Thursday, July 1, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / തപിക്കുന്നരുടെ തപസ്സ്/metrovartha June 28,2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097

mkharikumar797@gmail.com



തപിക്കുന്നവരുടെ തപസ്സ്


അനുഭവങ്ങളുടെ ഏറ്റവും അടിത്തട്ടിലുള്ള സാരമെന്താണെന്ന്  അന്വേഷിക്കുന്ന എഴുത്തുകാരുണ്ട്. അവർ വികാരങ്ങളിലൂടെ ലോകത്തോടുള്ള തങ്ങളുടെ മനോഭാവം വെളിപ്പെടുത്തുന്നു. വികാരങ്ങളിലൂടെ അസ്തിത്വത്തിൻ്റെ ദർശനം തന്നെ പുറത്തു വരുന്നു. ഓക്കാനമുണ്ടാകുന്നത് ,കണ്ണുകൾക്ക് കാഴ്ചശക്തി കുറയുന്നതായി  തോന്നുന്നത് ,ശരീരത്തെക്കുറിച്ച്  മതിഭ്രമങ്ങളുണ്ടാകുന്നത്, ദു:സ്വപ്നങ്ങളിൽ അലയുന്നത്  തുടങ്ങിയവ അനുഭവങ്ങളോടുള്ള മനോഭാവമായി വ്യാഖ്യാനിക്കാവുന്നതാണ്. ഉപരിതലത്തിൽ അലകളായി അലഞ്ഞുവരുന്ന സുഖങ്ങൾ പിൻവാങ്ങി കഴിയുമ്പോൾ മനുഷ്യൻ അവൻ്റെ സ്ഥിരം അസ്വാസ്ഥ്യങ്ങളുമായി   ഒറ്റയ്ക്കാവുകയാണല്ലോ ചെയ്യുന്നത്. രോഗം ഒരു രൂപകമായി (മെറ്റഫർ ) വരുന്നത് അങ്ങനെയാണ്. രോഗം മനുഷ്യൻ്റെ ആന്തരികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദൃഷ്ടാന്തമായി മാറുകയാണ്. രോഗിയാവുന്നതോടെ  അയാളുടെ വീക്ഷണങ്ങൾ അടിത്തട്ടിലേക്ക് വരുന്നു, ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിലെ ഇല്ലിച്ചിനെപ്പോലെ . രോഗത്തിന് കലയിൽ സൂക്ഷ്മാർത്ഥ സൂചകസ്വഭാവമുണ്ട്. രോഗി കൂടുതൽ കാണുന്നു , അനുഭവിക്കുന്നതോടൊപ്പം .രോഗി താപസനാണ് ;എന്നാൽ അയാൾ ഉള്ളിൽ തപിക്കുകയാണ്, ഉഷ്ണിക്കുകയാണ്.


മുപ്പത്തിയൊന്നാം വയസ്സിൽ ആത്മഹത്യ ചെയ്ത ,പ്രമുഖ കവി സിൽവിയ പ്ളാത്ത് (1932-1963)എഴുതിയ 'ദ് അൺ എബ്രിഡ്ജ്ഡ് ജേർണൽസ് ഓഫ് സിൽവിയാ പ്ലാത്ത് 'എന്ന പുസ്തകം, അവരുടെ മരണത്തിനു ശേഷം ,1983 ലാണ് പുറത്തുവന്നത്.നമ്മൾ പരിചയിച്ച രൂപത്തിലുള്ള ആത്മകഥയല്ല ഇത്. സ്വന്തം ജീവിതത്തെ അസത്യങ്ങളുടെയും വീമ്പു പറച്ചിലുകളുടെയും ചന്തയാക്കുന്ന ആത്മകഥയല്ല .അങ്ങനെയൊന്ന് പ്ളാത്ത് എന്താനെഴുതണം ?നമ്മുടെ പല ചെറുപ്പക്കാരുടെയും ആത്മകഥകൾ കപടമാണ്. ജീവിക്കാത്തതുകൊണ്ടാണ് അവർ ആത്മകഥയെഴുതാൻ തുനിയുന്നത്.


