Tuesday, September 8, 2020

അക്ഷരജാലകം/കൊറോണ വായനകൾ/എം.കെ.ഹരികുമാർ/metrovartha ,april 27

കൊറോണക്കാലത്ത് വായനയുടെ ഒരു ഇരുണ്ട തുരങ്കമാണുള്ളത്. തപ്തവും മൂകവും വിനാശകരവുമായ ഒരു കാലത്തിൻ്റെ ആത്മാവിനെ എങ്ങനെ മറികടക്കാമെന്നുള്ള ചിന്ത ശക്തിപ്പെടുകയാണ്. സ്വയം നഷ്ടപ്പെടാതിരിക്കാൻ പല വഴിക്കും അലയേണ്ടി വരുന്നു. ലോകത്ത് ശുഭാപ്തി ബോധമുണ്ടെങ്കിലേ എഴുത്തുകാർക്ക് അതിൻ്റെ ബദലായ അനിശ്ചിതത്വത്തിലേക്ക് നീങ്ങാനാവുകയുള്ളു. അതേ സമയം ലോകം നമ്മെ രക്ഷിക്കുമെന്നാണ് ഓരോ കൊറോണ കേരളീയനും വിശ്വസിക്കുന്നത്. ഭരണാധികാരികൾക്ക് മടുപ്പ് തോന്നാൻ ഇടവരുത്തരുത്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു മാതൃകയാവട്ടെ.

നമുക്ക് എത്ര വേണമെങ്കിലും അകലം പാലിക്കാം .നമ്മൾ ഓരോരുത്തർക്കും  ഉള്ളിൽ നമ്മോടു തന്നെ അകലം പാലിക്കാം. ഒരു കട്ടിലിൽ കിടന്നാലും അകലം വേണം. ഉലക്കമേൽ കിടക്കണ്ട;അത്രയ്ക്ക് ഒരുമ ഇപ്പോൾ ഇല്ലല്ലോ.

പകർച്ചവ്യാധിയും ആഗോള മോഷണവും സാമ്പത്തിക ദുരന്തങ്ങളും മരുന്നുക്ഷാമവും പ്രമേയമാക്കിയ 2020 നെ മുന്നിൽ നിറുത്തി ഐറിഷ് എഴുത്തുകാരനായ മാർക്ക് ഒ കോണർ എഴുതിയ 'നോട്സ് ഫ്രം ആൻ അപോകാലിപ്സ്- ഹൗ റിയാലിറ്റി സോ ഓഫൺ പ്രസൻ്റ്സ് ഇറ്റ്സെൽഫ് ആസ് ഓവർകുക്ക്ഡ് ഫിക്ഷൻ ' ചർച്ചയാവുകയാണ്. ഒ കോണർ നേരത്തേയെഴുതിയ 'ടു ബീ മെഷീൻ ' വളരെ പ്രസക്തവും ചിന്തോദ്ദീപകവുമായ  പുസ്തകമായിരുന്നു. ഈ രണ്ടു കൃതികളും സമകാലിക ജീവിതത്തെ പല തലങ്ങളിൽ പരിശോധിക്കുകയാണ്.

ലോകം എങ്ങനെ മരിക്കുന്നു ?

ലോകം മരിക്കുകയാണ് ,ഏതാണ്ട് അവസാനിച്ചു എന്നാണ് ഒ കോണറിൻ്റെ പുതിയ പുസ്തകത്തിൻ്റെ ഉള്ളടക്കം .വൈറസ് അതിവ്യാപനം  ,ലക്ഷക്കണക്കിനു മരണങ്ങൾ ,വ്യവസായ അടച്ചുപൂട്ടൽ ,പട്ടിണി, സാമ്പത്തിക തകർച്ച ,രാഷ്ട്രങ്ങളുടെ കടക്കെണി ,മാറാവ്യാധികൾ ,പരിസ്ഥിതി നാശം, പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം, വ്യാപകമായ വനം കത്തൽ ,അനാവശ്യവും നീണ്ടു നിൽക്കുന്നതുമായ യുദ്ധങ്ങൾ ,ഭക്ഷണത്തിലെ അനിയന്ത്രിതമായ വിഷം ,പ്ലാസ്റ്റിക്കിൻ്റെ ഭീഷണമായ കടന്നുകയറ്റം ,മലിനീകരണം ,ഭീകര പ്രവർത്തകരുടെ നിരന്തരമായ ആക്രമണങ്ങൾ ... ഇതിനിടയിൽ ഭാവി എന്താണെന്ന് ഒ കോണർ ചോദിക്കുന്നു. പ്രതീക്ഷ അർത്ഥമുള്ള ഒരു പദമാണോ?

കുട്ടികളെ വളർത്തുന്നവർ അവരോട് എന്താണ് പറയേണ്ടത് ?നാളത്തെ തലമുറ സ്വസ്ഥത എവിടെ നിന്നു കണ്ടെത്തും ? .ലോകം ഇങ്ങനെയെല്ലാമാണ് അവസാനിക്കുന്നതെന്ന് ഒ കോണർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ചുറ്റിനും മനുഷ്യർ മരിക്കുമ്പോഴും വീടിനുള്ളിലിരുന്ന് നമ്മൾ ടി.വി.കാണുന്നു; ഗെയിം കളിക്കുന്നു, പൊട്ടിച്ചിരിക്കുന്നു.

പ്രമുഖ അർജൻ്റൈൻ എഴുത്തുകാരനായ ഹൂലിയോ കോർത്തസർ (1914- 1984) എഴുതിയ 'അഷോലോട്ൽ ' എന്ന കഥ ഒരു കൊറോണ വായനയായി ഞാൻ അനുഭവിച്ചു.1956 ൽ 'എൻഡ് ഓഫ് ദ് ഗെയിം' എന്ന സമാഹാരത്തിലാണ് ഈ കഥ വന്നത്. അഷോലോട്ൽ ഒരു അലങ്കാര മത്സ്യമാണ്. ഒരാൾ ഈ സുന്ദരമായ മത്സ്യത്തെ ഒരു അക്വേറിയത്തിലാണ് ആദ്യം കാണുന്നത്.പല തവണ ,അയാൾ ഈ മത്സ്യത്തെ സന്ദർശിക്കുന്നുണ്ട്. എങ്ങനെയോ അയാൾ ആ മത്സ്യവ്യമായി അടുക്കുന്നു.ഇത് ആദ്യം മുതൽ തന്നെ അയാൾ രഹസ്യമാക്കി വയ്ക്കുകയാണ്. അയാൾക്ക് അക്വേറിയം സന്ദർശിക്കാതിരിക്കാനായില്ല. അയാളെ  മത്സ്യം പ്രചോദിപ്പിക്കുകയും  ചെയ്തു. അയാൾ തൻ്റെ ഭാഗമാണ് മത്സ്യമെന്ന് വിചാരിക്കുന്നു .അത് തന്നോട് രക്ഷിക്കണമേ എന്ന് യാചിക്കുന്നതായി ആ മനുഷ്യനു തോന്നുകയാണ്.

