Wednesday, September 7, 2022

ഓണം മലയാളിയുടെ വൈരുദ്ധ്യദർശനം : എം.കെ.ഹരികുമാർ

 

Sunday, September 4, 2022

കവി ഉദ്ദേശിച്ചതല്ല /അക്ഷരജാലകംഎം.കെ.ഹരികുമാർ





കവി ഉദ്ദേശിച്ചതല്ല 

'കവിതയിലെ ഭാഷയിൽ കവി വന്നു നിന്നു പ്രതിസന്ധി സൃഷ്ടിക്കരുത്. കവിതയ്ക്ക് അതിൻ്റെ വിധി ഏറ്റുവാങ്ങാൻ കഴിയണം. കവിത ഒരു ചാവേറാണ്. അത് ഒരിടത്തേക്കും, പൂർവ്വനിശ്ചിതമായി ഉന്നം വച്ചിട്ടില്ല' - എൻ്റെ 'മറവിയുടെ നിർമ്മാണം '(2011,എസ്.പി.സി.എസ്)എന്ന പുസ്തകത്തിലെ ചില വാക്യങ്ങളാണിത്. ഒരു ഓർമ്മപ്പെടുത്തലും വിമർശനവുമാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.കവിതയുടെ ഭാവുകത്വം മരിച്ചു എന്നു നേരത്തെ തന്നെ ഈ പംക്തിയിൽ എഴുതിയിരുന്നതാണല്ലോ. ഒരു കാലഘട്ടത്തിന്റെയോ കവികളുടെയോ എന്നൊക്കെ പറയാവുന്ന വൈകാരികക്ഷമതയോ അതിൻ്റെ കേന്ദ്രീകരണമോ ഇന്നില്ല. ഇപ്പോൾ കവികൾ അവർക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിചെടുക്കുകയാണ്, ദോശയും ചമ്മന്തിയും പോലെ. വാദത്തിനു അതൊരു ജനാധിപത്യാവകാശമായി അംഗീകരിക്കാമെങ്കിലും എന്തെങ്കിലും ഉള്ളടക്കം വേണ്ടേ ?

ഏതുകാലത്തെ രചനയാണെങ്കിലും അടിസ്ഥാനപരമായി സൗന്ദര്യം, സഹൃദയത്വം, മൂല്യം എന്നീ ഗുണങ്ങളിൽ നിന്നു താഴെ വീണാൽ അതോടെ സാഹിത്യം ഇല്ലാതാകും. ജോൺ മിൽട്ടൺ ,മാത്യൂ അർനോൾഡ് ,ടി.എസ്. എലിയറ്റ് തുടങ്ങിയ കവികൾ വ്യത്യസ്ത കാലങ്ങളിലൂടെ ഇത് സത്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. കവിത വായിക്കുന്ന വിമർശകൻ, പക്ഷേ ,കവി ഉദ്ദേശിച്ചതല്ല കണ്ടെത്താൻ ശ്രമിക്കുന്നത്. വിമർശകൻ കവിയുടെ വാടകക്കെട്ടിടത്തിൽ താമസിക്കുന്നവനല്ല;അയാൾക്ക്  സ്വന്തമായി ചിന്തിക്കാനുള്ള ശേഷിയുണ്ട് .കവിത വായിക്കുമ്പോൾ വിമർശകൻ കവിയെ പരിഗണിക്കുന്നേയില്ല .അയാൾ തൻ്റേതായ തത്ത്വചിന്തയും കലയുമാണ് അന്വേഷിക്കുന്നത്. വിമർശകൻ എഴുതുന്നത് സ്വന്തം കലാ വബോത്തിനു വ്യാപ്തി നല്കാനാണ് . അതോടൊപ്പം അയാൾ സാഹിത്യകൃതിയെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. 

കവിതയിലെ ഭാഷയിൽ കവി പ്രതിബന്ധമായി വന്നുനിൽക്കരുത്. എന്തുകൊണ്ട് ? തൻ്റെ കവിതയുടെ അർത്ഥവും ലക്ഷ്യവും ഇതെല്ലാമാണെന്നു കവി പറയരുത്.
അങ്ങനെ പറഞ്ഞാൽ കവിത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തരം താഴും .കവിത ഒരു സൃഷ്ടിയാണെങ്കിൽ അതിനു അതിന്റേതായ വിധി ഏറ്റുവാങ്ങാനാവണം, ഓരോ വായനക്കാരൻ്റെയും മുന്നിൽ. മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അവന്റെ വിധി  മറ്റൊരാൾക്ക് സ്വന്തമാക്കാനാവില്ലല്ലോ. അതുപോലെയാണ് കവിതയും . വായനക്കാരനാണ് അതിൻ്റെ ജീവിതത്തിൽ ഇടപെടുന്നത്. അതൊരു പാരസ്പര്യമാണ്. കവിത ചാവേറാകുന്നത് ഈ പാരസ്പര്യത്തിൽ സ്വയം നഷ്ടപ്പെടുമ്പോഴാണ്.അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' വായനക്കാരന്റെ തിരഞ്ഞെടുപ്പാണ്. അത് വായനക്കാരന്റെ വഴിയിൽ മരിക്കുകയാണ്, എന്തിനോ വേണ്ടി. വായനക്കാരൻ ,ചിലപ്പോൾ അതിനെ കൊല്ലുകയോ പ്രതിഷ്ഠിക്കുകയോ ചെയ്യും .

മഷിയിട്ടു നോക്കിയാൽ

ഇന്നത്തെ കവിതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് മനുഷ്യജന്യമായ അനുഭൂതികളാണ്. മഷിയിട്ടു നോക്കിയാൽ പോലും ഇന്നത്തെ കവിതകളിൽ മനുഷ്യനെയോ മനുഷ്യത്വത്തെയോ കാണാനാവില്ല. പി.എൻ. ഗോപികൃഷ്ണന്റെ 'കുതിരമ്പേരൂർ ബുഖാറിനും  യൂറോപ്പിന്റെ സാമൂഹ്യചലനാത്മകതകതയും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 6) എന്ന കവിത അതിൻ്റെ തലക്കെട്ട് കൊണ്ടുതന്നെ വായനക്കാരനെ തലചുറ്റിക്കുന്നു. മനുഷ്യനു നാക്കുപയോഗിച്ചു പറയാനാവില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഈ കവി കവിതയ്ക്കു പേരിടുന്നത്. ഇവിടെ കവിതയൊഴിച്ചു ബാക്കിയെല്ലാമുണ്ട്. ഗോപീകൃഷ്ണനു ഒരു കവിയുടെ അനുഭൂതി എന്താണെന്നറിയില്ല. പ്രബന്ധം എഴുതാനുള്ള വാസനയുണ്ട്. വാക്കുകളിൽ നിന്ന് കവിതയുടെ രക്തം വാറ്റിക്കളഞ്ഞ ശേഷമാണ് എഴുതുന്നതെന്നു തോന്നുന്നു.

'സ്പാഗെറ്റിയും പിസ്സയും
തുർക്കി കബാബും സുലഭമായ 
മിനി യൂറോപ്പിനെ 
അവൻ തൃശൂരിൽ നിന്നും 
കുഴിച്ചെടുത്തു തന്നു'

എന്നൊക്കെ എഴുതുമ്പോൾ അനുവാചകനെ കൊല്ലുകയാണ് ചെയ്യുന്നത്. ഇതുപോലെ കവിതയുടെ കണികപോലും കണ്ടുപിടിക്കാനാവാത്ത രചനയാണ് അനിത തമ്പി എഴുതിയ 'കർക്കിടകപ്പത്ത്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 17).മനസ്സിൽ കവിതയെഴുതാനുള്ള ത്വര അല്ലെങ്കിൽ നിർബന്ധമുള്ളപ്പോഴേ എഴുതാവു . അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. അനിത തമ്പിക്ക് കാവ്യാത്മകമായ ശോകമില്ല; കവിതയില്ല. കവിതയുടെ ശോകത്തിൽ ഒരു കവി ദ്രവിക്കണം .അപ്പോഴാണ് രക്തത്തിന്റെ നിറമുള്ള വാക്കുകൾ ഉണ്ടാവുന്നത്.  കവിത ഒരൊഴുക്കാണ്. അത് ഒരു മുറിയിലിരുന്ന് കണക്ക് കൂട്ടിയെടുക്കന്നതല്ല .കവിതയുടെ ഇടയ്ക്ക് ഹലോ ഹലോ എന്ന് എഴുതിവെച്ചിരിക്കുന്നു .രാവണനെ വിളിക്കുകയാണത്രേ !.രാവണൻ തൊട്ടടുത്ത് താമസിക്കുകയാണല്ലോ . രാവണൻ ലൈനിലുണ്ട്! 

'രാവണാ രാവണാ 
കാമരൂപണി സോദരാ 
കേൾക്കാം കേൾക്കാം 
കാതും മുലയും മൂക്കുമറ്റ് 
മലങ്കാടിളകി വരുന്നു 
ചോരയുമൊലിപ്പിച്ച് അലറിമുറയിട്ടു വരുന്നു'

ഇതിൽ എന്ത് കവിതയാണ് വായനക്കാരൻ ഗ്രഹിക്കേണ്ടത് ?ഈ കവിത എന്തിനാണ് എഴുതിയത് ?മലയാളകവിതയിലിപ്പോൾ ഇതുപോലുള്ള വികാരരഹിതമായ, ഭാവനാശൂന്യമായ , നിഷ്പ്രയാജനകരമായ കവനങ്ങൾ മാത്രമേയുള്ളു. 

സ്നേഹവും വിയോഗവും

മനുഷ്യർ പരസ്പരം നോക്കുന്നതിൽപോലും ഒരു വിടപറയലും വീണ്ടും കണ്ടുമുട്ടാം എന്നുള്ള പ്രതീക്ഷയുമല്ലേ നിറവേറ്റുന്നത് ?യാത്രകളിൽ നാം എത്രയോപേരെ കാണുന്നു .ചിലരെ ഒരിക്കൽ മാത്രം കാണാൻ വിധിയുണ്ടായിരുന്നു .അവർ എവിടെയോ പോയി മറയുകയാണ്. കർമ്മപരമ്പരയിൽ ആകസ്മികമായ കൂടിച്ചേരലും വേർപിരിയലുമാണ് സംഭവിക്കുന്നത്. ഇംഗ്ലീഷ് കവി യേറ്റ്സ് ഇങ്ങനെയെഴുതി: നമ്മുടെ ആത്മാവുകൾ പരസ്പരം അഭിലഷിക്കുന്നു; അതോടൊപ്പം നിരന്തരമായ വിയോഗവുമാണത്.
സ്നേഹത്തെയും വിയോഗത്തെയും ഒരു നിമിഷത്തിൽ തന്നെ അനുഭവിപ്പിക്കാൻ മനുഷ്യൻ വിധിക്കപ്പെട്ടിരിക്കുന്നു. 

അക്കാദമി അവാർഡ് 

കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷനായി സച്ചിദാനന്ദൻ വന്നതിനെ തുടർന്ന് പലരും വിമർശിക്കുന്നതു കണ്ടു. സച്ചിദാനന്ദനെ വിമർശിക്കേണ്ട. കാരണം, അദ്ദേഹം വന്നില്ലെങ്കിൽ ആ സ്ഥാനത്ത് ആടും അങ്ങാടിയുമെന്തെന്ന് അറിയാത്തവർ വരും. അതുകൊണ്ട് നമുക്കൊന്നുമില്ല .സച്ചിദാനന്ദൻ വിചാരിച്ചതുകൊണ്ടൊന്നും അക്കാദമി രക്ഷപ്പെടില്ല. അക്കാദമി ഒരു യാഥാസ്ഥിതിക ഫ്യൂഡൽ സ്ഥാപനമാണ് .അതിനു എപ്പോഴും യാഥാസ്ഥിതിക മുഖമാണുള്ളത് .അത് എപ്പോഴും എതിർക്കുന്നത് മികച്ച  സാഹിത്യത്തെയാണ്. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിനു അക്കാദമി  അവാർഡ് കൊടുത്തില്ലല്ലോ; കേന്ദ്ര അക്കാദമിയും കൊടുത്തില്ല. അതുകൊണ്ട് അക്കാദമി അവാർഡുകൾക്ക് എപ്പോഴും ഒരു  യാഥാസ്ഥിതിക മുഖമുണ്ടാവും. 

ഇത്തവണ അൻവർ അലിക്ക് കവിതക്കുള്ള അവാർഡ് കൊടുത്തിരിക്കുന്നു. അൻവറിൻ്റെ കവിതകളിൽ ഞാൻ പൊതുവേ കാണുന്ന ദോഷം അതിൽ കവിതയില്ല എന്നുള്ളതാണ്. ചില ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനാണ് ശ്രമം. അത് പക്ഷേ ,കവിതയുടെ ചെലവിലാകരുത് .മെഹബൂബ് എക്സ്പ്രസ് എന്ന രചനയിലും കവിതാബാഹ്യമായ ചില ആശയങ്ങൾക്കായി ആ മാധ്യമം  ഉപയോഗിക്കുന്നതായി കാണുന്നു .

ചങ്ങമ്പുഴക്ക് ശേഷം എ.അയ്യപ്പൻ സൃഷ്ടിച്ച ഒരു റിഥമുണ്ട്. ആ റിഥം ജീവിതത്തിനും കവിതയ്ക്കുമിടയിലുള്ള ഒരു വേഷപ്രച്ഛന്നതയല്ല, താദാത്മ്യമാണ്. അയ്യപ്പൻ്റെ കവിതയുടെ റിഥം അലച്ചിലും ത്യാഗവും വിശപ്പും മറ്റും ചേർന്നതാണ്. അങ്ങനെയുള്ള തീക്ഷ്ണമായ ആന്തരിക പ്രശ്നങ്ങൾ ഇപ്പോൾ കവിതയിലില്ല. സുഗതകുമാരിക്ക് ശേഷം കവിതയില്ലെന്ന് പറയാം.ഒരു പക്ഷേ, അവസാനത്തെ കവിയായിരിക്കും സുഗതകുമാരി.സുഗതകുമാരി പത്തു വരിയാണ് എഴുതിയതെങ്കിലും അതിൽ വാക്കുകൾക്കതീതമായ ഒരു അനുഭവം  നിലനിൽക്കുന്നുണ്ട്.അവാച്യമായ ,അലൗകികമായ ഒരു തലമാണത് .അത് പിന്നീട് വന്നവരിൽ കാണാനാവുന്നില്ല.നമ്മുടെ ഭാഷയിൽ സാഹിത്യഅക്കാദമിയോടും അതിന്റെ പ്രവർത്തനരീതികളോടും വിയോജിക്കാൻ മനസ്സുള്ള വിമതർ ധാരാളം വന്നാലേ മൂല്യത്തെക്കുറിച്ചുള്ള ചർച്ച പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അതിനു ഗോപീകൃഷ്ണനോ,അൻവർ അലിയോ പര്യാപ്തമല്ല .ഈ ചെറുപ്പക്കാരൊക്കെ ഒത്തുതീർപ്പിൻ്റെയും കീഴടങ്ങലിൻ്റെയും  യാഥാസ്ഥിതികമായ നിലപാടുകളുടെയും ഗതാനികത്വത്തിലക്ക്  ചുരുക്കപ്പെട്ടിരിക്കുന്നു.

എസ്.വി യും നാരായനും

കഴിഞ്ഞദിവസം ഒരു സുഹൃത്ത് എസ്.വി വേണുഗോപൻ നായർ അന്തരിച്ച ഉടനെ സമൂഹമാധ്യമത്തിൽ ക്ഷോഭത്തോടെ എഴുതി ,അദ്ദേഹത്തെ വേണ്ടപോലെ മലയാളി ആദരിച്ചില്ലെന്ന്! .കഥാകൃത്ത് മരിച്ച ഉടനെ എവിടെ നിന്നു വന്നു ഈ ക്ഷോഭം ? അദ്ദേഹം ഇവിടെ ഉണ്ടായിരുന്നല്ലോ. വേണുഗോപൻ നായർക്ക് മിക്ക പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാൽ പുരസ്കാരം ഒരു രക്ഷപ്പെടലായി കരുതരുത്. എന്നെ പോലെയുള്ള വിമർശകർ അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് എഴുതിയില്ലെന്ന് പറയുമായിരിക്കും. അതിനു കാരണം മനോഭാവമാണ്. അഭിരുചിയാണ് വിമർശകൻ്റെ പക്ഷം. വിമർശികനെ ആകർഷിക്കുന്ന ചിലതുണ്ടാകണം.വേണുഗോപൻനായർക്ക് അർഹമായത്  ലഭിച്ചിട്ടുണ്ട്. നാരായൻ്റെ കാര്യത്തിലും അതാണ് പറയാനുള്ളത്. അവർ നല്ല എഴുത്തുകാരായിരുന്നു. സർഗാത്മകമായ സിദ്ധികൾക്കു യോജിച്ച അംഗീകാരം അവർക്ക് ലഭിച്ചിട്ടുണ്ട്. അതിനപ്പുറം എങ്ങനെയാണ് ലഭിക്കുക?

