തിരുകിക്കയറ്റുന്നു. എന്തു ഫലം ? അങ്ങേയറ്റം ദുർബ്ബലവും ശിഥിലവും വികാരശൂന്യവും നിഷ്പ്രയോജനവുമായ കഥയാണ് 'പരിഭാഷകൻ' എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.


ഒരു കഥ എഴുതുന്നത് അസ്തിത്വത്തിൻ്റെ ഇതുവരെ കാണാത്ത ഒരു കണമെങ്കിലും  അനാവരണം ചെയ്യാനായിരിക്കണം. അതിനു ജീവിതത്തിൻ്റെ അഗാധമായ  തലത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. എല്ലാവർക്കും പരിചിതമായ കാര്യങ്ങൾ വച്ച് കപടനാടകം കളിച്ചിട്ട് കാര്യമില്ല. ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു, ഭാര്യ ഭർത്താവിനെ മർദ്ദിച്ചു തുടങ്ങിയ സംഭവങ്ങൾ ചെറുകഥയാക്കേണ്ടതുണ്ടോ ? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കലയാണ് സൃഷ്ടിക്കേണ്ടത്.മഹാചിത്ര കരനായ വാൻഗോഗ് ആകാശത്തെ വരയ്ക്കുമ്പോൾ നാം നിത്യവും കാണുന്ന ആകാശമല്ല അത്;  വാൻഗോഗ് കണ്ടുപിടിച്ച ആകാശമാണ്.ഗാർസിയ മാർകേസ് കഥയെഴുതുമ്പോൾ ,അത് നിത്യവും പരിചയമുള്ള ഒരു സംഭവമായിരിക്കില്ല. അതിൻ്റെ അപ്രവചനീയമായ മറ്റൊരു ക്രമമാണ് അദ്ദേഹം തേടുന്നത്. വിചിത്രമായ ആകുലതകൾ ,മൗനങ്ങൾ ,സംഘർഷങ്ങൾ ,സന്ദേഹങ്ങൾ തുടങ്ങിയവയാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. ഇറ്റാലോ കാൽവിനോയുടെ ' അദൃശ്യ നഗരങ്ങൾ ' ഓർക്കുക.


പാരസ്പര്യമില്ല


ജി. പ്രഭയുടെ 'കടലും മരുഭൂമിയും' (പ്രഭാതരശ്മി ,മെയ് ) വളരെ താൽപ്പര്യത്തോടെയാണ്  വായിച്ചത്. ഒരു യുവതി മരിക്കാനായി പുറപ്പെടുകയാണ്. എന്നാൽ സൂര്യൻ്റെ  വെട്ടം പൊലിഞ്ഞതും ഇരുൾ പരന്നതും അവളുടെ യാത്രയെ തടസ്സപ്പെടുത്തി .അവളുടെ ലക്ഷ്യം തെറ്റി. അവൾ സ്വാതന്ത്ര്യത്തിനായി  കൊതിച്ചു .പക്ഷേ, ഇരുട്ടും പ്രളയവുമാണ് അവളെ വിഴുങ്ങിയത്. അവൾ പ്രളയത്തിൽ ആണ്ടുപോയി. 'സ്വയം സ്വതന്ത്രമാകാനായി,  ജീവിതത്തിൻ്റെ സാക്ഷ്യമായ ജീവനെ ഇറക്കിവയ്ക്കാനായി ഒരിടം തേടി  ഇറങ്ങിയതാണ് അവൾ . ജീവനെടുക്കുന്ന വിഷക്കായോ ഒരു പൊട്ടക്കിണറോ കുടുക്കിടാൻ എളുപ്പത്തിലൊരു മരക്കൊമ്പോ  ആഴമറിയാത്തൊരു ആത്മഹത്യാമുനമ്പോ, അങ്ങനെ എന്തെങ്കിലുമൊന്ന് .... പക്ഷേ അവിടേയ്ക്കെത്തും മുൻപേ തന്നെ  വലിയൊരു പ്രളയം ഇങ്ങോട്ടെത്തി അവളെ വലയം ചെയ്തിരുന്നു. ജീവിതത്തിൽനിന്നുള്ള അവളുടെ രക്ഷകനായി.'


പ്രളയജലത്തിൽ നീന്തിയ അവളെ മീനുകൾ പൊതിഞ്ഞു. അവളുടെ  മുഖമാകെ ചിതമ്പലുകൾ  പൊതിഞ്ഞിരുന്നു. വശങ്ങളിലായി നീണ്ടു വീശിയ മത്സ്യച്ചിറകുകളും. അവൾ ഒടുവിൽ ഒരു സുന്ദരിയായ മത്സ്യകന്യകയായി മാറി.അതവളുടെ പരാജയമായിരുന്നു. അവൾ ഇനി എവിടെ പോകും?


