Wednesday, January 20, 2021

അക്ഷരജാലകം/എം.കെ.ഹരികുമാർ / വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ/metrovartha Jan 18

 അക്ഷരജാലകംlink click

എം.കെ.ഹരികുമാർ

9995312097



വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ


പക്ഷികൾ തൂവലുകൾ പൊഴിക്കാറുണ്ട്. എന്നാൽ മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ ഈ തൂവൽ പൊഴിക്കൽ  ദൗർഭാഗ്യകരമാണ്; ചീത്ത കാലത്തിൻ്റേതാണ്. ഒന്നുകിൽ  ഈ നഷ്ടങ്ങളുടെ കാലത്ത് ഒരാൾക്ക് അങ്ങനെ തന്നെ കഴിയാം; അല്ലെങ്കിൽ നവപരിവേഷത്തോടെ പുറത്തുവരാം. പക്ഷേ, അതൊരിക്കലും രസകരമായിരിക്കില്ല. അങ്ങേയറ്റം ഭീതിജനകമായിരിക്കുമത് " - പ്രമുഖ ഡച്ച് ചിത്രകാരൻ വിൻസൻ്റ് വാൻഗോഗ് (1853-1890) പറഞ്ഞു.


തന്നെ വന്നുമൂടുന്ന പ്രതിസന്ധികളുടെയും തകർച്ചകളുടെയും ദാരിദ്ര്യത്തിൻ്റെയും ഓർമ്മകളുണർത്തുകയായിരുന്നു വാൻഗോഗ് .നിരാശയിൽ നിന്ന് രക്ഷപ്പെടാനാവാത്തപ്പോൾ ഒരു ചിത്രകാരൻ എന്താണ് ചെയ്യുക? വര ഉപേക്ഷിക്കുമോ? ഇവിടെ വാൻഗോഗ്  ഒരു സിദ്ധാന്തം കണ്ടുപിടിച്ചു.വിഷാദത്തെ പ്രവർത്തനക്ഷമമാക്കുക.വിഷാദത്തെ  സ്നേഹിക്കയാണ് വേണ്ടത്. വിഷാദത്തിൽ നിന്ന് എങ്ങനെ ജൈവോർജം നേടാമെന്നാണ് ചിന്ത.വിഷാദത്തെ അംഗീകരിച്ചു കൊണ്ടു തന്നെ അതിനെ  ഇന്ധനമാക്കി മാറ്റി പരിവർത്തനോന്മുഖമാക്കുക.


 "നിരാശയിൽ അകപ്പെടുമ്പോൾ അതിൽനിന്നും രക്ഷനേടാൻ വിഷാദത്തെ തന്നെ കർമ്മപദ്ധതിയാക്കുകയാണ് എൻ്റെ രീതി.നിരാശനായവന് പ്രതീക്ഷകളും ആഗ്രഹങ്ങളും അന്വേഷണങ്ങളും തരുന്ന വിഷാദാത്മകത്വമാണത്" - വാൻഗോഗ് എഴുതി. ഈ കാഴ്ചപ്പാട് വാൻഗോഗിൻ്റെ ചില ചിത്രങ്ങളുടെ നിർമ്മാണ രഹസ്യത്തിലേക്ക് വഴിതെളിക്കുന്നതാണ്. സുഹൃത്ത് പോൾ ഗോഗിനുമായുണ്ടായ രൂക്ഷമായ വാക്കേറ്റത്തെ തുടർന്ന് പാരീസിനടുത്തുള്ള ആൾസിലെ  'മഞ്ഞവീട്ടി,ൽവച്ച് മാനസിക പിരിമുറുക്കത്തിൽ വാൻഗോഗ് സ്വന്തം ചെവി മുറിച്ചെടുത്തു (1888 ഡിസംബർ 23)എന്നാണ് കലാചരിത്രകാരന്മാർ എഴുതിയിരിക്കുന്നത്. പോൾ ഗോഗിൻ വാളെടുത്ത് വീശിയപ്പോൾ ചെവിയറ്റു പോയതാണെന്നും മറ്റൊരു പക്ഷമുണ്ട്.   ആ സംഭവത്തിനുശേഷം വാൻഗോഗ് ആശുപത്രിയിലായി. ചികിത്സയും ഏകാന്തതയും കഷ്ടപ്പാടും അന്ത:സംഘർഷവും തുടർന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം മാനസികാഘാതത്തിൽ നിന്ന് രക്ഷനേടാനായി തെക്കൻ ഫ്രാൻസിലെ കമ്മ്യൂൺ (ടൗൺഷിപ്പ്)സെയിൻ്റ് ദി പ്രോവിൻസിലെ അഭയസങ്കേതത്തിൽ അഡ്മിറ്റാകുന്നു. താഴത്തെ നിലയിൽ പ്രകൃതിഭംഗി ആസ്വദിക്കാനും വരയ്ക്കാനും ഒരു സ്റ്റുഡിയോ സജ്ജീകരിച്ചു നല്കിയിരുന്നു.  അവിടെവച്ചാണ് പ്രസിദ്ധമായ ' ദ് സ്റ്റാറി നൈറ്റ്' (നക്ഷത്രരാത്രി 1889) വരയ്ക്കുന്നത്. 