സംവേദനവും വേദനയും 


അവർ സ്വന്തം അനുഭവങ്ങളിൽ  ഉരുകി ,അതിൻ്റെ ആലക്തിക തരംഗങ്ങളിൽ അലിഞ്ഞ് സ്വയം അവസാനിക്കുന്നതായി സങ്കല്പിച്ചു. അവരുടെ ഭാഷണങ്ങൾക്ക് തത്ത്വചിന്തയോ ,സിദ്ധാന്തമോ ഉണ്ടായിരുന്നില്ല.എന്നാൽ അതിൽ  ജീവിതത്തോടുള്ള സത്യസന്ധമായ സംവേദനമുണ്ടായിരുന്നു. എത്  സംവേദനവും നമ്മെ  ജീവിപ്പിക്കുകയാണ്.  സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും  മാംസളമായ ഭാഗങ്ങൾ മനസ്സിൽനിന്ന് എടുത്തുമാറ്റിയാൽ ബാക്കിയാവുന്ന അസ്ഥികൂടവുമായി പ്ളാത്ത് ഏകാന്തതയിൽ കഴിഞ്ഞു. പലതും തിരിച്ചും മറിച്ചും പരിശോധിച്ച് ശാശ്വതമായ ശൂന്യതയും നിരാശയും അവർ വേർതിരിച്ചെടുത്തു.സംവേദനം തന്നെ വേദനയാവുകയാണ് 


ആത്മഹത്യയെ ആരും പ്രോത്സാഹിപ്പിക്കുകയില്ല.എന്നാൽ  മനുഷ്യൻ്റെ മുന്നിൽ ആത്മഹത്യ ആശ്വാസത്തിൻ്റെ മധുചന്ദ്രികയാവുന്ന സന്ദർഭങ്ങളുണ്ട്. ജീവിതത്തെക്കുറിച്ചുള്ള ഒരന്വേഷണമാണത്. ഭരണകൂടത്തിനോ  സ്ഥാപനങ്ങൾക്കോ ഒരിക്കലും അതിനു കഴിയില്ല .ജീവിതത്തിൻ്റെ ഉടമസ്ഥാവകാശത്തിന്മേലുള്ള കൈയൊപ്പാണത്.


പ്ളാത്ത് ആത്യന്തികമായ സാരത്തിൻ്റെ  ആശ്ലേഷത്തിനായി ഉത്സുകയായി.അവസാനം തന്നെ നശിപ്പിച്ചുകളയുന്ന കാര്യങ്ങൾ അടുത്തുവരാൻ താനാഗ്രഹിക്കുന്നു എന്ന് എഴുതിയത് അതുകൊണ്ടാണ്. ദുരിതത്തെക്കുറിച്ചുള്ള നമ്മുടെ അവബോധം പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ജീവിതത്തെ നാം നമ്മുടേതായ രീതിയിൽ നോക്കിക്കാണാൻ തുടങ്ങും.


ജീവിതത്തിനു അർത്ഥമുണ്ടാകുന്നത് വേദനയിൽ നിന്നായിരിക്കും.സുഖം മാത്രം തരുന്ന അസ്തിത്വം ,നശ്വരതയുടെ പീഢ ഏറ്റു വാങ്ങുന്ന മനുഷ്യന് അപ്രാപ്യമാണല്ലോ. സുഖം മിഥ്യയാണെന്ന് മഹാദാർശനികനായിരുന്ന ഷോപ്പനോർ പറഞ്ഞു. പ്ലാത്ത് തൻ്റെ  പ്രശസ്തമായ ഈ ആത്മകഥാക്കുറിപ്പുകളിൽ ഇങ്ങനെ വിശദീകരിക്കുന്നു :'ഞാൻ ആളുകളെ  ഇഷ്ടപ്പെടുന്നു ,എല്ലാവരെയും. ഞാൻ അവരെ സ്നേഹിക്കുന്നു, സ്റ്റാമ്പ് ശേഖരിക്കുന്ന ഒരാൾ തൻ്റെ സ്റ്റാമ്പിനെ സ്നേഹിക്കുന്ന പോലെ. എല്ലാ കഥകളും എല്ലാ സംഭവങ്ങളും ഏതു സംഭാഷണശകലവും എനിക്ക് അസംസ്കൃതവസ്തുവാണ് .എൻ്റെ സ്നേഹം വ്യക്തിനിരപേക്ഷമല്ല , അത് പൂർണമായി വ്യക്തിനിഷ്ഠവുമല്ല. ഞാൻ ഓരോ വ്യക്തിയുമായിരിക്കാൻ ആഗ്രഹിക്കുന്നു -മുടന്തുള്ള ഒരാൾ ,മരിക്കുന്ന മനുഷ്യൻ ,ഒരു വേശ്യ ; എന്നിട്ട് ആ വ്യക്തിയായി രൂപാന്തരപ്പെട്ടുകൊണ്ട് ഞാനെൻ്റെ  ചിന്തകൾ ,വികാരങ്ങൾ എഴുതിവയ്ക്കാനായി മടങ്ങി വരുന്നു;ഞാനെല്ലാമറിയുന്നവനല്ല . എനിക്കെൻ്റെ ജീവിതം ജീവിക്കേണ്ടതുണ്ട്. എനിക്ക് എന്നെന്നേക്കുമായി ഈയൊരു ജീവിതമേയുള്ളു. എന്നാൽ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ സ്വന്തം ജീവിതത്തെ വസ്തുനിഷ്ഠമായ ആകാംക്ഷയോടെ നോക്കി കാണാനൊക്കില്ല' .


