Sunday, September 4, 2022

കവി ഉദ്ദേശിച്ചതല്ല /അക്ഷരജാലകംഎം.കെ.ഹരികുമാർ





കവി ഉദ്ദേശിച്ചതല്ല 

'കവിതയിലെ ഭാഷയിൽ കവി വന്നു നിന്നു പ്രതിസന്ധി സൃഷ്ടിക്കരുത്. കവിതയ്ക്ക് അതിൻ്റെ വിധി ഏറ്റുവാങ്ങാൻ കഴിയണം. കവിത ഒരു ചാവേറാണ്. അത് ഒരിടത്തേക്കും, പൂർവ്വനിശ്ചിതമായി ഉന്നം വച്ചിട്ടില്ല' - എൻ്റെ 'മറവിയുടെ നിർമ്മാണം '(2011,എസ്.പി.സി.എസ്)എന്ന പുസ്തകത്തിലെ ചില വാക്യങ്ങളാണിത്. ഒരു ഓർമ്മപ്പെടുത്തലും വിമർശനവുമാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.കവിതയുടെ ഭാവുകത്വം മരിച്ചു എന്നു നേരത്തെ തന്നെ ഈ പംക്തിയിൽ എഴുതിയിരുന്നതാണല്ലോ. ഒരു കാലഘട്ടത്തിന്റെയോ കവികളുടെയോ എന്നൊക്കെ പറയാവുന്ന വൈകാരികക്ഷമതയോ അതിൻ്റെ കേന്ദ്രീകരണമോ ഇന്നില്ല. ഇപ്പോൾ കവികൾ അവർക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിചെടുക്കുകയാണ്, ദോശയും ചമ്മന്തിയും പോലെ. വാദത്തിനു അതൊരു ജനാധിപത്യാവകാശമായി അംഗീകരിക്കാമെങ്കിലും എന്തെങ്കിലും ഉള്ളടക്കം വേണ്ടേ ?

ഏതുകാലത്തെ രചനയാണെങ്കിലും അടിസ്ഥാനപരമായി സൗന്ദര്യം, സഹൃദയത്വം, മൂല്യം എന്നീ ഗുണങ്ങളിൽ നിന്നു താഴെ വീണാൽ അതോടെ സാഹിത്യം ഇല്ലാതാകും. ജോൺ മിൽട്ടൺ ,മാത്യൂ അർനോൾഡ് ,ടി.എസ്. എലിയറ്റ് തുടങ്ങിയ കവികൾ വ്യത്യസ്ത കാലങ്ങളിലൂടെ ഇത് സത്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. കവിത വായിക്കുന്ന വിമർശകൻ, പക്ഷേ ,കവി ഉദ്ദേശിച്ചതല്ല കണ്ടെത്താൻ ശ്രമിക്കുന്നത്. വിമർശകൻ കവിയുടെ വാടകക്കെട്ടിടത്തിൽ താമസിക്കുന്നവനല്ല;അയാൾക്ക്  സ്വന്തമായി ചിന്തിക്കാനുള്ള ശേഷിയുണ്ട് .കവിത വായിക്കുമ്പോൾ വിമർശകൻ കവിയെ പരിഗണിക്കുന്നേയില്ല .അയാൾ തൻ്റേതായ തത്ത്വചിന്തയും കലയുമാണ് അന്വേഷിക്കുന്നത്. വിമർശകൻ എഴുതുന്നത് സ്വന്തം കലാ വബോത്തിനു വ്യാപ്തി നല്കാനാണ് . അതോടൊപ്പം അയാൾ സാഹിത്യകൃതിയെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. 

