Saturday, August 28, 2021

അക്ഷരജാലകം/ എം.കെ.ഹരികുമാർ/കവിതയുടെ ശുദ്ധതയിലേക്ക് /metrovartha august 23, 2021

 

കവിതയുടെ ശുദ്ധതയിലേക്ക് link


നിരന്തരമായി പ്രണയകവിതകൾ  എഴുതിക്കൊണ്ടിരിക്കുന്നവർ എന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ?ഒന്നിനെയും സ്നേഹിക്കുന്നില്ല എന്നതാണ് സത്യം. കാരണം ,പ്രണയിക്കുന്നവൻ തൻ്റെ  വ്യാമോഹങ്ങളെയും സങ്കൽപ്പങ്ങളെയുമാണ് പിന്തുടരുന്നത്. തനിക്ക് ആർജിക്കാൻ കഴിയാത്ത വിശുദ്ധിയുടെയും പ്രലോഭനത്തിൻ്റെയും  ഒരു വ്യക്തിത്വരൂപമാണ് അവൻ തേടുന്നത്.ആ വ്യക്തിത്വരൂപത്തെ താൻ പ്രേമിക്കുന്നു എന്ന ധാരണയിൽ അവൻ വീണ്ടും സ്വപ്നം കാണുന്നു.യഥാർത്ഥത്തിൽ, സ്വപ്നങ്ങളുടെ വൈയക്തികരൂപമായ പ്രണയിനിയെ അവൻ സ്നേഹിക്കുന്നില്ല. മറിച്ച്, അവൻ്റെ  തന്നെ വ്യാമോഹങ്ങളെ മനുഷ്യരൂപത്തിൽ കാണുക മാത്രമാണ് ചെയ്യുന്നത് .എന്നാൽ തൻ്റെ ആ സങ്കല്പരൂപത്തിൽ നിന്ന് അല്പമൊന്നു വ്യതിചലിച്ചാൽ പ്രണയിനിയെ വെറുക്കാൻ തുടങ്ങുന്നു; ഹിംസിക്കുന്നു. അതോടെ, അതുവരെ അവൻ പ്രേമിച്ചത് തന്നെ മാത്രമായിരുന്നുവെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുകയാണ്. ഇതാണ് ആ മാനസിക പ്രക്രിയയെ വിശകലനം ചെയ്താൽ കിട്ടുന്നത്. ഇത് പക്ഷേ ,ക്രൂരമാണ്. സത്യം ചിലപ്പോൾ ക്രൂരതയുടെ രൂപത്തിലും നിലനില്ക്കുന്നു. അപ്പോൾ പ്രണയകവിതയെഴുതുന്നവർ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ?
വലിയ  നിരാശ പടർത്തുകയാണെന്ന് കരുതരുത്. ജീവിതത്തിൻ്റെ ആന്തരഘടന ഇങ്ങനെ വളരെ സ്വയം കേന്ദ്രീകൃതവും വിധ്വംസകവുമാണ്. എന്നാൽ വിപരീതഫലമുണ്ടാക്കുന്ന ഈ പ്രണയപ്രക്രിയയെ അനുകൂലവും  ലോകോപകാരപ്രദവുമാക്കുന്നത്  മനുഷ്യൻ പ്രകൃതിയെ പ്രണയിക്കുമ്പോഴാണ്. അവിടെ പ്രകോപനമോ വെറുപ്പോ ഒരിക്കലും സംഭവിക്കുകയില്ല.

ജീവിതത്തെക്കുറിച്ചുള്ള ഈ അറിവ് നേടുന്നതോടെ നമ്മുടെ ഭാഷയിൽ കാതലായ മാറ്റം വരില്ലേ ? അങ്ങനെയല്ലേ നാം മുന്നേറേണ്ടത്?ആന്തരിക വിസ്ഫോടനങ്ങൾ നമ്മുടെ ഉള്ളിലെ ബുദ്ധനെ ഉണർത്താനുള്ളതാണ്. നമ്മൾ കവിതയെയാണ് തേടുന്നതെങ്കിൽ, എന്തിന് ആയിരം തവണ കൈമാറിവന്ന വാക്കുകളുടെ അർത്ഥങ്ങളെയും  പദസംയോജനങ്ങളുടെ നടപ്പുരീതികളെയും കാവ്യാത്മകമായ മുൻധാരണകളെയും അനുകരിക്കണം ?

