Aksharajalakam link
എം.കെ.ഹരികുമാർ
9995312097
Email:mkharikumar797@gmail.com
ഒരു ലാറ്റിനമേരിക്കൻ പ്രഹേളിക
മലയാളകഥ നമ്മുടെ രാഷ്ട്രീയ സാമൂഹ്യവീക്ഷണങ്ങളുടെ ഭാഗമാണ്. കാരൂർ ,എസ്.കെ. പൊറ്റക്കാട്, ഉറൂബ് തുടങ്ങിയവരുടെ കഥകൾ ഇരുപതാം നൂറ്റാണ്ടിലെ മധ്യകാല സമൂഹത്തെയാണ് അവതരിപ്പിക്കുന്നത്. ധാർമ്മികമായ പ്രശ്നങ്ങളുടെ ഇടയിൽ ഒരു കണ്ണിയായി കഥാകൃത്ത് പ്രവർത്തിക്കുന്നു. ഈ കഥാകൃത്തുക്കൾ മലയാളി ജീവിതത്തിൻ്റെ വരുംവരായ്കകളുടെ ചതുരംഗപലകയിലാണ് തങ്ങളുടെ പ്രമേയവിശകലനം നടത്തിയത്. ഒറ്റപ്പെട്ടവൻ ആദർശവത്ക്കരിക്കപ്പെടുകയും അവൻ്റെ സങ്കല്പങ്ങൾ സാമൂഹികമായി പരിഹരിക്കപ്പെടേണ്ടതാണെന്ന ചിന്ത ബാക്കിവയ്ക്കുകയും ചെയ്തു. അതിനർത്ഥം വേറൊരു ആലോചന യിലൂടെ വായനക്കാർക്ക് അതിൻ്റെ പരിണാമം പ്രാവർത്തികമാക്കാനാവും എന്നാണ്. ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ചുകൊണ്ട് ഉയർന്ന വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പാതി പിന്നിട്ട അവസരത്തിൽ നടപ്പിലാക്കി കാണിച്ച വിശാല മനോഭാവവും വ്യക്തിഗത രാഷ്ട്രീയവീക്ഷണവും ഇതിൻ്റെ ഭാഗമായി കാണണം. ദാരിദ്ര്യം, സ്ത്രീപുരുഷ സമത്വം ,കാല്പനികമായ വിഷാദം ,ആദർശാത്മകതയ്ക്ക് ഉണ്ടായ തിരിച്ചടികൾ , മാനവജാതിയുടെ അധീശത്വം, എവിടെയും ശാസ്ത്രവും യുക്തിയുമാണ് വിജയിക്കുന്നതെന്ന സമീപനം തുടങ്ങിയവയെല്ലാം ആ കഥകളിൽ സ്വാധീനം ചെലുത്തി.
അതേസമയം കഥയെ ജീവിതത്തിലേക്കുള്ള നോട്ടം എന്ന നിലയിൽ അനുഭവിക്കാൻ മലയാളകഥയിൽ കാര്യമായ ശ്രമങ്ങളില്ല. മിക്ക കഥാകാരന്മാർക്കും തത്ത്വചിന്തയില്ല. ആധുനികതയുടെ ഏറ്റവും വലിയ സവിശേഷത ,അത് ജീവിതത്തെ തത്ത്വചിന്താപരമായി കണ്ടു എന്നുള്ളതാണ്. അതായത്, അനുഭവിക്കുന്നതിൽ നിന്ന് ദാർശനികമായ അർഥത്തെ നിർമ്മിക്കുകയാണ് ചെയ്തത്. ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന വിചാരങ്ങൾ, വികാരങ്ങൾ പെട്ടെന്ന് വെളിപാടായി മാറുകയാണ് . സത്യത്തെയും സൗന്ദര്യത്തെയും ഉല്പാദിപ്പിക്കുന്ന ഒരു ജൈവയന്ത്രമായി എഴുത്തുകാരൻ്റെ മനസ്സു മാറുന്നതാണ് നാം കണ്ടത് .സവിശേഷമായ മനസ്സ് ഇതിനാവശ്യമാണ് .എഴുതാനുള്ള ശക്തിയോ കഴിവോ മാത്രം പോര, ഒരു ആധുനിക കഥ രചിക്കാൻ.
ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ലൂയി ബോർഹസിൻ്റെ (അർജൻറീന) കഥകൾ ഇന്ന് ആവിഷ്കാരത്തിൻ്റെ പ്രഹേളികകളായി നില്ക്കുകയാണ്.'ദ് ലൈബ്രറി ഓഫ് ബാബേൽ' ലോകകഥ യിൽ ഒരു ബാലികേറാമലയായി നില്ക്കുന്നു. ഒരു ഭാവനയ്ക്കകത്ത് രൂപപ്പെടുന്ന അനേകം ഭാവനകളുടെ കഥയാണിത്. ലോകത്തെ ഒരു ലൈബ്രറിയായി ദൃശ്യവത്ക്കരിക്കുന്ന കഥയിലെ ലൈബ്രേറിയൻ നാമോരോരുത്തരുമാണ്. കഥ എന്ന മാധ്യമത്തിൻ്റെ പരിമിതമായ ലോകമല്ലിത്.കഥയിലേക്ക് പ്രവേശിക്കുന്ന വായനക്കാരൻ വനത്തിനുള്ളിൽ നിന്ന് പുറത്തു കടക്കാനുള്ള വഴിയറിയാതെ ഉഴറുന്ന വനെ പോലെ പരിഭ്രമിക്കും. എങ്ങനെ കഥയിൽ നിന്ന് രക്ഷപ്പെടണമെന്ന് ചിന്തിക്കും. ഇത് ബോർഹസിൻ്റെയുള്ളിലെ(1899-1986) സമസ്യകളുടെ കുത്തൊഴുക്കാണ്.
സ്വപ്നാത്മകം ജീവിതം
മലയാളകഥയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടാറുള്ള കാൽപ്പനിക മധുമാസവിഷാദമോ പ്രണയക്കല്യാണമോ ബോർഹസിൻ്റെ രചനകളിൽ അന്വേഷിച്ചിട്ട് കാര്യമില്ല. അദ്ദേഹം കഥയ്ക്കുള്ളിൽ സാങ്കല്പിക നോവലുകൾ സൃഷ്ടിക്കാറുണ്ട്. 'പിയറി മെനാർദ് ,ഓഥർ ഓഫ് ദ് ക്വിക്സോട്ട് ' എന്ന കഥ ഓർമ്മവരുന്നു .ഒരു പുസ്തകനിരൂപണത്തിൻ്റെ രൂപത്തിലാണ് ഈ കഥ എഴുതിയിരിക്കുന്നത്. പിയറി മെനാർദ് എന്ന എഴുത്തുകാരൻ സാങ്കൽപ്പികമാണ് . അദ്ദേഹം എഴുതിയ അപൂർണ്ണമായ 'ക്വിക്സോട്ട് ' എന്ന നോവലിൻ്റെ റിവ്യു ആണ് ബോർഹസിൻ്റെ കഥ. ക്വിക്സോട്ട് ഓർമ്മിപ്പിക്കുന്നത് സ്പാനീഷ് എഴുത്തുകാരൻ സെർവാന്തസിൻ്റെ 'ഡോൺ ക്വിക്സോട്ട് ' എന്ന നോവലിനെയാണ്. ബോർഹസിൻ്റെ ഈ കഥ റിവ്യൂ ആണെന്ന് പറഞ്ഞല്ലോ. ആ റിവ്യു എഴുതുന്നത് സിൽവിനാ ഒകാംപോയ്ക്ക് എന്ന വ്യക്തിയാണ്.ഒരു കഥ പറയാൻ സെർവാന്തസ് ,പിയറി മെനാർദ് ,സിൽവിനാ എന്നീ എഴുത്തുകാരെ ഉപയോഗിക്കുകയാണ് ബോർഹസ്.
