Monday, September 7, 2020

അക്ഷരജാലകം/ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.july 20

 
എം.കെ.ഹരികുമാർ
9995312097
Email : mkharikumar797@gmail.com

ഇൻസ്റ്റഗ്രാമിൻ്റെ പത്തുവർഷങ്ങൾ.

ലോകത്തിലെ ഏറ്റവും തിരക്കുള്ള ഇൻ്റർനെറ്റ് സമൂഹമാധ്യമ സൈറ്റായ ഇൻസ്റ്റഗ്രാമിൻ്റെ പത്തു വർഷങ്ങൾ സാംസ്കാരിക ജീവിതത്തെ ജനാധിപത്യപരമായി വികസിപ്പിക്കുന്നതിലും പരിവർത്തിപ്പിക്കുന്നതിലും മുഖ്യപങ്കു വഹിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ മോഡേണിസമാണിത്. ഇത് കഴിഞ്ഞ നൂറ്റാണ്ടിലെ ആധുനികതയെയും ഉത്തരാധുനികതയെയും അട്ടിമറിച്ച് കല ,സൗന്ദര്യം ,പ്രേക്ഷകർ ,അനുഭവം ,അസ്തിത്വം തുടങ്ങിയ വിഷയങ്ങളിൽ ചിന്താപരമായി സമൂല പരിവർത്തനം വരുത്തി.
2010 ഒക്ടോബറിൽ അമേരിക്കൻ യുവാക്കളായ കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗർ എന്നിവർ ചേർന്നാണ് ഇൻസ്റ്റഗ്രാം ആരംഭിച്ചത്.

ആധുനികതയുടെ കാലഘട്ടം പഴയതിനെയെല്ലാം തള്ളി നവോത്ഥാനത്തെയും  ശാസ്ത്രയുക്തിയെയും  മുറുകെപ്പിടിച്ചു. മാമൂലുകളെ അത് വെല്ലുവിളിച്ചു. എന്നാൽ 1940 നു ശേഷം വന്ന ഉത്തരാധുനികത ബൃഹത് വിചാരസംഹിത
(മെറ്റാ നരേറ്റീവ്സ് )കളെ ( ചരിത്രം ,മനശ്ശാസ്ത്രം ,ദേശീയത ,ശാസ്ത്രം )യെല്ലാം നിരാകരിച്ചു. മനുഷ്യൻ്റെ സെക്സ് ,വാസന ,വികാരം തുടങ്ങിയവയെല്ലാം പ്രതിജന ഭിന്നമാണെന്നും അതെല്ലാം സമൂഹത്തിൻ്റെ നിർമ്മിതിയാണെന്നും അവർ വാദിച്ചു.അതുകൊണ്ട് അതെല്ലാം അവർ എഴുതി നിർമ്മിച്ചെടുത്തു.

എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടോടു കൂടി ഉത്തരാധുനികതയുടെ സ്വത്വ നിർമ്മിതിയും സംസ്കാരപഠനവും
പഴഞ്ചരക്കുകളായി മാറുകയാണ്.പുതിയ വിചാര കാലാവസ്ഥയും അനുഭവങ്ങളും ഉദയം ചെയ്തിരിക്കുന്നു. സമ്പൂർണമായ ഒരു വീക്ഷണ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്.
ഡിജിറ്റൽ ,ടെലിവിഷൻ ലൈവ് ഇൻറർനെറ്റ് ,സമൂഹമാധ്യമ ശൃംഖലകളിലൂടെയും വ്യക്തി നിർമ്മിതികളിലൂടെയും പുതിയൊരു ലോകം നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുകയാണ്.ഇവിടെ പഴയതോ പുതിയതോ ഇല്ല; വെറും ലൈവ് മാത്രം. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്രാജ്യത്വാനന്തര പഠനങ്ങളും ചിന്തകളും ഫേസ്ബുക്ക് ,ഇൻസ്റ്റഗ്രാം സമൂഹനിർമ്മിതികളിലൂടെ റദ്ദാക്കപ്പെട്ടിരിക്കയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ പരിസരം .

