M K Harikumar /Transcripts

words, texts, images and messages

Friday, November 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ /പ്രാണരക്ഷാർത്ഥം വായിക്കുമ്പോൾ/metrovartha nov 1, 2021

പ്രാണരക്ഷാർത്ഥം വായിക്കുമ്പോൾ link


 


വായനക്കാരനാകുന്നത് ജീവിതലക്ഷ്യത്തിൻ്റെ ഭാഗമായി കാണുന്നവരുണ്ട്. വായിക്കുന്നവർക്കേ എഴുതാനൊക്കൂ. ഒരു കമ്പോളത്തിൽ എന്താണ് വിൽക്കേണ്ടതെന്ന് അറിയണമെങ്കിൽ, അവിടെ എന്തൊക്കെയാണുള്ളതെന്ന് ആദ്യം മനസ്സിലാക്കണം. വായിക്കുന്നത് ഒരു പ്രവർത്തനമാണ് .ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സമയം, പൂർണശ്രദ്ധയുള്ള സമയം വായനയ്ക്ക്  നീക്കിവയ്ക്കണമെന്ന് പറഞ്ഞത് അമെരിക്കൻ പരിസ്ഥിതിചിന്തകനായ ഹെൻറി ഡേവിഡ് തോറോയാണ് .
വായിക്കുമ്പോൾ പെരുവിരലിൽ എഴുന്നേറ്റു നിൽക്കുന്നപോലെ വികാരംകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞത് അതിനോടുള്ള ലഹരി മനസ്സിലാക്കിക്കൊണ്ടാണ്.

അമേരിക്കയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വായനക്കാരിലൊരാളാണ് സാഹിത്യപ്രവർത്തകയായ മരിയ പൊപോവ .അവർ 2006 ൽ തുടങ്ങിയ 'ബ്രെയിൻ പിക്കിംഗ്സ് 'എന്ന സൈറ്റ് അമൂല്യമായ നിധിയായി മാറിയിരിക്കുന്നു.കഴിഞ്ഞയാഴ്ച അവർ അതിൻ്റെ പേര് 'മാർജിനാലിയ' എന്നാക്കി.സത്യാന്വേഷണം, പ്രകൃതിസ്നേഹം , സർഗ്ഗാത്മകത ,ആത്മീയത, ജൈവലോകം ,ചിത്രകല തുടങ്ങി കോരിത്തരിക്കുന്ന വിഷയങ്ങളിൽ അവർ വായിച്ചതും ചിന്തിച്ചതുമാണ് അതിൽ പരിചയപ്പെടുത്തുന്നത്.

അഗാധവും തീവ്രവുമായ ഒരു ആവേഗം ശരീരത്തിലൂടെ കടന്നുപോകുന്ന അനുഭവമാണ് വായിക്കുമ്പോൾ സംഭവിക്കുന്നതെന്ന് അവർ അറിയിക്കുന്നു .അവരുടെ വാക്കുകൾ ഇങ്ങനെ :'വായന നമ്മുടെ ഉള്ളിൽ നമ്മോടുതന്നെ നടക്കുന്ന ഒരു സംവാദമാണ് .എഴുതുമ്പോൾ ഞാൻ എന്നോടാണ് സംവദിക്കുന്നത് ; വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോടും. ഒരു പുസ്തകം വായിക്കുകയോ  ആരെയെങ്കിലും സ്നേഹിക്കുകയോ  ചെയ്യുമ്പോൾ നിങ്ങൾ അതിലേക്ക് കൊണ്ടുവരുന്നത്, നിങ്ങളുടെ ആകെ സത്തയാണ് .നമ്മൾ എന്താണോ അത് മുഴുവനും ,നമ്മുടെ അതുവരെയുള്ള എല്ലാ അനുഭവങ്ങളും അതിലേക്ക് കൂട്ടിച്ചേർക്കുകയാണ്. നമ്മുടെ അസ്തിത്വക്കുറിച്ചുള്ള ഉത്തരമില്ലാത്ത ഓരോ ചോദ്യവും അതിൽ പ്രതിധ്വനിക്കുന്നതായി  അനുഭവിക്കുന്നു .അതിലൂടെ നമ്മൾ ഉണരുകയാണ് പ്രബുദ്ധത നേടുകയാണ്',.

എന്നാൽ വായന സാഹിത്യരചയിതാക്കളിൽ  എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ച് അറിയാൻ പ്രയാസമാണ് .പലരും സ്വന്തം കൃതികൾ മാത്രമാണ് വായിക്കുന്നത്. വലിയ ലേഖനങ്ങൾ അവഗണിക്കുന്നവർ, രണ്ടോ മൂന്നോ വാചകങ്ങൾ കൊടുത്താൽ വായിക്കും. മലയാളത്തിലെ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങളിലോ എഴുത്തിലോ, പൊതുവിൽ ,മറ്റുള്ളവരുടെ കൃതികൾ വായിച്ചതിൻ്റെ തെളിവൊന്നും കാണാനില്ല.

സ്നേഹത്തിൻ്റെ സുഗന്ധം

സാഹിത്യകാരസമൂഹത്തിൻ്റെ  മേഖലയിൽ എങ്ങനെ ജീവിക്കണമെന്ന് അറിയില്ല. അസഹിഷ്ണുതയും വിദ്വേഷവും ഈ മേഖലയിൽ പാടില്ലാത്തതാണ്. എന്നാൽ മൂല്യബോധം നിശിതമായിരിക്കണം. എം. ഗോവിന്ദൻ എഴുതിയ 'ബഷീറിൻ്റെ പുന്നാരമൂഷികൻ ' എന്ന കഥ എങ്ങനെയാണ് ജനിക്കുന്നത്? അതിൽ ബഷീറിനോടുള്ള സ്നേഹമാണുള്ളത്. അതൊരു സുഗന്ധമാണ്. ബഷീറിനോടു സ്നേഹം തോന്നാൻ കാരണമെന്താണ്? ജീവിതത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന ബഷീറിൻ്റെ അനുഭവങ്ങളുടെ നിലീനമായ സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .ബഷീറിനെ വായിക്കുമ്പോൾ, അദ്ദേഹവുമായി ഇടപഴകുമ്പോൾ , മറ്റൊരുടെയും സമ്മർദമില്ലാതെ ഒരു തരം അഭിനിവേശമുണ്ടാകുന്നു. ഇത് സാഹിത്യത്തോട് അദമ്യമായ താല്പര്യമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും.രചയിതാക്കളോട് പ്രത്യേക താല്പര്യം തോന്നും. എഴുത്തുകാരനുവേണ്ടി ഒരു മ്യൂസിയം , (ഓൺലൈനിലോ ,കെട്ടിടത്തിലോ)  ഉണ്ടാകുന്നതിൻ്റെ പിന്നിലുള്ള വികാരം ഇതാണ്.

സാഹിത്യപ്രവർത്തകരുടെ സമൂഹത്തിലെ പരസ്പരസ്നേഹവും സംവാദവും നിലച്ചതുകൊണ്ട് ഇപ്പോൾ ആർക്കും അങ്ങനെയുള്ള വികാരങ്ങൾ ഉള്ളതായി തോന്നുന്നില്ല. ബഷീറിൻ്റെ  കഥയിൽ എം.പി പോളും മറ്റും  കഥാപാത്രങ്ങളായി വരുന്നത് മഹാസംവാദത്തിൻ്റെ സുന്ദരമായ അടയാളങ്ങളാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള എന്തിനു 'ബഷീറിൻ്റെ വീട്ടിൽ വാൻഗോഗ് ' എന്ന കഥയെഴുതി ? ബഷീർ ,വാൻഗോഗ് എന്നിവരോടുള്ള സ്നേഹവും ആദരവുമാണ് അതിൽ പ്രതിഫലിക്കുന്നത്.

ഇന്നു ധാരാളം പേർ എഴുതുന്നുണ്ടെങ്കിലും പലർക്കും സ്വന്തം രചനകൾ വെളിച്ചം കണ്ടാൽ മതി.മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ നേരമില്ലാതായി എന്നതാണ് വാസ്തവം.
താൻ മാത്രം അതിജീവിക്കണമെന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്നു സംശയിച്ചു പോകും.എന്നാൽ അയ്യപ്പപ്പണിക്കരോ ,എ. അയ്യപ്പനോ മാത്രമായി സാഹിത്യത്തിൽ നിൽക്കില്ല .അവർക്ക് പിറകിലുള്ള ധാരാളം കവികൾ കൂടി വേണം. കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയുമില്ലെങ്കിൽ ചങ്ങമ്പുഴയോ കുഞ്ഞിരാമൻനായരോ ഇല്ല. നമ്മുടെ സാഹിത്യ ,സാംസ്കാരിക ജീവിതത്തിൻ്റെ ചരിത്രത്തിൽ  നിന്നാണ് നിങ്ങൾ എഴുതുന്നത്. അതാണ് പശ്ചാത്തലം .ആ പശ്ചാത്തലത്തെ നിങ്ങൾക്ക് വിമർശിക്കാം ; അപ്പോഴും നിങ്ങൾ അതിനെ സ്നേഹിക്കുകയാണ്. വിമർശനം ക്രമംതെറ്റിക്കാനുള്ള ശ്രമമാണ്; സാഹിത്യത്തെ  ഇല്ലാതാക്കാനുള്ള പദ്ധതിയല്ല.

വായനയുടെ ഉന്മാദം

പുസ്തകങ്ങൾ എനിക്ക് മാംസവും മരുന്നും പോലെയാണെന്ന് പറഞ്ഞ ഡേവിഡ് ബോവിയെ ഓർക്കാം. വായിക്കുന്നവനേ ഉന്മാദമുള്ളു .വായന ഒരു നാഗരികതയാണ്. വിവിധ മതക്കാരും അഭിപ്രായക്കാരും തിങ്ങിപ്പാർക്കുന്ന ഒരിടം .അവിടെ ചരിത്രമുണ്ട്, ചരിത്രാവശിഷ്ടങ്ങളുണ്ട്. എല്ലാ നഗരങ്ങളും ഓർക്കാൻ വിസമ്മതിക്കുന്നതും സത്യമായതുമായ  ഒരു കാര്യമുണ്ട്. ആ നഗരം മറന്നുകളഞ്ഞ, ഉപേക്ഷിച്ച ,നശിപ്പിച്ച പുസ്തകങ്ങളുടെ കാര്യമാണത്. ഓരോ നഗരത്തിൻ്റെയും മണ്ണിനടിയിൽ കെടാമംഗലം പപ്പുക്കുട്ടിയെപ്പോലെയും  കൃഷ്ണചൈതന്യയെപോലെയും പോഞ്ഞിക്കര റാഫിയെപോലെയുമുള്ള എഴുത്തുകാർ ഉറങ്ങുന്നു.അവർ മണ്ണിനടിയിലെ പ്രതിരോധശേഷിയുള്ള നാഗരികതയുടെ നിശ്ശബ്ദതയിൽ  ഉറങ്ങുകയാണ്.

പൂർണമായും റഷ്യൻ പശ്ചാത്തലത്തിലെഴുതിയ ,എൻ്റെ 'ഫംഗസ്' എന്ന കഥയിൽ സാർ ചക്രവർത്തിയുടെ ഭരണത്തിൽ കൊല ചെയ്യപ്പെട്ട എഴുത്തുകാരൻ മണ്ണിനടിയിൽ നിന്ന് ,പരലോകത്തു നിന്നു തൻ്റെ 'ഫoഗസ്' എന്ന കഥ പുതിയ തലമുറയോട് പറയാനായി  തിരിച്ചുവരുന്നതാണ് പ്രമേയം.ആ കഥ അധികാരികൾ നശിപ്പിച്ചതുകൊണ്ടാണ് അതിനുവേണ്ടി എഴുത്തുകാരൻ തന്നെ തിരിച്ചുവരേണ്ടി വന്നത്.നഗരത്തിൻ്റെ അടിയിൽ ഇതുപോലുള്ള വിഷാദാരവങ്ങൾ ചിതറിയ  പറവകളെപ്പോലെ അലയുകയാണ്.

വായനക്കാരൻ്റെ ദുഃഖമാണ് ആ  ചിന്തകളിൽ നിറയുന്നത്. അവൻ തേടുന്നത് പല കാരണങ്ങളാൽ ചവിട്ടി മെതിച്ചതോ ,വിസ്മരിക്കപ്പെട്ടതോ  ആയ കൃതികളാണ്.ഓരോ കാലത്തും പല ശക്തികൾ ബോധപൂർവ്വം പ്രചാരം കൊടുക്കുന്ന പുസ്തകങ്ങൾക്കപ്പുറം വായനക്കാരൻ്റെ ശ്രദ്ധ പോകേണ്ടതുണ്ട്.വായനക്കാരൻ സത്യമാണ് ; നിത്യനിർമ്മലമായ അസ്തിത്വമാണ്.