വിസ്മയസ്വപ്നങ്ങൾ


ഈ ചിത്രത്തിൽ കറുപ്പ് വീണ്ടും പ്രാധാന്യം നേടുകയാണ്.ആദ്യകാലത്ത് വാൻഗോഗിന് കറുപ്പിനോട് പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്നു .പിന്നീടാണ് തെളിച്ചമുള്ള പകലുകളും താഴ്വരകളും ചിത്രങ്ങളിൽ ആധിപത്യം  നേടുന്നത്.മാനസികസമ്മർദ്ദവും മരണത്തോടുള്ള ആഭിമുഖ്യവും ഭയവും വിസ്മയസ്വപ്നങ്ങളും തീവ്രവൈകാരികതയും ഈ ചിത്രത്തിൽ തെളിയുന്നുണ്ട്. ജീവിതത്തിൽ പരാജയപ്പെട്ടവരെയും തകർന്നവരെയും ആശ്വസിപ്പിക്കാനാണ് താൻ വരയ്ക്കുന്നതെന്നുള്ള വാൻഗോഗിൻ്റെ പ്രസ്താവന സ്വന്തം ജീവിതാനുഭവത്തോടുള്ള പ്രീതിയിൽനിന്നും ജനിച്ചതാണ്. ഇന്ന് ഏതൊരു കലാകാരനും സ്വീകരിക്കാവുന്ന ഒരു തത്ത്വമാണിത്. വാൻഗോഗിൻ്റെ പ്രസക്തി ഇതാണ്. പതിതനായ തന്നെ സ്നേഹിക്കുന്നവർക്കെല്ലാം താൻ വർണ്ണങ്ങൾകൊണ്ട് സംപ്രീതി നല്കുമെന്നാണ് ആ തത്ത്വത്തിൻ്റെ  അടിയിലുള്ള സാരം.


"എനിക്കിപ്പോൾ നക്ഷത്രങ്ങളുള്ള  ആകാശത്തെ വരയ്ക്കാനാണ് താല്പര്യം. പകലിനേക്കാൾ രാത്രി വർണാഭമാണ്. വയലറ്റും നീലയും പച്ചയുമാണ് അവിടെ പ്രഭ ചൊരിയുന്നത്. ശരിക്ക് നോക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും ,ചില നക്ഷത്രങ്ങൾ പ്രത്യേകതരം പച്ചയാണ്, നീലയാണ് ,പിങ്കാണ് ,ബ്രൗണാണ്. അത് നമ്മോട് എന്തോ പറയുന്നുണ്ട് " -ആ കാലത്തെ സവിശേഷ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.


