Friday, October 23, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / സാഹിത്യത്തിൻ്റെ ക്യാമറക്കാലം /metrovartha 20-10-2020

പുനലൂർ രാജൻ  സാഹിത്യകാരന്മാരുടെ ഫോട്ടോയെടുക്കുന്നതിൽ ഒരു 'സ്പെഷ്യലിസ്റ്റാ'യിരുന്നു. ഇങ്ങനെയൊരാൾ ഉണ്ടാവണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് ,സാഹിത്യം നല്ലപോലെ വായിക്കണം; വായിക്കാനുള്ള  വാസന വേണം. രണ്ട് ,സാഹിത്യകാരന്മാരോട് ഉപാധികളില്ലാത്ത ,നിർവ്യാജമായ സ്നേഹം തോന്നണം.  രാജനെപ്പോലുള്ളവർ ഇപ്പോഴും  അപൂർവ്വമാണ്. വളരെ പ്രാചീനമായ ഒരു സ്വകാര്യവായനയുടെയും ലഹരിയുടെയും വീണ്ടെടുപ്പാണിത് .ശരിക്കും സ്വകാര്യമായ അഭിരുചി .പുസ്തകങ്ങളിലൂടെ  രൂപപ്പെടുന്ന ആരാധന വായനയുടെ വേറൊരു മുഖമാണ്. എഴുത്തുകാരനെ സ്വന്തം പ്രതിഛായ പോലെ കാണുന്നതിൻ്റെ ഫലമാണിത്.


എഴുത്തുകാരോട് അവരുടെ കുടുംബാംഗങ്ങളേക്കാൾ ഇഷ്ടമുള്ളവരുണ്ട്.ഒരാളുടെ  കൃതികൾ മുഴുവൻ തേടിപ്പിടിച്ച് വായിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ജീവിതകാലം മുഴുവൻ ഒരു നോവലിസ്റ്റിനെയോ കവിയെയോ പിന്തുടർന്ന് പുസ്തകങ്ങൾ  എഴുതുന്ന ജീവചരിത്രകാരന്മാരും വിമർശകരുമുണ്ട്. വേറെ ആരെക്കുറിച്ചും അവർ എഴുതില്ല.  ഷേക്സ്പിയറിനും ഹെമിംഗ്വേക്കും കാഫ്കയ്ക്കും ദസ്തയെവ്സ്കിക്കും നെരൂദയ്ക്കും ഇതുപോലെ ആജീവനാന്ത അനുയാത്രികരുണ്ട്.ഇതുപോലെ, തനിക്ക് ഇഷ്ടപ്പെട്ട ഏതാനും പേരുടെ പിന്നാലെ ക്യാമറയും കൊണ്ടു നടന്നയാളാണ് പുനലൂർ രാജൻ. വൈക്കം മുഹമ്മദ് ബഷീർ ,എം.ടി തുടങ്ങിയവരെ രാജൻ പിന്തുടർന്നത് എന്തിനായിരുന്നു?


അഭിരുചിയുടെ വഴി


ഇന്നു നമുക്ക് ആകെയുള്ള ബഷീർ ഫോട്ടോകളിൽ മിക്കതും രാജൻ എടുത്തതാണ്. ഈ ഫോട്ടോകൾ സകലരും പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് സൗജന്യമായാണ്.ഒരു സ്രഷ്ടാവ് എന്ന നിലയിൽ രാജനു ഒന്നും ലഭിച്ചില്ല .ആ ഫോട്ടോകൾ മലയാളികളുടെ സാംസ്കാരിക ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കയാണ്.


പുനലൂർ രാജൻ റഷ്യയിലെ ഓൾ യൂണിയൻ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയിൽ പഠനം പൂർത്തിയാക്കിയിരുന്നു.എന്നിട്ടും സിനിമാ ഛായാഗ്രഹണം തൊഴിലാക്കിയില്ല .അത് വിട്ട് വ്യക്തിഗത ഫോട്ടോഗ്രാഫിയിൽ തൻ്റെ അഭിരുചിയെ കണ്ടെത്താൻ സ്വയം പാകപ്പെടുത്തുകയാണ് ചെയ്തത്.രാജനുമായി അടുപ്പമുണ്ടായിരുന്ന മാങ്ങാട് രത്‌നാകരൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു, ബഷീറിൻ്റെ എത്ര ഫോട്ടോകൾ എടുത്തിട്ടുണ്ടാകുമെന്ന് .രാജൻ്റെ മറുപടി ഇതായിരുന്നു: പതിനായിരത്തിൽ കുറയില്ല (പ്രഭാത രശ്മി ,സെപ്റ്റംബർ) .ഒരു ഭ്രാന്തനെപ്പോലെ ബഷീറിൻ്റെ ഫോട്ടോയെടുത്ത് നടന്ന രാജൻ നമ്മുടെ കലാപാരമ്പര്യത്തിൽ തന്നെ വേറിടലിൻ്റെ അനുഭവമാണ്. ബഷീർ സാഹിത്യത്തിൽ മറഞ്ഞു കിടക്കുന്ന തൻ്റെ ആത്മീയ അംശങ്ങളാണ് ബാലൻ ഫോട്ടോകളിലൂടെ അന്വേഷിച്ചത്. ഇതുപോലൊരു സംഭവം ലോകസാഹിത്യത്തിലില്ല .മലയാളത്തിൽ വേറൊരു കഥാകാരനും ഇതുപോലൊരു 'കട്ട ഫാൻ ,ഉണ്ടായിട്ടില്ല .ഒരു എഴുത്തുകാരൻ്റെ പതിനായിരം ഫോട്ടോകളെടുത്ത ഫോട്ടോഗ്രാഫർ ചരിത്രപാഠമല്ലേ?


