ഓർവെൽ എഴുതുമ്പോൾ
രാഷ്ട്രീയമില്ലെന്ന് പറയുന്ന എഴുത്തുകാരുണ്ട്. 'രാഷ്ട്രീയദുർഗ്ഗങ്ങളിൽ നിന്ന് അകലെ ' എന്ന പേരിൽ കെ. പി .അപ്പൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. രാഷ്ട്രീയമില്ലെന്ന് പറയുന്നതിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടെന്ന് പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റും ചിന്തകനുമായ ജോർജ് ഓർവെൽ (1903-1950) അറിയിക്കുന്നു. ഓർവെല്ലിൻ്റെ 1984 എന്ന നോവൽ ഏകാധിപത്യ ഭരണക്രമത്തിനെതിരെയുള്ള എക്കാലത്തെയും സുവിശേഷമാണ്.'അനിമൽ ഫാം ' മറ്റൊരു പ്രധാന രചനയാണ്.
'ഞാൻ എന്തുകൊണ്ട് എഴുതുന്നു' (വൈ ഐ റൈറ്റ് ) എന്ന പ്രബന്ധത്തിലാണ് ഓർവെൽ തൻ്റെ രാഷ്ട്രീയത്തെപ്പറ്റിയും സാഹിത്യവീക്ഷണത്തെപ്പറ്റിയും പ്രതിപാദിക്കുന്നത് .എഴുത്തുകാർ സ്വന്തം ജീവിതം ജീവിക്കാനാണ് മുഖ്യമായും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാമെന്ന് വ്യാമോഹിക്കുന്നതെന്നും ഓർവെൽ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയം എന്നു പറഞ്ഞാൽ കക്ഷിരാഷ്ട്രീയമല്ല; കുറേക്കൂടി വലിയ ഒരു ആശയമാണിത്. മനുഷ്യൻ എവിടെയൊക്കെ വെല്ലുവിളി നേരിടുന്നു , പരാജയപ്പെടുന്നു, അവിടെയൊക്കെ രാഷ്ട്രീയമുണ്ട്. സകലജീവികൾക്കും രാഷ്ട്രീയമുണ്ട്. ആനകൾക്കും പന്നികൾക്കും തവളകൾക്കും രാഷ്ട്രീയമുണ്ട് .സ്വന്തം കാലുകൾ കച്ചവടക്കാർ അറുത്തെടുക്കുന്നതിലെ പ്രതിരോധമാണ് തവളകളുടെ രാഷ്ട്രീയം. എന്നാൽ അതിൻ്റെ നിയന്താവ് മനുഷ്യനാണെന്നത് വിരോധാഭാസമാണ് .
അഞ്ചുവർഷത്തോളം ഇന്ത്യൻ ഇംപീരിയൽ ഫോഴ്സിൻ്റെ ഭാഗമായി ബർമ്മയിൽ ജോലി നോക്കിയ നോക്കിയ ഓർവെൽ ,ആ കാലത്താണ് അധികാരത്തിൽ നിന്ന് അകലാനും അധികാരകേന്ദ്രങ്ങളെ സംശയത്തോടെ കാണാനും തീരുമാനിച്ചത്.ആ വീക്ഷണം അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. പരാജയബോധം പിടികൂടിയ ആ കാലത്ത് ,പണിയെടുക്കുന്ന പാവപ്പെട്ടവരെക്കുറിച്ചാണ് താൻ ഓർത്തതെന് ഓർവൽ പറയുന്നു .
