എം.കെ.ഹരികുമാർ
9995312097
Email :mkharikumar797@gmail.com
വിചിത്രമായ ആകുലതകൾ
സമീപനാളുകളിലാണ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറകാമിയുടെ 'ഫസ്റ്റ് പേഴ്സൺ സിംഗുലർ ' എന്ന കഥാസമാഹാരം പുറത്തുവന്നത്. ഒരു കാഫ്കയെസ്ക് (കാഫ്കയുടെ കൃതികളിൽ കാണുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ലോകം )ലോകത്തിൻ്റെ സന്ദിഗ്ദ്ധതകളും അകാരണമായ വ്യഥകളും നിറഞ്ഞുനിൽക്കുന്ന ഏകാന്തതയുടെ ഹിമശൈലങ്ങളാണ് ഓരോ കഥയും .മുറകാമിക്ക് ഒരു മൗലികനോട്ടമുണ്ട് .ലോകത്തിൻ്റെ ചംക്രമണങ്ങളെ തനിക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിൽ സ്വകാര്യമാക്കുന്നിടത്താണ്
മുറകാമിയുടെ പ്രസക്തി .എല്ലാവരും കാണുന്നപോലെയും മനസ്സിലാക്കുന്ന പോലെയുമാകരുത് എഴുത്തുകാരൻ്റെ വീക്ഷണങ്ങൾ. അയാൾക്ക് അത്യാനന്ദത്തിലെത്താനും അതിശയകരമായ വിഷാദത്തിലേക്ക് ആണ്ടുപോകാനും സ്വന്തവും രഹസ്യാത്മകവുമായ കാരണങ്ങൾ ഉണ്ടാകണം .അയാൾ സംഘർഷങ്ങളിലൂടെ തുഴഞ്ഞെത്തിയ ദ്വീപാണത്. അയാൾ സ്വയം സ്ഥാപിച്ച കുരിശാണത്. അയാൾക്ക് അവിടെയേ ശാന്തി ലഭിക്കൂ .മുറകാമി എഴുതുന്നത് ഇങ്ങനെയാണ്:
'തീർച്ചയായും നേടുന്നത് നഷ്ടപ്പെടുന്നതിനേക്കാൾ വളരെ നല്ലതാണ്. പക്ഷേ ,നേടുന്നതോ നഷ്ടപ്പെടുന്നതോ സമയത്തിൻ്റെ മൂല്യത്തെയോ ഭാരത്തെയോ ബാധിക്കുന്നില്ല. ഒരു മിനിട്ട് ഒരു മിനിട്ടാണ് .ഒരു മണിക്കൂർ ഒരു മണിക്കൂറാണ്. നമ്മൾ അതിനെയാണ് പരിപാലിക്കേണ്ടത്. നമ്മൾ കാലവുമായി അനുരഞ്ജനപ്പെടണം; കഴിയുന്നിടത്തോളം വിലപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കുക. ഇതാണ് ഏറ്റവും പ്രധാനം' .
ആകസ്മികസൗന്ദര്യം
കാലത്തിൻ്റെ മൂല്യത്തിൽ പ്രാതിഭാസി കമായ തലമാണുള്ളത്. നമ്മൾ കരഞ്ഞാലും സന്തോഷിച്ചാലും കാലത്തിൽ യാതൊരു വ്യതിയാനവുമില്ല. അതുകൊണ്ട് നമുക്ക് ചെയ്യാനുള്ളത് ,എന്തെല്ലാം ഓർത്തെടുക്കാൻ കഴിയുമെന്നാണ്.
