Tuesday, September 8, 2020

അക്ഷരജാലകം/റോം കത്തുമ്പോൾ സംഗീതമോ?/എം.കെ.ഹരികുമാർ/metrovartha april6

കൊറോണക്കാലം സാഹിത്യരചനയ്ക്ക് പറ്റിയതല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ .അടുത്ത ചില എഴുത്തുകാരും വായനക്കാരും അത് സ്നേഹസംഭാഷണങ്ങൾക്കിടയിൽ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താതിരിക്കുന്നത് വഞ്ചനയാണ്. അതുകൊണ്ടാണ് ഇത് എഴുതുന്നത്. നോവൽ എഴുതുന്നില്ലേ ? കവിത കാണുന്നില്ലല്ലോ ? കഥ എഴുത്ത് നിർത്തിയോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ.
പതിവുള്ള കോളങ്ങൾ മാത്രമേ ഇപ്പോൾ എഴുതാൻ പറ്റുന്നുള്ളു; അത് പ്രൊഫഷൻ്റെ ഭാഗമായി ചെയ്യുന്നതാണ്. ഡോക്ടർമാരുടെ പ്രാക്ടീസ് പോലെ. മറ്റ് ക്രിയേറ്റീവ് ജോലികളൊന്നും ചെയ്യാനുള്ള ഏകാന്തത ഇപ്പോഴില്ല. കാരണം മനസ് ആധിയിൽ നിന്ന് വിമുക്തമായാലേ എന്തെങ്കിലും ചെയ്യാനൊക്കൂ. നമ്മൾ സമൂഹത്തിൽ നിന്ന് മാറി ഏകാന്തവാസം നയിക്കുകയല്ലല്ലോ. ഭൗതികമായി ഒരു മുറിയുണ്ടെങ്കിലും അത് എനിക്കു മാത്രമായി പ്രവർത്തിക്കുന്നില്ല .വിർജിനിയ വുൾഫ് വനിത എന്ന നിലയിലുള്ള തൻ്റെ  സാഹിത്യപ്രവർത്തനങ്ങൾക്ക് ഈ ലോകത്ത് സ്വന്തമായി ഒരു മുറി ഇല്ലെന്ന് പറഞ്ഞല്ലോ. ആ അർത്ഥത്തിലല്ല ഞാൻ പറയുന്നത്. എൻ്റെ മുറി വേറെയാണ്.അത് പ്രവർത്തിക്കണമെങ്കിൽ ഞാൻ മാത്രം വിചാരിച്ചാൽ പോരാ. എൻ്റെ വീടു മാത്രമല്ല, എൻ്റെ ചുറ്റുപാടും ചേർന്നതാണ് എൻ്റെ ശരീരം .സ്നേഹമുള്ളവർ കഷ്ടപ്പെടുമ്പോൾ നമ്മൾ എങ്ങനെയാണ് സുഖം തേടുന്നത്.

കൊറോണ ഈ ലോകത്തിൻ്റെ മനസ്സിലേക്ക് തീ കോരിയിട്ടിരിക്കയാണ്. ഓരോരുത്തരും അങ്കലാപ്പിലാണ്. നല്ല ബാങ്ക് ബാലൻസുള്ളവർക്ക് സൂപ്പർ മാർക്കറ്റ് തുറന്നോ എന്ന് നോക്കിയാൽ മതി.എന്നാൽ പലർക്കും ഇപ്പോൾ തൊഴിലില്ല .നേരത്തേ തന്നെ നഷ്ടത്തിൽ പൊയ്ക്കൊണ്ടിരുന്ന കടകൾ അടച്ചിട്ടതോടെ ദൈനംദിന ജീവിതം പോലും വിഷമത്തിലായിരിക്കയാണ്.പലർക്കും മരുന്നു വാങ്ങാൻ പോലും പണമില്ല.എന്നാൽ ഇതിനു ആരെയും  കുറ്റപ്പെടുത്താനാവില്ല .ഇറങ്ങി നടന്നാൽ കൊറോണ പിടിക്കും. അതേസമയം മനുഷ്യൻ്റെ ഈ അവസ്ഥ ദുസ്സഹമാണ്‌. എന്നുവരെ ഇത് തുടരുമെന്ന് പറയാനാവില്ല. രോഗഭീതി മറ്റൊരു മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കയാണ്.വിഷാദം സാവധാനം പിടിമുറുക്കും. ഇതൊക്കെ എനിക്കു കാണാനാവുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും നമ്മൾ അതിൽ നിന്ന് രക്ഷപ്പെടുമെന്ന് ഒരു ഉറപ്പും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഒരു മുറിയിലിരുന്ന് സാഹിത്യമെഴുതാൻ കഴിയുമോ ? നമ്മെ സൃഷ്ടിച്ചിരിക്കുന്നത് കല്ലുകൊണ്ടല്ലല്ലോ.വൈകാരികമായ അനുഭവങ്ങൾ, സംവേദനങ്ങൾ നമ്മെ ചിലപ്പോൾ ഔപചാരികമായിപ്പോലും പെരുമാറാൻ അശക്തനാക്കും.യു.എസിൽ ഒരാഴ്ച കഴിഞ്ഞാൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ കോറോണ മൂലം മരിക്കുമെന്ന് പ്രസിഡൻ്റ് യാതൊരു സങ്കോചവുമില്ലാതെ പറയുകയാണ്. എൻ്റെ വളരെ അടുത്ത സുഹൃത്തുക്കൾ യു.എസ്സിലുണ്ട്.ഞാൻ എങ്ങനെയാണ് ഈ സമയത്ത് സർഗാത്മക സാഹിത്യമെഴുതുന്നത്.?ഇതൊക്കെ മനസ്സിനെ ബാധിക്കാതിരിക്കുമോ?

