Showing posts with label aksharajalakam. Show all posts
Showing posts with label aksharajalakam. Show all posts

Tuesday, March 22, 2022

റഷ്യൻ ആത്മാവ് /അക്ഷരജാലകം /metrovartha march 14

 



എം.കെ.ഹരികുമാർ




ഒരു റഷ്യൻ സൈക്ക് അല്ലെങ്കിൽ ആത്മാവ് എങ്ങനെ രൂപപ്പെട്ടു എന്നു, ഈ പ്രത്യേക സന്ദർഭത്തിൽ  ആലോചിക്കുന്നത് നന്നായിരിക്കും. അനീതിയിൽ വീണ്ടും അനീതി വച്ചുപിടിപ്പിക്കുന്നതല്ല ,അനീതിക്കെതിരെ നിരുപാധികമായി പൊരുതുന്നതാണ് റഷ്യൻ ആത്മാവ്. അത് ഉദ്ഘാടനം ചെയ്തത് ദസ്തയെവ്സ്കിയോ ടോൾസ്റ്റോയി യോ അല്ലാ, അലക്സാണ്ടർ പുഷ്കിനാ (1799-1837)ണ്. അദ്ദേഹമാണ് റഷ്യൻ സാഹിത്യത്തിൻ്റെ പിതാവ് .അത് രൂപപ്പെടുന്നത് സാഹിത്യ എസ്റ്റാബ്ലിഷ്മെൻ്റിൻ്റെയോ, അക്കാദമികളുടെയോ ആനുകൂല്യം പറ്റിക്കൊണ്ടല്ല; പ്രാപഞ്ചികമായ അവസ്ഥകളോടുള്ള സത്യാത്മകമായ പ്രതികരണങ്ങളിലൂടെയാണ്. 

എന്നാൽ ഇന്ന് 
സർക്കാരിൻ്റെയോ ബഹുജനങ്ങളുടെ യോ കണ്ണിലുണ്ണിയായി, ചിന്തയിൽ നിന്ന് ജനിതകമായി വിട്ടു നിന്ന്  ശീലിച്ച എഴുത്തുകാർ പുതിയൊരു വർഗ്ഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു. 
അവർ പൊതുചിന്താധാരകളുടെ ബലഹീനതകളും സ്വീകരിക്കപ്പെട്ട ആശയങ്ങളുടെ ആവർത്തനഭാവനകളും പേറി നല്ലപോലെ സന്തോഷിച്ചു കഴിയുകയാണ്. സാഹിത്യകലയെ ഗൗരവമായി സമീപിച്ച ഒരാളും ചരിത്രത്തിൽ ഇതുപോലെ സ്വയമൊരു 'സെൽഫ് ഹെൽപ്പ്' പുസ്തകമായി, 'വിജയ 'ങ്ങളെ  മാത്രം ചൂണ്ടിക്കാണിച്ചിട്ടില്ല. 

കയ്പ്പും എതിർപ്പും ആവോളം  സ്വീകരിച്ചുകൊണ്ട് സ്വന്തം തിരിച്ചടികളിൽ അടിയുറച്ചനിന്ന എഴുത്തുകാർ എന്തുകൊണ്ടാണ് ആ പാതയിൽ തന്നെ തുടർന്നത് ?അവർ പറയുന്ന കാര്യങ്ങളിൽ അവർക്കുള്ള വിശ്വാസമായിരുന്നു കാരണം. സ്വന്തം ജീവിതത്തെ സെൽഫ് ഹെല്പ് ആക്കാതെ, അവനവൻ്റെ ബോധ്യം എന്ന നിലയിൽ സാഹിത്യകലയെ  സമീപിച്ച പുഷ്കിനെക്കുറിച്ച് പ്രമുഖ റഷ്യൻ യഥാകൃത്ത് മാക്സിം ഗോർക്കി എഴുതിയത് ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ്.

സ്വന്തം വർഗത്തിനുമപ്പുറം 

പുഷ്കിൻ തൊഴിലാളിവർഗത്തിനു വേണ്ടി എഴുതിയെന്ന് സമ്മതിക്കുന്നതിൽ വിരോധമില്ല. എന്നാൽ പ്രഭുകുടുംബത്തിൽ ജനിച്ച പുഷ്കിൻ എന്തുകൊണ്ട് ആ പാത തിരഞ്ഞെടുത്തു എന്ന് ചിന്തിക്കണം. സാഹിത്യകലയിൽ പരമപ്രധാനമായ സംഗതി മാനസികാനുഭവങ്ങളോടുള്ള സത്യസന്ധതയാണ്. പതിതരോടും ദരിദ്രരോടും അനുകമ്പയ്ക്ക് പകരം പകയുള്ളവർ എഴുതേണ്ടതില്ല .മനസ്സിൻ്റെ അടിത്തട്ടിൽ മറ്റുള്ളവർക്കായി കാതോർക്കാൻ കഴിയണം .ഇന്നത്തെ ഉദ്യോഗസ്ഥകവികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഇതാണ്.

പുഷ്കിനെ അവലോകനം ചെയ്തുകൊണ്ട് മാക്സിം ഗോർക്കി എഴുതിയ 'പുഷ്കിൻ -ആൻ അപ്റെയ്സൽ 'എന്ന ലേഖനം റഷ്യൻ  അടിമമനോഭാവത്തെയും മടുപ്പിനെയും അജ്ഞതയെയും അദ്ദേഹം നോക്കി കണ്ട രീതി വിഭിന്നമാണെന്ന് സ്ഥാപിക്കുന്നു. അതിനെ നിസ്സംഗതയോടെ, നിർവികാരതയോടെ സമീപിക്കുകയാണ് പുഷ്കിൻ ചെയ്തത് .ഒഡേസയിലേക്ക് നാടുകടത്തപ്പെട്ട എഴുത്തുകാരനാണ് പുഷ്കിൻ. എന്നിട്ടും അദ്ദേഹം വേദനിച്ചില്ല. പുഷ്കിൻ തൻ്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കിയിരുന്നു. അതിൽ നിന്ന് പിന്മാറാൻ സാധ്യവുമല്ലായിരുന്നു. 

തൻ്റെ സമുദായത്തേക്കാൾ, പാരമ്പര്യത്തേക്കാൾ വലിയ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് തന്നെ   ശരിയായ മനുഷ്യനാക്കുന്നതെന്ന് ഒരാൾക്ക് തോന്നുമ്പോഴാണ് ഒരു പുഷ്കിൻ ജനിക്കുന്നത്. സ്വന്തം പ്രാമാണികമായ പാരമ്പര്യങ്ങളിൽ നിന്നു ,ജീവിതപശ്ചാത്തലത്തിൽ നിന്നു വിടുതൽ നേടിക്കൊണ്ടാണ് പുഷ്കിൻ തൻ്റെ വർഗ്ഗത്തിൻ്റെ ബുദ്ധിപരമായ ദാരിദ്ര്യം, സാംസ്കാരികമായ ശൂന്യത എന്താണെന്ന് വിശദീകരിച്ചത്. അതിൻ്റെ ദൗർബല്യങ്ങളെയും തിന്മകളെയും വികാരങ്ങളെയും വിശ്വാസങ്ങളെയും നിർദ്ദയമായി ആവിഷ്കരിച്ചു. 

മനുഷ്യൻ ചിലപ്പോൾ വൈകാരികമായി, ബുദ്ധിപരമായി അനക്കമറ്റ ഒരു മാംസക്കൂടാണ്. എന്നാൽ അവനേക്കാൾ ഉന്നതമായ വികാരവും അവബോധവും കാഴ്ചപ്പാടും സഹനവും കാരുണ്യവും ഈ  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടപ്പുണ്ട് ;പ്രകൃതിയിൽ അത് കാണാം. പ്രകൃതിയിൽനിന്നു അത് കണ്ടെത്തുകയാണ് പ്രധാനം. 
ഏകാന്തതയെ എരിച്ചുകളഞ്ഞു  സകലഭൂതങ്ങളോടുമുള്ള സാഹോദര്യം  പ്രഖ്യാപിക്കുന്ന നിമിഷമാണത്. എന്നാൽ  ബന്ധുക്കൾക്കിടയിൽ ,പുഷ്കിൻ ഒരു കുറ്റവാളിയായി വിലയിരുത്തപ്പെട്ടു. പിതാവ് അദ്ദേഹത്തെ കൊലപാതകിയായി കണ്ടു. അദ്ദേഹത്തിൻ്റെ കവിതകൾ (മൈ  പെഡിഗ്രി, ദ് റിക്കവറി ഓഫ് ലുകുളസ്) തുടങ്ങിയവ പൊതുജനമധ്യത്തിൽ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കി .ഒരു  മഹാസർഗാത്മക സാഹിത്യകാരനായ പുഷ്കിനെ മര്യാദയില്ലാത്ത ജനങ്ങൾ അന്ന്  ദ്രോഹബുദ്ധിയോടെ അപമാനിക്കുകയാണ് ചെയ്തത്.
ഉന്നതമായ ചിന്തയും സർഗ്ഗാത്മകമായ ജീനിയസും ഉണ്ടായിട്ടും പുഷ്കിൻ  തൻ്റെ കാലത്ത് അന്തസ്സാരശൂന്യരായ  മനുഷ്യരാൽ വേട്ടയാടപ്പെട്ടു. ഒരു കാര്യത്തിൽ സത്യത്തിന് ജീവിക്കാതെ വയ്യ; അദ്ദേഹം ചിന്തിച്ച് എഴുതിയ വാക്കുകളുടെ കാര്യത്തിൽ.

ഒരു സത്യം മാത്രം 

പുഷ്കിൻ ജീവിതാവബോധത്തെ സത്യസന്ധമായി പകർത്തി, വളരെ യഥാർത്ഥ്യബോധത്തോടെ .ഒരു സമൂഹത്തിൻ്റെ ചരിത്രപരവും  സാംസ്കാരികവുമായ പ്രത്യേകതകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കികൊണ്ടാണ് അദ്ദേഹം ഇതെല്ലാം അതിസമർത്ഥമായി ചിത്രീകരിച്ചത്.
ഇങ്ങനെയൊരു സത്യമേ നിലനിൽക്കുന്നുള്ളു എന്ന നിലപാടിലാണ് അദ്ദേഹം എത്തിച്ചേർന്നത് .

കേരളത്തിൽ അറുപതുകളിൽ  അലയടിച്ച ആധുനികതയുടെ വളർച്ച ശ്രദ്ധിച്ച കാലത്ത് ഒരു കാര്യം നിരീക്ഷിച്ചിരുന്നു. ആ കവിതകൾ ഒരു വഴിക്കും കവികൾ ഭൂരിപക്ഷവും മറ്റൊരു വഴിക്കുമാണെന്ന വസ്തുത.  അവരിൽ ഭൂരിപക്ഷവും രചനകളിലൂടെ ഉയർത്തിയ വിഷാദവും  വെല്ലുവിളികളും അരാജകത്വവും ഒരിടവേളയിൽ റദ്ദ് ചെയ്യപ്പെട്ടു. പകരം,  സകല യാഥാസ്ഥിതിക വിജയമന്ത്രങ്ങളോടും  പൊരുത്തപ്പെടുകയായിരുന്നു. എല്ലാ വിപ്ലവചിന്തകളെയും വാക്കുകളായി പറത്തി വിട്ട് സകല വ്യവസ്ഥാപിത മോഹങ്ങളോടും സന്ധിചെയ്യന്നതാണ് പിന്നീട് നാം കണ്ടത്. 
വായനക്കാരെ തലച്ചോറിൽ കയറി തിരുത്താനും വരുതിയിലാക്കാനും  വഴിതിരിച്ചുവിടാനും കഴിയുന്ന പുതിയ ടെക്നിക്കുകൾ ഇന്നുണ്ട്. എന്നാൽ പുഷ്കിൻ്റെ കാലത്ത് അതാർക്കും പരിചിതമല്ലായിരുന്നു.

മാക്സിം ഗോർക്കി ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുത ഒരെഴുത്തുകാരൻ  താൻ ഏത് പാരമ്പര്യത്തിലോ ശ്രേണിയിലോ തുടരുന്നു  എന്നതിലുപരി ,തൻ്റെ സമൂഹത്തിൻ്റെ  പ്രശ്നങ്ങളെ വിശാലമായി കാണാനുള്ള മനോഭാവം നേടണമെന്നാണ്. 
എഴുത്തുകാരൻ തൻ്റെ സാമൂഹികവർഗ്ഗത്തിൻ്റെ  ബുദ്ധിപരമായ ഇഴഞ്ഞുനീങ്ങലിനെയും പരിമിതികളെയും മറികടന്നുപോകണം.
അങ്ങനെയാണ് അയാൾ കൂടുതൽ കാമ്പുള്ളതും കാണേണ്ടതുമായ യഥാർത്ഥ്യത്തെ എത്തിപ്പിടിക്കുന്നത് .പുഷ്കിൻ അത് ചെയ്തു .

എന്താണ് ജീവിതമെന്ന ചോദ്യത്തിന് ഗാർസിയ മാർകേസ് ഒരു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ജീവിച്ചതല്ല ജീവിതം; ഒരാൾ ഓർമ്മിക്കുന്നതാണ് ജീവിതം. വീണ്ടും ഓർമ്മിക്കാൻ വേണ്ടി ഒരാൾ തൻ്റെ  ഓർമ്മകളെ എങ്ങനെ ഓർക്കുന്നു എന്നതാണത്. ഈ പ്രസ്താവത്തിൽ സത്യം നൂറുശതമാനവും തറഞ്ഞു കയറിയിരിക്കുകയാണ്. ചിലർ  സാഹിത്യകലയെക്കുറിച്ച് പുസ്തകങ്ങളിലൂടെയും അല്ലാതെയും പല അറിവുകളും ശേഖരിക്കുന്നത് കണ്ടിട്ടുണ്ട് .എന്നാലും എത്ര വായിച്ചാലും, അതിൻ്റെയടിസ്ഥാനത്തിൽ അവർ ചിലതൊക്കെ ചിന്തിക്കുമെങ്കിലും, അതിനു നേർവിപരീതമായ വിധം എഴുതിക്കൊണ്ടിരിക്കും. ഒരാൾ എന്താണോ ചിന്താപരമായി ആർജിച്ചത് ,അതിനെത്തന്നെ നിരാകരിക്കുകയും തകർക്കുകയും ചെയ്യുന്ന മട്ടിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന  പ്രതിസന്ധിയാണ് ഇന്നുള്ളത്.

കവി ഒറ്റപ്പെടുന്നു 

ഗോർക്കി ഇങ്ങനെ വിലയിരുത്തുന്നു: പുഷ്കിൻ ചരിത്രത്തിലെ  വലിയവരായ എല്ലാവരെയും പോലെ ,ചരിത്രവിധിയാൽ ക്ഷുദ്രമായ ,വൃത്തികെട്ട ,സ്വാർത്ഥരായ ആളുകളുടെയിടയിൽ കഴിയേണ്ടിവന്നു ,ലിയനാർഡോ ഡാവിഞ്ചി ,മൈക്കലാഞ്ചലോ എന്നിവരെപ്പോലെ. യൂറോപ്യൻ കലയ്ക്ക് ഡാവിഞ്ചി എന്താണോ അതാണ് റഷ്യൻ സാഹിത്യത്തിനു പുഷ്കിൻ.

പുഷ്കിൻ 'ഓഡ് ടു ലിബർട്ടി 'എന്ന വിഖ്യാത കവിതയെഴുതിയത് വിദ്യാഭ്യാസകാലത്താണ്. പതിനഞ്ചാം വയസിൽ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പത്തിയേഴാം വയസിലാണ് മരിക്കുന്നത്. ഓഡ് ടു ലിബർട്ടി  പൊതുവേദിയിൽ വായിച്ചതോടെ അത് പരക്കെ  ശ്രദ്ധിക്കപ്പെട്ടു. അതിലെ വിമർശനങ്ങൾ അധികാരികൾ സഹിച്ചില്ല. ഇത് സാർ ചക്രവർത്തി അലക്സാണ്ടർ ഒന്നാമനെ പ്രകോപിതനാക്കുകയും അദ്ദേഹം പുഷ്കിനെ നാടുകടത്തുകയും ചെയ്തു. പിന്നീട്  ഭരണാധികാരികളുടെ കടുത്ത നിരീക്ഷണവലയത്തിലായിരുന്നു പുഷ്കിൻ.അതുകൊണ്ട് തന്നെ പല പ്രധാന രചനകളും യഥാസമയം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ പിന്നീടു വന്ന സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ 1905 ൽ  ജപ്പാൻ സാമ്രാജ്യത്വത്തിനെതിരായ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ വലിയ ആഭ്യന്തര കലാപത്തെ നേരിട്ട് ദുർബ്ബലനാവുകയാണ് ചെയ്തത്. 1917  ലെ റഷ്യൻ വിപ്ളവത്തിൽ അടിയറവു   പറഞ്ഞ ആ സ്വേച്ഛാധിപതിയെ കുടുംബത്തോടൊപ്പം ബോൾഷെവിക്കുകൾ വെടിവച്ചു കൊല്ലുകയായിരുന്നു. 

പുഷ്കിൻ 'ഓഡു ടു ലിബർട്ടി'യിൽ എഴുതി:

"ഏകാധിപതിയായ 
ദുഷ്ടാ ,
നിന്നെയും നിൻ്റെ 
സിംഹാസനത്തെയും 
ഞാൻ വെറുക്കുന്നു.
നിൻ്റെ പതനം കിരാതമായ 
ആനന്ദത്തോടെ ഞാൻ  നോക്കുകയാണ് 
നിൻ്റെ നെറ്റിത്തടത്തിൽ 
രാജ്യങ്ങൾ കാണുന്നത് 
ശാപത്തിൻ്റെ അടയാളമായിരിക്കും.
നിൻ്റെ തന്ത്രങ്ങൾ 
ലോകത്തിൻ്റെ നടുക്കമാണ് .
പ്രകൃതിക്ക് അപമാനമാണത്
ഭൂമിയിൽനിന്ന് ദൈവത്തിൻ്റെ 
ഒരു താക്കീതാണത്" .

നുറുങ്ങുകൾ 

1)കേന്ദ്രസാഹിത്യ അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടാൻ എന്താണ് യോഗ്യത എന്നറിയില്ല. ചിലർ കേന്ദ്ര അക്കാദമിയുടെ മലയാളം ഉപദേശകസമിതിയംഗമാണെന്ന്, ചടങ്ങുകളുടെ ഭാഗമായി പുറത്തിറക്കുന്ന നോട്ടീസുകളിലൂടെ മനസിലാക്കിയിട്ടുണ്ട്. കാണുമ്പോൾ ഞെട്ടാനേ വായനക്കാരന് നിർവ്വാഹമുള്ളു .കേന്ദ്ര അക്കാദമി ഇപ്പോൾ പിടിതരാത്ത ഒരു പ്രഹേളികയായി മാറുകയാണ്. എന്താണത് ?എങ്ങനെയാണത് പ്രവർത്തിക്കുന്നത്? എന്താണ് അതിൻ്റെ ലക്ഷ്യം?

2)അനിതാ വിശ്വം എഴുതിയ 'ആസന്നം'  (പ്രസാധകൻ ,മാർച്ച് )എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'ചത്തു ചാഞ്ഞ ചില്ലയിൽ
ചങ്കു ചാരിയെൻ കിളി 
പൊത്തു തേടുമീ വെയിൽ 
തൊട്ടുരുമ്മി തൂവലിൽ ' 

ഒരു ചില്ല ഒടിഞ്ഞതിനെ ചത്തു ചാഞ്ഞു എന്നൊക്കെ പറയുന്നത് ശരിയല്ല. കിളി ചങ്കു ചാരിയെന്നോ ?എത്രയോ മഹനീയ ജന്മങ്ങളാണ് വൃക്ഷവും കിളിയും .അതിനോട് കവിക്ക് തോന്നേണ്ട വികാരം എന്താണ് ?നമ്മേക്കാൾ വലിയ ആത്മീയവ്യൂഹമാണവ. പക്ഷേ, കവിക്ക് വൈകാരിക ലോകമില്ല; അതുകൊണ്ട് വസ്തുക്കളെ തെറ്റായി മനസ്സിലാക്കുന്നു .ഭാഷ നിർവികാരതയുടെ ഒരു ഉപകരണമായി മാറരുത്; ഭാഷ ജീവനുള്ള വസ്തുവാണ്.

3)രാജൻ സി.എച്ച് എഴുതിയ 'കാറ്റിലകളിലെ നർത്തനം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 12)പ്രകൃതിയെ  നമ്മളിലേക്ക് അടുപ്പിക്കുകയാണ്.  ജീവിക്കുന്ന നിമിഷങ്ങളാണ് എല്ലാം; കവി അത് തിരിച്ചറിയുന്നത് ഇങ്ങനെയാണ് :

'മരത്തിൽ നിന്നും 
പിടിവിട്ടു പഴുത്തില 
മണ്ണിലേക്ക് നേരെ
വീഴുകയാണെന്നു
നമ്മൾ കരുതും .
പഴുത്തിലയോ 
കാറ്റിലൊന്നു വട്ടം തിരിഞ്ഞ്
പറക്കാനുള്ള അതിൻ്റെ 
അദമ്യമായ ആഗ്രഹം 
നിറവേറ്റും 
മണ്ണിലെന്നെന്നേക്കുമായി 
പതിക്കും മുമ്പേ 
അതുമൊരു പറവ '

മണ്ണിലേക്ക് വീഴുന്ന ഒരിലയിലും നമ്മൾ ജീവിക്കണം; നമ്മുടെ ആത്മീയജീവിതത്തിൻ്റെ ഒരു കണമാണത്.