'സർക്കിൾ റൂയിൻസ്'(വൃത്തത്തിനുള്ളിലെ അവശിഷ്ടങ്ങൾ )എന്ന കഥയാകട്ടെ അപാരമായ ഒരു സ്വപ്നത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുകയാണ്. വൈദികകാലത്തെ അന്തരീക്ഷമാണ് ഈ കഥ ഓർമ്മിപ്പിക്കുന്നത്. ഒരാൾ ഏതോ പൗരാണികമായ ആരാധനാലയത്തിൻ്റെ വൃത്താകൃതിയിലുള്ള പ്രദേശത്ത് വന്നെത്തുകയാണ്. ആ ആരാധനാലയത്തിൻ്റെ അവശിഷ്ടങ്ങൾ മാത്രമേ അവിടെയുള്ളൂ.മുറിവേറ്റു മയങ്ങിപ്പോയ അയാൾ വിചിത്രമായ സ്വപ്നങ്ങൾ കാണുകയാണ്. തൻ്റെ ചുറ്റിനും കുറേപേർ വന്നെത്തിയതായി അയാൾ കാണുന്നു. അവർ വിദ്യാർഥികളാണ്. അവരുമായി അയാൾ സംവദിക്കുന്നു .
സ്വപ്നത്തിനകത്തു തന്നെ അയാൾ ഉണരുകയും വീണ്ടും ഉറങ്ങുകയും ചെയ്യുന്നു. അതിനിടയിൽ സ്വപ്നങ്ങളുടെ കാലം നീണ്ടു പോകുന്നു .അയാൾ ഒരു ഹൃദയത്തെ സ്വപ്നം കണ്ടു. പതിനാല് ദിവസങ്ങൾ തുടർച്ചയായി ആ ഹൃദയത്തെ അയാൾ കണ്ടു .ആ ഹൃദയം സ്വന്തം ജീവിതം തന്നെയാണെന്ന് അയാൾക്ക് തോന്നി. അയാൾക്ക് അതിനോട് അപൂർവ്വമായ പ്രണയമുണ്ടാകുന്നു .അയാൾ ദൈവികമായ , അനുഷ്ഠാനപരമായ ചര്യകൾ മനസ്സിൽ ആവാഹിച്ച് ആ ഹൃദയത്തിൽ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നു. അത് അയാളുടെ തന്നെ പ്രതിരൂപമാകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട് .എന്നാൽ അതൊരു ജീവനില്ലാത്ത രൂപമായി അവശേഷിക്കുകയായിരുന്നു. വീണ്ടും പ്രാർത്ഥനയിലൂടെ ആ രൂപത്തെ ജീവനുള്ളതാക്കുന്നു. അത് നിയതമായ മനുഷ്യരൂപത്തിനു പകരം യഥേഷ്ടം കാളയോ പൂവോ ആകാൻ കഴിയുന്ന അഗ്നിയായ് മാറുന്നു. അഗ്നി അയാളെ സമാധാനിപ്പിക്കുന്നു. നേരത്തെ അയാൾ സ്വപ്നം കണ്ട മനുഷ്യരൂപത്തെ അതേ നിലയിൽ ജീവനുള്ളതാക്കാമെന്ന് അഗ്നി അയാൾക്ക് ഉറപ്പു കൊടുക്കുന്നു. അങ്ങനെ ആ പ്രതിമ മനുഷ്യരൂപത്തിൽ ഉണരുകയാണ്. അവനെ അയാൾ വിദൂരമായ ഒരു ദേവാലയ പ്രദേശത്തേക്ക് അയയ്ക്കുന്നു. സ്വപ്നം കണ്ട മനുഷ്യനും സ്വപ്നത്തിൽ നിന്നുണ്ടായ മനുഷ്യനുമാണ് കഥയിലുള്ളത്.ഇവിടെ യാഥാർത്ഥ്യത്തെ കഥാകൃത്ത് മറ്റൊരു രീതിയിൽ വീക്ഷിക്കുകയാണ്. യാഥാർത്ഥ്യം പലർക്കും പലതാണ്.
