Wednesday, January 6, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ / ആന്തരികമായ ഛന്ദസ്സ് /metrovartha Dec 4

 


ആന്തരികമായ ഛന്ദസ്സ്

വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളെ ആഴത്തിൽ പരിശോധിക്കാൻ കഴിവുള്ള ഒരു നോവലിസ്റ്റ് ഇപ്പോഴില്ല എന്ന് പറഞ്ഞത് പ്രമുഖ ഫ്രഞ്ച് -അമെരിക്കൻ  സാഹിത്യവിമർശകനും എഴുത്തുകാരനുമായ ജോർജ് സ്റ്റീനറാണ് (1929 -2020) .ഇക്കാര്യത്തിൽ  കൂടുതൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് അദ്ദേഹം പ്രമുഖ ബൊഹീമിയൻ - ഓസ്ട്രിയൻ കവി റെയ്നർ മരിയാ റിൽകേയുടെ കുടുംബജീവിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വളരെ നേരത്തെതന്നെ റിൽകേക്ക് ഭാര്യയെ ഉപേക്ഷിക്കേണ്ടിവന്നു. തീവ്രമായ മാനസികാവസ്ഥയിലൂടെയും മനനപ്രശ്നങ്ങളിലൂടെയും കടന്നു പോയ റിൽകേക്ക് കടുത്ത ഏകാന്തത ആവശ്യമായിരുന്നു .സ്വയം എത്രമാത്രം  ആഴത്തിൽ ദർശിക്കാനാവുമെന്ന്  നിൽകേ ഓരോ വരി എഴുതുമ്പോഴും ആലോചിച്ചുകൊണ്ടിരുന്നു .അങ്ങനെ ഭാര്യയുമായി പ്രശ്നങ്ങൾ ഉടലെടുത്തു. ആ ഭാര്യയ്ക്ക് റിൽകേ ഒരിക്കൽ ഇങ്ങനെ എഴുതി :"നല്ലവിവാഹ ജീവിതത്തിൽ ഒരാൾ മറ്റേയാളിൻ്റെ  ഏകാന്തതയുടെ രക്ഷകർത്താവായിരിക്കണം" .സ്റ്റീനർ  പറഞ്ഞു: "എത്ര നല്ല വാക്യം!" . അത് വലിയൊരു ജനാധിപത്യപരമായ ആവശ്യവുമാണ്. മറ്റൊരാളെ ജീവിക്കാൻ അനുവദിച്ചാൽ പോരാ; സ്വസ്ഥതയോടെയിരിക്കാൻ സഹായിക്കണം .വിവാഹത്തിൽ മാത്രമല്ല ,പ്രണയത്തിലും ഇത്  പ്രതിസന്ധിയാകാറുണ്ട് .താൻ പ്രേമിക്കുന്ന ആൾക്ക് സ്വസ്ഥത കൊടുക്കാതെ പിന്തുടരുന്നവരുണ്ട്; സ്നേഹരാഹിത്യമല്ലിത്.ഒരു പ്രത്യേക മാനസികാവസ്ഥയിൽ നിന്നുണ്ടാകുന്ന പ്രണയക്കുശുമ്പാണ്.

