Monday, September 7, 2020

അക്ഷരജാലകം/പഥേർ പാഞ്ചാലിക്ക് 65,aug 3

 
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com

പഥേർ പാഞ്ചാലിക്ക് 65

1955 ലാണ് ബംഗാളി സംവിധായകനായ സത്യജിത് റായി  (1921-  1992)യുടെ പഥേർ പാഞ്ചാലി ( ചെറിയ പാതകളുടെ നാടോടി ഗാനം) പുറത്തിറങ്ങിയത്.ഈ ചിത്രം  ഇന്ത്യൻ ചലച്ചിത്രജീവിതത്തിലെ ദീപസ്തംഭമാണ്.ഇത് റായിയുടെ ചലച്ചിത്ര പ്രവേശനത്തിൻ്റെ അറുപത്തഞ്ചാം വർഷമാണ് .

പഥേർ പാഞ്ചാലിയുടെ പിറവിക്ക് ശേഷം ഇന്നേ വരെ റായിക്ക് തൻ്റെ കേന്ദ്രീകൃത സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല .സിനിമയെ ജീവനായി സ്നേഹിച്ച പില്ക്കാല സംവിധായകരെല്ലാം മനസ്സിൽ റായിയെ സങ്കല്പിച്ചാണ് മുന്നോട്ടു പോയത്. അദ്ദേഹം സെല്ലുലോയിഡിലെ ഇന്ത്യൻ ചക്രവർത്തിയായി  തുടരുകയാണ്. ഒരാൾക്കും അദ്ദേഹത്തിൻ്റെ മൃദുലവും ഭാവസ്പർശിയും അന്തരിന്ദ്രിയാത്മകവുമായ ശൈലിയെ മറികടക്കാനായിട്ടില്ല.

ചിത്രത്തിൻ്റെ നിർമ്മാണം മൂന്നു വർഷം നീണ്ടു പോയി. പണമില്ലാത്തതായിരുന്നു പ്രശ്നം.കടം വാങ്ങിയും പലവിധത്തിലുള്ള അപമാനം സഹിച്ചുമാണ് ഇന്ത്യയിൽ ഈ ചലച്ചിത്ര ഇതിഹാസം പിറന്നത്. ബംഗാൾ മുഖ്യമന്ത്രി ഈ ചിത്രത്തിനു പണം മുടക്കാമെന്ന് പറഞ്ഞതാണ്. എന്നാൽ ചിത്രത്തിൻ്റെ ഒടുവിൽ സംഭവിക്കുന്ന മരണവും കുടുംബത്തിൻ്റെ നാടുവിടലും ഒഴിവാക്കി കഥ ശുഭസൂചകമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചത് റായ് അംഗീകരിച്ചില്ല.അതിനേക്കാൾ വലിയ വിയോജിപ്പു വന്നത് 'പഥേർ പാഞ്ചാലി ' എന്ന നോവൽ എഴുതിയ ബിഭൂതിഭൂഷൺ ബന്ത്യോപാദ്ധ്യായയിൽ നിന്നാണ്. ആ കഥ അങ്ങനെയാണ് അവസാനിക്കേണ്ടതെന്ന നിലപാടിൽ ബിഭൂതിഭൂഷൺ ഉറച്ചു നിന്നു.പരമാവധി ചെലവുചുരുക്കിയാണ് ഷൂട്ടിംഗ് നടത്തിയത്.പലരും തുടക്കക്കാരായിരുന്നു. പണ്ഡിറ്റ് രവിശങ്കർ സിത്താറിൽ പശ്ചാത്തല സംഗീതം ഒരുക്കിയതാണ് എടുത്ത് പറയാവുന്നത്.