ഇപ്പോൾ ആ സന്ദർശകൻ  മത്സ്യത്തിലാണ് ജീവിക്കുന്നത്. അവർ രണ്ടു പേരും ഒരുടലിൽ നീന്തുകയാണ്. അക്വേറിയത്തിൽ മതിയായ ഇടമുണ്ടെന്നും അവിടം വിട്ട് എങ്ങോട്ടും പോകേണ്ടന്നും ആലോചിക്കുന്നത് എത്ര രസകരമാണ്. മത്സ്യത്തെ സന്ദർശിക്കുമ്പോൾ അയാൾ പുതിയൊരു ആവാസ വ്യവസ്ഥയിലേക്ക് മാറുകയാണ്.ഒരു ദിവസം മത്സ്യത്തെ തൊട്ടടുത്ത് കാണാനായി അയാൾ അക്വേറിയത്തിൻ്റെ ചില്ലുഭിത്തിയിൽ മുഖമമർത്തി ഉള്ളിലേക്ക് നോക്കി. ഇപ്പോൾ അയാൾ കണ്ടു, തനിക്കഭിമുഖമായി ചേർന്നു വന്നു നിൽക്കുന്നത് മത്സ്യത്തിൻ്റെ മുഖമല്ല, തൻ്റെ തന്നെ മുഖമാണ്! താൻ തന്നെയാണ് ആ മത്സ്യമെന്ന് ഉറപ്പിക്കാൻ ഒരു തെളിവു കൂടി!

കൊറോണക്കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട പ്രത്യേക മാനസികാവസ്ഥയുടെ നിദർശനമായും ഈ കഥ വായിക്കാം. എൻ്റെ മനസ്സിൻ്റെ അടിത്തട്ടിൽ മരവിച്ചു കിടന്ന സഹജീവി പ്രേമത്തെ ഈ കഥ ഒന്നുകൂടി ഉയർത്തിയെടുത്തു.മനുഷ്യനാകാൻ നമുക്ക് പല വഴികളുണ്ട്. അതിലൊന്നാണ് ഇത്. കൊറോണക്കാലം നമ്മെ സ്വയം സംസ്കരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചു.ഒരു അന്യവത്ക്കരണം സംഭവിക്കുകയാണ്. എന്നാൽ അത് നാശോന്മുഖമല്ല .പുതിയ പാഠങ്ങൾ പഠിക്കുകയാണ് .നഷ്ടപ്പെട്ടലിനെപ്പറ്റി ചിന്തിച്ച് കുഴഞ്ഞവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള അവസരമാണിത്.

ഒരു ആത്മീയബന്ധത്തിനായി ബോധപൂർവ്വം അലയുകയല്ല വേണ്ടത്, സ്വാഭാവികമായി ഒത്തു വരുന്ന സന്ദർഭങ്ങളിൽ സ്വന്തം ആത്മാവിൻ്റെ വനാന്തരത്തിലേക്ക് നിരുപാധികമായി നടന്നു നോക്കുകയാണ് ഉത്തമം. അത് നമുക്ക് പുതിയ അറിവുകളും മൈത്രിയും നല്കാതിരിക്കില്ല .ഈ കഥയിലെ മനുഷ്യൻ സാമൂഹിക ബന്ധങ്ങൾക്കപ്പുറത്ത് പോയി പുതിയൊരു മാനുഷികത സൃഷ്ടിക്കുകയാണ്.ഈ വ്യക്തി അന്യവൽക്കരിക്കപ്പെട്ടവനാണ്. എന്നാൽ  മനുഷ്യത്വമുണ്ട്.അതുകൊണ്ടാണ് മൂല്യവത്തായി സ്വയം തേടുന്നത്. യാദൃച്ഛികമായി കണ്ടുമുട്ടുന്ന മത്സ്യത്തിൽ ഒരു ജീവിതം ദർശിക്കുകയാണ്.ജീവിതം മറ്റെവിടെയുമില്ലാതായതിൻ്റെ സൂചനയാണിത്.

കൊലയും അന്യതയും

കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടിക്കൊന്ന സംഭവം പരിശോധിക്കാം.ഇത് ലോകാവസാനത്തിൻ്റെ സൂചനയായി ഗ്രഹിക്കാവുന്നതാണ്. ലോകം അവസാനിക്കുന്നത് തിരിച്ചറിയാൻ നമുക്ക് കഴിയണമെന്ന് മാത്രം. സഹപാഠിയോട് ആ കുട്ടി ഷൂസ് കടം വാങ്ങുന്നു. ആ സമയം ഇതിനു പകരമായി താൻ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് കുട്ടി സഹപാഠിക്ക് വാക്കു കൊടുത്തിരുന്നവത്രേ. എന്നാൽ വാക്കു പാലിക്കാനായില്ല. ഇതിൻ്റെ പേരിൽ വഴക്ക് പതിവായി. ഒടുവിൽ,
ഷൂസ് കടം കൊടുത്തവൻ തൻ്റെ കൂട്ടുകാരനെയും കൂട്ടി ഈ വിദ്യാർത്ഥിയെ കൗശലത്തിൽ വിളിച്ചു ദൂരെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വെട്ടിക്കൊല്ലുന്നു ! . ജീവിതത്തേക്കാൾ ,സ്നേഹത്തേക്കാൾ വലുതാണ് ഉപഭോഗവസ്തുക്കൾ നേടിയെടുത്ത സ്ഥാനം.ഇത് എല്ലാ പ്രണയങ്ങളെയും വലയ്ക്കുകയാണ്. എല്ലാ കുടുംബങ്ങളിലേക്കും ഈ വൈറസ് നുഴഞ്ഞ് കയറിയിട്ടുണ്ട്.
നാം ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്നുണ്ടായിരിക്കാം ;പക്ഷേ ,നമ്മെ ആവേശിച്ച ഭ്രാന്ത് വിട്ടുമാറുന്നില്ല. ഇത് ഭീഷണമായ അന്യവത്ക്കരണമാണ്. ആരാണ് ,എന്താണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം .

മഹാരാഷ്ട്രയിൽ സന്യാസിമാരെ തല്ലിക്കൊന്ന സംഭവവും ഇതിനു സമാനമാണ്. ലോകം ഇങ്ങനെയെല്ലാം അവസാനിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു വൈറസ് ലോകവിനോദ സഞ്ചാരത്തിനിറങ്ങിയിരിക്കയാണ്.ഇത് മനുഷ്യൻ്റെ അസ്തിത്വബോധം വർധിപ്പിച്ചിരിക്കുന്നു. മനുഷ്യൻ സ്വയം അതിജീവിക്കുമോ എന്ന് ശങ്കിക്കുന്നതുകൊണ്ട് ഈ യുദ്ധം അസ്തിത്വപരമായ വൈറോളജിയുടെ ഭാഗമാണ്. നമ്മുടെ നിലനില്പാണല്ലോ ഈ വൈറസ് ഉയർത്തുന്ന പ്രശ്നം. അതുകൊണ്ടാണ് സ്വയം അന്യവത്ക്കരിച്ച് മനുഷ്യൻ അവൻ്റെ ആത്മബന്ധങ്ങളെ തേടുന്നത്;കോർത്തസറിൻ്റെ കഥാപാത്രത്തെപ്പോലെ.

ആനുകാലികം

ഇന്നത്തെ കവികളിൽ ഭൂരിപക്ഷവും ഭാവുകത്വത്തെ നിരാകരിച്ചുകൊണ്ടാണ് എഴുതുന്നത്. ഫേസ്ബുക്ക് ,കവിതയ്ക്കുള്ള ഇടമാണെന്ന് തിരിച്ചറിഞ്ഞത് വലിയൊരു ചരിത്രമുഹൂർത്തമാണ്. ഫ്രീ വേഴ്സ് അഥവാ സ്വതന്ത്ര കവനമല്ല ഇന്നുള്ളത്; ഫ്രീ മ്യൂസിംഗ്  അഥവാ സ്വതന്ത്ര വിചാരങ്ങളാണ് ഇന്നത്തെ കവിതകൾ .പക്ഷപാത പ്രസിദ്ധീകരണങ്ങളുടെ കുത്തകയും ജീർണമായ സാഹിതീയ വീക്ഷണവും ഫ്യൂഡൽ പത്രാധിപ മേൽക്കോയ്മയും ഒഴിഞ്ഞു പോയിരിക്കയാണ് .സാഹിത്യം  കുറേ ക്കൂടി സ്വതന്ത്രമാണിന്ന്. ഒരു എഡിറ്റർ അനന്തര കാലമാണിത്.കാമ്പിശ്ശേരിയുടെയോ എൻ.വി.കൃഷ്ണവാരിയരുടെയോ  മുമ്പിൽ കവിതയുമായിപ്പോയി നിരാശരായവർ ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിൽ ഉയിർത്തെഴുന്നേൽക്കാൻ പറ്റിയ അവസരമാണിത്. അവർക്ക് ആരുടെയും ശീട്ട് ഇല്ലാതെ ഫേസ്ബുക്കിൽ കവിത പ്രസിദ്ധീകരിക്കാം. ഇഷ്ടം പോലെ വായനക്കാരെ നേടാം.കെ.സി.നാരായണനെപ്പോലെയുള്ള പത്രാധിപ ഏകാധിപത്യബിംബങ്ങൾ ഇനി നമ്മെ അലോസരപ്പെടുത്താൻ വരില്ല .

ഫേസ്ബുക്ക് കവിത എന്ന പുതിയ ഇനം തന്നെ സാഹിത്യത്തിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കുമാരനാശാൻ്റെ കരുണ ,വള്ളത്തോളിൻ്റെ ബന്ധനസ്ഥനായ അനിരുദ്ധൻ ,ചങ്ങമ്പുഴയുടെ രമണൻ ,വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ തുടങ്ങിയ കാവ്യങ്ങളുമായി ഈ കവനങ്ങളെ താരതമ്യം ചെയ്യാൻ ഫേസ്ബുക്കിലേക്ക് ആരും വരണ്ട. ഇത് വേറൊരു ഗണമാണ്. ഫേസ്ബുക്ക് മനുഷ്യൻ്റെ അതിവേഗത്തിൻ്റെയും സ്മൃതിനാശത്തിൻ്റെയും നൈമിഷിക ജീവിതത്തിൻ്റെയും ഒരു വിഹാരരംഗമാണ് .അവിടെ സെക്കൻഡുകൾക്കുള്ളിൽ പലതും വന്നു മറിയുന്നു. കവിതയും അങ്ങനെയുള്ള ഒരു ഉല്പന്നമാണ്. ഒരാൾ ജലാശയത്തിലേക്ക് ഡൈവ് ചെയ്യുന്ന ദൃശ്യം ഫേസ് ബുക്കിലിടുന്നതും മറ്റൊരാൾ തൻ്റെ പൂച്ചക്കുട്ടിയുടെ ഉറക്കം  പകർത്തിവയ്ക്കുന്നതും ഒരുപോലെയാണ് സ്വീകരിക്കപ്പെടുന്നത്.ഒരാളുടെ ആത്മഹത്യയുടെ വീഡിയോയ്ക്ക് തൊട്ടു താഴെ വേറൊരു സൃഹൃത്ത് സ്വന്തം കവിത പോസ്റ്റ് ചെയ്യുന്നു. ഇവിടെ ഭാവുകത്വം എവിടെയാണ് ? ഭാവുകത്വം ഇല്ലാത്ത ലോകമാണിത്. കവിത ഇവിടെ നൈമിഷികതയാണ്.കാരണം ഒരു രചനയും ഇവിടെ ശാശ്വതമല്ല.

