Sunday, September 5, 2021

അക്ഷരജാലകം /എം.കെ.ഹരികുമാർ/അവരെ ഉയിർപ്പിക്കണം/metrovartha 30/8/2021

 അക്ഷരജാലകം link
എം.കെ.ഹരികുമാർ
9995312097
Email: mkharikumar797@gmail.com

അവരെ ഉയിർപ്പിക്കണം

ഒരാൾ എഴുതുന്നത് അയാളുടെ ആകെത്തുകയായ അവബോധത്തിൻ്റെ  പാരമ്യത്തിൽ നിന്നുകൊണ്ടാകണം. ഹെർമൻ ഹെസ്സെ ,തോമസ് മൻ  തുടങ്ങിയവർ അങ്ങനെയാണെഴുതിയത്. കലയിൽ ഒരു ശരാശരി പ്രകടനത്തിനു ആരും മുതിരുകയില്ല, തത്ത്വത്തിൽ . അതിനു  പ്രസക്തിയില്ല.കലയിൽ പരമാവധിയാണ് നോക്കുക. ഒരു സ്ത്രീയെ വരയ്ക്കുമ്പോൾ, വരയ്ക്കാവുന്നതിൻ്റെ പരമാവധി സൗന്ദര്യമാണ് ലക്ഷ്യമാക്കേണ്ടത്.

ഫ്രഞ്ച് ചിത്രകാരനായ റെന്വെ പറഞ്ഞത് ,താൻ വരയ്ക്കുന്ന സ്ത്രീരൂപം കണ്ടാൽ കാണികൾക്ക് അവളോട് പ്രേമമോ കാമമോ തോന്നണമെന്നാണ്. എങ്കിലേ  പരമാവധി സൗന്ദര്യമാകൂ.വരയ്ക്കുന്നത് ഒരു അത്യന്തിക ലാവണ്യത്തിനുവേണ്ടിയാണ് ;ഇടത്തരം സുഖത്തിനു വേണ്ടിയല്ല. യാതൊന്നിൻ്റെയും ആത്യന്തികമായ, അതിഭൗതികമായ, മാന്ത്രികമായ ആവിർഭാവമായിരിക്കണം കല .

സാഹിത്യകലയിൽ അങ്ങനെ സംഭവിക്കാത്തപ്പോൾ അത് വെറും വിവരണമോ ഉപരിപ്ലവവാചകങ്ങളോ ആകുന്നു. നമ്മൾ ജീവിക്കുന്നത് നിമിഷത്തിൻ്റെ വായ്ത്തലയിലാണ്. അത് നിറയെ ജീവിതമാണ്; നശിക്കുന്നതുമാണത്. നിമിഷാനന്തരം  വെറും ഓർമ്മമാത്രമാകുന്നതിൻ്റെ  അനുഭവം .കലയിൽ വരേണ്ടത് ഈ നവീനവും ശുദ്ധവുമായ ഉൺമയുടെ തലമാണ് .ജീവിതത്തിലേക്ക് നമ്മെ  ഇരച്ചെത്തിക്കാൻ കഴിയുമ്പോഴാണ് കലയുടെ ജീവിക്കുന്ന നിമിഷം ഉണരുന്നത്. നാം ജീവിച്ചിരിക്കുന്നതിൻ്റെ രഹസ്യമെന്താണ് ? അതാര്യവും അജ്ഞാതവുമായ ആ അറിവിനെ സൗന്ദര്യത്താൽ പ്രത്യക്ഷവത്ക്കരിക്കാനാണ് കലാകാരൻ ശ്രമിക്കുന്നത്. ജീവിതത്തിൻ്റെ രഹസ്യമാണത്.ഇന്നത്തെ കഥയിൽ ജീവിതത്തിൻ്റെ  രഹസ്യമുണ്ടോ? എവിടെയും കാണാനില്ല .സൗന്ദര്യം എന്നു പറയുന്നത് പ്രത്യക്ഷജീവിതത്തിലെ രൂപഭംഗിയല്ല;അത് അതീതമായ ഒരു ലയമാണ്; അസ്തിത്വത്തിന് അപ്രാപ്യമായ ഒരു ലാവണ്യാത്മകതയിലേക്കുള്ള എടുത്തുയർത്തലാണത്.

