Monday, December 28, 2020

അക്ഷരജാലകം/എം.കെ.ഹരികുമാർ / അൽബേനിയൻ തന്ത്രികൾ /metrovartha 28,dec2020


 ദന്തെയുടെ 'ഡിവൈൻ കോമഡി 'യിൽ കൊടുങ്കാറ്റിനെ കണ്ട് ഭയപ്പെടുന്നവരെ നോക്കി പുരാതന റോമൻ കവി വിർജിൽ പറയുന്നുണ്ട്, അതൊരു  ചത്ത കൊടുങ്കാറ്റാണെന്ന് . ആത്മാവിൻ്റെ രക്ഷക്കായി അവർ അപ്പോൾ നരകത്തിലൂടെ യാത്രചെയ്യുകയായിരുന്നു. എന്നാൽ ഈ ചത്ത കൊടുങ്കാറ്റും  എഴുത്തുകാരനും തമ്മിൽ എന്താണ് ബന്ധം? പ്രമുഖ അൽബേനിയൻ കവിയും നോവലിസ്റ്റുമായ ഇസ്മയിൽ ഖാദറെ  കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിലെ പ്രശസ്തമായ ന്യൂസ്താദ്  ഇൻ്റർനാഷണൽ പ്രൈസ് സ്വീകരിച്ചുകൊണ്ട് ചെയ്ത അഭിസംബോധനയിൽ തളർന്നും വീണും ദുഃഖിച്ചും  മുറിപ്പെട്ടും സ്വയം അതിജീവിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരെപ്പറ്റി പറയുന്നുണ്ട്. പീഡനത്തെയും  മരണത്തെയും  ചെറുത്തു നിന്നതിൻ്റെ ചരിത്രമാണ് സാഹിത്യത്തിനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.


ഒക്ലഹോമ  യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഈ ന്യൂസ്താദ് സമ്മാനം രണ്ടുവർഷത്തിലൊരിക്കലാണ് കൊടുക്കുന്നത്. ഇത് നോബൽ സമ്മാനത്തിനു തുല്യമായി പരിഗണിക്കപ്പെടുന്നു.ഒക്ലഹോമ യൂണിവേഴ്സിറ്റിയുടെ 'വേൾഡ് ലിറ്ററേച്ചർ ടുഡേ' എന്ന മാഗസിനിലാണ് ഇസ്മയിൽ ഖാദറെ അയച്ചുകൊടുത്ത ഈ  ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. " ഇതുപോലുള്ള കൊടുങ്കാറ്റിനെ ചത്ത കൊടുങ്കാറ്റായി കാണണമെങ്കിൽ അസാമാന്യ സാമർത്ഥ്യം വേണം. ഈ സാമർത്ഥ്യമുണ്ടെങ്കിലേ ഒരാൾക്ക് എഴുത്തുകാരനാകാൻ കഴിയൂ '' - ഖാദറെ പറയുന്നു.


അധികാരത്തോടും വ്യവസ്ഥയോടും എപ്പോഴും അകലം പാലിക്കേണ്ടവനാണ് എഴുത്തുകാരൻ എന്ന എക്കാലത്തെയും വലിയ ആദർശം അദ്ദേഹവും  പിന്തുടരുന്നു.ഇതിനെ വ്യക്തിപരമായി കാണാനാവില്ല.ധാരാളം പേർ സാഹിത്യരചനയിലേർപ്പെട്ടതിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്;കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ സുരക്ഷയും സ്വയംപര്യാപ്തതയും ചിലപ്പോൾ ജീർണതയായി മാറാം.  ഒരു വ്യവസ്ഥയുടെ നിർദ്ദയമായ സമീപനങ്ങളെ മുൻകൂട്ടി കാണാനാവണം. സാഹിത്യത്തിൻ്റെ പേരിൽ അപമാനിക്കപ്പെട്ടവരോട് എഴുത്തുകാരൻ ഐക്യദാർഢ്യം പ്രഖ്യാപിക്കണം . ലെനിൻ്റെ ലേഖനങ്ങളിലും സ്റ്റാലിൻ്റെ പീഡനമുറകളിലും മാവോയുടെ വെറുപ്പിലും കമ്പോഡിയൻ ഏകാധിപതിയായിരുന്ന പോൾപോട്ടിൻ്റെ ക്രൂരതകളിലും വെന്ത് നീറിയത് സാഹിത്യവും അതിൻ്റെ രചയിതാക്കളുമാണ്. സ്റ്റാലിൻ  സൃഷ്ടിച്ചത് തൻ്റെ ചെയ്തികളെ വാഴ്ത്തുന്ന ഒരു കൂട്ടം എഴുത്തുകാരെയാണ് .ഇവരാകട്ടെ യഥാർത്ഥ  സാഹിത്യം നശിക്കണമെന്ന്  ആഗ്രഹിച്ചവരാണ്. പോൾപോട്ട് വായനക്കാരെയും വധിച്ചു. കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ സാഹിത്യകാരന്മാരെ വേട്ടയാടുകയും കൃതികൾ നശിപ്പിക്കുകയും ചെയ്തത് ഖാദറെ ഓർമ്മിപ്പിക്കുന്നു. കമ്മ്യൂണിസവും സാഹിത്യവും തമ്മിൽ ഒരുമിച്ചു പോകില്ല - അദ്ദേഹം പറയുന്നു.


ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് 


ചുറ്റുപാടുകളിലെ മരണങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നത് എളുപ്പമല്ല. അതിനാണ് സഹനത്തിൻ്റെയും ചെറുത്തുനിലിൻ്റെയും ആവശ്യമുള്ളത് .എഴുത്തുകാരൻ്റെ  ജീവിതത്തെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ നോക്കിക്കാണുകയാണ് അദ്ദേഹം. മരണം എന്നത് കേവല മരണമാകണമെന്നില്ല. സാഹിത്യം എന്ന മാധ്യമത്തിൽ നിന്ന് പ്രതിലോമശക്തികൾ ,വ്യവസ്ഥാപിത അധീശശക്തികൾ ഒരാളെ തള്ളി മാറ്റുന്നതും മരണത്തിനു തുല്യമാണ്. ഉയർന്ന വാസ്തവികതയിലുള്ള വിശ്വാസമാണ് സാഹിത്യത്തിൻ്റെ അടിസ്ഥാനം. അതാണ് ഒരുവനെ കൂടുതൽ എഴുതാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നത്.  നമ്മൾ കാണുന്നതിനപ്പുറം നോക്കണം. ഇത്  സത്യത്തിനു വേണ്ടിയാണ് .സത്യം മനസ്സിൽ നിന്നാണ് വരേണ്ടത്.സാഹിത്യത്തിൻ്റെ കലാപത്തിനു എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത്  ഇതിഹാസങ്ങളിലും ഗ്രീക്ക് ദുരന്ത നാടകങ്ങളിലും ദന്തെയുടെയും ഗൊയ്ഥെയുടെയും കൃതികളിലുമായി പരന്നു കിടക്കുന്നു. ഈ കലാപത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന്  ഒരോ  എഴുത്തുകാരനും സ്വയം ചോദിക്കണമെന്നാണ് ഖാദറെ ഉദ്ദേശിക്കുന്നത്‌. അപ്പോഴാണ് യാഥാർത്ഥ്യം ബോധ്യപ്പെടുകയുള്ളു.


തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ അൽബേനിയ അതിർത്തി പങ്കിടുന്നത് ഗ്രീസ് , നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളുമായാണ്.  ഔദ്യോഗികഭാഷ  അൽബേനിയൻ.

'ദ് ജനറൽ ഓഫ് ഡെഡ് ആർമി ' (1963) എന്ന നോവലിലൂടെയാണ് ഖാദറെ ഏറെ പ്രശസ്തി നേടിയത്. ഇത്  വിവിധ ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ഇറ്റാലിയൻ ജനറൽ അൽബേനിയയിലേക്ക് വരുന്നതാണ് നോവലിൻ്റെ പ്രമേയം .ജനറൽ വന്നിരിക്കുന്നത് അവിടെ കൊലചെയ്യപ്പെട്ടു കിടക്കുന്ന ഇറ്റാലിയൻ പട്ടാളക്കാരുടെ ശവശരീരങ്ങൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാനാണ്. ഏകാധിപത്യത്തെ നേരിൽ കണ്ട ഖാദറെക്ക് അതിൻ്റെ ഭീകരത നന്നായറിയാം . ബ്രോക്കൺ ഏപ്രിൽ, ദ് പാലസ് ഓഫ് ഡ്രീംസ് , ക്രോണിക്കിൾ ഇൻ സ്റ്റോൺ ,ദ് ഫാൾ ഓഫ് സ്റ്റോൺ സിറ്റി തുടങ്ങിയ നോവലുകൾ എഴുതിയ ഖാദറെ  മികച്ച കവിയുമാണ് .