4)അടൂർ ഗോപാലകൃഷ്ണൻ്റെ  'സ്വയംവര'ത്തെക്കുറിച്ച് എം. എഫ് .തോമസ് (ഭാഷാപോഷിണി ,ഫെബ്രുവരി ) എഴുതിയിരിക്കുന്നു. സ്വയംവരം ഇന്നും ഒരു പ്രേക്ഷകനെ സ്വാധീനിക്കാതിരിക്കില്ല .കാരണം, അതിൽ കേരളീയയുവത്വത്തിൻ്റെ , പൊട്ടിയ കണ്ണാടിപോലുള്ള മനസ്സ് കാണാം. കമിതാക്കൾക്ക് ഇപ്പോഴും കേരളത്തിൽ ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ. എല്ലാവരും ഫ്യൂഡൽ മാടമ്പിമാരായി ദണ്ഡും കൈയിലേന്തി നിൽക്കുകയാണ് .
എം. എഫ് എഴുതുന്നു: 'മിഥ്യാധാരണകളുടെയും ദിവാസ്വപ്നങ്ങളുടെയും കരുണാർദ്രമായ ലോകങ്ങളിൽനിന്ന് ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളെ  ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നു,  യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവണ്ണം യാഥാർത്ഥ്യബോധമുള്ളവരാക്കിത്തീർക്കുന്നു '. ജീവിക്കാനുള്ളതാണ് ജീവിതമെന്ന് അറിയുന്ന കഥാപാത്രങ്ങളാണ് സ്വയംവരത്തിലെ നായകനും നായികയും. അവരുടെ അസ്തിത്വപരമായ പ്രശ്നങ്ങളാണ് സംവിധായകൻ അപഗ്രഥിച്ചത്.

5)ബോബി തോമസിൻ്റെ 'മതപാഠങ്ങൾ കാലത്തിൻ്റെ കുത്തൊഴുക്കിൽ'(എഴുത്ത് ,ഫെബ്രുവരി)എന്ന ലേഖനത്തിൽ പുതിയ ഒരു വാദവും കണ്ടില്ല .മതപാഠങ്ങൾക്ക് പല കാലഘട്ടങ്ങളിൽ പല വായനകൾ ഉണ്ടാകുന്നുവെന്നും  അത്  വായിക്കുന്നവൻ്റെ കാഴ്ചപ്പാടിനനുസരിച്ചായിരിക്കുന്നുമെന്നുമാണ് ലേഖകൻ പറയുന്നത്. ഇത് വളരെ പ്രചാരത്തിലുള്ളതും ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ്. ലേഖകന് സ്വന്തമായി എന്തെങ്കിലും പറയാനുള്ളതായി തോന്നിയില്ല. റീഡർ റെസ്പോൺസ് തിയറിയാണിത്.അമെരിക്കൻ സാഹിത്യ ചിന്തകനായ സ്റ്റാൻലി ഫിഷിൻ്റെ സോഷ്യൽ റീഡർ റെസ്പോൺസ് സിദ്ധാന്തം അനുസരിച്ച് ഒരു കൂട്ടം മനസുകൾ വ്യാഖ്യാനത്തിൻ്റെ ഒരു മാതൃക കണ്ടുപിടിച്ച് ടെക്സ്റ്റ് ഉണ്ടാക്കുകയാണ്. പല കാലങ്ങളിലൂടെ പലർ വായിച്ച് ടെക്സ്റ്റ്  വിപുലീകരിക്കുന്നു. വായന യഥാർഥത്തിൽ ,ഒരു ദാർശനിക പ്രശ്നമാണ്. വായിക്കുമ്പോഴാണ് ഒരാൾ ജീവിക്കുന്നത്. വായിക്കുമ്പോഴാണ് ഒരു ടെക്സ്റ്റ് ഉണ്ടാകുന്നത്. വായിക്കാത്തപ്പോൾ ടെക്സ്റ്റില്ല .

6)വി. പി .ജോൺസിൻ്റെ കഥകളുടെ സമാഹാരം 'ജീവിതംകൊണ്ട് പാഠപുസ്തകം നിർമ്മിക്കുന്നത് '(എച്ച് ആൻഡ് സി ) അകൃത്രിമമായ കഥനരീതികൊണ്ടാണ് ശ്രദ്ധ നേടുന്നത്.  നിർദ്ദയമായി ഹാസ്യം ഉപയോഗിക്കാൻ കഥാകൃത്തിന് പ്രത്യേക സിദ്ധിയുണ്ട്. ഈ കാലം നടുക്കമുണ്ടാക്കുന്ന ഹാസ്യത്തിൻ്റേതാണെന്ന് ഓരോ കഥയിലൂടെയും അദ്ദേഹം വ്യക്തമാക്കുന്നു. 

7)1962 ൽ 'അൻപഥ് ' എന്ന ചിത്രത്തിനുവേണ്ടി ലതാ മങ്കേഷ്കർ പാടിയ ഗാനം (സംഗീതം: മദൻമോഹൻ ,രചന: രാജാ മെഹ്ദി  അലിഖാൻ ) 'ആപ്കി നസ്റോണെ സംസാർ ' നിത്യവിസ്മയമായി നിൽക്കുകയാണ്. മനുഷ്യശബ്ദം ഉപയോഗിച്ച് ആർക്കെങ്കിലും ഇതുപോലൊരു ഗാനം ആലപിക്കാൻ കഴിയുമോ എന്ന് സംശയമാണ്. ശബ്ദത്തിനുള്ളിൽ ശബ്ദം സൃഷ്ടിച്ച മഹാപ്രതിഭയാണ് ലത .മനുഷ്യശബ്ദത്തിൻ്റെ മാന്ത്രികമായ സഞ്ചാരമാണത്; വിഷാദസ്മൃതികളിൽ ക്ഷീരപഥങ്ങൾ സൃഷ്ടിക്കുകയും ജനിമൃതികളിലൂടെ അലഞ്ഞതിൻ്റെ ഓർമ്മകൾ ആവാഹിക്കുകയുമാണ്. മദൻമോഹൻ എന്ന സംഗീതസംവിധായകൻ ഇന്ത്യൻ സംഗീതത്തിൻ്റെ രഹസ്യം കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ എല്ലാ ഗാനങ്ങളുടെയും പ്രവണതകൾ  ഈ പാട്ടിൽ ഈ കാണാവുന്നതാണ് .

Monday, January 17, 2022

അക്ഷരജാലകം /അനന്യതയുടെ സൗന്ദര്യം/എം.കെ.ഹരികുമാർ/metrovartha ,dec 20, 2022

 

Friday, November 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/ഫേസ്ബുക്ക് ചുവരെഴുത്തുകൾ

 അഫേസ്ബുക്ക് ചുവരെഴുത്തുകൾlink



നൂറ് രാഷ്ട്രീയ സമരങ്ങൾകൊണ്ട് നേടാനാകാത്ത കാര്യങ്ങളാണ് ഇൻറർനെറ്റും സാമൂഹികമാധ്യമങ്ങളും സാധ്യമാക്കിയിരിക്കുന്നത്. അതിർത്തികൾ  മാഞ്ഞുപോയിരിക്കുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം പൊതുവിടങ്ങളിൽ കാണാനില്ല. എല്ലാവരും എല്ലാ കാര്യങ്ങളിലും ഒഴുകുന്നു. കാലത്തിൻ്റെയും സ്ഥലത്തിൻ്റെയും ചങ്ങലപ്പൂട്ടുകൾക്കകത്തിരുന്ന് ശ്വാസംമുട്ടി പ്രേമിച്ച കമിതാക്കൾ ഓർമ്മ മാത്രമാണ്; ഇപ്പോഴില്ല .കമിതാക്കൾ ഇന്ന്  വേഗതയേറിയ രഥത്തിലാണ് യാത്ര ചെയ്യുന്നത്.മൂക്കാനും പഴുക്കാനും നേരമില്ല. പ്രണയം മൊട്ടിടുമ്പോൾ തന്നെ പഴുക്കകയാണ്. കാലം എല്ലാ ചിന്തകളെയും ഇതേപോലെ പഴുപ്പിക്കുകയാണ്. വളർച്ച വെറും ആശയമാണിന്ന്. പിറക്കുമ്പോൾ തന്നെ വളർന്നു വലുതാവുകയാണ്.
ഒരു പാട്ടു പാടിയാൽ മതി ,ഭാഗ്യമുണ്ടെങ്കിൽ വൈറൽ വന്നു  രക്ഷപ്പെടുത്തും. മദ്രാസിൽ പോയി പത്തുവർഷം താമസിച്ച് ,സംഗീത സംവിധായകരെ നിത്യേന വീടുകളിൽ പോയി തൊഴുത് ഒടുവിൽ കോറസ് പാടാൻ അവസരം കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല.
പാടാൻ കഴിവുണ്ടെങ്കിൽ സമൂഹമാധ്യമത്തിലും പാടാം .കവികൾ ഇന്ന് സ്വന്തം കവിത യുട്യൂബിൽ വായിക്കുന്നു.

വീഡിയോ കവിതകൾ സർവ്വസാധാരണമായി. മാസങ്ങളോളം പത്രാധിപന്മാർ പിടിച്ചുവച്ച കവിതകൾക്ക് ശാപമോക്ഷം എന്ന പോലെ പ്രസിദ്ധീകരണം ലഭിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. വാട്സപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കവിത പ്രവഹിക്കുകയാണ്.ചൊല്ലി അവതരിപ്പിക്കുന്നവരുമുണ്ട്. ആഴ്ചപ്പതിപ്പുകളുടെയും വാരാന്തപ്പതിപ്പുകളുടെയും കാലം അവസാനിക്കുകയാണെന്ന് തോന്നുന്നു. പക്ഷേ ,വാർത്തകൾ ഉള്ളിടത്തോളം പത്രങ്ങൾക്ക് നിലനില്പുണ്ട്.

പുതിയ മാധ്യമങ്ങൾ

പുതിയകാലത്തെ പുതിയ മാധ്യമമാണ് നിർവ്വചിക്കുന്നത്. പുതിയ  മാധ്യമങ്ങളിലാണ് ഇപ്പോൾ എഴുത്തുകാർക്ക് കൂടുതൽ അവസരമുള്ളത്. ദിവസേന കഥകളും കവിതകളും എഴുതി തങ്ങളുടെ രചനാപരമായ ദൗത്യം കണ്ടെത്തുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ (എം.കെ.ഹരികുമാർ ടൈംസ് ) ദിനംപ്രതി കവിതകളെഴുതുന്ന ഇരുപത്തഞ്ച് പേരെങ്കിലുമുണ്ട്. മുരളി കൊളപ്പുള്ളിൽ ,ശിവൻ തലപ്പുലത്ത് ,എ.വി.ദേവൻ ,ഗീത മുന്നൂർക്കോട് ,രാജൻ തെക്കുംഭാഗം ,ശശിധരൻ നമ്പ്യാർ ,മേഘനാദൻ അഴിയൂർ ,കല്ലൂർ ഈശ്വരൻ പോറ്റി ,ജോസൂട്ടി ,ടി.പി.രാജേഷ് ,ആർ ,വിനയകുമാർ ,റഹിം  പേരേപറമ്പിൽ ,ബിനു രാജൻ ,മിനി കാത്തിരമറ്റം തുടങ്ങിയവർ സജീവമാണ്.

ഫേസ്ബുക്കിൽ എഴുതുന്ന ലോകപ്രശസ്തരായ എഴുത്തുകാരുണ്ട്.         അവർ മിക്കപ്പോഴും പുതിയ ആശയങ്ങളും ചിന്തകളും പങ്കു വെക്കുന്നു. റഷ്യൻ ചിത്രകാരനായ റൊമാൻ ബോഗൂരംഗോ സമകാല ചിത്രകലയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഒരു പേജ് തുറന്നത് വളരെപ്പേരെ ആകർഷിക്കുകയാണ്.അന്തർദേശീയ കലാപ്രകടനങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത് .ഗാലറികളെയും ചെറിയ ബുക്ക്ലെറ്റുകളെയും ആശ്രയിച്ചുകൊണ്ടുള്ള ചിത്രകാരൻ്റെ  ജീവിതം മാറിമറിഞ്ഞിരിക്കുന്നു. ബിനാലെപോലും ഓൺലൈനായി  നടത്താവുന്ന സാഹചര്യമാണുള്ളത്.

മഹാനായ വാൻഗോഗിൻ്റെ ചിത്രങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കുറ്റൻ എൽ ഇ ഡി ദിത്തികളിൽ മാറിമാറി പ്രതിഫലിപ്പിച്ചുകൊണ്ട് ,പ്രതീതി നിറഞ്ഞ ഒരു അത്ഭുത പ്രദർശനം കാണാൻ ഇടയായത് വാട്സപ്പ് ഗ്രൂപ്പിലാണ്.ഇതൊക്കെ നവമാധ്യമങ്ങളില്ലായിരുന്നെങ്കിൽ ആലോചിക്കാനേ കഴിയില്ലായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ബ്രസീലിയൻ നോവലിസ്റ്റ്  പാവ്ലോ കൊയ്ലോ ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി :'നമ്മൾ പ്രേമിക്കുമ്പോൾ ,നമ്മൾ നിലവിൽ എന്താണോ അതിനേക്കാൾ മികച്ച നിലയിൽ എത്താനാണ് കഷ്ടപ്പെടുന്നത് '.കാരണം, ആത്മീയമായി മാത്രമേ പ്രേമിക്കാനാവൂ. പ്രേമിക്കുന്നത് പ്രേമം എന്താണെന്ന് അറിയാനുമായിരിക്കണം. നാം എത്ര നിന്ദ്യനും പ്രാകൃതനുമാണെന്ന് ഒടുവിൽ  തിരിച്ചറിയേണ്ടി വരുന്നത് ദുരന്തമല്ലേ ?

'ഒരു ഇരയാകണോ ,നിധി തേടുന്ന  സാഹസികനാകണോ എന്നത് എൻ്റെ  തിരഞ്ഞെടുപ്പാണ് ;എന്നാൽ അത് എൻ്റെ ജീവിതത്തെ ഞാൻ എങ്ങനെ നോക്കിക്കാണുന്നു എന്ന പ്രശ്നത്തെ ആശ്രയിച്ചാണിരിക്കുന്നത്' - കൊയ് ലോ എഴുതി. എം. ജെ.റോബിൻസൺ എന്ന ഫേസ്ബുക്കർ എഴുതിയത്  ഇങ്ങനെയാണ്: ' ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത്  വ്യത്യസ്തമായ അനുഭവമായിരുന്നു; എനിക്ക് ചുറ്റിനുമുള്ളതെല്ലാം കൂടുതൽ ഭംഗിയുള്ളതായി കാണപ്പെട്ടു'.ഒരു നവീനമാധ്യമത്തിൽ നവലോകം സൃഷ്ടിക്കപ്പെടുകയാണ്. അവനവനുവേണ്ടി ജീവിക്കുക എന്നു പറഞ്ഞാൽ സ്വാർത്ഥതയല്ല;അത് ചുറ്റിനുമുള്ളതിനെ മനോഹരമാക്കുന്നതിനുള്ള ഒരാന്തരിക ,ബുദ്ധിസ്റ്റ് മാർഗമാണ്.

ഹരാരിയുടെ പോസ്റ്റുകൾ

പ്രമുഖ  നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നവീനകാലത്തെ മാനവ പ്രതിസന്ധികളാണ് ചർച്ചചെയ്യുന്നത്.
അദ്ദേഹം ദിവസങ്ങളുടെ ഇടവേളയിൽ തൻ്റെ അഭിമുഖങ്ങളുടെയും ചർച്ചകളുടെയും വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം നല്കിയ ഒരു പോസ്റ്റ് കൃത്രിമബുദ്ധിയുടെയും അൽഗോരിതത്തിൻ്റെയും കാലത്ത് മനുഷ്യബുദ്ധി നിഷ്കാസനം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പാണ് പകരുന്നത്. നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ദാനിയേൽ കാഹ്നേമാനുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഒരു രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതി തകരാൻ പോകുന്നുവെന്ന് മുന്നറിയിപ്പു നൽകുന്നത് ആർട്ടിഫിഷ്യൽ ഇൻടെലിജെൻസ് ആയിരിക്കുമത്രേ. ഇക്കാര്യത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അവനത്  മനസ്സിലാക്കാൻ കഴിയില്ലെന്നാണ് ഹരാരി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യബുദ്ധിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കണ്ടെത്തുന്നു. ആ ഉപകരണങ്ങൾക്ക് പലതും പ്രവചിക്കാൻ കഴിയുന്നു.എന്നാൽ മനുഷ്യനു അത് ഗ്രഹിക്കാനുമാകുന്നില്ല. ഇത്  മനുഷ്യചരിത്രത്തിലെ തന്നെ അതിനിർണായകമായ ഒരു ഘട്ടമായിരിക്കുമെന്നാണ് ദാനിയേൽ കാഹ്നേമാൻ പറയുന്നത്.

ഞാൻ സമീപകാലത്തെഴുതിയ രണ്ട് അസാമ്പ്രദായിക ലേഖനങ്ങൾ (പുലിയുടെ അസ്തിത്വപ്രശ്നങ്ങൾ, മയിൽപീലിക്കണ്ണുകളിലൂടെ നോക്കുമ്പോൾ ) എൻ്റെ ബ്ലോഗിലാണ്  പ്രസിദ്ധീകരിച്ചത്. വായനക്കാരുടെ നല്ല പ്രതികരണങ്ങൾ ലഭിച്ചു. തൊട്ടുപിന്നാലെ ഈ ലേഖനങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. ഒരു പരീക്ഷണമായിരുന്നു അത്. വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതും വ്യവസ്ഥാപിതമല്ലാത്ത വിധം വായനക്കാർ ഇടപെടുന്നതും കൗതുകകരമാണ്. അതിൻ്റെ ത്രിൽ വേറൊന്നാണ്.

ഫേസ്ബുക്ക് ,വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങൾ എഴുത്തുകാരെ ലൈവ് ആക്കുകയാണ്. മനഷ്യ ജീവിതത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ മാധ്യമങ്ങൾ മാറുകയാണ്.തികച്ചും ഉത്തര- ഉത്തരാധുനികമായ പരിസരമാണിത്.  കൺമുന്നിലുള്ള വായനക്കാരുടെ പെട്ടെന്നുള്ള പ്രതികരണം ഉൾക്കൊള്ളാനുള്ള താല്പര്യം ഇപ്പോൾ എഴുത്തുകാരെ പ്രലോഭിപ്പിക്കുകയാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിൽ തീരുമാനമെടുക്കുന്നത് സോഫ്റ്റ് വെയറോ സർക്കാരോ ഒന്നുമല്ല, കളിക്കാരനാണ്.ബൈക്ക് റേസാണ് ഗെയിമെങ്കിൽ ,ബൈക്കുകൊണ്ട് എന്ത് ചെയ്യണമെന്ന് കളിക്കാരൻ തീരുമാനിക്കുന്നു. അതുപോലെയാണ് ഇന്നത്തെ പ്രേക്ഷകൻ അഥവാ  കലാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ .

സ്മാരകങ്ങൾ ഓൺലൈനിൽ

പ്രസിദ്ധ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ ഫേസ്ബുക്ക് പേജിൽ തൻ്റെ ലേഖനസമാഹാരത്തിൻ്റെ കവർ പ്രദർശിപ്പിച്ചിരിക്കുന്നു .2003-202O വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിൻ്റെ പേര് 'ലാംഗ്വേജസ് ഓഫ് ട്രൂത്ത്' എന്നാണ്.
റുഷ്ദിക്ക് സ്വന്തം പുസ്തകത്തിൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. ഇതാണ് നവമാധ്യമത്തിൻ്റെ സ്വഭാവം. കൂലിക്ക് ആളെ വച്ച് പടങ്ങൾ പോസ്റ്റ് ചെയ്യിക്കുന്നവരും ഫോർവേഡുകൾ അയപ്പിക്കുന്നവരും ഈ മാധ്യമം എന്താണെന്ന് മനസ്സിലാക്കാത്തവരാണ്.

എഴുത്തുകാരുടെ സ്മാരകങ്ങൾ ഇന്ന് ഫേസ്ബുക്കിലാണുള്ളത്. ആരുടെയും ഗ്രാൻറ് വേണ്ട. സ്മാരകങ്ങൾ എന്ന നിലയിൽ കെട്ടിടങ്ങൾ പണിതു ഉദ്യോഗസ്ഥഭരണം നടപ്പാക്കുന്നത് ഇന്നത്തെ കാലത്തിനു യോജിക്കുകയില്ല.ഡച്ച് ചിത്രകാരൻ വാൻഗോഗിൻ്റെ അടുത്ത കൂട്ടുകാരനായിരുന്ന പോൾ ഗോഗിൻ്റെ ചിത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനു , ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു ഫേസ്ബുക്കിൽ ഒരു പേജുണ്ട് .അതുപോലെ വാൻഗോഗ് മ്യൂസിയം (ആംസ്റ്റർഡാം) എന്ന പേരിലുള്ള പേജ് വാൻഗോഗിൻ്റെ  ഏറ്റവും കൂടുതൽ ചിത്രങ്ങൾ ശേഖരിച്ചിട്ടുള്ള മ്യൂസിയത്തിൻ്റെ വാർത്തകളാണ് നല്കുന്നത്. ഇതിനേക്കാൾ നല്ല സ്മാരകം എവിടെ കിട്ടും ? അവിടെ വാൻഗോഗിൻ്റെ ചിത്രങ്ങൾ തുടരെ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.



സമൂഹമാധ്യമം മനുഷ്യൻ സൃഷ്ടിച്ച സ്വതന്ത്ര ലോകമാണ്. അതിനു ആദിയോ അന്തമോ ഇല്ല അത് തിരയാ നുള്ള ഇടമാണ്. ഓരോരുത്തരും അവരവരുടെ പുസ്തകമാണ് അവിടെ സൃഷ്ടിക്കുന്നത്. പരമ്പരാഗതമായ പുസ്തകമല്ലത്. ഒരാൾ സ്വയമൊരു പുസ്തകമാവുകയാണ്. മറ്റുള്ളവർ നമ്മെ വായിക്കുന്നു, ദീർഘമായി ഒന്നും എഴുതാതെ തന്നെ.

മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്രിൻ്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് അദ്ദേഹത്തിൻ്റെ  ആരാധകരാണ് നടത്തുന്നത് .സാർത്രി ൻ്റെ അപൂർവചിത്രങ്ങൾ, പുസ്തകങ്ങൾ ,ചിന്തകൾ തുടങ്ങിയവ  ഇവിടെ കാണാം. ഇതിനപ്പുറം എന്ത് സ്മരണയാണ് ഒരു എഴുത്തുകാരന് കൊടുക്കാനാകുക ? ഏറ്റവും വേഗത്തിലും ചെലവുചുരുക്കിയും കാര്യക്ഷമമായും  നടത്താനാകുന്നതാണ് ഓൺലൈൻ സ്മൃതികേന്ദ്രങ്ങൾ .ആശയപരമായ ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.