വിശുദ്ധമായ സത്യസന്ധത

അമെരിക്കൻ കഥാകാരി യൂഡോറ വെൽറ്റി പറഞ്ഞു ,കല ഒരു രാജ്യത്തിൻ്റെ ശബ്ദമല്ല, അത് വ്യക്തിയുടെ ശബ്ദമാണ്‌; സത്യമാണത് ,സുഖകരമല്ലെങ്കിലും.
കഥാരചനയിൽ ഇങ്ങനെ ഒരു ശബ്ദം ഇപ്പോൾ കേൾക്കാനേയില്ല. കൊളമ്പിയൻ എഴുത്തുകാരൻ ഗാർസിയ മാർകേസിൻ്റെ 'ബൽതാസാർസ് മാർവെലസ് ആഫ്റ്റർനൂൺ' എന്ന കഥ നോക്കൂ .ഒരു കാർപെൻഡറാണ് ബൽതാസാർ. അയാൾ ധനികനായ ഒരാളുടെ മകനുവേണ്ടി ഉണ്ടാക്കുന്ന പക്ഷിക്കൂട് വെറുതെയാവുകയാണ്.  മകൻ പറഞ്ഞതു കേട്ട് കൂടുണ്ടാക്കിയതിന് മുതലാളി അയാളെ ആക്ഷേപിക്കുന്നു .ഒടുവിൽ പ്രതിഫലം കിട്ടാതായ സാഹചര്യത്തിൽ കൂട് അയാൾ മുതലാളിയുടെ മകന് വെറുതെ കൊടുക്കുന്നു.
ഇതൊന്നുമറിയാതെ അയൽക്കാർ ബൽതാസാറിനെ ആദരിക്കുന്നു.ഈ കഥയിലെ ശബ്ദം, മാർകേസ് ഉയർത്തിയത് തനിക്കു വേണ്ടിയാണ്; നഷ്ടപ്പെടുന്ന ജീവിതങ്ങൾക്ക് വേണ്ടി.
മനുഷ്യൻ്റെ  അന്തിമമായ വിധിയെ ഓർമ്മിപ്പിക്കുന്ന ഈ കഥ കലയുടെ ശില്പമാണ്. വെറും അനുഭവ വിവരണമല്ല. ഇതിൽ പല മാനങ്ങളുണ്ട്. ബൽതാസാറിൽ നമ്മൾ സ്വയം ദർശിക്കുന്നു. നമ്മെ അയാളുടെ വിധി നൊമ്പരപ്പെടുത്തുന്നു.

ഐറിഷ് കവി സീമസ് ഹീനി പറഞ്ഞു ,സത്യസന്ധമായിരിക്കുകയല്ലാതെ മറ്റു വഴിയില്ല . സ്വന്തം ഏകാന്തതയോടാണ് നിങ്ങൾ സത്യസന്ധനാവേണ്ടത്. അതുപോലെ  നിങ്ങളുടെ രഹസ്യാത്മകമായ ജ്ഞാനത്തോടും സത്യസന്ധനാവണം. പക്ഷേ, എവിടെയാണ് രഹസ്യാത്മക മായ ജ്ഞാനം ? തനിക്കു മാത്രം ബോധ്യപ്പെടുന്ന സത്യങ്ങൾ ?. എവിടെയാണ് തീക്ഷ്ണവും സാരഗ്രാഹിയുമായ ഏകാന്തത ? പ്രകൃതിയുമായുള്ള രമ്യത, അജ്ഞാതകേന്ദ്രങ്ങളുമായുള്ള സംവാദം ,പ്രലോഭനം എന്നിവയൊക്കെയാണ് ഏകാന്തതയിലേക്ക് നയിക്കുന്നത്.