കവികളുടെ കാലം സൃഷ്ടിച്ച ഒരു സ്കൂളിനകത്താണ് കവിതയെന്ന ധാരണയിലാണ് ഭൂരിപക്ഷവും എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു വസ്തുവിനെ നോക്കുന്നതുപോലെ കാവ്യാത്മകമെന്ന പരമ്പരാഗത ആശയത്തിനകത്ത് കവിത  തളയ്ക്കപ്പെടുകയാണ്.

രചനാപരമായ യഥാർത്ഥ സ്വാതന്ത്ര്യം ഇവിടെ ആരായേണ്ടതുണ്ട് .ഈ പൂർവ്വ കവിതാവ്യവഹാരത്തിൻ്റെ അർത്ഥനിർമ്മിതികളുടെ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് പോയി  യഥാർത്ഥ കവിതയെ തേടേണ്ടതുണ്ട്. വേർഡ്സ്വർത്ത് 'ലൈൻസ് റിട്ടൺ എ ഫ്യൂ മൈൽസ് എബൗ ടിൻ്റേൺ ആബി ' എന്ന കവിതയിൽ ' ഗ്രീൻ ടു ദ് വെരി ഡോർ ' എന്നെഴുതുന്നുണ്ട്. തന്നെ തീവ്രമായി ബാധിച്ച പ്രകൃതിയെ വേറെ എങ്ങനെ എഴുതും ?പുസ്തക ജന്യവും ചരിത്രത്തിലൂടെ നിർമ്മിക്കപ്പെട്ടതുമായ കവിതകളിൽ നിന്ന് കുറെ നേരത്തേക്ക് മാറി തനതും ശുദ്ധവും പ്രാപഞ്ചികവുമായ കവിതയെ അനുഭവിക്കാനാണ് കവി ശ്രമിക്കേണ്ടത്.

എങ്കിലേ യഥാർത്ഥ കവിതയുടെ ഒരു കണമെങ്കിലും ഉൾക്കൊള്ളാനാവൂ. ഇപ്പോൾ സംഭവിക്കുന്നതെന്താണ് ? ഫാക്ടറികളിൽ നിന്ന് എന്നപോലെ സ്ഥാപനങ്ങൾ  കവിത നിർമ്മിച്ചു പുറന്തള്ളുകയാണ് .പൂർവ്വവബോധത്തിൻ്റെ പകർപ്പുകളെയാണ് അത് ഓർമ്മിപ്പിക്കുന്നത്. പദങ്ങൾ എങ്ങനെ കൂടിച്ചേരണമെന്നും സൗന്ദര്യം എങ്ങനെ നിർമ്മിക്കണമെന്നും മുൻകൂർ തീരുമാനിക്കപ്പെട്ടതാണെന്ന ചിന്തയാണ്  പ്രബലപ്പെടുന്നത്. നിർമ്മിക്കപ്പെട്ട കവിതയുടെ ഘടകങ്ങൾ തന്നെ പലതും പിന്നീട് ഉണ്ടാക്കിയെടുക്കുന്നു. അതുകൊണ്ടുതന്നെ അതിന് മനുഷ്യമനസ്സിൽ യാതൊരു ചലനവുമുണ്ടാക്കാനാവുന്നില്ല. വാക്കുകൾ നേരത്തെതന്നെ ചരമം പ്രാപിച്ചതുപോലെ പ്രത്യക്ഷപ്പെടുകയാണ്.