ഖാദറെ പക്ഷേ, രാഷ്ട്രീയ പക്ഷപാതിയായ എഴുത്തുകാരനല്ല. താനൊരു രാഷ്ട്രീയ എഴുത്തുകാരല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഓർമ്മകൾ മരിക്കുന്നില്ല. അതാണ് ഖാദറെയുടെ സാഹിത്യം അന്വേഷിക്കുന്നത്. ഓർമ്മകളുടെ പ്രത്യാഗമനം ഒരാൾ മുൻകൂട്ടി വിചാരിക്കുന്നപോലെയല്ല സംഭവിക്കുന്നത്. ഓർമ്മകൾ വെറുതെ എഴുതാനുള്ളതല്ല. അത് പര്യവേക്ഷണം ചെയ്യണം. അടുത്തു ചെല്ലുംതോറും  മാരീചനെപ്പോലെ തെന്നിമാറുന്ന ഓർമ്മകൾ കൈപ്പിടിയിലാകുന്നതോടെ ജീവിതത്തിൻ്റെ ഭൂമിശാസ്ത്രം മാറുന്നു. 


സാഹിത്യപൗരോഹിത്യം


ഒരു സാഹിതീയ സംസ്കാരത്തിൻ്റെ സ്പന്ദിക്കുന്ന ജീവിതത്തിനു വേണ്ടി വെയിലത്തു നില്ക്കുന്ന അനേകം എഴുത്തുകാരുണ്ട്. എന്നാൽ പിന്തുടർച്ചാവകാശത്തിൻ്റെ ചില വിദ്യകളിലൂടെ ഏതാനും പേർ സാഹിത്യ രംഗത്ത് പൗരോഹിത്യം നേടുന്നു.അവർ പിന്നീട് എല്ലാ വ്യവസ്ഥാപിതത്വങ്ങളുടെയും വിഗ്രഹമൂർത്തികളായി രൂപാന്തരപ്പെടുന്നു.മഹാസംസ്കൃത പണ്ഡിതനും തത്ത്വചിന്തകനും സാഹിത്യചരിത്രകാരനുമായ കൃഷ്ണചൈതന്യ(1918-1994) മരിക്കുന്നതിനു മുൻപ്  'ഹിന്ദു'വിൽ ഒരു ലേഖനമെഴുതി.അതിൽ ,അദ്ദേഹം വിദ്യാസമ്പന്നരും ആദർശശാലികളും ബുദ്ധിമതികളുമായ ചിലർ എങ്ങനെ അധർമ്മത്തിൻ്റെയും അനീതിയുടെയും നടത്തിപ്പുകാരാകുന്നതെന്ന് ഭഗവത്ഗീത ഉദ്ധരിച്ചുകൊണ്ട് സമർത്ഥിക്കുന്നുണ്ട്‌. ഭീഷ്മരെയും മറ്റും ചൂണ്ടിക്കാട്ടി മഹാപണ്ഡിതനായ ഒരു വ്യക്തി എങ്ങനെ അധർമ്മത്തെ പിന്തുണക്കുന്നുവെന്ന് കൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ. ഭീഷ്മർക്ക് നീതിശാസ്ത്രങ്ങളെല്ലാമറിയാം. പക്ഷേ ,അദ്ദേഹം നീതിയും ധർമ്മവുമില്ലാത്ത ദുര്യോധന ,ദൃശ്ശാസനാതികളുടെ ഹസ്തിനപുരത്തെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തിരിക്കയാണ്. യുദ്ധഭൂമിയിൽ വച്ച് ,ഭീഷ്മരുടെ മരണത്തിനു മുമ്പ് മാത്രമാണ് ഈ അസംബന്ധം അദ്ദേഹത്തിനു  ബോധ്യപ്പെടുന്നത്;കൃഷ്ണൻ പറഞ്ഞു കൊടുത്തപ്പോൾ. ആദർശത്തിൻ്റെ ആൾരൂപമായി നിന്നുകൊണ്ട് അധർമ്മം പ്രവർത്തിക്കുന്ന സാഹിത്യ പുരോഹിതന്മാർ ഇന്നുമുണ്ട്. അവരുടെ ഹീനപ്രവൃത്തികൾ ആത്മാർത്ഥതയോടെ ഈ രംഗത്ത് തുടരുന്ന ധാരാളം എഴുത്തുകാരുടെ മനസ്സിൽ നിത്യേനയെന്നോണം തീ കോരിയിടുകയാണ്.