കലാകാരൻ അവനവനോട് സത്യസന്ധനാവണമെങ്കിൽ, ചരിത്രത്തിലേക്കും മിത്തുകളിലേക്കും  മൂല്യങ്ങളിലേക്കും നിർബാധം  സഞ്ചരിക്കാനാവണം. യാതൊന്നിനെയും ആശ്രയിക്കാതെ ഒരു അന്വേഷിയാകുന്നിടത്താണ് കലയെ ശുദ്ധമായി സമീപിക്കാനാവുകയുള്ളൂ.നൂറ്റാണ്ടുകളായി കലയെ സമീപിക്കുന്ന രീതി, മാറ്റമില്ലാതെ തുടരുന്നു.അവിടെ ഒരു ചിതറൽ ആവശ്യമാണ്. പുതിയ അറിവുകളെ തമ്മിൽ സംയോജിപ്പിക്കുന്നതിൻ്റെ രസതന്ത്രം എങ്ങനെ മനസ്സിലാക്കാനാവും ?

ജീവിപ്പിക്കുന്ന ഒരനുഭവം തരാൻ കഥാകാരനു കഴിയുന്നില്ലെങ്കിൽ കഥയുടെ മരണം നടന്നുവെന്ന് കരുതാം. വായനക്കാരൻ്റെ മനസ്സിനെ പുതിയ വെട്ടം നല്കി  ഉണർത്തുകയാണ് വേണ്ടത്. മരിച്ചവരെയെല്ലാം ഉയിർപ്പിക്കണം, അവർക്കും ജീവിതമുണ്ട്. അവരുടെ ദീർഘമായ മൗനത്തെ ,ഘനീഭവിച്ച മറവികളെ ,ബാധിര്യത്തെ ,വിമുഖതകളെ ,നിസ്സംഗതയെ ഉടച്ചുകളഞ്ഞ് ഉണർത്താൻ കഥാകാരനു കഴിയണം.കഥകൾ മരിച്ചവരെയും കോരിത്തരിപ്പിക്കണം. ജീവിതത്തിൻ്റെ സാകല്യത ,സജീവത ,ശ്രദ്ധ ,അർത്ഥം അവിടെയും തിരയണം. എമിലി സോള മരിച്ചവനെ ഉയിർപ്പിച്ചല്ലോ.

പഠിച്ചത് ഉപേക്ഷിക്കണം

കല ജീവിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണം. അത് ഒരിക്കലും മൃതമല്ല .എന്നാൽ കല പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളും പരാജയമാണെന്ന് 'ദ് അഗണി ഓഫ് ദ് ആർട്ടിസ്റ്റ് 'എന്ന കൃതിയിൽ അമെരിക്കൻ കവി ഇ.ഇ.കമിങ്സ് ചൂണ്ടിക്കാട്ടുന്നു. കാരണം ഈ സ്കൂളുകൾ ഇന്നലെകളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ കലയെ അവതരിപ്പിക്കുന്നതിലും  പഠിപ്പിക്കുന്നതിലും പരിമിതിയുണ്ട്.