പ്ളാത്തിൻ്റെ ഈ വാക്കുകൾ അവരുടെ പ്രായത്തിനപ്പുറമുള്ള പക്വത കാണിക്കുന്നുണ്ട്. ജീവിതത്തെ വസ്തുനിഷ്ഠമായ ത്വരയോടെ കാണുന്നത് നമ്മെ വല്ലാതെ ചെറുതാക്കി കളയുമെന്നും ജീവിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും ഇതിനേക്കാൾ നന്നായി പറയാനൊക്കുമോ ?വ്യക്തിനിഷ്ഠമായോ വസ്തുനിഷ്ഠമായോ അല്ല താൻ ജീവിക്കുന്നതെന്ന വാക്കുകൾ അവരുടെ പ്രായത്തിനു അപ്പുറമുള്ള പക്വത കാണിച്ചുതരുന്നുണ്ട് .വ്യക്തിനിഷ്ഠത ഉപേക്ഷിച്ച് മറ്റുള്ളവരായി  മാറുമ്പോഴാണ് തനിക്ക് എഴുതാനുള്ള വിഭവം കിട്ടുന്നതെന്ന് പ്ളാത്ത് അറിയിക്കുന്നു. നമ്മൾ എന്താണോ അതല്ല നാം എഴുതുന്നതെന്ന ആശയം ഇവിടെ ഉയർന്നുവരുകയാണ്.


പ്രേമവും ഉൾവെളിച്ചവും


അറിയാനും ചിന്തിക്കാനും പഠിക്കാനും ജീവിക്കാനും വേണ്ടത് പ്രേമവും അവബോധവും ഉൾവെളിച്ചവുമാണെന്ന് പ്ളാത്ത് എഴുതുന്നുണ്ട്.ഇതിനാകട്ടെ സ്വയം അനുഭവങ്ങളിൽ തപിക്കേണ്ടതുണ്ട്. പ്ളാത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം: 'വേദനിപ്പിക്കുന്ന അനുഭവങ്ങളിൽനിന്ന് ഞാനൊരിക്കലും ഒഴിഞ്ഞുനിന്നിട്ടില്ല. എന്നെ നിർവികാരതയിൽ തളച്ചിട്ടില്ല. ജീവിതത്തെ ചോദ്യംചെയ്യാതെയും  വിമർശിക്കാതെയും എളുപ്പത്തിൽ  രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല' .


ജീവിതത്തിനും മരണത്തിനുമിടയിൽ എത്ര അലഞ്ഞിട്ടും അവർക്ക് കാമ്യമായ ഒരു സത്യത്തെയും കണ്ടെത്താനായില്ല. രചനകളുടെ ലോകം തന്നെ അപ്രസക്തമാകുന്നുവെന്ന് അവർക്ക് തോന്നി. 'ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാൻ ഞാൻ എത്ര  ആഗ്രഹിക്കുന്നു .ഞാനാരാണ് ?ഞാൻ എങ്ങോട്ട് പോകുന്നു? എന്നീ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടേണ്ടത് ഞാൻ മാത്രമാണ് .ഞാൻ സ്വാതന്ത്ര്യത്തിൽ നിന്ന് മാന്യമായ രക്ഷപ്പെടൽ ആഗ്രഹിക്കുന്നു.  കാരണം എങ്ങും പോകാനില്ല' .