ചിന്താസന്താനം
അയഥാർത്ഥമായതൊന്നും തന്നെയില്ല. നമ്മൾ മറ്റൊരാളിൻ്റെ സ്വപ്നമാണെന്ന് ചിന്തിക്കാമല്ലോ. നമ്മൾ ദൈവത്തിൻ്റെ ഭാവനയാണോ?ആരുടെയോ ഭാവനയ്ക്കൊത്ത് മനുഷ്യനും മറ്റു ജീവികളും മാറുന്നു. മനസ്സ് മാറുന്നു. അല്ലെങ്കിൽ അന്യഗ്രഹജീവികൾ നമ്മുടെ മനസ്സുകളെ ചതുരംഗത്തിലെ കരുക്കൾ എന്നപോലെ മാറ്റിക്കളിക്കുകയല്ലെന്ന് എങ്ങനെ പറയാനാവും ?
ബോർഹസ് ഇന്ത്യൻ തത്ത്വശാസ്ത്രങ്ങളും പുരാതന പാഠങ്ങളും ഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് .അദ്ദേഹത്തിന് വിശ്വസനീയമായ മതം ഹിന്ദുമതമാണെന്ന് ഒരു കഥയിൽ പറഞ്ഞിട്ടുണ്ട്. ബൃഹദാരണ്യകോപനിഷത്തിൽ യജ്ഞം ചെയ്തു ഏതു ചിന്തയെയും മനുഷ്യരൂപത്തിൽ സംഭവിപ്പിക്കാമെന്ന് സൂചിപ്പിക്കുന്നുണ്ട്. ആ സിദ്ധി നേടുന്ന ഒരാൾക്ക് സ്വന്തം ചിന്തയെ സന്താനമായി പരിവർത്തിപ്പിക്കാനാവും. അതല്ലേ ബോർഹസ് ഈ കഥയിൽ ചെയ്യുന്നത് ?വാസ്തവവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാവുകയല്ലേ ചെയ്യുന്നത്? ജീവിതത്തിൽ അതുണ്ടല്ലോ. ജീവിക്കുമ്പോൾ വാസ്തവങ്ങളുണ്ട്. എന്നാൽ മരിക്കുമ്പോൾ അതെല്ലാം മിഥ്യയായി മാറ്റപ്പെടുന്നു.
ശരീരത്തിൽ ജീവിക്കുന്നു.
തൻ്റെ ജീവിതാവബോധത്തെക്കുറിച്ച് ഒരിക്കൽ ബോർഹസ് ഇങ്ങനെ പറഞ്ഞു: " മരണാനന്തര ജീവിതത്തിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എൻ്റെ ഉത്തരം ഇതാണ് :എല്ലാം സാധ്യമാണ്. എല്ലാം സത്യമാണെങ്കിൽ സ്വർഗ്ഗവും നരകവും മാലാഖമാരും ഉണ്ടാകാം .ഞാനെൻ്റ ശരീരത്തിനുള്ളിൽ ജീവിക്കുന്നു എന്ന് പറയുന്നത് വിചിത്രമായി തോന്നുകയാണ് .എൻ്റെ കണ്ണുകളിലൂടെ ആയിരിക്കണമല്ലോ നിങ്ങളെ കാണുന്നത്? വായും നാക്കും ഉപയോഗിച്ചാണ് സംസാരിക്കുന്നത്. ഇതൊക്കെ സാധ്യമാണെങ്കിൽ ഇതിനേക്കാൾ അത്ഭുതകരമായത് സാധ്യമാകില്ലേ ? ഞാൻ തന്നെ അനശ്വരനായ ഒരു ദൈവമായിരിക്കില്ലേ ?
കാലമുദ്രകൾ
1)കെ.പി.ബാലചന്ദ്രൻ
വിദ്വാൻ കെ.പ്രകാശത്തിൻ്റെ മകനായ കെ .പി .ബാലചന്ദ്രൻ ധാരാളം പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഷെർലക് ഹോംസ് സമ്പൂർണ്ണകൃതികളാണ് ഒടുവിൽ ചെയ്തത്. സാഹിത്യപത്രപ്രവർത്തകർ ഇനിയും ശ്രദ്ധിക്കാത്ത ഒരു പേരാണ് കെ. പി. ബാലചന്ദ്രൻ എന്ന് തോന്നുന്നു.
