കഥയുടെ ദൈവശാസ്ത്രം
ഒരു
നാടകത്തിൻ്റെ ഗദ്യാഖ്യാനമല്ല കഥ; അങ്ങനെ കരുതുന്നവർ ഏറുകയാണ്. സിനിമയുടെ
സ്വാധീനമാണ് ഇപ്പോൾ സാഹിത്യത്തിലുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനു മുമ്പ്
ആരംഭിച്ച നവതരംഗം മലയാളസിനിമയിൽ നവറിയലിസത്തിൻ്റെ ഒരു പരിവേഷം
സൃഷ്ടിച്ചതോർക്കുമല്ലോ .അത് പ്രാദേശിക ജീവിതത്തിൻ്റെ അടരുകൾ തിരയുന്ന
ഉത്തരാധുനിക സമീപനമായിരുന്നു. ഏതൊരു വ്യക്തിയുടെ ജീവിതത്തിനും
ആഖ്യാനമാകാനുള്ള സ്വാതന്ത്ര്യമുണ്ട്; ഏത് വ്യക്തിക്കും ആത്മകഥയുള്ളതു പോലെ.
അതിനപ്പുറം അതിനു മറ്റു മൂല്യങ്ങളില്ല. ഒരു ദൃശ്യവത്കരണ സാധ്യതയാണത്.
ഉറുമ്പുകൾ ഉറങ്ങാറില്ല,ആമേൻ, ഈ അടുത്തകാലത്ത്, ഡാർവിൻ്റെ പരിണാമം
തുടങ്ങിയ സിനിമകൾ ഉദാഹരണം. യഥാർത്ഥ സംഭവങ്ങളെ കാല്പനികതയോ ,സംഗീതമോ,
അലങ്കാരമോ ഇല്ലാതെ വരച്ചു കാണിച്ച ഇത്തരം സിനിമകൾ കഥപറച്ചിലിൽ വേഗത
പ്രകടിപ്പിക്കുകയും ചെയ്തു.
ഇതു
മലയാളകഥയെയും സ്വാധീനിച്ചു. നവസിനിമകളിലെ തെറികൾ കഥകളിലും കടന്നുവന്നത്
സ്വാഭാവികം. അശ്ലീല സംഭാഷണങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നത്
സ്വാതന്ത്ര്യമാണെന്നോ സർഗാത്മകതയാണെന്നോ തെറ്റിദ്ധരിച്ച കഥാകൃത്തുക്കൾ
മനുഷ്യൻ്റെ ജീവിതം ഇത്രയേയുള്ളൂ എന്ന് ഉപസംഹരിച്ചു. ഈ ഉപരിതല റിയലിസം
തിയേറ്ററിൽ കാഴ്ചയുടെ എഫക്ട് സൃഷ്ടിച്ചുവെങ്കിലും കഥാസാഹിത്യത്തിൽ
വേരുപിടിച്ചില്ല .പലരും നാട്ടുവാർത്തമാനങ്ങളും സംഭവങ്ങളും നീട്ടിയെഴുതി
കഥയെ പുറംഘടന മാത്രമാക്കി. നാടകത്തിൻ്റെ കഥാസംഗ്രഹം ഗദ്യത്തിൽ ആഖ്യാനം
ചെയ്യുന്നതിനപ്പുറം ഇന്നും കഥകളിൽ നിന്ന് വായനക്കാരന് ഒന്നും
ലഭിക്കുന്നില്ല. ഭാഷയുടെ മുന്നാം കണ്ണ് ഇല്ലാതായി എന്നു പറയാം. നവതരംഗ
സിനിമയുടെ പ്രലോഭനങ്ങൾക്ക് പിന്നാലെ സിനിമാരംഗത്തേക്ക് പോയ
കഥാകൃത്തുക്കളുമുണ്ടായി.
അവർക്ക് സിനിമയെയും കഥയെയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല .
എന്നാൽ
ചെറുകഥയുടെ സർഗ്ഗാത്മകമായ ഔന്നത്യം ഇതിനും എത്രയോ അപ്പുറമാണ് .കഥയുടെ
ക്രാഫ്റ്റ് സാഹിത്യത്തിൻ്റെ മഹത്തായ ഒരു കണ്ടുപിടിത്തമാണ്.
ഇതിഹാസകാവ്യങ്ങളുടെയും സ്ഥൂല വിവരണങ്ങളടങ്ങിയ നോവലുകളുടെയും ഇടയിൽ
അനുവാചകന് ഏകാന്തതയിൽ അവനോട് തന്നെ സംവേദനം ചെയ്യാൻ, സ്വന്തം മനസ്സിൻ്റെ
തനിച്ചാകലിലേക്ക് പിൻവലിയാൻ സഹായിക്കുന്ന എത്രയോ കഥകൾ കഴിഞ്ഞ
നൂറ്റാണ്ടിലുണ്ടായി. ഫ്രാൻസ് കാഫ്ക (1883-1924),ലൂയി ബോർഹസ് (1899-1986)
തുടങ്ങിയവർ ചെറുകഥയിൽ കണ്ടുപിടിച്ച ഒരു പുതിയ രൂപമുണ്ട്. അത്
ഡി.എച്ച്.ലോറൻസ് (1885-1930),ഹെമിങ്ങ്വേ (1899-1961) എന്നിവരുടെ
കഥാഖ്യാനരീതികളിൽ നിന്ന് വ്യത്യസ്തമാണ് .കഥയെന്ന മാധ്യമത്തിന്റെ സൂക്ഷ്മവും
ഗഹനവുമായ ഇടങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന ചിന്തയാണ് ബോർഹസിനെയും കാഫ്കയെയും
നയിച്ചത്. അവർ സാഹിത്യം എന്ന നിലയിൽ കഥയെ മുന്നോട്ടുകൊണ്ടുപോയി.നോവലിസ്റ്റുകൾ
കഥയും എഴുതുമെന്ന പൊതുതത്വത്തെ അനുകരിക്കുകയായിരുന്നില്ല അവർ .ബോർഹസ് നോവൽ
എഴുതിയില്ല .തനിക്ക് നോവൽ പോലെ ദീർഘമായി പറയാൻ ഒന്നുമില്ലെന്നും താൻ
നോവലുകൾ വായിക്കാറില്ലെന്നും ബോർഹസ് പറഞ്ഞിട്ടുണ്ട്.
നമ്മൾ തന്നെ ഭാവന
കാഫ്ക
നോവലുകൾ എഴുതിയെങ്കിലും അതിൽ അദ്ദേഹത്തിന് വലിയ വിശ്വാസമുണ്ടായിരുന്നില്ല.
അത് പ്രസിദ്ധീകരിക്കുന്നതിലും താൽപര്യം കുറവായിരുന്നു. കഥകളാണ് അദ്ദേഹത്തെ
നയിച്ചത്. മെറ്റാമോർഫോസിസ്, ദ് ഹംഗർ ആർട്ടിസ്റ്റ് ,ജോസഫൈൻ ദ് സിംഗർ ഓർ ദ്
മൗസ്ഫോക്ക് എന്നീ കഥകൾ എഴുതിയ കാഫ്ക ഒരു ഏകാന്ത ഗോപുരമായി നിൽക്കുകയാണ്. കഥ
എന്ന മാധ്യമത്തിലേക്ക് അനൈഹികമായ പ്രകാശം പരത്തിയ കഥാകൃത്താണദ്ദേഹം
.ബോർഹസ് ആ ശാഖയ്ക്ക് ധിഷണാപരവും മനുഷ്യാസ്തിത്വപരവുമായ കനം നല്കുകയാണ്
ചെയ്തത് .നമ്മുടെ ഭാഷയിൽ കഥയെ രൂപപരമായി പുനരവതരിപ്പിക്കാനും
നവീകരിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കാക്കനാടൻ്റെ ' മഴയുടെ
ജ്വാലകൾ ,വി.പി .ശിവകുമാറിൻ്റെ ,മൂന്നു കഥാപാത്രങ്ങൾ ,ഒ.വി.വിജയൻ്റെ
മറുകുകൾ ,യു.പി, ജയരാജിൻ്റെ മഞ്ഞ് തുടങ്ങിയ കഥകൾ നമ്മുടെ ഭാഷയ്ക്ക്
ധ്യാനാത്മക, സൗന്ദര്യാത്മക ഗഹനതകൾ സംഭാവന ചെയ്തു.
