Monday, September 7, 2020

അക്ഷരജാലകം/യാൻ മാർട്ടൽ , കൊറോണ, നോവൽ/metrovartha, july 13

 


എം .കെ .ഹരികുമാർ
9995312097
Email: mkharikumar797@gmail.com

യാൻ മാർട്ടൽ , കൊറോണ,
നോവൽ



പ്രമുഖ കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ കൊൽക്കൊത്ത സാഹിത്യ സംഗമത്തിനു വേണ്ടി കഴിഞ്ഞ മാസം  ഫേസ്ബുക്ക് പേജിൽ വന്ന് പറഞ്ഞ ചില കാര്യങ്ങൾ കൊറോണക്കാലത്തെ സാഹിത്യചിന്തകൾക്ക് കൂടുതൽ വ്യാപ്തി നല്കുന്നു .

ലോക്ഡൗൺ മനുഷ്യർക്ക് അവരുടെ ബന്ധങ്ങളെക്കുറിച്ച് ഓർക്കാൻ ഒരവസരം നല്കിയെന്ന് യാൻ മാർട്ടൽ ചിന്തിക്കുന്നു.സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്ക് ആശുപത്രികളിൽ പോകുന്നവർക്ക് കൂട്ടിരുപ്പുകാരുണ്ടാകാറുണ്ട്.എന്നാൽ കൊറോണയ്ക്ക് ഐസൊലേഷൻ വാർഡാണ് .കൂടെ ആരും നില്ക്കാൻ പാടില്ല. രോഗി സ്വന്തം ഏകാന്തത ഭക്ഷിച്ചു കഴിയണം. ആ രോഗി തൻ്റെ പൂർവ്വകാല സ്നേഹ ബന്ധങ്ങളെക്കുറിച്ചോർത്ത് നിരാശതയിൽ വീഴും.

ആരോഗ്യത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ആരംഭിക്കേണ്ട സമയമാണിത്. പ്രകൃതിയിലെ എല്ലാ ജീവികളെയും തിന്നുക എന്ന സമീപനത്തിൽ നിന്ന് മനുഷ്യൻ പിന്മാറണമെന്ന് അദ്ദേഹം പറയുന്നുണ്ട്.ഇത് കുറേക്കൂടി അർത്ഥവ്യാപ്തിയിൽ കാണേണ്ട വിഷയമാണ്.

നോട്ടം മാറണം

മനുഷ്യൻ ഒരു ജീവിയെ നോക്കുന്ന രീതി തന്നെ മാറണം.അപകടം പിടിച്ച ആ നോട്ടം തിന്നാൻ വേണ്ടിയാണ്.ഒരു ജീവിയുടെയും സൗന്ദര്യമോ അസ്തിത്വമോ അംഗീകരിക്കാൻ പറ്റാത്ത വിധം രുചിയോടുള്ള മനുഷ്യൻ്റെ ആസക്തി ഭയാനകമായി മാറിയിരിക്കുന്നു. ഏത് ജീവിയെയും  മനഷ്യൻ ഇറച്ചിയായി മാത്രം കാണുന്നു. ആരു പറഞ്ഞു ജീവികളുടെ അന്യാദൃശമായ സൗന്ദര്യവും സവിശേഷതകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന് അവയെ  തിന്നാൻ വേണ്ടിയാണെന്ന്?.ഒരു പുതിയ ഭക്ഷണ ശീലം കണ്ടെത്തേണ്ടിയിരിക്കുന്നു.

യാൻ മാർട്ടൽ ഇപ്പോൾ ട്രോജൻ യുദ്ധത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുകയാണ്.2002 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചത് മാർട്ടലിൻ്റെ 'ലൈഫ്  ഓഫ് പി ' എന്ന നോവലിനായിരുന്നു.പത്തു ലക്ഷത്തിലധികം കോപ്പി വിറ്റഴിഞ്ഞ ഈ നോവൽ പക്ഷേ ,ചുരുങ്ങിയത് അഞ്ച് പ്രസാധകരെങ്കിലും തള്ളിക്കളഞ്ഞതാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസാധകരെ നയിക്കാൻ നല്ല എഡിറ്റർമാർ ഇല്ല എന്നാണ് ഇത് കാണിക്കുന്നത്. 2012 ൽ തൈവാൻ സംവിധായകൻ ആംഗ് ലി ഇത് സിനിമയാക്കിയപ്പോഴും വൻ വിജയമായി.

