അക്ഷരജാലകം/ ഭൂതകാലത്തിൻ്റെ പൂക്കൾ
ലോകത്ത് ഇന്നു കാണുന്ന എല്ലാ
പ്രതിസന്ധികൾക്കും കാരണം ഐന്ദ്രിയാനുഭവത്തിൻ്റെ പാളിച്ചയാണെന്ന് അമെരിക്കൻ
ഭൗതികശാസ്ത്ര ഗവേഷകനും തത്ത്വചിന്തകനുമായ ഫ്രിജോഫ് കാപ്ര 'അൺകോമൺ വിസ്ഡം'
എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട് .പ്രമുഖ സമകാലീന ചിന്തകയും ഗ്രന്ഥകാരിയുമായ
ഹാസൽ ഹെൻഡേഴ്സൺ പറഞ്ഞ ഒരു തത്ത്വത്തെ അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:
'നമ്മുടെ കാലത്തെ എല്ലാ പ്രശ്നങ്ങളും (പരിസ്ഥിതിനാശം ,നഗരങ്ങളുടെ
പ്രതിസന്ധി ,യുദ്ധങ്ങൾ ,ജനസംഖ്യാവർധന ,മലിനീകരണം തുടങ്ങിയവ) ഒരേ
വിഷയത്തിൻ്റെ വിവിധ മുഖങ്ങൾ മാത്രമാണ്:ഐന്ദ്രിയാവബോധത്തിൻ്റെ
പ്രതിസന്ധി'. ഇതുമൂലം യാഥാർത്ഥ്യത്തെ മനസിലാക്കുന്നതിൽ മനുഷ്യൻ
പരാജയപ്പെടുന്നു.സാമ്പത്തിക ,സാങ്കേതിക ശാസ്ത്രങ്ങളുടെ പുനരേകീകരണംകൊണ്ടു
മാത്രമേ യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ കഴിയുകയുള്ളുവെന്ന് കാപ്ര പറയുന്നു.
മനുഷ്യൻ സ്വതന്ത്രനാണ് ;എന്നാൽ ഉത്തരവാദിത്വമുള്ളവനുമാണ്. ഇ
സ്വന്തം
ബോധ്യങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിക്കാനുമാവില്ല. ജീവിതത്തിനു ഒരു
അതിർത്തിയുണ്ട്. എത്ര സ്നേഹമുണ്ടെങ്കിലും ജീവിതം മറ്റൊരാളുമായി
വച്ചുമാറാനാവില്ല. ആരും ആരെയും സ്വാധീനിക്കുന്നുമില്ല. യേശുദേവനുപോലും
ലോകത്തെ മനുഷ്യരെയാകെ സ്വാധീനിക്കാനായില്ല .ജീവിതം അതിനുള്ളിൽ തന്നെ
ബന്ധിതമാണ്;അടഞ്ഞതാണ്. ബധിര വുമാണത്.
ഒരാൾക്ക് സ്വാതന്ത്ര്യംകൊണ്ട്
എന്തു ചെയ്യാനൊക്കും? സ്വാതന്ത്യം സ്വന്തം ശരീരത്തിൻ്റെ പരിധിക്കുള്ളിലേ
സാധ്യമാകൂ. ഓരോ ഘട്ടത്തിലും സ്വയം നിർവ്വചിച്ചുകൊണ്ടേ സ്വതന്ത്രനാകാനാവൂ.
ഒരു കാർ ഓടിക്കുമ്പോൾ സ്വാതന്ത്ര്യമുണ്ട്; എന്നാൽ കാറിൻ്റെ പിന്നിൽ ഒരു
നായയെ കെട്ടിയിട്ടില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്.
ജീവിതം
ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. എല്ലാത്തിനും ഉത്തരം കണ്ടെത്താൻ നാം
വിധിക്കപ്പെടുന്നു. ജീവിതം നിറയെ ബന്ധങ്ങളും ബന്ധനങ്ങളുമാണല്ലോ. പിന്നെ
എവിടെയാണ് സ്വാതന്ത്ര്യം ? ഒരാളിൽ നിന്നു പുറപ്പെടുന്ന ആശങ്കകൾ,
ഉദ്വേഗങ്ങൾ പ്രതിധ്വനിച്ചു അയാളിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇത് ഒരുവനെ
കടുത്ത ഏകാന്തതയിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്നു. ഇതാണ്
അസ്തിത്വദുഃഖം. അസ്തിത്വ ദുഃഖം ഭയം തന്നെയാണ്. തീരുമാനങ്ങളുടെ
ആകെത്തുകയാണ് വ്യക്തി. തീരുമാനങ്ങൾ സംഘർഷങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.