അറിഞ്ഞതിനുമപ്പുറം

ഉന്നതമായ കലയിൽ അറിഞ്ഞതിനു യാതൊരു പ്രസക്തിയുമില്ല. അന്നാ ഹാമിൽട്ടൺ ഇങ്ങനെ പറഞ്ഞു: 'രചിക്കുമ്പോൾ അറിഞ്ഞതിൽ നിന്ന് അറിയാത്തതിലേക്കാണ് നീങ്ങേണ്ടത് ' .അറിയാമെന്ന ചിന്ത തന്നെ അപകടമാണ്. അറിയില്ല എന്ന ബോധ്യമാണ് എഴുതാൻ പ്രേരിപ്പിക്കേണ്ടത്.പ്രമുഖ അമെരിക്കൻ ചിത്രകാരനായ റിച്ചാർഡ് ഡീബെൻകോൺ കലയിലെ പത്ത് പാഠങ്ങൾ നിരന്നുന്നുണ്ട്.അത് ഇപ്രകാരമാണ്: 'നിശ്ചയമില്ലാത്ത ഒന്നിനെയാണ് അറിയാൻ ശ്രമിക്കേണ്ടത്. തുടക്കത്തിൽ ചിലതെല്ലാം അപൂർണമായി തന്നെ അവശേഷിക്കും; അത് കാര്യമാക്കരുത്, ഇനിയുള്ള അന്വേഷണങ്ങൾക്ക് പ്രചോദനമാകും. ഇതുവരെ അന്വേഷിക്കപ്പെടാത്തതിനു വേണ്ടിയാണ് തിരയണ്ടത്.  പ്രതികൂലമായി ചില സവിശേഷതകൾ ഉണ്ടാകുകയാണെങ്കിൽ അതെങ്ങനെ ഉപയോഗപ്പെടുത്താമെന്ന്  ആലോചിക്കണം. ഒന്നിനെയും 'കണ്ടുപിടിക്ക'രുത് ,ഒരുതരത്തിലും. മുഷിയാതെ അന്വേഷണം തുടരുക. കലാപ്രവർത്തനത്തിൽ വന്നുചേരാവുന്ന അബദ്ധങ്ങൾ തള്ളിക്കളയരുത്. അതെന്തായാലും ഇപ്പോഴത്തെ നിലയിൽ നിന്ന് നിങ്ങളെ മുന്നോട്ടു നയിക്കാതിരിക്കില്ല . എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്ന മനുഷ്യനെ ഓർക്കണം. ഏത് അലങ്കോലത്തെയും നേരിടുകയും അതിനോട് സഹിഷ്ണുതയോടെ ഇടപെടുകയും ചെയ്യുക .എപ്പോഴും  ചിരപരിചിതമായ വഴിവിട്ട് , തലതിരിഞ്ഞതും വഴിതെറ്റുന്നതുമായ  രീതികളിലായിരിക്കണം ശ്രദ്ധ പതിപ്പിക്കേണ്ടത്' . 

പൂർവ്വനിർമ്മിത കവിത

ഡീബെൻകോൺ പറയുന്നത് സർഗാത്മകമായ വേറിടലിൻ്റെ , വിസ്ഫോടനത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ചാണ്. പുതിയതൊന്ന് സൃഷ്‌ടിക്കുമ്പോൾ ഇത് സ്വാഭാവികമാണ്. അറിഞ്ഞ കവിതകൾ, എഴുതപ്പെട്ട കവിതകൾ ധാരാളമുണ്ട്. അതല്ല നമ്മുടെ ലക്ഷ്യം. അറിയാത്ത കവിതകൾ, എഴുതപ്പെടാത്ത കവിതകൾ പ്രപഞ്ചത്തിലാണുള്ളത്. അതാണ്  അന്വേഷിക്കേണ്ടത്.

കവിത പലപ്പോഴും നിർമ്മിത കവിതയാണ്; പലർ ചേർന്നു ഉത്പാദിപ്പിച്ചതാണെന്ന് പറയാം. കാരണം പല കവികളുടെ വീക്ഷണങ്ങളും പദാനുപദ വിവക്ഷകളും  അന്തരീക്ഷത്തിൽ നിൽക്കുന്നുണ്ട്. അതിലേക്ക് എത്തിപ്പിടിക്കുകയേ വേണ്ടൂ, ഒരു സാമ്പ്രദായിക കവിതയുണ്ടാവാൻ.