ഭാഷയെ യാതൊരു ഭാരവുമില്ലാതെ ,ഒരു മേഘപടലം പോലെ രചനയിൽ ഒഴുക്കിവിടുന്നവരുണ്ട്, ഇറ്റാലോ കാൽവിനോ പറഞ്ഞതുപോലെ. അദ്ദേഹം തന്നെ മറ്റൊരു സങ്കേതവും ചൂണ്ടിക്കാട്ടുന്നു. ഭാഷയ്ക്ക് വസ്തുക്കളുടെയും ശരീരങ്ങളുടെയും വികാരങ്ങളുടെയും ഭാരവും സാന്ദ്രതയും ദൃഢതയും നല്കുന്നവരുണ്ട് . ശക്തമായ നിരീക്ഷണമാണിത്. ഭാഷയെ വായനക്കാരൻ അറിയേണ്ടതില്ല എന്ന് വിചാരിക്കുന്നവർക്ക് അവരുടെ ന്യായമുണ്ട്. എന്നാൽ ചിലർക്ക് ഭാഷയിൽ ജീവിച്ചേ മതിയാകൂ' .
മുറകാമി ഭാഷയെ ഇളംകാറ്റുപോലെ ലോലമാക്കുന്നു ;അതേസമയം അതിൻ്റെ അവസാനം ഉത്തരമില്ലാത്ത ചോദ്യങ്ങളാവും ശേഷിക്കുക. തൻ്റെ കഥാപാത്രം ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുറകാമി ഒരു കാര്യം വെളിപ്പെടുത്തി: 'മനുഷ്യൻ്റെയുള്ളിലെ ഇരുട്ട് എപ്പോഴാണ് പുറത്തുവരുന്നതെന്ന് പറയാനാവില്ല. അത് അപ്രതീക്ഷിതമായി, മറ്റൊരിടത്ത് ഇടം കണ്ടെത്തുകയാണ്. കഥാപാത്രങ്ങളെക്കുറിച്ചോ , കഥയെക്കുറിച്ചോ മുൻധാരണകൾ ഇല്ലാതെ എഴുതിത്തുടങ്ങുന്ന മുറകാമിക്ക് കഥാന്ത്യത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരിക്കില്ല. രചന ഒരെഴുത്തുകാരനെ സ്വയം അനാവരണം ചെയ്യാൻ സഹായിക്കുന്ന പോലെയാണിത്. ആകസ്മികതയിൽ സൗന്ദര്യമുണ്ട്.
കൃത്രിമരചന
പി.എഫ്.മാത്യൂസിൻ്റെ ' പരിഭാഷകൻ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 27)വായിച്ച് അന്തം വിട്ടുപോയി.മാത്യൂസിനു കഥ പറയാൻ അറിയില്ല. അദ്ദേഹത്തിനു എന്തോ പ്രശ്നമുണ്ട്. മനസ്സിൽ യാതൊന്നുമില്ലാതെ, കുറെ കാര്യങ്ങൾ പരസ്പരബന്ധമില്ലാതെ നീട്ടിപ്പരത്തി പറയുകയാണ്.ഒരു ഫ്ലാറ്റിൽ താമസിച്ച കോളേജ് അധ്യാപകൻ്റെ ഭാര്യ മരിച്ചു. സുഹൃത്തും ഡോക്ടറുമായ അയൽവാസി സ്ത്രീയെ അയാൾ കല്യാണം കഴിക്കാൻ ആലോചിക്കുകയാണത്രേ. ഇക്കാര്യത്തിൽ വായനക്കാർ എന്താണ് ചെയ്യേണ്ടത് ? കോളേജ് അധ്യാപകൻ വാലും തലയുമില്ലാതെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. കഥയിൽ അതിന് ഒരു സ്ഥാനവുമില്ല.തൻ്റെ പൊള്ളയായ കഥപറച്ചിലിനെ മറച്ചുപിടിക്കാൻ കഥാകൃത്ത് തനിക്ക് ദഹിക്കാത്ത പാശ്ചാത്യസാഹിത്യകാരന്മാരുടെ ചിന്തകൾ അനാവശ്യമായി ഉദ്ധരിക്കുകയാണ്. ഇതെല്ലാം കഥയിൽ ,പ്രളയത്തിൽ ഒഴുകിപ്പോയ തടിക്കഷണങ്ങൾ പോലെ അവശേഷിക്കുകയാണ്. മാത്യൂസിനു ഒരു അന്ത:സംഘർഷവുമില്ല. ഒരു കഥ പറയണമെന്ന നിർബന്ധമുള്ളതുകൊണ്ട് എഞ്ചുവടി വച്ചു കണക്കുണ്ടാക്കി കഥ എഴുതുകയാണ്. വായനക്കാരൻ്റെ മനസ്സിനെ സ്പർശിക്കാൻ ഇതിനു ശേഷിയില്ല.