കവിതയിലെ ഭാഷയിൽ കവി പ്രതിബന്ധമായി വന്നുനിൽക്കരുത്. എന്തുകൊണ്ട് ? തൻ്റെ കവിതയുടെ അർത്ഥവും ലക്ഷ്യവും ഇതെല്ലാമാണെന്നു കവി പറയരുത്.
അങ്ങനെ പറഞ്ഞാൽ കവിത ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തരം താഴും .കവിത ഒരു സൃഷ്ടിയാണെങ്കിൽ അതിനു അതിന്റേതായ വിധി ഏറ്റുവാങ്ങാനാവണം, ഓരോ വായനക്കാരൻ്റെയും മുന്നിൽ. മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അവന്റെ വിധി  മറ്റൊരാൾക്ക് സ്വന്തമാക്കാനാവില്ലല്ലോ. അതുപോലെയാണ് കവിതയും . വായനക്കാരനാണ് അതിൻ്റെ ജീവിതത്തിൽ ഇടപെടുന്നത്. അതൊരു പാരസ്പര്യമാണ്. കവിത ചാവേറാകുന്നത് ഈ പാരസ്പര്യത്തിൽ സ്വയം നഷ്ടപ്പെടുമ്പോഴാണ്.അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' വായനക്കാരന്റെ തിരഞ്ഞെടുപ്പാണ്. അത് വായനക്കാരന്റെ വഴിയിൽ മരിക്കുകയാണ്, എന്തിനോ വേണ്ടി. വായനക്കാരൻ ,ചിലപ്പോൾ അതിനെ കൊല്ലുകയോ പ്രതിഷ്ഠിക്കുകയോ ചെയ്യും .

മഷിയിട്ടു നോക്കിയാൽ

ഇന്നത്തെ കവിതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് മനുഷ്യജന്യമായ അനുഭൂതികളാണ്. മഷിയിട്ടു നോക്കിയാൽ പോലും ഇന്നത്തെ കവിതകളിൽ മനുഷ്യനെയോ മനുഷ്യത്വത്തെയോ കാണാനാവില്ല. പി.എൻ. ഗോപികൃഷ്ണന്റെ 'കുതിരമ്പേരൂർ ബുഖാറിനും  യൂറോപ്പിന്റെ സാമൂഹ്യചലനാത്മകതകതയും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 6) എന്ന കവിത അതിൻ്റെ തലക്കെട്ട് കൊണ്ടുതന്നെ വായനക്കാരനെ തലചുറ്റിക്കുന്നു. മനുഷ്യനു നാക്കുപയോഗിച്ചു പറയാനാവില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഈ കവി കവിതയ്ക്കു പേരിടുന്നത്. ഇവിടെ കവിതയൊഴിച്ചു ബാക്കിയെല്ലാമുണ്ട്. ഗോപീകൃഷ്ണനു ഒരു കവിയുടെ അനുഭൂതി എന്താണെന്നറിയില്ല. പ്രബന്ധം എഴുതാനുള്ള വാസനയുണ്ട്. വാക്കുകളിൽ നിന്ന് കവിതയുടെ രക്തം വാറ്റിക്കളഞ്ഞ ശേഷമാണ് എഴുതുന്നതെന്നു തോന്നുന്നു.

'സ്പാഗെറ്റിയും പിസ്സയും
തുർക്കി കബാബും സുലഭമായ 
മിനി യൂറോപ്പിനെ 
അവൻ തൃശൂരിൽ നിന്നും 
കുഴിച്ചെടുത്തു തന്നു'

എന്നൊക്കെ എഴുതുമ്പോൾ അനുവാചകനെ കൊല്ലുകയാണ് ചെയ്യുന്നത്. ഇതുപോലെ കവിതയുടെ കണികപോലും കണ്ടുപിടിക്കാനാവാത്ത രചനയാണ് അനിത തമ്പി എഴുതിയ 'കർക്കിടകപ്പത്ത്'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ആഗസ്റ്റ് 17).മനസ്സിൽ കവിതയെഴുതാനുള്ള ത്വര അല്ലെങ്കിൽ നിർബന്ധമുള്ളപ്പോഴേ എഴുതാവു . അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. അനിത തമ്പിക്ക് കാവ്യാത്മകമായ ശോകമില്ല; കവിതയില്ല. കവിതയുടെ ശോകത്തിൽ ഒരു കവി ദ്രവിക്കണം .അപ്പോഴാണ് രക്തത്തിന്റെ നിറമുള്ള വാക്കുകൾ ഉണ്ടാവുന്നത്.  കവിത ഒരൊഴുക്കാണ്. അത് ഒരു മുറിയിലിരുന്ന് കണക്ക് കൂട്ടിയെടുക്കന്നതല്ല .കവിതയുടെ ഇടയ്ക്ക് ഹലോ ഹലോ എന്ന് എഴുതിവെച്ചിരിക്കുന്നു .രാവണനെ വിളിക്കുകയാണത്രേ !.രാവണൻ തൊട്ടടുത്ത് താമസിക്കുകയാണല്ലോ . രാവണൻ ലൈനിലുണ്ട്! 