നിത്യവും നാം കണ്ടുമുട്ടുന്ന കഥകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ കഥയിൽ നടകീയതയോ സമൂഹമോ ഇല്ല .ഒരു സാംസ്കാരിക ആത്മീയ പരിപ്രേക്ഷ്യത്തിലേക്ക് കഥ ഉയരുന്നില്ല. കാഫ്കയുടെ 'ജോസഫൈൻ ദ് സിംഗർ ഓർ ദ് മൗസ് ഫോക് ' എന്ന കഥയിലെ എലിയുടെ സവിശേഷത സംഗീതമായിരുന്നു. അതാണ് അതിനെ മറ്റ് എലികൾക്കിടയിൽ ശ്രദ്ധേയയാക്കിയത്. റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗളി' ൽ ഒരു കാക്ക ആകാശത്തിൽ പതിവു വിട്ട് ഉയർന്ന് പറന്ന് തൻ്റെ അതിർത്തികൾ ഭേദിക്കുകയും അപൂർവ്വമായ ജ്ഞാനം നേടുകയും ചെയ്യുന്നു.അതുപോലൊരു ഔന്നത്യത്തിലേക്ക് ഈ കഥയിലെ സ്ത്രി എത്തിച്ചേരുന്നില്ല .അവൾ മത്സ്യകന്യകയായി.എന്നാൽ അതിനു  ഇതരലോകവുമായുള്ള പാരസ്പര്യം വ്യക്തമാക്കപ്പെടുന്നില്ല. ജലത്തിനടിയിൽ തുഴയുന്ന സ്ത്രീകൾ പല കലാകാരന്മാരുടെയും പ്രമേയമായിട്ടുണ്ട്. മനോജ് നൈറ്റ് ശ്യാമളൻ്റെ 'ലേഡി ഇൻ ദ് വാട്ടർ' (2006) എന്ന സിനിമ പ്രസിദ്ധമാണല്ലോ. അമെരിക്കൻ ചിത്രകാരി എറിക്ക ക്രെയ്ഗ് വരച്ച ജലത്തിന്നഗാധതയിലെ സ്ത്രീ എന്ന  പരമ്പരയിലെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഈ കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ  മനസ്സിലൂടെ കടന്നു പോയി.എന്തുകൊണ്ട് മത്സ്യകന്യകയായി ?അതിൻ്റെ പരിണതി എന്ത് തുടങ്ങിയ വിഷയങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നില്ല. അവിടെയാണ് ഈ കഥയുടെ പരിമിതിയും ;ഭാഷാപരമായി അല്പം എഡിറ്റിംഗും കഥയ്ക്ക് ആവശ്യമാണ്.


വാക്കുകൾ 


1)ആധുനിക മനസ്സ് പൂർണമാ ആശയക്കുഴപ്പത്തിലാണ്. ലോകത്തിനോ നമ്മുടെ ബുദ്ധിശക്തിക്കോ കാലുറപ്പിക്കാനാവാത്തവിധം അറിവ് വ്യാപിച്ചിരിക്കുകയാണ്. നമ്മൾ സമ്പൂർണ്ണനിഷേധത്തിൻ്റേതായ യാതനകൾ അനുഭവിക്കുന്നു എന്നത് വാസ്തവമാണ്.

ആൽബേർ കമ്യൂ ,

ഫ്രഞ്ച് എഴുത്തുകാരൻ 


2)ദൈവമില്ലാത്ത ഒരു ലോകത്ത് എല്ലാറ്റിനെയും പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ് ആധുനികർ ചെയ്തത്.

ബ്രിയാൻ അപ്ളിയാർദ്,

ബ്രിട്ടീഷ് ചിന്തകൻ


3)കല ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല ;ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.

ലിയനാഡോ ഡാവിഞ്ചി,

ഇറ്റാലിയൻ സംവിധായകൻ


4)മരിക്കുന്ന ഏതൊരാളിലും ,ഒപ്പം മരിക്കുന്നത് ആദ്യചുംബനവും ആദ്യപോരാട്ടവുമായിരിക്കും. ആളുകൾ മരിക്കുന്നില്ല, അവരിലെ ലോകങ്ങളാണ് മരിക്കുന്നത്.

യെവ്തുഷെൻകോ,

റഷ്യൻ കവി


5)നഗ്നമായ സൗന്ദര്യത്തെ അനാവരണം ചെയ്യാതെ കലയ്ക്ക്  നിലനില്പില്ല.

വില്യം ബ്ളേക്ക് ,

ഇംഗ്ളീഷ് കവി



കാലമുദ്രകൾ 


1)വി.ബി.സി. നായർ 


ഒ .വി .വിജയൻ, എം. കൃഷ്ണൻനായർ, മാധവികുട്ടി തുടങ്ങിയവരെ അണിനിരത്തി അസാധാരണമായ ഒരു ചേരുവയാണ് സാഹിത്യപത്രപ്രവർത്തനത്തിൽ വി.ബി.സി കണ്ടെത്തിയത്.ആ പാത ഇന്നു പലർക്കും അനുകരിക്കാൻ എളുപ്പമാണ്.


2)കാക്കനാടൻ 


സാമൂഹികതിന്മകൾക്കും ജീർണതയ്ക്കുമെതിരെ നോവലെഴുതിയ കാക്കനാടൻ ആഖ്യാനങ്ങളുടെ 'ഉഷ്ണമേഖല'കൾ സൃഷ്ടിച്ചു.അമർത്താനാവാത്ത ക്ഷോഭത്താൽ ആന്തരിക വ്യഥയനുഭവിച്ച അദ്ദേഹം ഭാഷയെ ജ്വാലാമുഖിയാക്കി .


3)ഡോ.എൻ.എ.കരിം


സഹൃദയത്വത്തിൻ്റെ സീമാതീതമായ പ്രസാദം അനുഭവിച്ച ഒരു സാഹിത്യ ചിന്തകനായിരുന്നു ഡോ.എൻ.എ.കരിം.  പക്ഷേ ,അദ്ദേഹത്തിൻ്റെ  ആശയപരമായ സംവാദങ്ങൾ, തുറന്ന സമീപനങ്ങൾ വേണ്ടപോലെ ശ്രദ്ധിക്കാൻ മലയാളത്തിനു കഴിഞ്ഞിട്ടില്ല.