ബഷീറിയൻ പ്രേമം


ബഷീറിയൻ പ്രേമം അനിവാര്യമായ ഒരു വീഴ്ചയാണെന്ന് പറഞ്ഞത് പറവൂരിലെ കഥാകൃത്ത് ഐസക് തോമസ് ആയിരുന്നു. ഒഴിവാക്കാനാവാത്ത ദുരന്തം പോലെയാണത്. 'മതിലുകളി 'ലെ പ്രേമം അതല്ലേ ? ആരെയാണ് പ്രേമിക്കുന്നതെന്ന് അറിയില്ല .പ്രേമിക്കാതെ ജീവിച്ചിരിക്കാനാവാത്ത ദുർഘട ഘട്ടമാണത്. ഇതിനു സമാനമായ അവസ്ഥയിലൂടെയാണ്  ക്യാമറയുമേന്തി രാജൻ കടന്നു പോയത്.


കടൽതീരത്ത് ഒരു തോണിയിൽ ഒറ്റയ്ക്ക് കടലിലേക്ക് നോക്കിയിരിക്കുന്ന ബഷീറിൻ്റെ ചിത്രം പെട്ടെന്ന് മനസ്സിലേക്ക് വരുന്നു, അനന്തതയെ സ്നേഹിച്ച ബഷീറിൻ്റെ ഒരു ജീവചരിത്ര ഫോട്ടോയാണത്.കടൽ ഒരു പ്രതിഛായ സൃഷ്ടിക്കുന്നതാണ്  ഫോട്ടോയിൽ കാണുന്നത്‌.ബഷീർ തീരത്ത് നില്ക്കുമ്പോൾ വേറൊരു മാനം ഉണ്ടാകുകയാണ്. അദേഹം ഇന്ത്യ മുഴുവൻ അലഞ്ഞതും പട്ടിണി കിടന്നതും ജയിൽവാസവുമെല്ലാം കടലിനെതിരെ വച്ച്‌ കാണണമെന്നാണ് രാജൻ്റെ ഫോട്ടോയുടെ ധ്വനി. സർവമതങ്ങൾക്കും തത്ത്വശാസ്ത്ര ങ്ങൾക്കും അപ്പുറത്തുള്ള ശൂന്യതയെക്കുറിച്ച് എത്ര കഥകളിൽ ബഷീർ എഴുതിയിട്ടുണ്ട്! . പ്രവചനാത്മകമായ ജ്ഞാനത്തിൽ നിന്നുണ്ടായ നർമ്മമാണ് ആ കൃതികളിൽ കാണുന്നത്.


ഇന്ന് ഒരു സാഹിത്യകാരൻ്റെ പിന്നാലെ ക്യാമറയുമായി നടക്കാൻ ഒരു ആരാധകനെ കിട്ടില്ല. കാരണം ഇത് അനേകം പുതിയ ഇടങ്ങൾ പ്രലോഭിപ്പിക്കുന്ന കാലമാണ്. എന്തെങ്കിലും ലാഭം നോക്കാതെ കലാപ്രവർത്തനത്തിനു ആരും തയ്യാറാവുകയില്ല.എന്നാൽ രാജന് ഇത് വികാരമായിരുന്നു. അദ്ദേഹത്തിനു ഇത്  ആത്മീയമായ ആവശ്യമായിരുന്നു.