ഒരു സംവിധായകൻ സിനിമയുടെ കാര്യത്തിൽ ദൈവമാണ്. ഒരാൾ നടക്കുന്നത് ,ചിരിക്കുന്നത് ,വേഷം ധരിക്കുന്നത് ,ഭക്ഷണം കഴിക്കുന്നത് ,നോക്കുന്നത് ,പ്രകൃതിയിലെ ചലനങ്ങൾ ,വഴിത്താരകൾ ,മരങ്ങൾ ,കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതു പോലെ  തന്നെ അയാൾ ഇരുട്ടിനെയും  വെളിച്ചത്തെയും ഓമനിച്ചുകൊണ്ടു നടക്കുകയും ചെയ്യും.

ഛായാഗ്രഹണം എന്ന മാജിക്ക്

ഏറ്റവും വലിയ അത്ഭുതമാണ് ഒരിക്കലും മൂവി കാമറ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറായ സുബ്രതാ മിത്രയെക്കൊണ്ട് ഛായാഗ്രഹണം ചെയ്യിച്ചത്. റായിയുടെ വളരെ വൈകാരികവും വ്യക്തിപരവുമായ ഒരു നോട്ടമാണ് കാമറയിലൂടെ നാം കാണുന്നത് .മഴയത്തും വെയിലത്തും മാറി മാറി ഷൂട്ട് ചെയ്യാൻ പല സിനിമാട്ടോഗ്രാഫർമാരും തയ്യാറാകാതിരുന്നപ്പോഴാണ് റായ് പുതുമുഖത്തെ പരീക്ഷിച്ചത്. അദ്ദേഹം അത് ഒരു വെല്ലുവിളിയായി കണ്ടിരിക്കണം. സുബ്രത മിത്ര , റായിയുടെ കൈയിൽ ഒരു ഛായാഗ്രഹണ മാജിക്കായി മാറി. അദ്ദേഹം സ്റ്റുഡിയോ വെളിച്ചത്തെ ഉപയോഗിക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിനു വേണ്ടത് ഒറിജിനൽ പകൽ വെട്ടവും പ്രകൃതിയിലെ സ്വാഭാവിക നിറഭേദങ്ങളുമായിരുന്നു. സുബ്രത റിഫ്ളക്ടറുകൾ ഉപയോഗിച്ച് ബൗൺസ് ലൈറ്റിംഗ്  സാധ്യമാക്കി.തൻ്റെ കാമറാമാനെക്കുറിച്ച് റായ് ഒരിടത്ത് ഇങ്ങനെ എഴുതി: സുബ്രത കാമറ സ്വയം പഠിച്ചും പരിശീലിച്ചും തനതായ വെളിച്ചത്തെ എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തി.അത് ഫോട്ടോഗ്രാഫിക് ശൈലിയിലുള്ളതും സത്യസന്ധവും  പ്രകടനാത്മകമാകാത്തതും ആധുനികവുമാണ്. യഥാതഥമായി ഒരു കഥ പറയുകയാണെങ്കിൽ ,ഈ രീതിയാണ് ഏറ്റവും നല്ലതെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല" .
എന്നാൽ നമ്മൾ ചിത്രത്തിൽ കണ്ടത് യഥാർത്ഥ പ്രകൃതിയുടെ അറിയപ്പെടാത്ത സൗന്ദര്യമാണ്. സ്നിഗ്ദ്ധവും ജീവത്തായതും സുതാര്യവും ഗാന്ധർവ്വവുമായ ഒരു പ്രകൃതിയാണ് 'പഥേർ പാഞ്ചാലി ' യിലുള്ളത്.

ഈ ചിത്രം ലോകത്ത് തന്നെ പുതിയ പ്രേക്ഷകരെ സൃഷ്ടിച്ചു. ലോക ചലച്ചിത്രകലയുടെ വ്യാകരണത്തെ സ്വന്തം കാഴ്ച്ചകൾ കൊണ്ട് റായ് പുനർനിർവ്വചിച്ചു.കാൻ മേളയിലെ അംഗീകാരവും ന്യൂയോർക്കിലെ ആദ്യ പ്രദർശനവും ഇന്ത്യയിലെ പ്രേക്ഷകരെ കൂടുതൽ ഉത്സുകരാക്കിയെന്നത് നേരാണ്.

യാഥാർത്ഥ്യം തന്നെ സംഗീതം .