4)കെ.രഘുനാഥൻ


നോവലിസ്റ്റ് കെ.രഘുനാഥൻ്റെ ഓർമ്മകളിലൂടെ പുനരവതരിച്ച ഹാസസാഹിത്യകാരൻ വി.കെ.എൻ ശ്രദ്ധേയമാകുകയാണ്. 'മുക്തകണ്ഠം വി.കെ.എൻ' എന്ന ഗ്രന്ഥം ഗാഢമായ ഒരു സ്മൃതി ശേഖരമാണ്;രസാവഹവും.


5)എൻ.കെ. ദാമോദരൻ


റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മുഴുവൻ ആദരവും എൻ.കെ.ദാമോദരനുള്ളതാണ്.അദ്ദേഹമാണല്ലോ പതിറ്റാണ്ടുകൾക്കു മുൻപ് 'കരമസോവ് സഹോദരന്മാർ ' ,ഭൂതാവിഷ്ടർ ,നിന്ദിതരും പീഡിതരും  തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് കൊണ്ടുവന്നത്.


വായന


അടുക്കളയെ സ്പന്ദിക്കുന്ന ഹൃദയമുള്ള ഒരാളായി സങ്കല്പിക്കുകയാണ് ബിന്ദു പ്രതാപ്  'ഒരു സാധാരണ അടുക്കള ' (എഴുത്ത്, ജൂൺ )എന്ന കവിതയിൽ.


'വെളുക്കെ പകൽ ചിരിച്ചു തുടങ്ങുമ്പോഴേക്കും ഡബിൾ 

റോളിൻ്റെ കുപ്പായം ഇസ്തിരിയിട്ട് വിശപ്പും പൊതിഞ്ഞുകെട്ടി ഒരു നെട്ടോട്ടമാണ് !'


ജീവിതത്തിൻ്റെ ഒരു യഥാർത്ഥതലവും അതിൻ്റെ തന്നെ അറിയപ്പെടാത്ത നിഗൂഢ പെരുമാറ്റങ്ങളും ഒരേ ചാലിൽ വരുന്ന ഇത്തരം സന്ദർഭങ്ങൾ കവിതയുടെ വിജയം തന്നെയാണ്.


എസ് .ജോസഫിൻ്റെ 'കവിതയുടെ ചരിത്രം '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 3) ആ വിഷയം   അർഹിക്കുന്ന തലത്തിലേക്കുയർന്ന തരത്തിലുള്ള ആവിഷ്കാരമായില്ല .


'ഞാനെല്ലാം സൂചിപ്പിച്ചതേയുള്ളു

ചരിത്രമെഴുതാൻ എനിക്ക് 

കിട്ടിയത് 

ചെറിയൊരു ഭിത്തിയാണ് '

എന്ന വാക്യത്തിൽ തുടങ്ങണമായിരുന്നു .വലിയൊരു വിഷയമെടുത്ത ശേഷം ആവിഷ്കാര സാധ്യതകൾ കണ്ടെത്താനാവാതെ കവി പരാജയപ്പെടുകയാണ് ചെയ്തത്.


ഒരു കവിയിലൂടെ ലോകം പുതിയൊരു ക്രമമാണ് തേടുന്നത്. എത്ര നിറങ്ങൾ മനസ്സിലുണ്ടോ അത്രയും ലോകം ഉള്ളിൽ കടന്നു എന്നാണ്  അർത്ഥമാക്കേണ്ടത്. റഫീക്ക് അഹമ്മദിൻ്റെ 'വയ്യ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജൂൺ 19) എന്ന കവിതയിൽ ലോകത്തിൻ്റെ  ദീനരോദനങ്ങൾ കേട്ട് കവി തന്നിലേക്കു തന്നെ രക്ഷപ്പെടാൻ നോക്കുകയാണ് .ഇത് പിന്തിരിപ്പൻ മനോഭാവമായി തോന്നി. നിശ്ശബ്ദതയും, ചിലപ്പോൾ, ജീർണ്ണതയാകുമെന്ന് അറിയുക, അതിൽ നാം സ്നേഹിക്കുന്നവർ ഇല്ലെങ്കിൽ. നമ്മെ ആരും സ്നേഹിക്കണമെന്നില്ല.


Thursday, July 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / തപിക്കുന്നരുടെ തപസ്സ്/metrovartha June 28,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com