കമ്യുവിൻ്റെ മിത്ത് 

ആൽബേർ കമ്യുവിൻ്റെ 'ദ് മിത്ത് ഓഫ് സിസിഫസ്' വായിച്ച എത്ര മലയാളം അദ്ധ്യാപകരുണ്ട് ,കോളജുകളിൽ? .
തങ്ങൾ പഠിച്ചതിനപ്പുറം ഒന്നും വായിക്കില്ല എന്നാണ് അവരുടെ ശപഥം .മറ്റൊരു ലോകം ഉണ്ടെന്ന് വിചാരിക്കുന്നില്ല .ഷോപ്പനോർ, നിഷെ, റസ്സൽ തുടങ്ങിയവരെ വായിക്കാതെ എന്ത് വിമർശനമെഴുതാനാണ്? ഇപ്പോഴും നളചരിതത്തിൽ തന്നെ കെട്ടിമറിയിയുകയാണ്.എൻ.  അജയകുമാർ 'നളചരിതം ഇന്ന് ' എന്ന വിഷയത്തിൽ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിനെപ്പറ്റി എൻ.ബി.എസിന്റെ ബുള്ളറ്റിനിൽ വായിച്ചു .യുജിസി ധനസഹായം കിട്ടുന്നതുകൊണ്ട് ഗവേഷണം ചെയ്യാമല്ലോ. പുതിയതൊന്നും വായിക്കേണ്ടതുമില്ല. നളചരിതം ആട്ടക്കഥയുടെ പ്രസക്തിയെക്കുറിച്ച് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ മൂന്നുദിവസം പ്രഭാഷണപരമ്പര നടത്തിയെന്ന്! അതിശയം തന്നെ. ഇവരെയൊക്കെ കേൾക്കുന്ന കുട്ടികൾ സ്വതന്ത്രമായ മനസ്സോടുകൂടി എന്നെങ്കിലും എഴുതാൻ പ്രാപ്തരാകുമെന്നു വിചാരിക്കാനാവില്ല.
'നമ്മൾ ഒരിക്കലും ഒന്നും കാണുന്നില്ല, എന്തെന്നാൽ നമുക്ക് കാണുന്നതിനെക്കുറിച്ചെല്ലാം  അഭിപ്രായങ്ങളുണ്ടായിപ്പോയി' എന്നു ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞത് ഓർക്കുകയാണ്.അജയകുമാറിനെപ്പോലെ ഭൂതകാലത്തിന്റെ ചുമരുകൾക്കുള്ളിൽ നിന്നു പുറത്തു വരാനാകാതെ ,പഠിച്ച പുസ്തകങ്ങൾ തന്നെ പഠിപ്പിക്കുന്നവർക്കാണ് അക്കാദമി അവാർഡു കൊടുക്കുന്നത്.
ഇതാണ് അക്കാദമിയുടെ യാഥാസ്ഥിതികത്വത്തിൻ്റെ പ്രത്യക്ഷ , പ്രകടഭാവം. 

മുട്ടത്തുവർക്കിയോ

മുട്ടത്തുവർക്കി മഹാനായ സാഹിത്യകാരനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ പേരിലുള്ള അവാർഡ് വാങ്ങിയവർ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞില്ലെന്നും വിനു എബ്രഹാം വേദനയോടെ എഴുതുന്നു (മുട്ടത്തുവർക്കിയുടെ രാത്രി ,പ്രഭാതരശ്മി, ജൂൺ) .പാസ്റ്റർനക്കിൻ്റെ ഡോക്ടർ ഷിവാഗോ മുട്ടത്തു വർക്കി പരിഭാഷപ്പെടുത്തിയതാണ് വിനു ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. നല്ല പരിഭാഷയാണ്. പക്ഷേ ,പരിഭാഷകരെ ഇവിടെ ആരാണ് മാനിച്ചിട്ടുള്ളത്? പരിഭാഷകന്മാർ അനവധിയാണ്. ദസ്തയെവ്സ്കിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ. കെ. ദാമോദരൻ, ബംഗാളി ക്ലതികൾ പരിഭാഷപ്പെത്തായ എം.എൻ . സത്യാർത്ഥി ,ആനി തയ്യിൽ  തുടങ്ങിയവരെ മറന്നില്ലേ ? അലക്സാണ്ടർ ഡ്യൂമായുടെ 'മോണ്ടിക്രിസ്റ്റോ' ഉൾപ്പെടെ കുറെ നല്ല പുസ്തകങ്ങൾ അവർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മുട്ടത്തു വർക്കി അവാർഡ് നിർത്തേണ്ടതായിരുന്നു. അതൊരു ഭീഷണി പോലെയായിരുന്നു.  സാഹിത്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ സംസ്കാരത്തെക്കുറിച്ചും കാര്യമായി അറിവുണ്ടായിരുന്നെങ്കിൽ മുട്ടത്തുവർക്കിക്ക് വലിയ സ്ഥാനം ലഭിച്ചില്ലെന്നു പറഞ്ഞു വിനു വിലപിക്കുകയില്ലായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സംസ്കൃത പണ്ഡിതനും കലാചിന്തകനും സാഹിത്യചരിത്രകാരനും വിമർശകനുമായിരുന്ന കൃഷ്ണചൈതന്യയുടെ ഒരു പുസ്തകം പോലും ഇപ്പോൾ ലഭ്യമല്ല. അദ്ദേഹത്തെ ക്രൂരമായാണ് മറന്നത്.

അഭൗമസൗന്ദര്യവും വശ്യതയും 

ഒരു സ്ത്രീയുടെ ചിത്രം വരയ്ക്കുമ്പോൾ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് (1869-1954) ആദ്യം ചെയ്യുന്നത് ആ രൂപം മനസ്സിൽ പ്രതീഷ്ഠിക്കുകയെന്നതായിരുന്നു. പിന്നീട് എന്താണ് ചെയ്യുകയെന്നു അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: 'ഞാനതിനെ സൗന്ദര്യവും വശീകരണ ശക്തിയും സൃഷ്ടിക്കുന്നതിനു വേണ്ടി വർണാഭമാക്കും'.എന്താണ് ഇതിനർത്ഥo ? രൂപം ആർക്കും വരയ്ക്കാം ;നിറവും കൊടുക്കാം. എന്നാൽ അതിനും അപ്പുറത്താണ് കലയുടെ മാജിക്ക്. ആ രൂപത്തിനു വശ്യതയും സൗന്ദര്യവുമുണ്ടാകണം.  രൂപത്തിലേക്ക് അപൂർവമായ, അഭൗമമായ സൗന്ദര്യം പ്രവഹിക്കണം.  അവിടയാണ് കലയുടെ മാജിക്ക്

വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്/അക്ഷരജാലകം / എം.കെ.ഹരികുമാർ

a



വാക്കുകൾകൊണ്ട് കണ്ടെത്താവുന്നത്

ഏതെങ്കിലും പാനീയം നിറച്ചു വച്ചിരിക്കുന്ന ഗ്ളാസിലേക്ക് വീണ്ടും നമുക്ക് ഒന്നും ഒഴിക്കാനാവില്ല. ഇതൊരു സെൻ ബുദ്ധിസ്റ്റ് തത്ത്വമാണ്. മനസ്സ് നിറഞ്ഞിരിക്കുകയാണ്, പലപ്പോഴും. അത് ആചാരങ്ങളോ , വിശ്വാസങ്ങളോ ആകാം. പ്രത്യയശാസ്ത്രങ്ങളോ ,തർക്കങ്ങളോ, അഭിനിവേശങ്ങളോ മാമൂലുകളോ ആകാം. മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനും  അപഗ്രഥിക്കാനും സാധിക്കാത്ത വിധം മനസ്സിൽ മറ്റു കാര്യങ്ങൾ നിബിഡമായിരിക്കുമ്പോൾ പുതിയതൊന്നും അവിടേക്ക് പ്രവേശിക്കുകയില്ല. സെൻ ബുദ്ധിസ്റ്റുകൾ ജ്ഞാനത്തിലേക്ക് നീങ്ങാൻ ഉപദേശിക്കുന്നതിന്റെ ആദ്യഘട്ടം ഇതാണ്; മനസ്സ് നിറച്ചുവച്ചിരിക്കുന്ന അവസ്ഥയിൽ നിന്നു മോചിതമാകണം .നമുക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടിയാൽ വീട് നിറയും. പിന്നീട് എന്തെങ്കിലും വാങ്ങിയാൽ വയ്ക്കാൻ സ്ഥലമുണ്ടാവില്ല. അപ്പോൾ പഴയതും ഉപയോഗശൂന്യമായതും ഉപേക്ഷിക്കേണ്ടി വരും .

റഷ്യൻ -അമെരിക്കൻ സാഹിത്യകാരനായ വ്ളാഡിമിർ  നബോക്കോവ് പറഞ്ഞു:'സാഹിത്യം ഒരു കണ്ടുപിടിത്തമാണ് .കഥ സാങ്കല്പിക കഥ തന്നെയാണ്. ഒരു കഥയെ സത്യമായ കഥ എന്നു വിളിക്കുന്നത് കലയ്ക്കും സത്യത്തിനും അപമാനമാണ് .മഹാനായ ഏതൊരു എഴുത്തുകാരനും ഒരു ചതിയനാണ്. പ്രകൃതി എപ്പോഴും ചതിക്കുകയാണ്'.പ്രകൃതിയിലെ നിറങ്ങളെ അതിശയകരമായ ഒരു മാനമായി നബോക്കോവ് നിരീക്ഷിക്കുന്നു. അത് ഒരു മിഥ്യയാണത്രേ. അതിശയകരമായി കൂട്ടിയോജിപ്പിച്ചിരിക്കുന്ന മിഥ്യകളുടെ ഒരു മാനമാണ് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ചിറകുകളിൽ നാം കാണുന്ന നിറങ്ങളെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഈ അതിശയയാഥാർത്ഥ്യങ്ങളാണ് ഒരാൾ ഫിക്ഷ്ൻ സൃഷ്ടിക്കാനായി തിരഞ്ഞെടുക്കേണ്ടത്. ലോകത്ത് യാഥാർത്ഥ്യങ്ങൾ മതിയാവോളമുണ്ട്. അത് വീണ്ടും വീണ്ടും  പറഞ്ഞുകൊണ്ടിരിക്കുന്നത് വിരസമാണ് .അതിൻ്റെ അടിയിലുള്ള വിവിധ ഘടനകളും മാനങ്ങളും പരിശോധിക്കേണ്ടതുണ്ട്. മനസ്സ് ഒഴിഞ്ഞാലേ പുതിയ സ്വരങ്ങളും ശബ്ദങ്ങളും അവിടേക്ക് എത്തുകയുള്ളൂ .അതുകൊണ്ട് എഴുത്തുകാരൻ മനസ്സിനെ ഒഴിച്ചിടാൻ ബാധ്യസ്ഥനാണ്. അവൻ്റെ രചനാപരമായ ആവശ്യം മാത്രമല്ല; പ്രാപഞ്ചികമായ ജ്ഞാനത്തിലേക്കുള്ള ഒരു വാതായനമാണ് അവിടെ തുറക്കുന്നത് .മനസ്സിലേക്ക് വികാരങ്ങളും വസ്തുക്കളും കാഴ്ചകളും വന്ന് നിറയാനുള്ള സമയം കൊടുക്കണം. എപ്പോഴും വായിക്കുന്നതും എഴുതുന്നതും ഇതിനെതിരാണ്. മനസ്സിനെ തരിശാക്കിയിടേണ്ടതുണ്ട്. മനസ്സ് ചിലപ്പോഴെങ്കിലും ഉപേക്ഷിക്കപ്പെടേണ്ടതാണ്. എങ്കിലേ അത് സ്വയം നിർമ്മിച്ചു തിരിച്ചുവരുകയുള്ളൂ .മനസ്സിനു തിരിച്ചുവരാൻ ധാരാളം അവസരങ്ങളുണ്ട് .മനസ്സിനെ അനാഥാവസ്ഥയിൽ നിന്നു നാം നിർമ്മിച്ചെടുക്കേണ്ടതുണ്ട് .അതിനാണ് ഏകാന്തത ,യാത്ര,വായന, വിനോദം, മൗനം തുടങ്ങിയവ ആവശ്യമായി വരുന്നത്. 

പഠിച്ചതു തന്നെ പാടുന്നവർ

നമ്മുടെ നാട്ടിലെ മിക്കവാറും എഴുത്തു സംരംഭകർ മനസ്സ് നിറച്ചു വച്ചിരിക്കുന്നതാണ് കാണുന്നത് .അവർ പലതിൻ്റെയും വക്താക്കളാണ് .അവർ എന്തിനെയെല്ലാം പ്രതിനിധീകരിക്കുന്നു എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അത്ഭുതകരമായിരിക്കും. അവരുടേതല്ലാത്ത പലതിൻ്റെയും  വിവരണമാണ് അവരുടെ എഴുത്ത്. അവർ സ്വന്തം വിധേയത്വത്തെപ്പറ്റിയും കീഴടങ്ങലിനെപ്പറ്റിയുമാണ്  എഴുതിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ലോകത്തെ പുതിയതായി കാണാനുള്ള സമയം അവർക്ക് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ അവർ പഠിച്ച, പഠിപ്പിച്ച പുസ്തകങ്ങൾ മാത്രം മതി, അവർക്ക് ശിഷ്ടകാലം ജീവിക്കാൻ. കോളേജിൽ പഠിപ്പിച്ച പുസ്തകങ്ങളെക്കുറിച്ചും  എഴുത്തുകാരെക്കുറിച്ചും മാത്രം പതിറ്റാണ്ടുകളായി  എഴുതിക്കൊണ്ടിരിക്കുന്നവരെ  എനിക്കറിയാം .അവർ ഒരിക്കൽ പഠിപ്പിച്ചിരുന്നു ;അത് എഴുതാനുള്ള അവകാശമായി അവർ പിന്തുടരുകയാണ്. പഠിപ്പിച്ച പുസ്തകങ്ങളെ പഴയ വഴികളിലൂടെ തന്നെ പിന്തുടരാനാണ് അവരുടെ വിധി .