രോഗത്തിൻ്റെ ആഗോളവത്കരണമാണ് ഈ കാലയളവിൽ നമ്മൾ അഭിമുഖീകരിക്കുന്നത്. കൊറോണ ഭീതിയാണ്, മരണമാണ്, അപസ്മാരമാണ് കൊണ്ടുവരുന്നത്‌. കൊറോണക്കാലത്ത് കിട്ടന്ന സമയം സാഹിത്യരചനയ്ക്ക് നീക്കിവയ്ക്കുമെന്ന് പറയുന്ന എഴുത്തുകാരോട് എന്താണ് പറയാനുള്ളതെന്ന് ഒരു സുഹൃത്ത് ചോദിച്ചതുകൊണ്ട് പറയുകയാണ്, നീറോ ചക്രവർത്തിയാകരുത് ! ചിലർ ഇത് നല്ല അവസരമായി കാണുന്നുണ്ടാകാം. ഈ മാനസികാവസ്ഥ എങ്ങനെ കിട്ടുന്നു ?. മറ്റുള്ളവരെക്കുറിച്ചോ, ലോകത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാതെ, ആരോടും ഒരു ബന്ധവുമില്ലാതെ സ്വന്തം പ്രശസ്തിയിലും പണത്തിലും മാത്രം ശ്രദ്ധിക്കുന്നവർക്ക് ഇതൊക്കെ കഴിയും. ഇന്ന് പല 'ജനപ്രിയ' എഴുത്തുകാരും ജീവിക്കാത്ത ജീവിതത്തെക്കുറിച്ച് കൃത്രിമമായി എഴുതുകയാണ്. ചില പ്രസാധകന്മാർ ഇവരുമായി ചങ്ങാത്തമുള്ളവരാണ്. അങ്ങേയറ്റം കൃത്രിമമായി എഴുതാനാണ് ഇക്കൂട്ടരുടെ വാസന .
അനുഭവിച്ചു എന്ന് തെളിയിക്കുന്ന ഒരു വാചകം പോലുമില്ലാത്ത കൃതികൾ പ്രസിദ്ധീകരിക്കാൻ പ്രസാധകന്മാർ തയ്യാറാവുന്നു. വെറുതെ ആൻഡ്രോയിഡ് കുഞ്ഞപ്പ നായിട്ടു കാര്യമില്ല.

റോമാനഗരം

റോമാനഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്നൊരു ചൊല്ല് നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്. എ.ഡി 64 ൽ  ഭരിച്ച നീറോ  റോമിലെ  അവസാനത്തെ ചക്രവർത്തിയായിരുന്നു. കുപ്രസിദ്ധമായ ഭരണത്തിനൊടുവിൽ അദ്ദേഹം രാജ്യം വിടുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. എ.ഡി 64 ൽ റോമിൽ ആറ് ദിവസം തുടർച്ചയായി വൻ തീപ്പിടിത്തമുണ്ടായി.എന്നാൽ തീയണയ്ക്കാൻ നീറോ ഒന്നും ചെയ്തതില്ലത്രേ.മുപ്പത്തഞ്ച് മൈൽ അകലെ ആൻ്റിയം എന്ന തൻ്റെ വില്ലയിൽ നീറോ സുരക്ഷിതനായി സമാധാനത്തോടെയിരുന്ന് വീണ വായിക്കുകയായിരുന്നത്രേ. അദ്ദേഹത്തെ തീ അസ്വസ്തമാക്കിയില്ല. അദ്ദേഹം കലാസ്വാദകനായതു കൊണ്ട് തീ ഒരു ശല്യമായില്ല! വീണ വായിച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതാകാം. പക്ഷേ, അതിൽ അയാളെപ്പറ്റി സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് വ്യക്തമാണ്. ഇതിനു സാധൂകരണം നൽകുന്ന ഒരു വസ്തുത ,തീപ്പിടിച്ച് നശിച്ച സ്ഥലം നീറോ ചക്രവർത്തി സ്വന്തമാക്കുകയും അവിടെ തൻ്റെ പുതിയ കൊട്ടാരം പണിയുകയും ചെയ്തു എന്നതാണ്. നീറോ തന്നെയാണ് തീയിട്ടതെന്ന് സംശയിക്കാനും ഇത് ഇടവരുത്തി.

ഇതുപോലെയുളള നീറോ ചക്രവർത്തിയാകാൻ എഴുത്തുകാർ ശ്രമിക്കരുത്.കൊറോണക്കാലം നമ്മുടെ രോഗങ്ങളിലേക്ക് തിരിച്ചു പോകാനുള്ളതല്ല. ഇത് ഒരു ആപത്ക്കാലമാണ്. അതിജീവിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കാലത്തിൻ്റെ ദീനസ്വരങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഒരാൾ താൻ ഗംഗാ നദീതടത്തിൻ്റെ  പശ്ചാത്തലത്തിൽ ഒരു നോവലെഴുതുകയാണെന്നും പ്രസാധകർ കാത്തിരുന്നു ക്ഷമ കെട്ടെന്നും കൊറോണ അതിനു പറ്റിയ കാലമാണെന്നും പ്രഖ്യാപിച്ചാൽ അതിലെ ഹൃദയശുന്യത ആർക്കും ബോധ്യപ്പെടാനാവും. സെൻസിറ്റിവിറ്റി  നഷ്ടപ്പെട്ടാൽ എഴുത്തുകാർ ഇതിലപ്പുറവും ചെയ്യും.

