Tuesday, September 8, 2020

അക്ഷരജാലകം/കൊറോണക്കാലത്തെ താവോ/എം.കെ.ഹരികുമാർ/metrovartha , march 30

ഒന്നിക്കാനും രമിക്കാനും സ്നേഹിക്കാനും ഏകാത്മകതയിൽ ലയിക്കാനുമുള്ള ആഹ്വാനങ്ങൾ ഇപ്പോൾ നേരെ എതിരായി തിരിഞ്ഞിരിക്കുന്നു. ഒരു തിരിച്ചുപോക്കാണ് നാം നമ്മളിൽ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.ചടുല ,തീവ്ര, വിനാശകരമായ ആസക്തികൾ പത്തി വിടർത്തിയാടുന്നിടത്ത് നിന്ന് മൗനത്തിൻ്റെയും അകന്നിരിക്കലിൻ്റെയും ഏകാന്തതയുടെയും ഒരു ആത്മീയപർവ്വം പെട്ടെന്ന് ഉദയം ചെയ്തിരിക്കുന്നു. ഇതാണ് ആത്മീയമായ നിരാഹാരം. സ്വയം പ്രഖ്യാപിത ത്യാഗത്തിൻ്റെയും ഒഴിഞ്ഞുനിൽക്കലിൻ്റെയും ഒരു സൗന്ദര്യം എന്നുമുണ്ടായിരുന്നു. അതിനു അവസരം കിട്ടാറില്ലെങ്കിൽ പോലും മൗനം ആചരിക്കുന്നതു  ഒരു ആന്തരികമായ പരിപോഷണമാണെന്ന്  വിശ്വസിക്കുന്നവരുണ്ട്. കഥാകൃത്ത് എം.പി.നാരായണപിള്ള ഒരു കാലത്ത് മൗനം ആചരിച്ചിരുന്നു. സന്ദർശകരായി ആരെയും കാണാൻ അദ്ദേഹം ഇഷ്ടപ്പെടാത്ത കാലമായിരുന്നു അത്.

ഏറ്റവും പ്രിയപ്പെട്ടതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ഒരു പ്രലോഭനമാണ്. എത്രയൊക്കെ അനുഭവിച്ചാലും മതിവരില്ല. അനുഭവിക്കുന്തോറും വിരസത തോന്നുകയും പിന്നീട് അതു തന്നെ മറ്റൊരു രീതിയിൽ ആവേശമാകുകയും ചെയ്യും. ഓർമ്മകൾക്കുപോലും രതിവാസനയുണ്ട്. ചില ഓർമ്മകൾ നമ്മെ ആകർഷിക്കാൻ വേണ്ടി അദ്ധ്വാനിക്കുന്നപോലെ തോന്നും. മാറിനിൽക്കാൻ കഴിയാത്ത വിധം ആ ഓർമ്മകളുടെ വലയത്തിൽ അകപ്പെടും. നിത്യേന ആ ഓർമ്മകളെ പുതുക്കിയും പല കോണിലൂടെ നോക്കിയും നാം പുതുതായി ജനിച്ചുകൊണ്ടിരിക്കും. ഒരേ വസ്തുത തന്നെ നമ്മെ പലതായി ഭിന്നിപ്പിക്കുകയും പലതാക്കുകയും ചെയ്യുന്നത് എത്ര സ്വഭാവികമായാണ്.പലപ്പോഴായി ഒരേ കാര്യം തന്നെ ഓർമ്മിക്കുന്നത് ,നമുക്ക് പലതായി പിരിയാനുള്ള അവസരമാണ്. പല നോട്ടങ്ങൾ ഉണ്ടാവുന്നു.അങ്ങനെ നമ്മിൽ തന്നെ പല നോട്ടക്കാരുണ്ടാവുന്നു. ഒരു ഓർമ്മ തന്നെ പല കാലങ്ങളിലൂടെ പലതായി മാറുന്നു. ഓർമ്മകൾക്ക് ലൈംഗികാകർഷണമുണ്ട്. അത് തരുന്ന ലഹരി ലൈംഗികസുഖത്തിനു സമാനമാണ്. ഓർമ്മകൾ എന്ന ലഹരിക്ക് അടിമപ്പെടുന്നവരിലാണ് ഇത് സംഭവിക്കുന്നത്.

ഇവിടെ കൊറോണയുടെ വ്യാപനം തടയുന്നതിനു  നാം സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്‌. ഒരു  താപസസംസ്കാരത്തിൻ്റെ ആരണ്യക കാലം നാം സ്വയം പരീക്ഷിക്കുകയാണ്‌. സ്വന്തം ക്ഷേമത്തിനു വേണ്ടിയാവുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഒരു സുഖമാണ്. അത് മറ്റുള്ളവർക്ക് വേണ്ടിക്കൂടിയാണെന്നത് കൂടുതൽ ശ്രദ്ധേയമാണ്.

താവോയുടെ പ്രകാശം

കൊറോണയുടെ ഉറവിടം ചൈനയാണല്ലോ. അതുകൊണ്ട് അതിൻ്റെ പ്രകടഭാവങ്ങൾക്ക് ഉത്തരം തേടി നാം പുരാതന ചൈനീസ് മതമായ താവോയിലേക്ക് തന്നെ പോകണം. ചൈനീസ് ആചാര്യനായ ലാവോസെയുടെ ചിന്തകളാണ് താവോയ്ക്ക് അടിസ്ഥാനം .

ജീവിതത്തിലെ എല്ലാ സംഭവങ്ങൾക്കും മാറ്റങ്ങൾക്കും കാരണം താവോയുമായുള്ള ബന്ധമാണ്. അതിനനുസരിച്ച് എല്ലാമുണ്ടാകുന്നു.യിൻ (സ്ത്രീ), യാംഗ് ( പുരുഷൻ) എന്നീ ദ്വന്ദങ്ങളെ വിപുലീകരിച്ചാണ് താവോ അനുഭവിക്കേണ്ടത്. നിഴലും വെളിച്ചവും പോലെയാണ് ഓരോ അസ്തിത്വവും .ആണും പെണ്ണും ഉണ്ടെങ്കിലേ സൃഷ്ടിയുള്ളു എന്നിരിക്കെ ഈ സംയോജനവും ആഭിമുഖ്യവും വളരെ വ്യാപ്തിയുള്ളതാണ്.