പലതരം പ്രലോഭനങ്ങളും ആകുലതകളും അസ്തിത്വത്തിൻ്റെ വിധിയാണ്.ഇത്
ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള ഭയാശങ്കകളാണ് സൃഷ്ടിക്കുന്നത്.
ഏതാണ് ശരി എന്നു ചോദിച്ചാൽ അത് വ്യക്തിപരമായ ശരിയിലെത്തിച്ചേരും.
കടലിനക്കരെ എന്താണെന്ന് അറിയില്ല. എങ്കിൽ അതിനെക്കുറിച്ച് ഭാവന ചെയ്യാനേ
കഴിയൂ. ഈ അനിശ്ചിതാവസ്ഥയാണ് ശൂന്യത സൃഷ്ടിക്കുന്നത്.ജീവിതത്തിനപ്പുറം എന്താണെന്ന് ബുദ്ധനും പറഞ്ഞില്ല.
ഈ
അസ്തിത്വദുഃഖം ഇന്നത്തെ സമൂഹമാധ്യമകാലത്തും പ്രകടമാണ്.നവമാധ്യമങ്ങളുടെ
അപ്പുറമെന്താണ് ? തൊടുത്തുവിടുന്ന സന്ദേശങ്ങളിൽ മാറ്റം വരുത്തി നാളെ
വികലമായി ഉപയോഗിക്കില്ലെന്ന് ഒരു റപ്പുമില്ല. ഒരാളുടെ ശബ്ദവും രൂപവും
ചലനവും കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന ഭാവിയിൽ നമ്മൾ ഒരിക്കലും
സ്വതന്തരായിരിക്കില്ല .
തുണ്ടുകൾ തുരുത്തുകൾ
ബൃഹത്തായ
വായനയിൽ നിന്നും രചനകളിൽ നിന്നും പലരും ചെറുതുണ്ടുകളിലേക്ക്
പിൻവാങ്ങിക്കഴിഞ്ഞു. പരമ്പരാഗത വിജ്ഞാന ,വ്യവഹാര ചിന്താമണ്ഡലങ്ങൾക്ക്
പ്രസക്തി നഷ്ടപ്പെടാൻ ഇനി അധികനാൾ വേണ്ട. പത്രപ്രവർത്തനവും രാഷ്ടീയ
പ്രവർത്തനവുമെല്ലാം സാങ്കേതിക വിദഗ്ദ്ധന്മാരുടെ കൈകളിലേക്ക് പോവുകയാണ്.
കാണികളുടെ സ്ഥലകാലബോധത്തെപ്പോലും ടി.വി ചാനലുകൾ അറസ്റ്റു ചെയ്തു കഴിഞ്ഞു.
സ്റ്റുഡിയോ എവിടെ ,റിപ്പോർട്ടർ എവിടെ എന്നു പോലും അറിയാൻ നിർവ്വാഹമില്ല.
കാസർകോടുള്ള റിപ്പോർട്ടറും തിരുവനന്തപുരത്തുള്ള അവതാരകനും ഒരു പട്ടണത്തിലെ
ജംഗ്ഷനിൽ വന്നു നിന്ന് കുശലം പറയുന്ന പോലെ വാർത്ത അവതരിപ്പിക്കപ്പെടുന്നു.
സ്ഥലകാലത്തെക്കുറിച്ചുള്ള ഈ മിഥ്യാബോധം ജനിപ്പിക്കൽ ഇന്നത്തെ വാർത്തകളുടെ
ഭാഗമാണ്. പ്രേക്ഷകനെ സ്ഥലകാലബോധവും ചിന്തയുമില്ലാത്തവനാക്കുന്നിടത്താണ്
ഇന്നത്തെ സാങ്കേതിക മാധ്യമപ്രവർത്തനം വിജയിക്കുന്നതായി ഭാവിക്കുന്നത്
.യാഥാർത്ഥ്യമല്ല ,ഊതിവീർപ്പിച്ച പ്രതീതി യഥാർത്ഥ്യമാണ് ഇന്നത്തെ
മാധ്യമപ്രവർത്തനം. ഇതിൽ വ്യാജസ്ഥലകാലബോധം ജനിപ്പിക്കുക
,വ്യാജവാർത്തസൃഷ്ടിക്കുക ,ജീവിച്ചിരിക്കുന്നവരെ കൊല്ലുക തുടങ്ങിയവയെല്ലാം
ഉൾപ്പെടുന്നു.