ഒരാൾ കൊറോണ ,ഹേ കൊറോണ എന്നു പാടിക്കൊണ്ടു കാട്ടിലൂടെ നടക്കുന്നതിൻ്റെ വീഡിയോ ടിവിയിൽ  കണ്ടു. ഇത് സമ്പൂർണ ഓർക്കസ്ട്രയോടു കൂടി ചിത്രീകരിച്ചിരിക്കുകയാണ്.ഇവർ ചിന്തിക്കുന്നത് കൊറോണ ബാധിച്ച് ഐസൊലേഷൻ വാർഡിൽ കിടക്കുന്നവരുടെ ബന്ധുക്കൾ ഈ പാട്ടിനൊപ്പിച്ച് ചുവടുകൾ വയ്ക്കണമെന്നായിരിക്കും. അതായത് ,മഹത്തായ സഹജീവി സ്റ്റേഹത്തിൽ നിന്നും അപാരമായ പരഹൃദയജ്ഞാനത്തിൽ നിന്നും പിറക്കേണ്ട കല തന്നെ ചിലരുടെ കൈയിൽ വൈകാരിക ശൂന്യതയുടെയും ക്രൂരതയുടെയും ഉപകരണമായിത്തീരുന്നു.

'വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം' എന്ന് സിനിമയിൽ പാടുന്നതു പോലെ സന്തോഷം തരുന്നതാണോ കൊറോണ ? അല്പം തിരിച്ചറിവു നാം കാണിക്കണം. നമുക്ക് ക്രൂരമായ അധിനിവേശവും വെട്ടിപ്പിടിത്തവും തുടരാൻ ഇനിയും ധാരാളം അവസരമുണ്ടല്ലോ.തങ്ങളുടെ സ്നേഹശൂന്യത ഒരാഭരണമായി അണിഞ്ഞ് സമൂഹമധ്യത്തിലേക്ക് വന്ന് കോമാളിത്തം കാണിക്കാതിരിക്കൂ എന്നാണ് അവരോടു പറയാനുള്ളത്. ജനപ്രിയ നോവലുകൾ എഴുതി തള്ളാൻ സമയം എന്ന ഘടകം മാത്രം മതി. കൃത്രിമമായി  വികാരം കുത്തി നിറയ്ക്കാമല്ലാ.എന്നാൽ മികച്ച കൃതികളെഴുതാൻ ,ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പോലെ, കൂടുതൽ ഏകാന്തതയും സത്യസന്ധതയും വേണം. സ്വയം തപിക്കണം.അത് മൂന്നാറിലേക്ക് ടൂർ പോകുന്ന പോലെയല്ല.

ഒരിക്കൽ സുകുമാർ അഴീക്കോട് പറഞ്ഞു, എഴുത്തുകാരനു ഭൗതികമായ സുരക്ഷിതത്വം വേണം; എന്നാൽ അവൻ ഒരിക്കലും ആത്മീയമായി സുരക്ഷിതനാവരുത് .അങ്ങനെ വന്നാൽ അതവൻ്റെ രചനയിൽ നിന്ന് സഹൃദയത്വവും മാനുഷികതയും നഷ്ടപ്പെടുന്നതിനു ഇടയാക്കും.,

ചില എഴുത്തുകാർ കൊറോണക്കാലം സാഹിത്യരചനകൾക്കായി മാറ്റി വച്ചിരിക്കുകയാണെന്ന് അറിയിച്ചപ്പോൾ ശരിക്കും കുഴഞ്ഞു പോയി. ധാരാളം പുസ്തകങ്ങളിലൂടെ റോയൽറ്റി വകയായി നല്ല തുക സ സമ്പാദിക്കുന്നതിനും  അടിക്കടി വലിയ തുകയുടെ അവാർഡു കിട്ടുന്നതിനും നെറ്റ്വർക്ക് ഉള്ള എഴുത്തുകാർ ഈ കാലത്ത് ഒരു വിഹിതം പാവപ്പെട്ടവർക്ക് കൊടുക്കണം. ദാനം ചെയ്താൽ പാപം തീരുമെന്നാണ് ഭാരതീയ തത്ത്വശാസ്ത്രം പറയുന്നത്. നമ്മുടെ പാപപങ്കിലമായ അസ്തിത്വത്തെ ചികിത്സിക്കാനുള്ള ഉത്തമ ഔഷധമാണ് ദാനം.ദാനം ധർമ്മം തന്നെയാണ്. ഫേസ്ബുക്കിൽ വന്ന് വൈറലാകുന്നത് ധർമ്മമല്ല;അത് ചിലപ്പോൾ അധർമ്മമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രിയപ്പെട്ടവരാകാനുള്ള ഒരു ഉപകരണമാണ് ഫെയ്സ്ബുക്ക്.


വാക്കുകൾ

1)മതങ്ങൾ പലതുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു കാരണമേയുള്ളു. അതുകൊണ്ട് നമ്മൾ എല്ലാം സഹോദരങ്ങളാണ്.
എ.ജെ.ക്രോനിൻ,
സ്കോട്ടിഷ് ഫിസിഷ്യൻ, എഴുത്തുകാരൻ .

2)ഒരു ദോഷൈകദൃക്ക് കാറ്റിനെക്കുറിച്ച് പരാതി പറയും;ഒരു ശുഭാപ്തി വിശ്വാസക്കാരൻ അത് മാറുമെന്ന് പ്രതീക്ഷിക്കും ;ഒരു സാധാരണക്കാരൻ അതിനൊപ്പിച്ച് തോണിയുടെ സഞ്ചാരം ക്രമീകരിക്കും.
വില്യം ആർതർ വാർഡ്,
അമെരിക്കൻ എഴുത്തുകാരൻ .

3)വൈദ്യം എൻ്റെ നിയമപ്രകാരമുള്ള ഭാര്യയും സാഹിത്യം രഹസ്യഭാര്യയുമാണ്. ഒരാളുടെയടുത്ത് മടുക്കുമ്പോൾ ഞാൻ ഉറങ്ങാനായി മറ്റേയാളുടെ അടുത്തേക്ക് പോകും.
ആൻ്റൺ ചെക്കോവ്,
റഷ്യൻ കഥാകൃത്ത് .