1936-37 കാലത്തെ സ്പാനിഷ് യുദ്ധം കലാകാരൻ എന്ന നിലയിൽ ഓർവെല്ലിനെ ആഴത്തിൽ സ്വാധീനിച്ചു .അത് മനോനിലയിൽ മാറ്റം വരുത്തി. 1936 നു ശേഷം ഓരോ വാചകവും എഴുതിയത് ഏകാധിപത്യത്തെ എതിർത്തുകൊണ്ടാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. സ്വയം സൃഷ്ടിച്ച വല്മീകത്തിനകത്ത് ഒരിക്കലും സുരക്ഷിതമല്ലെന്ന വിചാരമാണത്. എഴുത്തുകാരന് ചിന്താസ്വാതന്ത്ര്യം വേണം; എന്നാൽ അത് പറുദീസയല്ല . ഭൗതികജീവിതത്തിൻ്റെ നീതി നിഷേധങ്ങളെക്കുറിച്ചോർത്ത് അസ്വസ്ഥനാവാനുള്ള മനസ്സ് നഷ്ടമായാൽ എഴുത്ത് അവസാനിച്ചു എന്ന് കരുതാവുന്നതാണ്. എഴുത്തുകാരന് ഭൗതികമായ സുരക്ഷ വേണം; പക്ഷേ ,അവൻ്റെ മനസ്സ് അരക്ഷിതരിക്കണം. അവിടെ എല്ലാം തികഞ്ഞു എന്ന ചിന്ത അപകടകരമാണ്.
ഗദ്യശൈലി സംരക്ഷിക്കും
രാഷ്ട്രീയബോധത്തിൻ്റെ ആവേശത്തിലോ സമ്മർദത്തിലോ ഒന്നും തന്നെ ഓർവെൽ എഴുതിയിട്ടില്ല. എഴുതിയതെല്ലാം സൗന്ദര്യബോധം വന്നു വിളിച്ചതിൻ്റെ ഫലമായിട്ടാണ്."ഒരു പുസ്തകമെഴുതാനായിരുന്നപ്പോൾ, ഒരു സൃഷ്ടിനടത്താൻ പോവുകയാണെന്ന് ഞാൻ എന്നോട് പറഞ്ഞില്ല .ഞാൻ എഴുതുന്നതിനു കാരണം ഇതെല്ലാമായിരുന്നു: ഒരു നുണ എനിക്ക് പൊളിച്ചെഴുതണം, ചില പ്രശ്നങ്ങളിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ കൊണ്ടുവരണം, അത് കേൾക്കാൻ ആളുണ്ടാവണം. എന്നാൽ ഒരു സൗന്ദര്യാത്മകമായ അനുഭവമാകാതെ ഒന്നിനെക്കുറിച്ചും ഒരു പുസ്തകമോ , ദീർഘിച്ച മാഗസിൻ ലേഖനമോ ഞാൻ എഴുതിയിട്ടില്ല" - ഓർവെൽ എഴുതുന്നു. ജീവിച്ചിരിക്കുന്നിടത്തോളം ഗദ്യത്തിൻ്റെ ശൈലിയെ ഭൂമിയിലെ ജീവിതം പോലെ കാത്തു രക്ഷിക്കുമെന്ന് പറയാൻ ഓർവെല്ലിനെപ്പോലെ അധികം പേരില്ല .
രാഷ്ട്രീയചിന്തകളെ കലയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി ഒരു ദശാബ്ദക്കാലമാണ് ഓർവെൽ ആലോചിച്ചത്.സൗന്ദര്യബോധം നഷ്ടപ്പെടരുത് ;സത്യസന്ധതയ്ക്ക് ഒന്നും സംഭവിക്കരുത്. അതേസമയം രാഷ്ട്രീയബോധവും ഉണ്ടായിരിക്കണം.
ഓർവെൽ 'ഹോമേജ് ടു കാറ്റലോണിയ ' എന്ന പുസ്തകം എഴുതിയത് സ്പാനിഷ് യുദ്ധത്തിൻ്റെ ദുരന്തങ്ങളെ ഓർമ്മിപ്പിക്കാനാണ്. "എന്നാൽ അത് എഴുതിയപ്പോൾ ഞാനെൻ്റെ സാഹിത്യപരമായ ജന്മവാസനകളെ ബലികൊടുക്കാതെയാണ് മുഴുവൻ സത്യവും വിളിച്ചുപറഞ്ഞത് " . സൗന്ദര്യവും യാഥാർത്ഥ്യവും സന്തുലിതമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഭാഷയെ അമിതമായി ബിംബങ്ങൾകൊണ്ട് വിവരിച്ച്, പ്രകൃതി വിവരണത്തോടെ എഴുതുന്ന രീതി അദ്ദേഹം ഉപേക്ഷിക്കുകയാണ് ചെയ്തത്. പകരം ബോധത്തിൻ്റെ കൃത്യതയ്ക്കായി നിർബന്ധം പിടിച്ചു.