കവി ഫ്രീഡ്രിച്ച് ഷില്ലർ എഴുതിയ 'എയ്സ്തെറ്റിക് ലെറ്റേഴ്സ്' (1793)സൗന്ദര്യം  എവിടെയാണ് തിരിയണ്ടതെന്ന് വിവരിക്കുന്നുണ്ട്. അക്കാലത്ത്  ആശയാവിഷ്കാര സങ്കേതം എന്ന നിലയിൽ കത്തുകളുടെ രൂപം പലരും  ഉപയോഗിച്ചിട്ടുണ്ട് .ഷില്ലർ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം :'ഭൗതികമായ വാസനകൾക്കും സാംസ്കാരികമായ ചിന്തകൾക്കും മധ്യേയാണ് സൗന്ദര്യാനുഭവം. സൗന്ദര്യം സ്വാതന്ത്ര്യത്തിൻ്റെ മേഖലയാണ്. ഇതൊരു സംസ്കാരമാണ് ,സൗന്ദര്യ വികാരങ്ങളുടെയും ബോധേന്ദ്രിയങ്ങളുടെയും .കളിക്കുമ്പോഴാണ് ശരിക്കും ഒരാൾ മനുഷ്യനാകുന്നത്. കാരണം ,അവിടെ കളിയേയുള്ളു, കാര്യമില്ല. കളി സൗന്ദര്യാത്മകമായ ഒരു പ്രത്യക്ഷതയാണ്' .

ഷില്ലർ പറയുന്നതിൻ്റെ പൊരുൾ  ഇങ്ങനെ വിശദമാക്കാം:  യാഥാർത്ഥ്യത്തിൻ്റെ കയ്പ്പും ചവർപ്പും മറികടന്ന് ശുദ്ധവും സ്വാഭാവികവുമായ സൗന്ദര്യത്തിലെത്താൻ എഴുത്തുകാർ ഈ  സാധ്യത ഉപയോഗിക്കേണ്ടതാണ്. സ്വതന്ത്രമായ രസാനുഭൂതി പ്രകൃതിയിൽ നിന്നു തേടിപ്പിടിക്കണം.

കാക്കനാടൻ്റെ  'ഉച്ചതിരിഞ്ഞ് എന്തോ തിരഞ്ഞ് ' എന്ന കഥ ഓർത്തുപോയി. ഒരു യുവാവ് തനിക്ക് നഷ്ടപ്പെട്ടത്  എന്താണെന്നറിയാതെ നഗരത്തിലൂടെ എന്തോ തിരഞ്ഞു നടക്കുകയാണ്. അയാളുടെ മനസ്സിൽ, ഏതാനും ദിവസങ്ങൾ മാത്രം അടുത്തിടപഴകിയ പൗർണമി എന്ന യുവതിയും ,തൻ്റെ  കൂട്ടുകാരനായിരുന്ന ദിനകരൻ എന്ന യുവാവും മാത്രമേയുള്ളൂ. പൗർണമി ഇപ്പോൾ വിവാഹിതയായി എവിടെയോ കഴിയുന്നു. ദിനകരനാകട്ടെ ,ഒരാളെ കുത്തിക്കൊന്ന കേസിൽ ജയിലിലാണ്.ഇവർ ഈ യുവാവിൻ്റെ മനസ്സിൽ വന്ന് അലങ്കോലമുണ്ടാക്കുകയാണ്. അവരെക്കുറിച്ചുള്ള ഓർമ്മകൾ അയാളെ പിളർക്കുന്നുണ്ട്. ചിലരോടുള്ള ബന്ധം നീറുന്ന ഓർമ്മകളായി ,മുറിവിൻ്റെ  പാടുപോലെ പറ്റിക്കിടക്കും, മാറില്ല.

രസാഭിമുഖമായ ലീല

അന്വേഷകനായ യുവാവാകട്ടെ ,പൗർണമിയെയും ദിനകരനെയും മനസിൽ നിന്ന് മാറ്റാൻ നോക്കുന്നുണ്ട്. എങ്കിലും ഓർമ്മകൾ തികട്ടി വരുകയാണ്. അവരൊക്കെ  മിന്നിമറയുന്ന ചില അയഥാർത്ഥ  നക്ഷത്രങ്ങൾ മാത്രമാണെന്ന് അയാൾ സമാധാനിക്കുന്നു.എങ്കിലും ആ അയഥാർത്ഥ നക്ഷത്രങ്ങൾ അയാളെ മഥിക്കുന്നു. അവർ കണ്ണീർക്കണങ്ങളാണെന്ന തിരിച്ചറിവിലേക്ക് അയാൾ പെട്ടെന്ന് എത്തിച്ചേരുന്നു.താൻ വേരറ്റ ഒരു ജീവിയാണെന്ന് അയാൾ ആശ്വസിച്ചു. വേരുകൾ എന്തിനാണ് ?വേരില്ലാതെ ജീവിക്കുന്ന ആകാശത്തെ അയാൾ നോക്കി. സ്വയം നഷ്ടപ്പെട്ട അയാൾക്ക് വേരുകൾ എവിടെക്കിട്ടാൻ ?