'ദ് സ്റ്റാറി നൈറ്റ്' ഇപ്പോൾ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. സെയിൻ്റ് പ്രോവിൻസിലെ അഭയസങ്കേതത്തിൽ കഴിഞ്ഞപ്പോൾ ,വാൻഗോഗ് മുറിയുടെ  ജനാലയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ട ദൃശ്യമാണ് 'നക്ഷത്രരാത്രി'. ഇക്കാര്യം  സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ജനാല ദൃശ്യത്തിൻ്റെ തനിപ്പകർപ്പല്ല അദ്ദേഹം വരച്ചത്.ചിത്രത്തിൻ്റെ താഴെ ഭാഗത്തുള്ള പട്ടണപ്രദേശം  സാങ്കല്പികമായി വരച്ചു ചേർത്തതാണ്. ജനാലയ്ക്കൽ നിന്നു നോക്കിയാൽ ആകാശഭാഗം മാത്രമേ കാണാനൊക്കൂ.   ആൽപിൻ മലനിരകൾ, ഉയർന്നു നില്ക്കുന്ന സൈപ്രസ് വൃക്ഷങ്ങൾ ,  വലിയ ഒരു പ്രഭാതനക്ഷത്രം (ശുക്രൻ) ,തിളങ്ങുന്ന ചന്ദ്രക്കല, മറ്റു നക്ഷത്രങ്ങൾ ,മേഘപാളികൾ, ഗോതമ്പുപാടം എന്നീ ഘടകങ്ങൾ  ചേർന്നതാണ് വാൻഗോഗിൻ്റെ 'നക്ഷത്രരാത്രി '.ഇത് സൂര്യോദയത്തിന് വളരെ മുമ്പുള്ള ദൃശ്യമാണ് .


വിഷാദത്തിൽ നിന്ന് വീര്യം 


ചിത്രത്തിൽ കറുത്ത നിറത്തിൽ  ഉയർന്നു നില്ക്കുന്ന സൈപ്രസ് മരങ്ങൾ വിഷാദാത്മകത്വത്തെ പരിവർത്തനത്തിനുള്ള ഉപാധിയാക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ്.വാൻഗോഗിൻ്റെ ആത്മീയസംവേദനമാണ്. വേറെ പല ചിത്രങ്ങളിലും അദ്ദേഹം സൈപ്രസ് മരങ്ങൾ വരച്ചിട്ടുണ്ട്. ആത്മ പ്രതിഛായയാണത്. മനസ്സിനെ ജ്വലിപ്പിക്കുന്നതും വിഭ്രമിപ്പിക്കുന്നതുമാണ് ആ രചന. അതേപോലെ സ്വപ്നാത്മകവും അതീതവുമാണ്. സഹജീവിസ്നേഹത്താൽ ത്രസിപ്പിക്കുന്നതും ചലനാത്മകവുമാണ്; വിഷാദത്തിൽ നിന്ന് ആനന്ദത്തിലേക്ക് സംക്രമിക്കുന്ന ആകാശമാണത്. ആകാശത്തിലെ അപാരമായ  ജീവിതനാടകം വാൻഗോഗ് പക്ഷേ ,ഹൃദയത്തിൽ നിന്നാണ് പകർത്തിയത്.പ്രക്ഷുബ്ധമായ വായുവിൻ്റെ സമ്മർദ്ദത്തിൽ കഴിയുന്ന  മേഘങ്ങൾ നക്ഷത്രങ്ങളിലേക്ക് ആയുന്നുണ്ടെങ്കിലും, അത് പ്രകാശത്തെ നശിപ്പിക്കുന്നില്ല. അവിടെ  നക്ഷത്രങ്ങൾ ലൗകികമായ ജ്വരത്തിൽ സാഹോദര്യം വീണ്ടെടുത്തിരിക്കയാണ്. അവ ഭൂമിയുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയാണ് .പർവ്വതനിരകളും  മേഘപാളികളും ഒരു ലയത്തെ അനുഭവിപ്പിക്കുകയാണ്. അതൊരു അഭൗമരാഗമാണ് .  നക്ഷത്രങ്ങളാകട്ടെ ഭൂമിയിലെ പതിതരെ അലിവോടെ നോക്കുകയാണ് .മനോസ്ഥൈര്യം മനുഷ്യർക്കു മാത്രമല്ല നക്ഷത്രങ്ങൾക്കും നഷ്ടപ്പെടാം, സാർത്ഥകമായ ഒരു രമ്യതയ്ക്കായി  ഉഴറുമ്പോൾ.