ഇൻസ്റ്റഗ്രാമിൽ ഫെമിനിസമോ,പ്രത്യേക നാടുവാഴി സംഘമോ ,സാംസ്കാരിക ദുഷ്പ്രഭുക്കളോ ഇല്ല. അതിനു അവിടെ പ്രസക്തിയില്ല .ഇത് കാണികളുടെ കളിയാണ് ;പരമ്പരാഗത കളിക്കാരോ ,കളിസ്ഥലമോ ഇല്ല .ചിത്രകാരന്മാർക്ക് മാത്രമായി ഉണ്ടായിരുന്ന മ്യൂസിയങ്ങൾ ഇവിടെയില്ല .മ്യൂസിയത്തിൽ വെറുതെ കാണികളായി ചുറ്റിത്തിരിഞ്ഞിരുന്ന പ്രേക്ഷക സമൂഹം സ്രഷ്ടാക്കളായി മാറിയിരിക്കുന്നു.ഇത് വിമോചനത്തിൻ്റെ ധൂസരമായ നവ ആകാശമാണ്.

300 ദശലക്ഷം ഫോട്ടോകൾ

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരാൾക്ക് യഥേഷ്ടം ഫോട്ടോകൾ കൈമാറാം. മുപ്പത് സെക്കൻഡുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാം.ഒരു ദിവസം മുന്നൂറ് ദശലക്ഷം ഫോട്ടോകൾ ഇവിടെ പ്രത്യക്ഷപ്പെടുകയാണ്. 510000 കമൻറുകളാണ് വരുന്നത്.മുപ്പത്തഞ്ച് ഭാഷകളിൽ ലഭിക്കുന്ന ഇൻസ്റ്റഗ്രാമിനു ഇപ്പോൾ ആയിരം ദശലക്ഷത്തിനു മുകളിൽ വരിക്കാരുണ്ട്.

സൗന്ദര്യസങ്കല്പത്തെ മാറ്റിയത് ഈ ആപ്പാണ്.സെലിബ്രിറ്റികളുടെയോ കാമറാമാൻന്മാരുടെയോ കാഴ്ചകൾക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ ആരും ജയിക്കുന്നുമില്ല ,തോല്ക്കുന്നുമില്ല.
ഏതൊരാളും ഫോട്ടോജനിക്കാവുകയാണ് ,സെൽഫികളിലൂടെ.ഡിജിറ്റൽ കാമറകൾ നമ്മെ പുന:സൃഷ്ടിച്ചിരിക്കുന്നു. അത് നമ്മടെ അസ്തിത്വത്തെ പുന:സംവിധാനം ചെയ്ത് അവതരിപ്പിക്കുകയാണ്. കലാചരിത്ര മോ ,കലാകാരന്മാരുടെ സ്കൂളുകളോ അലട്ടാത്ത ശാഖയാണ് സെൽഫി. അത് വ്യക്തിയുടെ ലൈവ് അസ്തിത്വമാണ്.

ഭക്ഷണവും യാത്രയും പരിസ്ഥിതിയും മൃഗങ്ങളും, ഫോട്ടോകളായി രംഗപ്രവേശം ചെയ്യുകയാണ്. ഇതെല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഫോട്ടോ ഷെയറിംഗ് പ്ളാറ്റ്ഫോമിൽ കലാവസ്തുക്കളായി രൂപാന്തരപ്പെടുന്നു. ഒരു ഗ്ലാസ് കോഫി ഇൻസ്റ്റഗ്രാമിൽ സുന്ദരമായ ഒരു പെയിൻ്റിംഗായി മാറുന്നു. ഫോട്ടോയും പെയിൻ്റിംഗുമായുള്ള വ്യത്യാസം ഇല്ലാതാക്കിയത് ഈ നവ മൊബൈൽ കാമറയാണ്.അതിലൂടെ നമ്മളും നമ്മളുടെ ലോകവും കൂടുതൽ  സുന്ദരമാകുന്നു.

സംസ്കാരത്തിൻ്റെ ഉല്പാദകർ.


ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇംപ്രഷണിസ്റ്റ് കലാകാരന്മാരായ റെന്വേ, മാറ്റിസ് തുടങ്ങിയവരുടെ ചിത്രങ്ങൾ പോലെ  ലോകം അവതരിക്കുകയാണ്. യഥാർത്ഥ ലോകത്തേക്കാൾ സുന്ദരമാണിത്.റെന്വേ വരച്ചപ്പോൾ ലോകം കൂടുതൽ മനോഹരമായി. അതിനു സമാനമായ രീതിയിൽ, ഡിജിറ്റൽ അനുഭവം ഉരുത്തിരിയുകയാണ്.ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഒരാളെ സാംസ്കാരിക ജീവിയാക്കുന്നു. കാരണം ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നതോടെ അയാൾ സംസ്കാരത്തിൻ്റെ ഉല്പാദകനായി മാറുന്നു. സംസ്കാരം ഇന്ന് കലാകാരന്മാരുടെയോ ,എഴുത്തുകാരുടെയോ ,പൈതൃക കലാരൂപങ്ങളുടെയോ ,പുരാതന നഗരികളുടെയോ കുത്തകയല്ല .സംസ്കാരം ഒരു അഭിജാത ജീവിതരീതിയല്ല; അത് ഉപഭോഗമാണ് ,വേഗതയാണ് ,സാങ്കേതികതയാണ് ,അനുഭവമാണ്, ഭക്ഷണമാണ് .

ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഫോട്ടോകൾ എല്ലാം സുന്ദരമാണെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ ഇടമില്ല .ഒരാൾക്ക് ഒരു ഫോട്ടോയിൽ ഇരുപത് സെക്കൻഡിൽ കൂടുതൽ സമയം നോക്കാനാവില്ല. അപ്പോഴേക്കും മറ്റു ഫോട്ടോകൾ വരുകയാണല്ലോ .

വാക്കുകൾ.

1) എല്ലാ ക്ളാസിക്കുകളും ചവറുകളും  വായിക്കുക. എല്ലാം നിങ്ങൾക്ക് മനസ്സിലാവും .എന്നിട്ട് എഴുതുക .നന്നായില്ലെങ്കിൽ ജനാലയിലൂടെ വലിച്ചെറിയുക.
വില്യം ഫോക്നർ ,
അമെരിക്കൻ എഴുത്തുകാരൻ .

2) എഴുതാനുള്ള ആറ് സുവർണ നിയമങ്ങൾ മുന്നോട്ടു വയ്ക്കുന്നു: വായിക്കുക ,വായിക്കുക ,വായിക്കുക ,എഴുതുക,എഴുതുക,എഴുതുക.
ഏണസ്റ്റ് ഗെയ്ൻസ് ,
അമെരിക്കൻ എഴുത്തുകാരൻ .

3) നിങ്ങൾക്ക് എല്ലാ പൂക്കളും പറിച്ചെറിയാൻ കഴിഞ്ഞേക്കും; പക്ഷേ ,വസന്തത്തിൻ്റെ വരവ് തടയാനാകില്ല .
പാബ്ളോ നെരൂദ ,
ചിലിയൻ കവി .

4) എന്താണ് ചരിത്രം ? ഭാവിയിൽ മുഴങ്ങുന്ന ഭൂതകാലത്തിൻ്റെ മുഴക്കമാണത്; ഭാവിയുടെ പ്രതിബിംബം ഭൂതകാലത്തിൽ പതിക്കുകയാണ് .
വിക്ടർ യൂഗോ,
ഫ്രഞ്ച് എഴുത്തുകാരൻ .

5) ജീവിക്കുക എന്നുള്ളത് വളരെ അപൂർവ്വമായ സംഗതിയാണ്; ഭൂരിപക്ഷം പേരും വെറുതെ നിലനില്ക്കുക മാത്രമാണ് ചെയ്യുന്നത്.
ഓസ്ക്കാർ വൈൽഡ് ,
ഐറിഷ് നാടകകൃത്ത്.

കാലമുദ്രകൾ.

1 ) വയലാ വാസുദേവൻ പിള്ള.
ഒരു കാലത്ത് ഹൈസ്കൂൾ കുട്ടികൾ പോലും വയലാ വാസുദേവൻ പിള്ളയുടെ ഒരു നാടകം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാൽ പിന്നീട് അതെല്ലാം നഷ്ടമായി. അഭിരുചികൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.

2) പി.എൻ.മേനോൻ.
ഒരു കാലഘട്ടത്തിലെ ചലച്ചിത്രാവബോധത്തെ യഥാതഥവും മാനവികവുമാക്കുന്നതിൽ എ.വിൻസൻ്റ് ,കെ എസ് .സേതുമാധവൻ എന്നിവരുടെ കാലത്തു തന്നെ പി.എൻ .മേനോൻ അർത്ഥവത്തായ ഇടപെടലുകൾ നടത്തി.