സ്വന്തം താല്പര്യമാണ് ലോകത്ത് എല്ലാറ്റിലും വലുതെന്ന് പറയുന്നവർ താവോയെ ലംഘിക്കുകയാണ്. മറ്റുള്ളവർക്ക് സുഖം വരുത്തുന്ന കാര്യമാണ് നാം ചെയ്യേണ്ടത്. അപ്പോൾ താവോയുടെ പ്രകാശം പ്രവർത്തിക്കാൻ തുടങ്ങുന്നു. ഊർജതന്ത്രത്തിൽ പോലും താവോയുടെ പ്രഭാവമുണ്ടെന്ന് അമെരിക്കൻ ശാസ്ത്രചിന്തകനായ ഫ്രിജോഫ് കാപ്ര സ്ഥാപിച്ചത് അദ്ദേത്തിൻ്റെ 'താവോ ഓഫ് ഫിസിക്സ് ' എന്ന ഗ്രന്ഥത്തിലൂടെയാണ്.
ചുറ്റിനുമുള്ള ഓരോ വസ്തുവും സത്താപരമായി ഒരുപോലെയാണ്. അതുകൊണ്ട് അതിനുള്ളിലെ സത്തയുമായി നാം സൃഷ്ടിക്കേണ്ട മൈത്രി പ്രധാനമാണ് .നമുക്കും അതിനും ഇടയിൽ ശക്തമായ ഒരു മൈത്രി ഉടലെടുത്താൽ അത് പ്രാപഞ്ചിക ഉൺമയുടെ പ്രതിഫലനമായെന്ന് താവോ അർത്ഥമാക്കുന്നു. താവോ മതത്തിൻ്റെ വാഴ്ചയ്ക്ക് ശേഷമാണ് ചൈനയിൽ കൺഫ്യൂഷ്യനിസവും ബുദ്ധമതവും വേരുപിടിച്ചത്. കൊറോണക്കാലത്ത് വീട്ടിൽ നിന്നിറങ്ങാതെ വൈറസ് ഭീതിയിൽ ലോകരാഷ്ട്രങ്ങളിലെ ജനങ്ങൾ ഉൾവലിയുമ്പോൾ താവോ പ്രകാശിത മാവുകയാണ്. അന്യൻ്റെ സുഖത്തെ ഗാഢമായി പരിഗണിക്കുന്ന അപൂർവ്വ അനുഭവം.


അസ്പൃശ്യതയുടെ സ്വർഗ്ഗം

അസ്പൃശ്യതയെ നാം അനുകൂലിക്കാത്തവരാണ്. മനുഷ്യർക്കിടയിൽ അസ്പൃശ്യതയോ ?എന്നാൽ അസ്പൃശ്യതയ്ക്കും ഒരു മൂല്യമുണ്ട് എന്ന് വന്നിരിക്കുന്നു. ശരീരം ഒരു ദുരന്തമാവുകയാണ്. ശരീരത്തിൽ നിന്ന് പുറപ്പെടുന്ന അപകടകാരികളായ വൈറസുകൾ അടുത്തുള്ള മനുഷ്യ ശരീരങ്ങളിലേക്ക് ആർത്തിയോടെ കയറിപ്പിടിച്ച് പടരുകയാണ്.ഒരു തരം ഭ്രാന്തമായ പ്രതികാരത്വരയോടെ വൈറസ് അതിൻ്റെ പൈശാചികമായ  അദൃശ്യതയെ സമൂർത്തമാക്കുന്നു.

അവനവൻ്റെ ശരീരം തന്നെയാണ് ശത്രുവായി മാറുന്നത്. ഒരു ശരീരി ആയിരിക്കുന്നതിൻ്റെ തീവ്രദു:ഖമാണ് മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്നത്. സ്വന്തം ശരീരത്തിൽ ഒരു ഇച്ഛാശക്തിയും നടപ്പാക്കാൻ കഴിയാത്തതിൻ്റെ അപാരമായ ദു:ഖമാണിത്. മനുഷ്യനുള്ളിലെ ഇച്ഛാശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ സത്യമെന്ന് ജർമ്മൻ ചിന്തകനായ ആർതർ ഷോപ്പനോർ പറഞ്ഞതൊക്കെ ഇപ്പോൾ പുസ്തകങ്ങളിലേയുള്ളു. ശരീരം അവനവനു തന്നെ അന്യമായിരിക്കുകയാണിപ്പോൾ. അദൃശ്യകണങ്ങൾ സംഹരിക്കാനായി പാഞ്ഞു വന്നുകൊണ്ടിരിക്കുമ്പോൾ ഒരു സ്നേഹസംവാദവും അർത്ഥവത്താകുന്നില്ല .അസ്പൃശ്വനായിരിക്കുന്നത്, ഇവിടെ ഭൗതികമായ  ഒരു ക്ഷേമമാണ്. അത്  ശാരീരികമായ  അതിജീവനമാണ്. അത് മനുഷ്യർ തമ്മിലുള്ള സാംസ്കാരികമായ അസ്പൃശ്യതയല്ല. എങ്കിലും ഇപ്പോൾ തൊട്ടുകൂടാത്തതാണ് സംസ്കാരം .അതാണ് രോഗിയുടെയും രോഗഭീതിയിൽ കഴിയുന്നവരുടെയും വേദം. പരമാവധി അകലം പാലിക്കുക .സ്വയം അവനവനിൽ നിന്ന് പാലിക്കുന്ന അകലമാണിത്.

