Sunday, September 4, 2022

ഒറേലിയസ് ധ്യാനങ്ങൾ /അക്ഷരജാലകം /.കെ.ഹരികുമാർ

 
ഒറേലിയസ് ധ്യാനങ്ങൾ 


പുരാതന റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസ് (121-180)സൈനിക വിന്യാസങ്ങൾക്കിടയിലെ ഒഴിവു സമയങ്ങളിൽ ജീവിതത്തിലെ ആകസ്മികതകളെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ഒരു വശത്ത് രക്തം ചിതറുന്ന കാഴ്ചകൾ കാണുകയും നിരാശപ്പെടുത്തുന്ന കാര്യങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ അദ്ദേഹം മറ്റൊരു ലോകത്തേക്ക് തൻ്റെയുള്ളിലൂടെ സഞ്ചരിക്കും. സമാധാനവും സദ്ചിന്തയും എങ്ങനെയാണ് അപകടപ്പെടുന്നതെന്ന്  ആലോചിച്ചുകൊണ്ടിരിക്കും. അതിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ് അദ്ദേഹത്തിൻ്റെ 'മെഡിറ്റേഷൻസ്' എന്ന കൃതി.ഒറേലിയസിനു അത് ഒരു ജീവിതവീക്ഷണമോ സന്ദേശമോ ആയിരുന്നു .അദ്ദേഹം ധർമ്മത്തിൽ വിശ്വസിച്ചു .ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാനും നീതിക്കുവേണ്ടി ശബ്ദിക്കാതിരിക്കാനും വേണ്ടി മാത്രമാണെങ്കിൽ അർത്ഥശൂന്യമാണെന്ന് അദ്ദേഹം വിലയിരുത്തി. 

പത്തൊൻപത് വർഷം ചക്രവർത്തിയായിരുന്ന കാലഘട്ടത്തിൽ ജീവിതം കൂടുതൽ അർത്ഥമുള്ളതാകുന്നതെങ്ങനെയെന്ന്   വിവരിക്കുന്ന കുറേ കുറിപ്പുകൾ എഴുതി .അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു തത്ത്വചിന്തകനുണ്ടായിരുന്നു. പാർത്തിയൻ സാമ്രാജ്യത്തോടും ആർമേനിയയോടും പോരാടി വിജയിച്ച ഒറേലിയസ് പക്ഷേ, വിജയങ്ങളെ നിസ്സംഗതയോടെയാണ് കണ്ടത്. അദ്ദേഹം അതിൻ്റെ ഭവിഷ്യത്തിനെക്കുറിച്ച് അർത്ഥസാന്ദ്രമായി എഴുതിക്കൊണ്ടിരുന്നു. അത് ഒരു പുസ്തക രചനയായിരുന്നില്ല ,ജീവിതാർത്ഥവിചാരങ്ങളായിരുന്നു.

ഗ്രീക്ക് ഭാഷയിൽ പല ഖണ്ഡങ്ങളായി എഴുതിയ ആ കുറിപ്പുകൾ യഥാസമയം പ്രസിദ്ധീകരിക്കാനായില്ല. അതിൽ അദ്ദേഹത്തിനു താല്പര്യവുമില്ലായിരുന്നു. പല കുറിപ്പുകൾക്കും പൊതുവായി നല്കിയ പേര് ധ്യാനങ്ങൾ എന്നാണ് .പത്താം നൂറ്റാണ്ട് വരെ ഈ കുറിപ്പുകളെക്കുറിച്ച് ആധികാരികമായ വിവരമൊന്നുമില്ലായിരുന്നു .ചില ചരിത്രകാരന്മാർ ഒറേലിയസിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ  സാഹിത്യസംഭാവനകളെപ്പറ്റിയും സൂചിപ്പിച്ചതൊഴിച്ചാൽ ആ മേഖല ഏറെക്കുറെ അജ്ഞാതമായിരുന്നു. ഗ്രീക്ക് ഭാഷയിലെ കൈയ്യെഴുത്ത് പ്രതിയിൽ നിന്ന് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയത് ജർമ്മൻ ക്ലാസിക്കൽ ചിന്തകനായിരുന്ന വിലെം സിലാന്തറാണ്. ഫ്രഞ്ച് -ഇംഗ്ലീഷ് ക്ലാസിക്കൽ പണ്ഡിതനായ മെറിക് കസോബോൺ പരിഭാഷപ്പെടുത്തിയതാണ് ഇപ്പോൾ ലഭ്യമായ ഇംഗ്ലീഷ് എഡിഷൻ(1634) .

ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന സെനോയുടെ സംഭാവനയാണ്  സ്റ്റോയിക് ദർശനം. ഒറേലിയസിൻ്റെ പുസ്തകത്തിൽ മിക്കവാറും കാണുന്നത് ഈ ധർമ്മശാസ്ത്രമാണ്.
അതോടൊപ്പം പ്ളേറ്റോയുടെ ചിന്താമുകളങ്ങളും പലയിടത്തും കലരുന്നതു കാണാം. ജീവിതത്തിൻ്റെ വ്യർത്ഥതയെപ്പറ്റി നല്ല അവബോധമുണ്ടായിരുന്ന ഒറേലിയസ്   ഭൗതികസുഖങ്ങളെ മനുഷ്യൻ്റെ  സദാചാരവുമായി ചേർത്തുവച്ച് പരിശോധിക്കാനാണിഷ്ടപ്പെട്ടത്.

കനലൂതി ആളിക്കത്തിക്കുന്നവർ 

ഒറേലിയസ് എഴുതുന്നു :'ഓരോ ദിവസവും നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്: ഇന്ന് എന്നെ അഭിമുഖീകരിക്കുന്നത് അതിക്രമവും നന്ദികേടും ഗർവ്വും നെറികേടുമൊക്കെയായിരിക്കും. ഇതെല്ലാം സംഭവിക്കുന്നത് വകതിരിവില്ലാത്തവരുടെ അജ്ഞത മൂലമാണ്. അവർക്ക് നല്ലതേത് ,ചീത്തയേത് എന്നറിയില്ല. എന്റെ ഭാഗത്തു നിന്ന് പറയട്ടെ, ഞാൻ വളരെക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ നന്മയെയും അതിൻ്റെ മഹത്വത്തെയും അറിയുന്നവനാണ് ;കുറ്റവാളിയുടെ മനോഭാവം അറിയുകയും ചെയ്യാം. അവനും എൻ്റെ സഹോദരനാണല്ലോ (ശാരീരികമായ അർത്ഥത്തിലല്ല, ഒരു സഹജീവി എന്ന നിലയിൽ). അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും എന്നെ മുറിവേൽപ്പിക്കാൻ പാടില്ല .എന്നെ അധിക്ഷേപിക്കുന്ന യാതൊന്നും ഒരാൾക്ക് എൻ്റെ മേൽ വയ്ക്കാനാവില്ല '. 
ക്ഷമിക്കുക എന്ന മൂല്യം ഇന്നു തീരെയില്ലാതായി. കാരണം, ക്ഷമിക്കാതിരിക്കുന്നതിനുള്ള പ്രലോഭനമായി നിയമങ്ങളും കോടതികളുമാണ് പലരും കാണുന്നത്. ഒരാളെ പോലും സ്നേഹത്തോടെ കാണാനുള്ള സാഹചര്യമില്ല .ആധുനികകാലത്ത് യൂട്യൂബ് ചാനലുകളും ടെലിവിഷൻ വാർത്താ ചാനലുകളും കനലൂതി ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. വെറുതെയിരിക്കുന്നവരെ ചൊറിഞ്ഞ് പരസ്പരം ഏറ്റുമുട്ടിക്കുന്നതാണത്രേ ഇന്നത്തെ സദാചാരം .സമകാല നാഗരികതയിൽ ധാർമ്മിക തത്ത്വശാസ്ത്രമില്ല ;വേട്ടയാടലും കൊന്നു തിന്നലും മാത്രമേയുള്ളു. 
കാരണം ,അവരുടെ യൂട്യൂബ് പുന: സംപ്രേഷണങ്ങളിലൂടെ വലിയ തുക സമാഹരിക്കാൻ സാധിക്കുമെന്ന ചിന്ത എല്ലാത്തിനെയും നിന്ദിക്കാനുള്ള വാസനയാണ് പ്രചരിപ്പിക്കുന്നത്.
അതുകൊണ്ട് വ്യക്തിഹത്യ എന്നു പറയുന്നത് ഇന്നു  സദാചാരമായിരിക്കുകയാണ്. സുഹൃത്തുക്കളുടെ പെരുമാറ്റം പോലും അസഹനീയമാണ് .എല്ലാ സ്നേഹവും തർക്കമാവുകയാണ്. എല്ലാ സമാധാനങ്ങളും യുദ്ധങ്ങളാവുകയാണ്.