ഭാവനയുടെ ഉത്തരവാദിത്വം

നമ്മുടെ കാലം ഒരു വിപരീതാനുഭവത്തിൻ്റെ വായ്ത്തലയിലാണെന്ന് പറയാം .അതായത് , പുസ്തകാനുഭവങ്ങളുടെയും  സാക്ഷരതയുടെയും പ്രേരണയിലും  പ്രചാരത്തിലും മനുഷ്യൻ നേടിയ അറിവുകൾ അവൻ്റെ സംസ്കാരത്തെ തന്നെ കെണിയിലാക്കുകയാണ്. പുസ്തകം വായിക്കാത്തയാളും ഇന്ന് പുസ്തകങ്ങളുടെ സ്വാധീന വലയത്തിലാണ് .കാരണം, പുസ്തകങ്ങളിൽ നിന്നു ജനിച്ച ആശയങ്ങളുടെയും അറിവുകളുടെയും ബലത്തിലാണ് സിനിമയും സകല കലകളും നിലനിൽക്കുന്നത്. അമിതമായ പുസ്തക സംസ്കാരസ്വാധീനമാണ് സ്റ്റാലിനിസത്തിന്നും നാസി ഭരണത്തിനും ഏകാധിപത്യത്തിനും  കാരണമായതെന്ന് സ്റ്റീനർ  ചൂണ്ടിക്കാട്ടുന്നു. സാംസ്കാരികമായ പ്രചാരണത്തിൻ്റെയും പരിശീലനത്തിൻ്റെയും എല്ലാ അടവുകളും മനസ്സിലാക്കിയവരാണ് ഇന്നുള്ളത് .കല്പിതകഥയുടെയും ദുർഗ്രഹമായ ചിന്തകളുടെയും തലത്തിൽ നമ്മൾ ജീവിതകാലമത്രയും പരിശീലനം നേടുന്നത് എന്തിനുവേണ്ടിയാണ് ?ക്രൂരമായതിനെ  അനുകരിക്കാൻ ; ക്രൂരതയിൽ ജീവിക്കാൻ ,നശിപ്പിക്കാൻ. സ്റ്റീനർ എഴുതുന്നു: " തെരുവിൽ ചെന്നാൽ കേൾക്കുന്ന കരച്ചിലിൽ അപരിചിതമായ  യാഥാർത്ഥ്യമാണുള്ളത് . ഉച്ചയ്ക്കുള്ള സിനിമ കഴിഞ്ഞ് നഗരത്തിൽ ചെന്നപ്പോൾ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിരുന്നു. ഒരു മനംപുരട്ടൽ ഉണ്ടായി .യാഥാർത്ഥ്യബോധം വീണ്ടെടുക്കാൻ കുറെ സമയമെടുത്തു " .
സാഹിത്യം പഠിക്കുന്ന തലമുറകളാണല്ലോ ഇതുവഴി കടന്നു പോയത്. എന്നാൽ ഈ കൃതികൾ പഠിച്ച മനുഷ്യർ തെറ്റായ വീക്ഷണങ്ങളിൽ നിന്ന് പിന്തിരിയുന്നുണ്ടോയെന്ന് സ്റ്റീനർ ചോദിക്കുന്നു. ഒരു മഹത്തായ മാനവസംസ്കാരമുണ്ടാക്കാൻ,   ഉയർന്ന ജീവിതാവബോധം പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാഹിത്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾകൊണ്ട് എന്തു
പ്രയോജനം? നമ്മൾ മനുഷ്യത്വമില്ലാത്തവരാണെന്ന് സ്വയം ചിന്തിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നു.മഹത്തായ കൃതികൾ പഠിച്ചവർ സ്വന്തം സാംസ്കാരികമായ അന്ധതയിൽ നിന്ന് ,ബധിരതയിൽ നിന്ന് പുറത്തു കടക്കാൻ  തയ്യാറാവുന്നില്ല. മനുഷ്യൻ്റെ  ഭാവനയ്ക്ക് ഒരു ഉത്തരവാദിത്തം വേണം. നമ്മെ കുഴയ്ക്കുന്ന  യാഥാർത്ഥ്യങ്ങളുടെ നിർമ്മിതിയിൽ നമ്മുടെ ഭാവനയ്ക്കും പങ്കുണ്ട്.
ലക്ഷക്കണക്കിന് ആളുകളെ കംബോഡിയൻ ഏകാധിപതി പോൾപോട്ട് ജീവനോടെ ചുട്ടുകൊന്നത് പത്രത്തിൽ വായിച്ച ജനത ഒരാളെ കൊന്നുവെന്ന് കേട്ടാൽ കിട്ടുമോ?- സ്റ്റീനർ ചോദിക്കുന്നു. നമ്മുടെ സംസ്കാരത്തിനാകെ ഒരു ഷണ്ഡത്വം ബാധിച്ചുവെന്നില്ലേ ഇത് കാണിക്കുന്നത് ?

