Thursday, January 28, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ ,കെ.പി.കുമാരൻ്റെ കുമാരനാശാൻ /metrovartha 25/1/2021

 അക്ഷരജാലകംlink

എം.കെ.ഹരികുമാർ

9995312097



കെ.പി.കുമാരൻ്റെ കുമാരനാശാൻ 



ചലച്ചിത്രം എന്ന മാധ്യമത്തെ തൻ്റെ കലാപരവും ദാർശനികവുമായ സമസ്യകളുടെ ആവിഷ്കാരത്തിനു വേണ്ടി വിനിയോഗിച്ച കെ. പി. കുമാരൻ വർത്തമാനകാലത്തിൻ്റെ ആവശ്യം എന്ന നിലയിലാണ് കുമാരനാശാനെക്കുറിച്ച് ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'ഗ്രാമവൃക്ഷത്തിലെ കുയിൽ 'എന്നാണ്  ചിത്രത്തിൻ്റെ പേര്. ഇത്രയും നല്ലൊരു പേര് കിട്ടാനില്ല .പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.


ഏറ്റവും കുറച്ചു കാലംകൊണ്ട് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത കവിയാണ് കുമാരനാശാൻ. കാലത്തിൻ്റെ ആത്മാവും ചേതനയുടെ പരിഷ്കർത്താവും നിഗൂഢ സൗന്ദര്യത്തെ സംവേദനക്ഷമമാക്കിയ അപൂർവ്വ പ്രതിഭയുമായ കുമാരനാശാൻ ഇനിയും കണ്ടെത്തപ്പെടാതെ അവശേഷിക്കുകയാണ്. ആ വഴിക്കുള്ള  മൂല്യാന്വേഷണപരമായ സമീപനമാണ് കെ.പി.കുമാരൻ്റ സിനിമ. ആശാനെ അതുല്യമായി ആഖ്യാനം ചെയ്യാൻ മലയാള സിനിമയിൽ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്ന വസ്തുത കൂടി ഓർക്കണം. ആശാൻ വ്യക്തി എന്ന നിലയിൽ ഒരു ബഹുസ്വരലോകമാണ്. താൻ ഒരേസമയം പല കേന്ദ്രങ്ങളുള്ള ഒരു ലോകമാണെന്ന തിരിച്ചറിവിലൂടെ മുന്നേറിയ ആശാൻ മലയാള കാവ്യലോകത്തെ ഏറ്റവും വലിയ ഉല്പതിഷ്ണുവായി നക്ഷത്രത്തെപ്പോലെ തിളങ്ങുകയാണ്. അനാചാരങ്ങളെ എതിർത്ത അദ്ദേഹം ചിന്തയിലും കലയിലും പരിവർത്തനത്തിന് ആഴി കൂട്ടി. കുമാരനാശാനെ ചരിത്രസന്ദർഭങ്ങളിലൂടെയും കവിതകളിലൂടെയും തിരയുകയാണ് കെ.പി.കുമാരൻ.


 "ഭാവഗാനാത്മകതയും തത്വചിന്താപരമായ അന്വേഷണവുമാണ് എൻ്റെ ഈ സിനിമയുടെ പ്രത്യേകതകൾ. കവിതയിലൂടെ ചിലപ്പോഴൊക്കെ കഥ പറയുന്നു. എൻ്റെ മുന്നിൽ ആശാൻ ഒരത്ഭുതമായി നില്ക്കുകയാണ്. ഒരേസമയം വ്യത്യസ്തമായ പാതകളിൽ സഞ്ചരിച്ച മഹാപ്രതിഭയാണ്. അദ്ദേഹത്തിൻ്റെ കവിതകളെപ്പറ്റി ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇനിയും ആശാനെ മലയാളികൾ വേണ്ട പോലെ  മനസ്സിലാക്കിയിട്ടില്ല. ആശാൻ്റെ വ്യക്തിത്വം അസാധാരണമാണ്. സംഘടനാപ്രവർത്തനം, കാവ്യജീവിതം , പത്രപ്രവർത്തനം (വിവേകോദയം ), പ്രജാസഭയിലും പ്രതിനിധി സഭയിലുമുള്ള ഇടപെടൽ , വ്യവസായം, പരിഭാഷ തുടങ്ങി ആശാൻ്റെ ജീവിതം വൈവിധ്യത്തിൻ്റെ സർഗാത്മക സമന്വയമാണ്;വിസ്മയകരമാണത്. പ്രവർത്തിച്ച മേഖലകളിലെല്ലാം ആശാൻ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ലോകനന്മയ്ക്കും സമത്വത്തിനും വേണ്ടി സമ്പൂർണമായി സമർപ്പിക്കപ്പെട്ട ആശാൻ ഒരേ സമയം  ആദ്ധ്യാത്മികതയിലും രാഷ്ട്രീയത്തിലും ആശയശാസ്ത്രങ്ങളിലും സൗന്ദര്യശാസ്ത്രത്തിലും ഒരു പരിവ്രാജകനെപ്പോലെ  ജീവിച്ചു കടന്നു പോകുകയായിരുന്നു " - കെ.പി.കുമാരൻ പറഞ്ഞു.


ആത്മലോചനങ്ങളുടെ കവി 


ആശാൻ്റെ പ്രേമസങ്കല്പം സവിശേഷമാണ്. വളരെ വിശുദ്ധവും ആത്മീയവുമാണത്. 'ലീല'യിലും  'നളിനി 'യിലും അത് കാണാം. ആ  കഥാപാത്രങ്ങളുടെ പ്രേമദാഹം ലൈംഗികതയിലൂടെ പരിഹരിക്കപ്പെടുന്നതല്ല .അതിനപ്പുറമുള്ള ആത്മലോചനങ്ങൾ തേടാനുണ്ട്. സാഹിത്യത്തിനപ്പുറത്തേക്കാണ് ആശാൻ്റെ രചനകൾ നീങ്ങുന്നത്. ജീവിതത്തിൻ്റെ അറിയപ്പെടാത്ത മേഖലകളെ ആ പ്രേമം  സ്വാംശീകരിക്കുന്നു. പ്രേമമില്ലെങ്കിൽ മൃത്യുവായാലും കുഴപ്പമില്ല എന്ന ഒരു തീരുമാനം ആശാൻ കൃതികളിൽ  മുഴങ്ങുന്നുണ്ട് .ശരീരംകൊണ്ട് വയ്യാതെ ഒരിടത്ത് അടിയുന്ന സന്ദർഭം മനുഷ്യർക്ക് വരാറുണ്ടല്ലോ. അപ്പോഴും ആശാൻ്റെ പ്രേമം  അവസാനിക്കുകയില്ല. കാരണം അത് ലൈംഗികകാമനകളില്ലാതെയും നിലനില്ക്കുകയാണ്.ജീവിച്ചാലും ,ചിലപ്പോൾ ലഭിക്കാത്തതാണത്. മനുഷ്യന് അപ്രാപ്യമായ സൗന്ദര്യമായി അത് വഴിമാറുന്നു .


"ഇതൊരു ജീവചരിത്ര സിനിമയല്ല. ഇതിൽ എൻ്റെ അനുഭവത്തിൻ്റെ  വെളിച്ചത്തിലുള്ള അന്വേഷണങ്ങളും ബോധ്യങ്ങളുമാണുള്ളത്. ജീവിതവും  കലയും മാധ്യമബോധവും ഇതിൽ കൂടിക്കുഴയുകയാണ് .രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ എൻ്റെ  മനസ്സിനെ മഥിച്ച സാമൂഹ്യപ്രശ്നങ്ങളുടെ നേർക്കുള്ള യാത്രയാണ്. നമ്മൾ എവിടെ നില്ക്കുന്നുവെന്ന് പഠിക്കേണ്ടതുണ്ട്. പുതിയ കാലം അതാവശ്യപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ  ആദ്യപകുതിയിലുമുണ്ടായ മാറ്റത്തിൻ്റെ സത്ത ,അല്ലെങ്കിൽ ഊർജ്ജം ഇന്ന് നമ്മളിൽ നിന്ന് ഏറെക്കുറെ  ചോർന്നുപോയിരിക്കുന്നു. മലയാളിക്ക് ചരിത്രബോധം തന്നെ നഷ്ടപ്പെടുന്നുവോ എന്ന സന്ദേഹമുണ്ട്. നമ്മൾ പതിറ്റാണ്ടുകളിലൂടെ നേടിയ  ലോകാവബോധം കാണാനില്ല. കലാസൃഷ്ടികൾ ഉണ്ടാകുന്നുണ്ട്. പക്ഷേ ,ആഴത്തിലുള്ള സാമൂഹ്യജീവിതബോധമില്ല; സഹിഷ്ണുതയില്ല . മറ്റുള്ളവരെക്കുറിച്ചുള്ള ആകുലതകൾ ഇല്ലാത്തവരായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു തിരിച്ചുപോക്ക് ഞാനാഗ്രഹിക്കുന്നു. ആശാനിലേക്കാണ് എനിക്ക് പോകാനുള്ളത്. അതാണ് എൻ്റെ സിനിമ " .കെ .പി .കുമാരൻ അറിയിക്കുന്നു. 


 "മരണം ഭയസീമ ,യെന്നയേ ,

കരുതും ജീവികളങ്ങനാരതം

വിരഹാർത്തയിവൾക്കഹോ! ഭയ-

ങ്കരമായ് തീർന്നു ധരിക്ക ജീവിതം" 

എന്ന് 'ലീല'യിൽ  എഴുതുന്നതിലെ ആഴക്കാഴ്ച ഓർക്കുക. എല്ലാ ജീവികളും മരണത്തെ ഭയക്കുന്നു. എന്നാൽ താൻ വിരഹത്തെയാണ് ഭയക്കുന്നത്. പിന്നീട് ജീവിതത്തിൻ്റെ  സ്ഥായിയായ ഭാവം വിരഹമാണെന്ന് പറയാൻ 'വിധുരവലാകകൾ ' എന്ന് പ്രയോഗിക്കുന്നുണ്ട്. വിരഹവേദനയാൽ പുളയുന്ന വെള്ളിൽപ്പറവകളെന്നാണ് ഇതിനർത്ഥം. പ്രകൃതിയിലാകെ വ്യാപിക്കുന്ന വിരഹദു:ഖത്തെ കവി കണ്ടെത്തുകയാണ്. ജൈവബന്ധം ,സ്നേഹം ഉള്ളവർക്കാണ് വിരഹ വേദനയുണ്ടാകുന്നത്‌. ഒരു വിഷയത്തെ മുൻകുട്ടി കണ്ട് അത് കവിതയിലാക്കുകയായിരുന്നില്ല ആശാൻ്റെ രീതി.ആ കവിത  ഉള്ളിൽനിന്ന് ഒരനിവാര്യത പോലെ പുറത്തേക്കു കുതിച്ചെത്തുകയായിരുന്നു.പല സംസ്കാരങ്ങളുടെ സുഗന്ധം കലർന്ന് ഒഴുകുന്ന ലാവണ്യനദിയാണത്. കുമാരനാശാനിലെ ദാർശനിക പ്രഭാവമാണ് മുണ്ടശ്ശേരിയെ ആകർഷിച്ചത് .അദ്ദേഹമാണല്ലോ ആശാൻ കവിതയെ പുനർമൂല്യനിർണയം നടത്തിയത്‌. പി. കെ ബാലകൃഷ്ണൻ ,കുട്ടികൃഷ്ണ മാരാർ ,സുകുമാർ അഴീക്കോട് തുടങ്ങിയവർ ആശാൻകവിതയിലെ സരയൂ നദി കണ്ടവരാണ്. അഴീക്കോടിൻ്റെ പതിറ്റാണ്ടുകളിലൂടെയുള്ള പ്രഭാഷണങ്ങളിൽ മിക്കപ്പോഴും ആശാൻ കടന്നുവരുമായിരുന്നു.