വെസ്റ്റ് ബംഗാളിലെ ഒരു ഫേസ്ബുക്കറുടെ പേജിൻ്റെ പേര് 'ലിറ്ററേച്ചർ ഈസ് മൈ ഉട്ടോപ്പിയ ' എന്നാണ്. ഈ വാക്യം ഹെലൻകെല്ലറുടേതാണ്. ജീവിതം ഒരു കോസ്റ്റ്യൂം പാർട്ടിയായിരിക്കെ ,ഞാൻ അവിടെ എൻ്റെ യഥാർത്ഥ മുഖവുമായി വന്നതിൻ്റെ പേരിലുള്ള ചമ്മലാണെനിക്ക് എന്ന് ചെക്ക് - ജർമ്മൻ എഴുത്തുകാരൻ ഫ്രാ കാഫ്ക പറഞ്ഞത് ഒരു പേജിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു .കാഫ് കയുടെ മറ്റൊരു ശ്രദ്ധേയവാക്യവും കാണാം. അത് 'ജോസഫൈൻ ദ് സിംഗർ ' എന്ന കഥയിൽ നിന്നുള്ളതാണ്: 'ലോകം ഓരോ ദിവസവും ചെറുതായി വരുകയാണ്; അവിടെ മൂലയിലൊരു കെണി ഒരുക്കിയിട്ടുണ്ട്. അതിലേക്കാണ് ഞാൻ ചെന്നു ചാടേണ്ടത് '.

അറിവ് സ്വാതന്ത്യം പ്രഖ്യാപിച്ചു.

സാഹിത്യ, സാംസ്കാരിക മേഖലകളിലെ കുത്തകകളെല്ലാം അവസാനിക്കുന്നതിൻ്റെ  വിളംബരമാണ് ഉത്തര - ഉത്തരാധുനികത. സംസ്കാരം ,കല, സാഹിത്യം തുടങ്ങിയവയെല്ലാം  കുത്തകകളുടെയുടെ കൈകളിൽനിന്ന് അകലുകയാണിപ്പോൾ. കൊറോണ ഒരു ദുരന്തമാണെങ്കിലും അതിൻ്റെ  ഒരു പ്രധാന ഫലം ഈ കുത്തകകളുടെ എന്നെന്നേക്കുമായുള്ള അവസാനമാണ്.അറിവ് ആരുടെയും ചെരിപ്പനടിയിലല്ല; അത് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. സംസ്കാരവും അങ്ങനെതന്നെ .സാംസ്കാരിക ഭാവുകത്വയജമാനന്മാരോ, കലാലോകത്തിലെ സമ്പന്നരായ കുറേപ്പേരുടെ അധികാരകേന്ദ്രമോ  ഇനിയില്ല. ഗാലറി കിട്ടാതെ മരിച്ച വാൻഗോഗ് ഒരു ചരിത്രവസ്തുതയാണ്. ഇനി അത് ആവർത്തിക്കുകയില്ല. എല്ലാവർക്കും ഫേസ്ബുക്ക് ചുമരുകളുണ്ട് ,മുറികളുണ്ട്.

ലോകത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഭൂരിപക്ഷം കലാകാരന്മാർക്കും എഴുത്തുകാർക്കും ഇപ്പോൾ ഫേസ്ബുക്ക് പേജുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഉത്സാഹഭരിതമായ കാലമാണിത്, കൊറോണയുടെ ദുരിതവും കാലാവസ്ഥാവ്യതിയാനവും ഒഴിച്ചാൽ.
വിക്ടർ ഹ്യൂഗോയുടെ പേജ് കണ്ട ഉടനെ ഞാൻ ഫോളോ ചെയ്തു. ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനൻ'(1831) എന്ന നോവൽ പ്രസിദ്ധമാണല്ലോ. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രം നോത്രദാം എന്ന ഭദ്രാസനപള്ളി തന്നെയാണ്. നോവൽ പുറത്തുവന്നതിനു ശേഷം ആ പള്ളിയും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആ പള്ളി സംരക്ഷിക്കാൻ വേണ്ടി പൊതുസമൂഹം തന്നെ മുന്നോട്ടു വന്നു. പ്രമുഖ വാസ്തുശില്പി വയോലെ ലി ഡുക്ക്  നേതൃത്വം നല്കിയ നവീകരണപ്രവർത്തനങ്ങൾ  1844 മുതൽ 1864 വരെ നീണ്ടു. പഴയ പള്ളിയുടെ തനിമ നിലനിർത്തുന്നതിനു ചില പുതിയ എടുപ്പുകൾ കൂടി അദ്ദേഹം നിർമ്മിച്ചു. ഹ്യൂഗോയുടെ നോവലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അതെല്ലാം ചെയ്തത്. ഇന്ന് ആ പള്ളി ഒരു മ്യൂസിയമാണ്. 'ഹ്യൂഗോ മുതൽ വയോലെ ലി ഡുക്ക്   വരെ ' എന്ന പ്രദർശനം കഴിഞ്ഞ വർഷം സംഘടിപ്പിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.

നുറുങ്ങുകൾ

1) പാവ്ലോ പിക്കാസോ ,മാഷൽ ദുഷാമ്പ് തുടങ്ങിയ കലാകാരന്മാരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മലയാളത്തിൽ എഴുപതുകളിലെ സാഹിത്യവും കലയും രൂപപ്പെട്ടത്. അതിൻ്റെ ചരിത്രപരമായ അനിവാര്യത നിഷേധിക്കാനാവില്ല .എങ്കിലും എഴുപതുകളിലെ കവിതയെ വല്ലാതെ അതിഭാവുകത്വം ബാധിച്ചിരുന്നു. ഉള്ളിൽ സങ്കടം തോന്നുന്നത് അവിഷ്ക്കരിക്കാൻ പൊട്ടിക്കരയുകയാണ് പലരും ചെയ്തത്. അതിവൈകാരികതയും കരച്ചിലും ഒഴിവാക്കിയാൽ ബാക്കി എന്ത് ശേഷിക്കുമെന്നാണ് നോക്കേണ്ടത്.

2)മലയാളകഥയിലും പഞ്ചമഹാനാദമുണ്ട്. തകഴി ,ദേവ് തുടങ്ങിയവരുടെ തലമുറയ്ക്ക് ശേഷം വന്ന പ്രമുഖരായ അഞ്ച് കഥാകൃത്തുക്കൾ വായനക്കാരെ സ്വാധീനിച്ചു. ആ അഞ്ചുപേർ ഇവരാണ്: മാധവിക്കുട്ടി ,എം.ടി ,ടി. പത്മനാഭൻ ,സി.വി.ശ്രീരാമൻ ,എൻ.മോഹനൻ.

3)എഴുത്തുകാരൻ്റെ വെല്ലുവിളി ഭാഷയിലെ പ്രവണതകൾ പെട്ടെന്ന് മാഞ്ഞുപോകുന്നു എന്നുള്ളതാണ്. ഭാഷ ഒരു ഫാഷനായിരിക്കുന്നു. ബഷീറിൻ്റെ ഭാഷ പലരും അനുകരിച്ചു ;അതൊരു ഫാഷനായി മാറുകയായിരുന്നു. ഇപ്പാൾ ആ ഭാഷയില്ല. സക്കറിയ, മുകുന്ദൻ  തുടങ്ങിയവർ ആദ്യകാലത്ത് ഉപയോഗിച്ച ഭാഷയും ഒരു ഫാഷനായി പരിണമിച്ചു. എന്നാൽ ഇപ്പോൾ അതും അപ്രത്യക്ഷമായി. പുതിയൊരു ഭാഷ കണ്ടെത്തുകയാണ് വെല്ലുവിളി .

4)ഒരിക്കൽ താൻ പഠിപ്പിച്ച കടലിൻ്റെ മകൻ ആറ്റക്കോയയെ തിരയുകയാണ് ദേശമംഗലം രാമകൃഷ്ണൻ 'ആറ്റക്കോയ ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോ.3) എന്ന കവിതയിൽ .ആറ്റക്കോയ രുചിയാണ്, സ്നേഹമാണ് ,ഓർമ്മയാണ്, തുമ്പിയാണ്, പൂവാംകുറുന്നിലയാണ്. ദേശമംഗലം മനുഷ്യനെ അനുഭവിക്കുകയാണ്, അവൻ്റെ ജീവൻ്റെ തുടിപ്പുകളെ .ഇത് അപൂർവ്വ അനുഭവമാണ്. മനുഷ്യൻ്റെ സ്പർശം ,ഓർമ്മ തുടങ്ങിയവ എത്ര ശുദ്ധമാണ്! .
'കൊണ്ടുവന്നൂ ഒരിക്കൽ
തേങ്ങാമീനടച്ചുരുൾ
എന്തൊരു രുചി
അന്യമായൊരു മണം
ഓക്കാനിച്ചു മധുരിച്ചന്നു
തിന്നൊരാ പലഹാരത്തിൻ
ഓർമ്മയിൽ
ചിരിച്ചു നിൽപ്പുണ്ടവൻ' .

5) 'മനസ്സിൻ്റെ തീർത്ഥയാത്ര' എന്ന നല്ല സിനിമ സംവിധാനംചെയ്ത എ.വി. തമ്പാൻ സമീപകാലത്ത് കലാകൗമുദിയിൽ എഴുതിയ 'ഇതാ ഞങ്ങളുടെ കെ. ജി. ജോർജ്' , 'അയ്യപ്പനല്ല എങ്കിൽ നിങ്ങൾ കോശിയാണ് ' എന്നീ ലേഖനങ്ങൾ നമ്മുടെ ചലച്ചിത്രവിമർശനം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ്. 'തിരക്കഥാ മുഹൂർത്തങ്ങളുടെ ഒരു മ്യൂസിയമാണ് 'യവനിക' എന്ന് തമ്പാൻ എഴുതുന്നു.
മറ്റൊരിടത്ത് സൂക്ഷ്മമായി കഥാപാത്രനിരീക്ഷണം നടത്തിക്കൊണ്ട് തമ്പാൻ ഇങ്ങനെ കുറിക്കുന്നു: 'പ്രതിയോഗിയാണ് നമ്മളുടെ ശക്തി ദൗർബല്യങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുന്നത്. പ്രതിയോഗി വില്ലനല്ല; ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ്. അയ്യപ്പൻ, കോശിയുടെ പ്രതിയോഗിയാണ് , മറിച്ചും .പരസ്പരം കണ്ടുമുട്ടി വാൾ കോർത്തപ്പോഴാണ് രണ്ടുപേരുടെയും വ്യക്തിത്വങ്ങൾ പൂർണ്ണമായും പുറത്തു വരുന്നത്. ഒരാൾ മറ്റേയാളിൻ്റെ വില്ലനോ ,ശത്രുവോ അല്ല. ഒരാളിൽ പൂരിപ്പിക്കാൻ വിടുന്ന ഭാഗം പൂരിപ്പിക്കുന്നയാളാണ്, അയാളുടെ പ്രതിയോഗി.പ്രതിയോഗിയില്ലാത്ത ഒരു മനുഷ്യൻ്റെ ജീവിതം അപൂർണമായിരിക്കും' .

6)രാജൻ സി. എച്ചിൻ്റെ പുതിയ കവിതാസമാഹാരമാണ് 'പൂവുകൾക്ക് ചായം പൂശുന്നവൻ '(ലോഗോസ് ) .

7)കവി പഴവിള രമേശനെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ എഴുതിയ ഓർമ്മക്കുറിപ്പ് ( അഗ്നിയായി ആളിക്കത്തി കാടുപൂകിയ കവി, കലാപൂർണ, സെപ്റ്റംബർ )  അപൂർവസുന്ദരമാണ്. ആത്മാർത്ഥതയാണ് ഈ ലേഖനത്തിൻ്റെ സവിശേഷ ഗുണം.
പഴവിളയെക്കുറിച്ച് ഇത്രമാത്രം അലിവോടെ ,സ്നേഹത്തോടെ ആരും എഴുതിയിട്ടില്ല. 'ഹൃദയം നിറഞ്ഞ സ്നേഹവും ആരെയും സൽക്കരിക്കാനുള്ള മനസ്സും എന്തിനും കൂടെ നിൽക്കാൻ ഉത്സാഹമുള്ള സൗമ്യയും സുശീലയുമായ ഭാര്യയും സർവ്വോപരി കൈനിറയെ സമ്പത്തുമുള്ള രമേശൻ്റെ ജീവിതം ഒരുത്സവംപോലെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഡയബറ്റീസ് പിടിപ്പെട്ട് വലതുകാൽ മുറിച്ചുകളയേണ്ടി വന്നത്.പക്ഷെ ,അതിനൊന്നും രമേശനെ തളർത്താനായില്ല .പതിനേഴ്  വർഷക്കാലം കിടന്നുകൊണ്ട് തന്നെ തൻ്റെ കാവ്യജീവിതം അദ്ദേഹം ആഘോഷമാക്കി' - രാധാലക്ഷ്മി എഴുതുന്നു, അകൃത്രിമമായ സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട്.

8)ഡോ. വേണു തോന്നയ്ക്കൽ എഴുതിയ 'പ്രണയം'(കലാകൗമുദി, 2124 )തീക്ഷ്ണവും ശക്തവുമായ കവിതയാണ്‌. ഇതിനു അനുഭവത്തിൻ്റെ ബലമുണ്ട്. രോഗി ഒരു ഘട്ടം കഴിയുമ്പോൾ രോഗത്തെ സ്നേഹിക്കുന്നതാണ് വിഷയം.

9)ഒരു നല്ല ഗദ്യശൈലിയുണ്ടാക്കാൻ വേണ്ടി പത്തു വർഷത്തിലേറെക്കാലം പ്രയത്നിക്കേണ്ടി വന്നുവെന്ന് ജോർജ് ഓർവെൽ എഴുതിയിട്ടുണ്ട്.ഒരു ശൈലിയിൽ ഒരെഴുത്തുകാരൻ ജീവിക്കുന്നു.

10)മഹാനാടകകാരനും വിമർശകനുമായ ബർനാഡ് ഷാ ഇങ്ങനെ പറഞ്ഞു, നിങ്ങൾ വൃത്തിയോടും ശുദ്ധിയോടും ജീവിച്ചാൽ നിങ്ങളാകുന്ന ജാലകത്തിലൂടെ ഈ ലോകത്തെ ശരിയായി നിരീക്ഷിക്കാൻ കഴിയും.

11)സാഹിത്യരചനയിലും വായനയിലും ഏറ്റവും വിലപിടിപ്പുള്ള വസ്തു ആധുനിക മനസ്സാണ്. ഇതാകട്ടെ ഒരാൾ നിസ്തന്ദ്രമായി പരിശ്രമിച്ചാലേ സാധ്യമാകൂ. ക്രിസ്തു മനുഷ്യരുടെ മജ്ജയിലാണ് കുരിശിലേറ്റപ്പെട്ടതെന്ന് നികോസ് കസൻദ്സാക്കിസ് 'ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന കൃതിയിൽ എഴുതുന്നത് ഈ നവീനമനസുള്ളതുകൊണ്ടാണ്. ആ ഭാഷയിൽ തന്നെ അത് വ്യക്തമാണ്.

ഒരു വസ്തുവിനെ എങ്ങനെ നോക്കണമെന്ന് ചിന്തിക്കന്നതു തന്നെ ആധുനികമാണ്. കാരണം ,അവിടെ ആ വസ്തുവിനെ ധാരാളം പേർ, അതിനു മുമ്പ് ,നോക്കിയതെല്ലാം മായ്ച്ചുകളയുന്ന വലിയൊരു പ്രക്രിയയുണ്ട്.

12)മലയാളസാഹിത്യത്തിൽ  ആകാശത്തിൽനിന്ന് ഉൽക്ക എന്നപോലെ വന്നുവീഴുന്ന കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് മാധ്യമങ്ങളെ മാത്രമാണ് സ്വാധീനിക്കുന്നത്.മലയാളത്തിലെ തൊണ്ണൂറ് ശതമാനം എഴുത്തുകാരും ഈ അവാർഡിനെക്കുറിച്ച് അറിയുന്നുപോലുമില്ല .




Monday, September 20, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/വ്യഥകളുടെ വായ്ത്തലകൾ/metrovartha sept.20, 2021





 

 

 

 

 

ജീവിതം എത്ര യാന്ത്രിക ഭൗതികവാദമായാലും, അനുദിന സംഭവങ്ങൾ എത്രമാത്രം വേഗമേറിയ തും കാലദേശാതീതവുമായാലും സാഹിതീയമായ ഉത്കണ്ഠകൾ അവസാനിക്കുകയില്ല. മനസിൻ്റെ അടിത്തട്ടിൽ നിന്നുയരുന്ന ഒരു ത്വരയാണ് സാഹിത്യരചനയിലേക്ക് ഒരാളെ നയിക്കുന്നത്. എത്രത്തോളം സൂക്ഷ്മവും അഗാധവുമായി ഒരു വസ്തുവിനെ സമീപിക്കുന്നുവോ അത്രത്തോളം സാഹിത്യത്തിനും ആഴമുണ്ടാകും.

ഈ അഗാധതയാണ് ഓരോ രചയിതാവിനെയും വെല്ലുവിളിക്കുന്നത്. വായനയും മനനവും അതിനു സഹായിക്കുന്ന വസ്തുതകളാണ്.ഒരാളുടെ വികാരങ്ങൾക്കനുസരിച്ച് ജീവിതം അയാൾക്ക് മുന്നിൽ തുറന്നു വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതം ഏകതാനമോ, നിശ്ചിതാർത്ഥത്തിലുള്ളതോ , ആദ്യവസാനചിന്തിതമോ, കാര്യകാരണബദ്ധമോ അല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഓരോരുത്തരുടെയും ഭാവനയാണത്; കേവല യാഥാർത്ഥ്യമല്ല. മുറിവേറ്റ  രണ്ടുപേർക്ക് രണ്ടുതരത്തിലാണ് അത്  സംഭവിക്കുന്നത്. ജീവിതത്തിലെ  മുറിവുകൾക്ക് ആത്മീയവശമുണ്ട്. അതിനോടുള്ള സമീപനവും സർഗ്ഗാത്മകമായ തീരുമാനവുമാണ്  അതിനെ ആത്മീയമാക്കുന്നത്. അതിൻ്റെ ഫലമായി ഓർമ്മകൾ വ്യത്യാസപ്പെട്ടിരിക്കും. നഷ്ടപ്പെടുന്നതിൻ്റെ ആഘാതം എല്ലാവർക്കും ഒരുപോലെയല്ല. എല്ലാം  ഓരോരുത്തരുടെ കഴിവിനനുസരിച്ചാണ്  രൂപപ്പെടുന്നത്.

ലോകം അതിവേഗം നാഗരികമാകുമ്പോഴും മനുഷ്യൻ്റെ  നിത്യമായ ആഭ്യന്തരപ്രശ്നങ്ങൾക്ക് ശമനമില്ല. മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. വാക്കുകൾക്ക് മൂർച്ചയുണ്ടാകുന്നതും  ചിന്തകൾക്ക് വേഗമുണ്ടാകുന്നതും  പ്രവർത്തനങ്ങൾക്ക് അർത്ഥ വ്യതിയാനങ്ങളുണ്ടാകുന്നതും  മരണത്തെക്കുറിച്ചു ഭയമുള്ളതുകൊണ്ടാണ് .ഓരോ വ്യഥയും ഓരോ വായ്ത്തലയാണ്. അതീതലോകത്തെ തുറക്കാൻ അത് സഹായകമാണ്. ഓരോ നിമിഷത്തെയും അത് ജാഗ്രത്താക്കുന്നു.

പ്രബുദ്ധതയുടെ ശബ്ദം

അതുകൊണ്ടാണ് മഹാനായ ലോകകവി ഡബ്ലിയു .ബി .യേറ്റ്സ് തൻ്റെ നിഗൂഢാർത്ഥപരമായ ത്വരകളെക്കുറിച്ച് സംസാരിച്ചത്‌.തൻ്റെ  എല്ലാ കർമ്മങ്ങളുടെയും ചിന്തകളുടെയും കവിതകളുടെയും കേന്ദ്രം അഗോചരമായ ജീവിതമാണെന്ന് അദ്ദേഹം എഴുതുന്നു. എന്തുകൊണ്ടാണ് അശോചരമാകുന്നത്? നഗ്നനേത്രങ്ങൾകൊണ്ടും യുക്തികൊണ്ടും കണ്ടെത്താനാവാത്ത ജീവിതവും താൻ ജീവിക്കുന്നു എന്ന തിരിച്ചറിവാണത്. 'എൻ്റെ ശബ്ദം ഒരു
അതീതമായ പ്രബുദ്ധതയുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു .അത് ബുദ്ധിജീവിതത്തിന് എതിരെയുള്ള ആത്മാവിൻ്റെ കലാപമാണ്' . അദ്ദേഹം എഴുതി. ഓരോ വസ്തുവിനെയും ആത്മീയമാക്കുന്നത് ഈ കലാപത്തിലൂടെയാണ്. തൻ്റെ ആകുലതകളെ ഇരട്ടിപ്പിക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുന്ന ഘടകങ്ങൾ വസ്തുക്കളിലുണ്ടെന്ന അറിവാണ് ഈ പാതയിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത്.

മനുഷ്യൻ ആഭ്യന്തരമായി നശിക്കുന്ന ഒരു കാലമാണിത് .എത്രയോ വിശുദ്ധഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും , ദൈവചിന്തകൾ വീടുകളിലെല്ലാം നിലയുറപ്പിച്ചിട്ടും മനുഷ്യൻ ചീത്തയായിക്കൊണ്ടിരിക്കുന്നു. ക്രൂരതയുടെ ഒരു വലിയ ചരിത്രംതന്നെ രൂപപ്പെടുകയാണ്. പ്രകൃതി ആ  ക്രൂരത മൂലം വീർപ്പുമുട്ടുന്നു.വലിയ ആവാസവ്യവസ്ഥകളും  സവിശേഷതകളുമുള്ള അനേകം കോടി പ്രാണികളുടെ ജീവിതം അടഞ്ഞുപോകുന്ന സാഹചര്യമാണുള്ളത് .