ഒറേലിയസ് എഴുതി: 'നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ആത്മാവിന്റെ വാതിലുകൾ സൂര്യനു നേർക്ക് തുറന്നുവയ്ക്കുക. നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ സൂര്യൻ വേഗം അസ്തമിച്ചുപോകും; അതോടൊപ്പം നിങ്ങളും ഇല്ലാതാകും'.ഇത് വലിയൊരു സത്യമാണെന്ന് ,മനനം ചെയ്താൽ മനസ്സിലാകും. സമയത്തിന്റെ ഖജനാവ്  ആരുടെയും പക്കലില്ല .വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ, 'അള്ളാഹുവിൻ്റെ ഖജനാവിൽ' ധാരാളം സമയമുണ്ട്. പക്ഷേ, മനുഷ്യരുടെ ഖജനാവിൽ സമയം കുറവാണ്. അതുകൊണ്ട് സമയത്തെക്കുറിച്ചുള്ള അവബോധം അർത്ഥപൂർണ്ണമായി പുന:സൃഷ്ടിക്കേണ്ടതുണ്ട് .ജീവിതത്തിന്റെ നൈമിഷികത ,നശ്വരത തുടങ്ങിയ  ചിന്തകൾ ഏതൊരു ബന്ധത്തിലും പ്രസക്തമാണ്.

ജീവിതം എന്ന കെണി 

'ജീവിതം നല്ലതോ ചീത്തയോ അല്ല ;നല്ലതിനും ദുഷിച്ചതിനുമുള്ള ഒരിടം മാത്രമാണ് '-ഒറേലിയസിൻ്റെ ചിന്ത. ഒന്നിനെക്കുറിച്ച് ഇന്ന് പൂർണമായും നല്ലത് അല്ലെങ്കിൽ ദുഷിച്ചത് എന്ന് പറയാനാകുമോ ? മാക്സിം ഗോർക്കി പറഞ്ഞതുപോലെ ജീവിതം തന്നെ ഒരു കെണിയിലാണ്. ജീവിച്ചിരിക്കുന്നതിൻ്റെ നൈതികതയിൽ ദൈവം ഒരു പണിയൊപ്പിച്ചിരിക്കുന്നു. മറ്റൊന്നിനോട് അനീതി ചെയ്യാതെ ജീവിക്കാനാവില്ല എന്ന സത്യം .നമ്മുടെ രുചി, ഭക്ഷണം, വസ്ത്രം, അച്ചടി എല്ലാം പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായിരിക്കെ, നമുക്കെങ്ങനെ ധാർമ്മികതയെപ്പറ്റി പറയാനൊക്കും ? നമ്മുടെ ധർമ്മം ഒഴിവുകഴിവുകളുടെയും  സ്വാർത്ഥതയുടെയും അളവുകൾക്കൊപ്പിച്ചാണ് തുന്നി യെടുക്കപ്പെടുന്നത് ,ആവശ്യം വരുമ്പോൾ.