ആധുനികത ഇതാണ് 


ശ്രീനാരായണഗുരുവിനെ ആശാൻ  പരിചയപ്പെടുന്നത് 1889 ലാണ്‌;അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് (1888) ശേഷം. പിന്നീട് ഗുരുവിൻ്റെ  പാതയിലെ വെളിച്ചം ഉൾക്കൊണ്ട് ആത്മീയമൂല്യങ്ങളെ സൗന്ദര്യാത്മകമായി പരാവർത്തനം ചെയ്തു .1895 ൽ ബാംഗ്ലൂരിൽ  പോയി നിയമം പഠിച്ചു. പിന്നീട് മദ്രാസിലും അതിനുശേഷം കൊൽക്കത്തയിലും പഠിച്ചു.കൊൽക്കൊത്തയിൽ കഴിഞ്ഞ കാലത്താണ് സംസ്കൃതവും ഇംഗ്ലീഷും ആഴത്തിൽ മനസ്സിലാക്കിയത്.


1900 ൽ തിരിച്ചുവന്ന ആശാൻ  ദാർശനികമായ ഉൾക്കനത്തോടെയാണ് ജീവിതത്തെ നേരിട്ടത്. 1907 ൽ നിസ്സാരമായ, വീണുകിടക്കുന്ന ഒരു പൂവിനെ കാവ്യവിഷയമാക്കാമെന്ന് 'വീണപൂവി 'ലൂടെ 'തെളിയിച്ചു; ഇത് ഒരു മഹാവിപ്ളവമായിരുന്നു. ഇതാണ് ആധുനികത .ഇതിന് എത്രയോ വർഷം കഴിഞ്ഞാണ് ടി.എസ് .എലിയറ്റ് 'ദ് വെയ്സ്റ്റ് ലാൻഡ്' ( തരിശുഭൂമി) എന്ന കാവ്യമെഴുതിയത് .'വീണപൂവി 'ലുള്ളത് വസ്തുവിൻ്റെ അനന്യത അതിൽ തന്നെ സമ്പൂർണമാണെന്ന വീക്ഷണമാണ് .


അഞ്ച് വാല്യങ്ങളിൽ ബുദ്ധചരിതം എഴുതി. ബാലരാമായണം മൂന്ന് വാല്യമാണ്. 1907 മുതൽ 1924  വരെയുള്ള കാലഘട്ടത്തിലാണ് പ്രശസ്തമായ കവിതകളെല്ലാം പിറന്നത്. നളിനി, ലീല ,പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങൾ അപാരമായ ,ഉന്നതമായ കാവ്യഭാഷണങ്ങളായി നില്ക്കുകയാണ്.


കെ.പി.കുമാരൻ്റെ സിനിമകളെല്ലാം, അതിസാഹസികമായി ,  സംവിധായകൻ ക്യാമറയുമായി മനുഷ്യാവസ്ഥയുടെ ഒറ്റച്ചരടിനുമേലെ ബാലൻസ് ചെയ്ത് നടക്കുന്ന പോലെ തോന്നിപ്പിക്കും. അതിഥി (പി.ജെ.ആൻ്റണി ,ഷീല ,ബാലൻ കെ. നായർ , കൊട്ടാരക്കര)രുഗ്മിണി ( നെടുമുടി വേണു ,അഞ്ജു ), ആകാശഗോപുരം (മോഹൻലാൽ ,ഭരത് ഗോപി ,നിത്യാമേനോൻ) എന്നീ  ചിത്രങ്ങൾ കാണുന്നവർക്ക് അത് ബോധ്യപ്പെടും.


ഒന്നിൻ്റെയും നിഴലല്ല


 "വിവാഹിതനായ ആശാൻ്റെ ജീവിതമാണ് ഞാനിതിൽ ഫോക്കസ് ചെയ്യുന്നത്.ആ വിവാഹം തന്നെ ഒരു വലിയ ചർച്ചയായിരുന്നുവല്ലോ. വധുവിന് പതിനെട്ടും ആശാനു നാല്പതു മായിരുന്നല്ലോ പ്രായം. ഇത് പലരെയും ചൊടിപ്പിച്ചു. ആശാന് സ്വതന്ത്രവും  മൗലികവുമായ വ്യക്തിത്വമുണ്ട്. ആശാൻ ഒന്നിൻ്റെയും നിഴലല്ല;അതിശയകരമായ ഒരു പരിവർത്തന ശക്തിയാണ് ;സമാനതകളുമില്ല. ആശാനിൽ അസാമാന്യമായ സർഗ്ഗശേഷിയാണുള്ളത്; സഹനശേഷിയുമുണ്ട്. ആ കവിതകൾ പുതിയ ഉണർവ്വായിരുന്നു. ചന്തുമേനോൻ്റെ  'ഇന്ദുലേഖ' എത്രയോ വലിയ മാറ്റമാണ് കൊണ്ടുവന്നത്. മാറ്റത്തിനു മാറ്റമില്ല. അതുകൊണ്ടാണ് ' മാറ്റുവിൻ ചട്ടങ്ങളെ ' എന്ന് അദ്ദേഹം പ്രവചനാത്മകമായി എഴുതിയത്. ജാതിയെ എതിർത്ത ആശാൻ ആത്മ സംശോധനത്തിനായി ബൗദ്ധമൂല്യങ്ങളെയാണ് ആശ്രയിച്ചത്.ചണ്ഡാലഭിക്ഷുകിയും കരുണയും ഇതിനു തെളിവാണ്. എന്നാൽ മതപരിവർത്തനത്തിൽ, അദ്ദേഹം വിശ്വസിച്ചില്ല " - കെ.പി.കുമാരൻ അഭിപ്രായപ്പെടുന്നു.

'ഗ്രാമവൃക്ഷത്തിലെ കുയിൽ'കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'മലയാള സിനിമ ഇന്ന് ' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.


വാക്കുകൾ


1)ചെന്നായ്ക്കളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് ആട്ടിൻകുട്ടികളുടെ മരണമാണ് .

ഇസയ്യ ബർലിൻ ,

(ബ്രിട്ടീഷ് ചിന്തകൻ)


2)എപ്പോഴും ഒരു കവിയായിരിക്കുക , ഗദ്യമെഴുതുമ്പോൾ പോലും.

ചാൾസ് ബോദ്ലേർ,

(ഫ്രഞ്ച് കവി)


3)നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാൻ വേണ്ടി നിങ്ങൾക്ക്  സംസാരിക്കേണ്ടി വരും.

ഷാങ്ങ് പോൾ സാർത്ര്,

(ഫ്രഞ്ച് എഴുത്തുകാരൻ )


4)സ്വന്തം ചിന്തകളും വികാരങ്ങളും നിയന്ത്രിച്ചു നിർത്തുന്നതെത്ര ബുദ്ധിമുട്ടേറിയ പണിയാണെന്ന് ആളുകൾ മനസ്സിലാക്കുന്നത് പ്രതിസന്ധികളുടെ കാലത്ത് മാത്രമാണ്. ആൻറൺ ചെക്കോവ്

(റഷ്യൻ കഥാകൃത്ത്)


5)ദയ ഒരു ഭാഷയാണ്; അത് ബധിരന്  കേൾക്കാനും അന്ധനു കാണാനും കഴിയും.

മാർക്ക് ട്വെയിൻ ,

അമെരിക്കൻ എഴുത്തുകാരൻ


കാലമുദ്രകൾ


1)എം. ടി .വാസുദേവൻനായർ 


എം.ടി.ഒരു കഥ എഴുതിയിട്ട് എത്രയോ കാലമായി! . മലയാളത്തിലെ കഥ വായനക്കാർ എം. ടിയുടെ ഒരു കഥയ്ക്കായി കാത്തിരിക്കുകയാണ്‌.


2)മുനി നാരായണപ്രസാദ് 


ശ്രീനാരായണഗുരുവിൻ്റെ സമ്പൂർണ കൃതികളുടെ വ്യാഖ്യാനം (സാരാംശവും അവതാരികയും) മുനി നാരായണ പ്രസാദ് എഴുതിയിട്ടുണ്ട്.നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് പ്രസാധകർ .ഗുരുവിൻ്റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും (വ്യാഖ്യാനത്തോടൊപ്പം) മുനി നിർവ്വഹി യു. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഇംഗ്ലീഷ് പരിഭാഷയും അവതരണവും മുനി നാരായണപ്രസാദിൻ്റേതാണ്.


2)ഡോ.സെബാസ്റ്റ്യൻ പോൾ


കേരളടൈംസിലും കൈരളി ടിവിയിലും സെബാസ്റ്റ്യൻ പോൾ ചെയ്തുവന്ന  മാധ്യമാവലോകനം ശ്രദ്ധേയമായിരുന്നു.അത് തുടരേണ്ടതായിരുന്നു. ആധികാരികമായി പറയുന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്.


4)കെ.സഹദേവൻ


ടെലിവിഷൻ ചാനലിൽ കെ.സഹദേവൻ പാശ്ചാത്യ ക്ലാസിക് സിനിമകൾ അവതരിപ്പിച്ചുകൊണ്ട്  '24 ഫ്രെയിംസ്' എന്ന പേരിൽ ഒരു പ്രോഗ്രാം ചെയ്തിരുന്നു .സിനിമകളെ വിമർശനാത്മകമായി സമീപിക്കുന്ന അദ്ദേഹം അതിലെ പ്രസക്തഭാഗങ്ങൾ കാണിക്കുകയും ചെയ്തു.മലയാള ടെലിവിഷൻ ചാനലുകളിലെ ഏറ്റവും നല്ല ഷോ അതായിരുന്നു.


5)സൂക്ഷ്മാനന്ദ സ്വാമി


സൂക്ഷ്മാനന്ദ സ്വാമി അധികം എഴുതാറില്ല.അദ്ദേഹം എഴുതിയ 'മൈൻഡ് ദ് ഗ്യാപ് ' എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ചിട്ടുണ്ട്. ദൽഹിയിലെ സർക്കിൾ ഗ്രൂപ്പാണ് പ്രസിദ്ധീകരിച്ചത്. ശൂന്യമായ ഇടങ്ങളെ മനസ്സുകൊണ്ട് പൂരിപ്പിക്കുന്നതാണ് മനുഷ്യൻ്റെ  ആത്മീയത എന്ന് സ്വാമി അതിൽ  സരളമായി പ്രതിപാദിക്കുന്നുണ്ട്.


6)പ്രേം നസീർ 


പരുക്കൻ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ച ഒരു കാലത്തിനു നസീർ എന്ന സ്വപ്നശിഖരം ആവശ്യമായിരുന്നു. ദാരിദ്ര്യദു:ഖം പോലെ പ്രണയനൈരാശ്യവും ജീവന്മരണപ്രശ്നമായ ഒരു തലമുറയുടെ നെഞ്ചിനകത്ത് നസീറിൻ്റെ ഇരിപ്പിടം അപ്രാപ്യസ്വപ്നം പോലെ ഭദ്രമായിരുന്നു.



മലയാളത്തിനെതിരെ 


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു.



