Monday, September 7, 2020

അക്ഷരജാലകം/തകഴിയും കാര്യാട്ടും കറുത്തമ്മയും/metrovartha ,june 22

 
എം.കെ.ഹരികുമാർ

9995312097
Email mkharikumar797@gmail.com



രാമു കാര്യാട്ടിൻ്റെ 'ചെമ്മീൻ' സിനിമ ഇന്നും പുതുമ നശിക്കാതെ നില്ക്കുന്നു.എസ്.എൽ.പുരത്തിൻ്റെ തിരക്കഥയിൽ ഒരുക്കിയ ആ ചിത്രത്തിലെ പരീക്കുട്ടിയും കറുത്തമ്മയും ചെമ്പൻകുഞ്ഞും രാമു കാര്യാട്ടിൻ്റെ ഭാവനയിൽ പുനർജനിച്ചതാണ്; അദ്ദേഹം വ്യാഖ്യാനിച്ചതിൻ്റെ ഫലമാണത്. കാര്യാട്ട് നോവൽ വായിച്ച് ഉൾക്കൊണ്ട കഥാപാത്രങ്ങളെ അദ്ദേഹം കണ്ടുപിടിക്കുകയായിരുന്നു. ആരായിരിക്കണം കറുത്തമ്മ അല്ലെങ്കിൽ ചെമ്പൻകുഞ്ഞ് എന്നത് കാര്യാട്ടിൻ്റെ ഭാവനയാണ് .കാര്യാട്ടിൻ്റെ വായനയാണ് ,അത് സൃഷ്ടിച്ചത്.

എന്നാൽ സിനിമയിൽ കണ്ട കറുത്തമ്മയും പളനിയുമൊന്നും തകഴിയുടേതല്ല;അങ്ങനെ വിചാരിക്കുന്നതിൽ ന്യായമില്ല .കാരണം തകഴി മനസ്സിൽ കണ്ടത് വേറൊരു നിറക്കൂട്ടാണ്; അതിൽ മനുഷ്യത്വപരമായ ചില വീക്ഷണങ്ങളുണ്ട്. അതിൽ യാഥാർത്ഥ്യത്തിൻ്റെ ഉപ്പുരസം കൂടുതലായിരിക്കും. കാര്യാട്ട് ആ കഥാപാത്രങ്ങളെ സ്വപ്നാത്മകമാക്കുകയാണ് ചെയ്തത്.സുന്ദരിയായ ഷീലയും സുന്ദരനായ മധുവും കടന്നുവരുന്ന തങ്ങനെയാണ്.
നോവൽ വായിക്കുന്ന ഒരാൾ കാര്യാട്ടിൻ്റെ കറുത്തമ്മയെയല്ല കാണുന്നത് .(അങ്ങനെ കാണുന്നുണ്ടെങ്കിൽ അത് സിനിമയുടെ സ്വാധീനംകൊണ്ടാണ്). വായനക്കാരൻ കഥാപാത്രങ്ങളെ സ്വന്തമായി സങ്കല്പിക്കുകയാണ് പതിവ്. അവൻ സ്വന്തം പ്രണയമോഹത്തിലൂടെയും ശരീരസങ്കല്പത്തിലൂടെയുമാണ് നോക്കുന്നത്. അവൻ്റെ സ്വകാര്യസങ്കല്പമാണത്. ഇത് വലിയൊരു സ്വാതന്ത്ര്യമാണ്.വായിക്കുമ്പോൾ സത്യനോ ഷീലയോ ഇല്ല; കറുത്തമ്മയും പളനിയുമേയുള്ളു. അവരാകട്ടെ വേറെ മനുഷ്യരുമായിരിക്കും. വായനകൊണ്ടുള്ള വലിയ പ്രയോജനമാണിത്.മാനുഷികതയെ മരണത്തിൽ നിന്നു രക്ഷിച്ചു നിർത്താൻ ഇത് സഹായിക്കും.