'പഥേർ പാഞ്ചാലി ' അപു എന്ന ബാലൻ്റെയും അവൻ്റെ ദരിദ്രകുടുംബത്തിൻ്റെയും കഥയാണ് പറയുന്നത്. അവൻ്റെ അച്ഛനും അമ്മയും സഹോദരിയും മുത്തശ്ശിയും  അടങ്ങന്നതാണ് കുടുംബം. അച്ഛൻ ഒരു പുജാരിയാണെങ്കിലും അയാളിൽ ഒരെഴുത്തുകാരനുണ്ട്. എന്നാൽ ജീവിതം കരപറ്റിക്കാനാവാതെ അലയുന്ന അയാൾക്ക് എല്ലാ ആഗ്രഹങ്ങളും സ്വപ്നമാക്കി വയ്ക്കേണ്ടി വരുന്നു. അയാൾ നഗരത്തിലേക്ക് പോയ നാളുകളിൽ മകൾ വീട്ടിൽ പനിപിടിച്ച് മരിക്കുന്നു. കുറേ ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോഴാണ് മകളുടെ മരണം അറിയുന്നത്. ഒടുവിൽ അവർ വീടുവിട്ടു മറ്റൊരിടത്തേക്ക് പോകുകയാണ്.

1925 ലാണ് ഈ നോവൽ എഴുതിയത്.അന്നത്തെ ബംഗാളി ഗ്രാമജീവിതത്തിൻ്റെ ജീവിത യാഥാർത്ഥ്യങ്ങളാണ് നോവലിൽ ആവിഷ്കരിച്ചതെങ്കിലും റായ് അതിനെ വസ്തുതാവിവരണം എന്ന നിലയിലല്ല ചിത്രീകരിച്ചത്.തൻ്റെ സൗന്ദര്യബോധത്തെയാണ് റായ് ആഴത്തിൽ സമീപിച്ചത്.ഒരു പുതിയ റിയലിസമാണിത്.അറുപത്തഞ്ച് വർഷങ്ങൾക്ക് ശേഷവും പഥേർ പാഞ്ചാലി കൊതിപ്പിക്കുന്നു. ഇനിയും പലതും കണ്ടെത്താനുള്ളതുപോലെ. റായ് ജീവിതത്തെ കാണുന്നതോടൊപ്പം അത് ഖനനം ചെയ്യുകയുമാണ്. ജീവിതചിത്രങ്ങൾ ഇവിടെ കവിതയാകുന്നു. ഇവിടെ ഓരോ ഷോട്ടും കവിതയ്ക്കപ്പുറം സംഗീതാത്മകമാകുകയാണ്. കുളത്തിൽ പ്രാണികൾ തത്തിക്കളിക്കുന്നത് ,മുത്തശ്ശി നടന്നു വരുന്നത് ,അവർ ഒരു പറമ്പിൽ മരിച്ചു കിടക്കുന്നത് ,കുട്ടികൾ മഴ നനയുന്നത് എത്ര മനോഹരമാണെന്ന് വിവരിക്കാനാവില്ല .മഴയ്ക്ക് മുമ്പുള്ള ചില സീനുകൾ, സംഗീതം പോലെ ദൃശ്യങ്ങൾ വരുന്നത് അനുഭവിപ്പിക്കും. പൊയ്കയിൽ ഇലകൾ കാറ്റിലിളകുന്നത് ,അപു ഓടുന്നത് ,പാടത്ത് ചെറു ചെടികൾ മഴയിലും കാറ്റിലും ആടുന്നത് ചലച്ചിത്രഭാഷയെ സംഗീതാത്മക യാഥാർത്ഥ്യം എന്ന തലത്തിലേക്കുയർത്തുന്നു.

ബ്രിട്ടീഷ് ചലച്ചിത്ര വിമർശകനായ ഡെറക് മാൽകം സിനിമയുടെ നൂറാം വർഷത്തിൽ ലോക സിനിമയിൽ നിന്ന് മികച്ച നൂറ് സിനിമകൾ തിരഞ്ഞെടുത്തു. ആ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ഒരേയൊരു സിനിമയാണ് ഇടം പിടിച്ചത്.അത് 'പഥേർ പാഞ്ചാലി 'യായിരുന്നു.