കാഫ്കയുടെ വെളിപാട് 


ചെക്ക് -ജർമ്മൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക ഭ്രാന്തുപിടിച്ച വായനക്കാരനായിരുന്നു .അദ്ദേഹം എഴുതുന്നതിനേക്കാൾ കൂടുതൽ വായിക്കാനാണ് താല്പര്യപ്പെട്ടത്. കാഫ്ക തൻ്റെ ബാല്യകാല സുഹൃത്തായ ഓസ്കാർ പൊള്ളക്കിനു 1903 ൽ എഴുതിയ ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നുണ്ട് :
'സ്വന്തം ദുർഗത്തിലെ അപരിചിതമായ മുറിയുടെ താക്കോൽ കിട്ടുന്ന പോലെയാണ് എനിക്കു ചില പുസ്തകങ്ങൾ .ഒരു ദുരന്തംപോലെ നമ്മെ ബാധിക്കുന്ന പുസ്തകങ്ങളാണ് വേണ്ടത്. അത് നമ്മെ അഗാധമായി ദു:ഖിപ്പിക്കണം; നമ്മൾ ഏറെ സ്നേഹിച്ച ഒരാളുടെ മരണംപോലെ. എല്ലാവരിൽ നിന്നും വളരെ അകലെയുള്ള ഒരു വനത്തിൽ എത്തിപ്പെട്ടതുപോലെയാണ് വായനാനുഭവം;അത് ഒരാത്മഹത്യ പോലെയാണ്' .

കാഫ്ക തുടരുന്നു: ' നമ്മുടെ ഉള്ളിൽ തണുത്തുറഞ്ഞ് കട്ടിയായ സമുദ്രത്തെ വെട്ടിപ്പിളർക്കാനുള്ള മഴുപോലെയായിരിക്കണം പുസ്തകം. നമ്മെ കടിക്കുകയും  കുത്തുകയും ചെയ്യുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്. തലയോട്ടിയിൽ ആഘാതമേൽപ്പിക്കുന്ന തരത്തിൽ  പുസ്തകം നമ്മെ ഉലയ്ക്കുന്നില്ലെങ്കിൽ അതെന്തിനു വായിക്കണം'.

കാഫ്കയുടെ ഈ പ്രസ്താവനയിൽ നിന്ന് പ്രധാനപ്പെട്ട ഒരു വീക്ഷണം പുറത്തുവരുന്നുണ്ട്. ഒരാൾ വായിക്കുന്നത് , അയാളുടെ തന്നെ ജീർണതയെ ,നിഷ്ക്രിയതയെ , മൗനത്തെ നേരിടാനായിരിക്കണം. സ്വയം തിരയുന്ന പ്രവൃത്തിയാണത്. നമ്മെ നമുക്കുതന്നെ അന്വേഷിക്കേണ്ടി വരുന്നപോലെയാണത് .ജീവിതം അതാര്യമാണല്ലോ. പലതും നമ്മുടെ പ്രത്യക്ഷത്തിലില്ല . മറഞ്ഞിരിക്കുന്ന പൊരുളുകൾ നിരവധിയാണ്. അതിൻ്റെ  മറകൾ വലിച്ചുകീറാൻ പുസ്തകങ്ങൾ വേണം .മനുഷ്യർ എങ്ങനെയെല്ലാം ചിന്തിക്കുന്നു , ജീവിക്കുന്നു എന്നറിയാൻ നല്ലൊരു മാർഗ്ഗമാണത്. അല്ലെങ്കിൽ നമ്മളിൽ നാം മാത്രം ബലൂൺപോലെ വീർത്തു വരും.പൊള്ളയായ നമ്മളെത്തന്നെ ആത്മകഥയെഴുതി പ്രകീർത്തിച്ചു തൃപ്തിപ്പെടേണ്ടി വരും .

പൊള്ളക്കിനു എഴുതിയ മറ്റൊരു കത്തിൽ തനിക്കു വായന നല്കിയ ഉന്മാദം ഇങ്ങനെ വിശദീരിക്കുന്നു:

'റോമാ ചക്രവർത്തിയും തത്ത്വജ്ഞാനിയുമായിരുന്ന മാർകസ് ഒറേലിയസ് ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. അദ്ദേഹത്തിൻ്റെ  പുസ്തകം (മെഡിറ്റേഷൻസ്)എൻ്റെ  കൂടെത്തന്നെയുണ്ട് .അതിലെ ഏതാനും വാക്യങ്ങൾ വായിച്ചാൽ മതി, ഞാൻ സ്വയം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ഉറപ്പുള്ളവനായി മാറുകയും ചെയ്യും. ജർമ്മൻ കവി ക്രിസ്ത്യൻ ഫ്രീഡ്റിച്ച് ഹെബ്ബേലിൻ്റെ ആയിരത്തി എണ്ണൂറ് പേജുള്ള  ഡയറിക്കുറിപ്പുകൾ വായിച്ചപ്പോൾ ഒരു പേനയെടുക്കാൻപോലും തോന്നിയില്ല. കാരണം, ഹെബ്ബേലിൻ്റെ വാക്കുകൾ എൻ്റെ അന്ത:ക്കരണത്തെ പിടിച്ചുലച്ചു'.

മഹാചിത്രകാരനായ വാൻഗോഗ്   വായനക്കാരൻ മാത്രമല്ല, വായനയിൽ സ്വയം തിരഞ്ഞെവനുമാണ്. 'സാഹിത്യകൃതി വായിക്കുമ്പോൾ എന്താണ് സൗന്ദര്യമെന്നു കാണാനുള്ള കഴിവുണ്ടാകണം. അതിനെ ആദരിക്കണം ,യാതൊരു മടിയുമില്ലാതെ, ഉറപ്പോടെ '- വാൻഗോഗ് കത്തിലെഴുതി.
തോമസ് ഹൂഡ് എഴുതിയ കവിത എവിടെയെങ്കിലുമുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് ഒരു  കോപ്പി എടുത്ത് അയച്ചുതരണമെന്ന് വാൻഗോഗ് തൻ്റെ  സുഹൃത്ത് ആൻ്റൺ വാൻ റിപ്പാർഡിനു  എഴുതിയത് ആ  ചിത്രകാരൻ്റെ സാഹിത്യ പ്രേമം വ്യക്തമാക്കുന്നതാണ്.

രാഗബദ്ധമായ വായന

വായിക്കുമ്പോൾ ,നമുക്ക് നഷ്ടപ്പെട്ട ഭൂതകാലത്തിൻ്റെ  ജ്ഞാനേന്ദ്രിയങ്ങൾ ഒന്നൊന്നായി തിരിച്ചുകിട്ടുന്നു. അത്  കാലങ്ങളിലേക്ക് നമ്മെ  വികസിപ്പിക്കുന്നു. നമ്മുടെ ഓർമ്മകളുടെ നക്ഷത്രസമൂഹം പെരുകുന്നു .സാഹിത്യകൃതിയുടെ രചനയിൽ ഏർപ്പെടുന്നവർ വായിക്കാതിരിക്കുകയാണെങ്കിൽ, അവർ ആരുമറിയാതെ നിഷ്ക്രിയമായ കാമനകളുടെ ചതുപ്പിലാവും എത്തിച്ചേരുക .

ഒരാൾ തൻ്റെ പ്രണയങ്ങൾ വായനയിലാണ് വിന്യസിക്കുന്നത്. ചിലപ്പോൾ ആ പ്രണയം പുസ്തകതാളുകളിൽ ഇഴുകിച്ചേർന്ന് വളരും; അല്ലെങ്കിൽ വാക്കുകൾക്കിടയിൽ അപ്രത്യക്ഷമാകും .വായനക്കാരനു തൻ്റെ പ്രിയപ്പെട്ട ,രാഗബദ്ധമായ ആത്മപ്രണയങ്ങൾ സാഹസികമായി പരീക്ഷിക്കാവുന്ന ഇടങ്ങളാണ് വായിക്കുന്ന പേജുകൾ .അവിടെ അയാൾ പ്രാണരക്ഷാർത്ഥം വായിക്കുന്നു ,പ്രേമിക്കുന്നു ,വിശ്വസിക്കുന്നു ,സ്വപ്നം കാണുന്നു. വായനയില്ലെങ്കിൽ വലിയ മാനസിക പ്രയാസം നേരിടുന്നവരുണ്ട് .അവർ ജീവിക്കുകയാണ് ,സ്വന്തം ആന്തര വൈരുദ്ധ്യങ്ങളിലോ ,കഥാപാത്രങ്ങളിലോ. കഥാപാത്രമാകാൻപോലും വായിക്കുന്നവരുണ്ട്. വായിക്കുമ്പോൾ വായനക്കാരനു ആത്മകഥയുണ്ടാവുന്നു.

നുറുങ്ങുകൾ

1)വൈലോപ്പിള്ളിയെക്കുറിച്ച് സജയ് കെ.വി. ('മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ17 )ഇങ്ങനെ അഭിപ്രായപ്പെടുന്നു : വ്യവസ്ഥിതി തൻ്റെ കാലിൽ ലാടം തറച്ചുകളയുമെന്നു തോന്നുമ്പോൾ മാത്രം വിസ്മരിക്കപ്പെട്ട ചിറകുകളെക്കുറിച്ച് ഓർമ്മവരുന്ന കവിയാണ് വൈലോപ്പിള്ളി എന്ന് എഴുതിയിരിക്കുന്നു .കവിതയെ  മറവിയിലാണ്ട ചിറകുകൾ എന്നു  ചിലിയൻ കവി പാബ്ളോ നെരൂദ  വിശേഷിപ്പിച്ചതുകൊണ്ട് താനും വൈലോപ്പിള്ളിയിൽ അത് ആരോപിക്കുകയാണെന്ന നിലപാടാണ് സജയ് സ്വീകരിക്കുന്നത്. ഏതാണ് ആ ചിറകുകൾ എന്ന് പറയാൻ ലേഖകനാവുന്നില്ല. കാരണം ,' ചിറകകൾ 'നെരൂദയിൽ നിന്നു കടമെടുത്തതാണല്ലോ. നെരൂദ ചിറക് എന്താണെന്ന് പറയാത്തതുകൊണ്ട് സജയിനും അറിയില്ല .വൈലോപ്പിള്ളി  കർഷകസമൂഹത്തിൻ്റെ  അവകാശങ്ങളെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്ന കവിയാണ്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ ദാർശനികതയില്ല .കവിതയ്ക്ക് ദാർശനികത ഒഴിവാക്കാനാകില്ല. തത്ത്വചിന്തയുടെ ചിറകുകളാണ് കവിക്ക് വേണ്ടത്. ആ ചിറകുകൾ  വൈലോപ്പിള്ളിയിൽ പ്രസക്തമായി ഉയരുന്നില്ല.

2)മഹാകവി ശക്തിഭദ്രൻ്റെ 'ആശ്ചര്യചൂഡാമണി' എന്ന സംസ്കൃതനാടകത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസം എഴുതിയ രാജേന്ദ്രൻ വയലയെ (കേസരി ,ഒക്ടോബർ 1) അനുമോദിക്കുന്നു .രാമലക്ഷ്മണന്മാർ കാട്ടിൽ അലഞ്ഞ പശ്ചാത്തലമാണ് കാവ്യത്തിലുള്ളത്. ഈ കാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനാണ് താളിയോല കണ്ടെടുത്ത്  മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.


3)ഓരോ നാട്ടിലെയും ലൈബ്രറികൾ അവിടുത്തെ സാഹിത്യരംഗങ്ങളിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് നടത്തണമെന്ന് കഥാകൃത്ത് എൻ. പ്രഭാകരൻ എഴുതുന്നു (ഗ്രന്ഥാലോകം ,സെപ്റ്റംബർ) . ഇവിടെ അത് നടക്കുകയില്ലെന്ന് പറയുന്നില്ല. എന്നാൽ ചിന്തയും ബുദ്ധിയും പൂർണമായും കക്ഷിരാഷ്ട്രീയത്തിൽ മുങ്ങിത്താണുപോയിരിക്കുന്ന പുതിയ  സാഹിതീയ സന്ദർഭത്തിൽ നമുക്കതിനു കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.എന്നാൽ കലാകാരന്മാരെ തമസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്.