തപിക്കുന്നവരുടെ തപസ്സ്


അനുഭവങ്ങളുടെ ഏറ്റവും അടിത്തട്ടിലുള്ള സാരമെന്താണെന്ന്  അന്വേഷിക്കുന്ന എഴുത്തുകാരുണ്ട്. അവർ വികാരങ്ങളിലൂടെ ലോകത്തോടുള്ള തങ്ങളുടെ മനോഭാവം വെളിപ്പെടുത്തുന്നു. വികാരങ്ങളിലൂടെ അസ്തിത്വത്തിൻ്റെ ദർശനം തന്നെ പുറത്തു വരുന്നു. ഓക്കാനമുണ്ടാകുന്നത് ,കണ്ണുകൾക്ക് കാഴ്ചശക്തി കുറയുന്നതായി  തോന്നുന്നത് ,ശരീരത്തെക്കുറിച്ച്  മതിഭ്രമങ്ങളുണ്ടാകുന്നത്, ദു:സ്വപ്നങ്ങളിൽ അലയുന്നത്  തുടങ്ങിയവ അനുഭവങ്ങളോടുള്ള മനോഭാവമായി വ്യാഖ്യാനിക്കാവുന്നതാണ്. ഉപരിതലത്തിൽ അലകളായി അലഞ്ഞുവരുന്ന സുഖങ്ങൾ പിൻവാങ്ങി കഴിയുമ്പോൾ മനുഷ്യൻ അവൻ്റെ സ്ഥിരം അസ്വാസ്ഥ്യങ്ങളുമായി   ഒറ്റയ്ക്കാവുകയാണല്ലോ ചെയ്യുന്നത്. രോഗം ഒരു രൂപകമായി (മെറ്റഫർ ) വരുന്നത് അങ്ങനെയാണ്. രോഗം മനുഷ്യൻ്റെ ആന്തരികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദൃഷ്ടാന്തമായി മാറുകയാണ്. രോഗിയാവുന്നതോടെ  അയാളുടെ വീക്ഷണങ്ങൾ അടിത്തട്ടിലേക്ക് വരുന്നു, ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിലെ ഇല്ലിച്ചിനെപ്പോലെ . രോഗത്തിന് കലയിൽ സൂക്ഷ്മാർത്ഥ സൂചകസ്വഭാവമുണ്ട്. രോഗി കൂടുതൽ കാണുന്നു , അനുഭവിക്കുന്നതോടൊപ്പം .രോഗി താപസനാണ് ;എന്നാൽ അയാൾ ഉള്ളിൽ തപിക്കുകയാണ്, ഉഷ്ണിക്കുകയാണ്.


മുപ്പത്തിയൊന്നാം വയസ്സിൽ ആത്മഹത്യ ചെയ്ത ,പ്രമുഖ കവി സിൽവിയ പ്ളാത്ത് (1932-1963)എഴുതിയ 'ദ് അൺ എബ്രിഡ്ജ്ഡ് ജേർണൽസ് ഓഫ് സിൽവിയാ പ്ലാത്ത് 'എന്ന പുസ്തകം, അവരുടെ മരണത്തിനു ശേഷം ,1983 ലാണ് പുറത്തുവന്നത്.നമ്മൾ പരിചയിച്ച രൂപത്തിലുള്ള ആത്മകഥയല്ല ഇത്. സ്വന്തം ജീവിതത്തെ അസത്യങ്ങളുടെയും വീമ്പു പറച്ചിലുകളുടെയും ചന്തയാക്കുന്ന ആത്മകഥയല്ല .അങ്ങനെയൊന്ന് പ്ളാത്ത് എന്താനെഴുതണം ?നമ്മുടെ പല ചെറുപ്പക്കാരുടെയും ആത്മകഥകൾ കപടമാണ്. ജീവിക്കാത്തതുകൊണ്ടാണ് അവർ ആത്മകഥയെഴുതാൻ തുനിയുന്നത്.


സംവേദനവും വേദനയും 


അവർ സ്വന്തം അനുഭവങ്ങളിൽ  ഉരുകി ,അതിൻ്റെ ആലക്തിക തരംഗങ്ങളിൽ അലിഞ്ഞ് സ്വയം അവസാനിക്കുന്നതായി സങ്കല്പിച്ചു. അവരുടെ ഭാഷണങ്ങൾക്ക് തത്ത്വചിന്തയോ ,സിദ്ധാന്തമോ ഉണ്ടായിരുന്നില്ല.എന്നാൽ അതിൽ  ജീവിതത്തോടുള്ള സത്യസന്ധമായ സംവേദനമുണ്ടായിരുന്നു. എത്  സംവേദനവും നമ്മെ  ജീവിപ്പിക്കുകയാണ്.  സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും  മാംസളമായ ഭാഗങ്ങൾ മനസ്സിൽനിന്ന് എടുത്തുമാറ്റിയാൽ ബാക്കിയാവുന്ന അസ്ഥികൂടവുമായി പ്ളാത്ത് ഏകാന്തതയിൽ കഴിഞ്ഞു. പലതും തിരിച്ചും മറിച്ചും പരിശോധിച്ച് ശാശ്വതമായ ശൂന്യതയും നിരാശയും അവർ വേർതിരിച്ചെടുത്തു.സംവേദനം തന്നെ വേദനയാവുകയാണ് 


ആത്മഹത്യയെ ആരും പ്രോത്സാഹിപ്പിക്കുകയില്ല.എന്നാൽ  മനുഷ്യൻ്റെ മുന്നിൽ ആത്മഹത്യ ആശ്വാസത്തിൻ്റെ മധുചന്ദ്രികയാവുന്ന സന്ദർഭങ്ങളുണ്ട്. ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണമാണത്. ഭരണകൂടത്തിനോ  സ്ഥാപനങ്ങൾക്കോ ഒരിക്കലും അതിനു കഴിയില്ല .ജീവിതത്തിൻ്റെ ഉടമസ്ഥാവകാശത്തിന്മേലുള്ള കൈയൊപ്പാണത്.


പ്ളാത്ത് ആത്യന്തികമായ സാരത്തിൻ്റെ  ആശ്ലേഷത്തിനായി ഉത്സുകയായി.അവസാനം തന്നെ നശിപ്പിച്ചുകളയുന്ന കാര്യങ്ങൾ അടുത്തുവരാൻ താനാഗ്രഹിക്കുന്നു എന്ന് എഴുതിയത് അതുകൊണ്ടാണ്. ദുരിതത്തെക്കുറിച്ചുള്ള നമ്മുടെ അവബോധം പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ജീവിതത്തെ നാം നമ്മുടേതായ രീതിയിൽ നോക്കിക്കാണാൻ തുടങ്ങും.