കഥ എന്തിനുവേണ്ടി നിലനിൽക്കുന്നു? കമിംഗ്സിൻ്റെ അഭിപ്രായത്തിൽ പഠിച്ചത് ഉപേക്ഷിക്കുന്നവനാണ് കലാകാരൻ .എല്ലാ സാഹിത്യകലാപ്രവർത്തകരും ഇങ്ങനെയായിരിക്കണം .പഠിച്ചതുകൊണ്ട് പുതുതായി എന്തെങ്കിലും ആവിഷ്ക്കരിക്കാനാവില്ല. പുതിയത് കണ്ടെത്താൻ വേറെ അന്വേഷിക്കണം. പഠിച്ചത് മറക്കുന്നത് സ്വയം  മനസിലാക്കാനാണ് .തൻ്റെ മനസ്സിൽ അനധികൃതമായി കുടിയേറിയിരിക്കുന്ന  അപ്രസക്തവും ജീർണിച്ചതുമായ ചിന്തകളെ ഇറക്കിവിട്ടശേഷം മാത്രമേ എഴുത്തുകാരനു സ്വന്തം മനസ്സിലേക്ക് നോക്കാനാവുകയുള്ളു.അവിടെ എന്താണുള്ളതെന്ന് ഗ്രഹിക്കാനാകൂ. എന്നാൽ കലാകാരൻ്റ ദു:ഖം ഒഴിഞ്ഞുപോകുന്നില്ല. സ്വയം  മനസ്സിലാക്കുന്നതിലും  ആവിഷ്കരിക്കുന്നതിലും  കണ്ടെത്തുന്നതിലും നേരിടുന്ന വെല്ലുവിളികളാണ്
അവനെ ദുഃഖിപ്പിക്കുന്നത്.

മിഥുൻ കൃഷ്ണയുടെ 'കൊയ്യം' (പ്രസാധകൻ ,സെപ്റ്റംബർ) , അഷ്ടമൂർത്തിയുടെ 'കാലഹരണം' (മനോരമ വാർഷികപ്പതിപ്പ്) എന്നീ കഥകളിൽ സംഭവങ്ങൾ, അനുഭവങ്ങൾ എല്ലാം  വിവരിച്ചിട്ടുണ്ട്. ഏറ്റവും ലഘൂകരിക്കപ്പെട്ട ഭാഷയിലാണ് വിവരണം. അതിൽ ഇനി കുറവ് വരുത്താനാവില്ല. ഇവിടെ നീരു വാർന്നുപോയ ശരീരംപോലെയാണ് ഭാഷ .സംഭവങ്ങൾ വിവരിച്ചാൽ ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള ദൗത്യം പൂർണമാകുമോ ? 'കാലഹരണ'ത്തിൽ ഒരു കമ്മ്യൂണിസ്റ്റ് വയോധികൻ്റെ ജീവിതത്തിലൂടെയുള്ള യാത്രയാണുള്ളത്.'കൊയ്യ'ത്തിൽ ക്ഷേത്രത്തിലെ നിധി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ കിടപ്പിലായ സംഭവം കാണാം. ഈ രണ്ടു സംഭവങ്ങളും വളരെ ആഴം കുറഞ്ഞ അനുഭവ മേഖലയായതിനാൽ പുതുമയില്ല  .കാര്യങ്ങൾ , കഥാകാരന്മാർ അവരുടെ നിലയിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്നല്ലാതെ ഒരു കഥയുടെ ആന്തരികത സൃഷ്ടിക്കപ്പെടുന്നില്ല ;ഭാവനചെയ്യാൻ പ്രേരിപ്പിക്കുന്നില്ല .

വെറുമൊരു വിവരണത്തിൻ്റെയും അതിലൂടെ ലഭിക്കുന്ന ഒരു ജീവിത സന്ദർഭത്തിൻ്റെയും ചിത്രീകരണം മാത്രം മതിയോ ഒരു കഥയുടെ സൗന്ദര്യാത്മകമായ വിജയത്തിന്? അല്ലെങ്കിൽ കഥ എന്നു പറയുന്ന സാഹിത്യരൂപത്തിന് കലയുമായി ബന്ധമില്ലെന്നു പറയുന്നതാവും നല്ലത്! .അതു  പക്ഷേ, ആത്മഹത്യാപരമാണ്.അഷ്ടമൂർത്തിയുടെ കഥയിലെ കമ്യൂണിസ്റ്റുകാരൻ്റെ ജീവിതമൊക്കെ നൂറു  തവണ എഴുതപ്പെട്ടതാണ്.അതിൽ ഇനി എന്താണ് പുതുതായി പറയാനുള്ളത് ?  ഒരാളെ പുറമേ നിന്നു നോക്കുന്നതിലല്ല കഥാകൃത്തിൻ്റെ മികവ്. യാഥാർത്ഥ്യത്തിനുള്ളിലേക്ക് കയറണം.