അപ്പോൾ ഒരു ചോദ്യം പ്രസക്തമാവുന്നു. കറുത്തമ്മയെന്ന ഒരു വ്യക്തി അഥവാ കഥാപാത്രം നിലനില്ക്കുന്നുണ്ടോ.? പലരുടെ ഭാവനയിൽ പലതായി നില്ക്കുകയാണ് കറുത്തമ്മ .
നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന കറുത്തമ്മ യാഥാർത്‌ഥത്തിൽ ആരുടേതാണ്| ?തകഴിയുടെതാണോ |? തകഴി മനസ്സിൽ കണ്ടത് ശീലയെ അല്ലല്ലോ. കറുത്ത സ്ത്രീ  ആയിരിക്കണം അത്. കാരണം കടൽത്തീരത്ത് മീൻ പിടിക്കുന്ന ഒരു കുടുംബത്തിലെ അംഗമല്ലേ അവൾ| ?എന്നാൽ കാര്യാട്ടിന്റെ കറുത്തമ്മ പ്രേക്ഷകരെ സന്തോഷിപ്പിക്കും. കാരണം അത് ഷീലയാണ്. അത് സംവിധായകന്റെ ആലോചനയിൽ പിറന്നതാണ്.

അതായത് , ഇപ്പോൾ തന്നെ രണ്ടു കറുത്തമ്മമാർ നമ്മുടെ മുൻപിൽ വന്നുകഴിഞ്ഞു.നോവൽ വായിച്ച ഓരോരുത്തരും കണ്ടത് വെവ്വേറെ കറുത്തമ്മമാരെ ആയിരിക്കും. ഒരു വായനയിലും അത് ഉണ്ടായിക്കൊണ്ടിരിക്കും.ഒരാൾ വായിക്കുന്നത് അയാൾക്ക് പ്രേമിക്കാൻ കൊള്ളാവുന്ന നായികയെ  തേടിക്കൊണ്ടാണ്. വീണ്ടും ചോദിക്കുകയാണ് , യാഥാർത്‌ഥത്തിൽ കറുത്തമ്മ ഒരു കഥാപാത്രം ഉണ്ടോ?ഒരു കറുത്തമ്മയുണ്ട് , പക്ഷെ അത്  എന്നെപ്പോലെയോ ,നിങ്ങളെപ്പോലെയോ ഒരാളല്ല. പലർ വായിച്ചും കണ്ടും നിർമ്മിച്ചെടുത്തതാണ്. അത് പകുതി യാഥാർത്ഥ്യവും പകുതി മിഥ്യയുമാണ്. കലയിൽ ഇങ്ങനെയൊരു മിഥ്യ എപ്പോഴുമുണ്ട്.?ഇനി ഒരു സത്യം കൂടി പറയാം. നമുക്കാർക്കും യഥാർത്ഥ  കറുത്തമ്മയെ ആവശ്യമില്ല.

വാക്കുകൾ.

1) നമ്മളിൽ കൂടുതൽ പേരും സ്വപ്നങ്ങൾകൊണ്ടല്ല ജീവിക്കുന്നത് ,ഭയം കൊണ്ടാണ്.
ലെസ് ബ്രൗൺ ,
അമെരിക്കൻ പ്രഭാഷകൻ .
2) നിങ്ങൾ സ്വന്തം സ്വപ്നങ്ങൾ നിർമ്മിക്കുക ;അല്ലെങ്കിൽ ആരെങ്കിലും അവരുടെ സ്വപ്നങ്ങൾ നിർമ്മിക്കാൻ നിങ്ങളെ കൈവശപ്പെടുത്തും.
ഫറാ ഗ്രേ,
അമെരിക്കൻ കോളമിസ്റ്റ് .
3) എല്ലാത്തിലും സൗന്ദര്യമുണ്ട്; പക്ഷേ, എല്ലാവർക്കും അത്  കാണാനൊക്കില്ല.
കൺഫ്യൂഷ്യസ് ,
ചൈനീസ് ചിന്തകൻ ,
4) എനിക്കു കലയിലല്ല, കലാകാരനിലാണ് വിശ്വാസമുള്ളത്.
മാർസൽ  ദുഷാം,
ഫ്രഞ്ച് - അമെരിക്കൻ കലാകാരൻ.
5) നമ്മൾ കളി നിർത്തരുത് ,കാരണം നമുക്ക് വയസ്സാവുകയാണ്. നമുക്ക് വയസ്സാവുകയാണ് ,കാരണം നമ്മൾ കളി നിർത്തിയിരിക്കുന്നു.
ബർനാഡ് ഷാ ,
ഐറിഷ് നാടകകൃത്ത് .