'രാവണാ രാവണാ 
കാമരൂപണി സോദരാ 
കേൾക്കാം കേൾക്കാം 
കാതും മുലയും മൂക്കുമറ്റ് 
മലങ്കാടിളകി വരുന്നു 
ചോരയുമൊലിപ്പിച്ച് അലറിമുറയിട്ടു വരുന്നു'

ഇതിൽ എന്ത് കവിതയാണ് വായനക്കാരൻ ഗ്രഹിക്കേണ്ടത് ?ഈ കവിത എന്തിനാണ് എഴുതിയത് ?മലയാളകവിതയിലിപ്പോൾ ഇതുപോലുള്ള വികാരരഹിതമായ, ഭാവനാശൂന്യമായ , നിഷ്പ്രയാജനകരമായ കവനങ്ങൾ മാത്രമേയുള്ളു. 

സ്നേഹവും വിയോഗവും

മനുഷ്യർ പരസ്പരം നോക്കുന്നതിൽപോലും ഒരു വിടപറയലും വീണ്ടും കണ്ടുമുട്ടാം എന്നുള്ള പ്രതീക്ഷയുമല്ലേ നിറവേറ്റുന്നത് ?യാത്രകളിൽ നാം എത്രയോപേരെ കാണുന്നു .ചിലരെ ഒരിക്കൽ മാത്രം കാണാൻ വിധിയുണ്ടായിരുന്നു .അവർ എവിടെയോ പോയി മറയുകയാണ്. കർമ്മപരമ്പരയിൽ ആകസ്മികമായ കൂടിച്ചേരലും വേർപിരിയലുമാണ് സംഭവിക്കുന്നത്. ഇംഗ്ലീഷ് കവി യേറ്റ്സ് ഇങ്ങനെയെഴുതി: നമ്മുടെ ആത്മാവുകൾ പരസ്പരം അഭിലഷിക്കുന്നു; അതോടൊപ്പം നിരന്തരമായ വിയോഗവുമാണത്.
സ്നേഹത്തെയും വിയോഗത്തെയും ഒരു നിമിഷത്തിൽ തന്നെ അനുഭവിപ്പിക്കാൻ മനുഷ്യൻ വിധിക്കപ്പെട്ടിരിക്കുന്നു. 

അക്കാദമി അവാർഡ് 

കേരള സാഹിത്യഅക്കാദമിയുടെ അധ്യക്ഷനായി സച്ചിദാനന്ദൻ വന്നതിനെ തുടർന്ന് പലരും വിമർശിക്കുന്നതു കണ്ടു. സച്ചിദാനന്ദനെ വിമർശിക്കേണ്ട. കാരണം, അദ്ദേഹം വന്നില്ലെങ്കിൽ ആ സ്ഥാനത്ത് ആടും അങ്ങാടിയുമെന്തെന്ന് അറിയാത്തവർ വരും. അതുകൊണ്ട് നമുക്കൊന്നുമില്ല .സച്ചിദാനന്ദൻ വിചാരിച്ചതുകൊണ്ടൊന്നും അക്കാദമി രക്ഷപ്പെടില്ല. അക്കാദമി ഒരു യാഥാസ്ഥിതിക ഫ്യൂഡൽ സ്ഥാപനമാണ് .അതിനു എപ്പോഴും യാഥാസ്ഥിതിക മുഖമാണുള്ളത് .അത് എപ്പോഴും എതിർക്കുന്നത് മികച്ച  സാഹിത്യത്തെയാണ്. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിനു അക്കാദമി  അവാർഡ് കൊടുത്തില്ലല്ലോ; കേന്ദ്ര അക്കാദമിയും കൊടുത്തില്ല. അതുകൊണ്ട് അക്കാദമി അവാർഡുകൾക്ക് എപ്പോഴും ഒരു  യാഥാസ്ഥിതിക മുഖമുണ്ടാവും. 