സാഹിത്യമൂല്യമില്ല
എഴുത്തുകാർ സ്വയം പാലിക്കേണ്ട വലിയൊരു സത്യം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: " സ്വന്തം വ്യക്തിത്വത്തെ തുടച്ചുനീക്കാൻ സ്ഥിരമായി പൊരുതിയില്ലെങ്കിൽ വായിക്കാൻ കൊള്ളാവുന്നതൊന്നും എഴുതാനൊക്കില്ല " . ഇത് വലിയൊരു മനശാസ്ത്രപ്രശ്നമാണ്. സ്വന്തം വ്യക്തിത്വത്തെ മഹത്വവത്കരിച്ചുകൊണ്ടാണ് ഇവിടെ പലരും എഴുതുന്നതെന്നോർക്കണം. പലരുടെയും ഓർമ്മയെഴുത്ത് പൊള്ളയായ വാക്കുകൾകൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. അതിൽ യാതൊരു സാഹിത്യ ,ആത്മീയ മൂല്യവുമില്ല. ഇതര ലോകങ്ങളുമായി നാം പുലർത്തുന്ന ബന്ധത്തിൻ്റെ വിചിത്രമായ ഘടനകളുണ്ടാവണം. ചിലർ എഴുതിത്തുടങ്ങുമ്പോൾ തന്നെ ഓർമ്മയെഴുത്തും ആരംഭിക്കുകയാണ്! .
സ്വന്തം വ്യക്തിത്വത്തെ മായ്ച്ചു കളയണമെന്ന ഓർവെല്ലിൻ്റെ ആഹ്വാനം ഒരെഴുത്തുകാരൻ്റെ ജാതകം മാറ്റുന്നതാണ്. ചിലർ ഒരു ഘട്ടത്തിൽ യാഥാസ്ഥിതികത്വത്തിനെതിരെ പൊരുതുന്നു; പഴയ ശൈലികളെ എതിർക്കുന്നു. എന്നാൽ പിന്നീട് ,അവർ എന്തിനെയാണോ എതിർത്തത് അതിൻ്റെ അടിമകളായി മാറുന്നു. ആധുനികരായ എഴുത്തുകാർ സാഹിത്യഅക്കാദമി അദ്ധ്യക്ഷപദവിയിലും മറ്റും എത്തുന്നത് നാം കണ്ടു. അക്കാദമി ഭാരവാഹിയാവുന്നത് വളരെ ആപൽക്കരമായ അവസ്ഥയാണ്. ആ സ്ഥാനത്ത് വന്നാൽ പിന്നീട് നല്ലതെന്തെങ്കിലും എഴുതാൻ കഴിയില്ല .കാരണം വ്യക്തിത്വം മായ്ച്ചുകളയാൻ പറ്റാത്തവിധം എഴുത്തുകാരനിൽ പാറയോ ,തണുത്തുറഞ്ഞ ഐസുകട്ടയോ പോലെ ഉറച്ചുപോകുന്നു. എം.മുകുന്ദൻ സാഹിത്യഅക്കാദമി അധ്യക്ഷപദവി വിട്ട ശേഷം നല്ലൊരു കഥ എഴുതിയില്ലല്ലോ. അദ്ദേഹം ദൽഹിയിൽ താമസിച്ച കാലത്താണ് സീരിയസായി എഴുതിയത്.രാധ രാധ മാത്രം ,ദൽഹി 81 തുടങ്ങിയ കഥകൾ ഓർക്കുക.