പാണ്ഡിത്യം ഒരു ദുഷിച്ച പരാധീനതയായി ഇവരെ ബാധിച്ചിരിക്കുന്നു. പണ്ഡിതന്മാരെല്ലാം  ഒരുതരത്തിൽ ഭൂതാവിഷ്ടരാണ്. അവർക്ക് ചില കാര്യങ്ങളിൽ ജ്വരബാധ കൂടുതലാണ് .അവർ പഠിപ്പിച്ച പുസ്തകങ്ങൾ, കലാലയങ്ങൾ, സഹപ്രവർത്തകർ ,പൊതുവായി വായിച്ച പുസ്തകങ്ങൾ എന്നിവയുടെ പിടിയിൽ നിന്ന് മോചിതരാകാൻ തയ്യാറാകില്ല .അവർ തങ്ങളുടെ മേലുള്ള അറിവുകളെ അതേപടി ആവർത്തിച്ചുകൊണ്ട്, അതിൻ്റെ  കർത്തൃത്വം തങ്ങൾക്കാണെന്ന് വ്യഥാ വിചാരിക്കുകയാണ് .എന്നാൽ കലാകാരനാകാൻ ഈ പാണ്ഡിത്യമോ അറിവോ മതിയാവുകയില്ല .അതിന് വേറെ പ്രയത്നിക്കണം. തന്നെ ബാധിച്ച പാണ്ഡിത്യത്തിന്റെ ചരിത്രഭാരത്തിൽ നിന്നു നിഷ്കളങ്കനായി ,ആത്മാവിൽ വിവസ്ത്രനായി കലാകാരൻ പുറത്തു കടക്കണം. അയാൾ പഞ്ചഭൂതങ്ങളെ ആദ്യമായി എന്നപോലെ അനുഭവിക്കണം. അയാളോട് അവ സ്വകാര്യമായി സംവേദനം ചെയ്യണം, ചരിത്രത്തിലെ പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി. അതുകൊണ്ടാണ് നബോക്കോവ് പറഞ്ഞത് സാഹിത്യം കണ്ടുപിടുത്തമാണെന്ന്. അത് പുതിയതാണ് ;പുതിയ വേദമാണത് . മനസ്സിൽ നിന്ന് പഴയതിനെ മാറ്റിയാലേ  അവിടെ പുതിയത് കടന്നുവരികയുള്ളൂ. ക്ളീൻ സ്ളേറ്റിൽ എഴുതുന്നത്  അപ്പോഴാണ് .അവിടെ മറ്റൊരു പ്രക്രിയ കൂടിയുണ്ട്: മറ്റുള്ളവർ എഴുതിയത് മായ്ച്ചു കളയുക. മനസ്സിനെ ശൂന്യമാക്കുമ്പോൾ, അവിടെ ഉണ്ടായിരുന്നതെല്ലാം അസ്ഥിരമാവുകയോ  അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. അവിടെയാണ് സൃഷ്ടിപരമായ ഒരു ഇടപെടൽ ഉണ്ടാകുന്നത്. ഒരു കഥയും സത്യമല്ലെന്ന് നബോക്കോവ് പറയുന്നത് ഈ പശ്ചാത്തലത്തിൽ കാണണം. കഥ സത്യമായാൽ അത് സത്യത്തിനു അപമാനമാണെന്ന് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു. ഫിക്ഷ്ൻ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ അത് യഥാർത്ഥമല്ലെന്നു സൂചിപ്പിക്കാനാണ്. യഥാർത്ഥമായത് എങ്ങനെ ഫിക്ഷ്നാകും?. യാഥാർത്ഥ്യമാണ് വേണ്ടതെങ്കിൽ വീഡിയോയിൽ ചിത്രീകരിക്കുകയോ റിപ്പോർട്ടായി  എഴുതുകയോ ചെയ്യാം.എന്നാൽ കലാസൃഷ്ടി അതിനും ഉയരത്തിലാണുള്ളത്.

ദൈവത്തിൻ്റെ ഒരു ടച്ച് 

പ്രകൃതിയിലെ മിഥ്യകൾ ,അവ്യക്തതകൾ, ഉത്തരമില്ലാത്ത ചോദ്യങ്ങൾ, അതിശയങ്ങൾ, അയുക്തികൾ എല്ലാം കലാകാരൻ തൻ്റെ മാന്ത്രികമായ ആവിഷ്കാരത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വിചിത്രമായ വിധത്തിൽ കലാകാരൻ ഒരു ചതിയനാകുന്നത്. അയാൾ ഒരിക്കലും നേരിൽ കണ്ടതോ അനുഭവിച്ചതോ അതേപടി പുനരവതരിപ്പിക്കുകയല്ല ചെയ്യുന്നത് .അതിൽ ദൈവത്തിൻ്റെ  ഒരു ടച്ച് കൊണ്ടുവരും.മനുഷ്യാസ്തിത്വത്തിനു ഒരടി മുകളിലേക്ക് എടുത്തുയർത്തുന്ന ഒരു ടച്ചാണത്. കലയിലെ ദിവ്യമായ ഒരിടപെടൽ എന്നു ഇതിനെ വിളിക്കാം.  കേവലമായി മനുഷ്യവ്യക്തിയായിരിക്കുകയല്ല, മനുഷ്യനു അപ്രാപ്യമായ വിധത്തിൽ നോക്കുകയാണ് അയാൾ .

കലയിൽ എപ്പോഴും ഒരു സെൻ ബുദ്ധിസ്റ്റ് ധ്യാനിക്കുന്നുണ്ട്. ആ ബുദ്ധിസ്റ്റ് തന്റെ മനസ്സിൽ നിന്നു പഠിച്ചതും കേട്ടതുമെല്ലാം മാറ്റി പുതിയ ലോകത്തിനു വേണ്ടി ധ്യാനിക്കുകയാണ്. ചുറ്റുമുള്ളതെല്ലാം നെഗറ്റീവ് ആയിരിക്കെ, അതിനതീതമായത് സൃഷ്ടിക്കാൻ മനസ്സിൻ്റെ ഒരൊഴിഞ്ഞ ഇടം ആവശ്യമാണ്. തന്നെ മുറിവേൽപ്പിച്ച സംഭവങ്ങളിൽ  ജീവിതകാലമത്രയും മുറുകെപ്പിടിച്ചു കഴിയേണ്ടതുണ്ടോ എന്നു നാം ചോദിക്കേണ്ട സമയമാണിത്. നാം നമ്മുടെ വിഷാദത്തിൻ്റെ ഇരയാകാൻ പാടില്ല .നാമെന്തിനാണ് സ്ഥിരനിക്ഷേപത്തിനായി ഉണ്ടാക്കപ്പെട്ട ഒരു ഭരണിയാകുന്നത്? നമുക്ക് നദിയായാൽ പോരേ ;ഒഴുകിയൊഴുകിസഞ്ചരിക്കാൻ .? തത്ത്വജ്ഞാനി ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു :'നമ്മുടെ സ്വന്തം ബോധത്തിന്റെയുള്ളിൽ എന്താണുള്ളതെന്ന് നോക്കണം. കുട്ടിക്കാലം മുതൽ പലർക്കും പല പ്രശ്നങ്ങളുമുണ്ട്; മുറിവേറ്റത്, കഷ്ടപ്പെട്ടത് തുടങ്ങിയ പ്രശ്നങ്ങൾ .വീട്ടിൽ മാത്രമല്ല, സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും പിന്നീട് ജീവിതത്തിലും നമ്മൾ മുറിവേൽക്കപ്പെടുന്നു. മുറിവേൽക്കപ്പെടുമ്പോൾ നിങ്ങൾ നിങ്ങൾക്ക് ചുറ്റും ഒരു ഭിത്തി നിർമ്മിക്കുന്നു. അതിൻ്റെ  ഫലമായി നിങ്ങൾ കൂടുതൽ ഒറ്റപ്പെടുന്നു. കൂടുതൽ കൂടുതൽ  അസ്വസ്ഥനാകുന്നു ,ഭയപ്പെടുന്നു , പിന്നെയും മുറിവേൽക്കപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ തേടുന്നു. ആ ഉപദ്രവത്തെ മുൻനിർത്തിയുള്ള നിങ്ങളുടെ പ്രവൃത്തികൾ നിശ്ചയമായും നാഡീരോഗമാണ്'.

നിഷ്കളങ്കതയുടെ കാഴ്ച 

ഭൂരിപക്ഷം എഴുത്തുകാർക്കും കൃഷ്ണമൂർത്തി വിവരിച്ച ഈ അനുഭവത്തിനു സമാനമായി പലതും പറയാനുണ്ടാകും; വ്യക്തികൾക്കും അങ്ങനെ തന്നെ. നാം സ്വന്തം അസുഖകരമായ യാഥാർത്ഥ്യങ്ങളെ തന്നെ ഒരു മതിലായി ഉപയോഗിക്കുന്നു , പിന്നീട് അതുപോലെ സംഭവിക്കാതിരിക്കാൻ.
സ്വന്തം വിപത്തുകൾ നമ്മെ ശരിക്കും തകർക്കുന്നു .പുതിയതൊന്നിനെ നിഷ്കളങ്കമായി കാണാനുള്ള കഴിവാണ് ഇതിലൂടെ നശിക്കുന്നത്. ചിലർ ജീവിതാനുഭവം എന്നു പറഞ്ഞ് ഇതിനെ വാഴ്ത്തുന്നത് കാണാം .ഈ ജീവിതാനുഭവം അവരെ അന്ധരാക്കിയെന്ന് അവർ അറിയുന്നില്ല.

ഗാഢമായി ചിന്തിച്ച അമേരിക്കൻ എഴുത്തുകാരി ഉർസുല കെ ലെഗ്വിൻ ഇങ്ങനെ കുറിക്കുന്നു: 'എഴുത്തുകാരൻ /എഴുത്തുകാരി  വാക്കുകൾ എന്താണ് അർത്ഥമാക്കുന്നത്, എന്താണ് അത് പറയുന്നത്, എങ്ങനെ പറയുന്നു എന്നെല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കു മുള്ള എഴുത്തുകാരുടെ പാതയാണ് വാക്കുകൾ .അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ച് ,ചിന്തിച്ച് ,ഭയത്തോടെ, സന്തോഷത്തോടെ ഉപയോഗിക്കുന്നു. വാക്കുകളെ ഉപയോഗിച്ച് അവർ സ്വന്തം ആത്മാവിനെ ശക്തിപ്പെടുത്തുകയാണ്. കഥാകൃത്തുക്കളും കവികളും അവരുടെ ജീവിതം ചെലവഴിക്കുന്നത് ഈ കഴിവ് നേടുന്നതിനും വാക്കുകളുടെ കല അഭ്യസിക്കുന്നതിനുമാണ്. അങ്ങനെ അവരുടെ വാക്കുകൾ വായനക്കാരുടെ ആത്മാവുകളെ ശക്തമാക്കുന്നു, പ്രകാശിപ്പിക്കുന്നു ,അഗാധമാക്കുന്നു'. 

വാക്കുകൾകൊണ്ട് കണ്ടെത്തുന്ന ഒരു ഭൂവിഭാഗമാണ് ,ആത്മീയാവസ്ഥയാണ്, ജ്ഞാനമാണ് ,ജീവിതമാണ് സാഹിത്യം .അത് ,പക്ഷേ ,എപ്പോഴും ആർക്കും ലഭിക്കാവുന്ന തരത്തിൽ എവിടെയുമില്ല. അതിലേക്ക് പ്രവേശിക്കാനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കുന്നത്. ഹെർമ്മൻ ഹെസ്സെ 'സിദ്ധാർത്ഥ 'എന്ന നോവലിലൂടെ അത് ഏറെക്കുറെ നേടി.വാൾട്ട് വിറ്റ്മാൻ 'ലീവ്‌സ് ഓഫ് ഗ്രാസ് 'എന്ന കവിതയിലൂടെ അതിലേക്കു നടന്നടക്കുകയായിരുന്നു. അതിനാണ് തപസ്സ് ആവശ്യമായി വരുന്നത്. 

വർത്തമാനകാലത്തെ സംഭവങ്ങളിൽ നിന്നു അതിൻ്റെ അടിത്തട്ടിലുള്ള അസാധാരണ യാഥാർത്ഥ്യം കണ്ടെടുക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഉപരിതലത്തിലുള്ള വിവരണമോ , പഴയ കാര്യങ്ങളുടെ ആവർത്തനമോ  ഒരു എഴുത്തുകാരന്റെ റോൾ ശരിയായി നിറവേറ്റാൻ പര്യാപ്തമല്ല . എഴുത്തിൽ എപ്പോഴുമുള്ള പ്രക്ഷോഭ സ്വഭാവം വേണ്ടെന്നു തീരുമാനിച്ചവരുണ്ടാകാം. അവരുടേത് കാലഹരണപ്പെട്ട ശബ്ദമാണ്. പഴയതും പുതിയതുമായ പലരുടെയും രചനകളിൽ നിന്നു കടംകൊണ്ടാണ് മിക്കവരും വലിയ ഖ്യാതി നേടുന്നതെന്ന വസ്തുത മറന്നു കൂടാ .എങ്കിലും എന്താണ് ഒരാളുടെ സംഭാവന എന്ന  ചോദ്യത്തിലേക്ക് കടക്കുമ്പോൾ കാതലായ ചില പ്രതിബന്ധങ്ങൾ ഉയർന്നു വരാതിരിക്കില്ല.

ആ സ്മൃതിയിൽ 

മാധവിക്കുട്ടി പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുകയാണ്: ' എഴുത്തുകാരനു /എഴുത്തുകാരിക്കു ജീവിക്കാൻ അയാളെ സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും വേണം .പാട്ടുകാരനു ഓർക്കസ്ട്ര എന്നതു പോലെ പ്രധാനമാണത്. ഈ 'അക്ഷരജാലകം' ഞാനെഴുതുന്നത് പ്രിയപ്പെട്ട ഗോപി സാർ(മെട്രോ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ) അന്തരിച്ചതിനു ശേഷമാണ്. അദ്ദേഹത്തിൻ്റെ നിര്യാണം എനിക്കുണ്ടാക്കിയിരിക്കുന്നത് ചെറിയ നഷ്ടമല്ല. ഒരിക്കലും പരിഹരിക്കാനാവാത്ത നഷ്ടമാണ്. എന്നിലെ എഴുത്തുകാരനെ അത്രയേറെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച വലിയൊരു മനസ്സായിരുന്നു ഗോപി സാർ .സാറിനു എന്നിൽ നല്ല വിശ്വാസമുണ്ടായിരുന്നു .അത് പലവിധത്തിൽ പ്രകടമാക്കുകയും ചെയ്തു .നാലുവർഷത്തിലേറെക്കാലമാണ് ഗോപി സാർ അക്ഷരജാലകം പ്രസിദ്ധീകരിച്ചത്. മെട്രൊ വാർത്ത ടീം പൂർണമായി അതിനൊപ്പം നിന്നു. അക്ഷരജാലകത്തെ അദ്ദേഹം ഒരു വലിയ തലത്തിലെത്തിച്ചു. ചില ഘട്ടങ്ങളിൽ അത് സൺഡേ സപ്ലിമെന്റിൽ അച്ചടിച്ചു. ഏതാനും ലക്കങ്ങൾ അത് പ്രസിദ്ധീകരിച്ചത് അകത്ത് ഒരു ഫുൾ പേജിലാണ്. അക്ഷരജാലകത്തിനു മാത്രമായി ഒരു ഫുൾ പേജ് !.അതിനുപുറമേ അക്ഷരജാലകത്തിൻ്റെ പരസ്യം ഒന്നാം പേജിൽ എട്ടു കോളത്തിൽ കൊടുത്ത അവസരങ്ങളുണ്ടായിരുന്നു. അതൊക്കെ ഏറ്റവും ഉത്തേജക മായ ,മനോഹരമായ സ്നേഹഭാവനയായി നിൽക്കുകയാണ്. 

അദ്ദേഹം ഒരു ഗ്രൂപ്പിസത്തിനും നിൽക്കി ല്ല. അദ്ദേഹത്തിന് മൂല്യമാണ് പ്രധാനം.  കറയറ്റ ആത്മാർത്ഥതയിൽ ജീവിച്ച ഗോപി സാർ, പറഞ്ഞ വാക്കു പാലിക്കുന്നതിൽ നൂറു ശതമാനം സത്യസന്ധത പുലർത്തി. സ്വഭാവദൃഢത എന്ന ഗുണം അത്രയ്ക്കുണ്ടായിരുന്നു.  ആരുടെയും വളർച്ചയിൽ അദ്ദേഹത്തിനു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല .നിരാസ്പദമായി, നിഷ്കളങ്കമായി, നിർമ്മലമായി പെരുമാറി. അതുകൊണ്ടാണ് അത് നഷ്ടപ്പെടുമ്പോൾ വല്ലാത്ത വേദന തോന്നുന്നത്. അദ്ദേഹത്തിനു ഒപ്പം സഞ്ചരിക്കാനായത് എന്റെ മിടുക്കല്ല: അദ്ദേഹത്തിൻ്റെ മഹത്വമാണ്. ഗോപി സാറിൻ്റെ ഒപ്പം നമുക്ക് നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ മാത്രം നന്മയുടെ ഒരു മാനമായി കണ്ടാൽ മതി. നമ്മളാണ് ആ നന്മയിലൂടെ ശുദ്ധീകരിക്കപ്പെടുന്നത്. അദ്ദേഹത്തിൻ്റെ നല്ല ചിന്തകൾ കൊണ്ട് സ്വാംശീകരിക്കപ്പെട്ട ആശയങ്ങൾ നമ്മളെ കൂടുതൽ ഉത്തരവാദിത്വമുള്ള മനുഷ്യരാക്കുകയാണ്. നമ്മളെ അദ്ദേഹത്തിൻ്റെ തത്ത്വചിന്ത നവീകരിക്കുകയായിരുന്നു. അതൊരു ഉദാത്തവത്ക്കരണമായിരുന്നു.