 



Wednesday, January 20, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ/metrovartha Jan 18

 അക്ഷരജാലകംlink click

എം.കെ.ഹരികുമാർ

9995312097



വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ


പക്ഷികൾ തൂവലുകൾ പൊഴിക്കാറുണ്ട്. എന്നാൽ മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ ഈ തൂവൽ പൊഴിക്കൽ  ദൗർഭാഗ്യകരമാണ്; ചീത്ത കാലത്തിൻ്റേതാണ്. ഒന്നുകിൽ  ഈ നഷ്ടങ്ങളുടെ കാലത്ത് ഒരാൾക്ക് അങ്ങനെ തന്നെ കഴിയാം; അല്ലെങ്കിൽ നവപരിവേഷത്തോടെ പുറത്തുവരാം. പക്ഷേ, അതൊരിക്കലും രസകരമായിരിക്കില്ല. അങ്ങേയറ്റം ഭീതിജനകമായിരിക്കുമത് " - പ്രമുഖ ഡച്ച് ചിത്രകാരൻ വിൻസൻ്റ് വാൻഗോഗ് (1853-1890) പറഞ്ഞു.


തന്നെ വന്നുമൂടുന്ന പ്രതിസന്ധികളുടെയും തകർച്ചകളുടെയും ദാരിദ്ര്യത്തിൻ്റെയും ഓർമ്മകളുണർത്തുകയായിരുന്നു വാൻഗോഗ് .നിരാശയിൽ നിന്ന് രക്ഷപ്പെടാനാവാത്തപ്പോൾ ഒരു ചിത്രകാരൻ എന്താണ് ചെയ്യുക? വര ഉപേക്ഷിക്കുമോ? ഇവിടെ വാൻഗോഗ്  ഒരു സിദ്ധാന്തം കണ്ടുപിടിച്ചു.വിഷാദത്തെ പ്രവർത്തനക്ഷമമാക്കുക.വിഷാദത്തെ  സ്നേഹിക്കയാണ് വേണ്ടത്. വിഷാദത്തിൽ നിന്ന് എങ്ങനെ ജൈവോർജം നേടാമെന്നാണ് ചിന്ത.വിഷാദത്തെ അംഗീകരിച്ചു കൊണ്ടു തന്നെ അതിനെ  ഇന്ധനമാക്കി മാറ്റി പരിവർത്തനോന്മുഖമാക്കുക.


 "നിരാശയിൽ അകപ്പെടുമ്പോൾ അതിൽനിന്നും രക്ഷനേടാൻ വിഷാദത്തെ തന്നെ കർമ്മപദ്ധതിയാക്കുകയാണ് എൻ്റെ രീതി.നിരാശനായവന് പ്രതീക്ഷകളും ആഗ്രഹങ്ങളും അന്വേഷണങ്ങളും തരുന്ന വിഷാദാത്മകത്വമാണത്" - വാൻഗോഗ് എഴുതി. ഈ കാഴ്ചപ്പാട് വാൻഗോഗിൻ്റെ ചില ചിത്രങ്ങളുടെ നിർമ്മാണ രഹസ്യത്തിലേക്ക് വഴിതെളിക്കുന്നതാണ്. സുഹൃത്ത് പോൾ ഗോഗിനുമായുണ്ടായ രൂക്ഷമായ വാക്കേറ്റത്തെ തുടർന്ന് പാരീസിനടുത്തുള്ള ആൾസിലെ  'മഞ്ഞവീട്ടി,ൽവച്ച് മാനസിക പിരിമുറുക്കത്തിൽ വാൻഗോഗ് സ്വന്തം ചെവി മുറിച്ചെടുത്തു (1888 ഡിസംബർ 23)എന്നാണ് കലാചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്. പോൾ ഗോഗിൻ വാളെടുത്ത് വീശിയപ്പോൾ ചെവിയറ്റു പോയതാണെന്നും മറ്റൊരു പക്ഷമുണ്ട്.   ആ സംഭവത്തിനുശേഷം വാൻഗോഗ് ആശുപത്രിയിലായി. ചികിത്സയും ഏകാന്തതയും കഷ്ടപ്പാടും അന്ത:സംഘർഷവും തുടർന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം മാനസികാഘാതത്തിൽ നിന്ന് രക്ഷനേടാനായി തെക്കൻ ഫ്രാൻസിലെ കമ്മ്യൂൺ (ടൗൺഷിപ്പ്)സെയിൻ്റ് ദി പ്രോവിൻസിലെ അഭയസങ്കേതത്തിൽ അഡ്മിറ്റാകുന്നു. താഴത്തെ നിലയിൽ പ്രകൃതിഭംഗി ആസ്വദിക്കാനും വരയ്ക്കാനും ഒരു സ്റ്റുഡിയോ സജ്ജീകരിച്ചു നല്കിയിരുന്നു.  അവിടെവച്ചാണ് പ്രസിദ്ധമായ ' ദ് സ്റ്റാറി നൈറ്റ്' (നക്ഷത്രരാത്രി 1889) വരയ്ക്കുന്നത്. 


വിസ്മയസ്വപ്നങ്ങൾ


ഈ ചിത്രത്തിൽ കറുപ്പ് വീണ്ടും പ്രാധാന്യം നേടുകയാണ്.ആദ്യകാലത്ത് വാൻഗോഗിന് കറുപ്പിനോട് പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്നു .പിന്നീടാണ് തെളിച്ചമുള്ള പകലുകളും താഴ്വരകളും ചിത്രങ്ങളിൽ ആധിപത്യം  നേടുന്നത്.മാനസികസമ്മർദ്ദവും മരണത്തോടുള്ള ആഭിമുഖ്യവും ഭയവും വിസ്മയസ്വപ്നങ്ങളും തീവ്രവൈകാരികതയും ഈ ചിത്രത്തിൽ തെളിയുന്നുണ്ട്. ജീവിതത്തിൽ പരാജയപ്പെട്ടവരെയും തകർന്നവരെയും ആശ്വസിപ്പിക്കാനാണ് താൻ വരയ്ക്കുന്നതെന്നുള്ള വാൻഗോഗിൻ്റെ പ്രസ്താവന സ്വന്തം ജീവിതാനുഭവത്തോടുള്ള പ്രീതിയിൽനിന്നും ജനിച്ചതാണ്. ഇന്ന് ഏതൊരു കലാകാരനും സ്വീകരിക്കാവുന്ന ഒരു തത്ത്വമാണിത്. വാൻഗോഗിൻ്റെ പ്രസക്തി ഇതാണ്. പതിതനായ തന്നെ സ്നേഹിക്കുന്നവർക്കെല്ലാം താൻ വർണ്ണങ്ങൾകൊണ്ട് സംപ്രീതി നല്കുമെന്നാണ് ആ തത്ത്വത്തിൻ്റെ  അടിയിലുള്ള സാരം.


"എനിക്കിപ്പോൾ നക്ഷത്രങ്ങളുള്ള  ആകാശത്തെ വരയ്ക്കാനാണ് താല്പര്യം. പകലിനേക്കാൾ രാത്രി വർണാഭമാണ്. വയലറ്റും നീലയും പച്ചയുമാണ് അവിടെ പ്രഭ ചൊരിയുന്നത്. ശരിക്ക് നോക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും ,ചില നക്ഷത്രങ്ങൾ പ്രത്യേകതരം പച്ചയാണ്, നീലയാണ് ,പിങ്കാണ് ,ബ്രൗണാണ്. അത് നമ്മോട് എന്തോ പറയുന്നുണ്ട് " -ആ കാലത്തെ സവിശേഷ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.


'ദ് സ്റ്റാറി നൈറ്റ്' ഇപ്പോൾ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. സെയിൻ്റ് പ്രോവിൻസിലെ അഭയസങ്കേതത്തിൽ കഴിഞ്ഞപ്പോൾ ,വാൻഗോഗ് മുറിയുടെ  ജനാലയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ട ദൃശ്യമാണ് 'നക്ഷത്രരാത്രി'. ഇക്കാര്യം  സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ജനാല ദൃശ്യത്തിൻ്റെ തനിപ്പകർപ്പല്ല അദ്ദേഹം വരച്ചത്.ചിത്രത്തിൻ്റെ താഴെ ഭാഗത്തുള്ള പട്ടണപ്രദേശം  സാങ്കല്പികമായി വരച്ചു ചേർത്തതാണ്. ജനാലയ്ക്കൽ നിന്നു നോക്കിയാൽ ആകാശഭാഗം മാത്രമേ കാണാനൊക്കൂ.   ആൽപിൻ മലനിരകൾ, ഉയർന്നു നില്ക്കുന്ന സൈപ്രസ് വൃക്ഷങ്ങൾ ,  വലിയ ഒരു പ്രഭാതനക്ഷത്രം (ശുക്രൻ) ,തിളങ്ങുന്ന ചന്ദ്രക്കല, മറ്റു നക്ഷത്രങ്ങൾ ,മേഘപാളികൾ, ഗോതമ്പുപാടം എന്നീ ഘടകങ്ങൾ  ചേർന്നതാണ് വാൻഗോഗിൻ്റെ 'നക്ഷത്രരാത്രി '.ഇത് സൂര്യോദയത്തിന് വളരെ മുമ്പുള്ള ദൃശ്യമാണ് .


വിഷാദത്തിൽ നിന്ന് വീര്യം 


ചിത്രത്തിൽ കറുത്ത നിറത്തിൽ  ഉയർന്നു നില്ക്കുന്ന സൈപ്രസ് മരങ്ങൾ വിഷാദാത്മകത്വത്തെ പരിവർത്തനത്തിനുള്ള ഉപാധിയാക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ്.വാൻഗോഗിൻ്റെ ആത്മീയസംവേദനമാണ്. വേറെ പല ചിത്രങ്ങളിലും അദ്ദേഹം സൈപ്രസ് മരങ്ങൾ വരച്ചിട്ടുണ്ട്. ആത്മ പ്രതിഛായയാണത്. മനസ്സിനെ ജ്വലിപ്പിക്കുന്നതും വിഭ്രമിപ്പിക്കുന്നതുമാണ് ആ രചന. അതേപോലെ സ്വപ്നാത്മകവും അതീതവുമാണ്. സഹജീവിസ്നേഹത്താൽ ത്രസിപ്പിക്കുന്നതും ചലനാത്മകവുമാണ്; വിഷാദത്തിൽ നിന്ന് ആനന്ദത്തിലേക്ക് സംക്രമിക്കുന്ന ആകാശമാണത്. ആകാശത്തിലെ അപാരമായ  ജീവിതനാടകം വാൻഗോഗ് പക്ഷേ ,ഹൃദയത്തിൽ നിന്നാണ് പകർത്തിയത്.പ്രക്ഷുബ്ധമായ വായുവിൻ്റെ സമ്മർദ്ദത്തിൽ കഴിയുന്ന  മേഘങ്ങൾ നക്ഷത്രങ്ങളിലേക്ക് ആയുന്നുണ്ടെങ്കിലും, അത് പ്രകാശത്തെ നശിപ്പിക്കുന്നില്ല. അവിടെ  നക്ഷത്രങ്ങൾ ലൗകികമായ ജ്വരത്തിൽ സാഹോദര്യം വീണ്ടെടുത്തിരിക്കയാണ്. അവ ഭൂമിയുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയാണ് .പർവ്വതനിരകളും  മേഘപാളികളും ഒരു ലയത്തെ അനുഭവിപ്പിക്കുകയാണ്. അതൊരു അഭൗമരാഗമാണ് .  നക്ഷത്രങ്ങളാകട്ടെ ഭൂമിയിലെ പതിതരെ അലിവോടെ നോക്കുകയാണ് .മനോസ്ഥൈര്യം മനുഷ്യർക്കു മാത്രമല്ല നക്ഷത്രങ്ങൾക്കും നഷ്ടപ്പെടാം, സാർത്ഥകമായ ഒരു രമ്യതയ്ക്കായി  ഉഴറുമ്പോൾ.