മഹാഭാരതത്തിൻ്റെ ജീവിതം നൈമിഷികമല്ല  ;അത് ഇതിഹാസമാണ്. അതുകൊണ്ടു തന്നെ ആ രൂപമോ ഉള്ളടക്കമോ ആവർത്തിക്കുകയില്ല. അതാണ് ആ ആഖ്യാനങ്ങളുടെ അതുല്യത .എന്തുകൊണ്ട് ഇതിഹാസങ്ങൾ ബൃഹത്തായി രചിക്കപ്പെട്ടു. ?അത് ജീവിതത്തെ കാലാതിവർത്തിയായി കാണുന്നു. വ്യാസൻ്റെ കാഴ്ചപ്പാടിൽ ധർമ്മപുത്രർ കലാതിവർത്തിയാണ്. അതിനാൽ ധർമ്മപുത്രരുടെ ജീവിതം വിശദമായി എഴുതേണ്ടതുണ്ട്. ഇന്നത്തെ എഴുത്തുകാർക്ക് തങ്ങളുടെ കഥാപാത്രങ്ങളുടെ ജീവിതം കാലാതിവർത്തിയാണെന്ന് അവകാശപ്പെടാനൊക്കില്ല;അവർക്കത് നൈമിഷിക യാഥാർത്ഥ്യമാണ്.

എം.വി.ഷാജിയുടെ ഒരു വെബ് കവിത (മൈഇംപ്രസിയോ ഡോട്ട് കോം ) യുടെ പേര് 'മാംസ നിബദ്ധമാണ് രോഗം' എന്നാണ്. ആശാൻ്റെ 'മാംസനിബദ്ധമല്ല രാഗം' എന്ന പ്രസിദ്ധമായ പ്രയോഗത്തിൻ്റെ അർത്ഥവത്തായ പുനരുപയോഗമാണിത്. ഒരു ഹാസ്യാനുരാഗം പോലെ മനോഹരം.
ചില വരികൾ ചുവടെ:

'ഇൻബോക്സിൽ
നിൻ്റെ പച്ചവെളിച്ചം
തെളിയുമ്പോൾ
എഫ്.ബി
ഹസ്തിനപുരത്തിലെ
അസ്ത്ര പരീക്ഷാവേദിയാവുന്നു .
ഞാൻ ധനുർധാരിയായ
അർജുനൻ .
ഹർഷാരവം മുഴക്കുന്ന
പുരുഷാരത്തെയോ
കറങ്ങുന്ന യന്ത്രക്കൂട്ടിലെ
പക്ഷിയെയോ
മരത്തെയോ മണ്ണിനെയോ
ഞാൻ കാണുന്നില്ല.
എൻ്റെ ഒറ്റ ബാണവും
ഉന്നം പിഴയ്ക്കില്ല .
എടുക്കുമ്പോളായിരം
തൊടുക്കുമ്പോളായിരം
തറയ്ക്കുമ്പോളായിരം .
തറയ്ക്കുമ്പോൾ ....
കീറിമുറിച്ച നിൻ്റെയുടലിൽ
നിന്നാണ്
ലക്ഷ്യവേധിയായ
അമ്പിൻ്റെ
ധ്യാനം
പരിശീലിച്ചത് ' .

സമ്മാനത്തുക.

എം.ടി.പറയുന്നു: 'അക്കാദമി അവാർഡ് തുക പ്രതീക്ഷിച്ച് വീടു പണി പ്ളാൻ ചെയ്യകയൊന്നുമരുത്. മഹാമോശമായ കഥയ്ക്ക് ലക്ഷങ്ങൾ സമ്മാനത്തുകയായി നല്കുന്നതിൽ അർത്ഥമില്ല. ലക്ഷം രൂപ സമ്മാനത്തിനുള്ള കഥയ്ക്ക് അതിൻ്റെ കോപ്പുണ്ടാകണം. പണത്തിലല്ല, അതുവഴി വരുന്ന അംഗീകാരത്തിലാണ് ശ്രദ്ധിക്കേണ്ടത് .ലിറ്റററി ഫെസ്റ്റിവലിൽ നിന്ന് സാഹിത്യം അകന്നുപോയി ഫുഡ് ഫെസ്റ്റായി മാറുന്നു' .( മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 19 )

എം.ടിയുടെ ഈ വിമർശനം വളരെ അനിവാര്യമായിരുന്നു.മാലിന്യക്കൂമ്പാരമായി മാറിയ മലയാള പുരസ്കാര വ്യവസായം ലോകത്തിനു തന്നെ നാണക്കേടാണെന്നതാണ് വസ്തുത. ലോകപ്രശസ്തമായ ,ഹെർമ്മൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ 'ഈ മലയാളക്കരയിൽ ജയപ്രകാശ് അങ്കമാലിയോ, സെബാസ്റ്റ്യൻ പള്ളിത്തോടോ ആണ് എഴുതിയതെന്ന് സങ്കല്പിക്കുക.ഇവിടുത്തെ സൗന്ദര്യബോധമില്ലാത്ത അവാർഡ് മുതലാളിമാർ ആ കൃതി ഒന്നു വായിച്ചു നോക്കുക പോലും ചെയ്യില്ല .നാലാംകിട പുസ്തകങ്ങൾക്ക് അവാർഡ് കൊടുക്കാൻ ചില പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നു .ഈ കാലഘട്ടത്തിലെ അവാർഡ് കൃതികൾക്ക് നിലനില്പില്ല. കാരണം അതെല്ലാം നിലനില്ക്കാൻ ശ്രമിക്കുന്നത് അധാർമ്മികമായാണ്.

വിജയനും നവീനതയും

ഒ.വി.വിജയൻ്റെ നവതിയുടെ ഭാഗമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഏപ്രിൽ 5) ഒരു കവർ ചിത്രം പ്രസിദ്ധീകരിച്ചത് നന്നായി.എന്നാൽ പി.കെ.രാജശേഖരൻ്റെ ലേഖനം സാഹിത്യബാഹ്യമായ  ,വിജയൻ വിരുദ്ധമായ വാദങ്ങൾ കൊണ്ട് ജീർണ്ണമായി . വിജയൻ യൂറോപ്യൻ കേന്ദ്രിതമായ ആധുനികതയെ എതിർത്തു ,അന്ധമായ ഭാരതീയതയെ വെറുത്തു എന്നെല്ലാം തട്ടിവിട്ടിരിക്കുന്നു. ഈ പറഞ്ഞ കാര്യങ്ങൾ വിജയൻ പാലിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഏറിയാൽ  ചന്തുമേനോൻ ആകുമായിരുന്നു.