ചിന്താപരമായ വാർദ്ധക്യം

കവിതയിൽ സ്വതന്ത്രമായ ഛന്ദസ്സിനെതിരെ ഇപ്പോഴും ചില യാഥാസ്ഥിതിക കവികളും അധ്യാപകരും ശബ്ദമുയർത്തുന്നത് കാണാം .ഇത് അവരുടെ ഗതികേടാണ് കാണിക്കുന്നത്. പരമ്പരാഗതമായ താളത്തിലും ആവർത്തനവിരസമായ പ്രമേയങ്ങളിലും നങ്കൂരമിട്ടു കിടക്കുന്ന ഇക്കൂട്ടരുടെ ചിന്താപരമായ  വാർദ്ധക്യത്തെ സ്വയം മറികടക്കാനാവാത്തതിൻ്റെ  കഷ്ടപ്പാടുണ്ട്. സ്റ്റീനർ എഴുതുന്നു: "ഒരു യഥാർത്ഥ കവി തൻ്റെ  അന്തരംഗത്തിൻ്റെ സ്വകാര്യമായ തീവ്രതയിൽ ജീവിക്കുകയാണ്.  തൻ്റെ എല്ലാ അറിവുകളെയും സകല ജ്ഞാനശകലങ്ങളെയും ആ കവി  ആന്തരികമാക്കുകയാണ്. അത് ഏതൊക്കെയാണെന്ന് വേർതിരിച്ചെടുക്കാൻ അയാൾക്ക് നേരമില്ല. എല്ലാം ചേർത്താണ് അയാൾ എഴുതുന്നത്. അതുകൊണ്ട് അയാൾ പരമ്പരാഗത ഛന്ദസ്സ് (വൃത്തത്തിനു ആസ്പദമായ നിയമങ്ങൾ ) പാലിക്കാതെ അകന്നു മാറുന്നു.അപ്പോൾ അത് സ്വതന്ത്ര ഛന്ദസ്സായി മാറിയേക്കാം .അത് പുരാതന ഈണങ്ങളുടെ ഫോസിലുകൾ വഹിക്കാനുള്ള ഛന്ദസ്സല്ല ;ആന്തരികമായ ഛന്ദസ്സാണ്.ഇത് വ്യക്തിഗതവും സ്വതന്ത്രവുമാണ്. അയാളുടെ ഊന്നൽ വേറെയാണ് .കവിതയിലെ രൂപവും ഉള്ളടക്കവും തമ്മിലുള്ളത് ജൈവബന്ധമാണ്. രൂപമില്ലെങ്കിൽ ഉള്ളടക്കമില്ല ;ഉള്ളടക്കമില്ലെങ്കിൽ രൂപമില്ല. ശരീരം ഇല്ലെങ്കിൽ മനസ്സില്ലല്ലോ , അതുപോലെ. ഈ മനസ്സ് ഈ ശരീരത്തിന് ചേർന്നതല്ലെന്ന് പറയുന്നത് അസംബന്ധമല്ലേ? അതുകൊണ്ട് വൃത്തമില്ലാതെ , വരിതെറ്റിച്ച് എഴുതുന്നയാളോട് ഇത് ശരിയാണോ എന്ന് ചോദിച്ചാൽ ആ കവി ക്ഷുഭിതനായേക്കും. കാരണമെന്താണ് ? കവി ആ രീതിയിൽ ചിന്തിക്കുന്നില്ല .അയാൾ ഒരു തീവ്രമായ ആന്തരിക പ്രക്ഷോഭത്തെയാണ് വാക്കുകളിലാക്കുന്നത് .കവിത വായിക്കാനുള്ളതാണ് ,കാണാനുള്ളതല്ല . റൊമാൻറിക് കവി വേർഡ്സ്വർത്ത് പറഞ്ഞതുപോലെ , നൈസർഗികമായ വൈകാരിക പ്രവാഹമാണെന്ന നിർവ്വചനം വെച്ച് എല്ലാകാലത്തും കവിതയെ സമീപിക്കാനാവില്ല.