ചുംബനവുമില്ല, പ്രണയവുമില്ല

പ്രണയമോ ചുംബനമോ ഇപ്പോൾ ദുരന്തമാണ്. എല്ലാ കാല്പനിക കവിതകളും ദുരന്തമാണിപ്പോൾ. മനുഷ്യത്വവിരുദ്ധമാണ് ചുംബനം .അത് എല്ലാ സുഖവും നശിപ്പിക്കും .മനുഷ്യൻ ദൈവമാകുന്നത് ഇങ്ങനെയൊക്കെയാണ്. രണ്ടു പേർ പ്രണയിക്കുന്നതും ചുംബിക്കുന്നതും ഇപ്പോൾ ഒരു ദുരന്തമാണ്. അത് അവരെയും ലോകത്തെയും നശിപ്പിക്കും.ഈ അറിവ് പ്രണയികളെ പിൻവാങ്ങാൻ പ്രേരിപ്പിക്കും. അവരുടെ കൈകൾ ദൈവത്തിൻ്റേതാണ് ;ചുണ്ടുകളും .ചൈനീസ് തത്ത്വസംഹിതയായ താവോ മനുഷ്യൻ്റെ അന്തര്യാമിയായ ഒരു മാർഗത്തെ ചൂണ്ടിക്കാണിക്കുന്നു. താവോ സ്വന്തം അനുഭവത്തിലേക്കും ആന്തരികതയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. പ്രകൃതിയിൽ ഒരു രമ്യതയുണ്ട്. മനുഷ്യൻ അവിടേക്ക് ചെവിയോർക്കണം.താവോ സവിശേഷമായ ഒരു ജീവിതപ്പാതയാണ്.ദുരയുടെയും ഭോഗത്തിൻ്റെയും ക്രൗര്യത്തിൻ്റെയും ലോകങ്ങളെ ഉപേക്ഷിച്ച് ,സമാധാനത്തിലുടെ പ്രകൃതിയിലെയും മനുഷ്യാത്മാവിലെയും സമ്മോഹനമായ രമ്യതയുടെ പാത കണ്ടെത്താനാണ് താവോയുടെ തത്ത്വം വിളംബരം ചെയ്യുന്നത്.കൊറോണക്കാലത്ത് നമ്മിൽ താവോ ഉണരുകയാണ്. ഓരോ വ്യക്തിയും ഒറ്റയ്ക്ക് തേടേണ്ട മുക്തിമാർഗ്ഗം .തൊട്ടു തൊട്ടിരുന്നാൽ നഷ്ടപ്പെടുന്നതെന്തോ അത് ഈ താവോയിലുണ്ട്. അതേസമയം പ്രകൃതിയുടെ വലയിലെ ഒരു കണ്ണിയാണ് നമ്മളെന്ന ചിന്തയും കനം വയ്ക്കുകയാണ്.

രോഗമുണ്ടാകുമ്പോൾ ജനാധിപത്യപരമായ ആദർശമാണ് വിജയിക്കേണ്ടത്. ലോകം മുഴുവൻ ഒരു രോഗിക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന തത്ത്വം .അമെരിക്കൻ ചരിത്രകാരനായ വിൽ ഡുറാൻ്റ് പറഞ്ഞു, ചരിത്രത്തിൽ ആദ്യത്തെ ക്രിസ്ത്യാനി ശരിക്കും ഒരു പ്രക്ഷോഭകാരിയായിരിക്കുമെന്ന്. അഗാധമായ ചോദനകളിൽ എല്ലാത്തരം പ്രത്യേക പദവികൾക്കും അധികാരങ്ങൾക്കും പരിഗണനകൾക്കും അവൻ എതിരായിരിക്കും. കാരണം അവൻ ഒരു പ്രക്ഷോഭകാരിയാണല്ലോ. സമൂഹത്തിലെ വലിയവൻ സേവകനാവുകയാണ്. കൊറോണക്കാലത്ത് ഡോക്ടർമാരും നഴ്സുമാരും മറ്റ് അരോഗ്യ പ്രവർത്തകരും സേവകരുമാണ് വലിയവർ. അവർ മനുഷ്യരാശിയെ രക്ഷിക്കുന്ന ദൈവദൂതരാണ്. എന്നാൽ അവർ പ്രത്യേകിച്ച് യാതൊരു അധികാരമോ  ,സമ്പത്തോ നേടാതെ സമ്പൂർണ സേവകരായി മാറുന്നു. ഇതാണ് ക്രിസ്തുവിൻ്റെ ജനാധിപത്യമെന്ന് വിൽ ഡുറാൻ്റ് പറയുന്നുണ്ട്.

ഏകാന്തത എന്ന നിരാഹാരം

സാധാരണ നിലയിൽ ഇല്ലാത്ത ഏകാന്തതയും അത്മപരിചരണവും രോഗകാലത്ത് കിട്ടുന്നു.കൊറോണ ഭയം വിതയ്ക്കുന്നു. അതിനു മരണത്തിൻ്റെ ഗന്ധമാണ്. ആ ഗന്ധത്തിൽ നിന്ന് അകന്നു നിൽക്കാൻ നാം നമ്മിൽ തന്നെയുള്ള , കുടുതൽ സുരക്ഷിതമായ വിദൂര ആരണ്യകങ്ങളിലേക്ക്  സഞ്ചരിക്കേണ്ടതുണ്ട്. തനിച്ചിരിക്കുന്നതിൽ ഒരു സാഹിത്യ ശാഖയുണ്ട്. അതിൽ നിശ്ശബ്ദതയുടെ സാഹിത്യമുണ്ട്. അതിൽ വർത്തമാനവും സ്വപ്നവുമുണ്ട്. ഒരാൾക്കു സ്വന്തം ജീവിതം എന്ന ഇതിവൃത്തത്തിലേക്ക് തിരിച്ചുവരാനുള്ള അസുലഭ സന്ദർഭമാണിത്.