നക്ഷത്രങ്ങൾ ഭൂമിയിലെ ഇരുട്ടിൽ ദിക്കറിയാതെ ചുറ്റിത്തിരിയുന്നവരെയും ആലംബമറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരെയും സഹായിക്കുവാൻ ,അവർക്ക് വെളിച്ചം എത്തിച്ചുകൊടുക്കാൻ പാടുപെടുകയാണ്. ഭൂമിയിലെ തീവ്രദുഃഖവും അതിൻ്റെ ആകുലതകളും എത്ര ഭീഷണമാണെന്ന് സൈപ്രസ് മരങ്ങൾ സൂചന തരുന്നുണ്ട്. എന്നാൽ പട്ടണപ്രദേശത്തുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. അവരുടെ  ഭവനങ്ങൾ നിഷ്കളങ്കമായി ഉറങ്ങുകയാണ്; ദൂരെ നിന്നുള്ള സ്നേഹപ്രകാശങ്ങൾ തങ്ങളെ രക്ഷിക്കുമെന്ന പ്രാർത്ഥനയോടെ.


വാൻഗോഗിനെ ഒരു ക്രിസ്ത്യൻ പുരോഹിതനാക്കണമെന്നായിരുന്നു പിതാവിൻ്റെ ആഗ്രഹം .മതപഠനത്തിന് പോയെങ്കിലും അദ്ദേഹം ഖനികളിലെ തൊഴിലാളികളുടെ ജീവിതം കണ്ടു ,സഹതാപം തോന്നി അതിൽ നിന്ന് പിന്തിരിഞ്ഞു .പിന്നീട് പാരീസിലേക്ക് താമസം മാറ്റി. അവിടെ വച്ചാണ് പോൾ ഗോഗിൻ  ഉൾപ്പെടെയുള്ള വലിയ കലാകാരന്മാരെ പരിചയപ്പെടുന്നത്. ജീവിതകാലം മുഴുവൻ വായനയും വരയുമായി കഴിഞ്ഞ വാൻഗോഗിനു ഒരേ ഒരു ചിത്രമൊഴികെ ( റെഡ് വിനായാർഡ് സ്‌ അറ്റ് ആൾസ് എന്ന ചിത്രം നാനൂറ് ഫ്രാങ്കിന് ബെൽജിയത്തിലേക്ക് വാങ്ങി ക്കൊണ്ടുപോയി )മറ്റൊന്നും ജീവിതകാലത്ത് വില്ക്കാനായില്ല. അദ്ദേഹം ജീവിതത്തിൻ്റെ  അവസാനകാലത്തെ രണ്ടുവർഷമാണ്  കൂടുതലും വരച്ചത്. അപ്പോൾ പാരീസിലായിരുന്നു താമസം. തൊള്ളായിരം പെയിൻറിംഗുകൾ ചെയ്തു .രേഖാചിത്രങ്ങളും സ്കെച്ചുകളുമുൾപ്പെടെ ആകെ രണ്ടായിരത്തോളം ചിത്രങ്ങൾ .ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്മാരിലൊരാളായ വാൻഗോഗ് മിസ്റ്റിക് അനുഭൂതി നിറഞ്ഞ പോസ്റ്റ് ഇംപ്രഷണിസ്റ്റ് ശൈലിയിലാണ് വരച്ചത്.


വാക്കുകൾ 


1)സ്കൂളിൽ നിന്നും ദേവാലയത്തിൽ നിന്നും പഠിച്ചതും പുസ്തകങ്ങളിൽ നിന്ന് കിട്ടിയതും പുന:പരിശോധിക്കുക .

വാൾട്ട് വിറ്റ്മാൻ ,

(അമെരിക്കൻ കവി)


2)ചിന്തോദ്ദീപകമായ ഈ കാലത്ത് ചിന്തോദ്ദീപകമായ ഒരു കാര്യമേയുള്ളൂ;  അത് നമ്മൾ ചിന്തിക്കുന്നില്ല എന്നുള്ളതാണ്.

ഹൈഡഗ്ഗർ,

(ജർമ്മൻ ചിന്തകൻ)


3)വസ്തുക്കൾക്കിടയിലെ അദൃശ്യമായ കണ്ണി കണ്ടുപിടിക്കുന്നതിനെ പ്രതിഭ എന്ന് വിളിക്കാം.

വ്ളാഡിമിർ നബോക്കോവ്,

(റഷ്യൻ-അമെരിക്കൻ എഴുത്തുകാരൻ )


4)ഊർജതന്ത്രം സെക്സ് പോലെയാണ് ; ചില പ്രായോഗിക ഫലങ്ങൾ തന്നേക്കാം. എന്നാൽ അതുകൊണ്ടൊന്നുമല്ല നമ്മൾ സെക്സിലേർപ്പെടുന്നത്.

റിച്ചാർഡ് പി.ഫെനിമാൻ

(അമെരിക്കൻ ഭൗതികശാസ്തജൻ)


5)കുടുംബജീവിതത്തിൽ സ്നേഹമാണ് എല്ലാ സംഘർഷങ്ങൾക്കും അയവു വരുത്തുന്ന എണ്ണ ;ഒന്നിച്ച് ഉറപ്പിച്ചു നിർത്തുന്ന സിമൻ്റാണത്. ഐക്യം കൊണ്ടുവരുന്ന സംഗീതവും അതാണ്.

ഇവാ ബറൗസ് ,

(മുൻ ഓസ്ട്രേലിയൻ സാൽവേഷൻ ആർമി ഓഫീസർ)


കാലമുദ്രകൾ


1)കാരയ്ക്കാമണ്ഡപം വിജയകുമാർ


രേഖാചിത്രകാരനും പെയിൻ്ററുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ പത്രാധിപർ എന്ന നിലയിലും ശ്രദ്ധേയനാവുകയാണ് . അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ  ചിത്രകലയ്ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ' പ്രഭാവം ' മാസിക (തിരുവനന്തപുരം ) അപ്രശസ്തരും പ്രഗത്ഭരുമായ ചിത്രകാരന്മാരെയും ശില്പികളെയും  അണിനിരത്തുകയാണ്.


2)ടി. കലാധരൻ 


കേരള കലാപീഠം എന്ന പേരിൽ ടി. കലാധരൻ സ്വന്തം വസതിയിൽ (കാരയ്ക്കാമുറി) നടത്തിയിരുന്ന ഗാലറിയും സംവാദവേദിയും  ദീർഘകാലം കൊച്ചിയിലെ കലാകാരന്മാരുടെയും  സാഹിത്യകാരന്മാരുടെയും സംഗമസ്ഥലമായിരുന്നു .അവിടെ ഒരു ബദാമിൻ്റെ ചുവട്ടിലായിരുന്നു സന്ധ്യാചർച്ചകൾ. പത്രപ്രവർത്തകൻ വി.വിജയറാം അതിന് കാട്ടുബദാം എന്ന പേരിട്ടു.


3)ഒ.വി.ഉഷ 


ഏതാനും മാസങ്ങൾക്കു മുമ്പ് ഒ.വി.ഉഷ ഒരഭിമുഖത്തിൽ പറഞ്ഞു: 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ ഞാറ്റുപുര എന്ന നിലയിൽ ഇപ്പോൾ പരിപാലിക്കുന്ന തസ്രാക്കിലെ വീടുമായി ഒ.വി.വിജയന് ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.


4)ബി .ആർ .പി .ഭാസ്കർ 


പ്രായോഗിക പത്രപ്രവർത്തനത്തിലും സൈദ്ധാന്തിക രംഗത്തും വിപുലമായ അറിവ് നേടിയ ബി .ആർ .പി ഭാസ്കർ സാംസ്കാരികചിന്തകനെന്ന നിലയിലും ശ്രദ്ധയാകർഷിച്ചു. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ 'ന്യൂസ് റൂം 'എന്ന പേരിൽ  പുസ്തകമായിരിക്കുന്നു.


5)കാനായി കുഞ്ഞിരാമൻ


താൻ കേരളീയ പൊതുസാംസ്കാരിക കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച മനോഹരമായ ശില്പങ്ങൾ ചില ശക്തികൾ വന്നു വികൃതമാക്കുന്നത് കാനായി കുഞ്ഞിരാമന് നേരിൽ കാണേണ്ടിവന്നു.


കവിതയിലെ ഇന്ദ്രിയം


എം .പി .പ്രതീഷ് സ്വന്തം കവിതയെ ജീവിതവുമായി ചേർത്തുവച്ച് എഴുതിയ ലേഖനം ( എഴുത്ത് ,ജനുവരി) വ്യത്യസ്തവും ആശയപരമായി ആഴമുള്ളതുമാണ്. അദ്ദേഹം എഴുതുന്നു: " ഇന്ദ്രിയങ്ങളായിരുന്നു എൻ്റെ ഭാഷ .ഇന്ദ്രിയങ്ങളായിരുന്നു ഞാൻ വായിച്ച പുസ്തകങ്ങൾ. ചില കാലങ്ങളിൽ സൂര്യനും ചില കാലങ്ങളിൽ ചന്ദ്രനും മറുകാലങ്ങളിലെല്ലാം ഇരുളും എനിക്ക് മാർഗ്ഗം കാണിച്ചു " .


പ്രതീഷിൻ്റെ 'ഈർപ്പം ' എന്ന കവിതയിലെ ചില വരികൾ:

"പുറത്തുകടക്കാൻ പഴുതുകളില്ലാതെ വെള്ളത്തിൻ്റെ

മേൽത്തട്ടിൽ വന്നു മടങ്ങിപ്പോകുന്ന മീനുകളെപ്പോലെ 

ചില്ലിമേൽ വന്നു തട്ടി 

തിരിച്ചുപോവുന്ന ഈർപ്പം " .


മലയാളത്തിനെതിരെ 


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു.


Wednesday, January 13, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / ലാറ്റിനമേരിക്കൻ പ്രഹേളിക/metrovartha Jan 11, 2021

Aksharajalakam link

എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com

ഒരു ലാറ്റിനമേരിക്കൻ പ്രഹേളിക

മലയാളകഥ നമ്മുടെ രാഷ്ട്രീയ സാമൂഹ്യവീക്ഷണങ്ങളുടെ ഭാഗമാണ്. കാരൂർ ,എസ്.കെ. പൊറ്റക്കാട്, ഉറൂബ്  തുടങ്ങിയവരുടെ കഥകൾ ഇരുപതാം നൂറ്റാണ്ടിലെ മധ്യകാല സമൂഹത്തെയാണ് അവതരിപ്പിക്കുന്നത്. ധാർമ്മികമായ പ്രശ്നങ്ങളുടെ  ഇടയിൽ ഒരു കണ്ണിയായി കഥാകൃത്ത് പ്രവർത്തിക്കുന്നു. ഈ  കഥാകൃത്തുക്കൾ മലയാളി ജീവിതത്തിൻ്റെ വരുംവരായ്കകളുടെ ചതുരംഗപലകയിലാണ് തങ്ങളുടെ പ്രമേയവിശകലനം നടത്തിയത്. ഒറ്റപ്പെട്ടവൻ ആദർശവത്ക്കരിക്കപ്പെടുകയും അവൻ്റെ സങ്കല്പങ്ങൾ സാമൂഹികമായി പരിഹരിക്കപ്പെടേണ്ടതാണെന്ന ചിന്ത ബാക്കിവയ്ക്കുകയും ചെയ്തു. അതിനർത്ഥം വേറൊരു ആലോചന യിലൂടെ വായനക്കാർക്ക് അതിൻ്റെ പരിണാമം പ്രാവർത്തികമാക്കാനാവും  എന്നാണ്.  ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ചുകൊണ്ട് ഉയർന്ന വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പാതി പിന്നിട്ട അവസരത്തിൽ നടപ്പിലാക്കി കാണിച്ച വിശാല മനോഭാവവും വ്യക്തിഗത രാഷ്ട്രീയവീക്ഷണവും ഇതിൻ്റെ  ഭാഗമായി കാണണം. ദാരിദ്ര്യം, സ്ത്രീപുരുഷ സമത്വം ,കാല്പനികമായ വിഷാദം ,ആദർശാത്മകതയ്ക്ക് ഉണ്ടായ തിരിച്ചടികൾ , മാനവജാതിയുടെ അധീശത്വം, എവിടെയും ശാസ്ത്രവും യുക്തിയുമാണ് വിജയിക്കുന്നതെന്ന സമീപനം തുടങ്ങിയവയെല്ലാം ആ കഥകളിൽ സ്വാധീനം ചെലുത്തി.