വേഗത്തിൻ്റെ പരീക്ഷണശാലയിൽ /അക്ഷരജാലകം / എം.കെ.ഹരികുമാർ

 





വേഗത്തിൻ്റെ പരീക്ഷണശാലയിൽ 

വേഗത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നു ജീവിതത്തിൻ്റെ വിജയം നിർണയിക്കുന്നത്. അമ്പതുവർഷം മുമ്പ് വേഗം ഒരു ആവശ്യഘടകമല്ലായിരുന്നു. ഒരു ദിവസത്തിൽ എന്ത് സംഭവിച്ചാലും പുലർച്ചെ വരുന്ന പത്രത്തിലൂടെ അറിയുന്നതായിരുന്നു ശീലം.
അതായിരുന്നു മനുഷ്യൻ്റെ കാലബോധം . ഇപ്പോൾ ആ ശീലത്തിന് മാറ്റമില്ല. എന്നാൽ വേഗത ആ ശീലത്തിൽ  വിള്ളലേൽപ്പിച്ചിരിക്കുന്നു .ലോകത്ത് തൽസമയം എന്തു സംഭവിക്കുന്നുവെന്ന് അറിയിക്കാൻ ലക്ഷക്കണക്കിനു വാർത്താമാധ്യമങ്ങൾ (അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെ) മുന്നോട്ടുവന്നിരിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിൽ ഒരിക്കൽ മാത്രം അപ്ഡേറ്റായാൽ മതിയെന്ന കാഴ്ചപ്പാട് മാറി. ഇപ്പോൾ ഓരോ നിമിഷവും അപ്ഡേറ്റാകണം .ഇതാണ് ജീവിതത്തിന്റെ വേഗത. മനസ്സിനെയും ഇത് സ്വാധീനിച്ചിരിക്കുകയാണ്. വേഗതയില്ലെങ്കിൽ മൂല്യമില്ല എന്നാണത്രേ അർത്ഥം .യാത്രയ്ക്ക് വേഗത വേണം .പ്രേമത്തിന് വേഗത വേണം. വാഹനത്തിന് വേഗത വേണം. സന്ദേശങ്ങൾ കൈമാറാൻ ഒരു നിമിഷത്തിൽ കൂടുതൽ സമയം പാടില്ല. ടൈപ്പ് ചെയ്യാൻ വേഗത വേണം. സിനിമയ്ക്ക് വേഗതയില്ലെങ്കിൽ  ആരും കാണില്ല. പാട്ടിനും വേഗത വേണം. ഫാഷനുകൾ അതിവേഗം മാറാനുള്ളതാണ്. ശീലങ്ങൾ പെട്ടെന്ന് മാറുകയാണ്. എന്തിനെയും ഉപേക്ഷിക്കുന്നതിനു മൂല്യമേറുകയാണ് ; അതിനു വേഗത കൈ വന്നിരിക്കുന്നു .പ്രേമിക്കുന്നതിനേക്കാൾ വേഗത്തിൽ പ്രേമം ഉപേക്ഷിക്കുന്നതിനാണിപ്പോൾ വേഗത. അതുകൊണ്ടാണ് പ്രേമിക്കുന്നതുപോലെ തന്നെ പ്രേമത്തിൽ നിന്ന് ഒഴിവാകുന്നതും പ്രധാനമായിരിക്കുന്നത്.

വേഗത കൂടിയതോടെ മഹാമൂല്യമായ കാത്തിരിപ്പ് അപ്രത്യക്ഷമായി. ആധുനികകാലത്ത് വേഗത്തെക്കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഫ്രഞ്ച് തത്ത്വജ്ഞാനി പോൾ  വിറിലിയോ പുതിയ കാലത്തിലേക്ക്  വിരൽചൂണ്ടുകയാണ്.അദ്ദേഹത്തിൻ്റെ സ്പീഡ് ആൻഡ് പൊളിറ്റിക്സ് ,ദ് ആർട്ട് ഓഫ് ദ് മോട്ടോർ ,ദ് എയ്സ്തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ് തുടങ്ങിയ കൃതികൾ  പുതിയ കാലത്തെ വ്യാഖ്യാനിക്കുകയാണ്. സ്പീഡിൻ്റെ ശാസ്ത്രം എന്ന് അർത്ഥം വരുന്ന ഡ്രോമോളജി എന്ന വാക്കു അദ്ദേഹം വികസിപ്പിച്ചതാണ്. 

അടുത്തകാലത്താണ് പോൾ വിറിലിയോയുമായി ആർക്കിടെക്ചർ പ്രൊഫസർ മറിയാനി ബ്രോഷ്  നടത്തിയ സംഭാഷണങ്ങളുടെ പുസ്തകമായ 'ദ് വിൻ്റേഴ്‌സ് ജേർണി' വീണ്ടും വായിച്ചത്. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആദ്യം വായിച്ചത്. ഒരിക്കൽ കൂടി  വായിച്ചപ്പോൾ പുതിയ സാഹചര്യത്തിനനുസരിച്ച് അർത്ഥങ്ങൾ വിപുലമാവുകയാണ്. 190 പേജുള്ള  ഈ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ നാലാമത്തെ സംഭാഷണത്തിൽ അദ്ദേഹം യാഥാർത്ഥ്യത്തിൻ്റെ ത്വരിതപ്പെടുത്തൽ (ആക്സിലറേഷൻ ഓഫ് റിയാലിറ്റി) എന്ന ആശയം അവതരിപ്പിക്കുന്നു.ഇത് വേഗത്തിൻ്റെ തന്നെ വിശദീകരണമാണ് .അദേഹം പറയുന്നു: 'പ്രതീതിയാഥാർത്ഥ്യം അഥവാ സൈബർ ഇടം എന്നു പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് യാഥാർത്ഥ്യത്തിൻ്റെ   ത്വരിതപ്പെടുത്തലാണ്. ആഗോളവൽക്കരണം ,ദേശീയവൽക്കരണം തുടങ്ങിയ ചിന്തകളും അങ്ങനെതന്നെ .ഈയർത്ഥത്തിൽ ഓർമ്മകളാണ് ത്വരിതപ്പെടുന്നത്'.

മനസ്സിൽ നിന്നു പുറന്തള്ളുന്നത്

എന്തുകൊണ്ടാണ് യാഥാർത്ഥ്യം ത്വരിതത്തപ്പെടുന്നത്? കണ്ണടച്ച് തുറക്കുന്നതിനിടയിൽ മനുഷ്യബന്ധങ്ങളും ഇണക്കങ്ങളും വേർപെടലുകളും സംഭവിക്കുകയാണ്. ഭൗതികസുഖത്തിനു വേണ്ടി ബന്ധങ്ങൾ ത്യജിക്കപ്പെടുന്നു, ഉണ്ടാക്കപ്പെടുന്നു. അരികിൽ സ്വർഗ്ഗമുണ്ടെന്ന ധാരണയിൽ എല്ലാവരും ഓടുകയാണ്. എന്നാൽ ഊർജ്ജമാകട്ടെ പാഴായി പോവുകയാണ്. വർദ്ധിച്ച വീര്യത്തോടെ  പ്രേമിക്കുകയും സംസാരിക്കുകയും ചെയ്ത ശേഷം പൊടുന്നനെ ഊർജം ഇല്ലാതാവുന്നതോടെ ആ ബന്ധം തകരുകയാണ്. സ്വയം തുടച്ചു നീക്കിയാണ് ഇന്ന് ആളുകൾ വേഗത്തെ തേടിപ്പിടിക്കുന്നത്. മനസ്സിലുള്ളത് അപ്പോൾ തന്നെ മായ്ച്ചു കളയുന്നു;എങ്കിലേ പുതിയത്  സ്വീകരിക്കാനാവുകയുള്ളൂ. മനുഷ്യന്റെ ഓർമ്മയ്ക്ക് പരിമിതിയുണ്ട്. അറുപതുകളിലോ എഴുപതുകളിലോ  ഓർമ്മകൾക്ക് ചന്തം കൂടുതലായിരുന്നു. പഴയ കൂട്ടുകാർ, ക്ലാസ് റൂമുകൾ ,ഇടവഴികൾ, ഭക്ഷണ ശീലങ്ങൾ ,സ്നേഹങ്ങൾ, വീട്ടുകാര്യങ്ങൾ തുടങ്ങിയവയെല്ലാം  ഒരാളുടെ മനസ്സിൻ്റെ വ്യക്തിപരമായ ശേഖരമായിരുന്നു. ഇപ്പോൾ അങ്ങനെയുള്ളതെല്ലാം വിപണിയുടെ ഭാഗമായിരിക്കുന്നു. അതെല്ലാം പ്രദർശിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമുള്ളതാണ്. അതിനെല്ലാം ഇന്നു ഷോപ്പുകളുണ്ട്. 

പച്ചമലയാളത്തിൽ പറയട്ടെ ,ചോരയൊലിപ്പിച്ചു കിടക്കുന്നവനെ ഒന്നു നോക്കാതെ കടന്നുപോകുന്നവരൊക്കെ ഇന്നു പഴയ സ്കൂൾ ക്ലാസുകളിലെ ബാച്ചുകൾ തപ്പിപ്പിടിച്ച് ഒത്തുചേരൽ സംഘടിപ്പിക്കുകയാണ്. പഴയ കാലത്തെ ആഘോഷമാക്കി ,സെൽഫികളിൽ നിക്ഷേപിക്കുകയാണ്. സതീർത്ഥ്യസ്നേഹം, എല്ലാവരും തുല്യ നിലയിലുള്ളവരാണെങ്കിൽ , ആഘോഷിക്കപ്പെടാനുള്ളതായി മാറിയിരിക്കുന്നു. സ്നേഹബന്ധം ആഘോഷിക്കപ്പെടുന്നിടത്ത് അതിൻ്റെ ബാഹ്യചേഷ്ടകൾ മാത്രമേ കാണൂ.  മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതാണ് ഇപ്പോൾ ഔപചാരികമായി തേടിച്ചെല്ലുന്നത്. ഒഴിഞ്ഞയിടങ്ങളാണ് മനസ്സിൽ നിറയുന്നത് .കാരണം, മനസ്സിലേക്ക് വരുന്നതെല്ലാം അതുപോലെ പുറന്തള്ളപ്പെടുകയാണ് .ലക്ഷക്കണക്കിനു സന്ദേശങ്ങൾ പ്രവഹിക്കുകയാണ് ,ലോകത്തിൻ്റെ  ഓരോ നിമിഷത്തിലും നാനാ ദിക്കുകളിൽ നിന്ന്. ഇത്രയധികം വാർത്തകൾ, ചിത്രങ്ങൾ താങ്ങാൻ നമുക്കാവുമോ ? മറ്റുള്ളവരുടെ കാര്യങ്ങൾ നമുക്ക് ടൺ കണക്കിനു രേഖകളായി കൊണ്ടുനടക്കേണ്ടതിൻ്റെ ആവശ്യമെന്താണ് ?വേഗത കൂടിയ ജീവിതത്തിൽ എത്രയും വേഗം എന്തു മനസ്സിലാക്കുന്നു എന്നതാണ് മൂല്യം .അതിനായി ആളുകൾ എല്ലാ വാതിലുകളിലും മുട്ടുകയാണ്. 

ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ അറിയേണ്ടതുണ്ടോ? അല്ലെങ്കിൽ നിയമസഭയ്ക്കകത്ത് ക്ഷണിക്കപ്പെടാതെ ഒരാൾ കയറിയതും മറ്റും കേരളത്തിലെ ജനങ്ങളെ മുഴുവൻ വിളിച്ചിരുത്തി ദിവസങ്ങളോളം ചർച്ച ചെയ്യുന്നതിൻ്റെ സംഗത്യമെന്നാണ് ? എന്തിനാണ് ഇതെല്ലാം നമ്മൾ അറിയുന്നത് ?നമ്മുടെ ബാധ്യതയാണോ ഇത് ? മനുഷ്യജീവൻ്റെ ആന്തരികമായ സൗഖ്യത്തിനും സമാധാനത്തിനും സ്വാസ്ഥ്യത്തിനും പുരോഗതിക്കും സ്വഭാവസംസ്കരണത്തിനും ഉതകാത്ത ലക്ഷക്കണക്കിന് പാഴ് വാർത്തകൾ ചർച്ച ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണ്?

നുണ പറഞ്ഞാൽ പണം 

എല്ലാം വേഗത്തിന്റെ അളവുകോലാകുന്നതോടൊപ്പം അതിലെല്ലാം ധനവും പണവും പ്രധാനമാവുകയാണ്. ഒരു സിനിമാ നായകനടനോ ,നടിയോ മരിച്ചു എന്നു കളവായി യുട്യൂബിൽ റിപ്പോർട്ട് ചെയ്താൽ ഒരാൾക്ക് മാന്യമായി ജീവിച്ചുപോകാനുള്ള കാശ് കിട്ടുന്ന അവസ്ഥയാണിപ്പോഴുള്ളത്. യൂട്യൂബിൽ പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ ആരെയും കൊല്ലാമെന്നതാണ് ഇപ്പോഴത്തെ സദാചാരം .
കൊന്നാലേ പണം വരൂ എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. പണത്തിന്നു വേണ്ടിയാണോ നമ്മൾ ജീവിക്കേണ്ടത്! .കൊല്ലാനറിയാത്തവൻ,കളവു പറയാനറിയാത്തവൻ ,ആക്രോശിക്കാനറിയാത്തവൻ, വാദിയെ പ്രതിയാക്കാൻ നിശ്ചയമില്ലാത്തവൻ യൂട്യൂബിൽ പോയിട്ട് കാര്യമില്ല . വേഗത്തിൻ്റെ കാലത്ത് ആരും ആരെയും പരിഗണിക്കുന്നില്ല .ഒന്നിച്ചു കഴിഞ്ഞവർ ,ചായ കുടിച്ചവർ ,ഉണ്ടു റങ്ങിയവർ യൂട്യൂബ് തുടങ്ങിയാൽ പിന്നെ സ്നേഹം പ്രതീക്ഷിക്കേണ്ട; കൊന്നിരിക്കും .

ഇന്നു സാഹിത്യവിമർശനം പോലും ഗോസിപ്പ് എന്ന നിലയിലാണ് പല എഴുത്തുകാരും വീക്ഷിക്കുന്നത്. കാരണം എന്താണ് ? അതിവേഗമുള്ള ക്രൂരമായ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന കുതന്ത്രമായാണ് വിദ്യാസമ്പന്നർ പോലും വിമർശനത്തെ കാണുന്നത്‌. ഒട്ടും ജനാധിപത്യം അനുവദിക്കുന്നില്ല. ഇത് തകർച്ചയാണ്. ഈ നാട്ടിലെ പഴഞ്ചരക്ക് എന്നു 
പറയാവുന്ന സാഹിത്യകൃതികളെല്ലാം വാഴ്ത്തിപ്പാടുകയല്ല സാഹിത്യവിമർശകൻ്റെ ജോലി; അയാൾ ആരുടെയും ഇടനില ക്കാരനുമല്ല.വാഴ്ത്തിപ്പാടാൻ പി.ആർ.ഒ മാർ റെഡിയാണല്ലോ .വിമർശകൻ്റെ ചിന്ത അയാളുടെ ജീവിതതത്ത്വചിന്തയുടെ ഭാഗമാണ്. അയാൾ ജീവിക്കുന്നതിനു തെളിവാണ് ,സാഹിത്യത്തെക്കുറിച്ചുള്ള ഈ മനനം. 

വിമർശകൻ കലയിൽ ജീവിക്കാനാഗ്രഹിക്കുന്നു. കല എന്നു പറയുന്നത് കലാരൂപങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ളതല്ല. അതാരുടെയും വരുതിയിലുമല്ല. ലോകത്തിലെ മഹാനായ ഒരു കലാകാരന്റെയും എഴുത്തുകാരൻ്റെയും  അധീനതയിലല്ല കലയുള്ളത്. ഇതിനു വിപരീതമായി ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്.ലോക ചിത്രകാരന്മാരായ വാൻഗോഗിൻ്റെയോ പിക്കാസോയുടെയോ പോലും അധീനതയിലല്ല കല . ഷേക്സ്പിയറുടെയോ ഇബ്സൻ്റെയോ ആജ്ഞാനുവർത്തിയായല്ല കല നിലക്കുന്നത്‌. കല കലാരൂപങ്ങൾക്ക് വെളിയിലാണുള്ളത്. കല ത്രസിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യത്തെ തേടുകയാണ്. ഒരാൾ ചിരിക്കുന്നതുപോലും കലയാണ്. കാരണം, അതിൽ ദൈവത്തിൻ്റെ ഒരു സംവേദനം ഉൾച്ചേർന്നിരിക്കുകയാണ് .സ്നേഹം,ദയ തുടങ്ങിയ വികാരങ്ങളിലെല്ലാം ദൈവസംവേദനമാണുള്ളത്. അതിനാൽ അതെല്ലാവർക്കും വ്യക്തമായി മനസ്സിലാകുകയും അതിനോട് ആഭിമുഖ്യം തോന്നുകയും ചെയ്യും. ആളുകൾ സ്നേഹത്തെ നിരസിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഭയമാണ്. സ്നേഹത്തെ അഭൗമമായി കണ്ടെത്തുകയാണ് കല ചെയ്യുന്നത്. അത് എല്ലായിപ്പോഴും അന്യമായതിനോടു താദാത്മ്യം പ്രാപിക്കാൻ വെമ്പുന്നു. 