ചെറുകഥയുടെ
ദൈവശാസ്ത്രം ജീവിതത്തിൻ്റെ വൈയക്തികമായ സൗന്ദര്യാന്വേഷണമാണ്. അതിൽ ഒരു
കഥാകൃത്ത് തന്നെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെ അംഗീകരിച്ചു
കൊടുക്കുകയല്ല ചെയ്യുന്നത്. തൻ്റെ ഏകാന്തമായ വെളിപാടുകൾക്ക് വേണ്ടി യുദ്ധം
ചെയ്യാനും വേഷം മാറാനും കഥാകൃത്ത് ഒരുമ്പെടുന്നു. കലാനുഭവം
ജീവിതത്തിനുള്ളിലേക്ക് പ്രവേശിക്കുകയാണ്; സമൂഹത്തിൻ്റെ നിർമ്മിതിയല്ല
അത്.
ഭാവന ഒരു
രക്ഷപ്പെടലല്ല ;അത് സത്യമാണ്. അതുകൊണ്ടാണ് ഇംഗ്ലീഷ് കവി വില്യം ബ്ളേക്ക്
പറഞ്ഞത് ഭാവന മനുഷ്യൻ്റെ അസ്തിത്വം തന്നെയാണെന്ന്. എഴുതപ്പെടാത്ത
കഥകളെക്കുറിച്ചുള്ള വിവരണത്തിലൂടെ കഥ സൃഷ്ടിക്കാമെന്ന് തെളിയിച്ച ബോർഹസ്
കഥയെഴുതാൻ ഭാവന അത്യാവശ്യമാണെന്ന് വിശ്വസിച്ചു. എന്നാൽ ഈ ഭാവന
മനുഷ്യാസ്തിത്വത്തിന്റെ ഒരു തലമാണ്. അസ്തിത്വം അതിൽ നിന്ന് ഒഴിഞ്ഞല്ല
അനുഭവിക്കപ്പെടുന്നത്. നമ്മുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്
അപക്വമാണെങ്കിലും ഭാവനകൊണ്ട് നമ്മളത് നികത്തുന്നു. യാത്രയിൽ തൊട്ടടുത്ത
സീറ്റിലിരിക്കുന്ന ഒരു മനുഷ്യനെ പതിവുപോലെ നമ്മൾ അവഗണിക്കുമായിരിക്കും;
എന്നാൽ ആ വ്യക്തി നമ്മുടെ ഏറ്റവും അടുത്ത ബന്ധുവാണെന്ന്
തിരിച്ചറിയപ്പെടുകയാണെങ്കിൽ ഭാവന അവിടെ പ്രവർത്തിച്ചു തുടങ്ങും. ചിന്തകളും
അനുഭവങ്ങളും ഓർമ്മകളും ചേർന്ന് അസ്തിത്വത്തെക്കുറിച്ച് പലതും
കെട്ടിപ്പൊക്കും.നമ്മെ ജീവിപ്പിക്കുന്നത് ഈ സങ്കല്പങ്ങളാണ്.