മനുഷ്യനെ അന്യവത്ക്കരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന നാഗരിക വികസനവും സാങ്കേതിക വിസ്ഫോടനവും ജർമ്മൻ നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെയെ മാനസികാഘാതത്തിലേക്ക് തള്ളിവിടുന്നതിനു കാരണമായിരുന്നു. അദ്ദേഹം ആഭ്യന്തര ജീവിതത്തിൻ്റെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങാൻ എന്താണ് വഴി എന്ന് ആലോചിച്ചുകൊണ്ടിരുന്നു. 'ഞാൻ എങ്ങനെയാണ് ശരിയായി  ജീവിക്കേണ്ടത് ' എന്ന ചോദ്യം അദ്ദേഹത്തെ സാഹിത്യത്തിലേക്കു തിരിച്ചുവിട്ടു.രണ്ടുതവണയാണ് ഹെസ്സെ പ്രമുഖ മനശാസ്ത്രജ്ഞൻ ആർ.ഡി. ലെയിംഗിൻ്റെ അടുത്ത്  കൗൺസിലിംഗിന് പോയത്. ആദ്യകാലത്തെ മാനസികസംഘർഷങ്ങൾ ഭയങ്കരമായിരുന്നു .

ആ അനുഭവങ്ങളാണ് 'ഡെമിയാൻ: ദ് സ്റ്റോറി ഓഫ് എമിൽ സിൻക്ളെയേഴ്സ് യൂത്ത് ' എന്ന നോവലിൽ അദ്ദേഹം വിവരിച്ചിട്ടുള്ളത്‌.ലെയിംഗ് വളരെ വ്യക്തമായി ഒരു ഉപദേശം നൽകി: 'ജീവിതത്തിലെ പ്രശ്നങ്ങൾ വൃത്തിയായി പരിഹരിക്കാൻ കഴിയണമെന്നില്ല. ഓരോന്നിനും വൈരുദ്ധ്യമുണ്ട്. വൈരുദ്ധ്യങ്ങൾക്കിടയിലെ  സംഘർഷമാണ് ജീവിതം'. എന്നാൽ ഈ ജ്ഞാനം സാഹിത്യകലയിൽ ഇപ്പോഴില്ല.

അനുഭവങ്ങളുടെ ഉള്ള്

സാഹിത്യമേഖലയിൽ സംഭവിക്കുന്നത് അനുഭവങ്ങളുടെ ഉള്ള് പൊള്ളയാവുന്നതിൻ്റെ പ്രശ്നങ്ങളാണ്. അതിനെ എങ്ങനെ സമീപിക്കണമെന്ന് അറിയാത്തതുമൂലമുള്ള വന്ധ്യതയുണ്ട്. ചിന്തകൾക്ക് രസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാഷ വരണ്ടു പോയിരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുമുള്ള ഭാഷ എവിടെയാണുള്ളത്? ചിന്തകളുടെ രസന പ്രവർത്തിക്കുന്നില്ല.  ഉപരിതലസ്പർശിയായ വിവരങ്ങൾക്കു വേണ്ടി പുറമേനിന്നു നോക്കുന്ന മട്ടിലുള്ള ഒരു മിനിമം ഭാഷയാണ് ഇപ്പോൾ കഥകളിലുള്ളത്. മനുഷ്യൻ ജീവിതത്തിൻ്റെ വ്യാമോഹിക്കുന്ന അവസ്ഥകളിലേക്ക് വച്ചകാൽ പിൻവലിച്ചതിൻ്റെ ലക്ഷണമാണിത്.  ജീവിതവിജയത്തിൻ്റെ പ്രായോഗിക പാഠങ്ങൾ അങ്ങനെയെല്ലാമാണ് ഇപ്പോൾ സംഭവിക്കുന്നത്.
യേറ്റ്സിൻ്റെ 'ഡെത്ത് ' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ് :
'മരിക്കുന്ന ഒരു മൃഗത്തെ
ഭയമോ പ്രതീക്ഷയോ
അലട്ടുന്നില്ല
മനുഷ്യനാകട്ടെ
സ്വന്തം അന്ത്യത്തിനായി
കാത്തുനില്ക്കുകയാണ്,
ഭയവും പ്രതീക്ഷയുമായി.
അവൻ പലതവണ
മരിച്ചിട്ടുണ്ടാകും
അവൻ വീണ്ടും
എഴുന്നേറ്റു വരും'

ഈ കവിതയിൽ യേറ്റ്സ് സ്ഥാപിക്കുന്നത് മനുഷ്യൻ മരണത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നാണ്. ഇതാണ് കവിയുടെ ദർശനം.
നമ്മുടെ ഭാഷയിൽ ,
മനുഷ്യരെ സ്പർശിച്ചുപോകുന്ന കാലം ഏതു വിധത്തിലുള്ളതാണെന്ന് അന്വേഷിക്കപ്പെടുന്നേയില്ല. അലസചിന്തകൾകൊണ്ട് ഇടങ്ങൾ നിറയുകയാണ് .കോളേജ് അധ്യാപകരുടെ സാഹിത്യവിമർശനം പേടിസ്വപ്നമായി കഴിഞ്ഞു. സാമാന്യമായ സഹൃദയമില്ലാത്തവർ സാഹിത്യമേഖലയിൽ ക്ഷുദ്രമായ അവലോകനങ്ങളും അക്കാദമിക് പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും കുത്തി നിറയ്ക്കുകയാണ് .സാഹിത്യകല മനുഷ്യമനസ്സിൻ്റെ ഒരാവശ്യമാണെന്ന് ഇവർ എന്നു തിരിച്ചറിയും? .അത് ബുദ്ധിയുടെ മാത്രമല്ല, ഹൃദയത്തിൻ്റെയും മേഖലയാണ്. ഒരുവനു മറ്റൊരാളോടുള്ള സ്നേഹം, ചരാചരങ്ങളോടുള്ള സ്നേഹം, പ്രേമം, ഓർമ്മകളിലൂടെ നേടുന്ന പരഹൃദയ ജ്ഞാനം എന്നിവയൊക്കെ സമകാലീന സാഹിത്യത്തിനു അന്യമായിരിക്കുന്നു.

ഉദ്യോഗസ്ഥമനോഭാവവും കലാശാല ക്ലാസുകളും തത്ത്വദീക്ഷയില്ലാതെ മലയാളഭാവനയെ വല്ലാതെ ഞെരുക്കുകയാണിന്ന്.ചിലർ മഹാഭാരതപഠനങ്ങൾ തുടരെ എഴുതുകയാണ്. മഹാഭാരതപഠനക്കാരുടെ ഒരു ക്ലബ്ബ് തന്നെ രൂപപ്പെട്ടിരിക്കുന്നു. സഹൃദയത്വത്തിൻ്റെ ഒരു കണം പോലുമില്ലാത്തവർ ശ്രീകൃഷ്ണനെ വിചാരണചെയ്യുകയാണ്, ഐ.വി.ശശിയുടെ സിനിമയിലെ ഒരു കഥാപാത്രം എന്ന പോലെ .ചിന്തയുടെ ആ പഴയ ലോകം ഇല്ലാതായിരിക്കുന്നു.
ബർട്രാൻഡ് റസ്സൽ ജീവിച്ചിരുന്നെങ്കിൽ ഈ ദുരവസ്ഥ കണ്ട് ദു:ഖിക്കുമായിരുന്നു. യുക്തികൊണ്ടു
യാഥാർത്ഥ്യങ്ങളെ ഇഴകീറി പരിശോധിക്കുന്ന അനുഭവമില്ല; സൗന്ദര്യബോധമില്ലാത്തവർ മാർച്ച് ചെയ്തുപോകുന്നു. ഹൃദയവികാരങ്ങളിലേക്ക് ആഴ്ന്നു പോകുന്ന മനുഷ്യാനുഭവങ്ങൾ ഇല്ലാതായി.

എന്തിനാണ് എഴുതുന്നതെന്ന്  ഓരോരുത്തരും സ്വയം ചോദിക്കേണ്ട കാലമാണിത് .ചില പ്രസാധകർ ചെയ്യുന്നത് വലിയ അപരാധമാണ്. ക്രിസ്തുവിൻ്റെ കാലത്ത് യഹൂദ പ്രമാണികൾ ചെയ്തതിനു സമാനമാണിത് .മികച്ച കൃതികൾ പ്രസിദ്ധീകരിച്ചശേഷം അത് ഗോഡൗണിൽ തള്ളുന്നു. എന്നാൽ തങ്ങൾക്കിഷ്ടമുള്ള ചിലരുടെ പുസ്തകങ്ങൾ വിറ്റഴിച്ച് വീണ്ടും കൂടുതൽ പതിപ്പ് അടിച്ചു കൊടുക്കുന്നു. മാന്യമായി പുസ്തകം പ്രസിദ്ധീകരിക്കാനോ വില്ക്കാനോ കഴിയാത്ത പലരും പിന്തിരിഞ്ഞു കഴിഞ്ഞു.

ആത്മബന്ധമില്ല

എഴുത്തുകാരുമായി സ്നേഹബന്ധം സൂക്ഷിക്കുന്ന സാഹിത്യപത്രപ്രവർത്തകർ എത്രയോ വിരളമായി. രചനകൾ വായിച്ചു കത്തെഴുതുന്ന പത്രാധിപന്മാർ ഉണ്ടോ ? ഫോൺ സംഭാഷണവും ഇല്ല .എല്ലാം യാന്ത്രികമാണ്. പക്ഷപാതമോ വെറുപ്പോ ഇല്ലാതെ ,സഹജമായ സാഹിത്യതാത്പര്യങ്ങളുടെ ബലത്തിൽ മാത്രം രചനകൾ പരിശോധിക്കുന്നവരെ എവിടെ കാണാനുണ്ട് ?

കാമ്പിശ്ശേരി കരുണാകരൻ ,സി.പി.ശ്രീധരൻ ,പി.ശ്രീധരൻ ,എം.കെ.മാധവൻനായർ ,തുടങ്ങിയവരെ ആദരവോടെ ഓർക്കുകയാണ്. കഥാസാഹിത്യത്തിൽ വലിയ മൂല്യത്തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യസ്വഭാവത്തെ ആഴത്തിൽ പരിശോധിക്കാനോ പുതിയൊരു ക്രാഫ്റ്റ് കണ്ടെത്താനോ ശ്രമമില്ല .എല്ലാം അറിയാവന്ന എഴുത്തുകാരെ ഇവിടെ ആവശ്യമില്ല. എല്ലാം അറിയാവുന്നവർ എന്തിനെഴുതണം? . എഴുത്ത് ഒരു അന്വേഷണമാണ്. കണ്ടെത്തിയതിൻ്റെ വിവരണമല്ല. കണ്ടെത്തിയതിൻ്റെ വിവരണമാകുമ്പോൾ അത് വാർത്തയാണ്.വി.പി.ശിവകുമാറിൻ്റെ 'പാര'എന്ന കഥ ഓർക്കുകയാണ്. മരിക്കാറായി കിടക്കുന്ന ഒരു വൃദ്ധൻ്റെ മനസ്സിലെ ചില ചിന്തകളാണ് വിഷയം. അയാൾ ക്ഷേത്രത്തിൽ തേര് വലിക്കുമ്പോൾ അടവയ്ക്കാനുള്ള പാര കൊണ്ടുനടന്നയാളായിരുന്നു. ഒരു വിചിന്തനമാണ് കഥ.

'കുടുംബത്തോടു ചേർത്തു സ്വയം ആണിയടിച്ച് ഈ കരുത്തനായ മനുഷ്യൻ തൻ്റെ  ജീവിതം തകർത്തു. എപ്പോഴും ശക്തനായ ഒരു പുരുഷൻ്റെ ഉടൽ ഇരുന്നു വളമായി ഒരു കുടുംബം മൂടുന്നു .കാണാമറയത്ത് ഒരു കവണയുമായി കാലം പതുങ്ങി നില്ക്കുന്നു .ഒരില ഞെട്ടിൽ നിന്നു വേർപെടുന്നു. ഇപ്പോൾ ഓർമ്മയിൽ ഒരു പാര മാത്രം.നഗ്നമായ ആത്മാവിൻ്റെ വിശുദ്ധി വെട്ടിത്തിളങ്ങുന്ന അതിൻ്റെ മുന മാത്രം. ധർമ്മാധർമ്മങ്ങളുടെ വരമ്പിൽ ആഞ്ഞുകൊത്തുന്ന രണ്ട് കൈകളും തിരിച്ചറിവില്ലാതെ ക്രൗര്യവും  സ്നേഹവും കരുത്തും ചതിയും കൂട്ടിക്കുഴച്ചു ജീവിച്ചു. തെറ്റിയപ്പോഴൊക്കെ അമൂർത്തമായ ഒരു മൂല്യത്തിനുള്ളിൽ പതിയിരുന്നു. ഒന്നും കിട്ടിയില്ല. കിട്ടിയത് സ്വയം ഉയർത്തിപ്പിടിച്ച പാര മാത്രം' .

ഇതുപോലെ നിശിതമായി എഴുതുന്ന വരെ ഇപ്പോൾ കാണാനില്ല. പലരും  പൊരുത്തപ്പെടലിൻ്റെ കഥകളാണ് എഴുതുന്നത്. ജീവിതത്തിൻ്റെ  പ്രായോഗികതയിലും സ്വന്തം അതിജീവനത്തിലും ഉപരിപഠനം നടത്തുന്നവർക്ക് മറ്റെന്താണു ശ്രദ്ധിക്കാനുള്ളത്?.

മൂൺ പാലസ് ,ദ് മ്യൂസിക് ഓഫ്  ചാൻസ് തുടങ്ങിയ നോവലുകളെഴുതിയ അമെരിക്കൻ സാഹിത്യകാരൻ പോൾ ഓസ്റ്റർ  പറയുന്നത് ഇതാണ് :' നിങ്ങൾ ഒരു  സാഹിത്യരചനയിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണെങ്കിൽ, ഭാഷയുടെ താളത്തിലേക്ക് ഇഴുകിചേരുന്നതോടെ , അതൊരുതരം സംഗീതമാണ്, നിങ്ങൾ സ്വയമറിയാതെ തന്നെ ആശയങ്ങൾ വിനിമയം ചെയ്യപ്പെട്ടിരിക്കും .നിങ്ങളുടെ ഉപബോധമനസ്സിലേക്കാണ് അത്  പ്രവേശിക്കുന്നത് .കഥയുടെ മിക്കവാറും ഭാഗങ്ങൾ സൃഷ്ടിക്കുന്നത്  ഈ  താളമാണ് ' .


നുറുങ്ങുകൾ

1)വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസൻ്റ്  വാൻഗോഗിനെ( 1853 -1890) പ്രചോദിപ്പിച്ചത്- ജപ്പാനിൽ നിന്നു കൊണ്ടുവന്ന നൂറുകണക്കിന് 'യുകിയോ ഇ ' പ്രിൻ്റുകളാണ്. അദ്ദേഹം ജപ്പാനിൽ പോയിട്ടില്ല .ജപ്പാനിൽ പത്തൊൻപതാം നൂറ്റാണ്ടിൽ തുണിയിൽ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ ഉപയോഗിച്ചിരുന്നത് ഈ പ്രിൻ്റുകളാണ്.

അതിലെ കട്ടികൂടിയ നിറങ്ങളും തെളിമയുമാണ് വാൻഗോഗിനെ ആകർഷിച്ചത്. ഈ ചിത്രങ്ങളിലെ  പൊതുപ്രമേയം പ്രകൃതിയിലെ വിവിധ ദൃശ്യങ്ങളായിരുന്നു. ജാപ്പനീസ്  കലാകാരനായ ഹിരോഷിഗ് വരച്ച ഷിൻ - ഒഹാഷി പാലത്തിൽ മഴപെയ്യുന്ന ഒരു ചിത്രമുണ്ട്. അതിനെ അനുകരിച്ച് ,കുറേക്കൂടി വർണ്ണാഭമായി വാൻഗോഗ് അതേ ചിത്രം പുനരാവിഷ്കരിച്ചിട്ടുണ്ട്‌.

2)പഞ്ചഭൂതങ്ങളും മലിനമായിരിക്കുകയാണ്. ഇനിയൊരു യുദ്ധം വേണ്ടത് പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നതിലായിരിക്കണം. ഓരോ മനുഷ്യനും ആ പോരാട്ടത്തിലെ  സൈനികനാവണം.ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ 'ആവാസം'(മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കവിതയിൽ എല്ലാ പൂക്കളും വിരിഞ്ഞ് , നദികൾ ശുദ്ധമായി തെളിയുന്ന കാലത്തെ  സ്വപ്നം കാണുന്നുണ്ട് .

'മർത്ത്യരെല്ലാമൊരേ ഭൂമിപെറ്റ
മക്കളെന്നുള്ള പാഠം
നിവർത്തി
കാളകൂടമുറഞ്ഞൊരീ മണ്ണും
വായുവും ജലപാളിയും വിണ്ണും
ആകെ ശുദ്ധമായി മാറ്റുന്ന
കർമ്മധീരതയാലെ
ഭൂവണുരൂ'

3)ലോകം കുഴഞ്ഞുമറിഞ്ഞു പോയതിൻ്റെ പേരിൽ ദൈവത്തോട് കലഹിക്കുന്ന ഒരു കഥാപാത്രത്തെ പി. ജെ.ജെ ആൻറണി 'കൊന്തയും പല വിചാരങ്ങളും ' (ദീപിക വാർഷികപ്പതിപ്പ്)എന്ന കഥയിൽ അവതരിപ്പിക്കുന്നുണ്ട്. പരിവർത്തത്തിനുവേണ്ടി ദാഹിച്ച്, ഒടുവിൽ മാനസികവിഭ്രാന്തിയിലക്ക് നീങ്ങുന്ന ആ വയോധികൻ്റെ മനസ്സിൽനിന്ന് തീ തുപ്പുന്ന വാക്കുകളാണ് വന്നത്. 'ഒരിക്കലും ഉണർച്ചയിലെത്താത്ത മന്ദബുദ്ധിയായ പ്രയോജനശൂന്യനായ ഒരുറക്കക്കാരനാണ് നീയെന്ന് അപ്പാപ്പൻ ദൈവത്തെ നിന്ദിച്ചു'.
ലോകജീവിതത്തിനു ഒരു നീതിയുമില്ലെന്ന് ,യുക്തിയുമില്ലെന്ന് പറയുകയാണ് കഥാക്യത്ത്.

2)ദൈവം മനുഷ്യചിന്തയിൽ നിന്ന് അപ്രത്യക്ഷമായതിൻ്റെ പ്രതികരണം എന്ന നിലയിൽ 'ദൈവം മരിച്ചു' എന്ന് ജർമ്മൻ ചിന്തകനായ നിഷേ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്: ' ദൈവം മരിച്ചു. ദൈവം മരിച്ചതായി കാണപ്പെടുന്നു. നമ്മളാണ് അവനെ കൊന്നത് .നമുക്കെങ്ങനെ സ്വസ്ഥത കിട്ടും, കൊലപാതകികളിൽ കൊലപാതകികളായ നമുക്ക്?'.

നിഷേ ഉദ്ദേശിച്ചത് ദൈവം ഇല്ലാതായി എന്നല്ല; മനുഷ്യൻ്റെ സ്വാർത്ഥമായ ആഗ്രഹങ്ങളുടെ പേരിൽ അവൻ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങൾ ദൈവത്തെ തൃണവൽഗണിച്ചു ക്രൂരമായി തീർന്നു എന്നാണ്.

3)സുധാകരൻ ചന്തവിളയുടെ 'പിൻവിളി '(ആശ്രയമാതൃനാട്, ആഗസ്റ്റ് )എന്ന കവിതയിൽ
'മറക്കുന്തോറും ഓർക്കുന്ന ഓർക്കുന്തോറും മറക്കുന്ന
ഈ മറവിക്കും ഓർമ്മക്കും
മരുന്നെന്താണെന്ന്
മുറ്റത്തേക്ക് ഓടിയടുക്കുന്ന
ഓന്തിനോടും അരണയോടും
വെറുതെ ചോദിച്ചു '.

വീട്ടുവിചാരങ്ങളിൽ നീറിപ്പുകഞ്ഞു തന്നിലേക്കുതന്നെ ആഴ്ന്നിറങ്ങി ചുരുണ്ടുകൂടുന്ന ,ഓർമ്മയെ ഭക്ഷിക്കുന്ന ഒരാളുടെ മനോഗതമാണിത്. മനുഷ്യാവസ്ഥയുടെ  സർപ്പിളാകൃതിയിലുള്ള ഇറക്കങ്ങൾ ഇവിടെ കാണാം.

4)വി.ജെ. ജയിംസ് ,ടി.ഡി.രാമകൃഷ്ണൻ ,ഇ.സന്തോഷ്കുമാർ  തുടങ്ങിയവരെ സമീപകാലത്ത് പലരും പ്രതീക്ഷയോടെ കണ്ടിരുന്നു.

എന്നാൽ ഇവർ അടുത്തിടെ എഴുതിയ കഥകൾ  വളരെ അപക്വവും അപ്രസക്തവുമായിരുന്നു. ജയിംസ് 'പാതാളകരണ്ടി' എന്ന കഥ എഴുതുതായിരുന്നു. ഇങ്ങനെയുള്ള അസംഗത രചനകൾക്ക് ഇന്നു സ്ഥാനമില്ല. രാമകൃഷ്ണന് ചിന്തകളില്ല ,തത്ത്വചിന്തയുമില്ല .സന്തോഷ്കുമാറിനു ഇനിയും ചെറുകഥ കലാരൂപമാണെന്ന് ബോധ്യമായിട്ടില്ല .

5)ചുമർചിത്രകാരനും  എഴുത്തുകാരനുമായ ജി. അഴീക്കോടിനെക്കുറിച്ച് ശരത്ചന്ദ്രലാൽ  എഴുതിയ പുസ്തകം ശ്രദ്ധേയമാണ്.' 'ജി .അഴീക്കോട് ചിത്രകലയിലെ കുടുംബകൂട്ടായ്മ 'എന്നാണ്  പുസ്തകത്തിൻ്റെ പേര്. അരനൂറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുകയാണ് അദ്ദേഹം .ജി.അഴീക്കോടിൻ്റെ ഭാര്യ ശ്യാമളകുമാരിയും മകൻ ബിജുവും ഈ രംഗത്ത് തന്നെ തുടരുന്നു എന്ന  സവിശേഷിതയുമുണ്ട്.ജി.അഴീക്കോടിൻ്റെ പുസ്തകത്തെപ്പറ്റിയുള്ള കുറിപ്പ് 'പ്രഭാവം' (സെപ്റ്റംബർ ) മാസികയിലുണ്ട്.