അതേസമയം കഥയെ ജീവിതത്തിലേക്കുള്ള നോട്ടം എന്ന നിലയിൽ അനുഭവിക്കാൻ മലയാളകഥയിൽ കാര്യമായ ശ്രമങ്ങളില്ല. മിക്ക കഥാകാരന്മാർക്കും തത്ത്വചിന്തയില്ല. ആധുനികതയുടെ ഏറ്റവും വലിയ സവിശേഷത ,അത് ജീവിതത്തെ തത്ത്വചിന്താപരമായി കണ്ടു എന്നുള്ളതാണ്. അതായത്,  അനുഭവിക്കുന്നതിൽ നിന്ന് ദാർശനികമായ അർഥത്തെ  നിർമ്മിക്കുകയാണ് ചെയ്തത്. ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന വിചാരങ്ങൾ, വികാരങ്ങൾ പെട്ടെന്ന് വെളിപാടായി മാറുകയാണ് . സത്യത്തെയും സൗന്ദര്യത്തെയും ഉല്പാദിപ്പിക്കുന്ന ഒരു ജൈവയന്ത്രമായി എഴുത്തുകാരൻ്റെ മനസ്സു മാറുന്നതാണ് നാം കണ്ടത് .സവിശേഷമായ മനസ്സ് ഇതിനാവശ്യമാണ് .എഴുതാനുള്ള ശക്തിയോ കഴിവോ മാത്രം പോര, ഒരു ആധുനിക കഥ രചിക്കാൻ.

ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ലൂയി ബോർഹസിൻ്റെ (അർജൻറീന) കഥകൾ ഇന്ന് ആവിഷ്കാരത്തിൻ്റെ  പ്രഹേളികകളായി നില്ക്കുകയാണ്.'ദ് ലൈബ്രറി ഓഫ് ബാബേൽ' ലോകകഥ യിൽ ഒരു ബാലികേറാമലയായി നില്ക്കുന്നു. ഒരു ഭാവനയ്ക്കകത്ത് രൂപപ്പെടുന്ന അനേകം ഭാവനകളുടെ കഥയാണിത്. ലോകത്തെ ഒരു ലൈബ്രറിയായി ദൃശ്യവത്ക്കരിക്കുന്ന കഥയിലെ ലൈബ്രേറിയൻ നാമോരോരുത്തരുമാണ്. കഥ എന്ന മാധ്യമത്തിൻ്റെ പരിമിതമായ ലോകമല്ലിത്.കഥയിലേക്ക് പ്രവേശിക്കുന്ന വായനക്കാരൻ  വനത്തിനുള്ളിൽ നിന്ന് പുറത്തു കടക്കാനുള്ള വഴിയറിയാതെ ഉഴറുന്ന വനെ പോലെ പരിഭ്രമിക്കും. എങ്ങനെ കഥയിൽ നിന്ന് രക്ഷപ്പെടണമെന്ന് ചിന്തിക്കും. ഇത് ബോർഹസിൻ്റെയുള്ളിലെ(1899-1986) സമസ്യകളുടെ കുത്തൊഴുക്കാണ്‌.

സ്വപ്നാത്മകം ജീവിതം

മലയാളകഥയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടാറുള്ള കാൽപ്പനിക മധുമാസവിഷാദമോ പ്രണയക്കല്യാണമോ ബോർഹസിൻ്റെ രചനകളിൽ അന്വേഷിച്ചിട്ട് കാര്യമില്ല. അദ്ദേഹം കഥയ്ക്കുള്ളിൽ സാങ്കല്പിക നോവലുകൾ സൃഷ്ടിക്കാറുണ്ട്. 'പിയറി മെനാർദ് ,ഓഥർ ഓഫ് ദ് ക്വിക്സോട്ട് ' എന്ന കഥ ഓർമ്മവരുന്നു .ഒരു  പുസ്തകനിരൂപണത്തിൻ്റെ രൂപത്തിലാണ് ഈ കഥ എഴുതിയിരിക്കുന്നത്. പിയറി മെനാർദ് എന്ന എഴുത്തുകാരൻ സാങ്കൽപ്പികമാണ് . അദ്ദേഹം എഴുതിയ അപൂർണ്ണമായ 'ക്വിക്സോട്ട് ' എന്ന നോവലിൻ്റെ റിവ്യു ആണ് ബോർഹസിൻ്റെ കഥ. ക്വിക്സോട്ട് ഓർമ്മിപ്പിക്കുന്നത് സ്പാനീഷ് എഴുത്തുകാരൻ സെർവാന്തസിൻ്റെ 'ഡോൺ ക്വിക്സോട്ട് ' എന്ന നോവലിനെയാണ്. ബോർഹസിൻ്റെ ഈ കഥ റിവ്യൂ ആണെന്ന് പറഞ്ഞല്ലോ. ആ റിവ്യു എഴുതുന്നത് സിൽവിനാ ഒകാംപോയ്ക്ക് എന്ന വ്യക്തിയാണ്.ഒരു കഥ പറയാൻ സെർവാന്തസ് ,പിയറി മെനാർദ് ,സിൽവിനാ എന്നീ എഴുത്തുകാരെ ഉപയോഗിക്കുകയാണ് ബോർഹസ്‌.

'സർക്കിൾ റൂയിൻസ്'(വൃത്തത്തിനുള്ളിലെ അവശിഷ്ടങ്ങൾ )എന്ന കഥയാകട്ടെ അപാരമായ ഒരു സ്വപ്നത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുകയാണ്. വൈദികകാലത്തെ അന്തരീക്ഷമാണ് ഈ കഥ ഓർമ്മിപ്പിക്കുന്നത്. ഒരാൾ ഏതോ പൗരാണികമായ ആരാധനാലയത്തിൻ്റെ  വൃത്താകൃതിയിലുള്ള പ്രദേശത്ത് വന്നെത്തുകയാണ്. ആ ആരാധനാലയത്തിൻ്റെ  അവശിഷ്ടങ്ങൾ മാത്രമേ അവിടെയുള്ളൂ.മുറിവേറ്റു  മയങ്ങിപ്പോയ അയാൾ വിചിത്രമായ സ്വപ്നങ്ങൾ കാണുകയാണ്. തൻ്റെ ചുറ്റിനും  കുറേപേർ വന്നെത്തിയതായി അയാൾ കാണുന്നു. അവർ വിദ്യാർഥികളാണ്.  അവരുമായി അയാൾ സംവദിക്കുന്നു .

സ്വപ്നത്തിനകത്തു തന്നെ അയാൾ ഉണരുകയും വീണ്ടും ഉറങ്ങുകയും ചെയ്യുന്നു. അതിനിടയിൽ  സ്വപ്നങ്ങളുടെ കാലം നീണ്ടു പോകുന്നു .അയാൾ ഒരു ഹൃദയത്തെ സ്വപ്നം കണ്ടു. പതിനാല് ദിവസങ്ങൾ തുടർച്ചയായി ആ ഹൃദയത്തെ അയാൾ കണ്ടു .ആ ഹൃദയം സ്വന്തം ജീവിതം  തന്നെയാണെന്ന് അയാൾക്ക് തോന്നി. അയാൾക്ക് അതിനോട് അപൂർവ്വമായ പ്രണയമുണ്ടാകുന്നു .അയാൾ ദൈവികമായ , അനുഷ്ഠാനപരമായ ചര്യകൾ മനസ്സിൽ ആവാഹിച്ച് ആ ഹൃദയത്തിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നു. അത് അയാളുടെ തന്നെ പ്രതിരൂപമാകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട് .എന്നാൽ അതൊരു ജീവനില്ലാത്ത രൂപമായി അവശേഷിക്കുകയായിരുന്നു. വീണ്ടും പ്രാർത്ഥനയിലൂടെ ആ രൂപത്തെ ജീവനുള്ളതാക്കുന്നു. അത് നിയതമായ മനുഷ്യരൂപത്തിനു പകരം യഥേഷ്ടം കാളയോ പൂവോ ആകാൻ കഴിയുന്ന  അഗ്നിയായ് മാറുന്നു.  അഗ്നി അയാളെ  സമാധാനിപ്പിക്കുന്നു. നേരത്തെ അയാൾ സ്വപ്നം കണ്ട മനുഷ്യരൂപത്തെ അതേ നിലയിൽ ജീവനുള്ളതാക്കാമെന്ന് അഗ്നി അയാൾക്ക് ഉറപ്പു കൊടുക്കുന്നു. അങ്ങനെ ആ പ്രതിമ മനുഷ്യരൂപത്തിൽ ഉണരുകയാണ്. അവനെ അയാൾ വിദൂരമായ ഒരു ദേവാലയ പ്രദേശത്തേക്ക് അയയ്ക്കുന്നു. സ്വപ്നം കണ്ട മനുഷ്യനും സ്വപ്നത്തിൽ നിന്നുണ്ടായ മനുഷ്യനുമാണ് കഥയിലുള്ളത്.ഇവിടെ  യാഥാർത്ഥ്യത്തെ കഥാകൃത്ത് മറ്റൊരു  രീതിയിൽ വീക്ഷിക്കുകയാണ്. യാഥാർത്ഥ്യം പലർക്കും പലതാണ്.

ചിന്താസന്താനം

അയഥാർത്ഥമായതൊന്നും തന്നെയില്ല. നമ്മൾ മറ്റൊരാളിൻ്റെ സ്വപ്നമാണെന്ന് ചിന്തിക്കാമല്ലോ. നമ്മൾ ദൈവത്തിൻ്റെ  ഭാവനയാണോ?ആരുടെയോ ഭാവനയ്ക്കൊത്ത് മനുഷ്യനും മറ്റു ജീവികളും മാറുന്നു. മനസ്സ് മാറുന്നു. അല്ലെങ്കിൽ അന്യഗ്രഹജീവികൾ നമ്മുടെ മനസ്സുകളെ ചതുരംഗത്തിലെ കരുക്കൾ എന്നപോലെ മാറ്റിക്കളിക്കുകയല്ലെന്ന് എങ്ങനെ പറയാനാവും ?

ബോർഹസ് ഇന്ത്യൻ തത്ത്വശാസ്ത്രങ്ങളും പുരാതന പാഠങ്ങളും ഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് .അദ്ദേഹത്തിന് വിശ്വസനീയമായ മതം ഹിന്ദുമതമാണെന്ന് ഒരു കഥയിൽ പറഞ്ഞിട്ടുണ്ട്. ബൃഹദാരണ്യകോപനിഷത്തിൽ യജ്ഞം ചെയ്തു ഏതു ചിന്തയെയും മനുഷ്യരൂപത്തിൽ സംഭവിപ്പിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. ആ സിദ്ധി നേടുന്ന ഒരാൾക്ക് സ്വന്തം ചിന്തയെ സന്താനമായി പരിവർത്തിപ്പിക്കാനാവും. അതല്ലേ ബോർഹസ് ഈ കഥയിൽ ചെയ്യുന്നത് ?വാസ്തവവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയല്ലേ ചെയ്യുന്നത്? ജീവിതത്തിൽ അതുണ്ടല്ലോ. ജീവിക്കുമ്പോൾ വാസ്തവങ്ങളുണ്ട്. എന്നാൽ മരിക്കുമ്പോൾ അതെല്ലാം മിഥ്യയായി മാറ്റപ്പെടുന്നു.