അമേരിക്കൻ പെൺകവി മുരിയേൽ റുകീസർ (1913-1980 )വലിയ സ്വാധീനശക്തിയായിരുന്നു; ആക്ടിവിസ്റ്റും വിമോചകയുമായിരുന്നു. അവർ ലിംഗരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു. അവരുടെ സ്വന്തം കവിതകളിൽ ഓർമ്മകൾ വന്നുനിറയുന്നതിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: " എൻ്റെ  ജീവിതത്തിലെ  എല്ലാ കവിതകളും എഴുതിയിട്ടില്ല. അത് കരയുന്നത് കേൾക്കാം; മുറിവുകളായും യുവത്വമായും ജനിക്കാത്ത കുഞ്ഞായും " . ഓരോരുത്തരുടെ  ചുറ്റിനും  അജ്ഞാതരസനകളാൽ  ഉച്ചരിക്കപ്പെട്ട വാക്കുകൾ കവിതകളായി വന്നു നിലവിളിക്കുന്നു. അത് പിടിച്ചെടുക്കാനുള്ള സൂക്ഷ്മബോധം വേണം. അർത്ഥങ്ങളെ നിർമ്മിക്കാനും കൂട്ടിയോജിപ്പിക്കാനുമാകണം" .


തൻ്റെ  രാജ്യത്തെക്കുറിച്ചുള്ള ആന്തരികമായ ത്വരകൾ 'എന്താണ് പർവ്വതങ്ങൾ  ചിന്തിച്ചുകൊണ്ടിരിക്കുന്നത് ?'എന്ന  കവിതയിൽ ഇസ്മയിൽ ഖാദറെ ഇങ്ങനെ രേഖപ്പെടുത്തുന്നു:


" നൂറുകണക്കിന് മൈലുകൾ ദൈർഘ്യമുളള തന്ത്രികൾ 

വേണം,

ലക്ഷക്കണക്കിന് വിരലുകളും - അൽബേനിയയുടെ ആത്മാവിനെ ആവിഷ്കരിക്കാൻ " .


വാക്കുകൾ


1)ഞാനവളെ സ്നേഹിച്ചു; അതാണ്  എല്ലാറ്റിൻ്റെയും തുടക്കവും ഒടുക്കവും.

എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്,

(അമെരിക്കൻ നോവലിസ്റ്റ് )


2)ഏതൊരു സൃഷ്ടിപ്രക്രിയയും പ്രാഥമികമായി ഒരു നശീകരണ പ്രവർത്തനമാണ്.

പാബ്ളോ പിക്കാസ്സോ,

(സ്പാനീഷ് ചിത്രകാരൻ )


3)ഒരു യാത്രികൻ വലിയൊരു നഗരത്തിൽ ആദ്യമേ കണ്ടെത്തുന്നത് രണ്ടു കാര്യങ്ങളാണ്: മനുഷ്യൻ്റെ  വാസ്തുശില്പവും രോഷാകുലമായ താളവും .അതായത് ,ജ്യാമിതിയും തീവ്രദു:ഖവും.

ഗാർസിയ ലോർക്ക ,

(സ്പാനീഷ് കവി)


4)കൂടുതൽ സ്നേഹിക്കുന്നവൻ  താഴ്ന്നവനും ഏറ്റവും കൂടുതൽ സഹിക്കുന്നവനുമായിരിക്കും. 

തോമസ് മൻ ,

(ജർമ്മൻ എഴുത്തുകാരൻ )


5)ഒരു കാര്യത്തിലും ഇടപെടാത്തവർ, സ്വന്തം കാലിലെ ചങ്ങലകളെക്കുറിച്ച് അറിവില്ലാത്തവരാണ്.

റോസാ ലക്സംബർഗ് ,

(പോളിഷ് തത്ത്വചിന്തക)


കാലമുദ്രകൾ


 1 ) സാബു ജേക്കബ്


കിഴക്കമ്പലം ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽ വോട്ടെടുപ്പിലൂടെ വിജയിച്ച സാബു ജേക്കബിൻ്റെ ട്വൊൻ്റി ട്വൊൻ്റിയുടെ പ്രവർത്തനങ്ങൾ , ജനാധിപത്യത്തിൽ ജനങ്ങൾക്ക് കിട്ടേണ്ടതായ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനമാണ്. ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കാൻ ഇന്ത്യയിലെ ഏതൊരു പഞ്ചായത്ത് പൗരനും അർഹതയുണ്ട് ;  പ്രത്യയശാസ്ത്രങ്ങളുടെയും പാർട്ടികളുടെയും മേഖലകൾക്ക് പുറത്ത്.