വി.പി.ശിവകുമാർ തൻ്റെ ഒരു കഥയിൽ ഉദ്ധരിച്ച 'സോളമൻ ഗ്രണ്ടി' എന്ന പാട്ട് മാത്യൂസ് തൻ്റെ കഥയിൽ തിരുകിക്കയറ്റുന്നു. എന്തു ഫലം ? അങ്ങേയറ്റം ദുർബ്ബലവും ശിഥിലവും വികാരശൂന്യവും നിഷ്പ്രയോജനവുമായ കഥയാണ് 'പരിഭാഷകൻ' എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ഒരു കഥ എഴുതുന്നത് അസ്തിത്വത്തിൻ്റെ ഇതുവരെ കാണാത്ത ഒരു കണമെങ്കിലും അനാവരണം ചെയ്യാനായിരിക്കണം. അതിനു ജീവിതത്തിൻ്റെ അഗാധമായ തലത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. എല്ലാവർക്കും പരിചിതമായ കാര്യങ്ങൾ വച്ച് കപടനാടകം കളിച്ചിട്ട് കാര്യമില്ല. ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു, ഭാര്യ ഭർത്താവിനെ മർദ്ദിച്ചു തുടങ്ങിയ സംഭവങ്ങൾ ചെറുകഥയാക്കേണ്ടതുണ്ടോ ? ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കലയാണ് സൃഷ്ടിക്കേണ്ടത്.മഹാചിത്ര കരനായ വാൻഗോഗ് ആകാശത്തെ വരയ്ക്കുമ്പോൾ നാം നിത്യവും കാണുന്ന ആകാശമല്ല അത്; വാൻഗോഗ് കണ്ടുപിടിച്ച ആകാശമാണ്.ഗാർസിയ മാർകേസ് കഥയെഴുതുമ്പോൾ ,അത് നിത്യവും പരിചയമുള്ള ഒരു സംഭവമായിരിക്കില്ല. അതിൻ്റെ അപ്രവചനീയമായ മറ്റൊരു ക്രമമാണ് അദ്ദേഹം തേടുന്നത്. വിചിത്രമായ ആകുലതകൾ ,മൗനങ്ങൾ ,സംഘർഷങ്ങൾ ,സന്ദേഹങ്ങൾ തുടങ്ങിയവയാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. ഇറ്റാലോ കാൽവിനോയുടെ ' അദൃശ്യ നഗരങ്ങൾ ' ഓർക്കുക.
പാരസ്പര്യമില്ല
ജി. പ്രഭയുടെ 'കടലും മരുഭൂമിയും' (പ്രഭാതരശ്മി ,മെയ് ) വളരെ താൽപ്പര്യത്തോടെയാണ് വായിച്ചത്. ഒരു യുവതി മരിക്കാനായി പുറപ്പെടുകയാണ്. എന്നാൽ സൂര്യൻ്റെ വെട്ടം പൊലിഞ്ഞതും ഇരുൾ പരന്നതും അവളുടെ യാത്രയെ തടസ്സപ്പെടുത്തി .അവളുടെ ലക്ഷ്യം തെറ്റി. അവൾ സ്വാതന്ത്ര്യത്തിനായി കൊതിച്ചു .പക്ഷേ, ഇരുട്ടും പ്രളയവുമാണ് അവളെ വിഴുങ്ങിയത്. അവൾ പ്രളയത്തിൽ ആണ്ടുപോയി. 'സ്വയം സ്വതന്ത്രമാകാനായി, ജീവിതത്തിൻ്റെ സാക്ഷ്യമായ ജീവനെ ഇറക്കിവയ്ക്കാനായി ഒരിടം തേടി ഇറങ്ങിയതാണ് അവൾ . ജീവനെടുക്കുന്ന വിഷക്കായോ ഒരു പൊട്ടക്കിണറോ കുടുക്കിടാൻ എളുപ്പത്തിലൊരു മരക്കൊമ്പോ ആഴമറിയാത്തൊരു ആത്മഹത്യാമുനമ്പോ, അങ്ങനെ എന്തെങ്കിലുമൊന്ന് .... പക്ഷേ അവിടേയ്ക്കെത്തും മുൻപേ തന്നെ വലിയൊരു പ്രളയം ഇങ്ങോട്ടെത്തി അവളെ വലയം ചെയ്തിരുന്നു. ജീവിതത്തിൽനിന്നുള്ള അവളുടെ രക്ഷകനായി.'