കല കലാകാരൻ്റെ പോക്കറ്റിലല്ല

അതുകൊണ്ടാണ് കല ഒരു കവിയുടെയും പോക്കറ്റിലല്ല എന്നു പറയുന്നത് .വന്യവും മനുഷ്യനിരപേക്ഷവും അതീതവും നിഷ്കളങ്കവുമായ കലാത്മകത വിമർശകൻ്റെ ചിന്തയിലും രചനയിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. ഒരു സാഹിത്യകൃതിയെ വിമർശിക്കുന്നത് വിമർശകൻ്റെ  അസ്തിത്വപ്രശ്നമാണ്. അയാൾ  അജ്ഞാതമായതിനോട് യുദ്ധം ചെയ്യുന്ന രീതിയാണത്.

വിമർശനത്തെ ഗോസിപ്പായി കാണാൻ കാരണം എഴുത്തുകാരെ ആവേശിച്ചിരിക്കുന്ന വേഗമാണ്. പെട്ടെന്ന് എല്ലാ പുരസ്കാരങ്ങളും നേടുകയാണല്ലോ മിക്കവരുടെയും ലക്ഷ്യം. അതിനായി ചതുരംഗം കളിക്കുകയല്ല ,ആക്രമണം നടത്തുകയാണ് .അതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.സംസാരിക്കുന്നതും സംവദിക്കുന്നതും  സൗഹാർദ്ദത്തിലാവുന്നതും ചിരിക്കുന്നതുമെല്ലാം ഇതിനു വേണ്ടിയാണ്. രാഷ്ട്രീയം ഇതിനു ഏറ്റവും നല്ല മാർഗമാണ്.അത് ഒരു തീവ്രവേഗമാണ്. സ്വന്തം ലക്ഷ്യത്തിനുവേണ്ടി എത്ര വേഗത്തിലും സഞ്ചരിക്കാൻ ഇന്നു  കഥാകൃത്തുക്കൾക്ക് പ്രയാസമില്ല. അവർ അതിനായി മറ്റെല്ലാം മറക്കുന്നു. ഇവിടെയാണ് പോൾ വിറിലിയോയുടെ ഓർമ്മയെക്കുറിച്ചുള്ള ചിന്തകൾ പ്രസക്തമാകുന്നത്.

ജർമ്മൻ ചിന്തകനായ നിഷെയെപ്പോലെ 'ദൈവം മരിച്ചു' എന്നു പറയാൻ തയ്യാറല്ലെന്നു വാദിച്ച  അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 
'ഇന്നത്തെ മതവിശ്വാസികൾ ഏകദൈവത്തിന് പകരം ഒരു യന്ത്രദൈവത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ഇന്നത്തെ  നിരീശ്വരവാദികൾ സൈബർ യന്ത്രദൈവത്തിൻ്റെ ആരാധകർ മാത്രമാണ് '.
അതിന്റെ ഫലമായി എന്ത് സംഭവിക്കുന്നു ? .അദ്ദേഹം പറയുന്നു:
'ഞാൻ ഇവിടെ പറയുന്നത് മനുഷ്യൻ്റെ ഓർമ്മയെക്കുറിച്ചാണ്, യന്ത്രത്തിന്റെ ഓർമ്മയെക്കുറിച്ചല്ല. ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഈ ഓർമ്മയാണ് വർത്തമാനകാലത്തെ ഓർമ്മ'.ഓർമ്മ യാന്ത്രികമായ പുതിയ സാഹചര്യമാണിത്. അതിവേഗത്തിൻ്റെ ഒഴുക്കിൽപ്പെട്ട് നമ്മൾ ഓർമ്മയില്ലാത്തവരായി മാറുന്നു. സൈബർ, ഇലക്ട്രോണിക് മേഖലകളിൽ നിന്നു നമ്മളിലേക്കു  ഓർമ്മകൾ ഇരച്ചെത്തുകയാണ്.

പഴയതിനെയെല്ലാം നശിപ്പിച്ച ശേഷം ആ ഓർമ്മകൾ പെട്ടെന്നു തന്നെ പിൻവാങ്ങുന്നു. തൊട്ടു പിറകെ മറ്റൊരുകൂട്ടം ഓർമ്മകൾ എത്തുന്നു. അതും മറ്റുള്ളതെല്ലാം മായ്ച്ചു കളഞ്ഞ ശേഷം പിന്മാറുന്നു .
ഇതാണ് നമ്മുടെ മനസ്സിലെ ശൂന്യവത്ക്കരണം. വ്യക്തിയെന്ന നിലയിൽ നമ്മുടേതു മാത്രമായ ഓർമ്മയെ തിരയേണ്ടതുണ്ട്. പക്ഷേ, അതിന് ഈ യന്ത്രയുഗത്തിൽ സമയമുണ്ടാകുമോ? സാഹിത്യം ഇവിടെയാണ് ഉയരേണ്ടത്.  വ്യക്തികളെ അവരുടെ സൈബർ, സിഡി ,പെൻഡ്രൈവ് ,ടെലിവിഷൻ, മൊബൈൽ ,ഡിജിറ്റൽ ഓർമ്മകളിൽ നിന്നു വിമോചിപ്പിച്ച് സ്വന്തം ഓർമ്മയെ കണ്ടെത്തുന്നതിനായി വിടണം.

ചെക്കപ്പ് എന്ന പരീക്ഷണശാല 

പതിറ്റാണ്ടുകൾക്കു മുൻപ് ഗതാഗത വിപ്ലവമാണ് സംഭവിച്ചതെങ്കിൽ ഇപ്പോൾ ട്രാൻസ്മിഷൻ (സംപ്രേഷണം)വിപ്ലവമാണ് സംഭവിക്കുന്നതെന്ന് വിറിലിയോ അറിയിക്കുന്നു .ഇതാകട്ടെ വേഗത്തിൽ അധിഷ്ഠിതമാണ്. വേഗമില്ലെങ്കിൽ ജീവിതമില്ല. രോഗവും ചികിത്സയും വേഗത്തിലാണ്. രോഗിയാകുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നത് അതിൻ്റെ ദൃഷ്ടാന്തമാണ് .മെഡിക്കൽ ചെക്കപ്പ് ഒരു നൂതന സാങ്കേതിക ഇടമായി പരിണമിച്ചിരിക്കുന്നു. രോഗമുണ്ടോ എന്നു പരിശോധിക്കാനും രോഗം വരാതിരിക്കുന്നതിൽ നിന്നു മാനസികമായി മുൻകരുതലെടുക്കാനും  ചെക്കപ്പ് ആവശ്യമായി വന്നിരിക്കുന്നു. ചെക്കപ്പ് ഒരു പരീക്ഷണശാലയാണ്.അത് പരോക്ഷ ചികിത്സയാണ്. അത് രോഗത്തെ തടയുന്നതിലെ വേഗമാണ് നിശ്ചയിക്കുന്നത്. 

പ്രകാശത്തിൻ്റെയും ഇലക്ടോമാഗ്നറ്റിക് തരംഗങ്ങളുടെയും വേഗതയിലാണ് നമ്മുടെ ജീവിതത്തിൻ്റെ വേഗത ഇപ്പോൾ നിർണയിക്കപ്പടുന്നത്. എല്ലാ ക്രയവിക്രയങ്ങളും സന്ദേശങ്ങളും താത്പര്യങ്ങളും മനുഷ്യനെ ഒരു വേഗജീവിയാക്കുന്നതിലാണ് മത്സരിക്കുന്നത്. ഒരാഴ്ചകൊണ്ട് പൂർത്തീകരിച്ചിരുന്ന ടെസ്റ്റുകൾ, ജോലികൾ, സേവനങ്ങൾ ഒരു ദിവസം കൊണ്ടോ ,ഒരു നിമിഷം കൊണ്ടോ  പരിഹരിക്കാനാണ് രാഷ്ട്രങ്ങൾ മത്സരിക്കുന്നത്. 2ജി ,3ജി ,4ജി ,5ജി തുടങ്ങിയ വാർത്തവിനിമയ വിപ്ലവങ്ങൾ നെറ്റ്‌വർക്ക് ശേഷിയും സ്പീഡുമാണ് ലോകത്തെ യാഥാർത്ഥത്തിൽ മാറ്റുന്നതെന്ന് പ്രഖ്യാപിക്കുകയാണ്. 4ജിയിൽ നിന്നു 5ജിയിലേക്കുള്ള മാറ്റം ലോകത്തിന്റെ വേഗത വർദ്ധിപ്പിച്ചു എന്നാണ് ചുണ്ടിക്കാട്ടുന്നത്. നമുക്ക് കൂടുതൽ സന്ദേശങ്ങളും വിവരങ്ങളും കൂടുതൽ പേരിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാമെന്നാണ് അത് അർത്ഥമാക്കുന്നത്. സമയം തന്നെ വേണ്ടാത്തവിധം വേഗത്തിൻ്റെ  ആശയം രൂപാന്തരപ്പെടുകയാണ്. 

ഇരുനൂറ്റമ്പതു പേർക്ക് ഒരു സന്ദേശം ഒരുമിച്ച് അയയ്ക്കാൻ കഴിയുന്നതോടെ  സമയമാണ് ഇല്ലാതാകുന്നത്. സമയത്തിനകത്ത് അനേകം ലോകങ്ങൾ പ്രതീതിയായി ഉൾക്കൊണ്ടിരിക്കുന്നു. റിയൽ ടൈം  എന്ന അനുഭവത്തിനകത്ത് സമയത്തെ തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് വേഗത്തിൻ്റെ വിപ്ലവം സാക്ഷാത്ക്കരിക്കുന്നത്. ഇൻ്റർനെറ്റിലും യുദ്ധത്തിലും സമയത്തിന്റെ വേഗതയ്ക്കാണ് പ്രാധാന്യം .ഇൻ്റർനെറ്റ് ദൈവമാണെന്നു  പറയുന്നത് സമയത്തിന്റെ അവിശ്വസനീയമായ, അതിശയകരമായ വേഗത്തെ ആവിഷ്കരിക്കുന്നതുകൊണ്ടാണ്.

സമയം മാജിക്കൽ റിയലിസമാണ്. വേഗമാണ് അതിൻ്റെ റിയാലിറ്റിയെ നിലനിർത്തുന്നത്. സമയത്തെയും സ്ഥലത്തെയും സസ്പെൻഡ് ചെയ്യാൻ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളു. കുരുക്ഷേത്രയുദ്ധത്തിൽ അർജുനന്  ശ്രീകൃഷ്ണൻ ഗീതോപദേശം നല്കുന്നത് സമയത്തെ സസ്പെൻഡ്  ചെയ്തുകൊണ്ടാണല്ലോ. അതായത് ആ സന്ദേശം കൈമാറുന്നത് ചുറ്റുമുള്ളവർ അറിയുന്നില്ല. ഇൻറർനെറ്റിലും ഇതുപോലെ സമയം സസ്പെൻസ് ചെയ്യപ്പെട്ടിരിക്കുന്നു .ഒരു സെക്കൻഡിനുള്ളിൽ നമ്മൾ മാത്രമറിയുന്ന സമയമാണ് അവിടെയുള്ളത് .ഒരു നിമിഷത്തിനുള്ളിൽ എന്തൊക്കെ സംഭവിച്ചു എന്നു ആർക്കും മനസിലാക്കാനാവാത്ത വിധം , വിശ്വസിക്കാനാവാത്ത വിധം അതിശയകരമായി പലതും രൂപപ്പെടുന്നു. 

  • ,

  • or

  • ഒറേലിയസ് ധ്യാനങ്ങൾ /അക്ഷരജാലകം /.കെ.ഹരികുമാർ

     




    ഒറേലിയസ് ധ്യാനങ്ങൾ 


    പുരാതന റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസ് (121-180)സൈനിക വിന്യാസങ്ങൾക്കിടയിലെ ഒഴിവു സമയങ്ങളിൽ ജീവിതത്തിലെ ആകസ്മികതകളെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ഒരു വശത്ത് രക്തം ചിതറുന്ന കാഴ്ചകൾ കാണുകയും നിരാശപ്പെടുത്തുന്ന കാര്യങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ അദ്ദേഹം മറ്റൊരു ലോകത്തേക്ക് തൻ്റെയുള്ളിലൂടെ സഞ്ചരിക്കും. സമാധാനവും സദ്ചിന്തയും എങ്ങനെയാണ് അപകടപ്പെടുന്നതെന്ന്  ആലോചിച്ചുകൊണ്ടിരിക്കും. അതിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ് അദ്ദേഹത്തിൻ്റെ 'മെഡിറ്റേഷൻസ്' എന്ന കൃതി.ഒറേലിയസിനു അത് ഒരു ജീവിതവീക്ഷണമോ സന്ദേശമോ ആയിരുന്നു .അദ്ദേഹം ധർമ്മത്തിൽ വിശ്വസിച്ചു .ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാനും നീതിക്കുവേണ്ടി ശബ്ദിക്കാതിരിക്കാനും വേണ്ടി മാത്രമാണെങ്കിൽ അർത്ഥശൂന്യമാണെന്ന് അദ്ദേഹം വിലയിരുത്തി. 

    പത്തൊൻപത് വർഷം ചക്രവർത്തിയായിരുന്ന കാലഘട്ടത്തിൽ ജീവിതം കൂടുതൽ അർത്ഥമുള്ളതാകുന്നതെങ്ങനെയെന്ന്   വിവരിക്കുന്ന കുറേ കുറിപ്പുകൾ എഴുതി .അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു തത്ത്വചിന്തകനുണ്ടായിരുന്നു. പാർത്തിയൻ സാമ്രാജ്യത്തോടും ആർമേനിയയോടും പോരാടി വിജയിച്ച ഒറേലിയസ് പക്ഷേ, വിജയങ്ങളെ നിസ്സംഗതയോടെയാണ് കണ്ടത്. അദ്ദേഹം അതിൻ്റെ ഭവിഷ്യത്തിനെക്കുറിച്ച് അർത്ഥസാന്ദ്രമായി എഴുതിക്കൊണ്ടിരുന്നു. അത് ഒരു പുസ്തക രചനയായിരുന്നില്ല ,ജീവിതാർത്ഥവിചാരങ്ങളായിരുന്നു.

    ഗ്രീക്ക് ഭാഷയിൽ പല ഖണ്ഡങ്ങളായി എഴുതിയ ആ കുറിപ്പുകൾ യഥാസമയം പ്രസിദ്ധീകരിക്കാനായില്ല. അതിൽ അദ്ദേഹത്തിനു താല്പര്യവുമില്ലായിരുന്നു. പല കുറിപ്പുകൾക്കും പൊതുവായി നല്കിയ പേര് ധ്യാനങ്ങൾ എന്നാണ് .പത്താം നൂറ്റാണ്ട് വരെ ഈ കുറിപ്പുകളെക്കുറിച്ച് ആധികാരികമായ വിവരമൊന്നുമില്ലായിരുന്നു .ചില ചരിത്രകാരന്മാർ ഒറേലിയസിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ  സാഹിത്യസംഭാവനകളെപ്പറ്റിയും സൂചിപ്പിച്ചതൊഴിച്ചാൽ ആ മേഖല ഏറെക്കുറെ അജ്ഞാതമായിരുന്നു. ഗ്രീക്ക് ഭാഷയിലെ കൈയ്യെഴുത്ത് പ്രതിയിൽ നിന്ന് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയത് ജർമ്മൻ ക്ലാസിക്കൽ ചിന്തകനായിരുന്ന വിലെം സിലാന്തറാണ്. ഫ്രഞ്ച് -ഇംഗ്ലീഷ് ക്ലാസിക്കൽ പണ്ഡിതനായ മെറിക് കസോബോൺ പരിഭാഷപ്പെടുത്തിയതാണ് ഇപ്പോൾ ലഭ്യമായ ഇംഗ്ലീഷ് എഡിഷൻ(1634) .

    ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന സെനോയുടെ സംഭാവനയാണ്  സ്റ്റോയിക് ദർശനം. ഒറേലിയസിൻ്റെ പുസ്തകത്തിൽ മിക്കവാറും കാണുന്നത് ഈ ധർമ്മശാസ്ത്രമാണ്.
    അതോടൊപ്പം പ്ളേറ്റോയുടെ ചിന്താമുകളങ്ങളും പലയിടത്തും കലരുന്നതു കാണാം. ജീവിതത്തിൻ്റെ വ്യർത്ഥതയെപ്പറ്റി നല്ല അവബോധമുണ്ടായിരുന്ന ഒറേലിയസ്   ഭൗതികസുഖങ്ങളെ മനുഷ്യൻ്റെ  സദാചാരവുമായി ചേർത്തുവച്ച് പരിശോധിക്കാനാണിഷ്ടപ്പെട്ടത്.

    കനലൂതി ആളിക്കത്തിക്കുന്നവർ 

    ഒറേലിയസ് എഴുതുന്നു :'ഓരോ ദിവസവും നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്: ഇന്ന് എന്നെ അഭിമുഖീകരിക്കുന്നത് അതിക്രമവും നന്ദികേടും ഗർവ്വും നെറികേടുമൊക്കെയായിരിക്കും. ഇതെല്ലാം സംഭവിക്കുന്നത് വകതിരിവില്ലാത്തവരുടെ അജ്ഞത മൂലമാണ്. അവർക്ക് നല്ലതേത് ,ചീത്തയേത് എന്നറിയില്ല. എന്റെ ഭാഗത്തു നിന്ന് പറയട്ടെ, ഞാൻ വളരെക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ നന്മയെയും അതിൻ്റെ മഹത്വത്തെയും അറിയുന്നവനാണ് ;കുറ്റവാളിയുടെ മനോഭാവം അറിയുകയും ചെയ്യാം. അവനും എൻ്റെ സഹോദരനാണല്ലോ (ശാരീരികമായ അർത്ഥത്തിലല്ല, ഒരു സഹജീവി എന്ന നിലയിൽ). അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും എന്നെ മുറിവേൽപ്പിക്കാൻ പാടില്ല .എന്നെ അധിക്ഷേപിക്കുന്ന യാതൊന്നും ഒരാൾക്ക് എൻ്റെ മേൽ വയ്ക്കാനാവില്ല '. 
    ക്ഷമിക്കുക എന്ന മൂല്യം ഇന്നു തീരെയില്ലാതായി. കാരണം, ക്ഷമിക്കാതിരിക്കുന്നതിനുള്ള പ്രലോഭനമായി നിയമങ്ങളും കോടതികളുമാണ് പലരും കാണുന്നത്. ഒരാളെ പോലും സ്നേഹത്തോടെ കാണാനുള്ള സാഹചര്യമില്ല .ആധുനികകാലത്ത് യൂട്യൂബ് ചാനലുകളും ടെലിവിഷൻ വാർത്താ ചാനലുകളും കനലൂതി ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. വെറുതെയിരിക്കുന്നവരെ ചൊറിഞ്ഞ് പരസ്പരം ഏറ്റുമുട്ടിക്കുന്നതാണത്രേ ഇന്നത്തെ സദാചാരം .സമകാല നാഗരികതയിൽ ധാർമ്മിക തത്ത്വശാസ്ത്രമില്ല ;വേട്ടയാടലും കൊന്നു തിന്നലും മാത്രമേയുള്ളു. 
    കാരണം ,അവരുടെ യൂട്യൂബ് പുന: സംപ്രേഷണങ്ങളിലൂടെ വലിയ തുക സമാഹരിക്കാൻ സാധിക്കുമെന്ന ചിന്ത എല്ലാത്തിനെയും നിന്ദിക്കാനുള്ള വാസനയാണ് പ്രചരിപ്പിക്കുന്നത്.
    അതുകൊണ്ട് വ്യക്തിഹത്യ എന്നു പറയുന്നത് ഇന്നു  സദാചാരമായിരിക്കുകയാണ്. സുഹൃത്തുക്കളുടെ പെരുമാറ്റം പോലും അസഹനീയമാണ് .എല്ലാ സ്നേഹവും തർക്കമാവുകയാണ്. എല്ലാ സമാധാനങ്ങളും യുദ്ധങ്ങളാവുകയാണ്.

    ഒറേലിയസ് എഴുതി: 'നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ആത്മാവിന്റെ വാതിലുകൾ സൂര്യനു നേർക്ക് തുറന്നുവയ്ക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ സൂര്യൻ വേഗം അസ്തമിച്ചുപോകും; അതോടൊപ്പം നിങ്ങളും ഇല്ലാതാകും'.ഇത് വലിയൊരു സത്യമാണെന്ന് ,മനനം ചെയ്താൽ മനസ്സിലാകും. സമയത്തിന്റെ ഖജനാവ്  ആരുടെയും പക്കലില്ല .വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ, 'അള്ളാഹുവിൻ്റെ ഖജനാവിൽ' ധാരാളം സമയമുണ്ട്. പക്ഷേ, മനുഷ്യരുടെ ഖജനാവിൽ സമയം കുറവാണ്. അതുകൊണ്ട് സമയത്തെക്കുറിച്ചുള്ള അവബോധം അർത്ഥപൂർണ്ണമായി പുന:സൃഷ്ടിക്കേണ്ടതുണ്ട് .ജീവിതത്തിന്റെ നൈമിഷികത ,നശ്വരത തുടങ്ങിയ  ചിന്തകൾ ഏതൊരു ബന്ധത്തിലും പ്രസക്തമാണ്.

    ജീവിതം എന്ന കെണി 

    'ജീവിതം നല്ലതോ ചീത്തയോ അല്ല ;നല്ലതിനും ദുഷിച്ചതിനുമുള്ള ഒരിടം മാത്രമാണ് '-ഒറേലിയസിൻ്റെ ചിന്ത. ഒന്നിനെക്കുറിച്ച് ഇന്ന് പൂർണമായും നല്ലത് അല്ലെങ്കിൽ ദുഷിച്ചത് എന്ന് പറയാനാകുമോ ? മാക്സിം ഗോർക്കി പറഞ്ഞതുപോലെ ജീവിതം തന്നെ ഒരു കെണിയിലാണ്. ജീവിച്ചിരിക്കുന്നതിൻ്റെ നൈതികതയിൽ ദൈവം ഒരു പണിയൊപ്പിച്ചിരിക്കുന്നു. മറ്റൊന്നിനോട് അനീതി ചെയ്യാതെ ജീവിക്കാനാവില്ല എന്ന സത്യം .നമ്മുടെ രുചി, ഭക്ഷണം, വസ്ത്രം, അച്ചടി എല്ലാം പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായിരിക്കെ, നമുക്കെങ്ങനെ ധാർമ്മികതയെപ്പറ്റി പറയാനൊക്കും ? നമ്മുടെ ധർമ്മം ഒഴിവുകഴിവുകളുടെയും  സ്വാർത്ഥതയുടെയും അളവുകൾക്കൊപ്പിച്ചാണ് തുന്നി യെടുക്കപ്പെടുന്നത് ,ആവശ്യം വരുമ്പോൾ.

    'ഒരാളുടെ മൂല്യത്തെ അളക്കുന്നത് അയാൾ എന്തിനെയെല്ലാം മൂല്യമുള്ളതായി കാണുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലാണ്'.ഇന്നത്തെ ജീവിതത്തിൽ പഴയ ഗ്രീക്ക് മൂല്യങ്ങളെയും ആദർശങ്ങളെയും പരിശോധിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒറേലിയസിൻ്റെ പുസ്തകം വായിക്കുന്നതിലൂടെ കൈവരുന്നത്. അമിതമായതെല്ലാം ത്യജിക്കുകയും ശേഷിച്ച സമയം കൊണ്ട് ജീവിക്കുകയും ചെയ്യണമെന്ന് ചിന്തിച്ചവർ പുരാതന ഗ്രീസിലുണ്ടായിരുന്നു. ഒരാൾ എന്തിനെയാണ് വില വെക്കുന്നത്? അതുതന്നെയാണ് അയാളുടെ മൂല്യമെന്നത് പുരാതന ഗ്രീക്ക് ചിന്തയാണ്;നമ്മുടേതല്ല .

    എന്തുകൊണ്ടാണ് നന്മയും തിന്മയും ഇത്ര വലിയ പ്രശ്നമാകുന്നത്? ഒറേലിയസ് പറയുന്നു: നിങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെ നിങ്ങൾ ഏറ്റെടുക്കുന്നു, എന്നിട്ട് അതിനെ നല്ലതെന്നും ദുഷിച്ചതെന്നും  വിളിക്കുന്നു. ചീത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ നിശ്ചയമായും  നിങ്ങൾ ദൈവത്തെയും അതുമായി ബന്ധപ്പെട്ട ആളുകളെയും കുറ്റപ്പെടുത്തുന്നു. നമ്മുടെ ചീത്ത സ്വഭാവങ്ങളിൽ നല്ലൊരു പങ്കും ഈ മാനദണ്ഡത്തിൽ നിന്നുണ്ടാകുന്നതാണ്. നമ്മുടെ പ്രവർത്തനങ്ങളിൽ നല്ലതും  ചീത്തയും എന്ന പരിഗണനകൾ കുറച്ചു കൊണ്ടുവരികയാണെങ്കിൽ ദൈവത്തെയോ മറ്റുള്ളവരെയോ ദുഷിക്കാതെ കഴിയാം '.

    അനാവശ്യമായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പലപ്പോഴും കഴിയുന്നില്ല. വിശ്വപൗരനാകയാൽ ഓരോ വ്യക്തിയും നിയമപാലകനാവുകയാണ്. നിയമം ലംഘിക്കുന്നു എന്നു വ്യാഖ്യാനിച്ച് സദാചാര പോലീസ് ചമഞ്ഞ് പലരെയും  മർദ്ദിക്കുന്നത് ഇന്ന് പരക്കെ കാണാം. 
    നന്മയെയും തിന്മയെയും വ്യാഖ്യാനിക്കാൻ വിധിക്കപ്പെട്ടവരാണ് ഈ ഇൻഫർമേഷൻ യുഗത്തിലെ ആൾക്കാർ .ഒരാളെ കുറ്റവാളിയായി കോടതിയോ മറ്റ് അധികാര കേന്ദ്രങ്ങളോ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ മാധ്യമങ്ങൾ പ്രത്യേകിച്ചും  ചാനലുകൾ വിചാരണ ചെയ്ത്  ഊരുവിലക്ക് പ്രഖ്യാപിക്കുകയാണ്.
    വീണവനെ ചവിട്ടി നിന്ന് താൻ ഹരിശ്ചന്ദ്രനാണെന്ന് വീമ്പിളക്കുന്ന യൂട്യൂബർമാർ നൂറുകണക്കിന് മാർച്ച് ചെയ്തു വരുകയാണ് .ഒന്നിനെയും നിർവ്വചിക്കുന്നത് ഇന്ന് സുഖകരമായിരിക്കില്ല. കാരണം, എല്ലാം വേഷപ്രച്ഛന്നമാണ് .

    ജീവിതം ഒരു നോട്ടം

    'ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നുകിൽ സഹിക്കാവുന്നതാണ്, അല്ലെങ്കിൽ സഹിക്കാൻ പ്രയാസമുള്ളതാണ്. സഹിക്കാവുന്നതാണെങ്കിൽ സഹിക്കുക; പരാതിയുടെ ആവശ്യമില്ല.  നിങ്ങളുടെ നശിപ്പിക്കൽ അതിൻ്റെ അവസാനം കണ്ടെത്തും. ഒരു കാര്യം ഓർക്കുക .നിങ്ങളുടെ മനസ്സിന് സഹിക്കാനാവുന്നതെല്ലാം നിങ്ങൾക്കും സഹിക്കാം. നിങ്ങളുടെ ഇമ്പത്തിനനുസരിച്ച് കൈകാര്യം ചെയ്താൽ മതി ;നിങ്ങളുടെ സ്വഭാവത്തിനും താല്പര്യത്തിനും  അനുസരിച്ച്'.

    സ്വന്തം മനസ്സിൽ എന്തുമാത്രം ഇടമുണ്ടെന്ന് തിരയാനാണ് ഒറേലിയസ്  ആഹ്വാനം ചെയ്യുന്നത്. തെറ്റുകളോട് പൊറുക്കുമ്പോൾ ആ തെറ്റുകളെ നമ്മൾ മനസ്സിലേക്ക് വലിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഓരോ നോട്ടമാണ് നമ്മുടെ ജീവിതം .നോട്ടം തെറ്റിയാൽ ജീവിതവും തെറ്റിപ്പോകും. 'ഒരു വസ്തു നശിക്കുമ്പോൾ അതിനെ ജീവസ്സുറ്റതാക്കിയിരുന്ന വായുമണ്ഡലം തിരിച്ചു പ്രാപഞ്ചികമായ ദൈവവചസ്സിലേക്ക് വലിച്ചെടുക്കപ്പെടും. ഈ തരത്തിലുള്ള നാശവും പുന:സമാഗവും ഓരോ നിമിഷത്തിലും വ്യക്തികളിൽ സംഭവിക്കുന്നു'.ഒരു നിമിഷം ഒരു വിടപറയലാണ്; അടുത്ത നിമിഷം നമ്മെ വീണ്ടും സൃഷ്ടിക്കുകയാണ് .ലോകത്തുള്ളതെല്ലാം നശിക്കും; അതെല്ലാം പ്രാപഞ്ചികമായ ഉണ്മയിലേക്ക് ലയിക്കും. ഈ അവസ്ഥയിൽ നമുക്ക് ഒരു ജീവിതമേയുള്ളൂ .അമെരിക്കൻ - ബ്രിട്ടീഷ് ഗ്രന്ഥകാരൻ ബിൽ ബ്രൈസൺ എഴുതിയ 'എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയേർലി എവരിതിംഗ്' എന്ന പുസ്തകത്തിൽ, നമ്മൾ ഓരോരുത്തരും ഈ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംയോജനമാണെന്ന് പറയുന്നുണ്ട്. ധൂളികൾ കൊണ്ടാണ് നമ്മെ നിർമ്മിച്ചിരിക്കുന്നത്.ഈ ധൂളികൾ നമ്മൾ ഓരോരുത്തർക്കുമായി ഒത്തുകൂടുന്നത് പ്രപഞ്ചചരിത്രത്തിൽ ഒരിക്കൽ മാത്രമാണ്. 

    തെറ്റുകൾ ചെയ്യുന്നവരുടെ തലയ്ക്ക് മുകളിൽ ചിന്തിക്കണമെന്നാണ് ഒറേലിയസ് പറയുന്നത്. സ്വാഭാവികമായ ഒരു വൈകാരിക വിക്ഷോഭമോ അബദ്ധധാരണയോ തെറ്റുകൾക്ക് കാരണമാകുന്നു. എന്നാൽ മനുഷ്യരോട് പൊറുക്കാൻ പറയുന്നത് മൗഢ്യമാകുമോ ?മനുഷ്യൻ തെറ്റുകൾ ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. നല്ലൊരു വ്യക്തി ഓരോന്നു ചെയ്യുമ്പോഴും കൈയ്യടിയും പുരസ്കാരവും വാങ്ങുന്നില്ല. തേനീച്ച തേനിന്നു പിന്നാലെ പോകുന്ന പോലെയും പന്തയക്കുതിര ലക്ഷ്യത്തിലേക്ക് ഓടുന്ന പോലെയുമാണത് .മറ്റൊരു നല്ല കാര്യം ചെയ്യാനാണ് നല്ല ആളുകൾ ഓടുന്നത്.   കാലമാകുമ്പോൾ മുന്തിരിവള്ളികൾ കൂടുതൽ മുന്തിരിക്കുലകൾ വിളയിക്കുന്നതു പോലെ. ഒറേലിയസ് തൻ്റെ ജീവിതമതം ഇവിടെ വ്യക്തമാക്കുകയാണ് .നല്ല മനുഷ്യർ പക്ഷികളെ പോലെയോ ,വൃക്ഷങ്ങളെ പോലെയോ ദിവ്യമായ ചോദനയാൽ സദാപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുയിലുകൾ പാടുന്നത് അത് കമ്പോസ് ചെയ്തു വിൽക്കാനല്ലല്ലോ . 'പ്രകൃതിയുടെ അനുവാദത്തോടെ നിങ്ങൾ മിച്ചമുള്ള ജീവിതം ജീവിക്കുക'.ജീവിതത്തിലെ മിച്ചമാണ് ഇനിയുള്ള ജീവിതം. കാരണം, നമ്മൾ എല്ലാം ജീവിച്ചവരാണ്; അതിനേക്കാൾ പ്രധാനമായി, ജനിച്ചവരാണ് .ജനിച്ചവർ പുതിയ വേദമാണ് ഉൾക്കൊള്ളുന്നത്. ജനനത്തിനു മുമ്പുള്ള ലോകത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല. എന്നാൽ ജനിച്ചതോടെ മാംസവും രക്തവുമുള്ള അത്ഭുതജീവികളായിരിക്കുന്നു. ഒരു ലോകത്തിൻ്റെ അവകാശികളായിരിക്കുന്നു. അക്കാരണത്താൽ നമ്മൾ വിശേഷപ്പെട്ടവരാണ്.ജനിക്കാൻ വേണ്ടി  നിശ്ചയിക്കപ്പെട്ടവരാണ്. നമുക്ക് മരണമില്ല.അതുകൊണ്ട് നമ്മുടെ ഐന്ദ്രിയ സംവേദനങ്ങൾ ലോകത്തിൻ്റെ അനുഗ്രഹമാണ്.