അനുഭവം കലയല്ല

ഒരു മനുഷ്യനെയും വസ്ത്രത്തിൻ്റെയോ , പ്രത്യയശാസ്ത്രത്തിൻ്റെയോ , മതത്തിൻ്റെയോ, വേഷത്തിൻ്റെയോ  പുറംകാഴ്ചയിലൂടെ മനസ്സിലാക്കാനാവില്ല. ഈ തത്ത്വത്തിൽ നിന്നാണ് കലാകാരന്മാർ യാത്ര തുടങ്ങേണ്ടത്. ഇതാ ,ഈ മനുഷ്യനിൽ അപ്രതീക്ഷിതമായ, അപ്രവചനീയമായ ഏതോ ഒരു രഹസ്യമുണ്ട് എന്ന് ചിന്തിപ്പിക്കണം .
അതിവിടെ സംഭവിക്കുന്നില്ല.എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല .അതിലൂടെ നമ്മുടെ അസ്തിത്വത്തിൻ്റെ ഒരു രഹസ്യവും അനാവരണം ചെയ്യുന്നില്ല. മനുഷ്യമനസ്സിൻ്റെ പ്രവർത്തനങ്ങളെയാകെ  തമസ്കരിക്കുകയാണവിടെ. ഒരാളുടെ ആന്തരികലോകം എത്ര ശുഷ്കമായാണ് ഈ കഥകളിൽ പ്രത്യക്ഷപ്പെടുന്നത് .

വാമൊഴിയായി കുറേ കാര്യങ്ങൾ അവതരിപ്പിക്കുന്നതുപോലെ, ദുർബലമാണ് ഇന്നത്തെ കഥാരചനയെന്ന് പറയട്ടെ.   വായനക്കാരുടെ മനസ്സിനെ  വിപുലീകരിക്കുകയും  യാഥാസ്ഥിതികവും അനക്കമറ്റതുമായ  ധാരണകളെ ധ്വംസിക്കുകയും ചെയ്യുന്നതിനു പകരം എല്ലാറ്റിനും ചിന്താരഹിതമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണുന്നത്.അനുഭവം തനിയെ കലയാകില്ല. അതിന് കലാകാരൻ്റെ സ്പർശം ആവശ്യമാണ്. അനുഭവങ്ങളെ സംസ്കരിക്കുകയോ തത്ത്വചിന്താപരമായി സമീപിക്കുകയോ വേണം. ഇതിനു മുകളിലാണ് സൗന്ദര്യം വരേണ്ടത്.കഥാരചനയിൽ കലയ്ക്കാണ് പ്രാധാന്യം.