ലേഖകൻ പറഞ്ഞതിൽ ഒരു വാസ്തവവുമില്ല. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ,അമേരിക്കൻ ,ലാറ്റിനമേരിക്കൻ അധുനികതയില്ലെങ്കിൽ വിജയനില്ല. ഇത് രാജശേഖരനു മനസ്സിലാക്കാൻ പറ്റാത്തത് അദ്ദേഹത്തിനു സാഹിത്യംകൊണ്ട് നവീകരിച്ച ആധുനിക മനസ്സില്ലാത്തതു കൊണ്ടാണ്. കോളജ് പഠനത്തിൻ്റെ ഭാഗമായി ഒരു ഗവേഷണത്തിനു വിഷയം  തിരഞ്ഞെടുക്കുന്നത് സാഹിത്യാഭിരുചിയുടെ അടയാളായി കാണാനാവില്ല. രാജശേഖരൻ എന്തിനാണ് വിജയനെക്കുറിച്ച് വസ്തുതാവിരുദ്ധമായ ലേഖനങ്ങൾ എഴുതുന്നതെന്ന് വ്യക്തമാകുന്നില്ല.രാജശേഖരൻ നവീന സൗന്ദര്യമാനങ്ങളുള്ള ഒരു കൃതിയും ആസ്വദിച്ചതായി തെളിവുമില്ല .വിജയനെ മാത്രം അനുഭവിച്ചു എന്ന് പറയുന്നത് കളവല്ലേ.. ? വി.പി.ശിവകുമാർ ,മേതിൽ, യു.പി. ജയരാജ്,പട്ടത്തുവിള, കാക്കനാടൻ ഇവരെയൊക്കെ അവഗണിച്ചിട്ട് വിജയനെ മാത്രം വേട്ടയാടുന്നത് എന്തിനായിരിക്കണം? വിജയൻ്റെ കൃതികളിൽ മിസ്റ്റിസിസം, എക്സ്പ്രഷനിസം, ഇംപ്രഷനിസം ,സറിയലിസം, അബ്സേർഡിസം  തുടങ്ങിയ കലാസങ്കേതങ്ങളെല്ലാമുണ്ട്. എന്നാൽ അദ്ദേഹം കമ്യൂ ,സാർത്ര് ,ഫോക് നർ തുടങ്ങിയവരുടെ ഭാഷയും ശൈലിയുമല്ല ഉപയോഗിച്ചത്;സ്വന്തം ഭാഷയും ഭാരതത്തിൻ്റെ മിത്തുകളുമാണ്.ഇത് കലയുടെ അസംസ്കത വസ്തുക്കളായി ഉപയോഗിക്കുകയാണ്. മിത്തുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെങ്കിൽ വിജയൻ ,യു.എ.ഖാദറിൻ്റെ തലത്തിൽ നിൽക്കുമായിരുന്നു.എന്നാൽ വിജയനിൽ കലയുടെ നവീനത നിലനിൽക്കുന്നു.ഇത് അധുനികതയുടെ ഭാഗമാണ്.ഇത് കലയുടെ പുതിയ സംസ്കാരമാണ്. ഈ സംസ്കാരം ചന്തുമേനോനിൽ ഇല്ലല്ലോ. അത് വിജയനിൽ സാക്ഷാത്കരിക്കപ്പെടുന്നത് കാലത്തിൻ്റെ ഒരു ഘടകം അല്ലെങ്കിൽ സ്വഭാവം എന്ന നിലയിലാണ്.ഇത് രാജശേഖരനു  കാണാൻ കഴിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ  ആധുനികകലാവിരുദ്ധനായി കണക്കാക്കേണ്ടി വരുന്നത്.

ഇങ്ങനെയുള്ള ഒരാൾ വിജയനെ എന്തിനാണ് പിന്തുടരുന്നത്? മറ്റൊന്ന്, വിജയൻ അന്ധമായി ഭാരതീയതയെ എതിർത്തു എന്ന പ്രസ്താവനയാണ്. തെറ്റാണിത്. അദ്ദേഹത്തിനു ഭാരതീയ ദർശനത്തെ ഒരിക്കലും എതിർക്കാനാവില്ല .പെരുവിരൽ എന്ന പദം 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൽ ഉചിതമായി ഉപയോഗിക്കുന്നത് കാണാം. കൃഷ്ണൻ്റെ പെരുവിരലിലാണല്ലാ വേടൻ്റെ അമ്പേറ്റത് .ഈ പ്രാചീന  ദു:ഖം അദ്ദേഹത്തിൻ്റെ മനസ്സിനെ ചലിപ്പിക്കുന്നത് വൈകാരികക്ഷമതയുടെ ആഴം കാണിച്ചു തരുകയാണ്. 'മധുരം ഗായതി ' എന്ന കൃതി ഭാഗവതത്തിൻ്റെ സത്തയായി പരിഗണിക്കാം.

രാജശേഖരൻ മറ്റൊരു അബദ്ധവും പറഞ്ഞു. ആധുനികതാവിമർശനം വിജയനെ യൂറോ കേന്ദ്രിതമായി ചുരുക്കിയെന്ന് ! ഒരു ജ്ഞാനമാർഗം ആരായുന്നത് ചുരുക്കലാണോ? നവീന വിമർശനത്തിൻ്റെ സമീപനം ഏതെങ്കിലും ദേശത്ത് ഒതുങ്ങുകയല്ല ;എവിടെ നിന്നും സൗന്ദര്യാത്മക വിശകലനത്തിനു ആവശ്യമായ മൂലകങ്ങൾ കണ്ടെത്തുക എന്നുള്ളതാണ്. ഈ ആധുനികതാവിമർശകർ മാത്രമാണ് തുടക്കത്തിൽ വിജയൻ്റെ കൃതികളെ പഠിച്ചതും പിന്തുണച്ചതും. ഇപ്പോൾ വിജയൻ്റെ പിന്നാലെ കൂടിയിരിക്കുന്ന അവസരവാദികൾക്ക് ഇതൊന്നും അറിയില്ലെന്നു മാത്രം.