ദസ്തയെവ്സ്കിയുടെ
'ദ് പെസൻ്റ് മാരെ 'എന്ന കഥയിൽ ജയിലിൽ കിടക്കുന്ന ഒരാളുടെ അനുഭവമാണ്
അവതരിപ്പിച്ചിട്ടുള്ളത്. ഇത് ദസ്തയെവ്സ്കിയുടെ തന്നെ
ആത്മാനുഭവങ്ങളാണ്.'മരിച്ചവരുടെ വീട് 'എന്ന കഥയിൽ ഭാര്യയെ
കൊലപ്പെടുത്തിയിട്ട് ജയിലിൽ പോയ ഒരുവൻ്റെ അനുഭവമാണ് എഴുതിയത്. ആ കഥ വായിച്ച
പലരും താൻ ജയിലിൽ പോയത് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത് കൊണ്ടാണെന്ന്
വിശ്വസിക്കുന്നതായി അതിൽ തമാശ രൂപത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.
എന്നാൽ തടവറയിൽ കിടക്കുന്ന ഒരുവനു എന്താണ് സ്വന്തമായുള്ളത്? ഓർമ്മകളാണ്
.നിശ്ചയമായും അത് ശൂന്യതയിലേക്ക് ഇറങ്ങി വരുന്ന മേഘത്തുണ്ടുകളാണ്. ജീവിതം
വീണ്ടും തന്റെ മുന്നിലേക്ക് വരുന്നതുപോലെ തോന്നുകയാണ് കഥാകൃത്തിനു .
ഓർമ്മകൾക്ക് ജീവൻ
ജയിലിലായിരുന്ന
നാലു വർഷങ്ങളിൽ, ഓർമ്മകളിലാണ് ദസ്തയെവ്സ്കി അഭയം തേടിയത്.
ഓർമ്മകളില്ലായിരുന്നെങ്കിൽ മരിച്ചുപോകുമായിരുന്നു . ഈ ഓർമ്മകളെ അദ്ദേഹം
തേടിച്ചെല്ലുകയായിരുന്നില്ല .അതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഓർമ്മകൾ
സ്വയം പുറപ്പെട്ടു വന്നതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഓർമ്മയുടെ
ഒരു വനാന്തരത്തിലേക്ക് എത്തിച്ചേരുക .നിസ്സാരമായ ഒരു
കാര്യത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്നാവും തുടക്കം.സാവധാനം അത് രക്തവും
മാംസവുമുള്ള ഒരു ജീവിതത്തിന്റെ ഹൃദയസ്പന്ദനമായി രൂപാന്തരപ്പെടും. അതിൽ
പിടിച്ചു കയറി മുന്നോട്ട് പോകുന്നത് എത്ര ആശ്വാസകരമാണ്! .അവിടെയും
അവസാനിക്കുന്നില്ല; തൻ്റെ തന്നെ ജീവിതത്തെ ആ മനുഷ്യൻ പുതുതായി കാണാൻ
തുടങ്ങും. തനിക്ക് പോലും അപ്രാപ്യമായിരുന്ന നിർണയങ്ങളും കണ്ടെത്തലുകളുമാവും
ആ ഓർമ്മകളുടെ അവസാനം പ്രത്യക്ഷപ്പെടുക .ജീവിതത്തെ പുതുതായി
വീക്ഷിക്കുന്നതിന്റെ ഒരു സമാധാനമാണ് അതിൽ നിന്ന് ലഭിക്കുക .
ജീവിതത്തിലെ
സംഭവങ്ങളുടെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നത് അത് യഥാർത്ഥത്തിൽ നടന്ന
കാലത്തായിരിക്കണമെന്നില്ല; പിന്നീട് അതിനെക്കുറിച്ച് ഓർക്കുമ്പോഴാണ്.