ചില ചിത്രകാരന്മാർ തെറ്റിദ്ധരിച്ചിട്ടുണ്ട് , ഭീകരവും ബീഭത്സവുമായ രൂപങ്ങൾ കാൻവാസിൽ വരയ്ക്കുന്നതാണ് വായനക്കാരെ ആകർഷിക്കുന്നതെന്ന്; അല്ലെങ്കിൽ കലാപരമായ വിജയമാകുന്നതെന്ന്. കാൻവാസിൽ ഭീതിപടർത്താനേ പാടില്ല; ധ്വനിപ്പിക്കുകയേ ചെയ്യാവൂ. കാൻവാസ്  ശൈലിയുടെയും സൗന്ദര്യത്തിൻ്റെയും  മേഖലയാണ്. കാഴ്ചയുടെ അപാരമായ നിമിഷങ്ങൾ നല്കണമെങ്കിൽ കലാകാരൻ യാഥാർത്ഥ്യത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. സൗന്ദര്യാത്മകമായി വസ്തുക്കളെ പുതുക്കുമ്പോഴാണ് പുതിയകാല ഉണ്ടാകുന്നത്. യുദ്ധം ക്യാൻവാസിൽ വരയ്ക്കുമ്പോൾ ഭീകരതയല്ല വരേണ്ടത്;കാഴ്ചയുടെ ലാവണ്യവും വസ്തുക്കളുടെ പുതിയ രൂപാന്തരവുമായി കാൻവാസ് മാറണം. പിക്കാസോയുടെ ഗൊർണിക്ക, പീറ്റർ പോൾ റൂബൻസിൻ്റെ കോൺസിക്വൻസ് ഓഫ് വാർ ,ഇമ്മാനുവൽ ലിയൂട്സിൻ്റെ ജോർജ് വാഷിങ്ടൻ ക്രോസിംഗ് ദ് ഡെലാവെയ്ർ ,കൊർണേലിയസ് ഡി വയേലിൻ്റെ നേവൽ ബാറ്റിൽ ബിറ്റ്വീൻ ദ് സ്പാനീഷ് ആൻഡ് ടർക്സ് തുടങ്ങിയ ചിത്രങ്ങൾ കലയുടെ സൗന്ദര്യത്തെ അതിഭൗതികമായി  ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്, യുദ്ധത്തെയാണ് വരയ്ക്കുന്നതെങ്കിൽ പോലും .

ഇതുതന്നെയാണ് സാഹിത്യരചനയിലും  പ്രാമുഖ്യം നേടേണ്ടത്. ആവിഷ്കാരം എന്ന കടമ്പയുണ്ട്‌.  അത് പ്രകടമാക്കലാണ് - വാക്കുകളിലും ചിന്തകളിലും വർണങ്ങളിലും.സിനിമാനോട്ടീസോ ,ഫീച്ചറോപോലെ കഥയെഴുതുമ്പോൾ സർഗാത്മകത എവിടെ എന്ന ചോദ്യമുയരും.

നുറുങ്ങുകൾ

1)വി.ഷിനിലാൽ 'സല പില' എന്ന കഥ (മാതൃഭൂമി ഓണപ്പതിപ്പ് )യിൽ  ആസാമിൽ താമസിക്കുന്ന മുസ്ലിം വിഭാഗത്തിൽപെട്ട തൊഴിലാളികളെക്കുറിച്ച് എഴുതിയിരിക്കുന്നു .കഷ്ടപ്പെടുന്ന ഏതു വിഭാഗത്തിൻ്റെയും കഥ എഴുതണം. ഈ കഥയിൽ  ആസാമിലെ പൗരത്വപ്രശ്നവും ഉയർത്തുന്നുണ്ട്. ഹിന്ദുക്കൾ മതിലിനപ്പുറത്താണെന്ന് ധ്വനിപ്പിക്കുന്നു. എന്നാൽ ഇതൊക്കെ വായിക്കുന്നവർ തലകുലുക്കുന്നത് പൗരത്വപ്രശ്നം, കുടിയേറ്റ തൊഴിലാളികൾ, അതിർത്തി ഗ്രാമം തുടങ്ങിയ വിഷയങ്ങളുടെ പേരിലായിരിക്കും; കഥയുടെ പേരിലാകില്ല. കഥയിൽ ഈ വിവരിക്കുന്നതല്ലാതെ മറ്റൊന്നുമില്ല. ഇത് ഒരു ഫീച്ചർ വിഷയമാണ്. വായനക്കാർ നിത്യേന കേൾക്കുന്ന  വാർത്തകളാടൊപ്പമാണ് ഇതും പരിഗണിക്കുന്നത്;കലാനുഭവമായല്ല . ഒരു കഥാകൃത്ത് ഇതിനപ്പുറം പോകണം. കലയുടെ  മന്ത്രികതയിലേക്ക് കഥയെ ഉയർത്തണം. മനുഷ്യമനസിലെ നിഗൂഢതകൾ ആരായണം .