6)ശ്യാമശൈലത്തിൽ
കുരുങ്ങിയ
മഴനിലാവിൻ
മുടിയഴിഞ്ഞെൻ
ഗ്രാമസൗഭാഗ്യങ്ങളെപെൺ
സുഗന്ധം പുൽകി ...

ഏഴാച്ചേരിയുടെ കവിതയിലെ വരികളാണിത്. സിനിമാപ്പാട്ടിലെ വരികൾ അനുകരിച്ച് തട്ടിക്കൂട്ടിയതാണ്. എല്ലാം അവർത്തന വിരസമായ പ്രയോഗങ്ങൾ .യാതൊരു അർത്ഥവുമില്ലാത്ത പദസംയോജനങ്ങൾ.

7)സിനിമാഗാനങ്ങളെ സാഹിത്യമായി ഗണിക്കേണ്ടതില്ല. കാരണം അതിനു ആഴമില്ല .അത് സിനിമയ്ക്ക് വേണ്ടി ,സന്ദർഭം പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതാണ്. അതിൽ ശബ്ദ ഭംഗി ,എഡിറ്റിംഗ് ,ബിംബങ്ങൾ എന്നീ കാര്യങ്ങൾ ഉചിതമായി ചേർന്നാൽ ധാരാളമായി.എന്നാൽ സിനിമാഗാനത്തിലെ ഭാഷ കണ്ട് അതുപോലെ കവിതയെഴുതിയാൽ ഫലമുണ്ടാവില്ല. കവിത സ്വന്തം മനസ്സിൻ്റെ ,വ്യക്തിഗതമായ സൃഷ്ടിയാണ്. ഗാനം അങ്ങനെയല്ല .

8) കാട് കറുത്ത കാട്
മനുഷ്യനാദ്യം പിറന്ന വീട്,
കൊടുങ്കാറ്റിൽ ചിറകുവീശി
തളർന്ന പൊന്മാനിരുന്ന
കൂട് '
എന്ന പാട്ട് ഓർക്കുമല്ലോ . നീലപ്പൊന്മാൻ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയതാണ്. എന്നാൽ വരികൾ വായിച്ചാൽ കിട്ടാത്ത ഒരു ഭാവഗഹനതയാണ് സംഗീതമിട്ട സലിൽ ചൗധരി നൽകിയിരിക്കുന്നത്. ഒരു അത്ഭുതഗാനമാണിത്. അതീതത്തെയും ഐന്ദ്രിയതയെയും കൂട്ടിയിണക്കി അപാരതയെ ജപിച്ചു വരുത്തുന്ന മാന്ത്രികതയാണിവിടെയുള്ളത്.
ഭൂമിയുടെ അപ്പുറത്തു നിന്നു വരുന്ന ശബ്ദംപോലെ നിഗൂഢഭംഗിയോടെയാണ് യേശുദാസ് ആലപിക്കുന്നത്. സംഗീതസംവിധായകൻ്റെ മനസ്സിൽ നിന്നാണ് ഈ പാട്ടുണ്ടായത് ,വരികളിൽ നിന്നല്ല.


 

Friday, September 17, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/പൂക്കളെ അറിയാത്ത പൂമരം/metrovartha sept 13, 2021

അക്ഷരജാലകംlink
എം.കെ.ഹരികുമാർ



പൂക്കളെ അറിയാത്ത പൂമരം


സ്വയം അപഹാസ്യനെന്ന് വിശേഷിപ്പിക്കുന്ന ഒരുവനെ റഷ്യൻ സാഹിത്യകാരനായ  ദസ്തയെവ്സ്കി 'ദ് ഡ്രീം ഓഫ് എ റിഡിക്കുലസ് മാൻ' ( പരിഹാസ്യനായ ഒരാളുടെ സ്വപ്നം ) എന്ന കഥയിൽ സൃഷ്ടിച്ചിട്ടുണ്ട്. സകല സമൂഹങ്ങളെയും ബാധിച്ചിരിക്കുന്ന ഭോഗതൃഷ്ണയും അമിതമായ ആഗ്രഹങ്ങളും എങ്ങനെ സ്വീകാര്യമായ വിധം സ്ഥാനം നേടി പ്രത്യേക രോഗമാകുന്നുവെന്നും അതുതന്നെയാണ് സഹനം എന്ന നിലയിൽ നമ്മൾ മഹത്വവത്ക്കരിക്കുന്നതെന്നും കഥയിൽ  പറയുന്നുണ്ട് .സുഖഭോഗങ്ങൾ നേടാൻ വേണ്ടി അതിനിന്ദ്യമായവിധം സഹിക്കുന്ന മനുഷ്യനെ അദ്ദേഹം  അപഗ്രഥിക്കുന്നു. ഈ കഥയുടെ ഒടുവിൽ അദ്ദേഹം ഇങ്ങനെ എഴുതി:
'നിങ്ങളെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുക - അതാണ് പ്രധാന കാര്യം. ഇതാണ് എല്ലാം. മറ്റൊന്നിൻ്റെയും ആവശ്യമില്ല. കാര്യങ്ങളെ എങ്ങനെ നേരെയാക്കണമെന്ന് ഇത് ബോധ്യപ്പെടുത്തി തരും.'

ജീവിതത്തിൽ യാതൊന്നിലും അർത്ഥം കണ്ടെത്താനാവാതെ വിഷണ്ണനായി, തന്നിലേക്കുതന്നെ ഉൾവലിഞ്ഞ്  രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവന്ന ആ പരിഹാസ്യൻ്റെ മുന്നിലേക്കാണ് ഒരു പിഞ്ചുബാലിക തൻ്റെ മാതാവിനെ  രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഓടിവന്നു കരഞ്ഞു പറഞ്ഞത്. എന്നാൽ സ്വന്തം ശൂന്യതയുടെ പീഡനത്തിൽ ദൃഢചിത്തനും ലക്ഷ്യമില്ലാത്തവനുമായിത്തീർന്ന ആ മനുഷ്യനു, ബാലികയെ  മനസ്സിലാക്കാൻ കഴിഞ്ഞില്ല. അയാൾ തൻ്റെ ആത്മാവിൻ്റെ ജീർണതയിൽ  സ്വയം ഒളിപ്പിച്ചു  പരാജയപ്പെട്ടുവെങ്കിലും സുരക്ഷിതനാണെന്ന നാട്യത്തിൽ തൻ്റെ താമസസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു. ആരോടും ഒരു സ്നേഹമോ താൽപര്യമോ ഇല്ലാതിരുന്ന അയാൾ അന്ന് കണ്ട സ്വപ്നം ദസ്തയെവ്സ്കി കഥയിൽ സവിസ്തരം വിവരിക്കുന്നുണ്ട്.

സത്യങ്ങൾ ഒരുപോലെയല്ല

എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയാൾ അപ്പോഴാണ് മനസ്സിലാക്കിയത്. താൻ തിന്മയുടെ ഒരു ചായമാണ് സമൂഹത്തിൽ കലക്കിക്കൊണ്ടിരിക്കുന്നതെന്ന് അയാൾ പരിഭ്രമത്തോടെ തിരിച്ചറിഞ്ഞു. ജീവനോടെ ഇരിക്കുകയെന്നാൽ മരിച്ചതുപോലെ ശേഷിക്കുകയല്ല എന്ന സത്യം അയാളുടെ മസ്തിഷ്കത്തിലേക്ക് ജ്വാല പോലെ കടന്നുവന്നു. ആകാശത്തിലേക്ക് നോക്കിയപ്പോൾ കണ്ട നക്ഷത്രം അയാളോട്  ആത്മഹത്യ ചെയ്യൂ എന്ന് ആഹ്വാനം ചെയ്തത് ഉൾക്കൊണ്ട അയാൾ  തൻ്റെ തോക്കെടുത്ത് പലതവണ വെടിവച്ച് മരിക്കാൻ നോക്കിയതാണ്.

സ്വപ്നം കണ്ടുകഴിഞ്ഞപ്പോൾ, അയാൾക്ക് തോന്നി താൻ വെറും  പരിഹാസ്യനല്ലെന്ന് . തനിക്ക് ചിലത്  ചെയ്യാനുണ്ട് .ലോകം വിരൂപമായ ഒരു മനോവിചാരത്തെയാണ് സുഭഗമായതെന്ന മട്ടിൽ നടപ്പാക്കുന്നതെങ്കിൽ ,തന്നിൽ നിന്നു തന്നെ തെറ്റുതിരുത്താനുള്ള ആദ്യത്തെ പരിശ്രമം ഉണ്ടാകണം. അതുകൊണ്ടാണ് താൻ റോഡിൽ വച്ചു കണ്ട പിഞ്ചുബാലികയെ ഉടനെ തന്നെ കണ്ടുപിടിച്ച് അവളുടെ സങ്കടം തീർക്കണമെന്ന ഉറച്ച ചിന്ത അയാൾക്കുണ്ടായത്.അയാൾക്ക് അവളെ  കാണണമെന്നു തോന്നിയത് വലിയൊരു തിരുത്താണ്, തുടക്കമാണ്. മാനവരാശിയോടുള്ള ഒരാഭിമുഖ്യവും സമീപനവും അതിൽ അന്തർഭവിച്ചിട്ടുണ്ട്. ഒരാൾ ഒരു പൂമരമാണ്. പക്ഷേ ,അയാൾ അതറിയുന്നില്ല. അയാളുടെ സ്വപ്നങ്ങളിൽ തൻ്റെ പൂക്കൾ മാത്രമില്ല .

മനുഷ്യൻ ഒരു കാലമാണ്. അവൻ്റെ മാത്രം കാലം. അവൻ്റെ കാലമല്ല മറ്റൊരാളുടേത്. ഒരാളുടെ കാലം  അയാളുടെ മനസ്സിനകത്താണ്. അയാൾ ശാരീരികമായി ഒരു  ഉണ്മയായിരിക്കുന്നതിൻ്റെ  പരിധിക്കകത്താണ് അയാളുടെ കാലം. അത് മറ്റൊരാളുടെ കാലവുമായി സന്ധിക്കാനാവില്ല. ഒരുവൻ ഒരു കലമുണ്ടാക്കുന്നു .മറ്റൊരാൾ വേറൊരു കലമുണ്ടാക്കുന്നു. രണ്ടും രണ്ടു കാലമാണ്. രണ്ടു കലങ്ങൾ തുടർച്ചയായി നിർമ്മിക്കുമ്പോഴും അത് ഒരു കാലത്തിലല്ല. അമെരിക്കൻ വാനശാസ്ത്രജ്ഞയായ മരിയ മിച്ചെല്ലി  ഇങ്ങനെ നിരീക്ഷിക്കുന്നു: ' ഓരോ കാലവും സത്യമാണ്. പക്ഷെ, സത്യങ്ങൾ ഒരുപോലെയല്ല'.

രണ്ടു സത്യങ്ങൾ പരസ്പരവിരുദ്ധമാകാം; അലോപ്പതിയിലും ഹോമിയോപ്പതിയിലും സത്യങ്ങളുണ്ട്. എന്നാൽ രണ്ടും പരസ്പര വിരുദ്ധമാണ്. ശരീരശാസ്ത്രത്തിലെ സത്യങ്ങളും മന:ശാസ്ത്രത്തിലെ  സത്യങ്ങളും ചേരണമെന്നില്ല. മനുഷ്യൻ്റെ പെരുമാറ്റത്തിലെ വ്യത്യസ്തതകളും ഒറ്റപ്പെടലും എല്ലാം വേറെ വേറെ സത്യങ്ങളാണ്. അത് പരസ്പരം ചേരാത്തതുകൊണ്ട്  മനുഷ്യജീവിതം നരകമായിരിക്കുന്നു . നിരാശയും ദുഃഖവും ഒഴിയുന്നില്ല.

പ്രേമവും അഗ്നിയും

ജോൺ സാമുവൽ എഴുതിയ 'കല്യാണിയും മിയയും' (മെട്രോവാർത്ത വാർഷികപ്പതിപ്പ്) പുതുമയുള്ള ഒരവതരണമാണ്. കഥാഖ്യാനത്തിൻ്റെ  ചതുരവടിവുകളെയും  കഥാപാത്രങ്ങളെക്കുറിച്ചുള്ള  സങ്കൽപ്പങ്ങളെയും ചീന്തിയെറിഞ്ഞു  മനുഷ്യൻ എന്ന ജീവിയുടെ സഹജമായ അസാമ്പ്രദായിക സ്വഭാവങ്ങളെ പരിശോധിക്കുകയാണ് കഥാകൃത്ത്.

മനുഷ്യൻ ചിലപ്പോൾ യാഥാസ്ഥിതികനും ചപലനുമായിരിക്കും. എന്നാൽ അവൻ്റെ പെരുമാറ്റം എപ്പോഴും അസാമ്പ്രദായികമായിരിക്കും. എന്നു പറഞ്ഞാൽ, തൊട്ടു തലേ ദിവസത്തെ പോലെയോ ,നേരത്തെ ശീലിച്ചു വന്നതുപോലെയോ ആയിരിക്കില്ല അവൻ്റെ പെരുമാറ്റം. അവനുപോലും അജ്ഞാതമായിരിക്കുമത്. സ്വയം ധ്വംസിക്കുന്നതിൽ അവൻ , വിജയത്തെ കാണുകയാണ്. കഥാകൃത്ത് നോക്കുന്നത് കല്യാണിയുടെ കണ്ണുകളിലൂടെയാണ്. അവൾ നഗരത്തെ കാണുന്നത് എരിഞ്ഞുകത്തുന്ന ഒരു അഗ്നി പർവതമായാണ്. ആർക്കും ആരെയും സ്നേഹിക്കാൻ കഴിയുന്നില്ല, സ്നേഹിക്കാനുള്ള ബുദ്ധിയും ശേഷിയും ആവോളം ഉണ്ടായിട്ടും. ഒന്നും നേരെ ആകുന്നില്ല.

'കത്തിക്കാളുന്ന ഹൃദയവുമായി ഓരോ നഗരവും നാളെയുടെ സ്വപ്നങ്ങൾക്കായി കാതോർക്കുകയാണ് ' - ഈ വാക്യം കഥയിലെ അവ്യവസ്ഥയോടെ ആഴം  കാണിച്ചുതരുന്നു. ലോകം ഇരുപതു  വർഷത്തിനപ്പുറം തീക്ഷ്ണമായ ചൂടിൽ വെന്തുരുകുമെന്ന ശാസ്ത്രമതം കഥയിൽ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ വലിയ ചൂടും വിറളിയും ഓരോ വ്യക്തിക്കും ഉള്ളിൽ നിറയുകയാണ് .കാലവർഷക്കാറ്റിൽ  പനിച്ചു വിറച്ച് കൂനിക്കൂടിയിരിക്കുമ്പോൾ ഉള്ളിൽ കെടാതെ ശേഷിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾക്ക് ആർത്തി മാത്രം എന്ന് എഴുതുന്നത് ഇതിനു  തെളിവാണ്.

മനുഷ്യൻ്റെ നിത്യമായ അശാന്തിയെ സ്പർശിക്കുന്ന ഈ കഥ മഹത്തായ പ്രേമത്തെ വസന്തമായി പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അഗ്നിശലാകയായ മനുഷ്യനെ കഥാകൃത്ത് പ്രേമഋതുവായി സങ്കല്പിക്കുന്നു.എന്നാൽ പ്രണയവും സൗന്ദര്യവും ഈ ലോകം അർഹിക്കുന്നില്ല .ആർക്കാണ് അത് വേണ്ടത് ? എല്ലാം പാഴ്കിനാവുകളായി ,ഒരു ചലച്ചിത്രകാരൻ്റെ മനസ്സിലൂടെ മിന്നികടന്നുപോകുന്ന ചിത്രീകരിക്കാത്ത സിനിമയുടെ ദൃശ്യങ്ങൾപോലെ അവസാനിക്കുകയാണ്. നമ്മൾ ഒരിക്കലും ഈ ലോകത്തെ  മനോഹരമായ ഒരു പ്രദേശമായിരിക്കാൻ സമ്മതിക്കില്ല. കാരണം നമുക്ക് എല്ലാറ്റിനെയും  നശിപ്പിക്കുന്നതിനാണല്ലോ താല്പര്യം.

ആത്മഹത്യ ചെയ്യുന്നത്

നമ്മൾ ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ ,കരുതുമ്പോൾ, സംരക്ഷിക്കുമ്പോൾ , പരിപാലിക്കുമ്പോൾ അതിനെ ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ഫടികപാത്രം നാം നിത്യേന തുടച്ചുവൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ അത് നമ്മോടു സ്നേഹത്തിൽ സംസാരിക്കുന്നതായി അനുഭവപ്പെടും. ഒരു പൂച്ചക്കുട്ടിയെ സ്നേഹിച്ചാൽ അതു നമ്മുടെ മനസ്സിലേക്ക് കയറി വരും.എന്നാൽ നമ്മൾ അകലുകയാണെങ്കിൽ , ഒഴിവാക്കുകയാണെങ്കിൽ, നിന്ദിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ഓരോ വസ്തുവും , ജീവനുള്ളതും ഇല്ലാത്തതും ,ആത്മഹത്യ ചെയ്യും! .
ഇതു കുറേക്കൂടി വിശദമാക്കാം. നമ്മുടെ അകൽച്ചയുടെ, സ്നേഹശൂന്യതയുടെ ആഘാതത്തിൽ ഏതൊരു വസ്തുവും ഗതികെട്ടു പതിക്കും;നിറംകെട്ട് പഴയതായി പോകും .അങ്ങനെ അതിനു പ്രപഞ്ചവുമായുള്ള രമ്യത നഷ്ടപ്പെടും. അത് മരണത്തിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കും. ക്രമേണ അത്  ആത്മഹത്യ ചെയ്യും. സ്ഫടികപ്പാത്രം പൊടിപിടിച്ച്, ഒരിക്കലും വൃത്തിയാക്കാനാവാത്ത തരത്തിൽ ചീത്തയായിപ്പോകും. പൂച്ചക്കുട്ടി എങ്ങോട്ടെങ്കിലും ഓടിപ്പോകും; പരിചയംപോലും കാണിക്കില്ല .

ഓരോ നിമിഷത്തിലും ഒരു പ്രപഞ്ചാവസാനമുണ്ട്. ഭാവിയുണ്ട്  എന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് നമ്മൾ യാതൊന്നിനെയും തുടർച്ചയായി കാണുന്നത്.  പശുവിനെ കറന്ന് പാൽ എടുക്കുന്നത് നമുക്ക് പ്രപഞ്ചാവസാനമാണെന്ന് തോന്നാത്തത് ഭാവി എന്ന സങ്കല്പമുള്ളതുകൊണ്ടാണ്. പിന്നെയും പശുവിനെ കറക്കാം എന്ന ചിന്തയിൽ നിന്ന് ചീന്തിയെടുക്കുന്നതാകയാൽ  ആ നിമിഷം അവിടെ അവസാനിക്കുന്നില്ല. എന്നാൽ ഭാവിയില്ലെന്ന് കരുതിയാൽ ഓരോന്നും പൂർണതയെ പ്രാപിക്കുന്നത് കാണാം.യഥാർത്ഥത്തിൽ ,ആശയങ്ങളുടെയും ചിന്തകളുടെയും സാധ്യതകൾ ഒരിക്കലും അവസാനിക്കുന്നില്ല.  ഓരോ സംഭവത്തിലും പാരമാർത്ഥിക ജ്ഞാനത്തിൻ്റെ സത്ത അലിഞ്ഞു ചേർന്നിരിക്കുന്നു. അതേസമയം ആ പൂർണത ഒരു അവസാനവുമാണ്. അവിടെ സൃഷ്ടിയില്ല .സൃഷ്ടിയുണ്ടാകണമെങ്കിൽ സ്വയം നിരസിക്കുകയും സ്വയം നിർമ്മിക്കുകയും വേണം. ഗോപൻ മൂവാറ്റുപുഴയുടെ 'വാരമ്മാൻ്റെ തലയിണ' (മെട്രോവാർത്ത വാർഷികപ്പതിപ്പ് ) എന്ന കഥയിലെ വാരമ്മാൻ്റെ പെട്ടെന്നുള്ള മരണവും, അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ തലയിണയിൽ കണ്ട പ്രകാശം ക്ഷീരസാഗരത്തിലേക്കുള്ള വാതിലായി മാറിയതും കാലത്തിൻ്റെ ഈ സമസ്യയെക്കുറിച്ച് ഓർമ്മിപ്പിച്ചു.

ഈ കഥ ഇങ്ങനെയും വായിക്കാം. വാരമ്മാൻ്റെ അനിശ്ചിതമായ മരണത്തിൽ അയാളുടെ ജീവിതം മറ്റൊരു ലോകത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ് ചെയ്തത്. ആ ശൂന്യതയെ മറികടക്കുന്നതാണ് കഥയിലെ സാരം.
ഒരനുഭവത്തിനു തുടർച്ചയില്ല. അത്  അതിൽ തന്നെ പൂർണതയെ  ഉൾക്കൊള്ളുകയാണ്. പൂ വിരിയുന്നത് പൂ കൊഴിയുമെന്നതുകൊണ്ടല്ല; പൂവായിരിക്കുക എന്ന പ്രകൃതിനിയമത്തിൽനിന്ന് ഒഴിയാനാവാത്തതുകൊണ്ടാണ്

നുറുക്കുകൾ

1)അർത്ഥത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ മാറ്റിവച്ച് പദങ്ങളെ സമീപിക്കുകയാണ് ജെയിംസ് ജോയ്സ് ' യുളീസസ്' എന്ന നോവലിൽ ചെയ്തത്. ഇന്നും ആ  നോവൽ പൂർണമായി ഗ്രഹിച്ചവർ  ആരുമില്ല. ലോകസമസ്യയായ ആ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ .മൂസക്കുട്ടിയുമായുള്ള സംഭാഷണം (പ്രഭാതരശ്മി ,ആഗസ്റ്റ് ) ഉചിതമായി.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒരു പ്രദേശം കീഴടക്കുന്നപോലെയാണ് 'യുളിസസ്' പരിഭാഷ.