4)ഞാൻ നിലനിൽക്കുന്നില്ലെന്ന് പറയാം.എന്നാൽ എന്നെ പ്രതിബിംബിപ്പിക്കുന്ന ആയിരക്കണക്കിനു കണ്ണാടികളുണ്ട്.ഞാൻ ഇടപെടുമ്പോഴെല്ലാം എൻ്റെ പ്രതിബിംബങ്ങളുടെ സംഖ്യ ഉയരുകയാണ്. അവർ എവിടെയോ ജീവിക്കുകയാകാം ,അവർ പെരുകുകയാകാം. ഞാൻ മാത്രമായി നിലനിൽക്കുന്നില്ല.
വ്ളാഡിമിർ നബോക്കോവ് ,
റഷ്യൻ - അമേരിക്കൻ എഴുത്തുകാരൻ .

5)ഒരു വിമർശൻ്റെ വീക്ഷണത്തിൽ എഴുത്തുകാരൻ നിലനിൽക്കുന്നില്ല; കുറെ ടെക്സ്റ്റുകൾ മാത്രമാണുള്ളത്.
ഇറ്റാലോ കാൽവിനോ ,
ഇറ്റാലിയൻ നോവലിസ്റ്റ്.


കാലമുദ്രകൾ

1)മാധവിക്കുട്ടി.
വളരെപ്പേർ ആവേശത്തോടെ വായിച്ച ,സത്യമാണെന്ന് കരുതിയ മാധവിക്കുട്ടിയുടെ ആത്മകഥയായ 'എൻ്റെ കഥ'യിലെ പല വിവരങ്ങളും കള്ളമാണെന്ന് അവർ തന്നെ പറഞ്ഞതോടെ ,അവരെ വിശ്വസിച്ച വായനക്കാർ വിഡ്ഢികളാക്കപ്പെട്ടു.

2) സി.വി.ശ്രീരാമൻ.
ഒരു പഞ്ചായത്തു പ്രസിഡൻ്റായിരിക്കെ തന്നെ സി.വി.ശ്രീരാമൻ മികച്ച കഥകൾ എഴുതി. ബംഗാൾ പശ്ചാത്തലമായി അദ്ദേഹം എഴുതിയ വാസ്തുഹാര, ക്ഷുരസ്യധാര എന്നീ കഥകൾ ഹൃദ്യമാണ്.

3) അയ്യപ്പപ്പണിക്കർ.
ബുദ്ധിപരമായി വളരെ പ്രായക്കൂടുതലുള്ള ഒരു യുവാവായിരുന്നു അയ്യപ്പപ്പണിക്കർ.
അദ്ദേഹത്തിൻ്റെ കവിതകൾ കലയുടെ യുവത്വത്തിൻ്റെ കണ്ണിലൂടെയുള്ള നോട്ടമാണ്.

4)കരമന ജനാർദ്ദനൻ നായർ.
'എലിപ്പത്തായം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ  കരമന സിനിമാഭിനിയത്തിൽ പുതിയൊരു കാൽപ്പാടു പതിപ്പിച്ചു.

5)കടമ്മനിട്ട വാസുദേവൻ പിള്ള .
കാടകത്തെക്കുറിച്ചും നാടകത്തെക്കുറിച്ചം കാവുതീണ്ടലിനെക്കുറിച്ചും  അഗാധമായ അറിവുകളുള്ള പടയണി കലാകാരൻ കടമ്മനിട്ട വാസുദേവൻ പിള്ളയെ ചിലർ വല്ലാതെ തമസ്കരിച്ചു എന്നു പറയട്ടെ.

ദർശനം

1)അഗ്നി.
അഗ്നി വിശുദ്ധമാണ് ,അതിൽ ഒരു തിന്മയും ശേഷിക്കുന്നില്ല.

2)ആകാശം.
മനസ്സിനുള്ളിലാണ് അകാശം. നാം വെറുതെ  മേഘങ്ങളായി ചുറ്റിത്തിരിയുന്നു.

3)ശരീരം.
ശരീരമാണ് ആകെയുള്ള ഐഡൻ്റിറ്റി .അതാകട്ടെ ലാബ് ടെക്നീഷ്യന്മാരുടെ വിധി തീർപ്പിനു കാത്തു നിൽക്കുകയാണ്.

4)സ്നേഹം.
പകർച്ചവ്യാധികളുടെ കാലത്ത് ഫേസ്ബുക്കാണ് സത്യം .തൊട്ടു നോക്കാതെ ,അകന്നിരുന്ന് എത്ര പേരെ വേണമെങ്കിലും സ്നേഹിക്കാം.

5)സൗരയൂഥം
നമ്മൾ ഒരു സൗരയൂഥത്തിൻ്റെ കേന്ദ്രമാണ്. ചുറ്റിനുമുള്ളത് നമ്മുടെ പ്രജ്ഞകൊണ്ട് ചലിക്കുന്ന അജ്ഞാത ലോകങ്ങൾ .