ആധുനികത എന്ന വലിയ സംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയും ജീർണ്ണ ,പിന്തിരിപ്പൻ നിലപാടുകളുമാണ് രാജശേഖരൻ്റെ കൈമുതലെന്ന് ഈ ലേഖനം വ്യക്തമാക്കിത്തരും. നോവലിലെ ഒരു വാചകം പോലും ഉദ്ധരിക്കാതെ എന്ത് നവതി അനുസ്മരണമാണിത്?.

പാശ്ചാത്യ ആധുനികതയെ വായിച്ചും പഠിച്ചും പകർത്തുന്ന എഴുത്തുകാരുണ്ട്. അവർക്ക് പക്ഷേ, ശൈലിയുടെയും ഭാഷയുടെയും ആധുനികത തെളിഞ്ഞു കിട്ടില്ല. നവീനമായ ഭാഷാസംസ്കാരം, ആധുനികതയുടെ ശൈലീപരമായ സവിശേഷതകൾ ഉൾച്ചേരുന്നതോടെ വളരെ മൗലികമായ ടോൺ സൃഷ്ടിക്കും.ഇത് യഥാർത്ഥ പ്രതിഭകൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

സുലോചന പാടുന്നു.

പ്രമുഖ നാടക നടിയും ഗായികയുമായ കെ.പി.എ.സി.സുലോചനയുടെ ജീവചരിത്രം എഴുതുകയാണ് ബൈജു ചന്ദ്രൻ (അഴിമുഖം ഡോട്ട് കോം ).

സുലോചനയെ വല്ലാതെ അവഗണിച്ചതായി തോന്നിയിട്ടുണ്ട്. അവർ നാടകത്തിൽ പാടി അനശ്വരമാക്കിയ പാട്ടുകൾ ,അതേ നാടകം സിനിമയായപ്പോൾ അവർക്ക് പാടാൻ അവസരമുണ്ടായില്ല. ആരെയും വിഷമിപ്പിക്കുന്ന കാര്യമാണിത്. സുലോചനയും മറ്റും നാടകരംഗത്തു വന്നത് നമ്മൾ സാമൂഹികമായി നേടിയ ഔന്നത്യത്തിൻ്റെ ഭാഗമാണ്. അവർ പുരോഗമനവാദിയും ഉല്പതിഷ്ണുവുമായതുകൊണ്ട് ,നാടക ,ഗാന പാരമ്പര്യമില്ലാത്ത നമ്മൾ ഉദ്ബുദ്ധരായി. പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ സുലോചന പാടിയ വെള്ളാരംകുന്നിലേ  ,അമ്പിളി അമ്മാവാ തുടങ്ങിയ പാട്ടുകൾ നമ്മുടെ തനിമയോ പാരമ്പര്യമോ ആയി നിൽക്കുകയാണ്.

ഇന്നത്തെ ഗായികമാരുടേത് പോലെ ബോധപൂർവ്വം സൗന്ദര്യവൽക്കരിച്ച ,തേച്ചുമിനുക്കിയ ,ഇസ്തിരിയിട്ട ശബ്ദമല്ല സുലോചനയുടേത്. ആ ശബ്ദം നമ്മുടെ കുടുംബങ്ങളിൽ സ്നേഹവുമായി ഓടി നടന്നിരുന്ന ഒരു മൂത്ത ചേച്ചിയുടെയോ ഇളയമ്മയുടെയോ ,ചിറ്റമ്മയുടെയോ ശബ്ദമാണ്. അത് നിറയെ മലയാളിത്തവും മമതയും രക്തബന്ധവുമാണ്.

സുലോചന നാടകത്തിൽ കുഷ്ഠരോഗിയായി അഭിനയിച്ചപ്പോൾ അവർക്ക് ശരിക്കും ആ രോഗമുള്ളതുകൊണ്ടാണ് റോൾ വിജയിപ്പിക്കാനായതെന്ന് പറഞ്ഞ് ആ നടിയെയും കുടുംബത്തെയും വിഷമിപ്പിച്ചവരുണ്ടെന്ന് ബൈജു ചന്ദ്രൻ എഴുതുന്നുണ്ട്. ഒരു നടിയുടെ വിജയമല്ലേ ഇത് ?

പുസ്തകങ്ങൾ

ലക്ഷ്മി ദീപയുടെ (ഭോപ്പാൽ )' മൗനത്തിൻ്റെ നിലവിളികൾ 'നർമ്മദ പബ്ളിക്കേഷൻ) സമകാലിക വിഷയങ്ങളോടുള്ള പ്രതികരണങ്ങൾ എന്ന നിലയിൽ രചിക്കപ്പെട്ട കവിതകളുടെ സമാഹാരമാണ്.പൊതു പ്രസ്താവങ്ങളും വൃത്താന്തങ്ങളും കവിതയിൽ നിറയുന്നു. ഒരു നവാഗത എന്ന നിലയിൽ പ്രതീക്ഷ തരുന്നു.ബോധിമാർഗ്ഗേ എന്ന കവിതയിലെ വരികൾ ചുവടെ:

'ബോധാബോധങ്ങൾക്കുള്ളിൽ
ബോധിയുടെ ചുവട്ടിൽ
ബുദ്ധൻ്റെ ശാന്തി മന്ത്രങ്ങൾ
ശ്രവണങ്ങളിൽ മാധുര്യമാക്കാം.
ലുംബിനിയുടെ മരണതാളങ്ങളെ
അഗ്നിയിൽ ഹവിസ്സാക്കി
നിത്യബോധത്തിൻ്റെ
സത്യപ്രകാശത്തിൽ  ലയിക്കാം.'

സുരേഷ് നൂറനാട് എഴുതിയ 'അപര കഥ' എന്ന ആത്മകഥാകുറിപ്പുകൾ ( പുലിറ്റ്സർ ബുക്സ് ) മനസ്സിൽ കലയുടെ തീയുമായി നടന്ന കുറെ ചെറുപ്പക്കാരുടെ വിപ്ളവ സ്വപ്നങ്ങളെയും കവിതാപരമായ വിഷാദങ്ങളെയും എടുത്തു കാണിക്കുന്നു. ഒരിടത്ത്‌ സുരേഷ് ഇങ്ങനെ എഴുതുന്നു: ' പക്ഷികൾ പുതിയ ദേശാടനവഴികളിലാകും .തിരിച്ചു പോകാത്ത ആ തണൽത്തടങ്ങളുടെ മടിയിൽ നിന്ന് നാട്ടുവർത്തമാനം പറഞ്ഞവരെല്ലാം മൺമറഞ്ഞു. കരിയിലകൾ പോലെ ഇന്ന് അവിടെയുമിവിടെയും ഞങ്ങൾ ചിലർ മാത്രം."