സംഘർഷമനുഭവിക്കാത്തവർ
അഭിരുചിയില്ലാത്തവരുടെ വായന ഒരു ഭീഷണിയാണ്. വൈക്കം മുരളിയും എൻ.ഇ.സുധീറും എഴുതുന്ന ലേഖനങ്ങൾ ഇതിനുദാഹരണമാണ്. വൈക്കം മുരളി ഇംഗ്ലീഷ് പുസ്തകങ്ങൾ വില കൊടുത്തു വാങ്ങി വായിക്കുന്ന നല്ല മനുഷ്യനാണ്. പക്ഷേ , അദ്ദേഹത്തിനു ഈ പുസ്തകങ്ങളെക്കുറിച്ച് എഴുതാനറിയില്ല .താൻ എഴുതുന്ന വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊള്ളുന്ന ഒരു ഭാഷ അദ്ദേഹത്തിനില്ല .നിർവ്വികാരതയാണ് ആ ഭാഷയുടെ പ്രത്യേകത. ഏത് പുസ്തകത്തെക്കുറിച്ചായാലും മുരളി എഴുതിക്കഴിയുമ്പോൾ അതിൻ്റെ ഭാവുകത്വം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .എൻ .ഇ .സുധീറിനു സാഹിത്യാസ്വാദനമില്ല . അദ്ദേഹമിപ്പോൾ 'മൊഴിയാഴം'എന്ന പേരിൽ ഒരു പരമ്പര ( എഴുത്ത് )തുടങ്ങിയിരിക്കുകയാണ്. ഈ പരമ്പരയിൽ എല്ലാ എഴുത്തുകാർക്കും 'പ്രശംസയുടെ ഗ്യാരണ്ടി ' ഉണ്ട്. എല്ലാവരെയും വെറുതെ പുകഴ്ത്തി നശിപ്പിക്കുകയാണ് സുധീറിൻ്റെ പദ്ധതി. വിമർശനം എഴുതാൻ കൊള്ളാത്ത ഭാഷയാണ് സുധീറിൻ്റേത്.അതിൽ കലയുടെ ഒരു കണം പോലുമില്ല. സാഹിത്യമൂല്യം അല്ലെങ്കിൽ ഭാവുകത്വം എങ്ങനെയാണ് നമ്മളുമായി ബന്ധപ്പെടുന്നതെന്ന് ചിന്തിക്കുന്നില്ലെങ്കിൽ വിമർശനമെഴുതേണ്ടതില്ല. അതിൻ്റെ സംഘർഷമനുഭവിക്കുന്നവനാണ് ഇതുപോലുള്ള പംക്തികൾ എഴുതേണ്ടത് ;വെറുതെ ചങ്കൂറ്റം മാത്രം പോരാ.കുറെ പുസ്തകങ്ങൾ പരിചയപ്പെടുത്തിയിട്ട് എന്തു കാര്യം ?അതിനടിയിലെ വിശേഷപ്പെട്ട കാഴ്ചകളുമായി എന്തു ബന്ധമാണുള്ളതെന്ന് സ്വയം പരിശോധിക്കണം. സുധീറിന് അനുഭവമില്ല;അനുഭവിപ്പിക്കാനുമറിയില്ല. അതുകൊണ്ടാണ് ശരാശരിയിൽ താഴ്ന്ന രചനകളെ മഹത്തരമെന്ന് വിളിക്കുന്നത്.