ഈ പ്രത്യേകസന്ധിയിലാണ് ആഖ്യാനങ്ങൾ തുണ്ടുകളായി
വായിക്കന്നതിനു താത്പര്യം കൂടുന്നത്. മൊബൈൽ ഫോൺ തുണ്ടുവായനയുടെ
ഉപകരണമാണല്ലോ. ഒന്നോ രണ്ടോ വാചകങ്ങൾ വായിക്കുന്നത് ഒരു പുസ്തകം
വായിക്കുന്നതിനു സമാനമാവുകയാണ്. കാരണം, ഇതുവരെ ലോകം കാണാത്ത തരത്തിലുള്ള
ഒരു കുതിച്ചുചാട്ടം വാക്കുകളുടെയും ബിംബങ്ങളുടെയും മേഖലയിൽ ഉണ്ടാകുന്നു.
ഏതിനൊക്കെ സമയം വീതിച്ചു നല്കും ?.എല്ലാം കണ്ണുകൾകൊണ്ടും കാതുകൾ കൊണ്ടും
ഉപഭോഗം ചെയ്യാനുള്ള മരണപ്പാച്ചിലാണ് എവിടെയും. ഇത് പിരിമുറുക്കം
സൃഷ്ടിക്കുകയാണ്. വീഡിയോ തുണ്ടുകൾ ( ഹ്രസ്വചിത്രങ്ങൾ ) ,സംഗീതതുണ്ടുകൾ (
റിംഗ്ടോണുകൾ) പുസ്തകതുണ്ടുകൾ ( ഉദ്ധരണികൾ), സംഭാഷണതുണ്ടുകൾ (ഇമോജികൾ,
സന്ദേശങ്ങൾ , കുറിപ്പുകൾ ) എല്ലാം വലിയതോതിൽ സ്വീകരിക്കപ്പെടുന്നു.ഈ
കാലത്ത് ദസ്തയെവ്സ്കി ജീവിച്ചിരുന്നെങ്കിൽ ആയിരം പേജുള്ള തൻ്റെ നോവലിൻ്റെ
പ്രചാരണത്തിനും ആശയസംവാദത്തിനുമായി സമൂഹമാധ്യമങ്ങളിൽ തുണ്ടുകളുമായി
രംഗപ്രവേശം ചെയ്യുമായിരുന്നു എന്ന് സങ്കല്പിക്കുന്നത് രസകരമായിരിക്കും.
കാരണം, വായനക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്താനുള്ള അവസരമാണ്
ഇപ്പോഴുള്ളത്. ആയിരം പേജുള്ള നോവലുകൾ എഴുതി, അതിനെക്കുറിച്ചുള്ള
റിവ്യുവിനുവേണ്ടി വർഷങ്ങളോളം കാത്തിരിക്കാൻ അദ്ദേഹം തയ്യാറാവില്ല. തടിച്ച
പുസ്തകങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ വൈകുമല്ലോ. ഇപ്പോഴാണെങ്കിൽ
'ഇഡിയറ്റി'ലെ ഓരോ ഖണ്ഡിക വീതം വായനക്കാർക്ക് ദിവസേന നല്കാം,
സമൂഹമാധ്യമങ്ങളിലൂടെ .പെട്ടെന്ന് പ്രതികരണം ലഭിക്കും
,ആഴമുണ്ടായിരിക്കില്ലെങ്കിലും. അല്ലെങ്കിൽ തന്നെ ,-ഉത്തര- ഉത്തരാധുനിക
കാലത്ത് ആർക്കാണ് ആഴം വേണ്ടത് ?
വ്യാകുലതയുടെ കവി
പ്രമുഖ
പോർച്ചുഗീസ് കവി ഫെർനാണ്ടോ പെസ്സോവയുടെ 'ബുക്ക് ഓഫ് ഡിസ്ക്വയറ്റ് '
(വ്യാകുലതയുടെ പുസ്തകം )എന്ന കൃതി തുണ്ടുകളായി മാറിയ
സാഹിത്യചിന്തകളുടെയും ജീവിത തത്ത്വചിന്തകളുടെയും സമാഹാരമാണ്. അദ്ദേഹം അത്
തുറന്നു സമ്മതിക്കുന്നുണ്ട്. തന്നെ ബാധിച്ചിരിക്കുന്നത് സന്ദേഹവും
നിസ്സംഗതയുമാണെന്ന് പെസ്സോവ അറിയിക്കുന്നു. എല്ലാ സാഹിത്യരൂപങ്ങളിൽ നിന്നും
വിച്ഛേദം സംഭവിച്ച ഒരു ജീനിയസിൻ്റെ സ്വാഭാവികമായ എത്തിച്ചേരലാണത്. കവിതകൾ
എഴുതിതുടങ്ങിയ കാലത്തു തന്നെ അദ്ദേഹത്തെ ഈ ചിന്ത പിടികൂടിയിരുന്നു.
അനുഭവങ്ങളുടെ അന്ത്യത്തെക്കുറിച്ചുള്ള ഒരു വെളിപാടു പുസ്തകമായി മനസ്
മാറുകയാണ്.