ഇത്തവണ അൻവർ അലിക്ക് കവിതക്കുള്ള അവാർഡ് കൊടുത്തിരിക്കുന്നു. അൻവറിൻ്റെ കവിതകളിൽ ഞാൻ പൊതുവേ കാണുന്ന ദോഷം അതിൽ കവിതയില്ല എന്നുള്ളതാണ്. ചില ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനാണ് ശ്രമം. അത് പക്ഷേ ,കവിതയുടെ ചെലവിലാകരുത് .മെഹബൂബ് എക്സ്പ്രസ് എന്ന രചനയിലും കവിതാബാഹ്യമായ ചില ആശയങ്ങൾക്കായി ആ മാധ്യമം  ഉപയോഗിക്കുന്നതായി കാണുന്നു .

ചങ്ങമ്പുഴക്ക് ശേഷം എ.അയ്യപ്പൻ സൃഷ്ടിച്ച ഒരു റിഥമുണ്ട്. ആ റിഥം ജീവിതത്തിനും കവിതയ്ക്കുമിടയിലുള്ള ഒരു വേഷപ്രച്ഛന്നതയല്ല, താദാത്മ്യമാണ്. അയ്യപ്പൻ്റെ കവിതയുടെ റിഥം അലച്ചിലും ത്യാഗവും വിശപ്പും മറ്റും ചേർന്നതാണ്. അങ്ങനെയുള്ള തീക്ഷ്ണമായ ആന്തരിക പ്രശ്നങ്ങൾ ഇപ്പോൾ കവിതയിലില്ല. സുഗതകുമാരിക്ക് ശേഷം കവിതയില്ലെന്ന് പറയാം.ഒരു പക്ഷേ, അവസാനത്തെ കവിയായിരിക്കും സുഗതകുമാരി.സുഗതകുമാരി പത്തു വരിയാണ് എഴുതിയതെങ്കിലും അതിൽ വാക്കുകൾക്കതീതമായ ഒരു അനുഭവം  നിലനിൽക്കുന്നുണ്ട്.അവാച്യമായ ,അലൗകികമായ ഒരു തലമാണത് .അത് പിന്നീട് വന്നവരിൽ കാണാനാവുന്നില്ല.നമ്മുടെ ഭാഷയിൽ സാഹിത്യഅക്കാദമിയോടും അതിന്റെ പ്രവർത്തനരീതികളോടും വിയോജിക്കാൻ മനസ്സുള്ള വിമതർ ധാരാളം വന്നാലേ മൂല്യത്തെക്കുറിച്ചുള്ള ചർച്ച പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അതിനു ഗോപീകൃഷ്ണനോ,അൻവർ അലിയോ പര്യാപ്തമല്ല .ഈ ചെറുപ്പക്കാരൊക്കെ ഒത്തുതീർപ്പിൻ്റെയും കീഴടങ്ങലിൻ്റെയും  യാഥാസ്ഥിതികമായ നിലപാടുകളുടെയും ഗതാനികത്വത്തിലക്ക്  ചുരുക്കപ്പെട്ടിരിക്കുന്നു.