വികാരത്തെ ചൂഷണം ചെയ്യുന്നവർ

ചിന്താശേഷി കുറഞ്ഞ ചില കവികൾ  വളരെ പഴകിയ, ചെടിപ്പുണ്ടാക്കുന്ന വിഷയങ്ങൾ മഹാകണ്ടുപിടുത്തമെന്ന  മട്ടിൽ ,വൃത്തത്തിൽ എഴുതി അവതരിപ്പിച്ചു തൃപ്തി നേടുകയാണ്. അമ്മയുടെ മഹത്വവും മുലപ്പാലിൻ്റെ  മാധുര്യവും എഴുപതു കഴിഞ്ഞവർ എഴുതി ബോധ്യപ്പെടുത്തേണ്ടതുണ്ടോ? ഇവിടെ ധാരാളം പേർ മുലകുടിച്ചു കഴിഞ്ഞു. അതിൻ്റെ മാധുര്യം ആസ്വദിച്ചു. എന്തിനാണ് എല്ലാവർക്കും അറിയാവുന്ന വിഷയം വീണ്ടും വീണ്ടും എഴുതി നശിപ്പിക്കുന്നത് ?മറ്റുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യുന്നതിൻ്റെ ഭാഗമാണിത്. അമ്മയോടുള്ള സ്നേഹം എന്തിനാണ് പുരപ്പുറത്ത്‌ കയറി നിന്ന് മൈക്ക് വച്ച് പ്രസംഗിച്ച് കേൾപ്പിക്കുന്നത്. അങ്ങനെ ചെയ്താൽ, അമ്മയോട് സ്നേഹമുള്ളവരെല്ലാം കൂടെ വരുമെന്ന് ഇവർ വിചാരിക്കുന്നു.

സ്റ്റീനർ ഒരു പ്രധാന കാര്യം കൂടി പറഞ്ഞു.  ഒരു വലിയ എഴുത്തുകാരനാവാൻ എല്ലാവർക്കും കഴിയില്ല .ഭാഷയും  ജീവിതത്തിൻ്റെ  ഉല്പത്തിവിശേഷങ്ങളും ഒരാളിൽ  നൈസർഗികമായി ഒരുമിച്ച് വരണം. അപ്പോഴാണ് മഹത്തായ സാഹിത്യം ഉണ്ടാകുന്നത്. ഫ്രഞ്ച് സാഹിത്യചരിത്രത്തിലെ ഹെവിവെയ്റ്റ് എഴുത്തുകാരൻ മാർസൽ പ്രൂസ്തിൻ്റെ രചനകൾ ഇത് ഓർമ്മിപ്പിക്കുന്നു.

വാക്കുകൾ

1)നിങ്ങൾക്കറിയാമോ ,സംഗീതം സെക്സാണ്.അതൊരു വൈകാരികമായ കുതിപ്പായി ആളുകളെ സ്വാധീനിക്കും, ഒരു പ്രത്യേക രീതിയിൽ മീട്ടുകയാണെങ്കിൽ.
ഡിക്ക് ഡെയ്ൽ ,
(അമെരിക്കൻ റോക്ക് ഗിത്താറിസ്റ്റ് )

2)സൗന്ദര്യം അധികാരമാണ്; ഒരു പുഞ്ചിരിയാണ് അതിൻ്റെ വാൾ.
ജോൺ റേ
(ഇംഗ്ളീഷ് പ്രകൃതിപ്രേമി)

3)തെറ്റിൽ നിന്ന് സത്യത്തിലേക്ക് ഉയരുന്നത് അപൂർവ്വമാണ് ,സുന്ദരവുമാണ്.
വിക്ടർ യുഗോ,
(ഫ്രഞ്ച് എഴുത്തുകാരൻ )

4)ഒരു ചോദ്യവും വേണ്ട ,സാഹിത്യരചനയിൽ ഉള്ളടക്കത്തേക്കാൾ പ്രധാനം ശൈലിയാണ്‌.
ഫെർനാണ്ടോ സൊറെൻറിനോ,
(അർജൻ്റയിൻ എഴുത്തുകാരൻ )

5)യാതന അനുഭവിക്കുന്നവനാട് ദയയുള്ളവനായിരിക്കുന്നത് ഒരു മനുഷ്യഗുണമാണ് ;ഇത് എല്ലാവരും നേടണം.
ജിയോവനി ബൊക്കാഷിയോ,
(ഇറ്റാലിയൻ എഴുത്തുകാരൻ )