അഗാധവും നിശ്ശബ്ദവുമായ ഒരു തകർച്ചയിലൂടെയാണ് താൻ
നീങ്ങുന്നതെന്ന് ഒരു സുഹൃത്തിനു എഴുതിയ കത്തിൽ പെസ്സോവ സൂചിപ്പിച്ചത്
ഇതിനു തെളിവാണ്: 'കഠിനമായി പണിയെടുക്കുന്നത് എൻ്റെ മാനസികമായ ഒരു
വിപരീതമാണ്. എന്നാൽ അതെല്ലാം ചിതറിപ്പോവുകയാണ് ;എല്ലാം ചിതറിയ വാക്കുകളായി
രേഖപ്പെടുത്താനാണ് എൻ്റെ നിയോഗം'.
ചിതറിയതും
പരസ്പരബന്ധമില്ലാത്തതുമായ ആശയങ്ങൾ അദ്ദേഹത്തിൻ്റെ മനസ്സിൽ വന്നു നൃത്തം
ചെയ്തു. അന്തമില്ലാത്ത അഗാധതകളിലേക്ക് അത് വികാരശൂന്യമായി പ്രലോഭിപ്പിച്ചു.
പെസ്സോവ
മൂന്നു വ്യത്യസ്ത തൂലികാനാമങ്ങളിൽ - ആൽബെർട്ടോ കെയ്റോ ,റിക്കാർഡോ റീസ്
,അൽവാരോ ഡി കാമ്പോസ് - എഴുതി. ഇവർക്കെല്ലാം വ്യത്യസ്ത ജീവചരിത്രവുണ്ട്
.1910 ൽ എഴുതി തുടങ്ങിയ പെസ്സോവയുടെ ആദ്യ ഇംഗ്ളീഷ് ലേഖനം പ്രസിദ്ധീകരിച്ചത്
1913ലാണ് ;ആദ്യ കവിത 1914ലും. ഐന്ദ്രിയലോകത്തിൻ്റെ അനുഭൂതിയിലും
യുക്തിയിലും നിസ്സംഗനായിരുന്ന പെസ്സോവ തനിക്കുള്ള സന്ദേഹങ്ങൾ ആദ്യകാലം
മുതലേ ചെറിയ കുറിപ്പുകളിലൊതുക്കാൻ മറന്നില്ല.
ജീവിച്ചിരിക്കുന്നു
എന്നു ബോധ്യപ്പെടുന്നത് ഐന്ദ്രിയാനുഭവത്തിലൂടെയാണ്. അതാകട്ടെ
,ഖരവസ്തുവല്ല; തൊട്ടറിയാവുന്നതുമല്ല. നമ്മൾ അറിയുന്നത് ഒരു ശാരീരിക
രസതന്ത്രത്തിലൂടെയാണ് .വേറെ തെളിവൊന്നുമില്ല. മാംസത്തിനകത്ത്
സജീവമായിരിക്കുന്ന നൂറുകൂട്ടം ആവേഗങ്ങളുടെ ഒരു അതിഭൗതിക,
അതിശയയാഥാർത്ഥ്യമാണ് മനസ്സ്. അതിന് ഭൂമിയിൽ മറ്റൊന്നിനോടും സാദൃശ്യമില്ല.
അതിൻ്റെ ക്ഷണംപ്രതി മാറിക്കൊണ്ടിരിക്കുന്ന പ്രതീതിയാഥാർത്ഥ്യത്തിനകത്ത്
നമ്മൾ എത്രത്തോളം സുരക്ഷിതരാണ് ?
സാഹിത്യരചനകൊണ്ട് ലോകത്തെ
മാറ്റാനാവില്ലെന്ന് പെസ്സോവ കരുതുന്നു. അദ്ദേഹം എല്ലാത്തിനെയും
സംശയിക്കുകയായിരുന്നു. കാരണം, യാതൊന്നിനെ മനസ്സിലാക്കി വരുമ്പോഴേക്കും
അതിൻ്റെ സ്വഭാവവും സത്തയും മാറിയിട്ടുണ്ടാവും. അദ്ദേഹം എഴുതി: 'ഒരാൾ
എഴുതുന്നത് മറ്റാരുടെയെങ്കിലും മനസ്സുമാറ്റാനാണെന്ന് ഞാൻ കരുതുന്നില്ല.
വായിക്കുന്നതിൻ്റെ രസം ആസ്വദിക്കാൻ ഒരുവൻ എന്തെങ്കിലും ഉറക്കെ
വായിക്കുന്നതിനു തുല്യമാണ് നമ്മുടെ എഴുത്ത് '.
ജീവിതം ഭയമാണ്
അവനവൻ്റെ
സമസ്യ എന്ന നിലയിലാണ് രചനകൾ ഉണ്ടാകുന്നതത്രേ. അതും മനസ്സുപോലെയാണ്.