ജീവിതത്തിനു അർത്ഥമുണ്ടാകുന്നത് വേദനയിൽ നിന്നായിരിക്കും.സുഖം മാത്രം തരുന്ന അസ്തിത്വം ,നശ്വരതയുടെ പീഢ ഏറ്റു വാങ്ങുന്ന മനുഷ്യന് അപ്രാപ്യമാണല്ലോ. സുഖം മിഥ്യയാണെന്ന് മഹാദാർശനികനായിരുന്ന ഷോപ്പനോർ പറഞ്ഞു. പ്ലാത്ത് തൻ്റെ  പ്രശസ്തമായ ഈ ആത്മകഥാക്കുറിപ്പുകളിൽ ഇങ്ങനെ വിശദീകരിക്കുന്നു :'ഞാൻ ആളുകളെ  ഇഷ്ടപ്പെടുന്നു ,എല്ലാവരെയും. ഞാൻ അവരെ സ്നേഹിക്കുന്നു, സ്റ്റാമ്പ് ശേഖരിക്കുന്ന ഒരാൾ തൻ്റെ സ്റ്റാമ്പിനെ സ്നേഹിക്കുന്ന പോലെ. എല്ലാ കഥകളും എല്ലാ സംഭവങ്ങളും ഏതു സംഭാഷണശകലവും എനിക്ക് അസംസ്കൃതവസ്തുവാണ് .എൻ്റെ സ്നേഹം വ്യക്തിനിരപേക്ഷമല്ല , അത് പൂർണമായി വ്യക്തിനിഷ്ഠവുമല്ല. ഞാൻ ഓരോ വ്യക്തിയുമായിരിക്കാൻ ആഗ്രഹിക്കുന്നു -മുടന്തുള്ള ഒരാൾ ,മരിക്കുന്ന മനുഷ്യൻ ,ഒരു വേശ്യ ; എന്നിട്ട് ആ വ്യക്തിയായി രൂപാന്തരപ്പെട്ടുകൊണ്ട് ഞാനെൻ്റെ  ചിന്തകൾ ,വികാരങ്ങൾ എഴുതിവയ്ക്കാനായി മടങ്ങി വരുന്നു;ഞാനെല്ലാമറിയുന്നവനല്ല . എനിക്കെൻ്റെ ജീവിതം ജീവിക്കേണ്ടതുണ്ട്. എനിക്ക് എന്നെന്നേക്കുമായി ഈയൊരു ജീവിതമേയുള്ളു. എന്നാൽ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ സ്വന്തം ജീവിതത്തെ വസ്തുനിഷ്ഠമായ ആകാംക്ഷയോടെ നോക്കി കാണാനൊക്കില്ല' .


പ്ളാത്തിൻ്റെ ഈ വാക്കുകൾ അവരുടെ പ്രായത്തിനപ്പുറമുള്ള പക്വത കാണിക്കുന്നുണ്ട്. ജീവിതത്തെ വസ്തുനിഷ്ഠമായ ത്വരയോടെ കാണുന്നത് നമ്മെ വല്ലാതെ ചെറുതാക്കി കളയുമെന്നും ജീവിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും ഇതിനേക്കാൾ നന്നായി പറയാനൊക്കുമോ ?വ്യക്തിനിഷ്ഠമായോ വസ്തുനിഷ്ഠമായോ അല്ല താൻ ജീവിക്കുന്നതെന്ന വാക്കുകൾ അവരുടെ പ്രായത്തിനു അപ്പുറമുള്ള പക്വത കാണിച്ചുതരുന്നുണ്ട് .വ്യക്തിനിഷ്ഠത ഉപേക്ഷിച്ച് മറ്റുള്ളവരായി  മാറുമ്പോഴാണ് തനിക്ക് എഴുതാനുള്ള വിഭവം കിട്ടുന്നതെന്ന് പ്ളാത്ത് അറിയിക്കുന്നു. നമ്മൾ എന്താണോ അതല്ല നാം എഴുതുന്നതെന്ന ആശയം ഇവിടെ ഉയർന്നുവരുകയാണ്.


പ്രേമവും ഉൾവെളിച്ചവും


അറിയാനും ചിന്തിക്കാനും പഠിക്കാനും ജീവിക്കാനും വേണ്ടത് പ്രേമവും അവബോധവും ഉൾവെളിച്ചവുമാണെന്ന് പ്ളാത്ത് എഴുതുന്നുണ്ട്.ഇതിനാകട്ടെ സ്വയം അനുഭവങ്ങളിൽ തപിക്കേണ്ടതുണ്ട്. പ്ളാത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം: 'വേദനിപ്പിക്കുന്ന അനുഭവങ്ങളിൽനിന്ന് ഞാനൊരിക്കലും ഒഴിഞ്ഞുനിന്നിട്ടില്ല. എന്നെ നിർവികാരതയിൽ തളച്ചിട്ടില്ല. ജീവിതത്തെ ചോദ്യംചെയ്യാതെയും  വിമർശിക്കാതെയും എളുപ്പത്തിൽ  രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല' .


ജീവിതത്തിനും മരണത്തിനുമിടയിൽ എത്ര അലഞ്ഞിട്ടും അവർക്ക് കാമ്യമായ ഒരു സത്യത്തെയും കണ്ടെത്താനായില്ല. രചനകളുടെ ലോകം തന്നെ അപ്രസക്തമാകുന്നുവെന്ന് അവർക്ക് തോന്നി. 'ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ഞാൻ എത്ര  ആഗ്രഹിക്കുന്നു .ഞാനാരാണ് ?ഞാൻ എങ്ങോട്ട് പോകുന്നു? എന്നീ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടേണ്ടത് ഞാൻ മാത്രമാണ് .ഞാൻ സ്വാതന്ത്ര്യത്തിൽ നിന്ന് മാന്യമായ രക്ഷപ്പെടൽ ആഗ്രഹിക്കുന്നു.  കാരണം എങ്ങും പോകാനില്ല' .