3) എം.എൻ.വിജയൻ.
അധ്യാപനം ഒരു യാഥാസ്ഥിതിക പ്രവൃത്തിയാണെന്ന് പറഞ്ഞ എം. എൻ .വിജയൻ പക്ഷേ ,കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം വേണമെന്ന് വാദിച്ചു.

4) അക്കിത്തം.
നിരാശയുടെ ഭാവുകത്വപരമായ പ്രതിസന്ധികളിൽപ്പെട്ടപ്പോഴാണ് അക്കിത്തം 'ഇടിഞ്ഞു പൊളിഞ്ഞ ലോകം' എഴുതിയത്. എന്നാൽ അക്കിത്തം പെട്ടെന്ന് അതീതമായ  മറ്റൊരു തലത്തിലേക്ക് ഉയർന്നു.

5) എം.സുകുമാരൻ.
ആക്രി പെറുക്കുന്ന കുഞ്ഞാപ്പുവിനെ കേന്ദ്ര കഥാപാത്രമാക്കി  'കുഞ്ഞാപ്പുവിൻ്റെ ദു:സ്വപ്നങ്ങൾ ' എന്ന കഥയെഴുതിയ സുകുമാരൻ അതിൽ രാഷ്ട്രീയം നഷ്ടപ്പെട്ട ഇന്ത്യൻ യുവത്വത്തെ അതിൻ്റെ ആന്തരികതയിൽ വരച്ചുകാണിച്ചു.


ഇൻറർനെറ്റും എഴുത്തുകാരും

സമൂഹ മാധ്യമങ്ങളിൽ ,സാഹിത്യത്തെ ഗൗരവത്തിൽ കാണുന്ന എഴുത്തുകാർ എങ്ങനെ ഇടപെടണമെന്നത് അനുഭവപാഠങ്ങൾ കൊണ്ട് പറയാനാകും. രാഷ്ട്രീയ നേതാക്കൾക്ക് അവിടെ താരതമ്യേന നല്ല ഇടമാണ്. കാരണം അവർക്ക് അനുയായികളുണ്ട്. സൈബർ ഗുണ്ട എന്നൊക്കെ പേരിടുന്നതിൻ്റെ പശ്ചാത്തലമിതാണ്. എന്നാൽ  അഭിരുചിക്ക് വല്ലാത്ത നാശം സംഭവിച്ച ഈ കാലത്ത് ഒരാൾ തൻ്റെ ഗാഢമായ അനുഭവങ്ങളെ വ്യാഖ്യാനിക്കുന്നതിനു ഫേസ് ബുക്കിലോ വാട്‌സ്ആപ്പിലോ വോട്ടെടുപ്പ് നടത്തുന്നത് അർത്ഥശൂന്യമാണ്.നിർഭാഗ്യവശാൽ ചില  സാഹിത്യകാരന്മാരും അവരെ പിന്തുണയ്ക്കുന്നവരും സൈബർ ഗുണ്ട എന്ന പേര് സ്വന്തമാക്കാൻ   ശ്രമിക്കുകയാണ്.

ഇരുപത്തഞ്ച് പ്രസാധകർ തള്ളിക്കളഞ്ഞ ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ ( റിച്ചാർഡ് ബാക്) എന്ന നോവൽ പിന്നീട് ഒരു വൻ വിജയമായത് നാം കണ്ടതാണ്. എന്നാൽ ഇത് ഫേസ്ബുക്കിലിട്ടാൽ യാതൊരു അഭിരുചിയുമില്ലാത്തവർ അഹങ്കാരത്തോടെ വന്ന് വിധി കല്പിക്കും. അതിലെങ്ങനെയാണ് എഴുത്തുകാരൻ ഇടപെടുന്നത്. ?സാഹിത്യത്തിൽ മുഷ്ടി ബലത്തിനോ സംഘശക്തിക്കോ അല്ല സ്ഥാനം ;അഭിരുചിക്കാണ്.ഒരാളുടെ ബൗദ്ധികവും ദാർശനികവുമായ കഴിവുകളുടെ ആകെത്തുകയാണ് അയാളുടെ അഭിരുചി .എന്തും ആസ്വദിക്കാൻ പറ്റുന്ന തരത്തിലേക്ക് എല്ലാവർക്കും എത്തിച്ചേരാനാവില്ല.
ഒരാൾ സ്വന്തം അഭിരുചിയുടെ ബലത്തിലാണ് യു.പി. ജയരാജ് ,വി .പി .ശിവകുമാർ തുടങ്ങിയ കഥാകൃത്തുക്കളെ വായിക്കുന്നത്.  സാധാരണഗതിയിൽ ഇവരിൽ എത്തിച്ചേരാൻ വ്യത്യസ്തമായ അഭിരുചി വേണം. അതിനു അധിക്ഷേപിച്ചിട്ട് കാര്യമില്ല .