അതിലെ സത്യാത്മകത മനസ്സിലെ തോന്നലാണോ ? മനസ്സിൻ്റെ അസ്തിത്വംപോലെ
സന്ദിഗ്ദ്ധമാണത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് തടവുകാരുടെ
ഒരു രാത്രിയിലെ ജീവിതമാണല്ലോ 'ദ് വാൾ'(1939) എന്ന കഥയിൽ ഫ്രഞ്ച്
എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് പറയുന്നത് . കഥ നടക്കുന്നത് സ്പെയിനിലാണ്,
സ്പാനീഷ് യുദ്ധപശ്ചാത്തലത്തിൽ. തടവുകാരിലുൾപ്പെട്ട പാബ്ളോ ഇബീറ്റയിലൂടെയാണ്
കഥ ആവിഷ്കരിക്കുന്നത്. പിറ്റേദിവസം രാവിലെ അവരെ വധിക്കുമെന്നാണ്
അറിയിച്ചിരിക്കുന്നത്. എത്ര അഗാധവും തപ്തവുമായിരിക്കും അവരുടെ മനസ്സ്!.
പാബ്ളോ ഞെട്ടലോടെ ഒരു കാര്യം മനസ്സിലാക്കുന്നു ,ജീവിതം ഒരു അടഞ്ഞ ബാഗ്
പോലെയാണെന്ന്. അതിനുള്ളിൽ ഒന്നുമില്ല .അയാൾ ജീവിതം സുന്ദരമാണെന്ന്
ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്ന് പിന്മാറി. ജീവിതത്തിൻ്റെ
അനശ്വരതയെക്കുറിച്ച് കപടമായ ഒരു ധാരണ കെട്ടിപ്പൊക്കി ,അതിലാണ് അയാൾ
ജീവിച്ചിരുന്നതെന്ന് കണ്ടെത്തുന്നു , ഒന്നും മനസ്സിലാക്കാതെ. ജീവിതം
ഭയത്തിൻ്റെ അവസ്ഥയാണെന്ന് പെസോവ എഴുതി: 'ഈ നിഗൂഢത മനസ്സിൽ ഭീതിയാണ്
നിറയ്ക്കുന്നത്. ചിലപ്പോൾ അത് രൂപമില്ലാത്ത ഒരു പിശാചായിരിക്കും .
അല്ലെങ്കിൽ നമുക്ക് പിന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു രൂപമാണത്. അതിനെ
നോക്കാൻ നമുക്ക് ധൈര്യമില്ല '.
കാക്കനാടൻ്റെ 'മഴയുടെ മകൻ' എന്ന
കഥയിൽ ഇങ്ങനെ വായിക്കാം: 'ആകാശം ശൂന്യമായ കാൻവാസായിരുന്നു. സൂര്യനെ അവിടെ
കണ്ടില്ല. ചന്ദ്രനോ നക്ഷത്രങ്ങളോ , ഒരു നുറുക്കു മേഘംപോലുമോ അവിടെ
ഉണ്ടായിരുന്നില്ല. നിശ്ചലമായ ഭൂമി. ശൂന്യമായ ആകാശം. കാലം നിലച്ചുപോയോ ?ജീവൻ
നിലച്ചുപോയോ ?മരണം എന്ന അവസ്ഥ ഇതാണോ ?'
ഈ വിവരണത്തിൽ പെസ്സോവ
അനുഭവിച്ചതിനു സമാനമായ ഭയവും സന്നിഗ്ദ്ധതയും ശൂന്യതയുമാണ് കാണാനാവുന്നത്
.അസ്തിത്വവ്യഥയുടെ ആഴത്തിലുള്ള ആഖ്യാനം. 'മറ്റൊരാളിനെ കാണുന്നതോടെ എൻ്റെ
ചിന്തയുടെ താളംതെറ്റുകയാണ്. എൻ്റെ സന്തോഷം തന്നെ വേദനാജനകമാണ്, എൻ്റെ
വേദനപോലെ' - പെസ്സോവ എഴുതുന്നു.
മനുഷ്യൻ ഭൂതകാലമാണ്
പെസ്സോവയുടെ
വാക്കുകൾ ഏകാന്തതയുടെ ആഴത്തിൽ നിന്നുയരുന്ന മധുരഗാനമാണ്. അതിൽ കനംവച്ച
നിമിഷങ്ങളുടെ അടുക്കുകളുണ്ട്.മനുഷ്യൻ അവൻ്റെ ഭൂതകാലമാണ്. ഭൂതകാലത്തെ
ചീട്ടുകശക്കുന്നതുപോലെ പല നേരങ്ങളിൽ കശക്കി പലതാക്കുകയാണ് അവൻ ചെയ്യുന്നത്.