യൂ ട്യൂബിൽ / നൊസ്റ്റാൾജിയ

കഴിഞ്ഞ ദിവസങ്ങളിൽ യൂ ട്യൂബിൽ ഞാൻ കണ്ട ശ്രദ്ധേയമായ ചില വീഡിയോ തുണ്ടുകളുടെ വിവരങ്ങൾ ചുവടെ: പഴയകാലത്തിൻ്റെ പറയാൻ വിതുമ്പുന്ന ഓർമ്മകളായി ഇത് എന്നെ ആവേശിച്ചു. അസ്തിത്വം ഭൂതകാലത്തിൻ്റെ ദുരൂഹമായ  ഒരായിരം പത്തികളായി ഉയർന്ന്  ജീവിതത്തെ സന്ദിഗ്ദ്ധമാക്കുകയാണ്:
1) 'അനുഭവങ്ങൾ പാളിച്ചകൾ 'എന്ന സിനിമയിൽ സത്യൻ, നസീർ എന്നിവർ ചേർന്നഭിനയിച്ച ഒരു രംഗം. രണ്ടു പേരും കൂടി ഒരു കള്ളുഷാപ്പിൽ കയറി മദ്യപിക്കുകയാണ്.
2)'താമസമെന്തേ  വരുവാൻ ' എന്ന പാട്ട് യേശുദാസ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഗാനമേളയിൽ പാടുന്നത്.
3) ദേവരാജൻ സംഗീതസംവിധാനം ചെയ്ത 'വരിക ഗന്ധർവ്വ ഗായകാ ' എന്ന നാടകഗാനം അദ്ദേഹത്തിൻ്റെ സ്വന്തം ശബ്ദത്തിൽ.
4)സംഗീതസംവിധായകൻ  ബാബുരാജ് അദ്ദേഹത്തിൻ്റെ പ്രശസ്തമായ 'സുറുമയെഴുതിയ മിഴികളേ ,താനേ തിരിഞ്ഞും മറിഞ്ഞും ,പ്രാണസഖി  എന്നീ ഗാനങ്ങൾ സ്വന്തം ശബ്ദത്തിൽ പാടുന്നു.
5) ദേവരാജനെക്കുറിച്ചുള്ള ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഒ.എൻ.വി. ചെയ്ത പ്രസംഗം. വേദിയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതനാന്ദൻ .
6) 'കല്പാന്തകാലത്തോളം കാതരേ ' എന്ന പാട്ട് അത് ചിട്ടപ്പെടുത്തിയ വിദ്യാധരൻ തന്നെ പാടുന്നു.
7) എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ചേർന്ന ചടങ്ങിൽ എം.എൻ.വിജയൻ ചെയ്ത പ്രസംഗം.
8) ദക്ഷിണാമൂർത്തിയെ ആദരിക്കുന്ന ചടങ്ങിൽ ഗായകൻ പി.ജയചന്ദ്രൻ്റെ പ്രസംഗം.
9)തകഴി ശിവശങ്കരപ്പിള്ള സ്വന്തം ഗ്രാമത്തെക്കുറിച്ചും വീടു പണിതതിനെക്കുറിച്ചും വിവരിക്കുന്നു.
10) കെ.എസ്.ജോർജ് വികാര തീവ്രതയോടെ 'മാരിവില്ലിൻ തേന്മലരേ ' എന്ന ഗാനം ആലപിക്കുന്നു.

ആനുകാലികം

യാഥാസ്ഥിതിക അക്കാദമിക് പക്ഷപാതിയും അരസികനുമാണ് പ്രസന്നരാജൻ എന്ന് തെളിയിക്കുന്ന ലേഖനമാണ് ,അദ്ദേഹം എഴുതിയ 'എസ്. ഗുപ്തൻ നായരും സമകാലിക വിമർശകരും' (ഗ്രന്ഥാലോകം ) .
80 കൾ  മുതൽ മലയാള വിമർശനത്തിൽ കേൾക്കുന്ന നവീനവും ബൗദ്ധികവും സൗന്ദര്യാത്മകവുമായ ചർച്ചകളിൽ പുറംതള്ളിയതെല്ലാം പ്രസന്നരാജൻ ചവറ്റുകുട്ടയിൽ നിന്ന് തിരിച്ചെടുത്തു കൊണ്ടുവന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഒരു വിമർശകൻ തൻ്റെ സമകാലികമായ കൃതികളെക്കുറിച്ച് എഴുതിയാലേ അർത്ഥപൂർണ്ണമാകൂ എന്നാണ്.എസ്. ഗുപ്തൻ നായർ അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെയും തനിക്ക് ശേഷമുള്ള തലമുറയിലെയും എഴുത്തുകാരെ വേണ്ടവണ്ണം തിരിച്ചറിഞ്ഞില്ല എന്ന് പ്രസന്നരാജൻ ആരോപിക്കുന്നു. അത് അദ്ദേഹത്തിൻ്റെ പരിമിതിയാണെന്നും വ്യാഖ്യാനിക്കുന്നു. മറ്റൊരു വാദം ഇതാണ്: "എഴുതിത്തുടങ്ങുന്ന പുതു എഴുത്തുകാരെ മനസ്സിലാക്കി പുതിയ കാലഘട്ടത്തിലെ സാഹിത്യഭാവുകത്വം വിശദീകരിക്കേണ്ട ചുമതല സാഹിത്യവിമർശകനുണ്ട്.അത് വിമർശനകലയുടെ പ്രധാന ധർമ്മമാണ്.''
ഈ രണ്ടു നിലപാടുകളും ശുദ്ധ ഭോഷ്കാണെന്ന് അറിയിക്കട്ടെ. വിമർശകനു തൻ്റെ സമകാലിക കൃതികളെ ഉദ്ധരിക്കേണ്ട ചുമതലയില്ല. വലിയ വിമർശകരൊന്നും അങ്ങനെയായിരുന്നില്ല .ഇരുപതാം നൂറ്റാണ്ടിലെ വലിയ വിമർശകനായ ഹാരോൾഡ് ബ്ളൂം ഷേക്സ്പിയറെക്കുറിച്ചാണ് കൂടുതലും എഴുതിയത്. പഴയ കൃതികൾ പുനർവായന നടത്തുക എന്ന ഒരു കാര്യമുണ്ട്. ചിലർ അതിൽ സ്പെഷലൈസ് ചെയ്യും. അരിസ്റ്റോട്ടിലിനെക്കുറിച്ച് ഇപ്പോഴും എഴുതുന്നവരുണ്ട്. ഇബ്സനെക്കുറിച്ച് മാത്രം എഴുതുന്നവരുണ്ട്. ഹെമിംഗ്വേയെക്കുറിച്ച് മാത്രം അഞ്ച് കൃതികൾ എഴുതുന്നവരുണ്ട്.  വിമർശകനാണ് സ്വന്തം എഴുത്ത്  തിരഞ്ഞെടുക്കുന്നത്;മറ്റാരുമല്ല .