നക്ഷത്രങ്ങൾ ഭൂമിയിലെ ഇരുട്ടിൽ ദിക്കറിയാതെ ചുറ്റിത്തിരിയുന്നവരെയും ആലംബമറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരെയും സഹായിക്കുവാൻ ,അവർക്ക് വെളിച്ചം എത്തിച്ചുകൊടുക്കാൻ പാടുപെടുകയാണ്. ഭൂമിയിലെ തീവ്രദുഃഖവും അതിൻ്റെ ആകുലതകളും എത്ര ഭീഷണമാണെന്ന് സൈപ്രസ് മരങ്ങൾ സൂചന തരുന്നുണ്ട്. എന്നാൽ പട്ടണപ്രദേശത്തുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. അവരുടെ  ഭവനങ്ങൾ നിഷ്കളങ്കമായി ഉറങ്ങുകയാണ്; ദൂരെ നിന്നുള്ള സ്നേഹപ്രകാശങ്ങൾ തങ്ങളെ രക്ഷിക്കുമെന്ന പ്രാർത്ഥനയോടെ.


വാൻഗോഗിനെ ഒരു ക്രിസ്ത്യൻ പുരോഹിതനാക്കണമെന്നായിരുന്നു പിതാവിൻ്റെ ആഗ്രഹം .മതപഠനത്തിന് പോയെങ്കിലും അദ്ദേഹം ഖനികളിലെ തൊഴിലാളികളുടെ ജീവിതം കണ്ടു ,സഹതാപം തോന്നി അതിൽ നിന്ന് പിന്തിരിഞ്ഞു .പിന്നീട് പാരീസിലേക്ക് താമസം മാറ്റി. അവിടെ വച്ചാണ് പോൾ ഗോഗിൻ  ഉൾപ്പെടെയുള്ള വലിയ കലാകാരന്മാരെ പരിചയപ്പെടുന്നത്. ജീവിതകാലം മുഴുവൻ വായനയും വരയുമായി കഴിഞ്ഞ വാൻഗോഗിനു ഒരേ ഒരു ചിത്രമൊഴികെ ( റെഡ് വിനായാർഡ് സ്‌ അറ്റ് ആൾസ് എന്ന ചിത്രം നാനൂറ് ഫ്രാങ്കിന് ബെൽജിയത്തിലേക്ക് വാങ്ങി ക്കൊണ്ടുപോയി )മറ്റൊന്നും ജീവിതകാലത്ത് വില്ക്കാനായില്ല. അദ്ദേഹം ജീവിതത്തിൻ്റെ  അവസാനകാലത്തെ രണ്ടുവർഷമാണ്  കൂടുതലും വരച്ചത്. അപ്പോൾ പാരീസിലായിരുന്നു താമസം. തൊള്ളായിരം പെയിൻറിംഗുകൾ ചെയ്തു .രേഖാചിത്രങ്ങളും സ്കെച്ചുകളുമുൾപ്പെടെ ആകെ രണ്ടായിരത്തോളം ചിത്രങ്ങൾ .ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്മാരിലൊരാളായ വാൻഗോഗ് മിസ്റ്റിക് അനുഭൂതി നിറഞ്ഞ പോസ്റ്റ് ഇംപ്രഷണിസ്റ്റ് ശൈലിയിലാണ് വരച്ചത്.


വാക്കുകൾ 


1)സ്കൂളിൽ നിന്നും ദേവാലയത്തിൽ നിന്നും പഠിച്ചതും പുസ്തകങ്ങളിൽ നിന്ന് കിട്ടിയതും പുന:പരിശോധിക്കുക .

വാൾട്ട് വിറ്റ്മാൻ ,

(അമെരിക്കൻ കവി)


2)ചിന്തോദ്ദീപകമായ ഈ കാലത്ത് ചിന്തോദ്ദീപകമായ ഒരു കാര്യമേയുള്ളൂ;  അത് നമ്മൾ ചിന്തിക്കുന്നില്ല എന്നുള്ളതാണ്.