    ഓരോ പുതിയ സൂര്യൻ

    'ഓരോന്നിനെയും സൃഷ്ടിച്ചിരിക്കുന്നത് ഓരോ കാര്യത്തിനാണ്. സൂര്യനും പറയാനുണ്ട് ,താൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്കാണെന്ന്. നിങ്ങൾ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്? നിങ്ങൾ സ്വയം ഉല്ലാസത്തിലും സന്തോഷത്തിലും നിറയ്ക്കുക '.എല്ലാ ദിവസവും ഓരോ പുതിയ സൂര്യൻ ഉദിക്കുകയാണ്. ആ സൂര്യനെ ഉദിക്കുമ്പോൾ തന്നെ കാണണമെന്ന് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ അതിനായി ത്യജിക്കണം .പുലർകാല സൂര്യൻ നമുക്കുള്ളതാണ്. അതാണ് നമ്മെ ഉണർത്തുന്നത്. എന്നും ഈ സൂര്യൻ  വന്നു പോവുകയാണ് .പ്രപഞ്ചത്തിന്റെ ഒരു ക്രമമാണത് കാണിക്കുന്നത്. അപ്പോൾ നമുക്കും ഒരു ക്രമം വേണ്ടതല്ലേ ? വരാനിരിക്കുന്ന സൂര്യമാരെ സ്വാഗതം ചെയ്യണം .മറഞ്ഞുപോയ സൂര്യന്മാരെ  വിഷാദത്തോടെ ഓർക്കാം .

    'ഒരേ നദിയിൽ നമുക്ക് രണ്ടു തവണ ഇറങ്ങാനാവില്ല' - ഒറേലിയസ് ഓർമ്മിപ്പിക്കുന്നു. എല്ലാം മാറ്റത്തിന്റെ പാതയിലാണല്ലോ .ഒഴുകുന്ന നദി ഒരു നിമിഷത്തിലെ അനുഭവമാണ് .മറ്റൊരു നിമിഷത്തിൽ മറ്റൊരു നദിയാണുള്ളത്. നദിയിലിറങ്ങുന്ന നമ്മെ ഭൂതകാലം വന്നു സ്പർശിക്കുന്നു .വർത്തമാനം ആശ്ലേഷിക്കുന്നു. നദി ഭാവിയാണ് ,അതിൽ നമ്മൾ  ഇറങ്ങിയാലും ഇല്ലെങ്കിലും. അത് ഭാവിയിലേക്ക് ഒഴുകുകയാണ്, ഭൂതകാലത്തിലേക്കെന്ന പോലെ . അതിൻ്റെയർത്ഥം ,നമ്മൾ ഓരോ നിമിഷവും മാറുകയാണ്. പഴയ വ്യക്തിയല്ല .നമ്മുടെ മനസ്സും വ്യക്തിത്വവും പഴയതല്ല എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു .ഈ മാറ്റം നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നു.

    'ഭൗതികമായതെല്ലാം പ്രാപഞ്ചിക സാകല്യതയിലേക്ക് അപ്രത്യക്ഷമാകുകയാണ് .ആചാര ക്രമമായിട്ടുള്ളതെല്ലാം പെട്ടെന്നു തന്നെ പ്രപഞ്ചയുക്തിയിലേക്ക് തിരിച്ചെടുക്കപ്പെടുകയാണ്. അതുപോലെ എല്ലാത്തിന്റെയും ഓർമ്മകളും അതിവേഗം കാലത്തിൽ ആമഗ്നമാകുകയാണ്. എല്ലാം ശാശ്വതമായ നിയമങ്ങളുടെ വലയ്ക്കുള്ളിലാണ്. ആ വലയിലെ വെറും കുമിളകളാണ് നമ്മൾ. അതിരുവിട്ട വാശിയും സ്വാർത്ഥതയും നമ്മെ ശരിക്കും പ്രകൃതി വിരുദ്ധരാക്കുകയാണ് .പ്രകൃതിയുടെ താളവും രാഗവും മറന്നു മറ്റൊരു താളവും രാഗവുമാണ് തേടുന്നതെങ്കിൽ അതിൽ രോഗത്തിനുള്ള സാധ്യത നൂറു ശതമാനമാണ്.അരുചി  അപ്രിയമായിരിക്കുന്നതുപോലെ അമിത ഭോഗം അക്രമമാണ്. പ്രകൃതിയിൽ ഓർമ്മകളില്ല .വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്കാരവുമാണ് നമ്മെ ഓർമ്മയുള്ളവരാക്കുന്നത്. പ്രകൃതിയിൽ എല്ലാം വിസ്മൃതാവസ്ഥയിലാണ്.  കാലവും കലാവസ്തുകളും. 

    വീണ്ടും ഒറേലിയസ് :'എല്ലാം പരസ്പരം ഇഴചേർക്കപ്പെട്ടിരിക്കുകയാണ്. ഈ വല പരിശുദ്ധമാണ്. ഇതിന്റെ ഒരു ഭാഗവും പരസ്പരം ബന്ധിക്കപ്പെടാതിരിക്കുന്നില്ല. അവയെല്ലാം നിർമ്മിച്ചിരിക്കുന്നത് രമ്യതയിലാണ്. അങ്ങനെ അതെല്ലാം ചേർന്നു ലോകമുണ്ടാക്കുന്നു. എല്ലാം ചേർന്നാണ് 'ഒരു ലോക'മുണ്ടാകുന്നത്.
    അതിലെല്ലാം 'ഒരു ദൈവികത' സന്നിഹിതമായിരിക്കുന്നു .


    ദാദായിസം മുതൽ ഡാറ്റായിസം വരെ/അക്ഷരജാലകം /എം.കെ.ഹരികുമാർ

     


    കഥയുടെ ദൈവശാസ്ത്രം /അക്ഷരജാലകം /.കെ.ഹരികുമാർ

     



    കഥയുടെ ദൈവശാസ്ത്രം 

    ഒരു നാടകത്തിൻ്റെ ഗദ്യാഖ്യാനമല്ല കഥ; അങ്ങനെ കരുതുന്നവർ ഏറുകയാണ്. സിനിമയുടെ സ്വാധീനമാണ് ഇപ്പോൾ സാഹിത്യത്തിലുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനു മുമ്പ് ആരംഭിച്ച നവതരംഗം മലയാളസിനിമയിൽ നവറിയലിസത്തിൻ്റെ ഒരു പരിവേഷം സൃഷ്ടിച്ചതോർക്കുമല്ലോ .അത് പ്രാദേശിക ജീവിതത്തിൻ്റെ അടരുകൾ തിരയുന്ന ഉത്തരാധുനിക സമീപനമായിരുന്നു. ഏതൊരു വ്യക്തിയുടെ ജീവിതത്തിനും ആഖ്യാനമാകാനുള്ള സ്വാതന്ത്ര്യമുണ്ട്; ഏത് വ്യക്തിക്കും ആത്മകഥയുള്ളതു പോലെ. അതിനപ്പുറം അതിനു മറ്റു മൂല്യങ്ങളില്ല. ഒരു ദൃശ്യവത്കരണ സാധ്യതയാണത്. ഉറുമ്പുകൾ ഉറങ്ങാറില്ല,ആമേൻ, ഈ  അടുത്തകാലത്ത്, ഡാർവിൻ്റെ  പരിണാമം തുടങ്ങിയ സിനിമകൾ  ഉദാഹരണം. യഥാർത്ഥ സംഭവങ്ങളെ കാല്പനികതയോ ,സംഗീതമോ, അലങ്കാരമോ ഇല്ലാതെ വരച്ചു കാണിച്ച ഇത്തരം സിനിമകൾ കഥപറച്ചിലിൽ വേഗത പ്രകടിപ്പിക്കുകയും ചെയ്തു. 

    ഇതു മലയാളകഥയെയും സ്വാധീനിച്ചു. നവസിനിമകളിലെ തെറികൾ കഥകളിലും കടന്നുവന്നത് സ്വാഭാവികം. അശ്ലീല സംഭാഷണങ്ങൾ യഥേഷ്ടം  ഉപയോഗിക്കുന്നത് സ്വാതന്ത്ര്യമാണെന്നോ  സർഗാത്മകതയാണെന്നോ  തെറ്റിദ്ധരിച്ച കഥാകൃത്തുക്കൾ മനുഷ്യൻ്റെ ജീവിതം ഇത്രയേയുള്ളൂ എന്ന് ഉപസംഹരിച്ചു. ഈ ഉപരിതല റിയലിസം തിയേറ്ററിൽ കാഴ്ചയുടെ എഫക്ട് സൃഷ്ടിച്ചുവെങ്കിലും കഥാസാഹിത്യത്തിൽ വേരുപിടിച്ചില്ല .പലരും നാട്ടുവാർത്തമാനങ്ങളും സംഭവങ്ങളും നീട്ടിയെഴുതി കഥയെ പുറംഘടന മാത്രമാക്കി. നാടകത്തിൻ്റെ കഥാസംഗ്രഹം ഗദ്യത്തിൽ ആഖ്യാനം ചെയ്യുന്നതിനപ്പുറം ഇന്നും കഥകളിൽ നിന്ന് വായനക്കാരന് ഒന്നും  ലഭിക്കുന്നില്ല. ഭാഷയുടെ മുന്നാം കണ്ണ് ഇല്ലാതായി എന്നു പറയാം. നവതരംഗ സിനിമയുടെ പ്രലോഭനങ്ങൾക്ക് പിന്നാലെ സിനിമാരംഗത്തേക്ക് പോയ കഥാകൃത്തുക്കളുമുണ്ടായി. 
    അവർക്ക് സിനിമയെയും കഥയെയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല .

    എന്നാൽ ചെറുകഥയുടെ സർഗ്ഗാത്മകമായ ഔന്നത്യം ഇതിനും  എത്രയോ അപ്പുറമാണ് .കഥയുടെ ക്രാഫ്റ്റ് സാഹിത്യത്തിൻ്റെ മഹത്തായ ഒരു കണ്ടുപിടിത്തമാണ്. ഇതിഹാസകാവ്യങ്ങളുടെയും സ്ഥൂല വിവരണങ്ങളടങ്ങിയ  നോവലുകളുടെയും ഇടയിൽ അനുവാചകന് ഏകാന്തതയിൽ അവനോട് തന്നെ സംവേദനം ചെയ്യാൻ, സ്വന്തം മനസ്സിൻ്റെ തനിച്ചാകലിലേക്ക് പിൻവലിയാൻ സഹായിക്കുന്ന  എത്രയോ കഥകൾ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായി. ഫ്രാൻസ് കാഫ്ക (1883-1924),ലൂയി ബോർഹസ് (1899-1986) തുടങ്ങിയവർ ചെറുകഥയിൽ കണ്ടുപിടിച്ച ഒരു പുതിയ രൂപമുണ്ട്. അത് ഡി.എച്ച്.ലോറൻസ് (1885-1930),ഹെമിങ്ങ്വേ (1899-1961) എന്നിവരുടെ കഥാഖ്യാനരീതികളിൽ നിന്ന് വ്യത്യസ്തമാണ് .കഥയെന്ന മാധ്യമത്തിന്റെ സൂക്ഷ്മവും ഗഹനവുമായ ഇടങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന ചിന്തയാണ് ബോർഹസിനെയും കാഫ്കയെയും നയിച്ചത്. അവർ സാഹിത്യം എന്ന നിലയിൽ കഥയെ മുന്നോട്ടുകൊണ്ടുപോയി.നോവലിസ്റ്റുകൾ കഥയും എഴുതുമെന്ന പൊതുതത്വത്തെ അനുകരിക്കുകയായിരുന്നില്ല അവർ .ബോർഹസ് നോവൽ എഴുതിയില്ല .തനിക്ക് നോവൽ പോലെ ദീർഘമായി പറയാൻ ഒന്നുമില്ലെന്നും താൻ നോവലുകൾ വായിക്കാറില്ലെന്നും ബോർഹസ് പറഞ്ഞിട്ടുണ്ട്. 

    നമ്മൾ തന്നെ ഭാവന

    കാഫ്ക നോവലുകൾ എഴുതിയെങ്കിലും അതിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നില്ല. അത് പ്രസിദ്ധീകരിക്കുന്നതിലും താൽപര്യം കുറവായിരുന്നു. കഥകളാണ് അദ്ദേഹത്തെ നയിച്ചത്. മെറ്റാമോർഫോസിസ്, ദ് ഹംഗർ ആർട്ടിസ്റ്റ് ,ജോസഫൈൻ ദ് സിംഗർ ഓർ ദ് മൗസ്ഫോക്ക് എന്നീ കഥകൾ എഴുതിയ കാഫ്ക ഒരു ഏകാന്ത ഗോപുരമായി നിൽക്കുകയാണ്. കഥ എന്ന മാധ്യമത്തിലേക്ക് അനൈഹികമായ പ്രകാശം പരത്തിയ കഥാകൃത്താണദ്ദേഹം .ബോർഹസ് ആ ശാഖയ്ക്ക് ധിഷണാപരവും  മനുഷ്യാസ്തിത്വപരവുമായ കനം നല്കുകയാണ് ചെയ്തത് .നമ്മുടെ ഭാഷയിൽ കഥയെ രൂപപരമായി പുനരവതരിപ്പിക്കാനും നവീകരിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കാക്കനാടൻ്റെ ' മഴയുടെ ജ്വാലകൾ ,വി.പി .ശിവകുമാറിൻ്റെ ,മൂന്നു കഥാപാത്രങ്ങൾ ,ഒ.വി.വിജയൻ്റെ മറുകുകൾ ,യു.പി, ജയരാജിൻ്റെ മഞ്ഞ് തുടങ്ങിയ കഥകൾ നമ്മുടെ ഭാഷയ്ക്ക് ധ്യാനാത്മക, സൗന്ദര്യാത്മക  ഗഹനതകൾ സംഭാവന ചെയ്തു. 
    ചെറുകഥയുടെ ദൈവശാസ്ത്രം ജീവിതത്തിൻ്റെ വൈയക്തികമായ സൗന്ദര്യാന്വേഷണമാണ്. അതിൽ ഒരു കഥാകൃത്ത് തന്നെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെ അംഗീകരിച്ചു കൊടുക്കുകയല്ല ചെയ്യുന്നത്. തൻ്റെ ഏകാന്തമായ വെളിപാടുകൾക്ക് വേണ്ടി യുദ്ധം ചെയ്യാനും വേഷം മാറാനും കഥാകൃത്ത് ഒരുമ്പെടുന്നു. കലാനുഭവം ജീവിതത്തിനുള്ളിലേക്ക് പ്രവേശിക്കുകയാണ്; സമൂഹത്തിൻ്റെ നിർമ്മിതിയല്ല അത്.  