'ഒരാളുടെ മൂല്യത്തെ അളക്കുന്നത് അയാൾ എന്തിനെയെല്ലാം മൂല്യമുള്ളതായി കാണുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലാണ്'.ഇന്നത്തെ ജീവിതത്തിൽ പഴയ ഗ്രീക്ക് മൂല്യങ്ങളെയും ആദർശങ്ങളെയും പരിശോധിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒറേലിയസിൻ്റെ പുസ്തകം വായിക്കുന്നതിലൂടെ കൈവരുന്നത്. അമിതമായതെല്ലാം ത്യജിക്കുകയും ശേഷിച്ച സമയം കൊണ്ട് ജീവിക്കുകയും ചെയ്യണമെന്ന് ചിന്തിച്ചവർ പുരാതന ഗ്രീസിലുണ്ടായിരുന്നു. ഒരാൾ എന്തിനെയാണ് വില വെക്കുന്നത്? അതുതന്നെയാണ് അയാളുടെ മൂല്യമെന്നത് പുരാതന ഗ്രീക്ക് ചിന്തയാണ്;നമ്മുടേതല്ല .

എന്തുകൊണ്ടാണ് നന്മയും തിന്മയും ഇത്ര വലിയ പ്രശ്നമാകുന്നത്? ഒറേലിയസ് പറയുന്നു: നിങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെ നിങ്ങൾ ഏറ്റെടുക്കുന്നു, എന്നിട്ട് അതിനെ നല്ലതെന്നും ദുഷിച്ചതെന്നും  വിളിക്കുന്നു. ചീത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ നിശ്ചയമായും  നിങ്ങൾ ദൈവത്തെയും അതുമായി ബന്ധപ്പെട്ട ആളുകളെയും കുറ്റപ്പെടുത്തുന്നു. നമ്മുടെ ചീത്ത സ്വഭാവങ്ങളിൽ നല്ലൊരു പങ്കും ഈ മാനദണ്ഡത്തിൽ നിന്നുണ്ടാകുന്നതാണ്. നമ്മുടെ പ്രവർത്തനങ്ങളിൽ നല്ലതും  ചീത്തയും എന്ന പരിഗണനകൾ കുറച്ചു കൊണ്ടുവരികയാണെങ്കിൽ ദൈവത്തെയോ മറ്റുള്ളവരെയോ ദുഷിക്കാതെ കഴിയാം '.

അനാവശ്യമായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പലപ്പോഴും കഴിയുന്നില്ല. വിശ്വപൗരനാകയാൽ ഓരോ വ്യക്തിയും നിയമപാലകനാവുകയാണ്. നിയമം ലംഘിക്കുന്നു എന്നു വ്യാഖ്യാനിച്ച് സദാചാര പോലീസ് ചമഞ്ഞ് പലരെയും  മർദ്ദിക്കുന്നത് ഇന്ന് പരക്കെ കാണാം. 
നന്മയെയും തിന്മയെയും വ്യാഖ്യാനിക്കാൻ വിധിക്കപ്പെട്ടവരാണ് ഈ ഇൻഫർമേഷൻ യുഗത്തിലെ ആൾക്കാർ .ഒരാളെ കുറ്റവാളിയായി കോടതിയോ മറ്റ് അധികാര കേന്ദ്രങ്ങളോ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ മാധ്യമങ്ങൾ പ്രത്യേകിച്ചും  ചാനലുകൾ വിചാരണ ചെയ്ത്  ഊരുവിലക്ക് പ്രഖ്യാപിക്കുകയാണ്.
വീണവനെ ചവിട്ടി നിന്ന് താൻ ഹരിശ്ചന്ദ്രനാണെന്ന് വീമ്പിളക്കുന്ന യൂട്യൂബർമാർ നൂറുകണക്കിന് മാർച്ച് ചെയ്തു വരുകയാണ് .ഒന്നിനെയും നിർവ്വചിക്കുന്നത് ഇന്ന് സുഖകരമായിരിക്കില്ല. കാരണം, എല്ലാം വേഷപ്രച്ഛന്നമാണ് .