വാക്കുകൾ

1)യഥാർത്ഥ സമത്വം എന്ന് പറഞ്ഞാൽ എല്ലാവരെയും ഒരേ പോലെ പരിഗണിക്കുക എന്നല്ല അർത്ഥം;ഓരോരുത്തരുടെയും വ്യത്യസ്ത ആവശ്യങ്ങളെ ഒരേ പോലെ അഭിമുഖീകരിക്കുക  എന്നാണ് .
ടെറി ഈഗിൾടൺ ,
ബ്രിട്ടീഷ് സാഹിത്യവിമർശകൻ.

2) ഒന്നും എന്നേക്കും നിലനില്ക്കില്ല .അവസാനം മാഞ്ഞു പോകാത്തതായി ഒരു ഓർമ്മയോ വസ്തുവോ അവശേഷിക്കില്ല ;അതെത്ര തീവ്രമായിരുന്നാലും .
ഹ്വാൻ റുൾഫോ ,
മെക്സിക്കൻ എഴുത്തുകാരൻ .

3) ആധുനിക ചിത്രകാരൻ സ്ഥലകാലങ്ങളുമായാണ് ഇടപെടുന്നത് ;വരയ്ക്കുക എന്നതിലുപരി അയാൾ വികാരങ്ങളാണ് ആവിഷ്കരിക്കുന്നത്.
ജാക്സൺ പൊള്ളോക്ക്  ,
അമെരിക്കൻ ചിത്രകാരൻ

4)വസ്തുക്കൾക്ക് ചുറ്റും നിശ്ശബ്ദതകൾ സൃഷ്ടിച്ചുകൊണ്ട് വാക്കുകൾ അടിഞ്ഞുകൂടി തടയപ്പെട്ട യാഥാർത്ഥ്യത്തെ ശുദ്ധീകരിച്ചെടുക്കുകയാണ് കവിതയുടെ ജോലി.
സ്റ്റീഫൻ മല്ലാർമെ .
ഫ്രഞ്ച് കവി.

5) ഒരു കവിതയിൽ എന്താണ് പറയുന്നതെന്ന് നോക്കേണ്ടതില്ല; കവിത എന്താണെന്ന് നോക്കിയാൽ മതി.
ഐ.എ. റിച്ചാർഡ്സ് ,
ഇംഗ്ളീഷ് സാഹിത്യവിമർശകൻ

കാലമുദ്രകൾ

1)ഡി. ശ്രീമാൻ നമ്പൂതിരി

വേദസാഹിത്യത്തിൻ്റെ പരിഭാഷയും മറ്റുമായി ശ്രീമാൻ നമ്പൂതിരി കുറെ കൃതികൾ രചിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇപ്പോൾ ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ അവാർഡുണ്ട്.പക്ഷേ ,അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ എങ്ങുമില്ല.

2)എൻ.എൻ. കക്കാട്.
ജീവിത സായന്തനത്തിൽ വിഷാദത്തോടെ അലസമായി ഭാവിയിലേക്ക് നോക്കുന്ന 'സഫലമീ യാത്ര' എന്ന കവിതയുടെ പ്രമേയം ഒരു സാർവ്വലൗകിക മനശ്ശാസ്ത്രമാണ്.

3)എസ്.കെ .പൊറ്റെക്കാട്.
എസ്.കെ.പൊറ്റെക്കാട് ലോകത്ത് പോകാവുന്ന രാജ്യങ്ങളിലൊക്കെ പോവുകയും അതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തു. പില്ക്കാല എഴുത്തുകാരെ ഏറ്റവും സ്വാധീനിച്ചത്  എസ്.കെയാണ്.പിറന്നു വീഴുന്ന ഓരോ സാഹിത്യകാരനും ഇപ്പോൾ യാത്ര പോവുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുകയാണ്!