ശരീരത്തിൽ ജീവിക്കുന്നു.

തൻ്റെ ജീവിതാവബോധത്തെക്കുറിച്ച്   ഒരിക്കൽ ബോർഹസ് ഇങ്ങനെ പറഞ്ഞു: " മരണാനന്തര ജീവിതത്തിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എൻ്റെ  ഉത്തരം ഇതാണ് :എല്ലാം സാധ്യമാണ്. എല്ലാം സത്യമാണെങ്കിൽ  സ്വർഗ്ഗവും നരകവും മാലാഖമാരും ഉണ്ടാകാം .ഞാനെൻ്റ  ശരീരത്തിനുള്ളിൽ ജീവിക്കുന്നു എന്ന് പറയുന്നത് വിചിത്രമായി തോന്നുകയാണ് .എൻ്റെ  കണ്ണുകളിലൂടെ ആയിരിക്കണമല്ലോ നിങ്ങളെ കാണുന്നത്? വായും നാക്കും ഉപയോഗിച്ചാണ് സംസാരിക്കുന്നത്. ഇതൊക്കെ സാധ്യമാണെങ്കിൽ ഇതിനേക്കാൾ അത്ഭുതകരമായത് സാധ്യമാകില്ലേ ? ഞാൻ തന്നെ അനശ്വരനായ ഒരു ദൈവമായിരിക്കില്ലേ ?

കാലമുദ്രകൾ

1)കെ.പി.ബാലചന്ദ്രൻ

വിദ്വാൻ കെ.പ്രകാശത്തിൻ്റെ മകനായ കെ .പി .ബാലചന്ദ്രൻ ധാരാളം പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഷെർലക് ഹോംസ്  സമ്പൂർണ്ണകൃതികളാണ് ഒടുവിൽ ചെയ്തത്. സാഹിത്യപത്രപ്രവർത്തകർ  ഇനിയും ശ്രദ്ധിക്കാത്ത ഒരു പേരാണ്  കെ. പി. ബാലചന്ദ്രൻ എന്ന് തോന്നുന്നു.

2)നീലമ്പേരൂർ മധുസൂദനൻനായർ

നീലമ്പേരൂർ സ്വന്തം കവിതയ്ക്ക് വേണ്ടി അനുചരവൃന്ദത്തെയോ ശിഷ്യഗണത്തെയോ സൃഷ്ടിച്ചില്ല. രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അദ്ദേഹം യഥാർത്ഥ മനുഷ്യസ്നേഹിയും സഹൃദയനുമായിരുന്നു. നിലംപേരൂർ നമ്മുടെ വാങ്മയതാഴ്വരകളിൽ ഒരു സൗമ്യഹരിത സാന്നിദ്ധാമായിരുന്നു.

3)നിഖിൽ മാത്യു

ലാൽ ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മിൽ' എന്ന സിനിമ മൃദുലമായി വന്ന് ആഴത്തിൽ സ്പർശിക്കുന്ന ഒരു വേദനയായി അനുഭവപ്പെട്ടു. ഈ ചിത്രത്തിൽ നിഖിൽ മാത്യു പാടിയ 'അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി'  എന്ന ഗാനം (സംഗീതം: ഔസേപ്പച്ചൻ, ഗാനരചന :വയലാർ ശരത്ചന്ദ്രവർമ്മ ) ഏകാന്തതയുടെ ഉള്ളിലെ വിഷാദത്തിൻ്റെ ഉഷ്ണപ്രവാഹം പോലെ തീവ്രമായിരുന്നു.

4) രാജേന്ദ്രൻ എടത്തുംകര

കിളിമഞ്ജാരോ ബുക്സ്റ്റാൾ ,ഞാനും ബുദ്ധനും എന്നീ നോവലുകളിലൂടെയും  സാഹിത്യവിമർശന ലേഖനങ്ങളിലൂടെയും സൂക്ഷ്മമായ സംവേനങ്ങൾക്കായി പരിശ്രമിക്കുന്ന എഴുത്തുകാരനാണ് രാജേന്ദ്രൻ എടത്തുംകര

5)അനിൽ പനച്ചൂരാൻ

മലയാള കവിതയിലെ ക്ളിക്കുകളിൽ ചേരാതെ ,ലാൽ ജോസിനെ അനിൽ പനച്ചൂരാൻ കവിത ചൊല്ലിക്കേൾപ്പിച്ചതുകൊണ്ട് അദ്ദേഹം സിനിമാഗാനത്തിലൂടെ പ്രശസ്തനായി. 'ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പുമരം' എന്ന കവിതയും ആലാപനവും നല്കുന്ന വീര്യം ഇവിടെ  വേറൊരു വിപ്ളവ കവിക്കും നല്കാനായില്ല.

വാക്കുകൾ

1)അവനവനോട് സത്യസന്ധത കാണിക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം .അത് നമ്മെ സന്തോഷമുള്ളവരാക്കുന്നു.
ലേറ്റിഷ്യ കാസ്ത
(ഫ്രഞ്ച് നടി)

2) നിങ്ങൾ ഒരുപാട് കരഞ്ഞാൽ ഒരു കാര്യം ബോധ്യമാകും-ശ്വാസം കിട്ടാൻ പ്രയാസപ്പെടും.

ഡേവിസ് ലേവിതാൻ,
(അമെരിക്കൻ എഴുത്തുകാരൻ )

3) നമ്മൾ നമ്മുടെ തന്നെ ഓർമ്മകളുടെ കഷണങ്ങളാണ്.
കസ്സൻദ്ര ക്ളെയർ ,
(അമെരിക്കൻ എഴുത്തുകാരി )

4)ഞാൻ യക്ഷിക്കഥകളിലും പുരാണങ്ങളിലും വ്യാളികളിലും  വിശ്വസിക്കുന്നു .അതെല്ലാം നിലനില്ക്കുന്നു ,നിങ്ങളുടെ മനസ്സിലാണെങ്കിൽ പോലും.

ജോൺ ലെനൻ,
(ഇംഗ്ളീഷ്  സംഗീതജ്ഞൻ)

5)യാഥാർത്ഥ്യങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നില്ല. അതുകൊണ്ട് എനിക്ക് ലഹരി വേണം, അത്യാനന്ദം വേണം ;സാധാരണ ജീവിതം എന്നെ കശക്കുമ്പോൾ ഞാൻ മറ്റാരിടത്തേക്ക് മാറി സുരക്ഷിതമാവുന്നു.

അനൈസ് നിൻ ,
ഫ്രഞ്ച് - ക്യൂബൻ - അമെരിക്കൻ നോവലിസ്റ്റ്

കവിതയുടെ ഛായകൾ

രാധാകൃഷ്ണൻ എടച്ചേരി എഴുതിയ 'രാമകൃഷ്ണൻ ' ( എഴുത്ത് ,ഡിസംബർ ) കൂർത്ത മുനയുള്ള  ചൂണ്ടയിൽ എന്നപോലെ അനുഭവങ്ങൾ കോർത്തെടുക്കുകയാണ്.

"രാമകൃഷ്ണൻ പോൾവാൾട്ടിൽ
നൃത്തം ചെയ്യുന്നത് കാണേണ്ടതാണ് കുത്തി നിവർന്ന് വളഞ്ഞ് ആകാശം തൊട്ടു താഴോട്ട് പറന്നു താഴുന്നത് വിസ്മയകരം
ഓരോ പറക്കലിലും ആസ്മ കൊണ്ടുപോയ അപ്പനും
വെയിലിൽ പാട്ടുപാടുന്ന അമ്മയും
ഒറ്റയുടുപ്പിൽ ഉസ്കൂൾ കേറുന്ന
പെങ്ങളും ഒപ്പമുണ്ടാകും ".

ജിനേഷ് കുമാർ എരമം എഴുതിയ തക്കം ( ഗ്രന്ഥാലോകം , ഒക്ടോബർ ) എന്ന കവിതയിൽ കൊറോണയുടെ  ഭയപ്പെടുത്തുന്ന  അവസ്ഥയെ ഇങ്ങനെ വിവരിക്കുന്നു:
" ഖജനാവ് ചിതലരിക്കുന്നു
ആചാരമൊക്കെയും ചാരമാക്കി
നടവാതിൽ കൊട്ടിയടച്ച് ഏകാന്തവാസം വരിച്ച
ദൈവം ആതുരാലയം
തേടിയോടുന്നു " .

നൈരന്തര്യമോ ?

ഏഴാച്ചേരി രാമചന്ദ്രനെക്കുറിച്ച് എ .ജി .ഒലീന എഴുതിയ ലേഖനത്തിൻ്റെ  പേര് 'നൈരന്തര്യത്തിൻ്റെ കവി' (ഗ്രന്ഥാലോകം ,നവംബർ)എന്നാണ്. സ്വകീയമായ കാവ്യവഴിയിലൂടെ, പരിണാമത്തിനു വിധേയമായി ഒഴുകുകയാണ് ഏഴാച്ചേരിയുടെ കവിത എന്ന് ലേഖിക പറയുന്നു. എന്താണ് നൈരന്തര്യം എന്ന് വിശദീകരിക്കുന്നില്ല.എന്നാൽ  സ്വകീയമായ വഴി ഏഴാച്ചേരിക്കില്ല. കടമ്മനിട്ടക്ക് അതുണ്ടായിരുന്നു, എ.അയ്യപ്പന് ഉണ്ടായിരുന്നു. മറ്റൊരു വാദം, ഏഴാച്ചേരിയുടെ കവിത മാർക്സിയൻ  സൗന്ദര്യശാസ്ത്രത്തിൽ അധിഷ്ഠിതമാണ് എന്നാണ്. ഒരു കവി മാർക്സിയൻ സൗന്ദര്യശാസ്ത്രമനുസരിച്ച് കവിത എഴുതുന്നു എന്നു പറയുന്നത് കവിയുടെ പരിമിതിയെയാണ് കാണിക്കുന്നത്‌.  കാരണം , കവി സ്വതന്ത്രനാകണമല്ലോ. മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിൽ എവിടെയാണ് കവിത ? അതിൽ പ്രകൃതി ഇല്ലല്ലോ. കവിതയുടെ സ്വഭാവത്തിന് തന്നെ എതിരാണ് പ്രത്യയശാസ്ത്രപരമായ സൗന്ദര്യവാദം.