ജീവിതം ഒരു നോട്ടം

'ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നുകിൽ സഹിക്കാവുന്നതാണ്, അല്ലെങ്കിൽ സഹിക്കാൻ പ്രയാസമുള്ളതാണ്. സഹിക്കാവുന്നതാണെങ്കിൽ സഹിക്കുക; പരാതിയുടെ ആവശ്യമില്ല.  നിങ്ങളുടെ നശിപ്പിക്കൽ അതിൻ്റെ അവസാനം കണ്ടെത്തും. ഒരു കാര്യം ഓർക്കുക .നിങ്ങളുടെ മനസ്സിന് സഹിക്കാനാവുന്നതെല്ലാം നിങ്ങൾക്കും സഹിക്കാം. നിങ്ങളുടെ ഇമ്പത്തിനനുസരിച്ച് കൈകാര്യം ചെയ്താൽ മതി ;നിങ്ങളുടെ സ്വഭാവത്തിനും താല്പര്യത്തിനും  അനുസരിച്ച്'.

സ്വന്തം മനസ്സിൽ എന്തുമാത്രം ഇടമുണ്ടെന്ന് തിരയാനാണ് ഒറേലിയസ്  ആഹ്വാനം ചെയ്യുന്നത്. തെറ്റുകളോട് പൊറുക്കുമ്പോൾ ആ തെറ്റുകളെ നമ്മൾ മനസ്സിലേക്ക് വലിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഓരോ നോട്ടമാണ് നമ്മുടെ ജീവിതം .നോട്ടം തെറ്റിയാൽ ജീവിതവും തെറ്റിപ്പോകും. 'ഒരു വസ്തു നശിക്കുമ്പോൾ അതിനെ ജീവസ്സുറ്റതാക്കിയിരുന്ന വായുമണ്ഡലം തിരിച്ചു പ്രാപഞ്ചികമായ ദൈവവചസ്സിലേക്ക് വലിച്ചെടുക്കപ്പെടും. ഈ തരത്തിലുള്ള നാശവും പുന:സമാഗവും ഓരോ നിമിഷത്തിലും വ്യക്തികളിൽ സംഭവിക്കുന്നു'.ഒരു നിമിഷം ഒരു വിടപറയലാണ്; അടുത്ത നിമിഷം നമ്മെ വീണ്ടും സൃഷ്ടിക്കുകയാണ് .ലോകത്തുള്ളതെല്ലാം നശിക്കും; അതെല്ലാം പ്രാപഞ്ചികമായ ഉണ്മയിലേക്ക് ലയിക്കും. ഈ അവസ്ഥയിൽ നമുക്ക് ഒരു ജീവിതമേയുള്ളൂ .അമെരിക്കൻ - ബ്രിട്ടീഷ് ഗ്രന്ഥകാരൻ ബിൽ ബ്രൈസൺ എഴുതിയ 'എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയേർലി എവരിതിംഗ്' എന്ന പുസ്തകത്തിൽ, നമ്മൾ ഓരോരുത്തരും ഈ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സംയോജനമാണെന്ന് പറയുന്നുണ്ട്. ധൂളികൾ കൊണ്ടാണ് നമ്മെ നിർമ്മിച്ചിരിക്കുന്നത്.ഈ ധൂളികൾ നമ്മൾ ഓരോരുത്തർക്കുമായി ഒത്തുകൂടുന്നത് പ്രപഞ്ചചരിത്രത്തിൽ ഒരിക്കൽ മാത്രമാണ്. 