കാലമുദ്രകൾ
1) പാലാ നാരായണൻ നായർ.
ഒരു വിശുദ്ധനായ കവി എന്ന സങ്കല്പമുണ്ടെങ്കിൽ അത് പാലായിലുണ്ട്.പാലാ മലയാള സാഹിത്യത്തെ ക്ഷോഭമോ പകയോ ഇല്ലാതെ കീഴടക്കി.

2) പട്ടത്തുവിള കരുണാകരൻ.
ധിക്കാരിയും സന്ദേഹിയുമായ കഥാകൃത്തായിരുന്ന പട്ടത്തുവിള കരുണാകരൻ മലയാള കഥയെ സ്വതന്ത്രമായ ചില തീരുമാനങ്ങളിലൂടെ ഇളക്കി പ്രതിഷ്ഠിച്ചു.

3) പ്രേം നസീർ.
സത്യനു നല്ല വേഷങ്ങൾ കിട്ടുന്നതെന്തുകൊണ്ടാണെന്ന് നസീർ അദ്ദേഹത്തോട് ചോദിച്ചു. സത്യൻ ഇങ്ങനെ പ്രതികരിച്ചു: എനിക്കു പ്രായക്കൂടുതലുണ്ട്. എൻ്റെ മുഖം വളരെ പരുക്കനും ദുഷ്കരവുമാണ്. അതുകൊണ്ടാണ് നല്ല വേഷങ്ങൾ കിട്ടുന്നത്. നിങ്ങൾ ചെറുപ്പമാണ്. കുറെ കഴിയുമ്പോൾ നല്ല വേഷങ്ങൾ തേടി വരും.

4) വി.പി.ശിവകുമാർ .
'മൂന്നു കഥാപാത്രങ്ങൾ' എന്ന കഥയിലൂടെ വി.പി.ശിവകുമാർ മറ്റു കഥാകൃത്തുക്കളുടെ രചനകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പുതിയൊരു ടെക്നിക്ക് പരിചയപ്പെടുത്തി.

5) പി.കുഞ്ഞിരാമൻ നായർ.
മഹാകവി പി ക്ക് പ്രണയം ഒഴിവാക്കാനാവില്ലായിരുന്നു. അദ്ദേഹം എവിടെയായാലും പ്രണയമുണ്ടാകും, പ്രണയബന്ധങ്ങളുണ്ടാകും.

അന്ധചിത്രകാരൻ

ഷാജി തലോറയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ 'ഇതൾ 'ഡിജിറ്റൽ മാസിക (ജൂൺ) രൂപകല്പനയിൽ മികച്ചതായി .ഇനി ഡിജിറ്റൽ മാഗസിനുകളുടെ പ്രളയമാണ് വരാൻ പോകുന്നത്. ഒരു പുസ്തകം മറിക്കുന്ന അതേ അനുഭവമാണ് ഇത് നല്കുന്നത്. പി.കെ.ഗോപിയുടെ 'വാഴ്ത്തപ്പെട്ടവരുടെ പ്രവചനങ്ങൾ ' എന്ന കവിതയുണ്ട്. 'കരഞ്ഞു ശീലിച്ചതിനാൽ കണ്ണീരു കുടിച്ച കരളിനു കരുത്തു കൈവന്നിരിക്കുന്നു 'എന്ന ഉള്ളുര ശക്തമായി. കെ.പി.സുധീരയുടെ 'കേവല മനുഷ്യനും ഭീകരവൈറസും' എന്ന ലേഖനം വർത്തമാനകാലത്ത് പ്രസക്തമാണ്‌. കൊറോണ വൈറസിൻ്റെ വ്യാപനമാണ് വിഷയം. ജാതി ,മതം എല്ലാം വിട്ട് മനുഷ്യൻ ഇപ്പോൾ മിനിമം ആവശ്യമായ ജീവിച്ചിരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചുരുങ്ങിയത് അഹങ്കാരത്തിൻ്റെ കന്മതിലുകൾ തകരാൻ ഇടയാക്കിയെന്ന് ലേഖിക നിരീക്ഷിക്കുന്നു.