സ്വാതന്ത്ര്യംകൊണ്ട് ഒന്നും ചെയ്യാനില്ലാതെയായി എന്ന്  തിരിച്ചറിയുന്ന നിസ്സഹായതയുടെ നിമിഷം ഈ എഴുത്തുകാരിയുടെ  അന്ത:കരണത്തെ പൊള്ളിക്കുകയാണ്. കയ്പും പുളിപ്പും ഭക്ഷിച്ചു ചീർത്ത ജീവിതത്തിൻ്റെ അടിത്തട്ടിൽ അടിയുന്ന മട്ട് പ്ളാത്ത് ഒരു വിചാരണയ്ക്ക് എന്ന പോലെ പുറത്തെടുക്കുകയാണ്. 


ബോധേന്ദ്രിയം


ദുരന്തമുഖങ്ങളിലേക്ക് സ്വപ്നങ്ങളും ഭയാശങ്കകളും ഓർമ്മകളുമായി യാത്രചെയ്യുന്ന ഒരുവനെ വി.പി. ശിവകുമാർ 'പന്ത്രണ്ടാം മണിക്കൂർ' എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. ഫലിതവും ദുരന്തവും ശൂന്യതയും നിസ്സഹായതയും സമ്മേളിച്ചതാണ്  ഈ കഥയിലെ ഓരോ വാക്യവും. ജീവിതത്തിൻ്റെ ആകസ്മികതയിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യമാണ്  കഥാകൃത്ത് തേടിയത്. രാത്രിയിലെ ബസ് യാത്രയും അപകടമരണവുമാണ് കഥയിലെ വിഷയം. ഓർമ്മയിൽപോലും അനിവാര്യമായ, അപ്രതിരോധ്യമായ നിസ്സഹായതയാണ് കാണുന്നത്.ഈ ഭാഗം നോക്കൂ: 'അയാൾ കാണുന്ന പ്രകൃതി വിഭ്രാമകമാണ്. കണ്ണുകളുടെ എല്ലാ യുക്തിയെയും അവ കടപുഴക്കി എറിഞ്ഞു.ഈ അർദ്ധരാത്രിയിൽ നിന്നു മാത്രം ഇരുട്ടു ഒഴിഞ്ഞുനിന്നു. വലിയ കുന്നുകൾ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഏതോ ഒരു പ്രപഞ്ചോൽപത്തി കഥയിലേക്ക് കൈ ചൂണ്ടി നില്ക്കുന്നു. എവിടെ നിന്നാണ് ആ പ്രകാശം ? അയാൾക്ക് ഒന്നും മനസ്സിലായില്ല .അത് മറ്റൊരു ലോകമാകാം. അവിടെ അയാൾ കണ്ട നിഴലിനും വെളിച്ചത്തിനും ഉറവിടമില്ലായിരുന്നു . ത്രിമാനങ്ങൾക്കും അപ്പുറത്തു എന്തോ ഒന്ന് അയാൾ അനുഭവിച്ചറിഞ്ഞു'ഇങ്ങനെ എഴുതുന്നതിൽ നിന്ന് കഥാകൃത്തിൻ്റെ മനസ്സ് വ്യക്തമാണ്. 