കഥകൾ
സക്കറിയയുടെ കഥകളെക്കുറിച്ച് കണക്കൂർ ആർ സുരേഷ്കുമാർ എഴുതിയ ലേഖനം (സാഹിത്യചക്രവാളം, ഡിസംബർ) പൊതുവേ മെച്ചമാണ്. സക്കറിയയുടെ വിമർശനങ്ങളെ മാനിക്കുന്ന ലേഖകൻ അദ്ദേഹത്തിൻ്റെ കഥകളെപ്പറ്റി ഇങ്ങനെ നിരീക്ഷിക്കുന്നു: കാല്പനികതയിൽ കാര്യമായി വിശ്വസിക്കുന്നില്ലെങ്കിലും, കാല്പനികതയെ പൂർണമായി തള്ളിപ്പറയുന്നില്ല ഈ എഴുത്തുകാരൻ " .എന്നാൽ ലേഖകന് ആ കഥകളിലേക്ക് കടന്ന് കഥാഘടനയുടെ പൊരുൾ വ്യക്തമാക്കാനാവുന്നില്ല. സക്കറിയയുടെ ആദ്യകാല കഥകൾ ,അതായത് 'ഒരിടത്ത് ' എന്ന സമാഹാരത്തിലെ രചനകളിലാണ് ക്രൂരഫലിതവും കലാത്മകതയും നിർണായകമാകുന്നത് . പിന്നീട് സക്കറിയ ആ ട്രാക്ക് ഉപേക്ഷിക്കുകയായിരുന്നു .ഒരു പത്രപ്രവർത്തകനായിരുന്ന അദ്ദേഹം സാമൂഹിക വിമർശകനായി.എന്നാൽ ആ വിമർശനത്തിൻ്റെ ഭാഗമായി ,സംസാരിക്കാനും ചലിക്കാനും കഴിയാതെ കഷ്ടപ്പെട്ട് കഴിഞ്ഞ ഒ.വി.വിജയനെ ഒരു അവാർഡ് വാങ്ങിയതിൻ്റെ പേരിൽ ഹിനു വർഗീയവാദി എന്ന് വിളിച്ചു ആക്ഷേപിച്ചതിനു ഒരു ന്യായീകരണവുമില്ല. അതിൽ ഒരു യുക്തിയുമില്ലായിരുന്നു.സക്കറിയയുടെ ശോഭ കെടുത്തിക്കളഞ്ഞ സംഭവമാണിത് .അടുത്ത സുഹൃത്തുക്കളോട് വിജയൻ ഇതിനേപ്പറ്റി വ്യസനത്തോടെ പറഞ്ഞിട്ടുണ്ട്.
കനവ്
കൊട്ടാരക്കര ജില്ലാട്രഷറിയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന മാസിക 'കനവ് ' പത്താം വാർഷിക പതിപ്പ് പുറത്തിറക്കി .എഴുപത്തിയാറു പേരുടെ രചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആമുഖത്തിൽ എഡിറ്റർ അജയൻ കൊട്ടറ അക്കിത്തത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:
" സ്നേഹത്തിൻ്റെ ആഴം അളന്നു നോക്കാൻ കഴിയില്ല. അറിയുന്തോറും ദിവ്യപുളഗോൽഗമമാകുന്ന ആ സൗന്ദര്യാത്മകത അറിഞ്ഞവർക്കേ ആസ്വദിക്കാൻ കഴിയൂ" .
വാക്കുകൾ
1) നമ്മൾ ആരെയും സ്നേഹിക്കുന്നില്ല. ഒരാളെക്കുറിച്ചുള്ള ആശയത്തെയാണ് നാം സ്നേഹിക്കുന്നത്. നമ്മുടെ തന്നെ സങ്കൽപ്പത്തെ, നമ്മുടെ മനസ്സിനെയാണ് നാം സ്നേഹിക്കുന്നത്.
ഫെർനാണ്ടോ പെസ്സോവ ,
(പോർച്ചുഗീസ് കവി )
2) ഒരു വാക്കിനെ നിറമായോ ,പ്രകാശമായോ ,ഗന്ധമായോ പരിവർത്തിപ്പിക്കാം. എഴുത്തുകാരൻ്റെ ജോലിയാണത്.
നൂട്ട് ഹാംസൺ ,
(നോർവീജിയൻ എഴുത്തുകാരൻ )
3)ലോകത്ത് രണ്ടു തരം ആൾക്കാരാണുള്ളത് : മറ്റുള്ളവർക്കിടയിൽ മനസ്താപത്തോടെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവർ ;ഒറ്റയ്ക്ക് ദു:ഖിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവർ.
നികോളി ക്രോസ് ,
(അമെരിക്കൻ എഴുത്തുകാരി )
4) പ്രത്യയശാസ്ത്രങ്ങൾ നമ്മെ അകറ്റുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങളും തീവ്രമായ വിഷാദവും നമ്മെ ഒന്നിപ്പിക്കുന്നു .
യൂജിൻ അയനെസ്കോ ,
റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത് .