എസ്.വി യും നാരായനും

കഴിഞ്ഞദിവസം ഒരു സുഹൃത്ത് എസ്.വി വേണുഗോപൻ നായർ അന്തരിച്ച ഉടനെ സമൂഹമാധ്യമത്തിൽ ക്ഷോഭത്തോടെ എഴുതി ,അദ്ദേഹത്തെ വേണ്ടപോലെ മലയാളി ആദരിച്ചില്ലെന്ന്! .കഥാകൃത്ത് മരിച്ച ഉടനെ എവിടെ നിന്നു വന്നു ഈ ക്ഷോഭം ? അദ്ദേഹം ഇവിടെ ഉണ്ടായിരുന്നല്ലോ. വേണുഗോപൻ നായർക്ക് മിക്ക പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. എന്നാൽ പുരസ്കാരം ഒരു രക്ഷപ്പെടലായി കരുതരുത്. എന്നെ പോലെയുള്ള വിമർശകർ അദ്ദേഹത്തിൻ്റെ കഥകളെക്കുറിച്ച് എഴുതിയില്ലെന്ന് പറയുമായിരിക്കും. അതിനു കാരണം മനോഭാവമാണ്. അഭിരുചിയാണ് വിമർശകൻ്റെ പക്ഷം. വിമർശികനെ ആകർഷിക്കുന്ന ചിലതുണ്ടാകണം.വേണുഗോപൻനായർക്ക് അർഹമായത്  ലഭിച്ചിട്ടുണ്ട്. നാരായൻ്റെ കാര്യത്തിലും അതാണ് പറയാനുള്ളത്. അവർ നല്ല എഴുത്തുകാരായിരുന്നു. സർഗാത്മകമായ സിദ്ധികൾക്കു യോജിച്ച അംഗീകാരം അവർക്ക് ലഭിച്ചിട്ടുണ്ട്. അതിനപ്പുറം എങ്ങനെയാണ് ലഭിക്കുക?

കമ്യുവിൻ്റെ മിത്ത് 

ആൽബേർ കമ്യുവിൻ്റെ 'ദ് മിത്ത് ഓഫ് സിസിഫസ്' വായിച്ച എത്ര മലയാളം അദ്ധ്യാപകരുണ്ട് ,കോളജുകളിൽ? .
തങ്ങൾ പഠിച്ചതിനപ്പുറം ഒന്നും വായിക്കില്ല എന്നാണ് അവരുടെ ശപഥം .മറ്റൊരു ലോകം ഉണ്ടെന്ന് വിചാരിക്കുന്നില്ല .ഷോപ്പനോർ, നിഷെ, റസ്സൽ തുടങ്ങിയവരെ വായിക്കാതെ എന്ത് വിമർശനമെഴുതാനാണ്? ഇപ്പോഴും നളചരിതത്തിൽ തന്നെ കെട്ടിമറിയിയുകയാണ്.എൻ.  അജയകുമാർ 'നളചരിതം ഇന്ന് ' എന്ന വിഷയത്തിൽ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിനെപ്പറ്റി എൻ.ബി.എസിന്റെ ബുള്ളറ്റിനിൽ വായിച്ചു .യുജിസി ധനസഹായം കിട്ടുന്നതുകൊണ്ട് ഗവേഷണം ചെയ്യാമല്ലോ. പുതിയതൊന്നും വായിക്കേണ്ടതുമില്ല. നളചരിതം ആട്ടക്കഥയുടെ പ്രസക്തിയെക്കുറിച്ച് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ മൂന്നുദിവസം പ്രഭാഷണപരമ്പര നടത്തിയെന്ന്! അതിശയം തന്നെ. ഇവരെയൊക്കെ കേൾക്കുന്ന കുട്ടികൾ സ്വതന്ത്രമായ മനസ്സോടുകൂടി എന്നെങ്കിലും എഴുതാൻ പ്രാപ്തരാകുമെന്നു വിചാരിക്കാനാവില്ല.
'നമ്മൾ ഒരിക്കലും ഒന്നും കാണുന്നില്ല, എന്തെന്നാൽ നമുക്ക് കാണുന്നതിനെക്കുറിച്ചെല്ലാം  അഭിപ്രായങ്ങളുണ്ടായിപ്പോയി' എന്നു ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞത് ഓർക്കുകയാണ്.അജയകുമാറിനെപ്പോലെ ഭൂതകാലത്തിന്റെ ചുമരുകൾക്കുള്ളിൽ നിന്നു പുറത്തു വരാനാകാതെ ,പഠിച്ച പുസ്തകങ്ങൾ തന്നെ പഠിപ്പിക്കുന്നവർക്കാണ് അക്കാദമി അവാർഡു കൊടുക്കുന്നത്.
ഇതാണ് അക്കാദമിയുടെ യാഥാസ്ഥിതികത്വത്തിൻ്റെ പ്രത്യക്ഷ , പ്രകടഭാവം. 