ബഷീറും എം.ടിയും പഞ്ചഗുസ്തി പിടിക്കുന്ന ഫോട്ടോ സരളവും ഉദാത്തവുമാണ്. അതിലെ വാചാലമായ എതിരിടൽ ഒരു ബഷീറിയൻ നർമ്മം പോലെ ആർക്കും ആസ്വദിക്കാം.ബഷീർ തൻ്റെ വിരക്തമായ ബുദ്ധികൊണ്ടാണ് എം.ടി.യുടെ കൈയ്യിൽ പിടിച്ചിരിക്കുന്നത്. എം. ടിയുടെ യൗവ്വനകാലമാണത്. അനശ്വരതയിലേക്ക് ഈ ചിത്രം സഞ്ചരിക്കുന്നു. ഒരു സാഹിത്യകുതുകിക്ക് ഈ ഫോട്ടോ നിത്യസ്മൃതിയാണ് .കടൽ പോലെ അലതല്ലുന്ന സ്നേഹമാണ് ഫോട്ടോഗ്രാഫർ അഴിച്ചുവിട്ടിരിക്കുന്നത്.

ആശയങ്ങളും പുസ്തകങ്ങളും ഇവിടെ പാറിക്കളിക്കുകയാണ്. ആരൊക്കെയാണ് ആ ഫോട്ടോ കണ്ട് കൈയടിക്കുന്നത് ?സങ്കല്പിക്കുകയാണെങ്കിൽ ധാരാളം കഥാപാത്രങ്ങൾ മുന്നോട്ടു വരും. ഓർമ്മകൾ വന്ന് വായനക്കാരനെ പൊതിയും ,അർജുനൻ്റെ ഗാണ്ഡീവ ത്തിൽ നിന്നു പറന്നു വരുന്ന തീപ്പക്ഷികളെപ്പോലെ..


ഓർമ്മകളിൽ 


ഫ്രഞ്ച് - അമെരിക്കൻ ഫോട്ടോഗ്രാഫറായ എല്ലിയട്ട് എർവിറ്റ് പറഞ്ഞത് ഒരു ഫോട്ടോയിൽ എന്ത് കാണുന്നുവോ അതാണ് പ്രധാനമെന്നാണ്; നമ്മൾ സങ്കല്പിക്കുന്നതല്ല. എന്നാൽ പുനലൂർ രാജൻ്റെ ചിത്രങ്ങൾ നമ്മെ ഓർമ്മകളിൽ നനയ്ക്കുകയാണ് .സാഹിതീയമായ ചരിത്രത്തെ അത് ആർദ്രമാക്കുകയാണ്.


പുനലൂർ രാജൻ (1939- 2020)ആഗസ്റ്റ് പതിനഞ്ചിനു അന്തരിച്ചത് സാഹിത്യകാരന്മാരുടെ ആയിരക്കണക്കിനു ഫോട്ടോകൾ അവശേഷിപ്പിച്ചുകൊണ്ടാണ്. വിലമതിക്കാനാവാത്ത സംഭാവന. കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി സേവനം ചെയ്തിട്ടുണ്ട് .  മുണ്ടശ്ശേരി ,സുകുമാർ അഴീക്കോട് ,ത കഴി ,എസ്.കെ.പൊറ്റെക്കാട് ,ഇടശേരി ,പൊൻകുന്നം വർക്കി, ചെറുകാട്  തുടങ്ങി ധാരാളം എഴുത്തുകാർ രാജൻ്റെ ലെൻസിലൂടെ കടന്നു പോയി. ആ ഫോട്ടോകളിലൂടെ അവർ കാണികളുടെ മറ്റൊരു ഭാവുകത്വമാവുകയാണ് .


വാക്കുകൾ


1) രണ്ടു വലിയ യോദ്ധാക്കളാണ് ക്ഷമയും സമയവും.

ടോൾസ്റ്റോയ് ,

( റഷ്യൻ സാഹിത്യകാരൻ )


2)എഴുത്ത് രതി പോലെയാണ്;ആദ്യം അത് പ്രേമത്തിനു വേണ്ടിയും പിന്നീട് കാമുകന്മാർക്ക് വേണ്ടിയും അവസാനം പണത്തിനു വേണ്ടിയും .

വിർജീനിയ വുൾഫ് ,

(ഇംഗ്ളീഷ് എഴുത്തുകാരി )


3) റൈറ്റേഴ്സ് ബ്ളോക്ക് ( എഴുതാനുള്ള തടസ്സം ) എന്നൊരു കാര്യമേയില്ല. അത് കാലിഫോർണിയയിൽ എഴുതാൻ കഴിവില്ലാത്ത കുറേപ്പേർ കണ്ടുപിടിച്ച ഉപായമാണ്.

ടെറി പ്രാഛറ്റ്,

(ഇംഗ്ളീഷ് ഹാസ സാഹിത്യകാരൻ )


4) പ്രസാധകർ ചെക്ക് എഴുതുന്നതിനേക്കാൾ വേഗത്തിൽ മിക്ക എഴുത്തുകാരും പുസ്തകം എഴുതിത്തീർക്കും.

റിച്ചാർഡ് കുർത്തിസ്,

(ബ്രിട്ടീഷ് തിരക്കഥാകൃത്ത് )


5) ഒരു പെണ്ണായിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പണിയാണ് ;കാരണം അവൾക്ക് ഇടപെടാനുള്ളത് ആണുങ്ങളോടാണ്.