    ഭാവന ഒരു രക്ഷപ്പെടലല്ല ;അത് സത്യമാണ്. അതുകൊണ്ടാണ് ഇംഗ്ലീഷ് കവി വില്യം ബ്ളേക്ക് പറഞ്ഞത് ഭാവന മനുഷ്യൻ്റെ അസ്തിത്വം തന്നെയാണെന്ന്. എഴുതപ്പെടാത്ത കഥകളെക്കുറിച്ചുള്ള വിവരണത്തിലൂടെ കഥ സൃഷ്ടിക്കാമെന്ന് തെളിയിച്ച ബോർഹസ് കഥയെഴുതാൻ ഭാവന അത്യാവശ്യമാണെന്ന് വിശ്വസിച്ചു. എന്നാൽ ഈ ഭാവന മനുഷ്യാസ്തിത്വത്തിന്റെ ഒരു തലമാണ്. അസ്തിത്വം അതിൽ നിന്ന് ഒഴിഞ്ഞല്ല അനുഭവിക്കപ്പെടുന്നത്. നമ്മുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അപക്വമാണെങ്കിലും ഭാവനകൊണ്ട് നമ്മളത് നികത്തുന്നു. യാത്രയിൽ  തൊട്ടടുത്ത സീറ്റിലിരിക്കുന്ന ഒരു മനുഷ്യനെ പതിവുപോലെ നമ്മൾ അവഗണിക്കുമായിരിക്കും; എന്നാൽ ആ വ്യക്തി നമ്മുടെ ഏറ്റവും അടുത്ത ബന്ധുവാണെന്ന് തിരിച്ചറിയപ്പെടുകയാണെങ്കിൽ ഭാവന അവിടെ പ്രവർത്തിച്ചു തുടങ്ങും. ചിന്തകളും അനുഭവങ്ങളും ഓർമ്മകളും ചേർന്ന് അസ്തിത്വത്തെക്കുറിച്ച് പലതും കെട്ടിപ്പൊക്കും.നമ്മെ ജീവിപ്പിക്കുന്നത് ഈ സങ്കല്പങ്ങളാണ്.

    ദസ്തയെവ്സ്കിയുടെ 'ദ് പെസൻ്റ് മാരെ 'എന്ന കഥയിൽ ജയിലിൽ കിടക്കുന്ന ഒരാളുടെ അനുഭവമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ദസ്തയെവ്സ്കിയുടെ തന്നെ ആത്മാനുഭവങ്ങളാണ്.'മരിച്ചവരുടെ വീട് 'എന്ന കഥയിൽ ഭാര്യയെ കൊലപ്പെടുത്തിയിട്ട് ജയിലിൽ പോയ ഒരുവൻ്റെ അനുഭവമാണ് എഴുതിയത്. ആ കഥ വായിച്ച പലരും താൻ ജയിലിൽ പോയത് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത് കൊണ്ടാണെന്ന് വിശ്വസിക്കുന്നതായി അതിൽ തമാശ രൂപത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. എന്നാൽ തടവറയിൽ കിടക്കുന്ന ഒരുവനു എന്താണ് സ്വന്തമായുള്ളത്? ഓർമ്മകളാണ് .നിശ്ചയമായും അത് ശൂന്യതയിലേക്ക് ഇറങ്ങി വരുന്ന മേഘത്തുണ്ടുകളാണ്. ജീവിതം വീണ്ടും തന്റെ മുന്നിലേക്ക് വരുന്നതുപോലെ തോന്നുകയാണ് കഥാകൃത്തിനു . 

    ഓർമ്മകൾക്ക് ജീവൻ 

    ജയിലിലായിരുന്ന നാലു വർഷങ്ങളിൽ, ഓർമ്മകളിലാണ് ദസ്തയെവ്സ്കി അഭയം തേടിയത്. ഓർമ്മകളില്ലായിരുന്നെങ്കിൽ മരിച്ചുപോകുമായിരുന്നു . ഈ ഓർമ്മകളെ അദ്ദേഹം തേടിച്ചെല്ലുകയായിരുന്നില്ല .അതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഓർമ്മകൾ സ്വയം പുറപ്പെട്ടു വന്നതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഓർമ്മയുടെ ഒരു വനാന്തരത്തിലേക്ക് എത്തിച്ചേരുക .നിസ്സാരമായ ഒരു കാര്യത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നാവും തുടക്കം.സാവധാനം അത്  രക്തവും മാംസവുമുള്ള ഒരു ജീവിതത്തിന്റെ ഹൃദയസ്പന്ദനമായി രൂപാന്തരപ്പെടും. അതിൽ പിടിച്ചു കയറി മുന്നോട്ട് പോകുന്നത് എത്ര ആശ്വാസകരമാണ്! .അവിടെയും അവസാനിക്കുന്നില്ല; തൻ്റെ തന്നെ ജീവിതത്തെ ആ മനുഷ്യൻ  പുതുതായി കാണാൻ തുടങ്ങും. തനിക്ക് പോലും അപ്രാപ്യമായിരുന്ന നിർണയങ്ങളും കണ്ടെത്തലുകളുമാവും ആ ഓർമ്മകളുടെ അവസാനം പ്രത്യക്ഷപ്പെടുക .ജീവിതത്തെ  പുതുതായി വീക്ഷിക്കുന്നതിന്റെ ഒരു സമാധാനമാണ് അതിൽ നിന്ന് ലഭിക്കുക .

    ജീവിതത്തിലെ സംഭവങ്ങളുടെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നത് അത് യഥാർത്ഥത്തിൽ നടന്ന കാലത്തായിരിക്കണമെന്നില്ല; പിന്നീട് അതിനെക്കുറിച്ച് ഓർക്കുമ്പോഴാണ്.
    മറ്റൊരു രീതിയിൽ ജീവിതത്തെ ഭാവന ചെയ്യുകയാണ്: അത് പക്ഷേ, ഭാവന മാത്രമല്ല ,ജീവിതം തന്നെയാണ്. വേറൊരു രീതിയിൽ ജീവിച്ചു എന്നു  തിരിച്ചറിയുന്ന നിമിഷമാണത്.ഇതെല്ലാം കഥയിൽ പരീക്ഷിച്ചു വിജയിപ്പിച്ച കാര്യങ്ങളാണ്. ഒൻപതു വയസിൽ സംഭവിച്ച ഒരു കാര്യം, ജയിലിൽ കിടന്നുകൊണ്ട് ആലോചിച്ചപ്പോൾ മറ്റൊന്നായി മാറി. ജീവിതം ഇങ്ങനെയാണ് ഭാവനയിലൂടെ  മാറുന്നത് .

    ക്രൂരതയുടെ രുചി 

    ബോർഹസിൻ്റെ ഒരു കഥയെക്കുറിച്ച് ഇവിടെ പറയാതിരിക്കാനാവില്ല .1946 ൽ എഴുതുകയും 'എൽ അലെഫ്' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത കഥയാണത്. അതിന്റെ പേര് ഡൂറ്റ്ഷസ് റെക്വിം (മരിച്ചവർക്കു വേണ്ടിയുള്ള ജർമൻകാരുടെ കൂദാശ)എന്നാണ്. വധശിക്ഷ കാത്ത് തടവറയിൽ കഴിയുന്ന സുർ ലിൻഡെ എന്ന  സൈനികോദ്യോഗസ്ഥന്റെ വിചാരങ്ങളാണ് ഈ കഥയിലുള്ളത്. അയാൾ മരണം കാത്തു കഴിയുകയാണ്. നാസി സംഘത്തിൽ  ചേർന്ന്, ഒരു കുറ്റവും ചെയ്യാത്ത കവികളെയും ബുദ്ധിജീവികളെയും ശത്രുക്കളെയും ഒട്ടും ദയമില്ലാതെ കൊന്നുതള്ളിയ ക്രൂരനാണയാൾ. കൊന്ന ശേഷം അതിനെ തത്ത്വശാസ്ത്രവൽക്കരിക്കുന്നത് അയാളുടെ ശീലമാണ്. 
    അയാൾ തന്നിൽ ആളിക്കത്തിയ ക്രൂരതയ്ക്ക് വേണ്ടിയാണ്  എല്ലാത്തിനെയും തകർത്തത്.  എന്നാൽ ആക്രമണത്തിനിടയിൽ അയാളുടെ കാലില്‍ എതിർശക്തികളുടെ വെടിയുണ്ട പാഞ്ഞുകയറി. ആശുപത്രിയിൽ വച്ച് അയാൾക്ക് കാൽമുറിച്ചു മാറ്റേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിടിയിലായ അയാൾ ഇപ്പോൾ വിചാരണ കഴിഞ്ഞ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയാണ്. 
    ദസ്തയെവ്സ്കിയുടെ കഥയിൽ  കണ്ടതുപോലെ ഇവിടെയും തടവറയാണ് വിഷയം. ആദ്യത്തേതിൽ തെറ്റ് ചെയ്യാത്ത ദസ്തയെവ്സ്കി യാണ് കഥാപാത്രമെങ്കിൽ  രണ്ടാമത്തേതിൽ മനുഷ്യത്വമില്ലാത്ത ഒരു ക്രൂരനാണ് തൻ്റെ ഭൂതകാലത്തെക്കുറിച്ച് ഓർക്കുന്നത്.

    പ്രശസ്തനായ ഒരു കവിയെ ജൂതൻ എന്ന ഒറ്റക്കാരണത്താല്‍ താൻ കൊന്നതെങ്ങനെയെന്ന് അയാൾ ആലോചിച്ചു നോക്കുന്നു. അയാൾ അതിൽ അല്പം പോലും വ്യഥ  അനുഭവിക്കുന്നില്ല. ആ കവിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു ;അതിനെ  തുടർന്ന് അയാൾ ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് കവിക്ക് ഭ്രാന്ത് പിടിപെട്ടത്? സുർ ലിൻഡെ എന്ന ഈ യുദ്ധഭീകരൻ കവിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അതിനൊരു  തത്ത്വശാസ്ത്രവും അയാൾ  കണ്ടെത്തുന്നുണ്ട് .ഒരാളുടെ മുഖമോ ഏതെങ്കിലും വസ്തുവോ സ്ഥിരമായി കണ്ടുകൊണ്ടിരുന്നാൽ ഭ്രാന്തു വരുമത്രേ. മനസ്സിൽ മറ്റൊന്നും കടന്നുവരാൻ അനുവദിക്കാത്ത ആ സാഹചര്യം ഒരു തടവുകാരനു എത്ര ഭീകരമായിരിക്കും!. അങ്ങനെയാണ് കവിക്ക് ഭ്രാന്ത് വന്നത്.

    ഹിറ്റ്ലർക്ക് വേണ്ടി വീറോടെ പണിയെടുത്ത് ,മനുഷ്യത്വം നഷ്ടപ്പെട്ട  ആ സൈനികന് താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് വ്യസനമില്ല; അയാൾ ജൂതന്മാരെയാണ് കുറ്റപ്പെടുത്തുന്നത്. ജൂതന്മാരുടെ  വിശ്വാസം ലോകത്തിന്റെ നാശത്തിന് കാരണമായി എന്ന അയാൾ  ചിന്തിക്കുന്നു!. വാളിൽ വിശ്വസിക്കുന്നവർക്ക് അക്രമം ഒരു സാധാരണ നടപടിക്രമം മാത്രമായിരിരുന്നു. ക്രിസ്തീയ വിശ്വാസം ഭീരുത്വമാണെന്നും അക്രമമാണ് എല്ലാത്തിനും മീതെ വിജയം കൊയ്യുന്നതെന്നും ചിന്തിക്കാൻ അയാൾക്ക് പ്രയാസമില്ല; പരാജയപ്പെടുമ്പോഴും അവർ ലോകത്തെ മാറ്റുകയാണെന്നും സാധൂകരിക്കുന്നു.

    വ്യക്തിഗതമായ ദൈവശാസ്ത്രം 

    അനീതി മാത്രം ചെയ്ത ഈ സൈനികൻ തൻ്റെ ഇരുളടഞ്ഞ ജീവിതത്തെ തത്ത്വശാസ്ത്രവൽക്കരിക്കുന്നതാണ് ഏറ്റവും വിചിത്രമായി തോന്നിയ കാര്യം. 
    മരണം കാത്തു കഴിയുന്ന അയാൾ ജർമൻ ചിന്തകനായ ഷോപ്പനോറെ ഉദ്ധരിക്കുന്നു. വില്യം ഷേക്സ്പിയറിനെക്കുറിച്ച് പറയുന്നു. അയാളെ സ്വാധീനിച്ച ഒരു ആശയത്തിൻ്റെ കാര്യം പ്രത്യേകം സൂചിപ്പിക്കുകയാണ്. മനുഷ്യൻ സ്വന്തം ജീവിതത്തിൽ ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ,നേരത്തെ തന്നെ സ്വയം തീരുമാനിച്ചതാണെന്ന  വ്യക്തിഗതമായ ഈ ദൈവശാസ്ത്രമാണത്.ഇവിടെ  ദൈവത്തെ അയാൾ സ്വന്തം തെറ്റുകൾ ന്യായീകരിക്കാനുള്ള ഉപാധിയാക്കി ചിത്രീകരിക്കുന്നു. നമ്മൾ ആരോടെങ്കിലും തെറ്റു ചെയ്യുകയാണെങ്കിൽ ,അനീതിയോടെ പെരുമാറുകയാണെങ്കിൽ അതെല്ലാം നാം തന്നെ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന ദൈവശാസ്ത്രമാണിത്. അതിൻ്റെയർത്ഥം ഇതാണ് , യാതൊരു വിധ തെറ്റും നമ്മുടെ കുറ്റമല്ല; അതെല്ലാം നമ്മുടെ അബോധത്തിൽ സംഭവിച്ച ദൈവികമായ ഒരു പിഴയോ  ആഗ്രഹമോ ദുരന്തമോ ആണ്. അതിൽ നിന്നു നമുക്കൊഴിനാകുമായിരുന്നില്ല. എല്ലാം സംഭവിക്കേണ്ടത് തന്നെയാണ്. അതെല്ലാം പണ്ടേ തന്നെ നിശ്ചയിച്ചതാണ് .ആപൽക്കരവും  വിനാശകരവുമായ ഈ അന്ത്യവും മരണത്തിനു വേണ്ടിയുള്ള നിസ്സഹായമായ ഈ കാത്തിരിപ്പും അയാൾക്ക് ഒരു റിഹേഴ്സൽ പോലെയേ കാണാനാവുന്നുള്ളു. വേറെന്തു വഴിയിൽ അയാൾ സ്വയം ആശ്വസിക്കും ?

    ബോർഹസ് എന്തിനാണ് ഒരാൾ തൻ്റെ  അന്ത്യകൂദാശ നടത്തുന്നതുപോലെയുള്ള ഈ കഥ എഴുതിയത്? തൻ്റെ സ്വന്തം നാടായ അർജന്റീനയിൽ നാസി പടയാളികളോടു അനുഭാവം കാണിച്ചവരെ ബോർഹസ് കണ്ടിട്ടുണ്ട്. അവരോടുള്ള പ്രതികരണം എന്ന നിലയിലാണ് അദ്ദേഹം ഈ കഥയെഴുതിയത് .ഒരു നാസിപ്പട്ടാളക്കാരന് ,ഒടുവിൽ തോന്നണം താൻ മരിക്കാൻ യോഗ്യനാണെന്ന് .ഈ ചിന്തയിലേക്കാണ് ബോർഹസ് എത്തിച്ചേരുന്നത്. 

    നമ്മുടെ ചെറുകഥകൾക്ക് ഇത്തരം രചനകളിലേക്ക് വളരെ ദൂരമുണ്ട്. നമ്മൾ ഇപ്പോഴും നാടക,സിനിമ  ആഖ്യാനങ്ങൾക്കകത്താണ് സകലതിനെയും കാണുന്നത്. സൂക്ഷ്മതകളെ തേടുന്നില്ല. മനുഷ്യന്റെ ചിന്താപരവും ദർശനികവുമായ അസ്തിത്വത്തെ എങ്ങനെ നിസ്സാരവത്ക്കരിക്കാനാവും ? മലയാള കഥ ആഖ്യാനസ്ഥൂലതയിലും സംഭവങ്ങളുടെ തിരക്കഥാരചനയിലും തളച്ചിടപ്പെട്ടിരിക്കുകയാണ്. മനുഷ്യമനസ്സിലേക്ക് പോലും അതിനു  പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിക്ടർ ലീനസ് ,ജയനാരായണൻ തുടങ്ങിയവർ പരിചയപ്പെടുത്തിയ മാനസികാനുഭവങ്ങളിലേക്കുള്ള ചൂഴ്ന്നിറങ്ങൽ ഇപ്പോൾ സംഭവിക്കുന്നില്ല. എല്ലാം കണക്കുകൂട്ടലുകളുടെയും  യുക്തിയുടെയും മേഖലയിലുള്ള ഉപരിപ്ളവ അനുഭവങ്ങൾ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. 

  • ,

  • or

  • മുഖം ജീവിതത്തിൻ്റെ ഭൂപടം/അക്ഷരജാലകം /എം.കെ.ഹരികുമാർ