തൻ്റെ യൗവ്വനകാലം കവിതയിലും  വർത്തമാനത്തിലും  എങ്ങനെ ഉപവാസം അനുഷിച്ചു എന്ന് നിശ്ശബ്ദമായി സംവേദനം ചെയ്യുകയാണ് ഗ്രന്ഥകാരൻ.

സാങ്കല്പിക വായനക്കാരൻ

പ്രമുഖ ജർമ്മൻ വിമർശകനും സൈദ്ധാന്തിനുമായ വൊൾഫ്ഗാംഗ്  ഐസർ (1926-2007) ദ് ഇംപ്ളൈഡ് റീഡർ ,ദ് ആക്റ്റ് ഓഫ് റീഡിംഗ് എന്നീ പുസ്തകങ്ങളിൽ വായനയുടെ സിദ്ധാന്തം (റീഡർ റെസ്പോൺസ്) അവതരിപ്പിക്കുന്നുണ്ട്. വായന ലക്ഷ്യമിടുന്നത് എഴുത്തുകാരൻ്റെ മനസ്സിൽ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനല്ല ;അതിൻ്റെ സൗന്ദര്യാത്മകമാനം ഉൾക്കൊള്ളാനാണ്. ഇതാകട്ടെ വായനക്കാരൻ ഒറ്റയ്ക്ക് നേടുന്നതാണ്. വായനക്കാരൻ്റെ പ്രതികരണമാണ് വായന .ഇതാണ് ഐസറുടെ ചിന്ത .

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ നമ്മൾ ഒരു നോവൽ വായിക്കുമ്പോൾ ,അതിൽ തന്നെ ഒരു ഇംപ്ളൈഡ് റീഡർ അഥവാ സാങ്കല്പിക ,സൂചിത വായനക്കാരനുണ്ട്.ഇത് ഒരു പ്രത്യക്ഷ വ്യക്തിയല്ല .കൃതിയുടെ ടെക്സ്റ്റ് ഒരാൾ വായിക്കുന്നുണ്ട് എന്ന പ്രതീതിയാണത്. ഈ വായനക്കാരന് മതമോ ,പ്രത്യേക ദേശമോ  ഒന്നുമില്ല. ഏതൊരു ടെക്സ്റ്റിലും ഈ വായനക്കാരനുണ്ട്.

ബഷീറിൻ്റെ 'പാത്തുമ്മയുടെ ആട് 'വായിക്കുന്ന നമ്മെക്കൂടാതെ ഒരു സാങ്കല്പിക വായനക്കാരൻ ആ കൃതിയിൽ തന്നെയുണ്ട്. അയാൾ എപ്പോഴുമുണ്ട്. ഒരാൾ പത്തുമ്മയുടെ ആട് വായിക്കാനെടുക്കുമ്പോൾ ,അയാളുടെ വായന വേറൊരു വഴിയിൽ തിരിയണമെങ്കിൽ  ഈ അദൃശ്യ വായനക്കാരനെ മറികടക്കേണ്ടതുണ്ട്.

ഐസർ പറയുന്നു ,നാല് ഘടകങ്ങൾ ചേരുമ്പോഴാണ് വായനയുണ്ടാകുന്നത്: എഴുത്തുകാരൻ ,കഥാപാത്രങ്ങൾ ,കഥാതന്തു ,സാങ്കല്പിക വായനക്കാരൻ .നമ്മൾ എന്തെങ്കിലും അർത്ഥമോ ,അനുഭൂതിയോ കൃതിയിൽ നിന്നു നേടുന്നുണ്ടെങ്കിൽ അത് ഈ നാലു ഘടകങ്ങൾ ചേരുമ്പോഴാണ് സംഭവിക്കുന്നത്.

വായനക്കാരൻ്റെ വ്യക്തിഗതമായ അനുഭവവും ഗ്രന്ഥകാരൻ്റെ കലാ സങ്കല്പവും തമ്മിൽ ,വായിക്കുന്ന വേളയിൽ ഒരു സംഘർഷമുണ്ടാകുന്നതായി ഐസർ വിശദീകരിക്കുന്നു. വായനക്കാരന് തൻ്റേതായ സന്ദേഹങ്ങളുണ്ട്. അതിനെ മറികടക്കാനാണ് 'പാത്തുമ്മയുടെ ആട് ' രചിച്ച ആളിൻ്റെ  വ്യക്തിമനസ്സ് എപ്പോഴും ശ്രമിക്കുക .ഇതിനു രണ്ടിനുമിടയിൽ ഒരു സംഘർഷം ഉടലെടുക്കുന്നു. ഇതാണ് വായനയുടെ പ്രതികരണത്തിലേക്ക് നയിക്കുന്നത്.
ബഷീർ എന്താണ് അർത്ഥമാക്കിയതെന്ന പ്രശ്നം വായനക്കാരനെ കുഴയ്ക്കുന്നു. അവനാകട്ടെ സ്വന്തമായി ചിലത് കണ്ടെത്താനുമുണ്ട്. കൃതിയിലെ സാങ്കല്പിക വായനക്കാരനെ മറികടന്നുകൊണ്ട് ,വഴിപിരിഞ്ഞു കൊണ്ട് ഒരു വായനക്കാരൻ സഞ്ചരിക്കുന്നിടത്ത് അയാളുടെ വായന സംഭവിക്കുന്നു.

വാക്കുകൾ

1)ഞാൻ തീരുമാനങ്ങളെടുക്കുന്നത് ഉൾവിളിയുടെ ഫലമായാണ്. ഞാൻ ഇരുട്ടിലേക്ക് ഒരു കുന്തമെറിയുന്നു. ആ കുന്തം കണ്ടെടുക്കാൻ ഒരു സൈന്യത്തെ തന്നെ ഞാനയയ്ക്കണം. ഇതാണ് പ്രതിഭ.

ഇൻഗ്മെർ ബർഗ്മാൻ ,
സ്വീഡിഷ് സംവിധായകൻ.