കാലങ്ങളിലൂടെ എല്ലാം നിർജീവമാകുകയും മാഞ്ഞു പോകുകയും ചെയ്യുകയാണെന്ന് കാക്കനാടൻ എഴുതുന്നത് ഇങ്ങനെയാണ് :' മരിച്ചുവീണ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പുകളിൽ പുതിയ വെളുത്ത ശവനാറിപ്പുക്കൾ വിരിഞ്ഞു. വിരിഞ്ഞ പൂക്കൾ അടർന്നു. അടർന്ന പൂക്കൾ ന്യൂട്ടൻ്റെ  സിദ്ധാന്തത്തെ ധിക്കരിച്ചുകൊണ്ട് ആകാശങ്ങളിലേക്കുയർന്നു. വെള്ളിൽപ്പറവകളായി കടലുകൾക്ക് മേൽ ചുറ്റിപ്പറന്നു. തിരകളിലേക്ക് കൂപ്പുകുത്തി വീണ്ടും പൊന്തി വന്നു. വീണ്ടും പറന്നു'.

അസ്തിത്വത്തിൻ്റെ ഭാരമില്ലാത്ത ഒരു വെള്ളിൽപറവയായി മാറാൻ അയാൾ കൊതിച്ചു. ജീവിതം വ്യർത്ഥമായിരിക്കാം. എന്നാൽ വ്യർത്ഥതയ്ക്കുള്ളിൽ ജീവിതത്തെ അന്വേഷിക്കേണ്ടി വരുന്നവരാണ് നമ്മളൊക്കെ .അതാണ് ദു:ഖിപ്പിക്കുന്നത്. കാക്കനാടൻ തൻ്റെ കഥനപ്രക്രിയയെ ,ഷില്ലർ പറഞ്ഞതു പോലെ ,സ്വതന്തവും രസാഭിമുഖവുമായ ഒരു ലീലയിലേക്ക് മാറ്റിയിരിക്കുന്നു.

കഥാരചനയുടെ സ്വാതന്ത്ര്യം പൊതു യാഥാർത്ഥ്യത്തെ മറികടക്കുന്നതിലാണുള്ളത്.അതിൽ ഫാൻ്റസിയും സ്വപ്നവുമുണ്ട്. എന്നാൽ അത് വ്യക്തിപരമായ അസ്തിത്വത്തിൻ്റെ സമസ്യയെ ഒറ്റയ്ക്ക് നേരിടാൻ ഉറച്ചവൻ്റെ പെരുമാറ്റമാണ്.

നുറുങ്ങുകൾ

1)മോപ്പസാങ്ങിൻ്റെ 'മറോക്ക, എന്ന കഥയിൽ ആത്മീയമായ പ്രണയം അനുഭവിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നു ചോദിക്കുന്നുണ്ട്. എന്നാൽ രതിയുടെ അനുഭവം വളരെ ആസ്വാദ്യമാണെന്ന് തുടർന്നു എഴുതുന്നു.

2)ആനന്ദിൻ്റെ കഥാലോകത്തെ രണ്ടായി വിഭജിക്കുന്ന കഥയാണ് 'അംഗഭംഗം' എന്ന് കെ.സി.നാരായണൻ എഴുതുന്നതിൽ കഴമ്പില്ല .ആനന്ദിനു 'ആൾക്കൂട്ടം' എഴുതുമ്പോൾ അജ്ഞാതമായ വേദനയാണ് ഈ കഥയിലുള്ളതെന്ന് പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ ?ആൾക്കൂട്ടം വായിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ല.