സമൂഹമാധ്യമങ്ങളിൽ ,കാര്യഗൗരവമുള്ള ഒരെഴുത്തുകാരനും അഭിരുചി യില്ലാത്തവരുമായി തർക്കത്തിന് പോകരുത്; സമയം നഷ്ടപ്പെടും .

പുനർവായന

ബഷീറിൻ്റെ 'വിശ്വവിഖ്യാതമായ മൂക്കി'നെ ലൈംഗികതയുടെ ചിഹ്നമായി കണ്ടുകൊണ്ട് ഡോ. രാകേഷ്‌ ചെറുകോട് എഴുതിയത് ( സത്യാനന്തര കാലത്തെ വിശ്വവിഖ്യാതമായ മൂക്ക്, മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂലായ് 12) വായിച്ചു.കലാശാലാ അദ്ധ്യാപകർക്ക് ഗവേഷണത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ഇതുപോലെ ലേഖനമായി എഴുതുമ്പോൾ കിട്ടുന്ന സുഖം ചെറുതല്ല .
ഇതേ ലക്കത്തിൽ ചിത്രകാരൻ എ.എസ്സിനെക്കുറിച്ച് ജെ.ആർ.പ്രസാദ് എഴുതിയ ലേഖനം പുതിയ അറിവുകൾ നല്കി.

കവിതയുടെ പുനർജനി

ശിവദാസ് പുറമേരിയുടെ 'ഭൂപടത്തിൽ ഇല്ലാത്തത് ' ( മലയാളം വാരിക ,ജൂലൈ 2 ) എന്ന കവിത അമർത്തപ്പെട്ട സ്വപ്നങ്ങളെ സർഗാത്മകമായി അവിഷ്കരിക്കുന്നു .വൈകാരിക ശക്തിയുള്ള ഈ കവിത ആരെയും പ്രബുദ്ധതയിലേക്ക് നയിക്കും.ഈ വരികളിൽ അത് കാണാം:
"ഉറക്കത്തിൻ്റെ
ഊടുവഴിയിലൂടെ  നടന്നു നടന്നു
ചിലപ്പോൾ നീ എത്തിച്ചേരുക
മരിച്ചതു പോലെ മറന്നു പോയ
നിൻ്റെ പഴയ
വീട്ടുമുറ്റത്തായിരിക്കും.
നിനക്കേറെയിഷ്ടപ്പെട്ട
പാർവ്വതിപ്പൂക്കളും
ചെമ്പരത്തിയും
പതിവിലുമേറെ ഭംഗിയോടെ
വിരിഞ്ഞു നില്ക്കും."

പി.എൻ.ഗോപീകൃഷ്ണൻ എഴുതിയ 'ഉപനിഷത്തും ബാക്ടീരിയയും ' എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 12 ) വ്യത്യസ്തമായി. സ്വയം നിരീക്ഷിക്കുന്ന കവി താനൊരു നിരാസ്പദമായ ശൂന്യതയാണെന്ന് തിരിച്ചറിയുകയാണ്.

ശിവം

ശിവൻ്റെ കഴുത്തിലണിഞ്ഞ വാസുകി സർപ്പത്തിൻ്റെയും ശരീരത്തിലണിഞ്ഞ വിഷസർപ്പങ്ങളുടെയും അർത്ഥം രാജഗോപാൽ മുക്കാട്ടുകര (ഗുരുപ്രഭ ,ജലായ്) ഇങ്ങനെ വിശദീകരിക്കുന്നു: സർപ്പങ്ങൾ നമ്മുടെ വികാരവിചാരങ്ങളെ പ്രതിനിധീകരിക്കുന്നു. ആ വികാരവിചാരങ്ങളെ നിയന്ത്രിച്ച് ബന്ധിച്ച് നമുക്ക് അലങ്കാര ആഭരണങ്ങളാക്കാമെന്ന് ഇത് കാണിച്ചു തരുന്നു.




No comments:

Post a Comment