സ്വാതന്ത്ര്യംകൊണ്ട് ഒന്നും ചെയ്യാനില്ലാതെയായി എന്ന്  തിരിച്ചറിയുന്ന നിസ്സഹായതയുടെ നിമിഷം ഈ എഴുത്തുകാരിയുടെ  അന്ത:കരണത്തെ പൊള്ളിക്കുകയാണ്. കയ്പും പുളിപ്പും ഭക്ഷിച്ചു ചീർത്ത ജീവിതത്തിൻ്റെ അടിത്തട്ടിൽ അടിയുന്ന മട്ട് പ്ളാത്ത് ഒരു വിചാരണയ്ക്ക് എന്ന പോലെ പുറത്തെടുക്കുകയാണ്. 


ബോധേന്ദ്രിയം


ദുരന്തമുഖങ്ങളിലേക്ക് സ്വപ്നങ്ങളും ഭയാശങ്കകളും ഓർമ്മകളുമായി യാത്രചെയ്യുന്ന ഒരുവനെ വി.പി. ശിവകുമാർ 'പന്ത്രണ്ടാം മണിക്കൂർ' എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. ഫലിതവും ദുരന്തവും ശൂന്യതയും നിസ്സഹായതയും സമ്മേളിച്ചതാണ്  ഈ കഥയിലെ ഓരോ വാക്യവും. ജീവിതത്തിൻ്റെ ആകസ്മികതയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്  കഥാകൃത്ത് തേടിയത്. രാത്രിയിലെ ബസ് യാത്രയും അപകടമരണവുമാണ് കഥയിലെ വിഷയം. ഓർമ്മയിൽപോലും അനിവാര്യമായ, അപ്രതിരോധ്യമായ നിസ്സഹായതയാണ് കാണുന്നത്.ഈ ഭാഗം നോക്കൂ: 'അയാൾ കാണുന്ന പ്രകൃതി വിഭ്രാമകമാണ്. കണ്ണുകളുടെ എല്ലാ യുക്തിയെയും അവ കടപുഴക്കി എറിഞ്ഞു.ഈ അർദ്ധരാത്രിയിൽ നിന്നു മാത്രം ഇരുട്ടു ഒഴിഞ്ഞുനിന്നു. വലിയ കുന്നുകൾ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഏതോ ഒരു പ്രപഞ്ചോൽപത്തി കഥയിലേക്ക് കൈ ചൂണ്ടി നില്ക്കുന്നു. എവിടെ നിന്നാണ് ആ പ്രകാശം ? അയാൾക്ക് ഒന്നും മനസ്സിലായില്ല .അത് മറ്റൊരു ലോകമാകാം. അവിടെ അയാൾ കണ്ട നിഴലിനും വെളിച്ചത്തിനും ഉറവിടമില്ലായിരുന്നു . ത്രിമാനങ്ങൾക്കും അപ്പുറത്തു എന്തോ ഒന്ന് അയാൾ അനുഭവിച്ചറിഞ്ഞു'ഇങ്ങനെ എഴുതുന്നതിൽ നിന്ന് കഥാകൃത്തിൻ്റെ മനസ്സ് വ്യക്തമാണ്. 


അപാരനോട്ടങ്ങൾ


താൻ യാത്രചെയ്യുന്ന ബസിലെ ഡ്രൈവർ മരിച്ചിരിക്കുകയാണെന്നറിഞ്ഞ ആ  യാത്രക്കാരൻ്റെ മനസ്സ് ഇങ്ങനെ വിവരിക്കുന്നു :' അയാൾ ബസ്സ് കാണുന്നേയില്ല .ജലചക്രം ഒരിക്കൽക്കൂടി കറങ്ങി .എത്രയെത്ര പേരുകൾ! എത്ര തലമുറകളാണ് അതിൽ മിന്നിമറയുന്നത്. അയാൾ അത്ഭുതപ്പെട്ടു. ഒന്നും ഉറച്ചു നിൽക്കുന്നില്ലല്ലോ .അതിലെവിടെയോ നിന്ന് സ്നേഹത്തിൻ്റെ തഴമ്പു വീണ അമ്മയുടെ കൈകൾ തൻ്റെ നേരെ നീണ്ടുവരുന്നത് അയാൾ കണ്ടു. ആവേശത്തോടെ അയാൾ കൈകൾ നീട്ടി. അവ അകന്നുപോയി. ഒരു പര്യവൃത്തിക്ക് ശേഷം വീണ്ടും അവ തൻ്റെ അടുത്തെത്തുന്നതും നോക്കി അയാൾ കാത്തുനിന്നു' . മനോഹരമായ ഒരു നിമിഷമാണ് ശിവകുമാർ വിവരിച്ചിരിക്കുന്നത്.മലയാള കഥയിലെ അനർഘ നിമിഷമാണിത്.ജന്മാന്തര സൗഹൃദങ്ങളുടെ നൊടിനേരത്തെ മുഖാമുഖം. ജീവിതത്തിലെ അതീതനിമിഷം എന്ന് പറയാവുന്ന ഒരു തലത്തിൽ ബോധേന്ദ്രിയത്തിൽ ഉണ്ടാകുന്ന മിന്നൽ .ആ കഥാപാത്രമായി മാറുകയാണ് കഥാകൃത്ത് .എന്നാൽ പ്ളാത്ത്  പറഞ്ഞപോലെ ,കഥാകൃത്തിനു അത്  അസംസ്കൃത വസ്തുവാണ്. അത്  വ്യക്തിനിഷ്ഠമല്ല ;വസ്തുനിഷ്ഠവുമല്ല. അവനവനെതന്നെ ഒരു ദുരന്തത്തിൻ്റെ  അസംസ്കൃതവസ്തുവായി കാണുകയും രചനയുടെ വേളയിൽ  അതുമായി താദാത്മ്യപ്പെടുകയുമാണ്   കഥാകൃത്ത് ചെയ്യുന്നത്.