4)നാല്പതു വർഷം മുമ്പുള്ള ഭാഷയും ശൈലിയും പ്രമേയവുമായി ജി.ആർ.ഇന്ദുഗോപൻ വീണ്ടും ഒരു കഥയെഴുതിയിരിക്കുന്നു (പിങ്കു പൊലീസ് ,ഗ്രന്ഥാലോകം ,സെപ്റ്റംബർ).ഭാവനയോ ചിന്തയോ ഇല്ലാത്ത ഇതുപോലുള്ള താണതരം അതിഭാവുകത്വ ഉല്പന്നങ്ങൾ സാംസ്കാരികമായ നമ്മുടെ കഥാകഥനത്തിൻ്റെ ഓർമ്മകളെ തല്ലിക്കെടുത്തുകയാണ്.നിശ്ചേതനവും ആവർത്തനവിരസവുമായ ഇതിലെ കഥാപാത്രങ്ങൾ  വായനക്കാരൻ്റെ ചിന്താശേഷിയെ തകർക്കുകയാണ് ചെയ്യുന്നത്.

5) കെ.പി. അപ്പൻ്റെ  വിമർശന സാഹിത്യത്തിലെ മിക്കവാറും ചിന്തകളും കല്പനകളും വിദേശ വിമർശന കൃതികളിൽ നിന്ന് സ്വരൂപിച്ചതാണെന്ന് കഴിഞ്ഞ ലക്കത്തിൽ ഞാനെഴുതിയതിനെക്കുറിച്ച് ചില വായനക്കാർ തിരക്കിയിരുന്നു. കെ.പി.അപ്പൻ്റെ പുസ്തകം റിവ്യു ചെയ്ത സന്ദർഭത്തിലും വേറെ ചില കുറിപ്പുകളഴുതിയപ്പോഴും എന്തുകൊണ്ട് ഇതു ചൂണ്ടിക്കാട്ടിയില്ല എന്നാണ് ഒരു ചോദ്യം. കെ.പി. അപ്പനെ പൂർണമായി നിഷേധിക്കുകയല്ല ഞാൻ ചെയ്തത്. ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ടി.പത്മനാഭൻ്റെ  കഥകളെക്കുറിച്ച് അപ്പൻ എഴുതിയ ലേഖനത്തിൻ്റെ പേര് 'പ്രണയത്തിൻ്റെ  അധരസിന്ദൂരം' എന്നാണ്. എന്നാൽ വയലാർ എഴുതി ,ദേവരാജൻ ഈണമിട്ട് ,യേശുദാസ് ആലപിച്ച 'സീമന്തിനി നിൻ്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം' എന്ന ഗാനത്തിൽ (1975) ഇതുതന്നെയാണ് കാണുന്നത് .

6)'ഖസാക്കിൻ്റെ ഇതിഹാസ 'ത്തെക്കുറിച്ചെഴുതിയപ്പോൾ അപ്പൻ ആ നോവലിൽ വിഷയാസക്തിയും യോഗാത്മകതയും കലർന്നൊഴുകുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ബ്രിട്ടീഷ് എഴുത്തുകാരൻ ലാറൻസ് ഡ്യൂറലിൻ്റെ 'അലക്സാൺഡ്രിയ ക്വാർട്ടറ്റ് ' എന്ന നോവലിൽ യോഗാത്മകതയും വിഷയാസക്തിയും കലർന്നൊഴുകുന്നുവെന്ന് ഒരു വിമർശകൻ അഭിപ്രായപ്പെട്ടത് അനുകരിച്ചുകൊണ്ടാണ് അദ്ദേഹം  അങ്ങനെ പറഞ്ഞത്.അതിൽ തെറ്റായിട്ടൊന്നും കാണേണ്ടതില്ല.


7)അൻവർ അലിയുടെ 'അടച്ചിരുപ്പുകാലക്കവിതകൾ (ഭാഷാപോഷിണി, നവംബർ ) വല്ലാത്തൊരു ചെയ്ത്തായിപ്പോയി. വായനക്കാരെ ഗിനിപ്പന്നികളായി കാണുന്ന രീതി ശരിയല്ല.ചില  മരുന്നുകൾ ഗിനിപ്പന്നികളിൽ പരീക്ഷിച്ച ശേഷം മനുഷ്യരിൽ കുത്തിവയ്ക്കാറുണ്ട്. അതുപോലെയാണ് അൻവറിൻ്റെ സമീപനം. അൻവർ തനിക്ക് തോന്നുന്നതൊക്കെ 'കവിത 'യായി എഴുതിക്കൂട്ടുകയാണ്.

.വീട്
മേലേക്ക് നോക്കി
കൃത്യം അഞ്ചരയുടെ
വിമാനം പോകുന്നു
വിമാനം
താഴേക്കു നോക്കി
മേഘങ്ങൾക്കിടയിലൂടെ
36000 അടി താഴെ
ഒരു തരി വീട്
തുറിച്ചു നോക്കുന്നു '.

അൻവർ അലിക്ക് 'ധൈര്യം' ഉള്ളതുകൊണ്ട് മുകളിൽ ചേർത്ത ഭാഗം 'കവിത'യായി  അവതരിപ്പിക്കുന്നു. വിമാനത്തിൽ സഞ്ചരിച്ചവർക്ക് ആ ധൈര്യമോ മിടുക്കോ ഇല്ലാത്തതുകൊണ്ട് അവർ അത് തോന്നലായി ഉപേക്ഷിക്കുന്നു.

8)കടമ്മനിട്ടയെക്കുറിച്ച് ഒ.വി.വിജയൻ പറഞ്ഞത് കെ.എസ്. രവികുമാർ (ദൽഹിയിൽ ഒരു കടമ്മനിട്ടക്കാരൻ ,ഭാഷാപോഷിണി ,നവംബർ)ഉദ്ധരിക്കുന്നു: 'മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോൾ കടമ്മനിട്ടയ്ക്കു  മുൻപും കടമ്മനിട്ടയ്ക്ക് ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും'.

എന്നാൽ വിജയൻ്റെ  ഈ പ്രസ്താവം  ഇപ്പോൾ അംഗീകരിക്കപ്പെടാൻ പ്രയാസമായിരിക്കും. അരവിന്ദൻ, ജോൺ എബ്രഹാം ,എം. ഗോവിന്ദൻ  തുടങ്ങിയവരുടെ കാലഘട്ടത്തിലെ  കടമ്മനിട്ടപ്രഭാവം ഇപ്പോഴില്ല .അദ്ദേഹം അധികാരം മോഹിച്ച്  എം.എൽ.എയായി  അഞ്ചുവർഷം ജീവിച്ചത്, അദ്ദേഹത്തിൻ്റെ കവിതയെ കൊല്ലുന്നതിനു സമമായിരുന്നു.
തൻ്റെ ജീവിതകാലത്തുതന്നെ കടമ്മനിട്ട ആ കവിതയുമായി അകന്നുകഴിഞ്ഞിരുന്നു. വല്ലാത്ത ഒരു ഗോത്രജീവിതാരവം ഉയർത്തുന്ന കടമ്മനിട്ടക്കവിത ഭൂതകാലത്തിലേക്ക് തിരിച്ചുവെച്ച ഒരു കണ്ണാടിയാണ്.എം. ഗോവിന്ദൻ ,പുനലൂർ ബാലൻ , കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവരാണ് കടമ്മനിട്ടയുടെ കവിതയിൽ കാണുന്നതുപോലുള്ള ഗോത്രമലയാളം ആദ്യമായി ഉപയോഗിച്ചത് .

9)കാലം എഴുത്തുകാരനെ തത്സമയം പഴയതാക്കുകയാണ് ;അവാർഡുകളും  ബഹുമതികളും അതിനുള്ളതാണ്.

 







Posted by m k harikumar at 9:46 AM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

അക്ഷരജാലകം/ എം.കെ.ഹരികുമാർ/ആത്മകഥയുടെ അറ്റകുറ്റപ്പണികൾ/metrovartha octo 18, 2021

 

ആത്മകഥയുടെ അറ്റകുറ്റപ്പണികൾ link

 


 

ആത്മകഥാപരമായ സാഹിത്യം വളരെ അസഹനീയമാണെന്ന് പറയട്ടെ. ഇപ്പോൾ എഴുത്തുകാർ വിഷയങ്ങളില്ലാതെ വലയുകയാണ്. കാരണം ,ഓഫീസ് , വീട് എന്നിങ്ങനെയുള്ള അടച്ചിട്ട സങ്കേതങ്ങളിൽ കഴിയുന്നതുകൊണ്ട് ലോകവുമായി പലർക്കും ബന്ധമില്ല. അതുകൊണ്ട് എന്തെങ്കിലും എഴുതാൻ സ്വന്തം ജീവിതത്തിലെ സംഭവങ്ങളെ തന്നെ ആശ്രയിക്കണം.ഇക്കൂട്ടർക്ക് ടോൾസ്റ്റോയ് ' യുദ്ധവും സമാധാനവും' എഴുതിയത് ആലോചിക്കാനേ കഴിയില്ല .ടോൾസ്റ്റോയ് സ്വന്തം വീടിനു പുറത്തുള്ള വിഷയം എന്തിനെഴുതി എന്നാവും ഇവർ ചോദിക്കുക .

കഥയിൽ ഞാൻ എന്ന പദത്തെ താൻ വെറുക്കുന്നുവെന്നു പറഞ്ഞ ചൈനീസ് എഴുത്തുകാരി യിയുൻ ലി പ്രസക്തയാവുകയാണ്. 'ഇലക്ട്രിക് ലിറ്ററേച്ചറി'ൻ്റെ പുതിയ ലക്കത്തിൽ യുയുനുമായി ഒരു അഭിമുഖമുണ്ട്. അവർ ഇങ്ങനെ പറഞ്ഞു: 'യാതൊരു പ്രതികരണവുമില്ലാത്ത വസ്തുക്കളിൽ നിന്ന് ഏറ്റവും വലിയ പ്രതികരണമുണ്ടാക്കുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാനൊരിക്കലും ആത്മകഥാസാഹിത്യം എഴുതിയിട്ടില്ല .അങ്ങനെയുള്ള വാസനകളെ ഞാൻ ഒളിപ്പിക്കുകയാണ് ചെയ്യാറുള്ളത് ' .

ചെറുകഥയുടെ അപചയം

കെ.അരവിന്ദാക്ഷൻ എഴുതിയ 'ഒരു മുതലക്കഥ' (എഴുത്ത് ,ഒക്ടോബർ ) ഒരു അതിക്രമമായിപ്പോയി. എന്താണ് പറയാനുള്ളതെന്ന് കഥാകൃത്തിന് യാതൊരു നിശ്ചയവുമില്ല. കുറെ നേരം തൻ്റെ അച്ഛൻ്റെ വീരകഥകൾ പറയുന്നു. പിന്നീട് മുതലകളെ പിടിക്കുന്ന കഥയിലേക്ക് മാറി. ഒടുവിൽ മുതല തൻ്റെ തലച്ചോറിലേക്ക് കയറിപ്പോയ കാര്യമാണ് വിവരിക്കുന്നത്. അച്ഛനെ ആദരിച്ചുകൊണ്ട് സംസാരിക്കുന്ന കഥാനായകൻ ഒടുവിൽ അദ്ദേഹത്തോടുള്ള പകയും വിദ്വേഷവും പുറത്തെടുക്കുകയാണ്. പിതാവിനെ സംസ്കരിക്കന്ന സമയത്തു തന്നെ ഉള്ളിൽ ചീത്തവിളിക്കണം. 'മുതലയുടെ സ്പർശമേൽക്കാത്ത വിഡ്ഢിയായ ആ വൃദ്ധനെ ചിതയിലേക്കെടുക്കുക... അയാൾ കത്തിയൊടുങ്ങുന്നത് കാണാൻ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ട്.പടുവിഡ്ഢിയായ ആ വൃദ്ധൻ്റെ ഓർമ്മപോലും നിന്നെ കളങ്കപ്പെടുത്തരുത് ' .

പിതാവിനെ ചീത്തവിളിക്കാൻ വേണ്ടിയാണോ ഈ കഥ എഴുതിയതെന്ന് തോന്നിപ്പോയി. ഇതും ഒരാത്മകഥാസാഹിത്യമാണ്. മൺമറഞ്ഞ ആർ.എം.മനയ്ക്കലാത്ത് തുടങ്ങിയ പൊതുപ്രവർത്തകർ ഈ കഥയിൽ കടന്നു വരുന്നുണ്ട്. ഇതുപോലുള്ള കഥകൾ 'ഞാൻ' എന്ന ഭാവത്തിൻ്റെ ബീഭത്സമായ മുഖം കാണിച്ചുതരുകയാണ്. അരവിന്ദാക്ഷനു ചെറുകഥ എന്ന രൂപം വഴങ്ങുകയില്ല. അതിൻ്റെ തകരാർ ഈ രചനയിലുടനീളം കാണാം. ചെറുകഥ എന്തെന്ന് അറിയാത്തവരെല്ലാം ഇന്ന്  കഥയെഴുതുകയാണ്.