പി എന്ന കഥാപാത്രം കപ്പൽച്ചേതത്തെ തുടർന്ന് ഒരു ബോട്ടിൽ കടലിൽ ചുറ്റിത്തിരിഞ്ഞത് ഒറ്റയ്ക്കല്ല; കൂടെ ഒരു ഇന്ത്യൻ കടുവയുമുണ്ടായിരുന്നു.അവർക്കിടയിൽ സ്വാഭാവികമായി ഒരു ബന്ധം ഉടലെടുത്തിരുന്നു.മനുഷ്യൻ യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്നത് മതാത്മകമായല്ലെന്ന ഒരു ചിന്ത ഈ നോവലിലൂടെ യാൻ മാർട്ടൽ അവതരിപ്പിച്ചു.'ലൈഫ് ഓഫ് പി ' യിലെ അവസ്ഥ എപ്പോഴുമുണ്ട്.ബോട്ട് കിട്ടിയാൽ അത് കരയ്ക്കടുപ്പിക്കാനാവണം. ബോട്ട് ഇല്ലെങ്കിലോ ?

മറവി ബാധിക്കും

എത്ര വലിയ ദുരന്തമുണ്ടായാലും മനുഷ്യൻ അതെല്ലാം വേഗം മറക്കുമെന്ന്, ഒന്നാം ലോകയുദ്ധകാലത്ത് ഇരുപത്തഞ്ച് ദശലക്ഷം പേർ കൊല്ലപ്പെട്ടതും എന്നാൽ പിന്നീട് എല്ലാം മറന്ന് മനുഷ്യർ ബാറിൽ ഡാൻസ് ചെയ്യുന്നതും ചൂണ്ടിക്കാട്ടി യാൻ മാർട്ടൽ സമർത്ഥിക്കുന്നു. മനസ്സിനു എല്ലാം മറക്കാനുള്ള സിദ്ധിയുണ്ട്. അസ്തിത്വത്തിൻ്റെ രഹസ്യം എന്നു പറയുന്നത് സ്വപ്നം കാണാനുള്ള കഴിവാണ്. പുരാണങ്ങൾ കഥകളായി നില്ക്കുകയാണെങ്കിലും ആളുകൾ അത് യഥാതഥമായി വിശ്വസിക്കുന്നു. ഗ്രീക്കുകാർക്ക് ഹോമറിൻ്റെ ഇതിഹാസങ്ങൾ വെറും കഥകളല്ല, ബൈബിൾ പോലെയാണെന്ന് മാർട്ടൽ പറയുന്നു. ആളുകൾ സ്വപ്നം കാണുന്നതിലൂടെ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മാർട്ടലിൻ്റെ പ്രിയപ്പെട്ട വിഷയം വിശ്വാസവും മതവും മനുഷ്യനിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്നതാണ്. ട്രോജൻ യുദ്ധത്തെക്കുറിച്ചുള്ള പുതിയ നോവലിലും അതുണ്ടാകുമത്രേ. 'ദ് ഹൈ മൗണ്ടൻസ് ഓഫ് പോർച്ചുഗൽ' (2016) എന്ന നോവലിൽ യാൻ മാർട്ടൽ മരണത്തെയാണ് പശ്ചാത്തലമാക്കുന്നത്. മറ്റുള്ളവരുടെ മരണത്തെക്കുറിച്ചോർത്ത് തീവ്രമായി ദുഃഖിക്കുന്ന അനുഭവം. ഈ നോവലിലെ മലകൾ മനസ്സിലെ മലകളാണെന്ന് നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കൊറോണയെ അധികരിച്ച് ഒരു നോവൽ അദ്ദേഹം ആലോചിച്ചിട്ടില്ല .അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അത് വ്യർത്ഥമായിരിക്കും. ഒരു കൊറോണ നോവലുമായി ഗ്രാമത്തിലേക്ക് ചെന്നാൽ അതിന് വായനക്കാരെ കിട്ടില്ല.കാരണം അവർ കൊറോണയെ നേരിട്ട് അനുഭവിച്ചവരാണ്.അവർക്കറിയാത്തതായി എന്താണ് ഒരാൾക്ക് എഴുതുന്നുള്ളത് ?

കൊറോണ കഴിയുന്നതോടെ മനുഷ്യരെ മറവി ബാധിക്കും; കൊറോണയിൽ നിന്ന് രക്ഷപ്പെടാനുള്ള സിദ്ധിയാണത്.

വാക്കുകൾ

1)സന്തോഷം നമ്മുടെ ശരീരത്തിനു നല്ലതാണ്; എന്നാൽ ദു:ഖമാണ് മനസ്സിൻ്റെ സിദ്ധികളെ  വികസിപ്പിക്കുന്നത് .
മാർസൽ പ്രൂസ്ത്,
ഫ്രഞ്ച് എഴുത്തുകാരൻ.