2)കുമാരനാശാൻ്റെ 'ചിന്താവിഷ്ടയായ സീത'യിൽ സീതയുടേത്  പ്രണയപാശമാണെന്ന് തട്ടിവിട്ടിരിക്കുകയാണ് സുനിൽ പി. ഇളയിടം (സീതാകാവ്യത്തിലെ ആന്തര സംവാദങ്ങൾ ,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 22).'അനന്യരായ രണ്ടു വ്യക്തികൾക്കിടയിലെ അനന്യമായ അനുഭൂതിബന്ധമായി പ്രവർത്തിക്കുന്ന അനുരാഗമാണ് ' ഇതെന്ന് ലേഖകൻ   ആവർത്തിക്കുന്നു. ഇത് അസംബന്ധമാണ്. അനന്യരായ  വ്യക്തികൾ തമ്മിൽ അനുരാഗം ഉണ്ടാവുകയില്ല. കാരണം അവർ അനന്യരാണ് ,തന്നിൽ തന്നെ സ്വയം നിറഞ്ഞവരാണ്. അവർക്കിടയിലെ ബന്ധം അഥവാ അനുഭൂതി  അനന്യമാണെന്ന് (അതുല്യമാണെന്ന് ) പറയുന്നതിലെ യുക്തിഹീനത മനസ്സിലാക്കണം. സുനിൽ പതിനാലു പുറങ്ങളിൽ സീതാകാവ്യത്തെക്കുറിച്ച് എഴുതുന്നു. എന്നാൽ ഇളയിടം സീതാകാവ്യം  സാഹിത്യപരമായി ,സൗന്ദര്യാത്മകമായി  ആസ്വദിച്ചതായി കാണുന്നില്ല. മറ്റു കസർത്തുകളെല്ലാം കാണാം. പക്ഷേ, ആസ്വാദനമില്ല. ഇത്തരം ലേഖനങ്ങൾ ഇന്ന് സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകരുടെ സിഗ്നേച്ചർ ടോൺ പോലെ നിലവാരപ്പെട്ടുകഴിഞ്ഞു. സീതാകാവ്യം ആസ്വദിച്ചതിൻ്റെ , കലാപരമായ ആനന്ദം പ്രകടമാക്കുന്ന ഒരു വാക്യം പോലും ഈ ലേഖനത്തിലില്ല.

3)ലാറ്റിനമേരിക്കൻ സാഹിത്യകാരനായ ലൂയി ബോർഹസിൻ്റെ 'ലൈബ്രറി ഓഫ് ബാബേൽ' എന്ന കഥയും സക്കറിയയുടെ 'യേശുപൂരം പബ്ളിക് ലൈബ്രറി 'യും തമ്മിൽ എന്തോ ഉള്ളതായി പി.ഗോപകുമാർ (സാഹിത്യവിമർശം, സെപ്റ്റംബർ ) എഴുതുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ: 'യേശുപുരം പബ്ലിക് ലൈബ്രറി ബാബേൽ ഗ്രന്ഥശാലയുടെ അനുകരണമല്ല, പകർപ്പ് .ഇങ്ങനെ പറഞ്ഞുപോയാൽ ആരും കണ്ണുരുട്ടിയിട്ടു കാര്യമില്ല'.


4)വീടിൻ്റെ ലോൺ കുടിശിക അടച്ചു തീർക്കാത്തതിനെക്കുറിച്ച് ബക്കർ മേത്തല 'പണിതീരാത്തവീട്' (എഴുത്ത് , ആഗസ്റ്റ് )എന്ന കവിതയിൽ കുറിക്കുന്നു. വീട്, ലോൺ അടയ്ക്കാത്തവൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ ആത്മഹത്യ ചെയ്യുകയാണ്.
' അപൂർണമായ ഭവനത്തിൽ
ഞാൻ എൻ്റെ ജീവിതം
പൂർണമാക്കുന്നു.
ഇതിനെ ഞാൻ
എൻ്റെ കല്ലറയാക്കുന്നു
എന്നു പറഞ്ഞാറെ
എല്ലാ ഇഷ്ടികകളും
അയാളുടെ ദേഹത്തു വീണു '.