2)അടൂർ ഗോപാലകൃഷ്ണൻ തൻ്റെ  സിനിമകളിലെ സംഭാഷണങ്ങളെക്കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിക്കണം.( കഥാപുരുഷൻ, എം.ബി.സന്തോഷ് ,മെട്രോവാർത്ത വാർഷികപ്പതിപ്പ് ) അതിവേഗത്തിലുള്ള സംസാരരീതി പോപ്പുലർ സിനിമകളിൽ ഒരു വികാരമൂർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. അടൂർ ആ രീതി തൻ്റെ സിനിമകളിൽ  അനുവദിക്കുന്നില്ല.'ഒരാൾ മരിച്ചാൽ 'എൻ്റമ്മോ' എന്ന് നിലവിളിക്കണം. ശരിക്കും ജീവിതത്തിൽ അങ്ങനെ സ്വിച്ചിട്ടപോലെ നിലവിളിക്കാറില്ല. അരിച്ചരിച്ചാണ് മരണം നമ്മിലേക്കിറങ്ങുക. അടുപ്പമുള്ളവരുടെ  മരണത്തിൻ്റെ പ്രത്യാഘാതം വർഷങ്ങളോളമാണ് നിലനിൽക്കുക .അല്ലാതെ ഒരു വിളി വിളിച്ചു തീർക്കുന്നതല്ല . അതൊക്കെ മനുഷ്യൻ്റെ അനുഭവങ്ങളെ നിരീക്ഷിക്കാതെ ചെയ്യുന്നതാണ്' .

3)'പാട്ടായൊരു പക്ഷി
പറന്നുയരുന്നു...
സമുദ്രത്തിന്നാഴം
കടഞ്ഞെടുക്കുന്നൂ
മറഞ്ഞൊരീണങ്ങൾ
കൊരുത്തെടുക്കുവാൻ
തുടിക്കുന്നൂ മനം '
എം.പി.പവിത്രയുടെ 'ചിലമ്പൊച്ച' (ജനയുഗം) എന്ന കവിതയിലെ വരികൾ ജീവിതത്തിൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് ചെവിയോർക്കാൻ പ്രേരിപ്പിക്കുന്നു.

4)കോട്ടയം പുഷ്പനാഥിൻ്റെ  ഡിറ്റക്ടീവ് നോവലുകൾ ഒരു വലിയ ശേഖരമാണ്.  ചെറുമകൻ റയാൻ പുഷ്പനാഥ് എഴുതിയ ലേഖനത്തിൽ (ആധുനികതയിൽ കോട്ടയം പുഷ്പ നാഥ് ,ദീപിക വാർഷികപ്പതിപ്പ്) അദ്ദേഹത്തിൻ്റെ നൂറ് നോവലുകൾ വിവിധ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ലഭ്യമാക്കിയതായി അറിയിക്കുന്നു. സമീപഭാവിയിൽ കൃതികൾ പുസ്തക രൂപത്തിൽ അച്ചടിക്കാനും ഷോപ്പിൽ  വിൽക്കാനും പ്രയാസമായിരിക്കും. ലോൺ ത്രെഡ് ബുക്സ്, ആമസോൺ കിൻഡിൽ ,ഓവർഡ്രൈവ് ,സ്ക്രിബ്ഡ്, കോബോ, സ്‌റ്റോറിടെൽ ,പുസ്തക ഡിജിറ്റൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കോട്ടയം പുഷ്പനാഥിൻ്റെ  കൃതികൾ ഓൺലൈനായി വായിക്കാം.

5)ജീവിതമെന്ന പുസ്തകം വെറുതെ വായിച്ചു മടുത്തുവെന്ന് പറയുകയാണ് മേലൂർ വാസുദേവൻ 'പുസ്തകം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,സെപ്റ്റംബർ 11 ) എന്ന കവിതയിൽ .
താളുകളെല്ലാം
ദ്രവിച്ചു തുടങ്ങുമീ
കീറിയ പുസ്തകം
വായിക്കെ ,
കണ്ണുകൾ നീറിത്തുടങ്ങുന്നു ,
വേദന വേദമായി
മാറിയതോർത്ത്
ചിരിച്ചുപോവുന്നു ഞാൻ! '

6)പ്രേമിക്കാൻ ശരീരം തന്നെ വേണമെന്നില്ല. മാംസനിബദ്ധമല്ലാതെയും പ്രേമിക്കാം. പക്ഷേ, അത് ജീവിതംകൊണ്ടേ മനസ്സിലാക്കാനാവൂ. അടുതല ജയപ്രകാശ് (പ്രണയോപനിഷത്ത് , പച്ചമലയാളം ,ആഗസ്റ്റ് ) എന്ന കവിതയിൽ അത് വ്യക്തമാക്കുന്നുണ്ട്.
'വാർദ്ധക്യമൂന്നുവടികൾ
സാർത്ഥകം
നീട്ടുന്നതിൻമുൻപ്
രുധിരമർദ്ദവും പ്രമേഹവും
ലിംഗത്വ വീര്യമൂറ്റിക്കളഞ്ഞു
ഷണ്ഡത്വ വിസർജനോപാധി
യെഴുതിയെന്നു ചുരുക്കിലും
പഴുത്തു തിളച്ചുമറിഞ്ഞതാം
വിജ്രംഭിത
സുരതസ്മൃതികൾ
മാത്രം മതിയിന്നന്തിയിൽ
രാഗമുദ്രതിളക്കുവാൻ'

7) ഒരു സാഹിത്യകാരൻ എഴുതുമ്പോൾ യാഥാർത്ഥ്യത്തിൻ്റെ അടിത്തട്ടുവരെ ചെല്ലണം. സൂക്ഷ്മമായ വിശകലനവും ഖനനവുമാണ് ഭാഷയിൽ വരേണ്ടത്. ഉപരിപ്ളവമായ വിവരണത്തിന് ആധാരമെഴുത്തു മതി. സാഹിത്യരചന ഒരു പേപിടിച്ച നായ രാത്രിയിലുടനീളം കുരച്ചുകൊണ്ട് അദൃശ്യനായ ഒരു ശത്രു വിൻ്റെ പിന്നാലെ ഓടുന്നതുപോലെയാകണം. അത് അസ്വസ്ഥതയുടെ നേരിൽ ആഴ്ന്നിറങ്ങുകയാണ് ചെയ്യുന്നത്, അഗാധവും അദൃശ്യവുമായതിനെ പുറത്തെടുക്കാൻ .

8)ജീവിതം ഒരു പീഡനമാണോ എന്ന് മഹാനായ തത്ത്വജ്ഞാനി ജിദ്ദു കൃഷ്ണമൂർത്തി ഒരിക്കൽ ചോദിച്ചു. ലോകത്തിലെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യമിതാണത്രേ. അതെ എന്നാണ് ഉത്തരം. നൂറ്റാണ്ടുകളായി മനുഷ്യൻ ദുഃഖവും നിരാശയും അനുഭവിക്കുന്നു. ഇതിന് പരിഹാരമായി നാം പലതും കണ്ടെത്തിയിട്ടുണ്ട്‌.എന്നാൽ ശരിയായ പരിവർത്തനം ഉള്ളിൽ നടന്നാലേ  ഇതിനുത്തരം കിട്ടൂ. അദ്ദേഹം പറയുന്നു, ഇവിടെ നിങ്ങളാണ് ഗുരു,ശിഷ്യൻ .വേറെ ഒരു നേതാവോ യജമാനനോ ഇല്ല .സ്വയം കണ്ടെത്തുക .

9)എല്ലാ അകലവും ഇല്ലാതാക്കിയത് ശാസ്ത്രമാണെന്ന് ലാറ്റിനമേരിക്കൻ  എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞത്  പുതിയ സുവിശേഷമാണ്. എല്ലാ ജാതി, മത ,സാമ്പത്തിക വേർതിരിവുകളും ഇല്ലാതായത് ശാസ്ത്രസാങ്കേതിക സംസ്കാരം വന്നശേഷമാണ്. ഫോൺ, വാഹനം മരുന്ന്, വിമാനം ,തീവണ്ടി, ഇൻ്റർനെറ്റ് ,സിനിമ ,ടെലിവിഷൻ എല്ലാം മനുഷ്യർക്കിടയിലെ സകല ദൂരവും ഇല്ലാതാക്കി.

 

Sunday, September 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/അവരെ ഉയിർപ്പിക്കണം/metrovartha 30/8/2021

 അക്ഷരജാലകം link
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com

അവരെ ഉയിർപ്പിക്കണം

ഒരാൾ എഴുതുന്നത് അയാളുടെ ആകെത്തുകയായ അവബോധത്തിൻ്റെ  പാരമ്യത്തിൽ നിന്നുകൊണ്ടാകണം. ഹെർമൻ ഹെസ്സെ ,തോമസ് മൻ  തുടങ്ങിയവർ അങ്ങനെയാണെഴുതിയത്. കലയിൽ ഒരു ശരാശരി പ്രകടനത്തിനു ആരും മുതിരുകയില്ല, തത്ത്വത്തിൽ . അതിനു  പ്രസക്തിയില്ല.കലയിൽ പരമാവധിയാണ് നോക്കുക. ഒരു സ്ത്രീയെ വരയ്ക്കുമ്പോൾ, വരയ്ക്കാവുന്നതിൻ്റെ പരമാവധി സൗന്ദര്യമാണ് ലക്ഷ്യമാക്കേണ്ടത്.

ഫ്രഞ്ച് ചിത്രകാരനായ റെന്വെ പറഞ്ഞത് ,താൻ വരയ്ക്കുന്ന സ്ത്രീരൂപം കണ്ടാൽ കാണികൾക്ക് അവളോട് പ്രേമമോ കാമമോ തോന്നണമെന്നാണ്. എങ്കിലേ  പരമാവധി സൗന്ദര്യമാകൂ.വരയ്ക്കുന്നത് ഒരു അത്യന്തിക ലാവണ്യത്തിനുവേണ്ടിയാണ് ;ഇടത്തരം സുഖത്തിനു വേണ്ടിയല്ല. യാതൊന്നിൻ്റെയും ആത്യന്തികമായ, അതിഭൗതികമായ, മാന്ത്രികമായ ആവിർഭാവമായിരിക്കണം കല .

സാഹിത്യകലയിൽ അങ്ങനെ സംഭവിക്കാത്തപ്പോൾ അത് വെറും വിവരണമോ ഉപരിപ്ലവവാചകങ്ങളോ ആകുന്നു. നമ്മൾ ജീവിക്കുന്നത് നിമിഷത്തിൻ്റെ വായ്ത്തലയിലാണ്. അത് നിറയെ ജീവിതമാണ്; നശിക്കുന്നതുമാണത്. നിമിഷാനന്തരം  വെറും ഓർമ്മമാത്രമാകുന്നതിൻ്റെ  അനുഭവം .കലയിൽ വരേണ്ടത് ഈ നവീനവും ശുദ്ധവുമായ ഉൺമയുടെ തലമാണ് .ജീവിതത്തിലേക്ക് നമ്മെ  ഇരച്ചെത്തിക്കാൻ കഴിയുമ്പോഴാണ് കലയുടെ ജീവിക്കുന്ന നിമിഷം ഉണരുന്നത്. നാം ജീവിച്ചിരിക്കുന്നതിൻ്റെ രഹസ്യമെന്താണ് ? അതാര്യവും അജ്ഞാതവുമായ ആ അറിവിനെ സൗന്ദര്യത്താൽ പ്രത്യക്ഷവത്ക്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത്. ജീവിതത്തിൻ്റെ രഹസ്യമാണത്.ഇന്നത്തെ കഥയിൽ ജീവിതത്തിൻ്റെ  രഹസ്യമുണ്ടോ? എവിടെയും കാണാനില്ല .സൗന്ദര്യം എന്നു പറയുന്നത് പ്രത്യക്ഷജീവിതത്തിലെ രൂപഭംഗിയല്ല;അത് അതീതമായ ഒരു ലയമാണ്; അസ്തിത്വത്തിന് അപ്രാപ്യമായ ഒരു ലാവണ്യാത്മകതയിലേക്കുള്ള എടുത്തുയർത്തലാണത്.

വിശുദ്ധമായ സത്യസന്ധത

അമെരിക്കൻ കഥാകാരി യൂഡോറ വെൽറ്റി പറഞ്ഞു ,കല ഒരു രാജ്യത്തിൻ്റെ ശബ്ദമല്ല, അത് വ്യക്തിയുടെ ശബ്ദമാണ്‌; സത്യമാണത് ,സുഖകരമല്ലെങ്കിലും.
കഥാരചനയിൽ ഇങ്ങനെ ഒരു ശബ്ദം ഇപ്പോൾ കേൾക്കാനേയില്ല. കൊളമ്പിയൻ എഴുത്തുകാരൻ ഗാർസിയ മാർകേസിൻ്റെ 'ബൽതാസാർസ് മാർവെലസ് ആഫ്റ്റർനൂൺ' എന്ന കഥ നോക്കൂ .ഒരു കാർപെൻഡറാണ് ബൽതാസാർ. അയാൾ ധനികനായ ഒരാളുടെ മകനുവേണ്ടി ഉണ്ടാക്കുന്ന പക്ഷിക്കൂട് വെറുതെയാവുകയാണ്.  മകൻ പറഞ്ഞതു കേട്ട് കൂടുണ്ടാക്കിയതിന് മുതലാളി അയാളെ ആക്ഷേപിക്കുന്നു .ഒടുവിൽ പ്രതിഫലം കിട്ടാതായ സാഹചര്യത്തിൽ കൂട് അയാൾ മുതലാളിയുടെ മകന് വെറുതെ കൊടുക്കുന്നു.
ഇതൊന്നുമറിയാതെ അയൽക്കാർ ബൽതാസാറിനെ ആദരിക്കുന്നു.ഈ കഥയിലെ ശബ്ദം, മാർകേസ് ഉയർത്തിയത് തനിക്കു വേണ്ടിയാണ്; നഷ്ടപ്പെടുന്ന ജീവിതങ്ങൾക്ക് വേണ്ടി.
മനുഷ്യൻ്റെ  അന്തിമമായ വിധിയെ ഓർമ്മിപ്പിക്കുന്ന ഈ കഥ കലയുടെ ശില്പമാണ്. വെറും അനുഭവ വിവരണമല്ല. ഇതിൽ പല മാനങ്ങളുണ്ട്. ബൽതാസാറിൽ നമ്മൾ സ്വയം ദർശിക്കുന്നു. നമ്മെ അയാളുടെ വിധി നൊമ്പരപ്പെടുത്തുന്നു.

ഐറിഷ് കവി സീമസ് ഹീനി പറഞ്ഞു ,സത്യസന്ധമായിരിക്കുകയല്ലാതെ മറ്റു വഴിയില്ല . സ്വന്തം ഏകാന്തതയോടാണ് നിങ്ങൾ സത്യസന്ധനാവേണ്ടത്. അതുപോലെ  നിങ്ങളുടെ രഹസ്യാത്മകമായ ജ്ഞാനത്തോടും സത്യസന്ധനാവണം. പക്ഷേ, എവിടെയാണ് രഹസ്യാത്മക മായ ജ്ഞാനം ? തനിക്കു മാത്രം ബോധ്യപ്പെടുന്ന സത്യങ്ങൾ ?. എവിടെയാണ് തീക്ഷ്ണവും സാരഗ്രാഹിയുമായ ഏകാന്തത ? പ്രകൃതിയുമായുള്ള രമ്യത, അജ്ഞാതകേന്ദ്രങ്ങളുമായുള്ള സംവാദം ,പ്രലോഭനം എന്നിവയൊക്കെയാണ് ഏകാന്തതയിലേക്ക് നയിക്കുന്നത്.

കലാകാരൻ അവനവനോട് സത്യസന്ധനാവണമെങ്കിൽ, ചരിത്രത്തിലേക്കും മിത്തുകളിലേക്കും  മൂല്യങ്ങളിലേക്കും നിർബാധം  സഞ്ചരിക്കാനാവണം. യാതൊന്നിനെയും ആശ്രയിക്കാതെ ഒരു അന്വേഷിയാകുന്നിടത്താണ് കലയെ ശുദ്ധമായി സമീപിക്കാനാവുകയുള്ളൂ.നൂറ്റാണ്ടുകളായി കലയെ സമീപിക്കുന്ന രീതി, മാറ്റമില്ലാതെ തുടരുന്നു.അവിടെ ഒരു ചിതറൽ ആവശ്യമാണ്. പുതിയ അറിവുകളെ തമ്മിൽ സംയോജിപ്പിക്കുന്നതിൻ്റെ രസതന്ത്രം എങ്ങനെ മനസ്സിലാക്കാനാവും ?

ജീവിപ്പിക്കുന്ന ഒരനുഭവം തരാൻ കഥാകാരനു കഴിയുന്നില്ലെങ്കിൽ കഥയുടെ മരണം നടന്നുവെന്ന് കരുതാം. വായനക്കാരൻ്റെ മനസ്സിനെ പുതിയ വെട്ടം നല്കി  ഉണർത്തുകയാണ് വേണ്ടത്. മരിച്ചവരെയെല്ലാം ഉയിർപ്പിക്കണം, അവർക്കും ജീവിതമുണ്ട്. അവരുടെ ദീർഘമായ മൗനത്തെ ,ഘനീഭവിച്ച മറവികളെ ,ബാധിര്യത്തെ ,വിമുഖതകളെ ,നിസ്സംഗതയെ ഉടച്ചുകളഞ്ഞ് ഉണർത്താൻ കഥാകാരനു കഴിയണം.കഥകൾ മരിച്ചവരെയും കോരിത്തരിപ്പിക്കണം. ജീവിതത്തിൻ്റെ സാകല്യത ,സജീവത ,ശ്രദ്ധ ,അർത്ഥം അവിടെയും തിരയണം. എമിലി സോള മരിച്ചവനെ ഉയിർപ്പിച്ചല്ലോ.

പഠിച്ചത് ഉപേക്ഷിക്കണം

കല ജീവിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണം. അത് ഒരിക്കലും മൃതമല്ല .എന്നാൽ കല പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളും പരാജയമാണെന്ന് 'ദ് അഗണി ഓഫ് ദ് ആർട്ടിസ്റ്റ് 'എന്ന കൃതിയിൽ അമെരിക്കൻ കവി ഇ.ഇ.കമിങ്സ് ചൂണ്ടിക്കാട്ടുന്നു. കാരണം ഈ സ്കൂളുകൾ ഇന്നലെകളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ കലയെ അവതരിപ്പിക്കുന്നതിലും  പഠിപ്പിക്കുന്നതിലും പരിമിതിയുണ്ട്.

കഥ എന്തിനുവേണ്ടി നിലനിൽക്കുന്നു? കമിംഗ്സിൻ്റെ അഭിപ്രായത്തിൽ പഠിച്ചത് ഉപേക്ഷിക്കുന്നവനാണ് കലാകാരൻ .എല്ലാ സാഹിത്യകലാപ്രവർത്തകരും ഇങ്ങനെയായിരിക്കണം .പഠിച്ചതുകൊണ്ട് പുതുതായി എന്തെങ്കിലും ആവിഷ്ക്കരിക്കാനാവില്ല. പുതിയത് കണ്ടെത്താൻ വേറെ അന്വേഷിക്കണം. പഠിച്ചത് മറക്കുന്നത് സ്വയം  മനസിലാക്കാനാണ് .തൻ്റെ മനസ്സിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന  അപ്രസക്തവും ജീർണിച്ചതുമായ ചിന്തകളെ ഇറക്കിവിട്ടശേഷം മാത്രമേ എഴുത്തുകാരനു സ്വന്തം മനസ്സിലേക്ക് നോക്കാനാവുകയുള്ളു.അവിടെ എന്താണുള്ളതെന്ന് ഗ്രഹിക്കാനാകൂ. എന്നാൽ കലാകാരൻ്റ ദു:ഖം ഒഴിഞ്ഞുപോകുന്നില്ല. സ്വയം  മനസ്സിലാക്കുന്നതിലും  ആവിഷ്കരിക്കുന്നതിലും  കണ്ടെത്തുന്നതിലും നേരിടുന്ന വെല്ലുവിളികളാണ്
അവനെ ദുഃഖിപ്പിക്കുന്നത്.

മിഥുൻ കൃഷ്ണയുടെ 'കൊയ്യം' (പ്രസാധകൻ ,സെപ്റ്റംബർ) , അഷ്ടമൂർത്തിയുടെ 'കാലഹരണം' (മനോരമ വാർഷികപ്പതിപ്പ്) എന്നീ കഥകളിൽ സംഭവങ്ങൾ, അനുഭവങ്ങൾ എല്ലാം  വിവരിച്ചിട്ടുണ്ട്. ഏറ്റവും ലഘൂകരിക്കപ്പെട്ട ഭാഷയിലാണ് വിവരണം. അതിൽ ഇനി കുറവ് വരുത്താനാവില്ല. ഇവിടെ നീരു വാർന്നുപോയ ശരീരംപോലെയാണ് ഭാഷ .സംഭവങ്ങൾ വിവരിച്ചാൽ ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള ദൗത്യം പൂർണമാകുമോ ? 'കാലഹരണ'ത്തിൽ ഒരു കമ്മ്യൂണിസ്റ്റ് വയോധികൻ്റെ ജീവിതത്തിലൂടെയുള്ള യാത്രയാണുള്ളത്.'കൊയ്യ'ത്തിൽ ക്ഷേത്രത്തിലെ നിധി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ കിടപ്പിലായ സംഭവം കാണാം. ഈ രണ്ടു സംഭവങ്ങളും വളരെ ആഴം കുറഞ്ഞ അനുഭവ മേഖലയായതിനാൽ പുതുമയില്ല  .കാര്യങ്ങൾ , കഥാകാരന്മാർ അവരുടെ നിലയിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്നല്ലാതെ ഒരു കഥയുടെ ആന്തരികത സൃഷ്ടിക്കപ്പെടുന്നില്ല ;ഭാവനചെയ്യാൻ പ്രേരിപ്പിക്കുന്നില്ല .

