എന്നും അലട്ടിയത് പുസ്തക ദാരിദ്ര്യം: എം.കെ.ഹരികുമാർ
കൂത്താട്ടുകുളം :സാഹിത്യരചനയുടെ നാല്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.ഹരികുമാറിനെ കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ എൻ.എസ്.എസ് ഓഡിറ്റാറിയത്തിൽ ആദരിച്ചു.മുവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു.കെ.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൂത്താട്ടുകുളത്ത് സുഭാഷ് ചാർവാക 1981ൽ പ്രസിദ്ധീകരിച്ച ' മൂന്നു കഥകൾ 'എന്ന പുസ്തകത്തിനു അവതാരിക എഴുതിക്കൊണ്ടാണ് ഹരികുമാർ സാഹിത്യരംഗത്ത് പ്രവേശിച്ചത്.സുഭാഷ് ചാർവാക ,ഋഷി ജി.നടേഷ് ,മോൻസി ജോസഫ് എന്നിവരുടെ കഥകളാണ് ആ പുസ്തകത്തിൽ ചേർത്തിരുന്നത്. 'ഒരു സ്ഥൂലതയുടെ നിമിഷവും ഒരു നിശ്ശബ്ദതയുടെ നിമിഷവും ' എന്ന പേരിൽ ഹരികുമാർ എഴുതിയ ലേഖനം അന്നും സാഹിത്യത്തിൻ്റെ നവപ്രവണതകളെ തേടിച്ചെല്ലുന്നതായിരുന്നു.
കഴിഞ്ഞ നാല്പതു വർഷവും തന്നെ വേട്ടയാടിയത് പുസ്തകദാരിദ്ര്യമാണെന്ന് ഹരികുമാർ മറുപടി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തിക പ്രയാസമുണ്ടായി. തനിക്ക് ആവശ്യമുള്ള ,ഇംഗ്ളീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ വൻ വിലകൊടുത്തു വാങ്ങാൻ കഴിയാത്ത ദുഃഖം അവശേഷിക്കുകയാണ്. കോട്ടയം പബ്ളിക് ലൈബ്രറി, എറണാകുളം പബ്ളിക് ലൈബ്രറി ,കാക്കനാട് ഇ.എം.എസ് പബ്ളിക് ലൈബ്രറി എന്നിവിടങ്ങളിൽ നിന്ന് പുസ്തകങ്ങൾ പതിവായി എടുത്തെങ്കിലും ആഗ്രഹിച്ച പുസ്തകങ്ങൾ ഇനിയും വായിക്കാനായിട്ടില്ല. വായിക്കുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നല്ലത് വായിക്കണമെന്ന് നിർദ്ദേശിച്ചത് അമെരിക്കൻ ചിന്തകനായ തോറോ യാണെന്ന് അദേഹം അനുസ്മരിച്ചു.
തന്നെ രക്ഷിച്ചത് ഇൻ്റർനെറ്റാണെന്ന് ഹരികുമാർ അറിയിച്ചു.മികച്ചത് പലതും ,നൊബേൽ ജേതാക്കളുടെ രചനകളടക്കം നെറ്റിൽ സൗജന്യമായി വായിക്കാം. ആൽബേർ കമ്യുവിൻ്റെ ലേഖന സമാഹാരം താൻ വായിച്ചത് നെറ്റിൽ നിന്നാണ്.
"എൻ്റെ ജീവിതത്തെ എന്നും സ്വാധീനിച്ചത് സാഹിത്യമാണ്. അതിൻ്റെ ആനന്ദമാണ് എൻ്റെ സമ്പാദ്യം .ഞാൻ ജീവിച്ച ഓരോ നിമിഷത്തിലും ,ഓരോ യാത്രയിലും ഞാൻ വാക്കുകൾക്ക് പിന്നാലെയായിരുന്നു .പദങ്ങൾ നല്കിയ അസാമാന്യലഹരിയിൽ ഞാൻ ആശയപരമായി ജീവിക്കുകയായിരുന്നു. വാക്കുകൾ ആശയങ്ങളുടെ ബിംബങ്ങളായി എൻ്റെ മനസ്സിലേക്ക് വന്നു - ഹരികുമാർ പറഞ്ഞു.
'അക്ഷരജാലകം' എന്ന പംക്തിലൂടെയാണ് താൻ കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി പുതിയ ചിന്തകൾ ആവിഷ്കരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.1998 ൽ കേരളകൗമുദി പത്രത്തിലാണ് അത് തുടങ്ങിയത്. ഇപ്പാൾ മെട്രോ വാർത്തയിൽ തുടരുന്നു.എന്നാൽ ഇത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചില്ല .
സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധവും വ്യത്യാസവും ഇനിയും മലയാളികൾ വേണ്ട പോലെ ചർച്ച ചെയ്തിട്ടില്ലെന്ന് ഹരികുമാർ അഭിപ്രായപ്പെട്ടു. സിനിമ നാടകമോ സാഹിത്യമോ അല്ല. അത് സിനിമ എന്ന കലയാണ്. എന്നാൽ പല വിദ്യാസമ്പന്നരും സിനിമയെ സോപ്പ് ഓപ്പറയായി കാണുന്നുണ്ട്. സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി ' എന്ന സിനിമ ഇന്ത്യൻ ചലച്ചിത്രകലയെ മോചിപ്പിച്ചു. ലോകസിനിമയുടെ നൂറാം വർഷത്തിൽ ബ്രിട്ടീഷ് സിനിമാനിരൂപകനായ ഡെറിക് മാൽക്കം ലോകസിനിമയിൽ നിന്ന് നൂറ് എണ്ണം തിരഞ്ഞെടുത്തു. അതിൽ ഇന്ത്യയിൽ നിന്ന് ഒരു ചിത്രമാണ് ഉൾപ്പെട്ടത് .അത് 'പഥേർ പാഞ്ചാലി 'യാണ്. സിനിമയ്ക്ക് പിന്നിൽ തനതായ ഒരു സിദ്ധാന്തവും തത്ത്വചിന്തയുമുണ്ടെന്ന് തെളിയിച്ചത് ഈ ചിത്രമാണ്. ഈ സിനിമ ഇറങ്ങിയിട്ട് അറുപത്തഞ്ച് വർഷമായി.ഇതിനെക്കുറിച്ച് താൻ അക്ഷരജാലക ( മെട്രോ വാർത്ത പത്രം) ത്തിൽ എഴുതുകയും ചെയ്തു. ഇനിയും പലരും 'പഥേർ പാഞ്ചലി ' എന്ന് ഉച്ചരിക്കുന്നതിൽ വാശി പിടിക്കുകയാണ്. ഇക്കാര്യത്തിൽ സത്യജിത് റായി തന്നെ മാർഗം കാണിച്ചിട്ടുണ്ട്. അദ്ദേഹവുമായി നടത്തിയ വീഡിയോ അഭിമുഖങ്ങൾ യു ട്യൂബിലുണ്ട്.റായി വ്യക്തമായി പറയുന്നുണ്ട്, പഥേർ പാഞ്ചാലി എന്ന്. ഇതിൽ വിശ്വസിച്ചാൽ പോരെ. എന്നാൽ ചില മലയാള വാരികകളും എഴുത്തുകാരും റായിയുമായുള്ള അഭിമുഖങ്ങൾ ഇനിയും ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ല.
സതീശൻ എൻ. എം രചിച്ച 'കാമാഖ്യയിലെ ആട്ടിൻകുട്ടി' (ബ്ളൂ ഇങ്ക് ബുക്സ് ,തലശ്ശേരി )എന്ന പുസ്തകം എൻ. എസ് .എസ് മൂവാറ്റുപുഴ താലൂക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് പ്രകാശനം ചെയ്തു. മുൻ എം.എൽ.എ എം. ജെ. ജേക്കബ് ആദ്യ കോപ്പി ഏറ്റുവാങ്ങി. എൻ.സി .വിജയകുമാർ പുസ്തകാവലോകനം നടത്തി. എം.കെ. ഹരികുമാറിനെ എം.ജെ ജേക്കബ് പൊന്നാട അണിയിച്ചു.ഉപഹാരവും നല്കി. എ.ബി. ജനാർദ്ദനൻ നായർ, എൻ.ആർ. കുമാർ, പി.ജി. സുരേന്ദ്രൻ, എം.എം.ജോർജ്, സുജ സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. ഹരീഷ്. ആർ .നമ്പൂതിരി കവിത ആലപിച്ചു. K കെ കെ.സോമൻ സ്വാഗതം പറഞ്ഞു. M സതീശൻ എൻ എം. നന്ദി പറഞ്ഞു.
This comment has been removed by the author.
ReplyDeleteശ്രീ.എം.കെ.ഹരികുമാറിന് ആശംസകൾ--- കെ.ആർ.ജോൺസൺ
ReplyDelete