ആധുനികകഥകളുടെ ഭാവുകത്വപരമായ തലം ഇനിയും വ്യക്തമായി ഉൾക്കൊണ്ടിട്ടില്ലാത്തവർ  ഇത്തരം വർഗീകരണം കൊണ്ടുവരുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് .

കഥയിലെ ശിവരത്തൻ്റെ കൈ ചെന്നായുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടതാണെന്നിരിക്കെ ,ആ കൈ പഴയതുപോലെ ഉണ്ടെന്ന രീതിയിൽ പെരുമാറുന്നത് സ്വാഭാവികമാണ്.കവി പഴവിള രമേശൻ്റെ ഒരു കാൽ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയപ്പോൾ തനിക്കു അറ്റുപോയ കാലിൻ്റെ അനുഭവം ഉണ്ടാകുന്നതായി അദേഹം  വിവരിച്ചിട്ടുണ്ട് .ഒരു പ്രാവശ്യം പഴവിളയെ ചെന്നു കണ്ടിരുന്നെങ്കിൽ ഇതിനു ഉത്തരം കിട്ടുമായിരുന്നു. ഇക്കാര്യത്തിൽ വിളയന്നൂർ രാമചന്ദ്രൻ്റ പുസ്തകം വായിച്ചതിൻ്റെ അറിവേ നാരായണനുള്ളു. ഒരു പുതിയ കാര്യമെന്ന മട്ടിൽ ഇതവതരിപ്പിച്ചത് ഉചിതമാവില്ല. അറ്റുപോയ കൈയുടെ പേരിൽ  അനുഭവിക്കുന്ന വേദന അപരനോടുള്ള അനുതാപ'മായി കാണുന്ന നാരായണൻ്റെ നിലപാടിൽ ആർക്കും ഒരു കൗതുകവും തോന്നില്ല .

3)സർഗ്ഗാത്മക ത്വരകളുള്ള ഒരാൾ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ  സ്വമേധയാ എഴുത്തിലേക്ക് പ്രവേശിക്കുകയും വളരുകയുമാണ് ചെയ്യുന്നതെന്ന് ചന്ദ്രശേഖരൻ നാരായണൻ (വിശകലനം ,ആഗസ്റ്റ് ) എഴുതുന്നു.എന്നാൽ അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്നു തന്നെയില്ല. ദസ്തയെവ്സ്കി നോവലുകളെഴുതിയത് പ്രതിസന്ധികൾക്കു നടുവിൽ നിന്നുകൊണ്ടാണ്.

4)കെ.എസ്. സേതുമാധവൻ്റെ വീട്ടിൽ അഭിമുഖത്തിനു ചെന്ന് നിരാശനായി  മടങ്ങുന്ന സമയത്ത്  സത്യജിത് റായിയെക്കുറിച്ച് ഷാവാലാസ് കമ്പനി 1993 ൽ ഇറക്കിയ കലണ്ടർ മുഖേന അവസരം ഒത്തുവന്ന സംഭവം ബൈജൂ ചന്ദ്രൻ (പ്രഭാതരശ്മി ,ജൂലായ് ) വിവരിക്കുന്നു. റായിയുടെ കലണ്ടർ  കാണാനുള്ള ബൈജുവിൻ്റെ താല്പര്യം കണ്ടപ്പോഴാണ് ബൈജുവിനെ സന്തോഷിപ്പിക്കാൻ വേണ്ടി സേതുമാധവൻ ഇൻറർവ്യൂവിനു  തയ്യാറായത്. 'സിനിമ എന്ന കലയുടെ യാഥാർത്ഥ ,വലിയ പ്രതിഭയാണ് റായ് എന്നു പറയാനും സേതുമാധവൻ മറന്നില്ല.


4)മനുഷ്യരെയും മൃഗങ്ങളെയും താരതമ്യംചെയ്ത് സീന ജോസഫ് എഴുതിയ കവിത (മനുഷ്യരും മരങ്ങളും ,എഴുത്ത് ,ആഗസ്റ്റ് )ശ്രദ്ധേയമാണ് .
'ചിലരുണ്ട്,
ഓക്കു പോലെ
ഉറപ്പുള്ളവർ .
ഉൾനീറ്റലുകൾ
ഒരു പൊടിപോലും
പുറത്തുകാണിക്കാത്തവർ ' .