തുർക്കി ഇസ്താംബൂളിൽ ഒരു പാവപെട്ട കുടുംബത്തിൽ 1953 ൽ ജനിച്ച ഇസ്രഫ് അർമഗൻ എന്ന അന്ധനായ ചിത്രകാരൻ ഇപ്പോൾ ലോകത്തിനു തന്നെ കൗതുകമായിരിക്കുന്നു.ജന്മനാ അന്ധനായ ഇസ്രഫ് ഈ ലോകത്തെ കണ്ടിട്ടില്ലെങ്കിലും അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങളിൽ ആ അന്ധതയുടെ ഒരംശംപോലുമില്ല. ആ ചിത്രങ്ങളിൽ ഭൂമിയുടെ നിറങ്ങൾ ദീപ്തമാണ്. ഉൾക്കാഴ്ചയിലൂടെ വർണങ്ങൾ ലാവണ്യാനുഭവം തേടുന്നു.

അദ്ദേഹത്തെക്കുറിച്ച് അമെരിക്കൻ സാമൂഹിക പ്രവർത്തകയായ റേച്ചൽ ബർക്ക് 'പെയിൻ്റിംഗ് ഇൻ ദ് ഡാർക്ക് ' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരിക്കുന്നു.ഖാലിദ് റമദാൻ ,സ്റൈറൻ ഹോക്സ്ബ്രോ എന്നിവർ ചേർന്ന് ഇസ്രഫിനെക്കുറിച്ചെടുത്ത ഡോക്കുമെൻററിയുടെ പേര് 'ഐ ഇൻ ഹാൻഡ് ' എന്നാണ്‌. ഇസ്രഫിനെക്കുറിച്ച് പ്രശാന്ത് ചിറക്കര എഴുതിയ ലേഖനം 'കാഴ്ചയുടെ അപരലോകം' (ജനയുഗം വാരാന്തം, ജൂൺ 7 ) ഈ അസാധാരണത്വത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസമില്ലാത്ത ഇസ്രഫ് ചിത്രങ്ങൾ വരച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് പിതാവ് മരിച്ചതോടെ അദ്ദേഹത്തിനു തിരിച്ചടികൾ നേരിട്ടു. ചിത്രകലാരംഗത്ത് ഖ്യാതി നേടിയപ്പോൾ ചിലർ അപവാദങ്ങളുമായി വന്നു.അദ്ദേഹത്തിനു കാഴ്ചശക്തിയുള്ളതുകൊണ്ടാണ് ഇത്ര മനോഹരമായി വരയ്ക്കുന്നതെന്ന് അവർ ആരോപിച്ചു.ഇതിൻ്റെ ഫലമായി വ്യാപാരം നിലച്ചു. ഭക്ഷണത്തിനു പോലും വകയില്ലാതായി.ഭാര്യ ഇറങ്ങിപ്പോയി. അന്ധന്മാർക്ക് വേണ്ടി നടത്തിയ ഒരു പ്രദർശനത്തിൽ പങ്കെടുക്കാനായത് വഴിത്തിരിവായി. അവിടെ വച്ച് പരിചയപ്പെട്ട ഒരു അമേരിക്കൻ കലോപാസകൻ ഇസ്ര ഫിൻ്റെ സത്യസന്ധത തെളിയിക്കുന്നതിൽ നിമിത്തമായി.ഈ വിവരമറിഞ്ഞ ചില ഗവേഷകരും ഡോക്ടർമാരും അദ്ദേഹത്തെ അമേരിക്കയിൽ വരുത്തി കണ്ണു പരിശോധിച്ചു തീർപ്പു കല്പിച്ചു: ഇസ്രഫിനു ജന്മനാ കാഴ്ചയില്ല .