കാലമുദ്രകൾ



1)പ്രസന്നരാജൻ


കെ.പി .അപ്പൻ്റെ ശിഷ്യനായ പ്രസന്നരാജൻ ഇനിയും അദ്ദേഹത്തിൻ്റെ വലയത്തിൽ നിന്നു മുക്തനായിട്ടില്ല. സാഹിത്യകൃതിയെ വിമർശിക്കുകയോ പഠിക്കുകയോ ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെയെങ്കിലും ആത്മീയാനുഭവമാക്കാൻ കഴിയേണ്ടതാണ്.പ്രസന്നരാജനു സാഹിത്യകൃതി ആസ്വദിക്കാനുള്ള സിദ്ധിയില്ല .ഓരോ ലേഖനവും ഇതിനു തെളിവായി നിൽക്കുകയാണ്.


2)വി.ജി .തമ്പി 


ഇപ്പോഴും കവിതകളെഴുതിക്കൊണ്ടിരിക്കുന്ന വി.ജി.തമ്പി എവിടെ തുടങ്ങിയോ  അവിടെത്തന്നെ നില്ക്കുകയാണ്.ഒരു പ്രൊഫസറാകാനുള്ള വിദ്യാഭ്യാസം  സാഹിത്യരംഗത്ത് എന്തെങ്കിലും ആവിഷ്കരിക്കാനുള്ള ചീട്ടല്ല.കൂടുതൽ എന്ത് പഠിച്ചു എന്ന് ചോദിച്ചാൽ പ്രൊഫസർ കവികൾക്കു ഉത്തരമില്ല. പഴയ പാഠങ്ങൾ തന്നെ  ഉരുവിട്ടുകൊണ്ടിരിക്കുന്നതുകൊണ്ട് ആർക്കു പ്രയോജനം?


3)എസ്. രമേശൻനായർ


തമിഴ് കൃതികൾ (ചിലപ്പതികാരം ,തിരുക്കുറൾ ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ധിഷണാശാലിയായ കവിയാണ് എസ്.രമേശൻനായർ .പരീക്ഷണങ്ങളിലോ , പ്രചാരവേലകളിലോ തൽപരനാകാതിരുന്ന അദ്ദേഹത്തെ  ടെലിവിഷൻ ചാനലുകൾ പ്രലോഭിപ്പിച്ചില്ല.


4)രവിവർമ്മ തമ്പുരാൻ


പൂജ്യം ,മുടിപ്പേച്ച് എന്നീ നോവലുകളിലൂടെ സീരിയസ്  വായനക്കാരുടെയിടയിൽ ചർച്ച  ചെയ്യപ്പെടുകയാണ് രവിവർമ്മ തമ്പുരാൻ.


5)എൻ.മോഹനൻ


ഒരാത്മകഥയിൽ തന്നെ ഒതുക്കാനാവില്ലെന്ന് ദൃഢമായി വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് വിടവാങ്ങിയ എൻ.മോഹനൻ ഓർമ്മകളിൽ  പ്രഭയോടെ നിൽക്കുന്നു. 


വാക്കുകൾ 


1)ഇന്നലെ എന്നുപറയുന്നത്  ചരിത്രമാണ് ;നാളെ എന്നത്  ദുരൂഹമാണ്. ഇന്നാകട്ടെ ദൈവത്തിൻ്റെ  സമ്മാനമാണ്. അതുകൊണ്ടാണ് അതിനെ വർത്തമാനം എന്ന് നാം വിളിക്കുന്നത്.

ജോവാൻ റിവേഴ്സ് ,

അമേരിക്കൻ നടി 


2)കണ്ണുനീർ വാക്കുകളാണ് ;അത് എഴുതുക തന്നെ വേണം.

പൗലോ കോയ്ലോ,

ബ്രസീലിയൻ നോവലിസ്റ്റ് 


3)എനിക്കെന്താണ് അറിയാവുന്നത് എന്ന് കണ്ടുപിടിക്കാനാണ് ഞാനെഴുതുന്നത് .

ഫ്ളാനറി ഒകോണർ,

അമെരിക്കൻ എഴുത്തുകാരൻ


4)ഒരു നല്ല എഴുത്തുകാരനു സ്വന്തം ആത്മാവ് മാത്രമല്ല, അവൻ്റെ  സുഹൃത്തുക്കളുടെ ആത്മാവുമുണ്ട്.

ഫെഡറിക് നീഷെ,

ജർമൻ ചിന്തകൻ,


5)വസ്തുതകൾ വെറുതെ ശേഖരിച്ചുവയ്ക്കുന്ന ഒരു റെക്കോർഡർ ആവാതിരിക്കുക; അതിൻ്റെ ഉറവിടത്തിലുള്ള രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുക.