അതിഭൗതികമായ ചില കൂടിക്കാഴ്ചകൾ നടക്കുന്നതായി വൈക്കം മുഹമ്മദ് ബഷീർ 'മാന്ത്രികപ്പൂച്ച 'എന്ന നോവലിൽ എഴുതുന്നുണ്ട്:
''നമുക്കും മറ്റുള്ളവർക്കും ,മനുഷ്യരേക്കാൾ വൃത്തിയും മെനയും ബുദ്ധിയും ശക്തിയും സൗന്ദര്യവുമുള്ള ജീവികൾ ഉണ്ടായിരിക്കാം. രാത്രി നമ്മൾ ആകാശത്തു നോക്കുമ്പോൾ നക്ഷത്രങ്ങളും മറ്റും കാണുന്നുണ്ടല്ലോ. എണ്ണമറ്റ സൂര്യചന്ദ്രന്മാർ ... ഗോളസമൂഹങ്ങൾ. അവിടെ നമ്മേക്കാൾ ശ്രേഷ്ഠരായ ജീവികൾ ഉണ്ടാവാമെന്ന് പറയുന്നു.അവർ നമ്മെ വന്ന് കാണില്ലെന്നാരറിഞ്ഞു".
ബഷീർ പറയുന്നത് ഒരു ഫിക്ഷനായിരിക്കട്ടെ. എങ്കിലും ചില ചിന്തകൾ വരുകയാണ്. മനുഷ്യർ എത്ര സൂക്ഷിച്ചാലും ഉണ്ടാകുന്ന ചില അപകടങ്ങൾ ,താളം തെറ്റിക്കുന്ന മനംമാറ്റങ്ങൾ ,പെട്ടെന്നുള്ള രൗദ്രഭാവങ്ങൾ തുടങ്ങിയവ സംഭവിക്കുന്നത്  ഗോളാന്തര കണങ്ങളോ ,ശക്തികളോ വന്നു തൊടുമ്പോഴാണെന്ന് പറയുന്നത് ആലോചിക്കാൻ വക നൽകുന്നു. നമ്മുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്ന ചില കണങ്ങൾ പ്രപഞ്ചത്തിലെവിടെയോ ഉണ്ടെന്ന് കരുതുകയാണെങ്കിലോ?.റഷ്യൻ തത്ത്വചിന്തകനായ ഗുർജിഫ് മനഷ്യരുടെ വിധി നിർണയിക്കുന്ന ശക്തിയായി ചന്ദ്രനെ ഗണിച്ചിരുന്നല്ലോ.

പ്രണയിക്കുന്നവർ തമ്മിൽ കൂടുതൽ അടുക്കാതിരിക്കുകയാണ് നല്ലതെന്നും അടുത്താൽ അകൽച്ചയിലേ അത് അവസാനിക്കുകയുള്ളുവെന്നും ലബനീസ് കവി ഖലിൽ ജിബ്രാൻ പറയുന്നത് ഈ കൊറോണക്കാലത്തെ താവോ ആയി മാറുകയാണ്. അകൽച്ച വേറൊരു സമാഗമവും മൈത്രിയുമാണ് പ്രകൃതിയിൽ സൃഷ്ടിക്കുന്നത്.

ആനുകാലികം

അമ്മുദീപയുടെ 'പതുക്കെ ' ( എഴുത്ത് ) മൃദുലമായ ഒരു അനുഭൂതിയുടെ വേരുകൾ ചികയുകയാണ് .സ്വയം ജീവിക്കുന്നതെങ്ങനെയെന്ന് അറിയാനുള്ള ഉദ്യമം.

" ചുംബിക്കുമ്പോൾ
ഇളംകാറ്റ്
തിരമാലകളുടെ ചുണ്ടിലെന്നപോൽ
അലിവോടെയായിരുന്നു.
സന്ധ്യയുടെ
തുടുത്ത കവിളിൽ
മേഘം താടിരോമങ്ങളുരസും പോലെ
കരുതലോടെ .
........
നിലാവ്
അന്തിയുടെ മുടിത്തഴയിൽ
പാതാരാപ്പൂ ചൂടിക്കും പോലെ
അഹന്തകളേതുമില്ലാതെ " .

രാംമോഹൻ പാലിയത്തിൻ്റെ കൂർത്ത മുനയുള്ള ഹാസം നമ്മുടെ മനസ്സിനെ ഉലയ്ക്കും. 'പൂർണം' എന്ന കവിത (മാതൃഭൂമി) നോക്കൂ:

"നമ്മൾ തിന്ന
മീനുകളുടെ കൊച്ചുമക്കൾ
നമ്മുടെ ചിതാഭസ്മം നോക്കിയിരിക്കും.
നന്മൾ തിന്ന
പോത്തുകളുടെ കൊച്ചുമക്കൾ
പള്ളിപ്പറമ്പിലെ പുല്ലു തിന്നും .
നമ്മൾ തിന്ന
കണ്ണിമാങ്ങകളുടെ കളിക്കൂട്ടുകാർ
നമ്മുടെ ചിതയിലെ
മാവിൻ വിറകായ് വരും."

കുട്ടികൾ കവിതയോടു കാണിക്കുന്ന ആത്മാർത്ഥതയ്ക്ക് മുന്നിൽ പ്രൊഫസർ കവികൾ ചൂളിപ്പോകും. കാസർകോട്ടെ ഒരു പ്ളസ് വൺ വിദ്യാർത്ഥി അശ്വിൻ ചന്ദ്രൻ എഴുതിയ ഈ വരികൾ എത്ര സത്യസന്ധമാണ്!
" രാത്രിയുടെ കറുപ്പു കുറുക്കി
കണ്ണുകളെഴുതിയ
ഒരു പെൺകുട്ടി
ഈ വഴി പോകാറുണ്ട്.
യവനകഥകളിലെ വൈക്കോൽ
പറവകളെപ്പോലെ ,
ശരീരമൊടിച്ചും നിവർത്തിയും
വളച്ചും
അവൾ സ്വന്തം ഉടലൊഴുക്കിൽ
ഉന്മത്തയാവും.