Aksharajalakam link


Wednesday, January 6, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ / ആന്തരികമായ ഛന്ദസ്സ് /metrovartha Dec 4

 


ആന്തരികമായ ഛന്ദസ്സ്

വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളെ ആഴത്തിൽ പരിശോധിക്കാൻ കഴിവുള്ള ഒരു നോവലിസ്റ്റ് ഇപ്പോഴില്ല എന്ന് പറഞ്ഞത് പ്രമുഖ ഫ്രഞ്ച് -അമെരിക്കൻ  സാഹിത്യവിമർശകനും എഴുത്തുകാരനുമായ ജോർജ് സ്റ്റീനറാണ് (1929 -2020) .ഇക്കാര്യത്തിൽ  കൂടുതൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് അദ്ദേഹം പ്രമുഖ ബൊഹീമിയൻ - ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽകേയുടെ കുടുംബജീവിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വളരെ നേരത്തെതന്നെ റിൽകേക്ക് ഭാര്യയെ ഉപേക്ഷിക്കേണ്ടിവന്നു. തീവ്രമായ മാനസികാവസ്ഥയിലൂടെയും മനനപ്രശ്നങ്ങളിലൂടെയും കടന്നു പോയ റിൽകേക്ക് കടുത്ത ഏകാന്തത ആവശ്യമായിരുന്നു .സ്വയം എത്രമാത്രം  ആഴത്തിൽ ദർശിക്കാനാവുമെന്ന്  നിൽകേ ഓരോ വരി എഴുതുമ്പോഴും ആലോചിച്ചുകൊണ്ടിരുന്നു .അങ്ങനെ ഭാര്യയുമായി പ്രശ്നങ്ങൾ ഉടലെടുത്തു. ആ ഭാര്യയ്ക്ക് റിൽകേ ഒരിക്കൽ ഇങ്ങനെ എഴുതി :"നല്ലവിവാഹ ജീവിതത്തിൽ ഒരാൾ മറ്റേയാളിൻ്റെ  ഏകാന്തതയുടെ രക്ഷകർത്താവായിരിക്കണം" .സ്റ്റീനർ  പറഞ്ഞു: "എത്ര നല്ല വാക്യം!" . അത് വലിയൊരു ജനാധിപത്യപരമായ ആവശ്യവുമാണ്. മറ്റൊരാളെ ജീവിക്കാൻ അനുവദിച്ചാൽ പോരാ; സ്വസ്ഥതയോടെയിരിക്കാൻ സഹായിക്കണം .വിവാഹത്തിൽ മാത്രമല്ല ,പ്രണയത്തിലും ഇത്  പ്രതിസന്ധിയാകാറുണ്ട് .താൻ പ്രേമിക്കുന്ന ആൾക്ക് സ്വസ്ഥത കൊടുക്കാതെ പിന്തുടരുന്നവരുണ്ട്; സ്നേഹരാഹിത്യമല്ലിത്.ഒരു പ്രത്യേക മാനസികാവസ്ഥയിൽ നിന്നുണ്ടാകുന്ന പ്രണയക്കുശുമ്പാണ്.

ഭാവനയുടെ ഉത്തരവാദിത്വം

നമ്മുടെ കാലം ഒരു വിപരീതാനുഭവത്തിൻ്റെ വായ്ത്തലയിലാണെന്ന് പറയാം .അതായത് , പുസ്തകാനുഭവങ്ങളുടെയും  സാക്ഷരതയുടെയും പ്രേരണയിലും  പ്രചാരത്തിലും മനുഷ്യൻ നേടിയ അറിവുകൾ അവൻ്റെ സംസ്കാരത്തെ തന്നെ കെണിയിലാക്കുകയാണ്. പുസ്തകം വായിക്കാത്തയാളും ഇന്ന് പുസ്തകങ്ങളുടെ സ്വാധീന വലയത്തിലാണ് .കാരണം, പുസ്തകങ്ങളിൽ നിന്നു ജനിച്ച ആശയങ്ങളുടെയും അറിവുകളുടെയും ബലത്തിലാണ് സിനിമയും സകല കലകളും നിലനിൽക്കുന്നത്. അമിതമായ പുസ്തക സംസ്കാരസ്വാധീനമാണ് സ്റ്റാലിനിസത്തിന്നും നാസി ഭരണത്തിനും ഏകാധിപത്യത്തിനും  കാരണമായതെന്ന് സ്റ്റീനർ  ചൂണ്ടിക്കാട്ടുന്നു. സാംസ്കാരികമായ പ്രചാരണത്തിൻ്റെയും പരിശീലനത്തിൻ്റെയും എല്ലാ അടവുകളും മനസ്സിലാക്കിയവരാണ് ഇന്നുള്ളത് .കല്പിതകഥയുടെയും ദുർഗ്രഹമായ ചിന്തകളുടെയും തലത്തിൽ നമ്മൾ ജീവിതകാലമത്രയും പരിശീലനം നേടുന്നത് എന്തിനുവേണ്ടിയാണ് ?ക്രൂരമായതിനെ  അനുകരിക്കാൻ ; ക്രൂരതയിൽ ജീവിക്കാൻ ,നശിപ്പിക്കാൻ. സ്റ്റീനർ എഴുതുന്നു: " തെരുവിൽ ചെന്നാൽ കേൾക്കുന്ന കരച്ചിലിൽ അപരിചിതമായ  യാഥാർത്ഥ്യമാണുള്ളത് . ഉച്ചയ്ക്കുള്ള സിനിമ കഴിഞ്ഞ് നഗരത്തിൽ ചെന്നപ്പോൾ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിരുന്നു. ഒരു മനംപുരട്ടൽ ഉണ്ടായി .യാഥാർത്ഥ്യബോധം വീണ്ടെടുക്കാൻ കുറെ സമയമെടുത്തു " .
സാഹിത്യം പഠിക്കുന്ന തലമുറകളാണല്ലോ ഇതുവഴി കടന്നു പോയത്. എന്നാൽ ഈ കൃതികൾ പഠിച്ച മനുഷ്യർ തെറ്റായ വീക്ഷണങ്ങളിൽ നിന്ന് പിന്തിരിയുന്നുണ്ടോയെന്ന് സ്റ്റീനർ ചോദിക്കുന്നു. ഒരു മഹത്തായ മാനവസംസ്കാരമുണ്ടാക്കാൻ,   ഉയർന്ന ജീവിതാവബോധം പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാഹിത്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾകൊണ്ട് എന്തു
പ്രയോജനം? നമ്മൾ മനുഷ്യത്വമില്ലാത്തവരാണെന്ന് സ്വയം ചിന്തിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നു.മഹത്തായ കൃതികൾ പഠിച്ചവർ സ്വന്തം സാംസ്കാരികമായ അന്ധതയിൽ നിന്ന് ,ബധിരതയിൽ നിന്ന് പുറത്തു കടക്കാൻ  തയ്യാറാവുന്നില്ല. മനുഷ്യൻ്റെ  ഭാവനയ്ക്ക് ഒരു ഉത്തരവാദിത്തം വേണം. നമ്മെ കുഴയ്ക്കുന്ന  യാഥാർത്ഥ്യങ്ങളുടെ നിർമ്മിതിയിൽ നമ്മുടെ ഭാവനയ്ക്കും പങ്കുണ്ട്.
ലക്ഷക്കണക്കിന് ആളുകളെ കംബോഡിയൻ ഏകാധിപതി പോൾപോട്ട് ജീവനോടെ ചുട്ടുകൊന്നത് പത്രത്തിൽ വായിച്ച ജനത ഒരാളെ കൊന്നുവെന്ന് കേട്ടാൽ കിട്ടുമോ?- സ്റ്റീനർ ചോദിക്കുന്നു. നമ്മുടെ സംസ്കാരത്തിനാകെ ഒരു ഷണ്ഡത്വം ബാധിച്ചുവെന്നില്ലേ ഇത് കാണിക്കുന്നത് ?

ചിന്താപരമായ വാർദ്ധക്യം

കവിതയിൽ സ്വതന്ത്രമായ ഛന്ദസ്സിനെതിരെ ഇപ്പോഴും ചില യാഥാസ്ഥിതിക കവികളും അധ്യാപകരും ശബ്ദമുയർത്തുന്നത് കാണാം .ഇത് അവരുടെ ഗതികേടാണ് കാണിക്കുന്നത്. പരമ്പരാഗതമായ താളത്തിലും ആവർത്തനവിരസമായ പ്രമേയങ്ങളിലും നങ്കൂരമിട്ടു കിടക്കുന്ന ഇക്കൂട്ടരുടെ ചിന്താപരമായ  വാർദ്ധക്യത്തെ സ്വയം മറികടക്കാനാവാത്തതിൻ്റെ  കഷ്ടപ്പാടുണ്ട്. സ്റ്റീനർ എഴുതുന്നു: "ഒരു യഥാർത്ഥ കവി തൻ്റെ  അന്തരംഗത്തിൻ്റെ സ്വകാര്യമായ തീവ്രതയിൽ ജീവിക്കുകയാണ്.  തൻ്റെ എല്ലാ അറിവുകളെയും സകല ജ്ഞാനശകലങ്ങളെയും ആ കവി  ആന്തരികമാക്കുകയാണ്. അത് ഏതൊക്കെയാണെന്ന് വേർതിരിച്ചെടുക്കാൻ അയാൾക്ക് നേരമില്ല. എല്ലാം ചേർത്താണ് അയാൾ എഴുതുന്നത്. അതുകൊണ്ട് അയാൾ പരമ്പരാഗത ഛന്ദസ്സ് (വൃത്തത്തിനു ആസ്പദമായ നിയമങ്ങൾ ) പാലിക്കാതെ അകന്നു മാറുന്നു.അപ്പോൾ അത് സ്വതന്ത്ര ഛന്ദസ്സായി മാറിയേക്കാം .അത് പുരാതന ഈണങ്ങളുടെ ഫോസിലുകൾ വഹിക്കാനുള്ള ഛന്ദസ്സല്ല ;ആന്തരികമായ ഛന്ദസ്സാണ്.ഇത് വ്യക്തിഗതവും സ്വതന്ത്രവുമാണ്. അയാളുടെ ഊന്നൽ വേറെയാണ് .കവിതയിലെ രൂപവും ഉള്ളടക്കവും തമ്മിലുള്ളത് ജൈവബന്ധമാണ്. രൂപമില്ലെങ്കിൽ ഉള്ളടക്കമില്ല ;ഉള്ളടക്കമില്ലെങ്കിൽ രൂപമില്ല. ശരീരം ഇല്ലെങ്കിൽ മനസ്സില്ലല്ലോ , അതുപോലെ. ഈ മനസ്സ് ഈ ശരീരത്തിന് ചേർന്നതല്ലെന്ന് പറയുന്നത് അസംബന്ധമല്ലേ? അതുകൊണ്ട് വൃത്തമില്ലാതെ , വരിതെറ്റിച്ച് എഴുതുന്നയാളോട് ഇത് ശരിയാണോ എന്ന് ചോദിച്ചാൽ ആ കവി ക്ഷുഭിതനായേക്കും. കാരണമെന്താണ് ? കവി ആ രീതിയിൽ ചിന്തിക്കുന്നില്ല .അയാൾ ഒരു തീവ്രമായ ആന്തരിക പ്രക്ഷോഭത്തെയാണ് വാക്കുകളിലാക്കുന്നത് .കവിത വായിക്കാനുള്ളതാണ് ,കാണാനുള്ളതല്ല . റൊമാൻറിക് കവി വേർഡ്സ്വർത്ത് പറഞ്ഞതുപോലെ , നൈസർഗികമായ വൈകാരിക പ്രവാഹമാണെന്ന നിർവ്വചനം വെച്ച് എല്ലാകാലത്തും കവിതയെ സമീപിക്കാനാവില്ല.