മറ്റൊരു
രീതിയിൽ ജീവിതത്തെ ഭാവന ചെയ്യുകയാണ്: അത് പക്ഷേ, ഭാവന മാത്രമല്ല ,ജീവിതം
തന്നെയാണ്. വേറൊരു രീതിയിൽ ജീവിച്ചു എന്നു തിരിച്ചറിയുന്ന
നിമിഷമാണത്.ഇതെല്ലാം കഥയിൽ പരീക്ഷിച്ചു വിജയിപ്പിച്ച കാര്യങ്ങളാണ്. ഒൻപതു
വയസിൽ സംഭവിച്ച ഒരു കാര്യം, ജയിലിൽ കിടന്നുകൊണ്ട് ആലോചിച്ചപ്പോൾ
മറ്റൊന്നായി മാറി. ജീവിതം ഇങ്ങനെയാണ് ഭാവനയിലൂടെ മാറുന്നത് .
ക്രൂരതയുടെ രുചി
ബോർഹസിൻ്റെ
ഒരു കഥയെക്കുറിച്ച് ഇവിടെ പറയാതിരിക്കാനാവില്ല .1946 ൽ എഴുതുകയും 'എൽ
അലെഫ്' എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത കഥയാണത്. അതിന്റെ പേര്
ഡൂറ്റ്ഷസ് റെക്വിം (മരിച്ചവർക്കു വേണ്ടിയുള്ള ജർമൻകാരുടെ കൂദാശ)എന്നാണ്.
വധശിക്ഷ കാത്ത് തടവറയിൽ കഴിയുന്ന സുർ ലിൻഡെ എന്ന സൈനികോദ്യോഗസ്ഥന്റെ
വിചാരങ്ങളാണ് ഈ കഥയിലുള്ളത്. അയാൾ മരണം കാത്തു കഴിയുകയാണ്. നാസി സംഘത്തിൽ
ചേർന്ന്, ഒരു കുറ്റവും ചെയ്യാത്ത കവികളെയും ബുദ്ധിജീവികളെയും ശത്രുക്കളെയും
ഒട്ടും ദയമില്ലാതെ കൊന്നുതള്ളിയ ക്രൂരനാണയാൾ. കൊന്ന ശേഷം അതിനെ
തത്ത്വശാസ്ത്രവൽക്കരിക്കുന്നത് അയാളുടെ ശീലമാണ്.
അയാൾ
തന്നിൽ ആളിക്കത്തിയ ക്രൂരതയ്ക്ക് വേണ്ടിയാണ് എല്ലാത്തിനെയും തകർത്തത്.
എന്നാൽ ആക്രമണത്തിനിടയിൽ അയാളുടെ കാലില്‍ എതിർശക്തികളുടെ വെടിയുണ്ട
പാഞ്ഞുകയറി. ആശുപത്രിയിൽ വച്ച് അയാൾക്ക് കാൽമുറിച്ചു മാറ്റേണ്ടി വന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിടിയിലായ അയാൾ ഇപ്പോൾ വിചാരണ കഴിഞ്ഞ്
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയാണ്.
ദസ്തയെവ്സ്കിയുടെ
കഥയിൽ കണ്ടതുപോലെ ഇവിടെയും തടവറയാണ് വിഷയം. ആദ്യത്തേതിൽ തെറ്റ് ചെയ്യാത്ത
ദസ്തയെവ്സ്കി യാണ് കഥാപാത്രമെങ്കിൽ രണ്ടാമത്തേതിൽ മനുഷ്യത്വമില്ലാത്ത ഒരു
ക്രൂരനാണ് തൻ്റെ ഭൂതകാലത്തെക്കുറിച്ച് ഓർക്കുന്നത്.