അതിനു പറ്റിയ നല്ല തെളിവ് ഈ വാക്കുകളാണ്: 'ജീവിതം ഒരു മാനസികാവസ്ഥയാണ്
.വ്യക്തി എന്തുചെയ്താലും ചിന്തിച്ചാലും അത് മൂല്യമുള്ളതാകുന്നത്, അതിനു
നാം കൊടുക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ്' .ഭൂതകാലത്തെ പലതരത്തിൽ
കശക്കുന്നതിലൂടെ മനുഷ്യൻ സൗന്ദര്യമാണ് സൃഷ്ടിക്കുന്നത്.
ഐറിഷ് കവി
ഡബ്ളിയു. ബി. യേറ്റ്സ് 'ആത്മകഥ'യിൽ പറഞ്ഞു ,ചിന്തകൾക്ക് എപ്പോഴും
മുറിഞ്ഞുപോകാനുള്ള സ്വഭാവമാണുള്ളതെന്ന് .എന്നാൽ ശിഥിലമായി ,ഒറ്റപ്പെടുന്ന
ബിംബങ്ങൾക്ക് കൂടുതൽ സൗന്ദര്യം വന്നുചേരുകയാണ്' .ഇതു തന്നെയാണ് ഭാവന
ചെയ്യുമ്പോൾ സംഭവിക്കുന്നത്. ഓരോന്നിനും വേർപെട്ടു നില്ക്കുന്നതിൻ്റെ
സൗന്ദര്യമുണ്ടാവും. ഭാവനയിലും നമ്മുടെ അടഞ്ഞ ലോകങ്ങളുണ്ട്. നമുക്ക് മാത്രം
സൃഷ്ടിക്കാവുന്നത് ,നശിപ്പിക്കാവുന്നത്;സാർത്രിൻ്റെ കഥയിൽ പറഞ്ഞതു തന്നെ ,അടഞ്ഞ ബാഗ് പോലെ.
സങ്കടങ്ങളിൽനിന്ന്
,ഭയത്തിൽനിന്നു, സന്ദേഹത്തിൽനിന്നു രക്ഷപ്പെടാൻ സ്വപ്നങ്ങളിൽ നിർബാധം
ചെന്നു വീഴുകയേ പെസ്സോവയ്ക്ക് സാധ്യമായിരുന്നുള്ളു.'സ്വപ്നങ്ങളുടെ
തെരുവിലേക്ക് ഞാൻ ഒരു ജാലകം തുറക്കുന്നു 'എന്ന് എഴുതുന്നത്
അതുകൊണ്ടാണ്.ഭൂതകാലത്തിലാണ് നാം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ
മനസ്സ് അവിടെയാണ്. മൂല്യങ്ങൾ അവശ്യമായി വരുമ്പോൾ സ്വപ്നത്തിലേക്ക്
നീങ്ങുന്നു .ഏത് ദൃശ്യവും സ്വപ്നസമാനമാണ്.
നുറുങ്ങുകൾ
1)കഴിഞ്ഞ
ദിവസം അന്തരിച്ച തോമസ് ജോസഫ് സ്വകാര്യതയുടെയും സ്വപ്നാത്മകതയുടെയും
കാല്പനികതയുടെയും കഥാകൃത്തായിരുന്നു. അദ്ദേഹം റൊമാൻ്റിക് റിയലിസ്റ്റ്
അല്ലായിരുന്നു. ഏകാന്ത സ്വപ്നാടകനായിരുന്നു. അന്തർമുഖതയിലാണ്
അദ്ദേഹത്തിൻ്റെ കഥകൾ ഇടം കണ്ടെത്തിയത്. 'അത്ഭുതസമസ്യ ' എന്ന കഥ അതാണ്
വ്യക്തമാക്കുന്നത്. ജീവിതത്തിലെ സാധാരണ സംഭവങ്ങൾ തോമസ് ജോസഫിൻ്റെ മുന്നിൽ
സമസ്യയൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിൻ്റെ മനസ്സ് കുഴപ്പം
പിടിച്ചതായിരുന്നു. അദ്ദേഹം മരണത്തെയാണ് എവിടെയും കണ്ടത്. എല്ലാം
മരണത്തിലൂടെ സുന്ദരമായ ഒരു സ്വപ്നമായിത്തീരുന്നുവെന്ന് തോമസ് ജോസഫിനോട്
അദ്ദേഹത്തിൻ്റെ അബോധമനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
2)സാഹിത്യകാരന്മാർ
സ്ഥാനമാനങ്ങൾക്കുവേണ്ടി ,രാഷ്ട്രീയപാർട്ടികൾക്കുവേണ്ടി കുഴലൂതുകയാണെന്ന്
റഷീദ് പാനൂർ കുറ്റപ്പെടുത്തുന്നു.( കാൽ കാശിനു കൊള്ളാത്ത സാംസ്കാരിക
നായകന്മാർ ,കേസരി ,ജൂലായ് 30). സംസ്കാരത്തിന് കുഴപ്പമൊന്നും
സംഭവിച്ചിട്ടില്ലെങ്കിലും സാംസ്കാരിക പ്രവർത്തകർക്ക് എന്തോ
സംഭവിച്ചിരിക്കുന്നു. മനസ്സിൻ്റെ ഒരു കോൺ ഒഴിച്ചിടാത്തവനെ സാംസ്കാരിക
ബുദ്ധിജീവി എന്നു വിളിക്കാനാവില്ല.വെറും ദല്ലാൾ പണി മാത്രമാണ്
ലക്ഷ്യമെങ്കിൽ ,സാഹിത്യത്തിൽ എന്തിനു വരുന്നു. ?