4) പോഞ്ഞിക്കര റാഫി.
പോഞ്ഞിക്കര റാഫിയും സെബീനാറാഫിയും ചേർന്നെഴുതിയ 'കലിയുഗം' എന്ന ബൃഹത് താത്ത്വിക ഗ്രന്ഥം മലയാള പ്രസാധകർ തമസ്കരിച്ചു. ഒരു കോപ്പി എങ്ങുമില്ല.

5) ഉണ്ണികൃഷ്ണൻ തിരുവാഴിയോട്.
ലയനം ,നീലാകാശത്തിലെ ചുവന്ന ഞൊറികൾ ,ഹിപ്പി ,ഒരു ധ്വനി ആയിരം പ്രതിധ്വനി തുടങ്ങിയ മനോഹര നോവലുകൾ എഴുതിയ ഉണ്ണികൃഷ്ണൻ തിരുവാഴിയോട് അറുപതുകൾക്ക് ശേഷം വന്ന  എണ്ണം പറഞ്ഞ എഴുത്തുകാരിലൊരാളാണ്.

ലൂയിസ് പീറ്ററിന് സ്നേഹപൂർവ്വം.

അന്തരിച്ച ലൂയിസ് പീറ്ററിനെക്കുറിച്ച് പലരും കുറിപ്പുകളെഴുതിയതു കണ്ടു. റോസി തമ്പി ഫേസ്ബുക്കിലാണ് എഴുതിയത്.അതിൽ ലൂയിസിനു ശരിക്കും ഭ്രാന്തായിരുന്നെന്നും അത് അഭിനയമായിരുന്നില്ലെന്നും കുറിച്ചിരിക്കുന്നു. തൻ്റെ കവിതയുടെ വായനക്കാരനായാണ് റോസി ലൂയിസിനെ അവതരിപ്പിക്കുന്നത്. ലൂയിസിൻ്റെ ഒരു കവിതയുടെ പേരോ ,രണ്ടു വരികളോ ചേർത്തിട്ടില്ല.റോസിക്ക് ഒരു അനുശോചനക്കുറിപ്പ് എഴുതാനും അറിയില്ല .മരണമടഞ്ഞ ഒരാളെക്കുറിച്ച് എഴുതുമ്പോൾ നമ്മളെ വലുതാക്കി കാണിക്കുകയല്ല വേണ്ടത്. റോസിയുടെ കുറിപ്പിലെ ആദ്യ വാചകം ഞെട്ടിക്കും: 'എനിക്കയാൾ ആരുമല്ലായിരുന്നു'. മറ്റൊരിടത്ത് എഴുതുന്നു, ഒരു കിലോ പഞ്ചസാര ഒരു ദിവസം തികയില്ലായിരുന്നു എന്ന്  .വീട്ടിൽ വന്നവർക്ക് ചായ കൊടുത്ത കാര്യമാണ് പറയുന്നത്!

എം.വി.ഷാജി ചുഴലി വാട്സപ്പിൽ എഴുതിയ കുറിപ്പിൽ ഇങ്ങനെ വായിക്കാം: അയ്യപ്പൻ്റെ പല കവിതകളും ആവർത്തനങ്ങളാണ്. ലൂയിസ് പീറ്ററെ ഞാൻ വായിച്ചിട്ടില്ല. കള്ളുകുടി ആദർശവത്ക്കരിക്കേണ്ട കാര്യമില്ല .ലൂയിസ് പീറ്റർ പ്രതിഭയായിരുന്നിരിക്കാം .ഇത്തരക്കാരെ ആദർശവത്ക്കരിച്ച് നശിപ്പിക്കരുത്." അന്തരിച്ച കവിയെ താൻ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ചിലരെയാണ് ഉദ്ദേശിച്ചതെന്നും ഷാജി തന്നെ പിന്നീട് വിശദീകരിക്കുന്നു. പക്ഷേ ,മുകളിൽ കൊടുത്ത വാക്യങ്ങൾ അത് ശരിവയ്ക്കുമോ എന്നറിയില്ല.