പ്രളയജലത്തിൽ നീന്തിയ അവളെ മീനുകൾ പൊതിഞ്ഞു. അവളുടെ മുഖമാകെ ചിതമ്പലുകൾ പൊതിഞ്ഞിരുന്നു. വശങ്ങളിലായി നീണ്ടു വീശിയ മത്സ്യച്ചിറകുകളും. അവൾ ഒടുവിൽ ഒരു സുന്ദരിയായ മത്സ്യകന്യകയായി മാറി.അതവളുടെ പരാജയമായിരുന്നു. അവൾ ഇനി എവിടെ പോകും?
നിത്യവും നാം കണ്ടുമുട്ടുന്ന കഥകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ കഥയിൽ നടകീയതയോ സമൂഹമോ ഇല്ല .ഒരു സാംസ്കാരിക ആത്മീയ പരിപ്രേക്ഷ്യത്തിലേക്ക് കഥ ഉയരുന്നില്ല. കാഫ്കയുടെ 'ജോസഫൈൻ ദ് സിംഗർ ഓർ ദ് മൗസ് ഫോക് ' എന്ന കഥയിലെ എലിയുടെ സവിശേഷത സംഗീതമായിരുന്നു. അതാണ് അതിനെ മറ്റ് എലികൾക്കിടയിൽ ശ്രദ്ധേയയാക്കിയത്. റിച്ചാർഡ് ബാക്കിൻ്റെ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗളി' ൽ ഒരു കാക്ക ആകാശത്തിൽ പതിവു വിട്ട് ഉയർന്ന് പറന്ന് തൻ്റെ അതിർത്തികൾ ഭേദിക്കുകയും അപൂർവ്വമായ ജ്ഞാനം നേടുകയും ചെയ്യുന്നു.അതുപോലൊരു ഔന്നത്യത്തിലേക്ക് ഈ കഥയിലെ സ്ത്രി എത്തിച്ചേരുന്നില്ല .അവൾ മത്സ്യകന്യകയായി.എന്നാൽ അതിനു ഇതരലോകവുമായുള്ള പാരസ്പര്യം വ്യക്തമാക്കപ്പെടുന്നില്ല. ജലത്തിനടിയിൽ തുഴയുന്ന സ്ത്രീകൾ പല കലാകാരന്മാരുടെയും പ്രമേയമായിട്ടുണ്ട്. മനോജ് നൈറ്റ് ശ്യാമളൻ്റെ 'ലേഡി ഇൻ ദ് വാട്ടർ' (2006) എന്ന സിനിമ പ്രസിദ്ധമാണല്ലോ. അമെരിക്കൻ ചിത്രകാരി എറിക്ക ക്രെയ്ഗ് വരച്ച ജലത്തിന്നഗാധതയിലെ സ്ത്രീ എന്ന പരമ്പരയിലെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഈ കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ മനസ്സിലൂടെ കടന്നു പോയി.എന്തുകൊണ്ട് മത്സ്യകന്യകയായി ?അതിൻ്റെ പരിണതി എന്ത് തുടങ്ങിയ വിഷയങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നില്ല. അവിടെയാണ് ഈ കഥയുടെ പരിമിതിയും ;ഭാഷാപരമായി അല്പം എഡിറ്റിംഗും കഥയ്ക്ക് ആവശ്യമാണ്.