അപാരനോട്ടങ്ങൾ


താൻ യാത്രചെയ്യുന്ന ബസിലെ ഡ്രൈവർ മരിച്ചിരിക്കുകയാണെന്നറിഞ്ഞ ആ  യാത്രക്കാരൻ്റെ മനസ്സ് ഇങ്ങനെ വിവരിക്കുന്നു :' അയാൾ ബസ്സ് കാണുന്നേയില്ല .ജലചക്രം ഒരിക്കൽക്കൂടി കറങ്ങി .എത്രയെത്ര പേരുകൾ! എത്ര തലമുറകളാണ് അതിൽ മിന്നിമറയുന്നത്. അയാൾ അത്ഭുതപ്പെട്ടു. ഒന്നും ഉറച്ചു നിൽക്കുന്നില്ലല്ലോ .അതിലെവിടെയോ നിന്ന് സ്നേഹത്തിൻ്റെ തഴമ്പു വീണ അമ്മയുടെ കൈകൾ തൻ്റെ നേരെ നീണ്ടുവരുന്നത് അയാൾ കണ്ടു. ആവേശത്തോടെ അയാൾ കൈകൾ നീട്ടി. അവ അകന്നുപോയി. ഒരു പര്യവൃത്തിക്ക് ശേഷം വീണ്ടും അവ തൻ്റെ അടുത്തെത്തുന്നതും നോക്കി അയാൾ കാത്തുനിന്നു' . മനോഹരമായ ഒരു നിമിഷമാണ് ശിവകുമാർ വിവരിച്ചിരിക്കുന്നത്.മലയാള കഥയിലെ അനർഘ നിമിഷമാണിത്.ജന്മാന്തര സൗഹൃദങ്ങളുടെ നൊടിനേരത്തെ മുഖാമുഖം. ജീവിതത്തിലെ അതീതനിമിഷം എന്ന് പറയാവുന്ന ഒരു തലത്തിൽ ബോധേന്ദ്രിയത്തിൽ ഉണ്ടാകുന്ന മിന്നൽ .ആ കഥാപാത്രമായി മാറുകയാണ് കഥാകൃത്ത് .എന്നാൽ പ്ളാത്ത്  പറഞ്ഞപോലെ ,കഥാകൃത്തിനു അത്  അസംസ്കൃത വസ്തുവാണ്. അത്  വ്യക്തിനിഷ്ഠമല്ല ;വസ്തുനിഷ്ഠവുമല്ല. അവനവനെതന്നെ ഒരു ദുരന്തത്തിൻ്റെ  അസംസ്കൃതവസ്തുവായി കാണുകയും രചനയുടെ വേളയിൽ  അതുമായി താദാത്മ്യപ്പെടുകയുമാണ്   കഥാകൃത്ത് ചെയ്യുന്നത്.


കാലമുദ്രകൾ



1)പ്രസന്നരാജൻ


കെ.പി .അപ്പൻ്റെ ശിഷ്യനായ പ്രസന്നരാജൻ ഇനിയും അദ്ദേഹത്തിൻ്റെ വലയത്തിൽ നിന്നു മുക്തനായിട്ടില്ല. സാഹിത്യകൃതിയെ വിമർശിക്കുകയോ പഠിക്കുകയോ ചെയ്യുന്നതിന് മുമ്പ് അത് എങ്ങനെയെങ്കിലും ആത്മീയാനുഭവമാക്കാൻ കഴിയേണ്ടതാണ്.പ്രസന്നരാജനു സാഹിത്യകൃതി ആസ്വദിക്കാനുള്ള സിദ്ധിയില്ല .ഓരോ ലേഖനവും ഇതിനു തെളിവായി നിൽക്കുകയാണ്.


2)വി.ജി .തമ്പി 


ഇപ്പോഴും കവിതകളെഴുതിക്കൊണ്ടിരിക്കുന്ന വി.ജി.തമ്പി എവിടെ തുടങ്ങിയോ  അവിടെത്തന്നെ നില്ക്കുകയാണ്.ഒരു പ്രൊഫസറാകാനുള്ള വിദ്യാഭ്യാസം  സാഹിത്യരംഗത്ത് എന്തെങ്കിലും ആവിഷ്കരിക്കാനുള്ള ചീട്ടല്ല.കൂടുതൽ എന്ത് പഠിച്ചു എന്ന് ചോദിച്ചാൽ പ്രൊഫസർ കവികൾക്കു ഉത്തരമില്ല. പഴയ പാഠങ്ങൾ തന്നെ  ഉരുവിട്ടുകൊണ്ടിരിക്കുന്നതുകൊണ്ട് ആർക്കു പ്രയോജനം?