സമകാലിക കൃതികളെക്കുറിച്ച് എഴുതുന്നതിൽ പരിമിതിയുണ്ട്. കാരണം അത് പല വായനകൾക്ക് വിധേയമാകേണ്ടതാണ്, കഴമ്പുള്ളതാണെങ്കിൽ. കാഫ്കയുടെ മരണശേഷമല്ലേ കാഫ്ക പOനങ്ങൾ ഉണ്ടായത് ? കുമാരനാശാൻ്റെ ജീവിതകാലത്ത് ആ കവിതകൾ വേണ്ടപോലെ വിലയിരുത്തപ്പെട്ടില്ല .മുണ്ടശ്ശേരിയും മാരാരും എത്ര സമകാലിക കൃതികൾ പഠിച്ചു ? .

ഇപ്പോൾ വാരികകളിൽ വന്നുകൊണ്ടിരിക്കുന്ന കഥകളോ ,പ്രസാധകന്മാർ തുന്നിക്കുട്ടി ഇറക്കുന്ന പുസ്തകങ്ങളോ വായിച്ച് അതിനെക്കുറിച്ച് ദീർഘമായി എഴുതാൻ പ്രസന്നരാജനെപ്പോലുള്ളവർ മതിയാകും. 'ആരാച്ചാർ ' എന്ന നോവലിനെക്കുറിച്ച് ഒരു മാസികയിൽ പത്തു പുറങ്ങൾ എഴുതിത്തള്ളിയ തത്ത്വദീക്ഷയില്ലാത്ത ,വകതിരിവില്ലാത്ത വിമർശകനാണ് പ്രസന്നരാജൻ എന്ന് പറയാൻ ആഗ്രഹിക്കുന്നു. മഹത്തായ കൃതികൾക്കു പിറകിലുള്ള സൃഷ്ടിരഹസ്യം എന്താണെന്ന് തിരിച്ചറിഞ്ഞാലേ സാധാരണ കൃതികളുടെ നിലവാരം വ്യക്തമാവുകയുള്ളു. ഒരു നല്ല കൃതിക്ക് പിന്നിൽ സവിശേഷമായ ഒരാന്തരികതയുടെ മനോഭാവം ഉണ്ടാകും. ദസ്തയെവ്സ്കിയുടെ 'നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് ' എന്ന നോവൽ വായിച്ചു നോക്കണം.

മഹാനായ എം.പി.ശങ്കുണ്ണി നായർ ബഷീറിനെക്കുറിച്ചോ ,കാരൂരിനെക്കുറിച്ചോ ,പൊൻകുന്നം വർക്കിയെക്കുറിച്ചോ എഴുതിയില്ല ; അദ്ദേഹം കാളിദാസനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.'ഛത്രവും ചാമരവും' എന്ന കൃതി അതാണ്. എല്ലാവരും സമകാലിക കൃതികളെക്കുറിച്ച് മാത്രം എഴുതിക്കൊണ്ടിരുന്നാൽ വിമർശനം തന്നെ ഇല്ലാതാവും. ഇപ്പോൾ അവാർഡുകൊണ്ട് മൂടപ്പെടുന്ന ഒരു കൃതിയും ശേഷിക്കില്ല .കാരണം അവയ്ക്ക് പിറകിൽ സത്യസന്ധമായ ജീവിതമില്ല .ലോകത്തുള്ള സകല ഫെസ്റ്റിവലുകളും ഏറ്റുപിടിച്ച് നടത്തിക്കൊടുക്കാൻ ഓടി നടക്കുന്നവർക്ക് ഏകാന്തതയുണ്ടോ ?.ധ്യാനമുണ്ടോ?. ജീവിതത്തോട് സത്യസന്ധതയുണ്ടോ?

ടി.പത്മനാഭൻ

കൊറോണ വൈറസ് മൂലം കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ കഥാകാരൻ  ടി പത്മനാഭൻ തയ്യാറായി. അദ്ദേഹം വലിയ സമ്പന്നനായതുകൊണ്ടല്ല ഇത് ചെയ്തത്. തൻ്റെ കഥകൾ വ്യാജമല്ലെന്നും താൻ അതിൽ ജീവിച്ചിട്ടുണ്ടെന്നും  ഭംഗിയായി ഇതിലൂടെ വ്യക്തമാക്കുകയാണ് അദ്ദേഹം.പത്മനാഭൻ സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ വ്യത്യസ്തനാണ്. റോമാനഗരം കത്തുമ്പോൾ വീണ വായിക്കാൻ പത്മനാഭനെ കിട്ടില്ല .