2)നീലമ്പേരൂർ മധുസൂദനൻനായർ
നീലമ്പേരൂർ സ്വന്തം കവിതയ്ക്ക് വേണ്ടി അനുചരവൃന്ദത്തെയോ ശിഷ്യഗണത്തെയോ സൃഷ്ടിച്ചില്ല. രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അദ്ദേഹം യഥാർത്ഥ മനുഷ്യസ്നേഹിയും സഹൃദയനുമായിരുന്നു. നിലംപേരൂർ നമ്മുടെ വാങ്മയതാഴ്വരകളിൽ ഒരു സൗമ്യഹരിത സാന്നിദ്ധാമായിരുന്നു.
3)നിഖിൽ മാത്യു
ലാൽ ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മിൽ' എന്ന സിനിമ മൃദുലമായി വന്ന് ആഴത്തിൽ സ്പർശിക്കുന്ന ഒരു വേദനയായി അനുഭവപ്പെട്ടു. ഈ ചിത്രത്തിൽ നിഖിൽ മാത്യു പാടിയ 'അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി' എന്ന ഗാനം (സംഗീതം: ഔസേപ്പച്ചൻ, ഗാനരചന :വയലാർ ശരത്ചന്ദ്രവർമ്മ ) ഏകാന്തതയുടെ ഉള്ളിലെ വിഷാദത്തിൻ്റെ ഉഷ്ണപ്രവാഹം പോലെ തീവ്രമായിരുന്നു.
4) രാജേന്ദ്രൻ എടത്തുംകര
കിളിമഞ്ജാരോ ബുക്സ്റ്റാൾ ,ഞാനും ബുദ്ധനും എന്നീ നോവലുകളിലൂടെയും സാഹിത്യവിമർശന ലേഖനങ്ങളിലൂടെയും സൂക്ഷ്മമായ സംവേനങ്ങൾക്കായി പരിശ്രമിക്കുന്ന എഴുത്തുകാരനാണ് രാജേന്ദ്രൻ എടത്തുംകര
5)അനിൽ പനച്ചൂരാൻ
മലയാള കവിതയിലെ ക്ളിക്കുകളിൽ ചേരാതെ ,ലാൽ ജോസിനെ അനിൽ പനച്ചൂരാൻ കവിത ചൊല്ലിക്കേൾപ്പിച്ചതുകൊണ്ട് അദ്ദേഹം സിനിമാഗാനത്തിലൂടെ പ്രശസ്തനായി. 'ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പുമരം' എന്ന കവിതയും ആലാപനവും നല്കുന്ന വീര്യം ഇവിടെ വേറൊരു വിപ്ളവ കവിക്കും നല്കാനായില്ല.
വാക്കുകൾ
1)അവനവനോട് സത്യസന്ധത കാണിക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം .അത് നമ്മെ സന്തോഷമുള്ളവരാക്കുന്നു.
ലേറ്റിഷ്യ കാസ്ത
(ഫ്രഞ്ച് നടി)
2) നിങ്ങൾ ഒരുപാട് കരഞ്ഞാൽ ഒരു കാര്യം ബോധ്യമാകും-ശ്വാസം കിട്ടാൻ പ്രയാസപ്പെടും.
ഡേവിസ് ലേവിതാൻ,
(അമെരിക്കൻ എഴുത്തുകാരൻ )
3) നമ്മൾ നമ്മുടെ തന്നെ ഓർമ്മകളുടെ കഷണങ്ങളാണ്.
കസ്സൻദ്ര ക്ളെയർ ,
(അമെരിക്കൻ എഴുത്തുകാരി )
4)ഞാൻ യക്ഷിക്കഥകളിലും പുരാണങ്ങളിലും വ്യാളികളിലും വിശ്വസിക്കുന്നു .അതെല്ലാം നിലനില്ക്കുന്നു ,നിങ്ങളുടെ മനസ്സിലാണെങ്കിൽ പോലും.
ജോൺ ലെനൻ,
(ഇംഗ്ളീഷ് സംഗീതജ്ഞൻ)
5)യാഥാർത്ഥ്യങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നില്ല. അതുകൊണ്ട് എനിക്ക് ലഹരി വേണം, അത്യാനന്ദം വേണം ;സാധാരണ ജീവിതം എന്നെ കശക്കുമ്പോൾ ഞാൻ മറ്റാരിടത്തേക്ക് മാറി സുരക്ഷിതമാവുന്നു.