വിനു എബ്രഹാമിൻ്റെ 'രണ്ടു ഭൂമികൾ' (പ്രഭാതരശ്മി ,സെപ്റ്റംബർ ) എന്ന കഥ വളരെ ബാലിശമായി .വിനു രണ്ടു ഭൂമികളെ  സങ്കൽപ്പിക്കുന്നു. എന്തിന് ?നാം ജീവിക്കുന്ന ഭൂമി താരതമ്യേന മികച്ചതാണെന്ന് സങ്കല്പിക്കാൻ. ഇത് അസംബന്ധമല്ലേ? വേറൊരു ഭൂമി ഇല്ലാത്ത അവസ്ഥയിൽ ,അങ്ങനെയൊന്നുണ്ടെന്ന് സങ്കല്പിച്ചശേഷം ഈ ഭൂമിയെ ജീവിതയോഗ്യമാണെന്ന് പറയുന്നത് അർത്ഥശൂന്യമാണ്.ഇത് സ്ഥാപിക്കാൻ ദൈവത്തെ വേറൊരു ഭൂമിയിലയയ്‌ക്കുകയാണ് വിനു. വളരെ കഷ്ടമായിപ്പോയി. ദൈവത്തെ കഥാകൃത്ത് വിളിച്ചുവരുത്തി ആക്ഷേപിക്കുകയാണ്. ഈ ഭൂമിയിലെ ജീവിതത്തിൻ്റെ മഹത്വം നദിയുടെയും കടലിൻ്റെയും കാറ്റിൻ്റെയും മണ്ണിൻ്റെയും പ്രഭാവത്തിൽ നിന്നുകൊണ്ട് വിലയിരുത്തുന്നത് തന്നെ മൗഢ്യമാണ്. മനുഷ്യൻ്റെ സമസ്യകളെ സാമാന്യവത്ക്കരിക്കുന്നത് ശരിയല്ല. ഓരോ മനുഷ്യനും ഓരോ ദ്വീപാണ്. ഒരാളുടെ വികാരം മറ്റൊരാൾക്ക് അറിയില്ലല്ലോ.

മജീദ് സെയ്ദ് എഴുതിയ 'ലഹളപ്പൂ'(എഴുത്ത് ,ഒക്ടോബർ ) ഒരു പൂ പറിച്ചതിൻ്റെ കഥയാണ്. പൂ പറിച്ചത് ഒരു സാമൂഹികകലാപമാവുകയും അത് യു ട്യൂബിനു വേണ്ടി ചിത്രീകരിക്കുകയുമാണ്. എന്തിനാണ് ഈ കഥയെഴുതിയത് ?ഇതെഴുതാൻ കഥാകൃത്തിനെ പ്രലോഭിപ്പിച്ച യാതനയെന്താണ് ?
ഒരിടത്ത് ലൈബ്രറിയുടെ മഹത്വം വർണിക്കുന്നു. പിന്നീട് അതിനു തീയിടുന്നത് അറിയിക്കുന്നു. ഈ കാലത്ത് ചെറുകഥകൾ വായിക്കുന്നത് ജാഗ്രതയോടെ വേണം .അല്ലെങ്കിൽ ചിലപ്പോൾ സാമാന്യബുദ്ധി നഷ്ടപ്പെട്ടേക്കും.

ടി. ആറിനെ ആവശ്യമുണ്ട്

അന്തരിച്ച ടി. ആർ എഴുതിയ ചില കഥകൾ വീണ്ടും വായിച്ചു നോക്കി .പുതിയ ക്രമം, ജാസ്സക്കിനെ കൊല്ലരുത്, കാവൽ, സംവർത്തനൻ ,ഒരു പ്രേമകഥ തുടങ്ങിയ കഥകൾ .ടി.ആർ പരമ്പരാഗത കഥാകൃത്തല്ല .ഒരു അചുംബിതവിഷയം കൈയിൽ കിട്ടിയിട്ടുണ്ടെന്ന് വിളിച്ചുപറയുന്ന ആളല്ല .ഒരാൾ ഒരു 'കഥ' എഴുതുകയാണെന്ന് പറയുന്നതിൽ  തന്നെ ഒരു വൈരുദ്ധ്യമുണ്ട്. ഇന്ന് പുതിയ കഥയുണ്ടോ ? എല്ലാം പഴയ കഥകളുടെ ആവർത്തനമല്ലേ ?
ഇനി കഥകൾക്കിടയിലെ മൗനം പൂരിപ്പിച്ചാൽ മതി; അല്ലെങ്കിൽ കഥയെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ചിന്തകളും വേറിട്ട ആലോചനകളും അവതരിപ്പിച്ചാലും മതി;കഥയാവുന്നത് മനസിനകത്തു വച്ചാണ്.

ഒരു കഥയിലും വിശ്വാസമില്ലാത്തതുകൊണ്ട് ,കഥയെ തന്നെ കബളിപ്പിക്കാനാണ് ടി.ആർ ശ്രമിച്ചത്.പല രചനകളും  അവ്യക്തമാണ് .തനിക്ക് ഇത് പൂരിപ്പിക്കാൻ കഴിയാത്ത പദപ്രശ്നമാണെന്ന് ടി. ആർ നിശ്ശബ്ദമായി പറയുന്നപോലെ തോന്നും.'പുതിയക്രമ'ത്തിൽ ഒരു ദരിദ്രയുവാവിൻ്റെ വാടകവീട് ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടു മുതലാളി രണ്ട് സമീപനങ്ങൾ പുറത്തെടുക്കുന്നതാണ് തന്തു.മുതലാളിയുടെ ഭാര്യ രഹസ്യമായി അയാളെ അവളുടെ താമസസ്ഥലത്തേക്ക് വിളിക്കുന്നു. അതിനു പിന്നാലെ മുതലാളി ഒരാളെ വാടകക്കാരനെ പുറത്താക്കുന്ന ചുമതലയേല്പിച്ച് അയയ്ക്കുന്നു. ഇതെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണ്; എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആ സാധ്യതകൾ നിലനിൽക്കെ ,ഒരാൾ ഇതെല്ലാം സങ്കല്പിക്കുന്നതാണ് ടി.ആറിൻ്റെ കഥ.



ഒടുവിൽ സ്വപ്നത്തിനു സദൃശമാണ്  തൻ്റെ പതിതജീവിതമെന്ന് ആ വാടകക്കാരൻ ആശ്വസിക്കുന്നു. താൻ കരുതുന്നത് യാഥാർത്ഥ്യമായാലും അതിൽ പുതുമയില്ലത്രേ. കാരണം ,അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ.തൻ്റെ പ്രശ്നത്തെ, പുറത്തെ കാഴ്ചകളിലെല്ലാം അയാൾ ആരോപിക്കുന്നു. താൻ ജീവിക്കുന്നത്  സ്വപ്നങ്ങളിലാണ്; അതുകൊണ്ട് തൻ്റെ  യാഥാർത്ഥ്യവും സ്വപ്നംതന്നെയാണെന്ന് അയാൾ ചിന്തിക്കുന്നു.ജനാലയിലൂടെ നോക്കിയ അയാൾ വഴിയിൽ കാണുന്നത് കള്ളികളാണ്. ആ കള്ളികളിലെ കരുക്കൾ അയാൾ എണ്ണാൻ ശ്രമിക്കുകയാണ് .'വഴിയിൽ തെളിയുന്ന ഓരോ മുഖവും ഒരു കരുവായി ചുരുങ്ങുന്നു, നിഴലും വെളിച്ചവും നിവർത്തുന്ന കള്ളികളിലോരോന്നിൽ കുടുങ്ങുന്നു. കരുക്കൾ തകരുന്നു. കളം വിടുന്നു. കള്ളികൾ അനങ്ങുന്നില്ല. അവയുടെ താളം ഇടയുന്നില്ല .ക്രമം നിലയ്ക്കുന്നില്ല .ഓരോ നിമിഷവും ഓരോ പുതിയക്രമം തെളിയുന്നു' .

ഇങ്ങനെയാണ് ടി.ആർ.കഥ അവസാനിപ്പിക്കുന്നത് .കഥയെഴുതി കഥയ്ക്കപ്പുറം പോവുകയാണ്.ടി.ആർ.  അനുഭവങ്ങളെ ദാർശനികമായി നോക്കുന്നത് കഥാകാരന്മാർക്ക് പ്രിയപ്പെട്ടതായിരുന്നു .ടി.ആറിൻ്റെ കഥകൾ ഇപ്പോഴത്തെ തലമുറ വായിക്കുമോ എന്നറിയില്ല. ഇപ്പോൾ കഥാചർച്ചകളൊക്കെ ശുഷ്കമായല്ലോ .'ഒരു പ്രേമകഥ' എന്ന ചെറിയ രചനയിൽ വിരഹിയായ ഒരു കാമുകിയെ കാണിച്ചുതരുന്നു. അവളുടെ കാമുകൻ മരിച്ചുപോയി. അവളെ മറ്റൊരു കോണിലൂടെ കാണുകയാണ് .കഥാകൃത്ത്  കണ്ടെത്തുന്ന ചില കാര്യങ്ങൾ വേറൊരു ഭാഷയിൽ ഇങ്ങനെ സംഗ്രഹിക്കാം: 'അവളുടെ കാമുകൻ പുരുഷോത്തമൻ മൃതദേഹംപോലുമല്ല. അവളെ നോക്കിയപ്പോൾ കത്തിയ അവൻ്റെ അസ്ത്രതുല്യമായ കണ്ണുകൾ ഇപ്പോഴില്ല. അവളെ പൊതിയുന്ന വനം  ഇതെല്ലാമറിഞ്ഞ് നിശ്ചലമായിരിക്കുന്നു.പുരുഷോത്തമൻ  മരണാനന്തര സ്വാസ്ഥ്യത്തിലാണ്. അപ്പോഴും അവനെ അവൾ ഓർക്കുന്നു. എന്നാൽ പുരുഷോത്തമൻ നിതാന്തവിസ്മൃതിയിലാണ് .അവന്  താൻ ഒരു കാമുകനായിരുന്നുവെന്ന്  ഓർക്കാനാവുന്നില്ല'.

അലങ്കോലമാകുന്ന കല

ടി.ആറിനെപ്പോലെ സകലതിനെയും പോസ്റ്റ്മോർട്ടം നടത്തി ഫാൻറസിയും  മിത്തും യാഥാർത്ഥ്യവും മിശ്രണംചെയ്യുന്ന കഥാകൃത്തുക്കൾ ഇനിയുണ്ടാവുമോ എന്നറിയില്ല. ഒട്ടും അതിഭാവുകത്വമില്ലാത്ത ഈ കഥകളുടെ പാരായണക്ഷമതപോലും നാളെ പ്രശ്നമായേക്കാം. പക്ഷേ, ടി.ആറിനെ നമുക്ക് ആവശ്യമുണ്ട്. നമ്മൾ ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വസ്തുതകൾ അങ്ങനെയല്ലെന്നും നമ്മുടെ ഇസ്തിരിയിട്ട ചിന്തയുടെ ചേരുവകൾ എപ്പോൾ വേണമെങ്കിലും പരസ്പരവിരുദ്ധമാകാമെന്നും ചൂണ്ടിക്കാണിക്കാൻ ഒരാൾ വേണം. നമ്മെ അലങ്കോലപ്പെടുത്തി സത്യത്തെക്കുറിച്ച് ഭിന്നമായി ചിന്തിപ്പിക്കാൻ അതാവശ്യമാണ്, അയാൾ പരാജയപ്പെടുകയാണെങ്കിൽ പോലും. ടി.ആറിൻ്റെ പരാജയം ഭാഷയുടെ രഹസ്യമായ ഒരു വിജയം  തരുന്നുണ്ട് .