5)ലൈംഗികകാമന ഉള്ളതുകൊണ്ടാണ് പെണ്ണുങ്ങൾ സുന്ദരികളായിരിക്കുന്നത്; അവർക്ക് ലൈംഗികത ഇല്ലെങ്കിലും . ആണുങ്ങൾ ബുദ്ധിയുള്ളവരും ധീരതയുള്ളവരുമായി കാണപ്പെടുന്നതും അതുകൊണ്ടാണ്. ഇതു രണ്ടും ആണുങ്ങൾക്ക് ഇല്ലെങ്കിലും.
ഹെൻറി ലൂയി മെൻകെൻ ,
(അമെരിക്കൻ ചിന്തകൻ )
കാലമുദ്രകൾ
1)സജിത്ത് പള്ളിപ്പുറം
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീതപരിപാടിയിൽ സ്വാതിതിരുനാളിൻ്റെ 'തരുണീ ഞാൻ എന്ത് ചെയ്‌വൂ' എന്ന പദം ദ്വിജാവന്തി രാഗത്തിൽ സജിത്ത് പള്ളിപ്പുറം ആലപിച്ചത് അസാമാന്യമായ വിധം വശ്യമായി .അഗാധമായ പരിതാപ പ്രണയത്തിൻ്റെ ഉൾത്തീ തീവ്രമായി അദ്ദേഹം പകർന്നു .
2)സത്യൻ മാടാക്കര
കാൽ നൂറ്റാണ്ടിലേറെക്കാലം ദുബായിയിൽ കഴിഞ്ഞ കവി സത്യൻ മാടാക്കര തൻ്റെ കവിതയെയും പ്രവാസത്തിൽ വിടുകയായിരുന്നു. അദ്ദേഹം കടലിൻ്റെയും മീനിൻ്റെയും കവിയാണ് - മണൽ ,കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല ,കടൽ കപ്പൽ മീൻ തുടങ്ങിയ പുസ്തകങ്ങൾ .
3)ദിലീഷ് പോത്തൻ
നിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ്റെ സംവിധാന സംരംഭങ്ങളായ 'മഹേഷിൻ്റെ പ്രതികാരം' , 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ സിനിമകൾ ഒരു മലയാള നവറിയലിസമാണ് അവതരിപ്പിച്ചത്. നാടകവും സാഹിത്യവും വിട്ട് സിനിമ എന്ന കലയിലേക്കുള്ള യാത്രകളുടെ തുടക്കമാണിത്.
4)ഷഹബാസ് അമൻ
പി. ടി .കുഞ്ഞുമുഹമ്മദിൻ്റെ ടി.വി. പരിപാടിയിലാണ് (പ്രവാസലോകം ) ഷഹബാസ് അമൻ 'തേടുന്നതാരെ ശൂന്യതയിൽ ഈറൻ മിഴികളേ ' എന്ന പാട്ട് (സംഗീതം :ബാബുരാജ് ) പാടിയത്. മനസിൽ കൊളുത്തുന്ന ഈ ഗാനത്തിൽ വ്യക്തിസത്ത ആഴ്ന്നിറങ്ങുന്ന ശൈലിയിൽ പാടുകയാണ് ഷഹബാസ് .
5)കെ.എൻ. ഷാജി
എൺപതുകളുടെ തുടക്കത്തിൽ ഫോർട്ടുകൊച്ചിയിൽ നിന്ന് 'നിയോഗം ' മാസിക നടത്തിയിരുന്ന കെ.എൻ. ഷാജി പിന്നീട് പ്രസാധകനും സഞ്ചാരിയുമായി .നവീനസാഹിത്യം, സംസ്കാരം ,സിനിമ തുടങ്ങിയ മേഖലകളിൽ ഷാജി സ്വരൂപിച്ച അവബോധാത്മകമായ നിലപാടുകൾ യാഥാസ്ഥിതിക വാസനകളെ മാധ്യമരംഗത്ത് പ്രതിരോധിക്കുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്.
അക്ഷരജാലകം ലിങ്ക്
No comments:
Post a Comment