പുതുശ്ശേരി രാമചന്ദ്രൻ

മഹാനായ കവിയും ഭാഷാഗവേഷകനും ചിന്തകനുമായ പുതുശ്ശേരി രാമചന്ദ്രനു അവാർഡ് കിട്ടാതിരിക്കാനാണ് മലയാളികൾ ശ്രമിച്ചതെന്ന് തോന്നുന്നു.പുതുശ്ശേരിയെക്കുറിച്ച് കെ.എസ്.രവികുമാർ എഴുതിയത് (അലങ്കാരവിളക്കുകൾ തൂക്കിയില്ല ,അസ്തിവാരം  പണിഞ്ഞു, മാതൃഭൂമി) നന്നായി. മരിച്ചശേഷമാണെങ്കിലും ഓർമ്മകൾ പാഴാകുന്നില്ലല്ലോ.എന്നാൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'വാക്ക് ഇൻ' എന്ന എഡിറ്റോറിയലിൽ പുതുശ്ശേരിയെക്കുറിച്ച് എഴുതിയത് വായിച്ച് ഞെട്ടി. ഒരു റഷ്യൻ സാഹിത്യകാരൻ കലാകാരനെക്കുറിച്ചും അവൻ്റെ വിധിയെക്കുറിച്ചും പൊതുവായി പറഞ്ഞ വാചകങ്ങൾ പുതുശ്ശേരി തൻ്റെ നോട്ടുബുക്കിൽ ഉദ്ധരിച്ചു വച്ചത് ഈ കുറിപ്പിൽ എടുത്തു ചേർത്തിട്ടുണ്ട്. അതിൽ ഒരു ഭാഗം ഇങ്ങനെയാണ്: അതായത് രാഷ്ട്രത്തിൻ്റെ ആത്മീയ ജീവിതത്തിനു അയാൾ നൽകിയ യഥാർത്ഥ സംഭാവനകളെ അനുമോദിക്കാനും അയാളുടെ സിദ്ധിയുടെ എല്ലാമുഖങ്ങളെയും വെളിപ്പെടുത്താനും അയാളുടെ സമകാലികർക്കു പോലും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല " .ഇത് പുതുശ്ശേരി സ്വന്തം അവസ്ഥയെ ഓർത്ത് ഉദ്ധരിച്ചതാണെന്നു വ്യക്തം.ഇത് ആഴ്ചപ്പതിപ്പു ഉദ്ധരിച്ചു ചേർത്തതിലൂടെ എന്താണ് വ്യക്തമാക്കുന്നത്. ? പുതുശേരി യുടെ സംഭാവനകളെ മനസ്സിലാക്കാതിരുന്നത് തങ്ങളല്ല ,മറ്റാരോ ആണെന്നാണ്.യഥാർത്ഥത്തിൽ ആഴ്ചപ്പതിപ്പിനെയും ഉദ്ദേശിച്ചാണ് അദ്ദേഹം ഈ വാചകങ്ങൾ എഴുതിയിട്ടത്.പുതുശ്ശേരിയുടെ ഒരു മുഖചിത്രം അച്ചടിക്കാൻ ഈ മരണവേളയിലും ആഴ്ചപ്പതിപ്പു തയ്യാറാവുന്നില്ല. അദ്ദേഹത്തിൻ്റെ മുഖചിത്രം ഒഴിവാക്കാനായി അവർ ഈ ലക്കം ബോധപൂർവ്വം സേതുവിൻ്റെ കഥ അച്ചടിച്ചതാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റുപറയാനാവില്ല .സേതുവാണ് മുഖചിത്രമായി വന്നത്.പുതുശ്ശേരി മുകളിൽ ഒരു സ്റ്റാമ്പ് സൈസിൽ ഒതുങ്ങി. ഈ പ്രവൃത്തിയും എഡിറ്റോറിയലിലെ വാചകങ്ങളും ചേർന്നു പോകുന്നില്ല. പുതുശ്ശേരിക്ക് ആദരവു നൽകുന്നു എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിൻ്റെ മുഖചിത്രം അടിക്കാതിരുന്നത് തിരുത്താനാവാത്ത അപരാധമാകുകയാണ്. യുവകഥാകരൻ അമലിനും പൊയ്ത്തുംകടവിനും വരെ അനവസരത്തിൽ കവർ നീക്കിവച്ചു. എന്നാൽ മരിച്ചിട്ടും പുതുശ്ശേരിക്ക് മാന്യത കിട്ടുന്നില്ല. അവിടെയും തീരുന്നില്ല; അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനം കൊടുത്തിരിക്കുന്നത് ആഴ്ചപ്പതിപ്പിൻ്റെ മുപ്പത്തിയെട്ടാം പേജിലാണ്!

തിരക്കഥയോ?

എം.എ.റഹ്മാൻ പ്രശസ്തനായ എഴുത്തുകാരനും ഡോക്കുമെൻററി സംവിധായകനുമാണ്‌. അദ്ദേഹത്തിൻ്റെ 'ബഷീർ ദ് മാൻ' ഓർക്കുന്നു. റഹ്മാൻ്റെ ഒരു ഡോക്കുമെൻ്ററി തിരക്കഥ ഇപ്പോൾ ഭാഷാപോഷിണിയിൽ ഖണ്ഡശ: വരുകയാണ്.ഇത് എത്ര പ്രയോജനം ചെയ്യുമെന്ന് അറിയില്ല .തിരക്കഥ ഒരു സാഹിത്യരൂപമല്ലെന്ന് ഇനിയും അറിയാത്തവരുണ്ടു്. അത് കെട്ടിടത്തിൻ്റെ പ്ലാൻ പോലെ ഒരു നിർജീവ വസ്തുവാണ്. അത് വായനയ്ക്കുള്ളതല്ല.മാത്രമല്ല ,ഒരു തിരക്കഥ വായിച്ചതുകൊണ്ട് മറ്റൊന്ന് എഴുതാനൊക്കില്ല .നല്ല സംവിധായകർ പോലും തിരക്കഥ അപ്പാടെ ഉപയോഗിക്കാറില്ല. ആ നിലയ്ക്ക് തിരക്കഥയെ സാഹിത്യ രുപമായി കണ്ട് പരമ്പരയായി പ്രസിദ്ധീകരിക്കുന്നത് അരുചിയാണ്.