ഹൈഡഗ്ഗർ,

(ജർമ്മൻ ചിന്തകൻ)


3)വസ്തുക്കൾക്കിടയിലെ അദൃശ്യമായ കണ്ണി കണ്ടുപിടിക്കുന്നതിനെ പ്രതിഭ എന്ന് വിളിക്കാം.

വ്ളാഡിമിർ നബോക്കോവ്,

(റഷ്യൻ-അമെരിക്കൻ എഴുത്തുകാരൻ )


4)ഊർജതന്ത്രം സെക്സ് പോലെയാണ് ; ചില പ്രായോഗിക ഫലങ്ങൾ തന്നേക്കാം. എന്നാൽ അതുകൊണ്ടൊന്നുമല്ല നമ്മൾ സെക്സിലേർപ്പെടുന്നത്.

റിച്ചാർഡ് പി.ഫെനിമാൻ

(അമെരിക്കൻ ഭൗതികശാസ്തജൻ)


5)കുടുംബജീവിതത്തിൽ സ്നേഹമാണ് എല്ലാ സംഘർഷങ്ങൾക്കും അയവു വരുത്തുന്ന എണ്ണ ;ഒന്നിച്ച് ഉറപ്പിച്ചു നിർത്തുന്ന സിമൻ്റാണത്. ഐക്യം കൊണ്ടുവരുന്ന സംഗീതവും അതാണ്.

ഇവാ ബറൗസ് ,

(മുൻ ഓസ്ട്രേലിയൻ സാൽവേഷൻ ആർമി ഓഫീസർ)


കാലമുദ്രകൾ


1)കാരയ്ക്കാമണ്ഡപം വിജയകുമാർ


രേഖാചിത്രകാരനും പെയിൻ്ററുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ പത്രാധിപർ എന്ന നിലയിലും ശ്രദ്ധേയനാവുകയാണ് . അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ  ചിത്രകലയ്ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ' പ്രഭാവം ' മാസിക (തിരുവനന്തപുരം ) അപ്രശസ്തരും പ്രഗത്ഭരുമായ ചിത്രകാരന്മാരെയും ശില്പികളെയും  അണിനിരത്തുകയാണ്.


2)ടി. കലാധരൻ 


കേരള കലാപീഠം എന്ന പേരിൽ ടി. കലാധരൻ സ്വന്തം വസതിയിൽ (കാരയ്ക്കാമുറി) നടത്തിയിരുന്ന ഗാലറിയും സംവാദവേദിയും  ദീർഘകാലം കൊച്ചിയിലെ കലാകാരന്മാരുടെയും  സാഹിത്യകാരന്മാരുടെയും സംഗമസ്ഥലമായിരുന്നു .അവിടെ ഒരു ബദാമിൻ്റെ ചുവട്ടിലായിരുന്നു സന്ധ്യാചർച്ചകൾ. പത്രപ്രവർത്തകൻ വി.വിജയറാം അതിന് കാട്ടുബദാം എന്ന പേരിട്ടു.


3)ഒ.വി.ഉഷ 


ഏതാനും മാസങ്ങൾക്കു മുമ്പ് ഒ.വി.ഉഷ ഒരഭിമുഖത്തിൽ പറഞ്ഞു: 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലെ ഞാറ്റുപുര എന്ന നിലയിൽ ഇപ്പോൾ പരിപാലിക്കുന്ന തസ്രാക്കിലെ വീടുമായി ഒ.വി.വിജയന് ബന്ധമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.


4)ബി .ആർ .പി .ഭാസ്കർ 


പ്രായോഗിക പത്രപ്രവർത്തനത്തിലും സൈദ്ധാന്തിക രംഗത്തും വിപുലമായ അറിവ് നേടിയ ബി .ആർ .പി ഭാസ്കർ സാംസ്കാരികചിന്തകനെന്ന നിലയിലും ശ്രദ്ധയാകർഷിച്ചു. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ 'ന്യൂസ് റൂം 'എന്ന പേരിൽ  പുസ്തകമായിരിക്കുന്നു.