2)ഒരു വസ്തുവിനെ പല വീക്ഷണകോണുകളിൽ നിന്നു നോക്കാൻ കഴിയാത്തവൻ ഇടുങ്ങിയ മനസ്സുള്ളവനാണ് .
ജോർജ് എലിയട്ട് ,
ഇംഗ്ലീഷ് പെൺ നോവലിസ്റ്റ്.

3)ആരോഗ്യമുള്ളവനും മനോദൗർബ്ബല്യമുള്ളവനും തമ്മിലുള്ള വ്യത്യാസം ഇതാണ്: ആരോഗ്യമുള്ള വനു കുറെ മാനസിക പ്രശ്നങ്ങളുണ്ടാകും; എന്നാൽ മനോവിഭ്രാന്തിയുള്ളവനു ആ  ഒരു പ്രശ്നമേ ഉണ്ടാകൂ.
റോബർട്ട് മ്യൂസിൽ ,
ഓസ്ട്രിയൻ എഴുത്തുകാരൻ  .

4) ഇന്നത്തെ ലൈംഗിക സ്വാതന്ത്ര്യം ഒരു ആചാരമാണ്.ഒരു കടപ്പാട് ,സാമൂഹിക കടമ, സാമൂഹിക ഉത്ക്കണ്ഠ , ഉപഭോക്താവ് എന്ന നിലയിൽ ഒരു വൻ്റെ അവശ്യ സ്വഭാവം.
പസ്സോളിനി,
ഇറ്റാലിയൻ സംവിധായകൻ .

5) നമ്മൾ വിരോധാഭാസപരമായ ഒരു സത്യത്തിലെത്തിച്ചേർന്നിരിക്കുന്നു. വിദ്യാഭ്യാസമാണ് ഇന്ന് ബൗദ്ധികമുന്നേറ്റത്തിനും ചിന്താസ്വാതന്ത്ര്യത്തിനും മുഖ്യ തടസ്സമാകുന്നത്.
ബെർട്രൻഡ് റസ്സൽ ,
ബ്രിട്ടീഷ് ചിന്തകൻ.

കാലമുദ്രകൾ

1)ജോൺ എബ്രഹാം.
ഒരു ചലച്ചിത്ര സംവിധായകനായിരിക്കുന്നത് തൻ്റെ പ്രതീകാത്മക കുരിശുമരണമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിൽ ജോൺ എബ്രഹാം വീണ്ടും വീണ്ടും സാഹസികമായ യാത്രകൾ നടത്തിക്കൊണ്ടിരുന്നു.

2)രവീന്ദ്രൻ.
സംഗീത സംവിധായകൻ രവീന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞു: എൻ്റെ പാട്ടുകൾക്ക് മഴയോടാണ് ബന്ധം.ആദ്യം അത് ചാറ്റൽ മഴയായി തുടരുന്നു. പിന്നീട് പല രീതിയിൽ ശക്തി പ്രാപിക്കുന്നു.

3) പുനത്തിൽ കുഞ്ഞബ്ദുള്ള .
ഒരു എഴുത്തുകാരനാവുന്നതിനു വേണ്ടി ,ഒരു സോദ്ദേശ്യകഥാപാത്രമാവുക പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല.

4) മേതിൽ രാധാകൃഷ്ണൻ.
ഒരു പുഴുവിൻ്റെ അവകാശം സ്ഥാപിക്കുന്നത് വരെ തൻ്റെ രാഷ്ട്രീയം അവസാനിക്കുകയില്ലെന്ന് പറഞ്ഞ കഥാകൃത്ത് മേതിൽ രാധാകൃഷ്ണൻ്റെ വിശാലമായ രാഷ്ട്രീയ മനസ്സ് ഇന്ന് കുടുതൽ പ്രസക്തമാണ്.

5) ഗോപി.
ഒരു സുഹൃദ് സദസ്സിൽ വച്ച് ഡി.വിനയചന്ദ്രൻ തൻ്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത വികാരനിർഭരമായി ചൊല്ലുന്നത് കേട്ട് നടൻ ഗോപി മൗനിയും ദു:ഖിതനുമാകുന്നത് കാണാനിടയായി.

ദർശനം

നോട്ടം .
മനുഷ്യൻ്റെ നോട്ടം അവനിൽ തന്നെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. ലോകത്തെയാകെ നോക്കാൻ ഭഗവാനു മാത്രമേ കഴിയൂ.

2)നടൻ.
ഒരു നടനായാൽ തൻ്റെ അസ്തിത്വത്തിനു പുറത്തും ജീവിക്കാം. കഥാപാത്രങ്ങൾ അന്യ വസ്തുക്കളല്ല;അത് നടനിലെ വ്യക്തിയും ശരീരവുമാണ്. സത്യൻ ഒരേ സമയം 'ചെമ്മീനി'ലെ പളനിയും 'അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പനുമാണ്.കാരണം ഈ രണ്ട് വ്യത്യസ്ത മനുഷ്യർ ജീവിച്ചത് സത്യൻ്റ ശരീരത്തിലും മനസ്സിലുമാണ്.

3)പ്രാർത്ഥന.
പ്രാർത്ഥിക്കുമ്പോൾ നമ്മളല്ല ,ലോകവും ദൈവവുമാണ് മുഖ്യമാവുന്നത്. കാരണം ലോകമുണ്ടെങ്കിലേ നമ്മളുള്ളു .

4)എഴുത്ത്
അയൽവീട്ടിലുള്ളവർ സുഖമായിരുന്നാൽ മാത്രമേ എഴുത്തുകാരനു സ്വന്തം നിലയിൽ ഏകാകിയായി സംഘർഷമനുഭവിക്കാനാകൂ. ഈ സംഘർഷം മനുഷ്യത്വപരവും ലോ കോപകരപ്രദവുമാണ്.

5) ഞാൻ .
എല്ലാവരിലും 'ഞാൻ 'മന്ത്രിക്കുന്നതു കൊണ്ട് നമ്മളെല്ലാം ഒരാൾ തന്നെയാണ്. എന്നാൽ കേവലം വ്യക്തികളായി നമ്മൾ നിലനിൽക്കുകയും ചെയ്യുന്നു. ഇതാണ് പ്രപഞ്ചലീല. ജീവിതത്തിൻ്റെ സറിയലിസ്റ്റിക് (അയാഥാർത്ഥ്യം ,ഉപബോധ മനോവിഭ്രാന്തി ) അന്യവത്ക്കരണ മാണിത്.

No comments:

Post a Comment