കഥ

അനന്തപത്മനാഭൻ്റെ ' യാക്കോബിൻ്റെ മകൻ' (ഭാഷാപോഷിണി ) ഒരു സിനിമപോലെ ആസ്വദിച്ച് വായിക്കാവുന്ന കഥയാണ്.തിരക്കഥാരചനയിൽ കഥാകൃത്തിനു പ്രാവീണ്യമുണ്ടെന്ന് ഈ കഥ വായിച്ചാൽ വ്യക്തമാകും.

സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന ഒരാളെ ജയിലിൽ പോയി കാണാനായി രാത്രിയിൽ ഓട്ടോയിൽ കയറിയതാണ് ഇതിലെ കഥാനായകൻ.ഓട്ടോയുമായി വന്നതാകട്ടെ, തീർത്തും അപ്രതീക്ഷിതമായി ,ആ ഘാതകൻ്റെ മകനും. ഒടുവിൽ ആ ഡ്രൈവറെ അയാൾ കൊന്നു പക തീർക്കുന്നു. പാരായണപരമായ ഉദ്വേഗം നിലനിർത്തുന്നതിൽ അനന്തപത്മനാഭനു മിടുക്കുണ്ട്. ഈ കഥയിൽ ഒരു സിനിമ ഒളിച്ചിരുപ്പുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അനന്തപത്മനാഭനാണ്‌.

'ആവില്ലാ....ഈ മഴത്തുള്ളികളെ കുടഞ്ഞെറിയാൻ ' എന്ന കഥയെഴുതിയ അജിതമേനോൻ (സ്ത്രീ ശബ്ദം) മാതാപിതാക്കളെക്കുറിച്ചോർക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സിനെ പച്ചത്തുരുത്തായി കാണിച്ചുതരുന്നു. ഈ കഥ തീവ്രമായ ഗൃഹാതുരത്വമാണ് പകരുന്നത്. നഷ്ടപ്പെട്ട ദിനങ്ങൾ ഇനി തിരിച്ചു വരില്ല. ആരെന്ത് മോഹന വാഗ്ദാനങ്ങൾ നല്കിയാലും ജീവിതം വലിയ നഷ്ടമാണ്. എല്ലാ നന്മകളും നഷടപ്പെട്ട്  ഓർമ്മകളായി വിലയം  പ്രാപിക്കുന്നു. മനസിൻ്റെ ദുരാഗ്രഹവും ദുഷ്ചിന്തകളും നല്ല കാര്യങ്ങൾ ചെയ്യാൻ മനഷ്യനെ വിലക്കുകയാണ് ചെയ്യുന്നത് .മനുഷ്യനിൽ എപ്പോഴും ആധിപത്യം പുലർത്തുന്നത് പിശാചാണെന്ന് സ്ഥിരീകരിക്കാൻ ഇതു മതി. ഈ പിശാചിനെ യുദ്ധം ചെയ്തു തോല്പിക്കാൻ കഴിവുള്ളവർക്ക് കുറച്ചൊക്കെ ദൈവത്തെ കിട്ടും. കഴുത്തറ്റം തെറ്റുകളിൽ മുങ്ങിക്കിടക്കുന്നവർക്ക് ഓർമ്മകളിലൂടെ ദൈവതീരത്തേക്ക് തുഴഞ്ഞടുക്കാനാവും.ഈ കഥ അതിനുള്ള ശ്രമമാണ്.ഒരു വീട്ടമ്മ അവർ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചോർക്കുന്നു. മക്കൾ ഉപേക്ഷിക്കാൻ പോകുന്ന അ മ്മയെ അവർ കൈവിടാൻ കൂട്ടാക്കുന്നില്ല .ചിതറിപ്പോയ ഓർമ്മകളെ ഈ കഥാകാരി മനസിനുള്ളിലെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്നു .ഈ വരികൾ നോക്കൂ: "മഴ മാത്രം നൊമ്പരമുണർത്തിക്കൊണ്ട് ബാക്കിയാവുന്നു. മഴത്തുള്ളികളെപ്പോലെ ഓർമ്മകളെ അത്രയെളുപ്പം കുടഞ്ഞെറിയാൻ കഴിയില്ലെന്ന് അവൾക്കു  ബോധ്യപ്പെട്ടു.മഴ അച്ഛൻ്റെ സ്നേഹമായി ,വാത്സല്യമായി മനസ്സിൽ പെയ്തിറങ്ങുകയാണ്.

'നഗരങ്ങളുടെ മരണം' എന്ന കഥ ( ബീന സജീവ് ,ഗ്രന്ഥാലോകം ) ഒരു ഫാൻ്റസി ,സറിയലിസ്റ്റിക് ആവിഷ്കാരമാണ്. പ്രളയം, നിപ, എച്ച്‌ വൺ എൻ വൺ, കൊറോണ പശ്ചാത്തലത്തിൽ ഈ ഫാൻ്റസിക്ക് പുതിയ തലങ്ങൾ കാണാം. നഗരങ്ങളിലേക്ക് തീയും മഴയും കാറ്റും കടന്നുവന്ന് എല്ലാം നശിപ്പിക്കുന്നു. അതിൻ്റെ ഭീതിദമായൊരു ചിത്രമാണിത്. അപ്പോഴും വീണു തകർന്ന നഗര റോഡുകളിൽക്കൂടി നഗ്നപാദരുടെ അവസാനിക്കാത്ത ഒഴുക്ക് എവിടെ നിന്നോ മുന്നേറിക്കൊണ്ടിരുന്നു, എല്ലാ  ചില്ലുവച്ച കൊട്ടാരങ്ങളിൽ നിന്നും അടർന്നുവീണ ചായക്കൂട്ടുകൾ കൊണ്ട് നഗരറോഡുകൾ നിറയുകയും അവയെല്ലാം ഏതോ ചരിത്രത്താളുകളിൽ വീണു കിടക്കുന്ന കഥയില്ലായ്മകളായി പരിണമിക്കുകയും ചെയ്തു തുടങ്ങിയ വാക്യങ്ങൾ നഗര സംസ്കാരത്തിനെതിരായ വിധിയെഴുത്തായി മാറുന്നു. എല്ലാം ചീഞ്ഞു കഴിഞ്ഞു;ഇനി ഒരു പുതുപ്പിറവി എന്നാണെന്ന് ഈ കഥ മൗനമായി ചോദിക്കുന്നു.