വെറുമൊരു വിവരണത്തിൻ്റെയും അതിലൂടെ ലഭിക്കുന്ന ഒരു ജീവിത സന്ദർഭത്തിൻ്റെയും ചിത്രീകരണം മാത്രം മതിയോ ഒരു കഥയുടെ സൗന്ദര്യാത്മകമായ വിജയത്തിന്? അല്ലെങ്കിൽ കഥ എന്നു പറയുന്ന സാഹിത്യരൂപത്തിന് കലയുമായി ബന്ധമില്ലെന്നു പറയുന്നതാവും നല്ലത്! .അതു  പക്ഷേ, ആത്മഹത്യാപരമാണ്.അഷ്ടമൂർത്തിയുടെ കഥയിലെ കമ്യൂണിസ്റ്റുകാരൻ്റെ ജീവിതമൊക്കെ നൂറു  തവണ എഴുതപ്പെട്ടതാണ്.അതിൽ ഇനി എന്താണ് പുതുതായി പറയാനുള്ളത് ?  ഒരാളെ പുറമേ നിന്നു നോക്കുന്നതിലല്ല കഥാകൃത്തിൻ്റെ മികവ്. യാഥാർത്ഥ്യത്തിനുള്ളിലേക്ക് കയറണം.

അനുഭവം കലയല്ല

ഒരു മനുഷ്യനെയും വസ്ത്രത്തിൻ്റെയോ , പ്രത്യയശാസ്ത്രത്തിൻ്റെയോ , മതത്തിൻ്റെയോ, വേഷത്തിൻ്റെയോ  പുറംകാഴ്ചയിലൂടെ മനസ്സിലാക്കാനാവില്ല. ഈ തത്ത്വത്തിൽ നിന്നാണ് കലാകാരന്മാർ യാത്ര തുടങ്ങേണ്ടത്. ഇതാ ,ഈ മനുഷ്യനിൽ അപ്രതീക്ഷിതമായ, അപ്രവചനീയമായ ഏതോ ഒരു രഹസ്യമുണ്ട് എന്ന് ചിന്തിപ്പിക്കണം .
അതിവിടെ സംഭവിക്കുന്നില്ല.എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല .അതിലൂടെ നമ്മുടെ അസ്തിത്വത്തിൻ്റെ ഒരു രഹസ്യവും അനാവരണം ചെയ്യുന്നില്ല. മനുഷ്യമനസ്സിൻ്റെ പ്രവർത്തനങ്ങളെയാകെ  തമസ്കരിക്കുകയാണവിടെ. ഒരാളുടെ ആന്തരികലോകം എത്ര ശുഷ്കമായാണ് ഈ കഥകളിൽ പ്രത്യക്ഷപ്പെടുന്നത് .

വാമൊഴിയായി കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതുപോലെ, ദുർബലമാണ് ഇന്നത്തെ കഥാരചനയെന്ന് പറയട്ടെ.   വായനക്കാരുടെ മനസ്സിനെ  വിപുലീകരിക്കുകയും  യാഥാസ്ഥിതികവും അനക്കമറ്റതുമായ  ധാരണകളെ ധ്വംസിക്കുകയും ചെയ്യുന്നതിനു പകരം എല്ലാറ്റിനും ചിന്താരഹിതമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണുന്നത്.അനുഭവം തനിയെ കലയാകില്ല. അതിന് കലാകാരൻ്റെ സ്പർശം ആവശ്യമാണ്. അനുഭവങ്ങളെ സംസ്കരിക്കുകയോ തത്ത്വചിന്താപരമായി സമീപിക്കുകയോ വേണം. ഇതിനു മുകളിലാണ് സൗന്ദര്യം വരേണ്ടത്.കഥാരചനയിൽ കലയ്ക്കാണ് പ്രാധാന്യം.

ചില ചിത്രകാരന്മാർ തെറ്റിദ്ധരിച്ചിട്ടുണ്ട് , ഭീകരവും ബീഭത്സവുമായ രൂപങ്ങൾ കാൻവാസിൽ വരയ്ക്കുന്നതാണ് വായനക്കാരെ ആകർഷിക്കുന്നതെന്ന്; അല്ലെങ്കിൽ കലാപരമായ വിജയമാകുന്നതെന്ന്. കാൻവാസിൽ ഭീതിപടർത്താനേ പാടില്ല; ധ്വനിപ്പിക്കുകയേ ചെയ്യാവൂ. കാൻവാസ്  ശൈലിയുടെയും സൗന്ദര്യത്തിൻ്റെയും  മേഖലയാണ്. കാഴ്ചയുടെ അപാരമായ നിമിഷങ്ങൾ നല്കണമെങ്കിൽ കലാകാരൻ യാഥാർത്ഥ്യത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. സൗന്ദര്യാത്മകമായി വസ്തുക്കളെ പുതുക്കുമ്പോഴാണ് പുതിയകാല ഉണ്ടാകുന്നത്. യുദ്ധം ക്യാൻവാസിൽ വരയ്ക്കുമ്പോൾ ഭീകരതയല്ല വരേണ്ടത്;കാഴ്ചയുടെ ലാവണ്യവും വസ്തുക്കളുടെ പുതിയ രൂപാന്തരവുമായി കാൻവാസ് മാറണം. പിക്കാസോയുടെ ഗൊർണിക്ക, പീറ്റർ പോൾ റൂബൻസിൻ്റെ കോൺസിക്വൻസ് ഓഫ് വാർ ,ഇമ്മാനുവൽ ലിയൂട്സിൻ്റെ ജോർജ് വാഷിങ്ടൻ ക്രോസിംഗ് ദ് ഡെലാവെയ്ർ ,കൊർണേലിയസ് ഡി വയേലിൻ്റെ നേവൽ ബാറ്റിൽ ബിറ്റ്വീൻ ദ് സ്പാനീഷ് ആൻഡ് ടർക്സ് തുടങ്ങിയ ചിത്രങ്ങൾ കലയുടെ സൗന്ദര്യത്തെ അതിഭൗതികമായി  ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്, യുദ്ധത്തെയാണ് വരയ്ക്കുന്നതെങ്കിൽ പോലും .

ഇതുതന്നെയാണ് സാഹിത്യരചനയിലും  പ്രാമുഖ്യം നേടേണ്ടത്. ആവിഷ്കാരം എന്ന കടമ്പയുണ്ട്‌.  അത് പ്രകടമാക്കലാണ് - വാക്കുകളിലും ചിന്തകളിലും വർണങ്ങളിലും.സിനിമാനോട്ടീസോ ,ഫീച്ചറോപോലെ കഥയെഴുതുമ്പോൾ സർഗാത്മകത എവിടെ എന്ന ചോദ്യമുയരും.

നുറുങ്ങുകൾ

1)വി.ഷിനിലാൽ 'സല പില' എന്ന കഥ (മാതൃഭൂമി ഓണപ്പതിപ്പ് )യിൽ  ആസാമിൽ താമസിക്കുന്ന മുസ്ലിം വിഭാഗത്തിൽപെട്ട തൊഴിലാളികളെക്കുറിച്ച് എഴുതിയിരിക്കുന്നു .കഷ്ടപ്പെടുന്ന ഏതു വിഭാഗത്തിൻ്റെയും കഥ എഴുതണം. ഈ കഥയിൽ  ആസാമിലെ പൗരത്വപ്രശ്നവും ഉയർത്തുന്നുണ്ട്. ഹിന്ദുക്കൾ മതിലിനപ്പുറത്താണെന്ന് ധ്വനിപ്പിക്കുന്നു. എന്നാൽ ഇതൊക്കെ വായിക്കുന്നവർ തലകുലുക്കുന്നത് പൗരത്വപ്രശ്നം, കുടിയേറ്റ തൊഴിലാളികൾ, അതിർത്തി ഗ്രാമം തുടങ്ങിയ വിഷയങ്ങളുടെ പേരിലായിരിക്കും; കഥയുടെ പേരിലാകില്ല. കഥയിൽ ഈ വിവരിക്കുന്നതല്ലാതെ മറ്റൊന്നുമില്ല. ഇത് ഒരു ഫീച്ചർ വിഷയമാണ്. വായനക്കാർ നിത്യേന കേൾക്കുന്ന  വാർത്തകളാടൊപ്പമാണ് ഇതും പരിഗണിക്കുന്നത്;കലാനുഭവമായല്ല . ഒരു കഥാകൃത്ത് ഇതിനപ്പുറം പോകണം. കലയുടെ  മന്ത്രികതയിലേക്ക് കഥയെ ഉയർത്തണം. മനുഷ്യമനസിലെ നിഗൂഢതകൾ ആരായണം .

2)കുമാരനാശാൻ്റെ 'ചിന്താവിഷ്ടയായ സീത'യിൽ സീതയുടേത്  പ്രണയപാശമാണെന്ന് തട്ടിവിട്ടിരിക്കുകയാണ് സുനിൽ പി. ഇളയിടം (സീതാകാവ്യത്തിലെ ആന്തര സംവാദങ്ങൾ ,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 22).'അനന്യരായ രണ്ടു വ്യക്തികൾക്കിടയിലെ അനന്യമായ അനുഭൂതിബന്ധമായി പ്രവർത്തിക്കുന്ന അനുരാഗമാണ് ' ഇതെന്ന് ലേഖകൻ   ആവർത്തിക്കുന്നു. ഇത് അസംബന്ധമാണ്. അനന്യരായ  വ്യക്തികൾ തമ്മിൽ അനുരാഗം ഉണ്ടാവുകയില്ല. കാരണം അവർ അനന്യരാണ് ,തന്നിൽ തന്നെ സ്വയം നിറഞ്ഞവരാണ്. അവർക്കിടയിലെ ബന്ധം അഥവാ അനുഭൂതി  അനന്യമാണെന്ന് (അതുല്യമാണെന്ന് ) പറയുന്നതിലെ യുക്തിഹീനത മനസ്സിലാക്കണം. സുനിൽ പതിനാലു പുറങ്ങളിൽ സീതാകാവ്യത്തെക്കുറിച്ച് എഴുതുന്നു. എന്നാൽ ഇളയിടം സീതാകാവ്യം  സാഹിത്യപരമായി ,സൗന്ദര്യാത്മകമായി  ആസ്വദിച്ചതായി കാണുന്നില്ല. മറ്റു കസർത്തുകളെല്ലാം കാണാം. പക്ഷേ, ആസ്വാദനമില്ല. ഇത്തരം ലേഖനങ്ങൾ ഇന്ന് സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകരുടെ സിഗ്നേച്ചർ ടോൺ പോലെ നിലവാരപ്പെട്ടുകഴിഞ്ഞു. സീതാകാവ്യം ആസ്വദിച്ചതിൻ്റെ , കലാപരമായ ആനന്ദം പ്രകടമാക്കുന്ന ഒരു വാക്യം പോലും ഈ ലേഖനത്തിലില്ല.

3)ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ലൂയി ബോർഹസിൻ്റെ 'ലൈബ്രറി ഓഫ് ബാബേൽ' എന്ന കഥയും സക്കറിയയുടെ 'യേശുപൂരം പബ്ളിക് ലൈബ്രറി 'യും തമ്മിൽ എന്തോ ഉള്ളതായി പി.ഗോപകുമാർ (സാഹിത്യവിമർശം, സെപ്റ്റംബർ ) എഴുതുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ: 'യേശുപുരം പബ്ലിക് ലൈബ്രറി ബാബേൽ ഗ്രന്ഥശാലയുടെ അനുകരണമല്ല, പകർപ്പ് .ഇങ്ങനെ പറഞ്ഞുപോയാൽ ആരും കണ്ണുരുട്ടിയിട്ടു കാര്യമില്ല'.


4)വീടിൻ്റെ ലോൺ കുടിശിക അടച്ചു തീർക്കാത്തതിനെക്കുറിച്ച് ബക്കർ മേത്തല 'പണിതീരാത്തവീട്' (എഴുത്ത് , ആഗസ്റ്റ് )എന്ന കവിതയിൽ കുറിക്കുന്നു. വീട്, ലോൺ അടയ്ക്കാത്തവൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ ആത്മഹത്യ ചെയ്യുകയാണ്.
' അപൂർണമായ ഭവനത്തിൽ
ഞാൻ എൻ്റെ ജീവിതം
പൂർണമാക്കുന്നു.
ഇതിനെ ഞാൻ
എൻ്റെ കല്ലറയാക്കുന്നു
എന്നു പറഞ്ഞാറെ
എല്ലാ ഇഷ്ടികകളും
അയാളുടെ ദേഹത്തു വീണു '.

5)'കാവായകാവൊക്കെ
ചുറ്റിക്കൊണ്ടങ്ങനെ ,
പൂവായപൂവൊക്കെ
ചൂടിക്കൊണ്ടും
ആവണിക്കാറ്റു
വന്നെൻ്റെ മനസ്സിൻ്റെ
ജാലകമെല്ലാം തുറന്നുവച്ചു' .
ആലങ്കോട് ലീലാകൃഷ്ണൻ്റെ 'ഉയിർപ്പ് ' (പ്രസാധകൻ ,സെപ്റ്റംബർ ) എന്ന   കവിതയിലെ വരികളാണിത്. എല്ലാം അർത്ഥം നഷ്ടപ്പെട്ട ക്ലീഷേ പ്രയോഗങ്ങൾ .സർവ്വ കവിയശ:പ്രാർത്ഥികളും കൂടി ആയിരം തവണ ഉപയോഗിച്ച പ്രയോഗങ്ങൾ .ആലങ്കോടിനു  ഭാഷയോ ചിന്തയോ ഇല്ല; ഭൂതകാലത്തിൻ്റെ പരിചിത ബിംബങ്ങളുടെ അളവിനൊപ്പിച്ചു തുന്നിയെടുത്ത ഓർമ്മകൾ മാത്രം.


6)കെ .ടി .ബാബുരാജിൻ്റെ  'ഏകാകികളുടെ കടൽ' എന്ന കവിതാസമാഹാരവും 'സമകാലം 'എന്ന കഥാസമാഹാരവും വായിച്ചു. കുറച്ചു വാക്കുകളിൽ ആശയങ്ങൾ സംവേദനം ചെയ്യാനാണ് ബാബുരാജിൻ്റെ ശ്രമം. സമകാല  ജീവിതത്തിൻ്റെ നൊമ്പരപ്പെടുത്തുന്ന  കാഴ്ചകൾ ഈ കൃതികളിലെ രചനകളിൽ കാണാം.

7) ടി .എസ് .എലിയറ്റിൻ്റെ 'ദ് വേസ്റ്റ് ലാൻഡ്' (തരിശുഭൂമി)പ്രസിദ്ധമാണല്ലോ. ഈ കാവ്യത്തിൻ്റെ രൂപം എവിടെനിന്നെങ്കിലും സ്വീകരിച്ചതാണോ എന്ന ചോദ്യത്തിനു എലിയറ്റ്  ഇങ്ങനെ പറഞ്ഞു :'തീർച്ചയായും .തിയോഫിലി ഗോട്ടിയറുടെ (ഫ്രഞ്ച്) കവിതയുടെ രൂപം ഞാൻ ഉപയോഗിക്കുകയായിരുന്നു. ആ രൂപത്തിൽ എൻ്റെ ചിന്തകൾ കൂടുതൽ ശക്തമായി അവതരിപ്പിക്കാനാകുമെന്ന് ഞാൻ മനസ്സിലാക്കി'.

8)മയിൽ ഒരു ലോകവീക്ഷണമാണ്. പ്രസാദമധുരമായി ലോകത്തിനു മുന്നിൽ നൃത്തം ചെയ്യണം ,ശാന്ത ഗംഭീരമായ സൗന്ദര്യത്തിൻ്റെ നിഗൂഢതത പ്രലോഭിപ്പിച്ചുകൊണ്ടു ഗ്രാമ്യമായി പറക്കണം ,പ്രേമരൂക്ഷതയിൽ വർണ വിന്യാസത്തോടെ സ്വയം ആവിഷ്കരിക്കണം ,ജീവിതം പ്രകടനാത്മകവും ഹൃദ്യവുമായ ഒരു കലയാകണം എന്നെല്ലാം ഉദ്ബോധിപ്പിക്കാൻ വേറെയാരുണ്ട് ?


 

Sunday, August 8, 2021

വായനക്കാരൻ ദൈവമാണ്/വായനക്കാരൻ ദൈവമാണ്/metrovartha 2-8-2021

 

വായനക്കാരൻ ദൈവമാണ്

അർജൻ്റൈൻ എഴുത്തുകാരൻ ബോർഹസ് തൻ്റെ പരീക്ഷണസ്വഭാവമുള്ള കഥകൾക്ക് പരമാവധി ഏഴ് വായനക്കാരെയാണ് പ്രതീക്ഷിച്ചത്. കാരണം, അദ്ദേഹം പറഞ്ഞത് പരമ്പരാഗത ശൈലിയിലുള്ള കഥകളല്ലായിരുന്നു .കഥയ്ക്കുള്ളിൽ  നോവലിൻ്റെ വിമർശനം കൊണ്ടുവരിക, കഥതന്നെ ചർച്ച ചെയ്യുക ,സാങ്കൽപ്പിക എഴുത്തുകാരുടെ കഥകൾ അവലോകനം ചെയ്യുക തുടങ്ങിയ വിചിത്രമായ, ചിലപ്പോൾ പേടിസ്വപ്നം പോലെ സംഭമിപ്പിക്കുന്ന രചനകളാണ് അദ്ദേഹം ആവിഷ്കരിച്ചത്. സാഹിത്യം എന്ന ക്ലാസിക് സങ്കല്പത്തെ ,മനുഷ്യൻ്റെ ജൈവമായ യാഥാർത്ഥ്യത്തെ വിഘടിപ്പിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്ന തരത്തിൽ പൊളിച്ചെഴുതുകയാണ് ചെയ്തത്.

അതുകൊണ്ട് സ്വാഭാവികമായും  വായനക്കാർ കുറയും. നിലവിലുള്ള വ്യവസ്ഥയെയും കീഴ്വഴക്കങ്ങളെയും ആശ്രയിച്ച് സൃഷ്ടിച്ച വായ്ത്തല നഷ്ടപ്പെട്ട ഭാഷാപ്രയോഗങ്ങളെയും  പല്ലുപോയ ചിന്തകളെയും വീണ്ടും  വീണ്ടും ഉപയോഗിക്കുന്നതിൽ അമിതതാല്പര്യമുള്ളവർ നവമായ ഒരാലോചനയെയും ജീവിക്കാൻ സമ്മതിക്കില്ല.

അവർ എപ്പോഴും പിന്നോട്ടു വലിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' വായിക്കുന്ന ഒരാൾ ദൈവമാണ്. എന്തുകൊണ്ട് ? അയാൾ പുതിയ ലോകത്തിൻ്റെ മുന്നിൽ വിനീതനാവുക മാത്രമല്ല, മാനവസംസ്കാരത്തിൻ്റെ  മുഴുവൻ ജിജ്ഞാസയും തന്നിലൂടെ ഒരു പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കുകയുമാണ്. അയാൾ തൻ്റെ മേൽ പഴയ അസ്വാദകലോകവും സർഗചിന്തകളും കയറ്റിവച്ചിരിക്കുന്ന ഭാരത്തിൽനിന്ന് സ്വതന്ത്രനാവുകയാണ്. സ്വാതന്ത്ര്യം നേടാൻ അയാൾ പൊരുതുന്നു; അയാൾ സൗഹൃദത്തിൻ്റെ സ്വതന്ത്രവും ഓർമ്മകളും വികാരങ്ങളുമുള്ള  രഥ്യകളിലൂടെ ഒറ്റയ്ക്ക് നടക്കുകയാണ്. ബോർഹസിനു ഏഴ് പേർ മതിയായിരുന്നു. അത് തീരെ ചെറിയ സംഖ്യയാകാം; എന്നാൽ നല്ല ഒരാളെയെങ്കിലും ലഭിക്കുന്നത് വലിയ കാര്യമാണ്. എൻ്റെ 'ജലഛായ' എന്ന നോവൽ വായിച്ച് ആദ്യമായി എഴുതിയത്  ഡോ.അജയ്ശേഖറാണ്. അദ്ദേഹത്തിന് അത് വായിച്ചാസിദിക്കാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം  എഴുതിയത് ഞാൻ നോവലിൻ്റ ആമുഖമായി ചേർക്കുകയും ചെയ്തു.ഈ നോവലിനെ  യാഥാസ്ഥിതിക വായനക്കാർ എതിർക്കുമെന്ന് പ്രവചിക്കാനും അജയ്ശേഖർ മറന്നില്ല. എന്നാൽ അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചു; ധീരമായി ഒരു കൃതി എഴുതിയാൽ പിന്നെ ലോകത്ത് ഒരു ശക്തിക്കും അതിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്തെന്നാൽ കൃതി എഴുതപ്പെട്ടു പോയല്ലോ. 

അനുഗ്രഹിക്കുന്നു

ഇതുപോലെയാണ് ഓരോ വായനക്കാരനും കടന്നുവരുന്നത്.ആ വായനക്കാരൻ നമ്മുടെ ആത്മവിശ്വാസമാണ്. അവൻ  ഉള്ളതുകൊണ്ടാണ് നമ്മൾ ജീവിക്കുന്നതെന്ന് തോന്നും. അവൻ നമ്മുടെ മേൽ അനുഗ്രഹം ചൊരിയുന്നു ,സ്നേഹിക്കുന്നു ,നമ്മെ ഓർക്കുന്നു .നമ്മുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു, നമ്മെ പ്രോത്സാഹിപ്പിക്കുന്നു , എഴുതാൻ നിർബന്ധിക്കുന്നു .അവൻ ദൈവമല്ലാതെ പിന്നെയാരാണ്? അവൻ ഉണ്ടെങ്കിലേ നമ്മളുള്ളൂ.

എഴുതുമ്പോൾ നല്ല വായനക്കാരൻ മനസ്സിലൂടെ കടന്നുപോകുന്നത് മഴവില്ലുപോലെയാണ്.'