2) ഒരിക്കലും  നടക്കാത്ത സംഭവങ്ങളെക്കുറിച്ചുള്ള  നുണകളുടെ ശേഖരമാണ് ചരിത്രം ;അത് പറയുന്നതാകട്ടെ ,അവിടെ ഇല്ലാതിരുന്ന ആൾക്കാരും .
ജോർജ് സന്തായന ,
സ്പാനിഷ് ,അമെരിക്കൻ ചിന്തകൻ .

3) നമ്മൾ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യമാണ് പരമമായ സന്തോഷം  .
ടോൾസ്റ്റോയ് ,
റഷ്യൻ സാഹിത്യകാരൻ .

4) സന്തോഷം പൂർണമായി കിട്ടണമെങ്കിൽ അത് പകുത്തു നല്കാൻ ആരെങ്കിലും ഉണ്ടാകണം.
മാർക് ട്വെയ്ൻ,
അമെരിക്കൻ എഴുത്തുകാരൻ .

5) ഞാൻ എൻ്റെ ഭാര്യയുടെ അമ്മയോടൊപ്പമാണ് യുദ്ധകാലത്ത് താമസിച്ചത് ;യുദ്ധം എന്തെന്ന് എനിക്ക് ശരിക്കും മനസ്സിലായി. എന്തെന്നാൽ ഞാൻ ഭാര്യയുടെ അമ്മയുമായി വഴക്കടിക്കുകയായിരുന്നു.
വാസ്ലാവ് നിഷിൻസ്കി ,
പോളിഷ് ഡാൻസർ .

കാലമുദ്രകൾ

1)അയ്യപ്പപ്പണിക്കർ.

സുകുമാർ അഴീക്കോട് തിരുവനനന്തപുരത്ത് ചെല്ലുമ്പോൾ ചിലപ്പോഴൊക്കെ അയ്യപ്പപ്പണിക്കരുടെ വീട്ടിൽ താമസിക്കുമായിരുന്നു.ഇത്തരം സൗഹൃദങ്ങൾ ഇന്നില്ല.

2)വൈക്കം മുഹമ്മദ് ബഷീർ.

കൊച്ചിയിലെ ബഷീഴ്സ് ബുക്ക് സ്റ്റാൾ ചങ്ങമ്പുഴ ,എം.പി.പോൾ ,മുണ്ടശ്ശേരി തുടങ്ങിയ വ്യത്യസ്തരെ  കൂട്ടിയിണക്കിയ ഒരു ബൗദ്ധികകേന്ദ്രമായിരുന്നു.

3)അടൂർ ഗോപാലകൃഷ്ണൻ .

അടൂർ ഗോപാലകൃഷ്ണൻ്റെ 'അനന്തരം ' എന്ന സിനിമ സാഹിത്യകാരന്മാരെ പൊതുവേ വല്ലാതെ ആകർഷിച്ചു.കാരണം അതിൻ്റെ ക്രാഫ്റ്റ് ഒരു ചെറുകഥയിലെ ഫാൻ്റസി പോലെ ക്രമം തെറ്റിയുള്ളതായിരുന്നു.

4) പല്ലാവൂർ അപ്പുമാരാർ.

ഒരു കലാശാലയ്ക്കോ ,ഗവേഷണ ഗൈഡുകൾക്കോ പല്ലാവൂർ അപ്പുമാരാരെ സൃഷ്ടിക്കാനാവില്ല. തായമ്പകയിൽ ഒരു ജീനിയസ് പതിറ്റാണ്ടുകൾ പ്രവർത്തിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ അമർത്യസെന്നിനേക്കാൾ വലിയ പ്രഭാവമാണ് തായമ്പകയിൽ അപ്പുമാരാർ .

5) കോവിലൻ.
'തട്ടകം' എഴുതിയ കോവിലിനു കോഴിക്കോട് സർവകലാശാല ആദര ഡോക്ടറേറ്റ് പ്രഖ്യാപിച്ചെങ്കിലും രോഗബാധ മൂലം അത് വാങ്ങാനാവാതെ അന്തരിക്കുകയായിരുന്നു അദ്ദേഹം.അത് ഇനിയും നല്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നുള്ള  എം.എ.റഹ്മാൻ്റെ വാട്സ് ആപ്പ് പോസ്റ്റ് കണ്ടു.

രോഗിയെ എങ്ങനെ നോക്കണം ?