വായനാദിനം.

ജൂൺ 19 വായനാദിനത്തിൽ എൻ.കെ.ഷീല എഴുതിയ 'എകാന്തതയിൽ നിന്നുള്ള സഞ്ചാരം ' (മെട്രൊവാർത്ത) എന്ന ലേഖനത്തിൽ ഓർമ്മയുടെ സൃഷ്ടിപരമായ ആവിഷ്കാരമാണ് എഴുത്ത് എന്ന് വാദിച്ചത് ശ്രദ്ധേയമായി. എം.പി.വീരേന്ദ്രകുമാറിൻ്റെ കല്പറ്റയിലുള്ള വീട്ടിൽ പോയി ഇന്ദുമേനോൻ അദ്ദേഹത്തിൻ്റെ ലൈബ്രറിയെക്കുറിച്ച് ഗൃഹാതുരതയോടെ എഴുതിയത് (മാതൃഭൂമി) പുതിയ വിവരങ്ങൾ തന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മഹാഭാരത കഥാസംഗ്രഹ വിവരണത്തിനു ആർട്ടിസ്റ്റ് മദനൻ വരയ്ക്കുന്ന ചിത്രങ്ങൾ കാഴ്ചയുടെ രോമാഞ്ചമായി മാറുകയാണ്.പുതിയ ഒരു സങ്കേതമാണ് മദനൻ വികസിപ്പിച്ചിരിക്കുന്നത്. രേഖാചിത്രത്തെ കറുപ്പിലും ഇളംനീലയിലും ജ്ഞാനസ്നാനം ചെയ്യിച്ച് വൈദികമായ കൃഷ്ണത്വം സ്വരൂപിച്ചിരിക്കുന്നു.

പകർച്ചവ്യാധി ,മഹാമാരി തുടങ്ങിയവ ചിത്രകലയെ ഭ്രാന്ത് പിടിപ്പിക്കുകയും വലിയ ഭാവനകളിലേക്ക് പറഞ്ഞു വിടുകയും ചെയ്തതായി അജിത് എസ്.ആർ ( പ്രഭാതരശ്മി ,മെയ് ) എഴുതുന്നു. സ്വീഡിഷ് ചിത്രകാരനായ ആൽബർട്ടസ് പിക്ടർ വരച്ച 'ഡെത്ത് പ്ളേയിംഗ് ചെസ്സ് (മരണം ചതുരംഗം കളിക്കുന്നു) എന്ന ചുവർചിത്രം മഹാചലച്ചിത്രകാരനായ ബർഗ്മാന് പ്രചോദനമായി .അദ്ദേഹത്തിൻ്റെ സെവൻത് സീൽ (ഏഴാംമുദ്ര) എന്ന സിനിമ ഉണ്ടായത് ആ ചിത്രത്തിൽ നിന്നാണ്.

തിരക്കഥ സാഹിത്യരൂപമല്ല.