സെൻ ബുദ്ധിസ്റ്റുകൾ
പറയും ,നിറഞ്ഞ ഗ്ളാസിലേക്ക് ഒന്നും പകരാനാവില്ല എന്ന് .വീണ്ടും ഒഴിച്ചാൽ
പുറത്തേക്ക് പോകും. ഇവിടത്തെ ഭൂരിപക്ഷം സാംസ്കാരിക പ്രവർത്തകരുടെയും മനസ്സ്
നേരത്തേ തന്നെ നിറഞ്ഞിരിക്കുകയാണ്. അവിടേക്ക് പുതുതായി ഒന്നും
പകരാനാവില്ല.എന്നാൽ സാധാരണക്കാർക്ക് മനസ്സിൽ എപ്പോഴും ഒഴിഞ്ഞ ഇടമുണ്ട്.
അവിടേക്ക് നമുക്ക് പ്രവേശിക്കാം.
3)റോസി തമ്പിയുടെ 'ഗീതാഞ്ജലി'
(ഭാഷാപോഷിണി, ഓഗസ്റ്റ് ), രവീന്ദ്രനാഥ ടാഗോറിൻ്റെ 'ഗീതാഞ്ജലി'യെ പുതിയ
കാലത്തിൻ്റെ ഭാവുകത്വമുൾക്കൊണ്ട് നിർമ്മിച്ചതാണത്രേ. എന്നാൽ വായിച്ചപ്പോൾ
അങ്ങനെ തോന്നിയില്ല.റോസി തമ്പിക്ക് മിസ്റ്റിക് അനുഭവമില്ല. അവർക്ക്
ഗീതാഞ്ജലിയെ പുനരാവിഷ്കരിക്കാനുള്ള ആന്തരികമായ ബലമില്ല .ടാഗോർ ഈ
കാവ്യമെഴുതിയത് മനസ്സിൻ്റെ അടിത്തട്ടിലുള്ള അഭൗമമായ ത്വര, പ്രാപഞ്ചിക
ലാവണ്യത്തിൻ്റെ നേർക്ക് ഒരു പ്രലോഭനത്തിലെന്ന പോലെ കുതിച്ചുയരുന്നതിൻ്റെ
ആനന്ദം അനുഭവിച്ചുകൊണ്ടാണ് .അതിൽ ദാർശനികമായ പഥങ്ങളുണ്ട്. എന്നാൽ യു .ജി
.സി സംസ്കാരമുള്ള റോസി തമ്പിക്ക് ഇതുപോലുള്ള അപാരതയെ സ്വാംശീകരിക്കുന്ന
ഉള്ളനുഭവങ്ങളില്ല .റോസിയുടെ കാവ്യം തന്നെയാണ് ഏറ്റവും വലിയ തെളിവ്.റോസിയുടെ
കവിത ഒരു സാധാരണ അദ്ധ്യാപകസൃഷ്ടിയാണ്.
4)ഒ.വി.വിജയനെ
ഭൗതികവാദിയാക്കാൻ വൃഥാശ്രമം നടത്തുകയാണ് പി. കെ. രാജശേഖരൻ (മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ജൂലായ് 30) സാമാന്യസഹൃദയത്വമുള്ള ഏതൊരാൾക്കും വിജയൻ
ഭൗതികവാദത്തെയല്ല ആശയവാദത്തെയും അതീന്ദ്രിയ ജ്ഞാനത്തെയുമാണ്
ആശ്രയിക്കുന്നതെന്ന് മനസ്സിലാകും.വിജയൻ്റെ ഓരോ വാചകത്തിലും അതുണ്ട്.