3)എസ്. രമേശൻനായർ


തമിഴ് കൃതികൾ (ചിലപ്പതികാരം ,തിരുക്കുറൾ ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ധിഷണാശാലിയായ കവിയാണ് എസ്.രമേശൻനായർ .പരീക്ഷണങ്ങളിലോ , പ്രചാരവേലകളിലോ തൽപരനാകാതിരുന്ന അദ്ദേഹത്തെ  ടെലിവിഷൻ ചാനലുകൾ പ്രലോഭിപ്പിച്ചില്ല.


4)രവിവർമ്മ തമ്പുരാൻ


പൂജ്യം ,മുടിപ്പേച്ച് എന്നീ നോവലുകളിലൂടെ സീരിയസ്  വായനക്കാരുടെയിടയിൽ ചർച്ച  ചെയ്യപ്പെടുകയാണ് രവിവർമ്മ തമ്പുരാൻ.


5)എൻ.മോഹനൻ


ഒരാത്മകഥയിൽ തന്നെ ഒതുക്കാനാവില്ലെന്ന് ദൃഢമായി വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് വിടവാങ്ങിയ എൻ.മോഹനൻ ഓർമ്മകളിൽ  പ്രഭയോടെ നിൽക്കുന്നു. 


വാക്കുകൾ 


1)ഇന്നലെ എന്നുപറയുന്നത്  ചരിത്രമാണ് ;നാളെ എന്നത്  ദുരൂഹമാണ്. ഇന്നാകട്ടെ ദൈവത്തിൻ്റെ  സമ്മാനമാണ്. അതുകൊണ്ടാണ് അതിനെ വർത്തമാനം എന്ന് നാം വിളിക്കുന്നത്.

ജോവാൻ റിവേഴ്സ് ,

അമേരിക്കൻ നടി 


2)കണ്ണുനീർ വാക്കുകളാണ് ;അത് എഴുതുക തന്നെ വേണം.

പൗലോ കോയ്ലോ,

ബ്രസീലിയൻ നോവലിസ്റ്റ് 


3)എനിക്കെന്താണ് അറിയാവുന്നത് എന്ന് കണ്ടുപിടിക്കാനാണ് ഞാനെഴുതുന്നത് .

ഫ്ളാനറി ഒകോണർ,

അമെരിക്കൻ എഴുത്തുകാരൻ


4)ഒരു നല്ല എഴുത്തുകാരനു സ്വന്തം ആത്മാവ് മാത്രമല്ല, അവൻ്റെ  സുഹൃത്തുക്കളുടെ ആത്മാവുമുണ്ട്.

ഫെഡറിക് നീഷെ,

ജർമൻ ചിന്തകൻ,


5)വസ്തുതകൾ വെറുതെ ശേഖരിച്ചുവയ്ക്കുന്ന ഒരു റെക്കോർഡർ ആവാതിരിക്കുക; അതിൻ്റെ ഉറവിടത്തിലുള്ള രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുക.

ഇവാൻ പാവ്ലോവ്,

റഷ്യൻ ശരീരശാസ്ത്രജ്ഞൻ


വായന


അന്തരിച്ച കഥാകൃത്ത് വി.ബി. ജ്യോതിരാജിനെക്കുറിച്ച് എം.ജി. രാധാകൃഷ്ണൻ (പ്രവാസിശബ്ദം ,പൂനെ ,മെയ് )എഴുതിയ ലേഖനം ഹ്രസ്വമെങ്കിലും സൗഹൃദ സ്മരണകളുടെ തുടികൊട്ടുശബ്ദം കേൾപ്പിച്ചു. എന്നാൽ ലേഖകൻ്റെ വളരെ അടുത്ത സുഹൃത്തായ ജ്യോതിരാജിൻ്റെ കഥകളെക്കുറിച്ച് എഴുതിയ വാക്യങ്ങൾ ഉചിതമായില്ല എന്നറിയിക്കട്ടെ.ഈ ഭാഗം നോക്കൂ : 'കൃത്യമായി പറയുകയാണെങ്കിൽ ഔട്ട്സ്റ്റാൻഡിങ് ആയി എഴുതിയ കഥകൾ തുലോം കുറവ് തന്നെയാണ്. അതിനു കാരണം സോവിയറ്റ് ലിറ്ററേച്ചറിലെ വിപ്ലവസാഹിത്യത്തോടുള്ള അടിമ മനോഭാവമായിരുന്നു .വിശാലമായി വായിക്കാൻ തുനിഞ്ഞുമില്ല. പാർട്ടിയോടുള്ള കൂറും മാക്സിം ഗോർക്കിയിൽ നിന്നുയരാത്ത വായനയും ജ്യോതിയെ എഴുത്തിൽ  മുന്നോട്ടു നയിച്ചില്ല " . രാധാകൃഷ്ണൻ്റെ  ഈ വിലയിരുത്തൽ തെറ്റാണ് .വളരെ പ്രശസ്തരായ പല കഥാകൃത്തുക്കളും എഴുതുന്നതെല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആകണമെന്നില്ല .ഒരു നല്ല കഥ എഴുതിയാൽ തന്നെ ധാരാളം. ഒരു പക്ഷേ, പതിറ്റാണ്ടുകൾക്ക്