കാലമുദ്രകൾ

1)ബൈജു ചന്ദ്രൻ

മലയാളത്തിലെ സിഗ്നേച്ചർ ഗാനമായി പരിഗണിക്കാവുന്ന 'ചെപ്പു കിലുക്കണ ചങ്ങാതി ചെപ്പു തുറന്നൊന്നു കാട്ടുലെ ' ( 1956 ,രചന:ഓ എൻ.വി. ,സംഗീതം :ദേവരാജൻ, നാടകം: മുടിയനായ പുത്രൻ)ആലപിച്ച  കെ.പി.എ.സി സുലോചനയുടെ ജീവചരിത്രം എഴുതുകയാണ് മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രൻ. അഴിമുഖം ഡോട്ട് കോമിൽ പരമ്പരയായി വരുന്ന ആ ജീവിതകഥ സുലോചനയുടെ നാടകദിനങ്ങളുടെ തീക്ഷ്ണസന്ദർഭങ്ങൾ  ഓർമ്മിപ്പിക്കുന്നു.

2)അനിൽ നെടുമങ്ങാട്

'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ അനിൽ നെടുമങ്ങാടിൻ്റെ പ്രകടനം ആരും മറക്കില്ല.പ്രത്യേകിച്ചും  രഞ്ജിത്തിനെ പോലെ സീനിയറായ ഒരു ചലച്ചിത്രപ്രവർത്തകനുമൊത്തുള്ള  കോമ്പിനേഷൻ സീനിൽ .പരിചയസമ്പന്നരായ പൃഥ്വിരാജ് ,ബിജുമേനോൻ എന്നിവരോട് കിടപിടിക്കാൻ അനിലിൻ്റെ മനോധൈര്യം മാത്രം മതിയായിരുന്നു.

3)ദീപൻ ശിവരാമൻ

സമീപകാലത്ത് നാടകാനുഭവങ്ങൾക്ക് സ്കൂൾ ഓഫ് ഡ്രാമ തടവറകളിൽനിന്ന്  കുറേക്കൂടി തുറസ്സായ ഇടങ്ങൾ വേണമെന്ന് ശഠിച്ചുകൊണ്ട് ദീപൻ ശിവരാമൻ "ഖസാക്കിൻ്റെ ഇതിഹാസ 'ത്തെ രംഗത്തവതരിപ്പിക്കാൻ ശ്രമിച്ചത് ശ്രദ്ധേയമായിരുന്നു.ഒരവതരണം ഒരേസമയം പരീക്ഷണവും അതിജീവനവുമാണ്‌.

4) വിജയകുമാർ മേനോൻ

കേസരി ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം നമ്മുടെ ചിത്രകലാനിരൂപണം ഡോ.കെ.ടി.രാമവർമ്മ തുടങ്ങിയവരിലൂടെ നീങ്ങി. ഇപ്പോൾ വിജയകുമാർ മേനോൻ, പതിറ്റാണ്ടുകളിലൂടെ , ചിത്രകലയെക്കുറിച്ച് താരതമ്യേന ബൃഹത്തായ ഒരു സാഹിത്യം സൃഷ്ടിച്ചിരിക്കുന്നു. 

5)ഡോ. സെലിൻ മാത്യു

ജർമ്മൻ ഭാഷയിൽ ഫ്രാൻസ് കാഫ്ക എഴുതിയ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ. സെലിൻ മാത്യുവിനു വലിയ പ്രാധാന്യമുണ്ട്.കാരണം ,അവർ  ജർമ്മൻ ഭാഷയിൽ നിന്ന് നേരിട്ട് ആ രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ആ പുസ്തകത്തിൽ കാഫ്കയുടെ ഏതാനും കഥകളോടൊപ്പം ജീവിതത്തിലെ പ്രധാന സംഭവങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട് .