ലേഖനം

കൊടുവഴങ്ങ ബാലകൃഷ്ണൻ എഴുതിയ 'നിഷ്ഫല സുഗന്ധം' ( ഹംസധ്വനി) എന്ന ലേഖനം ആസിഡുകൊണ്ട് ഭാവിയെ വരയ്ക്കുന്ന ,പകയുടെ ചരിത്രമെഴുതുന്ന ഇന്നത്തെ കൗമാര ,യൗവ്വന തീക്ഷണതകളെ ഓർമ്മിപ്പിച്ചു. നിത്യചൈതന്യയതിയുടെ ഒരു ഭാഷണം ലേഖനത്തിൽ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: കൗമാരവും യൗവ്വനവും ഒരു പൂന്തോപ്പിലെ സുഗന്ധവാഹികളായ പുഷ്പങ്ങളുടെ മേളനം പോലെയാണ്. പരസ്പരം ചിരിച്ചും കളിച്ചും ചിരിപ്പിച്ചും കളിപ്പിച്ചും ആഘോഷമാക്കേണ്ട പൂക്കാലം" .എന്നാൽ ആ മേളനം പൂർണമായിട്ടില്ല ഇനിയും.

നിഷേയും സൃഷ്ടികർത്താവും.

ദൈവം മരിച്ചത് മനഷ്യമനസ്സിലാണെന്ന് പറഞ്ഞ ജർമ്മൻ തത്ത്വജ്ഞാനി ഫ്രഡറിക് നിഷേ ഒരു സൃഷ്ടികർത്താവിനെക്കുറിച്ച് ചില കാഴ്ചകൾ അവതരിപ്പിക്കുന്നുണ്ട്.
ഒരു സർഗാത്മക രചയിതാവിൽ നന്മയും തിന്മയുമുണ്ട്.കാരണം അയാൾ ഒരു നശീകരണശക്തിയുമാണ്. അതു കൊണ്ടു തന്നെ അയാൾ യാഥാസ്ഥിതിക മൂല്യങ്ങളെ ചിതറിച്ചുകളയുന്നു. അതായത് ഏറ്റവും വലിയ തിന്മ ഏറ്റവും വലിയ നന്മയായിത്തീരുന്നു.ഇങ്ങനെയാണ് സർഗാത്മക മൂല്യമുണ്ടാകുന്നത്. സർഗാത്മകതയിൽ രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന്, നവീനത .രണ്ട്, മൂല്യം .ഇതു രണ്ടും ചേരണം. ഒരാൾ നേരത്തേ വരച്ചതു പോലെയുളള ആപ്പിൾ ഞാൻ വരച്ചാൽ അതിൽ സർഗാത്മകതയില്ല; വെറും കോപ്പിയടി മാത്രം.അതിൽ പുതുമയുമില്ല ,മൂല്യവുമില്ല. ആരും വരയ്ക്കാത്ത ആപ്പിളാണ് ഞാൻ വരയ്ക്കേണ്ടത്.അതോടൊപ്പം അതിൽ ശൈലിയിലും വീക്ഷണത്തിലും ഉള്ളടക്കത്തിലും നവീനത  വേണം. മാത്രമല്ല, മനുഷ്യരാശിക്ക് അതിൽ നിന്ന് സൗന്ദര്യാത്മകമായ മൂല്യം ലഭിക്കുകയും വേണം. അതുകൊണ്ടാണ് ഒരു പൂവിൻ്റെ ചിത്രം  വരയ്ക്കുന്നത് തനിക്ക് ഏറ്റവും പ്രയാസമേറിയ ജോലിയാണെന്ന് ഫ്രഞ്ച് കലാകാരൻ  റെനോ പറഞ്ഞത്. ഒരാപ്പിളിൻ്റെ ചിത്രം വരച്ച് താൻ പാരീസിനെ ഞെട്ടിക്കുമെന്ന് പോൾ സെസാൻ പറഞ്ഞതിൻ്റെ പൊരുൾ ഇതാണ്.
നിഷേ പറയുന്നു, ബുദ്ധിമാനായതു കൊണ്ട് എപ്പോഴും മൗനം പാലിക്കുന്നത് നല്ലതല്ലെന്ന് .പറയപ്പെടാതിരുന്നാൽ സത്യങ്ങൾ വിഷമാകുമത്രേ. സത്യങ്ങൾ ചിതറി തെറിക്കാനുള്ളതാണ്. അവിടെ നിന്നാണ് പുതിയ സൃഷ്ടി ഉണ്ടാവേണ്ടത്.

വാക്കുകൾ

1)മറ്റുള്ളവർ നമ്മളിലുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങൾ നമ്മെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും .
കാൾ യുംഗ്,
സ്വിസ് മനശ്ശാസ്ത്രജ്ഞൻ .

2)ഞാനൊരു എഴുത്തുകാരനാണ്.അതുകൊണ്ട്  ഞാൻ സ്ഥിരബുദ്ധിയുള്ളവനല്ല .
എഡ്ഗാർ അല്ലൻപോ,
അമെരിക്കൻ എഴുത്തുകാരൻ .