തെറ്റുകൾ ചെയ്യുന്നവരുടെ തലയ്ക്ക് മുകളിൽ ചിന്തിക്കണമെന്നാണ് ഒറേലിയസ് പറയുന്നത്. സ്വാഭാവികമായ ഒരു വൈകാരിക വിക്ഷോഭമോ അബദ്ധധാരണയോ തെറ്റുകൾക്ക് കാരണമാകുന്നു. എന്നാൽ മനുഷ്യരോട് പൊറുക്കാൻ പറയുന്നത് മൗഢ്യമാകുമോ ?മനുഷ്യൻ തെറ്റുകൾ ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. നല്ലൊരു വ്യക്തി ഓരോന്നു ചെയ്യുമ്പോഴും കൈയ്യടിയും പുരസ്കാരവും വാങ്ങുന്നില്ല. തേനീച്ച തേനിന്നു പിന്നാലെ പോകുന്ന പോലെയും പന്തയക്കുതിര ലക്ഷ്യത്തിലേക്ക് ഓടുന്ന പോലെയുമാണത് .മറ്റൊരു നല്ല കാര്യം ചെയ്യാനാണ് നല്ല ആളുകൾ ഓടുന്നത്.   കാലമാകുമ്പോൾ മുന്തിരിവള്ളികൾ കൂടുതൽ മുന്തിരിക്കുലകൾ വിളയിക്കുന്നതു പോലെ. ഒറേലിയസ് തൻ്റെ ജീവിതമതം ഇവിടെ വ്യക്തമാക്കുകയാണ് .നല്ല മനുഷ്യർ പക്ഷികളെ പോലെയോ ,വൃക്ഷങ്ങളെ പോലെയോ ദിവ്യമായ ചോദനയാൽ സദാപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കുയിലുകൾ പാടുന്നത് അത് കമ്പോസ് ചെയ്തു വിൽക്കാനല്ലല്ലോ . 'പ്രകൃതിയുടെ അനുവാദത്തോടെ നിങ്ങൾ മിച്ചമുള്ള ജീവിതം ജീവിക്കുക'.ജീവിതത്തിലെ മിച്ചമാണ് ഇനിയുള്ള ജീവിതം. കാരണം, നമ്മൾ എല്ലാം ജീവിച്ചവരാണ്; അതിനേക്കാൾ പ്രധാനമായി, ജനിച്ചവരാണ് .ജനിച്ചവർ പുതിയ വേദമാണ് ഉൾക്കൊള്ളുന്നത്. ജനനത്തിനു മുമ്പുള്ള ലോകത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല. എന്നാൽ ജനിച്ചതോടെ മാംസവും രക്തവുമുള്ള അത്ഭുതജീവികളായിരിക്കുന്നു. ഒരു ലോകത്തിൻ്റെ അവകാശികളായിരിക്കുന്നു. അക്കാരണത്താൽ നമ്മൾ വിശേഷപ്പെട്ടവരാണ്.ജനിക്കാൻ വേണ്ടി  നിശ്ചയിക്കപ്പെട്ടവരാണ്. നമുക്ക് മരണമില്ല.അതുകൊണ്ട് നമ്മുടെ ഐന്ദ്രിയ സംവേദനങ്ങൾ ലോകത്തിൻ്റെ അനുഗ്രഹമാണ്.

ഓരോ പുതിയ സൂര്യൻ

'ഓരോന്നിനെയും സൃഷ്ടിച്ചിരിക്കുന്നത് ഓരോ കാര്യത്തിനാണ്. സൂര്യനും പറയാനുണ്ട് ,താൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്കാണെന്ന്. നിങ്ങൾ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്? നിങ്ങൾ സ്വയം ഉല്ലാസത്തിലും സന്തോഷത്തിലും നിറയ്ക്കുക '.എല്ലാ ദിവസവും ഓരോ പുതിയ സൂര്യൻ ഉദിക്കുകയാണ്. ആ സൂര്യനെ ഉദിക്കുമ്പോൾ തന്നെ കാണണമെന്ന് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ അതിനായി ത്യജിക്കണം .പുലർകാല സൂര്യൻ നമുക്കുള്ളതാണ്. അതാണ് നമ്മെ ഉണർത്തുന്നത്. എന്നും ഈ സൂര്യൻ  വന്നു പോവുകയാണ് .പ്രപഞ്ചത്തിന്റെ ഒരു ക്രമമാണത് കാണിക്കുന്നത്. അപ്പോൾ നമുക്കും ഒരു ക്രമം വേണ്ടതല്ലേ ? വരാനിരിക്കുന്ന സൂര്യമാരെ സ്വാഗതം ചെയ്യണം .മറഞ്ഞുപോയ സൂര്യന്മാരെ  വിഷാദത്തോടെ ഓർക്കാം .