വാക്കുകൾ
1)ആധുനിക മനസ്സ് പൂർണമാ ആശയക്കുഴപ്പത്തിലാണ്. ലോകത്തിനോ നമ്മുടെ ബുദ്ധിശക്തിക്കോ കാലുറപ്പിക്കാനാവാത്തവിധം അറിവ് വ്യാപിച്ചിരിക്കുകയാണ്. നമ്മൾ സമ്പൂർണ്ണനിഷേധത്തിൻ്റേതായ യാതനകൾ അനുഭവിക്കുന്നു എന്നത് വാസ്തവമാണ്.
ആൽബേർ കമ്യൂ ,
ഫ്രഞ്ച് എഴുത്തുകാരൻ
2)ദൈവമില്ലാത്ത ഒരു ലോകത്ത് എല്ലാറ്റിനെയും പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ് ആധുനികർ ചെയ്തത്.
ബ്രിയാൻ അപ്ളിയാർദ്,
ബ്രിട്ടീഷ് ചിന്തകൻ
3)കല ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല ;ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.
ലിയനാഡോ ഡാവിഞ്ചി,
ഇറ്റാലിയൻ സംവിധായകൻ
4)മരിക്കുന്ന ഏതൊരാളിലും ,ഒപ്പം മരിക്കുന്നത് ആദ്യചുംബനവും ആദ്യപോരാട്ടവുമായിരിക്കും. ആളുകൾ മരിക്കുന്നില്ല, അവരിലെ ലോകങ്ങളാണ് മരിക്കുന്നത്.
യെവ്തുഷെൻകോ,
റഷ്യൻ കവി
5)നഗ്നമായ സൗന്ദര്യത്തെ അനാവരണം ചെയ്യാതെ കലയ്ക്ക് നിലനില്പില്ല.
വില്യം ബ്ളേക്ക് ,
ഇംഗ്ളീഷ് കവി
കാലമുദ്രകൾ
1)വി.ബി.സി. നായർ
ഒ .വി .വിജയൻ, എം. കൃഷ്ണൻനായർ, മാധവികുട്ടി തുടങ്ങിയവരെ അണിനിരത്തി അസാധാരണമായ ഒരു ചേരുവയാണ് സാഹിത്യപത്രപ്രവർത്തനത്തിൽ വി.ബി.സി കണ്ടെത്തിയത്.ആ പാത ഇന്നു പലർക്കും അനുകരിക്കാൻ എളുപ്പമാണ്.
2)കാക്കനാടൻ
സാമൂഹികതിന്മകൾക്കും ജീർണതയ്ക്കുമെതിരെ നോവലെഴുതിയ കാക്കനാടൻ ആഖ്യാനങ്ങളുടെ 'ഉഷ്ണമേഖല'കൾ സൃഷ്ടിച്ചു.അമർത്താനാവാത്ത ക്ഷോഭത്താൽ ആന്തരിക വ്യഥയനുഭവിച്ച അദ്ദേഹം ഭാഷയെ ജ്വാലാമുഖിയാക്കി .
3)ഡോ.എൻ.എ.കരിം
സഹൃദയത്വത്തിൻ്റെ സീമാതീതമായ പ്രസാദം അനുഭവിച്ച ഒരു സാഹിത്യ ചിന്തകനായിരുന്നു ഡോ.എൻ.എ.കരിം. പക്ഷേ ,അദ്ദേഹത്തിൻ്റെ ആശയപരമായ സംവാദങ്ങൾ, തുറന്ന സമീപനങ്ങൾ വേണ്ടപോലെ ശ്രദ്ധിക്കാൻ മലയാളത്തിനു കഴിഞ്ഞിട്ടില്ല.