പ്രശസ്തനായ
ഒരു കവിയെ ജൂതൻ എന്ന ഒറ്റക്കാരണത്താല്‍ താൻ കൊന്നതെങ്ങനെയെന്ന് അയാൾ
ആലോചിച്ചു നോക്കുന്നു. അയാൾ അതിൽ അല്പം പോലും വ്യഥ അനുഭവിക്കുന്നില്ല. ആ
കവിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു ;അതിനെ തുടർന്ന് അയാൾ ആത്മഹത്യ
ചെയ്തു. എന്തുകൊണ്ടാണ് കവിക്ക് ഭ്രാന്ത് പിടിപെട്ടത്? സുർ ലിൻഡെ എന്ന ഈ
യുദ്ധഭീകരൻ കവിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അതിനൊരു
തത്ത്വശാസ്ത്രവും അയാൾ കണ്ടെത്തുന്നുണ്ട് .ഒരാളുടെ മുഖമോ ഏതെങ്കിലും
വസ്തുവോ സ്ഥിരമായി കണ്ടുകൊണ്ടിരുന്നാൽ ഭ്രാന്തു വരുമത്രേ. മനസ്സിൽ
മറ്റൊന്നും കടന്നുവരാൻ അനുവദിക്കാത്ത ആ സാഹചര്യം ഒരു തടവുകാരനു എത്ര
ഭീകരമായിരിക്കും!. അങ്ങനെയാണ് കവിക്ക് ഭ്രാന്ത് വന്നത്.
ഹിറ്റ്ലർക്ക്
വേണ്ടി വീറോടെ പണിയെടുത്ത് ,മനുഷ്യത്വം നഷ്ടപ്പെട്ട ആ സൈനികന് താൻ ചെയ്ത
കാര്യങ്ങളെക്കുറിച്ച് വ്യസനമില്ല; അയാൾ ജൂതന്മാരെയാണ്
കുറ്റപ്പെടുത്തുന്നത്. ജൂതന്മാരുടെ വിശ്വാസം ലോകത്തിന്റെ നാശത്തിന്
കാരണമായി എന്ന അയാൾ ചിന്തിക്കുന്നു!. വാളിൽ വിശ്വസിക്കുന്നവർക്ക് അക്രമം
ഒരു സാധാരണ നടപടിക്രമം മാത്രമായിരിരുന്നു. ക്രിസ്തീയ വിശ്വാസം
ഭീരുത്വമാണെന്നും അക്രമമാണ് എല്ലാത്തിനും മീതെ വിജയം കൊയ്യുന്നതെന്നും
ചിന്തിക്കാൻ അയാൾക്ക് പ്രയാസമില്ല; പരാജയപ്പെടുമ്പോഴും അവർ ലോകത്തെ
മാറ്റുകയാണെന്നും സാധൂകരിക്കുന്നു.
വ്യക്തിഗതമായ ദൈവശാസ്ത്രം
അനീതി മാത്രം ചെയ്ത ഈ സൈനികൻ തൻ്റെ ഇരുളടഞ്ഞ ജീവിതത്തെ തത്ത്വശാസ്ത്രവൽക്കരിക്കുന്നതാണ് ഏറ്റവും വിചിത്രമായി തോന്നിയ കാര്യം.
മരണം
കാത്തു കഴിയുന്ന അയാൾ ജർമൻ ചിന്തകനായ ഷോപ്പനോറെ ഉദ്ധരിക്കുന്നു. വില്യം
ഷേക്സ്പിയറിനെക്കുറിച്ച് പറയുന്നു. അയാളെ സ്വാധീനിച്ച ഒരു ആശയത്തിൻ്റെ
കാര്യം പ്രത്യേകം സൂചിപ്പിക്കുകയാണ്. മനുഷ്യൻ സ്വന്തം ജീവിതത്തിൽ
ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ,നേരത്തെ തന്നെ സ്വയം
തീരുമാനിച്ചതാണെന്ന വ്യക്തിഗതമായ ഈ ദൈവശാസ്ത്രമാണത്.ഇവിടെ ദൈവത്തെ അയാൾ
സ്വന്തം തെറ്റുകൾ ന്യായീകരിക്കാനുള്ള ഉപാധിയാക്കി ചിത്രീകരിക്കുന്നു. നമ്മൾ
ആരോടെങ്കിലും തെറ്റു ചെയ്യുകയാണെങ്കിൽ ,അനീതിയോടെ പെരുമാറുകയാണെങ്കിൽ
അതെല്ലാം നാം തന്നെ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന ദൈവശാസ്ത്രമാണിത്.