'ഒരേ നദിയിൽ നമുക്ക് രണ്ടു തവണ ഇറങ്ങാനാവില്ല' - ഒറേലിയസ് ഓർമ്മിപ്പിക്കുന്നു. എല്ലാം മാറ്റത്തിന്റെ പാതയിലാണല്ലോ .ഒഴുകുന്ന നദി ഒരു നിമിഷത്തിലെ അനുഭവമാണ് .മറ്റൊരു നിമിഷത്തിൽ മറ്റൊരു നദിയാണുള്ളത്. നദിയിലിറങ്ങുന്ന നമ്മെ ഭൂതകാലം വന്നു സ്പർശിക്കുന്നു .വർത്തമാനം ആശ്ലേഷിക്കുന്നു. നദി ഭാവിയാണ് ,അതിൽ നമ്മൾ  ഇറങ്ങിയാലും ഇല്ലെങ്കിലും. അത് ഭാവിയിലേക്ക് ഒഴുകുകയാണ്, ഭൂതകാലത്തിലേക്കെന്ന പോലെ . അതിൻ്റെയർത്ഥം ,നമ്മൾ ഓരോ നിമിഷവും മാറുകയാണ്. പഴയ വ്യക്തിയല്ല .നമ്മുടെ മനസ്സും വ്യക്തിത്വവും പഴയതല്ല എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു .ഈ മാറ്റം നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നു.

'ഭൗതികമായതെല്ലാം പ്രാപഞ്ചിക സാകല്യതയിലേക്ക് അപ്രത്യക്ഷമാകുകയാണ് .ആചാര ക്രമമായിട്ടുള്ളതെല്ലാം പെട്ടെന്നു തന്നെ പ്രപഞ്ചയുക്തിയിലേക്ക് തിരിച്ചെടുക്കപ്പെടുകയാണ്. അതുപോലെ എല്ലാത്തിന്റെയും ഓർമ്മകളും അതിവേഗം കാലത്തിൽ ആമഗ്നമാകുകയാണ്. എല്ലാം ശാശ്വതമായ നിയമങ്ങളുടെ വലയ്ക്കുള്ളിലാണ്. ആ വലയിലെ വെറും കുമിളകളാണ് നമ്മൾ. അതിരുവിട്ട വാശിയും സ്വാർത്ഥതയും നമ്മെ ശരിക്കും പ്രകൃതി വിരുദ്ധരാക്കുകയാണ് .പ്രകൃതിയുടെ താളവും രാഗവും മറന്നു മറ്റൊരു താളവും രാഗവുമാണ് തേടുന്നതെങ്കിൽ അതിൽ രോഗത്തിനുള്ള സാധ്യത നൂറു ശതമാനമാണ്.അരുചി  അപ്രിയമായിരിക്കുന്നതുപോലെ അമിത ഭോഗം അക്രമമാണ്. പ്രകൃതിയിൽ ഓർമ്മകളില്ല .വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്കാരവുമാണ് നമ്മെ ഓർമ്മയുള്ളവരാക്കുന്നത്. പ്രകൃതിയിൽ എല്ലാം വിസ്മൃതാവസ്ഥയിലാണ്.  കാലവും കലാവസ്തുകളും. 

വീണ്ടും ഒറേലിയസ് :'എല്ലാം പരസ്പരം ഇഴചേർക്കപ്പെട്ടിരിക്കുകയാണ്. ഈ വല പരിശുദ്ധമാണ്. ഇതിന്റെ ഒരു ഭാഗവും പരസ്പരം ബന്ധിക്കപ്പെടാതിരിക്കുന്നില്ല. അവയെല്ലാം നിർമ്മിച്ചിരിക്കുന്നത് രമ്യതയിലാണ്. അങ്ങനെ അതെല്ലാം ചേർന്നു ലോകമുണ്ടാക്കുന്നു. എല്ലാം ചേർന്നാണ് 'ഒരു ലോക'മുണ്ടാകുന്നത്.
അതിലെല്ലാം 'ഒരു ദൈവികത' സന്നിഹിതമായിരിക്കുന്നു .


No comments:

Post a Comment