കഥയും സമകാലികതയും

'2020 കടന്നുപോകുമ്പോൾ ' എന്ന പേരിൽ കല്ലറ അജയൻ എഴുതിയ ലേഖനത്തിൽ (ജന്മഭൂമി വാരാദ്യം ,  ഡിസംബർ 27) ചെറുകഥയ്ക്ക് ചുറ്റും വട്ടം കറങ്ങുന്ന മലയാള സാഹിത്യത്തെപ്പറ്റി പറയുന്നതിൽ  കഴമ്പുണ്ട്. കുറച്ചു കഥകൾ  മാത്രമെഴുതിയവർക്ക്  ' കൾട്ട് ഫിഗർ ' ആകാൻ പറ്റുന്ന സാഹചര്യം ഇവിടെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.ഒരേയൊരു കഥ എഴുതിയവരെ പോലും ആഴ്ചപ്പതിപ്പുകൾ കവർചിത്രം നല്കി ആനയിക്കുന്നു. സാഹിത്യത്തിൻ്റെ   വിവിധ മേഖലകളിൽ  പതിറ്റാണ്ടുകളുടെ നിസ്തന്ദ്രമായ പ്രവർത്തനം നടത്തിയവരെ തമസ്കരിക്കാനുള്ള ഗൂഢപദ്ധതി തയ്യാറായിരിക്കുന്നു.

എന്നാൽ ലേഖനത്തിൽ 'കെ.പി.അപ്പനും മുണ്ടശ്ശേരിയും ഒക്കെ പാശ്ചാത്യ പക്ഷപാതിത്വത്തിൽ മുങ്ങിപ്പോയി' എന്ന് ആക്ഷേപിച്ചത് ശരിയായില്ല. പാശ്ചാത്യകൃതികൾ വായിക്കുന്നതും അതിനെക്കുറിച്ച് എഴുതുന്നതും ഒരു കുറവോ പക്ഷപാതമോ അല്ല. അത് ലോകനിലവാരത്തിലുള്ള അറിവിൻ്റെ  പ്രശ്നമാണ്. നവീനകാലത്ത്  സാഹിത്യകൃതികളെപ്പറ്റി എഴുതുന്നവർ  ജോർജ്ജ് സ്റ്റീനർ, ദറിദ ,ബാർത്ത് ,  ആൽബേർ കമ്യൂ, എലിയറ്റ്, ഹാരോൾഡ് ബ്ളൂം തുടങ്ങിയവരെ വായിക്കണം. അല്ലാതെ എഴുതുന്നത്, അപൂർണമാണ്. അറിവിനെ നിഷേധിക്കേണ്ട. പാശ്ചാത്യ എഴുത്തുകാർ ഇന്ത്യയിലെ പ്രാചീന കൃതികൾ ഉദ്ധരിക്കാറുണ്ട്.അതു പോലെ തിരിച്ചും നമുക്ക് ചെയ്യണ്ടേ ?  ആഗോള സമകാലിക അവബോധം ആവശ്യമാണ് .

മരങ്ങൾ പാടുന്നു

വി.ടി ജയദേവൻ്റെ 'മൂന്ന് കവിതകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 20 ) ആശ്വാസത്തോടെ വായിച്ചു.

"ആകാശത്തിൽ
നക്ഷത്രം പെറുക്കിക്കൊണ്ടിരിക്കെ മരങ്ങൾ ദൈവത്തിൻ്റെ
കാലടയാളം കണ്ടു
നിലാവിൽ കുതിർന്ന
ഒരു പൗർണമിയിൽ
മരങ്ങളൊന്നടങ്കം
ദൈവത്തിൻ്റെ അനുചരന്മാരായി
അവരുടെ മൗനഭാഷയിൽ
പൂക്കളുടെ ലിപിയിൽ
ആദ്യത്തെ വേദപുസ്തകം എഴുതി "

ഈ  അതിവാസ്തവികത കവിതയ്ക്ക്  അനിവാര്യമാണ് .കാരണം ,കവിത അതിൻ്റെ ഉള്ളിലുള്ള ജ്ഞാനജ്വാലകളിൽ നിന്നാണ് വിനിമയം ചെയ്യുന്നത്. അത് സമാന്തരമായി മറ്റൊരു ഭാഷയാണ് .

അക്ഷരജാലകംലിങ്ക്








No comments:

Post a Comment