മുട്ടത്തുവർക്കിയോ

മുട്ടത്തുവർക്കി മഹാനായ സാഹിത്യകാരനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ പേരിലുള്ള അവാർഡ് വാങ്ങിയവർ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞില്ലെന്നും വിനു എബ്രഹാം വേദനയോടെ എഴുതുന്നു (മുട്ടത്തുവർക്കിയുടെ രാത്രി ,പ്രഭാതരശ്മി, ജൂൺ) .പാസ്റ്റർനക്കിൻ്റെ ഡോക്ടർ ഷിവാഗോ മുട്ടത്തു വർക്കി പരിഭാഷപ്പെടുത്തിയതാണ് വിനു ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. നല്ല പരിഭാഷയാണ്. പക്ഷേ ,പരിഭാഷകരെ ഇവിടെ ആരാണ് മാനിച്ചിട്ടുള്ളത്? പരിഭാഷകന്മാർ അനവധിയാണ്. ദസ്തയെവ്സ്കിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ. കെ. ദാമോദരൻ, ബംഗാളി ക്ലതികൾ പരിഭാഷപ്പെത്തായ എം.എൻ . സത്യാർത്ഥി ,ആനി തയ്യിൽ  തുടങ്ങിയവരെ മറന്നില്ലേ ? അലക്സാണ്ടർ ഡ്യൂമായുടെ 'മോണ്ടിക്രിസ്റ്റോ' ഉൾപ്പെടെ കുറെ നല്ല പുസ്തകങ്ങൾ അവർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മുട്ടത്തു വർക്കി അവാർഡ് നിർത്തേണ്ടതായിരുന്നു. അതൊരു ഭീഷണി പോലെയായിരുന്നു.  സാഹിത്യത്തെക്കുറിച്ചും അതിൻ്റെ മഹത്തായ സംസ്കാരത്തെക്കുറിച്ചും കാര്യമായി അറിവുണ്ടായിരുന്നെങ്കിൽ മുട്ടത്തുവർക്കിക്ക് വലിയ സ്ഥാനം ലഭിച്ചില്ലെന്നു പറഞ്ഞു വിനു വിലപിക്കുകയില്ലായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സംസ്കൃത പണ്ഡിതനും കലാചിന്തകനും സാഹിത്യചരിത്രകാരനും വിമർശകനുമായിരുന്ന കൃഷ്ണചൈതന്യയുടെ ഒരു പുസ്തകം പോലും ഇപ്പോൾ ലഭ്യമല്ല. അദ്ദേഹത്തെ ക്രൂരമായാണ് മറന്നത്.

അഭൗമസൗന്ദര്യവും വശ്യതയും 

ഒരു സ്ത്രീയുടെ ചിത്രം വരയ്ക്കുമ്പോൾ ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് (1869-1954) ആദ്യം ചെയ്യുന്നത് ആ രൂപം മനസ്സിൽ പ്രതീഷ്ഠിക്കുകയെന്നതായിരുന്നു. പിന്നീട് എന്താണ് ചെയ്യുകയെന്നു അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: 'ഞാനതിനെ സൗന്ദര്യവും വശീകരണ ശക്തിയും സൃഷ്ടിക്കുന്നതിനു വേണ്ടി വർണാഭമാക്കും'.എന്താണ് ഇതിനർത്ഥo ? രൂപം ആർക്കും വരയ്ക്കാം ;നിറവും കൊടുക്കാം. എന്നാൽ അതിനും അപ്പുറത്താണ് കലയുടെ മാജിക്ക്. ആ രൂപത്തിനു വശ്യതയും സൗന്ദര്യവുമുണ്ടാകണം.  രൂപത്തിലേക്ക് അപൂർവമായ, അഭൗമമായ സൗന്ദര്യം പ്രവഹിക്കണം.  അവിടയാണ് കലയുടെ മാജിക്ക്

No comments:

Post a Comment