ജോസഫ് കൊൺറാഡ് ,

(പോളിഷ് - ബ്രിട്ടീഷ് എഴുത്തുകാരൻ )


കാലമുദ്രകൾ


1) എം.എൻ.വിജയൻ


മാനസികമായി താളം തെറ്റുന്നവരെ ,ആടി ഉലയുന്നവരെ എം.എൻ.വിജയൻ പെരുമാറ്റ നയതന്ത്രത്തിലൂടെ ചികിത്സിച്ചിരുന്നതായി സമീപകാലത്ത് ഒരെഴുത്തുകാരൻ സ്വാനുഭവം ഉദാഹരിച്ചുകൊണ്ട് വിവരിച്ചതോർക്കുന്നു.


2) മാടമ്പു കുഞ്ഞുകുട്ടൻ


തൻ്റെ എഴുത്ത് ജീവിതത്തിൻ്റെ തുടക്കത്തിൽ മാർഗനിർദേശങ്ങൾ നല്കിയത് കോവിലനാണെന്ന് മാടമ്പ് കുഞ്ഞുകുട്ടൻ പറഞ്ഞത് (ജന്മഭൂമി ഓണപ്പതിപ്പ്) പക്വവും നിഷ്കാമവുമായ ഒരു മനസ്സിൻ്റെ പ്രകാശനമായി തോന്നി.


3) ഹരിഹരൻ


ഹരിഹരൻ്റെ 'വടക്കൻ വീരഗാഥ' ,പഞ്ചാഗ്നി ,നഖക്ഷതങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഭേദപ്പെട്ട തലത്തിലേക്കുയർന്നത് തിരക്കഥയോടൊപ്പം ,എം.ടി യുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നതുകൊണ്ടാണ്.


4) രവീന്ദ്രൻ (ചിന്തരവി )


രവീന്ദ്രൻ്റെ ടെലിവിഷൻ എഴുത്തിനേക്കാളൊക്കെ ശ്രദ്ധ നേടിയ 'സ്വിസ് സ്കെച്ചുകൾ ' എന്ന യാത്രാവിവരണം ഇപ്പോഴും പുതുമയോടെ നില്ക്കുകയാണ്. ഇന്ന് യാത്രാവിവരണമെഴുതുന്നവരുടെ കനമില്ലാത്ത ഗദ്യത്തിൻ്റെയും ആഴമില്ലാത്ത നോട്ടത്തിൻ്റെയും മറുപുറമാണിത്. 


നവീന നോവൽ


ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനം തന്നെ ഉണ്ടായത് അലൻ റോബ്ബേ ഗ്രിയേ (1922-2008) യുടെ നേതൃത്വത്തിലാണ്‌.ദ് എറേസേഴ്സ് , ദ്  വൊയർ തുടങ്ങിയ നോവലുകളിലൂടെ ഗ്രിയേ പുതിയൊരു ആഖ്യാനം അവതരിപ്പിച്ചു. അദ്ദേഹം തൻ്റെ നോവലുകളുടെ സൈദ്ധാന്തികമായ പ്രശ്നങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചത് 'ഫോർ എ ന്യൂ നോവൽ ' എന്ന കൃതിയിലാണ്‌.

തൻ്റെ സമീപനത്തെക്കുറിച്ച് ഗ്രിയേ ഇങ്ങനെ പറഞ്ഞു: "ഞാനൊരിക്കലും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള ഒരു കാര്യവും എഴുതിയിട്ടില്ല. ഒരു ഭൂപ്രകൃതി ദൃശ്യമോ ,കൊത്തുപണിയോ കണ്ടിട്ട് അത്  വിശദീകരിക്കാൻ  മുതിർന്നിട്ടില്ല .ഞാൻ കണ്ടെത്തുന്നതാണ് എൻ്റെ നോവൽ. എന്നാൽ  എഴുതുമ്പോൾ  അത് കണ്മുന്നിൽ കണ്ടതുപോലെയിരിക്കും. ഭാവന എനിക്ക് കണ്ടുപിടിത്തമാണ്. അതാകട്ടെ ഓർമ്മകളുടെ ഭാഗമാണ്. ഓർമ്മകൾക്ക് വസ്തുനിഷ്ഠ സ്വഭാവമില്ല ".

ഓർക്കുന്തോറും ഓർമ്മകൾ മാറിക്കൊണ്ടിരിക്കുന്നതു കൊണ്ട് വസ്തുനിഷ്ഠതയെക്കുറിച്ചുള്ള ധാരണകൾ നവീകരിക്കേണ്ടി വരുകയാണ്.


  


     .    
P


No comments:

Post a Comment