5)കാനായി കുഞ്ഞിരാമൻ


താൻ കേരളീയ പൊതുസാംസ്കാരിക കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച മനോഹരമായ ശില്പങ്ങൾ ചില ശക്തികൾ വന്നു വികൃതമാക്കുന്നത് കാനായി കുഞ്ഞിരാമന് നേരിൽ കാണേണ്ടിവന്നു.


കവിതയിലെ ഇന്ദ്രിയം


എം .പി .പ്രതീഷ് സ്വന്തം കവിതയെ ജീവിതവുമായി ചേർത്തുവച്ച് എഴുതിയ ലേഖനം ( എഴുത്ത് ,ജനുവരി) വ്യത്യസ്തവും ആശയപരമായി ആഴമുള്ളതുമാണ്. അദ്ദേഹം എഴുതുന്നു: " ഇന്ദ്രിയങ്ങളായിരുന്നു എൻ്റെ ഭാഷ .ഇന്ദ്രിയങ്ങളായിരുന്നു ഞാൻ വായിച്ച പുസ്തകങ്ങൾ. ചില കാലങ്ങളിൽ സൂര്യനും ചില കാലങ്ങളിൽ ചന്ദ്രനും മറുകാലങ്ങളിലെല്ലാം ഇരുളും എനിക്ക് മാർഗ്ഗം കാണിച്ചു " .


പ്രതീഷിൻ്റെ 'ഈർപ്പം ' എന്ന കവിതയിലെ ചില വരികൾ:

"പുറത്തുകടക്കാൻ പഴുതുകളില്ലാതെ വെള്ളത്തിൻ്റെ

മേൽത്തട്ടിൽ വന്നു മടങ്ങിപ്പോകുന്ന മീനുകളെപ്പോലെ 

ചില്ലിമേൽ വന്നു തട്ടി 

തിരിച്ചുപോവുന്ന ഈർപ്പം " .


മലയാളത്തിനെതിരെ 


ജയമോഹൻ എന്ന തമിഴ് എഴുത്തുകാരൻ വലിയൊരു കണ്ടുപിടുത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ' ജനുവരി 10) നടത്തിയിട്ടുണ്ട് .വായനക്കാർ ശ്രദ്ധിച്ചാലും :

"മലയാളത്തിനു തനിച്ചു നിലനില്ക്കുക ബുദ്ധിമുട്ടേറിയതാണ് " . 


അദ്ദേഹം പറയുന്നു ,സംസ്കൃതവാക്കുകൾ മലയാളിക്ക് അന്യമാണെന്ന്! .ഇത്രയും അർത്ഥശൂന്യമായ വാക്കുകൾ സമീപകാലത്ത് കേട്ടിട്ടില്ല. ഒരു ഭാഷയ്ക്കും തനിയെ നില്ക്കാനാവില്ലെന്ന് മനസ്സിലാക്കുക.ജയമോഹൻ എന്ന പേരു തന്നെ സംസ്കൃതമാണ്. പല ഭാഷകളിലെ വാക്കുകൾ കൂടിച്ചേർന്നാണല്ലോ ലാറ്റിനമേരിക്കൻ ഭാഷകൾ നിലനില്ക്കുന്നത്. ലാറ്റിനമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലെ ഭാഷ സമ്മിശ്രമാണ്. സ്പാനീഷാണ് മുഖ്യം.എന്നാൽ ഫ്രഞ്ച് ,പോർച്ചുഗീസ് ,മായൻ, അജ്മാറ തുടങ്ങിയ ഭാഷകളും ഉപയോഗിക്കുന്നു. മലയാളി ഒരു ദിവസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സംസ്കൃതമാണ്; പ്രണയം ,ആശയം, ചിന്ത, തൽസമയം, പത്രം ,വാർത്ത, പ്രകൃതി  തുടങ്ങിയവ.അതേസമയം ഇംഗ്ളീഷും വേണം. ജയമോഹൻ ഏതോ പുരാതന ലോകത്ത് കഴിയുന്ന പോലെ തോന്നുന്നു.


No comments:

Post a Comment