അതിൻ്റെയർത്ഥം ഇതാണ് , യാതൊരു വിധ തെറ്റും നമ്മുടെ കുറ്റമല്ല; അതെല്ലാം
നമ്മുടെ അബോധത്തിൽ സംഭവിച്ച ദൈവികമായ ഒരു പിഴയോ ആഗ്രഹമോ ദുരന്തമോ ആണ്.
അതിൽ നിന്നു നമുക്കൊഴിനാകുമായിരുന്നില്ല. എല്ലാം സംഭവിക്കേണ്ടത് തന്നെയാണ്.
അതെല്ലാം പണ്ടേ തന്നെ നിശ്ചയിച്ചതാണ് .ആപൽക്കരവും വിനാശകരവുമായ ഈ
അന്ത്യവും മരണത്തിനു വേണ്ടിയുള്ള നിസ്സഹായമായ ഈ കാത്തിരിപ്പും അയാൾക്ക് ഒരു
റിഹേഴ്സൽ പോലെയേ കാണാനാവുന്നുള്ളു. വേറെന്തു വഴിയിൽ അയാൾ സ്വയം
ആശ്വസിക്കും ?
ബോർഹസ്
എന്തിനാണ് ഒരാൾ തൻ്റെ അന്ത്യകൂദാശ നടത്തുന്നതുപോലെയുള്ള ഈ കഥ എഴുതിയത്?
തൻ്റെ സ്വന്തം നാടായ അർജന്റീനയിൽ നാസി പടയാളികളോടു അനുഭാവം കാണിച്ചവരെ
ബോർഹസ് കണ്ടിട്ടുണ്ട്. അവരോടുള്ള പ്രതികരണം എന്ന നിലയിലാണ് അദ്ദേഹം ഈ
കഥയെഴുതിയത് .ഒരു നാസിപ്പട്ടാളക്കാരന് ,ഒടുവിൽ തോന്നണം താൻ മരിക്കാൻ
യോഗ്യനാണെന്ന് .ഈ ചിന്തയിലേക്കാണ് ബോർഹസ് എത്തിച്ചേരുന്നത്.
നമ്മുടെ
ചെറുകഥകൾക്ക് ഇത്തരം രചനകളിലേക്ക് വളരെ ദൂരമുണ്ട്. നമ്മൾ ഇപ്പോഴും
നാടക,സിനിമ ആഖ്യാനങ്ങൾക്കകത്താണ് സകലതിനെയും കാണുന്നത്. സൂക്ഷ്മതകളെ
തേടുന്നില്ല. മനുഷ്യന്റെ ചിന്താപരവും ദർശനികവുമായ അസ്തിത്വത്തെ എങ്ങനെ
നിസ്സാരവത്ക്കരിക്കാനാവും ? മലയാള കഥ ആഖ്യാനസ്ഥൂലതയിലും സംഭവങ്ങളുടെ
തിരക്കഥാരചനയിലും തളച്ചിടപ്പെട്ടിരിക്കുകയാണ്. മനുഷ്യമനസ്സിലേക്ക് പോലും
അതിനു പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിക്ടർ ലീനസ് ,ജയനാരായണൻ
തുടങ്ങിയവർ പരിചയപ്പെടുത്തിയ മാനസികാനുഭവങ്ങളിലേക്കുള്ള ചൂഴ്ന്നിറങ്ങൽ
ഇപ്പോൾ സംഭവിക്കുന്നില്ല. എല്ലാം കണക്കുകൂട്ടലുകളുടെയും യുക്തിയുടെയും
മേഖലയിലുള്ള ഉപരിപ്ളവ അനുഭവങ്ങൾ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.
No comments:
Post a Comment