തിയോഡോർ റൂസ്വെൽറ്റ് പറഞ്ഞു , വായിക്കുന്നത് നമ്മുടെതന്നെ അനുഭവങ്ങളെ അഗാധമാക്കാനാണെന്ന്. അനുഭവങ്ങൾക്ക് വലിയ പശ്ചാത്തലവും ലഭിക്കുന്നു. ഈ ഗുണം ഒരു ജന്മവാസനയാണ്‌. അത് ശരീരത്തിലുള്ളവർ പ്രതിബന്ധങ്ങൾ തട്ടിമാറ്റി സാഹിത്യം വായിക്കാനായി മുന്നോട്ടുപോകുന്നു.ചീത്ത പുസ്തകങ്ങളെ ദൂരേക്ക് എറിയാൻ നല്ല വായനക്കാരൻ മടിക്കില്ല. ജർമ്മൻ ചിന്തകനായ ഷോപ്പനോർ പറഞ്ഞതുപോലെ ചീത്ത പുസ്തകങ്ങൾ നമ്മുടെ മനസ്സിൻ്റെ  എല്ലാ ഗുണങ്ങളും നശിപ്പിക്കുമല്ലോ.

'ഏണസ്റ്റ് ഹെമിങ്‌വേ ഓൺ റൈറ്റിംഗ്' എന്ന പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത് ലാറി ഡബ്ളിയു ഫിലിപ്സാണ്. ഹെമിംഗ്വേ പലപ്പോഴായി വായനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇതിൽ സമാഹരിച്ചിരിക്കുന്നു. ഒരു സംവാദത്തിൽ അദ്ദേഹം വ്യക്തമാക്കിയത് ഇതാണ്: 'നേരത്തെ ആരെങ്കിലും എഴുതിയ വിഷയങ്ങൾ നിങ്ങൾ വീണ്ടും അവതരിപ്പിക്കുകയാണെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല,നിങ്ങൾക്ക് അതിനെ  മറികടക്കാൻ കഴിയുന്നില്ലെങ്കിൽ.

എന്താണ് എഴുതുന്നത് ,നല്ല വായനക്കാരനെ നാം പ്രതീക്ഷിക്കുമ്പോഴും ? . 'എഴുതപ്പെടാത്ത കാര്യങ്ങൾ എഴുതുകയാണ് ഇന്നത്തെ എഴുത്തുകാരൻ ചെയ്യേണ്ടത്. അല്ലെങ്കിൽ നേരത്തെ എഴുതപ്പെട്ടതിൻ്റെ മേൽ ആഘാതമേൽപ്പിക്കുക ' .
എന്താണ് ഈ ആഘാതമേൽപ്പിക്കൽ ? നമുക്കു മുന്നേ എഴുതപ്പെട്ടതിനെ മറികടക്കുക.

ഇതു വായിക്കണം

ചില പുസ്തകങ്ങൾ വായിക്കണമെന്ന് ഹെമിംഗ്വേ വിദ്യാർത്ഥികളോടു പറയുന്നുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ചില പുസ്തകങ്ങളുടെ പേരു പറയാം: ബൂഡൻബ്രൂക്‌സ് (തോമസ് മൻ) ,വാർ ആൻഡ് പീസ് (ടോൾസ്റ്റോയ്) ,കരമസോവ് ബ്രദേഴ്സ് (ദസ്തയെവ്സ്കി ) ,ഓട്ടോഗ്രഫീസ് (യേറ്റ്സ്) ,ഹെൻറി ജയിംസിൻ്റ കഥകൾ ,മാദം ബോവറി (ഫ്ളോബേർ) ,തുർജനീവിൻ്റെ മുഴുവൻ കൃതികൾ ,പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് (ജയിംസ് ജോയ്സ് ). 'ഈ കൃതികൾ വായിച്ചിട്ടില്ലെങ്കിൽ നിങ്ങൾ എഴുതരുത്. കാരണം ,ഈ കൃതികൾ വായിച്ചാലേ എന്താണ് മറികടക്കാനുള്ളത് എന്നു മനസ്സിലാവുകയുള്ള .ഇതെല്ലാം ഒരുതവണ വായിച്ചാൽ പോരെ, പലതവണ വായിക്കണം - ഹെമിംഗ്വേ പറഞ്ഞു.

'മൺമറഞ്ഞുപോയ എഴുത്തുകാരോട് മത്സരിക്കണം, അതേ വഴിയുള്ളൂ - അദ്ദേഹം ഓർമ്മിപ്പിച്ച. എന്തുകൊണ്ട്  ജീവിച്ചിരിക്കുന്ന എഴുത്തുകാരോട് മത്സരിക്കേണ്ട എന്നു ചോദിച്ചാൽ അതിനും ഉത്തരമുണ്ട് .അദ്ദേഹത്തിൻ്റെ വാക്കുകൾ: 'ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം എഴുത്തുകാരും നിലനിൽക്കുന്നില്ല. ഇന്ന് ആഘോഷിക്കപ്പെടുന്ന പലരും ആസ്വാദകർ എന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന സ്തുതിപാഠകർ  സൃഷ്ടിച്ചതാണ്. അവർക്ക് കാലത്തിൻ്റെ ഒരു ബുദ്ധികേന്ദ്രമാവേണ്ട  ആവശ്യമുണ്ടായിരുന്നു. അങ്ങനെ  കണ്ടെത്തിയ പലരും ,സ്തുതിപാഠകർ  ഇല്ലാതാവുന്നതോടെ വിസ്മരിക്കപ്പെടും'. 

ഈ സാഹചര്യം അമെരിക്കയിലോ യൂറോപ്പിലോ മാത്രമല്ല ,നമ്മുടെ നാട്ടിലുമുണ്ട്. ചില പ്രസാധകരും ,പിന്താങ്ങിഎഴുത്തുകാരും ചേർന്ന് ഏതാനും പേരെ അനർഹമായി ഉയർത്തുന്നു.ഇക്കൂട്ടർ വിമർശിക്കപ്പെട്ടാൽ അവാർഡ് കൊടുത്ത് മുഖം മിനുക്കിയെടുക്കും . സ്തുതിപാഠകസംഘങ്ങൾ അത്ര ശക്തമാണ്. അവരെ ആർക്കും പരാജയപ്പെടുത്താനാവില്ല. അവാർഡുകൾ മൊത്തമായി പിടിച്ചു വച്ചിരിക്കുന്നു .കേരളത്തിലെ ഏതെങ്കിലും അവാർഡ് സാഹിത്യകൃതിയുടെ ഗുണത്തിൻ്റെ  പേരിൽ കൊടുക്കുന്നുണ്ടോ? ഇക്കാരണത്താൽ പ്രധാനപ്പെട്ട പല എഴുത്തുകാരും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നു പിൻ വാങ്ങിയിരിക്കയാണ്‌. ഓരോ അവാർഡ് വാങ്ങി തലയിൽ വച്ച് ചിലർ ഭാരം കൂട്ടി  ,മൂക്കാതെ പഴുക്കാനാണ് ശ്രമിക്കുന്നത്. മൂക്കാതെ പഴുക്കുന്നവർക്കുള്ളതാണ് അത്മക്കഥ എന്ന പരവതാനി. ആത്മകഥ എഴുതുന്നതോടെ ഒരാൾ പെട്ടെന്ന് ഷഷ്ടിപൂർത്തിയിലോ സപ്തതിയിലോ എത്തുകയായി .

'ഒരു മൂല്യാധിഷ്ഠിത എഴുത്തുകാരനു എതിരിടാൻ, അയാൾ വലിയവർ എന്നു കരുതുന്ന  മൺമറഞ്ഞ എഴുത്തുകാരേയുള്ളു' -ഹെമിംഗ്വേ  പറയുന്നു. അവരാണ് യഥാർത്ഥ വെല്ലുവിളി ഉയർത്തുന്നത്.
ആരോഗ്യകരമായ ഒരു സംവാദം അവിടെയുണ്ട് .മരിച്ചവരുടെ നിഴലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും   പുറത്തുകടക്കാനാണ് യഥാർത്ഥ എഴുത്തുകാരൻ ആഗ്രഹിക്കുന്നത് . അയാൾക്ക് ഒരു സംഘം ചേരൽ അസാധ്യമാണ്. സംഘം ചേരുന്നത് ചിന്തയെ ലഘൂകരിക്കും.

അതുകൊണ്ടാണ് യുവവായനക്കാരെ ആവശ്യമായിവരുന്നത്.  'യുവവായനക്കാർ ഇല്ലാതായാൽ പിന്നീട് മുതിർന്ന വായനക്കാരും ഇല്ലാതാവും' - പ്രമുഖ കവി മാർഗരറ്റ് അറ്റ്വുഡ് മുന്നറിയിപ്പു നല്കുന്നു.

അന്വേഷണം 

ഇടക്കുളങ്ങര ഗോപൻ രചിച്ച 'അടയാളം' (എഴുത്ത് ,ജൂലായ് ) കവിതയെ തന്നെ അപനിർമ്മിക്കുന്ന നവീനാനുഭവം തരുന്നു. തൻ്റെ കവിത വായിക്കുന്നവർ ആരായാലും ഇതു മാത്രമേ തനിക്കു വിതയ്ക്കാനുള്ളു  എന്നു കവി എഴുതുന്നു.
'ഏറ്റവും നല്ല 
ഭാഷാവൃത്തത്തിൽ  
നിന്നെയെഴുതും .
ആരും കൊതിക്കുന്ന ഉപമകളാൽ നിന്നെ അലങ്കരിക്കും
...........
പ്രജ്ഞയുടെ തീൻമേശ,
ഇതിനെ കവിതയെന്നോ ,
കിനാവെന്നോ ,
മരുന്നില്ലാത്ത മുഴുഭ്രാന്തെന്നോ ,
അനുഭാവം പ്രകടിപ്പിക്കാനായി പ്രദർശിപ്പിച്ചിരിക്കുന്നു.
വിരുന്നുകാരനോ ,
വിദ്വേഷിയോ,വിശുദ്ധനോ,
വിറകുവെട്ടുകാരനോ,
ആരാകിലും, 
ഇതാണെൻ്റെ വിത ,
ഉഴുതിട്ടവർ ചെയ്ത പാപം'.

ആർക്കും വായിക്കാം ,കവിത .എന്നാൽ യഥാർത്ഥ വായനക്കാരനെ കവിത  രഹസ്യമായി തേടുന്നു.കവി അതറിയാൻ ശ്രമിക്കുകയാണ്. ആ അന്വേഷണം തുടരുകയാണെന്ന സൂചന തരുന്നു.

പി. മധുവിൻ്റെ 'ഒടുവിലെ കൂട്' (മലയാളം ,ജൂലൈ ) ആഴത്തിലുള്ള ഓർമ്മകൾ നല്കി.ഒരു നഗ്നശരീരത്തെക്കുറിച്ചാണ് കവി എഴുതുന്നത്. പരമ്പരാഗത  കവിതയിലെപോലെ അവയവ വർണ്ണനയൊന്നുമില്ല. അത് ആണിൻ്റെയോ പെണ്ണിൻ്റെയോ ഉടലായിരുന്നില്ല.

'സൂക്ഷിച്ചു നോക്കിയാൽ 
അതിൻ്റെ നിറം 
കാടിൻ്റെയും കടലിൻ്റെയും 
കാറൊഴിഞ്ഞ വാനിൻ്റെയും 
നിറമറ്റ കറുപ്പെന്ന് 
കണ്ണുള്ളവർക്ക് കാണാമായിരുന്നു;
നിറമില്ലായ്മയുടെ 
കരിനീലം എന്നു പറയാം.
അത് കട്ടിയായ 
പ്രണയമായിരുന്നു
ആനന്ദത്തിൻ്റെ 
നിലയ്ക്കാത്ത ഒഴുക്കായിരുന്നു' .

ഒരു സ്വപ്നത്തിൽ കവി ഏതോ മനുഷ്യരൂപം കാണുകയാണ്. അതിനു വസ്ത്രമോ ജാതിയോ മതമോ ഇല്ലായിരുന്നു; എന്നാൽ പ്രണയമുണ്ടായിരുന്നു; അത് നിറവിൻ്റെ  വെട്ടമായിരുന്നു. സപ്നത്തിൽ നമുക്ക് ഇങ്ങനെ വിവസ്ത്രമാകാൻ കഴിയും; ഏറ്റവും നല്ലതും ശുദ്ധവും സൗമ്യവും സത്യവുമായ ഒരു ഉണർവിന് വേണ്ടി.

അതിശയിപ്പിക്കുന്നത്

റഷ്യൻ വേദശാസ്ത്രചിന്തകനായ നിക്കോളേ അലക്സാഡ്രോവിച്ച് ബെർദ്യേവ് മനുഷ്യനു കണ്ടെത്താൻ ഇനിയും സാഹിത്യം ബാക്കിയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. 

'വ്യക്തിഗതമായ അനുഭവങ്ങളായ വിധി ,ദുരിതങ്ങൾ, വീടു വിട്ടുപോയതിനെക്കുറിച്ചുള്ള  ദുഃഖപൂർണ്ണമായ ഓർമ്മകൾ ,പ്രേമം, സൃഷ്ടി, സ്വാതന്ത്ര്യം ,മരണം തുടങ്ങിയവയിലൂടെയാണ് നമ്മുടെ  ആത്മാവിൻ്റെ യഥാർത്ഥമായ ആഴങ്ങൾ സങ്കൽപ്പിക്കാനാവുന്നത് ' .

എന്താണ് ഇതിനർത്ഥം? നമ്മൾ ദു:ഖിക്കുമ്പോൾ ,സൃഷ്ടിക്കുമ്പോൾ നമ്മുടെ മനസ്സിൻ്റെ അറിയപ്പെടാത്ത അഗാധതയാണ് വെളിവാകുന്നത്.   അതുവരെ അജ്ഞാതമായിരുന്ന ഒന്ന് .പുതിയൊരു ഉള്ളടക്കവും ശൈലിയും പെരുമാറ്റത്തിലും ചിന്തയിലുമുണ്ടാകുന്നു. അതിൻ്റെയർത്ഥം സമസ്ത മാനവചരിത്രത്തിനേക്കാൾ ബൃഹത്തായ ,അജ്ഞാതമായ ഒരു ഉള്ളടക്കം അതിശയകരമായി നമ്മുടെ മനസ്സിൽ അടക്കം ചെയ്തിരിക്കുന്നു എന്നാണ്.

നുറുങ്ങുകൾ

1)പൊന്നാനിക്കാരിയായ ടി.കെ.പത്മിനി (1940 -1969) ഇന്ത്യയിലെതന്നെ എണ്ണംപറഞ്ഞ ചിത്രകാരിയാണല്ലോ. എന്നാൽ പത്മിനിയുടെ ചിത്രങ്ങൾ മലയാളികൾ വേണ്ടപോലെ ഗൗനിക്കാതിരിക്കുകയായിരുന്നു, സമീപകാലം വരെ. ഇവിടുത്തെ  ചിത്രകലാനിരക്ഷരത ഞെട്ടിപ്പിക്കുന്നതാണ് .'ടി.കെ.പത്മിനി' എന്ന പേരിൽ പ്രമുഖ ചിത്രകാരൻ നേമം പുഷ്പരാജ് എഴുതിയ പുസ്തകം (ലളിതകലാഅക്കാദമി ) ശ്രദ്ധയാകർഷിക്കുകയാണ്.

2)മലയാളത്തിലെ പ്രധാനവാരികകളുടെയെല്ലാം   പത്രാധിപർ ഒരാളാണോ എന്ന് ശങ്കിക്കുകയാണ്. കാരണം, എല്ലാ വാരികകളുടെയും പിന്നിലെ മനസ്സ്  ഒരുപോലെ പ്രവർത്തിക്കുന്നു.

3)തകഴിയുടെ കാലത്ത് ഉടലിനാണ് പ്രാധ്യാന്യമെന്നും എം.ടിയുടെ കാലത്ത് തലയ്ക്കാണ് പ്രാധാന്യമെന്നും തട്ടിവിട്ടിരിക്കുകയാണ് ഡോ. ഷൂബ കെ.എസ്.( ആഗോളീകരണാനന്തരകാല കഥാഖ്യാനങ്ങളുടെ വേതാളഘടന ,പച്ചമലയാളം ,ജൂലൈ ) ആധുനികകാലത്ത് കഥാഖ്യാനത്തിൽ വേതാളഘടനയാണത്രേ ഉള്ളത്; എന്നു പറഞ്ഞാൽ വിക്രമാദിത്യകാലത്തിൻ്റെ സവിശേഷതകൾ ഇപ്പോൾ തിരിഞ്ഞു പ്രവർത്തിക്കുകയാണെന്ന്! ഇതുപോലുള്ള അസംബന്ധങ്ങൾ എഴുതിവിടുന്നവർ കേരളത്തിലെ കോളജുകളിൽ ധാരാളമുണ്ട്; ഉത്തരാധുനികരാണത്രേ. ഇവർ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഏതായാലും സഹൃദയത്വം നഷ്ടപ്പെട്ടിരിക്കും.

4)കിഷോർകുമാർ 'ആരാധന 'എന്ന ചിത്രത്തിനുവേണ്ടി പാടിയ കോറ കാഗസ് താ യേ മന് മേരാ  എന്ന ഗാനം ലോകത്തിലെ മഹാസംഗീതജ്ഞനായ കുന്നക്കുടി വൈദ്യനാഥൻ വയലിനിൽ മീട്ടിയത്  അവിസ്മരണീയമായി തോന്നി. ശരീരത്തിലെ ഓരോ അണുവിനെയും സല്യൂട്ട് ചെയ്യുന്ന സംഗീതം.

5)എം.ടി.രവീന്ദ്രൻ എഴുതിയ 'പുഴയ്ക്ക് ഒരു പൂവും നീരും' എന്ന പുസ്തകത്തിൽ എം.ടി ആദ്യം എഴുതിയ നോവൽ 'നാലുകെട്ട്' അല്ല എന്ന് സ്ഥിരീകരിക്കുന്നു.പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മലയാളി' എന്ന മാസികയിൽ ബീബി എന്ന പേരിലാണ് നോവൽ സീരിയലായി വന്നത് .പിന്നീട് ഇത് 'പാതിരാവും പകൽവെളിച്ചവും ' എന്ന പേരിൽ പുസ്തകമായി. 

6)മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം.
മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.

7)ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌. അതിനെ കവിതയെന്നു വിളിക്കാം.

വായന

കെ.പി.രാമനുണ്ണിയുടെ 'സർവൈലൻസ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 18 ) വളരെ പ്രസക്തമായ കഥയാണ്. .ഈ കാലത്തിൻ്റെ നേർക്കുള്ള രൂക്ഷമായ പരിഹാസവും ആക്രമണവും എന്ന നിലയിൽ ഇത് നല്ല വായനാനുഭവമായി.  പെണ്ണുങ്ങളെ ഉപയോഗിച്ച് ആണുങ്ങളെ ചതിക്കുഴിയിലകപ്പെടുത്തുന്നതും അത് മാധ്യമങ്ങൾക്ക് അസാന്മാർഗിക ഭക്ഷണമാകുന്നതുമെല്ലാം ഇവിടെ കാണാം. ഒരു പ്രൊഫസർ അതിനെല്ലാം ഇരയാകുകയാണ്. ശൂന്യതയിൽനിന്ന് ഭൂതകാലത്തിൻ്റെ ഇമേജുകൾ സൃഷ്ടിക്കുന്നവർ ഉണ്ടത്രേ. ഫോൺ നശിച്ചാലും അതിലെ ചിത്രങ്ങളും

സംഭാഷണങ്ങളും നശിക്കാതിരിക്കാൻ ജാഗ്രതപാലിക്കുന്ന കൃത്രിമബുദ്ധി സെർവറുകളും സോഷ്യൽമീഡിയ തലച്ചോറുകളും രഹസ്യങ്ങൾ വില്പനയ്ക്ക് വയ്ക്കുകയാണിപ്പോൾ. മനുഷ്യൻ ശരിക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ സൃഷ്ടിച്ച യാഥാർത്ഥ്യം എന്ന കളിപ്പാവയ്ക്കൊപ്പം  കളിക്കുകയാണ്. കഥയുടെ ഒടുവിൽ പ്രൊഫസർ ഒരു പിഞ്ചുബാലികയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ഭാവനയിലുള്ളതാണ്. ഭാവന  ചെയ്താലും അത് പിടിച്ചെടുക്കാൻ ശേഷിയുള്ള സോഫ്റ്റ് വെയറുകളും കാമറകളും റെഡി! അല്ലെങ്കിൽ ഇതു സൃഷ്ടിക്കുമെന്ന് പറയുന്ന പുതിയ കാലത്തിനു മുന്നിൽ ആത്മാവിൽ വിവസ്ത്രനാകുകയാണ് ആ മനുഷ്യൻ. ഈ പ്രശ്നം വളരെ ശക്തമായി അവതരിപ്പിക്കാൻ രാമനുണ്ണിക്ക് കഴിഞ്ഞിരിക്കുന്നു.

ഒരു മനോഹരചിത്രംപോലെ , ആനന്ദിപ്പിക്കുന്നതാണ് ക്രിസ്പിൻ ജോസഫിൻ്റെ 'ഖനനം ചെയ്യപ്പെടാത്ത ആനന്ദങ്ങൾ' ( മലയാളം ,ജൂലായ് 19 ) എന്ന കവിത .ചിലപ്പോഴൊക്കെ കവികൾ ഇങ്ങനെ യാഥാർത്ഥ്യത്തെ കബളിപ്പിക്കണം. വിശ്വാസയോഗ്യമല്ലാത്ത പകലുകളെ ഉപേക്ഷിച്ച് 'രാത്രിയെറിഞ്ഞ വിത്തുകൾ മുളപൊട്ടിയ ശബ്ദത്തിലേക്ക് 'ചെന്നെത്തണം.  എന്തിനാണ് കപടയുക്തികളുടെ വഞ്ചിക്കുന്ന മുഖങ്ങൾ ?അതിൽനിന്നു  രക്ഷനേടാൻ ഈ കവി ബഹിരാകാശ പ്ളാസ്മപോലെ ഒരിടനാഴി  സൃഷ്ടിക്കുന്നു :

'പേരില്ലാത്ത അതിർത്തി ഗ്രാമത്തിലേക്ക് 
ഞാൻ നിന്നെ ക്ഷണിക്കുന്നു
അടിയൊഴുക്കിൻ്റെ 
സൂചനകളോടെ 
ശാന്തമായിരിക്കുന്ന 
പുഴക്കടവിലാണ് നമ്മളിപ്പോൾ '