ആസ്വാദനക്ഷമത നഷ്ടപ്പെട്ടവരുടെ പുതിയ കൂട്ടങ്ങൾ ഇപ്പോൾ വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ്.ഇവർ സംവേദനക്ഷമതയുടെ അർത്ഥവും പ്രസക്തിയും നഷ്ടപ്പെടുത്തിക്കളയുന്ന കഥകൾ തിരഞ്ഞുപിടിച്ച് ചർചചെയ്തു മഹത്വമുള്ളതാക്കാൻ ശ്രമിക്കുകയാണ്. വി .ജെ. ജെയിംസിൻ്റെ  'പാതാളക്കരണ്ടി' എന്ന കഥയെ 'അക്ഷരജാലക 'ത്തിൽ ഞാൻ ശക്തമായി വിമർശിച്ചിരുന്നു .എന്നാൽ പിന്നീട് ഈ കഥയെ ഒരു മഹാരചനയാക്കാൻ വേണ്ടി ആസൂത്രിതമായ ശ്രമം നടക്കുന്നതാണ് കാണുന്നത്.
അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്ന്  പറയുന്നില്ല.

ഈ കഥയെക്കുറിച്ച് ജെയിംസ് പുറത്തുവിട്ട ഒരു ഓഡിയോ ക്ലിപ്പ് ഞാൻ കേൾക്കാനിടയായി.അതിൽ അദ്ദേഹം ആരോപിക്കുന്നത്  തൻ്റെ കഥയെ യുക്തി  ഉപയോഗിച്ച് ചിലർ വിമർശിച്ചതാണ് പ്രശ്നമായതെന്നാണ്. വിമർശനത്തിൽ നിന്ന് യുക്തി ഒഴിവാക്കാനാവില്ല. എന്നാൽ ആ യുക്തി മറ്റൊരു പാതയിലേക്ക് കയറി വികസിക്കുന്നത് സൗന്ദര്യാത്മകതയുടെ തലത്തിൽ കഥ എത്തുമ്പോൾ മാത്രമാണ്. ചെക്ക് - ജർമ്മൻ എഴുത്തുകാരൻ കാഫ്കയുടെ 'മെറ്റമോർഫോസിസ്' എന്ന കഥയിൽ ഒരാൾ പെട്ടെന്ന് ഒരു ദിവസം ഒരു  ഷഡ്പദമായി മാറുകയാണ്.അത് മനസിലാക്കാനും യുക്തി വേണം. കാരണം സ്വന്തം വീട്ടിൽ സസ്യാഹാരം കഴിക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെട്ടതിൻ്റെ കലാപരമായ ആവിഷ്കാരമാണത്. ഇത് കേവല കലയല്ല .ആന്തരികമായ ജീവിതത്തിൽ ഒരാൾ എന്തായിത്തീരുമെന്നതിൻ്റെ വിചിന്തനമാണ് ,ഭാവനയാണ്. അതേ സമയം അനുഭവവുമാണ്.

ജെയിംസ് പറയുന്ന മനസ്സിലെ കിണറും മറ്റും കഥ വായിക്കുന്നവർക്ക് ബോധ്യപ്പെടില്ല .കാരണം ,ജെയിംസിൻ്റെ കഥ കലാപരമായി വിജയിക്കുന്നില്ല. അതിൽ സൗന്ദര്യാനുഭവമില്ല. അതുകൊണ്ടാണ് അതിനെ വിമർശിക്കേണ്ടിവരുന്നത്. ലോകവുമായി ഒരു ബന്ധവുമില്ലാത്തപ്പോൾ ആന്തരികമായ നിശ്ചലതയിലേക്ക് നിപതിക്കാനുള്ള സാധ്യതയിൽ നിന്ന് ഒരു കഥാകൃത്തിനും ഒഴിഞ്ഞു നില്ക്കാനാവില്ല. അനുഭവദാരിദ്ര്യത്തിൻ്റെ ബലത്തിൽ കഥയെഴുതുന്നവർക്കെല്ലാം വഴിതിരിഞ്ഞു പോകൂ എന്ന ചുണ്ടുപലകയാണ് 'പാതാളക്കരണ്ടി'


നുറുങ്ങുകൾ

1)യു.കെ. കുമാരൻ പറയുന്നു, തൻ്റെ  'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലിലെ നൂറോളം കഥാപാത്രങ്ങളിൽ അമ്പത് പേർ യഥാർത്ഥത്തിൽ അവിടെ ജീവിച്ചിരുന്നവരാണെന്ന് .(പച്ചമലയാളം, സെപ്റ്റംബർ ,ഒക്ടോബർ). എന്നാൽ ഒരു കഥാപാത്രത്തെപോലും അദ്ദേഹത്തിനു നേരിട്ടു പരിചയവുമില്ല. എന്താണ് ഇത്തരം ജീവചരിത്രങ്ങളുടെ പ്രസക്തി? നോവൽ ഒരു ദേശത്തെ മനുഷ്യരെയെല്ലാം കഥാപാത്രങ്ങളാക്കി രചിക്കേണ്ട കലാരൂപമാണോ ? നോവൽ എന്ന സാഹിത്യരൂപംകൊണ്ടുദ്ദേശിക്കുന്നത് ,ഇതുവരെ ഉണ്ടാകാത്ത ഒരു രൂപമാണ്. നോവലിനു ലോകാവസാനം വരെ നിലനില്ക്കുന്ന ഒരു ലക്ഷണമോ ചട്ടക്കൂടോ ഇല്ല. അതുകൊണ്ടാണ് 'ലോലിത ' എഴുതിയ വ്ളാഡിമിർ നബോക്കോവ്  പറഞ്ഞത് ,എഴുതപ്പെടുന്ന ഓരോ നോവലും മുൻകാലങ്ങളിലെ നോവൽ എന്ന സങ്കല്‌പത്തിൽ നിന്ന് വേറിട്ടതാ കണമെന്ന് .വെറുതെ ഒരു കഥ കുത്തി നിറച്ചാൽ അത് നോവലാകുകയില്ല; വെറും കഥപറച്ചിലായിരിക്കും.

2)അമേരിക്കൻ കവി ഇ .ഇ കമിംഗ്സിൻ്റെ 'സെലക്ടഡ് പോയംസ് 'എന്ന കൃതിയിൽ ഒരു കവിതയ്ക്കും ശീർഷകമില്ല .അദ്ദേഹത്തിൻ്റെ പതിനൊന്ന് കവിതാസമാഹാരങ്ങളിൽ നിന്ന് കവി തന്നെ തിരഞ്ഞെടുത്ത കുറെ ഭാഗങ്ങൾ മാത്രമാണത്.
അതിൽ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം:

'കല്ലുകൾ ഒരു പാട്ടു
പാടുന്നു നിശ്ശബ്ദമായി ,
നിശ്ശബ്ദതയേക്കാൾ
നിശ്ശബ്ദമായി '.

വാക്കുകൾക്ക് പകരാനാവാത്ത അർത്ഥമാണ് കവി തേടുന്നത്.

3)പുനത്തിൽ കുഞ്ഞബ്ദുള്ള  സ്വതന്ത്രനായി ജീവിച്ചു. ഒരിടത്തും പ്രതിബദ്ധനാവാതെയാണ് അദ്ദേഹം എഴുതിയത് .അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തിന് അവാർഡ് കൊടുക്കാൻ ഗൾഫിലേക്ക് വിളിച്ചുകൊണ്ടുപോയില്ല. കൃത്യമായി കിട്ടുമെന്ന് ഉറപ്പുള്ള ഒരു അവാർഡിനു  വേണ്ടി അദ്ദേഹം പുസ്തകം  എഴുതിയില്ല. ഇത് ശ്രദ്ധേയമാണ്.

4)എ.ജെ. മുഹമ്മദ് ഷഫീറിൻ്റെ 'ഉറങ്ങുന്ന നദികളുടെ നഗരം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 26) എന്ന രചന കവിതയുടെ ഉള്ള് തേടുകയാണ്. സറിയലിസ്റ്റിക് സ്പർശംകൊണ്ട് ഷഫീർ ഭാവനയെ ഉന്മത്തമാക്കുകയാണ്‌.

'ഉറക്കം ഒരു
നഗരമാണ്.
നഗരത്തിലെ
എൻ്റെ മുറിയിൽ
ഞാൻ ഉറങ്ങുന്നു.
ഈ നഗരം നിശ്ചലമാണ്. അതിനുള്ളിലെ എൻ്റെ വിലാസം അദൃശ്യമാണ് ' .

കവിത ഒരിക്കലും വാക്കുകളുടെ അർത്ഥമല്ല .അത് വാക്കുകൾക്കുള്ളിലെ ഋതുക്കളാണ് ,നഗരങ്ങളാണ്.

5)ആത്മകഥകളുടെ കാലമാണിത്. ആത്മകഥകൾ വ്യവസായമാണ്, നോവലോ സിനിമയോപോലെ. ആത്മകഥകൾ സിനിമയാകട്ടെ. ആരുടെയും ജീവിതം പരാജയമല്ല; കാരണം അവർക്കെല്ലാം സ്വന്തമായി ആത്മകഥകളുണ്ട്.
എൻ .പ്രഭാകരൻ്റെ ആത്മകഥ (ഞാൻ മാത്രമല്ലാത്ത ഞാൻ),എൻ.ശശിധരൻ്റെ  ആത്മകഥ (മഹാവ്യസനങ്ങളുടെ നദി ) എന്നീ പുസ്തകങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയതേയുള്ളു .പക്ഷേ , ഞാൻ ഞാനെന്ന ഭാവം ഇത്രയധികം ആഘോഷിക്കപ്പെടേണ്ടതുണ്ടോ? നമ്മുടെ ചിന്തകളിലും എഴുത്തിലും ഈ  'ഞാൻ' അല്ലാതെ വേറൊന്നുമില്ലേ? ഈ  'ഞാൻ' അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ടതാണ്.

6)വൈദിക കാലഘട്ടത്തിലോ , പുരാതനകാലത്തോ ,സാഹിത്യരചന  പ്രശസ്തിക്കോ പണത്തിനോ വേണ്ടിയായിരുന്നില്ല. അവർ എഴുതാനുള്ളത് എഴുതി പിൻവാങ്ങുകയാണ് ചെയ്തത്. അത് ആവശ്യമുള്ളവരാണ് രചനകളുടെ പ്രചാരണം ഏറ്റെടുത്തത്. എന്തെഴുതിയാലും പുസ്തകമാക്കി പണവും പ്രശസ്തിയും നേടണമെന്നും അത് താൻ സൃഷ്ടിച്ചതാണെന്ന മട്ടിൽ അതിൻ്റെ പ്രതിഫലമായി ഭൗതികസുഖവും സമ്പത്തും വേണമെന്നും ശഠിക്കുന്നത് പില്ക്കാല യൂറോപ്യൻ മുതലാളിത്തലോകത്തിൻ്റെ  സൃഷ്ടിയാണ് .അതുകൊണ്ട് ഇന്ന് പ്രശസ്തിയും പ്രചാരവും നേടുന്ന എല്ലാ കൃതികളുടെയും പിന്നിൽ ഗൂഢാലോചന, ആസൂത്രണം, അന്യായം   തുടങ്ങിയ കുറ്റങ്ങൾ ചുമത്താവുന്നതാണ്. പുതുതായി യാതൊന്നും സൃഷ്ടിക്കാൻ അറിയാത്തവരും ഇന്ന് ഗ്രന്ഥകർത്താക്കളാണ്, അവാർഡ് ലഭിച്ചവരാണ്.

7)അമെരിക്കൻ സാഹിത്യചരിത്രകാരനും വിമർശകനുമായ ഹാരോൾഡ് ബ്ലൂം  വായനയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് .വായിക്കുന്നത് കലാകാരനാകാനാണെന്ന് അദ്ദേഹം ഒരു ഘട്ടത്തിൽ വാദിച്ചു. വലിയ സാഹിത്യകൃതികൾ വായിക്കുന്നതോടെ, നമുക്ക് നഷ്ടപ്പെട്ട കലാവ്യക്തിത്വം തിരിച്ചുകിട്ടുന്നു. നമ്മുടെ ഏകാന്തതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് പുസ്തകം  വായിക്കുന്നതെന്ന് ബ്ളൂം പറയുന്നു. നന്നായി വായിച്ചാൽ, നമ്മുടെ ഏകാന്തതയ്ക്ക് കൂടുതൽ അർത്ഥങ്ങൾ ലഭിക്കും.