2)വിനു വി.ജോൺ


അധികാരത്തോട് മുഖംനോക്കാതെ പ്രതികരിക്കുന്ന മാധ്യമപ്രവർത്തകൻ വിനു വി. ജോണിൻ്റെ വാർത്താവതരണവും ബുദ്ധിപരമായ ഇടപെടലും ക്ഷോഭവും ഓർമ്മശക്തിയും ചടുലതയും യുവത്വത്തിൻ്റെ മാധ്യമസന്ദേശങ്ങളായി  കാണണം.


3) ഡോക്ടർ ബിജു 


നിരന്തരമായി  പ്രതിഷേധിച്ച് , പ്രതിരോധത്തിലൂടെ കലഹിച്ച് രാജ്യാന്തര ചലച്ചിത്ര വേദികളിലെത്തിയിട്ടും ഡോ.ബിജുവിനു വേണ്ടി കവർസ്റ്റോറിയൊരുക്കാൻ മുഖ്യധാരാമാധ്യമങ്ങൾ തയ്യാറായില്ല . നിശ്ശബ്ദതയുടെ സംഗീതം പോലെ , അതുല്യമായ ഏകാന്തതയിൽ ബിജു വീണ്ടും സഞ്ചരിക്കുന്നു. 


4)സുഗതകുമാരി 


സുഗതകുമാരിയിൽ  സത്യസാക്ഷിയായ, ശുദ്ധമായ, പ്രകൃതിയുടെ ആത്മാവായ ,വസ്തുരഹസ്യമായ കാവ്യാനുഭൂതി ഉണ്ടായിരുന്നു.അത് ഊഷരമായ ,വികാരരഹിതമായ മലയാളഗദ്യത്തിൻ്റെ തനിയാവർത്തനങ്ങൾക്കിടയിൽ കവിതയുടെ ഒരു  തുലാവർഷപ്പച്ച തന്നു.

5) ഷൈജു ഖാലിദ്


മലയാളത്തിൻ്റെ നവതരംഗ സിനിമയുടെ ദൃശ്യമനോഹാരിത ഒരുക്കിയത് ഷൈജു ഖാലിദിൻ്റെ ക്യാമറയാണ് .ഒരു നല്ല ക്യാമറാമാൻ വരുന്നതോടെ ചലച്ചിത്രഭാഷ തന്നെ മാറുന്നു. ഈ.മ.യൗ, അഞ്ചാം പാതിര ,കുമ്പളങ്ങി നൈറ്റ്സ് ,മഹേഷിൻ്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകൾ ഉദാഹരണം.


6)സാറാ ഹുസൈൻ


ഫോർട്ടുകൊച്ചിയിലെ സാറാ ഹുസൈൻ ആർട്ട് ഗ്യാലറി പ്രശസ്തമാണ്. ആധുനികതയുടെയും മറ്റു പ്രവണതകളുടെയും പ്രകടഭാവങ്ങൾ ഒഴിവാക്കി സാറാ വരച്ച  ലാൻഡ്സ്കേപ്പ് പെയിൻ്റിംഗുകൾ ഇപ്പോൾ ശരിക്കും കേരളത്തെ പ്രതിനിധീകരിക്കുന്നു.