മനഷ്യർ ആത്മീയവാദികളാണെങ്കിൽ മരങ്ങളും അങ്ങനെ തന്നെ.

5)അന്തരിച്ച കവി സുഹ്റ പടിപ്പുരയെക്കുറിച്ച് അബു ഇരിങ്ങാട്ടിരി എഴുതിയ അനുസ്മരണക്കുറിപ്പിൽ (സാഹിത്യ ചക്രവാളം, ജൂലായ് ) 'പെണ്ണിനു നേരെ കണ്ണുരുട്ടുന്ന ആണധികാരത്തെ തെല്ലും കൂസാതെ, പറയേണ്ടതു തുറന്നുപറയുന്ന ധീരത സുഹറയുടെ കവിതകളിലുണ്ട് 'എന്നു എഴുതുന്നു.തെരുവിൽ പോരിനു നില്ക്കുന്ന ഒരു പെണ്ണായി കവിയെ താഴ്ത്തരുത്. കവിതയുടെ സൗന്ദര്യമൂല്യത്തിനാണ് പ്രാധാന്യം.
സുഹറയുടെ കവിതകൾ ഉദ്ധരിക്കാത്തതെന്താണ് ? ഒരു കവിയെക്കുറിച്ചെഴുതുമ്പോൾ ഏറ്റവും അനിവാര്യമായിട്ടുള്ളത് കവിതയിലെ വരികളാണ്.കവിതകൾ ഉദ്ധരിക്കാതെ  എഴുതുന്നത് അനുചിതമാണ്.

6)ബ്രാൻഡിങ് പ്രൊഫഷണലും  മലയാളിയുമായ അമോഘ  എഴുതിയ ' എർത്ത് സ്കൈ ' (ബ്ളൂറോസ് പബ്ളിഷേഴ്സ് ) എന്ന കവിതാസമാഹാരം രചനയുടെ വനകാന്തി കാണിച്ചു തന്നു. ഇരട്ടകളായ ആകാശവും ഭൂമിയും ഒരിക്കലും കൂട്ടിമുട്ടാതെ നീങ്ങുകയാണ്. ഒരിക്കലും ആ ആവേശം കെട്ടടങ്ങുകയില്ല. ഈ വിസ്മയമാണ് വാക്കുകളുടെ ആകാശമായി, നിഷ്കളങ്കതയുടെ സൗന്ദര്യമായി കവി  അവതരിപ്പിക്കുന്നത്. കവിതയിലെ വാക്കുകൾ യഥാർത്ഥ വാക്കുകളാകരുത് ;അത് വാക്കുകളെ ലക്ഷ്യം വച്ചുള്ള ചായക്കൂട്ടാണ്. ഇവിടെ അത് അനുഭവവേദ്യമാകകയാണ്.

7) ഒരാൾ പുസ്തകം വായിക്കുമ്പോൾ സ്വന്തം വായനക്കാരനാകുകയാണ് ചെയ്യുന്നതെന്ന് ഫ്രഞ്ച് എഴുത്തുകാരനായ പ്രൂസ്ത് പറഞ്ഞു. എന്നു പറഞ്ഞാൽ ? നോവലിസ്റ്റ്  സ്വന്തം ലോകത്തെ ഏകദേശം അവതരിപ്പിക്കുമ്പോൾ, വായനക്കാരനായി മറ്റൊരു ദൗത്യം  കാത്തിരിക്കുന്നുണ്ട്. ഒരു പുസ്തകം എന്താണ് പറയുന്നതെന്ന് വായനക്കാരൻ സ്ഥിരീകരിക്കുന്നത് തനിക്കുവേണ്ടിയാണ്. ഇതാണ് ഒരു പുസ്തകത്തിൻ്റെ യഥാർത്ഥ മൂല്യം.

8) വലിയ നോവലുകൾക്ക് അതിഭൗതികമായ ജ്ഞാനമുണ്ടെന്നാണ് ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേര പറയുന്നത്. അതുകൊണ്ടാണത്രേ , ചില എഴുത്തുകാരുടെ കൃതികൾ അവരെക്കാൾ ധൈഷണികത  ആർജിച്ചിരിക്കുന്നത്.



 

No comments:

Post a Comment