8)ബാലസാഹിത്യചരിത്രം എഴുതിയിരിക്കുകയാണ് ഡോ. കെ. ശ്രീകുമാർ .വളരെ ഗവേഷണം ആവശ്യമുള്ള മേഖലയാണിത് . ഒരു അക്കാദമിക് ശേഖരം എന്ന നിലയിൽ ഇത് പ്രസക്തമാണ്. പക്ഷേ , എന്തിനാണ് ഈ ബാലസാഹിത്യം ?
ഇപ്പോഴത്തെ കുട്ടികൾ ഇത്  വായിക്കുമോ? കുട്ടികൾക്കായി പ്രത്യേക സാഹിത്യമെന്നുമില്ല .ഏറ്റവും ഉൽകൃഷ്ടമായ സാഹിത്യമാണ് കുട്ടികൾ വായിക്കേണ്ടത് .സാഹിത്യാഭിരുചിയുള്ള ഒരു കുട്ടി ഇന്നത്തെ ബാലസാഹിത്യകൃതികൾ വായിച്ചാൽ വഴിതെറ്റിപ്പോകുമെന്നാണ് ഞാൻ ഭയപ്പെടുന്നത്.തീരെ ചെറിയ കുട്ടികൾക്ക് വേണ്ടത് സാഹിത്യമല്ലല്ലോ. ഇന്നത്തെ കുട്ടികൾ ഓൺലൈനിലെ വിഭവങ്ങളാണ് പഠിക്കുന്നത്. അവരുടെ മനോഭാവം വിപ്ളവകരമായി മാറി .ഇതൊന്നുമറിയാതെ കുറേപേർ, കാക്ക ,പൂച്ച എന്നുപറഞ്ഞുകൊണ്ട് കഥകൾ എഴുതിതള്ളുകയാണ്; ഒരു പ്രയോജനവുമില്ലാത്ത പ്രവൃത്തി .

9)തപസ്യ കലാസാഹിത്യവേദിയുടെ അവാർഡ് അതിൻ്റെ ഭാരവാഹിയായ ആഷാമേനോന് കൊടുത്തത് ശരിയായില്ല. ഓരോ സംഘടനയും അതിൻ്റെ ഭാരവാഹികൾക്കും അതിൽപ്പെട്ടവർക്കും മാത്രമേ അവാർഡു കൊടുക്കൂ എന്നു പറയുന്നത് യാഥാസ്ഥിതികത്വമാണ് .ഇടതുപക്ഷ സംഘടനകളും ക്രൈസ്തവ അക്കാദമിയും സ്വന്തക്കാർക്ക് മാത്രമായി പ്രവർത്തിക്കുന്നതിനെ ഇതിനോടു ചേർത്തുവച്ചു കാണേണ്ടതാണ്‌.




Posted by m k harikumar at 9:42 AM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

അക്ഷരജാലകം /എം.കെ.ഹരികുമാർ/ഫേസ്ബുക്ക് ചുവരെഴുത്തുകൾ

 അഫേസ്ബുക്ക് ചുവരെഴുത്തുകൾlink



നൂറ് രാഷ്ട്രീയ സമരങ്ങൾകൊണ്ട് നേടാനാകാത്ത കാര്യങ്ങളാണ് ഇൻറർനെറ്റും സാമൂഹികമാധ്യമങ്ങളും സാധ്യമാക്കിയിരിക്കുന്നത്. അതിർത്തികൾ  മാഞ്ഞുപോയിരിക്കുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം പൊതുവിടങ്ങളിൽ കാണാനില്ല. എല്ലാവരും എല്ലാ കാര്യങ്ങളിലും ഒഴുകുന്നു. കാലത്തിൻ്റെയും സ്ഥലത്തിൻ്റെയും ചങ്ങലപ്പൂട്ടുകൾക്കകത്തിരുന്ന് ശ്വാസംമുട്ടി പ്രേമിച്ച കമിതാക്കൾ ഓർമ്മ മാത്രമാണ്; ഇപ്പോഴില്ല .കമിതാക്കൾ ഇന്ന്  വേഗതയേറിയ രഥത്തിലാണ് യാത്ര ചെയ്യുന്നത്.മൂക്കാനും പഴുക്കാനും നേരമില്ല. പ്രണയം മൊട്ടിടുമ്പോൾ തന്നെ പഴുക്കകയാണ്. കാലം എല്ലാ ചിന്തകളെയും ഇതേപോലെ പഴുപ്പിക്കുകയാണ്. വളർച്ച വെറും ആശയമാണിന്ന്. പിറക്കുമ്പോൾ തന്നെ വളർന്നു വലുതാവുകയാണ്.
ഒരു പാട്ടു പാടിയാൽ മതി ,ഭാഗ്യമുണ്ടെങ്കിൽ വൈറൽ വന്നു  രക്ഷപ്പെടുത്തും. മദ്രാസിൽ പോയി പത്തുവർഷം താമസിച്ച് ,സംഗീത സംവിധായകരെ നിത്യേന വീടുകളിൽ പോയി തൊഴുത് ഒടുവിൽ കോറസ് പാടാൻ അവസരം കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല.
പാടാൻ കഴിവുണ്ടെങ്കിൽ സമൂഹമാധ്യമത്തിലും പാടാം .കവികൾ ഇന്ന് സ്വന്തം കവിത യുട്യൂബിൽ വായിക്കുന്നു.

വീഡിയോ കവിതകൾ സർവ്വസാധാരണമായി. മാസങ്ങളോളം പത്രാധിപന്മാർ പിടിച്ചുവച്ച കവിതകൾക്ക് ശാപമോക്ഷം എന്ന പോലെ പ്രസിദ്ധീകരണം ലഭിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കവിത പ്രവഹിക്കുകയാണ്.ചൊല്ലി അവതരിപ്പിക്കുന്നവരുമുണ്ട്. ആഴ്ചപ്പതിപ്പുകളുടെയും വാരാന്തപ്പതിപ്പുകളുടെയും കാലം അവസാനിക്കുകയാണെന്ന് തോന്നുന്നു. പക്ഷേ ,വാർത്തകൾ ഉള്ളിടത്തോളം പത്രങ്ങൾക്ക് നിലനില്പുണ്ട്.

പുതിയ മാധ്യമങ്ങൾ

പുതിയകാലത്തെ പുതിയ മാധ്യമമാണ് നിർവ്വചിക്കുന്നത്. പുതിയ  മാധ്യമങ്ങളിലാണ് ഇപ്പോൾ എഴുത്തുകാർക്ക് കൂടുതൽ അവസരമുള്ളത്. ദിവസേന കഥകളും കവിതകളും എഴുതി തങ്ങളുടെ രചനാപരമായ ദൗത്യം കണ്ടെത്തുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ (എം.കെ.ഹരികുമാർ ടൈംസ് ) ദിനംപ്രതി കവിതകളെഴുതുന്ന ഇരുപത്തഞ്ച് പേരെങ്കിലുമുണ്ട്. മുരളി കൊളപ്പുള്ളിൽ ,ശിവൻ തലപ്പുലത്ത് ,എ.വി.ദേവൻ ,ഗീത മുന്നൂർക്കോട് ,രാജൻ തെക്കുംഭാഗം ,ശശിധരൻ നമ്പ്യാർ ,മേഘനാദൻ അഴിയൂർ ,കല്ലൂർ ഈശ്വരൻ പോറ്റി ,ജോസൂട്ടി ,ടി.പി.രാജേഷ് ,ആർ ,വിനയകുമാർ ,റഹിം  പേരേപറമ്പിൽ ,ബിനു രാജൻ ,മിനി കാത്തിരമറ്റം തുടങ്ങിയവർ സജീവമാണ്.

ഫേസ്ബുക്കിൽ എഴുതുന്ന ലോകപ്രശസ്തരായ എഴുത്തുകാരുണ്ട്.         അവർ മിക്കപ്പോഴും പുതിയ ആശയങ്ങളും ചിന്തകളും പങ്കു വെക്കുന്നു. റഷ്യൻ ചിത്രകാരനായ റൊമാൻ ബോഗൂരംഗോ സമകാല ചിത്രകലയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഒരു പേജ് തുറന്നത് വളരെപ്പേരെ ആകർഷിക്കുകയാണ്.അന്തർദേശീയ കലാപ്രകടനങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത് .ഗാലറികളെയും ചെറിയ ബുക്ക്ലെറ്റുകളെയും ആശ്രയിച്ചുകൊണ്ടുള്ള ചിത്രകാരൻ്റെ  ജീവിതം മാറിമറിഞ്ഞിരിക്കുന്നു. ബിനാലെപോലും ഓൺലൈനായി  നടത്താവുന്ന സാഹചര്യമാണുള്ളത്.

മഹാനായ വാൻഗോഗിൻ്റെ ചിത്രങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കുറ്റൻ എൽ ഇ ഡി ദിത്തികളിൽ മാറിമാറി പ്രതിഫലിപ്പിച്ചുകൊണ്ട് ,പ്രതീതി നിറഞ്ഞ ഒരു അത്ഭുത പ്രദർശനം കാണാൻ ഇടയായത് വാട്സപ്പ് ഗ്രൂപ്പിലാണ്.ഇതൊക്കെ നവമാധ്യമങ്ങളില്ലായിരുന്നെങ്കിൽ ആലോചിക്കാനേ കഴിയില്ലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ബ്രസീലിയൻ നോവലിസ്റ്റ്  പാവ്ലോ കൊയ്ലോ ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി :'നമ്മൾ പ്രേമിക്കുമ്പോൾ ,നമ്മൾ നിലവിൽ എന്താണോ അതിനേക്കാൾ മികച്ച നിലയിൽ എത്താനാണ് കഷ്ടപ്പെടുന്നത് '.കാരണം, ആത്മീയമായി മാത്രമേ പ്രേമിക്കാനാവൂ. പ്രേമിക്കുന്നത് പ്രേമം എന്താണെന്ന് അറിയാനുമായിരിക്കണം. നാം എത്ര നിന്ദ്യനും പ്രാകൃതനുമാണെന്ന് ഒടുവിൽ  തിരിച്ചറിയേണ്ടി വരുന്നത് ദുരന്തമല്ലേ ?

'ഒരു ഇരയാകണോ ,നിധി തേടുന്ന  സാഹസികനാകണോ എന്നത് എൻ്റെ  തിരഞ്ഞെടുപ്പാണ് ;എന്നാൽ അത് എൻ്റെ ജീവിതത്തെ ഞാൻ എങ്ങനെ നോക്കിക്കാണുന്നു എന്ന പ്രശ്നത്തെ ആശ്രയിച്ചാണിരിക്കുന്നത്' - കൊയ് ലോ എഴുതി. എം. ജെ.റോബിൻസൺ എന്ന ഫേസ്ബുക്കർ എഴുതിയത്  ഇങ്ങനെയാണ്: ' ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത്  വ്യത്യസ്തമായ അനുഭവമായിരുന്നു; എനിക്ക് ചുറ്റിനുമുള്ളതെല്ലാം കൂടുതൽ ഭംഗിയുള്ളതായി കാണപ്പെട്ടു'.ഒരു നവീനമാധ്യമത്തിൽ നവലോകം സൃഷ്ടിക്കപ്പെടുകയാണ്. അവനവനുവേണ്ടി ജീവിക്കുക എന്നു പറഞ്ഞാൽ സ്വാർത്ഥതയല്ല;അത് ചുറ്റിനുമുള്ളതിനെ മനോഹരമാക്കുന്നതിനുള്ള ഒരാന്തരിക ,ബുദ്ധിസ്റ്റ് മാർഗമാണ്.

ഹരാരിയുടെ പോസ്റ്റുകൾ

പ്രമുഖ  നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നവീനകാലത്തെ മാനവ പ്രതിസന്ധികളാണ് ചർച്ചചെയ്യുന്നത്.
അദ്ദേഹം ദിവസങ്ങളുടെ ഇടവേളയിൽ തൻ്റെ അഭിമുഖങ്ങളുടെയും ചർച്ചകളുടെയും വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം നല്കിയ ഒരു പോസ്റ്റ് കൃത്രിമബുദ്ധിയുടെയും അൽഗോരിതത്തിൻ്റെയും കാലത്ത് മനുഷ്യബുദ്ധി നിഷ്കാസനം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പാണ് പകരുന്നത്. നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ദാനിയേൽ കാഹ്നേമാനുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഒരു രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതി തകരാൻ പോകുന്നുവെന്ന് മുന്നറിയിപ്പു നൽകുന്നത് ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ് ആയിരിക്കുമത്രേ. ഇക്കാര്യത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അവനത്  മനസ്സിലാക്കാൻ കഴിയില്ലെന്നാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യബുദ്ധിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തുന്നു. ആ ഉപകരണങ്ങൾക്ക് പലതും പ്രവചിക്കാൻ കഴിയുന്നു.എന്നാൽ മനുഷ്യനു അത് ഗ്രഹിക്കാനുമാകുന്നില്ല. ഇത്  മനുഷ്യചരിത്രത്തിലെ തന്നെ അതിനിർണായകമായ ഒരു ഘട്ടമായിരിക്കുമെന്നാണ് ദാനിയേൽ കാഹ്നേമാൻ പറയുന്നത്.