മുൻപുള്ള ജ്യോതിരാജിനെ മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം ഇങ്ങനെ എഴുതിയത് .ജ്യോതിരാജ് വല്ലാതെ മാറിയിരുന്നു .കഠിനമായ അനുഭവങ്ങളിലൂടെ അദ്ദേഹം നരജീവിതത്തിൻ്റെ നരകം

കണ്ടു. സകല കൂടിച്ചേരലുകളുടെയും പൊള്ളത്തരം ജ്യോതിരാജിനു ബോധ്യപ്പെട്ടിരുന്നു. ജീവിതഭാരത്താൽ ആ കഥകൾക്കു കനം വെയ്ക്കുകയായിരുന്നു. അദ്ദേഹം ഒടുവിൽ എഴുതിയ 'ഏതോ ഒരാൾ ' (മലയാളം, ജനുവരി 25) ഒന്നു  വായിച്ചു നോക്കൂ .ഈ അഭിപ്രായം ചിലപ്പോൾ മാറിയേക്കും.പിന്നെ മാക്സിം ഗോർക്കിയെ എന്തിനാണ് പഴിക്കുന്നത്?. ഏതു കാലത്തും വായിക്കാൻ കൊള്ളാവുന്ന കഥകൾ ഗോർക്കി എഴുതിയിട്ടുണ്ട്.


ജ്യോതിരാജ്  പ്രായോഗിക ജീവിത വിജയത്തിനായി പരിശ്രമിച്ച ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം കഥാകാരൻ്റെ കുരിശു ചുമന്നുകൊണ്ടു നടക്കുകയായിരുന്നു. മനസ്സിൽ നിറഞ്ഞുനിന്ന അരക്ഷിതാവസ്ഥയും ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകളും അദ്ദേഹത്തെ ഉലയ്ക്കുകയായിരുന്നു

എന്തുകൊണ്ട് ഇത് സംഭവിച്ചു ? ഒരു കലാകാരനായതുകൊണ്ടാണ് .അങ്ങനെയാണ് നമ്മൾ കാണേണ്ടത്.


അദ്ദേഹത്തിൻ്റെ ജീവിതവിജയം ഒരു പ്രൊഫസറുടെയോ അല്ലെങ്കിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ്റെയോ ജീവിതവിജയവുമായി താരതമ്യം

ചെയ്താൽ ഇരുട്ടിൽ തലകുത്തി വീഴുകയേയുള്ളു. ഇക്കാര്യത്തിൽ കുറേക്കൂടി ആത്മീയമായ അവബോധത്തോടെ സമീപിക്കേണ്ടതുണ്ട്. ഒരാൾ ഉള്ളിൽ എങ്ങനെ ജീവിച്ചു എന്നാണ് നോക്കേണ്ടത്.


'കലാചരിത്രത്തിലെ സ്ത്രീ' എന്ന പേരിൽ കവിത ബാലകൃഷ്ണൻ എഴുതുന്ന പരമ്പര (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 6) കലയിൽ ചിത്രകാരികളുടെ ഇടപെടൽ പരിശോധിക്കുന്നു. ചിത്രകലയെക്കുറിച്ച് ഗണനീയമായ സാഹിത്യം ഇനിയും ഉണ്ടായിട്ടില്ലാത്ത നമ്മുടെ ഭാഷയിൽ കവിതയുടെ ഈ ലേഖനങ്ങൾ ശ്രദ്ധേയമാണ്.


No comments:

Post a Comment