ഇവാൻ പാവ്ലോവ്,

റഷ്യൻ ശരീരശാസ്ത്രജ്ഞൻ


വായന


അന്തരിച്ച കഥാകൃത്ത് വി.ബി. ജ്യോതിരാജിനെക്കുറിച്ച് എം.ജി. രാധാകൃഷ്ണൻ (പ്രവാസിശബ്ദം ,പൂനെ ,മെയ് )എഴുതിയ ലേഖനം ഹ്രസ്വമെങ്കിലും സൗഹൃദ സ്മരണകളുടെ തുടികൊട്ടുശബ്ദം കേൾപ്പിച്ചു. എന്നാൽ ലേഖകൻ്റെ വളരെ അടുത്ത സുഹൃത്തായ ജ്യോതിരാജിൻ്റെ കഥകളെക്കുറിച്ച് എഴുതിയ വാക്യങ്ങൾ ഉചിതമായില്ല എന്നറിയിക്കട്ടെ.ഈ ഭാഗം നോക്കൂ : 'കൃത്യമായി പറയുകയാണെങ്കിൽ ഔട്ട്സ്റ്റാൻഡിങ് ആയി എഴുതിയ കഥകൾ തുലോം കുറവ് തന്നെയാണ്. അതിനു കാരണം സോവിയറ്റ് ലിറ്ററേച്ചറിലെ വിപ്ലവസാഹിത്യത്തോടുള്ള അടിമ മനോഭാവമായിരുന്നു .വിശാലമായി വായിക്കാൻ തുനിഞ്ഞുമില്ല. പാർട്ടിയോടുള്ള കൂറും മാക്സിം ഗോർക്കിയിൽ നിന്നുയരാത്ത വായനയും ജ്യോതിയെ എഴുത്തിൽ  മുന്നോട്ടു നയിച്ചില്ല " . രാധാകൃഷ്ണൻ്റെ  ഈ വിലയിരുത്തൽ തെറ്റാണ് .വളരെ പ്രശസ്തരായ പല കഥാകൃത്തുക്കളും എഴുതുന്നതെല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആകണമെന്നില്ല .ഒരു നല്ല കഥ എഴുതിയാൽ തന്നെ ധാരാളം. ഒരു പക്ഷേ, പതിറ്റാണ്ടുകൾക്ക്

മുൻപുള്ള ജ്യോതിരാജിനെ മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം ഇങ്ങനെ എഴുതിയത് .ജ്യോതിരാജ് വല്ലാതെ മാറിയിരുന്നു .കഠിനമായ അനുഭവങ്ങളിലൂടെ അദ്ദേഹം നരജീവിതത്തിൻ്റെ നരകം

കണ്ടു. സകല കൂടിച്ചേരലുകളുടെയും പൊള്ളത്തരം ജ്യോതിരാജിനു ബോധ്യപ്പെട്ടിരുന്നു. ജീവിതഭാരത്താൽ ആ കഥകൾക്കു കനം വെയ്ക്കുകയായിരുന്നു. അദ്ദേഹം ഒടുവിൽ എഴുതിയ 'ഏതോ ഒരാൾ ' (മലയാളം, ജനുവരി 25) ഒന്നു  വായിച്ചു നോക്കൂ .ഈ അഭിപ്രായം ചിലപ്പോൾ മാറിയേക്കും.പിന്നെ മാക്സിം ഗോർക്കിയെ എന്തിനാണ് പഴിക്കുന്നത്?. ഏതു കാലത്തും വായിക്കാൻ കൊള്ളാവുന്ന കഥകൾ ഗോർക്കി എഴുതിയിട്ടുണ്ട്.


ജ്യോതിരാജ്  പ്രായോഗിക ജീവിത വിജയത്തിനായി പരിശ്രമിച്ച ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം കഥാകാരൻ്റെ കുരിശു ചുമന്നുകൊണ്ടു നടക്കുകയായിരുന്നു. മനസ്സിൽ നിറഞ്ഞുനിന്ന അരക്ഷിതാവസ്ഥയും ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകളും അദ്ദേഹത്തെ ഉലയ്ക്കുകയായിരുന്നു

എന്തുകൊണ്ട് ഇത് സംഭവിച്ചു ? ഒരു കലാകാരനായതുകൊണ്ടാണ് .അങ്ങനെയാണ് നമ്മൾ കാണേണ്ടത്.


അദ്ദേഹത്തിൻ്റെ ജീവിതവിജയം ഒരു പ്രൊഫസറുടെയോ അല്ലെങ്കിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ്റെയോ ജീവിതവിജയവുമായി താരതമ്യം

ചെയ്താൽ ഇരുട്ടിൽ തലകുത്തി വീഴുകയേയുള്ളു. ഇക്കാര്യത്തിൽ കുറേക്കൂടി ആത്മീയമായ അവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. ഒരാൾ ഉള്ളിൽ എങ്ങനെ ജീവിച്ചു എന്നാണ് നോക്കേണ്ടത്.


'കലാചരിത്രത്തിലെ സ്ത്രീ' എന്ന പേരിൽ കവിത ബാലകൃഷ്ണൻ എഴുതുന്ന പരമ്പര (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 6) കലയിൽ ചിത്രകാരികളുടെ ഇടപെടൽ പരിശോധിക്കുന്നു. ചിത്രകലയെക്കുറിച്ച് ഗണനീയമായ സാഹിത്യം ഇനിയും ഉണ്ടായിട്ടില്ലാത്ത നമ്മുടെ ഭാഷയിൽ കവിതയുടെ ഈ ലേഖനങ്ങൾ ശ്രദ്ധേയമാണ്.