ഞാൻ സമീപകാലത്തെഴുതിയ രണ്ട് അസാമ്പ്രദായിക ലേഖനങ്ങൾ (പുലിയുടെ അസ്തിത്വപ്രശ്നങ്ങൾ, മയിൽപീലിക്കണ്ണുകളിലൂടെ നോക്കുമ്പോൾ ) എൻ്റെ ബ്ലോഗിലാണ്  പ്രസിദ്ധീകരിച്ചത്. വായനക്കാരുടെ നല്ല പ്രതികരണങ്ങൾ ലഭിച്ചു. തൊട്ടുപിന്നാലെ ഈ ലേഖനങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഒരു പരീക്ഷണമായിരുന്നു അത്. വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതും വ്യവസ്ഥാപിതമല്ലാത്ത വിധം വായനക്കാർ ഇടപെടുന്നതും കൗതുകകരമാണ്. അതിൻ്റെ ത്രിൽ വേറൊന്നാണ്.

ഫേസ്ബുക്ക് ,വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങൾ എഴുത്തുകാരെ ലൈവ് ആക്കുകയാണ്. മനഷ്യ ജീവിതത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ മാധ്യമങ്ങൾ മാറുകയാണ്.തികച്ചും ഉത്തര- ഉത്തരാധുനികമായ പരിസരമാണിത്.  കൺമുന്നിലുള്ള വായനക്കാരുടെ പെട്ടെന്നുള്ള പ്രതികരണം ഉൾക്കൊള്ളാനുള്ള താല്പര്യം ഇപ്പോൾ എഴുത്തുകാരെ പ്രലോഭിപ്പിക്കുകയാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിൽ തീരുമാനമെടുക്കുന്നത് സോഫ്റ്റ് വെയറോ സർക്കാരോ ഒന്നുമല്ല, കളിക്കാരനാണ്.ബൈക്ക് റേസാണ് ഗെയിമെങ്കിൽ ,ബൈക്കുകൊണ്ട് എന്ത് ചെയ്യണമെന്ന് കളിക്കാരൻ തീരുമാനിക്കുന്നു. അതുപോലെയാണ് ഇന്നത്തെ പ്രേക്ഷകൻ അഥവാ  കലാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ .

സ്മാരകങ്ങൾ ഓൺലൈനിൽ

പ്രസിദ്ധ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ ഫേസ്ബുക്ക് പേജിൽ തൻ്റെ ലേഖനസമാഹാരത്തിൻ്റെ കവർ പ്രദർശിപ്പിച്ചിരിക്കുന്നു .2003-202O വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിൻ്റെ പേര് 'ലാംഗ്വേജസ് ഓഫ് ട്രൂത്ത്' എന്നാണ്.
റുഷ്ദിക്ക് സ്വന്തം പുസ്തകത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. ഇതാണ് നവമാധ്യമത്തിൻ്റെ സ്വഭാവം. കൂലിക്ക് ആളെ വച്ച് പടങ്ങൾ പോസ്റ്റ് ചെയ്യിക്കുന്നവരും ഫോർവേഡുകൾ അയപ്പിക്കുന്നവരും ഈ മാധ്യമം എന്താണെന്ന് മനസ്സിലാക്കാത്തവരാണ്.

എഴുത്തുകാരുടെ സ്മാരകങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത്. ആരുടെയും ഗ്രാൻറ് വേണ്ട. സ്മാരകങ്ങൾ എന്ന നിലയിൽ കെട്ടിടങ്ങൾ പണിതു ഉദ്യോഗസ്ഥഭരണം നടപ്പാക്കുന്നത് ഇന്നത്തെ കാലത്തിനു യോജിക്കുകയില്ല.ഡച്ച് ചിത്രകാരൻ വാൻഗോഗിൻ്റെ അടുത്ത കൂട്ടുകാരനായിരുന്ന പോൾ ഗോഗിൻ്റെ ചിത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനു , ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു ഫേസ്ബുക്കിൽ ഒരു പേജുണ്ട് .അതുപോലെ വാൻഗോഗ് മ്യൂസിയം (ആംസ്റ്റർഡാം) എന്ന പേരിലുള്ള പേജ് വാൻഗോഗിൻ്റെ  ഏറ്റവും കൂടുതൽ ചിത്രങ്ങൾ ശേഖരിച്ചിട്ടുള്ള മ്യൂസിയത്തിൻ്റെ വാർത്തകളാണ് നല്കുന്നത്. ഇതിനേക്കാൾ നല്ല സ്മാരകം എവിടെ കിട്ടും ? അവിടെ വാൻഗോഗിൻ്റെ ചിത്രങ്ങൾ തുടരെ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.



സമൂഹമാധ്യമം മനുഷ്യൻ സൃഷ്ടിച്ച സ്വതന്ത്ര ലോകമാണ്. അതിനു ആദിയോ അന്തമോ ഇല്ല അത് തിരയാ നുള്ള ഇടമാണ്. ഓരോരുത്തരും അവരവരുടെ പുസ്തകമാണ് അവിടെ സൃഷ്ടിക്കുന്നത്. പരമ്പരാഗതമായ പുസ്തകമല്ലത്. ഒരാൾ സ്വയമൊരു പുസ്തകമാവുകയാണ്. മറ്റുള്ളവർ നമ്മെ വായിക്കുന്നു, ദീർഘമായി ഒന്നും എഴുതാതെ തന്നെ.

മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്രിൻ്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് അദ്ദേഹത്തിൻ്റെ  ആരാധകരാണ് നടത്തുന്നത് .സാർത്രി ൻ്റെ അപൂർവചിത്രങ്ങൾ, പുസ്തകങ്ങൾ ,ചിന്തകൾ തുടങ്ങിയവ  ഇവിടെ കാണാം. ഇതിനപ്പുറം എന്ത് സ്മരണയാണ് ഒരു എഴുത്തുകാരന് കൊടുക്കാനാകുക ? ഏറ്റവും വേഗത്തിലും ചെലവുചുരുക്കിയും കാര്യക്ഷമമായും  നടത്താനാകുന്നതാണ് ഓൺലൈൻ സ്മൃതികേന്ദ്രങ്ങൾ .ആശയപരമായ ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.

വെസ്റ്റ് ബംഗാളിലെ ഒരു ഫേസ്ബുക്കറുടെ പേജിൻ്റെ പേര് 'ലിറ്ററേച്ചർ ഈസ് മൈ ഉട്ടോപ്പിയ ' എന്നാണ്. ഈ വാക്യം ഹെലൻകെല്ലറുടേതാണ്. ജീവിതം ഒരു കോസ്റ്റ്യൂം പാർട്ടിയായിരിക്കെ ,ഞാൻ അവിടെ എൻ്റെ യഥാർത്ഥ മുഖവുമായി വന്നതിൻ്റെ പേരിലുള്ള ചമ്മലാണെനിക്ക് എന്ന് ചെക്ക് - ജർമ്മൻ എഴുത്തുകാരൻ ഫ്രാ കാഫ്ക പറഞ്ഞത് ഒരു പേജിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു .കാഫ് കയുടെ മറ്റൊരു ശ്രദ്ധേയവാക്യവും കാണാം. അത് 'ജോസഫൈൻ ദ് സിംഗർ ' എന്ന കഥയിൽ നിന്നുള്ളതാണ്: 'ലോകം ഓരോ ദിവസവും ചെറുതായി വരുകയാണ്; അവിടെ മൂലയിലൊരു കെണി ഒരുക്കിയിട്ടുണ്ട്. അതിലേക്കാണ് ഞാൻ ചെന്നു ചാടേണ്ടത് '.

അറിവ് സ്വാതന്ത്യം പ്രഖ്യാപിച്ചു.

സാഹിത്യ, സാംസ്കാരിക മേഖലകളിലെ കുത്തകകളെല്ലാം അവസാനിക്കുന്നതിൻ്റെ  വിളംബരമാണ് ഉത്തര - ഉത്തരാധുനികത. സംസ്കാരം ,കല, സാഹിത്യം തുടങ്ങിയവയെല്ലാം  കുത്തകകളുടെയുടെ കൈകളിൽനിന്ന് അകലുകയാണിപ്പോൾ. കൊറോണ ഒരു ദുരന്തമാണെങ്കിലും അതിൻ്റെ  ഒരു പ്രധാന ഫലം ഈ കുത്തകകളുടെ എന്നെന്നേക്കുമായുള്ള അവസാനമാണ്.അറിവ് ആരുടെയും ചെരിപ്പനടിയിലല്ല; അത് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. സംസ്കാരവും അങ്ങനെതന്നെ .സാംസ്കാരിക ഭാവുകത്വയജമാനന്മാരോ, കലാലോകത്തിലെ സമ്പന്നരായ കുറേപ്പേരുടെ അധികാരകേന്ദ്രമോ  ഇനിയില്ല. ഗാലറി കിട്ടാതെ മരിച്ച വാൻഗോഗ് ഒരു ചരിത്രവസ്തുതയാണ്. ഇനി അത് ആവർത്തിക്കുകയില്ല. എല്ലാവർക്കും ഫേസ്ബുക്ക് ചുമരുകളുണ്ട് ,മുറികളുണ്ട്.

ലോകത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഭൂരിപക്ഷം കലാകാരന്മാർക്കും എഴുത്തുകാർക്കും ഇപ്പോൾ ഫേസ്ബുക്ക് പേജുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഉത്സാഹഭരിതമായ കാലമാണിത്, കൊറോണയുടെ ദുരിതവും കാലാവസ്ഥാവ്യതിയാനവും ഒഴിച്ചാൽ.
വിക്ടർ ഹ്യൂഗോയുടെ പേജ് കണ്ട ഉടനെ ഞാൻ ഫോളോ ചെയ്തു. ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനൻ'(1831) എന്ന നോവൽ പ്രസിദ്ധമാണല്ലോ. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം നോത്രദാം എന്ന ഭദ്രാസനപള്ളി തന്നെയാണ്. നോവൽ പുറത്തുവന്നതിനു ശേഷം ആ പള്ളിയും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആ പള്ളി സംരക്ഷിക്കാൻ വേണ്ടി പൊതുസമൂഹം തന്നെ മുന്നോട്ടു വന്നു. പ്രമുഖ വാസ്തുശില്പി വയോലെ ലി ഡുക്ക്  നേതൃത്വം നല്കിയ നവീകരണപ്രവർത്തനങ്ങൾ  1844 മുതൽ 1864 വരെ നീണ്ടു. പഴയ പള്ളിയുടെ തനിമ നിലനിർത്തുന്നതിനു ചില പുതിയ എടുപ്പുകൾ കൂടി അദ്ദേഹം നിർമ്മിച്ചു. ഹ്യൂഗോയുടെ നോവലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അതെല്ലാം ചെയ്തത്. ഇന്ന് ആ പള്ളി ഒരു മ്യൂസിയമാണ്. 'ഹ്യൂഗോ മുതൽ വയോലെ ലി ഡുക്ക്   വരെ ' എന്ന പ്രദർശനം കഴിഞ്ഞ വർഷം സംഘടിപ്പിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.

നുറുങ്ങുകൾ

1) പാവ്ലോ പിക്കാസോ ,മാഷൽ ദുഷാമ്പ് തുടങ്ങിയ കലാകാരന്മാരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ എഴുപതുകളിലെ സാഹിത്യവും കലയും രൂപപ്പെട്ടത്. അതിൻ്റെ ചരിത്രപരമായ അനിവാര്യത നിഷേധിക്കാനാവില്ല .എങ്കിലും എഴുപതുകളിലെ കവിതയെ വല്ലാതെ അതിഭാവുകത്വം ബാധിച്ചിരുന്നു. ഉള്ളിൽ സങ്കടം തോന്നുന്നത് അവിഷ്ക്കരിക്കാൻ പൊട്ടിക്കരയുകയാണ് പലരും ചെയ്തത്. അതിവൈകാരികതയും കരച്ചിലും ഒഴിവാക്കിയാൽ ബാക്കി എന്ത് ശേഷിക്കുമെന്നാണ് നോക്കേണ്ടത്.