കാളൻ്റെ കഥ ,ചരിത്രവും


 ആദിവാസി നേതാവും നാടൻ കലാകാരനും ജനപ്രതിനിധിയുമായിരുന്ന പി.കെ. കാളനെക്കുറിച്ച് ഡോ.അസീസ് തരുവണ എഴുതിയ ലേഖനം ( പി.കെ.കാളനും ആദിവാസി നവോത്ഥാനവും, ഗ്രന്ഥാലോകം , നവംബർ ) ശ്രദ്ധേയമായി.കാള നെക്കുറിച്ച് എഴുതുന്നതിലൂടെ ഒരു പുതിയ ചരിത്രം നിർമ്മിക്കുകയാണ്. തൻ്റെ കാലത്തെ ഏറ്റവും നല്ല പ്രഭാഷകൻ കാളൻ ആണെന്ന് എം.എൻ .വിജയൻ ഒരിക്കൽ എന്നോട് പറഞ്ഞത് ഓർത്തുപോയി.ലേഖനത്തിൽ കാളൻ തൻ്റെ കാലബോധത്തെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നുണ്ട്: "വയനാട്ടിലെ ആദിവാസി  സമയമറിഞ്ഞത് ടൈം പീസും വാച്ചും വെച്ചല്ല. ഞങ്ങളുടെ വയറു കരഞ്ഞാ ഉച്ചയായി. കാക്ക കരഞ്ഞാ വൈകുന്നേരം .പിന്നെ കാക്ക കരഞ്ഞാ ....നേരം വെളുക്കും" .കർഷകസംഘം രൂപീകരിച്ചതോടെയാണ് കാളൻ്റെ സമൂഹത്തിന് മാറ്റമുണ്ടായതെന്ന്  ലേഖകൻ എഴുതുന്നു.സമകാലകഥകൾ എവിടെ ?


ഇരവി എഴുതിയ 'സരോജാ ടാക്കീസിൽ നീലക്കുയിൽ' എന്ന കഥ (കലാകൗമുദി ,ഒക്ടോബർ 18) സത്യനും മിസ് കുമാരിയും അഭിനയിച്ച 'നീലക്കുയിൽ' പുറത്തിറങ്ങിയ കാലത്തെ ഗ്രാമീണ പ്രണയത്തിൻ്റെയും വിപ്ളവത്തിൻ്റെയും കുതൂഹലങ്ങൾ ഉണർത്തി വിട്ടു.ജന്മിയായ ഒരു ചെറുപ്പക്കാരൻ പ്രണയിച്ച് വിവാഹം കഴിക്കാനാഗ്രഹിച്ചിട്ടും പാവപ്പെട്ട ചിത്തിര എന്ന യുവതി, ജനതയുടെ സ്വപ്നസാക്ഷാത്കാരം പോലെ മുഖ്യമന്ത്രിയായ ഇ എം.എസിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതാണ് കഥാകൃത്ത് പറയുന്നത്. ഒരു ഗ്രാമീണ യുവതിയുടെ മനസ്സിൻ്റെ സത്യത്തോടുള്ള അർപ്പണം അത്രത്തോളമായിരുന്നു.


 ഷാജഹാൻ കാളിയത്തിൻ്റെ  'ഫാത്തിമയും ചൗഷസ്ക്യൂവും' ( പ്രസാധകൻ, ഡിസംബർ )  തുടക്കം മുതൽ രസത്തോടെ വായിച്ചെങ്കിലും രസാനുഭൂതി എവിടെയോ മുറിഞ്ഞു. എസ്തപ്പാനോസും സ്റ്റാലിനും നല്ല കോമ്പിനേഷനായിരുന്നു. പക്ഷേ, കഥ ആഖ്യാനത്തിൻ്റെ തലത്തിലും കലയുടെ തലത്തിലും വിജയിച്ചില്ല.


നല്ല കഥകൾ എഴുതിയിട്ടുള്ള ടി.കെ. ശങ്കരനാരായണൻ്റെ  'മാധവൻ നായർ എങ്ങോട്ടാണ് പോകുന്നത്?' (എഴുത്ത്, നവംബർ ) നിരാശപ്പെടുത്തി. കഥാകൃത്തിനു തന്നെ എത്തും പിടിയും കിട്ടാത്ത വിഷയമാണിത്.കുടുംബനാഥനായ മാധവൻ നായർ മൂന്നു നേരവും കൃത്യ സമയത്ത് പുറത്തു പോകുന്നതാണ് സമസ്യ. എന്നാൽ കഥാകാരനെ പോലെ  വായനക്കാർക്കും അതറിയില്ല.


'എരണ്ടകെട്ട്'എന്ന കഥ എഴുതിയ കെ. ലാലിനു ( ഭാഷാപോഷിണി, ഡിസംബർ)ഭാഷയില്ല .സ്കൂൾ കോമ്പസിഷൻ നിലവാരമാണ്. ഈ ഭാഷകൊണ്ട് ജീവിതത്തിൻ്റെ രഹസ്യങ്ങളിലേക്ക് ജാലകം തുറക്കാനാവില്ല. വിരസമാണിത്.


Aksharajalakam link


No comments:

Post a Comment