നമ്മുടെ കാലഘട്ടത്തിലെ സൂക്ഷ്മ ഗ്രാഹിയായിരുന്ന സ്വാമി നിർമ്മലാനന്ദഗിരിയുടെ ഒരു പ്രഭാഷണം ( അറിയപ്പെടാത്ത വൈദിക ആയുർവ്വേദം ,ഗുരുപ്രഭ ,ഏപ്രിൽ ജൂൺ) വായിച്ചു. എന്നോ മറഞ്ഞു പോയ കുറെ അറിവുകൾ സ്വാമി കാരുണ്യത്തോടെ തന്ന തോന്നലുണ്ടായി.ആ പ്രഭാഷണത്തിൽ നിന്ന്: " എൻ്റെ അച്ഛൻ രോഗിയായി കിടക്കുമ്പോൾ ,ഞാൻ പോയി കാണുന്നത് രോഗിയെ മാത്രമല്ല ,എൻ്റെ അച്ഛനെ കൂടിയാണ്. വൈദ്യനും രോഗിയുമായുള്ള ബന്ധത്തിൽ വൈദ്യൻ കാണേണ്ടത് എന്തിനെയാണെന്ന ധാരണ വൈദ്യർക്കുണ്ട്.വൈദ്യൻ കാണേണ്ടത് രോഗത്തെയല്ല . ലക്ഷോപലക്ഷം വരുന്ന കോശങ്ങളോടുകൂടിയ ഒരു വ്യക്തിയുടെ ,വളരെ കുറഞ്ഞ കോശങ്ങൾ രോഗബാധിതമാകുമ്പോൾ ആ കോശങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരു വൈദ്യനു രോഗിയെ രക്ഷിക്കാനാവില്ലെന്നാണ് വൈദ്യശാസ്ത്രത്തിൻ്റെ പൊരുളായി വൈദികർ എണ്ണുന്നത്. "

രോഗിയെ കണ്ട് മടങ്ങുന്നവൻ്റെ മനസ്സിൽ ആ കിടപ്പ് സ്വപ്നമായി ഉരുത്തിരിഞ്ഞ് പ്രവർത്തിക്കുമത്രേ. ചിന്ത രോഗത്തിലേക്ക് നയിക്കുകയാണ്.എന്നാൽ വൈദ്യൻ രോഗിയെ ആകെയാണ് കാണേണ്ടത്.

ഗാന്ധി'ജി' എന്ന് എഴുതില്ല!

രാജേന്ദ്രൻ എടത്തുംകരയുടെ ഞാനും ബുദ്ധനും, കിളിമഞ്ജാരോ ബുക്ക് സ്റ്റാൾ എന്നീ നോവലുകളെപ്പറ്റി ലക്ഷ്മി പി എഴുതിയ ലേഖനം 'ബുദ്ധൻ ,ആൺമ ,പ്രണയം: മൗനത്തിനും വാക്കിനുമിടയിൽ ' (സാഹിത്യചക്രവാളം, ജൂലൈ ) ബുദ്ധനെക്കുറിച്ചള്ള ചിന്തകളാൽ മുഖരിതമാവുന്നു.

എടത്തുംകര ബുദ്ധിയും ആസ്വാദനശേഷിയുമുള്ള എഴുത്തുകാരനാണ്. ലേഖനത്തിൽ ഒരിടത്ത് 'ഗാന്ധിയുടെ രാഷ്ട്രീയ സമരായുധമായ അഹിംസ ബുദ്ധൻ്റെതാണ്.' എന്ന് എഴുതിയിരിക്കുന്നു. നവ അദ്ധ്യാപക എഴുത്തുകാർ ഗാന്ധിജിയെ ഗാന്ധിയെന്നേ വിളിക്കൂ. അവരുടെ കാഴ്ചപ്പാടിൽ ഗാന്ധിജിയിൽ ആദരിക്കത്തക്കതായ ഒന്നുമില്ല .കോളജ് അധ്യാപകർക്ക് വേണ്ടി കേരള സാഹിത്യഅക്കാദമി അണിയിച്ചൊരുക്കുന്ന 'സാഹിത്യ ചക്രവാള'ത്തിലെ പ്രവർത്തകരും ഗാന്ധി എന്ന വാക്കിനു മുന്നിൽ ആ  മഹത്തായ ' ജി' എഴുതിച്ചേർക്കില്ല! ആ 'ജി'യിലുള്ളത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട്  ജനങ്ങൾ പ്രകടിപ്പിച്ച ആദരവാണുള്ളത്. അത് മനസ്സിലാക്കാൻ കഴിവ് വേണം.
ബുദ്ധനിൽ അഹിംസയുണ്ടെങ്കിലും ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര കാലത്ത് സ്വീകരിച്ച അഹിംസ എന്ന ആശയം ടോൾസ്റ്റോയിയുടേതാണ്. ടോൾസ്റ്റോയിയുമായി അദ്ദേഹം നടത്തിയ കത്തിടപാടുകൾ ഈ വിഷയത്തിലൂന്നിയുള്ളതാണ്‌.