3)മറ്റുള്ളവരുമായി വഴക്കു കൂടുമ്പോൾ നാം പ്രഭാഷണകലയിലെത്തിച്ചേരുന്നു.എന്നാൽ അവനവനോടു ഏറ്റുമുട്ടുമ്പോൾ കവിതയാണുണ്ടാകുന്നത്.
ഡബ്ളിയൂ.ബി .യേറ്റ്സ് ,
ഐറിഷ് കവി .

4)നമ്മളിൽ ആരോ ഒരാളുണ്ട്; അയാൾ എല്ലാം അറിയുന്നു, എല്ലാം ആഗ്രഹിക്കുന്നു, നമ്മേക്കാൾ ഭംഗിയായി ചെയ്യുന്നു.
ഹെർമ്മൻ ഹെസ്സെ ,
ജർമ്മൻ നോവലിസ്റ്റ് .

5)നമ്മൾ പ്രേമിക്കുമ്പോൾ കുറേക്കൂടി നന്നാവാനാണ് ശ്രമിക്കുന്നത്. കൂടുതൽ നന്നാവാൻ നോക്കുമ്പോൾ നമുക്കു ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു .
പാവ്ലോ കൊയ്ലോ,
ബ്രസീലിയൻ നോവലിസ്റ്റ്.

കാലമുദ്രകൾ

1)ഇ.ഹരികുമാർ.
നല്ലൊരു വ്യക്തിയും കഥാകൃത്തുമായ  ഇ.ഹരികുമാർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തമസ്കരിക്കപ്പെടുകയായിരുന്നു. തൃശൂരിലും പരിസരത്തുമുള്ള എഴുത്തുകാർ അദ്ദേഹത്തെ അവരുടെ കൂട്ടത്തിൽ കൂട്ടുന്നതിൽ അറച്ചു നിന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല .

2) എം.മുകുന്ദൻ.
എം.മുകുന്ദനിൽ ഒരു അധാർമ്മിക വൈരുദ്ധ്യം സ്ഥിരമായി നിലനിൽക്കുന്നുണ്ട്. ദൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു എന്നീ നോവലുകളിലെ ലക്ഷ്യരഹിതരായ നായകന്മാരും സംസ്ഥാന സർക്കാരിൻ്റെ സാഹിത്യ അക്കാദമി അദ്ധ്യക്ഷപദവിയും തമ്മിൽ ചേരാതെ നിൽക്കുന്നതിലെ വൈരുദ്ധ്യമാണത്.ഒ.വി.വിജയൻ ' തിരിച്ചുവരവ്' എന്ന കഥയിൽ പവ നൻ്റെ അക്കാദമിയെ പരിഹസിക്കുന്നുണ്ട്.

3)സക്കറിയ.
ഒ.വി.വിജയൻ ഹിന്ദുവർഗീയവാദിയാണെന്ന പഴയ വായ്ത്തല മടങ്ങിയ വാദം അവർത്തിച്ചു ഉയർത്തിയത് സക്കറിയയെ വായനക്കാരിൽ നിന്നകറ്റി .

4)ജോൺസൺ.
സംഗീത സംവിധായകൻ രവീന്ദ്രൻ്റെ പാട്ടുകൾ ഒരു ഗാനമെന്നതിലുപരി ,സംഗീത ജ്ഞാനത്തിൻ്റെ അമിതോപയോഗമാണെന്ന് ഒരു സ്വകാര്യസംഭാഷണത്തിൽ ജോൺസൺ പറഞ്ഞു.

5) ജി.എൻ.പണിക്കർ.
വർദ്ധിച്ച സാഹിത്യപ്പനിയിൽ സ്വന്തമായി പ്രസ്സ് സ്ഥാപിച്ച സാഹിത്യകാരനാണ് ജി.എൻ.പണിക്കർ. അവിടെ സ്വന്തം പുസ്തകങ്ങൾക്ക് അച്ചു നിരത്തി.

ദർശനം

1)പനി.
ഒരേയൊരു ചിന്ത ബാഹ്യലോകവുമായി ബന്ധമറ്റ്  മൂർധന്യാവസ്ഥയിലെത്തിയാൽ അത് പനിയായി. കവിതയും വേദാന്തവും പനിയാണ്.

2)മുറിവ്.
മായ്ക്കാൻ കഴിയാത്തതെല്ലാം മനസ്സിലും ശരീരത്തിലും മുറിവുകളായി രൂപപ്പെടുന്നു. അമെരിക്കൻ കഥാകൃത്ത്  ഹെമിംഗ്വേയുടെ കഥാപാത്രങ്ങളെ മുറിപ്പാടുകളുമായി നടക്കുന്നവർ എന്ന് വിളിക്കാറുണ്ട്.

3)മരണം.
മരണത്തിനു ദൈവത്തോടോ ,ചെകുത്താനോടോ ,വിശുദ്ധരോടോ ഒരു പ്രതിബദ്ധതയുമില്ല.

4)രോഗം.
വിരുദ്ധമായതിനോടുള്ള നിഗൂഢമായ അനുരാഗമാണ് രോഗം. രാഗമില്ലാതാകുമ്പോൾ  മൂർഛിക്കുന്നത് രോഗം .

5)ആശുപത്രി.
ഒരു കൂട്ടം രോഗികളെ ,രോഗങ്ങളെ ബഹുമുഖമായി ,സർവ്വസജ്ജമായി എതിർക്കുകയും രോഗിയെ രോഗത്താൽ താദാത്മ്യപ്പെടുത്തുകയും ചെയ്യുന്ന ശുശ്രൂഷകരുടെ സൈനികനഗരമാണത്. തടവറയും ആശുപത്രിയും സത്തയിൽ ഒന്നാണെങ്കിലും സൈനികമായ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് .
Email :mkharikumar797@gmail.comNo comments:

Post a Comment