കവിയുടെ സമ്പത്തോ ,സദാചാരമോ നോക്കി കവിത വായിക്കാനാവില്ല .കൊലപാതകി (നോർമൻ മേലർ)യും മോഷ്ടാ(ഷെനെ )വും ആയ എഴുത്തുകാരെ ലോകം ആദരിച്ചിട്ടുള്ള അനുഭവമാണ് നമുക്കുള്ളത്.കുടുംബമോ പദവിയോ ഇല്ലാത്ത ഒരു കവിയെ പരാമർശിക്കുമ്പോൾ നമ്മുടെ മൂല്യങ്ങൾ ഒരളവുകോലായി സ്വീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ഫായിസിൻ്റെ വീട്ടുമലയാളം

കിഴിശ്ശേരി കുഴിഞ്ഞൊളം അക്കരമ്മൽ അബ്ദുൾ മുനീറിൻ്റെ മകനായ അബ്ദുൾ ഫായിസ് എന്ന നാലാം ക്ളാസ്സുകാരൻ വീട്ടിൽ  കടലാസു പൂവുണ്ടാക്കുമ്പോൾ തനിയെ പറഞ്ഞ വാക്കുകൾ ഇപ്പോൾ മലബാർ മിൽമ അവരുടെ പരസ്യ വാചകമാക്കിയിരിക്കുന്നു.  ''ചെലോൽത് റെഡ്യാവും, ചെലോത്ത് റെഡ്യാവൂല .ഇൻ്റേത് റെഡ്യായിട്ടില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്യ" .
ഇതാണ് ഫായിസ് പറഞ്ഞത്. അവൻ തന്നെ ഇത് മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സഹോദരിമാർ കണ്ടതിനെ തുടർന്ന് അവർ പിതാവിനു അയച്ചുകൊടുത്തു. അദ്ദേഹം അത് ബന്ധുക്കൾക്ക് അയച്ചതോടെ സോഷ്യൽ മീഡിയയിൽ എത്തി വൈറലായി.

ഫായീസ് ഒരു പുതിയ മലയാളം തന്നു. നന്ദിയുണ്ട്. ഭാഷ വികസിക്കുന്നത് അത് ചതുരവടിവുകളെ അതിലംഘിക്കുമ്പോഴാണ്. നമുക്ക് ഒരു മലയാളമല്ല ഉള്ളത്; ധാരാളം മലയാളങ്ങളുണ്ട്. അത് ചിലപ്പോൾ വളരുന്നത് ഫായീസുമാരിലൂടെയുമാണ്.

കഥ

പി.എഫ്. മാത്യൂസ്‌ എഴുതിയ 'വനജ ' (മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 26) ഒരു അലസ രചനയാണ്. ജീവിത സന്ദർഭങ്ങൾ കൃത്രിമമായി തോന്നി. കഥാകൃത്ത് വിവരിക്കുന്ന കാര്യങ്ങൾ അനുവാചകനെ സ്പർശിക്കുന്നില്ല .
ഇന്നത്തെ സങ്കീർണമായ ലോകസാഹചര്യങ്ങൾ മലയാള എഴുത്തുകാരെ ബാധിക്കാത്തത് ഏതോ രോഗലക്ഷണമാണ്.

കവികളെയും ഒന്നും സ്പർശിക്കുന്നില്ല .ഭൂരിപക്ഷം പേരും വികാരരഹിതമായ ഒരു സുഖചികിത്സയിലാണ്.കല്പറ്റ നാരായണൻ്റെ ഒരു കവിതയുടെ വിഷയം വഴിയിൽ കിടന്ന ചത്ത ചേരയാണ്. കോവിഡ് ,ഐസൊലേഷൻ വാർഡ് ,പ്രോട്ടോക്കോൾ മരണം തുടങ്ങിയ കാര്യങ്ങൾ മനസിലേക്ക് കയറില്ല.അതിനു പ്രത്യേക ഇന്ദ്രിയം വേണ്ടി വരും.



No comments:

Post a Comment