നശിക്കാത്ത കാവ്യചേതന.

ആതിര ആർ എഴുതിയ 'കാട്ടുകവിത ' (മാത്യഭൂമി ആഴ്ചപ്പതിപ്പ് ,ജൂൺ 28) നശിക്കാത്ത കാവ്യചേതനയെ കാണിച്ചു തന്നു.
"തൊട്ടുതലോടിയില്ലെങ്കിലും
കാട്ടുപൂവു വിടരുമെന്നതു പോലെ
വൃത്തത്താലലങ്കരിച്ചില്ലെങ്കിലും
കാട്ടുകവിത താളം പിടിക്കും."

എൻ.ബി.സുരേഷിൻ്റെ 'കിനാസൈക്കിൾ' (ഭാഷാപോഷിണി ,മെയ് ) എന്ന കവിത ഒരു സൈക്കിളോട്ടക്കാരൻ്റെ സമസ്യകൾ ചിത്രീകരിക്കുന്നു. സ്വന്തം പാത തേടിയ യാത്രക്കാരൻ വിഷണ്ണനാവുന്നു:
"ഓരോ സൈക്കിളിനും
ഓരോ വഴിയില്ലേ
അതിലെൻ്റെ സൈക്കിളിൻ
വഴിയേതാ...
മുന്നോട്ടും പിന്നോട്ടുമൊഴുകുന്ന
പാതയിൽ
കാലത്തെയും വിളിച്ച് എനിക്ക്
പിന്നോട്ടുപായണം'' .

പ്രസാധനം മാറുന്നു

കൊറോണയുടെ കാലത്തെ അടച്ചിരുപ്പ് പ്രസാധനത്തിലും പുതിയ പരിശീലനമാവുകയാണ്. ലെനിൻ എഴുത്തുകാരനോട് നിങ്ങൾ ബൂർഷ്വാ പ്രസാധകനിൽ നിന്ന് സ്വതന്ത്രനാണോ എന്ന് ചോദിച്ചതോർക്കുകയാണ്. സാധാരണ എഴുത്തുകാർക്ക് ഇത് പ്രശ്നമാണ് എന്നും. പ്രസാധകരെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കൂട്ടം എഴുത്തുകാർ സാംസ്കാരിക പ്രഭുക്കളായി സ്വയം ചമയുകയും മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും ചെയ്യും. തങ്ങളും തങ്ങളുടെ കൂട്ടാളികളും മതി സാംസ്കാരിക രംഗത്ത് എന്ന ഹിംസാത്മകമായ സമീപനം സ്വീകരിക്കുന്ന ഇവർ എത്ര വേണമെങ്കിലും കഥയോ കവിതയോ എഴുതി  മറ്റ് എഴുത്തുകാർ കടന്നു വരുന്നതിനെ ചെറുത്തുകൊണ്ടിരിക്കും.
ഇതിനു പരിഹാരമായി ദൈവം കൊണ്ടുവന്ന ഓൺലൈൻ പ്ളാറ്റ്ഫോമുകളും ഡിജിറ്റൽ ലൈബ്രറികളും സജീവമാകുയാണ്.
ഏതൊരാൾക്കും തൻ്റെ പുസ്തകങ്ങളുടെ പി.ഡി.എഫ് ഫോർമാറ്റുകൾ യഥേഷ്ടം ഓൺലൈനിൽ പ്രദർശിപ്പിക്കാനും വില്ക്കാനും ഇതിലൂടെ സാധിക്കും. ആമസോൺ ഇപ്പോൾ തന്നെ ഇത് ചെയ്യുന്നുണ്ട്.ഇത് കൂടുതൽ വ്യാപകമാകണം. വ്യക്തികൾക്ക് സ്വന്തമായി ചെയ്യാവുന്നതാണിത്.

ഡിജിറ്റൽ ലൈബ്രറി ഡിജിറ്റൽ ഉല്പന്നങ്ങൾ (ഫോട്ടോകൾ ,പി.ഡി.എഫുകൾ ,ഇ ബുക്കുകൾ ,ഇ മാഗസിനുകൾ തുടങ്ങിയവ) തരം തിരിച്ച് എന്നേക്കും സൂക്ഷിക്കാനും  ആവശ്യക്കാർക്ക് ഇൻ്റർനെറ്റിൽ ഉപയോഗിക്കാനും സഹായിക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു ഡിജിറ്റൽ ലൈബ്രറിയില്ല.

No comments:

Post a Comment