കഥ

ടി.പി.വേണുഗോപാലൻ എഴുതിയ 'തുന്നൽക്കാരൻ' (മാതൃഭൂമി) എന്ന കഥ നല്ലൊരു വായനാനുഭവം തന്നു. കഥാകാരൻ്റെ ആത്മാർത്ഥതയാണ് എന്നെ ആകർഷിച്ചത്.സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്  തുന്നൽക്കാരനായി ഒതുങ്ങേണ്ടി വന്ന ഒരു യുവാവിൻ്റെ ജീവിതമാണ് വിഷയം. അയാളോടൊപ്പം പത്താം ക്ലാസിൽ പഠിച്ച കുട്ടികൾ വർഷങ്ങൾക്ക് ശേഷം ഒത്തുകൂടുകയാണ്. അതിനായി അവർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നു. അതിലേക്ക് തുന്നൽക്കാരനെ ക്ഷണിച്ചിരിക്കയാണ്. തെയ്യം കലാകാരനായിരുന്ന അയാൾക്ക് ഇപ്പോൾ തയ്യൽ മാത്രമേയുള്ളു.നേരിട്ട് കണ്ടാൽ മിണ്ടാത്തവരും ഫോൺ വിളിച്ചാൽ എടുക്കാത്തവരും എല്ലാം ഇപ്പോൾ  ആ ഗ്രൂപ്പിലുണ്ട്. തുന്നൽക്കാരൻ ഗ്രൂപ്പിൽ ചെന്നതോടെ അവരെല്ലാം സ്മൈലി കൊണ്ടും സ്റ്റിക്കർ കൊണ്ടും അയാളെ പൊതിയുകയാണ്.ഒരു നാടകസമിതിക്കു വേണ്ടി വേഷങ്ങൾ തയ്ക്കാനുള്ളതുകൊണ്ട് തനിക്ക് ചിലപ്പോഴേ പുർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളുവെന്ന് അറിയിച്ചതോടെ അഡ്മിൻ അയാളെ പുറത്താക്കുകയാണ്.
സൂക്ഷമമായ വികാര വിനിമയത്തിലൂടെ അനുവാചകനെ സന്തോഷിപ്പിക്കുന്ന കഥയാണിത്.ഈ കഥ പൂർവ്വകാലത്തിൻ്റെ വിവിധ പഥങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. സൗഹൃദങ്ങളുടെ ചന്തയിൽ വിലയില്ലാതായിപ്പോകുന്ന തുന്നൽക്കാർ നമുക്കു ചുറ്റിനുമുണ്ട്.

കവിത

ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥിയായ അനുരാഗ് ഇ. കെ. എഴുതിയ 'മരിച്ചവരുടെ താഴ്വര (മാതൃഭൂമി) അഗാധമായ മൗനങ്ങളെ ഉണർത്തുന്ന കവിതയാണ്:
"ഞാൻ ചോദ്യം ചോദിച്ചതിനു
ആൾക്കൂട്ടം തല്ലിച്ചതച്ച
കവിതയാണ്.
എൻ്റെ അക്ഷരങ്ങളുടെ
അടിനാഭിയിൽ
അവർ തൊഴിക്കുകയും
വാക്കുകൾക്ക് തീവയ്ക്കുകയും
ചെയ്തതിനാൽ
ഈ മരണമൊഴിയോടെ
ഞാനും കുഴിമാടത്തിലേക്ക്
പിന്മാറുന്നു."
കുട്ടികൾക്ക് വക്രതയില്ല .അവർ കവിതയെ മുൻകൂട്ടി സങ്കല്പിച്ച് വഴിതെറ്റിക്കുന്നില്ല.

സലിം ചേനം എഴുതിയ ' നാടകം ഗ്രീൻറൂമിലാണ് തീരുക ' എന്ന കവിത (കൈരളിയുടെ കാക്ക ) ശൈലീപരമായ നവീനതകൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ്‌. നാടകത്തെയും കഥാപാത്രങ്ങളെയും ഉപയോഗിച്ചുകൊണ്ട് ജീവിത സന്ദർഭങ്ങളെ ഇഴപിരിക്കുകയാണ് കവി:

"ഞാൻ സ്ക്രിപ്റ്റിലില്ലാത്ത
ഡയലോഗ്
അവളുടെ ചെവിയിൽ
പറയുന്നു .
നാടകം തീരുമ്പോൾ
ഗ്രീൻമുറിയിൽ നിന്നവർ
ആരോടും പറയാതെ
കാഴ്ചക്കാരില്ലാത്ത
ജീവിതത്തിലേക്ക്
ഇറങ്ങി നടന്നു .
ജീവിതം എന്ന റിഹേഴ്സലിൽ
പരാജയപ്പെട്ട നിങ്ങൾക്കു വേണ്ടി
ഞാനും അവളും!
ഇപ്പോഴും അഭിനയം
തുടരുകയാണ്.''

പോരാളിയായ എം.എൻ

പാവപ്പെട്ടവരുടെ ജീവിത ഉന്നമനത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച എം.എൻ.ഗോവിന്ദൻ നായരും ദേവകിപ്പണിക്കരും ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ വിധം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യത്തിൽ ഒറ്റപ്പെട്ടു നിൽക്കുകയാണ്.ദേവകിപ്പണിക്കരുടെ നിര്യാണത്തിൻ്റെ പശ്ചാത്തലത്തിൽ ബൈജു ചന്ദ്രൻ എഴുതിയ 'ദേവകിപ്പണിക്കരുടെ കഥ, എമ്മെൻ്റെയും ' എന്ന ലേഖനം (ദൽഹി സ്കെച്ചസ്, ദൽഹിയിലെ മലയാള മാധ്യമപ്രവർത്തകരുടെ മാസിക) സമീപഭൂതകാലത്തിലെ കേരളരാഷ്ട്രീയത്തിലെ  എം.എൻ.ഭാവുകത്വം വിശദമാക്കി തരുന്നു.എം.എന്നും ദേവകിയും ബുദ്ധിപരമായ തലങ്ങളിൽ രാഷ്ട്രീയമായി ഐക്യം പ്രാപിച്ചവരാണ്. ഇലക്ഷൻ തോറ്റ എം.എൻ.സാമ്പത്തികമായി വിഷമത്തിലായി. പ്രഭാഷകയും ചിന്തകയുമായ  ദേവകിയാകട്ടെ അധികാര രാഷ്ട്രീയത്തിനോട് അകലം പാലിക്കുകയും ചെയ്തു.