എഴുത്തുകാരനെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? അയാളുടെ ഭാഷയിലൂടെയാണ് .വഴിയിൽ
ആരെങ്കിലും പറയുന്നത് കേട്ടിട്ടല്ലല്ലോ. എഴുത്തുകാരൻ്റെ പേരിൽ
സ്ഥാപിതമായിരിക്കുന്ന സ്മാരകകേന്ദ്രത്തിൻ്റെ ഭാരവാഹികൾ പറയുന്നത്
കേട്ടിട്ടാണോ ഒരഭിപ്രായം രൂപീകരിക്കുന്നത്. ? ഭൗതികവാദത്തിൽ നിന്ന്
സാഹിത്യമുണ്ടാവുകയില്ല. സാഹിത്യത്തിൻ്റെ ആത്മാവ് മറ്റൊന്നാണ്. അത്
അപരിചിതമാക്കലിൻ്റെ കലയാണെന്ന് ബക്തിൻ പറഞ്ഞിട്ട് എത്രയോ കാലമായി.
വിജയൻ്റെ
അതീതയാഥാർത്ഥ്യങ്ങൾ ഹൈന്ദവാദ്ധ്യാത്മികതയായി പലരും
തെറ്റിദ്ധരിക്കുകയാണെന്ന് രാജശേഖരൻ എഴുതുകയാണ്. എന്നാൽ അങ്ങനെ ആരും
പറയുകയില്ല ;കാരണം അത്ഥശൂന്യമാണത്.ഹൈന്ദവാദ്ധ്യാത്മികത പാപമല്ല;അതിനെ
സർഗ്ഗാത്മകമാക്കുകയാണ് ഒരു കലാകാരൻ്റെ ലക്ഷ്യം.വിജയന് ഭാരതീയ ബിംബങ്ങൾ
കലാനിർമ്മാണത്തിൻ്റെ സാമഗ്രികളാണ്. അതേസമയം വിജയന് പൂന്താനത്തിൻ്റെ
അദ്ധ്യാത്മികതയല്ല ഉള്ളത്;സ്വതന്ത്രമായ ,സങ്കീർണ്ണമായ മാനങ്ങളുള്ള
ആത്മീയതയാണത്.
ജീവിതകാലം മുഴുവൻ ക്രിസ്തുവിനെ അന്വേഷിച്ച കസൻദ്സാക്കീസും ദസ്തയെവ്സ്കിയും ക്രൈസ്തവാദ്ധ്യാത്മികവാദികളാണെന്ന് പറയാൻ രാജശേഖരൻ മടിക്കില്ല.
5)മലയാളത്തിൽ
മഹാഭാരതപഠനങ്ങൾ ഏറുകയാണ്. മഹാഭാരതത്തോടുള്ള ആദരംകൊണ്ടല്ല;അതിനെ
എങ്ങനെയെല്ലാം പുച്ഛിക്കാമെന്ന് ഗവേഷണം ചെയ്യുകയാണ് ചിലർ. ശ്രീകൃഷ്ണദർശനം
മനസ്സിലാവുകയില്ല ഇവർക്ക് .ശ്രീകൃഷ്ണൻ ഐ.വി.ശശിയുടെ സിനിമയിലെ ഒരു
കഥാപാത്രമാണെന്ന മട്ടിലാണ് ദീർഘിച്ച മഹാഭാരതപഠനങ്ങൾ . ഈ പഠനങ്ങളെ ചരിത്രം
അതിൻ്റെ നിശിതമായ ബുദ്ധികൊണ്ട് ദൂരേക്ക് വലിച്ചെറിയാതിരിക്കില്ല.
6)കവിത കാവ്യാത്മകമാകുന്നത് രചിക്കപ്പെട്ടതിനു ശേഷമാണ്, വായനക്കാരൻ്റെ മനസ്സിൽ .കവിക്ക് കാവ്യാത്മകതയുടെ പൂർവ്വധാരണകൾ പാടില്ല .
7)പ്രകൃതിയെ
ഡിസൈൻ ചെയ്ത ശക്തി അതിൻ്റെയുള്ളിൽ തന്നെയുണ്ടെന്ന് മനസ്സിലാക്കി
ആദരിക്കുകയാണ് വേണ്ടതെന്ന് റോമാ ചക്രവർത്തിയും തത്ത്വദർശിയുമായിരുന്ന
മാർക്കസ് ഒറേലിയസ് 'മെഡിറ്റേഷൻ 'എന്ന കൃതിയിൽ പറയുന്നുണ്ട്. എന്നാൽ
മനുഷ്യൻ്റെ പ്രവൃത്തി ആ ശക്തിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം. എങ്കിൽ
ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കുമെന്നാണ് ഒറേലിയസ് അറിയിക്കുന്നത്.
Wednesday, August 18, 2021
അക്ഷരജാലകം /എം.കെ.ഹരികുമാർ/ഭൂതകാലത്തിൻ്റെ പൂക്കൾ/metrovartha /aug 9
Subscribe to:
Post Comments (Atom)
No comments:
Post a Comment