5)'കാവായകാവൊക്കെ
ചുറ്റിക്കൊണ്ടങ്ങനെ ,
പൂവായപൂവൊക്കെ
ചൂടിക്കൊണ്ടും
ആവണിക്കാറ്റു
വന്നെൻ്റെ മനസ്സിൻ്റെ
ജാലകമെല്ലാം തുറന്നുവച്ചു' .
ആലങ്കോട് ലീലാകൃഷ്ണൻ്റെ 'ഉയിർപ്പ് ' (പ്രസാധകൻ ,സെപ്റ്റംബർ ) എന്ന   കവിതയിലെ വരികളാണിത്. എല്ലാം അർത്ഥം നഷ്ടപ്പെട്ട ക്ലീഷേ പ്രയോഗങ്ങൾ .സർവ്വ കവിയശ:പ്രാർത്ഥികളും കൂടി ആയിരം തവണ ഉപയോഗിച്ച പ്രയോഗങ്ങൾ .ആലങ്കോടിനു  ഭാഷയോ ചിന്തയോ ഇല്ല; ഭൂതകാലത്തിൻ്റെ പരിചിത ബിംബങ്ങളുടെ അളവിനൊപ്പിച്ചു തുന്നിയെടുത്ത ഓർമ്മകൾ മാത്രം.


6)കെ .ടി .ബാബുരാജിൻ്റെ  'ഏകാകികളുടെ കടൽ' എന്ന കവിതാസമാഹാരവും 'സമകാലം 'എന്ന കഥാസമാഹാരവും വായിച്ചു. കുറച്ചു വാക്കുകളിൽ ആശയങ്ങൾ സംവേദനം ചെയ്യാനാണ് ബാബുരാജിൻ്റെ ശ്രമം. സമകാല  ജീവിതത്തിൻ്റെ നൊമ്പരപ്പെടുത്തുന്ന  കാഴ്ചകൾ ഈ കൃതികളിലെ രചനകളിൽ കാണാം.

7) ടി .എസ് .എലിയറ്റിൻ്റെ 'ദ് വേസ്റ്റ് ലാൻഡ്' (തരിശുഭൂമി)പ്രസിദ്ധമാണല്ലോ. ഈ കാവ്യത്തിൻ്റെ രൂപം എവിടെനിന്നെങ്കിലും സ്വീകരിച്ചതാണോ എന്ന ചോദ്യത്തിനു എലിയറ്റ്  ഇങ്ങനെ പറഞ്ഞു :'തീർച്ചയായും .തിയോഫിലി ഗോട്ടിയറുടെ (ഫ്രഞ്ച്) കവിതയുടെ രൂപം ഞാൻ ഉപയോഗിക്കുകയായിരുന്നു. ആ രൂപത്തിൽ എൻ്റെ ചിന്തകൾ കൂടുതൽ ശക്തമായി അവതരിപ്പിക്കാനാകുമെന്ന് ഞാൻ മനസ്സിലാക്കി'.

8)മയിൽ ഒരു ലോകവീക്ഷണമാണ്. പ്രസാദമധുരമായി ലോകത്തിനു മുന്നിൽ നൃത്തം ചെയ്യണം ,ശാന്ത ഗംഭീരമായ സൗന്ദര്യത്തിൻ്റെ നിഗൂഢതത പ്രലോഭിപ്പിച്ചുകൊണ്ടു ഗ്രാമ്യമായി പറക്കണം ,പ്രേമരൂക്ഷതയിൽ വർണ വിന്യാസത്തോടെ സ്വയം ആവിഷ്കരിക്കണം ,ജീവിതം പ്രകടനാത്മകവും ഹൃദ്യവുമായ ഒരു കലയാകണം എന്നെല്ലാം ഉദ്ബോധിപ്പിക്കാൻ വേറെയാരുണ്ട് ?


 

No comments:

Post a Comment