കാഫ്കയെക്കുറിച്ച്

ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ് (രൂപാന്തരം) എന്ന കഥ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.ഒരു ദിവസം ഉറക്കമുണർന്ന യുവാവ് താനൊരു ഷഡ്പദമായി മാറിയിരിക്കുന്നതായി മനസ്സിലാക്കുന്നു. ഒരു മനുഷ്യമനസ്സുമായി ആ ഷഡ്പദം നീങ്ങുകയാണ്.  ഇതിനെപ്പറ്റി ഡോ.എം.എ.സിദ്ദിഖ് നടത്തിയ വായന (കാഫ്കയിലുണ്ട് മനുഷ്യരുടെ വംശനാശം, മാതൃഭൂമി) അതിസാമർത്ഥ്യവും അതിവായനയും പ്രകടമാക്കുകയാണ്. കാഫ്കയുടെ കഥ സൗന്ദര്യാത്മക തലത്തിൽ അനുഭവിക്കാൻ ലേഖകൻ ശ്രമിക്കുന്നില്ല. പകരം ഷഡ്പദം എങ്ങനെ സംഭവിച്ചു എന്ന് യുക്തിപരമായി കണ്ടെത്താൻ തുനിയുന്നു. തികച്ചും സാഹിത്യവിരുദ്ധമായ നടപടിയാണിത്. മനഷ്യവംശത്തിലുള്ള വിശ്വാസം നഷ്പ്പെട്ട് ഷഡ്പദത്തിലേക്ക് കാഫ്ക  കൂടുമാറിയതായി ലേഖകൻ വാദിക്കുന്നു. കാഫ്ക എങ്ങനെയാണ് ജീവശാസ്ത്രപരമായി മറ്റൊരു അസ്തിത്വം നേടുന്നത് ? കഥയിൽ ഗ്രിഗർ സാംസയാണ് ഷഡ്പദമായത്.
സിദ്ദിഖ് കാടുകയറുകയാണ്. ഒരു സാഹിത്യവിമർശന ലേഖനത്തിനു താങ്ങാവുന്നതിലേറെ ഗവേഷണ വിവരങ്ങൾ ഇതിൽ കുത്തി തിരുകിയിരിക്കയാണ്. യാതൊരു അനുഭൂതിയും തരാത്ത ,സൗന്ദര്യരഹിതമായ വരണ്ട ലേഖനമാണിത്.കല കൈവശമില്ലാത്ത എല്ലാ ഗദ്യകാരന്മാരും ഈ ചതിക്കുഴിയിൽ തന്നെ വീഴും. മഹാഭാരതം വ്യാഖ്യാനിക്കാനുള്ള ആത്മീയശക്തി ഇല്ലാത്ത സുനിൽ പി. ഇളയിടം, കെ.സി.നാരായണൻ തുടങ്ങിയവരും ഇതേ പാതയിൽ തന്നെ.

വാസ്തവത്തിൽ കാഫ്കയുടെ കഥ ജീവശാസ്ത്രമല്ല. ഒരു വ്യക്തിപരമായ അനുഭവത്തിൻ്റെ ആന്തരിക പ്രത്യക്ഷതയാണ്. കാഫ്ക ഒരു സസ്യഭുക്കായിരുന്നു. വീട്ടിൽ മറ്റെല്ലാവരും മാംസാഹാരം ശീലിച്ചവരാണ്.പിതാവിനു കാഫ്കയോടുണ്ടായിരുന്ന അകൽച്ച ഇതിനെ കുടുതൽ  വഷളാക്കി.കാഫ് ക സ്വന്തം മുറിയിൽ പാചകം തുടങ്ങി.അതിനു ശേഷം കാണുന്നത് വീട്ടിലെ മറ്റംഗങ്ങൾ കാഫ്കയെ പാടെ അവഗണിക്കുന്നതാണ്.ഈ ഒറ്റപ്പെടലാണ് കഥയുടെ തന്തു. അദ്ദേഹം ആന്തരികതയിൽ നിഷേധാത്മകമായ വിധം മറ്റൊന്നാകുന്നു. ഈ അനുഭവത്തെ ഒരു ഉയർന്ന കലാകാരൻ ഇങ്ങനെയല്ലേ ആവിഷ്കരിക്കേണ്ടത്. ?

വായനയ്ക്ക്

സമയം കിട്ടുന്ന മുറയ്ക്ക് വായിക്കാൻ ഏതാനും പുസ്തകങ്ങളുടെ വിവരം ചുവടെ:
1) രാജൻ കാക്കനാടൻ്റെ ഹിമവാൻ്റെ മുകൾത്തട്ടിൽ ,അമർനാഥ് ഗുഹയിലേക്ക് .( പൂർണാ )
2) വാൻഗോഗിൻ്റെ കത്തുകൾ
പരിഭാഷ: എൻ.മൂസക്കുട്ടി.
(ലിപി)
3ദസ്തയെവ്സ്കിയുടെ സർഗസപര്യ.
എ.ജയകുമാർ.
( ഭാഷാ ഇൻസ്റ്റിട്യൂട്ട്)
4) ശ്രീരാമകൃഷ്ണ സന്യാസിമാർ
കേരളത്തിൽ .
രാജീവ് ഇരിങ്ങാലക്കുട (മാതൃഭൂമി)
5) ഒരു സുന്ദരിയുടെ ആത്മകഥ
പി.കേശവദേവ്.
(പൂർണ )

No comments:

Post a Comment