അനൈസ് നിൻ ,
ഫ്രഞ്ച് - ക്യൂബൻ - അമെരിക്കൻ നോവലിസ്റ്റ്
കവിതയുടെ ഛായകൾ
രാധാകൃഷ്ണൻ എടച്ചേരി എഴുതിയ 'രാമകൃഷ്ണൻ ' ( എഴുത്ത് ,ഡിസംബർ ) കൂർത്ത മുനയുള്ള ചൂണ്ടയിൽ എന്നപോലെ അനുഭവങ്ങൾ കോർത്തെടുക്കുകയാണ്.
"രാമകൃഷ്ണൻ പോൾവാൾട്ടിൽ
നൃത്തം ചെയ്യുന്നത് കാണേണ്ടതാണ് കുത്തി നിവർന്ന് വളഞ്ഞ് ആകാശം തൊട്ടു താഴോട്ട് പറന്നു താഴുന്നത് വിസ്മയകരം
ഓരോ പറക്കലിലും ആസ്മ കൊണ്ടുപോയ അപ്പനും
വെയിലിൽ പാട്ടുപാടുന്ന അമ്മയും
ഒറ്റയുടുപ്പിൽ ഉസ്കൂൾ കേറുന്ന
പെങ്ങളും ഒപ്പമുണ്ടാകും ".
ജിനേഷ് കുമാർ എരമം എഴുതിയ തക്കം ( ഗ്രന്ഥാലോകം , ഒക്ടോബർ ) എന്ന കവിതയിൽ കൊറോണയുടെ ഭയപ്പെടുത്തുന്ന അവസ്ഥയെ ഇങ്ങനെ വിവരിക്കുന്നു:
" ഖജനാവ് ചിതലരിക്കുന്നു
ആചാരമൊക്കെയും ചാരമാക്കി
നടവാതിൽ കൊട്ടിയടച്ച് ഏകാന്തവാസം വരിച്ച
ദൈവം ആതുരാലയം
തേടിയോടുന്നു " .
നൈരന്തര്യമോ ?
ഏഴാച്ചേരി രാമചന്ദ്രനെക്കുറിച്ച് എ .ജി .ഒലീന എഴുതിയ ലേഖനത്തിൻ്റെ പേര് 'നൈരന്തര്യത്തിൻ്റെ കവി' (ഗ്രന്ഥാലോകം ,നവംബർ)എന്നാണ്. സ്വകീയമായ കാവ്യവഴിയിലൂടെ, പരിണാമത്തിനു വിധേയമായി ഒഴുകുകയാണ് ഏഴാച്ചേരിയുടെ കവിത എന്ന് ലേഖിക പറയുന്നു. എന്താണ് നൈരന്തര്യം എന്ന് വിശദീകരിക്കുന്നില്ല.എന്നാൽ സ്വകീയമായ വഴി ഏഴാച്ചേരിക്കില്ല. കടമ്മനിട്ടക്ക് അതുണ്ടായിരുന്നു, എ.അയ്യപ്പന് ഉണ്ടായിരുന്നു. മറ്റൊരു വാദം, ഏഴാച്ചേരിയുടെ കവിത മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിൽ അധിഷ്ഠിതമാണ് എന്നാണ്. ഒരു കവി മാർക്സിയൻ സൗന്ദര്യശാസ്ത്രമനുസരിച്ച് കവിത എഴുതുന്നു എന്നു പറയുന്നത് കവിയുടെ പരിമിതിയെയാണ് കാണിക്കുന്നത്. കാരണം , കവി സ്വതന്ത്രനാകണമല്ലോ. മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിൽ എവിടെയാണ് കവിത ? അതിൽ പ്രകൃതി ഇല്ലല്ലോ. കവിതയുടെ സ്വഭാവത്തിന് തന്നെ എതിരാണ് പ്രത്യയശാസ്ത്രപരമായ സൗന്ദര്യവാദം.
Aksharajalakam link
No comments:
Post a Comment