ഭാഷാപോഷിണി സാഹിത്യം ഉപേക്ഷിച്ചെന്നു തോന്നുന്നു .മിക്കവാറും സിനിമാ പതിപ്പുകളാണ് ഇറക്കുന്നത്. ഇത്തവണ തിരക്കഥകളെക്കുറിച്ച് സജിൽ ശ്രീധർ എഴുതിയ ഇരുപത്തിയേഴ് പേജുള്ള പഠനവും (ജൂൺ ) പ്രസിദ്ധീകരിച്ചിരിക്കുന്നു! അതിശയം തോന്നി. തിരക്കഥകളെപ്പറ്റി ആരെങ്കിലും പഠനം എഴുതുമോ ? തിരക്കഥ ഒരു സാഹിത്യരൂപമല്ല. അത് ഒരു പ്ലാൻ ആണ്.ഒരു സിനിമ എങ്ങനെ ചെയ്യാം എന്ന വഴികാട്ടി മാത്രം .അതിൽ സിനിമയില്ല .അതിൽ നിന്ന് സംവിധായകൻ തൻ്റെ മിടുക്കനുസരിച്ച് ഒരു സിനിമ ഭാവന ചെയ്യുകയാണ്. ഒരേ തിരക്കഥയിൽ രണ്ട് പേർ സിനിമയെടുത്താൽ രണ്ടു തരം സിനിമയുണ്ടാകും .പത്മരാജൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവ്വേദവും ടി.കെ.രാജീവ്കുമാർ ചെയ്ത രതിനിർവ്വേദവും രണ്ട് വ്യത്യസ്ത ചലച്ചിത്ര സമീപനങ്ങളായി നില്ക്കുകയാണ്.ഭരതൻ്റെ കലാപരമായ സൂക്ഷ്മത  രാജീവ് കുമാറിനില്ലാത്തതുകൊണ്ട് ചിത്രം താഴോട്ടു പോയി. ഈ വ്യത്യസ്തത അറിയാമായിരുന്നെങ്കിൽ സജിൽ ഈ ലേഖനം എഴുതില്ലായിരുന്നു. തിരക്കഥ വേറെ ,സിനിമ വേറെ .തിരക്കഥയെക്കുറിച്ചൊരു ലേഖനമെഴുതുമ്പോൾ മലയാളം പുസ്തകങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നതു തന്നെ തെറ്റാണ്.ഈ ലേഖനം ഗൗരവത്തോടെ വായിക്കേണ്ടതല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേരള സാഹിത്യഅക്കാദമി യു.ജി.സി അധ്യാപകർക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന മാസികയാണ് 'സാഹിത്യലോകം'.എല്ലാം ഗവേഷണ പ്രബന്ധങ്ങളായിരിക്കും . കേരളത്തിലെ സാഹിത്യത്തെയും എഴുത്തുകാരെയും ഒഴിവാക്കാൻ വേണ്ടിയാണ് കലാശാല അധ്യാപകർ ഗവേഷണം ചെയ്യുന്ന വിഷയങ്ങൾ തിരഞ്ഞുപിടിച്ച് മാസികയെ  ഉത്തരാധുനികമാക്കുന്നത്. ഇത്തവണ ആത്മകഥയെക്കുറിച്ചാണ് കവർ സ്റ്റോറി .എന്തുകൊണ്ട് അത്മഹത്യ ആയിക്കൂടാ ?

എൽ.ഗിരീഷ്കുമാർ എഴുതിയ ഭഗവത്ഗീത നിത്യജീവിതത്തിൽ എന്ന ലേഖനം (ഗുരുപ്രഭ ,ചേറ്റൂർ) ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു:
''പ്രവൃത്തിയിൽ കാണാത്തതൊന്നും അറിവല്ല .സ്കൂളിൽ പഠിപ്പിച്ച അറിവു പോലെയല്ല ഇത്. സ്കൂളിൽ പഠിപ്പിച്ച അറിവിനെ ഇൻഫർമേഷൻ എന്ന പേരിലേ വിളിക്കാൻ പറ്റുകയുള്ളു. അത്അറിവാണെന്ന് പറയാൻ പറ്റില്ല. മഹർഷീശ്വരന്മാർ പറഞ്ഞ ജ്ഞാനം തിരിച്ചറിവാണ്. തിരിച്ചറിവ്  പ്രവൃത്തിയിൽ പ്രതിഫലിക്കും. വലിയ ഡിഗ്രികൾ ഉണ്ടാകാം. അറിവല്ല അത്. അറിവ് ജീവിതത്തിൽ പ്രതിഫലിക്കും '' .
ഭഗവത്ഗീത ധൃതരാഷ്ട്രർ കേൾക്കുന്നപോലെ കേട്ടതുകൊണ്ട് പ്രയോജനമില്ലെന്ന് ലേഖകൻ പറയുന്നു. അർജുനൻ കേൾക്കുന്ന പോലെ കേൾക്കണം.

No comments:

Post a Comment