2)മലയാളകഥയിലും പഞ്ചമഹാനാദമുണ്ട്. തകഴി ,ദേവ് തുടങ്ങിയവരുടെ തലമുറയ്ക്ക് ശേഷം വന്ന പ്രമുഖരായ അഞ്ച് കഥാകൃത്തുക്കൾ വായനക്കാരെ സ്വാധീനിച്ചു. ആ അഞ്ചുപേർ ഇവരാണ്: മാധവിക്കുട്ടി ,എം.ടി ,ടി. പത്മനാഭൻ ,സി.വി.ശ്രീരാമൻ ,എൻ.മോഹനൻ.

3)എഴുത്തുകാരൻ്റെ വെല്ലുവിളി ഭാഷയിലെ പ്രവണതകൾ പെട്ടെന്ന് മാഞ്ഞുപോകുന്നു എന്നുള്ളതാണ്. ഭാഷ ഒരു ഫാഷനായിരിക്കുന്നു. ബഷീറിൻ്റെ ഭാഷ പലരും അനുകരിച്ചു ;അതൊരു ഫാഷനായി മാറുകയായിരുന്നു. ഇപ്പാൾ ആ ഭാഷയില്ല. സക്കറിയ, മുകുന്ദൻ  തുടങ്ങിയവർ ആദ്യകാലത്ത് ഉപയോഗിച്ച ഭാഷയും ഒരു ഫാഷനായി പരിണമിച്ചു. എന്നാൽ ഇപ്പോൾ അതും അപ്രത്യക്ഷമായി. പുതിയൊരു ഭാഷ കണ്ടെത്തുകയാണ് വെല്ലുവിളി .

4)ഒരിക്കൽ താൻ പഠിപ്പിച്ച കടലിൻ്റെ മകൻ ആറ്റക്കോയയെ തിരയുകയാണ് ദേശമംഗലം രാമകൃഷ്ണൻ 'ആറ്റക്കോയ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോ.3) എന്ന കവിതയിൽ .ആറ്റക്കോയ രുചിയാണ്, സ്നേഹമാണ് ,ഓർമ്മയാണ്, തുമ്പിയാണ്, പൂവാംകുറുന്നിലയാണ്. ദേശമംഗലം മനുഷ്യനെ അനുഭവിക്കുകയാണ്, അവൻ്റെ ജീവൻ്റെ തുടിപ്പുകളെ .ഇത് അപൂർവ്വ അനുഭവമാണ്. മനുഷ്യൻ്റെ സ്പർശം ,ഓർമ്മ തുടങ്ങിയവ എത്ര ശുദ്ധമാണ്! .
'കൊണ്ടുവന്നൂ ഒരിക്കൽ
തേങ്ങാമീനടച്ചുരുൾ
എന്തൊരു രുചി
അന്യമായൊരു മണം
ഓക്കാനിച്ചു മധുരിച്ചന്നു
തിന്നൊരാ പലഹാരത്തിൻ
ഓർമ്മയിൽ
ചിരിച്ചു നിൽപ്പുണ്ടവൻ' .

5) 'മനസ്സിൻ്റെ തീർത്ഥയാത്ര' എന്ന നല്ല സിനിമ സംവിധാനംചെയ്ത എ.വി. തമ്പാൻ സമീപകാലത്ത് കലാകൗമുദിയിൽ എഴുതിയ 'ഇതാ ഞങ്ങളുടെ കെ. ജി. ജോർജ്' , 'അയ്യപ്പനല്ല എങ്കിൽ നിങ്ങൾ കോശിയാണ് ' എന്നീ ലേഖനങ്ങൾ നമ്മുടെ ചലച്ചിത്രവിമർശനം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്. 'തിരക്കഥാ മുഹൂർത്തങ്ങളുടെ ഒരു മ്യൂസിയമാണ് 'യവനിക' എന്ന് തമ്പാൻ എഴുതുന്നു.
മറ്റൊരിടത്ത് സൂക്ഷ്മമായി കഥാപാത്രനിരീക്ഷണം നടത്തിക്കൊണ്ട് തമ്പാൻ ഇങ്ങനെ കുറിക്കുന്നു: 'പ്രതിയോഗിയാണ് നമ്മളുടെ ശക്തി ദൗർബല്യങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുന്നത്. പ്രതിയോഗി വില്ലനല്ല; ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ്. അയ്യപ്പൻ, കോശിയുടെ പ്രതിയോഗിയാണ് , മറിച്ചും .പരസ്പരം കണ്ടുമുട്ടി വാൾ കോർത്തപ്പോഴാണ് രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ പൂർണ്ണമായും പുറത്തു വരുന്നത്. ഒരാൾ മറ്റേയാളിൻ്റെ വില്ലനോ ,ശത്രുവോ അല്ല. ഒരാളിൽ പൂരിപ്പിക്കാൻ വിടുന്ന ഭാഗം പൂരിപ്പിക്കുന്നയാളാണ്, അയാളുടെ പ്രതിയോഗി.പ്രതിയോഗിയില്ലാത്ത ഒരു മനുഷ്യൻ്റെ ജീവിതം അപൂർണമായിരിക്കും' .

6)രാജൻ സി. എച്ചിൻ്റെ പുതിയ കവിതാസമാഹാരമാണ് 'പൂവുകൾക്ക് ചായം പൂശുന്നവൻ '(ലോഗോസ് ) .

7)കവി പഴവിള രമേശനെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ എഴുതിയ ഓർമ്മക്കുറിപ്പ് ( അഗ്നിയായി ആളിക്കത്തി കാടുപൂകിയ കവി, കലാപൂർണ, സെപ്റ്റംബർ )  അപൂർവസുന്ദരമാണ്. ആത്മാർത്ഥതയാണ് ഈ ലേഖനത്തിൻ്റെ സവിശേഷ ഗുണം.
പഴവിളയെക്കുറിച്ച് ഇത്രമാത്രം അലിവോടെ ,സ്നേഹത്തോടെ ആരും എഴുതിയിട്ടില്ല. 'ഹൃദയം നിറഞ്ഞ സ്നേഹവും ആരെയും സൽക്കരിക്കാനുള്ള മനസ്സും എന്തിനും കൂടെ നിൽക്കാൻ ഉത്സാഹമുള്ള സൗമ്യയും സുശീലയുമായ ഭാര്യയും സർവ്വോപരി കൈനിറയെ സമ്പത്തുമുള്ള രമേശൻ്റെ ജീവിതം ഒരുത്സവംപോലെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഡയബറ്റീസ് പിടിപ്പെട്ട് വലതുകാൽ മുറിച്ചുകളയേണ്ടി വന്നത്.പക്ഷെ ,അതിനൊന്നും രമേശനെ തളർത്താനായില്ല .പതിനേഴ്  വർഷക്കാലം കിടന്നുകൊണ്ട് തന്നെ തൻ്റെ കാവ്യജീവിതം അദ്ദേഹം ആഘോഷമാക്കി' - രാധാലക്ഷ്മി എഴുതുന്നു, അകൃത്രിമമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട്.

8)ഡോ. വേണു തോന്നയ്ക്കൽ എഴുതിയ 'പ്രണയം'(കലാകൗമുദി, 2124 )തീക്ഷ്ണവും ശക്തവുമായ കവിതയാണ്‌. ഇതിനു അനുഭവത്തിൻ്റെ ബലമുണ്ട്. രോഗി ഒരു ഘട്ടം കഴിയുമ്പോൾ രോഗത്തെ സ്നേഹിക്കുന്നതാണ് വിഷയം.

9)ഒരു നല്ല ഗദ്യശൈലിയുണ്ടാക്കാൻ വേണ്ടി പത്തു വർഷത്തിലേറെക്കാലം പ്രയത്നിക്കേണ്ടി വന്നുവെന്ന് ജോർജ് ഓർവെൽ എഴുതിയിട്ടുണ്ട്.ഒരു ശൈലിയിൽ ഒരെഴുത്തുകാരൻ ജീവിക്കുന്നു.

10)മഹാനാടകകാരനും വിമർശകനുമായ ബർനാഡ് ഷാ ഇങ്ങനെ പറഞ്ഞു, നിങ്ങൾ വൃത്തിയോടും ശുദ്ധിയോടും ജീവിച്ചാൽ നിങ്ങളാകുന്ന ജാലകത്തിലൂടെ ഈ ലോകത്തെ ശരിയായി നിരീക്ഷിക്കാൻ കഴിയും.

11)സാഹിത്യരചനയിലും വായനയിലും ഏറ്റവും വിലപിടിപ്പുള്ള വസ്തു ആധുനിക മനസ്സാണ്. ഇതാകട്ടെ ഒരാൾ നിസ്തന്ദ്രമായി പരിശ്രമിച്ചാലേ സാധ്യമാകൂ. ക്രിസ്തു മനുഷ്യരുടെ മജ്ജയിലാണ് കുരിശിലേറ്റപ്പെട്ടതെന്ന് നികോസ് കസൻദ്സാക്കിസ് 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന കൃതിയിൽ എഴുതുന്നത് ഈ നവീനമനസുള്ളതുകൊണ്ടാണ്. ആ ഭാഷയിൽ തന്നെ അത് വ്യക്തമാണ്.

ഒരു വസ്തുവിനെ എങ്ങനെ നോക്കണമെന്ന് ചിന്തിക്കന്നതു തന്നെ ആധുനികമാണ്. കാരണം ,അവിടെ ആ വസ്തുവിനെ ധാരാളം പേർ, അതിനു മുമ്പ് ,നോക്കിയതെല്ലാം മായ്ച്ചുകളയുന്ന വലിയൊരു പ്രക്രിയയുണ്ട്.

12)മലയാളസാഹിത്യത്തിൽ  ആകാശത്തിൽനിന്ന് ഉൽക്ക എന്നപോലെ വന്നുവീഴുന്ന കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് മാധ്യമങ്ങളെ മാത്രമാണ് സ്വാധീനിക്കുന്നത്.മലയാളത്തിലെ തൊണ്ണൂറ് ശതമാനം എഴുത്തുകാരും ഈ അവാർഡിനെക്കുറിച്ച് അറിയുന്നുപോലുമില്ല .




Posted by m k harikumar at 9:39 AM No comments:
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
Labels: aksharajalakam
Newer Posts Older Posts Home
Subscribe to: Posts (Atom)

m k harikumar

m k harikumar

m k harikumar

m k harikummar

m k harikummar

live traffic

Live Traffic Statistics

aksharajalakam,2020

  • sept 21
  • nov 16
  • padanu nov 13
  • nov 10
  • navadaw, interview nov
  • padanu 0ct 16
  • nov2
  • painter Paul Cézanne
  • m k interview
  • oct
  • octo
  • oct20
  • oct12
  • oct 5
  • sept28
  • sept21
  • sept 14
  • feb 2
  • march 1
  • mh 8
  • march 15
  • mah 22
  • march 30
  • april 6
  • april 13
  • apil 20
  • apri27
  • may 18
  • aug 24
  • july 6
  • sept 7
  • aug 31
  • aug 17
  • aug 10
  • aug 3
  • july 27
  • july 20
  • july 13
  • june 29
  • june 22
  • june 8
  • june 1
  • may 18
  • may 26
  • may 26

mk

mk

mk

mk
9995312097

About Me

m k harikumar
View my complete profile

m k harikumar

  • mk blog

Blog Archive

  • ►  2023 (4)
    • ►  January (4)
  • ►  2022 (71)
    • ►  December (14)
    • ►  September (8)
    • ►  July (7)
    • ►  May (9)
    • ►  March (9)
    • ►  January (24)
  • ▼  2021 (51)
    • ►  December (6)
    • ▼  November (3)
      • അക്ഷരജാലകം /എം.കെ.ഹരികുമാർ /പ്രാണരക്ഷാർത്ഥം വായിക്...
      • അക്ഷരജാലകം/ എം.കെ.ഹരികുമാർ/ആത്മകഥയുടെ അറ്റകുറ്റപ്പ...
      • അക്ഷരജാലകം /എം.കെ.ഹരികുമാർ/ഫേസ്ബുക്ക് ചുവരെഴുത്തുകൾ
    • ►  October (2)
    • ►  September (5)
    • ►  August (5)
    • ►  July (5)
    • ►  June (4)
    • ►  May (4)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (4)
  • ►  2020 (59)
    • ►  December (9)
    • ►  November (11)
    • ►  October (6)
    • ►  September (31)
    • ►  July (1)
    • ►  January (1)
  • ►  2019 (8)
    • ►  August (1)
    • ►  July (2)
    • ►  June (1)
    • ►  April (1)
    • ►  February (2)
    • ►  January (1)
  • ►  2018 (13)
    • ►  October (3)
    • ►  September (7)
    • ►  August (3)
Watermark theme. Theme images by mattjeacock. Powered by Blogger.