4)കെ.രഘുനാഥൻ
നോവലിസ്റ്റ് കെ.രഘുനാഥൻ്റെ ഓർമ്മകളിലൂടെ പുനരവതരിച്ച ഹാസസാഹിത്യകാരൻ വി.കെ.എൻ ശ്രദ്ധേയമാകുകയാണ്. 'മുക്തകണ്ഠം വി.കെ.എൻ' എന്ന ഗ്രന്ഥം ഗാഢമായ ഒരു സ്മൃതി ശേഖരമാണ്;രസാവഹവും.
5)എൻ.കെ. ദാമോദരൻ
റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മുഴുവൻ ആദരവും എൻ.കെ.ദാമോദരനുള്ളതാണ്.അദ്ദേഹമാണല്ലോ പതിറ്റാണ്ടുകൾക്കു മുൻപ് 'കരമസോവ് സഹോദരന്മാർ ' ,ഭൂതാവിഷ്ടർ ,നിന്ദിതരും പീഡിതരും തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് കൊണ്ടുവന്നത്.
വായന
അടുക്കളയെ സ്പന്ദിക്കുന്ന ഹൃദയമുള്ള ഒരാളായി സങ്കല്പിക്കുകയാണ് ബിന്ദു പ്രതാപ് 'ഒരു സാധാരണ അടുക്കള ' (എഴുത്ത്, ജൂൺ )എന്ന കവിതയിൽ.
'വെളുക്കെ പകൽ ചിരിച്ചു തുടങ്ങുമ്പോഴേക്കും ഡബിൾ
റോളിൻ്റെ കുപ്പായം ഇസ്തിരിയിട്ട് വിശപ്പും പൊതിഞ്ഞുകെട്ടി ഒരു നെട്ടോട്ടമാണ് !'
ജീവിതത്തിൻ്റെ ഒരു യഥാർത്ഥതലവും അതിൻ്റെ തന്നെ അറിയപ്പെടാത്ത നിഗൂഢ പെരുമാറ്റങ്ങളും ഒരേ ചാലിൽ വരുന്ന ഇത്തരം സന്ദർഭങ്ങൾ കവിതയുടെ വിജയം തന്നെയാണ്.
എസ് .ജോസഫിൻ്റെ 'കവിതയുടെ ചരിത്രം '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 3) ആ വിഷയം അർഹിക്കുന്ന തലത്തിലേക്കുയർന്ന തരത്തിലുള്ള ആവിഷ്കാരമായില്ല .
'ഞാനെല്ലാം സൂചിപ്പിച്ചതേയുള്ളു
ചരിത്രമെഴുതാൻ എനിക്ക്
കിട്ടിയത്
ചെറിയൊരു ഭിത്തിയാണ് '
എന്ന വാക്യത്തിൽ തുടങ്ങണമായിരുന്നു .വലിയൊരു വിഷയമെടുത്ത ശേഷം ആവിഷ്കാര സാധ്യതകൾ കണ്ടെത്താനാവാതെ കവി പരാജയപ്പെടുകയാണ് ചെയ്തത്.
ഒരു കവിയിലൂടെ ലോകം പുതിയൊരു ക്രമമാണ് തേടുന്നത്. എത്ര നിറങ്ങൾ മനസ്സിലുണ്ടോ അത്രയും ലോകം ഉള്ളിൽ കടന്നു എന്നാണ് അർത്ഥമാക്കേണ്ടത്. റഫീക്ക് അഹമ്മദിൻ്റെ 'വയ്യ'(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജൂൺ 19) എന്ന കവിതയിൽ ലോകത്തിൻ്റെ ദീനരോദനങ്ങൾ കേട്ട് കവി തന്നിലേക്കു തന്നെ രക്ഷപ്പെടാൻ നോക്കുകയാണ് .ഇത് പിന്തിരിപ്പൻ മനോഭാവമായി തോന്നി. നിശ്ശബ്ദതയും, ചിലപ്പോൾ, ജീർണ്ണതയാകുമെന്ന് അറിയുക, അതിൽ നാം സ്നേഹിക്കുന്നവർ ഇല്ലെങ്കിൽ. നമ്മെ ആരും സ്നേഹിക്കണമെന്നില്ല.
No comments:
Post a Comment