വികാരത്തെ ചൂഷണം ചെയ്യുന്നവർ

ചിന്താശേഷി കുറഞ്ഞ ചില കവികൾ  വളരെ പഴകിയ, ചെടിപ്പുണ്ടാക്കുന്ന വിഷയങ്ങൾ മഹാകണ്ടുപിടുത്തമെന്ന  മട്ടിൽ ,വൃത്തത്തിൽ എഴുതി അവതരിപ്പിച്ചു തൃപ്തി നേടുകയാണ്. അമ്മയുടെ മഹത്വവും മുലപ്പാലിൻ്റെ  മാധുര്യവും എഴുപതു കഴിഞ്ഞവർ എഴുതി ബോധ്യപ്പെടുത്തേണ്ടതുണ്ടോ? ഇവിടെ ധാരാളം പേർ മുലകുടിച്ചു കഴിഞ്ഞു. അതിൻ്റെ മാധുര്യം ആസ്വദിച്ചു. എന്തിനാണ് എല്ലാവർക്കും അറിയാവുന്ന വിഷയം വീണ്ടും വീണ്ടും എഴുതി നശിപ്പിക്കുന്നത് ?മറ്റുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യുന്നതിൻ്റെ ഭാഗമാണിത്. അമ്മയോടുള്ള സ്നേഹം എന്തിനാണ് പുരപ്പുറത്ത്‌ കയറി നിന്ന് മൈക്ക് വച്ച് പ്രസംഗിച്ച് കേൾപ്പിക്കുന്നത്. അങ്ങനെ ചെയ്താൽ, അമ്മയോട് സ്നേഹമുള്ളവരെല്ലാം കൂടെ വരുമെന്ന് ഇവർ വിചാരിക്കുന്നു.

സ്റ്റീനർ ഒരു പ്രധാന കാര്യം കൂടി പറഞ്ഞു.  ഒരു വലിയ എഴുത്തുകാരനാവാൻ എല്ലാവർക്കും കഴിയില്ല .ഭാഷയും  ജീവിതത്തിൻ്റെ  ഉല്പത്തിവിശേഷങ്ങളും ഒരാളിൽ  നൈസർഗികമായി ഒരുമിച്ച് വരണം. അപ്പോഴാണ് മഹത്തായ സാഹിത്യം ഉണ്ടാകുന്നത്. ഫ്രഞ്ച് സാഹിത്യചരിത്രത്തിലെ ഹെവിവെയ്റ്റ് എഴുത്തുകാരൻ മാർസൽ പ്രൂസ്തിൻ്റെ രചനകൾ ഇത് ഓർമ്മിപ്പിക്കുന്നു.

വാക്കുകൾ

1)നിങ്ങൾക്കറിയാമോ ,സംഗീതം സെക്സാണ്.അതൊരു വൈകാരികമായ കുതിപ്പായി ആളുകളെ സ്വാധീനിക്കും, ഒരു പ്രത്യേക രീതിയിൽ മീട്ടുകയാണെങ്കിൽ.
ഡിക്ക് ഡെയ്ൽ ,
(അമെരിക്കൻ റോക്ക് ഗിത്താറിസ്റ്റ് )

2)സൗന്ദര്യം അധികാരമാണ്; ഒരു പുഞ്ചിരിയാണ് അതിൻ്റെ വാൾ.
ജോൺ റേ
(ഇംഗ്ളീഷ് പ്രകൃതിപ്രേമി)

3)തെറ്റിൽ നിന്ന് സത്യത്തിലേക്ക് ഉയരുന്നത് അപൂർവ്വമാണ് ,സുന്ദരവുമാണ്.
വിക്ടർ യുഗോ,
(ഫ്രഞ്ച് എഴുത്തുകാരൻ )

4)ഒരു ചോദ്യവും വേണ്ട ,സാഹിത്യരചനയിൽ ഉള്ളടക്കത്തേക്കാൾ പ്രധാനം ശൈലിയാണ്‌.
ഫെർനാണ്ടോ സൊറെൻറിനോ,
(അർജൻ്റയിൻ എഴുത്തുകാരൻ )

5)യാതന അനുഭവിക്കുന്നവനാട് ദയയുള്ളവനായിരിക്കുന്നത് ഒരു മനുഷ്യഗുണമാണ് ;ഇത് എല്ലാവരും നേടണം.
ജിയോവനി ബൊക്കാഷിയോ,
(ഇറ്റാലിയൻ എഴുത്തുകാരൻ )

കാലമുദ്രകൾ

1)ബൈജു ചന്ദ്രൻ

മലയാളത്തിലെ സിഗ്നേച്ചർ ഗാനമായി പരിഗണിക്കാവുന്ന 'ചെപ്പു കിലുക്കണ ചങ്ങാതി ചെപ്പു തുറന്നൊന്നു കാട്ടുലെ ' ( 1956 ,രചന:ഓ എൻ.വി. ,സംഗീതം :ദേവരാജൻ, നാടകം: മുടിയനായ പുത്രൻ)ആലപിച്ച  കെ.പി.എ.സി സുലോചനയുടെ ജീവചരിത്രം എഴുതുകയാണ് മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രൻ. അഴിമുഖം ഡോട്ട് കോമിൽ പരമ്പരയായി വരുന്ന ആ ജീവിതകഥ സുലോചനയുടെ നാടകദിനങ്ങളുടെ തീക്ഷ്ണസന്ദർഭങ്ങൾ  ഓർമ്മിപ്പിക്കുന്നു.

2)അനിൽ നെടുമങ്ങാട്

'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ അനിൽ നെടുമങ്ങാടിൻ്റെ പ്രകടനം ആരും മറക്കില്ല.പ്രത്യേകിച്ചും  രഞ്ജിത്തിനെ പോലെ സീനിയറായ ഒരു ചലച്ചിത്രപ്രവർത്തകനുമൊത്തുള്ള  കോമ്പിനേഷൻ സീനിൽ .പരിചയസമ്പന്നരായ പൃഥ്വിരാജ് ,ബിജുമേനോൻ എന്നിവരോട് കിടപിടിക്കാൻ അനിലിൻ്റെ മനോധൈര്യം മാത്രം മതിയായിരുന്നു.

3)ദീപൻ ശിവരാമൻ

സമീപകാലത്ത് നാടകാനുഭവങ്ങൾക്ക് സ്കൂൾ ഓഫ് ഡ്രാമ തടവറകളിൽനിന്ന്  കുറേക്കൂടി തുറസ്സായ ഇടങ്ങൾ വേണമെന്ന് ശഠിച്ചുകൊണ്ട് ദീപൻ ശിവരാമൻ "ഖസാക്കിൻ്റെ ഇതിഹാസ 'ത്തെ രംഗത്തവതരിപ്പിക്കാൻ ശ്രമിച്ചത് ശ്രദ്ധേയമായിരുന്നു.ഒരവതരണം ഒരേസമയം പരീക്ഷണവും അതിജീവനവുമാണ്‌.

4) വിജയകുമാർ മേനോൻ

കേസരി ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം നമ്മുടെ ചിത്രകലാനിരൂപണം ഡോ.കെ.ടി.രാമവർമ്മ തുടങ്ങിയവരിലൂടെ നീങ്ങി. ഇപ്പോൾ വിജയകുമാർ മേനോൻ, പതിറ്റാണ്ടുകളിലൂടെ , ചിത്രകലയെക്കുറിച്ച് താരതമ്യേന ബൃഹത്തായ ഒരു സാഹിത്യം സൃഷ്ടിച്ചിരിക്കുന്നു. 

5)ഡോ. സെലിൻ മാത്യു

ജർമ്മൻ ഭാഷയിൽ ഫ്രാൻസ് കാഫ്ക എഴുതിയ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ. സെലിൻ മാത്യുവിനു വലിയ പ്രാധാന്യമുണ്ട്.കാരണം ,അവർ  ജർമ്മൻ ഭാഷയിൽ നിന്ന് നേരിട്ട് ആ രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ആ പുസ്തകത്തിൽ കാഫ്കയുടെ ഏതാനും കഥകളോടൊപ്പം ജീവിതത്തിലെ പ്രധാന സംഭവങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട് .

കഥയും സമകാലികതയും

'2020 കടന്നുപോകുമ്പോൾ ' എന്ന പേരിൽ കല്ലറ അജയൻ എഴുതിയ ലേഖനത്തിൽ (ജന്മഭൂമി വാരാദ്യം ,  ഡിസംബർ 27) ചെറുകഥയ്ക്ക് ചുറ്റും വട്ടം കറങ്ങുന്ന മലയാള സാഹിത്യത്തെപ്പറ്റി പറയുന്നതിൽ  കഴമ്പുണ്ട്. കുറച്ചു കഥകൾ  മാത്രമെഴുതിയവർക്ക്  ' കൾട്ട് ഫിഗർ ' ആകാൻ പറ്റുന്ന സാഹചര്യം ഇവിടെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.ഒരേയൊരു കഥ എഴുതിയവരെ പോലും ആഴ്ചപ്പതിപ്പുകൾ കവർചിത്രം നല്കി ആനയിക്കുന്നു. സാഹിത്യത്തിൻ്റെ   വിവിധ മേഖലകളിൽ  പതിറ്റാണ്ടുകളുടെ നിസ്തന്ദ്രമായ പ്രവർത്തനം നടത്തിയവരെ തമസ്കരിക്കാനുള്ള ഗൂഢപദ്ധതി തയ്യാറായിരിക്കുന്നു.

എന്നാൽ ലേഖനത്തിൽ 'കെ.പി.അപ്പനും മുണ്ടശ്ശേരിയും ഒക്കെ പാശ്ചാത്യ പക്ഷപാതിത്വത്തിൽ മുങ്ങിപ്പോയി' എന്ന് ആക്ഷേപിച്ചത് ശരിയായില്ല. പാശ്ചാത്യകൃതികൾ വായിക്കുന്നതും അതിനെക്കുറിച്ച് എഴുതുന്നതും ഒരു കുറവോ പക്ഷപാതമോ അല്ല. അത് ലോകനിലവാരത്തിലുള്ള അറിവിൻ്റെ  പ്രശ്നമാണ്. നവീനകാലത്ത്  സാഹിത്യകൃതികളെപ്പറ്റി എഴുതുന്നവർ  ജോർജ്ജ് സ്റ്റീനർ, ദറിദ ,ബാർത്ത് ,  ആൽബേർ കമ്യൂ, എലിയറ്റ്, ഹാരോൾഡ് ബ്ളൂം തുടങ്ങിയവരെ വായിക്കണം. അല്ലാതെ എഴുതുന്നത്, അപൂർണമാണ്. അറിവിനെ നിഷേധിക്കേണ്ട. പാശ്ചാത്യ എഴുത്തുകാർ ഇന്ത്യയിലെ പ്രാചീന കൃതികൾ ഉദ്ധരിക്കാറുണ്ട്.അതു പോലെ തിരിച്ചും നമുക്ക് ചെയ്യണ്ടേ ?  ആഗോള സമകാലിക അവബോധം ആവശ്യമാണ് .

മരങ്ങൾ പാടുന്നു

വി.ടി ജയദേവൻ്റെ 'മൂന്ന് കവിതകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 20 ) ആശ്വാസത്തോടെ വായിച്ചു.

"ആകാശത്തിൽ
നക്ഷത്രം പെറുക്കിക്കൊണ്ടിരിക്കെ മരങ്ങൾ ദൈവത്തിൻ്റെ
കാലടയാളം കണ്ടു
നിലാവിൽ കുതിർന്ന
ഒരു പൗർണമിയിൽ
മരങ്ങളൊന്നടങ്കം
ദൈവത്തിൻ്റെ അനുചരന്മാരായി
അവരുടെ മൗനഭാഷയിൽ
പൂക്കളുടെ ലിപിയിൽ
ആദ്യത്തെ വേദപുസ്തകം എഴുതി "

ഈ  അതിവാസ്തവികത കവിതയ്ക്ക്  അനിവാര്യമാണ് .കാരണം ,കവിത അതിൻ്റെ ഉള്ളിലുള്ള ജ്ഞാനജ്വാലകളിൽ നിന്നാണ് വിനിമയം ചെയ്യുന്നത്. അത് സമാന്തരമായി മറ്റൊരു ഭാഷയാണ് .

അക്ഷരജാലകംലിങ്ക്